Thursday, April 05, 2012

ചന്ദ്രപ്പന്റെ പിണറായിപ്പക - ചരിത്രവും രാഷ്ട്രീയവും


മുണ്ടയില്‍ കോരനും ചീരപ്പന്‍ചിറ കുമാരപ്പണിക്കരും തമ്മിലുണ്ടായിരുന്നത് കീഴാളനും ജന്മിയും തമ്മിലുള്ള അകലമായിരുന്നു. കോരന്‍ ചെത്തുകാരനായിരുന്നു. കുമാരപ്പണിക്കരോ, കണ്ണെത്താദൂരത്തോളം വ്യാപിച്ചു കിടന്ന തെങ്ങിന്‍തോട്ടത്തിനും അതിന്റെ ഒത്തനടുവില്‍ തലയുയര്‍ത്തി നിന്ന നാലുകെട്ടിനുമുടമയും. ചീരപ്പന്‍ചിറ വീതംവെച്ചപ്പോള്‍ കോട്ടയത്തു ഭാഗം കിട്ടിയ നെല്‍വയല്‍ വേറെ. ഏതാനും തെങ്ങു ചെത്തി അന്നത്തിനു വഴിതേടിയിരുന്ന കോരനും ഏക്കറുകണക്കിന് തെങ്ങിന്‍തോട്ടം സ്വന്തമായുണ്ടായിരുന്ന പണിക്കരും തമ്മിലുണ്ടായിരുന്ന അകലം അന്നുമിന്നും അളന്നു തിട്ടപ്പെടുത്തുക അസാധ്യം.
എങ്കിലും കോരന്റെ മകന്‍ വിജയന്‍ സിപിഎമ്മിന്റെയും കുമാരപ്പണിക്കരുടെ മകന്‍ ചന്ദ്രപ്പന്‍ സിപിഐയുടെയും സംസ്ഥാന സെക്രട്ടറിമാരായി. ഇരുവരും ഇന്നു വഹിക്കുന്ന പദവിയുടെ പേരില്‍ തുല്യതയുണ്ട്. പക്ഷേ അതിന്റെ തൂക്കത്തിലുള്ളത് മേല്‍പറഞ്ഞ അന്തരത്തിന്റെ വിപരീതാനുപാതമാണ്. ജന്മിമാരെയും മാടമ്പികളെയും അവരുടെ മര്‍ദ്ദക സംവിധാനത്തെയും നേര്‍ക്കുനേരെ എതിരിട്ടുകൊണ്ടാണ് പിണറായി വിജയന്റെ രാഷ്ട്രീയവളര്‍ച്ച. ഏത് രാഷ്ട്രീയത്തെ അതിരൂക്ഷമായും എതിര്‍ത്തുകൊണ്ടാണോ പിണറായി വിജയന്റെ രാഷ്ട്രീയനിലപാടുകള്‍ക്ക് പതവും തഴമ്പും വന്നത്, ആ രാഷ്ട്രീയത്തെ അത്രയും ആഴത്തില്‍ പുണര്‍ന്നും അതിന്റെ സൌജന്യങ്ങള്‍ ആവോളം നൊട്ടിനുണഞ്ഞുമാണ് ചന്ദ്രപ്പന്റെ രാഷ്ട്രീയം പച്ചപിടിച്ചത്.
ഇതിനുമുമ്പൊരു സിപിഐ സംസ്ഥാന സെക്രട്ടറിയും കൈകാര്യം ചെയ്യാത്ത ഭാഷയിലും ശൈലിയിലും സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയ്ക്കു നേരെ ചന്ദ്രപ്പന്‍ ഉറഞ്ഞു തുള്ളുമ്പോള്‍ വെറും അസൂയയുടെയും കുശുമ്പിന്റെയും കള്ളിയില്‍ അതിനെ അളന്നൊതുക്കാനാവില്ല. ചന്ദ്രപ്പന്റെ നേതൃത്വത്തില്‍ ആസൂത്രണം ചെയ്ത സിപിഎംവേട്ടയില്‍ അണപൊട്ടിയൊഴുകിയ പിണറായിപ്പകയുടെ യഥാര്‍ത്ഥകാരണം സിപിഐ- സിപിഐ(എം) വേര്‍പിരിയലിലും ഈ പകയുമായി നടക്കുന്ന സിപിഐ നേതാക്കള്‍ ജീവിച്ചു വളര്‍ന്ന ഭൌതികസാഹചര്യങ്ങളിലും തിരഞ്ഞേ മതിയാകൂ.
