Thursday, April 05, 2012

വലതുദാസ്യത്തിന്റെ ലാവലിന്‍ ന്യായങ്ങള്‍

(ചന്ദ്രപ്പന്‍റെ പിണറായിപ്പക - ഭാഗം രണ്ട്)

സിപിഐ സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റയുടനെ കോണ്‍ഗ്രസിനെക്കുറിച്ചുള്ള തന്റെ പ്രതീക്ഷകള്‍ ചന്ദ്രപ്പന്‍ ഇങ്ങനെ പങ്കുവെച്ചു:
ഇന്ത്യയില്‍ വിപ്ലവം നടത്താന്‍ ദേശീയ ബൂര്‍ഷ്വാസിയ്ക്കും പങ്കുണ്ട്. ഇന്ത്യയിലെ ഇരു കമ്മ്യൂണിസ്റ്റു പാര്‍ട്ടികളും ചേര്‍ന്നു നിന്നാല്‍ വിപ്ലവം നടത്താമെന്ന് ആരും വിശ്വസിക്കുന്നില്ല. ഇടതുപാര്‍ട്ടികളെല്ലാം ചേര്‍ന്നു നിന്നാലും അതു നടക്കില്ല. ഇന്ത്യ വളരെ വലുതും വൈവിദ്ധ്യപൂര്‍ണവുമാണ്. രാജ്യത്തിന് വിസ്തൃതമായൊരു ചരിത്രപശ്ചാത്തലമുണ്ട്. ഇതെല്ലാം നെഗേറ്റ് ചെയ്ത് ചെറിയൊരു ഓപ്പറേഷനിലൂടെ വിപ്ലവം പറ്റില്ല. അതിന് എല്ലാ പാര്‍ട്ടികളെയും അണി ചേര്‍ക്കേണ്ടതുണ്ട്. അതില്‍ കോണ്‍ഗ്രസിനും വലിയൊരു പങ്കുണ്ട്. (കലാകൌമുദി, 2010 നവംബര്‍ - ലക്കം 1836, പേജ് 34).
 ‘ദേശീയ ബൂര്‍ഷ്വാസിയെന്ന പ്രയോഗം കുത്തിക്കയറ്റി പ്രത്യയശാസ്ത്രജാട വരുത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ചന്ദ്രപ്പന്റേത് വെറും ചപ്പടാച്ചിയാണ്. കോണ്‍ഗ്രസിന്റെ വര്‍ഗരാഷ്ട്രീയം തന്നെയാണ് താനും ഉള്ളിന്റെയുള്ളില്‍ പങ്കുവെയ്ക്കുന്നത് എന്ന് തുറന്നുപറയാനുള്ള സത്യസന്ധതയില്ലായ്മയില്‍ നിന്ന് പുറപ്പെടുവിക്കുന്ന വെറും ജല്‍പനം. പൊതുബോധത്തിന്റെ ഉപരിപ്ലവതയില്‍ നീന്തിത്തുടിക്കുന്നവര്‍പോലും ഈ ഡയലോഗുകളില്‍ വീണുപോകാനിടയില്ല. 

അത്രമേല്‍ പരിഹാസ്യമാണ്
, ആര്‍ക്കെതിരെയാണോ വിപ്ലവം നടത്തേണ്ടത്, അവരുമായി ചേര്‍ന്ന് വിപ്ലവം നയിക്കാമെന്ന ചന്ദ്രപ്പന്‍ തിയറി. ഭരണവര്‍ഗത്തിന്റെ രാഷ്ട്രീയ പ്രാതിനിധ്യമുള്ള കോണ്‍ഗ്രസുമായി ചേര്‍ന്ന് തൊഴിലാളിവര്‍ഗ വിപ്ലവം നടത്താമെന്ന പ്രത്യാശ ഉളുപ്പില്ലാതെ പ്രകടിപ്പിക്കുന്ന ചന്ദ്രപ്പനെ കമ്മ്യൂണിസ്റ്റ് നേതാവ്എന്നു വിശേഷിപ്പിച്ചാല്‍ സാക്ഷാല്‍ കാറല്‍ മാര്‍ക്സ് കുഴിയില്‍ നിന്നെഴുന്നേറ്റു വന്ന് മാനിഫെസ്റ്റോ ചുട്ടുകളയാനിടയുണ്ട്!

സര്‍വരാജ്യത്തൊഴിലാളികളേ, സംഘടിക്കുവിന്‍ എന്ന മുദ്രാവാക്യത്തിന്, ‘സംഘടിച്ചു മുതലാളിയ്ക്കു പിന്നില്‍ അണിനിരക്കുവിന്‍ എന്ന അനുപല്ലവിയുടെ സാധ്യത മാര്‍ക്സിന്റെയും ലെനിന്റെയും പേക്കിനാവുകളില്‍ പോലും കടന്നുവന്നിരിക്കില്ല. നഷ്ടപ്പെടാന്‍ നിങ്ങള്‍ക്ക് കൈവിലങ്ങുകളല്ലാതെ മറ്റൊന്നുമില്ല എന്നാണ് മാര്‍ക്സും ഏംഗല്‍സും തൊഴിലാളികളോട് പറഞ്ഞത്. ചന്ദ്രപ്പന്‍ തൊഴിലാളിയോട് പറയുന്നതാകട്ടെ, നിങ്ങളായിട്ട് സംഘടിച്ച് മുതലാളിയുടേതൊന്നും നഷ്ടപ്പെടുത്തരുതെന്നും.

