Wednesday, November 12, 2008

സാമാന്യ ബുദ്ധി vs ട്വെന്റി ട്വെന്റി

പ്രേക്ഷകരുടെ സാമാന്യബുദ്ധിയെ വെല്ലുവിളിക്കുന്ന സിനിമകള്‍ എല്ലാ ഭാഷയിലും അനേകമുണ്ടായിട്ടുണ്ട്. എന്നാല്‍ ഒരു ഭാഷയിലെ സകല താരങ്ങളും ഒരു സംഘടനയുടെ ലേബലില്‍ ഒരുമിച്ചിറങ്ങി പ്രേക്ഷകന്റെ യുക്തിക്ക് വിലപറയുന്ന സംഭവം ഒരുപക്ഷേ, ലോക സിനിമയില്‍ തന്നെ ആദ്യമായിരിക്കും.

ഏറ്റവും ചുരുക്കി, ട്വെന്റി20 എന്ന ചിത്രത്തെ ഇങ്ങനെ വിശേഷിപ്പിക്കാം. സൂപ്പര്‍താരങ്ങളുടെ കഥാപാത്രങ്ങള്‍ക്കു പോലും വ്യക്തിത്വം കമ്മി. യുക്തിയുടെ മൊട്ടുസൂചിയാഘാതമേറ്റാല്‍ പൊട്ടിത്തകരുന്ന കഥ. അതിനിടയിലും ചിലരുടെയൊക്കെ ഉളളില്‍ കിടക്കുന്ന അധമബോധങ്ങള്‍ക്ക് കൃത്യവും സൂക്ഷ്മവുമായ തിരശീലാഖ്യാനം.

കര്‍ണാടകത്തില്‍ നടക്കുന്ന പൈശാചികമായ ഒരു കൊലപാതകം. കൊലയാളിയെന്ന് സംശയിക്കപ്പെടുന്നയാള്‍ കേരളത്തില്‍. അയാള്‍ക്കു വേണ്ടി കര്‍ണാടക കോടതിയുടെ വാറണ്ട്. പ്രതിയെ കര്‍ണാടക പോലീസിന് വിട്ടുകൊടുക്കേണ്ടെന്ന് വിധിക്കാന്‍ കേരള ഹൈക്കോടതിയ്ക്ക് അധികാരമുണ്ടോ? സാക്ഷാല്‍ മമ്മൂട്ടിയാണ് കേസ് വാദിക്കുന്നതെങ്കിലും.. ?

നിയമം പഠിച്ചവര്‍ പറയുന്നത്, കുറ്റകൃത്യം നടക്കുന്ന സ്ഥലത്തെ കോടതിയാണ് വിചാരണയും വിധിയുമൊക്കെ പ്രസ്താവിക്കേണ്ടത് എന്നാണ്. താര സംഘടനയായ അമ്മയ്ക്കു വേണ്ടി ദിലീപ് സിനിമ നിര്‍മ്മിക്കാനിറങ്ങുകയും സൂപ്പര്‍താരങ്ങള്‍ അഭിനയിക്കാന്‍ തീരുമാനിക്കുകയും ചെയ്താല്‍ കേരളത്തിലെ മാത്രമല്ല, ഇന്ത്യാ മഹാരാജ്യത്തിലെ സകല നിയമങ്ങളും തിരുത്തിയെഴുതപ്പെടും. ഇല്ലെങ്കില്‍ പിന്നെന്തോന്ന് സൂപ്പര്‍താരങ്ങള്‍.. സൂപ്പര്‍ സംവിധായകന്‍...?

കര്‍ണാടകത്തില്‍ രജിസ്റ്റര്‍ ചെയ്ത കൊലക്കേസിലെ സാക്ഷി കേരള ഹൈക്കോടതിയില്‍ മൊഴി നല്‍കാനെത്തുന്ന വിലോഭനീയമായ ദൃശ്യവും ട്വെന്റി20യിലുണ്ട്.

അത്ഭുതങ്ങള്‍ ഇവിടെ അവസാനിക്കുന്നില്ല. കേരളത്തിലെ ഭരണകക്ഷിയുടെ സംസ്ഥാന സെക്രട്ടറിയുടെ മകനാണ് പ്രതി. ബാംഗ്ലൂര്‍ മെഡിക്കല്‍ കോളജില്‍ സ്വന്തം സഹപാഠിയെ കൊന്ന കേസില്‍ പ്രതിയായിട്ടും, അയാളുടെ പേരില്‍ കര്‍ണാടക പൊലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടും കക്ഷിയുടെ ഉഗ്രപ്രതാപികളായ മാതാപിതാക്കളോ ബന്ധുക്കളോ ഒന്നും സംഗതിയറിയുന്നില്ല. ഓര്‍ക്കുക. സഹപാഠിയെ കൊന്ന്, ശവശരീരം മൂന്നായി മുറിച്ച് മൂന്ന് സംസ്ഥാനങ്ങളില്‍ നിക്ഷേപിച്ച കൊടും പൈശാചികമായ കൊലപാതകത്തിലെ പ്രതിയ്ക്കാണ്, സ്ഥാനമാനങ്ങള്‍ക്ക് പഞ്ഞമില്ലാത്ത മന്ദബുദ്ധി മാതാപിതാക്കളും ബന്ധുക്കളുമുളളത്.

ഇങ്ങനെയൊരു കൊലപാതകം ഒരു കോളെജില്‍ നടന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ ദേശീയ മാധ്യമങ്ങളിലടക്കം വന്‍കോലാഹലമുണ്ടാകുമെന്ന കാര്യം ഉറപ്പ്. പ്രതിസ്ഥാനത്തുളളവനെ മാത്രമല്ല, അവന്റെ പരിചയക്കാരെ വരെ നിര്‍ത്തിപ്പൊരിക്കും, മാധ്യമങ്ങള്‍.. അതേ കോളജിലെ ഒരു വിദ്യാര്‍ത്ഥിനിയെ കൊന്ന കേസില്‍ പ്രതി നേരത്തെയും ജയിലില്‍ കിടന്നിട്ടുണ്ടെന്ന സാഹചര്യം കണക്കിലെടുക്കുന്പോള്‍ പ്രത്യേകിച്ചും. ഇക്കാര്യവും പ്രതിയുടെ മാതാപിതാക്കളോ അപ്പൂപ്പനമ്മൂമ്മമാരോ അറിഞ്ഞിട്ടില്ല.

ഭരണകക്ഷിയുടെ സംസ്ഥാന സെക്രട്ടറിയും ഭാര്യയും ചേട്ടനും മറ്റു ബന്ധുമിത്രാദികളുമൊന്നും പത്രം വായിക്കുന്നില്ലെങ്കില്‍... ടി വി കാണുന്നില്ലെങ്കില്‍....എന്തു ഫലം.. ? ഐപിഎസുകാരന്‍ ആന്റണി പുന്നക്കാടന്‍ പ്രതിയെയും തിര‍ഞ്ഞ് കുടുമ്മത്ത് വന്നു കയറുന്പോഴേ കാര്യങ്ങളറിയൂ.. അപ്പോഴേയ്ക്കും ഒരു മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കാനുളള സമയം പോലും കിട്ടിയെന്നു വരില്ല...

സുപ്രിം കോടതിയില്‍ നിന്നും വിരമിച്ച് തറവാട്ടില്‍ വിശ്രമജീവിതം നയിക്കാനെത്തുന്ന ജസ്റ്റിസ് വിശ്വനാഥമേനോനില്‍ നിന്നും ചെറുമകന്റെ വിവരം മറച്ചു വെയ്ക്കാന്‍ മക്കളും മരുമക്കളും കൊണ്ടുപിടിച്ച് ശ്രമിക്കുന്ന രംഗങ്ങള്‍ സിനിമയിലുണ്ട്. ജസ്റ്റിസാണെന്നും സുപ്രിം കോടതിയിലായിരുന്നു ഉദ്യോഗമെന്നുമൊക്കെ പറഞ്ഞിട്ടെന്ത്... പത്രവും ടിവിയും ജസ്റ്റിസിനും ചതുര്‍ത്ഥി.. അതുകൊണ്ട് ഒരു കാര്യവും അതിയാനും അറിയുന്നില്ല. പ്രതിയെ തിരഞ്ഞ് ആന്റണി പുന്നക്കാടന്‍ വരേണ്ടി വന്നു, തിരുമനസിനും കാര്യങ്ങള്‍ ബോധ്യപ്പെടാന്‍.

മക്കളെ ബാംഗ്ലൂരിലൊക്കെ പഠിക്കാനയയ്ക്കുന്ന മാതാപിതാക്കള്‍ മുടങ്ങാതെ ടിവി വാര്‍ത്ത കാണുകയും പത്രം വായിക്കുകയും ചെയ്യണമെന്നൊരു ഗുണപാഠം ട്വെന്റി20 പകര്‍ന്നു നല്‍കുന്നുണ്ട്. അത്രയും നന്ന്..

അന്യ സംസ്ഥാനത്തെ പൊലീസ്റ്റ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിക്ക് കേരള ഹൈക്കോടതിയില്‍ നിന്ന് അനുകൂലമായ വിധി നേടിക്കൊടുക്കാന്‍ മാത്രം പ്രാഗത്ഭ്യമുളള വക്കീല്‍ രമേഷ് നന്പ്യാരുടെ വേഷത്തിലാണ് സൂപ്പര്‍മെഗാ സ്റ്റാര്‍ മമ്മൂട്ടി. അന്പതും നൂറും പേരെ ഒറ്റയ്ക്ക് ഇടിച്ചു പരത്തുന്ന സൂപ്പര്‍താര സങ്കല്‍പം ഈ ചിത്രത്തില്‍ കാലഹരണപ്പെടുന്നു. നായകന്റെ അമാനുഷിക പരിവേഷം ഇവിടെ വേറൊരു തരത്തിലാണ് നിര്‍വചിക്കപ്പെട്ടിരിക്കുന്നത്.

കോടതികള്‍ക്ക് വ്യക്തമായ അധികാര പരിധി ഭരണഘടനാപരമായിത്തന്നെ നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. കേരള ഹൈക്കോടതിയില്‍ കേരളത്തിലെ കേസുകള്‍ വാദിക്കുന്നവരാണ് സാദാ വക്കീലന്മാര്‍. എന്നാല്‍ സൂപ്പര്‍താര നായകസങ്കല്‍പനമനുസരിച്ച് അന്യസംസ്ഥാനത്തിലെ കേസുകള്‍ പോലും സ്വന്തം നാട്ടിലെ കോടതിയില്‍ വാദിക്കാന്‍ കെല്‍പ്പുളളവനാകണം നായകന്‍. ഈ സവിശേഷ സിദ്ധിയുളള കഥാപാത്രമായതു കൊണ്ടാവും അഡ്വ രമേഷ് നന്പ്യാരുടെ വേഷം കെട്ടിയാടാന്‍ മമ്മൂട്ടി സമ്മതം മൂളിയത്. അല്ലാതെ വേറെ മികവൊന്നും ഈ കഥാപാത്രത്തിനില്ല. (അമേരിക്കയിലെ പെന്‍സില്‍വാനിയയിലോ കൊളറാഡോയിലോ രജിസ്റ്റര്‍ ചെയ്യുന്ന കേസിലെ പ്രതിക്ക് തമിഴ്‍നാട് ഹൈക്കോടതിയില്‍ നിന്നും ജാമ്യമെടുക്കുന്ന സൂപ്പര്‍ വക്കീലിന്റെ വേഷത്തില്‍ രജനീകാന്ത് അഭിനയിക്കുന്നതോടെ ഇത്തരത്തിലുളള സൂപ്പര്‍താര വക്കീല്‍ സങ്കല്‍പം പൂര്‍ണതയിലെത്തുമെന്ന് പ്രതീക്ഷിക്കാം).

