Wednesday, July 22, 2009

യുവര്‍ ഓണര്‍... ജനത്തിനെ വെറുതേ വിടുക.....

കണ്ണടച്ചിരുട്ടാക്കുന്ന വേഗതയില്‍ അര്‍ത്ഥവ്യത്യാസം വന്നുപോയ ചില വാക്കുകളുണ്ട്, മലയാളഭാഷയില്‍. മലയാളി, കേരളം, ജനം, എന്നിവയാണ് ആ പട്ടികയില്‍ പ്രമുഖ സ്ഥാനം അലങ്കരിക്കുന്നത്. മലയാളി എന്നു പറഞ്ഞാല്‍ നേരത്തെ മനസിലാക്കപ്പെട്ടിരുന്നത് മലയാളഭാഷ സംസാരിക്കുന്നവര്‍, കേരളത്തില്‍ ജനിച്ചവര്‍ എന്നൊക്കെയാണ്. എന്നാലിപ്പോള്‍ കഥ മാറി. മലയാളിയെന്ന വിശേഷണത്തിന് അര്‍ഹത വേണമെങ്കില്‍ മലയാളം സംസാരിച്ചാല്‍ മാത്രം പോര, മറിച്ച് വിഎസ് അച്യുതാനന്ദനെ പിന്തുണയ്ക്കുകയും കൂടി വേണം. കേരളത്തില്‍ ജനിച്ചവനും ഭരദൈവം അച്യുതാനന്ദനുമായവനാരോ അവനാണ് മലയാളി, സമാസം ആദര്‍ശവ്രീഹി!

സമാനമായ അര്‍ത്ഥവ്യതിയാനം കേരളം, ജനം എന്നീ വാക്കുകള്‍ക്കുമുണ്ടായി. വിഎസിന്റെ നിലപാടുകളെ കേരളം നെഞ്ചേറ്റി എന്ന് ചിലര്‍ എഴുതിക്കഴിഞ്ഞാല്‍‍, പിന്നെ വിഎസിന്റെ നിലപാടുകളെ നെഞ്ചാറ്റാതെ നിങ്ങള്‍ക്ക് കേരളത്തില്‍ ജീവിക്കാനോ, അമരവിള, വാളയാര്‍ ചെക്ക് പോസ്റ്റുകള്‍ കടക്കാനോ ആവില്ല. വിഎസ് നയിച്ച പ്രത്യയശാസ്ത്ര സമരത്തെ ജനം ഒറ്റമനസോടെ ഏറ്റുവാങ്ങിയെന്നൊരു വാചകം ചില മാധ്യമങ്ങളില്‍ അച്ചടിമഷി പുരണ്ടുകഴിഞ്ഞാല്‍‍, പിന്നെ വിഎസിനെ ഏറ്റുവാങ്ങാതെ നിങ്ങള്‍ക്ക് രക്ഷയില്ല. നാടുവിടുകയോ വേറെ ഭാഷ സംസാരിക്കുകയോ ആവാം.

ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെ ഒരു ഗ്രൂപ്പിന്റെ തുലോം തുച്ഛമായ ആരാധകവൃന്ദത്തിന്റെ ഭജനപ്പാട്ടിലെ നായകനായ രാഷ്ട്രീയ നേതാവിനെ എത്ര ലാഘവത്തോടെയാണ് മൂന്നരക്കോടി ജനങ്ങളുടെ കുലദൈവമായി വാഴ്ത്തുന്നതെന്ന് നോക്കുക. വ്യക്തമായ രാഷ്ട്രീയചേരികള്‍ അടിയുറച്ച രാഷ്ട്രീയബോധ്യത്തോടെ പരസ്പരം ഏറ്റുമുട്ടുന്ന സംസ്ഥാനമാണ് കേരളം. ഇടതു - ഐക്യ ജനാധിപത്യ മുന്നണികള്‍ക്ക് ഏതാണ്ട് തുല്യമാണ് ജനപിന്തുണ. ഒരു നെല്ലിടയെങ്കിലും മുന്‍തൂക്കം കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുളള ഐക്യമുന്നണിക്കാണെന്ന് പറയേണ്ടി വരും. വില്‍ക്കാന്‍ വിലയുളള കുറേ വോട്ടുകള്‍ ബിജെപിയ്ക്കുമുണ്ട്‍.

കോണ്‍ഗ്രസ്, ബിജെപി, മുസ്ലിംലീഗ്, സിപിഐ, കേരള കോണ്‍ഗ്രസുകള്‍, സിഎംപി, ജെഎസ്എസ്, എന്നു തുടങ്ങി ഏതാണ്ട് 27 പാര്‍ട്ടികളാണ് കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കെടുക്കുന്നത്. ഇവയിലേതെങ്കിലും പാര്‍ട്ടിയുടെയോ, പാര്‍ട്ടികളുടെയോ അണികളോ പ്രവര്‍ത്തകരോ നേതാക്കളോ വിഎസിന്റെ ജനപക്ഷ ഇടപെടലുകളുടെ ആരാധകരായി രാഷ്ട്രീയ മതംമാറ്റത്തിന് വിധേയരായ വാര്‍ത്ത പത്രങ്ങളോ ഇന്റലിജന്‍സോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സിപിഎം എന്ന പാര്‍ട്ടിയില്‍ വിരളമായ അണികളുടെ പിന്തുണയുളള ഒരു ഗ്രൂപ്പു നേതാവ് മാത്രമാണ് അവര്‍ക്ക് വിഎസ് അച്യുതാനന്ദന്‍. അതായത് സിപിഎമ്മിലെ ഒരു കൊച്ചു കരുണാകരന്‍. എം വി രാഘവനോ, കെ ആര്‍ ഗൗരിയമ്മയോ സിപിഎമ്മില്‍ നിന്ന് പുറത്തുപോയപ്പോള്‍ ഉണ്ടായതിനപ്പുറം കോലാഹലം വിഎസിന് ഉണ്ടാക്കാനാവുമെന്ന് ഇനിയും തെളിയിക്കപ്പെടേണ്ടതുണ്ട്.

ജനപിന്തുണയുടെ രസനിരപ്പ് സംശയരഹിതമായി ബോധ്യപ്പെടണമെങ്കില്‍ 2006ലെ തെരഞ്ഞെടുപ്പുകാലത്തെ ചില കണക്കുകള്‍ പരിശോധിക്കണം. പ്രതിപക്ഷ നേതാവിന്റെ പ്രതാപം വിളവെടുത്ത തിരഞ്ഞെടുപ്പാണ് 2006ല്‍ കഴിഞ്ഞത്. ആരാധകരും അഭ്യുദയകാംക്ഷികളും ഒരുമനസോടെ വിഎസിന്റെ പിന്നില്‍ അണി നിരന്ന കാലം.

2006ലെ തിരഞ്ഞെടുപ്പില്‍ കേരളത്തിലാകെ പോള്‍ ചെയ്യപ്പെട്ടത് 1,55,42,679 വോട്ട്. ഇടതുമുന്നണിക്ക് ആകെ കിട്ടിയ 75,58,834 വോട്ടുകള്‍ കിഴിച്ചാല്‍ ശേഷിക്കുന്ന 79,83,845 പേര്‍ വോട്ടു ചെയ്തത് വിഎസ് നയിച്ച ഇടതുമുന്നണിയുടെ എതിര്‍ പക്ഷത്തിനോ പക്ഷങ്ങള്‍ക്കോ ആണ്. ഐക്യമുന്നണിയുടെ വോട്ട് 66,79,557, ബിജെപിയുടേത് 7,50,963. രണ്ടും കൂട്ടിയാല്‍ 74,30,520.

ഐക്യമുന്നണിയുടെയും ബിജെപിയുടെയും രാഷ്ട്രീയാദര്‍ശങ്ങളില്‍ വിശ്വസിക്കുന്നവരേക്കാള്‍ കൃത്യം 1,28,314 പേരുടെ മുന്‍കൈയാണ് ആ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് കിട്ടിയത്. സ്വതന്ത്രരുടെയും മറ്റു പാര്‍ട്ടികളുടെയുമൊക്കെ വോട്ടു കൂടി കൂട്ടിയാല്‍ 4,25,011 വോട്ടിന് ഇടതുമുന്നണി പിന്നില്‍ പോകും. കൊട്ടിഗ്ഘോഷിക്കുന്നതു പോലെ കേരളം മുഴുവന്‍ 2006ല്‍ ഇടതിനൊപ്പമായിരുന്നില്ല. വോട്ടുകളത്രയും തൂത്തുവാരി ഒരു പെട്ടിയിലിട്ടാല്‍ ഇടതുമുന്നണിയെക്കാള്‍ ഇടതുവിരുദ്ധര്‍ക്കാണ് ഭൂരിപക്ഷം.