ഒരു കമ്മ്യൂണിസ്റ്റ് നേതാവില്‍ നിന്നും പ്രതീക്ഷിക്കുന്ന രാഷ്ട്രീയയുക്തിയുടെ പിന്‍ബലത്തിലല്ല, അടിമുടി ഫ്യൂഡല്‍ പശ്ചാത്തലത്തില്‍ ജനിച്ചുവളര്‍ച്ച ചന്ദ്രപ്പന്റെ സിപിഎം വിമര്‍ശനങ്ങള്‍. ഒരു വിഷയത്തെ ആഴത്തിലും പരപ്പിലും സമഗ്രമായി പഠിച്ചാണ് സാധാരണ കമ്മ്യൂണിസ്റ്റുകാര്‍ തങ്ങളുടെ വിമര്‍ശനങ്ങള്‍ തയ്യാറാക്കുന്നത്. വസ്തുതാവിരുദ്ധതയ്ക്കുമേല്‍ അവരൊരിക്കലും തങ്ങളുടെ വിമര്‍ശനസൌധം പണിയാറില്ല. സമൂഹത്തിലെ അധികാരബന്ധങ്ങള്‍, അവ രൂപപ്പെട്ട ചരിത്രപശ്ചാത്തലം, സാമ്പത്തികവും രാഷ്ട്രീയവുമായ കാരണങ്ങള്‍ എന്നിവയൊന്നും കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഒഴിവാക്കാനോ അവഗണിക്കാനോ കഴിയില്ല. ചന്ദ്രപ്പന്റെ വിമര്‍ശനങ്ങളില്‍ മുങ്ങാംകുഴിയിട്ടു പരതിയാലും ഇതിലൊന്നിന്റെയും ലാഞ്ചന പോലും കാണാനാവില്ല.
മിച്ചഭൂമി സമരം, ലാവലിന്‍, അന്ത്യത്താഴ വിവാദങ്ങളില്‍ ചന്ദ്രപ്പന്‍ തട്ടിമൂളിക്കുന്ന അഭിപ്രായപ്രകടനങ്ങളെല്ലാം, രണ്ടാം മുണ്ടും തോളിലിട്ട് ഒരു തറവാട്ടു കാരണവര്‍ തട്ടിവിടുന്ന “വിധിപ്രസ്താവന”യുടെയും “സാമാന്യവത്കരണ”ത്തിന്റെയും നിലവാരത്തിലായിപ്പോയതിനു കാരണം അദ്ദേഹത്തിന്റെ മനോഘടനയിലെ ഫ്യൂഡല്‍ സ്വാധീനമാണ്. സിപിഎമ്മിനോടും പിണറായി വിജയനോടും ചന്ദ്രപ്പന്‍ പ്രകടിപ്പിക്കുന്ന താന്‍പ്രമാണിത്തത്തിന്റെയും അഹങ്കാരോന്മാദത്തിന്റെയും വേരുകള്‍ വയലാറിലെ പഴയ തെങ്ങിന്‍തോപ്പിലും കോട്ടയത്തെ ചീരപ്പന്‍ചിറ വയലേലയിലും നിന്നാണ് വെള്ളവും വളവും വലിച്ചെടുക്കുന്നത്. സാമൂഹികവും സാമ്പത്തികവുമായി പാരമ്പര്യം കൈമാറിയ മേല്‍ക്കോയ്മയുടെ വിഷരേണുക്കള്‍ സമൂലം തുടച്ചുനീക്കി തലച്ചോറിനെ ആശയപരമായി നവീകരിക്കാനുള്ള രാഷ്ട്രീയ വിദ്യാഭ്യാസം നേരാംവണ്ണം ലഭിക്കാത്തതിന്റെ കുറവ് ചന്ദ്രപ്പന്റെ ഓരോ വാക്കിലും വാചകത്തിലുമുണ്ട്.
ഏതാണ്ട് ഒരേ ആശയത്തിനു കീഴില്‍ ഒരേ ലക്ഷ്യത്തിനു വേണ്ടി പോരാടുന്നവര്‍ തമ്മില്‍ നിലനില്‍ക്കുന്ന ചില്ലറ അഭിപ്രായവ്യത്യാസങ്ങള്‍ സൃഷ്ടിക്കുന്ന സ്വാഭാവികവും മിതവുമായ എതിര്‍പ്പല്ല ചന്ദ്രപ്പന്‍ പിണറായി വിജയനു നേരെ തൊടുക്കുന്നത്. ചന്ദ്രപ്പന്റെ വിമര്‍ശനങ്ങളുടെ സാധുത പരിശോധിക്കുന്നതിനു മുമ്പ് ആദ്യം ചന്ദ്രപ്പനെത്തന്നെ വിശദമായി പഠിക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ എന്തുകൊണ്ട് ചന്ദ്രപ്പന്‍ ഇങ്ങനെയൊക്കെ പറയുന്നു എന്ന് കൃത്യമായി മനസിലാക്കാനാവൂ.