ദേവരാജ പ്രതാപ വര്‍മ്മയെന്ന മലഞ്ചരക്ക് വ്യാപാരിയുടെ വേഷത്തിലാണ് മോഹന്‍ലാല്‍. കര്‍ണാടക പോലീസിന്റെ കൈയില്‍ നിന്നും അഡ്വേക്കേറ്റ് രമേഷ് നന്പ്യാര്‍ രക്ഷിച്ചെടുക്കുന്ന അരുണ്‍ കുമാറിന്റെ കൊലയാളിയുടെ വേഷത്തിലാണ് മോഹന്‍ലാലിന്റെ ദേവനെ നാം ആദ്യം കാണുന്നത്. അതിദാരുണമായി കൊല്ലപ്പെട്ട കാര്‍ത്തിക് എന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിയുടെ ജ്യേഷ്ഠനാണ് ഇയാളെന്ന് അരുണിന്റെ വീട്ടുകാരോ, കേസന്വേഷിക്കുന്ന ആന്റണി പുന്നക്കാടന്‍ ഐപിഎസോ പ്രോസിക്യൂഷന്‍ വക്കീലോ ഒന്നും അറിയുന്നില്ല. (എന്തു കോടതി, എന്ത് പോലീസ്... ഉദയനും സിബിയും എഴുതുന്നതിനു പുറകേ യുക്തിയുമായി നടക്കുന്നവനെ വളളിച്ചൂരലിന് പെടയ്ക്കണം...)

ഈ കേസില്‍ ദേവനെ ജയില്‍വിമുക്തനാക്കേണ്ട ചുമതലയും അഡ്വക്കേറ്റ് രമേഷ് നന്പ്യാര്‍ക്കാണ്.. സൂപ്പര്‍താര വക്കീലിനു മുന്നില്‍ നടപടിക്രമങ്ങളും ചട്ടങ്ങളും കാറ്റില്‍ പറക്കും. ഒന്നാം സാക്ഷി മദ്യലഹരിയിലായിരുന്നുവെന്നാണ് കോടതി മുന്പാകെ നന്പ്യാരങ്ങുന്ന് വാദിക്കുന്നത്.. തെളിവില്‍ അധിഷ്ഠിതമാണ് ഇന്ത്യയിലെ കോടതി സംവിധാനം. സാദാ വക്കീലന്മാര്‍ക്ക് അവിടെ വാദങ്ങള്‍ അവതരിപ്പിച്ചാല്‍ മാത്രം പോര, അവ സ്ഥാപിക്കാന്‍ സുശക്തമായ തെളിവും ഹാജരാക്കണം.

മദ്യലഹരിയിലാണ് ആന്റണി പുന്നക്കാടന്‍ ദേവനെ കസ്റ്റഡിയിലെടുത്തതെന്ന് ഒരു സാദാ വക്കീലാണ് വാദിക്കുന്നതെന്ന് കരുതുക. സംഭവം നടക്കുന്ന സമയത്ത് പുന്നക്കാടന്‍ മദ്യപിച്ചിരുന്നുവെന്ന് തെളിയിക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് ജഡ്ജിക്കു മുന്നില്‍ ഹാജരാക്കിയേ മതിയാകൂ.. വാദിക്കുന്നത് സാക്ഷാല്‍ മമ്മൂട്ടിയുടെ രമേഷ് നന്പ്യാരാണെങ്കില്‍ കളി മാറും. വിടുവായന്‍ പൊലീസ് ഡ്രൈവറുടെ വാചകമടിയുടെ സാക്ഷ്യം മതി, ആന്റണി പുന്നക്കാടനെന്ന ഐപിഎസ് ദൃക്‍സാക്ഷിയുടെ മൊഴി കളളമെന്ന് ജഡ്ജിക്ക് ബോധ്യം വരാനും പ്രതിയെ നിരുപാധികം വിട്ടയയ്ക്കാനും.

രാജ്യവ്യാപക ശ്രദ്ധയാകര്‍ഷിച്ച ഒരു കാന്പസ് കൊലപാതകത്തില്‍ സഹോദരനെ നഷ്ടപ്പെട്ടവനാണ്, ആ കൊലക്കേസ് പ്രതിയുടെ കൊലപാതകിയുടെ രൂപത്തില്‍ കോടതിയില്‍ നില്‍ക്കുന്നതെന്ന കാര്യം പ്രോസിക്യൂഷന്‍ വക്കീലിന് അറിയാത്തതിനു കാരണവും ഒന്നേയുളളൂ. മറുഭാഗത്ത് മമ്മൂട്ടിയുടെ വക്കീലാണ്. നിര്‍ണായക വിവരങ്ങള്‍ അദ്ദേഹത്തിന് യഥാസമയം ഓര്‍മ്മ വരുമെന്ന് മാത്രമല്ല, എതിര്‍വക്കീലിന് കൃത്യസമയത്ത് മറവിയുണ്ടാക്കാനും പോന്നവനാണ് സൂപ്പര്‍താര വക്കീല്‍. ടിയാന്‍ ഏറ്റെടുക്കുന്ന കേസുകളെല്ലാം വിജയിക്കണമെങ്കില്‍, എതിര്‍ഭാഗം വക്കീലിന് അല്‍ഷിമേഴ്സ് പോലുളള അസുഖങ്ങള്‍ ഉണ്ടായേ തീരൂ..

ട്വെന്റി20യിലെ ജാതിക്കളി

സൂപ്പര്‍താര കഥാപാത്രങ്ങളെ പൊലിപ്പിച്ച് നിര്‍ത്താന്‍ പ്രേക്ഷക ബുദ്ധിയെ നിര്‍ലജ്ജം വ്യഭിചരിക്കുന്പോഴും ജാതീയമായ അധമ ചിന്തകള്‍ പ്രസരിപ്പിക്കാന്‍ ചിത്രത്തിന്റെ ശില്‍പികള്‍ മറക്കുന്നില്ല. മുകേഷ് അവതരിപ്പിക്കുന്ന സര്‍ക്കിള്‍ ഇന്‍‍സ്പെക്ടര്‍ ജയചന്ദ്രന്‍ നായര്‍, സലിം കുമാര്‍ അവതരിപ്പിക്കുന്ന ഐപിഎസ് ഓഫീസര്‍ എന്നീ കഥാപാത്രങ്ങളിലൂടെയാണ് ഈ ചിത്രത്തിനു പിന്നിലുളളവരുടെ നീചമനസ് വെളിപ്പെടുന്നത്.

മുകേഷിന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്പോള്‍ മേശപ്പുറത്തിരിക്കുന്ന ജയചന്ദ്രന്‍ നായര്‍ എന്ന നെയിംബോര്‍ഡാണ് കാമറ ആദ്യം കാണിച്ചു തരുന്നത്. എന്തിനാണ് ഈ നായര്‍ വാലെന്ന് ആലോചിക്കുന്നവര്‍ക്ക് ഉത്തരം പിന്നാലെ കിട്ടുന്നുണ്ട്.

വേഷപ്രച്ഛന്നനായി പ്രതികളെ പിടിക്കാനിറങ്ങുന്ന ഒരു മന്ദബുദ്ധി ഐപിഎസുകാരനാണ് സലിംകുമാറിന്റെ കഥാപാത്രം. വേഷം മാറി പ്രതികളെ പിടിക്കാനിറങ്ങുന്ന മേലുദ്യോഗസ്ഥനെ കീഴുദ്യോഗസ്ഥര്‍ ആളറിഞ്ഞും അല്ലാതെയും തല്ലുന്നതിലൂടെ ഹാസ്യം ജനിപ്പിക്കുന്ന എത്രയോ ദൃശ്യങ്ങള്‍ മലയാളത്തില്‍ എത്രയോ തവണ നാം കണ്ടിട്ടുണ്ട്. ആ തല്ലുകൊളളലില്‍ ജാതി കലര്‍ത്തുന്ന പാപം ആദ്യമായി ചെയ്തതിന്റെ ബഹുമതിയാണ് സിബിയും ഉദയനും ജോഷിയും പങ്കിട്ടെടുക്കുന്നത്.

സിഐ ജയചന്ദ്രനെക്കൊണ്ട് തന്നെ സല്യൂട്ടടിച്ചതിനു ശേഷം സലിം കുമാറിന്റെ കഥാപാത്രം നടത്തുന്ന ആത്മഗതം രസകരമാണ്. ഒരു നായരെക്കൊണ്ട് സല്യൂട്ട് ചെയ്യിച്ചല്ലോ എന്ന സംതൃപ്തിയില്‍ പാവം ഐപിഎസുകാരന്‍ നടന്നു നീങ്ങുന്നു. ഐപിഎസുകാരന് ഒരു നായര്‍ കീഴുദ്യോഗസ്ഥനില്‍ നിന്ന് സല്യൂട്ട് ചോദിച്ചു വാങ്ങേണ്ട ഗതികേട് സംസ്ഥാനത്തെ പൊലീസ് സേനയില്‍ നിലനില്‍ക്കുന്ന കാര്യം ഈ ചിത്രം കണ്ടെങ്കിലും ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ തിരിച്ചറിയുമെന്നും വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും പ്രത്യാശിക്കാം.

കീഴ്‍ ജാതിക്കാരനെ സല്യൂട്ട് ചെയ്യുകയെന്ന പാതകത്തിന് പിന്നീട് സിഐ ജയചന്ദ്രന്‍ പ്രതിക്രിയ ചെയ്യുന്നുണ്ട്. ദേവരാജ വര്‍മ്മയുടെ വീട്ടില്‍ പാചകക്കാരന്റെ വേഷത്തില്‍ നില്‍ക്കുന്ന ഐപിഎസ് നരസിംഹത്തിന്റെ കരണക്കുറ്റിക്ക് അടിച്ചാണ് ചെയ്തുപോയ സല്യൂട്ട് പാപത്തിന് ജയചന്ദ്രന്‍ പ്രായച്ഛിത്തം ചെയ്യുന്നത്. ജയചന്ദ്രന്‍ നായരുടെ സല്യൂട്ടും തുടര്‍ന്നുളള നരസിംഹത്തിന്റെ ആത്മഗതവും പിന്നീടുളള കരണത്തടിയും കച്ചവട സിനിമയിലെ സ്ഥിരം കോമാളിഹാസ്യത്തിന്റെ സമവാക്യങ്ങള്‍ക്കപ്പുറത്ത് ചില അര്‍ത്ഥങ്ങള്‍ പ്രേക്ഷകരുമായി സംവദിക്കുന്നുണ്ട്. ഈ രംഗങ്ങള്‍ ആരുടെ ഉളളിലാണ് ചിരിയുണര്‍ത്തുന്നതെന്ന് ബുദ്ധിയുളള പ്രേക്ഷകന്‍ എളുപ്പം തിരിച്ചറിയും. ത്രസിച്ചു നില്‍ക്കുന്ന അസംബന്ധതയ്ക്കിടയില്‍ ഇങ്ങനെ രണ്ട് രംഗങ്ങള്‍ കൃത്യമായി ഉള്‍പ്പെടുത്തപ്പെട്ടത് തികച്ചും യാദൃശ്ചികല്ല തന്നെ.

ജാതി, പാരന്പര്യ സൂചനകള്‍ വേറെയുമുണ്ട് ചിത്രത്തില്‍. ജസ്റ്റിസ് വിശ്വനാഥ മേനോന്റെ വീട്ടുജോലിക്ക് ബ്രാഹ്മണര്‍ തന്നെ വേണമെന്നാണ് കാര്യസ്ഥന്റെ ആഗ്രഹം. സ്ഥലത്തെ ചായക്കടക്കാരനോട് ഇക്കാര്യം വ്യക്തമായിത്തന്നെ ഇയാള്‍ പറയുന്നുമുണ്ട്. ഈ ആവശ്യം കേട്ട് പൂട്ടു വര്‍ക്കി, ഓടു മുരളി തുടങ്ങിയ കളളന്മാരാണ് പൂണൂലണിഞ്ഞ് ബ്രാഹ്മണ വേഷത്തില്‍ വീട്ടു വേലയ്ക്കെത്തുന്നത്. മോഷ്ടാക്കള്‍ ബ്രാഹ്മണരല്ലെന്ന് ചിത്രത്തിന്റെ ശില്‍പികള്‍ കാണികളോട് ഉറപ്പിച്ച് പറയുന്നു. ഏത് കളളനും പൂണൂലിട്ടാല്‍ ബ്രാഹ്മണരാകാം, എന്നാല്‍ ബ്രാഹ്മണര്‍ക്ക് ഒരിക്കലും കളളന്മാരാകാന്‍ കഴിയില്ലെന്ന് സിനിമ നല്‍കുന്ന ഗുണപാഠം.

