Monday, July 20, 2009

ദില്ലിപ്പോസ്റ്റിലെ നുണവിളക്ക്.............

വാള്‍ട്ട് വിറ്റ്മാന്റെ ആത്മാവിനോട് മാപ്പപേക്ഷിച്ച് അനസൂയയുടെ കിടപ്പറയണയുമ്പോള്‍ പയ്യന്റെ മനസിലെ ചിന്ത ഇതുമാത്രമായിരുന്നു

"പുലരിയുടെ കൊച്ചുമണിക്കൂറുകളില്‍ ഞാന്‍ നിനക്ക് പുതുജീവനും വിശ്വാസവും പകരുന്നതാകുന്നു. തെരഞ്ഞെടുപ്പിന് ടിക്കറ്റു കിട്ടാതെ ആര്‍ക്കു ബോധക്ഷയമുണ്ടാകുന്നുവോ, അവിടെ ഞാനുണ്ടാവും. അവനാകുന്നു ഞാന്‍..." (ആരോഹണം, വി കെ എന്‍.. പേജ് 191).

സോങ് ഓഫ് മൈസെല്‍ഫ് എന്ന വിറ്റ്മാന്‍ കൃതിയിലെ I am large, I contain multitudes എന്ന പ്രശസ്തവാക്യങ്ങള്‍ നാന്ദിയായി കുറിച്ച്, "വിഎസ് ഒന്നല്ല, പലതാണ്" എന്ന് ദില്ലി പോസ്റ്റ് ബ്ലോഗിന്റെ എഡിറ്റോറിയല്‍ പ്രഖ്യാപിക്കുന്നു. രാജ്യസഭയിലേയ്ക്ക് പ്രദേശ് പാര്‍ട്ടി ശിപാര്‍ശ ചെയ്തിട്ടും അന്തിമ നിമിഷത്തില്‍ സീറ്റ് നഷ്ടപ്പെട്ട് ഊര്‍ജവും ഉന്മാദവും ചോര്‍ന്നു പോയ അനസൂയയെ കിടപ്പറയില്‍ സമാശ്വസിപ്പിക്കാന്‍ പയ്യനെ പറഞ്ഞു വിട്ട വികേയെന്നും ഓര്‍ത്തത് ഇതേ വാള്‍ട്ട് വിറ്റ്മാനെത്തന്നെ. 2006ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിഎസിന് സിപിഎം സംസ്ഥാനക്കമ്മിറ്റി സീറ്റു നിഷേധിച്ചുവെന്ന പരാമര്‍ശം അടങ്ങുന്ന എഡിറ്റോറിയലിന്റെ നാന്ദിവാക്യം വിറ്റ്മാന്റേതാകുമ്പോള്‍ കാവ്യനീതിയെന്ന പ്രയോഗം മുനയും മൂര്‍ച്ചയുമുളളതാകുന്നു. വികേയെന്നും ദില്ലി ബന്ധം, ദില്ലി പോസ്റ്റിന്റെ മുഖപ്രസംഗകാരനും ദില്ലി വാസം. സീറ്റു നിഷേധത്തെക്കുറിച്ച് സൂചിപ്പിക്കുമ്പോള്‍ നാണ്വാരും ദില്ലി പോസ്റ്റ് മുഖപ്രസംഗകാരനും ഓര്‍ക്കുന്നത് വാള്‍ട്ട് വിറ്റ്മാനെ... എന്തിനേറെ പറയുന്നു, തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് നിഷേധിക്കപ്പെടുന്നവരെക്കുറിച്ച് എന്തെങ്കിലും എഴുതുമ്പോള്‍ പ്രതിഭാശാലികള്‍ വാള്‍ട്ട് വിറ്റ്മാനെ ഓര്‍ക്കും.

നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വിഎസ് അച്യുതാനന്ദന് സിപിഎം സംസ്ഥാനക്കമ്മിറ്റി സീറ്റു നിഷേധിച്ചു എന്നത് ഒരുപക്ഷേ, കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ തന്നെ ഏറ്റവും പ്രചാരം കിട്ടിയ പെരുങ്കളളമാണ്. സിപിഎമ്മിന്റെ ഏറ്റവും ഉയര്‍ന്ന സംഘടനാരൂപത്തിലെ അംഗമായ വിഎസിന് സീറ്റ് നല്‍കാനോ നിഷേധിക്കാനോ ഒരു സംസ്ഥാനകമ്മിറ്റിക്ക് എന്തധികാരം എന്ന അടിസ്ഥാനചോദ്യം വിസ്മരിച്ചും കേട്ടില്ലെന്ന് നടിച്ചുമാണ് പ്രചരണം മുന്നേറിയത്. ആ കളളം തൊണ്ടതൊടാതെ വിഴുങ്ങിയവരില്‍ സാഹിത്യനായകന്മാരുണ്ട്, സാംസ്ക്കാരിക ശ്രേഷ്ഠന്മാരുണ്ട്, രാഷ്ട്രീയ നിരീക്ഷകരും പ്രവര്‍ത്തകരുമുണ്ട്. സിപിഎമ്മിന്റെ സംഘടനാ ചിട്ടവട്ടങ്ങളെക്കുറിച്ച് സാമാന്യത്തിലധികം ധാരണയുളളവര്‍ പോലും ഈ പ്രചരണത്തില്‍ വീണു പോയിട്ടുണ്ട്. ഉപ്പു ചേര്‍ക്കാതെ കളളം വിഴുങ്ങി, കാണുന്നിടത്തൊക്കെ ഛര്‍ദ്ദിച്ചു വെച്ചവരുണ്ട്. കേരളത്തിന്റെ കൊട്ടിഗ്ഘോഷിക്കപ്പെടുന്ന രാഷ്ട്രീയപ്രബുദ്ധതയ്ക്കു നേരെ ഉയര്‍ന്ന ഏറ്റവും രൂക്ഷമായ ചോദ്യചിഹ്നമായിരുന്നു, 2006ലെ വിഎസിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച വിവാദം.

വിഎസ് ഒന്നല്ല, പലതാണ് എന്ന പോസ്റ്റില്‍ വിഎസിന്റെ സീറ്റു നിഷേധത്തെക്കുറിച്ച് പറയുന്ന ഭാഗം അതുപോലെ പകര്‍ത്തുന്നു...

2006ല്‍ തനിക്കു നിയമസഭ സീറ്റു നിഷേധിച്ച പാര്‍ടി തീരുമാനത്തെ അംഗീകരിക്കാന്‍ വിമുഖത കാണിച്ച വിഎസിന്റെ നിലപാട് അധികാരക്കൊതിയല്ലെ എന്നു ചോദിച്ചപ്പോള്‍, എംഎന്‍ വിജയന്‍ പറഞ്ഞത് ആ സീറ്റ് ഒരു പ്രതീകമായിരുന്നുവെന്നാണ്.

നുണകളുടെ മാലപ്പടക്കമാണ് ഈ വാചകം. ഓരോന്നോരോന്നായി അവയെ വേര്‍തിരിച്ചെടുക്കാം... 2006ല്‍ വിഎസിന് നിയമസഭാ സീറ്റു നിഷേധിച്ച് പാര്‍ട്ടി തീരുമാനമുണ്ടായി; അത് അംഗീകരിക്കാന്‍ വിഎസ് വിമുഖത കാണിച്ചു; അത് അധികാരക്കൊതിയല്ലേ എന്ന് സംശയമുണ്ടായി; ചോദ്യമുണ്ടായപ്പോള്‍ ആ സീറ്റ് ഒരു പ്രതീകമായിരുന്നുവെന്ന് എംഎന്‍ വിജയന്‍ അഭിപ്രായപ്പെട്ടു. വസ്തുതകളെന്ന മട്ടില്‍ ഇത്രയും വിവരങ്ങള്‍ എഡിറ്റോറിയല്‍ രചയിതാവ് ഒറ്റവാചകത്തില്‍ സന്നിവേശിപ്പിക്കുന്നു.

ആ സീറ്റ് ഒരു പ്രതീകമായിരുന്നുവെന്ന് എം എന്‍ വിജയന്റെ അഭിപ്രായം മാറ്റി വെച്ചാല്‍ ബാക്കിയൊന്നും വസ്തുതയല്ല. വ്യാഖ്യാനങ്ങളാണ്. തര്‍ക്കമറ്റതും ചോദ്യം ചെയ്യപ്പെടാനിടയില്ലാത്തവിധം സംശയദുരീകരണം നടത്തിയതുമായ വസ്തുതയെന്ന മട്ടിലാണ് പക്ഷേ, ഈ വാചകത്തിന്റെ നിലനില്‍പ്പ്. വിഎസിന് പാര്‍ട്ടി സീറ്റ് നിഷേധിക്കുന്നു, ആ തീരുമാനം അംഗീകരിക്കാന്‍ വിഎസ് വിമുഖത കാണിക്കുന്നു. അത് അധികാരക്കൊതിയല്ലേ എന്ന് ചോദ്യമുയരുന്നു. എന്നിട്ട് അതേക്കുറിച്ച് സര്‍വ മലയാളികളും കേള്‍ക്കാന്‍ കൊതിച്ച ഒരു വാചകം എംഎന്‍ വിജയന്‍ പറയുന്നു. ശുഭം. സുന്ദരം.

വിഎസിന് ആരും സീറ്റ് നിഷേധിച്ചിട്ടില്ല, അങ്ങനെയൊരു തീരുമാനമില്ല, അത് അംഗീകരിക്കാന്‍ വിഎസ് വിമുഖതയും കാണിച്ചിട്ടില്ല എങ്കിലോ. എം എന്‍ വിജയന്‍ പറഞ്ഞ ആ പ്രതീകം ഏതായിരിക്കും? പ്രതീകമെന്നേ വിജയന്‍ പറഞ്ഞിട്ടുളളൂ. എന്തു പ്രതീകമെന്ന് വ്യക്തമാക്കിയിട്ടില്ല. മുഖപ്രസംഗകാരനും അതു വ്യക്തമാക്കുന്നില്ല. പ്രവാചകനാണ് വിജയന്‍. ഏത് സാഹചര്യത്തിലും ഏതു വിധത്തിലും വ്യാഖ്യാനിക്കാവുന്ന വാചകങ്ങള്‍ നിര്‍മ്മിക്കുന്നവനാണ് പ്രവാചകന്‍. വിഎസിന്റെ സീറ്റു നിഷേധത്തെക്കുറിച്ച് രേഖപ്പെടുത്തപ്പെട്ട വസ്തുതകളിലൂടെ കണ്ണോടിച്ചാല്‍ മുഖപ്രസംഗകാരന്‍ മനസിലാക്കിയ അര്‍ത്ഥമല്ല, വിജയന്‍ ഉദ്ദേശിച്ച പ്രതീകത്തിനുളളതെന്ന് പിടികിട്ടും.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പൊളിറ്റ് ബ്യൂറോ മെമ്പര്‍ക്ക് സീറ്റു നിഷേധിക്കാന്‍ സംസ്ഥാന കമ്മിറ്റിയ്ക്ക് അധികാരമുണ്ടോ എന്ന ചോദ്യവും അതിന്റെ മറുപടിയും കാര്യങ്ങളെ വീണ്ടും കുഴച്ചു മറിക്കുകയാണ്. സംശയാലുവായ വായനക്കാരനെ മറുപടിയിലും തൃപ്തിപ്പെടുത്താന്‍ ദില്ലി പോസ്റ്റിന്റെ മുഖപ്രസംഗകാരന് കഴിയുന്നില്ല.

ദാ ഇതാണ് ആ മറുപടി.

'കമ്മ്യൂണിസ്റ്റ് പാര്ട്ടിയുടെ പൊളിറ്റ് ബ്യൂറോ മെമ്പര്ക്ക് സീറ്റു നിഷേധിക്കാന് സംസ്ഥാന കമ്മിറ്റിയ്ക്ക് അധികാരമുണ്ടോ' എന്ന ചോദ്യം കൊള്ളാം. എങ്ങിനെയാണ് രണ്ടു പോളിറ്റ് ബ്യൂറോ അംഗങ്ങളും മത്സരിക്കേണ്ടെന്ന തീരുമാനമുണ്ടായത്? ആ തീരുമാനം മേല്ക്കമ്മിറ്റി അംഗീകരിച്ചത്? വിഎസ് മുഖ്യമന്ത്രിയാവരുത് എന്ന് വിജയന് നയിക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റിന് നിര്ബന്ധമുണ്ടായിരുന്നു എന്നത് തെളിവു ഹാജരാക്കേണ്ട വാദമൊന്നുമല്ലല്ലോ. ഒടുവില് മുഖ്യമന്ത്രിയായപ്പോഴും ആഭ്യന്തര, വിജിലന്സ് വകുപ്പുകള് വിഎസിനുണ്ടായിരുന്നില്ല. ഇങ്ങിനെ വിജയന് ഗ്രൂപ്പിന്റെ താല്പര്യങ്ങള്ക്കനുസരിച്ചാണ് മുഖ്യമന്ത്രിയുടെ വകുപ്പുകള് പോലും തീരുമാനിക്കപ്പെട്ടത്. എന്നിട്ടാണ് വിഎസ് പോളിറ്റ് ബ്യൂറോ അംഗമല്ലെ എന്ന ചോദ്യം. കൊള്ളാം.

അരിയെത്ര എന്നു ചോദിച്ചാല്‍, പിണറായി അഞ്ഞാഴിയെന്ന് പറഞ്ഞു ശീലിച്ചവരാണ് വിഎസിന്റെ ഏതാണ്ടെല്ലാ ആരാധകരും. സിപിഎമ്മിന്റെ പിബി അംഗത്തിന് സീറ്റു നിഷേധിക്കാന്‍ സംസ്ഥാന കമ്മിറ്റിക്ക് അധികാരമുണ്ടോ എന്ന ചോദ്യത്തിന്റെ ഉത്തരം ഒരുപാട് സാധ്യതകളൊന്നും തുറന്നിടുന്നില്ല. ഉണ്ട്, അല്ലെങ്കില്‍ ഇല്ല എന്ന ഒറ്റ ഉത്തരത്തില്‍ അടഞ്ഞു പോകുന്ന ഡയറക്ട് ചോദ്യം. രണ്ടു പോളിറ്റ് ബ്യൂറോ അംഗങ്ങളും മത്സരിക്കേണ്ടെന്ന തീരുമാനം എങ്ങനെയുണ്ടായി എന്ന മറുചോദ്യം അതിനു മറുപടിയേ അല്ല. വിഎസ് മുഖ്യമന്ത്രിയാകരുത് എന്ന് മറു വിഭാഗത്തിന് ആഗ്രഹമുണ്ടായിരുന്നിരിക്കാം. അതെന്തു കൊണ്ട് എന്ന ചോദ്യത്തിന് മലപ്പുറം സമ്മേളനകാലത്തെ വിഎസിന്റെ അജണ്ടയാണ് ഉത്തരം. തനിക്കിഷ്ടമില്ലാത്തവരാരും ഇനിയീ പാര്‍ട്ടിയില്‍ വേണ്ടെന്ന തീരുമാനം പരസ്യമായി പ്രഖ്യാപിച്ച് തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ വിഎസ് നടത്തിയ അഴിഞ്ഞാട്ടത്തിന്റെ ഫലമാണ് ആ ആഗ്രഹം. അതവിടെ നില്‍ക്കട്ടെ.