വലിയ ഉരുളികളിലും ചെമ്പുപാത്രങ്ങളിലും കുടുങ്ങിയ ഗൃഹാതുരത
സിപിഐയുടെ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട വേളയില്‍ കലാകൌമുദി വാരികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ ചന്ദ്രപ്പന്‍ തന്റെ കുടുംബസ്വത്തിന്റെ കണക്ക് അയവിറക്കുന്നുണ്ട്. വയലാര്‍ വെടിവെയ്പിന്റെ തൊട്ടുപിറ്റേന്ന് പട്ടാളം കുമാരപ്പണിക്കരുടെ വീടു വളഞ്ഞു. പട്ടാളക്കാരും ഗുണ്ടകളും കൂടി കവര്‍ന്നുകൊണ്ടുപോയ സാധനസാമഗ്രികളുടെ പട്ടിക സഖാവ് ചന്ദ്രപ്പന്‍ ഇങ്ങനെ നിരത്തിയിരിക്കുന്നു...
വലിയ ഉരുളികള്‍. ഓട്ടുവിളക്ക്, ചെമ്പു പാത്രങ്ങള്‍, മേശ, കസേര, കട്ടില്‍, പത്തായം, കൊപ്ര, നിലവറയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങള്‍... തലമുറകളുടെ സമ്പാദ്യമെല്ലാം പട്ടാപ്പകല്‍ കൊള്ളയടിച്ചു. സമ്പാദ്യങ്ങളില്‍ വിലപിടിച്ചതെല്ലാം പട്ടാളം തന്നെയാണ് കവര്‍ന്നത്. കവര്‍ച്ചയ്ക്കു ശേഷം വീടു കണ്ടുകെട്ടിയതായി വാതിലില്‍ മുദ്ര വെച്ചു. (കലാകൌമുദി, 2010 നവംബര്‍ - ലക്കം 1836, പേജ് 23).


“വലിയ ഉരുളികളും ഓട്ടുവിളക്കും ചെമ്പുപാത്രങ്ങളും തലമുറകള്‍ ശേഖരിച്ചു സൂക്ഷിച്ച ആഭരണങ്ങളുള്ള നിലവറ”യുമൊക്കെ ചേര്‍ന്നു പണിതിട്ട ഒരു തടവറയില്‍ കൂനിയിരുന്നുകൊണ്ടാണ്, ഭൂപ്രഭുക്കന്മാരില്‍ നിന്നും ഭൂമി പിടിച്ചെടുക്കാന്‍ ഏകെജിയുടെ നേതൃത്വത്തില്‍ കര്‍ഷകത്തൊഴിലാളികള്‍ നടത്തിയ മിച്ചഭൂമി സമരത്തെ “മതിലുചാട്ടവും വേലികെട്ടലും” എന്നു ചന്ദ്രപ്പന്‍ പുച്ഛിക്കുന്നത്. ആ തടവറയില്‍ നിന്നു സമാഹരിച്ച രാഷ്ട്രീയബോധത്തില്‍ വിള്ളല്‍ വീഴ്ത്താന്‍ ഇത്രയും കാലം അദ്ദേഹം കൈകാര്യം ചെയ്ത കമ്മ്യൂണിസ്റ്റു രാഷ്ട്രീയത്തിനു കഴിഞ്ഞിട്ടില്ല. പട്ടാളം വീടു കൊള്ളയടിച്ചതില്‍ തീര്‍ന്നില്ല, ചന്ദ്രപ്പന്റെ നിലവറയിലെ തലമുറകളുടെ സമ്പാദ്യത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍. ക്ളൈമാക്സ് വേറെയായിരുന്നു. അശ്വമുഖത്തു നിന്നുതന്നെ കേള്‍ക്കാം:
“വയലാറില്‍ വീണ്ടും താമസം തുടങ്ങിയതിനെപ്പറ്റി മറക്കാത്ത ഒരോര്‍മ്മ മനസിലുണ്ട്. തറവാട്ടില്‍ നിന്നും കൊള്ളയടിച്ച ഉരുപ്പടികളുമായി നാട്ടുകാര്‍ ഘോഷയാത്ര പോലെ വന്നതാണ്. കസേര, ഉരുളി, ഉരല്‍, മേശ, ചെമ്പ്... എത്രയോ ദിവസങ്ങള്‍ അതു തുടര്‍ന്നു. മിക്കവാറും എല്ലാ വീട്ടുസാമഗ്രികളും അങ്ങനെ അമ്മയുടെ മുന്നിലെത്തി”. (കലാകൌമുദി, 2010 നവംബര്‍ - ലക്കം 1836, പേജ് 23).


സിപിയുടെ പട്ടാളത്തെ ആലപ്പുഴക്കാര്‍ പരാജയപ്പെടുത്തി കുമാരപ്പണിക്കരുടെ വീട്ടിലെ കസേരയും ഉരുളിയും ഉരലും ചെമ്പും വീണ്ടെടുത്ത കഥ നിര്‍ഭാഗ്യവശാല്‍ പുന്നപ്ര വയലാര്‍ സമരത്തിന്റെ രേഖപ്പെടുത്തപ്പെട്ട ചരിത്രത്തിലെങ്ങുമില്ല. കൊള്ള മുതല്‍ തിരിച്ചു പിടിക്കാന്‍ പോന്ന ഒരു വിജയവും പട്ടാളത്തിനുമേല്‍ പുന്നപ്ര വയലാര്‍ സമരസേനാനികള്‍ നേടിയിട്ടുമില്ല. നുണ പറയേണ്ട കാര്യം ചന്ദ്രപ്പനുമില്ല. അപ്പോള്‍ സംഭവിച്ചതെന്തായിരിക്കും?
