Monday, November 19, 2007

ന സ്ത്രീ ചുരിദാര്‍ അര്‍ഹതി!!!

വാലസ്ത്രീകള്‍ടെ തുകിലും വാരിക്കൊ-
ണ്ടരയാലിന്‍ കൊമ്പത്തിരുന്നോരോ
ശിലക്കേടുകള്‍ പറഞ്ഞും ഭാവിച്ചും
നീലക്കാര്‍വര്‍ണാ കണികാണ്മാന്‍

എന്നാണ് അജ്ഞാതനായ കവി കണ്ണന്റെ ലീലകളെ പാടിപ്പുകഴ്ത്തിയത്. സ്ത്രീ വിഷയത്തില്‍ മാത്രമല്ല, അവരുടെ വസ്ത്രങ്ങളുടെ കാര്യത്തിലും ഇത്രയും താല്‍പര്യമുളള മറ്റൊരു ഭഗവാനുണ്ടോ എന്ന് സംശയം. ഗോപസ്ത്രീകളുടെ ചേല കവര്‍ന്ന കണ്ണന്‍ ആപത്തു കാലത്ത് ദ്രൗപദിയ്ക്ക് ചേല നല്‍കിയും അനുഗ്രഹം ചൊരിഞ്ഞിട്ടുണ്ട്.

ഗോപസ്ത്രീകളുടെ ചേലയും വാരി അരയാലില്‍ കൊമ്പത്തിരുന്ന് ശീലക്കേടു കാണിച്ച കണ്ണനെ ചെറുശേരി കുറേക്കൂടി പച്ചയായി വരച്ചിട്ടത് ഇങ്ങനെ.

പൂഞ്ചായലെല്ലാം മുറുക്കി മണന്മേല്‍താന്‍
പൂഞ്ചേലയെല്ലാമഴിച്ചുവച്ച്
പൂന്തേനെ വെന്നുള്ള നന്മൊഴിമാരെല്ലാം
നീന്തിത്തുടങ്ങിനാര്‍ മെല്ലെ മെല്ലെ.
കാനനം പൂകിന കാര്‍വര്‍ണ്ണനന്നേരം
കാളിന്ദീതീരത്തു ചെന്നു മെല്ലെ.
ചോരനായ് നിന്നു നല്‍ക്കൂറകളെല്ലാമേ
വാരിക്കൊണ്ടോടിനാന്‍ തീരമേതാന്‍

കൃഷ്ണഗാഥയിലെ ഹേമന്തലീല എന്ന അധ്യായത്തിലാണ് ചെറുശേരി വിസ്തരിച്ച് കളളക്കണ്ണന്റെ ചേലക്കൊതി വര്‍ണിക്കുന്നത്. ഉറിയിലെ വെണ്ണയും ഗോപികാദേഹങ്ങളിലെ ചേലയുമായിരുന്നു കണ്ണന്റെ മോഷണവിഭവങ്ങള്‍.

മുല്ലപ്പൂമ്പൊടിയേറ്റു കിടക്കുന്ന ചെങ്കല്ലിനും മണ്‍തരിക്കും വരെ കിട്ടും മുല്ലമണം. അപ്പോള്‍ അപ്പനപ്പൂന്മാരുടെ കാലം മുതല്‍ക്കേ ഈ ദേവനെ കുളിപ്പിക്കാനും തേച്ചുകഴുകാനും ചേലയണിയിക്കാനും കളഭം പൂശാനും അംശാധികാരം കല്‍പ്പിച്ചു കിട്ടിയ ശ്രേഷ്ഠപൂജാരിമാരുടെ കാര്യം പറയണോ? പെണ്മേനി കാണാന്‍ കൊതിച്ച കണ്ണന്‍, കുളിക്കും നേരത്ത് അവരഴിച്ചു വെച്ച ചേലകള്‍ വാരി അരയാലിന്റെ കൊമ്പില്‍ കേറിയിരുന്നാണ് സീന്‍ മുഴുവന്‍ കണ്ടത്. അത്രയെങ്കിലും അധ്വാനിക്കാനുളള മനോഭാവം ഭഗവാനുണ്ടായിരുന്നു.

ജാത്യാധിപത്യം നിലനിന്ന കാലത്തെ തമ്പുരാക്കന്മാര്‍ക്ക് മെനക്കെടാനുളള ക്ഷമയൊന്നുമുണ്ടായിരുന്നില്ല. അതുകൊണ്ട് "സ്ത്രീകളാരും മാറുമറയ്ക്കേണ്ട" എന്ന ഒറ്റകല്‍പനയില്‍ കാര്യമൊതുക്കി. പിന്നെ ആലിന്‍ചുവട്ടില്‍ വെറുതേ നിന്നാല്‍ മതി, ഉറച്ചതും ഞാന്നതുമായ കൊങ്കകളിളക്കി നാരീജനം നമ്പൂരാരുടെ മുന്നിലൂടെ മാര്‍ച്ച് പാസ്റ്റ് നടത്തുമെന്നായി.

