Saturday, April 09, 2011

വര്‍ക്കല കഹാര്‍ ചെന്നിത്തലയോട് പറയുന്നത് ...

കേന്ദ്രം നല്‍കിയ സുനാമി ഫണ്ട് കേരളം ചെലവാക്കിയില്ലെന്നു പറയുന്നത് സാക്ഷാല്‍ സോണിയ. ഇടതുമുന്നണി സര്‍ക്കാര്‍ വികസനം മുരടിപ്പിച്ചു എന്ന ആരോപണം രമേശ് ചെന്നിത്തലയുടെ വക. ആരോപണ പ്രത്യാരോപണങ്ങളിലൂടെ തിരഞ്ഞെടുപ്പു പ്രചാരണരംഗം കത്തിജ്വലിക്കുന്നതിനിടെയിലാണ് വര്‍ക്കല മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വര്‍ക്കല കഹാര്‍ തയ്യാറാക്കിയ വിഷന്‍ 2020 എന്ന ലഘുലേഖ ശ്രദ്ധയില്‍ പെട്ടത്.

സുനാമി ഫണ്ട് കേരളം ചെലവാക്കിയില്ലെന്ന് എഐസിസി അധ്യക്ഷ ആരോപിക്കുമ്പോള്‍, വര്‍ക്കല നിയോജക മണ്ഡലത്തില്‍ സുനാമി പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ചത് 274.26 ലക്ഷം രൂപയാണെന്ന് കഹാര്‍ തന്റെ ലഘുലേഖയില്‍ പറയുന്നു. കെപിസിസി വഴി എഐസിസിയില്‍ നിന്ന് കഹാറിന് വല്ല സുനാമി ഫണ്ടും കിട്ടിയോ എന്ന് നമുക്കറിയില്ല. കഹാറിനോ കോണ്‍ഗ്രസിനോ അങ്ങനെയൊരു അവകാശവാദവുമില്ല. കുടുംബസ്വത്തില്‍ നിന്ന് രണ്ടുകോടി രൂപ സുനാമി ദുരിതാശ്വാസത്തിനു ചെലവഴിച്ചുവെന്നും കഹാറിന് അവകാശവാദമില്ല. പിന്നെ എവിടുന്നാണ് ഈ പണം....?

വിവിധ സര്‍ക്കാര്‍ പദ്ധതികള്‍ പ്രകാരം തന്റെ മണ്ഡലത്തില്‍ നടന്ന പണികളുടെ വിശദമായ രൂപം കഹാര്‍ ഈ ലഘുലേഖയില്‍ വിവരിക്കുന്നുണ്ട്. മുഖവുരയില്‍ അദ്ദേഹം ഇങ്ങനെ പറയുന്നു... അടിസ്ഥാന സൗകര്യവികസനത്തില്‍ വര്‍ക്കല കൈവരിച്ച വമ്പിട്ട നേട്ടം ഏറെ ശ്രദ്ധേയമാണ്. റോഡുകള്‍, പാലങ്ങള്‍, കുടിവെളളം, വൈദ്യുതി, ആരോഗ്യം, വിദ്യാഭ്യാസം, മത്സ്യബന്ധനം എന്നീ മേഖലകളില്‍ വര്‍ക്കലയിലുണ്ടായ പുരോഗതി എടുത്തു പറയേണ്ടതാണ്.....

വര്‍ക്കലയില്‍ മാത്രമല്ല, കേരളമെങ്ങും ഈ പുരോഗതിയുണ്ടായി എന്നാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയും പറയുന്നത്. സംസ്ഥാനത്തെ ഓരോ പ്രതിപക്ഷ എംഎല്‍എയുടെയും തിരഞ്ഞെടുപ്പ് അഭ്യര്‍ത്ഥന ഇടതുമുന്നണി സര്‍ക്കാരിന്റെ പ്രവര്‍ത്തന മികവിന്റെ ഒന്നാന്തരം സര്‍ട്ടിഫിക്കറ്റാണ്. പാലങ്ങള്‍, റോഡുകള്‍, സ്‌ക്കൂള്‍ കെട്ടിടങ്ങള്‍, പുതിയ സ്ഥാപനങ്ങള്‍, ടൂറിസം പദ്ധതികള്‍, ആശുപത്രി കെട്ടിടങ്ങള്‍, സാമൂഹ്യക്ഷേമം, സ്‌പോര്‍ട്ട്‌സ്, ഫിഷറീസ് എന്നിങ്ങനെ പല തലക്കെട്ടിലും ഭരണപ്രതിപക്ഷ ഭേദമെന്യേ ഓരോ എംഎല്‍എയും നേട്ടങ്ങളുടെ പട്ടിക നിരത്തുന്നു. അവരിലൊരാളാണ് വര്‍ക്കല കഹാറും.

