Wednesday, June 09, 2010

വര്‍ഗചിന്തയുടെ വിനിമയമൂല്യം

സ്വത്വബോധമെന്നത് സങ്കുചിതമായ സമീപനങ്ങള്‍ക്കും ആഭിജാത്യഭ്രമങ്ങള്‍ക്കും ചുരുണ്ടുകിടക്കാനുളള സ്ഥലമല്ല. മറിച്ച് വ്യത്യസ്ത ചരിത്രസന്ദര്‍ഭങ്ങളില്‍ വികസിച്ചുവരുന്ന സമരശരികളുടെ സത്തയാണ്. ഇതാണെന്റെ മണ്ണ് എന്ന അഗാധമായ തിരിച്ചറിവിനോടൊപ്പം ഒരുതരി മണ്ണും ചിലരുടേത് മാത്രമല്ലെന്നും എല്ലാവരുടേതുമാണെന്നും കണ്ടെത്തുന്ന നേരങ്ങളിലാണ് പ്രാദേശിക സര്‍ഗാത്മകതയും 'സ്വത്വബോധവും' വികസിക്കുന്നത് (ഇരകളുടെ മാനിഫെസ്റ്റോ - കെഇഎന്‍, പേജ് 61).
ജാതിസമ്പ്രദായത്തിന്റെ നിര്‍മ്മാര്‍ജനത്തിന് വേണ്ടിയും ദളിതര്‍ക്കെതിരെയുളള എല്ലാ വിധത്തിലുമുളള വിവേചനങ്ങള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കും എതിരെയുമുളള പോരാട്ടങ്ങള്‍ ഇതുവരെ അഖിലേന്ത്യാ സ്വഭാവം കൈവരിച്ചിട്ടില്ല. ഇടതുപക്ഷ നേതൃത്വത്തിലുളള സംസ്ഥാനങ്ങളിലൊഴികെ യഥാര്‍ത്ഥത്തില്‍ ദളിതര്‍ക്കെതിരെയുളള അതിക്രമങ്ങള്‍ അനുസ്യൂതം തുടരുകയാണ്. സാമ്പത്തികവും രാഷ്ട്രീയവും സാമൂഹികവുമായ സമസ്തമണ്ഡലങ്ങളിലും ദളിതരുടെ അവകാശസംരക്ഷണത്തിനു വേണ്ടിയുളള പോരാട്ടങ്ങള്‍ ശക്തിപ്പെടുത്താന്‍ പാര്‍ട്ടി നേതൃത്വം നല്‍കണം. സ്വകാര്യമേഖലയിലെ സംവരണം, ദളിതരായ മുസ്ളിങ്ങളുടെയും ക്രിസ്ത്യാനികളുടെയും അവകാശങ്ങള്‍ അംഗീകരിക്കല്‍, എല്ലാ നാമശൂദ്രസമുദായങ്ങളെയും ദളിതരായി അംഗീകരിക്കല്‍ എന്നിവയ്ക്കു വേണ്ടിയും വെറുക്കപ്പെട്ട ജാതി സമ്പ്രദായത്തിനെതിരെയുമുളള ആവശ്യങ്ങള്‍ ഉയര്‍ത്തിയായിരിക്കണം ഈ പോരാട്ടം. ചൂഷിത വര്‍ഗങ്ങളുടെ അവകാശങ്ങള്‍ക്കു വേണ്ടിയുളള നമ്മുടെ പോരാട്ടത്തിന്റെ അവശ്യഭാഗമായി ഇത് രൂപം പ്രാപിക്കണം. കാരണം ചൂഷിത വര്‍ഗ്ഗങ്ങളിലെ ഗണ്യമായ വിഭാഗം ദളിതരാണ് - സിപിഐഎം 19-ാം പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച രാഷ്ട്രീയ പ്രമേയത്തില്‍ നിന്ന് - 2.50)

വര്‍ഗബോധമെന്ന മുഖംമൂടികൊണ്ട് സവര്‍ണസ്വത്വബോധത്തെ മറച്ചുപിടിച്ചിരിക്കുവരില്‍ ഉള്‍ക്കിടിലമുണ്ടാക്കി ദളിതന്റെ സ്വത്വബോധം ശക്തവും സങ്കീര്‍ണവുമാവുകയാണ്. ചൂഷിത വര്‍ഗങ്ങളുടെ അവകാശങ്ങള്‍ക്കു വേണ്ടിയും ജാതിസമ്പ്രദായത്തിനെതിരെയും നടത്തേണ്ട വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം ദുര്‍ബലമായതുകൊണ്ടാണ് ദളിത് സ്വത്വബോധം തീവ്രമാവുകയും അനിവാര്യമായ സ്വത്വരാഷ്ട്രീയത്തിന് വഴിമാറുകയും ചെയ്തത്. സാമൂഹ്യജീവിതത്തിന്റെ സമസ്തമേഖലയിലും കൊടികുത്തി വാഴുന്ന സവര്‍ണതയ്ക്കും അതിന്റെ തായ്‍വേരായ ദളിത് വിരോധത്തിനുമെതിരെയുളള സമരം പൊതുജനാധിപത്യ പ്രസ്ഥാനങ്ങളുടെ ഒന്നാമത്തെ കടമയാണ്. അത് നിര്‍വഹിക്കുന്നതില്‍ പടര്‍ന്ന മന്ദത സ്വത്വരാഷ്ട്രീയത്തെ ശക്തിപ്പെടുത്തുകയും അക്രമാസക്തമായ മാര്‍ഗങ്ങളിലേയ്ക്ക് തിരിയ്ക്കുകയും ചെയ്തു. ശതാബ്ദങ്ങളായി അടിച്ചമര്‍ത്തലിന്റെ നീറ്റലില്‍ ജീവിക്കുന്ന ദളിതരില്‍ ഏതാണ്ട് 75 ശതമാനത്തോളം പേര്‍ ഇന്നും ഭൂരഹിതരും നാമമാത്രമായ ഭൂമിയുളളവരുമായി തുടരുകയാണ്. അവരില്‍ 60 ശതമാനത്തിലേറെപ്പേരുടെയും ഉപജീവന മാര്‍ഗം കൂലിപ്പണിയാണ്. പൊതുകിണറുകളും വഴികളും ചായക്കടകളും ക്ഷേത്രങ്ങളും ഇന്നും അവര്‍ക്കപ്രാപ്യമാണ്. അധികാരസ്ഥാപനങ്ങളിലും സര്‍ക്കാരിന്റെ തൊഴിലിടങ്ങളിലും ഏര്‍പ്പെടുത്തിയ സംവരണമെന്ന സൌജന്യം കൊണ്ടൊന്നും അവരുടെ സാമൂഹ്യാവസ്ഥയെ ഒരിഞ്ചു മുന്നോട്ടു നീക്കാനായിട്ടില്ല. മന്വന്തരങ്ങളായി ഗതികേടിന്റെ കാളകൂടം കുടിക്കുവരില്‍ ചരിത്രം സംഭരിച്ച അമര്‍ഷം അവഗണിച്ചുകൊണ്ട് സ്വത്വരാഷ്ട്രീയത്തെ അപഗ്രഥിക്കുന്നത് യുക്തിസഹമല്ല.

ജാതിവ്യവസ്ഥയെയും അതവശേഷിപ്പിച്ച പൈശാചികമായ വിവേചനത്തെയും ചരിത്രപരമായി വിലയിരുത്തിക്കൊണ്ടാണ് സ്വത്വരാഷ്ട്രീയം സംബന്ധിച്ച് സിപിഎം പത്തൊമ്പതാം പാര്‍ട്ടി കോഗ്രസ് രാഷ്ട്രീയ നിലപാട് സ്വീകരിച്ചത്. എന്നാല്‍ ഈ നിലപാടുകളുടെ സത്തയും യുക്തിയും ഉള്‍ക്കൊള്ളാന്‍ വിമുഖത പുലര്‍ത്തു ഒരു വിഭാഗം പാര്‍ട്ടിയുടെ സൈദ്ധാന്തിക പ്രസിദ്ധീകരണങ്ങളില്‍ ആധിപത്യം സ്ഥാപിച്ചുവെന്ന വസ്തുതയെയാണ് നടപ്പുകാലത്തെ സ്വത്വരാഷ്ട്രീയവിവാദം തുറന്നു കാട്ടിയത്. “ജാതിസ്വത്വത്തിന്റെ അടിസ്ഥാനത്തിലുളള രാഷ്ട്രീയ ധ്രുവീകരണം വളര്‍ന്നു വരുന്നത് ഗുരുതരമായ വെല്ലുവിളിയാണെ സിപിഎം പത്തൊമ്പതാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍ സമ്പൂര്‍ണമാകുന്നത്, ആ വെല്ലുവിളി ഉയര്‍ന്ന് വരാനിടയായ സാഹചര്യങ്ങളെയും അത് നേരിടുന്നതിന് സ്വീകരിക്കേണ്ട മാര്‍ഗങ്ങളെയും സംബന്ധിച്ചുളള സമഗ്രമായ കാഴ്ചപ്പാടുകളില്‍ നിന്നാണ്. ഈ സമഗ്രതയാണ് സ്വത്വരാഷ്ട്രീയത്തിനെതിരെ തീവ്രവാദ നിലപാടുകള്‍ സ്വീകരിക്കുവര്‍ക്കില്ലാതെ പോയത്. അവര്‍ സ്വത്വരാഷ്ട്രീയത്തെ അടച്ചാക്ഷേപിക്കുകയും അത് ശക്തിപ്പെടാനിടയായ സാമൂഹ്യസാഹചര്യങ്ങളെ സമ്പൂര്‍ണമായി അവഗണിക്കുകയും ജാതീയമായ അടിച്ചമര്‍ത്തലുകള്‍ക്കെതിരെയുളള പോരാട്ടത്തില്‍ സിപിഎം മുന്‍നിരയില്‍ തന്നെ നില്‍ക്കണമെന്ന പാര്‍ട്ടി കാഴ്ചപ്പാട് കണ്ടില്ലെന്ന് നടിക്കുകയും ചെയ്യുന്നു. ഫലം സ്വത്വരാഷ്ട്രീയത്തിനെതിരെയുളള പടപ്പുറപ്പാട് ഫലത്തില്‍ ദളിതരുടെ സംഘബോധത്തിനെതിരെയുളള വെല്ലുവിളിയായി മാറുന്നു.


