Wednesday, April 25, 2007

റോളുണ്ടോ സഖാവെ, ഒരു പന്ന്യനെയെടുക്കാന്‍

ചോരച്ചാലുകള്‍ പലതും പന്ന്യന്‍ രവീന്ദ്രന്‍ നീന്തിക്കയറിയിട്ടുണ്ട്. തൂക്കുമരങ്ങളില്‍ പലവട്ടം ഊഞ്ഞാലാടിയിട്ടുണ്ട്. ചോരയില്‍ മുങ്ങി ചോരയില്‍ പൊങ്ങിയിട്ടുമുണ്ട്.

മൂലധനത്തോളം ആശയഗംഭീരമായ തൊഴില്‍ അല്ലെങ്കില്‍ ജയില്‍ എന്ന ലഘുലേഖ രചിച്ചിട്ടുണ്ട്. ചെയ്തിട്ടില്ലാത്ത ഒരേയൊരു പണി സിനിമാ അഭിനയമാണ്.

കമ്മ്യൂണിസ്റുകാരനായതിനാല്‍ പുനര്‍ജന്മത്തില്‍ വിശ്വാസമില്ല. അപ്പോള്‍ പിന്നെ ഈ ആശ അടുത്ത ജന്മത്തിലേയ്ക്ക് നീക്കി വയ്ക്കാന്‍ പറ്റുമോ? ഇല്ലേയില്ല.

അങ്ങനെയാണ് സഖാവ് പന്ന്യന്‍ രവീന്ദ്രന്‍ സിനിമയില്‍ അഭിനയിക്കാന്‍ തീരുമാനിക്കുന്നത്.

രാഷ്ട്രീയക്കാര്‍ക്ക് സിനിമയും സിനിമാക്കാര്‍ക്ക് രാഷ്ട്രീയവും പരസ്പര ബഹുമാനമുളള ഏര്‍പ്പാടുകളാണ്. പരസ്പരം പരിചയപ്പെടാനും അടുത്ത് ഇടപഴകാനും അവരില്‍ പലര്‍ക്കും വല്ലാത്ത താല്‍പര്യവുമാണ്. അതിലൊന്നും നമുക്ക് എതിര്‍പ്പുണ്ടാകേണ്ട കാര്യമില്ല. പ്രശസ്തിയുടെ വെളളിവെളിച്ചം ആവോളം വന്നു പതിയുന്ന മേഖലകളിലെ തുല്യര്‍ തമ്മിലുളള കൊടുക്കല്‍ വാങ്ങല്‍. അങ്ങനെ കരുതിയാല്‍ മതി.

അങ്ങനെ വരുന്പോള്‍ സിനിമാ നടന്‍ എംപിയാകുന്നതിലും എംപിയായ പന്ന്യന്‍ രവീന്ദ്രന്‍ അഭിനയിക്കാനിറങ്ങുന്നതിലും വലിയ കുഴപ്പമൊന്നുമില്ല. ഉടന്‍ പുറത്തിറങ്ങുന്ന ഒരു മലയാള ചിത്രത്തില്‍ ആദിവാസി നേതാവിന്റെ വേഷത്തില്‍ സഖാവ് പന്ന്യന്‍ രവീന്ദ്രനെ നമുക്കു കാണാം.

മേക്കപ്പിന്റെ ചെലവ് ലാഭിക്കാനാണോ സഖാവിനെ ഈ റോളിലേയ്ക്ക് തിരഞ്ഞെടുത്തത് എന്നൊന്നും ചോദിക്കരുത്.

തലസ്ഥാന നഗരിയിലെ എംപിക്ക് പാര്‍ലമെന്റില്‍ പിടിപ്പത് പണിയില്ലേ എന്നും ചോദിക്കരുത്.
ഹൈക്കോടതി ബഞ്ച് ഒന്നുമായില്ല. വിഴിഞ്ഞം തുറമുഖത്തിന്റെ കാര്യം ഏതാണ്ട് ഗോപിയായ മട്ടാണ്.

എയര്‍പോര്‍ട്ട് വികസനം, നഗരവികസനം എന്നിങ്ങനെ തൊട്ടാല്‍ പൊളളുന്ന വിഷയങ്ങള്‍ വേറെ കിടക്കുന്നു. ഏഴു നിയമസഭാ മണ്ഡലങ്ങളിലെ ജനജീവിതത്തെ ബാധിക്കുന്ന കാക്കത്തൊളളായിരം പ്രശ്നങ്ങള്‍ വേറെ.

ഇതൊക്കെ കളഞ്ഞിട്ട് എന്തിനായിരിക്കും സഖാവ് പന്ന്യന്‍ രവീന്ദ്രന്‍ അഭിനയിക്കാന്‍ പോകുന്നത്?

കാര്യം ഇതാണ്. സഖാവ് പന്ന്യന്‍ രവീന്ദ്രന് പാര്‍ലമെന്റില്‍ വേറെ പണിയൊന്നുമില്ല. ബൂര്‍ഷ്വാ കോടതി പോലെ ഒരേര്‍പ്പാടാണ് ഈ പാര്‍ലമെന്റും. അതുകൊണ്ട് സഖാവ് വളരെ അത്യാവശ്യമുണ്ടെങ്കിലേ അവിടെ പോകൂ.

