Wednesday, January 26, 2011

കവാത്തു മറക്കുന്ന കോടതികള്‍

ക്വട്ടേഷന്‍ സംഘത്തിന്റെ ഭീഷണിയെക്കുറിച്ച് പരാതിപ്പെട്ടിട്ടും പോലീസ് നടപടിയൊന്നുമെടുക്കുന്നില്ല എന്ന ആക്ഷേപവുമായി സമീപിക്കുമ്പോള്‍, 'എങ്കില്‍ പോയി ആത്മഹത്യ ചെയ്യൂ'' എന്ന് കോടതി വിധിക്കുന്ന കാലം അകലെയാണോ? ലോട്ടറിക്കേസില്‍ ഏറ്റവും ഒടുവില്‍ കേരള ഹൈക്കോടതി പുറപ്പെടുവിച്ച വിധിയെ ചൂഴ്ന്നു നില്‍ക്കുന്നത് ആ ഭയമാണ്. പോലീസ് അനാസ്ഥയ്ക്കു പ്രതിവിധി പരാതിക്കാരന്റെ ആത്മഹത്യയാണെന്ന് നീതിപീഠം വിധിയെഴുതുമ്പോള്‍ ജയം ക്വട്ടേഷന്‍ സംഘത്തിനാണ്. രോഗാണുവിന്റെ ഇച്ഛയും വൈദ്യന്റെ കല്‍പനയും ഒന്നാകുമ്പോള്‍ മരണം സുനിശ്ചിതമാകും. ലോട്ടറിക്കേസിലെ കോടതിവിധികള്‍ മാഫിയയുടെ അഴിഞ്ഞാട്ടത്തിന് ഉത്തേജകമാകുന്നതിന്റെ നാനാര്‍ത്ഥങ്ങള്‍ എന്തൊക്കെയാകും?

അന്യസംസ്ഥാന ലോട്ടറി മാഫിയ നടത്തുന്ന നിയമലംഘനങ്ങള്‍ സംബന്ധിച്ച് കേരളം കേന്ദ്രസര്‍ക്കാരിനു മുന്നില്‍ സമര്‍പ്പിച്ച പരാതികള്‍ക്കും നിവേദനങ്ങള്‍ക്കും വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഇവയ്‌ക്കൊന്നും ഒരു ഫലവുമുണ്ടായിട്ടില്ലെന്ന് കോടതിയ്ക്കും പലതവണ ബോധ്യപ്പെട്ടിട്ടുമുണ്ട്. വിധിന്യായങ്ങളിലെ പരാമര്‍ശങ്ങള്‍ തന്നെയാണ് അതിനു തെളിവ്. പക്ഷേ, ലോട്ടറിക്കേസ് ഇന്നുവരെ പരിഗണിച്ച എല്ലാ ജഡ്ജിമാരെയും കേരള ഹൈക്കോടതിയിലെ ആദരണീയനായ ജസ്റ്റിസ് സി. കെ. അബ്ദുല്‍ റഹീം കടത്തിവെട്ടി. അന്യസംസ്ഥാന ലോട്ടറികളുടെ നിയമലംഘനത്തെക്കുറിച്ചുളള പരാതികള്‍ കേന്ദ്രസര്‍ക്കാര്‍ അവഗണിക്കുന്നുവെങ്കില്‍, സ്വന്തം ലോട്ടറി നിരോധിച്ച് ലോട്ടറി ഫ്രീ സോണ്‍ ആക്കാനുളള രാഷ്ട്രീയ ഇച്ഛാശക്തി കേരളം പ്രകടിപ്പിക്കണമെന്നാണ് ഈ ന്യായാധിപന്റെ നീതിബോധം കണ്ടെത്തിയ തീര്‍പ്പ്.

വിധിന്യായത്തില്‍ ഈ നീതിബോധം ഇങ്ങനെയാണ് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്,
Considering powers conferred under Section 5 of the Regulation Act, course let open to the State Government for protecting such social interest, is only to declare the State as a lottery free zone, if it is having the opinion that the Central Government is falling in their obligations – (WP(C) 30069 & 33409 of 2010 dated 21-1-2011 page 45)
കര്‍ത്തവ്യ നിര്‍വഹണത്തില്‍ കേന്ദ്രസര്‍ക്കാര്‍ വീഴ്ച വരുത്തുന്നു എന്ന് അഭിപ്രായമുണ്ടെങ്കില്‍ പിഴ സംസ്ഥാന സര്‍ക്കാര്‍ ഒടുക്കണമത്രേ. 1998ലെ കേന്ദ്ര ലോട്ടറി നിയമത്തിന്റെ വ്യവസ്ഥകളത്രയും വളളിപുളളി വ്യത്യാസമില്ലാതെ പാലിക്കുന്ന കേരള ലോട്ടറി ഒരുവശത്ത്. ആ നിയമത്തിന്റെ വ്യവസ്ഥകള്‍ നഗ്‌നമായി ലംഘിക്കുന്ന മാഫിയയുടെ ലോട്ടറി മറുവശത്തും. മാഫിയയുടെ നിയമലംഘനത്തിന് കടിഞ്ഞാണിട്ട് അവറ്റയെ ഭരണവ്യവസ്ഥയുടെ വരുതിക്കുളളില്‍ കൊണ്ടുവരണം എന്ന നിലപാടിനുളള മറുപടിയാണ് മേല്‍കേട്ടത്. നിയമലംഘനം നടത്തുന്നവരെ നിലയ്ക്കു നിര്‍ത്താന്‍ നിയമം പാലിക്കുന്ന ലോട്ടറിയെ കുരുതികൊടുക്കണം എന്ന്. ലോട്ടറി മാഫിയയെ കോരിത്തരിപ്പിക്കുന്ന ഉജ്വലമായ നീതിബോധം.

കേരളം ലോട്ടറി നടത്തിയാല്‍ ചട്ടവും നിയമവും സ്വയം നിര്‍മ്മിച്ച് താനും ലോട്ടറി നടത്തുക തന്നെ ചെയ്യും എന്ന സാന്റിയാഗോ മാര്‍ട്ടിന്റെ വെല്ലുവിളിയാണ് ജസ്റ്റിസ് സി കെ അബ്ദുള്‍ റഹീമിന്റെ നിരീക്ഷണങ്ങളില്‍ മുഴങ്ങുന്നത്. ഇത്ര പരസ്യമായും വ്യക്തതയോടെയും ഇതിനു മുമ്പൊരു കോടതിവിധിയും ഇത്തരമൊരു നിരീക്ഷണം നടത്തിയിട്ടില്ല. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഗവണ്മെന്റ് പ്ലീഡറായിരുന്നു, ബഹുമാനപ്പെട്ട ജസ്റ്റിസ് സി. കെ. അബ്ദുള്‍ റഹീം എന്ന് ഓര്‍ക്കുന്നതു പോലും ചിലപ്പോള്‍ കോടതിയലക്ഷ്യമായേക്കാം. അതിനുളള ശിക്ഷ വേറെ വരും.