ഒരു കണ്ണിറുക്കി, മുറുക്കാന്‍കൂട്ട് വലത്തേ കവിളില്‍ ഒതുക്കിക്കൂട്ടി ആനന്ദഭൈരവി താളത്തില്‍ ചെറുവിരലിളക്കി തമ്പുരാക്കന്മാര്‍ മഹിളാമണിമാര്‍ക്ക് മാര്‍ക്കിട്ടു. കൂട്ടത്തില്‍ കൊളളാവുന്നതും തേടി രാച്ചൂട്ടും മിന്നിച്ച് അകത്തളങ്ങള്‍ കയറിയിറങ്ങി സംബന്ധം കൂടി.

പുതിയ തലമുറ വളര്‍ന്നപ്പോള്‍ പാതിരാച്ചൂട്ടുമായി വീടുകള്‍ കയറിയിറങ്ങാനാവാതെ വന്നു. തിരുമേനിയെ തെങ്ങില്‍ കെട്ടിയിട്ട് അടിയാന്മാര്‍ പൂശുമെന്ന നിലയായി. മനുസ്മൃതിയും ആര്‍ഷഗ്രന്ഥങ്ങളും പ്രമാണശാസ്ത്രങ്ങളും പാര്‍ലമെന്റ് നിര്‍മ്മിച്ച നിയമങ്ങള്‍ക്ക് വഴിമാറി. വേദനയോടെ തമ്പുരാന്മാര്‍ പുതിയ കാലത്തോട് പൊരുത്തപ്പെട്ടു. പെണ്ണുങ്ങളെ തുറിച്ചു നോക്കിയാല്‍ പോലും സ്ത്രീപീഡനത്തിന് കേസെടുക്കുന്ന ജനാധിപത്യകാലത്തെ ഉളളറിഞ്ഞു ശപിച്ചു. "ശിവ! ശിവ! കാലം പോയ പോക്കെ"ന്ന് പ്രാകി.

നാലുകെട്ടിന്റെ പ്രൗഡി തുളുമ്പുന്ന കോലായിലെ ചാരുകസേരയില്‍ ഉണ്ണിക്കുടവയറും തടവി പോയകാലത്തിന്റെ ഗൃഹാതുരത്വം തുടിക്കുന്ന ഓര്‍മ്മകളയവിറക്കി നെടുവീര്‍പ്പിടുന്നവര്‍ ഇന്നും ചിലരെങ്കിലുമുണ്ട്.

അവരില്‍ ചിലര്‍ 2007 നവംബര്‍ നവംബര്‍ ഒന്നു മുതല്‍ ഏഴുവരെ ഗുരുവായൂരില്‍ കൂടിയിരുന്നാലോചിച്ച് സ്ത്രീകള്‍ ചുരിദാറിട്ട് അമ്പലത്തില്‍ കയറുന്നത് ഭഗവാനിഷ്ടമല്ലെന്ന് ഏഴാം ദിനം വിധിച്ചു. ഈ വാര്‍ത്ത കേട്ട മാരീചന് തെല്ലും അമ്പരപ്പില്ല. കഴിയുമെങ്കില്‍ സ്ത്രീകള്‍ ഒന്നും ധരിക്കാതെ അമ്പലത്തില്‍ വരണമെന്നാണ് അഷ്ടമംഗല്യത്തില്‍ തെളിഞ്ഞത്. പച്ചയ്ക്ക് അതു പറഞ്ഞാല്‍ പിറ്റേന്ന് ചിലപ്പോള്‍ ജയിലില്‍ കിടക്കേണ്ടി വരും. അതു കൊണ്ട് അത്രയ്ക്ക് കടുപ്പിച്ചില്ല.

