Wednesday, September 24, 2008

കോണി കയറുന്ന മറിമായങ്ങള്‍.........

അല്ല, സത്യത്തില്‍ എന്താണീ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ്...? അറിയാമോ ആര്‍ക്കെങ്കിലും. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് അഥവാ ഐയുഎംഎല്‍ എന്നൊരു പ്രസ്ഥാനം ഇന്ത്യയില്‍ നിലവിലുണ്ടോ? ഉണ്ടെങ്കില്‍ അതൊരു രാഷ്ട്രീയപ്പാര്‍ട്ടിയാണോ? ആണെങ്കില്‍ ആരൊക്കെയാണ് അതിന്റെ നേതാക്കള്‍...? അറിയുന്ന ആരെങ്കിലും ഉത്തരം പറയുമോ..?

ജനാബ് ജി എം ബനാത്ത്‍വാല അന്തരിച്ച ഒഴിവില്‍ കേന്ദ്രമന്ത്രി ജനാബ് അഹമ്മദ് സാഹിബ് ഈ രാഷ്ട്രീയ പാര്‍ട്ടിയുടെ അഖിലേന്ത്യാ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടെന്ന് ഇക്കഴിഞ്ഞ സെപ്തംബര്‍ 15ന് വാര്‍ത്തയുണ്ടായിരുന്നു. എന്നിട്ടും തീരുന്നില്ല, സംശയം.. അഹമ്മദോ.. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിന്റെ പ്രസിഡന്റോ........ അതെങ്ങനെ...

സംശയത്തിന് കാരണമെന്തെന്നല്ലേ.. ദാ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഇ അഹമ്മദ് എന്ന കേന്ദ്ര മന്ത്രിയുടെ ബയോഡാറ്റ കാണാം. സാഹിബിന്റെ പാര്‍ട്ടിയുടെ പേര് അവിടെയെഴുതി വെച്ചിരിക്കുന്നത് കണ്ണു തുറന്നു വായിച്ചു നോക്കൂ.......മുസ്ലിം ലീഗ് കേരള സ്റ്റേറ്റ് കമ്മിറ്റി (എംഎല്‍കെഎസ്‍സി) [Muslim League Kerala State Committee (MLKSC)]

മുസ്ലിംലീഗ് കേരള സ്റ്റേറ്റ് കമ്മിറ്റി എന്നൊരു രാഷ്ട്രീയപ്പാര്‍ട്ടിയോ..? അങ്ങനെയുമുണ്ടോ ഒരു പാര്‍ട്ടി..? അധികമാരും കേട്ടിട്ടില്ലെന്നത് ശരി. അല്ലെങ്കില്‍ നമുക്ക് കേള്‍ക്കാനുളള ഉച്ചത്തില്‍ ആ പേര് ഇന്നുവരെ ആരും പറഞ്ഞിട്ടില്ല. പക്ഷേ, ഇലക്ഷന്‍ കമ്മിഷനില്‍ അങ്ങനെയൊരു പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്.

നിയമസഭയിലേയ്ക്കും പാര്‍ലമെന്റിലേയ്ക്കും നടക്കുന്ന തിരഞ്ഞെടുപ്പുകളില്‍, കോണി ചിഹ്നത്തില്‍ മത്സരിക്കുന്നവര്‍ മുസ്ലിംലീഗ് കേരള സ്റ്റേറ്റ് കമ്മിറ്റി എന്ന പാര്‍ട്ടിക്കാരാണെന്ന്, അറിയാത്തവര്‍ ഇനിയെങ്കിലും അറിയുക.

കൂട്ടത്തില്‍ വേറെയുമുണ്ട് തമാശ.. അഹമ്മദ് സാഹിബ് പ്രസിഡന്റായ വകയില്‍ ആ പാര്‍ട്ടിയുടെ (ഐയുഎംഎല്ലെന്ന് പറയുന്ന പാര്‍ട്ടിയുടെ) സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതും ഒരു എംപിയാണ്.. പേര് ജനാബ് കെ എം ഖാദര്‍ മൊഹിദീന്‍ സാഹിബ്.

ആള്‍ തമിഴ്‍നാട്ടുകാരനാണ്. വെല്ലൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നാണ് എംപിയായത്. അദ്ദേഹത്തിന്റെ ബയോഡേറ്റ നോക്കൂ.. ഏതാ രാഷ്ട്രീയപ്പാര്‍ട്ടി .?.. ദ്രാവിഡ മുന്നേറ്റ കഴകം...?! നമ്മുടെ കരുണാനിധിയുടെ ഡിഎംകെ. ചിഹ്നം ഉദയസൂര്യന്‍.

രാഷ്ട്രീയ വൈചിത്ര്യങ്ങളെ ഗര്‍ഭത്തില്‍ പേറുന്ന ഏര്‍പ്പാടാണ് ജനാധിപത്യമെന്ന് ഇനിയും മനസിലായില്ലേ...

മുസ്ലിംലീഗ് കേരള സംസ്ഥാനകമ്മിറ്റി എന്ന പാര്‍ട്ടിയുടെ പേരില്‍ കോണി ചിഹ്നത്തില്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചു വിജയിച്ച ഇ അഹമ്മദ് പ്രസിഡന്റും, ഡിഎംകെ സ്ഥാനാര്‍ത്ഥിയായി ഉദയസൂര്യന്‍ എന്ന ചിഹ്നത്തില്‍ മത്സരിച്ച് വിജയിച്ച കെ എം ഖാദര്‍ മൊഹിദീന്‍ ജനറല്‍ സെക്രട്ടറിയുമായ മറ്റൊരു പാര്‍ട്ടിയാണ്, ഈ ഐയുഎംഎല്‍, ഐയുഎംഎല്‍ എന്നു പറയുന്ന സാധനം.

തീപിടിക്കുന്ന ഹൈഡ്രജനും തീ കത്താന്‍ സഹായിക്കുന്ന ഓക്സിജനും ചേര്‍ന്നാല്‍ തീയണയ്ക്കാന്‍ ഉപയോഗിക്കുന്ന വെളളം ഉണ്ടാകുന്നത് രാസസംയോഗം. ഇത് രാഷ്ട്രീയ സംയോഗം. ഉദയസൂര്യന്‍ കോണി കയറുമ്പോള്‍ നടക്കുന്ന അത്ഭുതകരമായ രാഷ്ട്രീയ രാസപരിണാമം.

കേരളത്തിലേയ്ക്ക് മടങ്ങിയാലോ..?. പാണക്കാട് സയ്യദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ഏത് പാര്‍ട്ടിക്കാരനാണ്...? ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിന്റെ കേരള സംസ്ഥാന ഘടകത്തിന്റെ പ്രസിഡന്റാണ് അദ്ദേഹമെന്ന് നാമൊക്കെ ധരിക്കുന്നു. എന്നാല്‍ ഇലക്ഷന്‍ കമ്മിഷനില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതനുസരിച്ച് അദ്ദേഹം, മുസ്ലിം ലീഗ് കേരള സ്റ്റേറ്റ് കമ്മിറ്റി എന്ന പ്രാദേശികപ്പാര്‍ട്ടിയുടെ പ്രസിഡന്റാണ്.

സയ്യദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ പ്രസിഡന്റും സയ്യദ് ഉമര്‍ ബാഫക്കി തങ്ങള്‍, അബ്ദുളളാ ഹാജി അഹമ്മദ് സേഠ് എന്നിവര്‍ വൈസ് പ്രസിഡന്റുമാരും പി കെ കുഞ്ഞാലിക്കുട്ടി ജനറല്‍ സെക്രട്ടറിയും ഇ ടി മുഹമ്മദ് ബഷീര്‍, കുട്ടി അഹമ്മദ് കുട്ടി എന്നിവര്‍ സെക്രട്ടറിമാരും ഇ അഹമ്മദ് ട്രഷററുമായ ഒരു പാര്‍ട്ടി ഇലക്ഷന്‍ കമ്മിഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതിന്റെ പേരാകുന്നു മുസ്ലിംലീഗ് കേരള സ്റ്റേറ്റ് കമ്മിറ്റി.

നിയമസഭാ തിരഞ്ഞെടുപ്പിലും പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും കോണി ചിഹ്നത്തില്‍ മത്സരിക്കുന്നവരെല്ലാം മുസ്ലിംലീഗ് കേരള സ്റ്റേറ്റ് കമ്മിറ്റി എന്ന കക്ഷിക്കാരാണ്. തെളിച്ചു പറഞ്ഞാല്‍ നമ്മുടെ മാണി കേരള കോണ്‍ഗ്രസ് പോലൊരു പ്രദേശിക പാര്‍ട്ടിയാണ് ഈ മുസ്ലിം ലീഗ് കേരള സംസ്ഥാന കമ്മിറ്റി.

അപ്പോള്‍ പിന്നെ ഏതാണ് ഈ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ്.. ?

ഇലക്ഷന്‍ കമ്മിഷന്‍ നല്‍കുന്ന വിവരമനുസരിച്ച് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗെന്നൊരു രാഷ്ട്രീയ പാര്‍ട്ടിയുണ്ട്. അംഗീകാരമില്ലാത്ത പാര്‍ട്ടികളുടെ പട്ടികയില്‍ ഐയുഎംഎല്‍ എന്ന പാര്‍ട്ടിയെയും കാണാം.

കൂടുതല്‍ തിരഞ്ഞു ചെന്നാല്‍, ആ പാര്‍ട്ടി 1999ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ടെന്ന് പിടികിട്ടും. മഹാരാഷ്ട്രയിലെ മുംബൈ നോര്‍ത്ത് സെന്‍ട്രല്‍ മണ്ഡലത്തില്‍ ഷെയിഖ് മുഹമ്മദ് ഫാറൂഖും ഉത്തര്‍ പ്രദേശിനെ അസംഗഡ് മണ്ഡലത്തില്‍ അല്‍ അംജീറും മത്സരിച്ചത് ഐയുഎംഎല്‍ എന്ന പാര്‍ട്ടിയെ പ്രതിനിധീകരിച്ചാണ്. ഫാറൂഖിന് ലഭിച്ചത് 17454 വോട്ട്. അല്‍ അംജീറിന് കിട്ടിയത് 3069 വോട്ട്.

ഇതേ തിരഞ്ഞെടുപ്പില്‍ മുസ്ലിംലീഗ് കേരള സ്റ്റേറ്റ് കമ്മിറ്റി എന്ന പാര്‍ട്ടിയുടെ ലേബലില്‍ 12 സിംഹങ്ങള്‍ രാജ്യമാകെ മത്സരിക്കവെയാണ് ഈ വ്യതിക്രമം. ആ പന്ത്രണ്ട് വീരപുരുഷന്മാരില്‍ അന്നത്തെ ഐയുഎംഎല്ലിന്റെ (?) അഖിലേന്ത്യാ പ്രസിഡന്റ് ജി എം ബനാത്ത്‍വാല, ഇന്നത്തെ പ്രസിഡന്റ് ഇ അഹമ്മദ് എന്നിവരും ഉള്‍പ്പെടുന്നു.

കണ്ണു തളളി താഴെ വീഴുന്നോ..? വിശ്വാസികളെ പരീക്ഷിക്കാനും അവരെ കിടുകിടെ വിറപ്പിക്കാനുമാണോ ദൈവമേ, നീ ഇലക്ഷന്‍ കമ്മിഷനെ സൃഷ്ടിച്ചത്..?

ഐയുഎംഎല്ലിന്റെ അഖിലേന്ത്യാ പ്രസിഡന്റ് എന്ന് അവകാശപ്പെടുന്നയാള്‍, മുസ്ലിംലീഗ് കേരള സംസ്ഥാന കമ്മിറ്റി എന്ന പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി പൊന്നാനിയില്‍ മത്സരിക്കുമ്പോള്‍, അങ്ങ് യുപിയിലും മഹാരാഷ്ട്രയിലും അഖിലേന്ത്യാ പ്രസിഡന്റിന്റെ പാര്‍ട്ടിയുടെ ലേബലില്‍ മത്സരിക്കുന്നത് ആരാലും അറിയപ്പെടാത്ത രണ്ടു ഡൂക്കിലികള്‍..

റബ്ബില്‍ ആലമീനായ തമ്പുരാനെ....കാരുണ്യം കൊണ്ട് ഇച്ഛിക്കുന്നവരെ പ്രത്യേകം അനുഗ്രഹിക്കുന്നവനേ..ഇതെന്ത് മറിമായം....? നിങ്ങള്‍ സത്യവാന്മാരാണെങ്കില്‍ അതിന് നിങ്ങള്‍ക്ക് കിട്ടിയ തെളിവ് കൊണ്ടുവരാന്‍ പറഞ്ഞത് നീയല്ലേ.. ഇന്ന് യഥാര്‍ത്ഥ ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് എന്നറിയാതെ കുഴങ്ങുന്ന ഞങ്ങള്‍ സത്യവിശ്വാസികളുടെ വ്യഥ നീ കാണുന്നില്ലേ.. ആരോടാണ് ഞങ്ങള്‍ തെളിവു ചോദിക്കേണ്ടത്..? ശിഹാബ് തങ്ങളോടോ, അഹമ്മദ് സാഹിബിനോടോ.. അതോ വിനീതരില്‍ വിനീതനായ കുഞ്ഞാലിക്കുട്ടിയോടോ..?

അനന്തമജ്ഞാതമവര്‍ണനീയമീ
ഐയുഎമ്മെല്ലു തിരിയുന്ന മാര്‍ഗം
അതിങ്കലെങ്ങാണ്ടൊരിടത്തിരുന്നു നോക്കുന്ന
നമ്മള്‍ കഥയെന്തു കണ്ടു...?

അദ്വാനിയും സംഘവും ബാബറി മസ്ജിദ് പൊളിച്ചടുക്കിയപ്പോള്‍ മുസ്ലിംലീഗില്‍ കടുത്ത ആശയപ്രതിസന്ധിയുണ്ടായെന്നും അങ്ങനെ പാര്‍ട്ടി വിഘടിച്ചെന്നും കുറേപ്പേര്‍ ഇലക്ഷന്‍ കമ്മിഷനില്‍ ചെന്ന് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് എന്ന പേര് അടിച്ചു മാറ്റിയെന്നുമാണ് കഥ.

അങ്ങനെയാണത്രേ, മുസ്ലിംലീഗ് എന്ന കേരള സ്റ്റേറ്റ് കമ്മിറ്റിയെന്ന രാഷ്ട്രീയപ്പാര്‍ട്ടി പിറന്നുവീണത്. തെരഞ്ഞടുപ്പ് കമ്മിഷന്റെ മുന്നില്‍ ജനാബുമാരും കുട്ടിമാരുമൊക്കെ ആ പാര്‍ട്ടിയാണ്. പുറംലോകത്തിന്റെ കണ്ണില്‍ പ്രതാപം നിലനിര്‍ത്താന്‍ പഴയ പേര് ഇപ്പോഴും ഉപയോഗിക്കുന്നു. പത്രക്കുറിപ്പിലും ചുവരെഴുത്തിലും ഐയുഎമ്മെല്ലെന്നെഴുതും. ലോക്സഭാ, ഇലക്ഷന്‍ കമ്മിഷന്‍ രേഖകളില്‍ മുസ്ലിം ലീഗ് കേരള സംസ്ഥാന കമ്മിറ്റിയെന്നും.

ഐയുഎമ്മെല്ലെന്നൊരു പാര്‍ട്ടി വേറെയുണ്ടെന്നൊന്നും ശിഹാബ് തങ്ങളും അഹമ്മദുമൊന്നും ആ പാര്‍ട്ടിക്കാരല്ലെന്നും പാവം മലപ്പുറത്തുകാര്‍ക്കറിയില്ല. നമ്മളില്‍ പലര്‍ക്കുമറിയില്ല. അല്ലെങ്കില്‍ത്തന്നെ ആടെന്തിന് അങ്ങാടി വാണിഭത്തിന്റെ രസീതു ബുക്ക് സൂക്ഷിക്കണം...

നമുക്കും അവര്‍ക്കും അറിയുന്നതിത്ര മാത്രം! ഭൂമിയും അതിലുളളതും ദൈവത്തിന്റേത്.. ഏഴാകാശങ്ങളുടെയും മഹത്തായ സിഹാസനത്തിന്റെയും രക്ഷിതാവും അവന്‍. എല്ലാ വസ്തുക്കളുടെയും ആധിപത്യം അവന്റെ കൈയില്‍. എല്ലാവര്‍ക്കും അഭയം നല്‍കുന്നതും അവന്‍. ഇന്ത്യന്‍ യൂണിയന്‍ മുസ്ലീംലീഗും മുസ്ലിംലീഗ് കേരള സംസ്ഥാനക്കമ്മിറ്റിയും സൃഷ്ടിച്ചതും രക്ഷിച്ചു നിര്‍ത്തുന്നതും അവന്‍ തന്നെ...

എല്ലാം സ്പഷ്ടമായ ദൃഷ്ടാന്തങ്ങള്‍. അതിനെ നിഷേധിച്ച് ധിക്കാരികളാകാതിരിക്കുക.

പ്രചോദനം :- സെപ്തംബര്‍ 14ന് ശതമന്യു ദേശാഭിമാനിയിലെഴുതിയ ലേഖനം.

11 comments:

മാരീചന്‍ said...

ഐയുഎമ്മെല്ലെന്നൊരു പാര്‍ട്ടി വേറെയുണ്ടെന്നൊന്നും ശിഹാബ് തങ്ങളും അഹമ്മദുമൊന്നും ആ പാര്‍ട്ടിക്കാരല്ലെന്നും പാവം മലപ്പുറത്തുകാര്‍ക്കറിയില്ല. നമ്മളില്‍ പലര്‍ക്കുമറിയില്ല. അല്ലെങ്കില്‍ത്തന്നെ ആടെന്തിന് അങ്ങാടി വാണിഭത്തിന്റെ രസീതു ബുക്ക് സൂക്ഷിക്കണം...

മൂര്‍ത്തി said...

അഖിലേന്ത്യാ പ്രസിഡന്റിനെ സംസ്ഥാന പ്രസിഡന്റ്പുറത്താക്കിയ പാര്‍ടിയാണിത്. :)

പത്തനംതിട്ടയിലെ ലീഗ് നേതാവായിരുന്ന ഖാന്‍ ഷാജഹാന് നന്ദി പറയാം. അദ്ദേഹം വിവരാവകാശനിയമ പ്രകാരം നല്‍കിയ മറുപടി വഴിയാണത്രെ ഇത് പുറത്തായത്. ഒരാള്‍ക്ക് രണ്ട് പാര്‍ട്ടിയില്‍ അംഗമായി ഇരിക്കാമോ, ഇരിക്കുന്നുണ്ടോ എന്നതിലും ഇത്തിരി ഭരണഘടനാ, തെരഞ്ഞെടുപ്പ് ചട്ടപ്രശ്നങ്ങള്‍ ഉണ്ട്.

മാരീചന്‍‍ said...

ഖാദര്‍ മൊഹദീന് ഡിഎംകെ ചിഹ്നം അനുവദിക്കുന്നതിനെതിരെ സ്ക്രൂട്ടണി സമയത്ത് എഐഡിഎംകെക്കാര്‍ പ്രശ്നമുന്നയിച്ചിരുന്നു.

എന്തുകാരണം പറഞ്ഞാണ് എഐഡിഎംകെക്കാരുടെ എതിര്‍പ്പ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ തളളിയതെന്ന വിവരം ഒന്നു കണ്ടുപിടിക്കാമോ.... അതും രസകരമായിരിക്കും.. പ്രസ്തുത വാര്‍ത്തയുടെ ഹിന്ദു ലിങ്ക് നെറ്റിലുണ്ട്..

ഒന്ന് തപ്പിനോക്കൂ മൂര്‍ത്തി മാഷേ..സൂക്ഷിച്ചു വെയ്ക്കണമെന്ന് കരുതിയതാണ്. വിട്ടുപോയി.. ഇപ്പോള്‍ തിരഞ്ഞിട്ട് കിട്ടുന്നുമില്ല.

നിലാവു said...

ഐ യു എം എല്‍ പിളര്‍ന്നപ്പോള്‍ ഉണ്ടായത് ഐ എന്‍ എല്‍ (സേട്ടിന്റെ പാര്‍ട്ടി), ഐ യു എം എല്‍ (തങ്ങള്‍ഊടെ പാര്‍ട്ടി) എന്നിവയായിരുന്നു. ആന്നാണ് മു.ലീ.കേ.സ്റ്റേ.ക. ഉണ്ടായതെന്നും അതാണ് തങ്ങളുടെ ലീഗെന്നും പറയുന്നത് അത്ര ശരിയാണെന്ന് തോന്നുന്നില്ല. എങ്കില്‍ എല്ലാ പത്രങ്ങള്‍ഊം അത് മറച്ചു വച്ചുവെന്നാണൊ ? ആ സംഭവം നടക്കുന്ന കാലത്ത് പത്രങ്ങളിലൊന്നും ഈ കമ്മറ്റിക്കാര്യം വന്നിട്ടില്ല.

ഇതിലെ വേറൊരു സാധ്യത, ഇലക്ഷന്‍ കമ്മീഷന്റെ അംഗീകാരമാണ്. ദേശീയപ്പാര്‍ട്ടിയാക്കണം എന്ന ആവശ്യവുമായി ചെന്നാല്‍ എന്തൊക്കെയൊ ശതമാനക്കണക്കില്ലെ, വോട്ടിന്റെ ? അതു ശോദിച്ചാല്‍ ഞമ്മള് കുഴയും. കേരളം വിട്ടാപ്പിന്നെ അഞ്ചിന്റെ പൈസയ്ക്ക് വോട്ട് തങ്ങളുപ്പുപ്പാന്റെ പെട്ടീല് വീഴൂലാ. അതാ അവടെ ഡിം.എം.കെ ആയി വോട്ടിന് പോണത്. അപ്പൊപ്പിന്നെ അന്ത്രാരാഷ്ട്ര മുസ്ലിം സാഹോദര്യംന്നൊക്കെ പറഞ്ഞ് അങ്ങട്ട് ചെന്നാ കമ്മീഷന്‍ അംഗീകാരം കളയും. കോണിച്ചിന്നം വേണെങ്കില്‍ സംസ്ഥാനപാര്‍ട്ടിയായി റ്ജിസ്റ്റര്‍ ചെയ്യുകയല്ലാതെ വേറെ വഴിയില്ല. അതോണ്ടാവും ഈ തരികിട. കോണിയില്ലാത്തെ ലീഗ്, തണുപ്പില്ലാത്ത ഐസ് പോലെയാണെന്ന് ഞങ്ങള്‍ മലപ്പുറത്തുകാര്‍ക്കറിയാം. കോണി ചിഹ്നവും ലീഗിന്റെ സ്ഥാനര്‍ത്ഥിയുമായി കമ്മ്യൂണിസ്റ്റ് പച്ച നിന്നാലും ജയിക്കുമെന്നൊരു ചൊല്ലുണ്ടായിരുന്നു നഹയുടെയും സി.എച്ഛിന്റെയും കാലത്ത് (കുഞ്ഞാലിക്കുട്ടിയുഗത്തിനു മുന്‍പ്). അപ്പ കോണിയാണ് കാര്യം. ഞങ്ങളുറ്റെ നാട്ടിലെ എംഗ്ലീഷ് പോസ്റ്റര്‍ കണ്ടിട്ടുണ്ടൊ, വോട്ട് ഫോര്‍ കോണി എന്ന് ? കാരണം പൊന്നാനിയിലെയും മഞ്ചേരിയിലെയും സ്ഥാനാര്‍ഥികള്‍ പരദേശി ദേശാടനപ്പക്ഷികളായിരുന്നേയ്..

ഇനി വേറൊരു തമാശ, സംസ്ഥാന അധ്യക്ഷന്‍ ദേശീയ അധ്യക്ഷനു വിപ്പ് കൊടുക്കുന്ന ഒരേ ഒരു പ്രസ്ഥാനമാണ് ലീഗ്. തങ്ങള്‍ സേട്ടിന് ബാബരിപ്രശ്നത്തില്‍ വിപ്പ് കൊടുക്കും കൊടപ്പനക്കല്‍ ഇരുന്ന്. അന്ന് സേട്ട് അഖിലേന്ത്യാ പ്രസിഡന്റും തങ്ങള് എന്നത്തേയും പോലെ സംസ്ഥാന പ്രസിഡന്റും. കരുണാകരന്റെ കാലത്ത് കോണ്‍ഗ്രസ്സുമായി ലീഗ് ഇടഞ്ഞാല്‍ ആദ്യമേ കൊടുക്കുന്നത് അന്ത്യശാസനം. പിന്നെപ്പിന്നെ ഓരോരോ അറിയിപ്പുകളും വാര്‍ണിങ്ങുകളും !

ഇതൊക്കെ ഞങ്ങളുടെ ഓരോ തമാശകളാണേ... എന്നാലും ഞങ്ങള്‍ക്ക് ലീഗിനോട് ഭയങ്കര ബഹുമാനമാ.... (ജീവിച്ചുപോണ്ടെ സാര്‍)

ഒന്നുകൂടി: സ്ഥിരമായി ബ്ലോഗ്ഗുന്ന (സ്വന്തം പേരില്‍ത്തന്നെ) ഞാന്‍ ഒരു തട്ടിക്കൂട്ട് ഐദിയില്‍ വരുന്നത് - നാളെ എന്നുപറഞ്ഞാല്‍ കൃത്യം നാളെ മലപ്പുരം ജില്ലയിലുള്ള എന്റെ വീട്ടിന് യൂത്ത് ലീഗുകാര്‍ കല്ലെറിയാതിരിക്കാന്‍. ഇതു തമാശയല്ല, വളരെ സീരിയസ്സാ‍ണ്. സങ്കടമുണ്ട്.

മൂര്‍ത്തി said...

The State president of Indian Union Muslim League, K.M. Khader Mohideen, will contest from Vellore as Dravida Munnetra Kazhagam candidate, following his production of the party's membership card, in the wake of objections raised by All-India Dravida Munnetra Kazhagam's Rajya Sabha member, N. Jothi, during scrutiny of papers by the returning officer, A.C. Mohandoss, today.

Mr. Jothi protested on the grounds that as per the Election Symbols Order, Mr. Mohideen, being the IUML State president, could not be vested with the form `A' and `B' signed by the DMK, and its symbol since he is not a party member, nor can claim to be so.

"Only a person who is a basic member or party cardholder can be given the reserved symbol of that political party. The same cannot be allotted to others by the returning officer," he said.

The Vellore district DMK presidium chairman, T.A. Mohammed Saqhy, came back with a fax copy of the DMK membership card of Mr. Mohideen. As per the card (dated, April 1, 2004), Mr. Mohideen was a party member in the 43rd ward of Tiruchi Corporation. His nomination was later accepted.

Mr. Jothi told newspersons that in view of the fact, "as admitted by Mr. Saqhy" that Mr. Mohideen was a DMK candidate, the IUML couldn't claim to be its ally in the Democratic Progressive Alliance. No seat therefore has been allotted in the DPA to candidates of the IUML, and Mr. Mohideen should not project himself before the electorate as an IUML candidate, but as DMK candidate. In effect, the DMK is contesting 16 and not 15 seats in the elections, he said.

will come back later...

അനില്‍@ബ്ലോഗ് said...

വിവരങ്ങള്‍ക്കു നന്ദി, മാരീചന്‍.

വിശദമായി കാര്യങ്ങള്‍ മനസ്സിലായി.

അഹമ്മെദ് സാഹിബ് കഴിഞ്ഞ ദിവസം ഇതു സമ്മതിച്ചതാണല്ലോ, ഇങ്ങിനെയാണെന്നു മാത്രം “അഖിലേന്ത്യാ തലത്തിലും കേരളത്തിലും വെവ്വേറെ രെജിസ്റ്റ്രേഷനുണ്ട പാര്‍ട്ടിക്ക”. എതിര്‍പ്പൂള്ളവര്‍ക്കു കോടതിയില്‍ പോകാമെന്നും പറഞ്ഞിട്ടുണ്ട്. കോടതിയില്‍ പോയാല്‍ വല്ല കാര്യവുമുണ്ടാവുമോ?

Siju | സിജു said...

:-)

കിരണ്‍ തോമസ് തോമ്പില്‍ said...

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മുസ്ലിം ലീഗ്‌ സംഘടനകളുടെ ഒരു കോണ്‍ഫ്രഡറെഷനാണ്‌ ഇതെന്നാണ്‌ ലീഗ്‌ വിശദീകരിക്കുന്നത്‌. പിന്നെ ജനങ്ങളുടെ അംഗീകാരം ഉള്ള സ്ഥിതിക്ക്‌ മറ്റുള്ള അംഗീകാരങ്ങളെക്കുറിച്ചോര്‍ത്ത്‌ ദു:ഖിക്കെണ്ട ഗതികേട്‌ ലീഗിനില്ലല്ലോ

ജിവി said...

ഇനി ഇന്ത്യന്‍ യൂനിയന്‍ മുസ്ലീം ലീഗ് ആണവകരാറിനെ അനുകൂലിച്ചു എന്ന് മാത്രം പറയരുത്.

കേരളമുസ്ലീം ലീഗ് എന്ന പാര്‍ട്ടിയുടെ എം പി യാണ് അതു ചെയ്തത്.

കേരളത്തിലെ മുസ്ലീം ലീഗ് ആണവകരാറിനെ അനുകൂലിച്ചോ? എപ്പോ? ഐ യു എം എല്‍ എന്ന അംഗീകാരമില്ലാത്ത ഏതോ പാര്‍ട്ടിയുടെ ദേശിയ പ്രസിഡണ്ടോ മറ്റോ ആയ ഒരാള്‍ എം പിയായുണ്ട്. അങ്ങേരാണ് ആ പണി ചെയ്തത്.

പടച്ചോനെ!വെറുതെ നമ്മള്‍ തെറ്റിദ്ധരിച്ചല്ലോ.

kaalidaasan said...

മുസ്ലിം ലീഗ് പോലെയുള്ള ഒരു പാര്‍ട്ടിയില്‍ നിന്നും ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നവരല്ലെ മണ്ടന്‍മാര്‍ ? ഇ അഹമ്മദ് പാര്‍ട്ടി നിലപാടു വ്യക്തമാക്കി. ഞങ്ങളുടെ പാര്‍ട്ടി ഇതുപോലെയൊക്കെ പ്രവര്‍ത്തിക്കും . പരാതിയുള്ളവര്‍ക്ക് കോടതിയില്‍ പോകാം .

ഒരു പുരുഷായുസ്സ് മുഴുവനും മുസ്ലിം ലീഗില്‍ ചെലവഴിച്ചിട്ടും അതു കുമ്പളങ്ങയാണോ പടവലങ്ങയാണോ എന്നു മനസിലാകാത്ത ഖാന്‍ ഷാജഹാന് പെട്ടെന്നെന്തേ ഇങ്ങനെ തോന്നാന്‍ ? മുസ്ലിം ലീഗ് കേരള സ്റ്റേറ്റ് കമ്മിറ്റി എന്ന പേര്‍ കേരളത്തിലെ ലീഗു ഇന്നലെയൊന്നുമല്ല സ്വീകരിച്ചത്. ഇദ്ദേഹം പാര്‍ട്ടിയില്‍ ദീര്‍ഘനാളുണ്ടായിരുന്നപ്പോഴും ഈ പേരു തന്നെ ആയിരുന്നു. പാര്‍ട്ടിയില്‍ നിന്നും പുറത്തായപ്പോള്‍ ബുദ്ധിയുദിച്ചതാണെന്നു കരുതാന്‍ വയ്യ.

ഇതില്‍ എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ ആദ്യം അധികാരസ്ഥാനങ്ങളില്‍ പരാതിപെടുകയല്ലെ വേണ്ടത്? അദ്ദേഹമോ അല്ലെങ്കില്‍ കേരളത്തില്‍ മുക്കിനു മുക്കിനു കാണുന്ന ഏതെങ്കിലും പൊതു താല്‍പ്പര്യ ഹര്‍ജിക്കാര്‍ ആരെങ്കിലുമോ കോടതില്‍ ഒരു ഹര്‍ജി ഫയല്‍ ചെയ്താല്‍ ഇതില്‍ എന്തെങ്കിലും ഭരണഘടന ലംഘനമോ നിയമ ലംഘനമോ ഉണ്ടോ എന്നു കോടതി കണ്ടുപിടിച്ചോളും . അതിനു പകരം പത്രസമ്മേളനം നടത്തി പരസ്യപ്പെടുത്തുന്നതില്‍ എന്തോ അക്ഷര പിശകില്ലേ?

റോബി said...

വിവരവിസ്ഫോടനം...:)