സ്വത്വബോധം സംബന്ധിച്ച സിപിഎം നിലപാടിന്റെ ഉള്‍ക്കാമ്പ് രാഷ്ട്രീയപ്രമേയത്തിലെ ഈ വാചകങ്ങളാണ്:
ദളിതരുടെയും വിവിധ പിന്നോക്കക്കാരുടെ വിഭാഗങ്ങളുടെയും നിത്യജീവിതത്തിന്റെയും സാമൂഹിക അടിച്ചമര്‍ത്തലിന്റെയും പ്രശ്നങ്ങള്‍ പാര്‍ട്ടി സമൂര്‍ത്തമായി ഏറ്റെടുക്കണം. വര്‍ഗപരമായ പ്രശ്നങ്ങളും സാമൂഹികമായ പ്രശ്നങ്ങളും ഒന്നിച്ച് ഏറ്റെടുക്കുന്നത് മൂലം ജാതിപരമായ ശിഥിലീകരണത്തിന്റെ പ്രതികൂല പ്രത്യാഘാതങ്ങളെ നമുക്ക് നേരിടാനാകും
സാമൂഹികമായ അടിച്ചമര്‍ത്തലുകള്‍ക്കെതിരെയുളള പോരാട്ടങ്ങള്‍ സിപിഎമ്മടക്കമുളള പൊതുജനാധിപത്യ പ്രസ്ഥാനങ്ങള്‍ ഏറ്റെടുത്തില്ലെങ്കില്‍ ജാതിപരമായ ശിഥിലീകരണത്തിന്റെ പ്രത്യാഘാതങ്ങള്‍ സമൂഹമൊന്നാകെ അനുഭവിക്കേണ്ടി വരും. ദളിതരുടെയും പിന്നോക്കക്കാരുടെയും നിത്യജീവിതത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാനുളള സമരമാര്‍ഗങ്ങള്‍ സംഘടിപ്പിക്കുകയല്ലാതെ ഇതിനെ നേരിടാനാവില്ല. ജാതിസ്വത്വത്തിന്റെ അടിസ്ഥാനത്തിലുളള രാഷ്ട്രീയ ധ്രുവീകരണത്തെ യാന്ത്രികമായി തളളിപ്പറയുകയല്ല സിപിഎം ചെയ്തത്. മറിച്ച്, അത് അനിവാര്യമാക്കുന്ന സാമൂഹ്യസാഹചര്യത്തെ വസ്തുനിഷ്ഠമായി അപഗ്രഥിച്ചും ആ ധ്രുവീകരണത്തെ അതിജീവിക്കാനുളള പ്രവര്‍ത്തനപരിപാടി ഊന്നിപ്പറഞ്ഞുമാണ്. “ഇതാ ഒരു സ്വത്വരാഷ്ട്രീയക്കാരന്‍, കൊല്ലവനെ” എന്നാക്രോശിച്ചുകൊണ്ട് വിവാദത്തേരുരുട്ടിയ ചിന്ത വാരികയിലെ മുറിസൈദ്ധാന്തികര്‍ക്ക് കൈമോശം വന്നത് കാഴ്ചപ്പാടാണ്.

സ്വത്വരാഷ്ട്രീയം ഉയര്‍ത്തു ശിഥിലീകരണഭീതിയെ ചെറുക്കണമെങ്കില്‍ “ചൂഷിത വര്‍ഗങ്ങളുടെ അവകാശങ്ങള്‍ക്കു വേണ്ടിയുളള നമ്മുടെ പോരാട്ടത്തിന്റെ അവശ്യഭാഗമായി ജാതിസമ്പ്രദായത്തിനെതിരെയുളള പോരാട്ടം രൂപം പ്രാപിക്കണം” എന്ന് സിപിഎം അതിന്റെ രാഷ്ട്രീയ പ്രമേയത്തില്‍ തുറന്നു പറയുന്നത്, അത്തരമൊരു രൂപം പ്രാപിക്കല്‍ ഇതുവരെ ഉണ്ടായിട്ടില്ല എന്ന തിരിച്ചറിവില്‍ നിന്ന് തന്നെയാണ്. നവോത്ഥാന ചിന്തകളുടെ പശ്ചാത്തലത്തില്‍ പിറക്കുകയും വളരുകയും ചെയ്ത പാര്‍ട്ടിക്ക് ഇത്തരമൊരു രൂപം പ്രാപിക്കലില്‍ നേരിട്ട പ്രതിബന്ധങ്ങളെന്ത് എന്ന അന്വേഷണം പാര്‍ട്ടിയെ തകര്‍ക്കുകയല്ല, മറിച്ച് സാമൂഹ്യമാറ്റം കൊതിച്ച് പാര്‍ട്ടിക്ക് പിന്നില്‍ അണിനിരന്ന ലക്ഷോപലക്ഷം ജനത കൊതിക്കുന്ന രാഷ്ട്രീയ പരിഹാരങ്ങള്‍ക്കുവേണ്ടിയുളള പോരാട്ടങ്ങളുടെ കരുത്ത് വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുക. അങ്ങനെയൊരു ആത്മപരിശോധന നടത്താനുളള ഉള്‍ബലം സിപിഎമ്മിന് നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച രാഷ്ട്രീയ പ്രമേയം പറയുത്. ജാതി സമ്പ്രദായത്തിനെതിരെയുളള പോരാട്ടം വര്‍ഗസമരത്തിന്റെ ഭാഗമായി വളരാതിരുന്നതിന് തങ്ങള്‍ വഹിച്ച പങ്ക് തുറന്നു പറയാനും കാരണങ്ങള്‍ പരിശോധിക്കാനും പരിഹരിക്കാനും സ്വന്തം പാര്‍ട്ടി ഘടകത്തിലെങ്കിലും തയ്യാറാവുകയെന്ന സത്യസന്ധതയാണ് സാമൂഹ്യബോധമുളള സിപിഎം അംഗങ്ങള്‍ക്ക് മുന്നിലുളളത്. അതിന് തയ്യാറാകാതെ, സ്വത്വരാഷ്ട്രീയത്തിനും സ്വത്വബോധത്തിനും എതിരെ ഉയരുന്ന ആക്രോശങ്ങള്‍ ഒരു മറുചോദ്യമാണ് അനിവാര്യമാക്കുന്നത്. സ്വത്വരാഷ്ട്രീയത്തെ എതിര്‍ക്കുന്നവരുടെ സ്വത്വം ഏതാണെന്ന ലളിതമായ മറുചോദ്യം.

ചൂഷിത വര്‍ഗങ്ങളുടെ അവകാശങ്ങള്‍ക്കു വേണ്ടിയുളള പോരാട്ടത്തിന്റെ അവശ്യഭാഗമായി ജാതിസമ്പ്രദായത്തിനെതിരെയുളള പോരാട്ടം രൂപം പ്രാപിക്കാത്തതിന്റെ കാരണം സിപിഎം തിരിച്ചറിയുന്നുണ്ട്. രാഷ്ട്രീയ പ്രമേയം ഇങ്ങനെ തുടരുന്നു:
“ഉപഭോഗ സംസ്ക്കാരത്തിന്റെയും ആര്‍ഭാടപൂര്‍ണമായ ജീവിതശൈലിയുടെ മഹത്വവല്‍ക്കരണത്തിന്റെയും പ്രത്യാഘാതത്താല്‍, കമ്പോളവുമായും ഉപഭോഗാധിഷ്ഠിതമൂല്യങ്ങളുമായും കൂട്ടിയിണക്കിയ സാമൂഹികമായി പിന്തിരിപ്പനായ ആചാരാനുഷ്ഠാനങ്ങളുടെ പുനരുജ്ജീവനം നടക്കുകയാണ്. ഇടത്തരക്കാരിലെ കൂടുതല്‍ കൂടുതല്‍ വിഭാഗങ്ങള്‍ വിജ്ഞാനവിരോധത്തിന്റെയും സാമൂഹികമായ പിന്തിരിപ്പന്‍ സ്വഭാവവിശേഷങ്ങളുടെയും ഇരകളായി മാറിക്കൊണ്ടിരിക്കുകയാണ്. പാര്‍ട്ടി അംഗങ്ങള്‍ക്കിടയിലും അനുയായികള്‍ക്കിടയിലും കടന്നു കൂടുന്ന ഇത്തരം പ്രവണതകളെ ചെറുക്കുകയും സാമൂഹ്യപരിഷ്കരണത്തിനും പുരോഗമനാത്മക മൂല്യങ്ങളുടെ പ്രചാരണത്തിനും വേണ്ടിയുളള വിപുലമായ അടിത്തറയോടു കൂടിയ വേദികളെ പ്രോത്സാഹിപ്പിക്കുകയും വേണം. ജാതീയമായ വിവേചനത്തിനും സ്ത്രീധനത്തിനും പെഭ്രൂണഹത്യയ്ക്കും എതിരെയുളള പ്രചാരണം പാര്‍ട്ടി ഊര്‍ജിതപ്പെടുത്തണം”(2.53) - (ഊന്നല്‍ ലേഖകന്റേത്).