തങ്ങളുടെ നേതാവായ കുമാരപ്പണിക്കര്‍ക്കു വേണ്ടി ആലപ്പുഴയിലെ പണിയാളര്‍ പിരിവെടുത്തും പട്ടിണികിടന്ന് പണം മിച്ചം വെച്ചും വീട്ടു സാധനങ്ങള്‍ വാങ്ങി തലച്ചുമടായി എത്തിച്ചു കൊടുത്തുകാണും. അങ്ങനെ ശേഖരിച്ച കസേരയും ഉരുളിയും ഉരലും മേശയും ചെമ്പുമൊക്കെ കൈനീട്ടി വാങ്ങാന്‍ കുമാരപ്പണിക്കരും കുടുംബവും കയ്യറപ്പു കാണിച്ചതുമില്ല. കാണിക്കയും കാഴ്ചപ്പണ്ടവും തമ്പുരാന്റെ അവകാശമല്ലേ. തൊഴിലാളികള്‍ സന്തോഷത്തോടെ തരുന്നതല്ലേ. അവരതു സ്വീകരിച്ചു. ആ വീട്ടില്‍ പിറന്നുവളര്‍ന്ന ചന്ദ്രപ്പന്‍, തന്റെ എഴുപത്തിയഞ്ചാം വയസിലും, ദിവസങ്ങളോളം നീണ്ട അത്താഴപ്പട്ടിണിക്കാരുടെ കാണിക്കാസമര്‍പ്പണം ഗൃഹാതുരതയോടെ ഓര്‍ത്തു വെച്ചിരിക്കുന്നു. ഈ ഭൂതകാലത്തില്‍ പരിഹാസ്യമാംവിധം അഭിരമിക്കുന്ന അതേ മാനസികാവസ്ഥയില്‍ നിന്നാണ് മിച്ചഭൂമി സമരം പോലൊരു കീഴാളപ്രക്ഷോഭത്തിനു നേരെയുള്ള അദ്ദേഹത്തിന്റെ പരിഹാസം പെയ്തിറങ്ങുന്നത്.
മിച്ചഭൂമി സമരത്തെ ചന്ദ്രപ്പന്‍ പുച്ഛിക്കുന്നതെന്തിന്?
മിച്ചഭൂമി സമരത്തിനെതിരെയുള്ള ചന്ദ്രപ്പന്റെ പുച്ഛപരിഹാസങ്ങളുടെ വര്‍ഗസ്വഭാവം തിരിച്ചറിയാന്‍ ഒന്നാം ഇഎംഎസ് സര്‍ക്കാരിന്റെ പതനത്തിനു വഴി തെളിച്ച വിമോചനസമരം മുതല്‍ പഠനമാരംഭിക്കണം. ഫ്യൂഡല്‍ ഭൂവുടമാ - ഉല്‍പാദന ബന്ധങ്ങളില്‍ വന്‍മാറ്റം ലക്ഷ്യമിട്ടുകൊണ്ട് ഒട്ടേറെ നിയമങ്ങള്‍ ആ സര്‍ക്കാര്‍ കൊണ്ടുവന്നു. ഭൂവുടമകളും മാടമ്പിമാരും ഈ നിയമങ്ങള്‍ക്കെതിരെ അതിശക്തമായ എതിര്‍പ്പുയര്‍ത്തി. കേരളത്തിലെ ഭൂവുടമാ ബന്ധത്തെ പിടിച്ചുകുലുക്കിയ കുടിയൊഴിപ്പിക്കല്‍ നിരോധന ഓര്‍ഡിനന്‍സ്, ദേഹണ്ഡപ്രതിഫല നിയമം, ജന്മിക്കരം നിര്‍ത്തലാക്കുന്ന ബില്‍, കര്‍ഷകബന്ധ ബില്‍, കടാശ്വാസ നിയമം തുടങ്ങിയവയൊക്കെ കീഴാളപക്ഷത്തിന് ഗുണകരവും മേലാളര്‍ക്ക് അസഹ്യവുമായിരുന്നു. കോണ്‍ഗ്രസ്, പിഎസ്‌പി, മുസ്ളിംലീഗ് തുടങ്ങിയ രാഷ്ട്രീയകക്ഷികളും നായര്‍ സര്‍വീസ് സൊസൈറ്റി, അസംഖ്യം സവര്‍ണ ക്രിസ്തീയ സംഘടനകള്‍ എന്നിവരും ഈ നിയമങ്ങള്‍ക്കെതിരെ അരയും തലയും മുറുക്കി രംഗത്തിറങ്ങി. കീഴാളന്റെ അന്തസും അവകാശവും സ്ഥാപിക്കുകയും ഉറപ്പിക്കുകയും ചെയ്യുന്ന ഭരണനടപടികള്‍ക്കെതിരെ മേലാളപക്ഷത്ത് ഉരുണ്ടുകൂടിയ അസംതൃപ്തിയുടെയും അസഹിഷ്ണുതയുടെയും കാര്‍മേഘങ്ങളാണ് വിമോചനസമരമെന്ന പേമാരിയായത്.