ജസ്റ്റിസ് വിശ്വനാഥ മേനോന്റെ മകള്‍ ഗൂഢമായി രമേഷ് നന്പ്യാരെ പ്രണയിക്കുന്നുണ്ട്. ജസ്റ്റിസോ രമേഷ് നന്പ്യാരോ അത് വേണ്ട സമയത്ത് അറിയുന്നില്ല. എന്നാല്‍ മകളുടെ ഭര്‍ത്താവ് ഇക്കാര്യം പറഞ്ഞ് തരം കിട്ടുന്പോഴൊക്കെ അവളെ കുത്തി നോവിക്കാറുണ്ട്. ആണത്തം കാണിക്കാനാണ് താന്‍ ഇങ്ങനെയൊക്കെ ചെയ്യുന്നതെന്ന് ഭര്‍ത്താവ് രമേഷ് നന്പ്യാരോട് വീരവാദം മുഴക്കുന്നതിന് അദ്ദേഹം പറയുന്ന മറുപടിയുടെ രത്നച്ചുരുക്കം ചില്ലിട്ട് സൂക്ഷിക്കണം.

നല്ലത് ചെയ്യുകയും പറയുകയും ചെയ്യണമെങ്കില്‍ നല്ല തന്തയ്ക്ക് പിറക്കണമെന്നാണ് രമേഷ് നന്പ്യാര്‍ ഉദ്ബോധിപ്പിക്കുന്നത്. തന്തയും തന്തയുടെ തന്തയും അയാളുടെ തന്തയുമൊക്കെ നല്ല തന്തയ്ക്ക് ജനിക്കണമത്രേ..

ഈ പറയുന്ന രമേഷ് നന്പ്യാരുടെ തന്ത, തന്തയുടെ തന്ത, അയാളുടെ തന്ത എന്നിവരുടെ വിവരങ്ങള്‍ സിനിമയില്‍ ലഭ്യമല്ല. എന്നാല്‍ അയാളുടെ കണ്‍കണ്ട ദൈവം ജസ്റ്റിസ് വിശ്വനാഥ മേനോന്റെ മകന്‍ മഹേന്ദ്രനാണ് സിനിമയുടെ അവസാനം കൊല്ലപ്പെടുന്ന വില്ലന്മാരില്‍ ഒരാള്‍. അയാളുടെ മകന്‍ അരുണ്‍ കുമാറും വില്ലനാണ്. കൊല്ലപ്പെടാനാണ് വിധിയും.

രമേഷ് നന്പ്യാരുടെ തിയറിയനുസരിച്ചാണെങ്കില്‍ കാര്യങ്ങള്‍ ഇവിടെ കീഴ്മേല്‍ മറിയും.. ഒന്നുകില്‍ അതിരറ്റ ഗുരുഭക്തിയോടെ രമേഷ് നന്പ്യാര്‍ പൂജിക്കുന്ന ജസ്റ്റിസ് വിശ്വനാഥ മേനോന്‍ നല്ലവനല്ല. അല്ലെങ്കില്‍, ജസ്റ്റിസ് വിശ്വനാഥ മേനോന്റെ മകനല്ല, മാധവന്‍. വിശ്വനാഥ മേനോന്റെ ഭാര്യയ്ക്ക് ഒളിസേവയുണ്ടായിരുന്നെന്ന വ്യംഗ്യമായ സൂചനയാണോ ഈ ഡയലോഗിലൂടെ തിരക്കഥാകൃത്തുക്കള്‍ നല്‍കുന്നതെന്നും ന്യായമായും സംശയിക്കാം. ഏതായാലും ഈ തന്ത ഡയലോഗ് ഫാന്‍സ് അസോസിയേഷന്‍ മന്ദബുദ്ധികള്‍ക്ക് പെരുത്തിഷ്ടപ്പെട്ടിട്ടുണ്ട്. മനോജ് കെ ജയനോട് മമ്മൂട്ടി ഇത് പറയുന്പോള്‍, എന്താ തീയേറ്റിലെ കയ്യടി..!!! ഓര്‍ക്കുന്പോള്‍ തന്നെ കുളിരു കേറുന്നു..

പ്രേക്ഷകന്റെ സാമാന്യബുദ്ധിയെ ഒരു സങ്കോചവുമില്ലാതെ വെല്ലുവിളിക്കുന്ന തിരക്കഥയാണ് ട്വെന്റി ട്വെന്റിയുടേത്. സുപ്രധാനമായ കഥാസന്ദര്‍ഭങ്ങള്‍ക്കൊന്നും യുക്തിയുടെയോ സുബോധത്തിന്റെയോ പിന്‍ബലമില്ല. ഈ തിരക്കഥ തയ്യാറാക്കാന്‍ സിബിയും ഉദയനും ഒന്നര വര്‍ഷം ചെലവാക്കിയെന്നാണ് ദിലീപ് സാക്ഷ്യപ്പെടുത്തുന്നത്. കലൂര്‍ ഡെന്നീസിനെയോ അന്‍സാര്‍ കലാഭവനെയോ സമീപിച്ചിരുന്നെങ്കില്‍ കുറെക്കൂടി നല്ലൊരു തിരക്കഥ ഇതിലും കുറഞ്ഞ സമയത്തിനുളളില്‍ കിട്ടിയേനെ..

മലയാളത്തിലെ ഏതാണ്ടെല്ലാ താരങ്ങളെയും നിരത്തി നിര്‍ത്തിയുളള ഈ അസംബന്ധ നാടകത്തില്‍ കയ്യടി വാങ്ങുന്നത് പക്ഷേ, മോഹന്‍ലാലും സുരേഷ് ഗോപിയുമാണ്. സഹോദരന്റെ കൊലയാളികളെ കൊന്നു കൊലവിളിക്കാന്‍ രണ്ടും കല്‍പ്പിച്ചിറങ്ങുന്ന പ്രതികാരദാഹിയായി ലാല്‍ തകര്‍ത്താടി. ആന്റണി പുന്നക്കാടന്‍ എന്ന ഐപിഎസ് ഓഫീസറായി സുരേഷ് ഗോപിയും കസറി. പോസ്റ്ററുകളില്‍ മോഹന്‍ലാലിന് പ്രാധാന്യം കുറഞ്ഞെന്നു പറഞ്ഞ് വിലപിച്ച മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍കാരാണ് അക്ഷരാര്‍ത്ഥത്തില്‍ ബ്ലീച്ചായത്. തീയേറ്ററില്‍ മുഴങ്ങുന്ന കയ്യടിയേറെയും മോഹന്‍ലാലിന്റെ ദേവന്‍ സ്വന്തമാക്കിയപ്പോള്‍ പുറത്തുണ്ടാക്കിയ പുക്കാറുകളോര്‍ത്ത് നാണമുണ്ടെങ്കില്‍ അവര്‍ ലജ്ജിച്ചിരിക്കും. (നാണമുളളവര്‍ ഫാന്‍സ് അസോസിയേഷനുണ്ടാക്കാന്‍ നടക്കുമോ എന്നാണ് ചോദ്യമെങ്കില്‍, നമ്മളീ നാട്ടുകാരനല്ല)

കുറേ ഓഞ്ഞ ഡയലോഗുകളുടെ പൊയ്ക്കാലുകളിലാണ് മമ്മൂട്ടിയുടെ രമേഷ് നന്പ്യാര്‍ നില്‍ക്കുന്നത്. അഭിനയ ജീവിതത്തില്‍ മമ്മൂട്ടി കെട്ടിയാടിയ ഒട്ടും കാന്പില്ലാത്ത, യാതൊരു വ്യക്തിത്വവുമില്ലാത്ത കഥാപാത്രം. ബാംഗ്ലൂരിലെ മെഡിക്കല്‍ കോളജില്‍ പഠിക്കുന്ന സ്വന്തം സഹോദരി കൊലക്കേസില്‍ സാക്ഷിയാകുന്നത് സര്‍വ പ്രതാപിയായ ഈ കഥാപാത്രം അറിയുന്നില്ല. അവള്‍ ബലാത്സംഗത്തിന് ഇരയാകുന്നതോ, അവളുടെ കാമുകന്‍ പൈശാചികമായി കൊല്ലപ്പെടുന്നതോ ഇയാള്‍ അറിയുന്നില്ല. എന്തിനിങ്ങനെയൊരു നപുംസക വേഷത്തിന് മമ്മൂട്ടി സമ്മതം മൂളിയെന്ന് അദ്ദേഹത്തിന്റെ ആരാധകര്‍ തന്നെ ആലോചിക്കട്ടെ.

വില്ലന്മാരെ കൊന്നൊടുക്കാനുളള ചുമതല മൂന്ന് സൂപ്പറുകള്‍ക്കായി സംവിധായകന്‍ വീതിച്ചു നല്‍കിയിട്ടുണ്ട്. രണ്ടു വില്ലന്മാരെ കൊല്ലുന്ന മോഹന്‍ലാലിനാണ് ഒന്നാം സ്ഥാനം. തൊട്ടു പുറകില്‍ ഓരോരുത്തരെ വീതം കൊല്ലുന്ന മമ്മൂട്ടിയും സുരേഷ് ഗോപിയും. എല്ലാ വില്ലന്മാരെയും മോഹന്‍ലാല്‍ തന്നെ കൊന്നാല്‍, ബാക്കിയുളളവരെന്തോന്ന് സൂപ്പര്‍താരങ്ങള്‍..?

അവതരണ ഗാനത്തിനു പുറമേ, രണ്ടു പാട്ടുകളുണ്ട് ഈ ചിത്രത്തില്‍. ഒരു പാട്ടില്‍ നയന്‍താരയുടെ തുടകള്‍ ഗംഭീരമായ അഭിനയം കാഴ്ചവെയ്ക്കുന്പോള്‍ മറ്റേപ്പാട്ടില്‍ ഭാവനയുടെ തുടകളാണ് ഭാഗ്യം പരീക്ഷിക്കുന്നത്. ഇനിയുളള ചിത്രങ്ങളില്‍ ഭാവനയുടെ വസ്ത്രത്തിന്റെ അതിര് ഇനിയും ഉയരുമെന്ന് പ്രതീക്ഷിക്കാം. വെണ്‍തുടകളുടെ മത്സരാഭിനയത്തിനിടയില്‍ ആരെങ്കിലും പാട്ടിന്റെ വരികള്‍ ഓര്‍മ്മിച്ചാല്‍ അതൊരു വലിയ ചലച്ചിത്രാത്ഭുതമായിരിക്കും.

ജോഷി ചിത്രങ്ങളിലെ ഗാന ചിത്രീകരണത്തിനായി ദിലീപും സംഘവും രാജ്യം വിടുന്പോഴൊക്കെ ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരിക്ക് "മീവല്‍ പക്ഷി"കളെ ഓര്‍മ്മ വരുന്നത് ഒരു മനോരോഗമാണോ എന്നാണ് ചലച്ചിത്ര ഗാനാസ്വാദകരുടെ സംശയം.

നായകന് തട്ടുപൊളിപ്പന്‍ ഡയലോഗുകള്‍ വീശാന്‍ പാകത്തിന് അസംബന്ധ രംഗങ്ങളൊരുക്കുക എന്നതാണ് സൂപ്പര്‍താര ചിത്രങ്ങളുടെ തിരക്കഥാരഹസ്യം. അമ്മയുടെ ബാനറില്‍ എല്ലാ സൂപ്പര്‍താരങ്ങളും അണി നിരക്കുന്ന ട്വെന്റി20 അതുകൊണ്ടു തന്നെ അസംബന്ധ സിനിമയായില്ലെങ്കിലേ അത്ഭുതമുളളൂ..

57 comments:

മാരീചന്‍ said...

നായകന് തട്ടുപൊളിപ്പന്‍ ഡയലോഗുകള്‍ വീശാന്‍ പാകത്തിന് അസംബന്ധ രംഗങ്ങളൊരുക്കുക എന്നതാണ് സൂപ്പര്‍താര ചിത്രങ്ങളുടെ തിരക്കഥാരഹസ്യം. അമ്മയുടെ ബാനറില്‍ എല്ലാ സൂപ്പര്‍താരങ്ങളും അണി നിരക്കുന്ന ട്വെന്റി20 അതുകൊണ്ടു തന്നെ അസംബന്ധ സിനിമയായില്ലെങ്കിലേ അത്ഭുതമുളളൂ..

യാരിദ്‌|~|Yarid said...

വിശദമായിട്ടു കമന്റ് പിന്നെയിടാം....ഇതു ട്രാക്കിംഗിന്

സൂരജ് said...

ചിരിച്ചു ചിരിച്ച് വഴിയാധാരമായി. ജാതിക്കളികള്‍ കൃത്യമായി ചൂണ്ടിക്കാട്ടിയതിനു ഒരു സ്പെഷ്യല്‍ താങ്ക്സ്.

ഈ സാധനത്തിനെയാണല്ലോ ഭൂലോക ക്ലാസിക്കായിട്ടൊക്കെ ഇവിടെ എഴുന്നള്ളിച്ച് നടത്തിയതെന്ന് ഓര്‍ക്കുമ്പോ... ഓക്കാനം...
ജനപ്രിയം എന്നു വച്ചാല്‍ മന്ദബുദ്ധിപ്രിയം എന്നാണല്ലോ പുതിയ സിനിമാ ഡെഫനിഷന്‍.

Joker said...

എല്ലാ വില്ലന്മാരെയും മോഹന്‍ലാല്‍ തന്നെ കൊന്നാല്‍, ബാക്കിയുളളവരെന്തോന്ന് സൂപ്പര്‍താരങ്ങള്‍..?.....ഹ ഹ ഹ

ഓരോ പൊതുപരിപാടികളിലും ആരാധകരെ കുത്തുകയും തള്ളി പുറത്തിടുകയും ചെയ്യുന്ന സൂപ്പര്‍ താരങ്ങളുടെ ‘ഫാന്‍സ്’ അസോസിയേഷനുകളെ കുറിച്ച് ആലോചിക്കുമ്പോഴാണ് ചിരി പൊട്ടുക. ഇവന്മാര്‍ക്കൊക്കെ ചെല്ലും ചിലവും കൊടുക്കുന്നത് ഈ താര രാജാക്കന്മാര്‍ തന്നെയോ അതോ ?

പ്രയാസി said...

“വെണ്‍തുടകളുടെ മത്സരാഭിനയത്തിനിടയില്‍ ആരെങ്കിലും പാട്ടിന്റെ വരികള്‍ ഓര്‍മ്മിച്ചാല്‍ അതൊരു വലിയ ചലച്ചിത്രാത്ഭുതമായിരിക്കും.“

ഇത് “ക്ഷ“ പിടിച്ചു..:)

രണ്ട് താരങ്ങളെ വെച്ച് പടമെടുത്ത് ഫാസില്‍ പെട്ട പാട് അങ്ങേര്‍ക്കെ അറിയൂ..! പിന്നെയാ പത്തമ്പതണ്ണം..!

സാമാന്യ ബുദ്ധിയൊക്കെ മലയാളിക്ക് നഷ്ടമായിട്ട് കാലം കൊറേയായെന്റെ മാരീചാ..

കോറോത്ത് said...

tracking nu..

Radheyan said...

എന്റെ സുഹൃത്ത് സത്താര്‍ പീസ് പടം മാത്രമേ കാണൂ.ഒരിക്കല്‍ കണ്ടിട്ട് പിറ്റേന്ന് അതേ പീസ് പടത്തിനു പോകുന്നത് കണ്ട് കാര്യം തിരക്കിയപ്പോള്‍ മറുപടി: ഇന്നലെ കഥ ശ്രദ്ധിക്കാന്‍ പറ്റിയില്ല.അതു കൊണ്ട് ഒന്നു കൂടി പോവുന്നു.

തുടക്കിടയിലെ (തെറ്റിദ്ധരിക്കരുത്)പാട്ട് ഈ കഥ ഓര്‍മ്മിപ്പിച്ചു.ഏതായാലും ഇതു പോലൊരു നിരൂപണം ഈ അടുത്തെങ്ങും വായിച്ചിട്ടില്ല.

Haree | ഹരീ said...

ബുദ്ധിജീ‍ീ‍ീ‍ീവീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ...
കുളിരു കോരണ്ട, ഇത് നാട്ടിലിപ്പോ ഉഗ്രന്‍ തെറിയാ... :-D

പിന്നെ മമ്മൂട്ടിയുടെ കഥാപാത്രം നപുംസകമെന്നോ! അനിയത്തിയെ ഒരുത്തന്‍ മോര്‍ഫിന്‍ കുത്തിവെച്ച്, ഹോസ്പിറ്റലില്‍ സീരിയസായി കിടക്കുന്നു; അപ്പോള്‍ 140 കി.മി. വേഗതയില്‍ കാര്‍ ഓടിപ്പിച്ച് വന്ന്, അതു പിടിച്ച പോലീസിനെ ആസാക്കി, അതിലൊന്നു സന്തോഷിച്ച്, രണ്ട് ഡയലോഗും പറഞ്ഞ് കോടതിയില്‍ പോയി പ്രതിയെ രക്ഷിച്ചെടുത്തു... എങ്ങനുണ്ട്? ഇതാണ് പ്രഫഷണലിസം, പ്രഫഷണലിസം എന്നു പറയുന്നത്... ഈ കഥാപാത്രത്തെയാണോ നപുംസകമെന്ന് വിളിക്കുന്നേ?
--

ഞാന്‍ said...

ഇങ്ങളൊരു ബുദ്ധിജീവി ആണല്ലേ..... ;)

ആല്‍‌ക്കഹോളിക് അനോണിമസ്സ് said...

ഹഹഹ..രസകരമായി എഴുതിയിരിക്കുന്നു മാരീചന്‍.

മലയാള സിനിമയിലെ ജാതിയെക്കുറിച്ച് ഞാന്‍ ഒബ്‌സേര്‍‌വ്വ് ചെയ്തത് :

മലയാള സിനിമയിലെ തറവാടിത്വം "വര്‍മ്മ" എന്ന പേരിലാണിരിക്കുന്നത്. (എന്നാല്‍ ബൂലോഗത്തെ "വര്‍മ്മ" കളോ! ബൂലോഗത്ത് നിന്നുള്ള ഏറ്റവും വലിയ സംഭാവന "വര്‍മ്മ" എന്ന ജാതിപ്പേരിനെ ട്രിവിയലൈസ് ചെയ്തു എന്നതാണെന്ന് ഞാന്‍ പറയും. സിനിമക്കാര്‍ ഇപ്പോഴും പൊക്കിപ്പിടിച്ചു കൊണ്ട് നടക്കുന്നുണ്ടെങ്കിലും. ആ ഒരൊറ്റക്കാരണം കൊണ്ട് സകല ബ്ലോഗുകളിലും അനോണിമസ്സ് ഓപ്ഷന്‍ തുറക്കണമെന്നാണ് എന്റെ അഭിപ്രായം...പരിപ്പ് പിള്ള എന്നൊക്കെ പറഞ്ഞ് ആ ട്രെന്റ് പടരുന്ന ലക്ഷണവും കണ്ടിരുന്നു! :-))

നായകന്‍ മിനിമം അഹിന്ദു അല്ലെങ്കില്‍, "നായര്‍" ആയിരിക്കണം. മേനോന്‍, നമ്പ്യാര്‍ ഒക്കെ പോതും. നല്ല "തറവാടി" നായന്മാരെണെന്ന് ഡയലോഗില്‍ എവിടെയെങ്കിലും ബോധിപ്പിക്കും. സങ്കടമതല്ല, സത്യന്‍ അന്തിക്കാടിന്റെ സിനിമകളില്‍ പോലും അതാണ് ഗതി. വളരെ അരോചകമായി തോന്നിയിട്ടുണ്ട് ഇത്. കഥ പറയാന്‍ യാതൊരു ആവശ്യവുമില്ലാത്ത ഈ കാസ്റ്റ് അപ്പാര്‍തീഡ് ഇന്‍ മൂവീസ്. സം‌യുക്താവര്‍മ്മയുടെ ആദ്യപടത്തില്‍ നായരല്ലാത്ത നായികയായിരുന്നു. അത് പ്രത്യേകം ശ്രദ്ധിച്ചു..പിന്നെയൊന്നും കണ്ടില്ല.

കൃസ്ത്യാനിയാണെങ്കില്‍ കത്തോലിക്ക ആവണം..ങാ അത് നിര്‍‍ബന്ധമാ!

ഏതാണ്ടൊരു ക്ലീഷേ പോലെയായിരിക്കുന്ന ഈ ചടങ്ങുകളില്‍ കൂടെ വേറെ സറ്റില്‍ സന്ദേശങ്ങളൊന്നും നല്‍‌കാന്‍ തിരകഥാകൃത്തുക്കള്‍ക്ക് മൂളയൊന്നും കാണുമെന്ന് തോന്നുന്നില്ല. വെറുപ്പ് പടര്‍ത്താനും വേണമല്ലോ ഒരു മിനിമം ഐ ക്യു?

ഏത് കാലത്താണാവോ ഇവരൊക്കെ ജീവിക്കുന്നത്! വലിയ മാറ്റങ്ങള്‍ വളരെ ഈസിയായി ജനങ്ങളില്‍ ഉണ്ടാക്കാവുന്ന മാധ്യമങ്ങള്‍ തന്നെ നീച സന്ദേശങ്ങള്‍ പടര്‍ത്തിയാലോ!

അനില്‍@ബ്ലോഗ് said...

സിനിമ കണ്ടില്ല, അതിനാല്‍ അതിനെക്കുറിച്ചു പറയുന്നില്ല.
ഇങ്ങനെയൊക്കയേ ആവാന്‍ വഴിയുള്ളൂ എന്ന് നേരത്തെ തോന്നിയിരുന്നു, നമുക്ക് നമ്മളെപറ്റി ധാരണയുണ്ടാവുമല്ലോ.

സി. കെ. ബാബു said...

“ട്വെന്റി 20”-യിലും effective ആയിരുന്നില്ലേ “ടിക് ട്വെന്റി”? പീഡനത്തിന്റെ ദൈര്‍ഘ്യം കുറഞ്ഞേനേല്ലോ എന്നതുകൊണ്ടാണേ! ഒത്തിരി സഹിച്ച കേരളസമൂഹത്തിനു് ഒരു ദയാവധം എന്ന രീതിയിലെങ്കിലും? അതോ sadism ഇങ്ങനെയുമാവാം എന്നതായിരുന്നോ ഈ സില്‍മയുടെ ഗുണപാഠം?

റോബി said...

തകർത്തു..:)

vadavosky said...

നിരൂപണം ഗംഭീരമായി:)

നന്ദകുമാര്‍ said...

മാരീചന്‍ ഒരു സല്യൂട്ട് ആദ്യം.

