Friday, July 09, 2010

ഊച്ചാളിയുടെ പിച്ചാത്തി

ജനാധിപത്യവിരുദ്ധരുടെയും അരാഷ്‌ട്രീയക്കോമരങ്ങളുടെയും കുടുംബക്ഷേത്രങ്ങളല്ല, കോടതികള്‍. കോടതിവ്യവഹാരമെന്നാല്‍, ദക്ഷിണയും കാണിക്കയും സമര്‍പ്പിക്കുന്ന രാഷ്‌ട്രീയവിരോധികള്‍ക്കു വേണ്ടി നടത്തുന്ന ശത്രുസംഹാരപൂജയുമല്ല. ആ ബോധമുളള പൗരസമൂഹം, ജനാധിപത്യപ്രക്രിയയെ ഭയപ്പെടുത്തി വരുതിയിലാക്കാന്‍ അമിതാധികാരത്തിന്റെ തേറ്റപ്പല്ലുകള്‍ നീട്ടുന്ന കോടതികളെ നിലയ്‌ക്കു നിര്‍ത്താന്‍ തുനിഞ്ഞിറങ്ങുക തന്നെ ചെയ്യും. അത്തരം സാഹചര്യങ്ങളില്‍ അപ്പീലുമായി മേല്‍ക്കോടതിയിലേയ്‌ക്ക്‌ ഓടുന്ന "സസ്യഭുക്കു"കളുടെ വിധേയത്വവും അനുസരണയുമല്ല, അമിതാധികാരത്തെ നിര്‍ഭയം വെല്ലുവിളിക്കുന്ന ചാവേറുകളുടെ ചങ്കൂറ്റമാണ് തെരുവോരങ്ങളില്‍ ത്രസിക്കേണ്ടത്. പൊതുനിരത്തുകളുടെ ഓരങ്ങളില്‍ പൊതുയോഗം നിരോധിച്ചു കൊണ്ട് വിധിപറയുമ്പോള്‍ മറുഭാഗത്തിന്‌ പറയാനുളളത്‌ കേള്‍ക്കേണ്ട എന്ന്‌ തീരുമാനിക്കാന്‍ ജസ്റ്റിസുമാരായ രാമചന്ദ്രന്‍ നായരും പി എസ്‌ ഗോപിനാഥനും തയ്യാറായതെന്തുകൊണ്ട്‌ എന്ന ചോദ്യം ഉയര്‍ത്തേണ്ടത് മേല്‍ക്കോടതിയുടെ ചുവരുകള്‍ക്കകത്തല്ല, മറിച്ച്‌ പൊതുസമൂഹത്തിന്റെ നീതിബോധത്തിന്‌ മുന്നിലാണ്‌.

പൊതുനിരത്തുകളിലും നിരത്തുവക്കുകളിലും പൊതുയോഗം നിരോധിച്ചതിനെക്കാള്‍ അത്തരമൊരു വിധി പറയുന്നതിന്‌ മുമ്പ്‌ എക്‌സിക്യൂട്ടീവിന്റെയോ ലെജിസ്ലേച്ചറിന്റെയോ ഭാഗം കേള്‍ക്കേണ്ടതില്ല എന്ന്‌ ന്യായാധിപര്‍ ഏകപക്ഷീയമായി തീരുമാനിച്ചതാണ് സമൂഹത്തെ ഞെട്ടിപ്പിക്കേണ്ടത്. രാഷ്‌ട്രീയകക്ഷികളെ അടിസ്ഥാനമാക്കി നടത്തപ്പെടുന്ന തെരഞ്ഞെടുപ്പുകളിലൂടെ ജനാധിപത്യത്തിന്റെ അവിഭാജ്യഘടകങ്ങളിലൊന്നായ നിയമനിര്‍മ്മാണ സഭകള്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്ന സമൂഹത്തില്‍, രാഷ്ട്രീയകക്ഷികളുടെ ആശയപ്രചരണ സംവിധാനങ്ങള്‍ക്കു മേല്‍ നിയന്ത്രണമേര്‍പ്പെടുത്തുന്നത് ജനാധിപത്യ സംവിധാനത്തെയാകെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതിന് തുല്യമാണ്. നിയമനിര്‍മ്മാണ സഭകള്‍ രൂപപ്പെടുന്നത്‌ രാഷ്‌ട്രീയാടിസ്ഥാനത്തിലായതിനാല്‍, രാഷ്‌ട്രീയകക്ഷികള്‍ക്ക്‌ ജനാധിപത്യത്തില്‍ സുപ്രധാന സ്ഥാനമുണ്ട്‌. പൊതുയോഗങ്ങളും ജാഥയുമൊക്കെ രാഷ്‌ട്രീയ പ്രചരണത്തിന്റെ ഭാഗമാണ്‌. അവ നിരോധിക്കുകയോ അവയ്‌ക്കുമേല്‍ നിയന്ത്രണമേര്‍പ്പെടുത്തുകയോ ചെയ്യാന്‍ നീതിന്യായവ്യവസ്ഥ തയ്യാറെടുക്കുമ്പോള്‍ രാഷ്‌ട്രീയകക്ഷികളുടെ അഭിപ്രായവും പരമപ്രധാനമാണ്. അവരുടെ ഭാഗം കേള്‍ക്കുകയേ വേണ്ട എന്ന്‌ തീരുമാനിക്കാന്‍ ജനാധിപത്യത്തിന്റെ അന്തസത്ത ഉള്‍ക്കൊണ്ട ഒരു ന്യായാധിപനും കഴിയില്ല. അങ്ങനെ ചെയ്യുന്നവര്‍ ഉളളില്‍ താലോലിക്കുന്നത് ജനാധിപത്യത്തെയല്ല, ഫാസിസ്റ്റ് ഭരണക്രമത്തിന്റെ വ്യവസ്ഥകളെയാണ്. മറുഭാഗം കേള്‍ക്കാതെ വിധി പറയുന്ന ന്യായാധിപന്‍ നാളെ പത്രം വായിച്ചും ടെലിവിഷന്‍ കണ്ടും വിധി പറയാന്‍ തുടങ്ങും. എന്തുവില കൊടുത്തും ചെറുക്കപ്പെടേണ്ടതാണ് ആ പ്രവണത.

23-6-2010ന്‌ കേരള ഹൈക്കോടതിയിലെ ജസ്റ്റിസുമാരായ സി എന്‍ രാമചന്ദ്രന്‍ നായരും പി എസ്‌ ഗോപിനാഥനും പുറപ്പെടുവിച്ച WP(C) No. 19253 of 2010 എന്ന വിധിന്യായത്തില്‍ For Respondents എന്ന സ്ഥാനത്ത്‌ രേഖപ്പെടുത്തിയിരിക്കുന്ന No Appearance എന്ന പരാമര്‍ശം ജനാധിപത്യാവകാശങ്ങള്‍ക്കുമേലുളള ഭീഷണമായ ചോദ്യചിഹ്നമാണ്. പൊതുയോഗം നടത്തുന്നത്‌ രാഷ്‌ട്രീയകക്ഷികളാണെങ്കിലും ഖാലിദിന്റെ ഹര്‍ജിയില്‍ പിഡബ്ല്യൂഡി റോഡ്‌സ്‌ എക്‌സിക്യൂട്ടീവ്‌ എഞ്ചിനീയറെയും ആലുവ റൂറല്‍ എസ്‌പിയെയുമാണ് കോടതി പ്രതിഭാഗത്ത്‌ പ്രതിഷ്‌ഠിച്ചത്‌‌. എന്നിട്ട്‌ വിധിന്യായത്തില്‍ എഴുതിയതോ, We donot think there is any need to hear the additional respondant on the view of the Government because in our view Government cannot have any objection against this Court protecting public interest and lives of the people by issuing prohibitory orders from permitting meetings on public roads and road margings which itself is illegal എന്നും.