തന്റെ നിയോജക മണ്ഡലത്തില്‍ വികസനത്തിന്റെ വേലിയേറ്റം സൃഷ്ടിച്ച ശ്രീ. വര്‍ക്കല കഹാറിന് ഒരു മുഖവുരയുടെ ആവശ്യമില്ലെന്നാണ് യുഡിഎഫ് ജില്ലാക്കമ്മറ്റി പുറപ്പെടുവിച്ച പ്രസ്താവനയിലും പറയുന്നത്. നാട്ടില്‍ വികസനത്തിന്റെ വേലിയേറ്റമുണ്ടായി എന്ന് യുഡിഎഫും സമ്മതിക്കുന്നു. സംസ്ഥാനത്തൊട്ടാകെ മുരടിക്കുകയും പ്രതിപക്ഷ എംഎല്‍എമാരുടെ മണ്ഡലത്തില്‍ മാത്രം പൂത്തുവിടരുകയും ചെയ്യുന്ന ഒരിനം വികസനമാണോ കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം നടന്നത് എന്ന കാര്യത്തിലാണ് ഇനി തീര്‍ച്ചയുണ്ടാകേണ്ടത്.

60 കോടിയുടെ റോഡുകള്‍, 6 വലിയ പാലങ്ങള്‍, കാലവര്‍ഷ ദുരിതാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 35 ഗ്രാമീണ റോഡുകള്‍, മത്സ്യബന്ധ മേഖലയില്‍ 18 റോഡുകള്‍, എംഎല്‍എ ഫണ്ട് ഉപയോഗിച്ച് 75 റോഡുകള്‍, അഞ്ചു പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്കു പുതിയ കെട്ടിടങ്ങള്‍, എട്ട് മറ്റ് ആശുപത്രികള്‍ക്ക് വിവിധ അടിസ്ഥാന സൗകര്യങ്ങള്‍, ടൂറിസം രംഗത്ത് 10 പദ്ധതികള്‍, 14 സ്‌ക്കൂളുകള്‍ക്ക് പുതിയ കെട്ടിടങ്ങള്‍, ആറു ഹൈസ്‌ക്കൂളുകളില്‍ സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍, 34 സ്‌ക്കൂളുകളില്‍ എംഎല്‍എ ഫണ്ടുപയോഗിച്ച് കമ്പ്യൂട്ടറുകള്‍.. പറഞ്ഞിട്ടും പറഞ്ഞിട്ടും തീരുന്നില്ല, കഹാറിന്റെ നേട്ടങ്ങള്‍.

ഇതിനുളള പണവും അനുമതിയും എവിടെ നിന്ന് എന്നു മാത്രം നോട്ടീസിലില്ല. ഖജനാവിലെ പണം നാടിന്റെ ക്ഷേമവികസന പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കാനുളളതാണ് എന്ന രാഷ്ട്രീയബോധമാണ് ഈ വികസനങ്ങളൊക്കെയും യാഥാര്‍ത്ഥ്യമാക്കിയത് എന്ന് തുറന്നു സമ്മതിക്കാന്‍ കഹാര്‍ തയ്യാറല്ല. ഇടതുമുന്നണി സര്‍ക്കാരിന്റെ ജനപക്ഷ രാഷ്ട്രീയ - സാമ്പത്തിക നയത്തിന്റെ വിള കൊയ്തവരില്‍ താനും തന്റെ മണ്ഡലവുമുണ്ട് എന്ന് തുറന്നു പറയുകയാണ് കോണ്‍ഗ്രസ് നേതാവ് വര്‍ക്കല കഹാര്‍. അത് ശരിവെയ്ക്കുകയാണ് യുഡിഎഫ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി.