വോട്ടു ചെയ്തവരില്‍ 48.63 ശതമാനം പേര്‍ ഇടതുമുന്നണിയെ അനുകൂലിച്ചപ്പോള്‍ എതിര്‍ക്കാനുണ്ടായിരുന്നത് 51.37 ശതമാനം പേര്‍. ഏത് പ്രതിപക്ഷ നേതാവും ചെയ്യുന്നതു പോലെയുളള രാഷ്ട്രീയനീക്കങ്ങളാണ് വിഎസിന്റേത് എന്നു തന്നെയാണ് 51.37 ശതമാനം ആളുകള്‍ കരുതിയത്. അതിനപ്പുറം സമൂഹത്തിന്റെ രാഷ്ട്രീയ ബോധ്യം പൊളിച്ചെഴുതാനോ, നിലപാടുകളുടെ അടിത്തറയിളക്കാനോ പോന്ന കരുത്ത് വിഎസിന്റെ നിര്‍മ്മിക്കപ്പെട്ട പ്രതിഛായയ്ക്കുണ്ടായിരുന്നില്ല. ഉണ്ടായിരുന്നെങ്കില്‍, ഇടതുമുന്നണിയുടെ എതിര്‍ചേരിയില്‍ നാലു ലക്ഷത്തോളം പേര്‍ അധികമുണ്ടാകുമായിരുന്നില്ല.

എല്ലാക്കാലത്തും സംഭവിക്കുന്നത് ഇങ്ങനെ തന്നെയാണ്. പക്ഷേ, പ്രതിപക്ഷ നേതാവെന്ന നിലയില്‍ വിഎസിന്റെ മാസ്മര പ്രകടനത്തില്‍ കേരള ജനതയാകെ മനംമയങ്ങി നില്‍ക്കുകയാണെങ്കില്‍ ആകെ പോള്‍ ചെയ്ത വോട്ടിന്റെ പകുതിയെങ്കിലും അദ്ദേഹം നയിക്കുന്ന മുന്നണിയുടെ പെട്ടിയില്‍ വീഴേണ്ടതാണ്. ഇവിടെ ചോദ്യം ലളിതമാണ്. ഇടതുപെട്ടിയില്‍ വോട്ടു നിക്ഷേപിച്ച 75,58,834 പേരെയും നമുക്ക് വേണമെങ്കില്‍ വിഎസ് പ്രഭാവത്തില്‍ വരവു വെയ്ക്കാം. എങ്കില്‍ എതിര്‍ത്തവരെ ഏത് നിര്‍വചനത്തിലാണ് പെടുത്തേണ്ടത്? ജനം, മലയാളി, കേരളീയന്‍ മുതലായ സംവര്‍ഗങ്ങളില്‍ പെടാന്‍ അര്‍ഹതയുളളവരാണോ ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നണിക്കും ബിജെപിയ്ക്കും മറ്റുളളവര്‍ക്കും കൂടി വോട്ടു ചെയ്ത 79,83,845 പേര്‍. ജനമെന്ന പദത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിക്കിട്ടാന്‍ ഏത് വില്ലേജ് ഓഫീസിലാണ് ഇവര്‍ അപേക്ഷ നല്‍കേണ്ടത്?

വിഎസിനെ പിബിയില്‍ നിന്ന് ഒഴിവാക്കിയതിന്റെ പിറ്റേന്നിറങ്ങിയ (ജൂലൈ 13, 2009) മാതൃഭൂമി പത്രത്തില്‍ വിബി ചെറിയാന്‍ എഴുതിയ ലേഖനത്തിന് ഇനി പാര്‍ട്ടി ജനങ്ങളില്ലാതെ എന്നാണ് തലക്കെട്ട്. അതായത് വിഎസിനെ സിപിഎം പൊളിറ്റ് ബ്യൂറോയില്‍ നിന്ന് ഒഴിവാക്കിയതോടെ സിപിഎമ്മിന്റെ അണികളും പ്രവര്‍ത്തകരും മരപ്പട്ടികളായി പരിണമിച്ചു. അവര്‍ക്കിനി വോട്ടവകാശവുമുണ്ടോ, റേഷന്‍ കാര്‍ഡ് ഹാജരാക്കിയാല്‍ അരിയും മണ്ണെണ്ണയും കിട്ടുമോ എന്നറിയാന്‍ ചെറിയാന്റെ അടുത്ത ലേഖനം വരെ കാത്തിരിക്കുകയേ വഴിയുളളൂ.

ലേഖകന്‍ വ്യാഖ്യാനിച്ചു വെച്ചതു പോലെ രൂപാന്തരപ്പെട്ടുപോവുന്ന ഒരു പാര്‍ട്ടിക്ക്‌ ജനങ്ങളുടെ നാഡിമിടിപ്പുകള്‍ അറിയാനും അവരുടെ ഇച്ഛകളെ ഉള്‍ക്കൊള്ളാനും കഴിയാതെപോവുമത്രേ. ജനങ്ങളുടെ നാഡിമിടുപ്പുകള്‍ അറിയാനും അവരുടെ ഇച്ഛകളെ ഉള്‍ക്കൊള്ളാനും കഴിഞ്ഞ ഒരു പാര്‍ട്ടിക്ക് ചെറിയാന്‍ രൂപം നല്‍കിയിരുന്നു. അമ്പാടി വിശ്വത്തെ എറണാകുളം ലോകസഭാ മണ്ഡലത്തില്‍ ബിജെപി പിന്തുണയുളള സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി വേഷം കെട്ടിച്ച് തൊഴിലാളി വര്‍ഗ സംരക്ഷകരും പാര്‍ട്ടിയും തമ്മിലൊരേറ്റു മുട്ടല്‍ നടത്തി നോക്കിയതാണ്. പക്ഷേ, ജനം മൈന്‍ഡ് ചെയ്തില്ല. പാര്‍ട്ടിക്കകത്ത് അവശേഷിക്കുന്ന വിപ്ലവകാരികള്‍ക്ക് വീര്‍പ്പുമുട്ടല്‍ എന്നൊരു മഹാരോഗം പിടിപെടുമെന്ന മുന്നറിയിപ്പും ലേഖനം നല്‍കുന്നുണ്ട്.

പാര്‍ട്ടി അച്ചടക്കം സംരക്ഷിക്കാനിറങ്ങുന്നവര്‍ ജനങ്ങളില്ലാത്ത പാര്‍ട്ടിയുടെ നേതാക്കളായി അവശേഷിക്കുമെന്ന ശാപത്തോടെയാണ് ചെറിയാന്റെ ലേഖനം അവസാനിക്കുന്നത്. വിഎസ് പിബിയിലുണ്ടായിരുന്നപ്പോള്‍ കേരളത്തിലെ ജനം മുഴുവന്‍ സിപിഎമ്മിലായിരുന്നുവെന്നാണ് വിവക്ഷ. ഏതായാലും ഈയടുത്ത കാലത്തൊന്നും ചെറിയാന്‍ സിപിഎമ്മിലുണ്ടായിരുന്നില്ല. ഇക്കഴിഞ്ഞ തിങ്കളാഴ്ച വരെ ചെറിയാനും ജനത്തിന്റെ നിര്‍വചനത്തില്‍ പെടുന്ന പ്രജയായിരുന്നോ എന്ന സംശയമാണ് ലേഖനം ബാക്കി വെയ്ക്കുന്നത്. വിഎസിനെ സേവ് സിപിഎം ഫോറം, മാര്‍ക്സിസ്റ്റ് പത്രിക തുടങ്ങിയ ഉടന്‍കൊല്ലി തൊഴിലാളി വര്‍ഗ ആയുധങ്ങള്‍ ഉപയോഗിച്ച് അപവാദങ്ങളില്‍ കുളിപ്പിച്ച ഒരു ഭൂതകാലവും ചെറിയാനുണ്ട്. ഇനി സിപിഎം ജനങ്ങളില്ലാതെയാണെങ്കില്‍, ഇന്നലെയേ സിപിഎമ്മല്ലാതായി മാറിയ ചെറിയാനും ജനമല്ല, വേറെന്തോ ജീവിയാണ് എന്നര്‍ത്ഥം.

പാര്‍ട്ടിയാണ് ജനമെന്ന് പറഞ്ഞ് തന്നെ വിരട്ടരുതെന്ന് അപ്പുക്കുട്ടന്‍ വളളിക്കുന്നും മാതൃഭൂമി വഴി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. വാര്‍ദ്ധക്യസഹജമായ ചില അസ്കിതകളുളളതിനാല്‍ അപ്രതീക്ഷിത വിരട്ടില്‍ ചിലപ്പോള്‍ കാര്യങ്ങള്‍ കൈവിട്ടു പോയേക്കാം. അടിക്കേണ്ട, ഒന്നു വിരട്ടി വിട്ടാല്‍ മതിയെന്ന സലിം കുമാര്‍ തമാശയാണോ ആ ലേഖനമെഴുമ്പോള്‍ അപ്പുക്കുട്ടന്‍ വളളിക്കുന്നിന്റെ മനസിലെന്ന് നമുക്കറിയില്ല. അദ്ദേഹവും മറക്കാതെ കൂട്ടു പിടിക്കുന്നത് ജനത്തെയാണ്. ആരു ലേഖനമെഴുതിയാലും കിടക്കപ്പൊറുതി നഷ്ടപ്പെട്ടു പോയ, പാവം ജനത്തെ..

അണികളുടെയും ജനങ്ങളുടെയും പിബിയുടെയും മുഖ്യമന്ത്രിയായി വിഎസ് രംഗത്തെത്തിയെന്നാണ് ലേഖകന്‍ സാക്ഷ്യപ്പെടുത്തുന്നത്. പ്രകടനം നടത്താനും പന്തം കൊളുത്താനും പിബിയ്ക്ക് എസ്എംഎസും കത്തുമയയ്ക്കാനും മൂന്നരക്കോടി മലയാളികളും തെരുവിലുണ്ടായിരുന്നു എന്ന മട്ടിലാണ് ലേഖനത്തിന്റെ പോക്ക്.

സാഹചര്യം അവ്വിധമായിരിക്കെ, നമുക്ക് വേറെ ചില കണക്കുകള്‍ കൂടി നോക്കാം. ജനപക്ഷ നിലപാടുകളിലൂടെ കേരളത്തിലെ ജനങ്ങളുടെ കണ്ണിലുണ്ണി സ്ഥാനത്തേയ്ക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട വിഎസ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഏതെങ്കിലും തരത്തില്‍ ഒന്നാമതെത്തിയിരുന്നോ എന്ന ചോദ്യത്തിന് അപ്പുക്കുട്ടന്‍, ചെറിയാന്‍ സംഘം മറുപടി പറയുമോ ആവോ? കിട്ടിയ വോട്ടിന്റെ കാര്യത്തില്‍, വോട്ട് ശതമാനത്തിന്റെ കാര്യത്തില്‍, ലഭിച്ച ഭൂരിപക്ഷത്തിന്റെ കാര്യത്തില്‍.. എവിടെയെങ്കിലും വിഎസിന് ഒന്നാം സ്ഥാനമുണ്ടോ? മൂന്നരക്കോടി ജനങ്ങളുടെ ആശയും ആവേശവുമാണെങ്കില്‍ ഏതെങ്കിലുമൊരു ഒന്നാം സ്ഥാനം വിഎസിന് ഉണ്ടാകേണ്ടതാണ്. .

മലമ്പുഴ മണ്ഡലത്തില്‍ ആകെ പോള്‍ ചെയ്ത 116847 വോട്ടില്‍ വിഎസ് നേടിയത് 64775 വോട്ട്. ഭൂരിപക്ഷം 20017.

മലമ്പുഴ മാര്‍ക്സിസ്റ്റ് കോട്ടയാണ്. ഒരുകാലത്തും പാര്‍ട്ടിയെ കൈവിടാത്ത മണ്ഡലം. അങ്ങനെ രാഷ്ട്രീയ പ്രബുദ്ധതയില്‍ മാതൃകാസ്ഥാനത്ത് നില്‍ക്കുന്ന മണ്ഡലത്തില്‍ വിഎസിനെപ്പോലൊരു ജനനായകന്‍ ലോകത്തിന്നുവരെ ഒരു പ്രതിപക്ഷ നേതാവിനും എത്തിപ്പിടിക്കാനാവാത്ത ഔന്നിത്യത്തില്‍ നിന്നുകൊണ്ട് മത്സരിക്കുമ്പോള്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടിയാണ് അദ്ദേഹം വിജയിക്കേണ്ടത്. ജനകോടികളുടെ സകല പ്രതീക്ഷയും ഏറ്റു വാങ്ങിയാണ് അദ്ദേഹം പോര്‍മണ്ണില്‍ നില്‍ക്കുന്നതെന്നും ഓര്‍ക്കണം. മറ്റേതൊരു സ്ഥാനാര്‍ത്ഥിയെയും അതിശയിപ്പിക്കുന്ന ഭൂരിപക്ഷം വേണം. വോട്ടിന്റെ വിഹിതം ശതമാനക്കണക്കില്‍ പരിശോധിച്ചാല്‍ എല്ലാവരെയും കടത്തിവെട്ടുന്നതാവണം അദ്ദേഹത്തിന്റെ പ്രകടനം. എതിരാളിക്ക് സ്വന്തം വോട്ടു പോലും കിട്ടരുത്.

സംഭവിച്ചത് അങ്ങനെയാണോ...? 2006ല്‍ വിഎസിനെക്കാള്‍ ഭൂരിപക്ഷം നേടിയ 19 പേര്‍ വേറെയുണ്ട്. അതില്‍ 12 സിപിഎമ്മുകാര്‍. 3 സിപിഐക്കാര്‍, രണ്ട് ആര്‍എസ്‍പിക്കാര്‍, ജനതാദളും കോണ്‍ഗ്രസ് എസും മുസ്ലിംലീഗും ഓരോന്നു വീതവും.

വിഎസിനെക്കാള്‍ വോട്ടുകള്‍ നേടിയവരുടെ എണ്ണം 33 ആണ്. അതില്‍ കോണ്‍ഗ്രസുകാര്‍ നാല്. മുസ്ലിംലീഗുകാര്‍ മൂന്ന്, സിപിഐ മൂന്ന്, ഇടതു സ്വതന്ത്രര്‍ രണ്ട്, ആര്‍എസ് ‍പി രണ്ട്, കോണ്‍ഗ്രസ് എസ്, ജനതാദള്‍ എന്നിവര്‍ ഓരോന്ന്. ബാക്കിയത്രയും സിപിഎമ്മുകാര്‍.

ആരുടെ ഭരണത്തിനെതിരെയാണോ ജനരോഷമഴിച്ചു വിട്ട് വിഎസ് ജനകോടികളുടെ പ്രിയപുത്രനായത്, ആ ഉമ്മന്‍ചാണ്ടിക്കു കിട്ടി, വിഎസിനെക്കാള്‍ 135 വോട്ടുകള്‍ അധികം. മലമ്പുഴയില്‍ 55.45 ശതമാനം പേര്‍ വിഎസിനെ അനുകൂലിച്ചപ്പോള്‍ പുതുപ്പളളിയിലെ 56.30 ശതമാനമാണ് കുഞ്ഞൂഞ്ഞിനു പിന്നില്‍ അണി നിരന്നത്. ശതമാനക്കണക്കില്‍ 0.85നും വോട്ടിന്റെ എണ്ണത്തില്‍ 135നും കുഞ്ഞൂഞ്ഞിനു പുറകിലാണ് സാക്ഷാല്‍ അച്യുതാനന്ദന്‍. വോട്ടിന്റെ എണ്ണത്തിലും ശതമാനത്തിലും വില്ലനു പുറകിലാണ് നായകന്‍ എന്നര്‍ത്ഥം. ജനമനസുകള്‍ വിഎസിനു നേരെ ചാഞ്ഞുവീണെങ്കില്‍ വോട്ടിന്റെ എണ്ണത്തിലും ശതമാനത്തിലും ഉമ്മന്‍ചാണ്ടിയെങ്ങനെ അദ്ദേഹത്തെ കടത്തി വെട്ടി? പുതുപ്പളളിക്കാരെ "ജന"ങ്ങളുടെ കൂട്ടത്തില്‍ ചേര്‍ക്കുമോ, വി ബി ചെറിയാനും അപ്പുക്കുട്ടന്‍ വളളിക്കുന്നും.

ഇവിടെയും തീരുന്നില്ല, വോട്ടുകണക്കിന്റെ മറിമായം‍. 1996ല്‍ മാരാരിക്കുളത്ത് വിഎസ് തോല്‍ക്കുമ്പോള്‍ അദ്ദേഹത്തിന് ആകെ കിട്ടിയ വോട്ട് 66337. 1991ല്‍ മത്സരിച്ചപ്പോള്‍ കിട്ടിയത് 71470 വോട്ടുകള്‍. എതിരാളികളില്ലാത്ത ജനനായകനായി കൊണ്ടാടപ്പെട്ട വിഎസിന് മലമ്പുഴയില്‍ ഒരിക്കലും ഈ വോട്ടുകള്‍ നിലനിര്‍ത്താനായിട്ടില്ല. പരുക്കനും മുരടനും മുഠാളനുമായ വിഎസിന് 1991ല്‍ 71470 പേര്‍ മാരാരിക്കുളത്ത് വോട്ടു ചെയ്തെങ്കില്‍, ജനനായകനും കണ്ണിലുണ്ണിയുമായ വിഎസിന് 2006ല്‍ മലമ്പുഴ കിട്ടിയ വോട്ട് 64775. പളനിയും സംഘവും കാലുവാരിയപ്പോള്‍ പോലും 66337 പേര്‍ വിഎസിനൊപ്പം നിന്നു. ആ വോട്ടുപോലും ജനപ്രിയ നായകന് മലമ്പുഴയില്‍ കിട്ടിയില്ലെന്ന് ജനങ്ങളുടെ മൊത്തക്കച്ചവടമേറ്റ് തെരുവു ഭരിക്കുന്നവര്‍ അറിയുന്നത് നല്ലതാണ്.

മുന്‍സര്‍ക്കാരിന്റെ ദുര്‍ഭരണത്തിന് എതിരെയുളള വിധിയെഴുത്ത് എന്നാണ് നിയമസഭാതിരഞ്ഞെടുപ്പില്‍ വിജയം നേടുന്ന മുന്നണിയുടെ നേതാക്കള്‍ ആദ്യം നടത്തുന്നതുന്ന പ്രതികരണം. പ്രതിപക്ഷം ഭരണമേറിയാല്‍ സോഷ്യലിസ്റ്റ് സ്വര്‍ഗരാജ്യം കെട്ടിപ്പെടുക്കുമെന്ന പ്രതീക്ഷയിലല്ല, മറിച്ച് അധികാരത്തിന്റെ മദം പൊട്ടിയൊഴുകുമ്പോള്‍ രാഷ്ട്രീയക്കൊമ്പനാനകള്‍ കാട്ടിക്കൂട്ടുന്ന പേക്കൂത്തുകള്‍ക്കുളള ശിക്ഷയാണ് കേരളത്തിലെ ഓരോ നിയമസഭാ തിരഞ്ഞെടുപ്പു ഫലവും. അപവാദങ്ങള്‍ അധികമില്ല. 2006ലും സംഭവിച്ചത് മറിച്ചല്ല. അഴുകിനാറിയ ഒരു സര്‍ക്കാരിനെ കാലില്‍ത്തൂക്കി പാറക്കല്ലിലടിച്ച് സംഹരിക്കാന്‍ മുന്നണികളുടെ സ്വാധീനവലയത്തിനപ്പുറത്ത് വോട്ടെടുപ്പുഫലത്തെ നിര്‍ണയിക്കുന്നവരില്‍ ഭൂരിപക്ഷം തീരുമാനിച്ചതു കൊണ്ടാണ് മഹാവിജയം ഇടതുമുന്നണി നേടിയത്. ആന്റണിയുടെയും ഉമ്മന്‍ചാണ്ടിയുടെയും ഭരണത്തിനെതിരെ പ്രതികരിക്കാന്‍ ആ വിഭാഗത്തിലെ ഭൂരിപക്ഷം രംഗത്തിറങ്ങിയതാണ് ഇടതുമുന്നണി ചരിത്ര വിജയത്തിന് കാരണം. 2001ല്‍ ഇടതുമുന്നണിയുടെ ശവപ്പെട്ടിയില്‍ ആണിയടിച്ചതും ഇതേ ജനമാണ്.