പ്രധാന ദൈവജ്ഞനായ പത്മനാഭശര്‍മ്മയ്ക്ക് നിമിത്തങ്ങളിലൂടെയും ഗ്രഹഗോചരങ്ങളിലൂടെയുമാണ് ഗുരുവായൂരപ്പന്‍ തന്റെ ഇഷ്ടങ്ങള്‍ അറിയിച്ചു കൊടുത്തത്. ചോറോട് നാരായണപ്പണിക്കര്‍, പറവൂര്‍ ശശിധരന്‍ തന്ത്രി, കൂറ്റനാട് രാവുണ്ണിപ്പണിക്കര്‍, അരിക്കുളങ്ങര സോമന്‍ പണിക്കര്‍, മണപ്പുഴ രാമന്‍ നമ്പൂതിരി, നാഗലശേരി രാഘവന്‍ നായര്‍, ജയരാജ് പണിക്കര്‍, പ്രശാന്ത് മേനോന്‍ എന്നിവര്‍ വഴിയാണ് ഗുരുവായൂരപ്പന്‍ പൊതുജനങ്ങളെ തന്റെ ഇഷ്ടങ്ങളറിയിക്കുന്നത്. തെളിച്ചു പറഞ്ഞാല്‍ ഭഗവാന്റെ മൈക്കുസെറ്റാണ് ഈ സംഘമെന്നര്‍ത്ഥം.

ഒബിസി വിഭാഗത്തില്‍ പെട്ട യാദവ സമുദായാംഗമാണ് ഭഗവാനെങ്കിലും മൈക്ക് സെറ്റു മുഴുവന്‍ സവര്‍ണമയമാണല്ലോയെന്നൊന്നും ചോദിച്ചേക്കരുത്. കഥയില്‍ മാത്രമല്ല അമ്പലക്കാര്യത്തിലും ചോദ്യം പാടില്ല. ഗ്രഹഗോചരങ്ങളും നിമിത്തവും പഠിച്ച് ഭഗവാന്റെ മനസറിയണമെങ്കില്‍ കുടുംബത്തില്‍ പിറക്കണം. കുലമഹിമയും വേണം.

അഷ്ടമംഗല്യത്തിന്റെ ഏഴാം നാളാണ് ചുരിദാര്‍ പ്രശ്നത്തിന് തീര്‍പ്പുണ്ടാക്കിയത്. ആദ്യദിവസമെങ്ങാനും ഇതൊരു വിവാദമാക്കിയാല്‍ വല്ല ജനാധിപത്യ മഹിളാ അസോസിയേഷനും ഗുരുവായൂരിലേയ്ക്ക് പദയാത്ര നടത്തുമോയെന്ന് പേടിച്ചാണോ എന്നറിയില്ല്ല, തിരക്കഥയില്‍ ചുരിദാര്‍ രംഗം അവസാന ഐറ്റമായാണ് ഉള്‍പ്പെടുത്തിയത്.

ഇത്തരം കാര്യങ്ങളില്‍ മാതൃഭൂമി പറയുന്നത് വളളിപുളളി തെറ്റാതെ മാരീചന്‍ വിശ്വസിക്കുന്നു. സത്യവും സമത്വവും സ്വാതന്ത്ര്യവും സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകുന്ന പത്രമാണ് മാതൃഭൂമി. (2007) നവംബര്‍ എട്ടിന്റെ പത്രത്തില്‍ ക്ഷേത്രത്തിന്റെ പവിത്രത നിലനിര്‍ത്തണം - ദൈവജ്ഞര്‍ എന്ന തലക്കെട്ടിലെ അവസാന ഖണ്ഡിക ഓരോ ഭക്തനും ഭക്തയും ഭക്തിയോടെ വായിച്ച് മനപ്പാഠമാക്കേണ്ടതാണ്.

അതിങ്ങനെ. ചുരിദാര്‍ ധരിച്ച ഒരു സ്ത്രീ ചോദ്യവുമായി എഴുന്നേറ്റതോടെ ഒരു മധ്യവയസ്ക എഴുന്നേറ്റ് പ്രശ്നമണ്ഡപത്തിനു സമീപം ഓടിയെത്തി. ഭഗവാന്റെ ഹിതത്തിന് എതിരായി ആചാരം മാറ്റരുത്. നിര്‍ബന്ധത്തിന് വഴങ്ങി ചുരിദാര്‍ അനുവദിച്ചാല്‍ ക്ഷേത്രത്തില്‍ ആത്മാഹൂതി ചെയ്യുമെന്നും സ്ത്രീ വിളിച്ചു പറഞ്ഞു. ഇതോടെ സദസില്‍ തിങ്ങി നിറഞ്ഞ ഭക്തര്‍ ആചാരം മാറ്റരുതെന്ന് വിളിച്ചു പറഞ്ഞു കൊണ്ട് നാമഘോഷം മുഴക്കി. ആധുനിക ശാസ്ത്രം പുരോഗമിക്കുന്നതനുസരിച്ച് നിലവിലുളള ആചാരം മാറ്റിയാല്‍ അത് ആപത്തായി വരും.... ഇങ്ങനെ പോകുന്നു ആ ഖണ്ഡിക. നിരവധി ആര്‍ഷഗ്രന്ഥങ്ങളും പ്രമാണശാസ്ത്രങ്ങളും നിരത്തി ദൈവജ്ഞരില്‍ പ്രായം ചെന്ന ചോറോട് നാരായണപണിക്കരാണത്രേ ഇത് സമര്‍ത്ഥിച്ചത്.

ഏത് സ്ത്രീയാണ് ആത്മഹത്യാ ഭീഷണി മുഴക്കിയതെന്നോ ഏതെല്ലാം ആര്‍ഷഗ്രന്ഥങ്ങളും പ്രമാണ ശാസ്ത്രങ്ങളും നിരത്തിയാണ് പ്രായം ചെന്ന തമ്പുരാന്‍ ഇതൊക്കെ സമര്‍ത്ഥിച്ചതെന്നോ വാര്‍ത്തയില്‍ വ്യക്തമല്ല. ഭഗവാന്റെ കാര്യമാകുമ്പോള്‍ പത്രപ്രവര്‍ത്തനത്തിലെ അഞ്ച് ഡബ്ല്യൂവിനും ഒരെച്ചിനുമൊക്കെ( five Ws and one H) എന്തു പ്രസക്തി? ടിയാന്റെ കൈകളില്‍ മാത്രമുളളതും അദ്ദേഹത്തിന്റെ സന്തതി പരമ്പരകളിലേയ്ക്ക് മാത്രം കൈമാറാനുളളതുമായിരിക്കും ആ ഗ്രന്ഥം എന്നു നാം ധരിക്കുക.

ഭഗവാന്റെ ഇഷ്ടങ്ങള്‍ ഇവരിലൂടെയാണത്രേ പുറം ലോകമറിയുന്നത്. ഭഗവാന് വിശന്നാല്‍ ഉണ്ണേണ്ടത് ഇവരാണ്. ഭഗവാന് ദാഹിച്ചാല്‍ ഇവര്‍ കുടിച്ചുമറിയും. ഭഗവാന്റെ കാമം തീരാന്‍ ഇവര്‍ അറിഞ്ഞു ഭോഗിച്ചേ തീരൂ. മുണ്ടോ സാരിയോ ഉടുത്തു വരുന്ന ഭക്തകളുടെ അണി വയറിലേയ്ക്ക് ആര്‍ത്തിയോടെ നോക്കുന്ന കണ്ണുകള്‍ തീര്‍ച്ചയായും കളളകൃഷ്ണന്റേതു തന്നെയായിരിക്കും. ഭഗവാന്റെ സ്വഭാവമറിയാവുന്നവര്‍ തീര്‍ച്ചയായും വിശ്വസിക്കുകയും ചെയ്യും. മുക്കാല്‍ നൂറ്റാണ്ടു മുമ്പ് മാറുമറയ്ക്കാത്ത വനിതകളുടെ നെഞ്ചിലേയ്ക്ക് ഉമിനീരുമൊലിച്ച് കണ്ണെടുക്കാതെ നോക്കിയത് ഇതേ ദൈവങ്ങളുടെ നയനഭോഗത്തിന്റെ ഇടനിലയ്ക്കാവണം.

ധ്വജം പുന:പ്രതിഷ്ഠ വേണമെന്നും ഉദയാസ്തമയ സമ്പ്രദായത്തില്‍ മാറ്റം വരരുതെന്നും ചൊവ്വാഴ്ച തിരുമേനിമാര്‍ കല്‍പിച്ചിരുന്നു. ഇതില്‍ ഉദയാസ്തമയ പൂജ ഒരു ദിവസം ഒന്നിലേറെപ്പേരുടെ വഴിപാടായി നടത്തുന്നത് ശരിയല്ലെന്ന് ഭഗവാന്‍ ദൈവജ്ഞര്‍ മുഖേനെ അറിയിച്ചത് നാം ശ്രദ്ധിക്കുക തന്നെ വേണം. പലരുടെ ആവശ്യങ്ങള്‍ ഒരേ സമയം മുന്നിലെത്തിയാല്‍ ഏത് ഭഗവാനും കണ്‍ഫ്യൂഷനുണ്ടാവും.