ലോട്ടറി കേന്ദ്രവിഷയമാണ്. നിയമം നിര്‍മ്മിച്ചത് പാര്‍ലമെന്റും. അന്യസംസ്ഥാന ലോട്ടറി മാഫിയയുടെ അഴിഞ്ഞാട്ടം അവസാനിപ്പിക്കാനുളള ഏതു നടപടിയും കേന്ദ്രസര്‍ക്കാരിന്റെ അധികാരപരിധിയില്‍പെട്ടതാണ്. 1998ല്‍ പാസാക്കിയ കേന്ദ്ര ലോട്ടറി നിയമത്തിന്റെ അഞ്ചാം വകുപ്പു പ്രകാരം അന്യസംസ്ഥാന ലോട്ടറികളെ നിയന്ത്രിക്കുന്നതിനോ വേണ്ടി വന്നാല്‍ നിരോധിക്കുന്നതിനോ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമുണ്ടായിരുന്നു. എന്നാല്‍ ഈ അധികാരം വിനിയോഗിക്കണമെങ്കില്‍ ബന്ധപ്പെട്ട സംസ്ഥാനം ലോട്ടറിരഹിതമായിരിക്കണം എന്ന് 1999ല്‍ ബിആര്‍ എന്റര്‍പ്രൈസസ് വേഴ്‌സസ് യുപി കേസില്‍ സുപ്രിംകോടതി ഡിവിഷന്‍ ബഞ്ച് വ്യാഖ്യാനിച്ചു. ഈ വ്യാഖ്യാനത്തിന്റെ മറവിലാണ് സാന്റിയാഗോ മാര്‍ട്ടിനും സംഘവും കേരളത്തില്‍ നിയമലംഘനത്തിന്റെ താണ്ഡവമാടുന്നത്. ഈ വ്യാഖ്യാനമാണ് നിയമലംഘനം നടത്തുന്ന ലോട്ടറി മാഫിയയ്ക്കു മുന്നില്‍ സംസ്ഥാന സര്‍ക്കാരുകളെ നിഷ്‌ക്രിയമാക്കുന്നതും.

സകല നിയമങ്ങളും ലംഘിച്ചാണ് ലോട്ടറി മാഫിയ ടിക്കറ്റ് അച്ചടി മുതല്‍ സമ്മാനവിതരണം വരെ നടത്തുന്നത് എന്ന് തെളിവുസഹിതം സ്ഥാപിക്കപ്പെട്ടു കഴിഞ്ഞു. ഒന്നുകില്‍ അന്യസംസ്ഥാന ലോട്ടറിക്കാര്‍ നിയമം പാലിക്കുന്നുണ്ട് എന്നുറപ്പു വരുത്തുക, അതിനവര്‍ തയ്യാറല്ലെങ്കില്‍ പ്രവര്‍ത്തനം നിരോധിക്കുക എന്നീ നടപടികള്‍ മാത്രമേ അവശേഷിക്കുന്നുളളൂ. ആരാണ് അതു ചെയ്യേണ്ടത് എന്നതിലാണു തര്‍ക്കം. ഈ തര്‍ക്കത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തല്ല, ലോട്ടറി മാഫിയയ്‌ക്കൊപ്പമാണ് കേന്ദ്ര സര്‍ക്കാര്‍. ഈ അവിശുദ്ധ കൂട്ടുകെട്ടിനു വെഞ്ചാമരം വീശുന്നതു കോടതികളും.

സാന്റിയാഗോ മാര്‍ട്ടിനും സംഘവും നടത്തുന്ന ലോട്ടറികളുടെ ടിക്കറ്റ് അച്ചടിയും സമ്മാനവിതരണവുമടക്കമുളള കാര്യങ്ങളില്‍ വിശ്വാസ്യത ഉറപ്പുവരുത്തുന്നതിനു കേരള സര്‍ക്കാര്‍ സ്വീകരിച്ച നടപടികളാണ് ഒടുങ്ങാത്ത വ്യവഹാരത്തിനു കാരണമായത്. കേരള ഹൈക്കോടതിയില്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ വി ടി ഗോപാലന്‍ പരസ്യമായി ലോട്ടറി മാഫിയയുടെ വാദം ഏറ്റുപാടി. കേരളം സ്വീകരിച്ച നടപടികള്‍ അസ്ഥിരപ്പെടുത്താന്‍ മാര്‍ട്ടിന്‍ മാഫിയയും കേന്ദ്ര അഭിഭാഷകരും കൈകോര്‍ത്തു പൊരുതി. ഫലം സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെല്ലാം കോടതികള്‍ അസ്ഥിരപ്പെടുത്തി. ഏതു നടപടിയെടുക്കാനും കേന്ദ്രസര്‍ക്കാരിനു മാത്രമേ അധികാരമുളളൂ എന്ന് എല്ലാ കോടതിവിധികളും ഉദ്‌ഘോഷിച്ചു. അതേസമയം, അധികാരമുളള കേന്ദ്രം എന്തുകൊണ്ട് നടപടിയെടുക്കുന്നില്ല എന്ന ചോദ്യത്തിനു മുന്നില്‍ അവരെല്ലാം ഒരേസ്വരത്തില്‍ മൗനം പാലിച്ചു. ആരുടെ പക്ഷത്തു നിന്നാണ് കോടതികള്‍ ഈ നിയമവ്യാഖ്യാനം നടത്തിയത്, ഈ വ്യാഖ്യാനപരിരക്ഷയുടെ ഗുണഭോക്താക്കള്‍ ആര് എന്നീ ചോദ്യങ്ങള്‍ ഒഴിവാക്കി ലോട്ടറിക്കാര്യത്തിലെ കോടതികളുടെ സമീപനത്തെ അപഗ്രഥിക്കാനാവില്ല.

രാഷ്ട്രീയപ്പാര്‍ട്ടികള്‍ തമ്മിലും ഒരേ പാര്‍ട്ടിയിലെ വ്യത്യസ്ത നേതാക്കള്‍ തമ്മിലുമുളള അഭിപ്രായവ്യത്യാസങ്ങളില്‍ നിന്ന് വിവാദങ്ങള്‍ സൃഷ്ടിക്കുന്ന മാധ്യമ മിടുക്കിന്റെ പ്രാപ്തിയ്ക്കും അപ്പുറമാണ് ലോട്ടറി വിവാദത്തിന്റെ കാമ്പും കഴമ്പും. ഇന്ത്യയുടെ അധികാരവ്യവസ്ഥയുടെ ചിറകും ചില്ലയും നട്ടെല്ലും വിലയ്ക്കു വാങ്ങിയ ലോട്ടറിമാഫിയ കോടതികളെയും വരുതിയിലാക്കി കുതിച്ചുപായുകയാണ്.

ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷമുണ്ടായ ലോട്ടറിക്കേസുകളില്‍ ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായരുടെ വിധിന്യായമാണ് വേറിട്ടു നില്‍ക്കുന്നത്. ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടനെ സിബി മാത്യുവിന്റെ നേതൃത്വത്തില്‍ ലോട്ടറി സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്തിയിരുന്നു. മാഫിയയുടെ അഴിഞ്ഞാട്ടം അക്കമിട്ടു നിരത്തിയ അന്വേഷണ റിപ്പോര്‍ട്ട് 2006 ഒക്‌ടോബറില്‍ അദ്ദേഹം സമര്‍പ്പിച്ചു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സാന്റിയാഗോ മാര്‍ട്ടിന്റെയും സംഘത്തിന്റെയും രജിസ്‌ട്രേഷന്‍ കേരള സര്‍ക്കാര്‍ റദ്ദാക്കി. ഇവിടെ തുടങ്ങുന്നു, കോടതിവഴിയുളള അങ്കം. ഇതുസംബന്ധിച്ച കേസില്‍ ആദ്യത്തെ വിധി പറഞ്ഞത് ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായര്‍. നിയമത്തിന്റെയും നടപടിക്രമങ്ങളുടെയും നൂലാമാലകള്‍ ഇഴകീറി പരിശോധിച്ച അദ്ദേഹം സംസ്ഥാന സര്‍ക്കാരിന്റെ നടപടി അസ്ഥിരപ്പെടുത്തി. പക്ഷേ, യഥാര്‍ത്ഥ കുറ്റവാളി ആരെന്ന് കണ്ടെത്താനുളള നീതിബോധമുണ്ടായിരുന്ന അദ്ദേഹം വിധിന്യായത്തില്‍ ഇങ്ങനെ കുറിച്ചിട്ടു....

When a State Government finds that the lottery of another State is run in violation of Section 4 of Lotteries Regulation Act 1998, the Central Government have a duty to look into the matter. The learned Special Government Pleader, at the time of hearing, handed over to me, three DO letters, dated 07-02-05, 06-04-2005 and 10-11-2006, written by the Chief Ministers of Kerala to the Central Home Ministry. From the submissions and the materials available, it would appear that the Central Government has not bestowed its attention on the representations of the highest Constitutional functionaries of the Executive Government of the State. The power of the Centre Government under Section 6, to prohibit the lotteries of other State Governments, conducted in violation of Section 4 of the Centre Act, is a power coupled with duty, which has to be exercised when circumstances warranting the exercise of power, are shown to exist. The Centre Government cannot take shelter behind any policy decisions in the matter, as the subject matter relates to its statutory duty under Section 6 of the Act. (Wp(c) 30355 & 30176 of 2006 dated 10-01-2007)

അധികാരം ചുമതലകളില്‍ അധിഷ്ഠിതമാണെന്ന ജസ്റ്റിസ് കെ ബാലകൃഷ്ണന്റെ നിരീക്ഷണം ലോട്ടറി മാഫിയയുടെ ചൂണ്ടുവിരലിനുമുന്നില്‍ താളം ചവിട്ടുന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഏമാന്മാര്‍ക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. പൊള്ളുന്ന ഈ നിരീക്ഷണങ്ങള്‍ അദ്ദേഹം അവസാനിപ്പിച്ചത്, ലോട്ടറി മാഫിയയ്‌ക്കെതിരെയുളള പരാതികളിന്മേല്‍ നാലുമാസങ്ങള്‍ക്കം നടപടിയെടുക്കണമെന്ന നിര്‍ദ്ദേശത്തോടെയാണ്. വിധിന്യായത്തില്‍ നിന്ന് ഉദ്ധരിക്കാം,
So, the Central Government is directed to look into the complaints that the conduct of lotteries by the State of Sikkim is in violation of Section 4 of the Lotteries Regulation Act 1998, in accordance with law within four months from the date of receipt of a copy of this judgment. (Page 52 of the above said judgement).
കേന്ദ്രത്തോട് പരാതിപ്പെട്ടിട്ട് ഫലമില്ലെങ്കില്‍ കേരളം സ്വന്തം ലോട്ടറി അവസാനിപ്പിക്കണമെന്നല്ല. കേരളം ഉന്നയിച്ച ആക്ഷേപങ്ങള്‍ക്കു മേല്‍ നാലുമാസത്തിനകം തീര്‍പ്പുണ്ടാക്കണമെന്നായിരുന്നു ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായര്‍ വിധിച്ചത്. ജസ്റ്റിസ് സി. കെ. അബ്ദുള്‍ കരീം ഇപ്പോള്‍ സ്വീകരിച്ച നിലപാടില്‍ കൃത്യം ഒരു ധ്രുവം അകലെയാണ് ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായര്‍.

ഐസക്കും വിഎസും തമ്മിലുണ്ടെന്ന് പറയപ്പെടുന്ന അഭിപ്രായഭിന്നതകളെ എട്ടുകോളം വലിപ്പത്തില്‍ വ്യാഖ്യാനിച്ചു പൊലിപ്പിക്കുന്ന മാധ്യമങ്ങള്‍ക്ക്, കേരള ഹൈക്കോടതിയിലെ രണ്ടു ന്യായാധിപന്മാര്‍ വിരുദ്ധ ധ്രുവങ്ങളില്‍ നില്‍ക്കുന്നത് വിഷയമല്ല. ലോട്ടറി വിഷയത്തില്‍ വിഎസും ഐസക്കും തമ്മിലുണ്ട് എന്ന് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതിനെക്കാള്‍ അകലം ഈ ന്യായാധിപന്മാര്‍ തമ്മിലുണ്ട്. ലോട്ടറിക്കേസിലെ വിധികളേറെയും ജസ്റ്റിസ് ബാലകൃഷ്ണന്‍ നായര്‍ ഉയര്‍ത്തിപ്പിടിച്ച നീതിബോധമല്ല പങ്കുവെയ്ക്കുന്നത് എന്ന് തുറന്നെഴുതാന്‍ മാധ്യമങ്ങള്‍ എന്തിനു ഭയക്കണം? ആ വിശകലനത്തില്‍ നിന്ന് ആരാണവരെ തടയുന്നത്?