ലോക് സഭയുടെ വെബ് സൈറ്റ് അനുസരിച്ച് ആകെ സമ്മേളിച്ച നൂറു ദിവസങ്ങളില്‍ പന്ന്യന്‍റെ ഹാജര്‍ നില 51 ആകുന്നു. അതായത് ഏതാണ്ട് പകുതി ദിവസങ്ങളും സഖാവ് ലോക്സഭയ്ക്ക് പുറത്താണ് വര്‍ഗ ശത്രുക്കള്‍ക്കെതിരെ പൊരുതിയത്.

പാര്‍ലമെന്റ് ജീവിതത്തിനിടയില്‍ ആകെയദ്ദേഹം ചോദിച്ചത് 54 ചോദ്യങ്ങള്‍. ഇതുവരെ 2 വട്ടമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ഉപചോദ്യങ്ങളോ പാര്‍ലമെന്റ് നടപടികളില്‍ ക്രിയാത്മകമായ ഇടപെടലുകളോ നഹി.

ചര്‍ച്ചയും ബില്ലവതരണവും കൊഴുക്കുന്പോള്‍ കുറിക്കുകൊളളുന്ന പോയിന്റുമായി ഇടയ്ക്കു ചാടി വീണ് പൊരുതാന്‍ കാര്യവിവരവും ഭാഷാസ്വാധീനവും വേണ്ടേ എന്ന് ദയവായി ചോദിക്കരുത്.

കൊളളാവുന്ന സെക്രട്ടറിമാരുണ്ടെങ്കില്‍ നല്ല വെടിപ്പുളള ഇംഗ്ലീഷില്‍ നക്ഷത്രചിഹ്നം ഇട്ടതും ഇടാത്തതുമായ ചോദ്യങ്ങള്‍ തയ്യാറാക്കി നല്‍കും. അതിലും പന്ന്യന് വിശ്വാസമൊന്നുമില്ല. അതുകൊണ്ട് ചോദ്യങ്ങള്‍ രണ്ടില്‍ ഒതുക്കി.

പാര്‍ട്ടി ഏല്‍പിച്ച പണി മാത്രമേ പണ്ടും പന്ന്യന്‍ ചെയ്തിട്ടുളളൂ. മുടി മുറിക്കാന്‍ പാര്‍ട്ടി പറഞ്ഞില്ല. അതുകൊണ്ട് ചെയ്തതുമില്ല. കുത്തകബൂര്‍ഷ്വാസിക്കെതിരെയുളള സമരമാണ് ഒരു കമ്മ്യൂണിസ്റ്റുകാരന് പ്രധാനം. അതിനാല്‍ ലോക് സഭയിലേയ്ക്ക് പോകാനുളള ആഗ്രഹം പാര്‍ലമെന്‍ററി വ്യാമോഹം എന്ന വകുപ്പിലാണ് പാര്‍ട്ടി പെടുത്തിയിരിക്കുന്നത്. എല്ലാ ദിവസവും അവിടെ പോയിരുന്നാല്‍ വ്യാമോഹം വല്ലാതെ കൂടി കച്ചവടം പൂട്ടിപ്പോകും. അതിനാലാണ് അദ്ദേഹം പകുതി ദിവസങ്ങളും സഭയ്ക്കു പുറത്ത് ചെലവഴിച്ചു തീര്‍ത്തത്.

നേതാക്കളെ ജനം എപ്പോഴും കണ്ടുകൊണ്ടിരിക്കുക എന്നതാണ് സോഷ്യലിസം വരാനുളള എളുപ്പവഴി. ജനം കൂടുതല്‍ നേരവും ടിവിയ്ക്കു മുന്നിലും സിനിമാ തീയേറ്ററിലുമാണ്. അപ്പോള്‍ അവരുടെ മുന്നില്‍ അതുവഴി പ്രത്യക്ഷപ്പെടുന്നതല്ലേ ഉചിതം.

പ്രത്യയശാസ്ത്ര ബോധമുണ്ടെങ്കിലേ ഇതൊക്കെ മനസിലാകൂ. അതുകൊണ്ട് സിനിമ, സീരിയല്‍ വഴി ജനത്തിന്‍റെ സ്വീകരണ മുറിയില്‍ പ്രവേശിച്ചു നോക്കാം. അല്ലെങ്കിലും കേരള രാഷ്ട്രീയത്തിലെ ഏറ്റവും നല്ല അഭിനയ പ്രതിഭകള്‍ സിപിഐക്കാരാണല്ലോ.

അതുകൊണ്ട് സഖാവ് പന്ന്യന്‍ രവീന്ദ്രന്‍ സിനിമകളില്‍ തകര്‍ത്ത് അഭിനയിക്കട്ടെ. ചേലുളള മുടിയുടെ പച്ചയില്‍ നല്ല നടിക്കുളള ഉര്‍വശി അവാര്‍ഡ് അദ്ദേഹത്തിന് കിട്ടില്ലെന്ന് ആരു കണ്ടു?

പ്രസിഡന്റില്‍ നിന്നും നല്ല നടിക്കുളള അവാര്‍ഡ് സ്വീകരിച്ച് ഇറങ്ങി വരുന്ന സഖാവിനു വേണ്ടി ഇപ്പോഴേ നമുക്കൊരു ലാല്‍സലാം കരുതി വയ്ക്കാം.

3 comments:

മാരീചന്‍ said...

റോളുണ്ടോ സഖാവെ ഒരു പന്ന്യനെയെടുക്കാന്

മാരീചന്‍‍ said...

test

krish | കൃഷ് said...

ഇന്നത്തെക്കാലത്ത് സാധാരണമായ ഒരു വിഷയത്തെ ഇത്ര ഭംഗിയായി അവതരിപ്പിച്ചത് കലക്കി.