Saturday, April 26, 2008

മൊട കാണിച്ചാല്‍ പെട കിട്ടും ശ്രീശാന്തേ.........

ശ്രീശാന്ത് ഭയങ്കര അഗ്രസീവാണെന്നാണത്രേ പയ്യനും കുടുംബവും അവകാശപ്പെടുന്നത്. തെറി പറയാനാണ് പെരുത്ത ഉശിര്. കരണത്തൊന്ന് കിട്ടിയാല്‍, പക്ഷേ നമ്മുടെ ശ്രീ പൊട്ടിക്കരയും.

മുംബെ ഇന്ത്യന്‍സും പഞ്ചാബ് കിങ്സ് ഇലവനും തമ്മിലുളള മത്സരത്തിലാണ് ടീം ഇന്ത്യയിലെ മറ്റൊരു ചൂടനായ ഹര്‍ബജന്‍ സിംഗ് ശ്രീശാന്തിന്റെ കരണം നോക്കി ഒരെണ്ണം കാച്ചിയത്. ഏതാണ്ട് 140 കിലോമീറ്റര്‍ സ്പീഡിലുളള ഒരു ഇന്‍സ്വിംഗര്‍.

ശ്രീ കരഞ്ഞു, കിങ്സ് ഇലവന്‍ മുതലാളി പ്രീതി സിന്റ ഓടിയെത്തി, ശ്രീയെ കെട്ടിപ്പിടിച്ചു, ആശ്വസിപ്പിച്ചു. കിങ്സിന്റെ ക്യാപ്റ്റന്‍ സംഭവത്തെ നാണക്കേടെന്ന് വിലയിരുത്തി. (കരണം പുകഞ്ഞാലെന്ത്, ചുളുവില്‍ കെട്ടിപ്പിടിയൊന്നൊത്തില്ലേയെന്നാണ് ദോഷൈക ദൃക്കുകള്‍ കണ്ടുപിടിച്ചത്).

മുംബെ ഇന്ത്യന്‍സിന്റെ ക്യാപ്റ്റനും ക്രിക്കറ്റ് ദൈവവുമായ സച്ചിന്‍ പ്രതികരിക്കാന്‍ വിസമ്മതിച്ചു. ഐപിഎല്ലിന് ഇതത്ര നല്ലതല്ലെന്ന് പുതിയ കളിയുടെ പൊന്നുതമ്പുരാന്‍ ലളിത് മോഡി പ്രസ്താവിച്ചു. ഒരു കുടുംബമാകുമ്പോള്‍ അതിനുളളില്‍ തല്ലും തലോടലും മാപ്പുപറച്ചിലുമൊക്കെ സാധാരണയാണെന്ന് ബാജി (പി. ജെ. കുര്യനല്ല) എന്ന് വിളിക്കുന്ന ഹര്‍ബജനും പറഞ്ഞു.

മുംബെ ഇന്ത്യന്‍സിനെ 66 റണ്‍സിനാണ് പഞ്ചാബ് കിങ്സ് തോല്‍പ്പിച്ചത്. സച്ചിന് പരിക്കായതു കാരണം ഹര്‍ബജന്‍ സിംഗാണ് മുംബെക്കാരുടെ കപ്പിത്താന്‍. തോറ്റ ക്യാപ്റ്റനെ പിറകെ ചെന്ന ശ്രീശാന്ത് ഒന്നു കളിയാക്കിയതാണ് പ്രകോപനം.

പച്ചമലയാളത്തില്‍ പറഞ്ഞാല്‍, എതിര്‍ടീമിന്റെ ക്യാപ്റ്റനെ ശ്രീ ഒന്ന് "ആക്കി", ക്യാപ്റ്റന്‍ തിരിച്ചു "വീക്കി".

പ്രതിസന്ധിയില്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നവനാണല്ലോ ക്യാപ്റ്റന്‍. അപ്രതീക്ഷിതമായി കിട്ടിയ പ്രഹരം ഏറ്റു വാങ്ങി അഗ്രസീവായിത്തന്നെ സ്റ്റേ‍ഡിയത്തിലിരുന്നു കരഞ്ഞു, മലയാളത്തിന്റെ ഗോപുമോന്‍.

ഗോപുമോന് രണ്ടു കിട്ടിയത് നല്ലകാര്യമെന്ന മട്ടിലാണ് സംഭവത്തെക്കുറിച്ചറിഞ്ഞ ശരാശരി മലയാളിയുടെ പ്രതികരണം. കളിയില്‍ തോല്‍വിയും ജയവും സാധാരണയാണ്. തോറ്റയാളിനെ പിറകെ ചെന്ന് കളിയാക്കുകയും കൂവുകയും ചെയ്യുന്നത് അത്ര നല്ല സ്വഭാവവുമല്ല.

കളിയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ബാജിയെ കളിയാക്കാന്‍ ഗോപുമോന് എന്തുണ്ട് അവകാശം? ഹര്‍ബജന്‍ എറിഞ്ഞത് നാലോവര്‍. വഴങ്ങിയത് 32 റണ്‍സ്. കിട്ടിയത് മൂന്നു വിക്കറ്റ്. ബാറ്റിംഗിന്റെ കാര്യത്തില്‍ സ്കോര്‍കാര്‍ഡ് പറയുന്നത് ഇങ്ങനെ. ഹര്‍ബജന്‍ സിംഗ് എല്‍ബിഡബ്ല്യൂ ബി പഠാന്‍ - പൂജ്യം.

ഗോപുമോനും എറിഞ്ഞു നാലോവര്‍. 31 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ്. ബാറ്റിംഗിലും ഹര്‍ബജനോളം അഗ്രസീവായിരുന്നു, ശ്രീ. സ്കോര്‍കാര്‍ഡ് നോക്കൂ. ശ്രീശാന്ത് സി റോഞ്ചി ബി കുല്‍ക്കര്‍ണി പൂജ്യം.

പഞ്ചാബ് കിങ്സിന്റെ ജയത്തിനു പിന്നില്‍ ശ്രീശാന്തിന്റെ പ്രത്യേക മികവു വല്ലതും ഉണ്ടോ? എല്ലാരും കളിച്ചു, ഗോപുമോനും കളിച്ചു. പിന്നെയെന്തിന് കുട്ടാ, മറ്റേ ക്യാപ്റ്റനെ കളിയാക്കാന്‍ പോയത്?

പ്രതിഫലത്തിന്റെ കണക്കു നോക്കിയാലും ഗോപുമോന്റെ പ്രവൃത്തിക്ക് ന്യായീകരണമുണ്ടോ? ആറേകാല്‍ ലക്ഷം ഡോളറിനാണ് പ്രീതി സിന്റയുടെ ടീം ശ്രീശാന്തിനെ വാങ്ങിയത്. ഏതാണ്ട് രണ്ടരക്കോടി രൂപ. ഹര്‍ബജനെ ലേലത്തില്‍ കിട്ടാന്‍ മുംബെ ഇന്ത്യന്‍സ് മുതലാളി മുകേഷ് അംബാനി വാരിയെറിഞ്ഞത് എട്ടര ലക്ഷം ഡോളര്‍.

രണ്ടരക്കോടി രൂപ വിലയുളള താരം മൂന്നരക്കോടി രൂപ വിലയുളള താരത്തെ ഒരു തോല്‍വിയുടെ പേരില്‍ കളിയാക്കാന്‍ പോയാല്‍ അടിയല്ലാതെ പിന്നെന്താണ് മരുന്ന്? കിട്ടിയെങ്കില്‍ കണക്കായിപ്പോയെന്നേ മാരീചനും പറയാനുളളൂ.

കളിക്കളത്തിലെ പ്രകടനത്തിന്റെ പേരില്‍ എന്നാണ് ഗോപുമോന്‍ അടി മേടിക്കുന്നതെന്ന് കാണാന്‍ കാത്തിരിക്കുകയായിരുന്നു ക്രിക്കറ്റ് പ്രേമികള്‍. രണ്ടെണ്ണം കിട്ടാനുളള യോഗ്യത തനിക്കുണ്ടെന്ന് ആസ്ട്രേലിയ ഇന്ത്യയില്‍ നടത്തിയ പര്യടന വേളയില്‍ തന്നെ പുളളിക്കാരന്‍ തെളിയിച്ചിരുന്നു.

അടി ചെയ്യും ഉപകാരം അണ്ണന്‍ തമ്പിയും ചെയ്യില്ലെന്നാണ് ക്രിക്കറ്റ് പ്രേമികള്‍ക്ക് പറയാനുളളത്. വീട്ടില്‍ അടിച്ചു വളര്‍ത്തിയില്ലെങ്കില്‍, നാട്ടുകാരെടുത്തിട്ട് പെരുമാറുന്നത് ടിവിയില്‍ ലൈവായി കാണേണ്ടി വരും വീട്ടുകാര്‍ക്ക്. മക്കളെ ക്രിക്കറ്റ് താരങ്ങളാക്കാന്‍ പെടാപാട് പെടുന്നവര്‍ക്ക് ഹര്‍ബജന്‍ സിംഗ് ഒരു മുന്നറിയിപ്പാണ്.

മര്യാദയാണ് ഗോപുമോനേ, ആദ്യം വേണ്ടത്. കായികലോകത്തിന്റെ അഭിമാനമായ അഗ്രസീവ് കളിക്കാര്‍ വേറെയുമുണ്ട് ഏറെ. അവരൊന്നും തോറ്റ ക്യാപ്റ്റനെ പിറകെ പോയി കളിയാക്കിയിട്ടില്ല. അരുതാത്തത് ചെയ്താല്‍ ചിലപ്പോള്‍ കരണം പുകഞ്ഞെന്നു വരും. കണ്ണീരൊക്കെ തോര്‍ന്നിട്ട് കാര്യമായൊരു സ്വയം വിമര്‍ശനം ഗോപുമോന് നല്ലതാണ്.

ഇനിയും എത്രകാലത്തെ കളി ബാക്കി കിടക്കുന്നു. കരണമാണെങ്കില്‍ രണ്ടുവശത്തും ഓരോന്നേയുളളൂ താനും.

ഇതും കൂടിയൊന്നു വായിച്ചോളൂ.......
ശ്രീശാന്ത്, അല്‍പം അതിരുകടക്കുന്നു!