അങ്ങനെയൊരു ആഗ്രഹം വിഎസിന്റെ എതിര്‍ഗ്രൂപ്പ് വെച്ചു പുലര്‍ത്തിയിരുന്നു എന്ന തീര്‍ത്തും പരസ്യമായ സത്യം, 2006ല്‍ സിപിഎം സംസ്ഥാന കമ്മിറ്റി വിഎസിന് സീറ്റു നിഷേധിച്ചുവെന്ന പച്ചക്കളളം എഴുതി പ്രചരിപ്പിക്കാനുളള ലൈസന്‍സാണോ?

2006ല്‍ വിഎസ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളെക്കുറിച്ച് സിപിഎം തുറന്നു പറഞ്ഞിട്ടുണ്ട്. 2008 മാര്‍ച്ച് 29 മുതല്‍ ഏപ്രില്‍ മൂന്നു വരെ കോയമ്പത്തൂരില്‍ നടന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ടില്‍ സംഭവിച്ചകാര്യങ്ങള്‍ സുവ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച റിപ്പോര്‍ട്ടും കളളമാണെന്നും പിണറായി എഴുതിക്കൊടുത്തത് പ്രകാശ് കാരാട്ടും സംഘവും ഏറ്റുപാടുകയായിരുന്നുവെന്നും വാദിക്കാനുളള അവകാശം പൂര്‍ണമായും അംഗീകരിച്ചുകൊണ്ട് ആ റിപ്പോര്‍ട്ടിന്റെ 195, 196 പേജുകള്‍ നമുക്കൊന്നു വായിച്ചു നോക്കാം.

...2006 മാര്‍ച്ചിലെ കേന്ദ്രക്കമ്മിറ്റിക്കു ശേഷം വിഎസ് അച്യുതാനന്ദനും പിണറായി വിജയനും നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്ന് പിബി കൂടി തീരുമാനിച്ചു. പിബി യോഗത്തിനു മുമ്പ് കേരളത്തില്‍ നിന്നുളള കേന്ദ്രക്കമ്മിറ്റി അംഗങ്ങളെ വിളിക്കുകയും അവരുടെ കാഴ്ചപ്പാടുകള്‍ കേള്‍ക്കുകയും ചെയ്തിരുന്നു. വിഎസ് അച്യുതാനന്ദനും പിണറായി വിജയനും തങ്ങള്‍ മത്സരിക്കാനുദ്ദേശിക്കുന്നില്ലെന്ന് പിബിയില്‍ പറഞ്ഞു. സംസ്ഥാനക്കമ്മിറ്റി മത്സരിക്കുന്ന ടീമിന്റെ നേതാവിനെ നിശ്ചയിക്കണമെന്നും പിബി തീരുമാനിച്ചു. ഈ തീരുമാനം സംസ്ഥാന സെക്രട്ടേറിയറ്റിനെയും സംസ്ഥാന കമ്മിറ്റിയെയും അറിയിച്ചു. സംസ്ഥാന കമ്മിറ്റി യോഗത്തിനു ശേഷം ചില ജില്ലാക്കമ്മിറ്റികളും കീഴ് കമ്മിറ്റികളും വിഎസ് അച്യുതാനന്ദനെ സ്ഥാനാര്‍ത്ഥിയാക്കാത്തത് പാര്‍ട്ടി അംഗങ്ങള്‍ക്കും അനുഭാവികള്‍ക്കും ഇടയില്‍ ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ടെന്നും അത് പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് വിജയത്തെ ബാധിക്കാനിടയുണ്ടെന്നും കാണിച്ച് പാര്‍ട്ടി സെന്ററിലേയ്ക്ക് കത്തെഴുതി. പാര്‍ട്ടിയെ പിന്തുണയ്ക്കുന്ന നിരവധിപേരും മറ്റു വ്യക്തികളും ഇതേപോലുളള കത്തുകള്‍ പാര്‍ട്ടി കേന്ദ്രത്തിന് എഴുതി. വിഎസ് അച്യുതാനന്ദന് നീതി രഹിതമായി സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കുകയാണ് പാര്‍ട്ടി ചെയ്തതെന്ന് മാധ്യമങ്ങള്‍ സംഘടിതമായി പ്രചാരവേല നടത്തി. ഇതെല്ലാം ഈ വിഷയത്തില്‍ പാര്‍ട്ടി അംഗങ്ങള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും പൊതുജനങ്ങള്‍ക്കുമിടയില്‍ ആശയക്കുഴപ്പം വര്‍ദ്ധിക്കുന്നതിനിടയാക്കി.

കേരള സ്ഥിതിവിശേഷം ചര്‍ച്ച ചെയ്യുന്നതിനും ഉചിതമായ തീരുമാനമെടുക്കുന്നതിനുമായി ന്യൂഡല്‍ഹിയില്‍ വെച്ച് പൊളിറ്റ് ബ്യൂറോയുടെ ഒരു അടിയന്തര യോഗം വിളിച്ചു കൂട്ടി. മുന്‍തീരുമാനം ആശയക്കുഴപ്പമുണ്ടാക്കിയ അന്നത്തെ സ്ഥിതി വിശേഷത്തില്‍ വിഎസ് അച്യുതാനന്ദനും പിണറായി വിജയനും ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതാണ് നല്ലതെന്നും അല്ലാത്ത പക്ഷം അത് തെരഞ്ഞെടുപ്പു ഫലത്തെ ദോഷകരമായി ബാധിക്കുമെന്നും പിബി തീരുമാനിച്ചു. ഈ ചര്‍ച്ചയ്ക്കിടയില്‍ തന്റെ മുന്‍നിലപാടില്‍ മാറ്റം വരുത്തുകയാണെന്നും തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സന്നദ്ധനാണെന്നും വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു. പിണറായി വിജയന്‍ തന്റെ നിലപാടില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും വ്യക്തമാക്കി. പിബി അതിന്റെ മുന്‍തീരുമാനത്തില്‍ മാറ്റം വരുത്തുകയും അച്യുതാനന്ദന്‍ മത്സരിക്കണമെന്ന് നിശ്ചയിക്കുകയും ചെയ്തു. മുഖ്യമന്ത്രി ആരായിരിക്കണമെന്ന വിഷയം തെരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കാമെന്ന് നിശ്ചയിച്ചു. മാധ്യമങ്ങള്‍ പാര്‍ട്ടിയെ ആക്രമിക്കുകയും പാര്‍ട്ടി തീരുമാനത്തിനെതിരായി പ്രകടനങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തപ്പോള്‍ വിഎശ് അച്യുതാനന്ദന്‍ ഒരു പ്രസ്താവന പുറപ്പെടുവിക്കേണ്ടതുണ്ടായിരുന്നുവെന്ന് പിബി ചൂണ്ടിക്കാട്ടി. പിബി തീരുമാനം സംസ്ഥാന സെക്രട്ടേറിയറ്റിനെയും സംസ്ഥാന കമ്മിറ്റിയെയും അറിയിച്ചു.

ദില്ലിയിലിരുന്ന് മുഖപ്രസംഗമെഴുതിയ ആള്‍ പറയുന്നതു പോലെയല്ല സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ട്. വിഎസും പിണറായിയും മത്സരിക്കേണ്ടെന്ന് തീരുമാനിച്ചത് സിപിഎം പൊളിറ്റ് ബ്യൂറോയാണ്. മത്സരിക്കുന്നില്ലെന്ന നിലപാടാണ് ഇരുവരും കൈക്കൊണ്ടത്. കേരളത്തില്‍ നിന്നുളള കേന്ദ്രക്കമ്മിറ്റി അംഗങ്ങളുടെ അഭിപ്രായം കൂടി ആരാഞ്ഞ ശേഷമാണ് പൊളിറ്റ് ബ്യൂറോ ഈ തീരുമാനമെടുത്തത്. ഇതാണ് സിപിഎം ഭാഷ്യം.

വിഎസിന് മത്സരിക്കാന്‍ സീറ്റ് നിഷേധിച്ചുവെന്ന് ദില്ലി പോസ്റ്റ്. മത്സരിക്കാന്‍ താനില്ലെന്ന് വിഎസ് വ്യക്തമാക്കിയ സാഹചര്യത്തില്‍ പിബിയാണ് തീരുമാനമെടുത്തതെന്ന് സിപിഎം. ആരു പറയുന്നതാണ് ശരി..?

നമുക്ക് വിഎസിന്റെ ഭാഗം കേള്‍ക്കാം. 2008 ആഗസ്റ്റ് 31ന് പുറത്തിറങ്ങിയ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വിഎസും ബാബു ഭരദ്വാജും തമ്മിലുളള സുദീര്‍ഘമായ സംഭാഷണമുണ്ട്. പറയാതിരുന്നത് വിഎസ് പറഞ്ഞു തുടങ്ങുകയാണ് എന്ന് തലക്കെട്ട്. പേജ് എട്ടു മുതല്‍ 21 വരെ.

സീറ്റ് നിഷേധത്തെക്കുറിച്ച് 19, 21 പേജുകളില്‍ വിഎസ് സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. അശ്വമുഖത്തു നിന്ന് കേട്ടാലും.

....കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഞാന്‍ സ്ഥാനാര്‍ത്ഥിയാവേണ്ടതില്ലെന്ന അഭിപ്രായം പാര്‍ട്ടിയില്‍ ഒരു വിഭാഗത്തിനുണ്ടായി. (ഉറപ്പിച്ചു വായിക്കുക. അഭിപ്രായം, തീരുമാനമല്ല). മത്സരിച്ചാല്‍, ന്യൂനപക്ഷ വിരുദ്ധനാണ്, വികസന വിരുദ്ധനാണ്, തോറ്റുപോകും. ഇടതുപക്ഷമുന്നണിയും തോല്‍ക്കും. വിഎസ് മത്സരിച്ചാല്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവണ്മെന്റ് രൂപീകരിക്കാന്‍ കഴിയില്ല. ഞാന്‍ പറഞ്ഞു, എന്റെ സ്ഥാനാര്‍ത്ഥിത്വത്തിന്റെ പേരില്‍ നമുക്ക് ഭരണം നഷ്ടപ്പെടുകയാണെങ്കില്‍ ഞാന്‍ മത്സരിക്കുന്നില്ല. ഞാന്‍ മത്സരിക്കുന്നത് ശരിയല്ല. പൊളിറ്റ് ബ്യൂറോ എന്റെ അഭിപ്രായം ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞതാണ്...

തുടര്‍ന്ന് പ്രതിപക്ഷ നേതാവെന്ന നിലയില്‍ താനൊറ്റയ്ക്ക് (പാര്‍ട്ടി ചിത്രത്തിലേയില്ല) നടത്തിയ സമരപരമ്പരകളുടെ സുദീര്‍ഘ വിവരണം. അതും കഴിഞ്ഞ് പേജ് 21ല്‍ വീണ്ടും വിഷയത്തിലേയ്ക്ക്...

..............ഇതിലൊക്കെ പ്രതിപക്ഷ നേതാവെന്ന നിലയില്‍ വലിയ പങ്കുവഹിച്ച എന്നെ മത്സരിപ്പിക്കാത്തതിന്റെ കാരണം എന്താണെന്ന് ജനങ്ങള്‍ ചോദിക്കാന്‍ തുടങ്ങി. ഒരു പക്ഷേ, എന്നെ പ്രകോപിപ്പിച്ചതു കൊണ്ടായിരിക്കണം, മത്സരിക്കേണ്ടെന്ന് ഞാന്‍ തീരുമാനിച്ചതെന്ന് ജനങ്ങള്‍ കരുതി. പാര്‍ട്ടി കമ്മിറ്റികള്‍, പത്രങ്ങള്‍, മീഡിയകള്‍ ഒക്കെ എന്നെ സ്ഥാനാര്‍ത്ഥിയാക്കാതിരിക്കുന്നത് ശരിയല്ലെന്ന് അഭിപ്രായപ്പെട്ടു. പ്രാമാണികരായ പലരും ഇതൊക്കെ പറഞ്ഞു. സുകുമാര്‍ അഴിക്കോടിനെപ്പോലുളളവര്‍ പല ലേഖനങ്ങളും എഴുതി... (അതേ, സുകുമാര്‍ അഴിക്കോട് തന്നെ). സെന്‍ട്രല്‍ കമ്മിറ്റിയിലെ കേരളത്തിലെ മൂന്നു പേര്‍ മാത്രമാണ് എനിക്കനുകൂലമായി നിന്നത്. വീണ്ടും സ്റ്റേറ്റ് കമ്മിറ്റി വിളിച്ചു കൂട്ടേണ്ടി വന്നു. സ്റ്റേറ്റ് കമ്മിറ്റിക്ക് മുമ്പാകെ ചര്‍ച്ചയ്ക്ക് വന്നപ്പോള്‍ ഭൂരിപക്ഷം അംഗങ്ങളും വിഎസിനെ സ്ഥാനാര്‍ത്ഥിയാക്കിയില്ലെങ്കിലാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയ്ക്ക് ഗവണ്മെന്റ് ഉണ്ടാക്കാന്‍ കഴിയാതെ വരുന്നത് എന്നു പറഞ്ഞു. മുന്നണിക്ക് സര്‍ക്കാര്‍ ഉണ്ടാക്കാന്‍ കഴിയണമെങ്കില്‍ വിഎസ് സ്ഥആനാര്‍ത്ഥിയായിരിക്കണമെന്ന് പറഞ്ഞു. ഇങ്ങനെയൊക്കെ വന്നപ്പോള്‍, ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് എന്നോട് സംസാരിച്ചു. ഇപ്പോഴിതാ ഇങ്ങനെയൊക്കെ സംഭവിച്ചിരിക്കുന്നു, എന്താണ് അഭിപ്രായം. സെന്‍ട്രല്‍ കമ്മിറ്റിയില്‍ കേരളത്തില്‍ നിന്നുളള പ്രബല വിഭാഗം മറിച്ചാണ് പറഞ്ഞത്. ഇപ്പോള്‍ വന്നിരിക്കുന്ന അഭിപ്രായം അതിനെതിരാണ്. ഞാന്‍ പറഞ്ഞു മത്സരിക്കാം. അന്ന് സെന്‍ട്രല്‍ കമ്മിറ്റിയില്‍ കേരളത്തില്‍ നിന്നുളള ഭൂരിപക്ഷം അംഗങ്ങളും മത്സരിക്കേണ്ടെന്ന് പറയുമ്പോള്‍ ഞാന്‍ തിരഞ്ഞെടുപ്പിന് നില്‍ക്കുന്നത് ശരിയല്ലല്ലോ. മത്സരിക്കുന്നില്ലെന്ന് ആദ്യം പറയുകയും പിന്നീട് മത്സരിക്കുകയും ചെയ്തതിന്റെ സാഹചര്യങ്ങള്‍ ഇതാണ്..

സംസ്ഥാനക്കമ്മിറ്റി തനിക്ക് സീറ്റു നിഷേധിച്ചുവെന്ന് വിഎസും പറയുന്നില്ല. മത്സരിക്കേണ്ടെന്ന് താന്‍ ആദ്യം പിബിയില്‍ പറഞ്ഞുവെന്ന് അദ്ദേഹം സമ്മതിക്കുന്നു. പ്രശ്നത്തില്‍ സിപിഎമ്മും വിഎസും പറയുന്നത് ഒരേ കാര്യം തന്നെയാണ്. സമര്‍ത്ഥമായി ചില കാര്യങ്ങള്‍ വിഎസ് മറച്ചു വെയ്ക്കുന്നുണ്ടെങ്കിലും പാര്‍ട്ടി കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പ്രമേയത്തില്‍ പറയുന്ന ഏതെങ്കിലും കാര്യം തെറ്റാണെന്ന് സമര്‍ത്ഥിക്കുന്ന ഒരു വാചകം പോലും വിഎസ് ഈ അഭിമുഖത്തില്‍ പറയുന്നേയില്ല. (താനുദ്ദേശിച്ചതു പോലെയൊന്നുമല്ല അച്ചടിച്ചു വന്നതെന്ന ഒരൊഴുക്കന്‍ നിഷേധം വിഎസ് ഈ അഭിമുഖത്തെക്കുറിച്ച് നടത്തിയിട്ടുണ്ട്. ആ നിഷേധത്തിന്റെ വിലയെത്രയെന്ന് വായനക്കാര്‍ തീരുമാനിക്കുക).

സംഭവിച്ചത് ഇതാണ്. മലപ്പുറം സമ്മേളനകാലത്ത് കൊടുമ്പിരിക്കൊണ്ട ഗ്രൂപ്പുപോരില്‍ വിഎസ് ദയനീയമായി പരാജയപ്പെടുന്നു. പിബിയുടെ തീരുമാനം ലംഘിച്ച് 12 പേരെ സംസ്ഥാന സമ്മേളനത്തില്‍ മത്സരിപ്പിക്കാന്‍ കൂടി തയ്യാറായതോടെ അഖിലേന്ത്യാനേതൃത്വത്തില്‍ വിഎസിനെതിരെ പൊതുവികാരം ശക്തമാകുന്നു. സംസ്ഥാന നേതൃത്വത്തില്‍ വിഎസിനെതിരെ നിലനിന്ന അതിശക്തമായ വൈരാഗ്യം കേന്ദ്രക്കമ്മിറ്റി അംഗങ്ങള്‍ മറച്ചു വെയ്ക്കാതെ പ്രകടിപ്പിക്കുന്നു. കാര്യങ്ങള്‍ ഇങ്ങനെയാണെങ്കില്‍ താന്‍ മത്സരിക്കുന്നില്ലെന്ന് വിഎസ് പിബിയെ അറിയിക്കുന്നു. മത്സരിക്കാനില്ലെന്ന നിലപാട് പിണറായിയും സ്വീകരിക്കുന്നു. ഇരുവരും മത്സരിക്കേണ്ടെന്ന് പിബി തീരുമാനിക്കുന്നു.

തനിക്ക് കേരളത്തിലെ സിപിഎം നേതൃത്വം സീറ്റ് നിഷേധിക്കുകയായിരുന്നുവെന്ന പെരുംനുണ വിഎസിന്റെ ഉപജാപകര്‍ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നു. ആഴമുളള മൗനത്തിലൂടെ വിഎസും ആരോപണം ശരിവെയ്ക്കുന്നു. നാടൊട്ടുക്ക് പ്രകടനങ്ങള്‍, ചാനലുകളില്‍ രോഷം തിളയ്ക്കുന്ന തേങ്ങലുകള്‍, പത്രങ്ങളില്‍ ആദര്‍ശഭീകരതയുടെ ഗംഭീര ലേഖനങ്ങള്‍.

വിഎസിന്റെ ഈ വാചകങ്ങള്‍ മനസിരുത്തി വായിക്കുക. ....ഇതിലൊക്കെ പ്രതിപക്ഷ നേതാവെന്ന നിലയില്‍ വലിയ പങ്കുവഹിച്ച എന്നെ മത്സരിപ്പിക്കാത്തതിന്റെ കാരണം എന്താണെന്ന് ജനങ്ങള്‍ ചോദിക്കാന്‍ തുടങ്ങി. ഒരു പക്ഷേ, എന്നെ പ്രകോപിപ്പിച്ചതു കൊണ്ടായിരിക്കണം, മത്സരിക്കേണ്ടെന്ന് ഞാന്‍ തീരുമാനിച്ചതെന്ന് ജനങ്ങള്‍ കരുതി. പാര്‍ട്ടി കമ്മിറ്റികള്‍, പത്രങ്ങള്‍, മീഡിയകള്‍ ഒക്കെ എന്നെ സ്ഥാനാര്‍ത്ഥിയാക്കാതിരിക്കുന്നത് ശരിയല്ലെന്ന് അഭിപ്രായപ്പെട്ടു.‍

"മത്സരിപ്പിക്കാത്തിന്റെ", "സ്ഥാനാര്‍ത്ഥിയാക്കാതിരിക്കുന്നത്" എന്നീ വാക്കുകള്‍ സമര്‍ത്ഥമായി ഉപയോഗിച്ചെങ്കിലും ഇടയ്ക്കൊരു വാചകം കല്ലുകടിയായി കിടക്കുന്നു.. "ഒരുപക്ഷേ, എന്നെ പ്രകോപിപ്പിച്ചതു കൊണ്ടായിരിക്കണം മത്സരിക്കേണ്ടെന്ന് ഞാന്‍ തീരുമാനിച്ചതെന്ന് ജനങ്ങള്‍ കരുതി.." മത്സരിക്കേണ്ടെന്ന് ഞാന്‍ തീരുമാനിച്ചുവെന്ന് തുറന്നു പറയുന്ന അതേ വിഎസ് തന്നെയാണ് "മത്സരിപ്പിക്കാത്തതിന്റെ", "സ്ഥാനാര്‍ത്ഥിയാക്കാതിരിക്കുന്നത്"തുടങ്ങിയ വാക്കുകളിലൂടെ അതിസമര്‍ത്ഥമായ ട്രിപ്പീസ് കളിക്കുന്നത്. ജനങ്ങളുടെ പിടലിക്കു വെച്ചിട്ടാണെങ്കിലും ഒരു സത്യം അദ്ദേഹം തുറന്നു പറയുന്നു. എന്നെ പ്രകോപിപ്പിച്ചതു കൊണ്ടാണ് ഞാന്‍ മത്സരിക്കേണ്ടെന്ന് തീരുമാനിച്ചത്..

അതേ, എതിരഭിപ്രായങ്ങള്‍ എന്നും വിഎസിന് പ്രകോപനങ്ങള്‍ തന്നെയായിരുന്നു. വാഴ്ത്തുമൊഴികളുടെ റോസാപുഷ്പങ്ങളെറിഞ്ഞ്, ആരാധനയുടെ അത്തറു പുരട്ടി തോളിലേറ്റേണ്ട വിഗ്രഹമാണ് താനെന്ന് വിഎസ് ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നുണ്ട്. വിമര്‍ശനങ്ങള്‍ ഞാനുള്‍ക്കൊളളുന്നുവെന്നും എല്ലാവരെയും ഒരുമിപ്പിക്കാന്‍ ഏറ്റവും മുതിര്‍ന്ന നേതാവെന്ന നിലയില്‍ തന്റെ എല്ലാ അനുഭവസമ്പത്തും ഉപയോഗിക്കുമെന്നും പിബിയില്‍ പറയാന്‍ അന്നുമിന്നും വിഎസ് തയ്യാറല്ല. അങ്ങനെയൊരു നിലപാട് 2006 മാര്‍ച്ചിലെ പൊളിറ്റ് ബ്യൂറോയില്‍ വിഎസ് കൈക്കൊണ്ടിരുന്നുവെങ്കില്‍, സീറ്റ് നിഷേധമെന്ന പെരുങ്കളളത്തെ ഏറ്റുപിടിച്ച് പ്രകടനങ്ങളും കോലംകത്തിക്കലും ലേഖനപ്രളയവും ഉണ്ടാകുമായിരുന്നില്ല.

യഥാര്‍ത്ഥത്തില്‍ വിഎസൊരുക്കിയ കെണിയില്‍ പൊളിറ്റ് ബ്യൂറോ പെട്ടുപോയി. സകല മാധ്യമങ്ങളും അവരാല്‍ നയിക്കപ്പെടുന്ന ജനങ്ങളും തന്റെ പിന്നിലാണെന്ന് പൊളിറ്റ് ബ്യൂറോയെ ബോധ്യപ്പെടുത്താന്‍ കിട്ടിയ സുവര്‍ണാവസരമായി, കേരളത്തില്‍ നിന്നുളള കേന്ദ്രക്കമ്മിറ്റി അംഗങ്ങളുടെ നിലപാടിനെ അദ്ദേഹം ഉപയോഗപ്പെടുത്തുകയായിരുന്നു. കോലം കത്തിച്ചും പാര്‍ട്ടിയെ തെറിവിളിച്ചും പ്രകടനക്കാര്‍ തെരുവു കീഴടക്കിയപ്പോഴാണ് പിബിയ്ക്ക് കാര്യങ്ങളുടെ കിടപ്പ് പിടികിട്ടിയത്. കൂടെക്കിടന്നവരില്‍ ഭൂരിപക്ഷത്തിനും വിഎസിന്റെ രാപ്പനിയുടെ ചൂടറിയാനുളള സെന്‍സും സെന്‍സിറ്റിവിറ്റിയും സെന്‍സിബിലിറ്റിയും ഇല്ലാതെ പോയി. ആ നോട്ടക്കുറവില്‍ നിന്നാണ് മരം വളര്‍ന്ന് പുരയ്ക്കു മീതെ ചാഞ്ഞ്, ഏതു നിമിഷവും ഒരു കോടാലിയുടെ പ്രഹരം പ്രതീക്ഷിച്ചു നില്‍ക്കുന്ന അവസ്ഥയുണ്ടായത്.

വിമര്‍ശനങ്ങളില്‍ പ്രകോപിതനാകാതെ, പാര്‍ട്ടിയെയും സര്‍ക്കാരിനെയും നയിക്കാനുളള ചുമതല വിഎസ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെടാന്‍ അന്ന് പൊളിറ്റ് ബ്യൂറോയ്ക്ക് കഴിഞ്ഞില്ല. മത്സരിക്കാനില്ലെന്ന് പിബിയില്‍ പറഞ്ഞ ശേഷം പുറക്കാട്ട് കടപ്പുറത്ത് തിരയെണ്ണാന്‍ പോകുന്ന പ്രകൃതമല്ല വിഎസിന്റേതെന്ന് സിപിഎം നേതൃത്വം തിരിച്ചറിയണമായിരുന്നു. സംഘടനയുടെ എല്ലാ ചട്ടക്കൂടുകളെയും വെല്ലുവിളിച്ച്, 2004ല്‍ തുടങ്ങിയ പുതിയ ആദര്‍ശരോഗത്തിന്റെ തീവ്രതയും നശീകരണ ശേഷിയും വേണ്ട വിധത്തില്‍ മനസിലാക്കിയിരുന്നെങ്കില്‍, 2006 മാര്‍ച്ചില്‍ തന്നെ വിഎസ് എന്ന പ്രതിഭാസത്തെ വരുതിയിലാക്കാന്‍ പാര്‍ട്ടി നേതൃത്വത്തിന് കഴിയുമായിരുന്നു. പാര്‍ട്ടിക്ക് സമാന്തരമായി വിഎസ് കെട്ടിപ്പെടുത്ത മാധ്യമസാമ്രാജ്യത്തെ വേണ്ടവിധം വിലയിരുത്താന്‍ കഴിയാതെ വന്നപ്പോള്‍, അവര്‍ കുഴിച്ച കുഴിയില്‍ പാര്‍ട്ടിയൊന്നടങ്കം അകപ്പെട്ടു പോയി. വിഎസിന് മത്സരിക്കാന്‍ സീറ്റു നിഷേധിച്ചുവെന്ന വടക്കന്‍ പാട്ട് പാടി നടക്കാന്‍ ഇപ്പോഴും ആളുളളത്, ആ മാധ്യമ സാമ്രാജ്യത്തിന്റെ കരുത്തിനെയും അവരുടെ പ്രചരണത്തിന്റെ മികവിനെയുമാണ് വെളിപ്പെടുത്തുന്നത്. ചുരികയും പരിചയും നിഷേധിക്കപ്പെട്ട അങ്കച്ചേകവനെക്കുറിച്ചുളള നാടോടിപ്പാട്ട് ദേശത്തും വിദേശത്തും ആരാധകരുടെ ചുണ്ടുകളില്‍ ഇപ്പോഴുമുണ്ട്. ഈണവും താളവും തെല്ലും ചോരാതെ.

2006ല്‍ വിഎസിന് ആരാണ് നിയമസഭാ സീറ്റു നിഷേധിച്ചത്.. ഏത് പാര്‍ട്ടി തീരുമാനം അംഗീകരിക്കാനാണ് വിഎസ് വിമുഖത കാണിച്ചത്... ആ സീറ്റും വിഎസ് അച്യുതാനന്ദനും എം എന്‍ വിജയന്‍ സാക്ഷ്യപ്പെടുത്തും വിധമുളള പ്രതീകങ്ങളാണോ...ഈ ചോദ്യങ്ങള്‍ ദില്ലി പോസ്റ്റിലെ മുഖപ്രസംഗകാരനോട് നമുക്ക് വീണ്ടും ചോദിക്കാം. ഉത്തരമെന്ന പേരില്‍ മറുചോദ്യങ്ങളുന്നയിക്കാനുളള അവകാശം അംഗീകരിച്ചു കൊടുക്കുകയുമാവാം. ഒരുകാര്യം ഓര്‍ക്കേണ്ടതുണ്ട്. അഭിപ്രായങ്ങളും വ്യാഖ്യാനങ്ങളും വ്യത്യസ്തമാകാം. പക്ഷേ, വസ്തുതകള്‍ക്ക് അങ്ങനെ പല നിറങ്ങളുണ്ടാവില്ല. വസ്തുതകള്‍ മറച്ചു വെച്ച് പെരുങ്കളളം പ്രചരിപ്പിക്കുന്നവര്‍ക്ക് അവരേതുവേഷത്തില്‍ പ്രത്യക്ഷപ്പെട്ടാലും നല്ല ലക്ഷ്യമല്ല ഉണ്ടാവുക. നുണയിലൂടെ പൊതുജനാഭിപ്രായം സ്വരൂപിക്കുന്നവരെ സമൂഹം എല്ലാക്കാലത്തും സംശയത്തോടെയാണ് കണ്ടിട്ടുളളത്. നിര്‍ഭാഗ്യവശാല്‍, ദില്ലി പോസ്റ്റിന്റെ മുഖപ്രസംഗകാരനും അര്‍ഹിക്കുന്നത് അതേ സംശയദൃഷ്ടിയാണ്.

പലരും പലേടത്തും പലയാവര്‍ത്തി പറഞ്ഞതുകൊണ്ട് ഇന്നേവരെ ഒരു നുണയും സത്യമായിട്ടില്ല. 2006ല്‍ വിഎസിന് സീറ്റു നിഷേധിച്ച പാര്‍ട്ടി തീരുമാനം ഉണ്ടായി എന്ന കളളവും ആ ഗണത്തില്‍ തന്നെയാണ് പെടുന്നത്. എത്ര മറുചോദ്യങ്ങളെറിഞ്ഞാലും ഏതൊക്കെ വ്യാഖ്യാനം ചമച്ചാലും നുണ നുണയായിത്തന്നെ നിലനില്ക്കും..

I am large, I contain multitudes എന്നെഴുതിയ വാള്‍ട്ട് വിറ്റ്മാനെ വീണ്ടും ഓര്‍ക്കാം. ഞാനാണ് വലുതെന്നും പുരുഷാരം എന്നിലൊതുങ്ങുന്നുവെന്നും ധരിക്കുന്ന ഏതു രാഷ്ട്രീയ നേതാവിനെയും കാത്തിരിക്കുന്നത് വിഎസിന്റെ ഗതി തന്നെയാണ്.

14 comments:

മാരീചന്‍‍ said...

വാള്‍ട്ട് വിറ്റ്മാന്റെ ആത്മാവിനോട് മാപ്പപേക്ഷിച്ച് അനസൂയയുടെ കിടപ്പറയണയുമ്പോള്‍ പയ്യന്റെ മനസിലെ ചിന്ത ഇതുമാത്രമായിരുന്നു

"പുലരിയുടെ കൊച്ചുമണിക്കൂറുകളില്‍ ഞാന്‍ നിനക്ക് പുതുജീവനും വിശ്വാസവും പകരുന്നതാകുന്നു. തെരഞ്ഞെടുപ്പിന് ടിക്കറ്റു കിട്ടാതെ ആര്‍ക്കു ബോധക്ഷയമുണ്ടാകുന്നുവോ, അവിടെ ഞാനുണ്ടാവും. അവനാകുന്നു ഞാന്‍..." (ആരോഹണം, വി കെ എന്‍.. പേജ് 191).

കിരണ്‍ തോമസ് തോമ്പില്‍ said...

tracking

മൂര്‍ത്തി said...

നന്നായി മാരീചരേ. ചില സത്യങ്ങള്‍ പുറത്ത് വന്നേ മതിയാകൂ.

Off..
ഇതുപോലെത്തന്നെയാണ് പ്രകാശ് കാരാട്ട് കേരളത്തില്‍ റിപ്പോര്‍ട്ടിംഗ് നടത്തിയതിനെപ്പറ്റിയുള്ള വാര്‍ത്തകളുടെ സ്വഭാവവും. പിഡിപി നല്‍കിയ പിന്തുണയെക്കുറിച്ച് തെരഞ്ഞെടുപ്പ് വിശകലന റിപ്പോര്‍ട്ടില്‍ കേന്ദ്രക്കമ്മിറ്റി വ്യക്തമായി പറഞിട്ടുള്ളത് അറിയുന്ന മാധ്യമങ്ങള്‍ എഴുതിപ്പിടിപ്പിച്ചുകൊണ്ടിരിക്കുന്നത് എന്താണ്? അത് വിശ്വസിക്കാനും ധാരാളം ആളുകളുണ്ട്.

yetanother.softwarejunk said...

ഒരു ഓഫ് ടോപ്പിക്ക്.

മഷിത്തണ്ടിന്റെ ഭാഗമായി ഞങ്ങള്‍ മലയാളത്തില്‍ പദപ്രശ്നം കളിക്കാനുള്ള അവസരം ഒരുക്കിയിരിക്കുന്നു. താങ്കളുടേയും ഈ ബ്ലോഗിന്റെ വായനക്കാരുടേയും ശ്രദ്ധ http://crossword.mashithantu.com/ ലേക്ക് ക്ഷണിക്കുന്നു.

ഞാന്‍ said...

tracking

സത said...

പാര്‍ട്ടിയിലെ കാര്യങ്ങള്‍ നിഗൂഡമായി വക്കുകയും പാര്‍ട്ടിയുടെ പ്രതിശ്ചായക്ക്‌ എതിരായി ഒന്നും വെളിയില്‍ വിടുകയും ചെയ്യില്ല.. എന്നിട്ട് അത്തരം നിഗൂഡതകള്‍ പുറത്തുവരുമ്പോള്‍ എല്ലാം അങ്ങനെ ഒന്നും സംഭവിച്ചിട്ടെ ഇല്ല എന്ന് വാദിച്ചാല്‍..??

പാര്‍ട്ടി പറയുന്നതെ വിശ്വസിക്കാവൂ എന്ന് പറയുന്നതിലെ യുക്തി എന്താണ്?

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

പുരപ്പുറത്തേയ്ക് ചായുന്ന മരം യഥാ സമയത്ത് വെട്ടിക്കളഞ്ഞില്ലെങ്കിൽ എന്താണു സംഭവിയ്ക്കുക എന്ന് മനസ്സിലായിക്കഴിഞ്ഞു.കുറഞ്ഞ പക്ഷം 2006 ലെങ്കിലും നടക്കേണ്ടിയിരുന്ന ഒരു കാര്യം ഇപ്പോളെങ്കിലും ഉണ്ടായി.

Better Late than never !!!

നട്ടപിരാന്തന്‍ said...

Dear Maareecha,

Where do you hide that post, which you criticized about Mr. Prakash Karaat before?

But anyway, its happy to know that you open your blog once again to express your viewpoints in your perspective.

ഇ.എ.സജിം തട്ടത്തുമല said...

ഒരു വാര്‍ത്ത നല്‍കുമ്പോള്‍ ആയത് എവിടെ സംഭവിച്ചു, എപ്പോള്‍ സംഭവിച്ചു, എങ്ങനെ സംഭവിച്ചു, ആര്‍ക്ക്-അഥവാ-എന്തിന് അഥവാ ആര്‍ക്കൊക്കെ അഥവാ എന്തിനൊക്കെ സംഭവിച്ചു,സംഭവിച്ചതായിട്ടുള്ളതിന് പരിണിത ഫലം എന്തെങ്കിലുമുണ്ടെങ്കില്‍ അതെന്താണ് അഥവാ എന്തൊക്കെയാണ്, ആര്‍ക്കാണ്,അഥവാ ആര്‍ക്കൊക്കെയാണ് തുടങ്ങി ആ വാര്‍ത്തയുടെ ഉപഭോക്താവിന്റെ അതായത്‌, വായനക്കാരന്റെ മനസ്സില്‍ ഉണ്ടാകാവുന്ന ഏതു ചോദ്യത്തിനും ഉള്ള ഉത്തരം ഉള്‍ക്കൊള്ളുന്നതായിരിയ്ക്കണം ഒരു വാര്‍ത്ത.ജേര്‍ണലിസം വിദ്യാര്‍ത്ഥികളെ ഇങ്ങനെയാണു പഠിപ്പിയ്ക്കാറുള്ളതെന്നത്രേ കേട്ടു കേള്‍വി!

അതുകൊണ്ടാണ് ഒരു ചരമക്കോളം വാര്‍ത്തയില്‍ പോലും മരണപ്പെട്ട ആളിന്റെ പേര്,ആ ആളിന്റെ അച്ഛന്റെയോ, അമ്മയുടെയോ, ഭര്‍ത്താവിന്റെയോ ബന്ധമുള്ള മറ്റാരുടെയെങ്കിലുമോ പേര്, വീട്ടുപേര്, സ്ഥലം, തീയതി, മരണകാരണം, കുടുംബാംഗങ്ങളുടെ വിവരങ്ങള്‍ ഫോട്ടോ കിട്ടുന്നെങ്കില്‍ അത്‌ ഒക്കെ നല്‍കുന്നത്‌. അതായത് കിട്ടാവുന്ന വിവരങ്ങളുടെ പരമാവധി സംക്ഷിപ്തം വാര്‍ത്തകളുടെ വിശ്വാസ്യതയെ വളര്‍ത്തുന്നു. ഒരു വിവാഹ വാര്‍ത്തനല്‍കുമ്പോഴും അപകടങ്ങളോ, മറ്റെന്തെങ്കിലും പ്രോഗ്രാമുകളുടെ വിവരമോ വാര്‍ത്തകളായി നല്‍കുമ്പോഴും ഒക്കെ ഇങ്ങനെ മതിയായ വിവരങ്ങള്‍ നല്‍കാറുണ്ട്‌.