മുതലാളിയോടൊട്ടി നിന്നും വിപ്ലവപ്പാര്‍ട്ടിയ്ക്ക് മുഖ്യമന്ത്രിയെ സൃഷ്ടിക്കാം എന്നു ലോകത്തിനു കാട്ടിക്കൊടുത്തു, ചന്ദ്രപ്പനും സംഘവും. മുല്ലപ്പൂമ്പൊടിയേറ്റാല്‍ കല്ലിനും സുഗന്ധമുണ്ടാകുമെന്ന പഴഞ്ചൊല്ലും വിശ്വസിച്ച് രാഷ്ട്രീയം കളിച്ചു നോക്കിയെങ്കിലുംകോണ്‍ഗ്രസ് എന്ന കരിങ്കല്ലിനടിയില്‍പ്പെട്ട് പാവം കമ്മ്യൂണിസ്റ്റ് മുല്ലപ്പൂചതഞ്ഞരഞ്ഞ ദയനീയകാഴ്ചയാണ് രാഷ്ട്രീയവിദ്യാര്‍ത്ഥികള്‍ക്കു മുന്നില്‍ അവശേഷിച്ചത്.

ഇന്ത്യയിലെ ഇരു കമ്മ്യൂണിസ്റ്റു പാര്‍ട്ടികളും ചേര്‍ന്നു നിന്നാല്‍ വിപ്ലവം നടത്താമെന്ന് ആരും വിശ്വസിക്കുന്നില്ല എന്നുറപ്പിച്ചു പറയുന്നുണ്ടെങ്കിലും, കോണ്‍ഗ്രസുമായി ചേര്‍ന്ന് വിപ്ലവം സാധ്യമാക്കാമെന്ന തിയറിയില്‍ എത്രപേര്‍ക്കു വിശ്വാസമുണ്ടെന്ന് ചന്ദ്രപ്പന്‍ തെളിവു നല്‍കുന്നില്ല. ബീഡിക്കുറ്റിപോലെ എരിഞ്ഞു തീരുന്ന സിപിഐയുമായുള്ള ചങ്ങാത്തം കൊണ്ട് സഖാവ് ദേശീയ ബൂര്‍ഷ്വാസിനല്ലപിള്ളയാകുമെന്ന വ്യാമോഹത്തിനാണ് താരതമ്യേന വിശ്വാസ്യത കുറവെന്നു തിരിച്ചറിയാനുള്ള വകതിരിവും ചന്ദ്രപ്പനില്ല.

സാമൂഹ്യാധീശത്വവും സാമ്പത്തിക മേല്‍ക്കോയ്മയും കയ്യടക്കിയ പ്രബലവര്‍ഗത്തിന്റെ രാഷ്ട്രീയമുഖമായ കോണ്‍ഗ്രസിനോടു തുടരുന്ന വിപ്രലംഭശൃംഗാരത്തിന്റെ പ്രത്യയശാസ്ത്ര പരിസരത്തു തന്നെയാണ് സിപിഐയുടെ ലാവലിന്‍ നിലപാടുകളുടെ ആണിക്കല്ലു തറഞ്ഞിരിക്കുന്നത്. യുക്തിഹീനവും ഉപരിപ്ലവവുമായ സിപിഐയുടെ ലാവലിന്‍ കാരണമറിയാന്‍ വേറൊരു പ്രതികരണത്തില്‍ നിന്നും തുടങ്ങണം.

സിപിഎം വളരുന്നതില്‍ സിപിഐ മോങ്ങുന്നതെന്തിന്
?

ജനപിന്തുണ വര്‍ദ്ധിപ്പിക്കാനും ജനസംഖ്യയില്‍ അമ്പതുശതമാനത്തിന്റെ പിന്തുണ നേടാനുംസിപിഎം ശ്രമിക്കുമെന്ന് പറഞ്ഞതുകേട്ട് ഏറ്റവും അരിശം കൊണ്ടത് സിപിഐയാണ്. തങ്ങളുടെ ജനപിന്തുണ വര്‍ദ്ധിപ്പിക്കാന്‍ ഏതു രാഷ്ട്രീയപ്രസ്ഥാനവും ശ്രമിക്കുക സ്വാഭാവികമാണ്. അതിന് ജനാധിപത്യവിരുദ്ധമായ മാര്‍ഗങ്ങള്‍ സ്വീകരിച്ചാല്‍ തീര്‍ച്ചയായും വിമര്‍ശിക്കപ്പെടുകയും ചെയ്യും. പക്ഷേ, ഇവിടെ കണ്ടത് അതല്ല. തങ്ങളുടെ ജനപിന്തുണ വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുമെന്ന് ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പറഞ്ഞയുടനെ മറ്റൊരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മൂലക്കുരു പൊട്ടി. അസ്വാഭാവികമായ ആ പ്രതികരണത്തിന്റെ ഉള്ളുകള്ളികള്‍ തേടാനാണ് ചന്ദ്രപ്പന്റെ ലാവലിന്‍ പ്രതികരണങ്ങള്‍ കീറിമുറിച്ചു പരിശോധിക്കേണ്ടത്.

ഇന്ത്യയില്‍ ഏറ്റവും പ്രബലവും സുസംഘടിതവുമായ ഇടതുപക്ഷ പ്രസ്ഥാനമാണ് സിപിഎം. ഇടതുപക്ഷാശയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ജനാധിപത്യമാര്‍ഗങ്ങളിലൂടെ ബഹുജനമുന്നേറ്റം സംഘടിപ്പിക്കാന്‍ ശേഷിയുള്ള സിപിഎമ്മിന്റെ ബഹുജനപിന്തുണ ഇടിച്ചു കളയേണ്ടത് വലതുപക്ഷശക്തികളുടെ ആവശ്യമാണ്. രണ്ടാമത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നഹങ്കരിക്കുന്ന സിപിഐയ്ക്കാകട്ടെ. ഇടതുപക്ഷാശയങ്ങള്‍ മുന്‍നിര്‍ത്തി ജനകീയ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് സ്വന്തം ശക്തി വര്‍ദ്ധിപ്പിക്കാനുള്ള ശേഷിയില്ല. 

വലതുപാളയത്തില്‍ നില്‍ക്കുന്നവരെ ഇടതുപക്ഷത്തേയ്ക്ക് ആകര്‍ഷിക്കും വിധം സ്വന്തം ആശയങ്ങള്‍ ആഴത്തില്‍ പ്രചരിപ്പിച്ച് ശക്തമായ ഇടതുപക്ഷപ്പാര്‍ട്ടിയായി സ്വയം വളരുക എന്ന ലക്ഷ്യമല്ല അവര്‍ക്കുള്ളത്. മറിച്ച്
, സിപിഎമ്മിന് സ്വാധീനമുള്ള സംസ്ഥാനങ്ങളില്‍ ആ പാര്‍ട്ടിയുടെ ജനപിന്തുണ ഇടിച്ചുതകര്‍ക്കുംവിധം വലതുപക്ഷത്തിനു വിടുപണി ചെയ്യുകയാണ് അവരില്‍ നിക്ഷിപ്തമായ കടമ.
തങ്ങളുടെ ജനപിന്തുണ വര്‍ദ്ധിപ്പിക്കാനുള്ള സിപിഎമ്മിന്റെ നീക്കങ്ങളില്‍ സിപിഐയുടെ ഉറക്കം പോകുന്നത് അതുകൊണ്ടാണ്. സിപിഎം ശക്തിപ്പെടുന്നത് തടയുക എന്ന വലതുപക്ഷ അജണ്ട സസന്തോഷം സിപിഐയും ഏറ്റെടുക്കുന്നു. ജനസ്വാധീനം വര്‍ദ്ധിപ്പിക്കുക എന്ന സിപിഎമ്മിന്റെ പ്രഖ്യാപിത ലക്ഷ്യത്തെ ചെറുക്കാന്‍ കിട്ടാവുന്ന ആയുധങ്ങളെല്ലാം ഉപയോഗിക്കുകയാണ് ചന്ദ്രപ്പന്‍.

വ്യാപകമായ കള്ളക്കഥകള്‍ മെനഞ്ഞ് പ്രചരിപ്പിച്ച് കേരളത്തില്‍ വ്യാജപൊതുബോധം സൃഷ്ടിച്ച ലാവലിന്‍ സ്വാഭാവികമായും അദ്ദേഹം കൈയിലെടുക്കുന്നു.
പിണറായിയുടെ സ്വഭാവഹത്യയ്ക്ക് ചന്ദ്രപ്പന്റെ ആര്‍പ്പുവിളി
സിപിഎമ്മിനെ തകര്‍ക്കാന്‍ കോണ്‍ഗ്രസും കോണ്‍ഗ്രസ് അനുകൂല മാദ്ധ്യമങ്ങളും തട്ടിക്കൂട്ടിയ കേസാണ് ലാവലിന്‍. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയെ ഒരു കേസിന്റെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി പൊതുസമൂഹത്തിനു മുന്നില്‍ സിപിഎമ്മിന്റെ ഊര്‍ജം കുത്തിച്ചോര്‍ത്തുക എന്നതായിരുന്നു കേസിന്റെ ലക്ഷ്യം.

എസ്എന്‍സി ലാവലിന്‍ എന്ന കനേഡിയന്‍ കമ്പനിയുമായി ഉണ്ടാക്കിയ കരാറിന്റെ യഥാര്‍ത്ഥശില്‍പിയായ ജി. കാര്‍ത്തികേയന്‍ മുതല്‍ മലബാര്‍ കാന്‍സര്‍ സെന്ററിന്റെ ധനസഹായം അട്ടിമറിച്ച കടവൂര്‍ ശിവദാസന്‍ വരെയുള്ള അഞ്ചു മന്ത്രിമാര്‍ ഉള്‍പ്പെട്ട കരാറാണത്. അവരില്‍ നിന്ന് പിണറായി വിജയനെ മാത്രം തിരഞ്ഞുപിടിച്ച് പ്രതിസ്ഥാനത്ത് നിര്‍ത്തിയതില്‍ നിന്നും അന്വേഷണത്തിലെ രാഷ്ട്രീയസ്വാധീനം ബോധ്യമാകും. കേരളത്തിലെയും കേന്ദ്രത്തിലെയും ഉന്നതരായ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അതില്‍ പങ്കുണ്ട്. വ്യക്തമായി പറഞ്ഞാല്‍ ചന്ദ്രപ്പന്റെ സ്വന്തം
സഖാവ് ദേശീയ ബൂര്‍ഷ്വാസിയാണ് ഈ കേസിന്റെ സൃഷ്ടാവ്.
ദേശീയബൂര്‍ഷ്വാസിയ്ക്കു വേണ്ട ആശയപരിസരം നിര്‍മ്മിക്കുന്ന മുഖ്യധാരാ മാദ്ധ്യമങ്ങളാണ് ലാവലിന്‍ വിവാദം കത്തിച്ചുയര്‍ത്തിയത്. ഹീനമായ കള്ളക്കഥകള്‍ സ്വന്തമായി മെനഞ്ഞു പ്രചരിപ്പിച്ചാണ് അവര്‍ ആ ദൌത്യം ഏറ്റെടുത്തത്. പിണറായി വിജയനെ സ്ഥാനഭ്രഷ്ടനാക്കാന്‍ വ്രതമെടുത്ത് കാവടി തുള്ളിയ 'യഥാര്‍ത്ഥ' കമ്മ്യൂണിസ്റ്റുകളുടെ പിന്തുണയും അവര്‍ക്കു കിട്ടി.

ഇവര്‍ക്കൊക്കെ ഒറ്റലക്ഷ്യമേയുണ്ടായിരുന്നുള്ളൂ. സിപിഎമ്മിനെ സമ്മര്‍ദ്ദത്തിലാഴ്‌ത്തി സംസ്ഥാന സെക്രട്ടറിയെ നീക്കം ചെയ്യുക. അതിനുവേണ്ടി മാന്യതയുടെയും മര്യാദയുടെയും എല്ലാ സീമകളും നിര്‍ലജ്ജം ലംഘിക്കപ്പെട്ടു. ഇന്ന് സിപിഎമ്മിനെ മര്യാദപഠിപ്പിക്കാനിറങ്ങിയവരാരും ഒരിറ്റു മര്യാദ സിപിഎമ്മിനോടു കാണിക്കൂ എന്ന് അന്ന് ആരോടും പറഞ്ഞില്ല. പിണറായി വിജയനെ സ്ഥാനഭ്രഷ്ടനാക്കുന്നതിനും സിപിഎമ്മിനെ കളങ്കിതമാക്കുന്നതിനും വേണ്ടി ലാവലിന്‍ വിവാദം ഉണ്ടാക്കി, പ്രചരിപ്പിച്ചവര്‍ ആഗ്രഹിച്ച പ്രശ്നപരിഹാരം ചന്ദ്രപ്പനും നിര്‍ദ്ദേശിക്കുമ്പോള്‍, അദ്ദേഹം ആരുടെ വിടുപണിയാണ് ചെയ്യുന്നത് എന്നു വ്യക്തമാകുന്നു.

ചന്ദ്രപ്പന്റെ ചാരുകസേര ന്യായങ്ങള്‍ ആര്‍ക്കുവേണ്ടി
?


അങ്ങേയറ്റം യുക്തിഹീനവും അപഹാസ്യവുമായ ന്യായങ്ങളാണ് ലാവലിന്‍ സംബന്ധിച്ച് ചന്ദ്രപ്പന്‍ അവതരിപ്പിക്കുന്നത്. അങ്ങേയറ്റം കഠിനാധ്വാനം ചെയ്താണ് സിപിഎം തങ്ങളുടെ ഭാഗം പൊതുസമൂഹത്തിനു മുന്നില്‍ വിശദീകരിച്ചത്. ഓരോ ആരോപണത്തെയും ഇഴതിരിച്ചു വസ്തുത വിശദീകരിക്കുക മാത്രമല്ല സിപിഎം ചെയ്തത്, വിവാദവുമായി ബന്ധപ്പെട്ട് കൃത്രിമമായി തയ്യാറാക്കി പ്രചരിപ്പിച്ച കള്ളക്കഥകള്‍ കയ്യോടെ പിടിച്ച് പൊളിച്ചടുക്കുകയും ചെയ്തു.

ആ വിശദീകരണങ്ങളെ അപ്രസക്തമാക്കുന്ന യുക്തിയോ വസ്തുതയോ ആഴമേറിയ നിരീക്ഷണങ്ങളോ വിലയിരുത്തലോ ചന്ദ്രപ്പന്‍ കൊണ്ടുവരുന്നുവെങ്കില്‍ അതിനു ചെവി കൊടുക്കുക തന്നെ വേണം. പക്ഷേ
, അതല്ല അദ്ദേഹം ചെയ്തത്. ഏത് വഴിപോക്കനും തുപ്പിത്തെറിപ്പിക്കാവുന്ന തൊടുന്യായങ്ങള്‍ നിരത്തി അദ്ദേഹം പിണറായിവേട്ടയ്ക്ക് രംഗത്തിറങ്ങി.

ലാവലിന്‍ കേസ് ഇടതുമുന്നണിയുടെ വിശ്വാസ്യതയെ ബാധിക്കുന്നുണ്ടോയെന്ന കാര്യം സിപിഎം ആലോചിക്കണം”, “ലാവലിന്‍ വിഷയം രാഷ്ട്രീയമായും സംഘടനാപരമായും നേരിടുമെന്ന നിലപാട് ജനങ്ങള്‍ അംഗീകരിക്കുമോയെന്ന് ആലോചിക്കണം എന്നിങ്ങനെ പോകുന്നു, ചന്ദ്രപ്പന്‍ നിര്‍ദ്ദേശിക്കുന്ന കുറിപ്പടി.

സിപിഎം സംസ്ഥാന സമ്മേളനം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് മാതൃഭൂമി ലേഖകന്‍ വി. ബി. ഉണ്ണിത്താനോട് ചന്ദ്രപ്പന്‍ ഇങ്ങനെ പറഞ്ഞു...
ചോദ്യം - ലാവലിന്‍ വിഷയത്തില്‍ സിപിഎമ്മിന്റെ നിലപാടു ശരിയായിരുന്നോ?

ഉത്തരം - സിപിഎമ്മിന്റെ നിലപാട് ഒട്ടും ശരിയായിരുന്നില്ല. ലാവലിന്‍ വിഷയത്തെ രാഷ്ട്രീയമായി നേരിടുമെന്നു പറഞ്ഞത് വളരെ മോശമായിപ്പോയി. പണ്ട് ചില ആരോപണങ്ങളുണ്ടായപ്പോള്‍ എം എന്‍ ഗോവിന്ദന്‍ നായരും ടി വി തോമസും പോയ വഴിയായിരുന്നു പിണറായി വിജയനും നല്ലത്.
വരദാചാരിയുടെ തല ഏറ്റെടുത്ത് ആഘോഷിച്ച, ദീപക് കുമാര്‍ എന്ന കള്ളസാക്ഷിയെ മുന്‍നിര്‍ത്തി കള്ളക്കളി കളിച്ച മാതൃഭൂമിയാണ് ചന്ദ്രപ്പനോട് ലാവലിന്‍ വിഷയത്തില്‍ സിപിഎമ്മിന്റെ നിലപാടു ശരിയായിരുന്നോ എന്ന പരിഹാസ്യമായ ചോദ്യം ചോദിച്ചത്. സിപിഎമ്മിന്റേതല്ല, മാതൃഭൂമിയുടെ നിലപാടായിരുന്നു തെറ്റ് എന്നു പറയാനുള്ള അറിവോ ആര്‍ജവമോ ചന്ദ്രപ്പനില്ല. അതുകൊണ്ട് എംഎന്‍ - ടിവി താരതമ്യത്തിലൂടെ അദ്ദേഹം സിപിഎമ്മിന്റെ മേല്‍ മെക്കിട്ടു കയറുന്നു.

വസ്തുതാപരമായി ഒരു നിലനില്‍പ്പുമില്ലാത്ത ഒരസംബന്ധ താരതമ്യമാണ് എംഎന്‍ - ടിവി ഉദാഹരണം. 1967ലെ ഇഎംഎസ് മന്ത്രിസഭയുടെ കാലത്ത് അഴിമതിയാരോപണമുണ്ടായപ്പോള്‍ എംഎന്നും ടിവി തോമസും മന്ത്രിപദമേ രാജിവെച്ചുള്ളൂ. സിപിഐയുടെ ഒരു സംഘടനാചുമതലയും അവര്‍ ഒഴിഞ്ഞിട്ടില്ല. തെരഞ്ഞെടുക്കപ്പെട്ട പദവികളേതെങ്കിലും പിണറായി വഹിച്ചിരുന്നുവെങ്കില്‍, അതു രാജിവെയ്ക്കുമായിരുന്നു എന്നു സിപിഎം അസന്നിഗ്ധമായി പ്രഖ്യാപിച്ചിട്ടുമുണ്ട്. 

മന്ത്രിയായിരുന്നുവെങ്കില്‍ പിണറായി എംഎന്‍ - ടിവി കീഴ്‌വഴക്കം തന്നെ സ്വീകരിക്കുമായിരുന്നു എന്നു നിശ്ചയം. അക്കാര്യം സുവ്യക്തമായിരിക്കെ
, അഴിമതിയാരോപണത്തിന്റെ പേരില്‍ സിപിഎമ്മിന്റെ സംഘടനാചുമതല ഒഴിയണമെന്ന് എംഎന്‍ - ടിവി പേരുകള്‍ ചൂണ്ടി എന്തിനാണ് ചന്ദ്രപ്പന്‍ വാശിപിടിക്കുന്നത്?

പിണറായി വിജയന്‍ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി പദം ഒഴിയണം എന്ന രഹസ്യമോഹം വെച്ചുപുലര്‍ത്തുന്നവരില്‍ ചന്ദ്രപ്പനുമുണ്ട്. ആ ലക്ഷ്യമുള്ള പലരും പലവിധ ന്യായങ്ങള്‍ നിരത്തി സമ്മര്‍ദ്ദസൃഷ്ടിയ്ക്ക് തങ്ങളുടെ സംഭാവന ആവോളം നല്‍കി. അക്കൂട്ടത്തില്‍ ചന്ദ്രപ്പന്റെ സംഭാവനയാണ് എംഎന്‍-ടിവി അസംബന്ധ താരതമ്യം. സിപിഐയുടെ ജനപിന്തുണ വര്‍ദ്ധിപ്പിക്കാനല്ല, മറിച്ച് സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയെ സ്ഥാനഭ്രഷ്ടനാക്കാനുള്ള നീക്കം ചെയ്യാനുള്ള ഉപജാപങ്ങളില്‍ സസന്തോഷം അണിചേരാനാണ് ചന്ദ്രപ്പന്‍ സിപിഐയുടെ സംസ്ഥാനസെക്രട്ടറി പദമേറ്റത്.

രാഷ്ട്രീയമായി ലാവലിന്‍ കേസിനെ സിപിഎം നേരിട്ടത് ശരിയായില്ല എന്നത്രേ ചന്ദ്രപ്പമതം! ഇപ്പറഞ്ഞതുകൊണ്ട് എന്താണ് അര്‍ത്ഥമാക്കിയത് എന്ന് ചാനലുകാര്‍ കുത്തിക്കുത്തിച്ചോദിച്ചിട്ടും ചന്ദ്രപ്പന്‍ വ്യക്തമായ മറുപടി പറഞ്ഞിട്ടില്ല. ലാവലിന്‍ കേസിനെ സിപിഎം രാഷ്ട്രീയമായി നേരിട്ടപ്പോള്‍ പരിക്കുപറ്റിയതും മുഖം നഷ്ടപ്പെട്ടതും ആരെന്നും അവരുമായി ചന്ദ്രപ്പന്റെ ചാര്‍ച്ചയെന്ത് എന്നും പരിശോധിച്ചാല്‍ ചന്ദ്രപ്പന്യായത്തിന്റെ ഗുട്ടന്‍സു പിടികിട്ടും.

ലാവലിന്‍ കേസില്‍ ചന്ദ്രപ്പന്റെ സ്വന്തം ദേശീയ ബൂര്‍ഷ്വാസി നടത്തിയ ഗൂഢാലോചനയുടെ ഉള്ളുകള്ളികളാണ് ആദ്യം പൊളിഞ്ഞുവീണത്. ഫൌണ്ടര്‍ ഓഫ് ദി കോണ്‍സ്പിറസിഎന്ന വിളിപ്പേര് ചാര്‍ത്തിയശേഷം വന്‍വ്യാഖ്യാനക്കസര്‍ത്തുകള്‍ നടത്തിയാണ് കാര്‍ത്തികേയനെ പ്രതിപ്പട്ടികയില്‍ നിന്ന് സിബിഐ ഒഴിവാക്കിയത്. കാന്‍സര്‍ സെന്ററിന്റെ സഹായം അട്ടിമറിച്ച കടവൂരിനെ സാക്ഷിപ്പട്ടികയില്‍ നിന്നുപോലും മാറ്റിനിര്‍ത്തി. കേസ് ആദ്യാവസാനം പിന്തുടരുന്നവര്‍ക്ക് ഇതൊക്കെ ഇന്ന് മനപ്പാഠമാണ്.

മനോരമയും മാതൃഭൂമിയുമാണ് സിപിഎമ്മിന്റെ പ്രത്യാക്രമണത്തില്‍ മുഖം നഷ്ടപ്പെട്ട മഹാഭീമന്മാര്‍. കള്ളക്കഥകള്‍ നിര്‍ലോഭമായി ചമച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെ ജനശത്രുക്കളാക്കാന്‍ 1957 മുതല്‍ അധ്വാനിച്ച ഈ പത്രങ്ങള്‍ക്ക് ലാവലിന്‍ വിവാദത്തിലും ചുമതല അതുതന്നെയായിരുന്നു. ക്രൈം എന്ന അശ്ളീലവാരികയില്‍ നട്ടുവളര്‍ത്തി, മനോരമയും മാതൃഭൂമിയും ഏറ്റുപാടിയ നുണകള്‍ തൊണ്ടിയോടെ പിടിച്ച് പൊതുസമൂഹത്തിനു മുന്നില്‍ ഹാജരാക്കി. 374 കോടിയുടെ അഴിമതി, സിംഗപ്പൂരിലെ കമല ഇന്റര്‍നാഷണല്‍, വരദാചാരിയുടെ തല പരിശോധന, ഫയല്‍ മുക്കല്‍, രാജഗോപാലന്റെ കൊലപാതകം, ദീപക് കുമാര്‍ നേരിട്ടു കണ്ട കൊലപാതകവും കൈക്കൂലി കൊടുക്കലും... പൊളിഞ്ഞു വീണത് അങ്ങനെ എത്ര കഥകള്‍.

ഈ കള്ളക്കഥകളെ സിപിഎം പൊളിച്ചടുക്കിയതു വഴി വിശ്വാസ്യത നഷ്ടപ്പെട്ട മാദ്ധ്യമങ്ങളുടെ ജാള്യത മറയ്ക്കാന്‍ കൂടിയാണ് ചന്ദ്രപ്പന്റെ എഴുന്നള്ളത്ത്. ദീപക് കുമാര്‍ എന്ന ദൃക്സാക്ഷിയെ അവതരിപ്പിച്ച് പരിഹാസ്യരായ മാതൃഭൂമി വഴിയാണ് ചന്ദ്രപ്പന്റെ ലാവലിന്‍ അഭിപ്രായം പൊതുമണ്ഡലത്തിലെത്തിയത് എന്നോര്‍ക്കുക. ലാവലിന്‍ കേസിനെ സംബന്ധിച്ച് യഥാര്‍ത്ഥത്തില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിക്കാന്‍ ചന്ദ്രപ്പനടക്കം രംഗത്തിറങ്ങേണ്ടിവരുന്നു. വരദാചാരിയുടെ തലയെയും ദീപക് കുമാറിനെയുമൊക്കെക്കുറിച്ച് പൊതുമണ്ഡലത്തില്‍ നടക്കേണ്ട ചര്‍ച്ചയെ ഗളഹസ്തം ചെയ്യാനാണ് ആ വരവ്. അതു തിരിച്ചറിയുന്നവരില്‍ നിന്ന് സ്വാഭാവികമായും രൂക്ഷമായ വിമര്‍ശനം ചന്ദ്രപ്പനും സംഘവും നേരിടേണ്ടിവരുന്നു.

ലേഖനങ്ങളും ലഘുലേഖകളും സെമിനാറുകളും പൊതുയോഗങ്ങളുമടക്കമുള്ള ബഹുജനവിദ്യാഭ്യാസ പരിപാടിയിലൂടെയാണ് സിപിഎം തങ്ങളുടെ രാഷ്ട്രീയ പ്രത്യാക്രമണം സംഘടിപ്പിച്ചത്. സിഎജിയുടെ കരട് റിപ്പോര്‍ട്ടിനെ ഏകപക്ഷീയമായി വ്യാഖ്യാനിച്ചും സ്വന്തമായി കള്ളക്കഥകള്‍ നിര്‍മ്മിച്ചും സിബിഐ റിപ്പോര്‍ട്ടിലെ നിഗമനങ്ങള്‍ നിഷ്പക്ഷവിശകലനം ചെയ്യാതെ ബഹുവര്‍ണത്തില്‍ അലങ്കരിച്ചു പ്രദര്‍ശിപ്പിച്ചും മാദ്ധ്യമങ്ങള്‍ നിര്‍മ്മിച്ച വ്യാജമായ പൊതുബോധ്യത്തെ ഇങ്ങനെയല്ലാതെ, പിന്നെങ്ങനെയാണ് ഒരു ജനാധിപത്യപ്രസ്ഥാനം അതിജീവിക്കാന്‍ ശ്രമിക്കേണ്ടത്? ഇതെങ്ങനെയാണ് കുറ്റകരമാകുന്നത്?

മഹാമാദ്ധ്യമങ്ങള്‍ക്കു തലച്ചോറു തീറെഴുതിയവരില്‍ സിപിഎമ്മിന്റെ അണികളും നേതാക്കളും പോലുമുണ്ട്. സമര്‍പ്പിതവും നിരന്തരവുമായ ബഹുജനവിദ്യാഭ്യാസത്തിലൂടെ മാത്രമേ അവരെ തിരുത്തി ഒപ്പം നിര്‍ത്താനാവൂ. ശ്രമകരമായ ആ ദൌത്യം ക്ലേശകരമായി നിര്‍വഹിക്കുന്ന വേളയിലാണ് ചന്ദ്രപ്പന്റെ ഒളിയമ്പുകള്‍ സിപിഎമ്മിനുമേല്‍ പതിച്ചത്. കള്ളക്കേസുണ്ടാക്കിയ കോണ്‍ഗ്രസിനും കള്ളക്കഥകള്‍ പാടിപ്പരത്തിയ മാദ്ധ്യമങ്ങള്‍ക്കും വേണ്ടി ഇടതുപാളയത്തിലിരുന്ന് ചെയ്ത ഈ വിടുപണിയിലൂടെ ചന്ദ്രപ്പന്റെ യഥാര്‍ത്ഥ രാഷ്ട്രീയം മറനീക്കി പുറത്തുവരുന്നു.
ലാവലിന്‍ കേസിനെ രാഷ്ട്രീയമായി പ്രതിരോധിക്കുക വഴി ഒട്ടേറെ വിഷയങ്ങള്‍ പൊതുസമൂഹത്തിനു മുന്നില്‍ സിപിഎം ഉയര്‍ത്തി. നിഷ്പക്ഷ മുഖംമൂടിയണിഞ്ഞ മാദ്ധ്യമങ്ങള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ വേട്ടയാടാന്‍ സ്വീകരിക്കുന്ന വഴികള്‍ ഞെട്ടലോടെയാണ് കേരളത്തിലെ പുതുതലമുറ കണ്ടത്.

ഭരണഘടനാസ്ഥാപനങ്ങളെയും കോടതികളെയും സ്വാധീനിക്കാനും തെറ്റിദ്ധരിപ്പിക്കാനും ഉപയോഗിക്കുന്ന അമാന്യമായ വഴികളും സമൂഹത്തിനു മുന്നില്‍ തെളിഞ്ഞുവന്നു. ഇതിനെതിരെയുള്ള സമരത്തിലോ സംവാദത്തിലോ സിപിഐയോ ചന്ദ്രപ്പനോ ഉണ്ടായിരുന്നില്ല. കള്ളക്കഥകള്‍ ചമയ്ക്കുന്ന മാദ്ധ്യമങ്ങള്‍ക്കെതിരെ ഒരു വാക്കും ഓര്‍മ്മത്തെറ്റായിപ്പോലും ചന്ദ്രപ്പന്റെ നാവില്‍ നിന്ന് വീഴില്ല.

മാദ്ധ്യമസിന്‍ഡിക്കേറ്റുണ്ടോഎന്ന പത്രലേഖകരുടെ ചോദ്യത്തിന്, “ഞങ്ങളും നിങ്ങളും ഒരു സിന്‍ഡിക്കേറ്റല്ലേഎന്ന ആലോചനാമൃതമായ മറുപടി എത്ര അനായാസവും സ്വാഭാവികവുമായാണ് പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞത്!

വലതുപക്ഷ സമൂഹത്തില്‍ നിന്ന് സിപിഎമ്മിനെതിരെ അതിശക്തവും ഏകോപിതവുമായ ആക്രമണമുണ്ടാകുമ്പോള്‍ പ്രതിരോധിക്കാനും പ്രത്യാക്രമണത്തിനും സിപിഐ ഉണ്ടാകില്ല എന്നുമാത്രമല്ല, സ്വന്തം പാളയത്തില്‍ നിന്നുകൊണ്ട് ഒറ്റാനും ഒളിയമ്പെയ്യാനും ചന്ദ്രപ്പനും സംഘവും മടിക്കുകയുമില്ല. അതാണ് ഈ വിവാദം ബാക്കിവെയ്ക്കുന്ന പാഠം. സുശക്തവും സുദൃഢവുമായ സിപിഎമ്മിന്റെ ബഹുജനസ്വാധീനം തകര്‍ക്കാനുള്ള ദേശീയ ബൂര്‍ഷ്വാസിയുടെ ക്വട്ടേഷനുമായാണ് ചന്ദ്രപ്പന്‍ എംഎന്‍ സ്മാരകത്തിലെ ചെങ്കോലും കിരീടവും തലയിലേറ്റിയത്. അതു കൈയോടെ പിടിക്കപ്പെട്ട സാഹചര്യത്തില്‍ ചുണ്ണാമ്പു തേച്ച് കഴുതപ്പുറത്തിരുത്തി ദേശീയ ബൂര്‍ഷ്വാസിയുടെ പാളയത്തിലേയ്ക്ക് അദ്ദേഹത്തിന് ആചാരപരമായ യാത്രയയപ്പു നല്‍കാനുള്ള കടമ സധൈര്യം ഏറ്റെടുക്കുകയാണ് ഇടതുപക്ഷസമൂഹം ചെയ്യേണ്ടത്.

No comments: