എം പി വീരേന്ദ്രകുമാര്‍ ഒരിക്കലെഴുതിയ ലേഖനപരമ്പരയുടെ തലക്കെട്ടാണ് "മനസേ, ഓര്‍ക്കൂ" എന്നത്. ഈശോവാസ്യം, കേനോപനിഷത്ത്, മുണ്ഡകം തുടങ്ങി ഉപനിഷത്തുക്കളിലെ മന്ത്രസാരവും ചിന്താഭാരവും വ്യക്തമാക്കുകയായിരുന്നു അദ്ദേഹം. "മനസേ, ഓര്‍ക്കൂ ചെയ്തതെല്ലാം" എന്ന ഈശമന്ത്രപ്പൊരുള്‍ ലേഖനത്തിന്റെ ശീര്‍ഷകമായി തിരഞ്ഞെടുക്കാനുളള കാരണം വഴിയേ വ്യക്തമാകും എന്ന് മുന്നറിയിപ്പു നല്‍കിയാണ് അദ്ദേഹം ലേഖന പരമ്പര തുടങ്ങുന്നത്. കോഴിക്കോട് സീറ്റില്‍ നിന്ന് പടിയിറക്കപ്പെട്ട് ഇടതു മുന്നണി രാഷ്ട്രീയത്തോട് ഏതാണ്ട് വിടപറയാനൊരുങ്ങുമ്പോള്‍ നമുക്കോര്‍മ്മിപ്പിക്കാനുളളതും അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ഈശമന്ത്രപ്പൊരുള്‍ തന്നെയാണ്..മനസേ, ഓര്‍ക്കൂ ചെയ്തതെല്ലാം...
ആര്‍ഷഭാരത പാരമ്പര്യത്തിലും ഉപനിഷദ് വേദാന്തസാഗരത്തിലുമുളള ആഴമേറിയ ജ്ഞാനം. "ആര്‍ഷഭാരതത്തിലെ ഭോഗസിദ്ധി"യെന്ന തലക്കെട്ടില്‍ ഒരു ലേഖനമെഴുതാനുളള ചങ്കൂറ്റം, ഇടംകൈ വിഎസ് അച്യുതാനന്ദന്റെയും വലംകൈ ക്രൈം നന്ദകുമാറിന്റെയും തോളിലിട്ട്, "എല്ലാ ഭൂതങ്ങളെയും ആത്മാവില്‍ മാത്രവും ആത്മാവിനെ എല്ലാ ഭൂതങ്ങളിലും കാണുന്ന ഒരുവന് നിന്ദ്യമായി എന്തുണ്ട്?" എന്ന് ചോദിക്കാനുളള തന്റേടം. താടിയും മീശയുമൊന്നുമില്ലെന്നേയുളളൂ, ഋഷിതുല്യമാണ് ജീവിതം, വനം കയ്യേറ്റമാണ് ഹോബി. ചുരുക്കത്തില്‍ കേരള രാഷ്ട്രീയത്തിലെ ഒരത്ഭുത പ്രതിഭാസമാണ്, പത്മപ്രഭാ ഗൗഡറുടെയും മറുദേവി അവ്വയുടെയും വീരപുത്രന്‍, വീരേന്ദ്ര കുമാര്‍.
ഇടംകൈകൊണ്ട് കോഴിക്കോട് പിടിച്ചെടുത്ത് വലംകൈയിലെ ചൂണ്ടുവിരല്‍ വയനാട്ടേയ്ക്ക് നീട്ടി അലറിയ പിണറായി വിജയന്റെ മുന്നില്‍ ചൂളി നിന്ന വീരേന്ദ്രകുമാറിന്റെ ഓര്‍മ്മകളെ വേട്ടയാടാന്‍ കരുത്തുളള ഒരു പേരുണ്ട്, സിപിഎം സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍. എറണാകുളത്തെ സ്ഥാനാര്‍ത്ഥി സഖാവ് സിന്ധു ജോയി.
സ്വന്തം പത്രത്തിലെ മനോരോഗികള്‍ക്ക് വിരേചന സുഖം നല്‍കാന്‍ മാതൃഭൂമി വെട്ടിയ 'സ്വകാര്യ'മെന്ന ഓട കോളത്തില്‍ സിന്ധു ജോയിയെക്കുറിച്ച് പ്രത്യക്ഷപ്പെട്ട പരാമര്‍ശവും അതേത്തുടര്‍ന്ന് അന്ന് എസ്എഫ്ഐ നേതാവായിരുന്ന എം സ്വരാജ് നടത്തിയ പിതൃശൂന്യ പ്രയോഗവും വീരേന്ദ്രന്റെ അകക്കണ്ണില്‍ തെളിയുന്നുണ്ടോ ആവോ? സംസര്‍ഗാ ഗുണാ ദോഷ എന്ന പ്രയോഗം അച്ചട്ടാണെന്ന് തെളിയിച്ച വരികളായിരുന്നു സ്വകാര്യത്തിലേത്. ക്രൈം നന്ദകുമാറിന്റെ ഏറ്റവും അടുത്ത സുഹൃത്താണ് വീരേന്ദ്രകുമാര്‍. നന്ദകുമാറിന്റെ വാരികയിലേയ്ക്ക് തയ്യാറാക്കിക്കൊടുത്ത മാറ്റര്‍ വഴി തെറ്റി സ്വകാര്യത്തില്‍ വന്നു പോയതാകാനും ഇടയുണ്ട്.
പൊതുപ്രവര്‍ത്തകയായ ഒരു പെണ്‍കുട്ടിയുടെ മാനം വികൃതവാക്യങ്ങളുടെ വിഷമുന കൊണ്ട് കുത്തിക്കീറാന്‍ ഒരു മനസറപ്പുമുണ്ടായില്ല, വീരേന്ദ്രകുമാറിനും മാതൃഭൂമി പത്രത്തിനും. അന്ന്, ക്ഷുഭിത യൗവനത്തിന്റെ കരുത്തത്രയും രണ്ടുവാക്കുകളിലാവാഹിച്ച് ഒരു ചെറുപ്പക്കാരന്‍ മാതൃഭൂമിയ്ക്കു നേരെ കാറിത്തുപ്പിയപ്പോള്‍ നാണിച്ച് നടുങ്ങിയത് സ്വദേശാഭിമാനിയുടെയും വക്കം മൗലവിയുടെയും പേരില്‍ അഭിമാനം കൊള്ളുന്ന ഒരു നാടിന്റെ മാധ്യമ പാരമ്പര്യമാണ്. സിന്ധു ജോയിയ്ക്കെതിരെ നടത്തിയ പിതൃശൂന്യ മാധ്യമ പ്രവര്‍ത്തനത്തിന് വീരേന്ദ്രകുമാറില്‍ നിന്ന് സിപിഎം ഈടാക്കിയ പിഴയാണ് കോഴിക്കോട് സീറ്റ്.
മനസേ ഓര്‍ക്കൂ, ചെയ്തതെല്ലാം.
വേദാന്തിയാണ് വീരേന്ദ്രകുമാര്‍. അതുകൊണ്ടാണ് ജനതാദള്‍ സംസ്ഥാന കമ്മിറ്റി യോഗം കഴിഞ്ഞ് പത്രസമ്മേളനത്തില്‍ ഇങ്ങനെ ചില വാചകങ്ങള്‍ അദ്ദേഹം പറഞ്ഞത്...
"വര്‍ഷങ്ങളായി ഇടതുമുന്നണിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ജനതാദള്‍ വിജയത്തിലും പരാജയത്തിലും ഒപ്പം നിന്നിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ ഞങ്ങളുടെ സിറ്റിംഗ് സീറ്റ് പിടിച്ചെടുക്കാന്‍ നടത്തുന്ന ശ്രമം രാഷ്ട്രീയ മര്യാദയല്ല. വിജയസാധ്യത കണക്കിലെടുത്ത് കോഴിക്കോട് സീറ്റ് വേണമെന്നാണ് സിപിഎം ആവശ്യപ്പെടുന്നത്. വിജയവും പരാജയവും തീരുമാനിക്കേണ്ടത് ജനങ്ങളാണ്. അതുകൊണ്ട് രാഷ്ട്രീയമായി നീതീകരിക്കാവുന്ന ഒരു തീരുമാനത്തില്‍ സിപിഎം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്".
രാഷ്ട്രീയമായും അല്ലാതെയും നീതീകരിക്കാവുന്ന എത്രയെത്ര ചെയ്തികളാണ് വീരേന്ദ്രകുമാറിന്റെ വകയായി ചരിത്രത്തില്‍ പതിഞ്ഞു കിടക്കുന്നത്. ആപാദചൂഡം സരസ്വതീകടാക്ഷത്തില്‍ മുങ്ങി നിവര്‍ന്ന രാഷ്ട്രീയ നേതാവാണ് വീരേന്ദ്രന്‍. ഇടംകൈയിലാണ് പേനയെങ്കില്‍ അനശ്വരങ്ങളായ സാഹിത്യ ചിന്തകള്‍ ഉറവ പൊട്ടും. ഉപകരണം വലംകൈയിലായാല്‍, ആ വാഗ് വര്‍ഷമേറ്റ് സാമ്രാജ്യത്വം കിടിലം കൊള്ളും. ഇടത്തേ കാലുകൊണ്ട് വേദാന്തമെഴുതും, വലത്തേ കാലു കൊണ്ട് യാത്രാവിവരണവും.
അസൂയാലുക്കളായ സഹകവികള്‍ മഹാകവി ചങ്ങമ്പുഴയെ വേട്ടയാടിയ ചരിത്രം ആത്മരോഷം ജ്വലിക്കുന്ന വാക്കുകള്‍ കൊണ്ട് വരച്ചിടാന്‍ ഒരേയൊരു രാഷ്ട്രീയ നേതാവേയുണ്ടായുളളൂ ഭൂമി മലയാളത്തില്‍. ആളുമസൂയയുടെ കൂരിളിലിരുന്ന് കൂവിത്തിമര്‍ത്ത ഊളന്മാരെക്കുറിച്ച് വീരേന്ദ്രകുമാര്‍ ആഞ്ഞടിച്ചപ്പോള്‍, താന്‍ പെറ്റ ആണ്‍കുട്ടിയെ ഓര്‍ത്ത് സാഹിതീകൈരളി പുളകം കൊണ്ടു. "ചങ്ങമ്പുഴ : വിധിയുടെ വേട്ടമൃഗം" എന്ന പുസ്തകത്തിന്റെ ഓരോ പേജും ലേഖകന്റെ ചിന്തകളുടെ ചൂടു താങ്ങാനാവാതെ പുകഞ്ഞ് നീറുകയാണെന്ന് വായിച്ചവര്‍ ഏകസ്വരത്തില്‍ സമ്മതിക്കും.
പ്രസ്തുത പുസ്തകത്തില്‍ "ആത്മരോഷത്തിന്റെ സ്വരം" എന്നൊരു അധ്യായമുണ്ട്. കപടലോകത്തില്‍ വിഹരിക്കുന്ന സാഹിത്യക്കുശുമ്പന്മാരുടെയും കുതികാല്‍ വെട്ടുകാരുടെയും പൊയ്മുഖങ്ങളെ കടുത്ത ചായക്കൂട്ടില്‍ വരച്ചുകാണിക്കാനാണ് പാടുന്ന പിശാചില്‍ ചങ്ങമ്പുഴ ശ്രമിക്കുന്നതെന്ന് വീരേന്ദ്രകുമാര്‍ തീര്‍ച്ചപ്പെടുത്തുന്നുണ്ട്. തനിക്കു നേരെ വിമര്‍ശനമുണ്ടായപ്പോള്‍ കവിതയെഴുതി പ്രതികരിച്ച ചങ്ങമ്പുഴയോട് വീരേന്ദ്രകുമാറിന് സഹതാപം തോന്നുക സ്വാഭാവികം. കാരണം അദ്ദേഹത്തിന്റെ മാര്‍ഗം തികച്ചും വ്യത്യസ്തമാണ്.