തുടര്‍ന്നുവന്ന സര്‍ക്കാരുകളും, എന്തിന് കോടതി തന്നെയും അംഗവിഹീനമാക്കിയ ഭൂപരിഷ്കരണ നിയമം നടപ്പാക്കാന്‍ പിന്നീട് മുന്നിട്ടിറങ്ങിയത് 1967ലെ ഇഎംഎസ് സര്‍ക്കാരായിരുന്നു. പക്ഷേ, ആ സര്‍ക്കാരിനും ലക്ഷ്യം കാണാനായില്ല. 1957ലെ സര്‍ക്കാരിന്റെ കീഴാളപക്ഷ നടപടികളെ വിമോചനസമരത്തിലൂടെ അട്ടിമറിച്ചവര്‍ക്കൊപ്പം ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കൂടി അണിചേര്‍ന്നപ്പോള്‍ ആ സര്‍ക്കാരും അട്ടിമറിക്കപ്പെട്ടു.
സവര്‍ണ-ഭൂവുടമാ വര്‍ഗതാല്‍പര്യങ്ങള്‍ക്ക് ക്ഷതമേല്‍ക്കുന്ന ഭരണനടപടികള്‍ ലക്ഷ്യത്തിലെത്താതിരിക്കാനാണ് 1957ലെയും 1967ലെയും സര്‍ക്കാരുകളെ അട്ടിമറിച്ചത്. ഒന്നാമത്തെ സര്‍ക്കാരിനെ സമ്പന്ന-ഭൂപ്രഭു വര്‍ഗം നേരിട്ട് അട്ടിമറിച്ചുവെങ്കില്‍, രണ്ടാം സര്‍ക്കാരിനെ ഉപജാപങ്ങളിലൂടെ അട്ടിമറിക്കാന്‍ ഏതാനും കമ്മ്യൂണിസ്റ്റ് വേഷമിട്ട അഞ്ചാംപത്തികളെ അവര്‍ക്കു കിട്ടി. ‌
നേതാക്കള്‍ തമ്മിലുടലെടുത്ത വ്യക്തിവൈരാഗ്യമോ, ചൈനയിലെയോ റഷയിലെയോ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളോട് സ്വീകരിക്കേണ്ട സമീപനങ്ങളെച്ചൊല്ലിയുള്ള അഭിപ്രായഭിന്നതയോ ഒന്നുമല്ല 1967ലെ ഇഎംഎസ് സര്‍ക്കാരിനെ കുറുമുന്നണി രൂപീകരിച്ച് അട്ടിമറിക്കാന്‍ സിപിഐയെ പ്രേരിപ്പിച്ചത്. ചില സിപിഐ നേതാക്കളുടെ സവര്‍ണ - ഭൂവുടമാ സമ്പന്നവര്‍ഗ താല്‍പര്യങ്ങള്‍ തന്നെയായിരുന്നു യഥാര്‍ത്ഥ കാരണം എന്ന് മിച്ചഭൂമി സമരത്തോടുള്ള ചന്ദ്രപ്പന്റെ പ്രതികരണം തെളിയിക്കുന്നു. ഭൂവുടമാബന്ധങ്ങളെ പൊളിച്ചെഴുതിയ നിയമം അട്ടിമറിച്ചതിന്റെ അട്ടിമറിക്കൂലിയായിട്ടാണ് വെറും 16 എംഎല്‍എമാര്‍ മാത്രമുള്ള സിപിഐയ്ക്ക് അതിന്റെ ഇരട്ടി അംഗബലമുള്ള - 32- കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനം ദാനം ചെയ്തത്. ആഭ്യന്തരമന്ത്രിപദവും യഥാര്‍ത്ഥ അധികാരവും നോക്കുകൂലിയായി കോണ്‍ഗ്രസ് കൈയില്‍വെച്ചു.
