Thursday, February 09, 2012

ഇത്തിളില്‍ ലയിക്കുമോ മൂവാണ്ടന്‍മാവ്


(പൊന്നാനി സീറ്റിനെച്ചൊല്ലി ഇടതുമുന്നണിയില്‍ നടക്കുന്ന വെളിയവെല്ലുവിളിത്തമാശയുടെ പശ്ചാത്തലത്തില്‍ 2008 ഫെബ്രുവരിയില്‍ എഴുതിയ ഇത്തിളില്‍ ലയിക്കുമോ മൂവാണ്ടന്‍മാവ് എന്ന ലേഖനം പുനഃ പ്രസിദ്ധീകരിക്കുന്നു...)

ജനാധിപത്യവ്യവസ്ഥിതിയില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളില്‍ അഭിപ്രായ വ്യത്യാസമുണ്ടാകുന്നതും പാര്‍ട്ടികള്‍ പിളരുന്നതും അസംഭവ്യമോ ഒഴിവാക്കാവുന്നതോ അല്ല. കോണ്‍ഗ്രസു മുതല്‍ കേരളാ കോണ്‍ഗ്രസുകള്‍ വരെ പലകാരണങ്ങളാല്‍ പിളര്‍ന്നിട്ടുണ്ട്. ചിലപ്പോള്‍ പിളര്‍പ്പ് ആശയപരമാവാം, മറ്റു ചിലപ്പോള്‍ ചില നേതാക്കളുടെ ആമാശയാവശ്യങ്ങള്‍ നിറവേറ്റാനാകാം. എന്തായാലും പാര്‍ട്ടികള്‍ പലപ്പോഴും പിളരാറുണ്ട്.

അതില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പിളര്‍പ്പിനെക്കുറിച്ചാണ് ആര്‍ത്തവത്തിന്റെ ആവര്‍ത്തനം പോലെ മുറതെറ്റാതെ ചര്‍ച്ചകളുണ്ടാവുന്നത്. മുറതെറ്റാതെ എന്ന് പ്രയോഗിക്കാന്‍ പ്രത്യേക കാരണമുണ്ട്. മൂമ്മൂന്ന് വര്‍ഷം കൂടുമ്പോഴാണ് ഈ പാര്‍ട്ടികളുടെ സമ്മേളന മാമാങ്കം. ഓരോ മുമ്മൂന്ന് വര്‍ഷവും ലയനചിന്തകളും ആവര്‍ത്തിക്കും.

ഗ്രൂപ്പും ഗ്രൂപ്പിന്റെ മേല്‍ഗ്രൂപ്പുമായി ബ്രാഞ്ചു തലം മുതലേ സിപിഎമ്മിന്റെ സമ്മേളനത്തിന് വമ്പന്‍ മാധ്യമ കവറേജാണ് ലഭിക്കുക. നാലുപേര്‍ തികച്ചില്ലാത്ത പാര്‍ട്ടികളായ സിപിഐയ്ക്കും ആര്‍എസ്‍പിയ്ക്കും സ്വയം നിവര്‍ന്നു നില്‍ക്കാന്‍ തന്നെ ശേഷിയില്ല. പിന്നെയല്ലേ ഗ്രൂപ്പു കളിക്കുന്നത്? അതുകൊണ്ട് അവരുടെ സമ്മേളന വാര്‍ത്തകള്‍ ഉള്‍പ്പേജില്‍ രണ്ടുകോളത്തിലൊതുങ്ങും.

രസകരമായ ഒരു തറവേലയിലൂടെയാണ് ഇടതുകിണറിലെ മാക്രിപ്പാര്‍ട്ടികള്‍ തങ്ങളുടെ സമ്മേളനത്തിന് വമ്പന്‍ മാധ്യമ ശ്രദ്ധ ഒപ്പിച്ചെടുക്കുന്നത്. വലിയേട്ടനായ സിപിഎമ്മിനെ പുലഭ്യം പറയുക. പൊതുയോഗത്തിലും സ്വന്തം പാര്‍ട്ടിയോഗങ്ങളിലും വലിയേട്ടനെ വിമര്‍ശനങ്ങളുടെ ശരശയ്യയില്‍ കിടത്തുമ്പോള്‍ മാധ്യമങ്ങള്‍ ഓടിക്കൂടും. ഒന്നാം പേജില്‍ പടം സഹിതം വാര്‍ത്ത. നാം ഹാപ്പി. കുടുംബവും ഹാപ്പി. ഫലം പ്രത്യയശാസ്ത്ര സംതൃപ്തി.

ഇത്തവണ കളി കാര്യമായി. ആര്‍എസ്‍പി നേതാവിന് പിണറായി കണക്കിന് കൊടുത്തു. കിട്ടിയതും വാങ്ങി ചന്ദ്രചൂഡന്‍ ഒരുവിധം മര്യാദ പഠിച്ചു വന്നപ്പോഴേയ്ക്കും കൊല്ലത്ത് സഖാവിനെ സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ മൂലയ്ക്കാക്കി. ചന്ദ്രചൂഡന്റെ ഭരണം മതിയെന്നും ശിഷ്ടകാലം രാമകൃഷ്ണപിളളയദ്ദേഹം പാര്‍ട്ടിയെ നയിക്കട്ടെയെന്നും സഖാക്കള്‍ തീരുമാനിച്ചു.

ആര്‍എസ്‍പിയെപ്പോലയല്ല സിപിഐ. മൂന്നുവര്‍ഷം കൂടുമ്പോഴുളള ലയനാഹ്വാനത്തിന്റെ ആര്‍ത്തവചക്രം പാര്‍ട്ടി ശരീരത്തിന്റെ ജൈവപ്രക്രിയയാണ്. മുറതെറ്റിയാല്‍ ബൂര്‍ഷ്വാസിയുമായുളള അവിഹിതത്തില്‍ സംഗതി പറ്റിയെന്ന് ജനം വിധിയെഴുതും. പാടില്ല, സഖാക്കളേ, പാടില്ല.

1964ല്‍ പിളര്‍ന്നത് മഹാമോശമായെന്നും പിളര്‍ന്നില്ലായിരുന്നെങ്കില്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയായി ഇപ്പോള്‍ വെളിയം ഭാര്‍ഗവന്‍ വിലസിയേനെ എന്നുമാണ് കഥകളിപ്പദം. എന്താകുമായിരുന്നു അവസ്ഥ? വെളിയവും ഇസ്മായിലും സര്‍വവിധ അധികാരങ്ങളോടും വിലസുന്ന ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇന്ത്യയിലുണ്ടാവുന്ന ഒരുകാലത്തെക്കുറിച്ച് ആലോചിച്ചു നോക്കൂ.

ഒതളങ്ങയോ പരാമറോ അടിച്ച് പണ്ടാരമടങ്ങും ഒരുമാതിരിയുളള മനുഷ്യരെല്ലാം. സത്യത്തില്‍ പട്ടാമ്പിയിലെ ജനത്തോടും സി പി മുഹമ്മദെന്ന ചെറുപ്പക്കാരനായ കോണ്‍ഗ്രസുകാരനോടും മാരീചന് വല്ലാത്ത സ്നേഹമുളളതും ആ ഒറ്റക്കാരണം കൊണ്ടാണ്. ഒരത്യാഹിതമെങ്കിലും കേരളത്തിന്റെ മന്ത്രിസഭയില്‍ നിന്നും അകന്നു നില്‍ക്കുന്നതിന് കാരണം ഈ രണ്ടുകൂട്ടരുമല്ലേ. ഒരത്യാഹിതമെങ്കിലും ഒഴിവാക്കിത്തന്നെ ജനാധിപത്യമേ, നിന്റെയനുഗ്രഹം, എത്ര സമയോചിതം!

പറഞ്ഞു വന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പിളര്‍പ്പിനെക്കുറിച്ചാണ്. 1953 മുതലുളള അഭിപ്രായ വ്യത്യാസം മൂത്താണ് 1964ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പിളര്‍ന്നത്. വ്യത്യസ്ത അഭിപ്രായം മൂലം ഒരു കാരണവശാലും ഒന്നിച്ചു പോകാന്‍ വയ്യാത്ത സാഹചര്യത്തില്‍ ഒരു വിഭാഗം മറ്റൊരു പാര്‍ട്ടിയുണ്ടാക്കാന്‍ തീരുമാനിക്കുകയായിരുന്നു 1964ല്‍.

പിളര്‍പ്പിന് കാരണമായി പറയുന്ന കാര്യങ്ങള്‍ വിസ്താരഭയത്താല്‍ വിശദീകരിക്കുന്നില്ല. എന്നാല്‍ ഈ പാര്‍ട്ടി പിളര്‍ന്നില്ലായിരുന്നെങ്കിലോ? അത് ഈ രാജ്യത്തിന് ഏല്‍പ്പിക്കുമായിരുന്ന പരിക്കും അപമാനവും സ്വൈര്യക്കേടും ചില്ലറയൊന്നുമാകുമായിരുന്നില്ല.

അച്യുതാനന്ദന്റെയും പിണറായിയുടെയും സ്ഥാനത്ത് സി ദിവാകരനെയും കെ ഇ ഇസ്മായിലിനെയും സങ്കല്‍പിച്ചു നോക്കൂ. തൂങ്ങിച്ചാകാനുളള കയറെടുക്കാന്‍ കൈതരിക്കുന്നില്ലേ. അങ്ങനെയൊരു സാഹചര്യമുണ്ടാകാത്തതിന് പാര്‍ട്ടി പിളര്‍ത്തിയവരോട് ഇന്ത്യയിലെ ജനങ്ങളൊന്നടങ്കം എക്കാലവും നന്ദിയുളളവരായിരിക്കും. സത്യത്തില്‍ വെളിയം ഭാര്‍ഗവനെക്കാള്‍ എത്രയോ മാന്യനും മര്യാദക്കാരനുമാണ് പിണറായി വിജയന്‍. മുഖ്യമന്ത്രിക്കസേരയില്‍ കെ ഇ ഇസ്മായില്‍‍ ഇരിക്കുന്നുവെന്ന സങ്കല്‍പം പോലും നമ്മെ പേടിപ്പിക്കും. അച്യുതാനന്ദന്‍ എത്രയോ ഭേദം.

കോണ്‍ഗ്രസിനോടുളള നയം എന്തായിരിക്കണമെന്ന തര്‍ക്കമാണ് പിളര്‍പ്പിന്റെ ഒരു കാരണം. ദേശീയ ബൂര്‍ഷ്വാസി എന്ന ഇരട്ടപ്പേരിലാണല്ലോ കോണ്‍ഗ്രസ് അറിയപ്പെടുന്നത്. തേങ്ങയോ വാഴക്കുലയോ മോഷ്ടിക്കുന്നവനെയും ബൂര്‍ഷ്വാ എന്നാണ് സഖാക്കള്‍ വിളിക്കുന്നത്. പ്രത്യയ ശാസ്ത്ര വിദഗ്ധനായി അംഗീകരിക്കപ്പെടണമെങ്കില്‍ ബൂര്‍ഷ്വാ എന്ന പദം ഉപയോഗിച്ചേ തീരൂ.

സ്വാതന്ത്ര്യസമരകാലത്തെ കഷ്ടപ്പാടെല്ലാം 1947ല്‍ ഭരണം കിട്ടിയപ്പോള്‍ തീരുമെന്നാണ് കരുതിയത്. നമ്മുടെ പാര്‍ട്ടിയാകട്ടെ, സാമ്രാജ്യത്വ ബൂര്‍ഷ്വാസി, ദേശീയ ബൂര്‍ഷ്വാസിയെ ഭരണമേല്‍പ്പിച്ചു നാടുവിട്ടു എന്നാണ് പ്രചരിപ്പിച്ചിരുന്നത്. എന്നും സമരം മതിയോ നമ്മള്‍ക്കും വേണ്ടേ ചില നല്ല മുഹൂര്‍ത്തങ്ങള്‍.

ആറ്റുനോറ്റ് കേരളത്തില്‍ കിട്ടിയ ഭരണത്തെയും നെഹ്രുച്ചേട്ടന്‍ ഭരണഘടനയിലെ വകുപ്പ് 356 ഉപയോഗിച്ച് അടിച്ചോടിച്ചപ്പോള്‍ മറ്റൊരു കാര്യവും മനസിലായി. സ്വന്തം നിലയില്‍ തിരഞ്ഞെടുപ്പില്‍ ജയിച്ച് വല്ല സംസ്ഥാനമോ പഞ്ചായത്തോ ഭരിക്കാമെന്നു വെച്ചാലും കേന്ദ്രന്‍ സമ്മതിക്കില്ല. ആര്‍ക്കായാലും പിടി വിട്ടു പോകും! സഖാക്കളും മനുഷ്യരല്ലെ. അവര്‍ക്കുമില്ലെ പലവിധ മോഹചിന്തകള്‍. അങ്ങനെയാണ് ലൈന്‍ ഒന്നു തിരുത്താമെന്ന് ചില സഖാക്കള്‍ക്ക് തോന്നിയത്.

കോണ്‍ഗ്രസിനോടൊപ്പം ചേര്‍ന്ന് അല്‍പം വിപ്ലവം അവര്‍ക്കു കൂടി പകരാമെന്നായിരുന്നു സി രാജേശ്വര റാവു മുതല്‍പേരുടെ ലൈന്‍. പനിയൊക്കെ പകരുന്നതു പോലെ, സോഷ്യലിസവും പകരുമെന്നായിരുന്നു സിദ്ധാന്തം. പി സി ജോഷി, സി രാജേശ്വരറാവു, സി അച്യുതമേനോന്‍ ടീമായിരുന്നു ഈ സിദ്ധാന്തം വേവിച്ചെടുത്തത്.

ചില വിപ്ലവകാരികള്‍ മറിച്ചു ചിന്തിച്ചു. കോണ്‍ഗ്രസിന്റെ കൂടെപ്പോയാല്‍ നാമും ദേശീയ ബൂര്‍ഷ്വാസിയാവില്ലേ. അപ്പോള്‍ പാവം തൊഴിലാളിവര്‍ഗത്തെ ആരു നോക്കും? അങ്ങനെ ചിന്തിച്ചു, സഖാക്കള്‍ ബസവപുന്നയ്യയും സുന്ദരയ്യയും സുര്‍ജിത്തും. ഇഎംഎസ്സാകട്ടെ മധ്യമാര്‍ഗം അവലംബിച്ച സെക്രട്ടറി അജയഘോഷിനൊപ്പവും.

തര്‍ക്കം മൂത്തു. കോണ്‍ഗ്രസുമായി ഐക്യപ്പെട്ടാല്‍ ഇന്ത്യ വിപ്ലവത്തിന്റെ സിന്ദൂരപ്പൊട്ടണിയുമെന്ന് സ്വപ്നം കണ്ടവരും, അങ്ങനെ സംഭവിച്ചാല്‍ തൊഴിലാളി വര്‍ഗത്തിന്റെ കട്ടപ്പുകയാവുമെന്ന് വിശ്വസിച്ചവരും പരസ്പരം കണ്ടാല്‍ മിണ്ടാതായി. പിണങ്ങി. വൈരം മൂത്തു. സ്റ്റാലിന്‍ കൊണ്ടുവന്ന പഞ്ചവല്‍സര പദ്ധതി നെഹ്രു കോപ്പിയടിച്ചതോടെ ഇന്ത്യയിലും സോഷ്യലിസത്തിന്റെ പതിനാലാം രാവുദിച്ചെന്ന് ആഹ്ലാദിച്ച് അര്‍മാദിച്ചു, ജോഷി റാവു മേനോന്‍ ടീം. ഇന്തോ ചീനാ ഭായി ഭായി വിളി കൂടി കേട്ടപ്പോള്‍ ആവേശം ഹിമാലയം കയറി ചെങ്കൊടി വീശി.

പിന്നീട് ഇന്ത്യാ ചൈനാ യുദ്ധം വന്നു. അതിര്‍ത്തിയില്‍ ചൈനയുടെയും ഇന്ത്യയുടെയും പട്ടാളം പരസ്പരം കൊന്നു തളളുമ്പോള്‍, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നാഷണല്‍ എക്സിക്യൂട്ടീവ് യോഗത്തില്‍ അതിനേക്കാള്‍ വലിയ പോരാട്ടമായിരുന്നു. ചൈനയെ അനുകൂലിക്കണമെന്ന് ഒരു വിഭാഗം. പ്രശ്നം ചര്‍ച്ച ചെയ്ത് തീര്‍ക്കണമെന്ന് മറ്റൊരു വിഭാഗം. വഴക്കായി. പ്രമേയമായി വോട്ടായി. ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട വിഭാഗം തോറ്റു.

പ്രമേയത്തെ എതിര്‍ത്തവരെ ചൈനാചാരന്മാര്‍ എന്നാരോപിച്ച് പൊലീസ് അറസ്റ്റു ചെയ്തപ്പോഴാണ് സഖാക്കള്‍ക്ക് കളി മനസിലായത്. പരമരഹസ്യമായി നടക്കുന്ന പാര്‍ട്ടി യോഗത്തിലെ ചര്‍ച്ചയുടെ പേരില്‍ അറസ്റ്റു നടക്കണമെങ്കില്‍ ഒറ്റിയതാരാണെന്ന് അറിയാന്‍ ദാസ് കാപ്പിറ്റല്‍ കാണാതെ പഠിക്കണോ? പച്ചരിച്ചോറുണ്ണുന്നവന്റെ സാമാന്യബുദ്ധി മതി.

കൂട്ടത്തില്‍ കുറേപ്പേരെ ജയിലില്‍ കിടത്തി റാവു ജോഷി മേനോന്‍ ടീം കളി തുടര്‍ന്നു. ഇഎംഎസായിരുന്നു സെക്രട്ടറി. പാര്‍ട്ടിക്കാരെ ജയിലില്‍ പിടിച്ചിട്ടിരിക്കുന്നതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി സെക്രട്ടറി എഴുതിയ ലേഖനം ചെയര്‍മാന്‍ ഡാങ്കേ പിടിച്ചു വാങ്ങി വലിച്ചു കീറി പറത്തി. അടങ്ങിയൊതുങ്ങി കഴിഞ്ഞില്ലെങ്കില്‍ ജയിലിലാവും കിടപ്പെന്ന് ഭീഷണിയും മുഴക്കിക്കാണും.

മാവോയും ചെയര്‍മാന്‍, ഡാങ്കെയും ചെയര്‍മാന്‍. ചെയര്‍മാനു മീതെ ഒരു സെക്രട്ടറിയും പറക്കേണ്ടെന്ന് തീരുമാനമായി.

എന്തായാലും ഉടക്കും ഭിന്നതയും മൂര്‍ച്ഛിച്ച് 1964ല്‍ ഒരുസംഘം നാഷണല്‍ കൗണ്‍സിലില്‍ സലാം പറഞ്ഞു പിരിഞ്ഞു. വേറെ പാര്‍ട്ടിയും ഓഫീസുമുണ്ടാക്കി. പ്രവര്‍ത്തനവും തുടങ്ങി. പൊതുപ്രവര്‍ത്തനത്തിന്റെ ഗുട്ടന്‍സ് അറിയാവുന്നവരായിരുന്നു ഇറങ്ങിപ്പോയവരേറെയും.

ജനം ഡാങ്കേ - ജോഷി - രാജേശ്വര റാവു - അച്യുതമേനോന്‍ സംഘത്തിനൊപ്പമല്ലെന്ന് തൊട്ടുപിന്നാലെ കേരളത്തില്‍ നടന്ന തിരഞ്ഞെടുപ്പ് തെളിയിച്ചു. പരസ്പരം മത്സരിച്ചപ്പോള്‍ സിപിഎമ്മിന് 40 സീറ്റ്. സിപിഐയ്ക്ക് രണ്ടും. ജനം എവിടെയെന്ന് സിപിഐ സഖാക്കള്‍ക്ക് മനസിലായി. തങ്ങളില്‍ നിന്ന് പിരിഞ്ഞ്, തങ്ങള്‍ക്ക് സ്വപ്നം കാണാന്‍ പോലും കഴിയാത്ത ഉയരങ്ങളിലേയ്ക്ക് വളര്‍ന്നവരോട് അവിടെ തുടങ്ങി, ഒരിക്കലും തീരാത്ത പകയും അസൂയയും.

അടിയന്തരാവസ്ഥക്കാലത്താണ് ആ പകയുടെ വൈകൃതവും ആഴവും കൊടിയ ഭീകരതയും കേരളം കണ്ടത്. അതിന്റെ പീഢനം ഏറ്റവും കൂടുതല്‍ അനുഭവിച്ചതോ ഇന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും. നിയമസഭാ അംഗമായിരുന്ന പിണറായി വിജയനെ ഒന്നര വര്‍ഷം ജയിലില്‍ പാര്‍പ്പിച്ചു.

സര്‍വഭേദ്യമുറകളും ഒരു ജനപ്രതിനിധിയുടെ ശരീരത്തില്‍ ജയറാം പടിക്കലിന്റെ പൊലീസ് ഏല്‍പ്പിക്കുമ്പോള്‍ സിപിഐ നേതാവ് അച്യുതമേനോനായിരുന്നു മുഖ്യമന്ത്രിക്കസേരയില്‍. സഭാ നേതാവായി അച്യുതമേനോന്‍ ഇരിക്കെ, സഭയിലെ ഒരംഗത്തെ പൊലീസ് ലോക്കപ്പിലിട്ട് അതിഭീകരമായി മര്‍ദ്ദിക്കുമ്പോള്‍ അച്യുതമേനോന്‍ അടിയന്തരാവസ്ഥയുടെ അനിര്‍വചനീയമായ അനുഭൂതികള്‍ നുകര്‍ന്ന് മുഖ്യമന്ത്രിയായി വിരാജിച്ചു. വലിയൊരു മനുഷ്യസ്നേഹിയാണ് സഖാവെന്നും പില്‍ക്കാലത്ത് വാഴ്ത്തപ്പെട്ടു.

വെളിയം ഭാര്‍ഗവന്‍ മുതല്‍പേര്‍ അന്നത്തെ ആഭ്യന്തരമന്ത്രി കരുണാകരന്റെ സാമന്തന്മാരായി പൊലീസിനെ ഭരിച്ചു രസിച്ചു. നഞ്ചെന്തിന് നാനാഴി എന്ന ചൊല്ലിനെ അനുസ്മരിപ്പിച്ച് ഒന്നും രണ്ടുമായി നാട്ടിലുളള സിപിഐക്കാര്‍ മാര്‍ക്സിസ്റ്റുകാരെ ഒറ്റികൊടുത്തു. പൊലീസ് അവരെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുമ്പോള്‍ ഇനിയൊരിക്കലും ഈ പാര്‍ട്ടി നടുനിവര്‍ക്കില്ലെന്ന് കിനാവു കണ്ടു. സിപിഎമ്മുകാരെ പൊലീസ് അടിച്ചൊതുക്കി അവസാനിപ്പിക്കുമ്പോള്‍ ഏറ്റവും വലിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തങ്ങളാവുമെന്നായിരുന്നു വെളിയത്തിന്റെയും കൂട്ടരുടെയും മനോരാജ്യം.

അടിയന്തരാവസ്ഥ പിന്‍വലിച്ച് തിരഞ്ഞെടുപ്പ് നടത്തിയപ്പോള്‍ ഇന്ദിരാഗാന്ധിയടക്കം തോറ്റമ്പിയെങ്കിലും അച്യുതമേനോന്‍ കരുണാകര മുന്നണി 111 സീറ്റു നേടി അധികാരം നിലനിര്‍ത്തി. മാര്‍ക്സിസ്റ്റ് ശല്യം എന്നെന്നേക്കുമായി തീര്‍ന്നു കിട്ടിയെന്ന സന്തോഷത്തില്‍ സിപിഐക്കാര്‍ പിന്നെയും സന്തോഷിച്ചു. 1977ലെ അവരുടെ ഭട്ടിന്‍ഡാ സമ്മേളനം വരെയേ ഈ സന്തോഷം നീണ്ടു നിന്നുളളൂ.

ചെയ്തതെല്ലാം തെറ്റെന്ന് കുമ്പസരിച്ചും ഇനിയൊരു ശല്യം മേലാല്‍ ഉണ്ടാക്കില്ലെന്ന് മുദ്രപ്പത്രത്തില്‍ എഴുതി നല്‍കിയും സിപിഎമ്മിനൊപ്പം സഖ്യം കൂടി. അപ്പോഴേയ്ക്കും മൂന്നു സംസ്ഥാനങ്ങളിലെ ഏറ്റവും ശക്തമായ പാര്‍ട്ടിയായി സിപിഎം വളര്‍ന്നിരുന്നു.

സമ്പത്തും അധികാരവും സ്വാധീനവും അണികളും സിപിഐയുടേതിനെക്കാള്‍ ബഹുമടങ്ങ്. നേതാക്കളുടെ ഏതാജ്ഞയും ശിരസാവഹിക്കാന്‍ തയ്യാറുളള സുശക്തമായ സംഘടനാ സംവിധാനം. ഗുരുവായൂര്‍ കേശവന്റെ തലയെടുപ്പോടെ സിപിഎം നേതാക്കള്‍ വിലസിയപ്പോള്‍ നനഞ്ഞ കോഴിയുടെ ദൈന്യതയുമായി സിപിഐ ഇടതുകോലായില്‍ തണുപ്പാറ്റി നിന്നു.

ഏറെക്കാലം ദേശീയ ബൂര്‍ഷ്വാസിയുടെ സഹായത്തോടെ ഭരിച്ചിട്ടും സര്‍വജ്ഞാനികളായ നേതാക്കന്മാരുണ്ടായിട്ടും സിപിഐ മെലിഞ്ഞേ പോയി. പാര്‍ട്ടി പ്രവര്‍ത്തനമെന്നാല്‍ എംഎന്‍ സ്മാരകത്തില്‍ വൈകുന്നേരം എല്ലാവരും ഒത്തുകൂടി ചായകുടിയും ചര്‍ച്ചയുമായി. ഇടവേളകളില്‍ പൊതുയോഗങ്ങളില്‍ ഗംഭീരമായി പ്രസംഗിച്ചും പത്രങ്ങളില്‍ കോളമെഴുതിയും സിപിഐക്കാര്‍ തങ്ങളും ജീവിച്ചിരിപ്പുണ്ടേ എന്ന് പ്രഖ്യാപിച്ചു.

പാര്‍ട്ടിയില്‍ തങ്ങളുടെ ചിന്താഗതിയെ എതിര്‍ത്തവരെ ചൈനാ ചാരന്മാരെന്ന് മുദ്രയടിച്ച് പൊലീസിന് ഒറ്റികൊടുത്ത് ഒതുക്കാന്‍ 1962ല്‍ ശ്രമിച്ചു. അടിയന്തരാവസ്ഥക്കാലത്താകട്ടെ ക്രൂരമായ ഭേദ്യമുറകളിലൂടെ തങ്ങളുടെ പ്രഖ്യാപിത ശത്രുവിനെ എന്നെന്നേയ്ക്കുമായി വേരറുത്തുകളയാന്‍ കഴിവിന്റെ പരമാവധി ശ്രമിച്ചു. എന്നിട്ട് സംഭവിച്ചതോ?

വിധിയുടെ വിളയാട്ടമെന്നേ പറയേണ്ടൂ, ആരെ നശിപ്പിക്കാനാണോ ഒരു പുരുഷായുസ്സു മുഴുവന്‍ വെളിയവും സംഘവും സര്‍വ ശക്തിയുമെടുത്ത് ശ്രമിച്ചത്, അവരുടെ ദയയില്‍ കഴിയേണ്ട അവസ്ഥ വന്നു പെട്ടു. ഇന്ന് ദേശീയ ജനാധിപത്യ വിപ്ലവ ശിങ്കങ്ങള്‍ക്ക് പ‍ഞ്ചായത്ത് വാര്‍ഡ് ജയിക്കണമെങ്കിലും സിപിഎം കനിയണം.

അവരുടെ തൊഴുത്തില്‍, അവരെറിഞ്ഞു തരുന്ന പുല്ലും വൈക്കോലും കാടിവെളളവും മോന്തി, അവരുടെ ചെലവിലും ദയാദാക്ഷിണ്യത്തിലും ശിഷ്ടകാലം കഴിച്ചു കൂട്ടേണ്ടി വരിക. കൂട്ടിനുളളത് പോയകാലത്തെക്കുറിച്ചുളള കൊതിപ്പിക്കുന്ന ഓര്‍മ്മകള്‍. ശത്രുക്കള്‍ക്ക് പോലും ഈ ഗതി വരുത്തരുതേ എന്ന് പ്രാര്‍ത്ഥിക്കുകതയല്ലാതെ നാമെന്തു ചെയ്യും?

എന്തൊക്കെയാണ് ആ ഓര്‍മ്മകള്‍? കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ എല്ലാവരും കൂടി അന്ന് തീരുമാനിച്ചിരുന്നെങ്കില്‍? അഭിപ്രായ വ്യത്യാസം വിഴുങ്ങി ചെയര്‍മാന്‍ ഡാങ്കേയ്ക്ക് ശരണം വിളിച്ച് അന്ന് തറവാട്ടില്‍ കൂടിയിരുന്നെങ്കില്‍? എത്രകാലം നമ്മളീ രാജ്യം ഭരിച്ചേനെ? അടിയന്തരാവസ്ഥയെ എല്ലാവരും കൂടി അംഗീകരിച്ചിരുന്നെങ്കില്‍? യൗവനം സുന്ദരസുരഭിലവും ജീവിതം വിപ്ലവതീക്ഷ്ണവുമായി മുന്നേറുമായിരുന്നില്ലേ? ആരാണ് ഞങ്ങളുടെ പ്രിയ സഖാക്കളുടെ സ്വപ്നങ്ങള്‍ തല്ലിക്കെടുത്തിയത്? 1964ലെ പിളര്‍പ്പന്മാരല്ലേ, അല്ലേ, അല്ലേ!

അച്യുതമേനോന്റെ പിന്‍ഗാമിയായി പി കെ വാസുദേവന്‍ നായര്‍ മുഖ്യമന്ത്രിയാകും വരെ ലൈന്‍ വളരെ ക്ലിയറായിരുന്നു. പികെവിയുടെ പിന്‍ഗാമിയായി വെളിയം ഭാര്‍ഗവനും തുടര്‍ന്ന് കെ ഇ ഇസ്മായിലും ഒന്നാം നമ്പര്‍ നേതാക്കളായി വിലസേണ്ട, വിപ്ലവത്തിന്റെ പൗര്‍ണമി രാവുകള്‍ ഇനിയുമുദിച്ചിട്ടില്ല. 1964ലെ പിളര്‍പ്പല്ലേ കാരണം? അല്ലേ, അല്ലേ, അല്ലേ!!!

അതുമാത്രമോ, എത്രയോ തഴക്കവും പഴക്കവുമുളള സി കെ ചന്ദ്രപ്പനും പന്ന്യന്‍ രവീന്ദ്രനും എ ബി ബര്‍ദാനുമല്ലേ ദേശീയതലത്തില്‍ ഇടതുപക്ഷത്തെ നയിക്കേണ്ടത്? പകരമോ "പയ്യന്മാരായ" കാരാട്ടും യെച്ചൂരിയുമാണ് ദില്ലിയിലെ ചട്ടമ്പിമാര്‍. പാര്‍ട്ടി പിളര്‍ന്നില്ലായിരുന്നെങ്കില്‍ ആരാകുമായിരുന്നു ആ സ്ഥാനത്ത്? സി കെ ചന്ദ്രപ്പന്റെ രോഷം എങ്ങനെ പിണറായി വിജയന് മനസിലാവും?

സിപിഎമ്മുകാര്‍ക്ക് ബുദ്ധിയുദിക്കുന്നത് വൈകിയാണെന്നും, അവരില്ലായിരുന്നെങ്കില്‍ നമ്മളിപ്പോ വലിയ പുളളികളാകുമായിരുന്നു എന്ന് പതം പറഞ്ഞ് വിലപിക്കുന്നതിനും കാരണം ഒന്നേയൊന്ന്. വിദ്വേഷവിഷം കലര്‍ന്ന അസൂയ. അല്ലെങ്കില്‍, ദേശീയ തലത്തിലെ വെറും കേരളാ കോണ്‍ഗ്രസായ സിപിഐ, ഈ വിധം തെരുവില്‍ അഴിഞ്ഞാടാന്‍ എന്താണ് വേറെ പ്രകോപനം?

സിപിഎമ്മിന്റെ സംഘടനാ കരുത്തിന്റെ ബലത്തില്‍ എംപി, എംഎല്‍എ, എന്തിന് പഞ്ചായത്ത് മെമ്പര്‍ പോലുമാകാന്‍ സിപിഐക്കാര്‍ക്ക് ഒരുളുപ്പുമില്ല. എന്നാല്‍ എന്തെങ്കിലും ഗുണം ഇന്നുവരെ തിരിച്ചുണ്ടായിട്ടുണ്ടോ? സിപിഎമ്മുകാരെ പാരവെയ്ക്കാനും ദുഷിക്കാനും കിട്ടുന്ന ഒരവസരവും സിപിഐ ഇന്നോളം കളഞ്ഞിട്ടില്ല.

ചുരുക്കത്തില്‍ ഒരുപയോഗവുമില്ലാത്ത വിഷപ്പാമ്പിനെ മടിയില്‍ വെച്ച് താലോലിക്കുകയാണ് സിപിഎം. പിളര്‍പ്പിലൂടെ തങ്ങളുടെ രാഷ്ട്രീയ മോഹങ്ങള്‍ നശിപ്പിച്ചവരോടുളള കൊടുംപകയും തീരാ വിദ്വേഷവുമാണ് സിപിഐ എന്ന പരാദത്തിന്റെ പ്രത്യയശാസ്ത്രം.

പുല്ലും വൈക്കോലും തരുന്ന, ജീവന്‍ നിലനിര്‍ത്താന്‍ സ്വന്തം സംഘടനാ ശക്തി ദാനം ചെയ്യുന്ന സിപിഎമ്മിനെ 44 വര്‍ഷം മുമ്പ് നടന്ന അനിവാര്യമായ ഒരു രാഷ്ട്രീയ സാഹചര്യത്തിന്റെ പേരില്‍ തെരുവില്‍ പുലഭ്യം പറയുന്ന സിപിഐ കാണിക്കുന്നത് പരമ നന്ദികേടാണ്. സ്വന്തം പാര്‍ട്ടി വളര്‍ത്താന്‍ കഴിവില്ലാത്ത വെളിയവും ഇസ്മായിലും സിപിഎമ്മിനു മേല്‍ കുതിര കയറിയിട്ട് കാര്യമുണ്ടോ?

ഇത്തിള്‍ വളരുന്നത് മാവിനെ നന്നാക്കാനല്ലല്ലോ!

10 comments:

മാരീചന്‍‍ said...

പുല്ലും വൈക്കോലും തരുന്ന, ജീവന്‍ നിലനിര്‍ത്താന്‍ സ്വന്തം സംഘടനാ ശക്തി ദാനം ചെയ്യുന്ന സിപിഎമ്മിനെ 44 വര്‍ഷം മുമ്പ് നടന്ന അനിവാര്യമായ ഒരു രാഷ്ട്രീയ സാഹചര്യത്തിന്റെ പേരില്‍ തെരുവില്‍ പുലഭ്യം പറയുന്ന സിപിഐ കാണിക്കുന്നത് പരമ നന്ദികേടാണ്. സ്വന്തം പാര്‍ട്ടി വളര്‍ത്താന്‍ കഴിവില്ലാത്ത വെളിയവും ഇസ്മായിലും സിപിഎമ്മിനു മേല്‍ കുതിര കയറിയിട്ട് കാര്യമുണ്ടോ?

ഇത്തിള്‍ വളരുന്നത് മാവിനെ നന്നാക്കാനല്ലല്ലോ!

suraj::സൂരജ് said...

‘64 നു നന്ദി :))

binu said...

"അടിയന്തരാവസ്ഥ പിന്‍വലിച്ച് തിരഞ്ഞെടുപ്പ് നടത്തിയപ്പോള്‍ ഇന്ദിരാഗാന്ധിയടക്കം തോറ്റമ്പിയെങ്കിലും അച്യുതമേനോന്‍ കരുണാകര മുന്നണി 111 സീറ്റു നേടി അധികാരം നിലനിര്‍ത്തി". മാരീചന്‍ എഴുതിയത് മാതിരി അത്ര ജനദ്രോഹമായിരുന്നു ആ ഭരണമെങ്കില്‍ ഇതെങ്ങെനെ സംഭവിച്ചു?

Joker said...

അച്യുതാനന്ദന്റെയും പിണറായിയുടെയും സ്ഥാനത്ത് സി ദിവാകരനെയും കെ ഇ ഇസ്മായിലിനെയും സങ്കല്‍പിച്ചു നോക്കൂ. തൂങ്ങിച്ചാകാനുളള കയറെടുക്കാന്‍ കൈതരിക്കുന്നില്ലേ........

ha ha ha really....enikkuvayya

Noufal said...

അവര്‍ക്ക് നമ്മോടു അസൂയയാണ് , കഷണ്ടിക്കും അസൂയക്കും മരുന്നില്ല, വെളിയത്തിനും ചന്ദ്രപ്പനും രണ്ടും ഉണ്ട്

അപ്പിക്കുട്ടി said...
This comment has been removed by the author.
അപ്പിക്കുട്ടി said...
This comment has been removed by the author.
അപ്പിക്കുട്ടി said...

Om Pinarayi Vijayaya Namaha.
Om Achutananda Samharaya Namaha.
Om Communisa Samharaya Namaha.
Om Sakhavu Yesudevane Namaha.
Om CPI-RSP Samharaya Namaha.

ASOKAN said...

2009- ലെ ലോകസഭ തെരെഞ്ഞെടുപ്പുകാലത്ത് പിണറായിയോട് കലഹച്ചു വെളിയതാശാന്‍ പത്രസമ്മേളനം നടത്തി മുന്നണി വിട്ടതായി പ്രഖ്യാപിച്ചു.കൃത്യം ഒരു മണിക്കൂറിനുള്ളില്‍ പിണറായി നടത്തിയ മറ്റൊരു പത്ര സമ്മേളനത്തോടെ ആശാന്‍ തോറ്റു സുല്ലിട്ടു!,കിട്ടിയ വയനാട് യാതൊരു മടിയും കൂടാതെ വാങ്ങി കീശയില്‍ ഇട്ട് തിരികെ മുന്നണിയില്‍ കയറിക്കൂടി.തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ വാങ്ങിയെടുത്ത നാല് സീറ്റിലും അന്തസായി തോറ്റു,പാര്‍ട്ടിയുടെ മാനം കാത്തു!!!!
കഴിഞ്ഞദിവസം അന്ത്യ ശാസനം കൊടുത്ത ദിവാകരനും നിയമ സഭ തോല്‍‌വിയില്‍ പിണറായിയെ കുറ്റം പറയുന്നു!!! (അങ്ങേരുടെ പ്രസംഗം കേട്ടാല്‍ ഒരു നാലെണ്ണം വിട്ടിട്ടു പറയുന്ന പോലെ ഉണ്ടായിരുന്നു).അങ്ങേരുടെ പട്ടിണി മാറ്റാനുള്ള മുട്ടയും പാലും ,കൊല്ലത്തുള്ള വോട്ടര്‍ക്ക്‌ "ഒരു രൂപയ്ക്കു അടി" തുടങ്ങിയ ഭരണ നടപടികള്‍ നാട്ടുകാര്‍ ഓര്‍ക്കുന്നുണ്ട്.

ഗോപകുമാര്‍.പി.ബി ! said...

സര്‍വഭേദ്യമുറകളും ഒരു ജനപ്രതിനിധിയുടെ ശരീരത്തില്‍ ജയറാം പടിക്കലിന്റെ പൊലീസ് ഏല്‍പ്പിക്കുമ്പോള്‍ സിപിഐ നേതാവ് അച്യുതമേനോനായിരുന്നു മുഖ്യമന്ത്രിക്കസേരയില്‍. സഭാ നേതാവായി അച്യുതമേനോന്‍ ഇരിക്കെ, സഭയിലെ ഒരംഗത്തെ പൊലീസ് ലോക്കപ്പിലിട്ട് അതിഭീകരമായി മര്‍ദ്ദിക്കുമ്പോള്‍ അച്യുതമേനോന്‍ അടിയന്തരാവസ്ഥയുടെ അനിര്‍വചനീയമായ അനുഭൂതികള്‍ നുകര്‍ന്ന് മുഖ്യമന്ത്രിയായി വിരാജിച്ചു. വലിയൊരു മനുഷ്യസ്നേഹിയാണ് സഖാവെന്നും പില്‍ക്കാലത്ത് വാഴ്ത്തപ്പെട്ടു.
********************************
സഖാവ് വിജയന് ലാല്‍സലാം!