ആ വിജയം പ്രതിപക്ഷ നേതാവായിരുന്ന വിഎസിന്റെ അക്കൗണ്ടിലെഴുതി സിപിഎമ്മിനെ കൊച്ചാക്കിക്കാണിക്കാന്‍ മുതിര്‍ന്നവര്‍ക്ക് ലക്ഷ്യം വേറെയായിരുന്നു. അത് തിരിച്ചറിയാന്‍ വിഎസിന് കഴിഞ്ഞില്ല. കണക്കുകളും ചരിത്രവും വിസ്മരിച്ച് രാഷ്ട്രീയ നിരക്ഷരരുടെ വാഴ്ത്തിപ്പാടലുകള്‍ക്ക് പിറകെ പോയ വിഎസ് ഒറ്റിയത്, സ്വന്തം രാഷ്ട്രീയപാരമ്പര്യത്തെയാണ്. തീക്കനലുകളിലൂടെ പതറാതെ നടന്നു വളര്‍ന്ന വിഎസ് തന്റെ വിപ്ലവജ്വാലയാളുന്ന വ്യക്തിത്വം, പലകാലങ്ങളില്‍, പലവിധത്തില്‍ സിപിഎമ്മില്‍ നിന്ന് പുറത്താക്കപ്പെട്ടവര്‍ക്ക് പകിട കളിക്കാനെറിഞ്ഞു കൊടുത്തു.

വിഎസ് അച്യുതാനന്ദന്‍ എന്ന കമ്മ്യൂണിസ്റ്റുകാരന്റെ ത്യാഗസുരഭിലമായ ഭൂതകാലത്തിന്റെ തണലിലും തണുപ്പിലും സ്വന്തം രാഷ്ട്രീയമോഹങ്ങളുടെ വിത്ത് സൂക്ഷിക്കുന്നവരാണ്, ജനപിന്തുണയുടെ വലിപ്പം കാണിച്ച് ഒടിയന്റെ വേഷം കെട്ടുന്നത്. പിബിയില്‍ നിന്ന് പുറത്തായ വിഎസ്, പാര്‍ട്ടിയില്‍ നിന്നിറങ്ങി വന്നതിനു ശേഷം പൂവണിയേണ്ട ചില സ്വപ്നങ്ങളുമായി ജീവിക്കുന്നവരാണ് അവര്‍. ഏത് അളവുകോലില്‍ അളന്നെടുത്താലും ജനസാമാന്യത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റുന്ന ഒരു വ്യക്തിവൈശിഷ്ട്യവുമില്ലാത്ത കുറേപ്പേര്‍ വിഎസിന്റെ ചെലവില്‍ കേരളത്തില്‍ ജീവിച്ചു പോകുന്നുണ്ട്. സന്ധ്യ മയങ്ങിയാല്‍ ചാനലുകളുടെ വണ്ടികളും പ്രതീക്ഷിച്ചിരിക്കുന്നവര്‍. പത്രങ്ങളിലും വാരികകളിലും ആദര്‍ശഭീകരതയുടെ വാചാടോപങ്ങള്‍ ആയിരങ്ങള്‍ക്ക് വില്‍ക്കുന്നവര്‍. ഏതു പ്രവചനങ്ങള്‍ക്കും പ്രഖ്യാപനങ്ങള്‍ക്കും വഴങ്ങുന്ന തൊലിക്കട്ടിയുളളവര്‍. വിഎസിനെക്കൊണ്ട് കഞ്ഞികുടിച്ചു പോകുന്നവര്‍ അങ്ങനെയെത്രയെത്ര.....!

തൊട്ടുകാണിക്കാനോ, എഴുതി സമര്‍ത്ഥിക്കാനോ ആവാത്ത ജനമെന്ന വലിയൊരു മിത്തിന്റെ പേരില്‍ സ്വപ്നങ്ങള്‍ വില്‍ക്കുന്നവരോട് ഒരിറ്റു സഹതാപം നമുക്കും ചൊരിയാം. സ്വപ്നങ്ങള്‍ക്കര്‍ത്ഥങ്ങളുണ്ടായിരുന്നെങ്കില്‍ സ്വര്‍ഗങ്ങള്‍ അവര്‍ക്കെന്നേ സ്വന്തമായേനെ...

29 comments:

മാരീചന്‍‍ said...

മലയാളിയെന്ന വിശേഷണത്തിന് അര്‍ഹത വേണമെങ്കില്‍ മലയാളം സംസാരിച്ചാല്‍ മാത്രം പോര, മറിച്ച് വിഎസ് അച്യുതാനന്ദനെ പിന്തുണയ്ക്കുകയും കൂടി വേണം. കേരളത്തില്‍ ജനിച്ചവനും ഭരദൈവം അച്യുതാനന്ദനുമായവനാരോ അവനാണ് മലയാളി, സമാസം ആദര്‍ശവ്രീഹി!

സജി കറ്റുവട്ടിപ്പണ said...

ഓം അച്ച്യുതാനന്ദായേ നമഹ!

മൂര്‍ത്തി said...

വിഎസ് അച്യുതാനന്ദന്‍ എന്ന കമ്മ്യൂണിസ്റ്റുകാരന്റെ ത്യാഗസുരഭിലമായ ഭൂതകാലത്തിന്റെ തണലിലും തണുപ്പിലും സ്വന്തം രാഷ്ട്രീയമോഹങ്ങളുടെ വിത്ത് സൂക്ഷിക്കുന്നവരാണ്, ജനപിന്തുണയുടെ വലിപ്പം കാണിച്ച് ഒടിയന്റെ വേഷം കെട്ടുന്നത്. പിബിയില്‍ നിന്ന് പുറത്തായ വിഎസ്, പാര്‍ട്ടിയില്‍ നിന്നിറങ്ങി വന്നതിനു ശേഷം പൂവണിയേണ്ട ചില സ്വപ്നങ്ങളുമായി ജീവിക്കുന്നവരാണ് അവര്‍. ഏത് അളവുകോലില്‍ അളന്നെടുത്താലും ജനസാമാന്യത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റുന്ന ഒരു വ്യക്തിവൈശിഷ്ട്യവുമില്ലാത്ത കുറേപ്പേര്‍ വിഎസിന്റെ ചെലവില്‍ കേരളത്തില്‍ ജീവിച്ചു പോകുന്നുണ്ട്. സന്ധ്യ മയങ്ങിയാല്‍ ചാനലുകളുടെ വണ്ടികളും പ്രതീക്ഷിച്ചിരിക്കുന്നവര്‍. പത്രങ്ങളിലും വാരികകളിലും ആദര്‍ശഭീകരതയുടെ വാചാടോപങ്ങള്‍ ആയിരങ്ങള്‍ക്ക് വില്‍ക്കുന്നവര്‍. ഏതു പ്രവചനങ്ങള്‍ക്കും പ്രഖ്യാപനങ്ങള്‍ക്കും വഴങ്ങുന്ന തൊലിക്കട്ടിയുളളവര്‍. വിഎസിനെക്കൊണ്ട് കഞ്ഞികുടിച്ചു പോകുന്നവര്‍ അങ്ങനെയെത്രയെത്ര.....!

ഒരൊപ്പിടാതെ പോകുന്നതെങ്ങിനെ?

suraj::സൂരജ് said...

അണ്ണാ,
വലിയൊരു വിപണന സാധ്യതയുള്ള മാര്‍ക്കറ്റിന്റെ അത്താണിയാണ് അപ്പൂപ്പന്‍. അപ്പൂപ്പന്‍ മിണ്ടിയാ - നാലര്‍ത്ഥം - നാല്പത് വ്യാഖ്യാനം - നാനൂറ് ന്യൂസ് റിപ്പോര്‍ട്ട്; അപ്പൂപ്പന്‍ മിണ്ടിയില്ലെങ്കില്‍ - ആറര്‍ത്ഥം - അറുപത് വ്യാഖ്യാനം - അറുനൂറ് റിപ്പോര്‍ട്ട്. സന്ധ്യയ്ക്ക് ടീവിക്കാരന്‍ ദീപം ദീപം എന്നതിനു പകരം അച്ചു അച്ചു അച്ചൂ എന്നുപറഞ്ഞാണ് ക്യാമറ ഓണ്‍ ചെയ്യുന്നത്. നിങ്ങളിങ്ങനെ ഓരോന്ന് പറഞ്ഞ് പറഞ്ഞ് അപ്പൂപ്പന്റെ ജനപിന്തുണയെ ഇങ്ങനെ ഉള്ളിതൊലിച്ച് നോക്കാതണ്ണാ.