ഈ വിധിവാചകത്തിലെ “in our view” എന്ന പ്രയോഗമാണ് നീതിബോധമുളളവരെ ലജ്ജിപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്നത്. തങ്ങളുടെ വീക്ഷണത്തോട് സര്‍ക്കാരിന് വിയോജിക്കാനാവില്ലെന്ന് കോടതി മുന്‍കൂട്ടി തീരുമാനിക്കുകയും അതനുസരിച്ച് സുപ്രധാനമായ വിധിന്യായങ്ങള്‍ പുറപ്പെടുവിക്കുകകയും ചെയ്യുന്നത് ആപത്കരമായ കീഴ്‍വഴക്കം സൃഷ്ടിക്കും. നിയമ വ്യാഖ്യാനവും പ്രയോഗവുമാണ് കോടതികളുടെ ചുമതല. ന്യായാധിപന്മാരുടെ രാഷ്ട്രീയവീക്ഷണങ്ങള്‍ക്കും മുന്‍വിധികള്‍ക്കും കോടതി വ്യവഹാരത്തില്‍ സ്ഥാനമൊന്നുമില്ല. വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ അഭിപ്രായങ്ങളെ മുന്‍കൂട്ടി വിലക്കാനുളള ഒരധികാരവും കോടതിയ്ക്കില്ലെന്ന് അവരെ നിരന്തരമായി ഓര്‍മ്മിപ്പിക്കേണ്ടത്‌, അമിതാധികാരത്തിലേയ്‌ക്ക്‌ വഴുതിപ്പോകാനുളള ന്യായാധിപരുടെ ജന്മവാസന തിരിച്ചറിയുന്നവരുടെ കടമയാണ്‌.

രാഷ്‌ട്രീയത്തെയും രാഷ്‌ട്രീയപ്രവര്‍ത്തകരെയും വെറുക്കുന്ന വ്യക്തികള്‍ നടത്തിയ ഗൂഢാലോചനയുടെ ഫലമാണ്‌ വിവാദമായ കോടതിവിധി. നിര്‍ഭാഗ്യവശാല്‍ ഗൂഢാലോചനക്കാരില്‍ രണ്ടു ന്യായാധിപരും ഉള്‍പ്പെടുന്നു. രാഷ്‌ട്രീയ വിരോധിയായ വാദിയുടെ ആവശ്യം രാഷ്‌ട്രീയ വിരോധികളായ ന്യായാധിപര്‍ രാഷ്‌ട്രീയകക്ഷികളുടെ ഭാഗം കേള്‍ക്കാതെ അനുവദിച്ചു നല്‍കുന്നു. കോടതിയുടെ മുമ്പില്‍ ഒരു പ്രത്യേക ആവശ്യം ഉന്നയിക്കപ്പെടുമ്പോള്‍ എല്ലാ ഭാഗവും കേട്ട്‌ വാദങ്ങളുടെ ന്യായാന്യായങ്ങള്‍ പരിശോധിച്ച്‌ തീര്‍പ്പുകല്‍പ്പിക്കേണ്ട കോടതി ഏകപക്ഷീയമായ വിധിതീര്‍പ്പുകളിലേയ്ക്ക് എത്തിച്ചേരുന്നു. ഇവിടെ പ്രതിഷേധം ഉയരുന്നത് വാദിഭാഗം മാത്രം കേട്ട്‌ പൊതുവായ വിധി പ്രസ്‌താവിച്ച് പരിധികള്‍ ലംഘിക്കുന്ന ന്യായാധിപതൃഷ്‌ണയ്ക്കെതിരെയാണ്. ഇത്തരം അപഭ്രംശങ്ങള്‍ മേല്‍ക്കോടതിയില്‍ വ്യവസ്ഥാപിതമായി സമര്‍പ്പിക്കപ്പെടുന്ന അപ്പീലുകള്‍ വഴിയല്ല പരിഹരിക്കേണ്ടത്. രാഷ്‌ട്രീയപ്രവര്‍ത്തനത്തിനെതിരെയുളള ഗൂഢാലോചനകള്‍ക്ക്‌ കോടതി മുറികളുടെ സൗകര്യവും നീതിന്യായവ്യവസ്ഥയുടെ പരിധികളില്ലാത്ത അധികാരത്തിന്റെ തണലും ലഭിക്കുന്നുവെന്നത്‌ സിപിഎമ്മിനെ മാത്രം ബാധിക്കുന്ന വെല്ലുവിളിയല്ല.

ആലുവ റെയില്‍വേ സ്റ്റേഷന്‍ മൈതാനത്തിന്‌ വലിയൊരു ചരിത്രമുണ്ട്. സ്വാതന്ത്ര്യത്തിന്‌ മുമ്പും പിന്നീടും ചരിത്രപ്രസിദ്ധമായ ഒട്ടേറെ പൊതുയോഗങ്ങള്‍ക്ക്‌ ആ മൈതാനം വേദിയായിട്ടുണ്ട്. ചരിത്രത്തില്‍ സ്ഥാനമുറപ്പിച്ച ഒട്ടേറെ മഹാരഥന്മാരുടെ പ്രസംഗങ്ങള്‍ക്ക്‌ സാക്ഷ്യം വഹിച്ച മൈതാനമാണത്‌. ഒരാള്‍ നേരിട്ട അസൗകര്യത്തെ മുന്‍നിര്‍ത്തി എന്നെന്നേയ്‌ക്കുമായി അവിടെ പൊതുയോഗം വിലക്കാന്‍ ഒരുമ്പെട്ട ഹൈക്കോടതി ജഡ്‌ജിമാര്‍ ചരിത്രത്തെ ശിരഛേദം ചെയ്യുകയായിരുന്നു.

രാഷ്‌ട്രീയാവകാശം നിഷേധിക്കുക എന്നതിന്‌ പൗരാവകാശം നിഷേധിക്കുക എന്നു തന്നെയാണ്‌ അര്‍ത്ഥം. കാരണം, പൗരസമൂഹത്തെ രാഷ്‌ട്രീയക്കാരെന്നും പൊതുജനമെന്നും രണ്ടായി വിഭജിക്കാന്‍ കോടതികള്‍ക്ക് അധികാരമില്ല. പൊതുജനം എന്ന ഗണത്തിന്റെ ഉപഗണം തന്നെയാണ്‌ രാഷ്‌ട്രീയപ്രവര്‍ത്തകരും എന്നിരിക്കെ പൊതുജനത്തില്‍ നിന്ന്‌ വേറിട്ട അസ്‌തിത്വം രാഷ്‌ട്രീയ പ്രവര്‍ത്തകര്‍ക്ക്‌ കല്‍പ്പിക്കുന്നതിന്‌ കൃത്യമായ ഉദ്ദേശലക്ഷ്യങ്ങളുണ്ട്‌. അരാഷ്‌ട്രീയക്കാരുടെ യുക്തിയും വാദവും അംഗീകരിച്ച്‌ രാഷ്‌ട്രീയക്കാര്‍ക്കെതിരെ ഏകപക്ഷീയമായി വിധിയെഴുതുന്ന കോടതികള്‍ ആത്യന്തികമായി സ്വപ്നം കാണുന്നത് സമ്പൂര്‍ണമായ ഒരു അരാഷ്‌ട്രീയ സമൂഹത്തെയാണ്. അരാഷ്‌ട്രീയവല്‍ക്കരിക്കപ്പെട്ട മാദ്ധ്യമങ്ങള്‍ ഈ കോടതിവിധികള്‍ കൊണ്ടാടുന്നത് അരാഷ്‌ട്രീയവല്‍ക്കരിക്കപ്പെട്ട മദ്ധ്യവര്‍ഗത്തിന്റെ രുചിഭേദങ്ങള്‍ക്കനുസരിച്ചാണെന്നത് ഒട്ടും യാദൃശ്ചികമല്ല.

നിയമനിര്‍മ്മാണസഭയുടെ സ്വഭാവത്തെയും ഭരണവ്യവസ്ഥയുടെ ദിനചര്യയെയും നിര്‍വചിക്കുന്നത്‌ തെരഞ്ഞെടുപ്പുകളില്‍ മേല്‍ക്കൈ ലഭിക്കുന്ന പൗരസമൂഹത്തിലെ രാഷ്‌ട്രീയ വിഭാഗമായതിനാല്‍ രാഷ്‌ട്രീയാവകാശങ്ങളെ ഏകപക്ഷീയമായി ധ്വംസിക്കുന്ന കോടതിവിധികള്‍ക്കെതിരെ അവരില്‍ നിന്ന്‌ പരുക്കന്‍ പ്രതികരണങ്ങള്‍ ഉണ്ടാകും. അരാഷ്‌ട്രീയവല്‍ക്കരിക്കപ്പെട്ട നിയമനിര്‍മ്മാണസഭ സൃഷ്‌ടിക്കപ്പെടുന്നതോടെ നിസ്സങ്കോചം അമിതാധികാര പ്രയോഗത്തിന്റെ രാക്ഷസഭാവം പ്രകടിപ്പിക്കാമെന്ന്‌ മോഹിക്കുന്ന ജുഡീഷ്യറിയ്‌ക്കും എക്‌സിക്യൂട്ടീവിനും അത്തരം പ്രതികരണങ്ങള്‍ അലോസരമുണ്ടാക്കും. സമൂഹത്തിന്റെ സര്‍വചലനങ്ങളെയും നിയന്ത്രിക്കാനും സമസ്‌തമനുഷ്യരുടെയും മേല്‍ ആധിപത്യത്തിന്റെ ആകാശമേലാപ്പാകാനും മോഹിക്കുന്ന അധികാരരൂപങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത അത്‌, എല്ലാത്തരം ചോദ്യം ചെയ്യലുകളെയും ഭയക്കുകയും ഒഴിവാക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നുവെന്നതാണ്‌.

ചോദ്യം ചെയ്യലുകളെ എന്നെന്നേയ്‌ക്കുമായി ഒഴിവാക്കാനുളള എളുപ്പവഴി ചോദ്യം ചെയ്യാന്‍ പ്രത്യേകവ്യവസ്ഥ രൂപപ്പെടുത്തുക എന്നതാണ്‌. പ്രധാനമന്ത്രിയെ പത്രപ്രസ്‌താവനയിലൂടെ വിമര്‍ശിക്കാന്‍ അവകാശമുണ്ടാവുകയും മജിസ്‌ട്രേറ്റ്‌ കോടതിയിലെ ജഡ്‌ജിയെ വിമര്‍ശിക്കാന്‍ പരിധികള്‍ ഉണ്ടാവുകയും പണച്ചെലവ്‌ വേണ്ടിവരികയും ചെയ്യുന്നത്‌ പക്വമായ ജനാധിപത്യസംവിധാനത്തിന്റെ ലക്ഷണമല്ല. നീതിന്യായവ്യവസ്ഥയിലുളള ജനവിശ്വാസം നഷ്‌ടപ്പെടുത്തുമെന്ന പൈങ്കിളിയുക്തി ഉപയോഗിച്ചാണ്‌ കോടതിവിമര്‍ശനങ്ങള്‍ക്ക്‌ പരിധികള്‍ നിശ്ചയിച്ചിരിക്കുന്നത്‌. ലെജിസ്ലേച്ചറിനും എക്‌സിക്യൂട്ടീവിനും എതിരെയുളള വിമര്‍ശനം അവയ്‌ക്കുമേലുളള ജനവിശ്വാസത്തെ കപ്പലുകയറ്റുമെന്ന്‌ ആരും സിദ്ധാന്തിച്ചിട്ടില്ല. വിമര്‍ശനങ്ങളും ഇടപെടലുകളും എക്‌സിക്യൂട്ടീവിനെയും ലെജിസ്ലേച്ചറിനെയും കൂടുതല്‍ ജനപക്ഷമാക്കുകയാണ് ചെയ്യുന്നത്. വിമര്‍ശനം വിശ്വാസ്യത തകര്‍ക്കുമെന്ന യുക്തി ഉപയോഗിച്ച് അവയും ഇത്തരം പരിധികള്‍ കല്‍പ്പിച്ചാല്‍ ജനാധിപത്യം നിഘണ്ടുവിലെ വെറുമൊരു വാക്കായി മാറും.

അന്വേഷണമോ പരിശോധനയോ ഇല്ലാതെ എന്തും വിധിക്കുമെന്ന അവസ്ഥ മൂലമുണ്ടാകുന്ന നീതിനിഷേധം ഭീമമായ കോടതിച്ചെലവും വക്കീല്‍ഫീസും ചെലവാക്കിയല്ലാതെ പരിഹരിക്കാനാവില്ല. ഏറെ രാഷ്‌ട്രീയ കോലാഹലങ്ങള്‍ക്ക്‌ വഴിമരുന്നിട്ട ഒരു ഹൈക്കോടതി വിധിയിലെ പരാമര്‍ശം നോക്കുക. ലാവലിന്‍ കരാറിനെക്കുറിച്ച്‌ സിബിഐ അന്വേഷണത്തിന് കേരള ഹൈക്കോടതി ചീഫ്‌ ജസ്റ്റിസ്‌ വി കെ ബാലി നല്‍കിയ ഉത്തരവില്‍ ഇങ്ങനെയൊരു വാചകമുണ്ട്‌:

It is also admitted position that the Malabar Cancer Centre is a non-starter.(RP No. 1154 of 2006(S) dated 16-01-2007 page 110).

തലശേരിയില്‍ മലബാര്‍ കാന്‍സര്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചത്‌ 2001 മാര്‍ച്ചിലാണ്‌. ഒട്ടേറെ ആധുനിക സംവിധാനങ്ങളുമായി പ്രതിവര്‍ഷം ശരാശരി എഴുപതിനായിരത്തോളം രോഗികളെ ചികിത്സിക്കുന്ന സ്ഥാപനം തുടങ്ങിയിട്ടേയില്ലെന്ന്‌ തികഞ്ഞ അലംഭാവത്തോടെ ചീഫ്‌ ജസ്റ്റിസ്‌ തന്റെ വിധിന്യായത്തില്‍ എഴുതിവെച്ചു. ഒരുപാട് നൂലാമാലകള്‍ വഴി കടന്നു പോയല്ലാതെ ഈ പരാമര്‍ശം അസാധുവാക്കാനാവില്ല. ലക്ഷക്കണക്കിന് രൂപയും മനുഷ്യാധ്വാനവും വിനിയോഗിച്ച് സുപ്രിംകോടതിയുടെ മുന്നില്‍ അതിനുവേണ്ടി ഊഴം കാത്തു കിടക്കണം. ബാലി നിഷേധിച്ചതു കൊണ്ട്‌ കാന്‍സര്‍ സെന്ററിന്റെ അസ്‌തിത്വം അസാധുവാകുന്നില്ല. വന്‍മല പോലെ കണ്‍മുന്നിലുളള സ്ഥാപനം ഇല്ലെന്ന് വിശ്വസിച്ചുകൊണ്ടാണ്, കേസില്‍ വന്‍ അഴിമതിയുണ്ടെന്നും വമ്പന്‍ സ്രാവുകള്‍ അതിലുള്‍പ്പെട്ടിട്ടുണ്ടെന്നും ഹൈക്കോടതി വിധിയെഴുതിയത്. പ്രവര്‍ത്തനചടുലമായ ഒരു സ്ഥാപനം പ്രവര്‍ത്തനമാരംഭിച്ചിട്ടേയില്ലെന്ന്‌ പറയുന്നത്‌ സാക്ഷാല്‍ ചീഫ്‌ ജസ്റ്റിസ്‌ ആയാലും അതൊരു പെരുംനുണയാണ്‌. ഒരു വക്കീല്‍ തട്ടിവിട്ട പച്ചക്കളളം തൊണ്ടതൊടാതെ വിഴുങ്ങുകയായിരുന്നു അദ്ദേഹം.

വിധി പറയുന്നവരെ തെറ്റിദ്ധരിപ്പിക്കുന്ന പെരുംനുണകള്‍ നിസ്സങ്കോചം എഴുന്നെള്ളിക്കാന്‍ കോടതിയില്‍ വിലക്കുകളൊന്നുമില്ല. നുണ പറയാനും നുണ വിശ്വസിച്ച് വിധിയെഴുതാനും ഒരു വിലക്കുമില്ലാത്ത കോടതികള്‍ക്ക് പരമപവിത്രതയുടെ ശിരോവലയം കല്‍പ്പിച്ചുനല്‍കണമെന്ന നിര്‍ബന്ധത്തെ എത്ര പരിഹസിച്ചാലാണ്‌ മതിവരുക.

മലബാര്‍ കാന്‍സര്‍ സെന്ററിനെക്കുറിച്ചുളള പരാമര്‍ശം കേട്ട്‌ നെറ്റിചുളിച്ച്‌ കേരള ഹൈക്കോടതി ചീഫ്‌ ജസ്റ്റിസ്‌ കുറേക്കൂടി ഉത്തരവാദിത്തത്തോടെ വിധി പറയണമെന്ന്‌ ആരെങ്കിലും അഭിപ്രായപ്പെട്ടാല്‍ അയാള്‍ കോടതിയലക്ഷ്യത്തിന്റെ നീര്‍ച്ചുഴിയിലേയ്‌ക്ക്‌ എടുത്തെറിയപ്പെടും. തികഞ്ഞ ഉത്തരവാദിത്തത്തോടെയാണല്ലോ ഏതു മണ്ടത്തരവും കോടതി പറയുന്നത്‌. അതിനെയാര്‍ക്കും ചോദ്യം ചെയ്യാനാവില്ല.

പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു സ്ഥാപനം തുടങ്ങിയിട്ടേയില്ല എന്ന്‌ ലെജിസ്ലേച്ചറിന്റെയോ എക്‌സിക്യൂട്ടീവിന്റെയോ ഭാഗമായ ആരെങ്കിലും ഒരു റിപ്പോര്‍ട്ടെഴുതിയെന്ന് വെയ്ക്കുക. മലബാര്‍ കാന്‍സര്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടേയില്ലെന്ന്‌ മേലുദ്യോഗസ്ഥന്‌ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന വില്ലേജ്‌ ഓഫീസര്‍ എന്തൊക്കെ പൊല്ലാപ്പുകള്‍ നേരിടേണ്ടി വരും? ന്യായാധിപന്‍ വേറെ, വില്ലേജ് ഓഫീസര്‍ വേറെ. മലബാര്‍ കാന്‍സര്‍ സെന്റര്‍ സ്ഥാപിച്ചിട്ടേയില്ലെന്ന് നിയമസഭയില്‍ ഏതെങ്കിലും എംഎല്‍എ പറഞ്ഞാല്‍ അദ്ദേഹവും അവകാശലംഘനത്തിന് സമാധാനം പറയേണ്ടി വരും. എന്നാല്‍ ന്യായാധിപന്‌ ഇത്തരം തലവേദനകളൊന്നുമില്ല. നിര്‍ഭയമായി അവര്‍ക്ക് പരമാബദ്ധങ്ങള്‍ എഴുതിപ്പിടിപ്പിക്കാം. വ്യവസ്ഥകളും ചിട്ടകളും നിരങ്കുശം മറികടന്നാലും അവര്‍ക്ക്‌ ആരോടും സമാധാനം ബോധിപ്പിക്കേണ്ടതില്ല. എന്തുകൊണ്ട്‌ ഇങ്ങനെ എഴുതിയെന്ന്‌ ഒരു മേല്‍ക്കോടതിയും അവരോട്‌ ചോദിക്കില്ല.

അമിതാധികാരമദാലസരായ ന്യായാധിപന്മാരെ പൊതുവിചാരണ ചെയ്യേണ്ടി വരുന്നത്‌ ഈ സാഹചര്യത്തിലാണ്‌. ഉത്തരവാദിത്തരഹിതമായ പരമാധികാരം കയ്യേല്‍പ്പിക്കപ്പെട്ട സാധാരണ മനുഷ്യരാണ്‌ ന്യായാധിപര്‍. അവര്‍ക്ക്‌ സംഭവിക്കുന്ന ഏത്‌ അപഭ്രംശവും സമൂഹത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്‌ടിക്കും. അമിതാധികാരവാഞ്ച രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന രാഷ്‌ട്രീയനേതാവിനെയും ബ്യൂറോക്രാറ്റിനെയും വരച്ചവരയില്‍ നിര്‍ത്താന്‍ ജനാധിപത്യത്തില്‍ മാര്‍ഗങ്ങളുണ്ട്‌. എന്നാല്‍ ലക്കും ലഗാനുമില്ലാത്ത അധികാരമദം തലയ്‌ക്കുപിടിച്ച ന്യായാധിപനെ നിലയ്‌ക്കു നിര്‍ത്തുക തീര്‍ത്തും ദുഷ്‌കരമാണ്‌. ആ വഴികള്‍ വെട്ടിത്തുറക്കാനുളള നിയോഗവുമായി ദൈവം അവതരിക്കുമെന്ന് കരുതി പൊതുസമൂഹത്തിന് നിഷ്ക്രിയമായി നോക്കിയിരിക്കാനാവില്ല. ആ ചുമതല അവര്‍ ഏറ്റെടുക്കുക തന്നെ ചെയ്യും.

വിമര്‍ശനങ്ങളില്‍ നിന്ന് രക്ഷപെടാന്‍ ന്യായാധിപര്‍ സ്വയം തീര്‍ത്ത പ്രതിരോധമാണ് കോടതിയലക്ഷ്യമെന്ന ആയുധം. വിമര്‍ശനങ്ങള്‍ക്കെതിരെ നീട്ടിപ്പിടിച്ചിരിക്കുന്ന ഈ ആയുധം അമിതമായ അധികാരം കയ്യാളുന്ന സര്‍വശക്തമായ ഒരു സ്ഥാപനത്തിന്റെ ഭീരുത്വത്തെയാണ് വിളംബരം ചെയ്യുന്നത്. തെരുവു ചട്ടമ്പിയുടെ അരയിലെ പിച്ചാത്തി, ധീരതയുടെയല്ല ഭീരുത്വത്തിന്റെ ലക്ഷണമാണ്‌. എതിര്‍പ്പുകള്‍ക്കും ചെറുത്തുനില്‍പ്പിനും എതിരെയുളള അവന്റെ കരുതലാണ്‌ ആ കത്തി. കോടതിയലക്ഷ്യം എന്ന ആയുധത്തിനും പരിഷ്‌കൃത സമൂഹത്തില്‍ അതുതന്നെയാണ് സ്ഥാനം. കീലേരി അച്ചുമാരും (മാമുക്കോയ/കണ്‍കെട്ട്‌), വെട്ടിച്ചിറ ഡൈമണ്‍മാരും (ജഗതി ശ്രീകുമാര്‍/ആര്‍ദ്രം) ആയി അധഃപതിക്കുന്ന ന്യായാധിപന്മാര്‍ക്ക്‌ ഈ ഉമ്മാക്കിയുടെ ബലത്തില്‍ അധികകാലം മുന്നോട്ടുപോകാനാവില്ല. കാരണം ജനാധിപത്യം പുലര്‍ന്നതും വളരുന്നതും കോടതിയുത്തരവുകളുടെ ഔദാര്യത്തിലല്ല.

30 comments:

മാരീചന്‍‍ said...

കീലേരി അച്ചുമാരും (മാമുക്കോയ/കണ്‍കെട്ട്‌), വെട്ടിച്ചിറ ഡൈമണ്‍മാരും (ജഗതി ശ്രീകുമാര്‍/ആര്‍ദ്രം) ആയി അധഃപതിക്കുന്ന ന്യായാധിപന്മാര്‍ക്ക്‌ ഈ ഉമ്മാക്കിയുടെ ബലത്തില്‍ അധികകാലം മുന്നോട്ടുപോകാനാവില്ല. കാരണം ജനാധിപത്യം പുലര്‍ന്നതും വളരുന്നതും കോടതിയുത്തരവുകളുടെ ഔദാര്യത്തിലല്ല.

കിരണ്‍ തോമസ് തോമ്പില്‍ said...

tracking

Amarghosh | വടക്കൂടന്‍ said...

പൊതുയോഗം വേണ്ടെന്നൊന്നും ആരും പറഞ്ഞില്ലല്ലോ... നാട്ടുകാരെ വഴി തടയാതെ മൈതാനങ്ങളിലും ഹാളുകളിലും നടതാനല്ലേ പറഞ്ഞുള്ളൂ.

എന്തേ... അവിടങ്ങളിലൊന്നും വന്ന് നിങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ അധികം പേര്‍ തയ്യാറാവില്ല എന്ന് തോന്നുന്നുണ്ടോ? എങ്കില്‍ പ്രശ്നം കോടതിയുടേതല്ല...!!

ജനങ്ങള്‍ക്ക്‌ രാഷ്ട്രീയക്കാരില്‍ വിശ്വാസം നഷ്ടപ്പെടുമ്പോളാണ് അവര്‍ അരാഷ്ട്രീയ വാദികളാകുന്നത്. അവരെ വിധേയരെന്നും ഭീരുക്കളെന്നും വിളിച്ച്, സ്വയം ക്ഷോഭിക്കുന്ന യുവതുര്‍ക്കി ചമഞ്ഞത് കൊണ്ടൊന്നും നഷ്ടപ്പെട്ട വിശ്വാസം വീണ്ടു കിട്ടില്ല.

പട്ടേപ്പാടം റാംജി said...

മാന്യനെന്ന ധാരണയില്‍ കെട്ടിച്ചമഞ്ഞ് വരുന്ന ഒരു വ്യക്തി അയാളുടെ താല്പര്യങ്ങള്‍ക്കനുസരിച്ച് കല്പ്പിക്കുന്നതാണ്‌ ന്യായം എന്നു കരുതുന്നവരോട് എന്തു പറഞ്ഞിട്ടെന്താ...
കൂട്ടായ് എടുക്കുന്ന പാര്‍ട്ടികളുടെ തീരു‍മാനങ്ങള്‍ അരാഷ്ട്രീയക്കാരെന്ന വ്യാജേന എത്തുന്നവര്‍ക്ക് ദഹിക്കതെ വരുന്നത് അവര്‍ക്ക് ഒന്നും സഹിക്കാതെ എല്ലാം കിട്ടണം ആര്‍ത്തിയാണ്‌.