അധികാര കൈകര്‍ത്താവിന്റെയും ആനുകൂല്യദാതാവിന്റെയും റോളില്‍ സവര്‍ണ സമ്പന്ന ഭൂപ്രഭു വര്‍ഗവും ആനുകൂല്യ സ്വീകര്‍ത്താവിന്റെ റോളില്‍ കീഴാളനും എന്നെന്നേയ്ക്കും തുടരുന്ന “കമ്മ്യൂണിസ്റ്റ് ലോകം” സ്വപ്നം കണ്ട സിപിഐയ്ക്ക് 1957ലെ വിമോചന സമരത്തിന് നേതൃത്വം നല്‍കിയ സവര്‍ണ ഭൂവുടമാ സംഘത്തിന്റെ രാഷ്ട്രീയവുമായി കൈകോര്‍ക്കാന്‍ ഒരു മടിയുമുണ്ടായിരുന്നില്ല.
1957ലെ വിമോചനസമരത്തിന്റെ രാഷ്ട്രീയകാരണങ്ങള്‍ ചരിത്രപരമായി അപഗ്രഥിക്കുന്ന ഒരു കമ്മ്യൂണിസ്റ്റുകാരനും, ആ സമരത്തിന് നിദാനമായ വര്‍ഗതാല്‍പര്യങ്ങള്‍ക്ക് മേല്‍ക്കോയ്മയുള്ള രാഷ്ട്രീയസഖ്യത്തില്‍ ഒരു ദിവസം പോലും കഴിച്ചുകൂട്ടാനാവില്ല. പക്ഷേ, വിമോചനസമരം കഴിഞ്ഞ് കേവലം ഒരു പതിറ്റാണ്ടു പോലും തികയുന്നതിനു മുമ്പ് ആ രാഷ്ട്രീയരാസമാറ്റത്തിന് ഒരുപറ്റം സിപിഐ നേതാക്കള്‍ വിധേയരായി. ചേരേണ്ടത് ചേരേണ്ടതിനോടു തന്നെ ചെന്നു ചേര്‍ന്നു. ഈ ലേഖനത്തിന്റെ മറ്റൊരു ഭാഗത്ത് കോണ്‍ഗ്രസിനെ ചന്ദ്രപ്പന്‍ എങ്ങനെ വിലയിരുത്തുന്നു എന്നു പരിശോധിക്കുന്നുണ്ട്. അതുകൂടി മനസിലാക്കുമ്പോള്‍ ഇക്കാര്യം കൂടുതല്‍ വ്യക്തമാകും. നമുക്ക് മിച്ചഭൂമി പ്രശ്നത്തിലേയ്ക്കു മടങ്ങാം.
രണ്ടു തവണ അധികാരം കിട്ടിയിട്ടും, ആ സര്‍ക്കാരുകള്‍ ആത്മാര്‍ത്ഥമായി ശ്രമിച്ചിട്ടും കര്‍ഷകത്തൊഴിലാളിക്ക് ഭൂമി ലഭിക്കാതെ വന്നതാണ് 1970ലെ മിച്ചഭൂമി സമരത്തിന്റെ പശ്ചാത്തലം. ഭൂപരിഷ്കരണ നിയമത്തെ അട്ടിമറിക്കാന്‍ തക്കസമയത്ത് കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയ സിപിഐയെ വിശ്വസിക്കാന്‍ കര്‍ഷകത്തൊഴിലാളിയ്ക്ക് കഴിയുമായിരുന്നില്ല. രണ്ടാം ഇഎംഎസ് സര്‍ക്കാരും അട്ടിമറിക്കപ്പെട്ടതോടെയാണ് കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും അടങ്ങുന്ന ജനലക്ഷങ്ങള്‍ ആലപ്പുഴയിലെ അറവുകാട് മൈതാനിയില്‍ 1969 ഡിസംബര്‍ 14ന് കുടികിടപ്പു ഭൂമിയ്ക്കു വേണ്ടിയുള്ള പ്രക്ഷോഭം പ്രഖ്യാപിച്ചത്. എകെജിയാണ് പ്രഖ്യാപനം നടത്തിയത്. തുടര്‍ന്ന് സംസ്ഥാനമാകെ ഭൂമി വളച്ചുകെട്ടല്‍ സമരം നടന്നു. കര്‍ഷകത്തൊഴിലാളികള്‍ക്കു നേരെ അതിരൂക്ഷമായ പ്രതികരണമായിരുന്നു അച്യുതമേനോന്‍ സര്‍ക്കാരിന്റേത്. പൊലീസ് വെടിവെപ്പില്‍ കള്ളിക്കാട്ടെ ഭാര്‍ഗവി എന്ന വനിതയടക്കം അനേകം തൊഴിലാളികള്‍ രക്തസാക്ഷികളായി. സമരത്തിനൊടുവില്‍ പാവപ്പെട്ടവര്‍ക്ക് കുടികിടപ്പവകാശം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായി.