ആദര്‍ശവ്രീഹി - അതങ്ങ് പിടിച്ചു!

കിരണ്‍ തോമസ് തോമ്പില്‍ said...

ജനശക്തിക്കാരെ മറക്കാമോ മാരിചരെ. ജി ശക്തിധരന്‍ വി.എസിനെ വാഴ്‌ത്തിപ്പടിയത്‌ ഇവിടെ വായിക്കാം. ഇപ്പോള്‍ ശക്തിധരന്‍ എന്തു പറയും എന്നറിയില്ല.

Joker said...

vikasana virodiyaya achudanthan inn ellavarkkum ore pole punyavalanayathaneneyenn koodi ee lekhanakkaar vishadeekarichal nannaayirunnu.

gambeeram mariichare

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

>>ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെ ഒരു ഗ്രൂപ്പിന്റെ തുലോം തുച്ഛമായ ആരാധകവൃന്ദത്തിന്റെ ഭജനപ്പാട്ടിലെ നായകനായ രാഷ്ട്രീയ നേതാവിനെ<<

>>സിപിഎം എന്ന പാര്‍ട്ടിയില്‍ വിരളമായ അണികളുടെ പിന്തുണയുളള ഒരു ഗ്രൂപ്പു നേതാവ് മാത്രമാണ് അവര്‍ക്ക് വിഎസ് അച്യുതാനന്ദന്‍.<<

ഇത്ര മോശം ആളാണെങ്കില്‍ വി എസിനെ എന്ത് കൊണ്ട് പാര്‍ട്ടി വെച്ച് പൊറുപ്പിക്കുന്നു? പുറത്താക്കിക്കൂടെ?

മാധ്യമങ്ങള്‍ ചെയ്യുന്ന ഈ തമ്മില്‍ തല്ലിക്കല്‍ എറ്റെടുത്ത് എന്തിനാണ് നിങ്ങളും തമ്മില്‍ തല്ലുന്നത്/തമ്മില്‍ തല്ലിക്കുന്നത്?

പാര്‍ട്ടിയില്‍ ആരെങ്കിലും (അതത് കമ്മറ്റികളില്‍) എതിര്‍പ്പുകള്‍ പ്രകടിപ്പിച്ചാല്‍ അവരെ വി എസ് അനുകൂലിയായും പിന്നെ വിഭാഗീയതക്കാരായും മുദ്രകുത്തിയാല്‍ കാര്യങ്ങള്‍ എളുപ്പമായല്ലോ?

വി എസിനെ അനുകുലിച്ചെന്തെങ്കിലും പറഞ്ഞാലത് വിഭാഗീയതയും, വി എസിനെ തെറി വിളിച്ചാല്‍ അത് പാര്‍ട്ടി അച്ചടക്കവും.

ഇപ്പോഴും പാര്‍ട്ടി മെമ്പര്‍ തന്നെയല്ലെ വി എസ്? കൊള്ളരുതാത്തവനാണെങ്കില്‍ പുറത്താക്കണം. എം വി ആറി നോടും ഗൌരിയമ്മയോടും കാണിക്കാത്ത ദയ വി എസിനോടെന്തിന്?

പരസ്പരം ചേരി തിരിഞ്ഞ് തല്ലൂ, സ്വന്തം പല്ലിടകുത്തി അന്യനെ മണപ്പിക്കു. എല്ലാത്തിനും മാധ്യമങ്ങളെ കുറ്റം പറഞ്ഞാല്‍മതി.

മനനം മനോമനന്‍ said...
This post has been removed by a blog administrator.
രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

V S നെ ഒറ്റ തിരിച്ചുള്ള ഈ ആക്രമണങ്ങള്‍ കാണുമ്പോള്‍ ഇത് എന്തിനുള്ള പുറപ്പാടാണെന്ന് മനസ്സിലാകുന്നില്ല. വി എസ് പുണ്യവാളനാണെന്നൊന്നും ഞാന്‍ കരുതുന്നില്ല. പക്ഷെ, ഇവിടെ ഈ എഴുതുന്നവര്‍ക്കും എന്തൊക്കെയോ അജണ്ടകള്‍ ഉണ്ടെന്ന് തോന്നുന്നു. നിങ്ങളീ എഴുതുന്നതും മാധ്യമങ്ങള്‍ എഴുതുന്നതും എല്ലാം ഒരേ കര്യത്തിനു തന്നെ, ഈ പാര്‍ട്ടിയെ കുളിപ്പിച്ച് കിടത്താന്‍.

വി എസിനെ പുറത്താക്കിയിട്ടാണ് ഈ എഴുത്തെങ്കില്‍ ന്യായീകരിക്കാം. ഈ വക ചെളിവാരി എറിയലുകള്‍ പാര്‍ട്ടിയെ സ്നേഹിക്കുന്ന ഒരുത്തരും ചെയ്യില്ല.

ഇവിടെ വി എസ്, പിണറായി, ലാവ് ലിന്‍ ഇതൊന്നുമല്ല പാര്‍ട്ടിയെ സ്നേഹിക്കുന്ന സാധാരണക്കാരന്റെ പ്രശ്നം. ഈ പാര്‍ട്ടി അവന്റെ പ്രശ്നങ്ങളില്‍ എത്രത്തോളം ഇടപെടുന്നുണ്ട് എന്നതിലാണ്. അതിന് നേതാക്കള്‍ക്കെവിടെ നേരം? തമ്മില്‍ തല്ലിനും കുതികാല്‍ വെട്ടിനുമല്ലാതെ? പണ്ട് ഇതൊക്കെ കോണ്‍ഗ്രസ്സിലായിരുന്നെങ്കില്‍ ഇന്ന് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയിലാണെന്ന് മാത്രം.

ആഢംബരജീവിതവും, അഴിമതിയും, പണത്തിനോടുള്ള ആര്‍ത്തിയും നേതാക്കള്‍ക്കുണ്ടെന്ന് പറഞ്ഞത് സ: കാരാട്ട് തന്നെയല്ലെ? അതില്‍ ഗ്രൂ‍പ്പ് ബേധമുണ്ടോ?

പ്രശ്നങ്ങള്‍ തീര്‍ക്കാനായിരുന്നെങ്കില്‍ ഇവിടെ ഇത്തരം ചര്‍ച്ചകള്‍ വീണ്ടും ഉണ്ടാവില്ലായിരുന്നു. മാധ്യമങ്ങളെ പറയുന്ന മട്ടില്‍ വി എസിനെ പറയുന്നത് ഈ പ്രശ്നങ്ങള്‍ തീരുന്നതില്‍ ആര്‍ക്കൊക്കെയോ വിഷമം ഉണ്ടെന്നും എങ്ങനെയും വി എസിനെ പടിയിറക്കി വിടണമെന്ന ചിലരുടെ ആഗ്രഹം ഉണ്ടെന്നും വ്യക്തം.

വിഗ്രഹവല്‍ക്കരിക്കപ്പെട്ട നേതാക്കളും, അവരെ എഴുന്നള്ളിച്ചു നടക്കുന്ന അനുയായികളും തന്നെയാണ് ഈ പാര്‍ട്ടിയെ നശിപ്പിക്കുന്നത്, അത് പണ്ടെ ഈ പ്രസ്ഥാനത്തെ നശിപ്പിക്കാന്‍ ചട്ടം കെട്ടിനടക്കുന്ന മാധ്യമങ്ങള്‍ക്കും മറ്റും കാര്യങ്ങള്‍ എളുപ്പമാക്കി കൊടുക്കുന്നു.

karimeen/കരിമീന്‍ said...

കോണ്‍ഗ്രസ്സിലേപ്പോലേ എന്ന് രാമചന്ദ്രന്‍ പറഞ്ഞില്ലേ. സത്യം.അതുപോലെ തന്നെ. പക്ഷേ ഒരു ചെറിയ വ്യത്യാസമുണ്ട്. കരുണാകരനെ ന്യായീകരിക്കാനും വെള്ളപൂശാനും മാധ്യമപ്പട ഇല്ലായിരുന്നു. അച്യുതാനന്ദന് അതുണ്ട്. കരുണാകരന്‍ വാലുപൊക്കുന്നത് അധികാരത്തിനാണ് എന്ന് തിരിച്ചറിയാം. അച്യുതാനന്ദന്‍ വാലുപൊക്കുന്നത് ആദര്‍ശത്തിനാണ് എന്ന് പ്രചരിപ്പിക്കാന്‍ ഒരു സൈന്യം തന്നെ പിന്നിലൂണ്ട്.
പബ്ലിക് റിലേഷന്‍സ് ആഫീസര്‍മാരില്ലാത്ത വി.എസ് .അച്യുതാനന്ദന്‍ മാത്രമാണ് കരുണാകരന്‍.

പിന്നെ മുഖ്യമന്ത്രിസ്ഥാനം, അതങ്ങിനെ വലിച്ചെറിഞ്ഞ് പോകാനാകുമോ. രണ്ടു കൊല്ലം ഇനിയും മോന്തണ്ടേ ആവോളം.
2011 ഫെബ്രുവരിയില്‍ അച്യുതാനന്ദന്‍ പാര്‍ട്ടിവിടും.
ഉറപ്പ്. കാരണം 2016-ല്‍ മുഖ്യമന്ത്രിയാവാന്‍ ജനിതകശാസ്ത്രം അനുവദിക്കാനിടയില്ല.

karimeen/കരിമീന്‍ said...
This post has been removed by the author.
മനനം മനോമനന്‍ said...
This post has been removed by a blog administrator.
ഗദ്ദാര്‍.... said...

കൊള്ളക്കാർ പലവിധമുണ്ട്. അനുകൂല സാഹചര്യങ്ങൾക്കായി കാത്തിരിക്കുന്ന ഒരു വിഭാഗം കള്ളന്മാരും കൊള്ളക്കാരുമുണ്ട്. .സമൂഹത്തിൽ വരുന്ന അപകടങ്ങളെ ചാകരയായികണ്ട് ഇത്തരക്കാർ എല്ലാ സാധ്യതകളും അപ്പോൾ ഉപയോഗിക്കും. . അപകടം നടന്ന സ്ഥലങ്ങളിലും പ്രളയ ബാധിത പ്രദേശങ്ങളിലും മോഷണം കൊള്ള എന്നിവ നടത്തുന്ന ഈവക മിടുക്കന്മാർ സമയം അല്പവും പാഴാക്കാതെ മുതലെടുപ്പ് നടത്തുന്നവരാണ്. ഇവരുടെ ടൈം മാനേജുമെന്റ് അസൂയാവഹമാണ്. . ഇത്തരക്കാരെ പിടിച്ച് വിളക്കു കാലിൽ കെട്ടി അടിക്കുകയാണു മലയാളിയുടെ ഒരു രീതി. ബ്ലോഗിൽ ഇത്തരം പണിചെയ്യുന്നവരുടെ ഒരു നിരതന്നെ ഇപ്പോഴുണ്ട്. ചിലർ ലോക്കപ്പിലാകുന്നത് പോലെ ഇടക്ക് ബ്ലോഗ് പൂട്ടി തെണ്ടാൻ പോകും വീണ്ടും മഴ തുടങ്ങുമ്പോൾ പണിയിൽ വ്യാപൃതരാകും.
മഹത്തായ സ്ഥിതിവിവരക്കണക്കാണ് ഏത് പരാന്നഭോജനത്തെയും ആധികാരികമാക്കുന്നത്. . മലയാളി മനസ്സ് എങ്ങനെയെന്ന് അറിയാൻ ഇവിടെ ഒരാൾ കേരളാ പോലീസിന്റെ ഇന്റലിജന്റ് റിപ്പോർട്ടാണ് നോക്കുന്നത്. ഇയ്യാൾ പണ്ട് കുടിപ്പള്ളിക്കുടത്തിൽ പഠിക്കുന്ന കാലത്ത് തന്നെ നോക്കി ചിരിച്ച ഒരു പെൺകുട്ടിക്ക് പ്രേമമാണോയെന്നറിയാൻ അന്ന് ഇന്റെലിജൻസ് മേധാവിയായിരുന്ന തരകനു അപേക്ഷനൽകിയതായി കേട്ടിട്ടുണ്ട്.. കേരളത്തിലെ തിരഞ്ഞെടുപ്പുകളിൽ ആകെ പോൾ ചെയ്ത വോട്ടിൽ ഇടതു പക്ഷത്തിനു അല്ലാതെ പോയ അസാധുവടക്കം ചേർത്ത് ശതമാനമാക്കി ഇതെല്ലാം വി എസ്സ് അച്ചുതാനന്ദന്റെ ജനസമ്മിതി ഇല്ലായ്മയാണെന്നു പറയുന്ന മാരീചന്റെ തല പരിശോധിക്കണം.. അച്ചുതാനന്ദനു ഉണ്ടെന്നു പറയപ്പെടുന്ന ജനസമ്മിതിയാണു ഇത്തരം അപസ്മാരങ്ങൾക്ക് അടിസ്ഥാനമെങ്കിൽ അത് നേരിടേണ്ടത് മണ്ണിനെയും മനുഷ്യനേയും അറിയുന്ന ആരെയെങ്കിലും മറുപക്ഷത്ത് നിറുത്തിയാണ്. അത് അങ്ങനെ ആരെങ്കിലും ചെയ്തെങ്കിൽ എന്നു ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ. അല്ലാതെ മാരീചനൊക്കെ ചെയ്യുന്നത് പോലെ തൂറിതോൽ‌പ്പിക്കുകയല്ല വേണ്ടത്.
ശ്രീമാൻ പ്രകാശ് കാരാട്ട് മേഖലാ കൺ‌വെൻഷനുകളിൽ പറഞ്ഞെതെന്താണ്.? പാർട്ടി നേതാക്കന്മാർ ജനങ്ങളിൽ നിന്ന് അകലുന്നു, ആഡംബര ജീവിതം നയിക്കുന്നു. തിരഞ്ഞെടുപ്പുകളിൽ ഇടതു ചിന്തയ്ക്കും രീതിയ്ക്കും വിരുദ്ധമായി കൂട്ടുകെട്ടുണ്ടാക്കുന്നു. .പുറത്ത് പറയുന്നതിനേക്കാൾ കൂടുതൽ സമ്പാദ്യം ഇവർ കൈവശം വയ്ക്കുന്നു. അച്ചുതാനന്ദനെ കുറിച്ചാണിതെല്ലാം പറഞ്ഞതെന്നു ആരെങ്കിലും വിശ്വസിക്കണമെങ്കിൽ കേൽക്കുന്നവരെല്ലാവരും മാരീചവർഗ്ഗം ആയിരിക്കണം. പ്രകാശ് പറഞ്ഞു വി എസ്സ് അച്ചുതാനന്ദനെ ആരും അച്ചടക്കം പഠിപ്പിക്കണ്ട ഞാൻ ജനിക്കുനതിനു മുമ്പ് ഈ പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചു തുടങ്ങിയ ആളാണദ്ദേഹം . ഇപ്പോൾ പി.ബിയിൽ നിന്നു തരം താഴ്ത്തി കേന്ദ്രകമ്മിറ്റിയിലേയ്ക്ക് മാറ്റിയിരിക്കുന്നു.
അല്ലയോ മൽഗുണാ.. അല്ലാ..മാരീചാ.. ഇപ്പോഴും അയാൾ ആ പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി അംഗമാണ്. മാരീചൻ കരുതുന്നതു പോലെ മോശക്കാരനെങ്കിൽ താങ്കളുടെ അന്ന ദാതാവും വാർത്തകളുടെ പ്രൊഡക്ഷൻ മാനേജറുമായ പിണറായി വിജയനോട് പറഞ്ഞ് അങ്ങ് പുറത്താക്കിയാൽ പോരെ? വി എസ്സ് കാണിച്ചതിന്റെ ആയിരത്തിലൊന്ന് കാണിക്കാത്തവരെ പുരത്താക്കി പടിയടച്ചതല്ലേ ഈ പാർട്ടി. പിന്നെന്തിനാണ് നെഞ്ചിൽ മുട്ടവച്ചാൽ പൊട്ടും വണ്ണം ആ പടുകിഴവന്റെ മുന്നിൽ വിറക്കുന്നത്.
രാഷ്ട്രീയ അഭിപ്രായ ങ്ങളും അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടാവുന്നത് സ്വാഭാവികമാണ്. അത്തരത്തിൽ സത്യസന്ധമായി അത് പ്രകടിപ്പിക്കുന്നവരെ ആദരിക്കുകയാണ് വേണ്ടത്. പക്ഷേ മാരിചാദികൾ ഇവിടെ കേരള രാഷ്ട്രീയത്തെ പല നിലയിലും കൈയ്യടക്കാൻ പണവും കൂലിതല്ലുകാരുമായി ഇറങ്ങിതിരിച്ചിരിക്കുന്നവർക്കായി പിമ്പിന്റെ പണിയാണ് ചെയ്യുന്നത്.
ഇവർ കാറ്റുള്ളപ്പോൾ പാറ്റാം എന്ന് കരുതി ഇറങ്ങിയിരിക്കുകയാണ്. ഇതിനേക്കാൾ നല്ല ജോലിയാണ് തെരുവിൽ ശരീരം വിൽക്കുന്നവർക്കായി ബ്രോക്കറാകുന്നത്. മറ്റൊന്ന് എനിക്ക് മനസ്സിലാകും മാരീചാ .. താങ്കൾ ഇങ്ങനെ എഴുതുമ്പോൾ അനുഭവിക്കുന്ന ഒരാനന്ദമുണ്ട്, അത് ഫ്രോയിഡ് പറഞ്ഞതു പോലെ ഒരു ഈഡിപ്പസ് സുഖമാണ്. പിതൃത്വം നിഷേധിക്കുന്നവന്റെ സുഖം. ഒന്നു ചോദിച്ചു കൊള്ളട്ടെ താങ്കൾ ആലപ്പുഴക്കാരനാണോ?

Baiju Elikkattoor said...

ഗദ്ദാര്‍,
ക്ലാപ്‌.......ക്ലാപ്‌......ക്ലാപ്‌........

karimeen/കരിമീന്‍ said...
This post has been removed by the author.
ശുഭം said...

നമുക്കിതു തന്നെ കിട്ടണം...Feeling ashamed to talk about own CM like this!

കാവലാന്‍ said...

മാരീചനീതിയില്‍ മനുഷ്യത്വം തിരയുന്നതു തന്നെ വിഡ്ഡിത്തം.
എങ്കിലും,
ങഞണനമ+കചടതപ= വീ എസ് കപടന്‍
യരലവ+ങ്ക്മ്മ്,അ= വീ എസ് കാലുവാരി
ഇവിടെ എന്തെഴുതിയാലും=ഇവിടെ വന്നാല്‍ വീഎസിന്റെ നെഞ്ഞത്ത്

ഇവിടെകുറേ വാഴ്ത്തുപാട്ടെഴുതി = ഇവിടെ പിണറായിയെയൊന്നു പ്രതിഷ്ഠിച്ചു നോക്കിക്കൂടേ മാരീചരേ?

ജിവി/JiVi said...

ടി കെ ദേവകുമാര്‍ എന്ന വി എസ് പക്ഷക്കാരന്റെ കാര്യം കൂട്ടിച്ചേര്‍ക്കാവുന്നതാണ്.

2001ല്‍ യു ഡി എഫ് തരംഗം ഉണ്ടായപ്പോള്‍ ഹരിപ്പാട് നിന്ന് വിജയിച്ചയാളാണ് കക്ഷി.

2006ല്‍ കേരളമാകെ വി എസ് തരംഗം അലയടിച്ചപ്പോള്‍ ഇദ്ദേഹം പരാജയപ്പെട്ടു.

അക്കങ്ങള്‍ക്ക് സത്യമേ പറയാന്‍ കഴിയൂ. നമുക്ക് വേണ്ടത് സത്യമല്ല എന്ന് വെച്ച് സത്യങ്ങളെ ഭര്‍ത്സിക്കാനാവില്ലല്ലോ. അതുകൊണ്ട് അക്കങ്ങളെ തെറിവിളിക്കുക. അത് വെളിച്ചത്ത് കൊണ്ടുവരുന്നവരെ തെറിവിളിക്കുക. മാരീചന്‍ അത്ര വലീയ ജനാധിപത്യവാദി അല്ലാത്തതുകൊണ്ട് ആ തെറികള്‍ ഡിലീറ്റ് ചെയ്യപ്പെടുന്നില്ല. ഭാഗ്യം.

മാരീചന്‍‍ said...

ഹല്ല, കക്കൂസില്‍ പോകുന്നത് ആരെയെങ്കിലും തോല്‍പ്പിക്കാനാണോ.............? അവിടെ പോകാതിരുന്നാലല്ലേ തോല്‍പ്പിക്കല്‍ കൂടുതല്‍ നന്നാക്കാന്‍ കഴിയുക........

മനുഷ്യപക്ഷത്ത് നില്‍ക്കുന്ന ബുദ്ധിമാന്മാരുടെ ന്യായങ്ങള്‍ നമ്മളെപ്പോലുളളവര്‍ക്ക് അത്രയെളുപ്പം പിടികിട്ടുന്നതല്ലെന്ന് കരുതി സമാധാനിക്കാം. അല്ലാതെന്ത് ചെയ്യാന്‍.......

മാരീചന്‍‍ said...

മനനം മനോമനന്റെ കമന്റ് എഡിറ്റ് ചെയ്തത്

നിങ്ങൾക്ക്‌ എളുപ്പത്തിൽ ആദർശധീരനാകണോ?

നിങ്ങൾ ഒരു തെമ്മാടിയൊ, *&^&^%%, *&*&^&^%, മോഷ്ടാവൊ, പിടിച്ചുപറിക്കാരനോ, പെൺ വാണിഭക്കാരനോ,കൂലിത്തല്ലുകാരനോ, കഞ്ചാവു- ചരായാദി കചവടക്കാരനോ, ദുർമന്ത്രവാദിയോ, രാജ്യദ്രോഹിയോ, ഭീകരകരവാദിയോ, വർഗീയവാദിയോ, സ്വജന പക്ഷപാതിയോ, അഴിമതിക്കാരനോ, കോൺഗ്രസ്സോ കമ്മ്യൂണിസ്റ്റോ, ബിജെപിയോ മുസ്ലീം ലീഗോ, കേരളാകോൺഗ്രസ്സോ അങ്ങനെ അരോ, ഏതില്പെട്ടവനോ ആകട്ടേ, നിങ്ങൾക്കും ആദർശകേരളത്തിന്റെ വീര പുത്രൻ മാർആകാം.ചാനലുകളിൽ നിറഞ്ഞുനിൽക്കാം.

ചെയ്യേണ്ടതു ഒന്നു മാത്രം. സി.പി.എമ്മുമായി ബന്ധമുള്ള വിഷയങ്ങളിൽ വി.എസിനെ ചുമ്മാ ന്യായീകരിച്ചുകൊള്ളൂക. പറ്റുമെങ്കിൽ അച്ചുമ്മാവൻ സിന്ദാബാദ് എന്ന മുദ്രാവാക്യം ഇടയ്ക്കിടെ മുഴക്കിക്കൊള്ളൂക. പിണറാ‍യി വിജയൻ അഴിമതിക്കാരനാണെന്നു വിളിച്ചു പറയുക. തെളിവുകൾ ഒന്നും വേണ്ട. ലാവ്ലിൻ കേസെന്നല്ല, ഏതുകേസായാലും അതിലൊന്നും ഒരു അനുമതിയും ഇല്ലെന്നു തെളിവുകൾ നിരത്തിയാലും വിശ്വസിച്ചു പോകരുത്‌. വി.എസ്.ഒഴികെ എല്ലാ സി.പി.എം നേതാകാളും അഴിമതിക്കാരാണെന്നും കൂടി പറഞ്ഞുകൊള്ളുക.സി.പി.എമ്മിനു എതിരെ വരുന്ന വാർത്തകൾ മാത്രമേ സ്വീകരിയ്ക്കാവൂ.

അതെ, ഇങ്ങനെയൊക്കെ ആയാൽ നിങ്ങൾക്കും ആദർശധീരൻ ആകാം. അതിന്റെ മറവിൽ നിങ്ങൾക്കു എന്തും ചെയ്യുകയും ആകാം. പാർട്ടിയെ തകർക്കുകയും ആകാം. മറ്റു പാർട്ടീകളൂടെ അഴിമതികൾ മൂടി വയ്ക്കുകയും ചെയ്യാം. അങ്ങനെ അങ്ങനെ സന്തോഷമായി ജീവിയ്ക്കാം. അപ്പോൾ ധൈര്യമായി വിളിച്ചു കൊള്ളൂ; അച്ചുമ്മാവൻ സിന്ദാബാദു്! പിണറായി വിജയൻ മൂർത്താബാദ്!

മാരീചന്‍‍ said...

മനനം മനോമനന്റെ രണ്ടാം കമന്റ് എഡിറ്റ് ചെയ്തത്

എന്റെ കമന്റിലെ *&^%$# $%#&^% എന്ന പ്രയോഗം ശ്രീ.രാമചന്ദ്രൻ വെട്ടിക്കാ‍ട് സൂചിപ്പിച്ചതിനാൽ പിൻവലിയ്ക്കുന്നു. എന്റെ കമന്റിൽ അനുയോജ്യമല്ലാത്ത *&^%$# $%#&^% എന്ന പ്രയോഗം ഉള്ളതിനാൽ ആ കമന്റു നീക്കം ചെയ്യാ‍ൻ മാരീചനോട് അപേക്ഷ.

ഒരുപ്രാസത്തിനു പറഞ്ഞുവന്നപ്പോൾ സധാരണ നാട്ടുവർത്തമാനം പോലെ അവ പറഞ്ഞുപോയതാണ്. ആ തൊഴിലുകളുടെ മഹത്വം കുറച്ചു കാണുന്നില്ല. അവരെക്കുറിച്ചു മോശമായി ഞാൻ പരാമർശിച്ചു എന്നതിനു തെളിവായിപ്പോകും എന്നതിനാൽ രാമചന്ദ്രന്‍ വെട്ടിക്കാടിന്റെ കമന്റും താമസം വിനാ ഈയുള്ളവന്റെ ബ്ലൊഗ്പോസ്റ്റിൽ നിന്നും നീക്കും.

അപ്പുക്കിളി said...

ഗദ്ദറിന് സലാം.

മാരീചാദികളുടെ ആടിനെ പട്ടിയാക്കലിന് ഇങ്ങനെയെന്തെങ്കിലും കിട്ടേണ്ടതു തന്നെ.

കേരളത്തിലെ തിരഞ്ഞെടുപ്പുകളിൽ ആകെ പോൾ ചെയ്ത വോട്ടിൽ ഇടതു പക്ഷത്തിനു അല്ലാതെ പോയ അസാധുവടക്കം ചേർത്ത് ശതമാനമാക്കി ഇതെല്ലാം വി എസ്സ് അച്ചുതാനന്ദന്റെ ജനസമ്മിതി ഇല്ലായ്മയാണെന്നു പറയുന്ന മാരീചന്റെ തല പരിശോധിക്കണം.. കിളിയുമുണ്ട് ഇത്യാദികളുടെ തല മുതലങ്ങ് കോണകം വരെ പരിശോധിപ്പിക്കാന്‍ പിന്തുണയുമായി.

പാർട്ടി നേതാക്കന്മാർ ജനങ്ങളിൽ നിന്ന് അകലുന്നു, ആഡംബര ജീവിതം നയിക്കുന്നു. തിരഞ്ഞെടുപ്പുകളിൽ ഇടതു ചിന്തയ്ക്കും രീതിയ്ക്കും വിരുദ്ധമായി കൂട്ടുകെട്ടുണ്ടാക്കുന്നു. .പുറത്ത് പറയുന്നതിനേക്കാൾ കൂടുതൽ സമ്പാദ്യം ഇവർ കൈവശം വയ്ക്കുന്നു. അച്ചുതാനന്ദനെ കുറിച്ചാണിതെല്ലാം പറഞ്ഞതെന്നു ആരെങ്കിലും വിശ്വസിക്കണമെങ്കിൽ കേള്‍ക്കുന്നവരെല്ലാവരും മാരീചവർഗ്ഗം ആയിരിക്കണം.

അതിന്റെ പ്രശ്നം അതല്ല. നേരത്തെ കാവിലാന്‍ കമന്റിയില്ലെ, ഇവിടെ എന്തു ടൈപ്പ് ചെയ്താലും മറിച്ചടിച്ചു വരുന്നതിന്റെ, അതിന്റെ മറ്റൊരു വെര്‍ഷന്‍ ആണത്. കേള്‍വിയിലെ പ്രശ്നം. അച്ചുതാനന്ദന്റെ ജനസമ്മിതി അളന്നതുപോലുള്ള ഒരു ടെക്നിക്കല്‍ ട്രബിള്‍.

ഇപ്പോഴും അയാൾ ആ പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി അംഗമാണ്. മാരീചൻ കരുതുന്നതു പോലെ മോശക്കാരനെങ്കിൽ താങ്കളുടെ അന്ന ദാതാവും വാർത്തകളുടെ പ്രൊഡക്ഷൻ മാനേജറുമായ പിണറായി വിജയനോട് പറഞ്ഞ് അങ്ങ് പുറത്താക്കിയാൽ പോരെ? വി എസ്സ് കാണിച്ചതിന്റെ ആയിരത്തിലൊന്ന് കാണിക്കാത്തവരെ പുറത്താക്കി പടിയടച്ചതല്ലേ ഈ പാർട്ടി.

ഇന്റെ ഗദ്ദാറേ ഇങ്ങളാ ആന്ധ്രേലെങ്ങാനും പോയി നാലു തൊഴിലാളികളെ സംഘടിപ്പിക്ക്. മാരീചാദികളുടെ ചെവിട്ടില്‍ വേദമോതിയിട്ട് കാര്യമുണ്ടെന്നു തോന്നുന്നില്ല.

പക്ഷേ മാരിചാദികൾ ഇവിടെ കേരള രാഷ്ട്രീയത്തെ പല നിലയിലും കൈയ്യടക്കാൻ പണവും കൂലിതല്ലുകാരുമായി ഇറങ്ങിതിരിച്ചിരിക്കുന്നവർക്കായി പിമ്പിന്റെ പണിയാണ് ചെയ്യുന്നത്.

അദ്ദാണുകാര്യം. കൂലിത്തല്ലുകാരന്റെ രാഷ്ട്രീയം. കൂട്ടിന് ഈഡിപ്പസ് കോമ്പ്ലക്സും. കിളിക്കു മതിയായി ഇനി കിളിയിവിടെ നില്‍ക്കണില്ല. ബൈ.

ഒരു കൂടോത്രം പ്രതീക്ഷിച്ചുകൊണ്ട് കിളി.

karimeen/കരിമീന്‍ said...

ജനഹിതം നമുക്ക് സര്‍വെകളിലൂടെ കണ്ടെത്താം.
കോണ്‍ഗ്രസ്സ് ചാനലില്‍ ഒരു സര്‍വെ. അച്യുതാനന്ദനെ സി.പി.എം.പുറത്താക്കണോ?.
70% കോണ്‍ഗ്രസ്സുകാരും പറഞ്ഞു, അച്യുതാനന്ദന്‍ സി.പി.എമ്മില്‍ തുടരണം.
80% ബി.ജെ.പി.ക്കാര്‍ക്കും ഇതു തന്നെ അഭിപ്രായം.

എന്തായാലും സി.പി.എം.നന്നായിക്കണ്ടാല്‍ മതി എന്ന ആഗ്രഹം കൊണ്ടായിരിക്കുമല്ലോ അവര്‍ അങ്ങിനെ ചിന്തിക്കുന്നത്.

Kausthubh said...

പാര്‍ട്ടിയില്‍ വിശ്വസിക്കുക എന്നതു ഒരു ആചാരം പോലെ കൊണ്ടുനടന്ന കാലം പതുക്കെ മാറുകയാണ്.തിരിച്ചറിവുള്ള മനുഷ്യരുടെ എണ്ണം കൂടിവരികയാണ്.ഇല്ലെന്നു നടിക്കേണ്ടതു സുഖലോലുപരായി കഴിയുന്ന നേതാക്കന്മാര്‍ക്ക് ആവശ്യമാണ്. പക്ഷെ നമുക്ക് അതുണ്ടോ?ഒരു പാര്‍ട്ടിയില്‍(നേതാക്കളുടെ ഒരു സംഘം) ജീവിതകാലം മുഴുവന്‍ വിശ്വസിച്ചുകൊള്ളാമെന്നോ,അതിനെ പ്രതിരോധിക്കാന്‍ അവനവന്റെ തലച്ചോര്‍ പണയം വെക്കാമെന്നോ കരുതുന്നവര്‍ ഇന്നത്തെ തലമുറയില്‍ ചുരുക്കമേ ഉള്ളൂ.പാര്‍ട്ടി ഇന്നു അവന്റെ ദൈനംദിനജീവിതത്തില്‍ ഗുണകരമായി ഇടപെടുന്നില്ല.(അമ്മയും മാക്ടയും പോലെ).നേതാക്കന്മാരുടെ ദൈനം ദിന ജീവിതത്തില്‍ മാത്രമാണു അതിനു ഒരു പ്രധാന റോള്‍ ഉള്ളത്..

എല്ലാം ആശയങ്ങളും മോശമെന്ന് ഒരിക്കലും പറയുന്നില്ല .നേതാക്കന്മാര്‍ എന്നു പറയുന്നവര്‍ മിക്കവരും അര്‍ഹരായവരോ കഴിവുള്ളവരോ അല്ല എന്നാണഭിപ്രായം.അതു അരാഷ്ട്രീയവാദമാവുമോ?രണ്ടു പാര്‍ട്ടിയിലെയും കഴിവുള്ളവരെ ഇഷ്ടപ്പെട്ടാല്‍ അതു അരാഷ്ട്രീ‍യവാദമാവുമോ?എല്ലാ മതവും മനുഷ്യനന്മയ്ക്ക് എന്നു പറഞ്ഞതുപോലെ , എല്ലാ പാര്‍ട്ടിയും സമൂഹനന്മയ്ക്കായിരിക്കില്ലേ?

സ്നേഹപൂര്‍വം ഒരു ഇന്ത്യന്‍ പൌരന്‍.(കഴിവുള്ള രാഷ്ട്രസേവകരെ എന്നും സ്നേഹിക്കും, എതു പാര്‍ട്ടിയിലായാലും)

aju said...

CPMന്റെ നേതാവ്... CPM ന്റെ (മുന്‍)പോളിറ്റ് ബ്യൂറോ മെമ്ബറ്....
ഈ നിലക്ക് വി.എസിനോടുള്ള നമ്മുടെ അറ്റാചുമെന്റ്....
അതൊന്നു വേറെ തന്നെയല്ലേ....
....
പാര്ട്ടിക്കരനല്ലെങ്കില്‍ ഒരു പട്ടി പോലും അദ്ദേഹത്തെ തിരിഞ്ഞു നോക്കുമോ? ....

ഗുരുജി said...

മാധ്യമങ്ങൾ ആയുധങ്ങളാണു.തങ്ങൾക്ക്‌ വേണ്ടാത്തവരെ
വെട്ടിനിരത്താനും, വേണ്ടപ്പെട്ടവർക്ക്‌ കൂട്ടിനിരിക്കാനും

മുക്കുവന്‍ said...

സ്നേഹപൂര്‍വം ഒരു non-ഇന്ത്യന്‍ പൌരന്‍.(കഴിവുള്ള രാഷ്ട്രസേവകരെ എന്നും സ്നേഹിക്കും, എതു പാര്‍ട്ടിയിലായാലും)..

agree with Kausthubh..

Bijoy said...

Dear Blogger

We are a group of students from cochin who are currently building a web portal on kerala. in which we wish to include a

kerala blog roll with links to blogs maintained by malayali's or blogs on kerala.

you could find our site here: http://enchantingkerala.org

the site is currently being constructed and will be finished by 1st of Oct 2009.

we wish to include your blog located here

http://oliyambukal.blogspot.com/


we'll also have a feed fetcher which updates the recently updated blogs from among the listed blogs thus generating traffic

to your recently posted entries.

If you are interested in listing your site in our blog roll; kindly include a link to our site in your blog in the prescribed

format and send us a reply to enchantingkerala.org@gmail.com and we'll add your blog immediately. Ypu can add to our blog if

you have more blog pls sent us the link of other blog we will add here

pls use the following format to link to us

Kerala

Write Back To me Over here bijoy20313@gmail.com

hoping to hear from you soon.

warm regards

Biby Cletus

മാരീചന്‍‍ said...

എന്താച്ചാ ചെയ്തോ ബിജോയീ...........