2007 ജനുവരി 10ന് ജസ്റ്റിസ് ബാലകൃഷ്ണന്‍ പുറപ്പെടുവിച്ച വിധി പാലിക്കാനുളള ജനാധിപത്യബോധം കേന്ദ്ര ആഭ്യന്തര മന്ത്രാലയം കാണിച്ചിരുന്നുവെങ്കില്‍ ലോട്ടറി മാഫിയയ്ക്കു എന്നേ കടിഞ്ഞാണ്‍ വീഴുമായിരുന്നു. പക്ഷേ ഉണ്ടായത് അങ്ങനെയല്ല. ഈ വിധിയ്ക്കു മേല്‍ സമര്‍പ്പിക്കപ്പെട്ട അപ്പീലിന്റെ വാദം നടക്കുമ്പോള്‍ ലോട്ടറി മാഫിയയും കേന്ദ്രസര്‍ക്കാരും ഇരുമെയ്യും ഒറ്റക്കരളുമായി. പരാതിയ്ക്കു മേല്‍ അന്വേഷണം നടത്തണമെന്ന് ജഡ്ജി നിര്‍ദ്ദേശിച്ചത് നിയമപരമായി നിലനല്‍ക്കുന്നതല്ലെന്ന് ലോട്ടറിക്കാര്‍ക്കു വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജോസഫ് വെളളാപ്പളളി വാദിച്ചു. ഈ വാദം കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ വി ടി ഗോപാലന്‍ പിന്തുണച്ചു. അവരുടെ വാദം അംഗീകരിച്ച് അന്നത്തെ ആക്ടിംഗ് ചീഫ് ജസ്റ്റിസ് കെ. എസ്. ബാലകൃഷ്ണനും ജസ്റ്റിസ് എം എന്‍. കൃഷ്ണനുമടങ്ങുന്ന ഡിവിഷന്‍ ബഞ്ച് ജസ്റ്റിസ് ബാലകൃഷ്ണന്‍ നായരുടെ വിധി അസാധുവാക്കി.

വിധിന്യായത്തില്‍ നിന്ന് ഉദ്ധരിക്കാം.
Sri. Joseph Vellappally, Senior Counsel also submitted that the direction given by the learned single judge was not justified in suo motto impleading the Central Government and directing the Central Government to examine the various complaints. (WA 101/2007 dated 30-3-2007 page 8).
വി ടി ഗോപാലന്റെ പിന്തുണ കാണുക.
Sri. V T Gopalan, Additional Solicitor General appeared for the Union of India supported the finding of the learned single judge and submitted that there is no justification in giving a direction to the Central Government especially no such prayer was made by the petitioner. (WA 101/2007 dated 30-3-2007 page 9 of the above said judgement).
അവരുടെ മോഹം ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ സഫലമാക്കിയത് ഇങ്ങനെയായിരുന്നു...
Learned single judge in our view has committed an error in giving a positive direction to the Central Government to look into the grievances of the State Government in a writ petition filed by the petitioner challenging the notices issued to him. Therefore the order of the learned single judge suo motto impleading the Central Government is vacated and also the direction to the Central Government.
കൊടിയ നിയമലംഘനങ്ങളെക്കുറിച്ച് അധികാരപ്പെട്ടവര്‍ക്ക് നല്‍കിയ പരാതിയ്ക്കു മേലുളള അന്വേഷണങ്ങളെ അട്ടിമറിക്കാന്‍ ഇതിലും ബാലിശമായ കാരണങ്ങള്‍ ആര്‍ക്കും നിരത്താനാവില്ല. അന്യസംസ്ഥാന ലോട്ടറിയ്‌ക്കെതിരെ നടപടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നു തന്നെയാണ് ജസ്റ്റിസ് കെ. ബാലകൃഷ്ണന്‍ നായരും വിധിച്ചത്. രജിസ്‌ട്രേഷന്‍ റദ്ദാക്കി കേരള സര്‍ക്കാര്‍ നല്‍കിയ നോട്ടീസ് അദ്ദേഹം അസാധുവാക്കുകയും ചെയ്തു. അതിലൊക്കെ വി ടി ഗോപാലന് അതിരറ്റ സന്തോഷമുണ്ട്. പക്ഷേ, പരാതിക്കാരനായ ജോണ്‍ റോസും സംഘവും നടത്തിയ വെട്ടിപ്പും കൊളളയും ചൂണ്ടിക്കാണിച്ച് കേരള മുഖ്യമന്ത്രിമാര്‍ നല്‍കിയ കത്തുകള്‍ക്കു മേല്‍ നാലു മാസത്തിനകം നടപടിയെടുക്കണമെന്ന് വിധിച്ചതു മാത്രം അദ്ദേഹത്തിനു പിടിച്ചില്ല. സ്വന്തം ലോട്ടറികള്‍ നിരോധിക്കാതെ കേരളത്തിന് നിങ്ങളെ ഒരു ചുക്കും ചെയ്യാനാവില്ല എന്ന് ജോണ്‍ റോസിനും സംഘത്തിനും നിയോപദേശം നല്‍കിയ മഹാനാണ് ഈ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍. പരാതികളിന്മേല്‍ ഒരന്വേഷണവും ഉണ്ടാവില്ല എന്നുറപ്പുവരുത്താന്‍ ദുര്‍ബലമായ ഒരു ന്യായം അദ്ദേഹം കോടതിയ്ക്കു മുന്നില്‍ അവതരിപ്പിച്ചു. ആദരണീയരായ ജഡ്ജിമാര്‍ സസന്തോഷം അതു വിഴുങ്ങി വിധിയും പറഞ്ഞു. മാഫിയ ഇച്ഛിച്ചതു ഗോപാലന്‍ വാദിച്ചു, ജഡ്ജിമാര്‍ അതു തന്നെ കല്‍പ്പിക്കുകയും ചെയ്തു.

ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായരുടെ വിധിന്യായത്തില്‍ രണ്ടു മുഖ്യമന്ത്രിമാരുടെ മൂന്നു കത്തുകളെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. അതില്‍ രണ്ടും എഴുതിയത് സാക്ഷാല്‍ ഉമ്മന്‍ചാണ്ടിയാണ്, 2005 ഫെബ്രുവരി ഏഴിനും, 2005 ഏപ്രില്‍ ആറിനും.

എന്തായിരുന്നു ആ കത്തുകളിലെ ആവശ്യങ്ങള്? രാഷ്ട്രീയഭേദം മറന്ന് നമുക്കതു പരിശോധിക്കാം.
The state is handicapped to take any action against illegal lotteries എന്ന തുറന്നു പറഞ്ഞുകൊണ്ട് 2005 ഫെബ്രുവരി ഏഴിന് അന്നത്തെ കേന്ദ്ര ആഭ്യന്തര വകുപ്പുമന്ത്രി ശിവരാജ് പാട്ടീലിന് അയച്ച കത്ത് ഉമ്മന്‍ചാണ്ടി അവസാനിപ്പിച്ചത് ഇങ്ങനെയായിരുന്നു...
........ Government of India is competent under section 6 of Lotteries Regulation Act to take action against all such violation and prohibit such sales.............. I humbly request you to prohibit those state- lotteries which openly violate Central Act. This will help us to run our own lottery. We also want the Government of India to consider whether the power of prohibition under section 6 of Lotteries regulation Act can be delegated to concerned states.
ശിവരാജ് പാട്ടീല്‍ മൈന്‍ഡു ചെയ്യാത്തതു കൊണ്ട് അടുത്ത കത്ത് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനു തന്നെ അയച്ചു, ഉമ്മന്‍ചാണ്ടി. ആ കത്തിലെ ചില പരാമര്‍ശങ്ങള്‍....
.... Heart and soul of the Act (LRA-1998) is Section 4. Our experience has proved beyond doubt that the act is followed more in breach than in practice. Other State Lotteries and on – line lotteries are conducted in flagrant violation. It was brought to the notice of Home Ministry in several occasions with well – documented report. ................. When Government resorted to take action against other state lotteries, we are challenged both in Supreme Court and High Court on different counts. Lacuna in the law came very handy for them to take shelter.....
മന്‍മോഹന്‍ സിംഗിനുളള ഉമ്മന്‍ചാണ്ടിയുടെ കത്ത്, രണ്ടു കാര്യങ്ങളാണ് വെളിപ്പെടുത്തുന്നത്. ഒന്ന്, അന്യസംസ്ഥാന ലോട്ടറി മാഫിയ നടത്തുന്ന നിയമലംഘനങ്ങളെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു സമര്‍പ്പിച്ച വെല്‍ ഡോക്യുമെന്റഡ് റിപ്പോര്‍ട്ട് ചവറ്റുകുട്ടയില്‍ അന്ത്യവിശ്രമം കൊള്ളുന്നു. രണ്ട്, നിയമത്തിലെ വിടവ് കോടതികളില്‍ മാഫിയയ്ക്കു ആശ്രയമാകുന്നു.

വിധിന്യായത്തില്‍ ജസ്റ്റിസ് കെ. ബാലകൃഷ്ണന്‍ നായര്‍ പരാമര്‍ശിക്കുന്ന മൂന്നാമത്തെ കത്ത് (10-11-2006) കേന്ദ്ര ആഭ്യന്തര മന്ത്രി ശിവരാജ് പാട്ടീലിന് വി എസ് അച്യുതാനന്ദന്‍ എഴുതിയതാണ്. സിബി മാത്യുവിന്റെ അന്വേഷണ റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സമര്‍പ്പിച്ചു കൊണ്ട് വിഎസ് ഇങ്ങനെ പറഞ്ഞു....
The State Government has taken up this issue with Central Government on several occasions. As per Government letter No 217/H1/04/TD dated 12-01-04 and 23-8-2004, Ministry of Home Affairs was addressed pointing out the specific instances of violation of the Central Act conducted by certain State Governments and Royal State of Bhutan and requesting the Central Government to prohibit the operation of the above lotteries in the state by exercising the powers vested with the Central Government under Section 6 of the Central Act. ..... Even my predecessor has taken up the issue with you as per DO no. 2415/H1/05/TD dated 7-2-05....... But no decision has been taken up so far by the Union Government.

In order to measure the depth of violation, Government ordered a vigilance probe recently. It revealed large scale violation of Section 4 of Central Act even by the paper lotteries organised in this state on behalf of Sikkim and Bhutan Governments. Copy of the report is enclosed. It carries a clear evidence and ample proof to ban these lotteries, whose only intension is to exploit innocent people....

വി എസ് അച്യുതാനന്ദന്‍ കേന്ദ്ര ആഭ്യന്തര വകുപ്പു മന്ത്രി ശിവരാജ് പാട്ടീലിന് കൈമാറിയ വിജലന്‍സ് അന്വേഷണ റിപ്പോര്‍ട്ടില്‍ വെളിപ്പെട്ട കാര്യങ്ങളെക്കുറിച്ചടക്കം അന്വേഷിക്കണമെന്നാണ് ജസ്റ്റിസ് കെ. ബാലകൃഷ്ണന്‍ നായര്‍ കേന്ദ്രസര്‍ക്കാരിനു നിര്‍ദ്ദേശം നല്‍കിയത്. വിജിലന്‍സ് റിപ്പോര്‍ട്ടിനെക്കുറിച്ച് അദ്ദേഹത്തിന്റെ വിധിന്യായത്തിലെ പരാമര്‍ശം ഇങ്ങനെയായിരുന്നു....
The Government received several complaints against the conduct of paper lotteries of other states. Therefore, the Vigilance and Anti Corruption Bureau was asked to conduct an enquiry into the matter. The Government obtained a report confirming the various irregularities committed by the Sikkim State Lotteries. The report showed that the lotteries are run in gross violation of Section 4 of the Central Act.
ഈ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചില്ല എന്ന് ആദ്യവും ഭാഗീകമായി സമര്‍പ്പിച്ചു എന്നു പിന്നീടും ഉമ്മന്‍ചാണ്ടിയും വി ഡി സതീശനും ആക്ഷേപിക്കുന്നത് ഈ വിധിന്യായത്തിന്റെ പശ്ചാത്തലത്തില്‍ നമുക്ക് അവഗണിക്കാം. രാഷ്ട്രീയലാക്കുകള്‍ അത്തരം തറവേലകള്‍ അനിവാര്യമാക്കുന്നുണ്ട്. എന്നാല്‍ 2006 നവംബറില്‍ ഈ റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തര മന്ത്രിക്കു കിട്ടിയിട്ടും ഇന്നേവരെ എന്തുകൊണ്ട് ഇതിന്മേല്‍ ഒരു നടപടിയുമുണ്ടാകുന്നില്ല എന്ന ചോദ്യം എണ്ണമറ്റ കേസുകള്‍ പരിഗണിച്ച വേളയിലെപ്പോഴെങ്കിലുമൊക്കെ നമ്മുടെ ജഡ്ജിമാര്‍ അന്വേഷിക്കേണ്ടതല്ലേ? ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണനും ജസ്റ്റിസ് ഭവദാസനുമടങ്ങുന്ന ഡിവിഷന്‍ ബഞ്ച് WA 1464/2010 എന്ന കേസില്‍ 14-10-2010 നു പുറപ്പെടുവിച്ച വിധിന്യായത്തിലെ പരാമര്‍ശം കേള്‍ക്കുക...
It is stated that as of now, the objections of the State Government on this regard are still pending with the Central Government. It is up to the State Government to ensure that the Central Government is moved for action or reply in that regard, having regard to the serious nature of the issues raised.

ലോട്ടറി മാഫിയയെക്കുറിച്ച് 2004 മുതല്‍ കേന്ദ്രത്തിന് നല്‍കിയ റിപ്പോര്‍ട്ടുകളെക്കുറിച്ചാണ് are still pending with the Central Government എന്ന് ഹൈക്കോടതി 2010 ഒക്‌ടോടബര്‍ 14ന് ഒഴുക്കന്‍ മട്ടില്‍ പറഞ്ഞു പോയത്. പക്ഷേ, പ്രശ്‌നം രൂക്ഷമായതു കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ചലിക്കുന്നുവെന്ന് ഉറപ്പുവരുത്തേണ്ട ബാധ്യത സംസ്ഥാന സര്‍ക്കാരിനെത്തന്നെ ഏല്‍പ്പിച്ചു ജഡ്ജിമാര്‍. ആറുവര്‍ഷം പഴക്കമുളള കേന്ദ്രത്തിന്‍റെ തളര്‍വാതം പരിഹരിക്കാന്‍ ഏത് എണ്ണ തേച്ചു തടവണമെന്നു മാത്രം വിധിന്യായത്തിലില്ല.

കേന്ദ്ര ഭരണത്തിന്റെ താക്കോല്‍ സ്ഥാനങ്ങളിലും ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയിലും ലോട്ടറി മാഫിയ ചെലുത്തുന്ന സ്വാധീനം ഊഹങ്ങള്‍ക്കും അപ്പുറമാണ് എന്ന് കേന്ദ്ര സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വവും ആ വിഷയത്തില്‍ കോടതികളുടെ നിസംഗതയും തെളിയിക്കുന്നു. കേരളം ലോട്ടറി നടത്തിയാല്‍ തങ്ങളും ലോട്ടറി നടത്തുമെന്നും അതിന്റെ നടത്തിപ്പ് തങ്ങള്‍ തീരുമാനിക്കുന്നതു പോലെ തന്നെ ആയിരിക്കുമെന്നുമുളള ലോട്ടറി മാഫിയയുടെ വെല്ലുവിളി ഒരു ന്യായാധിപന്റെ വിധിന്യായത്തിലൂടെ പുറത്തുവരുന്ന അവസ്ഥ ആ സ്വാധീനത്തിന്റെ ആഴവും വ്യാപ്തിയും വെളിപ്പെടുത്തുന്നു. ഡോ. ടി. എം. തോമസ് ഐസക്കിന്റെ കയ്യിലെ ഒരധികാരവുമില്ലാത്ത ലോട്ടറി വകുപ്പു ഈ മാഫിയയുടെ സ്വാധീനത്തിനു മുന്നില്‍ എത്രയോ നിഷ്പ്രഭം.

ഒരു കാലത്ത് ലോട്ടറി മാഫിയയുടെ വക്കാലത്ത് ഇന്നത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി പി ചിദംബരത്തിന്റെ കൈകളിലായിരുന്നു. അദ്ദേഹം മന്ത്രിയായപ്പോള്‍ ആ ചുമതല ഭാര്യ നളിനി ചിദംബരത്തെയും മകന്‍ കാര്‍ത്തിക് ചിദംബരത്തെയും ഏല്‍പ്പിച്ചു. ഭാര്യയും മകനും കോടതികളില്‍ ലോട്ടറി മാഫിയയ്ക്കു നിയമപരിരക്ഷ ഉറപ്പുവരുത്തുന്നു. ഭര്‍ത്താവ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലിരുന്ന് ലോട്ടറി ചട്ടങ്ങള്‍ക്കു രൂപം നല്‍കുന്നു. ഈ ചട്ടങ്ങളിലെ വ്യവസ്ഥയെയാണ്
The rules now framed by the Government after nearly 12 years of the enactment, particularly under Rule 6 providing for any number of draws, as stated therin, virtually defeats the purpose of the enactment എന്ന് ജസ്റ്റിസ് പി ആര്‍ രാമചന്ദ്രമേനോന്‍ മുഖമടച്ചു പ്രഹരിച്ചത്. (WPC 25632/ 2010 dated 30-08-2010). ഈ നിരീക്ഷണത്തിനും ഡിവിഷന്‍ ബെഞ്ചു വരെയേ ആയുസ്സുണ്ടായുളളൂ.

അധികാരവും ചുമതലയുമുളള കേന്ദ്ര സര്‍ക്കാര്‍ ലോട്ടറി മാഫിയയുടെ കാര്യത്തില്‍ സമ്പൂര്‍ണ നിഷ്‌ക്രിയത്വം പാലിക്കുന്നു. സംസ്ഥാനം സ്വീകരിക്കുന്ന നടപടികളെ കോടതി മുറികളില്‍ വെച്ചു ഞെരിച്ചു കൊല്ലുന്നു. കേന്ദ്രത്തിനു നേരെ വിരല്‍ ചൂണ്ടുന്ന അപൂര്‍വം ജഡ്ജിമാരുടെ വിധിന്യായങ്ങള്‍ അസ്ത്രവേഗത്തില്‍ അസ്ഥിരമാക്കുന്നു. ഇതൊന്നും ജനസമക്ഷമെത്താതിരിക്കാനുളള നിതാന്ത ജാഗ്രത പുലര്‍ത്താന്‍ പത്രങ്ങളും ചാനലുകളും ഓവര്‍ടൈം അധ്വാനിക്കുന്നു.

ഈ വ്യവസ്ഥ തകരാതിരിക്കാനാണ് ഉയര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഭിഷേക് സിംഗ്‌വി കേരള ഹൈക്കോടതിയില്‍ എഴുന്നെളളിയത്. പിന്നെ കേരള ഹൈക്കോടതിയില്‍ മാഫിയയ്ക്കു വേണ്ടി പ്രത്യക്ഷപ്പെട്ടത് തമിഴ്‌നാട് അഡ്വക്കേറ്റ് ജനറല്‍. ഇന്ത്യയുടെ ഭരണ രാഷ്ട്രീയ നേതൃത്വം, അഭിഭാഷക കേസരിമാര്‍, ഉദ്യോഗസ്ഥ പ്രമാണിമാര്‍, കോടതികള്‍ എന്നിങ്ങനെ ഭരണവ്യവസ്ഥയെ നിലനിര്‍ത്തുന്നവര്‍ ഒന്നടങ്കം ലോട്ടറി മാഫിയയെ പിന്തുണയ്ക്കുമ്പോള്‍ ഒരധികാരവുമില്ലാത്ത ഒരു ലോട്ടറി വകുപ്പും കയ്യില്‍ വെച്ച് ഡോ. തോമസ് ഐസക്ക് എന്തു ചെയ്യണമെന്നാണ് അദ്ദേഹത്തിന്റെ വിമര്‍ശകര്‍ ആഗ്രഹിക്കുന്നത്? പ്രധാനവിഷയം ഒരിക്കലും ജനങ്ങളിലെത്തരുത് എന്നാഗ്രഹിക്കുന്നവരാണ് ലോട്ടറി പ്രശ്‌നത്തെ വിഎസ് - ഐസക് തര്‍ക്കമാക്കി ചുരുക്കുന്നത്. ഇന്ത്യയുടെ ഭരണനേതൃത്വം ലോട്ടറി മാഫിയയുടെ പിടിയിലാണെന്നും അതു നിലനിര്‍ത്തുന്നത് കോടതികള്‍ തന്നെയാണെന്നും തുറന്നു പറയാന്‍ നാമെന്തിന് മടിക്കണം....?

5 comments:

മാരീചന്‍‍ said...

ഈ വ്യവസ്ഥ തകരാതിരിക്കാനാണ് ഉയര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഭിഷേക് സിംഗ്‌വി കേരള ഹൈക്കോടതിയില്‍ എഴുന്നെളളിയത്. പിന്നെ കേരള ഹൈക്കോടതിയില്‍ മാഫിയയ്ക്കു വേണ്ടി പ്രത്യക്ഷപ്പെട്ടത് തമിഴ്‌നാട് അഡ്വക്കേറ്റ് ജനറല്‍. ഇന്ത്യയുടെ ഭരണ രാഷ്ട്രീയ നേതൃത്വം, അഭിഭാഷക കേസരിമാര്‍, ഉദ്യോഗസ്ഥ പ്രമാണിമാര്‍, കോടതികള്‍ എന്നിങ്ങനെ ഭരണവ്യവസ്ഥയെ നിലനിര്‍ത്തുന്നവര്‍ ഒന്നടങ്കം ലോട്ടറി മാഫിയയെ പിന്തുണയ്ക്കുമ്പോള്‍ ഒരധികാരവുമില്ലാത്ത ഒരു ലോട്ടറി വകുപ്പും കയ്യില്‍ വെച്ച് ഡോ. തോമസ് ഐസക്ക് എന്തു ചെയ്യണമെന്നാണ് അദ്ദേഹത്തിന്റെ വിമര്‍ശകര്‍ ആഗ്രഹിക്കുന്നത്? പ്രധാനവിഷയം ഒരിക്കലും ജനങ്ങളിലെത്തരുത് എന്നാഗ്രഹിക്കുന്നവരാണ് ലോട്ടറി പ്രശ്‌നത്തെ വിഎസ് - ഐസക് തര്‍ക്കമാക്കി ചുരുക്കുന്നത്. ഇന്ത്യയുടെ ഭരണനേതൃത്വം ലോട്ടറി മാഫിയയുടെ പിടിയിലാണെന്നും അതു നിലനിര്‍ത്തുന്നത് കോടതികള്‍ തന്നെയാണെന്നും തുറന്നു പറയാന്‍ നാമെന്തിന് മടിക്കണം....?

വിജി പിണറായി said...

'ഐസക്കും വിഎസും തമ്മിലുണ്ടെന്ന് പറയപ്പെടുന്ന അഭിപ്രായഭിന്നതകളെ എട്ടുകോളം വലിപ്പത്തില്‍ വ്യാഖ്യാനിച്ചു പൊലിപ്പിക്കുന്ന മാധ്യമങ്ങള്‍ക്ക്, കേരള ഹൈക്കോടതിയിലെ രണ്ടു ന്യായാധിപന്മാര്‍ വിരുദ്ധ ധ്രുവങ്ങളില്‍ നില്‍ക്കുന്നത് വിഷയമല്ല. ലോട്ടറി വിഷയത്തില്‍ വിഎസും ഐസക്കും തമ്മിലുണ്ട് എന്ന് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതിനെക്കാള്‍ അകലം ഈ ന്യായാധിപന്മാര്‍ തമ്മിലുണ്ട്. ലോട്ടറിക്കേസിലെ വിധികളേറെയും ജസ്റ്റിസ് ബാലകൃഷ്ണന്‍ നായര്‍ ഉയര്‍ത്തിപ്പിടിച്ച നീതിബോധമല്ല പങ്കുവെയ്ക്കുന്നത് എന്ന് തുറന്നെഴുതാന്‍ മാധ്യമങ്ങള്‍ എന്തിനു ഭയക്കണം? ആ വിശകലനത്തില്‍ നിന്ന് ആരാണവരെ തടയുന്നത്?'

ഇതെന്തൊരു ചോദ്യമാ മാരീചരേ...? വി എസ്സും ഐസക്കുമൊക്കെ ‘വെറും’ മന്ത്രിമാര്‍.. നാളെ കസേര വിട്ടൊഴിയാനുള്ളവര്‍. അവരെപ്പറ്റി എന്തും എഴുതാം, എന്തിന്റെ അടിസ്ഥാനത്തിലാണ് എഴുതുന്നത് എന്നു പോലും വെളിപ്പെടുത്തേണ്ടതില്ല. അത് ‘മാധ്യമസ്വാതന്ത്ര്യ’മാകുന്നു. അതിനെതിരെ സര്‍ക്കാരിന് ഒരു ചുക്കും ചെയ്യാനാവില്ല. (വല്ലതും ചെയ്യാന്‍ ശ്രമിച്ചാല്‍ ‘ശരിപ്പെടുത്തി’ക്കളയും!) പക്ഷേ അതുപോലാണൊ കോടതിയിലെ ന്യായാധിപരുടെ കാര്യം? അവര് എന്തു പറഞ്ഞാലും പല ജഡ്ജിമാര്‍ വിഭിന്ന ധ്രുവങ്ങളില്‍ നിന്നാലും എന്തിന്, ഒരേ ജഡ്ജി തന്നെ പല കേസുകളില്‍ പരസ്പര വിരുദ്ധമായി വിധിച്ചാല്‍ പോലും മിണ്ടാന്‍ പറ്റില്ല - ‘കോടതിയലക്‍ഷ്യം’. അപ്പോള്‍പ്പിന്നെ ‘മാധ്യമസ്വാതന്ത്ര്യ’മൊക്കെ തട്ടിന്‍‌പുറത്തു വെച്ച് ഐസക് തുമ്മിയോ, വി എസ് മൂക്കു ചീറ്റിയോ എന്നൊക്കെ ‘അവലോകനം’ ചെയ്യുക തന്നെ...! ‘സര്‍ക്കാരലക്‍ഷ്യം’ എന്നൊരു വകുപ്പ് ഇല്ലല്ലോ...!!

ഇ.എ.സജിം തട്ടത്തുമല said...

ക്വാർട്ടലക്ഷ്യത്തിന്റെ പേരു പറഞ്ഞ് നീതിപീഠങ്ങളെയും അവയുടെ വിധിന്യായങ്ങളെയും നിരീക്ഷണങ്ങളിൽ നിന്നും വിമർശനങ്ങളിൽ നിന്നും ഒഴിവാക്കുകയാണ് ഇവിടെ മാദ്ധ്യമങ്ങൾ ചെയ്യുന്നത്. ഇത് കോർട്ടലക്ഷ്യകേസ് ഭയന്നിട്ടൊന്നുമല്ല. മന:പൂർവ്വമാണ്. അതുകൊണ്ട്തന്നെയാണ് ജനവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ വിധികൾ തുടരെത്തുടരെ ഉണ്ടാകുന്നത്. അവർക്ക് ആരെയും ഭയക്കാനില്ലല്ലോ.അഴിമതിയും സ്വജനപക്ഷപാതവും കോടതികളുടെ ഭാഗത്തു നിന്നുണ്ടാകില്ല എന്ന് എങ്ങനെ ഉറപ്പിക്കാൻ കഴിയും. നീതിപീഠം വിമർശനങ്ങൾക്കതീതമാണോ? വിധിന്യായങ്ങളും ശരിക്കും അഭിപ്രായ പ്രകടനങ്ങൾ തന്നെയാണ്. അത് നീതി പീഠത്തിന്റേതായതുകൊണ്ട് നിയമമാകുന്നുവെന്നേയുള്ളൂ. അഭിപ്രായസ്വാതന്ത്ര്യം കോടതികളുടെ കാര്യത്തിൽ എന്തുകൊണ്ട് പ്രകടിപ്പിച്ചുകൂട?
നമ്മുടെ രാജ്യത്തിന്റെ ഭരണ ഘടനയ്ക്കും നിയമങ്ങൾക്കും ജനാധിപത്യ രാഷ്ട്രീയ വ്യവസ്ഥിതികൾക്കും അകത്തുള്ളതാണ് നീതിന്യായവിഭാഗവും. അതിനൊക്കെ അപ്പുറത്ത് ജനാധിപത്യത്തിനും മീതെ പറക്കാനുള്ള അധികാ‍രവും അപ്രമാദിത്വവും കോടതികൾക്കുണ്ടെന്ന ധാരണ ജനിപ്പിക്കുന്നതാണ് പല വിധിന്യായങ്ങളും. രാഷ്ട്രീയ പക്ഷപാതിത്വവും സമ്പന്നവർഗ്ഗ താല്പര്യവും ചിലപ്പോഴെങ്കിലും ന്യായാധിപന്മാരെ സ്വാധീനിക്കിക്കില്ലെന്ന് എന്താണുറപ്പ്? കോടതി പറയുന്ന എല്ലാ വിധികളും ജനവിരുദ്ധമമല്ലെന്ന് എന്താണ് ഉറപ്പ്? ഈ ഉറപ്പിന്റെ മാനദണ്ഡം എന്താണ്? മാദ്ധ്യമങ്ങൾ സദാ രാഷ്ട്രീയത്തിനും രാഷ്ട്രീയ നേതാക്കൾക്കും പുറകെ ആണ്. അവരുടെ വാർത്തകളുടെ പ്രധാന ഉറവിടം രാഷ്ട്രീയമാണ്. നീതി പീഠങ്ങളെ അവർ വെറുതെ വിടുന്നു. ഇന്ന് പല കോടതിവിധികൾക്കും മാധ്യമ വാർത്തകളും ചാനൽ ചർച്ചകളും കാരണമാകുന്നുണ്ട്. (ജനവിരുദ്ധ-ജനാധിപത്യവിരുദ്ധമായവയടക്കം) എന്നാൽ ഒരു കോടതി വിധി വരുമ്പോൾ അവയുടെ ഗുണ ദോഷങ്ങളെ വിലയിരുത്തുന്ന ഒരു ചാനൽ ചർച്ചകളും നമ്മളാരും കാണാറില്ല. രാഷ്ട്രീയ തീരുമാനങ്ങളും ഭരണകൂട നിയമനിർമ്മാണങ്ങളും മാത്രമേ ഇവിടെ ചർച്ചകൾക്ക് വിധേയമാകുന്നുള്ളൂ. നീതി പീഠങ്ങളുടെ വിധികൾ അത് എത്ര ജനവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണെങ്കിലും മാധ്യമ വിശകലനം ഇല്ല. അനിയന്ത്രിതമായ അധികാരം കോടതികൾക്ക് കല്പിച്ചുകൊടുക്കുന്ന വാചകങ്ങൾ ഒന്നും ഇന്ത്യയുടെ ലിഖിത ഭരണ ഘടനയിൽ എഴുതിപ്പിടിപ്പിച്ചിട്ടില്ല. എങ്കിലും കോടതികളെ പാവനമായിത്തന്നെ കരുതണം. എന്നാൽ ജനങ്ങളുടെ നീതി ബോധത്തെത്തന്നെ പരീക്ഷിക്കുന്ന വിധിപ്രസ്താവങ്ങൾ നടത്താൻ അവയ്ക്ക് അധികാരമില്ല. ഏതെങ്കിലും വിധിന്യായങ്ങൾ കൊണ്ട് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടോ എന്ന് ചർച്ച ചെയ്യുനതിൽ ഒരു കോർട്ടലക്ഷ്യവും കാണേണ്ട കാര്യവുമില്ല. രാഷ്ട്രീയക്കാർ മാദ്ധ്യമങ്ങളെ ഭയക്കണം. ന്യായാധിപന്മാർ ആരെ ഭയക്കണം? ജനാധിപത്യത്തിൽ പരസ്പര ഭയവും ബഹുമാനവും എന്നതിന് വലിയ പ്രസക്തിയുണ്ട്.

ramachandran said...

ഇതിലും വ്യക്തമായി കാര്യങ്ങള്‍ പറയാനാവില്ല

അഭിനന്ദനങ്ങള്‍

റോബി said...

മണി കെട്ടേണ്ടത് മാഫിയക്കല്ല, കോടതിക്കു തന്നെയാണെന്ന് വ്യക്തമായും ശക്തമായും പറഞ്ഞിരിക്കുന്നു.

താങ്ക്സ് ഫോർ ദിസ് പോസ്റ്റ്