പക്ഷേ, അപ്പോഴും സമ്പന്ന - ഭൂവുടമാ താല്‍പര്യത്തിനു തന്നെയായിരുന്നു സര്‍ക്കാരില്‍ മേല്‍ക്കൈ. ജന്മിമാരില്‍ നിന്ന് നിയമപ്രകാരം ഏറ്റെടുക്കേണ്ടിയിരുന്ന മിച്ചഭൂമി ഏറ്റെടുക്കാതെ സര്‍ക്കാര്‍ ഒളിച്ചുകളിച്ചു. തുടര്‍ന്ന് വീണ്ടും സമരം തുടങ്ങി. ആ സമരത്തെ തുടര്‍ന്നാണ് ആലപ്പുഴയിലെ മുരിക്കന്റേതടക്കമുള്ള മിച്ചഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തത്. ഇങ്ങനെ ഏറ്റെടുത്ത മിച്ചഭൂമി യഥാവിധി വിതരണം ചെയ്യാന്‍ വീണ്ടും സമരം വേണ്ടി വന്നു.
ഇത്തരത്തില്‍ ഭരണകൂടത്തിന്റെ വര്‍ഗതാല്‍പര്യങ്ങളോട് ചോര ചൊരിഞ്ഞു മല്ലിട്ടുകൊണ്ടാണ് കേരളത്തിലെ കര്‍ഷകത്തൊഴിലാളി നാമമാത്രമെങ്കിലുമുള്ള ഭൂമി സ്വന്തമാക്കിയത്. അരിവാള്‍ ചുറ്റിക ആലേഖനം ചെയ്ത ചെങ്കൊടി പിടിച്ച പതിനാറു സിപിഐക്കാര്‍ പിന്തുണച്ചതു കൊണ്ടോ, അച്യുതമേനോന്‍ എന്ന “മൃദുലകോമളസല്‍ഭരണസുന്ദരന്‍” മുഖ്യമന്ത്രിയായതു കൊണ്ടോ കോണ്‍ഗ്രസിന്റെയോ അവര്‍ പ്രതിനിധാനം ചെയ്യുന്ന വര്‍ഗത്തിന്റെയോ രാഷ്ട്രീയ നിലപാടില്‍ തെല്ലും മാറ്റമുണ്ടാകില്ല എന്ന് അനുഭവം കൊണ്ട് കേരളം പഠിച്ചത് മിച്ചഭൂമി സമരത്തിലൂടെയാണ്.
1957ലെ ഒന്നാം കമ്മ്യൂണിസ്റ്റ് സര്‍ക്കാരില്‍ ധനകാര്യ - ആഭ്യന്തര വകുപ്പുകള്‍ കൈകാര്യം ചെയ്ത അച്യുതമേനോനെ പാടേ വിസ്മരിച്ച്, കരുണാകരന്റെ ദയാദാക്ഷിണ്യത്തില്‍ മുഖ്യമന്ത്രി പദം കയ്യാളിയ അച്യുതമേനോനെ വാഴ്ത്തിപ്പാടുന്നവരുടെ ഉള്ളിലിരിപ്പ് സിപിഐക്കാര്‍ക്ക് മനസിലാകാത്തിന് കാരണം, അവരുടെ രാഷ്ട്രീയനിരക്ഷരതയാണ്. കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരെ ഹീനമായ അപവാദക്കഥകളും കെട്ടിച്ചമച്ച് പ്രചരിപ്പിക്കുകയും കമ്മ്യൂണിസത്തെ ഇന്ത്യയില്‍ നിന്ന് കെട്ടുകെട്ടിക്കണമെന്ന് മുഖപ്രസംഗമെഴുതുകയും ചെയ്ത മലയാള മനോരമയാണല്ലോ അച്യുതമേനോനെ തെരഞ്ഞുപിടിച്ച് പ്രശംസിക്കാന്‍ ഏറ്റവും മുന്നില്‍നില്‍ക്കുന്നത്! യഥാര്‍ത്ഥത്തില്‍ രാജന്റെ ചോരയ്ക്കല്ല, കള്ളിക്കാട് ഭാര്‍ഗവിയടക്കമുള്ള മിച്ചഭൂമിസമരത്തിന്റെ രക്തസാക്ഷികളുടെ ചോരയ്ക്കാണ് അച്യുതമേനോനും സിപിഐക്കാരും തൊഴിലാളി വര്‍ഗത്തോട് കണക്കുപറയേണ്ടത്.
കേരളത്തിലെ സിപിഎമ്മിന്റെ ജനപിന്തുണയില്‍ വന്‍കുതിപ്പുണ്ടാക്കിയ ചരിത്രസന്ദര്‍ഭമാണ് മിച്ചഭൂമി സമരം. ഒരര്‍ത്ഥത്തില്‍ സിപിഎമ്മിന്റെ ജനപിന്തുണയ്ക്ക് കാരിരുമ്പിന്റെ കരുത്തുനല്‍കിയതും സിപിഐയുടെ ഈര്‍ക്കില്‍പ്രകൃതിയ്ക്ക് ഉല്‍പ്രേരകമായതും ആ സമരമാണെന്ന് സൂക്ഷ്മവിശകലനത്തില്‍ തെളിയും. അങ്ങനെയൊരു സമരത്തെ അംഗീകരിക്കാനോ ആദരിക്കാനോ സിപിഐയ്ക്ക് ഒരിക്കലും കഴിയില്ല.