അല്ലാതെ മതിയായ തെളിവുകളും വിശദീകരണങ്ങളും ഇല്ലാതെ നല്‍കുന്ന വാര്‍ത്തകള്‍ അത്‌ എഴുതുന്നവന്റെ അഥവാ എഴുതുന്നവരുടെ മനോവ്യാപാരങ്ങളുടെ കേവലം ബഹിര്‍സ്ഫുണങ്ങള്‍ മാത്രമായിരിയ്ക്കും അത്‌.അത് ഭക്ഷിയ്ക്കുന്നവനില്‍ അതായതു വായിക്കുന്നവനില്‍ പലതരത്തുലുള്ള പ്രതികരണങ്ങള്‍ ഉണ്ടാക്കും. ചിലര്‍ അതിനെ തള്ളിക്കളയും. ചിലരില്‍ കാലക്രമേണ അത് ഒരു ലഹരിയായും പിന്നീട്‌ ഉന്മാദമായും പടര്‍ന്നു കയറും. പിന്നീട് തങ്കളെ ഉന്മത്തമാക്കുന്ന ഈ ‘വാര്‍ത്താമയക്കി’ ഇല്ലാതെ ഒരു ദിവസം പോലും അവനു ജീവിയ്ക്കുവാനാകില്ല.മലയാളികളായ വാര്‍ത്താന്വേഷികള്‍ക്ക് (വാര്‍ത്തകള്‍ ഉണ്ടാക്കുന്നവരല്ല, വായനക്കാരാണ് വാര്‍ത്താന്വേഷികള്‍ എന്നതുകൊണ്ട്‌ ഉദ്ദേശിയ്ക്കുന്നത്‌)സമീപകാലത്ത് സംഭവിച്ചു കൊണ്ടിരിയ്ക്കുന്നത് ആവര്‍ത്തിച്ച് ചാലിച്ചു കിട്ടുന്ന ഈ ഉന്മാദമാണ്.

എന്തുകൊണ്ടെന്നാല്‍ അടുത്ത കാലത്തായി മാധ്യമങ്ങളിലൂടെ വാര്‍ത്തകളുടെ ലേബലൊട്ടിച്ച് പടച്ചുകൊണ്ടിരിയ്ക്കുന്നതില്‍ ഭൂരിഭാഗവും, നോക്കൂ;

....... എന്നാണ് അറിയാന്‍ കഴിയുന്നത്,

........അങ്ങനെ സംഭവിയ്ക്കാനാണു സാധ്യത,

........ഇങ്ങനെ സംഭവിയ്കാനാണു സാധ്യത ( ഇതു കണ്ടു വായനക്കാരന്‍ ജിജ്ഞാസുവാകുന്നു. പിന്നെ അതിന്റെ ഉന്മാദത്തിലാകുന്നു),

........അങ്ങനെയാണു പറഞ്ഞുകേള്‍ക്കുന്നത്,

.........എന്നാണ് അറിയാന്‍ കഴിയുന്നത്,
.........എന്നാണു നിഗമനം,

......അങ്ങനെ സംഭവിച്ചാല്‍ അദ്ഭുതമില്ല, (അങ്ങനെ സംഭവിച്ചില്ലെങ്കിലും അദ്ഭുതമില്ലെന്ന് ജനം മനസ്സിലാക്കാന്‍ സമയത്ത് മറ്റൊരു നുണ വന്നിരിയ്ക്കും),

.......വൃത്തങ്ങള്‍ നല്‍കുന്ന സൂചന,

.......ധാരണയായിട്ടുള്ളതായി മനസ്സിലാക്കുന്നു

..... ......അതിന്റെ പ്രത്യാഘാതങ്ങള്‍ ഗുരുതാരമായിരിയ്ക്കും(പിന്നീട് ഒന്നും സംഭവിച്ചില്ലെങ്കിലും ഒന്നും വരാനില്ല)


ഈ തരത്തിലാണ് അടുത്തകാലത്തായി വാര്‍ത്തകളുടെ സ്വഭാവം. അതായത് വീട്ടിലിരുന്നു കൊണ്ടുതന്നെ ആര്‍ക്കും വാര്‍ത്താലേഖകനാകാം. അല്പം ഭാവന വേണം എന്നുമാത്രം.

ചുരുക്കത്തില്‍ വാര്‍ത്തകള്‍ മനുഷ്യനെ മയക്കുന്ന കറുപ്പുകളാണെന്നതത്രേ സമകാലിക അനുഭവ സാക്ഷ്യം!

പ്രാവ് said...

ഇപ്പോഴും പ്രശ്നന്ം തീര്‍ന്നിട്ടില്ല. 2011 മാര്‍ച്ച് ആകുമ്പോഴേയ്ക്കും അടുത്ത ടേം ജയിച്ചാലുമില്ലെങ്കിലും മുഖ്യമന്ത്രിയാക്കില്ലെന്ന് ഉറപ്പുള്ള വി എസ് സര്‍വതന്ത്രസ്വതന്ത്രനാകും. എന്നിട്ട് എന്റെ കൂടെയുള്ളവരൊക്കെ കള്ളന്മാരാണെന്ന് വ്യംഗ്യത്തിലൂടെ മാ‍ധ്യമസുഹൃത്ത്തുക്കളോട് പറഞ്ഞുപരത്തും. അത് പിബി തിരിച്ചറിയുമ്പോഴേയ്ക്കും പാര്‍ട്ടിയുടെ അവസ്ഥ എന്തായിരിക്കുമോഎന്തോ!

ISOLATED said...

tracking...

ഗദ്ദാര്‍.... said...

അല്ലാ ഇതാരു കണ്ടില്ലല്ല്.. ഇവളല്ലേ കഴിഞ്ഞാഴ്ച്ച ആരുടേകൂടെ ഒളിച്ചോടിപ്പോയത്. എന്ന് വന്നു .. മിടുക്കി. ഒരു കൂസലുമില്ലാതെ പിന്നെയും പണിതുടങ്ങിയല്ലേ

Rajeeve Chelanat said...

ഒന്ന് ഓടിച്ചുവായിച്ചതേയുള്ളു. മാരീചനോട് ഒരു സംശയം.

“2006ല്‍ തനിക്കു നിയമസഭ സീറ്റു നിഷേധിച്ച പാര്‍ടി തീരുമാനത്തെ...” എന്നല്ലേ ദില്ലിപോസ്റ്റിലുള്ളത്? സംസ്ഥാനകമ്മിറ്റി സീറ്റു നിഷേധിച്ചു എന്ന അര്‍ത്ഥം വരുന്നുണ്ടോ?

(ഈ കമന്റ് ദില്ലിപോസ്റ്റിലും ഇട്ടിട്ടുണ്ട്)

കഴിയുന്നതും വേഗം വീണ്ടും വരാം..

അഭിവാദ്യങ്ങളോടെ

മണി said...

പാര്‍ട്ടി എന്നാല്‍ കേരള സംസ്ഥാന കമ്മറ്റി, സംസ്ഥാനക്കമ്മറ്റി എന്നാല്‍, പിണറായി വിജയന്‍. ഓ ഈ രാജീവിനൊന്നും അറിയാത്ത പോലെ!