ഉദാഹരണത്തിന് രണ്ട് പ്രധാന ഗുരുവായൂര്‍ ഭക്തരാണ് കെ മുരളീധരനും രമേശ് ചെന്നിത്തലയും. ഇവരുടെ പൂജ ഒരേ സമയം ഭഗവാനു മുന്നിലെത്തിയാല്‍ ചുറ്റിപ്പോവില്ലേ. ആരെ കൊളളും, ആരെ തളളും? കരുണാകരന്റെ എഐസിസി പ്രവേശനം പോലും ഇതിനെക്കാള്‍ എളുപ്പം തീരുമാനിക്കാം. ഇങ്ങനെയെങ്ങാനും വന്നാല്‍ ഒരുനിമിഷം വൈകാതെ താന്‍ ഭഗവാന്‍ പട്ടം രാജിവെയ്ക്കുമെന്നാണ് ഗ്രഹഗോചരങ്ങളിലൂടെ ഭഗവാന്‍ ദൈവജ്ഞനോട് വെളിപ്പെട്ടു പറഞ്ഞത്. ആപ്പ ഊപ്പ ഭക്തന്മാര്‍ക്കുളള പൂജയല്ല ഇത്. ഓര്‍മ്മ വെച്ചോളൂ, രൂപ അരലക്ഷമാണ് ഈ പൂജയ്ക്ക് ഫീസ്.

നമ്മുടെ വീടിന്റെയോ വിറകുപുരയുടെയോ തൂണു ദ്രവിച്ചാല്‍ അത് മാറ്റിസ്ഥാപിക്കണമെന്ന് തീരുമാനിക്കാന്‍ എത്ര സമയമെടുക്കും? കണ്ടാലുടനെ തൂണു മാറ്റും. ഇല്ലെങ്കില്‍ മേല്‍ക്കൂര പൊളിഞ്ഞുവീണ് തലമണ്ട തകരുമെന്ന് മനസിലാക്കാന്‍ നമുക്കൊരു ദേവപ്രശ്നവും വേണ്ട.

എന്നാല്‍ ഗുരുവായൂരില്‍ അതല്ല കഥ. ശേഷം മാതൃഭൂമി തന്നെ പറയട്ടേ. നവംബര്‍ ഏഴ് ബുധനാഴ്ച ഉദയാസ്തമന പൂജാസമ്പ്രദായത്തില്‍ മാറ്റം പാടില്ല എന്ന തലക്കെട്ടില്‍ വന്ന വാര്‍ത്തയിലെ മൂന്നാം ഖണ്ഡികയില്‍ ഇങ്ങനെ പറയുന്നു.

.......സൂക്ഷ്മ വിശകലനത്തില്‍ ധ്വജത്തിന് ദോഷമുളളതായി തെളിഞ്ഞു. കൊടിമരത്തിന്റെ അടിഭാഗം ദ്രവിച്ചതായി പ്രശ്നത്തില്‍ കണ്ടു. മണിക്കൂറുകളോളമാണ് ജ്യോതിശാസ്ത്രത്തിന്റെ തലനാരിഴ കീറി കൊടിമരത്തെക്കുറിച്ച് ചിന്തിച്ചത്. കൊടിമരം മാറ്റി പുതിയത് സ്ഥാപിക്കണം. ഗുരുവായൂരപ്പന്‍ പലതവണ സൂചന നല്‍കിയിട്ടുണ്ട്. ഇത് അവസാനത്തെ സൂചനയാണ്. ഇനിയും ധ്വജം മാറ്റിയില്ലെങ്കില്‍ മനുഷ്യന് പകരം ഗജം മാറ്റും. ആന ഇടഞ്ഞ് കൊടിമരത്തിന്റെ മണ്ഡപം കത്തി മലര്‍ത്തിയിടാന്‍ സാധ്യതയുളളതായി ലക്ഷണമുണ്ടെന്ന് പ്രധാന ദൈവജ്ഞന്‍ പറഞ്ഞു.

'സൂചന കണ്ടു പഠിച്ചില്ലെങ്കില്‍' എന്ന് മുദ്രാവാക്യം വിളിക്കുന്നതില്‍ അപാകതയില്ലെന്നാണ് മണിക്കൂറുകളോളം നീണ്ട തലനാരിഴ കീറലില്‍ തെളിഞ്ഞത്. പലതവണ ഭഗവാന്‍ സൂചന നല്‍കിയ കാര്യം പിന്നെയെന്തിന് മണിക്കൂറുകളോളം തലനാരിഴ കീറി പരിശോധിച്ചു എന്നു ചോദിക്കരുത്. സ്വര്‍ണക്കൊടിമരം പുതിയതൊന്നു പണിയുന്ന നിര്‍മ്മാണപ്രക്രിയയാണ് വിഷയം. ടെന്‍ഡറും മറ്റുമായി പ്രശ്നങ്ങള്‍ പലതുണ്ട്. ഭഗവാന് വേണ്ടപ്പെട്ടവരെ തന്നെ പണിയും ഏല്‍പ്പിക്കണം. ദേവഹിതമാണല്ലോ മുഖ്യം. ആലോചന മണിക്കൂറുകള്‍ നീളും.