മനസേ, ഓര്‍ക്കുക, ക്രൈമിന്റെ താളുകള്‍ അഴിക്കോടിനെതിരെ വിഷം ചീറ്റിയപ്പോള്‍ തലതാഴ്ത്തി കണ്ണീരൊഴുക്കിയ മലയാളത്തിന്റെ വേദന.
മലയാളിയുടെ ഉമ്മറക്കോലായില്‍ സ്വന്തം മോന്ത പൊതുദര്‍ശനത്തിനു വെയ്ക്കാന്‍ നാണമില്ലായ്മയുടെ പടച്ചട്ടയണിഞ്ഞ് ഒരു പത്രമുതലാളി മോണിംഗ് വാക്കിനിറങ്ങിയതിനെതിരെ രൂക്ഷപരിഹാസം ചൊരിഞ്ഞതാണ് അഴിക്കോട് ചെയ്ത തെറ്റ്. വാക്കുകളുടെ അലയൊടുങ്ങാത്ത സാഗരത്തെ നാവിന്‍തുമ്പില്‍ തളച്ചിട്ട് പോരു വിളിക്കാനിറങ്ങിയ അഴിക്കോടിനെ നേരിടാന്‍ വാടകപ്പേനകളുടെ ഊന്നുവടികളില്‍ സാഹിത്യനായകനായ തനിക്ക് കഴിയില്ലെന്ന് ബോധ്യമുളളതു കൊണ്ട്, ചങ്ങമ്പുഴയെപ്പോലെ
"നല്ലതിരുട്ടാണ്, കാണ്മുന്നില്‍ കാണിക്കു
കില്ലസൂയ തന്‍ രൂക്ഷതകള്‍
സ്വീകരിക്കുന്നു ഞാന്‍ സന്തോഷപൂര്‍വമീ
യേകാന്തതയും കൊടും തണുപ്പും" എന്നെഴുതി നല്ല പിളള ചമയാനൊന്നും നിന്നില്ല.
അനന്തരം ക്രൈം നന്ദകുമാര്‍ രംഗത്തിറങ്ങി. ഓര്‍ക്കാനറയ്ക്കുന്ന പുലയാട്ടിന് സാക്ഷര കേരളം സാക്ഷിയായി.
"തണ്ടലര്‍ പൂക്കുന്നോരിങ്ങുളള പൊയ്കയി
ലുണ്ടറയ്ക്കുന്ന നീര്‍ക്കോലികളും
ചേറും കൃമികളും കേറാതെ മഞ്ജിമ
ചേരുന്ന മാനസം മന്നിലി"ല്ലെന്ന ചങ്ങമ്പുഴയുടെ വരികള്‍ അച്ചട്ടായി.
മനസേ ഓര്‍ക്കുക, സ്വന്തം പെങ്ങള്‍ക്കെതിരെ മഞ്ഞപ്പരമ്പരയെഴുതാന്‍ മാതൃഭൂമിത്താളുകളെ ആയുധമാക്കിയ വീരേന്ദ്ര കുമാറിന്റെ രാഷ്ട്രീയ സാമൂഹ്യ മര്യാദകളെ...
മനസേ ഓര്‍ക്കുക, കോഴിക്കോട് മേയറായിരുന്ന എം കെ പ്രേമജത്തെ പഥികനെന്ന പേരില്‍ അശ്ലീലക്കഥയെഴുതി അപമാനിച്ച മഞ്ഞപ്പത്ര പാരമ്പര്യത്തെ....
മനസേ ഓര്‍ക്കുക...സിപിഎമ്മില്‍ നടക്കുന്ന ഗ്രൂപ്പുപോരില്‍ ഒരു വിഭാഗത്തിന്റെ മുഖപത്രമായി വേഷം കെട്ടിയ മാതൃഭൂമിയെ. ഗ്രൂപ്പു പകമൂത്ത് വിഎസ് പക്ഷ രാജവെമ്പാലകള്‍ ചീറ്റിയ കൊടും വിഷത്തെ മടിയില്ലാതെ കോരിയെടുത്ത് സ്വന്തം കണ്ടെത്തലെന്ന മട്ടില്‍ അച്ചടിമഷി പുരട്ടി അവതരിപ്പിച്ച തൊലിക്കട്ടിയെ...പി പി ശശീന്ദ്രനും, ആര്‍ ഹരികുമാറും കെ എം ജോഷിയുമടങ്ങുന്ന സിന്‍ഡിക്കേറ്റ് പട ആളിക്കത്തിയ മലപ്പുറം സമ്മേളന നാളുകളെ..
വീരേന്ദ്ര കുമാറിന്റെ കോഴിക്കോട് ജാതകം മാറ്റിയെഴുതാനുളള തീരുമാനം മലപ്പുറം സമ്മേളന കാലത്തു തന്നെ സിപിഎം കൈക്കൊണ്ടിട്ടുണ്ടാകണം. മുഖത്തു നോക്കി സ്തുതിക്കുകയും പത്രം വഴി നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവരെ വെച്ചു വാഴിക്കാന്‍ തലയ്ക്ക് സ്ഥിരതയില്ലാത്തവരല്ലല്ലോ സിപിഎമ്മിനെ നയിക്കുന്നത്!
മനസേ ഓര്‍ക്കുക, ഇടതുമുന്നണി യോഗത്തിനെത്തുമ്പോള്‍ നിറഞ്ഞു കത്തുന്ന വെളുത്ത ചിരിയ്ക്കടിയില്‍ ഊറി നിറഞ്ഞു കിടക്കുന്നത് കാളകൂട വിഷത്തിന്റെ തടാകമാണെന്ന് പിണറായി വിജയനു ബോധ്യമായെന്ന സത്യത്തെ..
അദ്വൈത വേദാന്തത്തിലും ഭാരതീയ ദാര്‍ശനിക പാരമ്പര്യത്തിലും അത്യുല്‍കൃഷ്ടമായ പാണ്ഡിത്യമുളളതു കൊണ്ട് വിജയവും പരാജയവും തീരുമാനിക്കുന്നത് ജനങ്ങളാണെന്ന സത്യം അദ്ദേഹത്തിനറിയാം. തങ്ങളുടെ വിധി കോഴിക്കോട്ടുകാര്‍ തീരുമാനിച്ചാല്‍ മതിയെന്നാണ് അദ്ദേഹത്തിന്റെ ഖണ്ഡിതമായ അഭിപ്രായം. വയനാട്ടുകാരെ നാട്ടുകാരായേ വീരേന്ദ്രകുമാറും പാര്‍ട്ടിയും കണക്കാക്കിയിട്ടുളളൂ. കോഴിക്കോട്ടെ ജനമാണ്, ജനം.
ജനിച്ചു വളര്‍ന്ന നാട്ടിലല്ലേ സാധ്യതയും സ്വാധീനവും കൂടുതലുണ്ടാകേണ്ടത് എന്ന് പഴമനസുകള്‍ക്ക് സംശയം തോന്നാം. മനസേ ഓര്‍ക്കുക, "ശാന്തപ്പന്റെ മരണം കടങ്കഥയോ?" എന്ന മാതൃഭൂമി പരമ്പരയെ, ആട്ടുകല്ലുമൂല എന്ന സ്ഥലത്തെ..
"മനസേ ഓര്‍ക്കൂ, ചെയ്തതെല്ലാം" എന്ന ലേഖന പരമ്പരയിലൊരിടത്ത് വീരേന്ദ്ര കുമാര്‍ ഇങ്ങനെ എഴുതുന്നു.
"......ജീവദശയില്‍ ഒരുവന് അന്യരില്‍ നിന്നു കിട്ടിയ നന്മയും തന്നെക്കൊണ്ട് മറ്റുളളവര്‍ക്ക് കൈവന്ന നന്മയും ഓര്‍ത്തുകൊണ്ട് ദേഹം വെടിയാന്‍ കഴിയണം.."
അത്രയുമൊന്നും വേണ്ട.. ചെയ്തതൊക്കെ ഓര്‍ത്ത് ചുരുങ്ങിയ പക്ഷം കോഴിക്കോട് സീറ്റെങ്കിലും വെടിയാന്‍ കഴിയേണ്ടേ, സാക്ഷാല്‍ വീരേന്ദ്രകുമാറിന്?
29 comments:
"മനസേ ഓര്‍ക്കൂ, ചെയ്തതെല്ലാം" എന്ന ലേഖന പരമ്പരയിലൊരിടത്ത് വീരേന്ദ്ര കുമാര്‍ ഇങ്ങനെ എഴുതുന്നു.
"......ജീവദശയില്‍ ഒരുവന് അന്യരില്‍ നിന്നു കിട്ടിയ നന്മയും തന്നെക്കൊണ്ട് മറ്റുളളവര്‍ക്ക് കൈവന്ന നന്മയും ഓര്‍ത്തുകൊണ്ട് ദേഹം വെടിയാന്‍ കഴിയണം.."
അത്രയുമൊന്നും വേണ്ട.. ചെയ്തതൊക്കെ ഓര്‍ത്ത് ചുരുങ്ങിയ പക്ഷം കോഴിക്കോട് സീറ്റെങ്കിലും വെടിയാന്‍ കഴിയേണ്ടേ, സാക്ഷാല്‍ വീരേന്ദ്രകുമാറിന്?
പരാന്നഭോജികളായ സി പി ഐ യും ജനതാദളും സ്വമേധയാ വിട്ടു പോകുകയാണെങ്കിൽ പോകട്ടെ. ഇനി പോയില്ലെങ്കിൽ ചവുട്ടി പുറത്താക്കാനുള്ള ധൈര്യം കാണിക്കട്ടെ കമ്മു മാർ പാർട്ടി.ഒരു പഞ്ചായത്ത് ഭരണം പോലും ഒറ്റയ്ക്ക് ജയിക്കാൻ കഴിവില്ലാത്ത ഇത്തിക്കണ്ണികൾ ഒറ്റയ്ക്ക് മത്സരിക്കട്ടെ. കാണാമല്ലൊ ഒരു ലോകസഭാമണ്ഡലത്തിൽ 5000 ഇൽ അധികം വോട്ട് കിട്ടുമോ എന്ന്.ഈ പാരാസൈറ്റ്സ് ഒക്കെ പോയാലും ഭരണം നില നിൽക്കും
ഓ ടൊ: വീരന്റെ ഒരു പ്രസിദ്ധ പുസ്തകം എഴുതിയത് ഒരു കോഴിക്കോടുകാരൻ യുവകോമളനാണെന്ന് വിശ്വസനീയ കേന്ദ്രങ്ങൾ പറയുന്നു
ലതു തന്നെ, ഒറ്റക്കു നിന്നാൽ സ്ഥാനാർത്ഥിയുടെ വോട്ടൂം പോലും കിട്ടുമോയെന്നുറപ്പില്ലാത്ത സിപിഐയും ജനതാദളുമടക്കമുള്ള പരാന്ന ഭോജികൾ മുന്നണി വിട്ടു പോകുന്നതു തന്നെ നല്ലതു. അരീം തിന്നു ആശാരിച്ചേയും കടിച്ചിട്ടു പിന്നെം പട്ടിക്കു മുറുമുറുപ്പെന്ന കണക്കിലാണു ലവന്മാരുടെ പോക്ക്. സി പി എമ്മിന്റെ പ്രവർത്തകർ രാപകലില്ലാതെ കഷ്ടപ്പെട്ട് പ്രവർത്തിച്ചുണ്ടാക്കുന്ന പ്രയത്നത്തിന്റെയൊക്കെ ഫലം അനുഭവിക്കാൻ വെളിയത്തിനും വീരേന്ദ്രകുമാറിനും നാണമില്ലെ ആവൊ ? അഡ്രസില്ലാത്ത പാർട്ടികൾ !
കാലം സാക്ഷി ചരിത്രം സാക്ഷി
സബാഷ്! ഇന്ദ്രമ്മാമയ്ക്ക് അടുത്താഴ്ച വയറിളകാനുള്ളതായിക്കിട്ടി. ഗോപീകൃഷ്ണന്‍ രണ്ട് ദിവസം മുന്‍പ് ആദ്യമായിട്ടാണെന്ന് തോന്നുന്നു, ‘മനസ്സില്ലാമനസ്സോടെ’ ഒരു വീരേന്ദ്രക്കാര്‍ട്ടൂണ്‍ വരച്ച് ‘കാകദൃഷ്ടി’യില്‍ ഇട്ടിരിക്കുന്നതുകണ്ടു. ഹാവൂ...അപ്പം എംഡിയെക്കളിയാക്കാനും ലങ്ങേര്‍ക്ക് പേന പൊന്തും !
:)
പി. ഡി. പി. നീയെന്‍ കരം പിടിച്ചാല്‍
സി. പി. ഐ. എന്തിനു വേറെ...?
ജന്മലക്‌ഷ്യം പൂര്‍ത്തീകരിക്കാന്‍ ഇതും ഒരവസരം എന്ന് കരുതുന്നവര്‍ക്ക് ലാല്‍സലാം.
(ഒരു ലോക്സഭാമണ്ഡലത്തില്‍ 5000 വോട്ടില്ലാത്ത കക്ഷി... എന്നൊക്കെ പറയാന്‍, എല്ലാ മണ്ഡലവും
വടകരയല്ലല്ലോ സഖാവേ!)
കത്തിയ്ക്കാൻ ഒരു തീപ്പെട്ടിയും വലിയ്ക്കാനൊരു ചുണ്ടും തന്നാൽ ഓസിനു കിട്ടുന്ന ബീഡി ഞാനൊന്നു വലിച്ചു കാട്ടിത്തരാമെന്ന ഉദാര മനസ്കതപോലെ ചിന്തിയ്ക്കൻ ഒരു മനസ്സും എഴുതാൻ ഒരു തൂലികയും അതു പിടിയ്ക്കാൻ ഒരു കൈയ്യും അതു പകർത്താൻ ഒരു പേപ്പറും അതിന് അവാർഡുനൽകാൻ ഒരു കമ്മിറ്റിയും ഉണ്ടെങ്കിൽ ഞാനും ഒരു വലിയ സാഹിത്യ കാരനാകും എന്നു തെളിയിച്ചു തന്നാ അല്ലയോ വീര മഹാനുഭാവോ നമോവാകം എന്നു പാടിയതാരണാവോ! വാക്കും പ്രവ്ര്‌ത്തിയും രണ്ടെന്നു കണ്ട നമ നാരായണായ നമ നാരായണ എന്നു പാടിയ മഹാകവിയുടെ മനസ്സിൽ കാലക്രമാൽ ജനിയ്ക്കാനിരിയ്ക്കുന്ന ഒരു വീരേതിഹാസം ഉണ്ടായിരുന്നുവോ? ആ! ആർക്കറിയാം! പക്ഷേ നമിച്ച്! വേണമെങ്കിൽ വർഗ്ഗ താല്പര്യം മുന്നിർത്തി ഇടതു വിരുദ്ധ മുന്നണികളിൽ ഏതിലെങ്കിലും നിലയുറപ്പിയ്ക്കാൻ പോന്ന ആസ്തികൾ ഉണ്ടാഞ്ഞിട്ടും ഒരു സോഷ്യലിസ്റ്റായി ഇടതുപക്ഷ ചേരിയിൽ ഉറച്ചു നിന്ന പാരമ്പര്യം വിസ്മരിയ്ക്കാവുന്നതല്ലെങ്കിലും അതിനു ഇനിയും വലിയ വിലകൾ നൽകി നഷ്ടക്കച്ചവടം തുടരേണ്ടതില്ലെന്നു മാർക്സിസ്റ്റു പാർട്ടി തീരുമാനിച്ചതു യാദ്ര് ശ്ചികമാകാൻ വഴിയില്ല. ദിവസങ്ങളോളം ഉറക്കമിളച്ചിരുന്ന് പാർട്ടിപ്രചരണത്തിനുള്ള ഒരു ജിഹ്വയുടെ താളുകൾ അധികവും ശസ്ത്രീയ തെറിയധിഷ്ടിതമായ മാത്ര്‌ഭൂമീനിരൂപണത്തിനും “വീരചരിത” സംഹിതയ്ക്കും വേണ്ടി വ്ര്‌ഥാവ്യായാമം ചെയ്യേണ്ടി വന്നത് പണ്ട് ജാംബവാന്റെ കാലത്തൊന്നുമല്ല. ഓർമ്മകൾ മങ്ങാൻ മാത്രം ദൂരമില്ലാത്ത സമീപ കാലത്താണ്. കെട്ടുപ്രായമായ പെൺകുട്ടികൾക്കു സംബന്ധം കിട്ടാതിരിയ്ക്കാൻ കാലേക്കൂട്ടി ബോധപൂർവ്വം പ്രചാരണം നടത്തുന്ന ഞരമ്പുരോഗികളായ കല്യാണത്തട്ടിപ്പു വീരൻ മാരെപ്പോലെ വിദ്യാർത്ഥിനീ നേതാവിനെക്കുറിച്ച് ഇക്കിളിപ്പെടുത്തുന്ന ഗോസ്സിപ്പുകൾ ഇറക്കുകയും അതിന് ഏറ്റവും അർഹമായ തന്തയ്ക്കുവിളി എന്ന പ്രതികരണം ഏറ്റുവാങ്ങുകയും ചെയ്തിട്ട് യാതൊരു ഉളുപ്പുമില്ലാതെ വിദ്യാർത്ഥിനേതാവിന്റെ സംസ്കാര ശൂന്യതയെപ്പറ്റി മാധ്യമ മുടിയാട്ടം സംഘടിപ്യ്ക്കാൻ ഉപയോഗിച്ച സിൻഡിക്കേറ്റുകൾ സീറ്റു കിട്ടാനും സഹായിക്കട്ടെ! ഒരു ലോക്സഭാ സീറ്റു കിട്ടിയില്ലെന്നു വച്ച് സകല സുഖഭോഗങ്ങളും നഷ്ടപ്പെട്ടു പോകും എന്നു കരുതി സന്തോഷിയ്ക്കാൻ മാത്രം ഒരു നിസ്സാര ജീവിതമൊന്നും അല്ലെങ്കിലും ഇരിയ്ക്കട്ടേ ഒരു കൊട്ട് എന്നു് കരുതിയിരിയ്ക്കും സി.പി.എം. പൊന്നുരുക്കുന്നിടത്തു പൂച്ചയ്ക്കെന്തുകാര്യം എന്ന ചോദ്യം ഈ എഴുതിപ്പിടിപ്പിയ്ക്കലിനിടയിൽ അലോസരപ്പെടുത്തിക്കൊണ്ടിരുന്നെങ്കിലും അണ്ണാൻ കുഞ്ഞും തന്നാലായത് എന്നു പറഞ്ഞ് തൽക്കാലം നിർത്തുന്നു.
I would agree for removing this useless parties.
good move CPM. keep it up.
പോസ്റ്റു വായിച്ചു.
ഒറ്റയ്ക്ക് മത്സരിച്ചാല്‍ 5000 വോട്ടു കിട്ടാത്ത പാര്‍ടികള്‍ തന്നെ ഘടക കക്ഷികള്. എന്നാല്‍ ഒറ്റയ്ക്ക് മത്സരിച്ചു ജയിക്കാമെന്ന വ്യാമോഹമെങ്കിലും പിണറായി വിജയനും മാരീചനും ഉണ്ടെങ്കില്‍ കണ്ണൂരെങ്കിലും ഒന്നു മത്സരിച്ചു നോക്ക്. അപ്പോഴറിയാം. PDP ഏറ്റവും വലിയ മതേതര കക്ഷിയും രണ്ടാതാനിയും കാന്തപുരവും മദനിയുമൊക്കെ ഇടതു സഹയാത്രികരാവുന്ന കാലം കലികാലം അല്ലാതെ വേറെ എന്ത്.
ഹാലോ മാരീചന്‍ ,
വളരെ നന്നായി.സിന്ധു ജോയിയെകുറിച്ചു അപവാദം എഴുതിയതും അതില്‍ പ്രതിഷേധിച്ചു നട്ടെല്ല് ഉള്ള സ്വരാജ് എന്ന ചെറുപ്പക്കാരന്‍ ആട്ടി തുപ്പിയപ്പോള്‍ ആ തുപ്പല്‍ വിഴുങ്ങി ചില മാധ്യമ ശിങ്കിടികളെ കൊണ്ട് പൊറാട്ടു നാടകം ആടിച്ചതും തനിക്കെതിരായി പറഞ്ഞ സുകുമാര്‍ അഴീകൊടിനെയും ഒരു കന്യാസ്ത്രീയെയും കുറിച്ച് ബന്ധപ്പെടുത്തി എഴുതിപ്പിച്ചതും ഓര്‍മ്മിപിച്ചത് നന്നായി. നുണകഥ എഴുതി അപമാനിച്ച സിന്ധു ജോയി സ്ഥനാര്‍ഥി ആയപ്പോള്‍ സീറ്റില്ലാതെ വെള്ളം കുടിക്കുന്ന വീരന്‍.ഇതു കാലത്തിന്റെ മധുരമായ ഒരു പ്രതികാരം മാത്രം.
രാമന്റെ ദുഃഖം , രാജന്റെ ദുഃഖം.
മനോമനന്‍ ജീ,
"..വേണമെങ്കിൽ വർഗ്ഗ താല്പര്യം മുന്നിർത്തി ഇടതു വിരുദ്ധ മുന്നണികളിൽ ഏതിലെങ്കിലും നിലയുറപ്പിയ്ക്കാൻ പോന്ന ആസ്തികൾ ഉണ്ടാഞ്ഞിട്ടും ഒരു സോഷ്യലിസ്റ്റായി ഇടതുപക്ഷ ചേരിയിൽ ഉറച്ചു നിന്ന പാരമ്പര്യം വിസ്മരിയ്ക്കാവുന്നതല്ലെങ്കിലും.."
ഇടത്-വിരുദ്ധ ചേരിയില്‍ നിന്നാല്‍ സോഷ്യലിസ്റ്റ്-സാഹിത്യകാര-ആക്റ്റിവിസ്റ്റുബുജി ഇമേജെങ്ങനെ ഉണ്ടാക്കിയെടുക്കും ? പുസ്തകം പോയിട്ട് പത്രമെങ്കിലും വായിക്കുന്ന നാലാളുടെ ഇടയ്ക്കല്ലേ “ബുജിത്വം” വിറ്റു പോകൂ. അതിനു പറ്റിയ തട്ടകം തന്നെ കളിയറിയാവുന്ന ആശാന്‍ തെരഞ്ഞെടുത്തു.ഒപ്പം നിഷ്പക്ഷതയുടെയും വസ്തുനിഷ്ഠതയുടേയും “വിളക്കുമാടം” കളിക്കാന്‍ ഒരു പത്രവും...അത്ര തന്നെ :))
ഒരു ഓഫ് ടോപിക്
അഴീക്കോടിനെ പറ്റിയുള്ള ക്രൈംസീരിസില്‍ വീരേന്ദ്രനു പങ്കുണ്ടോ?? എങ്കില്‍ അതു തിരിച്ചറിയാതെയാണോ ഹൈമതഭൂവിലിനെ പറ്റി അഴീക്കോട്
പ്രകീര്‍ത്തിച്ചെഴുതിയത്?? അതോ തെറ്റുകളെല്ലാം മറക്കുന്ന മഹാനുഭാവനാണോ അഴീക്കോട്??
.
പിണറായിയേക്കാൾ വലിയേട്ടനാണല്ലോ തഥാഗതൻ. പരാന്നഭോജികളും, ഇത്തിക്കണ്ണികളും ആയവരുടെ തോളിൽ മിനിഞ്ഞാൻ വരെ കയ്യിട്ട് നടന്നിട്ടല്ലേ അണ്ണ ഇപ്പോൾ ഈ ഗീർവാണം. സോറി, കമ്മുക്കൾക്ക് നാഴികയ്ക്ക് നാൽപ്പത്തിമുന്നു വട്ടം മാറ്റാനുള്ളതാണല്ലോ വാക്ക്. അക്കാര്യം മറന്നു പോയി
പാഞ്ച സാറേ..അതു കലക്കി
നമിച്ചു സാറേ.
ഞാൻ മിനിഞ്ഞാന്ന് വരെ വെളിയത്തിന്റേയും വീരന്റേയും തോളിൽ കയ്യിട്ടു നടന്നു എന്ന രഹസ്യം,സാറിന് എങ്ങനെ മനസ്സിലായി?
പരാന്നഭോജികളായ സി പി ഐ യും ജനതാദളും സ്വമേധയാ വിട്ടു പോകുകയാണെങ്കിൽ പോകട്ടെ. ഒരു പഞ്ചായത്ത് ഭരണം പോലും ഒറ്റയ്ക്ക് ജയിക്കാൻ കഴിവില്ലാത്ത ഇത്തിക്കണ്ണികൾ ഒറ്റയ്ക്ക് മത്സരിക്കട്ടെ.
എന്നിങ്ങനെയുള്ള ഘോരപ്രസ്ഥാവനകൾ കണ്ടപ്പോൾ പ്രസ്ഥാനമാണെന്ന് ധരിച്ചുപോയതാണ്.
സിപിഐ മുന്നണി വിട്ടുപോയി പതിനെട്ട് മണ്ഡലങ്ങളില്‍ ഒറ്റക്ക് മത്സരിക്കുമെന്ന് ഇടക്കെവിടെയോ കേട്ടു. ബിജെപിക്കോ കോണ്‍ഗ്രസിനോ വോട്ട് ചെയ്യാന്‍ വയ്യാത്തത് കൊണ്ട് മാത്രം സിപിയെമ്മിന് വോട്ട് ചെയ്യേണ്ടി വരുന്ന ഒരുപാട് ഇടത് അനുഭാവികള്‍ക്ക് മനസാക്ഷിയോട് നീതി പുലര്‍ത്തിക്കൊണ്ട് വോട്ട് ചെയ്യാന്‍ ഒരവസരമായിരിക്കുമത്. അല്ലേ?
This post reads like a senseless defamation and does the very same things which the blogger accuses veerendrakumar of doing. Fit more for a CPM election notice than a sensible blog
പോലീസ്കാരന് യൂണിഫോം ഉള്ളപ്പോള്‍ ആളുകള്‍ പേടിക്കുന്നത് അയാളുടെ കുപ്പായത്തിനു കൊടുക്കുന്ന ബഹുമാനമെന്നു പറയുന്നതുപോലെ എമ്മിന്റെ കൂടെ നില്‍ക്കുമ്പോള്‍ കിട്ടുന്ന വോട്ട് എമ്മിനെ വിട്ടിട്ടു വരുമ്പോള്‍ കിട്ടുമോയെന്ന് സി.പി.ഐ. ഓര്‍ക്കുന്നത് നല്ലതാവും.കാരണം സി.പി.ഐ.യ്ക്ക് നല്ല നേതാക്കള്‍ ഉണ്ടെങ്കിലും അണികളുടെ എണ്ണം അല്പം കുറവാണ് .
വീരന് പാര്‍ട്ടിയില്ലെങ്കിലും ജീവിക്കാനുള്ള വകയുണ്ട്.ഇനി അഥവാ വീരന്റെ പാര്‍ട്ടിയ്ക്ക് പണം വേണമെങ്കില്‍ കൈയില്‍ നിന്നിടാനുള്ള ശേഷിയുമുണ്ട്.പക്ഷെ എമ്മിനെ വിട്ടു വരുന്ന സി.പി.ഐ.ബക്കറ്റ് പിരിവ് നടത്തിയാല്‍ വടയും കാപ്പിയും കുടിക്കാനുള്ള പണം പോലും കിട്ടിയെന്നു വരില്ല.പിന്നെ ഒറ്റയ്ക്ക് ജയിക്കാനുള്ള പൂതി.കൊള്ളാം ബീഹാര്‍ അല്ല കേരളമല്ലേ.അപ്പോള്‍ ബൂത്തും പിടിച്ചും ജയിക്കാന്‍ പറ്റുമോ.? പിന്നെ ഉണ്ടിരുന്ന നായര്‍ക്ക് വിളി തോന്നി എന്നും പറഞ്ഞു അവസാനം പോയാല്‍ കടിച്ചതും പിടിച്ചതും കാണില്ല.
തഥാഗതാ.. പരാന്ന ഭോജി പ്രയോഗം അല്പം കൂടിയില്ലേ.?
ഓഫ് : ആപത്ബാന്ധവന്‍ ആയി കരുണാകര പുത്രന്‍ മുരളി ചേട്ടന്‍ കാണും.പക്ഷെ കൂട്ടം വിട്ടുവരുന്ന കുഞ്ഞാടുകളെ കാത്തു നില്‍ക്കുന്ന മുരളിക്കുറുക്കനെ വഴിയില്‍ വെച്ച് കണ്ടു കൂടെപോയാല്‍ അവസാനം സി.പി.ഐ.യുടെ ഭാവി എന്താവും എന്നത് ദൈവത്തിനറിയാം.
മാരിച,
ഇത്രയും ആവേശം വേണമായിരുന്നോ? ഇതിപ്പോ കാള പെറ്റെന്നു കേട്ടെപ്പോള്‍ കയര്‍ എടുത്തു എന്ന് പറഞ്ഞത് പോലെ ആയല്ലോ. ഇനിയിപ്പോള്‍ ജനതാ ദളിന് കോഴിക്കോട് സീറ്റ് കിട്ടിയാല്‍ ഈ എഴുതിയതൊക്കെ വിഴുങ്ങേണ്ടി വരില്ലേ?
ബിനു,
സീറ്റ് കിട്ടിയാല്‍ തന്നെ ജനതാദളിനെ കിട്ടു.വീരന് കിട്ടില്ല. സീറ്റ് കൊടുത്താല്‍ അങ്ങനെ ഒരു കണ്ടീഷന്‍ സി പി എം വയ്ക്കും.
സീറ്റിന്റെ കാര്യത്തില്‍ ഒരന്തിമ തീരുമാനമാകട്ടേ ബിനൂ... അതിനു മുമ്പേ കാളകള്‍ക്ക് പേറ്റു നോവ് തുടങ്ങിയാലോ.............
“അന്ന്, ക്ഷുഭിത യൗവനത്തിന്റെ കരുത്തത്രയും രണ്ടുവാക്കുകളിലാവാഹിച്ച് ഒരു ചെറുപ്പക്കാരന്‍ മാതൃഭൂമിയ്ക്കു നേരെ കാറിത്തുപ്പിയപ്പോള്‍ നാണിച്ച് നടുങ്ങിയത് സ്വദേശാഭിമാനിയുടെയും വക്കം മൗലവിയുടെയും പേരില്‍ അഭിമാനം കൊള്ളുന്ന ഒരു നാടിന്റെ മാധ്യമ പാരമ്പര്യമാണ്...” മാരീചൻജീ പതിവുപോലെ ശക്തം!
ബിനുവേയ്...... കാള പെറ്റാാാാാാ
കാളയുടെ pregnancy test പോസിറ്റീവായി മാരീചരേ :)))
ഹിമാലയം വിറ്റ് കാശാക്കിയതല്ലെ
ഇനി അല്പകാലം ഹിമാലയത്തിൽ ചെന്ന് തപസ്സിരിക്കട്ടെ
ഒരു ചെറിയ കാര്യം ഓര്‍മ്മ വരുന്നു.കാലം 'കയ്യേറ്റ'അന്തിചര്‍ച്ച,ചാനല്‍ ചര്‍ച്ചാ കാലം.സ്ഥലം കോഴിക്കോട്, വേദിയില്‍ സാക്ഷാല്‍ വി.എസ്...കയ്യും കലാശവും കാട്ടി വീരന്‍ ഇങ്ങനെ പറഞ്ഞു..എന്‍റെ അച്ഛനോട് സ: കൃഷ്ണപ്പിള്ള പറഞ്ഞിട്ടാണ് അദ്ദേഹം വയനാട്ടിലെ ഈ കണ്ണായ സ്ഥലമെല്ലാം വാങ്ങികൂട്ടിയത്(കയ്യേറ്റമെന്നു 'ജനപക്ഷ' വാക്ക്).എന്തിനാ ?? ജനത്തെ സഹായിക്കാന്‍(ഇത് മാതൃഭുമി റിപ്പോര്‍ട്ട് ചെയ്തിരുന്നു)
ഏക്കര്‍ കണക്കിന്,അല്ല ഹെക്ടര്‍ കണക്കിന് സ്ഥലത്തിന്‍റെ കേസ് നടക്കുന്നു. എന്നാലെന്താ ഞമ്മക്ക്, സര്‍ക്കാരില്‍, 'ജനപക്ഷ' മാധ്യമ രംഗത്ത്,എല്ലാം 'സഹായിക്കാന്‍' ആളുകളുണ്ടല്ലോ, അതോണ്ട് ഒന്നും വിവാദമാവില്ല, ഒരു ജനവും നമ്മുടെതു കയ്യേറാന്‍ വരികയുമില്ല....ഇനി ഫാരിസ് അബൂബക്കര്‍ മുതല്‍ ചെമ്മീന്‍ ചെറിയാന്‍ വരെ ആരെങ്കിലും "'എന്‍റെ അപ്പോപ്പനോടു എ.കെ.ജി പറഞ്ഞിട്ടാ കയ്യേറിയത്" എന്ന് പറഞ്ഞാല്‍ അപ്പൊ കാണാം വിവാദം, ആഘോഷം,പിന്നെ നാറ്റിക്കല്‍...
Post a Comment