Monday, April 09, 2012

മരണം ബാക്കിയാക്കുന്ന ചോദ്യങ്ങള്‍... അനുസ്മരണങ്ങളും!


മരിക്കുന്നതിനു മുമ്പ് തന്റെ വക ഒരമ്പു കൂടി പിണറായി വിജയന്റെ നെഞ്ചിലിരിക്കട്ടെ എന്ന ക്രൂരമായ ശാഠ്യം എന്തിനായിരുന്നുവെന്ന് ഇനി ആരോടാണു സഖാവേ, ഞങ്ങള്‍ ചോദിക്കേണ്ടത്? മരണംആസന്നമാണെന്നറിയുമ്പോള്‍ ശത്രുക്കളോടു പോലും ക്ഷമിക്കുന്നവരാണല്ലോ സാധാരണ മനുഷ്യര്‍. അങ്ങാകട്ടെ, അസാധാരണമായ സദ്ഗുണ വിശേഷങ്ങള്‍ക്കുടമയും. നന്മയുടെ പൂമരവും മാനവികതയുടെ ചെമ്പകവും കാരുണ്യത്തിന്റെ കടമ്പുമരവുമായി വാഴ്ത്തപ്പെടുന്ന അങ്ങേയ്ക്ക് പിണറായി വിജയനോട് പൊറുക്കാമായിരുന്നില്ലേ?

 സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയെന്നുളള ആദരവോ ഒരു കമ്മ്യൂണിസ്റ്റുകാരനെന്നുളള അംഗീകാരമോ പിണറായിയ്ക്കു നല്‍കാന്‍ അങ്ങേയ്ക്കോ അങ്ങയുടെ ആരാധകര്‍ക്കോ കഴിയില്ല എന്നറിയാം. എങ്കിലും ഒരു മനുഷ്യനെന്ന മര്യാദ പിണറായി അര്‍ഹിക്കുന്നില്ലേ. പ്രപഞ്ചത്തിലെ സകല ചരാചരങ്ങളോടും സൌമ്യതയോടെ പെരുമാറിയ അങ്ങ് എന്തിനാണ് പിണറായിയോടു മാത്രം ഇത്രമേല്‍ പരുക്കനായത്?

 അഴിക്കോട് വേദനിപ്പിച്ചവരെയും അഴിക്കോടിനെ വേദനിപ്പിച്ചവരെയും അര്‍ബുദം അദ്ദേഹത്തിന്റെ മരണക്കിടക്കയിലെത്തിച്ചതു നാം കണ്ടു. തലയ്ക്കല്‍ കാത്തുനിന്ന മരണത്തെ സാക്ഷി നിര്‍ത്തിയായിരുന്നല്ലോ, അവര്‍ പരസ്പരം സകല കാലുഷ്യങ്ങളും കണ്ണുനീരില്‍ ഒഴുക്കിക്കളഞ്ഞത്. അങ്ങയുടെ നന്മയും ഹൃദയവിശാലതയും ഓരോ തവണയും അനുസ്മരിക്കപ്പെടുമ്പോള്‍, ആ ചോദ്യം വീണ്ടും മുഴങ്ങുന്നു: അര്‍ബുദം ബാക്കിയാക്കിയ കരുത്തു മുഴുവന്‍ ആവാഹിച്ച് പിണറായി വിജയനെന്ന സഹപ്രവര്‍ത്തകനെ ദുരാരോപണത്തിന്റെ കരിനിഴലിലേയ്ക്ക് ഉന്തിത്തളളാന്‍ അന്ത്യനാളുകളില്‍ അങ്ങു കാണിച്ച ആ അത്യുല്‍സാഹം ഒഴിവാക്കാമായിരുന്നില്ലേ? എന്തിനായിരുന്നു സഖാവേ, ആ പത്രസമ്മേളനം?

 ജീവിതം തുടങ്ങിയ കാലത്തേ അങ്ങ് സാഹസികനായിരുന്നു. ഗോവന്‍ സമരകാലത്ത് നിറതോക്കിനു നേരെ നെഞ്ചു വിരിക്കുമ്പോള്‍ മരണത്തെ അങ്ങു ഭയന്നില്ല. നട്ടെല്ലില്‍ മാരകവേദനയുടെ ഉമിത്തീയെരിച്ച് മരണം ജീവിതത്തിന് വില പറഞ്ഞപ്പോഴും അങ്ങു സാഹസികത കൈവിട്ടില്ല. പിണറായി വിജയനെ വിമര്‍ശിക്കുകയോ പുലഭ്യം പറയുകയോ ചെയ്യുന്നത് മഹാസാഹസമാണ് എന്ന അര്‍ത്ഥത്തിലല്ല ഇതെഴുതുന്നത്. അതൊക്കെ അങ്ങേയ്ക്കു മുമ്പും എത്രയോ പേര്‍ എത്രയോ ക്രൂരമായി ചെയ്തിട്ടുണ്ട്. അശ്ളീല വാരിക നടത്തുന്നവനും ചീഫ് വിഴുപ്പും പിന്നെ കളളക്കഥയെഴുതാന്‍ കരളുറപ്പുളള മനോരമയിലെയും മാതൃഭൂമിയിലെയും കഴുതപ്പുലികളും ചെയ്തതിന്റെ ഏഴയലത്തു വരുന്നതല്ല അക്കാര്യത്തില്‍ അങ്ങയുടെ സാഹസികത. എങ്കിലും, മുന്നിലെത്തിയ മരണം കണ്ണു ചിമ്മിയ നേരം നോക്കി സഹപ്രവര്‍ത്തകന്റെ കഴുത്തില്‍ വീണ അപവാദത്തിന്റെ കുടുക്കു മുറുക്കിയ ക്രൂരമായ സാഹസികതയ്ക്ക് കിടനില്‍ക്കാന്‍ അതിനൊക്കെ കഴിയുമോ എന്ന സന്ദേഹം ബാക്കിയാകുന്നു. പിണറായിയോട് ഇത്ര സാഹസികത വേണമായിരുന്നോ?
പിണറായിയുടെ ധാര്‍ഷ്ട്യത്തിനു കീഴടങ്ങാത്തവന്‍ എന്നാണ് അനുസ്മരണങ്ങളില്‍ അങ്ങേയ്ക്കുളള വാഴ്ത്തുമൊഴി. അപാരമായ ധീരതയാണത്രേ അത്. പക്ഷേ, സഖാവേ, അങ്ങു കൊട്ടിത്തുടങ്ങിയപ്പോള്‍ പിണറായി വിജയന്‍ പാതയോരത്തു തൂക്കിയ വെറും വഴിച്ചെണ്ടയായി മാറിക്കഴിഞ്ഞിരുന്നു. അങ്ങു രംഗത്തിറങ്ങുന്നതിനും എത്രയോ മുമ്പേ എത്രയോപേര്‍ ഈ സാഹസം ചെയ്തതാണ്. ഒരശ്ളീലസാഹിത്യകാരന്‍ കൊളുത്തിയ ദീപശിഖ ചാനലുകളില്‍ നിന്ന് ചാനലുകളിലേയ്ക്കു പകര്‍ന്ന് അങ്ങയുടെ പാര്‍ട്ടിയുടെ അഭിഭാഷക സംഘടനയുടെ നേതാവ് വര്‍ഷങ്ങളായി ആ സാഹസികത വെച്ചുനടത്തുകയാണ്. പിണറായിയുടെ കുടുംബത്തെപ്പോലും വെറുതെ വിടാതെ അദ്ദേഹം ദിനേനെ നടത്തുന്ന ഭര്‍ത്സനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ എത്രയോ താഴെയാണ് സഖാവേ, താങ്കളുടെ പിണറായി വിരുദ്ധ സാഹസം.
അങ്ങയുടെ ചേതനയറ്റ ശരീരം എംഎന്‍ സ്മാരകത്തില്‍ പൊതുദര്‍ശനത്തിനു കിടത്തിയപ്പോള്‍, തന്റെ നിലവാരത്തിലേയ്ക്ക് ഒടുവില്‍ സഖാവും എത്തിയെന്ന വാരാന്ത്യക്കാരന്റെ ഹുങ്കാണ് ചാനലുകള്‍ പൊതുദര്‍ശനത്തിനു വെച്ചത്. ഒപ്പം കൂട്ടാന്‍ കൊളളാത്തവരും വീട്ടില്‍ കയറ്റാന്‍ കൊളളാത്തവരും ഒളിഞ്ഞുനോട്ടക്കാരുമൊക്കെ നിരന്നു നിന്ന് അങ്ങയുടെ ജീവിതത്തെ വാഴ്ത്തുമ്പോള്‍, ഈ ഗതി ശത്രുക്കള്‍ക്കുപോലും വരരുതേയെന്ന് ആരും പ്രാര്‍ത്ഥിച്ചുപോകും.
പറഞ്ഞു വന്നാല്‍ അങ്ങയുടെയത്ര സാഹസികനൊന്നുമല്ല പിണറായി വിജയന്‍. തനിക്കെതിരെ പാഞ്ഞുവന്ന അപവാദങ്ങള്‍ക്ക് കീഴടങ്ങേണ്ടതില്ല എന്നു മാത്രമേ അദ്ദേഹം തീരുമാനിച്ചുളളൂ. ഒരു കൊച്ചുമനുഷ്യന്റെ, അദ്ദേഹത്തിനു പിന്തുണ നല്‍കിയ ഒരു ചെറിയ പാര്‍ട്ടിയുടെ ആ പ്രവൃത്തിയ്ക്കു നേരെ അങ്ങയെപ്പോലെ വലിയൊരു മനുഷ്യനു നിഷ്പ്രയാസം കണ്ണടയ്ക്കാമായിരുന്നു. അടിയന്തരാവസ്ഥക്കാലത്തു നടമാടിയ എത്രയോ അത്യാചാരങ്ങള്‍ക്കു നേരെ സൌമനസ്യത്തോടെ കണ്ണുകളടച്ച അങ്ങേയ്ക്ക് ഇതും അവഗണിക്കാമായിരുന്നു. ആര്‍ത്തലയ്ക്കുന്ന കൊടുങ്കാറ്റിനു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ ഒരൊറ്റമരം കാണിക്കുന്ന സാഹസികതയോടു ഉപമിച്ച് കണ്ടില്ലെന്നു നടിക്കാമായിരുന്നു. ഇത്തരം (ദുഃ)സ്വാതന്ത്ര്യങ്ങളൊക്കെ എടുക്കാനുളള സ്വാതന്ത്ര്യം അനുവദിച്ചു കൊടുക്കാമായിരുന്നില്ലേ... അതു ചെയ്തിരുന്നുവെങ്കില്‍ അങ്ങയുടെ വിശാലമനസ്കത ഇനിയുമെത്രയോ ഉയരങ്ങളിലെത്തുമായിരുന്നു.
ചോര വീഴ്ത്തിയല്ല, തന്റെ ഹൃദയത്തില്‍ നിന്ന് ഒരു തുളളി ചോര പൊടിയാതെ സൂക്ഷിച്ചാണ് പിണറായി സാഹസികനായത്. തലകള്‍ കൊയ്തതിലല്ല, സ്വന്തം ശിരസ് താഴാതെ കാത്തുവെച്ചതിലാണ് അദ്ദേഹത്തിന്റെ സാഹസികത. ജന്മനാ അതിസാഹസികനായ അങ്ങ്, പിണറായിയെപ്പോലൊരു ചെറിയ മനുഷ്യന്റെ കൊച്ചുകൊച്ചു സാഹസികതകള്‍ പൊറുത്തിരുന്നുവെങ്കില്‍ എന്നാശിക്കുന്നതില്‍ എന്താണ് സഖാവേ, അപാകത?
തീര്‍ച്ചയായും സഖാവേ, അങ്ങയുടെ ജീവിതഗരിമയ്ക്കു മുന്നില്‍ പിണറായിയൊന്നും ഒന്നുമല്ല. എന്നാലും ഒരു മനുഷ്യനല്ലേ. അങ്ങയുടെ സഹപ്രവര്‍ത്തകന്‍. അന്തസ്, ആത്മാഭിമാനം എന്നിവയൊക്കെ ആ മനുഷ്യനും ഉണ്ടാവുകയില്ലേ. ദുരാരോപണങ്ങളില്‍ പതറിപ്പോകാതെ സംഘടനയെ നയിച്ചതിന്റെ പേരില്‍ നല്ല വാക്കൊന്നും പറഞ്ഞില്ലെങ്കിലും കുത്തിനോവിക്കാതിരിക്കാമായിരുന്നു.
വേട്ടപ്പട്ടികളും അവരെ അയച്ചവരും മടുത്തു തുടങ്ങിയപ്പോഴായിരുന്നല്ലോ അങ്ങയുടെ രംഗപ്രവേശം. സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി 374 കോടി രൂപയുടെ അഴിമതി നടത്തി എന്ന ആരോപണം കത്തിപ്പടര്‍ന്നകാലത്ത്, പിണറായി രാജിവെയ്ക്കണം എന്നു തന്റേടത്തോടെ ആവശ്യപ്പെടാന്‍ അങ്ങുണ്ടായിരുന്നില്ല. സിബിഐയുടെ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട കാലത്തും അങ്ങേയുടെ നട്ടെല്ലിന്റെ ഉറപ്പും കാഠിന്യവും കാണാനുളള ഭാഗ്യമുണ്ടായില്ല. എംഎന്‍ ഗോവിന്ദന്‍ നായരുടെയും ടിവി തോമസിന്റെയും പാതയാണ് പിണറായി വിജയന്‍ പിന്തുടരേണ്ടത് എന്ന് തന്റേടത്തോടെ അന്ന് അങ്ങു പറഞ്ഞിരുന്നുവെങ്കില്‍ ഒരു പക്ഷേ, അദ്ദേഹം അനുസരിക്കുമായിരുന്നു. ചരിത്രത്തില്‍ അങ്ങയുടെ വലിപ്പം അറിയാത്ത ആളല്ലല്ലോ പിണറായി വിജയന്‍.
പക്ഷേ, അങ്ങതു പറഞ്ഞതോ, പിണറായി അഴിമതി നടത്തിയതിന് ഒരു തെളിവുമില്ലെന്ന് അസന്നിദ്ധമായി സിബിഐ തന്നെ കോടതിയില്‍ തുറന്നു പറഞ്ഞതിനുശേഷം. മാധ്യമങ്ങള്‍ മുഴുവന്‍ തോറ്റു പിന്‍വാങ്ങിയ ശേഷം. ഉപജാപകരുടെ പത്തി താഴ്ന്ന ശേഷം... ഒഴിവാക്കാമായിരുന്നില്ലേ, സഖാവേ... ആ രംഗപ്രവേശവും പരാമര്‍ശങ്ങളും.
പിണറായി വിജയനെതിരെ താങ്കള്‍ നടത്തിയ ആക്രമണം ഇല്ലായിരുന്നുവെങ്കിലും സഖാവേ, ഉരുക്കുപോലുറച്ച നട്ടെല്ലിന്റെ നേരവകാശിയായി അങ്ങു വാഴ്ത്തപ്പെടുക തന്നെ ചെയ്യുമായിരുന്നു. അതിലൊക്കെ ആരാണ് തര്‍ക്കമുന്നയിക്കുക? അങ്ങേയ്ക്കൊരു നല്ല നട്ടെല്ലുളളതില്‍ സിപിഎമ്മുകാര്‍ അസൂയപ്പെടേണ്ട കാര്യമെന്ത്? പക്ഷേ, ഒരു സംസ്ഥാന സെക്രട്ടറിയെ മാറ്റി അധികാരമേറ്റ മറ്റൊരു സംസ്ഥാന സെക്രട്ടറിയ്ക്ക് നിര്‍ഭയമായ അഭിപ്രായങ്ങളും ഉരുക്കുപോലുറച്ച നട്ടെല്ലുമുണ്ട് എന്ന സര്‍ട്ടിഫിക്കറ്റുകള്‍ തുരുതുരാ പ്രവഹിക്കുമ്പോള്‍ സ്ഥാനമൊഴിഞ്ഞയാളിന് ഇതൊന്നുമില്ലായിരുന്നു എന്നു കൂടി അര്‍ത്ഥം വരില്ലേ. ആരാണ് അപ്പോള്‍ യഥാര്‍ത്ഥത്തില്‍ അപമാനിക്കപ്പെടുന്നത്? പോഴന്മാര്‍ എന്നൊക്കെയുളള വിശേഷണങ്ങള്‍ ചാര്‍ത്തിക്കിട്ടിയവരെക്കുറിച്ച് ഓര്‍ക്കേണ്ട സന്ദര്‍ഭമിതല്ല എന്നറിയാം. എന്നാലും.. അതിലൊക്കെ ചില ശരികളുണ്ടായിരുന്നു എന്നു തോന്നിപ്പിക്കുന്നതല്ലേ, സിപിഐയില്‍ അങ്ങേയ്ക്കു മാത്രമാണ് നട്ടെല്ലുണ്ടായിരുന്നത് എന്ന വ്യാഖ്യാനം.
സിപിഎം വിരുദ്ധര്‍ക്ക് അങ്ങു നല്‍കിയ മഹാസംഭാവനയായിരുന്നല്ലോ ഇവന്റു മാനേജ്മെന്റ് എന്ന പ്രയോഗം. ആ പ്രയോഗത്തിന്റെ കത്രികപ്പൂട്ടില്‍ നിന്ന് അത്രവേഗമൊന്നും സിപിഎം പുറത്തുകടക്കുകയില്ല. പാര്‍ട്ടി സംഘടിപ്പിക്കുന്ന ഏതു പരിപാടിയ്ക്കു മേലും മുന്‍കാലപ്രാബല്യത്തോടെ ഈ അധിക്ഷേപത്തിന്റെ തുപ്പലുകള്‍ വീഴും. കോണ്‍ഗ്രസുകാര്‍ക്കും ബിജെപിക്കാര്‍ക്കും മാത്രമല്ല, അശ്ളീലത്തിലും അപവാദനിര്‍മ്മാണത്തിലും അശ്ളീലകുമാരനെ കടത്തിവെട്ടുന്ന നമ്മുടെ സ്വന്തം വാരാന്ത്യക്കാരനുപോലും ഇതൊരു ഒറ്റമീന്‍ ചാകരയാണ്. അഞ്ചപ്പം കൊണ്ട് അയ്യായിരം പേരെ ഊട്ടിയ ചരിത്രപുരുഷനൊക്കെ ഇനി വിസ്മൃതിയില്‍പോകും. എത്ര കൊല്ലം നീളും, ഈ ഒറ്റപ്രയോഗത്തിന്റെ പരീക്ഷണസാധ്യതകള്‍? അതൊക്കെ ഓര്‍മ്മിച്ചപ്പോള്‍ ഒരു വീണ്ടുവിചാരം അങ്ങേയ്ക്കുമുണ്ടായിരുന്നിരിക്കണം. അതുകൊണ്ടാണല്ലോ, ആ പ്രയോഗം സിപിഎം നേതാക്കളെ വിഷമിപ്പിച്ചുവെങ്കില്‍ അതില്‍ ഖേദം പ്രകടിപ്പിക്കുന്നു എന്ന് അങ്ങ് ചാനലുകളില്‍ തുറന്നു പറഞ്ഞത്.
ലാവലിന്‍, ഇവന്റ് മാനേജ്മെന്റ് ആരോപണങ്ങള്‍ സാധൂകരിക്കാനുളള യുക്തികള്‍ക്കു വേണ്ടി മനോരമ, റിപ്പോര്‍ട്ടര്‍ ചാനലുകളില്‍ യഥാക്രമം ജോണി ലൂക്കോസിന്റെയും വേണു ബാലകൃഷ്ണന്റെയും മുന്നില്‍ അങ്ങ് തപ്പിത്തടയുന്ന കാഴ്ച അക്ഷരാര്‍ത്ഥത്തില്‍ സങ്കടപ്പെടുത്തുന്നതു തന്നെയായിരുന്നു. ഏതായാലും ഇവന്റ് മാനേജ്മെന്റ് ആരോപണത്തില്‍ ഖേദം പ്രകടിപ്പിക്കാനുളള (പിന്‍വലിക്കാന്‍ സൌകര്യമില്ല എന്നു പറഞ്ഞത് തല്‍ക്കാലം മറക്കാം) സൌമനസ്യം അങ്ങു കാണിച്ചിരുന്നു.
ഇനി ഒരു ആരാധകന്റെ അനുസ്മരണ ലേഖനത്തില്‍ നിന്ന് ചില വരികള്‍ ഉദ്ധരിക്കട്ടെ.

സിപിഎം സംസ്ഥാന സമ്മേളന നടത്തിപ്പു ചുമതല ഇവന്റ് മാനേജ്മെന്റ് കമ്പനിയ്ക്കാണെന്ന ആരോപണം സിപിഎമ്മിനെ മാത്രമല്ല, മുന്നണി ബന്ധത്തെത്തന്നെ ആശങ്കയിലാഴ്ത്തി. ഇത്രയും ഗൌരവമേറിയ ആരോപണം സികെ ചന്ദ്രപ്പന്‍ ഉന്നയിച്ചതിലൂടെയാണ് രാഷ്ട്രീയകേരളം അതിനെ ഇത്രകണ്ട് ചര്‍ച്ചയാക്കിയത്. അതിന് വ്യക്തമായ മറുപടി നല്‍കാതെ ചന്ദ്രപ്പനെ വ്യക്തിപരമായി ആക്രമിച്ചാണ് സിപിഎം കേന്ദ്രങ്ങള്‍ ശ്രമിച്ചത്.
ഇതൊക്കെ വായിക്കാതെ വലിയ ചുടുകാട്ടിലെത്തിച്ചതിന് അങ്ങു അര്‍ബുദത്തിനു നന്ദി പറയുമെന്നറിയാം. ആരോപണം ഉന്നയിക്കുന്നവനല്ല, അതു കേട്ടിരിക്കുന്നവരാണ് (വ്യക്തമായി) തെളിവും മറുപടിയും നല്‍കേണ്ടത് എന്ന ന്യായത്തിന് പട്ടും വളയും മാത്രം കൊടുത്താല്‍ പോര. ഓട്ടുരുളിയും ചെമ്പുപാത്രവുമൊക്കെ പാരിതോഷികങ്ങളായി നല്‍കേണ്ടി വരും. നേതാവിന്റെ ചിത കത്തിത്തീരുംമുമ്പ് അണികള്‍ക്ക് പാരിതോഷികവിതരണം നടത്തുന്നതില്‍ ചെറുതല്ലാത്ത അനൌചിത്യമുണ്ടല്ലോ. അങ്ങുമിങ്ങുമുളള അണികളില്‍ മഹാഭൂരിപക്ഷവും അങ്ങയുടെ സൌമ്യഭാവം പങ്കുവെയ്ക്കുന്നവരുമല്ല. ഷോകേസിലെ സൌമ്യതയാണ് അവര്‍ക്കും പഥ്യം.
പക്ഷേ, അങ്ങേയ്ക്ക് അര്‍ഹതപ്പെട്ട മറ്റൊരു മേന്മ ഇവിടെ മറച്ചു വെയ്ക്കപ്പെട്ടു എന്നു പറയാതിരിക്കുന്നതെങ്ങനെ? സിപിഎമ്മുകാരെ നഖശിഖാന്തം വിമര്‍ശിച്ചതിന്റെ പേരില്‍ മാത്രമല്ല, അങ്ങ് ഓര്‍മ്മിക്കപ്പെടുന്നത്. തന്റെയൊരു ആരോപണം സിപിഎം നേതാക്കളില്‍ മനോവിഷമമുണ്ടാക്കിയെന്നറിഞ്ഞപ്പോള്‍ അതില്‍ ഖേദം പ്രകടിപ്പിക്കാനും സന്മനസു കാണിച്ചവനാണല്ലോ അങ്ങ്. ആ ഖേദപ്രകടനത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോഴും യുട്യൂബിലുണ്ട്. ആരോപണത്തില്‍ ഉറച്ചു നില്‍ക്കുമ്പോഴും ആരോപണവിധേയരായവര്‍ക്കുണ്ടാകുന്ന മനോവിഷമത്തില്‍ ഖേദം പ്രകടിപ്പിക്കാന്‍ മുതിരുക എന്നത് അസാധാരണമായ ഒരു ഗുണവിശേഷമാണ്. ചാട്ടവാര്‍ ചുഴറ്റിയപ്പോള്‍ യേശുക്രിസ്തുപോലും പരീശന്മാര്‍ക്കു നേരെ കാരുണ്യം ചൊരിയാനുളള സന്മനസു കാണിച്ചിരുന്നില്ല. കേരള രാഷ്ട്രീയത്തിലെന്നല്ല, ലോകചരിത്രത്തില്‍ത്തന്നെ സമാനതകളില്ലാത്ത ഈ ഗുണവിശേഷം ആരും വാഴ്ത്തിക്കാണാത്തത് എത്ര സങ്കടകരമാണ്!
ഇത്രയും മഹാമനസ്കനായ അങ്ങേയ്ക്കു പിണറായിയോടു പൊറുക്കാമായിരുന്നു. അങ്ങയുടെ വലിപ്പത്തിനു മുന്നില്‍ ഒരിക്കലും പിണറായി ഒന്നുമായിരുന്നില്ല. പിണറായി എംഎല്‍എ ആയപ്പോള്‍ അങ്ങ് എംപിയായ ആളായിരുന്നല്ലോ. അടിയന്തരാവസ്ഥക്കാലത്ത് കൂത്തുപറമ്പ് പോലീസ് സ്റ്റേഷനില്‍ പിണറായി ഇടിയും തൊഴിയുമേറ്റു കിടക്കുമ്പോള്‍ ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഗഹനമായ ചര്‍ച്ചകളില്‍ പങ്കെടുക്കാനുളള ഔന്നിത്യം കൈവരിച്ച നേതാവായിരുന്നു അങ്ങ്. ചേരികളില്‍ നിര്‍ബന്ധിത വധ്യംകരണം ഏര്‍പ്പെടുത്തി ഇന്ത്യയുടെ പുരോഗതിയ്ക്കു വേണ്ടി തിമിര്‍ത്താടിയ സഞ്ജയ് ഗാന്ധിയ്ക്കുമേല്‍ കരളു കടഞ്ഞ് സൌമ്യത കോരിച്ചൊരിഞ്ഞ നേതാവാണ് അങ്ങ്. അടിയന്തരാവസ്ഥയുടെ നാളുകളില്‍ ഇന്ത്യയുടെ ലോക്കപ്പുകളില്‍ മുഴങ്ങിയ ദീനരോദനങ്ങളുടെ കാരണക്കാരോടും അസാധാരണമാംവിധം സൌമ്യമായാണ് അങ്ങു പെരുമാറിയത്. കുടിയൊഴിപ്പിക്കല്‍ എന്നപേരില്‍ പാവപ്പെട്ടവനെ കുടിലുകളില്‍ നിന്ന് തല്ലിയിറക്കി, അവരുടെ കിടപ്പാടങ്ങള്‍ കത്തിച്ച്, വിളകള്‍ ചവിട്ടി മെതിച്ച് താണ്ഡവമാടിയ പോലീസുകാരോടും അവരെ നിയോഗിച്ച ഭരണാധികാരികളോടും പുലര്‍ത്തിയ സൌമ്യതയ്ക്കും കാരുണ്യത്തിനും രാഷ്ട്രീയചരിത്രത്തിലെവിടെയും സമാനതകളില്ല. നട്ടെല്ലു നിവര്‍ത്തിപ്പിടിച്ചും ചൂണ്ടുവിരല്‍ നീട്ടിപ്പിടിച്ചും അവരോടു നാലു വാക്കു പറയാനുളള സാഹസികതയെ അപാരമായ സൌമ്യത കൊണ്ടാണ് അങ്ങ് അടക്കി നിര്‍ത്തിയത്.
അങ്ങയെക്കാള്‍ എത്രയോ ചെറിയവനായ പിണറായി വിജയനോടു മാത്രം എന്തിനാണ് പ്രിയപ്പെട്ട സഖാവേ, അങ്ങിത്ര പരുക്കനായത്... ഒരു വേട്ടയാടലിന്റെ പരിഹാസ്യമായ പരിസമാപ്തിയില്‍പ്പോലും ആ മനുഷ്യനെ വെറുതേവിടേണ്ട എന്നു തീരുമാനിക്കാന്‍ വിധം ക്രൂരത, വര്‍ഷങ്ങളോളം നിറഞ്ഞൊഴുകിയ സൌമ്യതയ്ക്കിടയിലും എവിടെയാണ് സഖാവേ അങ്ങൊളിപ്പിച്ചു വെച്ചത്...
ആരെങ്കിലും പൂരിപ്പിക്കുമോ ഈ ചോദ്യങ്ങള്‍ക്കൊരുത്തരം...?

6 comments:

Alchemist said...

ഈ ലേഖനം എഴുതിയപ്പോള്‍ ലേഖകന്‍ ഗദ്ഗദ കണ്ഠനായിരുന്നിരിക്കണം , പലപ്പോഴും കണ്‍നീരു വീണ് കീ ബോര്‍ഡ് നനഞ്ഞിരിക്കണം അത്രയ്ക്കുണ്ട് പിണറായി സഖാവിനോടുള്ള ആ ഒരു കൂറും ആരാധനയും , സത്യം പറഞ്ഞാല്‍ ഇതു വായിക്കുമ്പോള്‍ അര്‍ത്ഥമില്ലാത്ത ആരോപണങ്ങള്‍ കേട്ടു നെഞ്ചകം പിടഞ്ഞു പോയ ആ പാ‍വം മനുഷ്യന്റെ മുഖം മനതാരില്‍ തെളിഞ്ഞു എനിക്കു പോലും കരച്ചില്‍ വന്നു . , ഒരമ്പലം പണിത് ചുരുങ്ങിയത് ഒരു രണ്ടു നേരം നിത്യ പൂജയ്ക്കുള്ള വകുപ്പുണ്ടോ എന്നൊന്നു അന്വേഷിക്കുന്നത് നല്ലതാണ് :) .ഇത്തവണ ചന്ദ്രപ്പന്‍ സഖാവിനെ നല്ല വാക്കുകളിലൊളിപ്പിച്ചു തെറി വിളിയാക്കിയത് മരിച്ചു പോയി എന്നതിന്റെ ആനുകൂല്യത്തിലാവണം .ഒരു വ്യക്തിയോട് ഇത്രയും അന്ധമായ ആരാധന പ്രകടിപ്പിച്ച ഒരു ലേഖനം മുമ്പു വായിച്ചത് മമ്മൂട്ടി ടൈംസിലോ മറ്റോ ആണ് , അതിത്രക്കും ഇല്ലെന്നു തോന്നുന്നു .

മാരീചന്‍ said...

അല്ലെങ്കിലും മോഹന്‍ലാല്‍ ടൈംസില്‍ വരുന്ന സാമഗ്രികളെ നമ്മള്‍ താരാരാധനയുടെ ഗണത്തില്‍ പെടുത്തുകയില്ലല്ലോ. അത്യപൂര്‍വവും ആഴമേറിയതുമായ നടനവൈഭവത്തെ പണ്ഡിതോചിതമായി സമീപിക്കുന്ന ഗഹനമായ പ്രബന്ധങ്ങളല്ലിയോ അവയൊക്കെ. സംഗതി മമ്മൂട്ടിയെക്കുറിച്ചാകുമ്പോള്‍ ഇസ്പേഡ് ഏഴുകളുടെ അന്ധമായ താരാരാധനയാകും.. അദ്ദാണ്...... പല അമ്പലങ്ങളിലെയും കുറിയതും നീണ്ടതുമായ പ്രതിഷ്ഠകള്‍ക്കു മുന്നില്‍ കമിഴ്ന്നുരുണ്ട് പ്രദക്ഷണം ചെയ്യുന്നവര്‍ക്ക് ഒരു പ്രത്യേക അമ്പലത്തിന്റെ കാര്യം പറയുമ്പോള്‍ കൊടുംപുച്ഛം....... നിങ്ങളൊക്കെ ബല്യ പുലികള്‍.. നിങ്ങള്‍ക്കതൊക്കെ ആകാം. നമ്മളു വെറും പാവങ്ങള്‍.. ബിപിഎല്ലുകാര്‍.. മ്മക്ക് ആരാധിക്കാന്‍ പിണറായിയൊക്കെയേ ഉളളൂ. പിണറായീ ആരാധന സിവിലായോ ക്രിമിനലായോ കുറ്റകൃത്യമായി ഇതുവരെ പ്രഖ്യാപിക്കാത്തതു കൊണ്ട് അകത്തു പോകാതെ കഴിഞ്ഞു കൂടുന്നു...

കീബോര്‍ഡിന്റെ കാര്യമോര്‍ത്ത് ആല്‍ക്കെമിസ്റ്റ് അണ്ണന് വെഷമിക്കേണ്ട..... കണ്ണീരു വീണ് ഓരോ കീബോ‍ഡും കേടാമ്പം കൃത്യസമയത്ത് പിണറായി നേരിട്ടു വന്നു വേറെ വാങ്ങിത്തരും... ട്ടാ...

Baiju Elikkattoor said...

വരൂ, കടന്നു വരൂ. മാരീചന് മാര്‍ക്ക് തീരെ കുറവാണ്. നിങ്ങളുടെ കമന്റുകള്‍ ഒന്ന് കൊണ്ട് മാത്രമേ അദ്ദേഹത്തിന് ഇനി പിടിച്ചു നില്ക്കാന്‍ പറ്റൂ......!!!!

ഷാരോണ്‍ said...

ആഹാ...എലിജികളുടെ എലിജി ഇതാ നിങ്ങളുടെ മുന്‍പില്‍ ഇതള്‍ വിരിഞ്ഞു നില്‍ക്കുന്നു...
വിജയനോ...ചന്ദ്രപ്പനോ മഹാനെന്നു വര്‍ണ്യത്തിലാശങ്ക!

മനനം മനോമനന്‍ said...

കാര്യങ്ങൾ നന്നായി പറഞ്ഞിരിക്കുന്നു

പത്രക്കാരന്‍ said...

ഓരോന്നിനും അതിന്‍റെതായ സമയമുണ്ട് ദാസാ