ജിവി/JiVi said...

tracking

ജിവി/JiVi said...
This comment has been removed by the author.
SMASH said...

യോഗം ജാഥ, മാങ്ങണ്ടി, എന്നൊക്കെ പറഞ്ഞ് നാടു മുഴുവന്‍ ബ്ലോക്കാക്കി, കാണിച്ചു കൂട്ടിയ പേക്കൂത്തുകള്‍ നാട്ടാര്‌ എത്ര സഹിച്ചു എന്നതിന്‌ വല്ല കയ്യും കണക്കുമുണ്ടോ? അതിന്റെയൊക്കെ ഫലം ഈ കോടതി വിധി വഴി, എല്ലാ രാഷ്ട്രീയ/ പാര്‍ട്ടി ഭക്തന്മാരും അനുഭവിച്ചേ തീരൂ . ജനാതിപത്യം ഈ കാര്യത്തില്‍ ഇത്തിരി കുറഞ്ഞാലും വേണ്ടില്ല. അല്ലെങ്കിലും ജനാതിപത്യത്തിന്റെ ആ ഒരു ഊക്കു്‌ കാരണം ഇപ്പോള്‍ സ്ത്രീയേയും പുരുഷനേയും ഒരുമിച്ച് ഒരിടത്ത്, അതും പട്ടാപകല്‍ പോലും കാണാന്‍ പാടില്ലാ എന്ന നിലയില്‍ കാര്യങ്ങള്‍ എത്തിയല്ലോ, പോരാത്തതിന്‌, ചാനലുകളില്‍ ഇരുന്ന്, അതും, അമേരിക്കയില്‍ കമ്മ്യൂണിസ്റ്റ്പാര്‍ട്ടി അധികാരത്തിലേറിയാല്‍ ഉണ്ടാകാന്‍ പോകുന്നതിലും ഭയങ്കര ആവേശത്തില്‍ പ്രസ്തുത സംഭവത്തെ പറ്റി പ്രസംഗിക്കുന്ന രാഷ്ട്രീയ തൊലിയന്മാരും ആയപ്പോള്‍ ജനാതിപത്യവിപ്ലവം അങ്ങ് പൂര്‍ത്തിയായി..
പുരോഗമന പാര്‍ട്ടിക്ക് എന്റെ വിപ്ലവാഭിവാദ്യങ്ങള്‍.. ലാല്‍ സലാം..

ആവനാഴി said...

റോഡു വക്കുകളിൽ പൊതുയോഗം പണ്ടേ നിരോധിക്കേണ്ടതായിരുന്നു. റോഡുകൾ യാത്ര ചെയ്യാൻ വേണ്ടി ഉള്ളതാണു. അവക്കരികിൽ നടത്തുന്ന പൊതുയോഗങ്ങൾ പലപ്പോഴും യാത്രക്കാരെ തടസ്സപ്പെടുത്തുന്ന തരത്തിലാണു. പൊതുയോഗങ്ങൾ മൈതാനങ്ങളിലോ ഹാളുകളിലോ നടത്തണം.റോഡരുകിലല്ല അവ നടത്തേണ്ടത്.

Murali said...

ഒട്ടേറെ ആധുനിക സംവിധാനങ്ങളുമായി പ്രതിവര്‍ഷം ശരാശരി എഴുപതിനായിരത്തോളം രോഗികളെ ചികിത്സിക്കുന്ന സ്ഥാപനം തുടങ്ങിയിട്ടേയില്ലെന്ന്‌ തികഞ്ഞ അലംഭാവത്തോടെ ചീഫ്‌ ജസ്റ്റിസ്‌ തന്റെ വിധിന്യായത്തില്‍ എഴുതിവെച്ചു.

വിവരക്കേട് ജസ്റ്റീസിനോ know-all എന്ന് സ്വയം അവരോധിക്കപ്പെട്ട സ:മാരീചനോ? non-starter എന്നതിന്റെ അര്‍ഥം ഏതാനും സെക്കണ്ടുകള്‍ ചിലവാക്കി ഒരു ഓണ്‍ലൈന്‍ ഡിക്ഷ്ണറിയില്‍ നോക്കിയിരുന്നെങ്കില്‍ ഇങ്ങനെ ഒരു ഭോഷത്വം എഴുന്നള്ളിക്കുന്നത് ഒഴിവാക്കാമായിരുന്നു. non-starter എന്നതിന്റെ അര്‍ത്ഥങ്ങള്‍:
1. One that fails to start.
2. An idea, proposal, or candidate with no chance of being accepted or successful: "Many lawmakers are pronouncing the budget a nonstarter"
3. (Individual Sports & Recreations / Horse Racing) a horse that fails to run in a race for which it has been entered
4. a person or thing that is useless, has little chance of success, etc.

ഇതിനെ “വന്‍മല പോലെ കണ്‍മുന്നിലുളള സ്ഥാപനം ഇല്ലെന്ന് വിശ്വസിച്ചുകൊണ്ടാണ്, കേസില്‍ വന്‍ അഴിമതിയുണ്ടെന്നും വമ്പന്‍ സ്രാവുകള്‍ അതിലുള്‍പ്പെട്ടിട്ടുണ്ടെന്നും ഹൈക്കോടതി വിധിയെഴുതിയത്“ എന്നൊക്കെ തെക്കും വടക്കും വലിച്ചുനീട്ടിയ മാരീചബുദ്ധിക്ക് നമോവാകം പറയാതെ വയ്യ. MCC ശരിക്കും ഒരു നോണ്‍-സ്റ്റാര്‍ട്ടറാണോ എന്നതിനെക്കുറിച്ച് അഭിപ്രായവ്യത്യാസം ഉണ്ടാകാം. പക്ഷെ അതിന്റെ വച്യാര്‍ത്ഥത്തെത്തന്നെ ഇങ്ങനെ വെട്ടിനിരത്തണ്ടായിരുന്നു.

ചുമ്മാതല്ല കോടതിവിധിയുടെ അന്തഃസത്തയെ മറന്ന് വൃത്തത്തിലും അലങ്കാരത്തിലും വ്യാകരണത്തിലും കയറിപ്പിടിച്ചത്.

Murali said...

ട്രാക്കിങ്ങ്..

മാരീചന്‍‍ said...

"MCC ശരിക്കും ഒരു നോണ്‍-സ്റ്റാര്‍ട്ടറാണോ എന്നതിനെക്കുറിച്ച് അഭിപ്രായവ്യത്യാസം ഉണ്ടാകാം"

ഹെന്ത്... ഹൈക്കോടതി വിധിയെക്കുറിച്ച് അഭിപ്രായവ്യത്യാസമോ... കോടതിയലക്ഷ്യം നേരിടേണ്ടി വരും. പറഞ്ഞില്ലെന്ന് വേണ്ട....

നോണ്‍ സ്റ്റാര്‍ട്ടര്‍ എന്ന പ്രയോഗത്തെക്കുറിച്ച് താങ്കള്‍ ഒരുപാട് സെക്കന്റുകള്‍ ചെലവാക്കി ഓണ്‍ ലൈന്‍ നിഘണ്ടുവില്‍ നിന്ന് ചൂണ്ടിയെടുത്തവയില്‍ ഏത് അര്‍ത്ഥമാണ് ചീഫ് ജസ്റ്റിസിന്റെ വാചകത്തിന് ചേരുന്നതെന്നു കൂടി വ്യക്തമാക്കിയാല്‍ നിലപാട് തിരുത്താമായിരുന്നു. തുടങ്ങാന്‍ പരാജയപ്പെട്ടത്, സ്വീകരിക്കപ്പെടാനോ വിജയിക്കാനോ ഒരു സാധ്യതയുമില്ലാത്തത് എന്നിവയില്‍ ഏത് അര്‍ത്ഥമാണ് മലബാര്‍ കാന്‍സര്‍ സെന്റര്‍ എന്ന ബൃഹദ് സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തിന് ചേരുക...


ഒന്ന് വ്യക്തമാക്കൂ... പ്ലീസ്

ശൂന്യന്‍ said...

മുരളി കുറച്ചു സെക്കന്റുകള്‍ കൂടി ചെലവാക്കൂ, പ്ലീസ് ...

chithrakaran:ചിത്രകാരന്‍ said...

ജനാധിപത്യത്തില്‍ വിമര്‍ശനാതീതരായി ആര്‍ക്കും തന്നെ സ്ഥാനമില്ലാത്തതാണ്. ഏത് പടച്ച തമ്പുരാനും വിമര്‍ശിക്കപ്പെടണം. അപ്പോഴെ ജനാധിപത്യത്തിനു ശുദ്ധിയുണ്ടാകു.
വിമര്‍ശനത്തെ ഭയക്കുന്നവരും, അസഹിഷ്ണുത പുലര്‍ത്തുന്നവരും ജനാധിപത്യത്തിനു കളങ്കമാണ്.
ഈ കളങ്കം ജനാധിപത്യത്തിന്റെ ഭീഷണിയായി വളര്‍ന്നുകൊണ്ടിരിക്കും.
വളര്‍ന്ന് വളര്‍ന്ന് ...ജനാധിപത്യ ശരീരത്തിന്റെ ക്യാന്‍സറായിത്തീരും !!!

chithrakaran:ചിത്രകാരന്‍ said...

അകത്ത് ജനാധിപത്യമില്ലാത്ത പാര്‍ട്ടി രാഷ്ട്രീയവും, കോടതിയുമൊക്കെ ആ വഴിക്കാണ് നമ്മുടെ സമൂഹത്തില്‍ മുന്നേറിക്കൊണ്ടിരിക്കുന്നത്.നമ്മുടെ ജഡ്ജിമാരുടെ മുന്നില്‍ ബ്രോഡ് ബാന്‍ഡ് ഇന്റെര്‍നെറ്റ് കണക്ഷനുള്ളതും വെബ് ക്യാമറയുള്ളതുമായ ഒരു കമ്പ്യൂട്ടര്‍ സ്ഥാനം പിടിക്കാന്‍ ഇനി എത്ര ദശാബ്ദങ്ങള്‍ വേണ്ടിവരും ??? ഹഹഹഹ..... നമ്മുടെ കോടതികളിലെ ഉടയാട തന്നെ അശ്ലീലമായ ആഭാസമാണെന്ന് കത്തിവേഷമാടുന്ന മണ്ണൂണ്ണികള്‍ക്ക് ഇതുവരെ തിരിച്ചറിയാനായിട്ടില്ല !!
അപസര്‍പ്പക കഥകളിലെ ഇരുട്ടും ഭീതിയും രക്തദാഹികളായ വവ്വാവല്‍ കൂട്ടത്തിന്റെ തിങ്ങിനിറഞ്ഞ കിരികിരിപ്പുമാണ് കോടതികളില്‍ കാണാനാകുന്നത്.ജനങ്ങളുടെ ചോരയും സമയവും ജീവിതവും ഓരോ കോടതിമുറിയിലും തളം കെട്ടിക്കിടക്കുന്നു ! ചോരയുടേയും വിയര്‍പ്പിന്റേയും രൂക്ഷഗന്ധം !!! നീതി നിര്‍വ്വഹണത്തിന്റെ ഭാഗമായി കോടതിയെ സഹായിക്കാനായി എത്തുന്ന സാക്ഷികള്‍ക്കുപോലും പട്ടിയുടെ വിലപോലുമില്ലാത്ത കോടതികളില്‍ എന്തു മാനുഷികതയാണുണ്ടാകുക എന്നൂഹിക്കാവുന്നതല്ലേയുള്ളു! ഈ കോടതിയെയൊക്കെ ഒന്നു പുനര്‍ നിര്‍മ്മിക്കാന്‍ ഇവന്മാര്‍ക്ക് എന്നാണു ബോധോദയമുണ്ടാകുക കര്‍ത്താവെ ? മനുഷ്യ പുരോഗതിയുടെ കല്‍പ്പടവില്‍ , മുന്നോട്ടു നടക്കാതെ ...ഇരുന്നിടത്തുതന്നെ ഗര്‍വ്വിഷ്ടനായ പിച്ചക്കാരെപ്പോലെ കുത്തിയിരിക്കാന്‍ മാത്രമറിയുന്ന ഈ വ്യവസ്ഥിതിയെയൊക്കെ ആധുനിക ജനാധിപത്യത്തിനു നാണക്കേടില്ലാത്തവിധം ഒന്നു ഉടച്ചുവാര്‍ക്കാന്‍ നമ്മുടെ സമൂഹത്തില്‍ നിന്നും ആണ്‍കുട്ടികളായ രാഷ്ട്രീയക്കാര്‍ എന്നാണ്
വളര്‍ന്ന് വരിക ഭഗവാന്‍ :)

അതായത് ജനങ്ങള്‍ക്ക് രാഷ്ട്രീയ ബോധമുണ്ടാകാതെ...(പാര്‍ട്ടി ബോധമല്ല., തന്റെ തന്ത-തള്ളമാര്‍ ആരാണെന്ന സ്വത്വബോധത്തില്‍ നിന്നും ഒരാള്‍ക്കു ലഭിക്കുന്ന രാഷ്ട്രീയ ബോധമാണു വിവക്ഷ) അതിലൂടെ രാഷ്ട്രീയ പാര്‍ട്ടികള്‍ ശുദ്ധമാകാതെ... ശക്തമാകാതെ, കോടതിയിലെന്നല്ല നമ്മുടെ വീടുകളില്‍പ്പോലും നീതിയും ന്യായവും പുലരില്ല.

അത്തരമൊരു രാഷ്ട്രീയ പക്വതയുടെ സാംസ്ക്കാരികതയിലെത്താത്തിടത്തോളം കാലം
നാം അന്യര്‍ക്കു നേരെ വിരല്‍ ചൂണ്ടി മെച്ചപ്പെട്ട രാഷ്ട്രീയ ബോധവും സാംസ്ക്കാരിക നിലവാരവും പ്രതികരണ ശേഷിയുമുള്ളവരായി സ്വയം ആശ്വസിക്കുകയേ വഴിയുള്ളു.
(ചിത്രകാരന്റെ ഈ പ്രസ്താവന തികച്ചും ആത്മവിമര്‍ശന പരമാണ്.ആരെയും കുറ്റപ്പെടുത്തുന്നതല്ല.)

നട്ടപിരാന്തന്‍ said...

:)

SMASH said...
This comment has been removed by the author.
SMASH said...

ചിത്രകാരന്‍ പറഞ്ഞതിലും കാര്യമില്ലാതില്ല!.. കോടതി മാത്രമല്ല, സര്‍ക്കാര്‍ സ്ഥപനങ്ങള്‍ മിക്കതും ഇങ്ങനെ തന്നെ.

"നീതി നിര്‍വ്വഹണത്തിന്റെ ഭാഗമായി കോടതിയെ സഹായിക്കാനായി എത്തുന്ന സാക്ഷികള്‍ക്കുപോലും പട്ടിയുടെ വിലപോലുമില്ലാത്ത കോടതികളില്‍ എന്തു മാനുഷികതയാണുണ്ടാകുക എന്നൂഹിക്കാവുന്നതല്ലേയുള്ളു"

വളരെ കറക്ട്. 'കോടതിയെ തലകുമ്പിട്ട് പൂജിക്കണം", "ജഡ്ജി അദ്യേയം അങ്ങു വല്യ കൊമ്പത്തുള്ള ദൈവമാണ്"‌, "അയാളുടെ മുന്‍പില്‍ എല്ലാവരും മുട്ടുകുത്തി തൊഴണം", "ബഹുമാനപെട്ട കോടതി പറയുന്നതൊക്കെ തിരുവായ്ക്ക് എതിര്‍‌വാ ഇല്ലാതെ കേട്ട് തലകുലുക്കി അംഗീക്കണം" തുടങ്ങിയ സമൂഹത്തിന്റെ അടിമബോധങ്ങള്‍ ഞാനും അംഗീകരിക്കുന്നില്ല, എല്ലാം ജനപക്ഷത്ത് നില്‍ക്കുന്നവ തന്നെയാകണം. പക്ഷെ പൊതു സ്ഥലത്തെ യോഗവിഷയത്തില്‍ ഞാന്‍ കോടതി പക്ഷമാ. കാരണം രാഷ്ട്രീയ/മത പൊതുയോഗങ്ങളും, പ്രകടനങ്ങളും യാത്രക്കാരെ തടസ്സപെടുത്താതെ നടത്താം എന്ന ഒരു ഉറപ്പും ആര്‍ക്കും നല്‍കാന്‍ കഴിയില്ല.

മനനം മനോമനന്‍ said...

കോടതീവിധി വന്നശേഷം കേരളത്തിൽ പിന്നെ തെരുവോരങ്ങളിൽ പൊതുയോഗമോ പ്രകടനമോ സമരമോ ഒന്നും നടന്നിട്ടില്ല. ഇനി നടത്തുകയുമില്ല. ഏങ്ങള് ഇനി മുണ്ടാണ്ട് രാഷ്ട്രീയവും ജനാധിപത്യവും ഒക്കെ ഉപേക്ഷിച്ച് കരിങ്കോട്ടമ്പ്രാന്മാര് പറയുമ്പോലെ ജീവിച്ചോളാമേ!

സജി കറ്റുവട്ടിപ്പണ said...

പണ്ട് അക്ഷരമറിയാത്ത നാട്ടുപ്രമാണിമാര് കൈകാര്യം ചെയ്തിരുന്ന ഒരു വകുപ്പാണിത്. അതിർത്തിയിൽ നിൽക്കുന്ന മരം മുറിക്കുന്നതുസംബന്ധിച്ച തർക്കവുമായി ചെല്ലുന്ന ആവലാതിക്കാരോട് മരം മുറിച്ച് തന്റെ വീട്ടിൽകൊണ്ടിട്ട് വഴക്കവസാനിപ്പിക്കാൻ പറയുന്ന നാട്ടുപ്രമാണി! ഇത്രയൊക്കെയേ ഉള്ളൂ മനുഷ്യന്റെ കാര്യം!

sarath said...

കോടതി വിധി ഏത് കുത്തക മുതലാളി സ്വാധീനിച്ചതിന്റെ ഫലമായി വന്നതാണെങ്കിലും ശരി നന്നായി എന്നേ പറയുന്നുള്ളു. രാഷ്ട്രീയക്കാരുടെ ഭാഗം കേട്ടില്ല എന്നതില്‍ വലിയ കഥയൊന്നുമില്ല. ഓഞ്ഞ കുറെ തൊടുന്യായങ്ങള്‍ അല്ലാതെ അവര്‍ക്കെന്തോ പറയാനുണ്ട്?. അല്ലേലും പാര്‍ട്ടിക്കപ്പുറം ഒന്നുമില്ല എന്ന് വിചാരിക്കുന്ന കുറെ പാവങ്ങളെ പറ്റിക്കാനുള്ള തന്ത്രമാണല്ലോ ഈ പൊതുസ്ഥലത്തെ യോഗവും മറ്റും. കൊറേ ആള്‍ക്കാര്‌ വായയും പൊളിച്ച് നില്‍ക്കുന്നതും കാണാം. എന്താ താന്‍ പറയുന്നതെന്ന് പ്രസംഗിക്കുന്നവനൊട്ട് അറിയുകേമില്ല, കേള്‍ക്കുന്നവനൊട്ട് മനസിലാവുകേമില്ല.10000watts സ്പീക്കറില്‍ക്കൂടി, വെടിക്കെട്ട് നടക്കുന്നപോലെ ഒച്ച കേള്‍ക്കാം, അത്രതന്നെ.എല്ലാവരും പക്ഷേ നേതാവ് പറയുന്നതിനൊക്കെ തലകുലുക്കും.... ഇതു നിരോധിച്ചതിനാണോ, ഇവിടെ ചാവേറുകളെ ഇറക്കി എല്ലാത്തിനേയും തട്ടും എന്നൊക്കെ മരീചന്‍ 'തട്ടിമൂളിക്കുന്നത്? കഷ്ടം..

karimeen/കരിമീന്‍ said...

ജഡ്ജിക്ക് നേരിട്ട് കൈക്കൂലി കൊടുത്ത ആളായതിനാള്‍ എനിക്ക് നീതിപീഠത്തെ വല്യ ബഹുമാനമാണ്.

cloth merchant said...

നമ്മുടെ തൃശൂര്‍ പൂരവും പൊന്ഗാല ഇടലും അന്തോനീസ് പുണ്യാളന്റെ പെരുന്നാളും ഒക്കെ ഇനി എവിടെ കൊണ്ട് പോയി നടത്തേണ്ടി വരുമോ ആവോ??

കാക്കര kaakkara said...

റോഡരുകിൽ പൊതുയോഗം നിരോധിച്ചതിനെ പൂർണ്ണമായി ഉൾക്കൊള്ളുവാൻ സാധിക്കില്ല, കാരണം സമരങ്ങളും പൊതുയോഗങ്ങളും റോഡരുകിലും പൊതുസ്ഥലങ്ങളിലും നടത്തേണ്ടിവരും. ഉൽസവം പ്രമാണിച്ച്‌ റോഡരുകിൽ കമാനം ഉയർത്തും... പക്ഷെ ഇതിനൊക്കെ ഒരു നേരും നെറിയും വേണം.

പക്ഷെ വാഹനഗതാഗതവും കാൽനടയും തടസ്സപ്പെടുത്തിയുള്ള യോഗങ്ങൾ നിരോധിക്കണം...

തെറ്റായ കീഴ്ക്കോടതി വിധി അസ്ഥിരപ്പെടുത്താൻ മേൽക്കോടതിയിൽ അപ്പില്ല് നൽകണം, തെരുവിൽ ആശയപ്രചരണം നടത്തണം. വിധിയിൽ പറയുന്നപോലെ റോഡിലെ യോഗങ്ങൾ നിലവിലെ നിയമത്തിനെതിരാണെങ്ങിൽ, ആവശ്യമുണ്ടെങ്ങിൽ നിയമസഭയിൽ പുതിയ നിയമം പാസ്സാക്കണം...

എല്ലാം “തെരുവിൽ മാത്രമെ” നേരിടു എന്നത്‌ ജനാധിപത്യസമൂഹത്തിന്‌ ചേരുന്നതല്ല. ജാനധിപത്യവും നിയമവാഴ്ച്ചയും നിലനിൽക്കണമെന്ന്‌ ആഗ്രഹിക്കുന്നവരെ അരാഷ്ട്രീയക്കോമരങ്ങളാക്കി ചാപ്പകുത്തേണ്ടതില്ല... ഭൂരിഭാഗം രാഷ്ട്രീയപ്രവർത്തകരേക്കാൽ രാഷ്ട്രീയബോധം ഇവർക്കുണ്ട്... തെരുവിലെ ഊച്ചാളിയുടെ പിച്ചാത്തി കാണിച്ച്‌ ഭയപ്പെടുത്തേണ്ടതില്ല്ല!

ബിജുകുമാര്‍ ആലക്കോട് said...
This comment has been removed by the author.
കിരണ്‍ തോമസ് തോമ്പില്‍ said...

ഈ വാര്‍ത്തക്ക് ഇവിടെ പ്രസക്തിഉണ്ട് എന്ന് തോന്നുന്നു

ക്രമസമാധാനനില: സര്‍ക്കാരിനെതിരായ പരാമര്‍ശം നീക്കി

ന്യൂഡല്‍ഹി: കേരളത്തിലെ ക്രമസമാധാനനില തകര്‍ന്നുവെന്ന ഹൈക്കോടതി പരാമര്‍ശം സുപ്രീം കോടതി നീക്കി. ജസ്റ്റിസ് വി.രാംകുമാറിന്റെ പരാമര്‍ശം അനവസരത്തിലുള്ളതും അനാവശ്യവുമെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു. 2008 മാര്‍ച്ച് 11 നാണ് ഹൈക്കോടതി പരാമര്‍ശം നടത്തിയത്.

സംസ്ഥാനത്ത് ക്രമസമാധാനം താറുമാറായെന്നും തിരഞ്ഞെടുപ്പു കളിയില്‍ മുഴുകിയിരിക്കുന്ന അധികാരത്തിന്റെ ഇടനാഴികള്‍ ഇതൊന്നും അറിയുന്നില്ലെന്നും മറ്റുമായിരുന്നു ഹൈക്കോടതി പരാമര്‍ശം. റഹിം പൂക്കടശേരി വധശ്രമക്കേസിലെ 13 മുതല്‍ 15വരെ പ്രതികള്‍ക്കു ജാമ്യം നിഷേധിച്ച ഉത്തരവിലാണ് സംസ്ഥാനത്തെ ക്രമസമാധാനത്തകര്‍ച്ചയെക്കുറിച്ചു ഹൈക്കോടതിയില്‍ ജസ്റ്റിസ് വി. രാംകുമാര്‍ പരാമര്‍ശം നടത്തിയത്. പരാമര്‍ശങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പ്രത്യേകാനുമതി ഹര്‍ജിയിലാണ് ഉത്തരവ്.

കാക്കര kaakkara said...

തീർച്ചയായും ഈ വിധിക്ക് ഇവിടെ പ്രാധാന്യമുണ്ട്...

ഒന്നാമതായി കോടതികളിൽ നിന്ന്‌ തെറ്റായ വിധികളും പരമർശങ്ങളും വരാം...

രണ്ടാമതായി തെറ്റായ വിധികളെ അല്ലെങ്ങിൽ പരാമർശം എങ്ങനെ മറികടക്കാം...

ബിജുകുമാര്‍ ആലക്കോട് said...

വളരെ പ്രസക്തമായ ഈ വിഷയത്തോടു ബന്ധമുള്ള ഈ കഥയൊന്നു നോക്കു: പരിണാമകഴുതകള്‍

SMASH said...

ആളുകള്‍ ആത്മാര്‍ഥതയോടെ, നാടിന്റെ നന്മയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നതിന്റെ ഭാഗമായി, അത് പാര്‍ട്ടിയോ, സംഘടനയോ ആരായാലും, യോഗമോ, പ്രകടനമോ നടത്തിയാലൊന്നും ആരും ചോദിക്കുകയുമില്ല പറയുകയുമില്ല. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെയല്ലല്ലോ. സ്വന്തം പാര്‍ട്ടികളുടെ/സംഘടനകളുടെ ശക്തി തെളിയിക്കാനും അണികളെ ആവേശം കൊള്ളിക്കാനും അല്ലാതെ ഒരു യോഗവും പ്രകടനവും ഇവിടെ നടക്കാറില്ല, ജനം, ജനങ്ങള്‍ എന്നൊക്കെ അലറി വിളിക്കുമെങ്കിലും, ഉദ്ദേശം എതിര്‍ചേരിക്കാരെ ആള്‍ബലം കാണിച്ച് ഭീഷണിപെടുത്തല്‍ എന്നതു തന്നെ. നടത്തിക്കോട്ടെ, എന്നാല്‍ അത് മണിക്കൂറുകളോളം ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തിയിട്ടേ ആകാവു എന്നൊരു നിര്‍ബന്ധബുദ്ധിയാണ്‌ എല്ലാ രാഷ്ട്രീയ പാര്‍ടികള്‍ക്കും/മത സംഘടനകള്‍ക്കും, പ്രത്യേകിച്ച് മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക്. ഒരു വിധത്തില്‍ പെട്ട ജനങ്ങള്‍ക്കൊന്നും യാതൊരു താല്പര്യവുമില്ലാത്ത സംഗതിയാണ്‌ ഈ വഴി ബ്ലോക്കാക്കികൊണ്ടുള്ള യോഗവും പ്രകടനവും എന്നതൊരു സത്യമാണെന്നിരിക്കെ, അതു മുതലെടുത്ത്കൊണ്ടാകാം, ഒരുപക്ഷെ കോടതി(ഇടത് വിരുദ്ധ മനസുള്ള ജഡ്ജി..ha ha) വിധി പുറപ്പെടുവിച്ചത്. ജനാതിപത്യ അവകാശത്തെ വ്യഭിചരിച്ചതിന്‌ കിട്ടിയ ശിക്ഷയാണിതെന്ന് ബഹുഭൂരിപക്ഷം ജനങ്ങളും ഈ വിധിയെ വിലയിരുത്തുന്നു, അതിനായി ഇത്തിരി ജനാതിപത്യം നഷ്ടപെട്ടെങ്കിലും.

അല്ല്ല, ഞാന്‍ നിര്‍ത്തി..kOppu..

Anonian said...

കണ്ടവരുണ്ടോ ?മാത്തുപത്രം,വീരഫൂമി, മറഡോക്കന്‍സ്,മുനീര്വിഷന്‍സ് മാസ്യമ പ്രവര്‍ത്തകരെ ഒന്ന് സഹായിക്കാമോ. ജനത്തിനു വേണ്ടി പേന ഉന്തി,ഉന്തി പേന പോങ്ങാതായി.എന്തൊരു ആര്മാദായിരുന്നൂ, ലോകസഭാ ഇലക്ഷന്‍ സമയത്ത്. "കേരള ക്രമസമാധാന തകര്‍ച്ച" മയിസ്ട്രെട്ട് ഏമാന്‍ (കട; ഇന്ദ്രന്‍സ്) അങ്ങനെ വിധിച്ചപാടെ,തൂറാന്‍ ഇരുന്ന ലേഹകന്മാര് പോലും അപ്പി കഴുകാതെ എഴുന്നേറ്റു ഓടി.കിട്ടിപ്പോയി കിട്ടിപ്പോയി.ന്യൂസ് അവര്‍, നൈറ്റ്, വിശേഷാല് പ്രതി വാദി...ഒടുവിലിതാ സുപ്രീം കോടതി "അനാവശ്യവും അസമയത്തുള്ളതും'ആണ് ഹൈക്കോടതി പരാമര്‍ശം എന്ന് വിധിച്ചപ്പോ എവിടെ, പേന പോങ്ങണ്ടേ,ഒരുവിധം എട്ടാം പേജില്‍ അരക്കോളത്തില്‍ കാച്ചി.അല്ലെങ്കില്‍ പത്രധര്‍മ്മം കാശിക്കു പോവില്ലേ . കരിമീന്‍ പറഞ്ഞ പോലെ നല്ല "ബഹുമാനം" തോന്നുന്നു. ആരോടാന്നു ചോദിക്കരുത്.

കൊച്ചുസാറണ്ണൻ said...

“....അത്തരം സാഹചര്യങ്ങളില്‍ അപ്പീലുമായി മേല്‍ക്കോടതിയിലേയ്‌ക്ക്‌ ഓടുന്ന "സസ്യഭുക്കു"കളുടെ വിധേയത്വവും അനുസരണയുമല്ല, അമിതാധികാരത്തെ നിര്‍ഭയം വെല്ലുവിളിക്കുന്ന ചാവേറുകളുടെ ചങ്കൂറ്റമാണ് തെരുവോരങ്ങളില്‍ ത്രസിക്കേണ്ടത്“

തീർച്ചയായും!

കേൾക്കാൻ ആഗ്രഹിക്കാത്തവരെക്കൂടി കേൾപ്പിക്കാനാണ് വാഴക്കൂടരെ, തെരുവോരങ്ങളിൽ തന്നെ യോഗം നടത്തണമെന്ന് നമുക്ക് നിർബന്ധമുള്ളത്. സാമൂഹ്യ യാഥാർത്ഥ്യങ്ങൾക്ക് മേൽ കണ്ണടയ്ക്കുന്നവരെ തന്നെ നമ്മൾ ഉന്നം വയ്ക്കുന്നത്. സ്വാർതഥമതികളുടെ കാതുകളിൽ ജനാധിപത്യത്തിന്റെ അലയൊലികൾ കൂരമ്പുകളായി ചെന്നു തറയ്ക്കണം. നാടു നന്നാകാൻ രാഷ്ട്രീയക്കാർ മാത്രം നന്നായാൽ പോര. നാട്ടുകാർ ആകെ നന്നാകണം! അതിന് നിരത്തുവക്കിൽ രാഹ്യദ്രോഹം പറഞ്ഞു നിൽക്കുന്നവനെയും പലതും ഉണർത്തിക്കുവാനുണ്ട്. അതു കൊണ്ട് തെരുവോരങ്ങളിൽ ഇനിയും പൊതുയോഗങ്ങൾ ഉണ്ടാകും. ചിലർ കേൾക്കാൻ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും. തീരെ കേൾക്കേണ്ടാത്തവർ കാതിൽ ഈയം ഉരുക്കി ഒഴിച്ചു കൊണ്ട് നടന്നു കൊള്ളുക.

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന് വേണ്ടി അന്ന് രാഷ്ട്രീയപ്രവർത്തനം നടത്തിയിരുന്നവരെയും അക്കാലത്തെ ഇമ്മാതിരി അരാഷ്ട്രീയ രാജ്യദ്രോഹികൾ വിമർശിച്ചിരുന്നു. ആര് എങ്ങനെ ഭരിച്ചാലെന്താ, അവനവന്റെ കാര്യം നോക്കി ജീവിച്ചാൽ പോരെ എന്നു ചോദിക്കുന്നവർ. പൊതുഗങ്ങൾ നടക്കുമ്പോൾ കാതിന് അരോചകമായി തോന്നുന്നവർ. ഒന്നിനോടും പ്രതികരിക്കേണ്ടെന്ന് കരുതുന്നവർ. പഴയ ചില രാജഭക്തന്മാരും ഇങ്ങനെയായിരുന്നു. അവർക്ക് സുഖമായി കഴിഞ്ഞാൽ മതി. മറ്റൊരു ശല്യങ്ങളും അവർക്കിഷ്ടമല്ല. അവർക്ക് രാജാവ് കൊടുക്കുമല്ലോ!