പുരോഗമനപ്രസ്ഥാനങ്ങളുടെ അണികളെയും അനുഭാവികളെയും ആവേശിച്ച അനഭിലഷണീയമായ പ്രവണതകള്‍ തയൊണ് ജാതിവിവേചനങ്ങള്‍ക്കെതിരെയുളള സമരങ്ങളെ പിന്നോട്ടടിച്ചത്. ആര്‍ഭാടജീവിതത്തില്‍ ആണ്ടുമുങ്ങി ആചാരാനുഷ്ഠാനങ്ങള്‍ അക്ഷരം പ്രതി പാലിക്കുന്നതില്‍ ആത്മസംതൃപ്തി കണ്ടെത്തിയവരുടെ രാഷ്ട്രീയ അലസതയാണ് സ്വത്വരാഷ്ട്രീയത്തെ വളര്‍ത്തിയത്. സ്വത്വരാഷ്ട്രീയം ഉയര്‍ത്തു വെല്ലുവിളികളെ ചെറുക്കണമെങ്കില്‍ ആദ്യം ചെയ്യേണ്ടത് പാര്‍ട്ടി അംഗങ്ങള്‍ക്കിടയിലും അനുയായികള്‍ക്കിടയിലും കടന്നു കൂടുന്ന ഇത്തരം പ്രവണതകളെ ചെറുക്കുകയും സാമൂഹ്യപരിഷ്കരണത്തിനും പുരോഗമനാത്മക മൂല്യങ്ങളുടെ പ്രചാരണത്തിനും വേണ്ടിയുളള വിപുലമായ അടിത്തറയോടു കൂടിയ വേദികളെ പ്രോത്സാഹിപ്പിക്കുകയുമാണ് എന്ന് സിപിഎം തിരിച്ചറിയുന്നു. ഈ സമീപനത്തിന്റെ അന്തസത്തയ്ക്ക് വിരുദ്ധമാണ് സ്വത്വരാഷ്ട്രീയത്തിനെതിരെയെ നാട്യത്തില്‍ സിപിഎമ്മിന്റെ ഔദ്യോഗിക സൈദ്ധാന്തികരെന്ന് നടിച്ചുകൊണ്ട് ചിലര്‍ കൊളുത്തിവിട്ട വിവാദം.

ദളിതര്‍ നേരിടുന്ന വിവേചനങ്ങളെയും അടിച്ചമര്‍ത്തലുകളെയും അവര്‍ക്കു മാത്രമേ മനസിലാക്കാനാവൂ എന്ന സ്വത്വരാഷ്ട്രീയ സൈദ്ധാന്തികരുടെ വാദത്തെ, നവോത്ഥാന കേരളത്തിന്റെ നായകസ്ഥാനം വഹിച്ചിരുന്ന സവര്‍ണരായ നേതാക്കളുടെ പേരുകള്‍ എണ്ണിപ്പറഞ്ഞുളള എതിര്‍വാദം കൊണ്ടാണ് നേരിടുന്നത്. കുടുമ ഛേദിച്ചും പൂണൂല്‍ കത്തിച്ച് ചാരമാക്കിയും തങ്ങളുടെ സവര്‍ണസ്വത്വബോധം വലിച്ചെറിഞ്ഞാണ് അവര്‍ നവോത്ഥാന കേരളത്തിന്റെ നായകരായത്. പൊതുവേദിയില്‍ നിലവിളക്ക് കൊളുത്തി ഉദ്ഘാടന കര്‍മ്മം നടത്താന്‍ വിസമ്മതിച്ച പി കെ കുഞ്ഞാലിക്കുട്ടിയെ ന്യായീകരിക്കാന്‍ ഇഎംഎസിന് കരുത്തു ലഭിച്ചത് സ്വന്തം സവര്‍ണ സ്വത്വബോധത്തെ കുഴിച്ചുമൂടിയ ധീരതയില്‍ നിന്നാണ്. ജനനം മുതല്‍ മരണം വരെ, പേരിടലും ചോറൂണും നൂലുകെട്ടും പാലുകാച്ചും കല്യാണവും ആചാരനിബദ്ധമായി അനുഷ്ഠിച്ചാഘോഷിക്കുന്നവരുമായി ഇഎംഎസിന്റെ തലമുറയെ സമീകരിക്കാനാവില്ല.

‘സ്വത്വബോധത്തിന്റെ രാഷ്ട്രീയം’ എ ലേഖനത്തില്‍ ഡോ. കെ എന്‍ പണിക്കര്‍ ഇങ്ങനെ പറയുന്നു:
“ജാതിയില്‍ നിന്നും മതത്തില്‍ നിന്നും രാഷ്ട്രീയത്തില്‍ നിന്നും പ്രവര്‍ത്തന മേഖലയില്‍ നിന്നും കുടുംബാന്തരീക്ഷത്തില്‍ നിന്നുമൊക്കെ അംശങ്ങളുള്‍ക്കൊള്ളുതാണ് സ്വത്വബോധം. അതുകൊണ്ടു തന്നെ സ്വത്വബോധം സങ്കീര്‍ണമായ ഒരവസ്ഥയാണ്. ഈ സങ്കീര്‍ണതയില്‍ നിന്ന് ഓരോ വ്യക്തിയും തന്റെ സ്വത്വരൂപത്തെ തിരഞ്ഞെടുക്കുകയാണ്”.
അതായത്, അടിച്ചമര്‍ത്തലിന്റെയും വിവേചനത്തിന്റെയും ഇരകള്‍ക്ക് മാത്രമല്ല, അധികാരവും പദവിയും നല്‍കുന്ന സുഖാനുഭവങ്ങളുടെ ആലസ്യത്തില്‍ കഴിയുന്നവര്‍ക്കും സ്വത്വബോധമുണ്ട്. ഡോ. കെ. എന്‍. പണിക്കരുടെ ഈ നിരീക്ഷണം, ദളിത് സ്വത്വബോധത്തിനെതിരെ അലറിയാര്‍ക്കുവരുടെ സ്വത്വബോധമെന്ത് എന്ന ചോദ്യത്തിന് നല്‍കുന്ന കരുത്ത് അപാരമാണ്.

സ്വത്വരാഷ്ട്രീയത്തിനെതിരെ ഉയരുന്ന ആക്രമണം ഫലത്തില്‍ ദളിത് സ്വത്വത്തിന്റെ ചരിത്രപരമായ നിലനില്‍പ്പിനെത്തയൊണ് ലക്ഷ്യം വെയ്ക്കുത്. വര്‍ഗപരമായും ശാരീരികമായും മാനസികമായും അനുഭവിക്കുന്ന പീഡനങ്ങള്‍ക്ക് പുറമേ സൈദ്ധാന്തിക പീഡനം കൂടി അനുഭവിക്കേണ്ട ഗതികേടാണ് ദളിതര്‍ നേരിടുന്നത്. ദളിതാവസ്ഥ പരിഹരിക്കാനുളള സമരത്തിന് തങ്ങളുടെ അറിവും പദവിയും സമയവും സംഭാവന ചെയ്യാന്‍ ഒരുക്കമല്ലാത്തവര്‍ അവരുടെ സ്വത്വബോധത്തിനെതിരെ അണിനിരക്കുന്നതില്‍ കാട്ടുന്ന അത്യാവേശം ഒട്ടേറെ കാര്യങ്ങള്‍ പറയാതെ പറയുന്നുണ്ട്. സ്വത്വബോധത്താല്‍ ഉദ്വീപിക്കപ്പെട്ട ദളിതര്‍ സംഘടിച്ചാലുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് ഉപന്യസിക്കുമ്പോഴും, ദളിതര്‍ നേരിടുന്ന അവഗണനയ്ക്കും അനീതിയ്ക്കും എതിരെ ഒരു ചെറുവിരല്‍ പോലും ഇക്കൂട്ടരില്‍ നിന്ന് നീളുകയേയില്ല. രാജ്യമെങ്ങും ദളിതര്‍ അതിക്രൂരമായ ആക്രമണങ്ങള്‍ക്കിരയാകുമ്പോള്‍ മുഖം പൂഴ്ത്തിയൊളിച്ച ഒട്ടകപ്പക്ഷികള്‍ ദളിതരുടെ സ്വത്വബോധത്തിനെതിരെ സംഘം ചേര്‍ന്ന് രംഗത്തുവരുന്നത് ഒട്ടും നിഷ്കളങ്കമല്ല.

സങ്കുചിത വരേണ്യതയുടെ ആധിപത്യയുക്തികളില്‍ നിന്ന് രൂപപ്പെടുന്ന ദളിത് സ്വത്വവിരോധത്തോട് ഒരുതരത്തിലും ഐക്യപ്പെടാന്‍ സിപിഎമ്മിനാവില്ല. സ്വത്വരാഷ്ട്രീയ സൈദ്ധാന്തികരോട് പുലര്‍ത്തു ആശയപരമായ എതിര്‍പ്പിന്റെ അതേ ആര്‍ജവം ബൂര്‍ഷ്വാ സാമൂഹ്യബോധത്തില്‍ നിന്നും സ്വത്വരാഷ്ട്രീയത്തിനെതിരെ ഉയരുന്ന വിമര്‍ശനങ്ങളോടും സിപിഎമ്മിനുണ്ട്. വിശാലമായ മാനവികബോധത്തിലും അടിയുറച്ച വര്‍ഗനിലപാടുകളില്‍ നിന്നുകൊണ്ടുമാണ് സിപിഎം നിലപാട് സ്വീകരിച്ചത്. സ്വത്വരാഷ്ട്രീയത്തിനെതിരെ സിപിഎം രാഷ്ട്രീയ പ്രമേയം പ്രകടിപ്പിക്കുന്ന നിലപാടിന്റെ സമഗ്രതയില്‍ നിന്നാവണം, പാര്‍ട്ടി അംഗങ്ങളുടെ നിലപാടുകളും രൂപപ്പെടേണ്ടത്. അതിനാല്‍ “സ്വത്വരാഷ്ട്രീയത്തിനെതിരെ പാര്‍ട്ടി നിലപാട് സ്വീകരിച്ചു കഴിഞ്ഞു, അതുകൊണ്ട് സ്വത്വമെന്ന് മിണ്ടുന്ന എല്ലാവരെയും ഉന്മൂലനം ചെയ്യേണ്ടത് എന്റെ കടമയാണ്” എന്ന ഔദ്ധത്യത്തോടെ സാംസ്ക്കാരിക മണ്ഡലത്തിലേയ്ക്ക് പ്രവേശിക്കുന്നവര്‍ വെല്ലുവിളിക്കുന്നത് സ്വന്തം പാര്‍ട്ടിയെത്തന്നെയാണ്. അതെന്തിനു വേണ്ടിയെന്ന ചോദ്യമാകട്ടെ, സിപിഎമ്മിന് പിന്നില്‍ അണിനിരന്ന ലക്ഷങ്ങളുടെ ചങ്കുകലക്കുന്നതും.

'ചിന്ത' വാരികയില്‍ സ്വത്വരാഷ്ട്രീയം സംബന്ധിച്ച് അച്ചടിക്കപ്പെട്ട ലേഖനങ്ങള്‍ പലതും വികലവും അപകടകരവുമായ യുക്തിയില്‍ രൂപപ്പെടുത്തിയവയുമാണ്. ദളിതര്‍ക്കെതിരെയുളള വിവേചനങ്ങള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കും എതിരെയുളള പോരാട്ടങ്ങള്‍ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയോ ആ സമരത്തില്‍ സിപിഎം പ്രവര്‍ത്തകരെ അണിനിരത്താനുളള ഉത്തേജനമോ ഈ ലേഖനങ്ങള്‍ മുന്നോട്ടു വെയ്ക്കുന്നില്ല. ദളിതരുടെ അവകാശങ്ങള്‍ക്കു വേണ്ടി, ജാതീയമായ അടിച്ചമര്‍ത്തലുകള്‍ക്കെതിരെയുമുളള പോരാട്ടങ്ങളുടെ മുന്‍നിരയില്‍ സിപിഎം നില്‍ക്കണമെന്നും ദളിത് അവകാശ പത്രിക പൊതുജനാധിപത്യവേദിയുടെ ഭാഗമായി മാറണമെന്നുമുളള പാര്‍ട്ടി നയം മഷിയിട്ടു നോക്കിയാല്‍ പോലും അവിടെ കാണാനാവില്ല. ആ ലക്ഷ്യത്തിന് വേണ്ടി പ്രവര്‍ത്തകരെയാകെ അണിനിരത്തുതിനുളള ബാധ്യതയാണ് പാര്‍ട്ടിയുടെ സൈദ്ധാന്തിക പ്രസിദ്ധീകരണത്തില്‍ നിന്നും സ്വാഭാവികമായും പ്രതീക്ഷിക്കുന്നത്. എന്നാല്‍, സ്വത്വരാഷ്ട്രീയത്തിനെതിരെ പാര്‍ട്ടി രേഖകളിലുളള പരാമര്‍ശങ്ങളില്‍ നിന്ന് അടര്‍ത്തിയെടുത്ത ചില ഭാഗങ്ങള്‍ സ്വത്വബോധത്തിന്റെ പ്രസക്തി തിരിച്ചറിയുന്നവര്‍ക്കെതിരെ ഒളിപ്പോരിനുളള ആയുധമാക്കുമ്പോള്‍ അതില്‍ ഒളിച്ചുവെയ്ക്കപ്പെട്ട അജണ്ടകള്‍ സംശയിക്കുവരെ കുറ്റപ്പെടുത്താനാവില്ല.

ഒരു തുണ്ട് ഭൂമിയും സ്വന്തമായില്ലാതെ, സ്ഥിരമായി ഒരു വരുമാനമാര്‍ഗവുമില്ലാതെ, വിദ്യാഭ്യാസവും ആരോഗ്യവുമില്ലാതെ ആയിരക്കണക്കിന് വര്‍ഷങ്ങളായി അവഗണനയുടെയും അയിത്തത്തിന്റെയും വിഴുപ്പും പേറി പുഴുക്കളെപ്പോലെ ജീവിച്ചു മരിക്കുന്ന ദളിത് ജനകോടികളെ, കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരോട് താരതമ്യപ്പെടുത്തുന്ന വര്‍ഗചിന്ത ആപല്‍ക്കരവും ബാലിശവുമാണ്. ഇത്തരം വിഡ്ഢിത്തങ്ങളാണ് സിപിഎം താത്ത്വിക പ്രസിദ്ധീകരണത്തില്‍ അച്ചടിമഷി പുരണ്ടത്. സകല പുരോഗമന പ്രസ്ഥാനങ്ങള്‍ക്കും അപമാനകരമാണ്, ദളിതരെ ദളിതരായി നിലനിര്‍ത്താന്‍ ചാതുര്‍വര്‍ണ്യം പ്രചരിപ്പിച്ച ന്യായീകരണങ്ങളുടെ യുക്തിയെ അടിസ്ഥാനമാക്കി സ്വത്വരാഷ്ട്രീയത്തിനെതിരെ അലറിയാര്‍ത്ത ഈ സൈദ്ധാന്തിക ഉടന്തടി സംഘം ഉയര്‍ത്തിയ വിതണ്ഡവാദങ്ങള്‍.

എല്ലാ തൊഴിലാളികളും തൊഴിലാളികളാണെന്നും അവര്‍ക്കിടയില്‍ മറ്റുവിവേചനങ്ങള്‍ രൂപപ്പെടുന്നത് തൊഴിലാളികളുടെയാകെ വിമോചനപോരാട്ടങ്ങളെ ശിഥിലീകരിക്കുമെന്നുമുളള വാദം കേള്‍ക്കാന്‍ സുഖമുളളതും പ്രഥമദൃഷ്ട്യാ ശരിയെന്ന് തോന്നിപ്പിക്കുന്നതുമാണ്. നവോത്ഥാന പ്രസ്ഥാനങ്ങളുടെ സൃഷ്ടിയാണ് ആ തോന്നലെന്നതും വിസ്മരിച്ചുകൂടാ. എന്നാല്‍ വിവേചനത്തിന്റെ സൃഷ്ടാക്കള്‍ ആരെന്ന ചോദ്യമുയര്‍ത്താതെ ഈ തോന്നലില്‍ മാത്രം അഭിരമിക്കുന്നത് അബദ്ധമാണ്. വര്‍ഗം അമൂര്‍ത്തമായ പരികല്‍പനയും സ്വത്വം വ്യക്തമായ നിര്‍വചനമുളള അസ്തിത്വവുമായി തുടരുന്നടത്തോളം കാലം എല്ലാ തൊഴിലാളികളും ഒരേപോലുളള തൊഴിലാളികളല്ലെന്നെങ്കിലും തിരിച്ചറിഞ്ഞേ മതിയാകൂ.

ദളിതന്റെ സ്വത്വബോധമോ സ്വത്വബോധമാര്‍ജിക്കുന്ന ദളിതന്‍ സൃഷ്ടിക്കുമെന്ന് മറ്റുളളവര്‍ ഭയപ്പെടുന്ന വിവേചനമോ അവന്റെ സൃഷ്ടിയല്ല. ഇപ്പോള്‍ പൊട്ടിപ്പുറപ്പെട്ട വിവാദത്തിന് കാരണമായ 'ഓറ' മാസികയിലെ ലേഖനത്തില്‍ ഡോ. പി. കെ പോക്കര്‍ സ്വത്വബോധത്തെ ഇങ്ങനെ നിര്‍വചിക്കുന്നു:
"സ്വത്വമെന്നത് ഒരാളെ അഥവാ ഒരു ജനതയെ മറ്റുളളവരില്‍ നിന്ന് വേര്‍തിരിക്കുന്ന പ്രത്യേക സ്വഭാവമാണ്. ഭാഷ, വസ്ത്രധാരണം, ഭക്ഷണം, മതം, ജാതി, വര്‍ണം മുതലായവ മിക്കപ്പോഴും ഒരു ജനതയെ മറ്റുളളവരില്‍ നിന്ന് വേറിട്ട് തിരിച്ചറിയുന്ന അഥവാ അടയാളപ്പെടുത്തുന്ന ഘടകമായിത്തീരുന്നു''.
ഈ നിര്‍വചനം പൂര്‍ത്തിയാകുന്നത്, ജനതയെ വിഭജിക്കുന്ന ഘടകങ്ങളും അടയാളങ്ങളും സൃഷ്ടിച്ചതാര് എന്ന ചോദ്യം കൂടി ഉയര്‍ത്തുതിലൂടെയാണ്. മറ്റുളളവരില്‍ നിന്ന് വേറിട്ട് തിരിച്ചറിയാനും അടയാളപ്പെടുത്താനുമുളള ഘടകങ്ങള്‍ അതാത് ജനവിഭാഗങ്ങള്‍ സ്വയമേവ രൂപപ്പെടുത്തിയതോ പ്രകൃത്യാ വന്നു ചേര്‍ന്നതോ അല്ല. അതൊരു ആധിപത്യവ്യവസ്ഥയുടെ സൃഷ്ടിയാണ്. മലയാളിയെന്ന സ്വത്വവും തമിഴനെന്ന സ്വത്വവും പോലെയോ ആണ്‍ - പെണ്‍ സ്വത്വങ്ങള്‍ പോലെയോ അല്ല, ദളിത് സ്വത്വം. മലയാളിയായി ജനിച്ച എല്ലാവര്‍ക്കും ഒരേ മലയാളം പറയാന്‍ അവകാശമില്ലാതിരുന്ന ചരിത്രസന്ദര്‍ഭത്തില്‍ "മലയാളി" എന്ന പൊതുസ്വത്വം അര്‍ത്ഥശൂന്യവും അപ്രസക്തവുമാകും.  ഭക്ഷണത്തില്‍ നിന്നും വസ്ത്രത്തില്‍ നിന്നും വാക്കുകളുടെ ഉച്ചാരണത്തില്‍ നിന്നും ഒരുവന്റെ ജാതിസ്വത്വം മറ്റൊരാള്‍ക്ക് തിരിച്ചറിയാനാവും വിധം ആചാരമര്യാദകള്‍ സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്തിരുന്നതു കൊണ്ടാണ് മറ്റു സ്വത്വബോധങ്ങളെ സമീപിക്കുന്നതുപോലെ ജാതിസ്വത്വത്തെ സമീപിക്കുന്നത് അബദ്ധജടിലമാകുന്നത്.

സ്വത്വബോധത്തിന്റെ എല്ലാ സാധ്യതകളെയും ഒന്നിച്ചു ചേര്‍ത്ത് വിലയിരുത്തുകയും ഇതിലോരോ സ്വത്വവും വെവ്വേറെ രാഷ്ട്രീയ ശക്തികളായി മാറുകയും ചെയ്യുതിന്റെ അപകടങ്ങളെക്കുറിച്ച് ഉപന്യസിക്കുകയും ചെയ്യുമ്പോള്‍ ദളിതാവസ്ഥയുടെ കാര്യകാരണങ്ങളെയും അത് പരിഹരിക്കാനുളള സമരമാര്‍ഗങ്ങളെയും കുറിച്ചുളള ചര്‍ച്ചയാണ് ഹൈജാക്ക് ചെയ്യപ്പെടുന്നത്. ഒപ്പം പ്രശ്നപരിഹാരങ്ങള്‍ക്കുളള മുന്‍ഗണനാക്രമത്തില്‍ നിന്ന് ദളിത് വിഷയങ്ങള്‍ വെട്ടിമാറ്റിയ ജനാധിപത്യഭരണകൂടവും അവ ഏറ്റെടുക്കുതില്‍ കുറ്റകരമായ വീഴ്ചവരുത്തിയ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുമാണ് ദളിത് സ്വത്വബോധം അത്യന്തം സങ്കീര്‍ണമാക്കിയത് എന്ന വസ്തുത തമസ്കരിക്കപ്പെടുകയും ചെയ്യുന്നു.

ദളിതന്റെ നിലവിലുളള സ്വത്വം അവനുണ്ടാക്കിയതല്ല. മറ്റാരോ ഉണ്ടാക്കി അവന്റെ മേല്‍ അടിച്ചേല്‍പ്പിച്ചതാണ്. അതു പൊളിക്കാനുളള ഏത് ശ്രമവും വിപ്ളവകരം തന്നെയാണ്. നിര്‍ഭാഗ്യവശാല്‍, ദളിതന് സവര്‍ണന്‍ കല്‍പ്പിച്ചു നല്‍കിയ സ്വത്വബോധത്തില്‍ നിന്ന് കുതറിമാറാനും പുതിയൊരു സ്വത്വം സ്വയം സൃഷ്ടിക്കാനുമുളള പോരാട്ടങ്ങള്‍ക്കു നേരെ, ആ പോരാട്ടങ്ങള്‍ക്ക് കരുത്തും ദിശാബോധവും നല്‍കേണ്ട രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ബലത്തില്‍ ചിലര്‍ ശകാരങ്ങളുടെ ശരവര്‍ഷം ചൊരിയുകയാണ്.

ദളിതന്റെ സാമൂഹ്യസ്ഥിതി മെച്ചപ്പെടാനുളള ഏത് പ്രവര്‍ത്തനവും വിപ്ളവകരമാണെന്ന തിരിച്ചറിവുളളതുകൊണ്ടാണ്, ആ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രസ്ഥാനത്ത് തങ്ങളുടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉണ്ടാകണമെന്ന് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനിച്ചത്. ദളിതാവസ്ഥ ചൂഷണം ചെയ്ത് സാമൂഹ്യവിഭജനം സൃഷ്ടിക്കുന്നവര്‍ക്കെതിരെ ജാഗ്രത പുലര്‍ത്തുമ്പോഴും ദളിതന്റെ പീഡാവസ്ഥ പരിഹരിക്കാനുളള സമരമാര്‍ഗങ്ങളെക്കുറിച്ച് യാതൊരാശയക്കുഴപ്പവും സിപിഎം വെച്ചുപുലര്‍ത്തുന്നില്ല.

വസ്തുതകള്‍ക്കു നേരെ കണ്ണടച്ച് നടത്തു ഏത് സംവാദവും ഉപരിപ്ളവമാണ്. സവര്‍ണന്റെ സ്വത്വരാഷ്ട്രീയത്തിന് കീഴടങ്ങിയ സമൂഹത്തില്‍ ദളിതന്റെ സ്വത്വബോധത്തിനു നേരെ ഉയരുന്ന ഹിംസാത്മകമായ വെല്ലുവിളി, ചിന്താമണ്ഡലത്തില്‍ ഇപ്പോഴും ആധിപത്യം പുലര്‍ത്തു ചാതുര്‍വര്‍ണ്യത്തിന്റെ ചിന്നംവിളിയാണ്. വ്യക്തിജീവിതം സവര്‍ണതയ്ക്ക് അടിയറ വെച്ച് ലേഖനപരമ്പരകളില്‍ വര്‍ഗചിന്തയുടെ തെയ്യക്കോലങ്ങളായി ആടിത്തിമിര്‍ക്കുവര്‍ക്ക് സ്വത്വരാഷ്ട്രീയം ഉയര്‍ത്തുന്ന വെല്ലുവിളികളെ ക്രിയാത്മകമായി അപഗ്രഥിക്കാനാവില്ല. പാര്‍ട്ടി പരിപാടിയിലെ അക്ഷരങ്ങളും വാചകങ്ങളും പേജ് നമ്പരും ഉദ്ധരിച്ചല്ല, ദളിതാവസ്ഥ പരിഹരിക്കാനുളള സമരത്തില്‍ ഓരോരുത്തരും വഹിച്ച പങ്ക് എണ്ണിപ്പറയാനാനുളള ബൗദ്ധിക സത്യസന്ധതയാണ് ഇവര്‍ കാണിക്കേണ്ടത്.

സവര്‍ണബോധങ്ങളോട് സന്ധി ചെയ്തും സവര്‍ണതയ്ക്കെതിരെ മുഴങ്ങുന്ന നിശിത വിമര്‍ശനങ്ങളില്‍ പ്രകോപിതരായും സാംസ്ക്കാരിക ജീവിതം നയിക്കുന്നവര്‍ ദളിത് സ്വത്വബോധത്തിനുനേരെ കൊമ്പു കുലുക്കുന്നതില്‍ അത്ഭുതമില്ല. അവരുമായി സിപിഎമ്മിന് യാതൊരു ആശയപ്പൊരുത്തവുമില്ലെന്ന് പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച രാഷ്ട്രീയ പ്രമേയം ഒരാവര്‍ത്തി വായിച്ചുനോക്കുന്നവര്‍ക്ക് മനസിലാകും. അയിത്തത്തിന്റെ തുടര്‍ച്ചയായി ദളിതന്റെ സ്വത്വബോധത്തെ എതിര്‍ക്കുന്നവര്‍ക്കൊപ്പം വര്‍ഗചിന്തയെ സ്വന്തം വര്‍ഗീയ ചിന്ത മറച്ചു പിടിക്കുന്നതിനുളള ഉപാധിയാക്കി ഉപയോഗിക്കുന്നവരും അനിവാര്യമായും കൂട്ടുചേരാതെ വയ്യ. ജാതിയുടെ പേരില്‍ സംഘടിച്ച നായര്‍, ഈഴവ, മുസ്ളിം, ക്രൈസ്തവ വിഭാഗങ്ങള്‍ രാഷ്ട്രീയ മണ്ഡലത്തില്‍ കൈവരിച്ച ആധിപത്യത്തെ എല്ലാ അര്‍ത്ഥത്തിലും അംഗീകരിക്കുവരാണ് ദളിതരുടെ സംഘബോധത്തിനെതിരെ സര്‍വശക്തിയും സംഭരിച്ച് സംഘടിതമായി രംഗത്തിറങ്ങുന്നത്. തീരുമാനങ്ങളും പരിപാടികളും കടലാസുകളില്‍ ഉറങ്ങുകയും ജനനം മുതല്‍ മരണം വരെ വ്യക്തിജീവിതം സാക്ഷ്യം വഹിക്കുന്ന സകല ചടങ്ങുകളും സവര്‍ണത ചിട്ടപ്പെടുത്തിയ ആചാരങ്ങളനുസരിച്ച് അനുഷ്ഠിക്കുകയും ചെയ്യുന്നവര്‍ ദളിതന്റെ സ്വത്വബോധത്തെ പുച്ഛിക്കാനും പരിഹസിക്കാനും അണിനിരക്കുമ്പോള്‍ ഒട്ടും മടിക്കാതെ അവരോട് ചോദിക്കുക..

സഖാവേ... താങ്കളുടെ സ്വത്വമേതാണ്?

19 comments:

മാരീചന്‍‍ said...

സവര്‍ണബോധങ്ങളോട് സന്ധി ചെയ്തും സവര്‍ണതയ്ക്കെതിരെ മുഴങ്ങുന്ന നിശിത വിമര്‍ശനങ്ങളില്‍ പ്രകോപിതരായും സാംസ്ക്കാരിക ജീവിതം നയിക്കുന്നവര്‍ ദളിത് സ്വത്വബോധത്തിനുനേരെ കൊമ്പു കുലുക്കുന്നതില്‍ അത്ഭുതമില്ല. അവരുമായി സിപിഎമ്മിന് യാതൊരു ആശയപ്പൊരുത്തവുമില്ലെന്ന് പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച രാഷ്ട്രീയ പ്രമേയം ഒരാവര്‍ത്തി വായിച്ചുനോക്കുവര്‍ക്ക് മനസിലാകും.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

വളരെ വിശദമായ ലേഖനത്തിന് നന്ദി മാരീചന്‍

അടിച്ചമര്‍ത്തപ്പെട്ടവരിലും ആലംബഹീനരിലും ഉണ്ടാകുന്ന സ്വത്വബോധത്തേയോ ആ രാഷ്ട്രീയത്തേയോ സി.പി.എം തള്ളിക്കളയുന്നില്ലല്ലോ.സ്വത്വ രാഷ്ട്രീയം ആ രീതിയില്‍ മാത്രം മുന്നേറണമെന്ന മുതലാളിത്ത ചിന്താഗതിയെ മാത്രമേ അതു തള്ളിക്കളയുന്നുള്ളൂ.മറിച്ച് അതിനെ വര്‍ഗ സമരവുമായി കൂട്ടിയിണക്കി സാമൂഹികവും സാമ്പത്തികവുമായ അസമത്വങ്ങള്‍ പരിഹരിക്കണമെന്നും അങ്ങനെ ജനങ്ങളുടെ ആകെ വര്‍ഗ സമരത്തിന്റെ ഭാഗമായി തീരണമെന്നും സി.പി.എം പറഞ്ഞിട്ടുണ്ട്..ഈ വിഷയത്തില്‍ ഏറ്റവും പുതിയ ലക്കം “ചിന്ത”യില്‍ പിണറായി വിജയന്‍ എഴുതിയ ലേഖനത്തിലും ഇക്കാര്യം എടുത്തു പറയുന്നു.സ്വത്വബോധത്തിന്റേയോ സ്വത്വ രാഷ്ട്രീയത്തിന്റേയോ പ്രശ്നങ്ങളെ ശരിയായ രീതിയില്‍ കണ്ടറിഞ്ഞ് അഭിമുഖീകരിക്കുന്നതില്‍ എന്തെങ്കിലും തെറ്റുകള്‍ സി.പി.എമ്മിനു പറ്റിയിട്ടുണ്ടെങ്കില്‍ അതു തിരുത്തുന്നതിന്റെ പാതയിലാണു പാര്‍ട്ടി എന്നും പറയുന്നു..പിണറായിയുടെ വാക്കുകള്‍ നോക്കുക

സാമൂഹ്യമായി അടിച്ചമര്‍ത്തപ്പെടുന്നവരും വിവേചനത്തിനിരയാകുന്നവരുമായ ജനവിഭാഗങ്ങള്‍ വര്‍ഗ - ബഹുജന സംഘടനകളില്‍ ചേരുകയും വര്‍ഗ രാഷ്ട്രീയത്തോടൊപ്പം അണിനിരക്കുകയും ചെയ്യുമ്പോഴും അവര്‍ നേരിടുന്ന പ്രത്യേക പ്രശ്നങ്ങള്‍മൂലം അവരില്‍ പ്രത്യേകമായ സ്വത്വബോധം രൂപപ്പെടുകയോ നിലനില്‍ക്കുകയോ ചെയ്യുന്നുണ്ട് എന്ന് വര്‍ഗരാഷ്ട്രീയം കയ്യാളുന്നവര്‍ തിരിച്ചറിയേണ്ടതുണ്ട്. അത് തിരിച്ചറിഞ്ഞ് അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കേണ്ടതുണ്ട്.

ഈ രംഗത്ത് തങ്ങള്‍ക്കുണ്ടായിരുന്ന വീഴ്ച സിപിഐ എം തിരിച്ചറിഞ്ഞ് പരിഹരിക്കാന്‍ തുടങ്ങിയിട്ട് കുറച്ചുകാലമായി. അടുത്ത കാലത്ത് പാര്‍ടി സ്കൂളില്‍ ഇതു സംബന്ധിച്ച താത്വികവും പ്രയോഗപരവുമായ വശങ്ങള്‍ വിശദമാക്കി എങ്ങനെ സ്വത്വബോധത്തെയും സ്വത്വ രാഷ്ട്രീയത്തെയും തിരിച്ചറിഞ്ഞ് കൈകാര്യം ചെയ്യണമെന്ന് പാര്‍ടി പ്രവര്‍ത്തകരെ പഠിപ്പിക്കുന്ന ക്ളാസ് ആരംഭിച്ചിട്ടുണ്ട്. അത് വേണ്ടത്ര മനസ്സിലാക്കാത്ത ചിലര്‍ ഈ വിഷയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കൈകാര്യം ചെയ്തതിലെ പാളിച്ചകളാണ് മാധ്യമങ്ങള്‍ വിവാദമാക്കി അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത്. സിപിഐ എമ്മിനെ സംബന്ധിച്ചിടത്തോളം ഈ പ്രശ്നത്തില്‍ ഒരു ആശയക്കുഴപ്പത്തിനും പ്രസക്തിയില്ല. ഇത് സംബന്ധമായി ഏത് പാര്‍ടി അംഗത്തിനും ഉണ്ടാകാവുന്ന അവ്യക്തതകള്‍ പരിഹരിക്കാനും ശരിയായ പാതയിലൂടെ മുന്നേറാനുമുള്ള ആശയവ്യക്തത പാര്‍ടിക്കുണ്ട്.

chithrakaran:ചിത്രകാരന്‍ said...

മാരിചന്റെ കാഴ്ച്ചപ്പാടിലേക്ക് സിപി‌എം എന്ന സവര്‍ണ്ണ സംഘപരിവാര്‍ നേതാക്കളുടെ ഉടമസ്തതയിലുള്ള “തൊഴിലാളി”പാര്‍ട്ടിക്ക് വളരാനാകുമെങ്കില്‍ നല്ലതുതന്നെ.
പ്രസംഗങ്ങളോ,പാര്‍ട്ടി കോണ്‍ഗ്രസ്സ് പാസ്സാക്കിയ രേഖകളോ,പാര്‍ട്ടി ഭക്ത സഖാക്കള്‍ക്ക് നിരന്തരം ചവച്ചുകൊണ്ടിരിക്കാനുള്ള ച്വ്യൂയിംഗം പോലുള്ള താത്വിക ലേഖനങ്ങള്‍ പ്രസിദ്ധിക്കരിക്കുന്ന ചിന്തയോ അല്ല കാര്യം.

പ്രവൃത്തിയാണ്.

സമൂഹത്തെ ഗ്രസിച്ചിരിക്കുന്ന സവര്‍ണ്ണ പ്രത്യയശാസ്ത്രത്തെ വേരോടെ പിഴുതെടുത്ത്
നശിപ്പിക്കുക എന്നതുതന്നെയാണ് സാമൂഹ്യവും സാസ്ക്കാരികവുമായ പുരോഗതിയിലേക്കുള്ള
ഏക വഴി. അതിനായി സവര്‍ണ്ണത സമൂഹത്തില്‍ ചെലുത്തുന്ന വിവേചനത്തിന്റേയും,
മനുഷ്യത്വ രാഹിത്യത്തിന്റേയും സാംസ്ക്കാരിക വിഷത്തെ വേര്‍ത്തിരിച്ചെടുത്ത് സവര്‍ണ്ണ സ്വത്വ ബോധമുള്ളവര്‍ക്കുപോലും അതിന്റെ തിന്മ ബോധ്യപ്പെടുന്ന രീതിയില്‍ ശാസ്ത്രീയ വിശകലനം നടത്തേണ്ടിയിരിക്കുന്നു.
നമ്മുടെ സമൂഹത്തിന്റെ പൊതുബോധം ശുദ്ധീകരിക്കാന്‍ സവര്‍ണ്ണതയുടെ നരാധമ മുഖം ജനത്തിനു ബോധ്യപ്പെടുക തന്നെ വേണം. സവര്‍ണ്ണതയുടെ കപട മുഖം ജനം കാണുക തന്നെ വേണം.

ബിജു ചന്ദ്രന്‍ said...

tracking

ഞാന്‍ said...

comment tracking

Devadas VM | ദേവദാസ് വിഎം said...
This comment has been removed by the author.
Muhammed Shan said...

പിന്തുടരുന്നു..

ramachandran said...

""" വര്‍ഗം അമൂര്‍ത്തമായ പരികല്‍പനയും സ്വത്വം വ്യക്തമായ നിര്‍വചനമുളള അസ്തിത്വവുമായി തുടരുന്നടത്തോളം കാലം"" by marichan
----
വര്‍ഗമെന്ന മൂര്‍ത്ത യാഥാര്തിയത്തെ അമൂര്‍ത്തമാക്കി , സ്വത്വതിനെ മുന്നില്‍ കൊണ്ടുവരുന്നതിന് പിന്നിലും ഒരു ഒളി അജണ്ട ഉണ്ടോ . .......? ഉണ്ട്......

""ഈ പശ്ചാത്തലത്തിലാണ് അധഃസ്ഥിതരും പാര്‍ശ്വവല്‍കരിക്കപ്പെടുന്നവരുമായ ജനങ്ങള്‍ വര്‍ഗാടിസ്ഥാനത്തില്‍ സംഘടിക്കുന്നത് തടയാനും അവരില്‍ പഴയ ചേരിതിരിവുകള്‍ പുതിയ രീതിയില്‍ നിലനിര്‍ത്താനുമായി മുതലാളിത്ത സൈദ്ധാന്തികര്‍ സ്വത്വരാഷ്ട്രീയം എന്ന ആശയം രൂപപ്പെടുത്തിയത്. ജനങ്ങള്‍ വര്‍ഗാടിസ്ഥാനത്തില്‍ വിപുലമായി സംഘടിച്ച് ചൂഷകവര്‍ഗങ്ങള്‍ക്കെതിരെ പോരാടുന്നത് തടയുകയാണ് ഇതിന്റെ ലക്ഷ്യം. അതുകൊണ്ട് വര്‍ഗാടിസ്ഥാനത്തില്‍ സംഘടിച്ചിട്ടുള്ള തൊഴിലാളി - കര്‍ഷകാദി വിഭാഗങ്ങളും രാഷ്ട്രീയ പാര്‍ടികളും സ്വത്വരാഷ്ട്രീയത്തിന്ന് പിന്നിലുള്ള രാഷ്ട്രീയം തിരിച്ചറിഞ്ഞ് അതിനെ എതിര്‍ക്കുന്നു. അക്കാര്യത്തില്‍ ആര്‍ക്കും ആശയക്കുഴപ്പമില്ല; ഒരു വിട്ടുവീഴ്ചയുമില്ല.""" by Com. Pinarayi vijayan

ജിവി/JiVi said...

ചിന്തയിലും ദേശാഭിമാനിയിലും വന്ന ലേഖനങ്ങള്‍ വായിച്ചിട്ടില്ല. എന്നാല്‍ സ്വത്വരാഷ്ട്രീയത്തെ നിരാകരിക്കയും അതേസമയം സ്വത്വബോധത്തോട് എതിര്പ്പ് പ്രകടിപ്പിക്കാതെയുമുള്ളതാണ് ആ ലേഖനങ്ങള്‍ എന്നാണ് മനസ്സിലാക്കുന്നത്. അത് ശരിയാണെങ്കില്‍ മാരീചന്‍ ഈ എഴുതിയത് തെറ്റാണെന്ന് പറയേണ്ടിവരും.

“സവര്ണിബോധങ്ങളോട് സന്ധി ചെയ്തും സവര്ണവതയ്ക്കെതിരെ മുഴങ്ങുന്ന നിശിത വിമര്ശവനങ്ങളില്‍ പ്രകോപിതരായും സാംസ്ക്കാരിക ജീവിതം നയിക്കുന്നവര്‍ ദളിത് സ്വത്വബോധത്തിനുനേരെ കൊമ്പു കുലുക്കുന്നതില്‍ അത്ഭുതമില്ല“

സ്വത്വരാഷ്ട്രീയം അപകടകരമാണെന്ന് മനസ്സിലാക്കാന്‍ വലീയ സൈദ്ധാന്തിക ചര്ച്ച്കള്‍ ആവിശ്യമില്ല. വെറും commonsense മതി.

Anonymous said...

സ്വത്വരാഷ്ട്രീയം-ദലിതര്‍ക്കും ചിലതുപറയാനുണ്ട്.

സജി കറ്റുവട്ടിപ്പണ said...

".....തീരുമാനങ്ങളും പരിപാടികളും കടലാസുകളില്‍ ഉറങ്ങുകയും ജനനം മുതല്‍ മരണം വരെ വ്യക്തിജീവിതം സാക്ഷ്യം വഹിക്കുന്ന സകല ചടങ്ങുകളും സവര്‍ണത ചിട്ടപ്പെടുത്തിയ ആചാരങ്ങളനുസരിച്ച് അനുഷ്ഠിക്കുകയും ചെയ്യുന്നവര്‍ ദളിതന്റെ സ്വത്വബോധത്തെ പുച്ഛിക്കാനും പരിഹസിക്കാനും അണിനിരക്കുമ്പോള്‍ ഒട്ടും മടിക്കാതെ അവരോട് ചോദിക്കുക........"

നട്ടപിരാന്തന്‍ said...

ഹാവൂ.....അങ്ങിനെ “കെ.ഇ.എന്നും” താരമായി...

കേരളത്തിലെ ജനങ്ങള്‍ മതേതരമായ കാഴ്ചപ്പാടില്‍ കൊണ്ടാടുന്ന “ഓണത്തില്‍” ഒരു സവര്‍ണ്ണകാഴ്ചപ്പാട് ആദ്യമായി വിതറിയ ബുദ്ധിജീവിയ്ക്ക് മാരീചന്റെ കൂടെ നൂറ് ചുവപ്പന്‍ അഭിവാദ്യങ്ങള്‍...

സുനിലേ എ.കെ.ജി സെന്ററില്‍ പാര്‍ട്ടിസെക്രട്ടറിയുടെ കണ്ണില്‍പ്പെടാന്‍, ആ സെന്ററിലെ വിശാലമായ ലൈബ്രറി ഉപയോഗിച്ച് പ്രബന്ധങ്ങള്‍ തയ്യാറാക്കുന്നവരുടെ തിരക്കൊക്കെയുണ്ടോ.. അത്തരം ഒരു പ്രബന്ധമാണോ സ.പിണറായിയുടെതായി ചിന്തയില്‍ വന്നത്. കാടും, കടലാടിയും തമ്മിലുള്ള വിത്യാസമുണ്ട്, സ.ഇ.എം.എസ്സും, സ.പിണറായിയും തമ്മിലുള്ള ലേഖനങ്ങള്‍ എടുത്ത് പരിശോധിച്ചാല്‍.

എന്തായാലും നടക്കട്ടെ.....

പിന്നെ ഈ വര്‍ഗ്ഗബോധം എന്നു പറയുന്നത്, നമ്മുടെ പാര്‍ട്ടി അംഗത്വരേഖയില്‍ പണ്ട് 20000 രൂപ വാങ്ങുന്ന കെ.എസ്.ഇ.ബി ജോലിക്കാരന്‍ “തൊഴിലാളിയും” 5000 രൂപ വാങ്ങുന്ന “ക്ലാസ് 4 ജീവനക്കാരന്‍” പെറ്റിബൂര്‍ഷ്വ അല്ലെങ്കില്‍ എന്‍.ജി.ഒ കാരന്‍ ആണല്ലോ......

എന്തായാലും...ശ്രീ.മാരീചന്‍ ഒരു വിഷയം എഴുതുവാന്‍ എടുക്കുന്ന പ്രയത്നം.. അതിന് ഉപോത്ബലകമായി അവതരിപ്പിക്കുന്ന റഫറന്‍സ് എല്ലാം..ആ വിഷയം എത്ര ഗൌരവത്തില്‍ എടുക്കുന്നുവെന്നതിന്റെ നല്ല തെളിവാണ്. അത് തികച്ചും അഭിനന്ദനാര്‍ഹമാണ്.

ആഹ്....കൊലയുള്ള മാവിലല്ലേ കല്ലറിയൂ.

നട്ടപിരാന്തന്‍ said...

എന്ത് മാരിചന്റെ ബ്ലോഗില്‍ കമന്റിന് ഫില്‍ട്ടറിംഗോ?

ഫീകരം

Swasthika said...

ഹാട്ടും ഹാണാചരടും,ഹൈമവത ഭൂവില്‍, രോമന്റെ ദുഃഖം എക്സിട്ര എക്സിട്ര എന്നിങ്ങനെ ആത്മീയം,സാമ്പത്തികം, പരകായ പ്രവേശം, യാത്രാ വിവരണം എല്ലാം ചില 'വീരന്മാര്‍ക്കു' എഴുതിക്കൊടുക്കാന്‍ വീരഫൂമിയില്‍ ആളുകളുണ്ട് എന്ന് കേട്ടിട്ടുണ്ട്. ആ ടെക്നിക്ക് പിണറായിക്ക് നോക്കുകൂലി പോലും വാങ്ങാതെ പകര്‍ന്നു കൊടുക്കുന്ന 'വീരന്മാരും' ഉണ്ടോ. ഇതിനാണ് കോപ്പി റൈറ്റ് വയലേഷന്‍ എന്ന് പറയുന്നത്.

ചാർ‌വാകൻ‌ said...

സത്യാന്വേക്ഷി തന്ന ലിങ്ക് കണ്ടിരുന്നുവോ.ഞാനും ചിലതു കുറിച്ചിട്ടുണ്ട്.

നിസ്സഹായന്‍ said...

ഏതായാലും ഇലക്ഷന്‍ അടുക്കാറാകുമ്പോള്‍ പതിവായി ഉണ്ടാകാറുള്ള ഉള്‍വിളി ഇപ്പോഴും മുടക്കാത്തതിന് അതിശക്തമായ അഭിനന്ദങ്ങള്‍!

നിസ്സഹായന്‍ said...
This comment has been removed by the author.
നിസ്സഹായന്‍ said...

"ദളിതരുടെയും വിവിധ പിന്നോക്കക്കാരുടെ വിഭാഗങ്ങളുടെയും നിത്യജീവിതത്തിന്റെയും സാമൂഹിക അടിച്ചമര്‍ത്തലിന്റെയും പ്രശ്നങ്ങള്‍ പാര്‍ട്ടി സമൂര്‍ത്തമായി ഏറ്റെടുക്കണം. വര്‍ഗപരമായ പ്രശ്നങ്ങളും സാമൂഹികമായ പ്രശ്നങ്ങളും ഒന്നിച്ച് ഏറ്റെടുക്കുന്നത് മൂലം ജാതിപരമായ ശിഥിലീകരണത്തിന്റെ പ്രതികൂല പ്രത്യാഘാതങ്ങളെ നമുക്ക് നേരിടാനാകും"
കേരളം ഇപ്പോള്‍ മദ്യപാനികളുടെ നാടായി മാറിയിരിക്കുന്നു. പണ്ടേ ദുര്‍ബല, പിന്നെ ഗര്‍ഭിണിയെന്നു പറയുന്നതു പോലെ മദ്യപാനം മൂലം ഏറ്റവും തകര്‍ന്നടിഞ്ഞു കൊണ്ടിരിക്കുന്ന സമൂഹമാണ് ദളിതര്‍. സാമൂഹികമായ അടിച്ചമര്‍ത്തലിന്റെ മറ്റൊരു കാരണം ജാതിവൈരുദ്ധ്യം കൊടികുത്തി വാഴുന്ന സവര്‍ണ മേല്‍ക്കോയമയുള്ള ഹിന്ദുമതത്തിന്റെ അന്ധവിശ്വാസങ്ങളില്‍ അടിമപ്പെട്ടു കിടക്കുന്നതാണ്. അതിനാലാണ് വിമോചനത്തിനുള്ള ആദ്യ പടിയായി ഹിന്ദുമതം ഉപേക്ഷിക്കാന്‍ അംബേദ്ക്കര്‍ ദളിതരോട് ആവശ്യപ്പെട്ടത്. ഇത്തരം കാഴ്ചപ്പാടുകള്‍ ഉള്‍ക്കൊണ്ട് ഒരു കൊച്ചു പ്രദേശത്തെ ദളിതര്‍ സാമൂഹികമായി നവീകരിക്കാനും അവരുടെ ഇടയിലെ ഹൈന്ദവ അന്ധവിശ്വാസത്തെയും മദ്യപാന സ്വഭാവത്തെയും ദൂരീകരിക്കാനും വിമോചനത്തിനായി സ്വത്വരാഷ്ട്രീയ ബോധവത്ക്കരണത്തിനും നടത്തിയ എളിയ ശ്രമമായിരുന്നു വര്‍ക്കല തൊടുവാ കോളനിയിലെ ഡി.എച്ച്.ആര്‍.എം. എത്ര മനോഹരമായി താങ്കളുടെ പാര്‍ട്ടിയും ശിവസേനയും കോണ്‍ഗ്രസ്സും അങ്ങനെ പ്രത്യയശാസ്ത്ര വൈരുദ്ധ്യം മറന്ന് എല്ലാവരും ചേര്‍ന്ന് ഒരു കൊലപാതകം ആസൂത്രണം ചെയ്ത് അത് ആ പാവങ്ങളുടെ മേല്‍ കെട്ടി വെച്ച് അവരുടെ കുഞ്ഞുങ്ങളെയും പെണ്ണുങ്ങളേയും വൃദ്ധകളെയും തല്ലിച്ചതച്ച് തവിടുപൊടിയാക്കിയില്ലേ ? മാധ്യമങ്ങള്‍ പോലും അവിടെ നടന്ന നരനായാട്ട് മുക്കിക്കളഞ്ഞില്ലേ ? രാഷ്ട്രീയത്തിനതീതമായി എല്ലാ പാര്‍ട്ടികളുടേയും ആത്യന്തിക നേതൃത്വം സവര്‍ണനാണെന്നും സവര്‍ണതാല്പര്യം സംരക്ഷിക്കുകയാണ് കമ്മ്യൂണിസ്റ്റുകള്‍ പോലും ചെയ്യുന്നുള്ളു എന്നതിനും ഇതില്‍ കൂടുതല്‍ തെളിവ് വല്ലതും വേണോ ? താങ്കളുടെ പാര്‍ട്ടിക്ക് ദളിതരുടെ എന്തു പ്രശ്നം ഏറ്റെടുക്കാന്‍ കഴിയുമെന്നാണ് പറഞ്ഞു വരുന്നത്. ഒരു ചുക്കും സാധ്യമല്ല. കാലം അതു തെളിയിച്ചു കഴിഞ്ഞതാണ്.

നിസ്സഹായന്‍ said...

ദളിതരേയും കീഴാളരെയും സംബന്ധിച്ച് മറ്റേതു സ്വത്വബോധമുള്ള സമൂഹത്തേക്കാളും തങ്ങളുടെ കീഴാള സ്വത്വബോധവും അതില്‍ നിന്നു ഉല്‍ഭൂതമാകുന്ന സ്വത്വരാഷ്ട്രീയവും ഉയര്‍ത്തിപ്പിടിക്കുന്നതില്‍ അര്‍ത്ഥവും പ്രാധാന്യവുമുണ്ട്. കാരണം അത് തങ്ങളെ അക്രമത്തില്‍ നിന്നും ചൂഷണത്തില്‍ നിന്നും സ്വയം സംരക്ഷിക്കാനുള്ള പ്രതിരോധത്തിന്റെ രാഷ്ട്രീയം കൂടിയാണ് . ഇത്തരം സമൂഹങ്ങള്‍ അനുഭവിക്കുന്ന ഗുരുതരമായ അവശതകള്‍ സൃഷ്ടിച്ചതും അതിനു കാരണക്കാരായവരും മേലാളയ/സവര്‍ണ സ്വത്വബോധവും പ്രച്ഛന്നവും പരോക്ഷവുമായ അവരുടെ സവര്‍ണ സ്വത്വ രാഷ്ട്രീയവുമാണ്. കീഴാളരെ പാര്‍ശ്വവത്ക്കരിച്ചു കൊണ്ടും അവരുടെ അദ്ധ്വാനവും വിഭവങ്ങളും കൊള്ളയടിച്ചുമാണ് മേലാള/സവര്‍ണ വിഭാഗങ്ങള്‍ നിലനില്‍ക്കുന്നത്. ഈ കൊള്ളമുതലുകളെ നിലനിര്‍ത്തുവാനും നിതാന്തമായി അവരുടെ ചൂഷണം തുടരുന്നതിനും വിഭവ പങ്കാളിത്തത്തില്‍ നിന്നും ആട്ടിയകറ്റുന്നതിനുമാണ് മേലാളയ/സവര്‍ണ സ്വത്വരാഷ്ട്രീയം പ്രത്യക്ഷമായും പരോക്ഷത്തില്‍ മാനവികമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നുവെന്നു തോന്നിപ്പിക്കുന്നതുമായ രാഷ്ട്രീയപ്പാര്‍ട്ടികളിലെ നിര്‍ണായക കര്‍തൃ നേതൃസ്ഥാങ്ങളുടെ കുത്തക നിലനിര്‍ത്തിയിരിക്കുന്നത്. ഉദാഹരണമായി ആദിവാസികളുടെ ഭൂമി അന്യാധീനപ്പെട്ടു പോയതും അത് ആരുടെ കൈവശമെത്തിച്ചേര്‍ന്നതെന്നും പരിശോധിച്ചാല്‍ മതിയാകും. അത് തിരിച്ചു പിടിച്ചു കൊടുക്കാനും സംരക്ഷിക്കാനും കേന്ദ്ര നിയമങ്ങളുണ്ടെങ്കിലും ഇവിടെ മാറിമാറി ഭരിച്ച ഇടതു-വലതു ഗവണ്‍മെന്റുകള്‍ അനുരൂപമായ നിയമം നിര്‍മിക്കുന്നതിലും അവ നടപ്പാക്കിയെടുന്നതിലും കാണിച്ച കൃത്യാന്തരവിലോപം അക്ഷന്തവ്യമാണ്. ഓരോ പ്രാവശ്യവും ടി നിയമത്തിലെ വ്യവസ്ഥകളില്‍ വെള്ളം ചേര്‍ക്കുകയും ഇന്നത്തെ വിപ്ലവസര്‍ക്കാര്‍ ഭൂമി ഒരിക്കലും ആദിവാസികള്‍ക്ക് കൊടുക്കണ്ടാത്ത അവസ്ഥയിലെത്തിച്ചിരിക്കുകയും പരമോന്നത കോടതി അതിന് അംഗീകാരം കൊടുക്കുകയും ചെയ്തിരിക്കുമ്പോള്‍ സവര്‍ണസ്വത്വരാഷ്ട്രീയത്തിന്റെ ശക്തിയും വലിപ്പവും ഇത്രയെന്ന് ഊഹിക്കാവുന്നതാണ്. ഭൂമി കൈവശം വെച്ച് അനുഭവിക്കുന്നര്‍ കേരളാകോണ്‍ഗ്രസ്സുകള്‍ പോലുള്ള വര്‍ഗീയ സവര്‍ണ സ്വത്വരാഷ്ട്രീയം കക്ഷികള്‍ രൂപീകരിച്ചിരിക്കുന്നത് അവ സംരക്ഷിക്കുക എന്ന പ്രാഥമിക ഉദ്ദേശത്തോടു കൂടിയാണ്. ഇത്തരം ഈര്‍ക്കിലികളെന്നു തോന്നിക്കുന്ന വര്‍ഗീയ കക്ഷികള്‍ക്ക് തദ്ദേശീയമായും കേന്ദ്രത്തിലുമുള്ള അധികാര സ്വാധീനം അത്ഭുതാവഹമാണ്. ഇവരൊന്നും ഇല്ലെങ്കിലും കുടിയേറ്റക്കാരുടെ സ്വത്വരാഷ്ട്രീയം സംരക്ഷിച്ചു കൊടുക്കാന്‍ സി.പി.എമ്മിന്റെയും കോണ്‍ഗ്രസ്സിന്റെയും സവര്‍ണനേതൃത്വമുണ്ടാകും എന്നതും നിസ്സംശയമാണ്. കീഴാളസ്വത്വങ്ങളുടെ അവശതകള്‍ പരിഹരിക്കാന്‍ നാളിതുവരെ നിര്‍ണായകമായി എന്തു ചെയ്തു എന്നു പറയാന്‍ സ്വത്വരാഷ്ട്രീയത്തെ ചര്‍ച്ച ചെയ്യുകയും അതിനോട് അനുഭാവം നടിക്കുകയും കള്ളക്കണ്ണീര്‍ പൊഴിക്കുകയും ചെയ്യുന്ന സി.പി.എം ധൈര്യമുണ്ടെങ്കില്‍ വിഴിച്ചു പറയട്ടെ .