മത്സരരംഗത്തുളള യുഡിഎഫിന്റെ സിറ്റിംഗ് എംഎല്‍എമാരുടെ തെരഞ്ഞെടുപ്പ് അഭ്യര്‍ത്ഥനകള്‍ മാത്രം മതി, ചെന്നിത്തലയുടെയും ഉമ്മന്‍ചാണ്ടിയുടെയും ആരോപണങ്ങള്‍ വെറും ഭോഷത്തരമാണെന്ന് ബോധ്യപ്പെടാന്‍. നാടിന്റെ വികസന നായകനാണ് താന്‍ എന്ന് ഓരോ പ്രതിപക്ഷ എംഎല്‍എയും ഞെളിഞ്ഞു നിന്ന് അവകാശപ്പെടുമ്പോള്‍ അറിയാതെയെങ്കിലും അവരോരുത്തരും ഇടതുമുന്നണി സര്‍ക്കാര്‍ ഉയര്‍ത്തിപ്പിടിച്ച വികസനനയത്തിന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാരാവുകയാണ്. ഏറ്റവും കുറഞ്ഞത് 100 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ അഞ്ചുകൊല്ലത്തിനുളളില്‍ ഓരോ മണ്ഡലത്തിലും നടന്നിട്ടുണ്ട്. പ്രതിപക്ഷത്തിരുന്നിട്ടും അഭിമാനത്തോടെ വീണ്ടും ജനങ്ങളെ സമീപിക്കാന്‍ യുഡിഎഫിന്റെ എംഎല്‍എമാര്‍ക്കു കരുത്തു നല്‍കിയത് ഇടതുമുന്നണി സര്‍ക്കാരാണ്.

നമുക്കു വീണ്ടും കഹാറിന്റെ ആമുഖത്തിലേയ്ക്കു മടങ്ങാം....
........ അടിസ്ഥാന സൗകര്യ വികസനത്തില്‍ വര്‍ക്കല കൈവരിച്ച വമ്പിച്ച നേട്ടം ഏറെ ശ്രദ്ധേയമാണ്. റോഡുകള്‍, പാലങ്ങള്‍, കുടിവെളളം, വൈദ്യുതി, ആരോഗ്യം, വിദ്യാഭ്യാസം, മത്സ്യബന്ധനം എന്നീ രംഗങ്ങളില്‍ വര്‍ക്കലയില്‍ ഉണ്ടായ പുരോഗതി എടുത്തു പറയേണ്ടതാണ്.......

രമേശ് ചെന്നിത്തലയെയും ഉമ്മന്‍ചാണ്ടിയെയും ഭയന്ന് കഹാര്‍ പറയാതിരുന്നത് ഇതാണ്...

...അടിസ്ഥാന സൗകര്യ വികസനത്തില്‍ കേരളം കൈവരിച്ച വമ്പിച്ച നേട്ടം ഏറെ ശ്രദ്ധേയമാണ്. റോഡുകള്‍, പാലങ്ങള്‍, കുടിവെളളം, വൈദ്യുതി, ആരോഗ്യം, വിദ്യാഭ്യാസം, മത്സ്യബന്ധനം എന്നീ രംഗങ്ങളില്‍ കേരളത്തില്‍ ഉണ്ടായ പുരോഗതി എടുത്തു പറയേണ്ടതാണ്.....

മറക്കാതിരിക്കുക... വികസന പ്രവര്‍ത്തനം സംബന്ധിച്ച് ഓരോ യുഡിഎഫ് എംഎല്‍എയുടെയും അവകാശവാദം ഇടതുമുന്നണി സര്‍ക്കാരിന്റെ ഭരണമികവിന്റെ സാക്ഷ്യപത്രമാണ്. വികസന രംഗത്ത് മുരടിപ്പല്ല, വന്‍ മുന്നേറ്റമാണ് ഉണ്ടായതെന്ന് ബോധ്യപ്പെടാന്‍ അവരുടെ അവകാശവാദങ്ങള്‍ തന്നെയാണ് തെളിവ്.........


7 comments:

മാരീചന്‍‍ said...

മറക്കാതിരിക്കുക... വികസന പ്രവര്‍ത്തനം സംബന്ധിച്ച് ഓരോ യുഡിഎഫ് എംഎല്‍എയുടെയും അവകാശവാദം ഇടതുമുന്നണി സര്‍ക്കാരിന്റെ ഭരണമികവിന്റെ സാക്ഷ്യപത്രമാണ്. വികസന രംഗത്ത് മുരടിപ്പല്ല, വന്‍ മുന്നേറ്റമാണ് ഉണ്ടായതെന്ന് ബോധ്യപ്പെടാന്‍ അവരുടെ അവകാശവാദങ്ങള്‍ തന്നെയാണ് തെളിവ്.........

ഇ.എ.സജിം തട്ടത്തുമല said...

വികസനക്കുതിപ്പിൽ വർക്കല എന്ന് ധ്വനിപ്പിക്കുന്നിടത്തൊക്കെ വർക്കല എന്നതിനു പകരം കേരളം എന്ന് തിരുത്തി വായിക്കുവാൻ അപേക്ഷ! ഐക്യ ജനാധിപത്യ മുന്നണിയെ വിജയിപ്പിക്കുക എന്ന് പരാമർശിക്കുന്നിടത്തൊക്കെ ഐക്യ എന്നതിനു പകരം ഇടതുപക്ഷ എന്നും തിരുത്തി വായിക്കുവാനപേക്ഷ! ലഘുലേഖ തിരക്കിട്ട് തയ്യാറാ‍ക്കിയതിനാൽ വർക്കലയിലെ വികസന പ്രവർത്തനങ്ങൾക്ക് എൽ.ഡി.എഫ് സർക്കാരിനു നന്ദി പറയാൻ മറന്നുപോയതിൽ ക്ഷമാപണം!

karimeen/കരിമീന്‍ said...

It is interesting that Varkala Kahar's this booklet was released by A.K.Antony

അനില്‍ഫില്‍ (തോമാ) said...

മാന്യ മഹാ ജനങ്ങളേ...

ഇന്നു കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശം, നാളയും മറ്റന്നാളും അവസാനവട്ട ഉറപ്പിക്കലുകളുടെയും അടിയൊഴുക്കുകളുടെയും ദിനം. നിശ്ശബ്ദ പ്രചാരണവും സ്ലിപ്പ് വിതരണവും ഈ രണ്ട് ദിവസവും തുടരും. എന്നാല്‍ കഴിഞ്ഞ നിരവധി തവണ മുറതെറ്റിക്കാതെ തിരഞ്ഞെടുപ്പിനു തൊട്ട് മുന്‍പുള്ള നിശ്ശബ്ദ പ്രചാരണദിവസങ്ങളില്‍ മാധ്യമ മാധ്യമ മുത്തശ്ശിയുടെ ഒരു കലാ പരിപാടിയുണ്ട് ഇടതു മുന്നണിക്ക് എതിരായി വമ്പന്‍ നുണപ്രചാരണം അഴിച്ചു വിടുന്ന എതാനും നുണബോമ്പുകള്‍ ഒന്നാം പേജില്‍ പ്രസിദ്ധീകരിക്കുന്ന ഏര്‍പ്പാട്. ഉദാഹരണത്തിന് സീപീയെം ലോക്കല്‍ കമ്മറ്റിയോഫീസില്‍ നിന്നു 10 ന്യൂക്ലിയര്‍ ബോമ്പുകള്‍ പിടിച്ചെടുത്തു, മാര്‍ക്സിസ്റ്റു പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ ഏതെങ്കിലും ന്യൂനപക്ഷ സമുദായാംഗമായ സ്ത്രീയെ കൂട്ട ബലാല്‍സംഗം ചെയ്തു അല്ലെങ്കില്‍ ഏതെങ്കിലും പുരോഹിതനേയൊ,പൂജാരിയെയൊ, മൗലവിയെയൊ,ആക്രമിച്ചു വധിക്കാന്‍ ശ്രമിച്ചു, ഏതെങ്കിലും എസ്സെന്‍ഡീപീ ഗുരുമന്ദിരം തകര്‍ത്തു തുടങ്ങിയവ.


വടക്കന്‍ കേരളത്തില്‍ വിതരണം ചെയ്യുന്ന പത്രത്തില്‍ സംഭവം നടന്നതായി അവതരിപ്പിക്കുന്നത് തെക്കന്‍ കേരളത്തിലും തെക്കന്‍ കേരളത്തില്‍ വിതരണം ചെയ്യുന്ന പത്രത്തില്‍ സംഭവം നടന്നതായി അവതരിപ്പിക്കുന്നത് വടക്കന്‍ കേരളത്തിലും ആയിരിക്കും. ഇപ്പ്രാവശ്യവും അതിനു മാറ്റം ഒന്നും ഉണ്‍ടാവില്ല. ഒന്നാമത്തെ കാരണം ഈ ബോമ്പിനെ പൊതുവേദിയില്‍ തുറന്നു കാട്ടാന്‍ ഇടതു മതേതര പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് അവസരം, സമയം ലഭിക്കില്ല, അതുകൊണ്ടുതന്നെ ദുര്‍ബല മനസ്കരായ കുറേ ആളുകളില്‍ എങ്കിലും ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ഈ നുണബോമ്പുകള്‍ക്ക് കഴിയും. യാധാര്‍ഥ്യം ജനങ്ങള്‍ക്കു മുന്നില്‍ എത്തുമ്പോളേക്കും തിരഞ്ഞെടുപ്പ് കഴിഞ്ഞ് അത്ന്റെ പ്രസക്തി നഷ്ടപ്പെട്ടിട്ടുണ്ടാവും (ഇത്തരം കളികളെപ്പറ്റി തിരക്കുണ്ടാക്കി പോക്കറ്റടിക്കുന്നവര്‍ എന്ന പോസ്റ്റില്‍ ഞാന്‍ മുന്‍പ് പ്രതിപാദിച്ചിട്ടുണ്ട്). ജാഗ്രതയോടെ ഇരിക്കുകയും ഉടനടി മറുമരുന്ന് വിതരണം ചെയ്യുകയുമാണ്ഏക പോംവഴി. ഈ നുണബോമ്പുകള്‍ വരും മുന്‍പ് തന്നെ ഇങ്ങനെ ഉള്ള ഒന്നു വരും എന്നു ജനങ്ങള്‍ക്കുമുന്നിലും തിരഞ്ഞെടുപ്പ് കമ്മീഷണിലും മുന്നറിയിപ്പ് കൊടുക്കണം.


അതുപോലെ മാധ്യമ മുത്തശ്ശിയും യൂഡീയെഫ് നേതാക്കളും ചേര്‍ന്ന് സ്ഥിരമായി സംവിധാനം ചെയ്ത് അവതരിപ്പിക്കുന്ന മറ്റൊരു നാടകമാണ് പ്രചാരണ സമാപന സമയത്ത് ഇടതുമുന്നണിയുടെ പ്രവര്‍ത്തകരുടെ അടുത്ത് പ്രകോപനം സൃഷ്ടിക്കുകയും തുടര്‍ന്ന് കേരളമാകെ വ്യാപക സംഘര്‍ഷം എന്ന വാര്‍ത്തയും. ഇതിനകം തന്നെ നിരവധി നാടകങ്ങളും (ഷാജഹാന്റെ തിരുമുറിവ്, കെട്ടിവെക്കാനുള്ളകാശ്, അളിയനും ഞാനും, ഹരിപ്പാട്ടെ എലിമിനേഷന്‍ റൌണ്ട്, എന്റെ കുപ്രശ്സ്തി, ഭാര്യക്കു ജലദോഷം എനിക്കു പരോള്‍ etc.) നുണപ്രചാരണങ്ങളും അവതരിപ്പിക്കപ്പെടുകയും അതിന്റെയെല്ലാം യാധാര്‍ഥ്യം പുറത്തുവന്നു പരിഹാസ്യരാകുകയും ചെയ്തതിനാല്‍ ഇപ്പോള്‍ ജനമനസുകളില്‍ ഇടതുപക്ഷത്തിനു വ്യക്തമമായ മേല്‍ക്കൈ ലഭിച്ചിരിക്കുന്ന ഈ അവസരത്തില്‍ അത് തകര്‍ക്കാനും ആശയക്കുഴപ്പം സൃഷ്ടിക്കാനും കൂടുതല്‍ നാറിയ നാണംകെട്ട തറവേലകള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്നു നിശ്ചയം.


അതിനാല്‍ മാനായി എത്തുന്ന മാരീചന്മാരെ തിരിച്ചറിയാന്‍ ഉത്തിഷ്ടത ജാഗ്രത.

*സൂര്യകണം.. said...

തോമായ്കൊരു സല്യൂട്ട്!


“സംസ്ഥാനത്തൊട്ടാകെ മുരടിക്കുകയും പ്രതിപക്ഷ എംഎല്‍എമാരുടെ മണ്ഡലത്തില്‍ മാത്രം പൂത്തുവിടരുകയും ചെയ്യുന്ന ഒരിനം വികസനമാണോ കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം നടന്നത് എന്ന കാര്യത്തിലാണ് ഇനി തീര്‍ച്ചയുണ്ടാകേണ്ടത്...”

അന്തോണിച്ചന്റെം ഉമ്മന്റെം കൂട്ടരുടേം കീശ വികസിച്ച കാര്യമായിരിക്കും മാരീചാ..!

vidhuprakash said...

താങ്കളുടെ പേര് അറം പറ്റുന്നതാണല്ലോ മ..മാരീചാ

ഇര said...

in malappuram UDF is ahead of LDF by 3.50 lakhs votes whereas statewide margin is only 1.5 lakh votes. will cpim make any introspection of its decisions at Kannur conference?