തകര്‍ത്തു, ട്വന്റി 20 യിലെ സൂപ്പര്‍ താരങ്ങളേപ്പോലും കവച്ചുവെക്കുന്ന മിന്നുന്ന പ്രകടനം, ഉശിരന്‍ ഡയലോഗ്ഗ്.
അപ്പോള്‍ ജനപ്രിയം എന്നു വെച്ചാല്‍ കൂതറ എന്നു കൂടി അര്‍ത്ഥം ഉണ്ടല്ലേ?! :)
ഈയ്യിടെ ട്വന്റി 20യെ മലയാള സിനിമയിലെ ഏറ്റവും മികച്ച ക്ലാസ്സിക്ക് ആക്കാന്‍ പോകുന്നു എന്ന് ഏതോ ഒരു ബ്ലോഗ്ഗില്‍ വായിച്ചു. ശ്ശോ, ആ പുലിജന്മം എടുത്ത പ്രിയനന്ദനനൊക്കെ ജോഷിയുടെ ട്വന്റി 20 കണ്ടു പഠിക്കട്ടെ, പത്മരാജന്‍ ജീവിച്ചിരുപ്പുണ്ടെങ്കില്‍ ഉദയ്-സിബി ദ്വയത്തിന്റെ അടുത്ത് ആറു മാസത്തെ കോച്ചിങ്ങിനു പോകാമായിരുന്നു, തിരക്കഥാരചന എങ്ങിനെ നടത്തണമെന്നറിയാന്‍ !!

ഈ ബ്രഹ്മാണ്ഡ കൂതറയെ ജനപ്രിയം എന്നു വിളിക്കാന്‍ തൊലിക്കട്ടി തെല്ലോന്നും പോരാ..

(മലയാള സിനിമയിലെ ജാതിയുടെ ഉദാഹരണങ്ങള്‍ ഒരുപാടുണ്ട്. ജാതികോയ്മ കൃത്യമായി ഇഴ ചേര്‍ത്ത (ബോധപൂര്‍വ്വം) തൊലിവെളുപ്പന്‍ പ്രത്യയ ശാസ്ത്രം. അതേകുറിച്ച് പിന്നെ.)

santhosh|സന്തോഷ് said...

മലയാളത്തിലെ ആദ്യ നപുംസക സിനിമയെക്കുറിച്ച് വിശദമായ റിവ്യൂ നടത്തിയതിന് നന്ദി.

ഇതിലപ്പുറമൊന്നും ഞാനും പ്രതീക്ഷിച്ചിരുന്നില്ല.
പല്ലുകൊഴിഞ്ഞ ജോഷിയും, ഹോളിവുഡ് കോമഡിപടത്തിന്റെ മുക്കലാശാന്മാരുമായ സിബി-ഉദയ്കൃഷ്ണയും ആണെന്നറിഞ്ഞപ്പോള്‍ ഏതാണ്ടെല്ലം ഊഹിക്കാം. പിന്നെ മലയാളത്തിലെ സെല്ഫ് മാര്‍ക്കറ്റിങ്ങ് നന്നായറിയാവുന്ന ദിലീപും ഉണ്ടല്ലോ. സംഗതി ചിന്ത്യം.

പക്ഷെ ഒന്നു മാരീചനറിയണം ബാലാരിഷ്ടത കൈവിടാത്ത ജനപ്രിയ സിനിമകള്‍ അടൂരിനും പ്രിയനന്ദനുമൊക്കെ ഒരുപാട് മേലേയാണ്. ദിലീപും കുഞ്ചാക്കോ ബോബനുമ്മൊക്കെ തിലകനും നെടുമുടിക്കും എത്രയോ മേലേയാണ്. പത്മരാജനേക്കാളും ബ്ലെസ്സിയേക്കാളും ചില്ലാനക്കണക്കിന് അടി മുകളിലാണ് ഞങ്ങളുടെ ഉദയ്-സിബി. പിന്നെ ഞങ്ങളുടെ ജനപ്രിയ സിനിമയുടെ പ്രൊമോഷന്‍സ് ചെയ്തു തരുന്ന മാദ്ധ്യമങ്ങള്‍ (മുത്തശ്ശനും മുത്തശ്ശി പത്രം വരെ) നിങ്ങളുടെയൊക്കെ നിരൂപണത്തിനു അപ്പുറത്താണ്.
സുധാകര്‍ മംഗളോദയത്തിനേക്കാളും നന്നായി നോവലെഴുതാന്‍ ഒ.വി. വിജയനു കഴിയുമോ ഹേ? ജോഷിയേക്കാള്‍ നന്നായി പടമെടുക്കാന്‍ അടൂരിന്നു കഴിയുമെന്നു നിങ്ങള്‍ വിചാരിക്കുന്നുണ്ടെങ്കില്‍ മൂഢാ എന്നു വിളിക്കണം. എന്തിന് നയന്‍ താരയെപോലെ തുടകൊണ്ട് അഭിനയിക്കാന്‍ ഇന്ത്യയില്‍ വേറെ ആരുണ്ട്? നന്ദിതാ ദാസിന്റേയും ശബാനാ ആസ്മിയുടേയും അഭിനയം നയന്‍സിന്റെ തുടയുടെ ഏഴയല്‍ പക്കത്തു വരില്ല.
മലയാള സിനിമയിലെ എക്കാലത്തേയും വലിയ ക്ലാസ്സിക്കാവാന്‍ പോകുന്ന ഒരു സിനിമയെകുറീച്ചാണ് നിങ്ങള്‍ ഈ വേണ്ടാതീനം പറഞ്ഞതെന്ന് ഓര്‍ക്കണം.
മാത്രമല്ല 20-20 ന്റെ മേക്കിങ്ങ്, തിരക്കഥ രചന, മാര്‍ക്കറ്റിങ്ങ് ഒക്കെ ഭാവിയിലെ സിനിമാ വിദ്യാര്‍ത്തികള്‍ക്ക് പഠിക്കാനുതകുന്ന പാഠങ്ങളാണ്. മാനേജ്മെന്റ് സ്റ്റഡീസ് ചെയ്യാന്‍ പാകത്തിനുള്ള റഫറന്‍സാണ്.
അതുകൊണ്ട് മാരീചാ വിട്ടുപിടി. യുക്തിയും, ഭദ്രവുമല്ലാത്ത, നായരും വാര്യരുമുള്ള, മോഷണവും പാരയുമുള്ള മലയാള ‘ജനപ്രിയ’ സിനിമയെ വിട്ടു പിടി. ആരും കാണാത്ത, കൈയ്യടിക്കാന്‍ ഒരു നടിയുടെ തുട പോലുമില്ലാത്ത അടൂരിന്റേയോ പ്രിയനന്ദന്റേയോ ചിത്രത്തെ നിരൂപിക്കൂ...
:) :) :)

യാരിദ്‌|~|Yarid said...

മലയാളം അഥവാ മലയാളി കൊട്ടിഘോഷിച്ച അപൂര്‍വ ജനുസില്‍ പെട്ട ഒരു ചിത്രമാണ് 20-20 എന്ന് ആര്‍ക്കും ഒരു സംശയത്തിനിടകൊടുക്കാതെ ദിലീപ് തെളിയിച്ചിരിക്കുകയല്ലെ. ചിത്രം കാണുന്നവനെ എങ്ങനെയൊക്കെ, ഏതൊക്കെ രീതിയില്‍ ‍ മന്ദബുദ്ധിയാണെന്ന് ഉറപ്പിച്ചു കൊടുക്കുകയാണ് ഈ ഫിലിം എടുക്കുക വഴി ദിലീപ് ചെയ്തിരിക്കുന്നത്. കുറ്റമൊന്നും പറയാന്‍ പാടില്ല മാരീചരെ ഇതിനെക്കുറിച്ച്. കാരണം നമ്മള്‍ മല്ലൂസ് (!) ഇതൊക്കെ അര്‍ഹീക്കുന്നു. നിലവാരം ഒട്ടുമേയില്ലാത്ത തറവളിപ്പുകളും, സൂപ്പര്‍താരങ്ങളെക്കൊണ്ട് കോമാളി വേഷങ്ങള്‍ കെട്ടിച്ചും ഇതൊരു കൂതറ മലയാളം സിനിമ തന്നെയാണെന്ന് സംവിധായകനും, തിരക്കഥാകൃത്തുക്കളും നിര്‍മ്മതാക്കളും സര്‍വോപരി മലയാള താര്‍ങ്ങളുടെ എല്ലാമെല്ലാമായ “അമ്മ” യും തെളിയിച്ചിരിക്കുന്നു. നിലവാരത്തിന്റെ ഗ്രാഫുകള്‍ ഈ രീതിയിലാണു മുന്നോട്ട് പോകുന്നതെങ്കില്‍ പ്രേക്ഷകനു അവന്‍ മുടക്കുന്ന പണവും അതിനേക്കാളുമുപരി വിലപ്പെട്ട സമയവും ഇനിയും നഷ്ടപ്പെട്ടൂകൊണ്ടീരിക്കും. നമ്മളതു അര്‍ഹിക്കുന്നു..!

പക്ഷെ ഇങ്ങനെയെഴുതിയതു കൊണ്ട് മാത്രം അരവിന്ദന്റെയും അടൂരിന്റെയും ചിത്രങ്ങളാണ് സിനിമ എന്നൊരു മന്ദബുദ്ധി വിചാരം എനിക്കില്ല. സാദാ പ്രേക്ഷകനു അടിയൊഴുക്കുകളൊന്നും മനസ്സിലാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇതു തന്നെ മലയാളിയുടെ ബെസ്റ്റ് സിനിമ.

40+40=80 രൂപയും സെക്കന്റ്റ് ഷോ കാണാന്‍ പോയി പാതിരാത്രി ഒന്നര വരെ സമയം മെനക്കെടുത്തിയും, കൂടെ വന്നവന്റെ തെറിയും ഫ്രീയായി കിട്ടിയ ഒരു പാവം പ്രേക്ഷകന്‍..!

Siju | സിജു said...

സാമാന്യ ബുദ്ധിയില്ലെന്നു പറയരുത്. ഇതു മലയാളത്തില്‍ അടുത്ത കാലത്ത് ഇറങ്ങിയതില്‍ വെച്ച് ഏറ്റവും കൂടുതല്‍ കാശ് വാരിയ/വാരി കൊണ്ടിരിക്കുന്ന ചിത്രമാണ്. കാശെറക്കിയ ദീലീപിനറിയാം അതെങ്ങനെയൊക്കെ തിരിച്ചെടുക്കണമെന്ന്. സിനിമ തീയറ്ററില്‍ പോയി കാണുന്ന ഒരു വിധപെട്ട മലയാളികളൊക്കെ (മാരീചനടക്കം) സിനിമ കണ്ടില്ലേ.. സിനിമക്ക് കിട്ടുന്ന അഭിപ്രായത്തിനല്ല വില.. കാണുന്നതിനു മുമ്പ് കൊടുക്കുന്ന കാശിനാണ്..

ഇതു മറ്റോടത്തെ പടമാണെന്നു കേട്ടിട്ട് ഒരു ദിവസത്തെ ലീവില്‍ നാട്ടില്‍ പോയപ്പോള്‍ എറണാകുളത്ത് ടിക്കറ്റ് കിട്ടാതെ പറവൂര്‍ പോയി ഇടി കൊണ്ട് സിനിമ കണ്ട ഒരു കപട ബുദ്ധിജീവി

തോമാച്ചന്‍™||thomachan™ said...

അത് കലക്കി മാരിച്ചരെ, അങ്ങനെ വെറുതെ ഒരു cinema അല്ലെ , ചില comments ഒക്കെ അലക്കീട്ടാ. പിന്നെ ഒരു നല്ല കാര്യത്തിന് ഉണ്ടാകിയത് അല്ലെ . അത് കൊണ്ടു നമുകങ്ങു ക്ഷമിക്കാം അല്ലെ

krish | കൃഷ് said...

കേട്ടിടത്തോളം ഈ ‘മന്ദബുദ്ധി’ സിനിമയെക്കുറിച്ചുള്ള നിരൂപണം അടിപൊളിയായിട്ടുണ്ട്.
പിന്നെ പ്രേക്ഷകന്റെ സാമാന്യബുദ്ധിയും യുക്തിയും. അതിനാര് വില കല്‍പ്പിക്കുന്നു. സിനിമയെടുത്തവര്‍ക്ക് അതിന്റെ മുതല്‍മുടക്കും ലാഭവുമാണ് ലക്ഷ്യം. ആ കഥയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ യുക്തിക്ക് നിരക്കാത്തതാണെങ്കിലും മോഹന്‍ ലാല്‍, മമ്മൂട്ടി, ദിലീപ് തുടങ്ങി താരരാജാക്കന്മാരുടെ ഫാന്‍സ് അസ്സോസിയേഷന്‍ പിള്ളേര്‍ വിശ്വസിച്ചോളും. സൂപ്പര്‍ സ്റ്റാറുകള്‍ക്കെതിരെ കൂടുതല്‍ പറഞ്ഞാല്‍ വേണമെങ്കില്‍ ക്വൊട്ടേഷങ്കാരെ വരെ ഇറക്കിക്കളയും. അതാണ് ഇന്നത്തെ അന്ധമായ സൂപ്പര്‍ താരാരാധന.

കൈയ്യിരിക്കുന്ന കാശ് കൊടുത്ത് ഇതൊക്കെ കണ്ട് ‘അനുഭവിക്കുക’!

::: VM ::: said...

മലയാളത്തിലെ എക്കാലത്തേയും ഈ ക്ലാസ്സിക് ഞാന്‍ ഒരു ദിവസം കാണും. .. 2 കൊല്ലം കഴിഞ്ഞ് ഓണത്തിനു ഏഷ്യാനെറ്റും/സൂര്യാറ്റിവിയുമൊക്കെ മത്സരിച്ച് ഇത് ഓണം സ്പെഷല്‍ ആയി ഇടുമ്പോള്‍..

ഒരു ലോഡ് പ്രധീഷ്കകള്ളുമായി,..

മലമൂട്ടില്‍ മത്തായി said...

സിനിമയില്‍ മൊത്തം അസംഭന്ധം ആണെന്ന് ആദ്യത്തെ ഭാഗത്തില്‍ വാദിക്കുന്ന മാരീചന്‍, രണ്ടാം ഭാഗത്തില്‍ സിനിമയിലെ ജാതീയത ചര്ച്ച ചെയ്തു. അതില്‍ അപാകത ഒന്നും ഇല്ലായിരിക്കാം, പക്ഷെ ഒരു യുക്തിയും ഇല്ലാത്ത സിനിമയിലെ ജാതി മാത്രം എങ്ങിനെ യുക്തിക്കു നിരക്കുനതായിരിക്കും?

Anonymous said...

അരേ വ്വാ വ്വ്വാ വ്വ്വാ...! എന്നാ ഒരു ലോജിക്കാ മത്തായിയേ. മലമൂട്ടിലല്ല, പുലിമേട്ടില്‍ മത്തായി തന്നെ!

വികടശിരോമണി said...

കലക്കൻ നിരൂപണം.ആദ്യന്തം നോൺസെൻസ് ആയ ചിത്രം.
ആശംസകൾ.

Visala Manaskan said...

മാരീചന്‍!!! :)

ഒരു പടമെങ്കിലും തീയറ്ററീല്‍ പോയി, ഇന്റര്‍വെല്ലിന് സോഡയൊക്കെ കുടിച്ച് മര്യാദക്ക് കാണണം ന്ന് വിചാരിച്ചതായിരുന്നു. സമ്മതിക്കില്ല. ഇതും അസാന്മാര്‍ഗ്ഗിക മാര്‍ഗ്ഗങ്ങളിലൂടെ തന്നെ കാണേണ്ടി വരും.

പടം കാണുമ്പോള്‍ മാരീചന്റെ ഡയലോഗുകള്‍ ഓര്‍ത്ത് ചിരിക്കേം ചെയ്യും.

kaalidaasan said...

ഈ അഭിപ്രായങ്ങളൊക്കെ വായിച്ചാല്‍ തോന്നും മമ്മൂട്ടിയും , സുരേഷ് ഗോപിയും , മോഹന്‍ ലാലും ദിലീപു മൊക്കെ സ്ഥിരമായി അഭിനയിക്കുന്ന സിനിമകളെല്ലാം മഹത്തരമാണെന്ന്.

20 റ്റ്വന്റി പോലുള്ള ഒരു ചവറില്‍ നിന്ന് പലതും പ്രതീക്ഷിക്കുന്നവരല്ലേ മണ്ടന്മാര്‍ .

തഥാഗതന്‍ said...

ഏത് “അമ്മ”ആയാലും വേണ്ടത് ദുട്ട് തന്നെ.(ചുമ്മാതാണൊ രഹസ്യവിലക്കുണ്ടായിരുന്ന നയന താരയെ അടക്കം അഭിനയിപ്പിച്ചത്)

പിന്നെ എന്തോ വലിയ സംഭവം ഇതിൽ കാണും എന്നും കരുതി മാ‍രീചനെ പോലെ ഒരാൾ ഈ സിനിമ കാണാൻ പോയീ എന്ന് കരുതാൻ മാത്രം ഞാൻ വിഡ്ഡിയല്ലാത്തതു കൊണ്ട് എനിക്ക് ഒരു ഇഛാഭംഗവുമില്ല

::സിയ↔Ziya said...

ഇരുപതേ ഇരുപതില്‍ അടിക്കുന്ന ഓരോ ആണിയും ദിലീപിന്റെയല്ല, ബെര്‍ളി തോമസിന്റെ നെഞ്ചത്താണ് കൊള്ളുക.

verloren said...

ഹ! എന്തായീ പറയുന്നത്? കാശ് വാരാന്‍ മാത്രമിറക്കുന്ന പടങ്ങളില്‍ യുക്തിയോ?!! തറ‌കോമഡി, പക്കാ ആക്‍ഷന്‍ എന്നീ പേരില്‍
ഇറങ്ങുന്ന പണം വാരിപ്പടങ്ങളിലൊക്കെ ഈ യുക്തി എത്രത്തോളമുണ്ട് മാരീചന്‍സ്? ഇതൊക്കെ കാണാന്‍ തള്ളും ഇടിയും കൊണ്ട്
പോകുമ്പോ ഒരു പോളിത്തീന്‍ കൂടെ കരുതുക. പടം തുടങ്ങും മുന്‍പെ തലയങ്ങാട്ട് മാറ്റി അതില്‍ ഇട്ട് വയ്ക്കുക; പടം കണ്ട്
ആര്‍മ്മാദിക്കുക. പൈസ ആന്‍ഡ് സമയം വസൂല്‍! അല്ലാതെന്താ?
എന്തായാലും മാരീചന്‍സും മൂവി റിവ്യൂ എഴുതാന്‍ തുടങ്ങിയോ എന്ന അമ്പരപ്പില്‍ വന്നു നോക്കിയത് ഒട്ടും വെറുതെയായില്ല; ആദ്യന്തം രസകരമായി
നിരൂപിച്ചു താങ്കള്‍! കൊടു കൈ!

anish said...
This comment has been removed by the author.
anish said...

Actually I was planned to watch this movie in cinemas but now am going buy a pirated CD...... hahahahah
Thanks for the info.......

Inji Pennu said...

സാ‍മാന്യ ബുദ്ധി vs തൊണ്ണൂറുകളിലെ/2000 മലയാളം സിനിമ എന്ന് എഴുതിയാലും ഇതൊക്കെ തന്നയല്ലേ എഴുതുകയുള്ളൂ?

നമ്മുടെ പ്രശ്നം നമ്മൾക്ക് എല്ലാ സിനിമയും ഒരു അച്ചിലൂടെ വാർക്കപ്പെടുകയും ഒരു അവളുകോലിൽ തൂക്കപ്പെടുകയും ചെയ്യണമെന്നുള്ള ശാ‍ഠ്യമാവണം.

20/20 അത്രയും പേരുടെ ഫാൻസിനു വേണ്ടിയൊരുക്കുന്ന ഒരു പക്കാ എന്റർടെയിനർ ആവും. അതിൽ ലോജിക്ക് തപ്പു‍മോ? ബെസ്റ്റ്!
അതിൽ ലോജിക്ക് തപ്പുന്നവനു എന്തോ കുഴപ്പമുണ്ടെന്നേ ഞാൻ പറയൂ.

രണ്ടാമത്തെ പ്രശ്നമായ ജാതി/മത സ്പിരിറ്റ് എല്ലാ സിനിമയിലും ഒരു പരിധിവരെ ഉണ്ട്. ജേംസ് ബോണ്ട് പടത്തിൽ സ്ത്രീകളെ ഉപയോഗിക്കുന്നതുപോലെ.

ഒരാളെ അടിക്കുമ്പോൾ എന്തിനാണ് ചിരിക്കുന്നതെന്ന് എനിക്കിതുവരെയും മനസ്സിലായിട്ടില്ല. സ്ലാപ്പ് സ്റ്റിക്ക് കോമഡി കണ്ട് ആർത്തു ചിരിക്കുന്നവർക്ക് വേണ്ടിയാണതും ഉണ്ടാക്കുന്നത് എന്നു തോന്നുന്നു.

എന്റെ പ്രശ്നം അതൊന്നുമല്ല. എല്ലാത്തരം സിനിമകളും ഉണ്ടായിക്കോട്ടേ. പക്ഷെ ഒരപേക്ഷ...ഒരു നല്ല സിനിമ, ഒരെണ്ണം, പ്ലീസ്, വർഷത്തിൽ ഒരിക്കല്ലെങ്കിലും..
..പ്ലീസ്...

മാരീചന്‍‍ said...

ഇഞ്ചിയേയ്,
നമ്മുടെ പ്രശ്നം നമ്മൾക്ക് എല്ലാ സിനിമയും ഒരു അച്ചിലൂടെ വാർക്കപ്പെടുകയും ഒരു അവളുകോലിൽ തൂക്കപ്പെടുകയും ചെയ്യണമെന്നുള്ള ശാ‍ഠ്യമാവണം.

എന്തൂട്ട്ണീ അവളുകോല്‍.........? അവള്‍ക്കും കോലോ... അതില്‍ നിന്നാണോ "കോലക്കുഴല്‍വിളി കേട്ടോ രാധേ എന്‍ രാധേ"യെന്ന പാട്ടുണ്ടായത്?

ചിത്രകാരന്‍chithrakaran said...

മാരിചരെ,
കലക്കി.
ചവറു സിനിമകളിലാണ് സമൂഹത്തിന്റെ രോഗാണുക്കള്‍ ശരിയായ പ്രാതിനിധ്യത്തോടെ കുടികൊള്ളുക എന്നതിനാല്‍ ഈ സിനിമയെ
വിശകലനം ചെയ്തത് ഉചിതമായി.
ദിലീപ് മിമിക്രിക്കാരനായതിനാല്‍ ജനങ്ങളുടെ ദൌര്‍ബല്യം നന്നായറിയുന്നവനുമാനാണ്. ഈ അറിവാണ് ജനങ്ങളുടെ പണം കൊള്ളചെയ്യാനുള്ള കലാ സൃഷ്ടികള്‍ രചിക്കാന്‍ സാമൂഹ്യ പ്രതിബദ്ധതയില്ലാത്ത മസാല നിര്‍മ്മതാക്കളെ സഹായിക്കുന്നത്.
ജാതി വിവേചനം നമ്മുടെ പൊതുരംഗത്ത് ഒരു ആചാരമായി കൊണ്ടാടപ്പെടുന്നതുകൊണ്ട് ആരും കാര്യമായി നൊംബരപ്പെടാറില്ല. അത്രക്കൊന്നും മാനുഷികമായി നാം വളര്‍ന്നിട്ടില്ല എന്നതുകൊണ്ടാണ്‍് ആര്‍ക്കും അതില്‍ അസ്വാഭാവികത തോന്നാത്തത്. ആ പ്രവണതയെ എതിര്‍ക്കുന്നതാണ് അസ്വാഭാവികവും,ജാതി ചിന്തയുമെന്ന ധാരണയാണ്‍് സമൂഹത്തില്‍നിലനില്‍ക്കുന്നത്.

!!!!ഗോപിക്കുട്ടന്‍!!!! said...

ഇനി എനിക്കു പടം കാണേണ്ട..ഒരു ത്രില്ലര്‍ കണ്ടിറങ്ങിയ സുഖം..ഗ്രേറ്റ് വര്‍ക്ക്!!!

ശ്രീവല്ലഭന്‍. said...

:-)

kaalidaasan said...

വളരെ വിചിത്രമയ ഒരു സിനിമാ നിരൂപണമാണ്‌ മാരീചന്‍ നടത്തിയത്. സിനിമ കലയാണോ, പാഠപുസ്തകമാണോ എന്നുപോലും അറിയാത്ത ഒരു നിരൂപണം . അതു കൊണ്ടാണ്‌ ഇന്‍ഡ്യന്‍ ഭരണഘടനയില്‍ പറയുന്ന നിയമങ്ങള്‍ക്കനുസരിച്ചു വേണം സിനിമകളിലെ കാര്യങ്ങള്‍ എന്നു പറഞ്ഞത്.

20 റ്റ്വന്റി പോലുള്ള ഒരു സിനിമ കണാന്‍ പോകുന്നവര്‍ ഉല്ലസിക്കാനും അഹ്ളാദിക്കാനുമണ്‌ പോകുന്നത്. അല്ലാതെ അതിനുള്ളിലെ നിയമ വശങ്ങളും യുക്തിയും ചികഞ്ഞു നോക്കാനല്ല. അതിനു പോയാല്‍ ഒരു സിനിമയും ആരും കാണില്ല.

നായരെക്കൊണ്ട് മാത്രമല്ല സകല ഉയര്‍ന്ന ജാതിയേക്കൊണ്ടും സല്യൂട്ട് ചെയ്യിച്ചു സംതൃപ്തി അടയുന്ന ഒരു ജന്‍മത്തിനെ ബ്ളോഗര്‍മാര്‍ക്ക് പരിചയമുണ്ടായിരിക്കും . ചിത്രകാരന്‍ എന്ന ആ ജന്‍മത്തേക്കാളും മോശമല്ലല്ലോ സാങ്കല്‍പ്പിക ലോകത്ത് സല്യൂട്ട് അടിപ്പിക്കുന്ന സിനിമാക്കാര്‍ .


നയരായ കീഴുദ്യോഗസ്ഥന്‍ പറയനായ മേലുദ്യോഗസ്ഥനെ സല്യൂട്ടടിക്കുന്നത് കണ്ട് ബുദ്ധിയുറക്കാത്ത ആരെങ്കിലും ചിരിച്ചേക്കാം . പോലീസ് സേന എങ്ങനെയാണ്‌ പ്രവര്‍ത്തിക്കുന്നതെന്നറിയാവുന്നവര്‍ അതു കേട്ടു ചിരിക്കാന്‍ വഴിയില്ല. കള്ളന്‍മാര്‍ പൂണുലിട്ട് ബ്രാഹമണ വേഷം കെട്ടുന്നത്, ഏതു കള്ളനും പൂണൂലിട്ടാല്‍ ബ്രാഹമണരാകാം എന്ന സന്ദേശം മനസിലാക്കണമെങ്കില്‍ നല്ല ബുദ്ധിഭ്രമം തന്നെ വേണം . അതില്‍ നിന്നും ബ്രാഹ്മണര്‍ക്ക് കള്ളന്‍ മാരാകാന്‍ പറ്റില്ല എന്ന ഗുണപാഠം മനസിലാക്കണമെങ്കില്‍ അസല്‍ ബുദ്ധിഭ്രമവും വേണ്ടി വരും .

എന്തു കോടതി, എന്ത് പോലീസ്... ഉദയനും സിബിയും എഴുതുന്നതിനു പുറകേ യുക്തിയുമായി നടക്കുന്നവനെ വളളിച്ചൂരലിന് പെടയ്ക്കണം.

ഇത് 100% ശരി. ഇനി അരെയാണ്‌ വള്ളിച്ചൂരലിനു പെടക്കേണ്ടതെന്നു വായനക്കാര്‍ തീരുമാനിക്കുക.

Inji Pennu said...

ഒന്നും പറയണ്ട മാരീചാ..അല്പം dyslexia ഉണ്ട്.. അക്ഷരങ്ങളൊക്കെ തിരിഞ്ഞേ വായിക്കൂ തിരിഞ്ഞേ എഴുതൂ...ഇപ്പോഴും friend ലെ
i/e തിരിഞ്ഞു പോവും..രണ്ട് പ്രാവശ്യം നോക്കീല്ലെങ്കിൽ..

Anonian said...

@കാളിദാസന്‍
"20 റ്റ്വന്റി പോലുള്ള ഒരു ചവറില്‍ നിന്ന് പലതും പ്രതീക്ഷിക്കുന്നവരല്ലേ മണ്ടന്മാര്‍"

ഇല്ലാത്ത "വിലപ്പെട്ട'സമയം കളഞ്ഞു ഇവിടെ വന്നു ഈ അഭിപ്രായം പറയുന്ന താന്കളും മറ്റൊരു മണ്ടനാണോ.വേറെ പണിയൊന്നുമില്ലേ.

kaalidaasan said...

20/20 അത്രയും പേരുടെ ഫാൻസിനു വേണ്ടിയൊരുക്കുന്ന ഒരു പക്കാ എന്റർടെയിനർ ആവും. അതിൽ ലോജിക്ക് തപ്പു‍മോ? ബെസ്റ്റ്!
അതിൽ ലോജിക്ക് തപ്പുന്നവനു എന്തോ കുഴപ്പമുണ്ടെന്നേ ഞാൻ പറയൂ.


ഇഞ്ഞിപ്പെണ്ണു പറഞ്ഞതാണിതിന്റെ യാധാര്‍ഥ്യം . കുറച്ചു കാലമായി മലയാള സിനിമയില്‍ സാമ്പത്തിക വിജയം നേടുന്ന പടങ്ങള്‍ എല്ലാം കലാപരമായി വളരെ താഴേക്കിടയിലാണ്. ഏതു ചവറായായാലും ഫാന്‍സ് എല്ലാ സിനിമകളും കാണും . അതിനാണവരെ കാശുകൊടുത്തു സംരക്ഷിക്കുന്നത്. ആദ്യത്തെ രണ്ടു മൂന്നു ദിവസം കളക്ഷനും നേടും . ആ മനശാസ്ത്രം ഇതില്‍ ഉപയോഗപ്പെടുത്തി എന്നു മാത്രം . ആകെ തകര്‍ന്നു കിടന്ന സിനിമാവ്യവസായത്തെ ഒന്നു താങ്ങി നിര്‍ത്താന്‍ വേണ്ടി അമ്മ ഈ ചവറും മലയാളത്തിനു സമ്മാനിച്ചു. എല്ലാ സ്റ്റാറുകളുടെയും ഫാന്‍സ് ഇതിനു നഷ്ടം വരാതെ നോക്കിക്കൊള്ളും . ഇതിലും തരം താണതാണെങ്കിലും എല്ലാ കോമാളികളുമൊന്നിച്ചണിനിരന്നാല്‍ ഇതു പോലെ വിജയിക്കും . ഫാനുകളല്ലാത്തവര്‍ കാണുകയോ കാണാതിരിക്കുകയോ ചെയ്യാം . കണ്ടിട്ടു കുറച്ചു വിലാപങ്ങള്‍ പുറത്തു വിടുകയും ചെയ്യാം .

Anonymous said...

“20 റ്റ്വന്റി പോലുള്ള ഒരു ചവറില്‍ നിന്ന് പലതും പ്രതീക്ഷിക്കുന്നവരല്ലേ മണ്ടന്മാര്‍ .“ എന്നെഴുതിയ കാളിയണ്ണന്‍ പിന്നെ എന്തര് പുല്ലിന് ഈ പോസ്റ്റിലു യുക്തിയന്നേഷിക്കണത്?

ചൊരുക്ക് തീരണില്ലേ ? എന്തരുവ്വേ കറങ്ങിക്കറങ്ങി നിക്കണത് ? എല്ലാ ദിവസവും വന്ന് ഇവിടെ കമന്റിട്ടോളാംന്ന് നേര്‍ച്ച വല്ലോം ഒണ്ടാഡേയ് ?

കിരണ്‍ തോമസ് തോമ്പില്‍ said...

അണ്ണന്‍ കാളി നാളേ ചിത്രഗുപ്തനായി അവതരിച്ച്‌ ഇതെല്ലാം മാറ്റിപ്പറയും. അപ്പോള്‍ അറിയാം ആര്‍ക്കാണ്‌ യുക്തി യുക്തിഹീനത. അതൊക്കെ ഒരു കാളി സ്റ്റെയിലല്ലേ വിടളിയാ

ജിവി/JiVi said...

പീപ്പിള്‍ ടി വിയില്‍ പാട്ടുവിസ്താരക്കാരന്‍ ഇരുന്നു ചോദിക്കുമായിരുന്നു

“ജും ത തക്കിട ജില്ലേലെ- ഇതിലെവിടെയാണ് കവിത?”

അതുപോലെയായിപ്പോയി. മാരീചന്റെ സമയം ഇമ്മാതിരി പരിപ്പാടിക്ക് വെയ്സ്റ്റാക്കല്ലേ..

പിള്ളാച്ചന്‍ said...

പൊളപ്പന്‍ നിരൂവണങ്ങള്‌ തന്നണ്ണാ.... സൂപ്പര്‍സ്റ്റാറുകളെ പൊളന്നു കളഞ്ഞു....

സജി കറ്റുവട്ടിപ്പണ said...

തിയേറ്ററില്‍ പോകാറില്ല. സി.ഡി ഇറങ്ങുമ്പോള്‍ കാണണമെന്നുണ്ടായിരുന്നു. കഥയും ഗുണപാഠവും മനസ്സിലായ സ്ഥിതിയ്ക്ക് ഇനിയിപ്പോ അതും വേണ്ട!

kaalidaasan said...

ഇല്ലാത്ത "വിലപ്പെട്ട'സമയം കളഞ്ഞു ഇവിടെ വന്നു ഈ അഭിപ്രായം പറയുന്ന താന്കളും മറ്റൊരു മണ്ടനാണോ.വേറെ പണിയൊന്നുമില്ലേ.എന്റെ സമയം വെലപ്പെട്ടതാണെന്നു ഞാന്‍ എങ്ങും പറഞ്ഞിട്ടില്ലല്ലോ, അനോണിയനെ.

പിന്നെ 20 റ്റ്വന്റിയെ ഞാന്‍ നിരൂപിച്ചും ഇല്ല. ഇവിടെ കണ്ട ചില നിരൂഫണങ്ങളെയെ ഞാന്‍ നിരൂപിച്ചുള്ളു. 20 റ്റ്വന്റി നിരൂപിക്കേണ്ട ഗതികേട് എനിക്കില്ല.

അനോണിയന്‍ എത്ര തവണ കണ്ടു 20 റ്റ്വന്റി?

kaalidaasan said...

“20 റ്റ്വന്റി പോലുള്ള ഒരു ചവറില്‍ നിന്ന് പലതും പ്രതീക്ഷിക്കുന്നവരല്ലേ മണ്ടന്മാര്‍ .“ എന്നെഴുതിയ കാളിയണ്ണന്‍ പിന്നെ എന്തര് പുല്ലിന് ഈ പോസ്റ്റിലു യുക്തിയന്നേഷിക്കണത്?

ഈ ബ്ളോഗും 20 റ്റ്വന്റി പോലത്തെ ഒരു സിനിമയാണെന്നു തിരിച്ചറിഞ്ഞതില്‍ സന്തോഷം .

ചൊരുക്ക് തീരണില്ലേ ? എന്തരുവ്വേ കറങ്ങിക്കറങ്ങി നിക്കണത് ? എല്ലാ ദിവസവും വന്ന് ഇവിടെ കമന്റിട്ടോളാംന്ന് നേര്‍ച്ച വല്ലോം ഒണ്ടാഡേയ് ?

ചൊരുക്കൊ? എന്തിന്റെ ചൊരുക്ക്? ആരോട്?


ഉണ്ടല്ലൊ. നേര്‍ ച്ച ഉണ്ടല്ലോ.
വീട്ടിപ്പോഡയുടെ നേര്‍ ച്ച തന്നെ.

kaalidaasan said...

അണ്ണന്‍ കാളി നാളേ ചിത്രഗുപ്തനായി അവതരിച്ച്‌ ഇതെല്ലാം മാറ്റിപ്പറയും. അപ്പോള്‍ അറിയാം ആര്‍ക്കാണ്‌ യുക്തി യുക്തിഹീനത. അതൊക്കെ ഒരു കാളി സ്റ്റെയിലല്ലേ വിടളിയാ


കിരണിനല്ലെ ആളു. ചോദ്യം ചോദിക്കുമ്പോള്‍ ചൂളിപ്പോവികയും വ്ബ്ലോഗ് അടച്ചു പൂട്ടുകയും ചെയുമ്പോള്‍ പലതും തോന്നാം .

ചിത്രഗുപതന്‍ എഴുതേണ്ടതൊക്കെ എഴുതുക അദ്ദേഹത്തിന്റെ ഇഷ്ടം .

ഒരേ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവര്‍ ഒരേ കമ്പ്യൂട്ടര്‍ ഉപയോഗിച്ചപ്പോള്‍ വന്ന ഒരു പിശക് എന്തോ വലിയ കണ്ടുപിടുത്തം നടത്തിയ മട്ടില്‍ അവതരിപ്പിക്കുന്നവര്‍ക്ക് അഘോഷിക്കം . അതിനു വേണമെങ്കില്‍ എത്ര ഭാഷ്യങ്ങളും ചമക്കാം .കാളിദാസനു എഴുതാന്‍ വേറൊരു അവതാരവും ആവശ്യമില്ല. കാളിദാസന്റെ അഭിപ്രായങ്ങളെ പിന്താങ്ങി പലരും എഴുതിയിട്ടുണ്ട്. ചിത്രഗുപതനും അതവര്‍ത്തിച്ചു എന്നു മാത്രം .


കാളിദാസനുള്ള മറുപടി എന്നു പറഞ്ഞ് കാളിദാസനെ പറയാന്‍ അനുവദിക്കാത്തത് കിരണിന്റെ മാന്യതയായി ഞാന്‍ കണക്കാക്കിക്കൊള്ളാം .

കിരണ്‍ തോമസ് തോമ്പില്‍ said...

കാളി അണ്ണ എല്ലാം കിട്ടി ബോധിച്ചു.

Kerala NRI said...

നീണ്ട , നീണ്ട കമന്ടുകള്‍കും , വിമര്സനങ്ങളുകും ഒരു പഞ്ഞവുമില്ല . നിങ്ങളോകെ ഷക്കീല പടത്തിന് പോയാലും നായകന്‍ ഏതു ജാതിയെന്നും , ബലാത്സംഗം ചെയ്യപെട്ട നായിക ഏത് ജാതിയെന്നും വിശകലം ചെയ്യാറുണ്ടോ ?

ഓരോ പടത്തിനും there is a targeted set of audience. അത് ഓര്‍കാതെ എല്ലാ പടവും അടൂരിന്റെ പോലെ ആകണം പദ്മ രാജന്റെ പോലെ ആകണം എന്ന് പറയുന്നത് പൊട്ടതരമാണ് . വെറുതെ ഇരുന്നു കുറ്റം പറയാന്‍ മലയാളികളെ കഴിഞിട്ടെ ഉള്ളു വേറെ ! (sorry abt my Malayalam typing!)

ഇ.എ.സജിം തട്ടത്തുമല said...

അത്തരം യുക്തിയില്ലായ്മകളില്‍ നിന്നാണല്ലോ ഈ സുപ്പര്‍ താരങ്ങള്‍ ഒക്കെ ഉണ്ടായത് . ഈ സിനിമകള്‍ എഴുതുന്ന എഴുത്തുകാരോ സംവിധായകരോ അഭിനെതാക്കാളോ നിര്മാതാക്കാളോ ആരും യുക്തിഹീനരല്ല . അവര്‍ അവരുടെ യുക്തിബോധത്തെ സാമാന്യജനങ്ങളുടെ സൌകര്യാര്‍തഥം ഉപേക്ഷിച്ചവരാണ്. ('ത്യാഗം!')

സാമാന്യജനത്തില്‍ ശരിയ്ക്കും യുക്തിബോധം ഇല്ലാത്തവരും , യുക്തിബോധത്തെ പണയം വയ്ക്കുന്നവരും പെടും. ശരിയ്ക്കും പ്രേക്ഷകര്‍ തിയെട്ടറിലിരുന്നു കയ്യടിയ്ക്കുംപോള്‍ സിനിമയുമായി ബന്ധപ്പെട്ടവര്‍ ഊറിചിരിയ്ക്കുന്നുണ്ടാവും . ജനത്തിന്റെ പണം വാങ്ങി അവനെ വിഢിയാക്കിയതോര്ത്തു. അതുകൊണ്ട് അവര്‍ സാമന്യബുധിയില്ലാത്തവരല്ല. ബുദ്ധി കൂടിയവരാണ്‌.

പിന്നെ ഫാന്‍സ്‌ അസോസിയേഷനുകള്‍ ഉണ്ടാക്കുന്നത്‌ ഏതുവിഭാഗം ആളുകളാണെന്ന് എല്ലാവര്ക്കും അറിയാവുന്നതാണ്. അവര്ക്കും യുക്തിബോധമില്ലെന്നു പറയരുത് . അവരും ' സാമാന്യത്തിലധികം ' ബുധിയുള്ളവരാന്. അവരെ വളര്‍ത്തുന്ന താരങ്ങള്‍ അതിലും വലിയ ബുദ്ധിജീവികള്‍ !

മദ്യവില്പനക്കാരെ കുറ്റം പറയരുത്. കുടിയന്മ്മാര്‍ ഉള്ളിടത്തോളം മദ്യഷോപ്പുകളും കാണും. അതുപോലെ തന്നെ സിനിമാക്കാര്യവും. തമിഴമക്കളെ വെല്ലുന്ന രീതിയിലാണ് നമ്മുടെ തിയേറ്ററുകള്‍ പുരോഗമിയ്ക്കുന്നത്. സിനിമാ വ്യവസായികള്‍ നീണാള്‍ വാഴട്ടെ!

മാരീചന്‍ ഈ പടം കണ്ടെന്നു മനസ്സിലായി. സത്യത്തില്‍ ഇത്തരം സിനിമകള്‍ക്ക്‌ നിരൂപണമെഴുതാന്‍ പടം കാണേണ്ട കാര്യമുണ്ടോ? വീട്ടിലിരുന്നു ഊഹിച്ചങ്ങു എഴുതിയാല്‍ പോരെ? ആ എഴുതുന്നതൊക്കെ തന്നെയായിരിയ്ക്കും അതിലുണ്ടാവുക. വെറുതെ പൈസയും സമയവും കളഞ്ഞു!

പോങ്ങുമ്മൂടന്‍ said...
This comment has been removed by the author.
പോങ്ങുമ്മൂടന്‍ said...

നന്നായി മാരീചാ, ഈ സിനിമ കണ്ട ഒരു ഹതഭാഗ്യനെന്ന നിലയിൽ താങ്കളോട് പൂർണ്ണമായും ജോജിക്കുന്നു. ഒപ്പം ഇത്ര വിശദവും രസകരവുമായി ഒരു നിരൂപണം കുറിക്കാം എന്ന് മനസ്സിലാക്കി തന്നതിൽ നന്ദിയും പറയുന്നു.

kaalidaasan said...

.കാളി അണ്ണ എല്ലാം കിട്ടി ബോധിച്ചു

കിരന്‍ തമ്പി,

ഒരു രസീതു കൂടി അയച്ചുതന്നാല്‍ നന്നായിരുന്നു

മനനം മനോമനന്‍ said...

മിക്കയിടത്തും കൂലിത്തല്ലുകാരുടെ ഒരു കൂട്ടായ്മയാണ്, അവരുടെ ഒരു ഒരു സൈട് ബിസിനസ്സാണ് ഫാന്‍സ്‌ അസോസിയേഷനുകള്‍ . അവര്ക്കും വേണ്ടേ സംഘടനകളൊക്കെ. നല്ലത് തന്നെ. സിനിമ റിലീസാകുന്ന സമയങ്ങളിലെന്കിലും തിയെട്ടറുകളെ ചുറ്റിപ്പറ്റി ചില്ലറ അടിപിടിയൊക്കെ ഉണ്ടാക്കി അങ്ങ് നിന്നോളും . അത്രയും സമാധാനം. അവരെ വിട്ടേയ്ക്കുക.

മൂര്‍ത്തി said...

ചിത്രം കണ്ടില്ല. ഇനി എന്തായാലും കാണുന്നുമില്ല.:) ഈ ചിത്രത്തിലെ ലോജിക്കില്ലായ്മയെക്കുറിച്ച് പറഞ്ഞ മാരീചനോട് ട്വന്റി ട്വന്റി പോലുള്ള ചിത്രങ്ങളില്‍ ലോജിക്ക് പ്രതീക്ഷിക്കരുത് എന്ന മട്ടില്‍ കമന്റുകള്‍ കണ്ടു. അതിന്റെ ലോജിക്ക് മനസ്സിലായില്ല. എല്ലാ സിനിമകള്‍ക്കും ഒരു മിനിമം ലോജിക്ക് വേണം. ലോജിക്ക് അടൂരിനും മറ്റും ഏല്‍പ്പിച്ചുകൊടുക്കുമ്പോള്‍ നമ്മള്‍ കൊമ്മുക്കളെ(കൊമേഴ്സ്യം സിനിമകളെ) വെറുതെ വിടുകയല്ലെ? നീ എന്ത് വേണെല്‍ കാണിക്ക് ഞങ്ങള്‍ കാശ് കളഞ്ഞോളാം എന്ന്. വലതു പക്ഷ രാഷ്ട്രീയക്കാര്‍ എന്ത് ചെയ്താലും വിമര്‍ശിക്കാത്ത, വിമര്‍ശിച്ചാല്‍ വിമര്‍ശിച്ചവനോട് നിനക്ക് വിവരമില്ലേടേ അവന്മാരുടെ കെടപ്പ് അങ്ങനെയല്ലെ എന്ന് ചോദിക്കുന്ന ഒരു രീതി ഇതില്‍ മണക്കുന്നുണ്ട്. അവസാനം വോട്ട് അവര്‍ക്ക് തന്നെ കൊടുക്കുന്നപോലെ നാം ചിത്രം കണ്ട് കാശ് കളയുകയും ചെയ്യും. :)

ചുമ്മാ....

Anonymous said...

എല്ലാ സിനിമക്കും ഒരു മിനിമം ലോജിക്കു വേണം, മൂര്‍ത്തിയുടെ അഭിപ്രായത്തോടു യോജിക്കുന്നു. സിനിമ കാണാന്‍ കാശു കൊടുക്കുന്നവനു കാണാന്‍ പോകുന്ന സിനിമയില്‍ ലോജിക്കു ഉണ്ടാവണമെന്നു ആവശ്യപ്പെടാനുളള അവകാശം ഉണ്ടു. എന്റെ കാശിനു ഞാന്‍ വില കല്പിക്കുന്നതു കൊണ്ടു ഈ സിനിമ കാണാന്‍ അല്പം പോലും ആഗ്രഹിക്കുന്നില്ല