കിട്ടുന്ന അവസരങ്ങളിലൊക്കെ മിച്ചഭൂമി സമരത്തെ ചന്ദ്രപ്പന്‍ ഭര്‍ത്സിക്കുന്നതിന്റെ കാരണം അറിയാന്‍ അദ്ദേഹം അരുമയോടെ താലോലിക്കുന്ന മറ്റൊരു സംഭവം കൂടി നാമറിയണം. ചന്ദ്രപ്പനെ കൂടുതല്‍ മനസിലാക്കാന്‍ ഉപകരിക്കുന്ന താരതമ്യമാണത്. കലാകൌമുദി അഭിമുഖത്തില്‍ നിന്ന് -
ഞങ്ങള്‍ തൃപ്പൂണിത്തുറയിലായിരുന്ന കാലത്ത് ഞങ്ങളുടെ തെങ്ങിന്‍തോപ്പിലെ തേങ്ങയിട്ട് പണം എത്തിച്ചിരുന്നത് വയലാര്‍ രവിയുടെ വീട്ടുകാരായിരുന്നു. സ്നേഹബന്ധത്തിന്റെ പേരിലായാല്‍പ്പോലും അന്നത് വലിയ അപകടകരമായിരുന്നു എന്നോര്‍ക്കണം. (കലാകൌമുദി, 2010 നവംബര്‍ - ലക്കം 1836, പേജ് 25).


വയലാര്‍ സമരകാലത്ത് തൊഴിലാളിവിരുദ്ധ നിലപാടു സ്വീകരിച്ച രാഷ്ട്രീയപ്പാര്‍ട്ടിയുടെ പ്രവര്‍ത്തകനില്‍നിന്നും കൈപ്പറ്റിയ സ്നേഹത്തിന്റെ കടപ്പാട് പൂത്തുലഞ്ഞു നില്‍ക്കുന്ന ചന്ദ്രപ്പനാണ് മിച്ചഭൂമി സമരത്തിനെതിരെ കാലണയ്ക്കു വിലയില്ലാത്ത കൊലവെറിയില്‍ തുള്ളിയുറയുന്നത്. തേങ്ങയിട്ട പണത്തിന്റെയും ഭൂമിയുടെയും “പോക്കുവരവ്” ശ്രദ്ധിച്ചാല്‍ കാരണം വ്യക്തമാകും. തേങ്ങയിട്ട പണം “ഇങ്ങോട്ടാണ്” വന്നതെങ്കില്‍, മിച്ചഭൂമി സമരത്തില്‍ ഭൂമി പോകുന്നത് “അങ്ങോട്ടാണ്”. ആദ്യത്തേത്, ഒരു തമ്പ്രാന്റെ പറമ്പില്‍ നിന്ന് വേറൊരു തമ്പ്രാന്റെ കുടുംബം തേങ്ങയിട്ട് അതിന്റെ വില ആദ്യത്തെ തമ്പ്രാന്റെ കുടുംബഖജനാവില്‍ ഒടുക്കുന്ന പ്രക്രിയ. രണ്ടാമത്തേത്, തമ്പ്രാന്മാരുടെ ഭൂമിയ്ക്കു വേണ്ടി ദരിദ്രവാസികള്‍ നടത്തിയ സമരം. ഇതു രണ്ടും ഒരേ കോലുകൊണ്ടളക്കണമെങ്കില്‍ ചന്ദ്രപ്പന്‍ കുമാരപ്പണിക്കരുടെ മകനല്ലാതാവണം. തെങ്ങിനും കവുങ്ങിനും ഒരേ തളപ്പിടുന്ന ശീലം ചീരപ്പന്‍ചിറ തറവാട്ടുകാര്‍ക്കില്ല, സഖാക്കളേ!
ഈ മാനസികാവസ്ഥയും വിശകലനശാസ്ത്രവും വെച്ചുകൊണ്ടാണ് അധികാരം, അഭിപ്രായ സ്വാതന്ത്ര്യം, രാഷ്ട്രീയ പ്രവര്‍ത്തനം, ജനാധിപത്യം തുടങ്ങിയവയെക്കുറിച്ചൊക്കെ ചന്ദ്രപ്പന്‍ വന്‍ സിദ്ധാന്തങ്ങള്‍ ചമയ്ക്കുന്നത്. സാമാന്യയുക്തിയില്‍ പോലും നിലനില്‍ക്കാനുള്ള ശേഷി അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങള്‍ക്കില്ല. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെക്കുറിച്ച് ചന്ദ്രപ്പന്‍ പ്രചരിപ്പിക്കുന്ന സിദ്ധാന്തം പരിശോധിച്ചാല്‍ അതു ബോധ്യമാകും.

No comments: