Monday, April 21, 2008

"സ്റ്റാര്‍ സിംഗറി"ന്റെ കാണാപ്പുറങ്ങള്‍

"ആന്‍ ഐഡിയ കാന്‍ ചെയിഞ്ച് യുവര്‍ ലൈഫ്" എന്നാണ് ഐഡിയ മൊബൈല്‍ കമ്പനിക്കാരുടെ പരസ്യവാചകം. "ഐഡിയ സ്റ്റാര്‍ സിംഗര്‍ കാന്‍ ആള്‍സോ ചെയിഞ്ച് യുവര്‍ ലൈഫ്" എന്ന് പലരെയും ബോധ്യപ്പെടുത്തി ഏഷ്യാനെറ്റിന്റെ തട്ടുപൊളിപ്പന്‍ റിയാലിറ്റി ഷോ കൊട്ടിക്കലാശിച്ചു.

ഫ്ലാറ്റ് കിട്ടിയ നജീമിന്റെ ജീവിതം ചെയിഞ്ചായി കഴിഞ്ഞു. ഫോര്‍ഡ് ഫിയസ്റ്റ കിട്ടിയ ദുര്‍ഗയുടെയും ആള്‍ട്ടോ കിട്ടിയ തുഷാറിന്റെയും ജീവിതത്തിലുമുണ്ടായി ചെയിഞ്ച്. ഒരു ലക്ഷം രൂപയുടെ ചെയിഞ്ചുമായി കുറേ നാള്‍ അരുണ്‍ ഗോപനും ആഘോഷിക്കാം. അങ്ങനെ സര്‍വം ചെയിഞ്ച് മയം.

പുറത്തറിയാത്ത ചെയിഞ്ചുകള്‍ വേറെയുമുണ്ട്. സംഗീത സാഗരത്തില്‍ ആറാടിയ ചില യൗവന മാനസങ്ങള്‍ക്ക് ഇപ്പോള്‍ കടുത്ത പ്രണയപ്പനി പിടിപെട്ടിരിക്കുന്നുവത്രേ! "ഗായികാസുന്ദരി തന്‍ പുഞ്ചിരിപ്പഞ്ചമം" ഗായകന്റെ മനസില്‍ പ്രണയത്തിന്റെ വസന്തകോകില സ്വനമായി നിറയുന്നു. പ്രണയം ഗായകനെയും ഗായികയെയും വല്ലാതെ ചെയിഞ്ചാക്കി. സംഗതി അറിഞ്ഞ രക്ഷിതാക്കളുടെ ഹൃദയമിടിപ്പ് അതിനേക്കാള്‍ ചെയിഞ്ചായി.

ഒരു വര്‍ഷത്തിലേറെ നീണ്ട ഐ‍ഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോ അവസാനിച്ചപ്പോള്‍ ഏഷ്യാനെറ്റിനും കിട്ടി പേരുദോഷത്തിന്റെ ഒരു ചെയിഞ്ച്. മലയാളം ടെലിവിഷന്‍ ചരിത്രത്തിലെ ഏറ്റവും ബോറന്‍ സ്റ്റേജ് പരിപാടി നടത്തിയെന്ന ബഹുമതി ഇനി ഏഷ്യാനെറ്റിന് സ്വന്തം.

സുരാജ് വെഞ്ഞാറമൂട് തമാശയെന്ന പേരില്‍ കാട്ടിക്കൂട്ടിയ കോമാളിത്തരങ്ങള്‍ക്ക് കിട നില്‍ക്കാന്‍ അവതാരകയുടെ കോപ്രായങ്ങള്‍ മാത്രമേയുളളൂ. ഇതാണോ അതാണോ ഭേദം എന്ന വര്‍ണ്യത്തിലാശങ്കയുമായി കാണികളും ലോകമെങ്ങുമുളള ടെലിവിഷന്‍ പ്രേക്ഷകരും മൂക്കില്‍ വിരലും വെച്ച് നാണിച്ചിരുന്നു.

റിയാലിറ്റി ഷോ തുടങ്ങിയപ്പോള്‍ മുതലുളള പ്രതീക്ഷ നജീം അര്‍ഷാദിന്റെ കാര്യത്തില്‍ സഫലമായി. കഴിവുറ്റ ഗായകന്‍ തന്നെയാണ് നജീം. ഉയരങ്ങളിലേയ്ക്കുളള പടവുകള്‍ കയറാന്‍ നജീമിന് ഈ അംഗീകാരം കരുത്തു പകരട്ടെയെന്ന് ആശംസിക്കാം. ഒട്ടേറെ സംഗീതപ്രതിഭകളുടെ കഴിവുകള്‍ പുറംലോകം കണ്ടത് ഈ പരിപാടിയിലൂടെയാണ്. പേരും പ്രശസ്തിയും സമ്മാനങ്ങളും കിട്ടിയവരും കിട്ടാത്തവരും കലാകൈരളിയുടെ അഭിമാനമായി ഇനിയും ഇനിയും ഉയരങ്ങളിലെത്തുമെന്നും നമുക്ക് പ്രതീക്ഷിക്കാം.

അത് കഥയുടെ ഒരു വശം. ഈ പരിപാടിയ്ക്ക് മറ്റൊരു ഇരുണ്ട വശവുമുണ്ട്. സ്ക്കൂള്‍ യുവജനോത്സവങ്ങളുടെ പരാതി നിലവാരത്തില്‍ നിന്ന് മത്സരാര്‍ത്ഥികളും അവരുടെ മാതാപിതാക്കളും പരിപാടിയുടെ സംഘാടകരും ഏറെയൊന്നും ഉയര്‍ന്നിട്ടില്ലെന്ന് അണിയറക്കഥകള്‍ നമ്മോട് പറയുന്നു.

അവസാന ആറുപേരിലെത്തിയവരില്‍ രണ്ടുപേര്‍ വിധി നിര്‍ണയത്തില്‍ പ്രതിഷേധിച്ച് പിണങ്ങിപ്പോയി. സ്വന്തം വീട്ടിന്റെ അകത്തളത്തില്‍ നിന്ന് ‍തങ്ങളുടെ പാട്ട് കേരളത്തിനകത്തും പുറത്തുമുളള കോടിക്കണക്കിന് വീടുകളിലേയ്ക്കും ആസ്വാദകരുടെ മനസുകളിലേയ്ക്കും എത്തിച്ചത് ഏഷ്യാനെറ്റാണെന്ന് ചിലര്‍ മറന്നേ പോയി. ഫൈനല്‍ ബഹിഷ്ക്കരിച്ചാണ് അവര്‍ കൊതിക്കെറുവ് തീര്‍ത്തത്.

ഒരു കുടുംബ വഴക്കിന്റെ മാറ്റൊലിയായിരുന്നു പരിപാടിയിലെ ഏറ്റവും ചൂടേറിയ ഐറ്റം. ജഡ്ജിയുടെ വകയിലൊരു മരുമകന്‍ മത്സരാര്‍ത്ഥിയായെത്തി. ഇരു കുടുംബങ്ങളും തമ്മിലോ പൊരിഞ്ഞ വഴക്കും. മാര്‍ക്കിടലിലും വിളിച്ചു നിര്‍ത്തി ആക്കലിലുമൊക്കെ പതഞ്ഞൊഴുകുന്നത് കുടുംബപ്പകയാണോ എന്ന് മത്സരാര്‍ത്ഥിയ്ക്കും ഒരു സംശയം. അമ്മാവന്‍ ചക്കെന്നു പറയുമ്പോള്‍ അനന്തിരവന്‍ ചുക്കെന്ന് തിരിച്ചു പറയും.

എലിമിനേഷന്‍ റൗണ്ടിലായിരുന്നു "സംഗതി" പീലി വിടര്‍ത്തി ആടിയത്. പയ്യന്‍സിന്റെ പിതാവിനോട് പതിവു ചോദ്യം, "മകന് മാര്‍ക്ക് കുറഞ്ഞു പോയെന്ന് പരാതിയുണ്ടോ". പിതാവ് തന്റെ അഭിപ്രായം തുറന്നു പറഞ്ഞു, "കുറച്ചു കൂടി കിട്ടാമായിരുന്നു എന്നു തോന്നുന്നു". ചിരിക്കുടുക്ക ഇളം ചിരിയോടെ പിതാവിനെ ആക്കി, "ഇത്രയും കിട്ടിയതു തന്നെ ഭാഗ്യമെന്ന് കരുതുക".

ഇത്രയുമായപ്പോള്‍ മത്സരാര്‍ത്ഥിക്ക് ചൊറിഞ്ഞു. താന്‍ കാലുപിടിച്ചിട്ടോ കരഞ്ഞിട്ടോ അല്ല, അത്രയും മാര്‍ക്ക് കിട്ടിയതെന്നും അതുകൊണ്ട് ആ ടെപ്പ് ഡയലോഗുകള്‍ വേണ്ടെന്നും ഏമാന്മാരുടെ മുഖത്തടിച്ചു പറഞ്ഞു. "കദനഭാര മഥിതമായി മാനസം ജഡ്ജിമാരുടെ വദനമാകെ വിവര്‍ണമായി ക്ലാന്തിയാല്‍". ഫലം പയ്യന്‍ ഔട്ട്. പ്രസ്തുത ഭാഗം സംപ്രേക്ഷണ വേളയില്‍ മുറിച്ചു മാറ്റി ഏഷ്യാനെറ്റ് ജഡ്ജിമാരുടെ മുഖം രക്ഷിച്ചു.

തന്റെ അമ്മാവനടക്കമുളള ജഡ്ജിമാര്‍ക്ക് ശ്രുതി മാത്രം പോര സ്തുതിയും വേണമെന്നാണ് ആഗ്രഹമെന്നും അതിന് തന്നെ കിട്ടില്ലെന്നും കൂടി പരസ്യമായി പറഞ്ഞിട്ടേ പയ്യന്‍ അടങ്ങിയുളളൂ.

ബാംഗ്ലൂരില്‍ നിന്നെത്തിയ ഋത്വിക്കിനെ ഓര്‍മ്മയില്ലേ. അസാധാരണമായ പ്രതിഭകൊണ്ട് സ്വന്തം വൈകല്യത്തെ വെല്ലുവിളിക്കുന്ന മിടുക്കന്‍. ഐഡിയ സ്റ്റാര്‍ സിംഗറിന്റെ കന്നഡ പതിപ്പില്‍ ഋത്വിക്കും ജ്യേഷ്ഠനും പങ്കെടുക്കുന്നുണ്ട്. മെഗാ ഷോയില്‍ ഒരു പാട്ടുപാടാന്‍ അവസരം നല്‍കുമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് ഋത്വിക്കും അമ്മയും ബാംഗ്ലൂരില്‍ നിന്നുമെത്തി. സംഘാടകരുടെ പിടിപ്പു കേടുകാരണം ആളൊഴിഞ്ഞ പറമ്പില്‍ കസേരകളെ നോക്കി പാടേണ്ടി വന്നു ഋത്വിക്കിനും റോഷനും.

റിസള്‍ട്ടും പ്രഖ്യാപിച്ച് സമ്മാനവിതരണവും നടന്നു കഴിഞ്ഞാല്‍ പിന്നെ ആരാണ് സദസിലിരിക്കുക. അതും അര്‍ദ്ധരാത്രി സമയത്ത്. ആടു കിടന്നടത്ത് പൂടപോലും ശേഷിക്കാതായപ്പോള്‍ സംഘാടകര്‍ ഋത്വിക്കിനെയും പാടാന്‍ വിളിച്ചു. അന്ധത അനുഗ്രഹമായെന്ന് അവനെ സ്നേഹിക്കുന്നവര്‍ ആശ്വസിച്ചിട്ടുണ്ടാകും. കണ്ണുണ്ടായിരുന്നെങ്കില്‍ ഈ കോപ്രായങ്ങളൊക്കെ കാണേണ്ടി വരുമായിരുന്നല്ലോ.

തിങ്ങി നിറഞ്ഞിരിക്കുന്ന പുരുഷാരത്തിന്റെയും ലോകമെങ്ങുമുളള ടെലിവിഷന്‍ പ്രേക്ഷകരുടെയും മുന്നില്‍ വെച്ച് ഒരു സമ്മാനിതനായ ഒരു കൗമാരക്കാരന്റെ മനസ് ഏതേത് സംഘര്‍ഷങ്ങളിലൂടെയാണ് കടന്നു പോയതെന്ന് ഊഹിക്കാവുന്നേയുളളൂ. സമ്മാനത്തിന്റെയും അഭിനന്ദനങ്ങളുടെയും സാഗരമധ്യത്ത് നിന്ന് വിങ്ങിപ്പൊട്ടുന്ന നജീമിന്റെ കൈയില്‍ മൈക്കും കൊടുത്ത് ഒരു പാട്ടു പാടൂ എന്നാവശ്യപ്പെട്ട അവതാരകയുടെ ഔചിത്യബോധം സഭ്യമായ ഭാഷയില്‍ വിവരിക്കുക എളുപ്പമല്ല. അതും കാണേണ്ടി വന്നു ഈ ഷോയില്‍.

റിയാലിറ്റി ഷോ സംഘടിപ്പിക്കുന്നതില്‍ ഇനിയും ഏഷ്യാനെറ്റ് എത്രയോ വളരാനുണ്ട് എന്ന പാഠമാണ് ഐഡിയാ സ്റ്റാര്‍ സിംഗറിന്റെ ബാക്കി പത്രം. പലര്‍ക്കും ഇതൊരു ഓര്‍മ്മപ്പെടുത്തലാണ്. ജഡ്ജിമാര്‍ക്ക്, അവതാരകയ്ക്ക്, ഏഷ്യാനെറ്റിന്, മത്സരിക്കാന്‍ വരുന്നവര്‍ക്ക്, അവരുടെ രക്ഷിതാക്കള്‍ക്ക് ഈ ഷോ ഒരു പാഠമാകണം.

വിജയികള്‍ക്ക് ഒരിക്കല്‍ കൂടി ആശംസകള്‍. പ്രണയത്തിന്റെ മാധുര്യം നുകരുന്ന കൗമാരമാനസങ്ങള്‍ക്കും ആശംസകള്‍. ആധിയുടെ നെരിപ്പോട് നെഞ്ചിലെരിയുന്ന രക്ഷിതാക്കളുടെ മനസില്‍ നിന്നും കാര്‍മേഘങ്ങള്‍ ഒഴിഞ്ഞു പോകട്ടെയെന്നും ആശംസിക്കാം. എല്ലാം നല്ലതിനാകട്ടെ.

സിനിമാ പാട്ടിന്റെ കുത്തക എത്രയോ കാലം കയ്യടക്കി സ്വയം ഗന്ധര്‍വവേഷം കെട്ടിയവരുടെ കാലം ഇനി തിരിച്ചു വരാത്തവിധം അസ്തമിക്കട്ടെ. പുതിയ ശബ്ദങ്ങള്‍ കൂടുതല്‍ ഉച്ചത്തില്‍ ഉയരട്ടെ. റിയാലിറ്റി ഷോകളില്‍ തെളിയുന്ന പ്രതിഭ ജഡ്ജിമാരുടെ ഔദാര്യമല്ലെന്ന് സ്വന്തം കഴിവു കൊണ്ട് അവര്‍ തെളിയിക്കട്ടെ!