വര്‍ഷങ്ങള്‍ക്കു മുമ്പ് കളവുപോയ തിരുവാഭരണവും രത്നമാലയുമൊന്നും ദേവപ്രശ്നത്തില്‍ തെളിയാത്തതെന്ത് എന്ന് ചോദിക്കുന്ന അല്‍പബുദ്ധികളുണ്ട്. "അതിങ്ങു തിരിച്ചു താ തിരിച്ചു താ" എന്ന് ഓരോ ദേവപ്രശ്നത്തിലും ഭഗവാന്‍ കരയുന്നുണ്ടാവാം. ഗ്രഹഗോചരങ്ങളും നിമിത്തവുമൊന്നും പിടിയില്ലാത്ത നാമത് കേള്‍ക്കാത്തതാവാം. അല്ലെങ്കില്‍ തിക്കിത്തിരക്കുന്ന പെണ്‍കൊടിമാരെയും വിഐപികളെയും അനുഗ്രഹിക്കുന്ന തിരക്കില്‍ ഭഗവാന്‍ മറന്നു പോയതുമാവാം.

സ്ത്രീവിഷയത്തില്‍ അസാരം താല്‍പര്യക്കൂടുതലുളളതു കൊണ്ട്, ചുരിദാറിന്റെ കാര്യം ഏതായാലും ഭഗവാന്‍ മറന്നില്ല. അക്കാര്യം ഉറപ്പിച്ചു തന്നെ പറയാന്‍ പത്മനാഭശര്‍മ്മയെയും കൂട്ടരെയും ഏല്‍പിച്ചു.

കണ്ണനെക്കാണാന്‍ ഓടിക്കൂടുന്നവരേറെയും സ്ത്രീകളാണെന്നും ദൈവജ്ഞര്‍ക്കറിയാം.

തൂമുത്തുലാവിന കൊങ്കയില്‍ ചേര്‍ത്തു തന്‍
പ്രേമത്തെ തൂകുന്ന കാന്തനേയും
വാര്‍മെത്തും കാമക്കൂത്താടുമ്പോള്‍ കണ്ണന്തന്‍
നാമത്തെച്ചൊല്ലി വിളിച്ചുടനെ
നാവും കടിച്ചും കൊണ്ടേതുമനങ്ങാതെ
നാണിച്ചുനിന്നാളേ മറ്റൊരുത്തി
എന്നാണ് കൃഷ്ണഗാഥയിലെ ഗോപികാദു:ഖത്തില്‍ ചെറുശേരി പറയുന്നത്.

സ്ത്രീമനസും കളളക്കണ്ണനുമായുളള ബന്ധം അത്ര വഷളാണ്. അതുകൊണ്ട് മേലില്‍ തുണിയില്ലാതെ വേണം ഗുരുവായൂരിലെത്താനെന്ന് ദൈവജ്ഞര്‍ കല്‍പിച്ചാലും ശിരസു വണങ്ങി അനുസരിക്കും, സ്ത്രീശാക്തീകരണ കാലത്തിലെ ഏത് ജനാധിപത്യമഹിളാ അസോസിയേഷനും.

അല്ലെങ്കില്‍ ചുരിദാറണിഞ്ഞ മഹിളാസംഘങ്ങള്‍ എന്തുകൊണ്ടിതുവരെ ഗുരുവായൂരിന്റെ കവാടങ്ങള്‍ കടന്നുമുന്നേറിയില്ല? തടയാന്‍ വരുന്ന ദൈവജ്ഞരുടെ കുടവയറില്‍ ചവിട്ടിക്കയറി, കരിവളയണിഞ്ഞ കൈകള്‍ കൊണ്ടാ കരണത്ത് രണ്ടു പൊട്ടിച്ച് "ആരുണ്ടെടാ തടയാന്‍" എന്നു ചോദിക്കാന്‍ എന്തേ നമ്മുടെ സ്ത്രീസംഘടനകള്‍ക്കാവുന്നില്ല?

ഇനിയും ദൈവജ്ഞര്‍ ഗ്രഹഗോചരങ്ങളെ വ്യാഖ്യാനിച്ച് പലതും പറയും. ആധുനിക ശാസ്ത്രം കണ്ടുപിടിച്ച ബ്രായും പാന്റീസും ഭഗവാന് ഹിതമല്ലെന്ന് അവര്‍ അരുളിച്ചെയ്യും. സാരിയോ മുണ്ടോ ഉടുക്കുന്നെങ്കില്‍ പൊക്കിളു താഴ്ത്തിയാവുന്നതാണ് ഭഗവാന്റെ ഇംഗിതമെന്ന് നിമിത്തങ്ങള്‍ വെളിപ്പെടുത്തും. പി കെ നാരയണപ്പണിക്കരെയും ആര്‍ ബാലകൃഷ്ണപിളളയെയും പോലുളള മാടമ്പിമാര്‍ ഭഗവാന് വക്കാലത്തുമായെത്തും. "ന സ്ത്രീ ചുരിദാറര്‍ഹതി"യെന്നത് വെറുമൊരു സാമ്പിള്‍ മാത്രം. വലുത് വരാനിരിക്കുന്നതേയുളളൂ.

Stop.. Stop മാതൃഭൂമി പത്രത്തില്‍ വിശേഷാല്‍പ്രതി കൈകാര്യം ചെയ്യുന്ന ഇന്ദ്രന്‍ എന്ന എന്‍ പി രാജേന്ദ്രന്‍ ഉശിരന്‍ പരിവര്‍ത്തനവാദി കോണ്‍ഗ്രസായിരുന്നു പണ്ട്. ഏത് പരിവര്‍ത്തനവാദിക്കും വിപ്ലവകാരിക്കും കാലം കുറെ മാറ്റം വരുത്തും.

ഡിവൈഎഫ്ഐ നടത്തിയ രണ്ടാം ഗുരുവായൂര്‍ സത്യഗ്രഹത്തെ പരിവര്‍ത്തനം വന്ന പരിവര്‍ത്തന വാദി ജൂലൈ 16ലെ വിശേഷാല്‍ പ്രതിയില്‍ കണക്കിന് പരിഹസിച്ചിട്ടുണ്ട്. ദാ ഇങ്ങനെ ......തൃശ്ശൂര്‍ അടുത്തുതന്നെയാണല്ലോ രണ്ടാം ഗുരുവായൂര്‍സത്യാഗ്രഹം ഹാസ്യപൊറാട്ട് നാടകം അരങ്ങേറിയത്. അസ്സല്‍ സത്യാഗ്രഹം നടത്തിയവര്‍ സ്വര്‍ഗത്തിലിരുന്ന് പൊട്ടിച്ചിരിക്കുകയായിരുന്നു എന്നും അതല്ല പൊട്ടിക്കരയുകയായിരുന്നു എന്നും രണ്ട് പക്ഷമുണ്ട്..........

ഇത്രയുമെഴുതിയ ഇന്ദ്രന്റെ തൂലിക ചുരിദാറും ദേവപ്രശ്നവുമൊക്കെ നവംബര്‍ 12ലെ വിശേഷാല്‍ പ്രതിയില്‍ വിഷയമാക്കുമെന്ന് മാരീചന്‍ പ്രതീക്ഷിച്ചത് വെറുതെയായി. ഗൗഡാപുത്രനെയും യെദിയൂരപ്പയെയും ദക്ഷിണാമൂര്‍ത്തിയെയുമൊക്കെ പരിഹസിച്ചു തൃപ്തിയടഞ്ഞു, പഴയ പരിവര്‍ത്തന കേസരിയുടെ പടവാള്‍.

ഇവരൊക്കെ ആഗ്രഹിച്ച പരിവര്‍ത്തനം നാട്ടില്‍ വരാത്തതിന് ഗുരുവായൂരപ്പനോട് തന്നെയാണോ നാം നന്ദി പറയേണ്ടത്?

8 comments:

മാരീചന്‍ said...

മാരീചന്‍ said...

ഇനിയും ദൈവജ്ഞര്‍ ഗ്രഹഗോചരങ്ങളെ വ്യാഖ്യാനിച്ച് പലതും പറയും. ആധുനിക ശാസ്ത്രം കണ്ടുപിടിച്ച ബ്രായും പാന്റീസും ഭഗവാന് ഹിതമല്ലെന്ന് അവര്‍ അരുളിച്ചെയ്യും.

സാരിയോ മുണ്ടോ ഉടുക്കുന്നെങ്കില്‍ പൊക്കിളു താഴ്ത്തിയാവുന്നതാണ് ഭഗവാന്റെ ഇംഗിതമെന്ന് നിമിത്തങ്ങള്‍ വെളിപ്പെടുത്തും.

പി കെ നാരയണപ്പണിക്കരെയും ആര്‍ ബാലകൃഷ്ണപിളളയെയും പോലുളള മാടമ്പിമാര്‍ ഭഗവാന് വക്കാലത്തുമായെത്തും.

"ന സ്ത്രീ ചുരിദാറര്‍ഹതി"യെന്നത് വെറുമൊരു സാമ്പിള്‍ മാത്രം. വലുത് വരാനിരിക്കുന്നതേയുളളൂ.

Sunday, November 18, 2007

മാരീചന്‍ said...

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

പ്രിയപ്പെട്ട മാരീചന്‍ , വളരെ ശക്തമായ വാക്കുകളും അനുപമമായ ശൈലിയും തന്നെ ! പോസ്റ്റ് ചെയ്യാന്‍ അല്പം വൈകി, സാരമില്ല . ഇത് വായിച്ചപ്പോള്‍ എനിക്കോര്‍മ്മ വന്നത് പണ്ട് പെരിയാര്‍ (ഇ.വി.ആര്‍.)പറഞ്ഞ ഒരു ഫലിതമാണ് . ഭക്തര്‍ ദൈവത്തിന് താമസിക്കാന്‍ ഭവനങ്ങള്‍ പണിയുന്നു , പാലും പഴവും നല്‍കുന്നു , എന്നു വേണ്ട മനുഷ്യര്‍ക്ക് വേണ്ടതായ എല്ലാ സൌകര്യങ്ങളും ഒരുക്കുന്നു . ഇങ്ങിനെയുള്ള ദൈവത്തിന് മലമൂത്രവിസര്‍ജ്ജനം ചെയ്യാന്‍ ഒരു കക്കൂസും നിര്‍മ്മിച്ചു കൊടുക്കണ്ടേ എന്ന് ..!

Sunday, November 18, 2007

കിരണ്‍ തോമസ് തോമ്പില്‍ said...
This comment has been removed by the author.
കിരണ്‍ തോമസ് തോമ്പില്‍ said...

മരീച തകര്‍പ്പന്‍ ലേഖനം. പക്ഷെ കാണാപ്പുറം നകുലനെ എന്തിനിങ്ങനെ വീണ്ടും വീണ്ടും വിഷമിപ്പിക്കുന്നു. രാമസേതു വികാരത്തില്‍ വൃണപ്പെട്ട ആ മനസ്സ്‌ നിങ്ങള്‍ വീണ്ടും വൃണപ്പെടുത്തിയല്ലോ. അതോര്‍ക്കുമ്പോഴാ എനിക്ക്‌ സങ്കടം

മാരീചന്‍ said...

സുകുമാരേട്ടന്‍, കിരണ്‍. പ്രതികരണങ്ങള്‍ക്ക് നന്ദി. കിരണേ, പഴയ ഫോട്ടോ തന്നെയായിരുന്നു നല്ലത്. ആ നിഷ്കളങ്കഭാവം എവിടെയോ പോയ് മറഞ്ഞല്ലോ!!!!!!!!

കിരണ്‍ തോമസ് തോമ്പില്‍ said...

മരീച കേരളാ കോണ്‍ഗ്രസുകളുടെ കോണ്‍ഫിഡറേഷന്‍ വരുന്നു, കത്തോലിക്കാ കോണ്‍ഗ്രസ്‌ വരുന്നു. അപ്പോള്‍ ഒരു കര്‍ഷക കത്തോലിക്കാ ലുക്ക്‌ കിട്ടാന്‍ ഇട്ട ഫോട്ടോയാ ഇത്‌. ഇനി ഞങ്ങള്‍ ക്രിസ്ത്യാനികള്‍ ഒരു കളിയുണ്ട്‌. അപ്പോള്‍ ഗോധായില്‍ കാണാം.

മാരീചന്‍ said...

ഹോ, പേടിച്ചു പോയി, ഗോധ്രയില്‍ കാണാമെന്നല്ലല്ലോ അല്ലേ?

കാണാപ്പുറം said...

കിരണ്‍,
ഇതൊക്കെ കാണുമ്പോള്‍ വിഷമമല്ല, സത്യത്തില്‍ നാണക്കേടാ‍ണു തോന്നാറ്‌. ഇതുപോലുള്ള ആക്രോശങ്ങളും, ഇതൊക്കെവായിച്ചു ചിലരൊക്കെ വിഷമിക്കുമല്ലോ എന്നോര്‍ക്കുമ്പോളുള്ള സന്തോഷം അറിയാതെ പുറത്തേക്കു വരുന്നതുമൊക്കെ എത്രയോ നാളുകളായി കാണുന്നു - ശരിക്കും ശീലമായിക്കഴിഞ്ഞു.

അശ്ലീലപദസമ്പുഷ്ടമല്ലാത്ത രചനകളും ഇക്കാര്യത്തിലുണ്ടാവാം എന്ന്‌ അംഗീകരിക്കുന്നുവെങ്കില്‍, ദാ ഇതു കൂടി വായിക്കാം.
ചുരിദാറിന്റെ 'പുരോഗമനപരത'