Thursday, April 05, 2012

കോഴിത്തലയിലെ അഥര്‍വം - ഒരു ഫ്ളാഷ് ബാക്ക്


വെല്ലിംഗ്ടണ്‍ എന്നൊരു പേര് ഒഴുക്കന്‍ മട്ടില്‍ ടിറ്റോ ജോയി പരാമര്‍ശിക്കുന്നുണ്ട്. 1967-69 കാലത്തെ ഇഎംഎസ് മന്ത്രിസഭയില്‍ ആരോഗ്യമന്ത്രിയായിരുന്ന ബി. വെല്ലിംഗ്ടണിനെതിരെ ഉയര്‍ന്ന അഴിമതിയാരോപണം അന്വേഷിക്കുന്നതിനൊപ്പം എം. എന്‍. ഗോവിന്ദന്‍ നായരെയും ടി വി തോമസിനെയും കൂടി അന്വേഷണപരിധിയില്‍ ഇഎംഎസ് പെടുത്തിയ സംഭവം സിപിഐ-സിപിഎം പോരിലെ ഏറ്റവും തീക്ഷ്ണമായ അധ്യായമാണ്. ഈ കഥ ആവര്‍ത്തിച്ചു പറഞ്ഞാണ് സിപിഐ നേതാക്കള്‍ തങ്ങളുടെ അണികളില്‍ സിപിഎം വിരുദ്ധവികാരം പൊതുവിലും ഇഎംഎസ് വിരുദ്ധവികാരം പ്രത്യേകിച്ചും കുത്തിവെയ്ക്കുന്നത്.
ഈ ചര്‍ച്ചയില്‍ പ്രത്യക്ഷപ്പെട്ട കമന്റില്‍, ഇഎംഎസിനെ 'ജംബൂക നമ്പൂതിരി' എന്ന് ഒരു ആസ്ഥാന ഓണ്‍ലൈന്‍ 'സിപിഐ വിദഗ്ധന്‍' വിശേഷിപ്പിച്ചത് പലരും ഓര്‍ക്കുന്നുണ്ടാകും.
'ജംബൂക നമ്പൂതിരി' പരാമര്‍ശമടങ്ങിയ ആ കമന്റിലെ ആദ്യവാചകങ്ങള്‍ ഉദ്ധരിക്കട്ടെ:
69ല്‍ സര്‍ക്കാര്‍ വീണത് സ്വന്തം സഖാക്കള്‍ക്ക് അഴിമതിയാരോപണത്തിന്റെ കോഴിത്തലയില്‍ അഥര്‍വം ചെയ്യാനുള്ള, മനസ്സില്‍ എന്നും പൂണൂല്‍ ധരിച്ച ജംബുക നമ്പൂതിരിയുടെ കുടിലത കൊണ്ടായിരുന്നു എന്നും അതിനു കാരണം ഏക കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായി മാറാനുള്ള സിപിഎമ്മിന്റെ അതിമോഹവുമായിരുന്നു എന്ന് നിഷ്പക്ഷമതികള്‍ വിലയിരുത്തും.


കുടിലതയുടെ അഴകളവില്‍ വെട്ടിത്തുന്നിയ പെരുങ്കള്ളം ഇത്ര ആത്മവിശ്വാസത്തോടെ വില്‍പനയ്ക്കു വെയ്ക്കാന്‍ സിപിഐക്കാര്‍ക്കു മാത്രമേ കഴിയൂ. പുനര്‍ജന്മം തന്നാല്‍ ഏത് രാഷ്ട്രീയപ്പാര്‍ട്ടിയില്‍ ചേരുമെന്ന് ചോദിച്ചാല്‍ രണ്ടാമതൊന്നാലോചിക്കാതെ ഗീബല്‍സിന്റെ ആത്മാവുപോലും സിപിഐ എന്നുത്തരം പറയും. അത്രയ്ക്ക് ശില്‍പവൈദഗ്ധ്യമുണ്ട് ഈ നുണയുടെ നിര്‍മ്മിതിയില്‍. ഇതെഴുതിയ മഹാന്റെ ദൃഷ്ടി പതിയുന്ന നിമിഷം ചരിത്രപുസ്തകങ്ങള്‍ വെന്തുവെണ്ണീറാകും. ഇദ്ദേഹം വിക്കിപീഡിയ പരതിയാല്‍ ജിമ്മി വെയില്‍സിന്റെ സെര്‍വറുകളില്‍ ട്രോജന്‍ വൈറസുകള്‍ പെറ്റുപെരുകും.
നവദ്വാരങ്ങളിലൂടെയും നുണയൊഴുകുന്ന ഈ ആരോപണങ്ങളുടെ നിലനില്‍പ്പു പരിശോധിക്കാന്‍ മൂന്നു ചോദ്യങ്ങള്‍ക്കുള്ള ഉത്തരമന്വേഷിക്കണം. 69ലെ സര്‍ക്കാര്‍ വീണത് എങ്ങനെ, അന്ന് അഴിമതിയാരോപണത്തിന്റെ കോഴിത്തലയില്‍ അഥര്‍വം ചെയ്യാനുള്ള കുടിലത 'നമ്പൂരി'ക്കായിരുന്നോ 'നായര്‍'ക്കായിരുന്നോ, ഏക കമ്മ്യൂണിസ്റ്റു പാര്‍ട്ടിയായി മാറാനുള്ള അതിമോഹം ആര്‍ക്കായിരുന്നു എന്നിവയാണ് ആ മൂന്നു ചോദ്യങ്ങള്‍. അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ മനോരമയും മാത്തുക്കുട്ടിച്ചായനുമടക്കം സിപിഎം വിരുദ്ധപ്രചാരണത്തിന്റെ ഉടയോന്മാരും പെരുമാക്കളും വെറ്റിലയും പാക്കുമായി എംഎന്‍ സ്മാരകത്തില്‍ ക്യൂ നില്‍ക്കേണ്ടി വരുമെന്നതില്‍ ആര്‍ക്കുമുണ്ടാകില്ല സംശയം.
1969ലെ സര്‍ക്കാര്‍ വീണതോ, വീഴ്‌ത്തിയതോ?
അതറിയാന്‍ 1965 മുതലുള്ള ചരിത്രം പരിശോധിക്കണം. 1964ലെ പിളര്‍പ്പിനുശേഷം വലിയ പാര്‍ട്ടിയേതെന്നും, ജനപിന്തുണ ആര്‍ക്കെന്നും അറിയാനുള്ള സുവര്‍ണാവസരമായിരുന്നു 1965ലെ തിരഞ്ഞെടുപ്പ്. ആ പരീക്ഷണത്തില്‍ സിപിഎം കേരള നിയമസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിച്ചതിനുള്ള ഒന്നാം സ്ഥാനം സിപിഎം നേടിയപ്പോള്‍ കെട്ടിവെച്ച പണം നഷ്ടപ്പെടുത്തിയ സ്ഥാനാര്‍ത്ഥികളുടെ എണ്ണത്തില്‍ സിപിഐയ്ക്കായിരുന്നു ഒന്നാം സ്ഥാനം.
1957ലെ തിരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയെ ജയിപ്പിച്ചതും വടക്കു കിടന്ന 'നമ്പൂരി'യെ ഒറ്റയ്ക്കു ചുമന്നു കേരളത്തിലെത്തിച്ചു മുഖ്യമന്ത്രിയാക്കിയതും എം എന്‍ ഗോവിന്ദന്‍ നായരുടെ ഒറ്റയാള്‍ ശേഷിയായിരുന്നു എന്ന ഭജനപ്പാട്ടും അന്നേ പൊളിഞ്ഞിരുന്നു. ആശാന്റെ നേതൃത്വത്തില്‍ മത്സരിക്കാനിറങ്ങിയ 79 സിപിഐ സ്ഥാനാര്‍ത്ഥികളില്‍ 54 പേര്‍ക്കും കെട്ടിവെച്ച കാശു പോയി. ഇഎംഎസിനെ നിയമസഭാ ഗ്യാലറിയിലിരുത്തുമെന്ന് വീമ്പടിച്ചെങ്കിലും ഇഎംഎസിനെയെന്നല്ല, ഒറ്റ സിപിഎമ്മുകാരനെപ്പോലും നേര്‍ക്കുനേരെ മത്സരിച്ചു പരാജയപ്പെടുത്താന്‍ സിപിഐയ്ക്കു കഴിഞ്ഞില്ല. മറിച്ച് സിപിഎമ്മില്‍ നിന്നാകട്ടെ, ആകെ ജയിച്ച 40 പേരില്‍ 23 പേരും സിപിഐയെ പരാജയപ്പെടുത്തിയാണ് വിജയിച്ചത്. ആലപ്പുഴയില്‍ സാക്ഷാല്‍ ടി വി തോമസിന്റെ പരാജയവും എംഎന്‍ എന്ന എടുപ്പുകുതിരയുടെ 'പ്രതാപ'ത്തിന്റെ തെളിവായി ചരിത്രത്തിലുണ്ട്. ഇങ്ങനെ രാഷ്ട്രീയമായും സംഘടനാപരമായും വ്യക്തിപരമായും സമ്പൂര്‍ണപരാജയത്തിന്റെ ജാള്യവും മ്ളാനതയും മാനക്കേടും പേറിയാണ് 1967ലെ ഇഎംഎസ് മന്ത്രിസഭയിലെ ജൂനിയര്‍ പാര്‍ട്ട്നറായത്. പക്ഷേ, മാടമ്പിത്തരവും തന്‍പ്രമാണിത്തവും അഹങ്കാരമദവും എന്നുവേണ്ട മനുഷ്യകുലത്തിന്റെ സകലദുര്‍ഗുണങ്ങളും വാറ്റിയെടുത്ത ഒരു പ്രത്യേകതരം പക അവരില്‍ രൂഢമൂലമായിരുന്നു.
മുന്നണിയ്ക്കകത്തും പുറത്തും മാര്‍ക്സിസ്റ്റുപാര്‍ട്ടിയെ തകര്‍ക്കാന്‍ എല്ലാ നീചമാര്‍ഗങ്ങളും സിപിഐ പയറ്റി. ഇന്ദിരാഗാന്ധിയുമായി സഹകരിക്കണമെന്ന ആവശ്യം ഉയര്‍ത്തിയാണ് ആദ്യം അലമ്പു തുടങ്ങിയത്. മൊറാര്‍ജി ദേശായിയെ പുറത്താക്കുകയും കോണ്‍ഗ്രസില്‍ പിളര്‍പ്പുണ്ടാവുകയും ചെയ്തപ്പോള്‍ ഇന്ദിരയുടെ കോണ്‍ഗ്രസിന് പൊടുന്നനെ ഇടതുസ്വഭാവം കൈവന്നുവെന്ന് സിപിഐയിലെ വിദഗ്ധര്‍ കണ്ടുപിടിച്ചു. അങ്ങനെയാണ് ഇന്ദിരാപ്രേമം മുളച്ചത്. ഈ നിലപാടു സ്വീകരിച്ച് സിപിഎമ്മിനെ പുറത്താക്കി കോണ്‍ഗ്രസുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാന്‍ ശ്രമമാരംഭിച്ചു. എന്നാല്‍ മുഖ്യമന്ത്രിയ്ക്കുള്ള പിന്തുണ പിന്‍വലിച്ച്, മാന്യമായി മുന്നണി വിടുകയെന്ന മാര്‍ഗമല്ല അവര്‍ സ്വീകരിച്ചത്. മറിച്ച് മന്ത്രിസഭയിലും മുന്നണിയിലും മുഖ്യകക്ഷിയായ സിപിഎമ്മിനെ പരമാവധി നാറ്റിച്ച് കോണ്‍ഗ്രസ് സഖ്യം സാധ്യമാക്കുക എന്നതായിരുന്നു ലക്ഷ്യം. അതിനുള്ള സമ്മതിനിര്‍മ്മിതിയായിരുന്നു സ്വന്തം മന്ത്രിസഭയിലെ മന്ത്രിമാര്‍ക്കെതിരെ കാടടച്ചുള്ള അഴിമതിയാരോപണങ്ങള്‍.
കോഴിത്തലയില്‍ അഥര്‍വം ചെയ്തത് 'നമ്പൂതിരി'യോ 'നായരോ'?
മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് മാസങ്ങള്‍ക്കകം ആര്‍എസ്‌പി നേതാവ് ശ്രീകണ്ഠന്‍ 'നായര്‍' ഒരു ചാര്‍ജ് ഷീറ്റ് തയ്യാറാക്കി. സ്വന്തം മന്ത്രിസഭയിലെ അംഗങ്ങള്‍ക്കെതിരെയുള്ള അഴിമതിയാരോപണങ്ങളായിരുന്നു കുറ്റപത്രത്തില്‍. സിപിഎം മന്ത്രിമാര്‍ക്കെതിരെ രൂക്ഷമായ അഴിമതിയാരോപണങ്ങള്‍, സിപിഐ മന്ത്രിമാര്‍ക്കെതിരെ മയപ്പെടുത്തിയ ആരോപണങ്ങള്‍ എന്നതായിരുന്നു കുറ്റപത്രത്തിന്റെ ഘടന. ഇടതുമുന്നണി ഏകോപന സമിതി യോഗത്തില്‍ അവതരിപ്പിക്കാനെന്ന പേരിലാണ് ചാര്‍ജ് ഷീറ്റ് തയ്യാറാക്കിയത്. പക്ഷേ, അവിടെ അവതരിപ്പിക്കുന്നതിനു മുമ്പേ കുറ്റപത്രം പൂര്‍ണരൂപത്തില്‍ പത്രങ്ങളായ പത്രങ്ങളിലൊക്കെ വെണ്ടയ്ക്കയും മത്തങ്ങയുമായി.
മാദ്ധ്യമങ്ങള്‍ ഇതെങ്ങനെ കൊണ്ടാടിയെന്ന് ഊഹിക്കാവുന്നതേയുള്ളൂ. എല്ലാവരും കടിച്ചു കീറിയത് സിപിഎം മന്ത്രിമാരെ മാത്രം. ശ്രീകണ്ഠന്‍ നായരുടെ ചാര്‍ജ് ഷീറ്റിന്റെ അണിയറയില്‍ നിന്നും സിപിഐക്കാര്‍ അരങ്ങത്തു പാഞ്ഞു കയറി. മാദ്ധ്യമങ്ങളിലും ഇടതുമുന്നണി ഏകോപനസമിതിയിലും നടന്ന വാഗ്വാദങ്ങളില്‍ സിപിഐ മന്ത്രിമാര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ അവഗണിക്കപ്പെട്ടതോടെ, സംവിധാനം നിര്‍വഹിച്ചത് സിപിഐയാണെന്നു എല്ലാവര്‍ക്കും ബോധ്യമായി. ഏകോപനസമിതിയിലും പൊതുമണ്ഡലത്തിലും ആക്രമണത്തിന്റെ മുന്‍നിര സിപിഐ കൈയടക്കി.
ആരോപണങ്ങള്‍ അന്വേഷിക്കാന്‍ മന്ത്രിസഭാ ഉപസമിതിയെ നിയോഗിക്കാന്‍ ഏകോപന സമിതി തീരുമാനിച്ചു. സമിതിയുടെ പരിശോധനയില്‍ ആരോപണങ്ങളുടെ കാറ്റുപോയി. എങ്കിലും മന്ത്രിസഭ ഏറെനാള്‍ മുന്നോട്ടുപോകില്ല എന്ന സന്ദേശം കുറുമുന്നണിയിലെ ബുദ്ധികേന്ദ്രങ്ങള്‍ ആ നീക്കം വഴി എത്തേണ്ടിടത്തൊക്കെ എത്തിച്ചു. കളി പോകുന്നത് ഏതു ദിശയിലേയ്ക്കാണെന്ന് ജനങ്ങള്‍ക്കും ബോധ്യമായി. ശ്രീകണ്ഠന്‍ നായരുടെ ചാര്‍ജ് ഷീറ്റ് ഉണ്ടാക്കിയ പ്രകമ്പനത്തില്‍ സിപിഎമ്മും അല്ലറ ചില്ലറ സഖ്യകക്ഷികളും ഒരുഭാഗത്തും സിപിഐ, ആര്‍എസ്‌പി, മുസ്ളിംലീഗ്, കോണ്‍ഗ്രസ്, എന്നീ പ്രമുഖര്‍ മറുഭാഗത്തുമായി. നിയമസഭയിലും പുറത്തും ഈ വേര്‍തിരിവ് രൂക്ഷമായി. 'സഖ്യം മടുത്തെങ്കില്‍ രാജിവെച്ചു പോകൂ' എന്ന് സിപിഎം നേതാക്കളും എംഎല്‍എമാരും കുറുമുന്നണിയെ വെല്ലുവിളിച്ചു. ആ വെല്ലുവിളി കുറുമുന്നണിക്കാര്‍ ഏറ്റെടുത്തില്ല. കാരണം, അവരുടെ ഉന്നം വേറെയായിരുന്നു.
സിപിഎമ്മിനെതിരെ കാടടച്ചു വെടിവെച്ചാല്‍ ഉദ്ദേശം നടക്കില്ല എന്ന് തിരിച്ചറിഞ്ഞ കുറുമുന്നണിയിലെ കുടിലബുദ്ധികള്‍ മറ്റൊരു തന്ത്രത്തിനു രൂപം നല്‍കി. സിപിഎമ്മിനോട് ഏറ്റവും മമതാബന്ധം പുലര്‍ത്തുന്ന ആരോഗ്യമന്ത്രി ബി. വെല്ലിംഗ്ടണിനെ ഒറ്റപ്പെടുത്തി ആക്രമിക്കാന്‍ അവര്‍ തീരുമാനിച്ചു.
വെല്ലിംഗ്ടണ്‍ സിപിഎമ്മിന്റെ സുഹൃത്തായതെങ്ങനെ?
"പണ്ടത്തെ വിമോചന സമര നേതാവായിരുന്നു, പില്‍ക്കാലത്ത് സിപിഎമ്മിന്റെ വലിയ അടുപ്പക്കാരനായി" എന്നാണ് ടിറ്റോ ജോയി വെല്ലിംഗ്ടണിനെ പരിചയപ്പെടുത്തുന്നത്. ആ സൌഹൃദം രൂപപ്പെട്ടത് എങ്ങനെ എന്നതിന്റെ സൂചന മുന്‍ലേഖനത്തില്‍ നല്‍കിയിരുന്നു.
ഫാദര്‍ വടക്കനും ബി. വെല്ലിംഗ്ടണുമൊക്കെ വിമോചന സമരത്തില്‍ പങ്കെടുത്തവരും അതിന്റെ നേതാക്കളുമായിരുന്നു. പക്ഷേ, അതു തെറ്റായിപ്പോയി എന്ന നിലപാട് അവര്‍ പിന്നീടു സ്വീകരിക്കുകയും ജനങ്ങളോട് തുറന്നു പറയുകയും ചെയ്തു. അങ്കമാലിയിലെ വെടിവെപ്പിന്റെ ഉത്തരവാദികള്‍ വിമോചനസമരത്തിനിറങ്ങിയ ഗുണ്ടകളാണെന്ന് തുറന്നടിച്ചുകൊണ്ട് ഫാദര്‍ വടക്കന്‍ കോണ്‍ഗ്രസ് മുന്നണിയോട് വിട പറഞ്ഞു. തുടര്‍ന്ന് കേരളത്തിലെ കര്‍ഷകമുന്നേറ്റങ്ങളുടെ മുന്‍നിരയില്‍ വെച്ച് ഫാദര്‍ വടക്കനും ബി. വെല്ലിംഗ്ടണുമൊക്കെ ഏകെജിയും ഇഎംഎസുമടക്കമുള്ള കമ്മ്യൂണിസ്റ്റ് നേതാക്കളോടു കൈകോര്‍ത്തു. പിളര്‍പ്പിനു മുന്നേ രൂപപ്പെട്ടതായിരുന്നു അവരുടെ സൌഹൃദം. പിളരുംമുമ്പേ തുടങ്ങിയ സൌഹൃദം പിളര്‍ന്നതിനുശേഷവും തുടര്‍ന്നെന്നേയുള്ളൂ. പിളര്‍പ്പിനുശേഷം സിപിഐയില്‍ അവശേഷിച്ചത് ജനകീയ പ്രക്ഷോഭങ്ങള്‍ എന്നുകേട്ടാല്‍ ഓക്കാനം വരുന്നവരായിരുന്നതിനാല്‍ സ്വാഭാവികമായും അവരോട് വെല്ലിംഗ്ടണിന് സൌഹൃദവും ഉണ്ടായിരുന്നില്ല.
1960-64ല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ നടത്തിയ അമരാവതി, കൊട്ടിയൂര്‍, ചുരുളി, കീരിത്തോട് കുടിയൊഴിപ്പിക്കലുകളില്‍ ഏകെജിയോട് തോളോടുതോള്‍ ചേര്‍ന്നു പ്രവര്‍ത്തിച്ച ഫാദര്‍ വടക്കനും ബി. വെല്ലിംഗ്ടണും സിപിഐയുടെ കുതന്ത്രങ്ങള്‍ക്കു കീഴടങ്ങിയില്ല. അങ്ങനെയാണ് ബി. വെല്ലിംഗ്ടണിനെതിരെ അഴിമതിയാരോപണമുന്നയിച്ച് പകവീട്ടാന്‍ കുറുമുന്നണി ചെന്നായ്ക്കള്‍ തീരുമാനിച്ചത്.
പക്ഷേ, ലക്ഷ്യം വെല്ലിംഗ്ടണ്‍ ആയിരുന്നില്ല...
വെല്ലിംഗ്ടണിനെതിരെ പ്രഥമദൃഷ്ട്യാ കേസില്ലെന്ന് ഇഎംഎസ് പ്രഖ്യാപിച്ചത് മഹാ അപരാധമായിരുന്നു എന്ന സിപിഐ വക കുറ്റാരോപണം ഇന്നും അന്തരീക്ഷത്തിലുണ്ട്. ഇഎംഎസിന്റെ പ്രഖ്യാപനം ഏകപക്ഷീയമാണെന്ന പരാതിയുമായി അന്നും സിപിഐയും ആര്‍എസ്‌പിയും രംഗത്തിറങ്ങിയിരുന്നു. വസ്തുതയുമായി ഒരു ബന്ധവും അതിനുണ്ടായിരുന്നില്ല.
പഴയ ചാര്‍ജ് ഷീറ്റിന്റെ പശ്ചാത്തലത്തില്‍ ഉപസമിതി പരിശോധന വേണ്ടെന്നും വെല്ലിംഗ്ടണിനെതിരായ ആരോപണം മുഖ്യമന്ത്രി പരിശോധിച്ച് ഉചിതമായ നടപടിയെടുത്താല്‍ മതിയെന്നും തീരുമാനിച്ചത് ഇടതുമുന്നണി ഏകോപന സമിതിയായിരുന്നു. സിപിഐ നേതാവും മന്ത്രിയുമായിരുന്ന എം എന്‍ ഗോവിന്ദന്‍ നായരായിരുന്നു ആ ഏകോപനസമിതി യോഗത്തിന്റെ അധ്യക്ഷന്‍. ഏകോപനസമിതിയില്‍ സ്വീകരിച്ച നിലപാടിനു വിരുദ്ധമായാണ് സിപിഐ ഇഎംഎസിനെതിരെ തിരിഞ്ഞത്. സിപിഐക്കാര്‍ ആഗ്രഹിച്ച നടപടിയായിരുന്നില്ല ഇഎംഎസിന്റേത്. ആരോപണം ഉയര്‍ന്നപ്പോള്‍ 'എംഎന്‍ അദ്ദേഹ'ത്തിന്റെ ഒപ്പോടു കൂടിയ മുന്നണി തീരുമാനം പരസ്യമാക്കി സിപിഎം തിരിച്ചടിച്ചു. അതോടെ ആ കള്ളപ്രചരണത്തിന്റെ കാറ്റും പോയി.
വെല്ലിംഗ്ടണിനെതിരെ ഇടതുമുന്നണിയില്‍ സമര്‍പ്പിച്ച തെളിവു മാത്രമാണ് താന്‍ പരിശോധിച്ചതെന്നും കൂടുതല്‍ തെളിവുകളുണ്ടെങ്കില്‍ ഹാജരാക്കണമെന്നും ഇഎംഎസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സത്യം തെളിയിക്കലായിരുന്നില്ല ആരോപണകര്‍ത്താക്കളുടെ ലക്ഷ്യം. അവരുടെ ഉന്നം ഇഎംഎസും സിപിഎമ്മുമായിരുന്നു.
ലക്ഷ്യം വെല്ലിംഗ്ടണല്ല, എന്ന് അന്നേ തെളിഞ്ഞിരുന്നു. ഫാദര്‍ വടക്കന് സിപിഐ നേതാവ് അച്യുതമേനോന്‍ അയച്ച കത്ത് അക്കാലത്തു പുറത്തുവന്നിരുന്നു. ആരോപണം വെല്ലിംഗ്ടണിനെ വ്യക്തിപരമായി ആക്രമിക്കാനല്ലെന്നും കെടിപി എന്ന പാര്‍ട്ടിയ്ക്ക് എതിരായിട്ടല്ലെന്നും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ വിനീതദാസനെന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന മന്ത്രിയെ നേര്‍വഴിക്കു നയിക്കാന്‍ വേണ്ടിയായിരുന്നുവെന്നും കെടിപിയോടും ഫാദര്‍ വടക്കനോടും ക്ഷമചോദിച്ചു കൊണ്ടെഴുതിയ കത്തില്‍ അറിയിച്ചിരുന്നു.
എന്തായിരുന്നു, അച്യുതമേനോനും സിപിഐയും അര്‍ത്ഥമാക്കിയ 'നേര്‍വഴി'? സിപിഎമ്മിനു നല്‍കുന്ന പിന്തുണ മതിയാക്കി, കുറുമുന്നണിയെന്ന പിതൃശൂന്യപ്പടയ്ക്കു പിന്നില്‍ അണിനിരക്കാന്‍ വെല്ലിംഗ്ടണും ഉണ്ടാകണം. സിപിഎമ്മുമായി തുടരുന്ന സൌഹൃദം കെടിപി അവസാനിപ്പിക്കണം. പറയുന്നത് അനുസരിച്ചില്ലെങ്കില്‍, അഴിമതിയാരോപണം ഉന്നയിച്ച് നാറ്റിക്കും എന്നു ഭീഷണി. കുറുമുന്നണി ആഗ്രഹിക്കുന്ന തീരുമാനമെടുത്താല്‍ ആരോപണം അടുത്ത നിമിഷത്തില്‍ പിന്‍വലിക്കപ്പെടും എന്ന് വരികള്‍ക്കിടയില്‍ വാഗ്ദാനം. രാഷ്ട്രീയ ഉപജാപങ്ങള്‍ വിജയിപ്പിക്കാന്‍ വ്യാജമായ അഴിമതിയാരോപണം മെനഞ്ഞ് കൂട്ടത്തിലൊരുവന്റെ നെഞ്ചിനുനേരെ തൊടുത്തുവിട്ട ക്രിമിനല്‍ ശകുനിമാരായിരുന്നു അന്നത്തെ സിപിഐ നേതാക്കള്‍.
'സുന്ദര'നായ ഉപജാപകന്റെ റോളിന് തെളിവ് വേറെയും!
കുറുമുന്നണി ഉപജാപങ്ങളില്‍ പ്രധാനറോള്‍ അച്യുതമേനോനായിരുന്നു എന്നു തെളിയിക്കുന്ന മറ്റൊരു കത്തുകൂടിയുണ്ട്. മന്ത്രിസഭ വീണപാടെ, കുതന്ത്രങ്ങളുടെ വിജയത്തില്‍ മദം പൊട്ടിയ അച്യുതമേനോന്‍ തനിക്കെഴുതിയ ഒരു കത്ത് ഇഎംഎസ് ഇങ്ങനെ ഉദ്ധരിക്കുന്നു:
"നിങ്ങളുടെ പാര്‍ട്ടിയില്‍പ്പെട്ട മറ്റു മന്ത്രിമാരെ അഴിമതിയാരോപണത്തിന് ഇരയാക്കിയപ്പോള്‍ അതില്‍ നിന്നും നിങ്ങളെ ഒഴിവാക്കിയത് ഒരൊറ്റക്കാരണത്തിലാണ്; മുന്നണിയുടെയും മന്ത്രിസഭയുടെയും സംവിധാനത്തില്‍ ആവശ്യമായിത്തീര്‍ന്നിട്ടുള്ള മാറ്റങ്ങള്‍ വരുത്താന്‍ നിങ്ങള്‍ തയ്യാറാവുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചു. അതു ചെയ്യാന്‍ തയ്യാറായിരുന്നെങ്കില്‍ മന്ത്രിസഭയുടെ രാജി ഒഴിവാക്കാന്‍ കഴിയുമായിരുന്നു". (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍, ഇഎംഎസ്, പേജ് 857).മുഖ്യമന്ത്രി പദം സിപിഐയുടെ കാല്‍ക്കല്‍ സമര്‍പ്പിച്ച് സിപിഎം വാപൊത്തി ഓച്ഛാനിച്ചു മാറി നിന്നിരുന്നുവെങ്കില്‍ മന്ത്രിസഭയുടെ രാജി ഒഴിവാക്കാമായിരുന്നുവെന്ന് അച്യുതമേനോനാണ് പറഞ്ഞത്. അതിനുള്ള സമ്മര്‍ദ്ദം സൃഷ്ടിക്കാന്‍ ആലോചിച്ചുറപ്പിച്ചു തയ്യാറാക്കിയതായിരുന്നുവത്രേ, അഴിമതിയാരോപണങ്ങള്‍. അപ്പോഴാണ് അന്നത്തെ മന്ത്രിസഭ വീണത്, ജംബൂക നമ്പൂതിരിയുടെ കുടിലത കൊണ്ടാണെന്നും ഒറ്റയ്ക്കു ഭരിക്കാനുള്ള മോഹമായിരുന്നുവെന്നുമൊക്കെ വിശ്വസിപ്പിക്കാന്‍ സിപിഐയുടെ സൈബര്‍ ചരിത്രകാരന്മാരുടെ എഴുന്നള്ളത്ത്.
ഒപ്പമുള്ളവരുടെ കുപ്പായത്തില്‍ അഴിമതിയുടെ ചെളിതെറിപ്പിക്കാന്‍, 'കോഴിത്തലയില്‍ അഥര്‍വം' ചെയ്തത് സിപിഐക്കാര്‍ തന്നെയായിരുന്നു. ബി. വെല്ലിംഗ്ടണിനെ 'നേര്‍വഴി'യ്ക്കു നയിക്കാന്‍ അദ്ദേഹത്തിനെതിരെ അഴിമതിയാരോപണം. ഇഎംഎസിനെ 'നേര്‍വഴി'യ്ക്കു നയിക്കാന്‍ അദ്ദേഹത്തെ ഒഴിവാക്കി, സിപിഎമ്മിന്റെ മറ്റെല്ലാ മന്ത്രിമാര്‍ക്കുമെതിരെ അഴിമതിയാരോപണം. തങ്ങളുടെ നേതാക്കളിലാര്‍ക്കെങ്കിലും മുഖ്യമന്ത്രിസ്ഥാനവും പാര്‍ട്ടിയ്ക്കു മുന്നണിയുടെ നേതൃസ്ഥാനവുമെന്നതായിരുന്നു സിപിഐ ആഗ്രഹിച്ച ആ 'നേര്‍വഴി'. ആ ലക്ഷ്യം നേടാന്‍ മെനഞ്ഞ കുടിലതന്ത്രത്തിന്റെ ബീജം ചുരത്തിയത് 'മേനോനോ' 'നായരോ' എന്നാണ് സിപിഐ കേരളത്തോടു തുറന്നു പറയേണ്ടത്. ഏതായാലും 'നമ്പൂരി'യല്ല.
അക്കാലത്ത് പശ്ചിമബംഗാളില്‍ സിപിഐ പയറ്റിയ തന്ത്രം മനസിലാക്കിയാല്‍ ഈ കത്ത് കൂടുതല്‍ വ്യക്തമാകും. 1969ലെ തിരഞ്ഞെടുപ്പില്‍ അവിടെ എറ്റവും വലിയ ഒറ്റക്കക്ഷിയായി തിരഞ്ഞെടുക്കപ്പെട്ടത് സിപിഎം ആയിരുന്നു. നേതാവ് ജ്യോതിബസുവും. രണ്ടാമത്തെ കക്ഷി ബംഗ്ളാ കോണ്‍ഗ്രസിനായിരുന്നു. അവര്‍ക്കു പിന്നില്‍ സിപിഐ. ഇവര്‍ തമ്മില്‍ കുറുമുന്നണിയുണ്ടാക്കി ബംഗ്ളാ കോണ്‍ഗ്രസ് നേതാവ് അജോയ് മുഖര്‍ജിയെ മുഖ്യമന്ത്രി സ്ഥാനത്തു പ്രതിഷ്ഠിച്ചു. ഐക്യം നിലനിര്‍ത്താന്‍ ജ്യോതിബാസു രണ്ടാമനായി മാറിക്കൊടുത്തു. 1972ലെ തിരഞ്ഞെടുപ്പില്‍ ബംഗാളിലെ കുറുമുന്നണി നേരെ കോണ്‍ഗ്രസ് പാളയത്തിലേയ്ക്കു മാര്‍ച്ചു ചെയ്തു.
തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും മുന്നണിയ്ക്കു ഭൂരിപക്ഷം കിട്ടിയിട്ടും ബംഗാളില്‍ സിപിഎമ്മിനു മുഖ്യമന്ത്രിപദം ലഭിക്കരുത് എന്ന സിപിഐയുടെ വാശി ബംഗാളില്‍ വിജയം കണ്ടു. അവിടെ അംഗബലം കൂടുതല്‍ ബംഗ്ളാ കോണ്‍ഗ്രസിനായിരുന്നതു കൊണ്ട് മുഖ്യമന്ത്രിപദ മോഹം സിപിഐ ഉപേക്ഷിച്ചു. പക്ഷേ, സിപിഎമ്മിന് കിട്ടരുത് എന്ന നിര്‍ബന്ധം അവര്‍ക്കുണ്ടായിരുന്നു. അതു സാധിക്കുകയും ചെയ്തു. ആ ദുര്‍വാശിയുടെ കേരളാ പതിപ്പാണ് അഴിമതിയാരോപണം വഴി ഉയര്‍ത്തിയ ഹീനമായ സമ്മര്‍ദ്ദം.
ബംഗാളില്‍ കുറുമുന്നണിയ്ക്ക് വഴങ്ങിയതുപോലെ ഇവിടെയും സിപിഎം വഴങ്ങുമെന്നും മുന്നണിയുടെ നേതൃത്വം സിപിഐയെ ഏല്‍പ്പിക്കുമെന്നും അവര്‍ കരുതിയിരുന്നു. ആ ലക്ഷ്യം നടന്നാലുമില്ലെങ്കിലും മുന്നണി പൊളിച്ച് അവര്‍ കോണ്‍ഗ്രസിനൊപ്പം പോവുകയും ചെയ്യുമായിരുന്നു. ബംഗാളില്‍ സിപിഐയുടെ വാശി സിപിഎം അംഗീകരിച്ചുകൊടുത്തിട്ടും അവര്‍ 1972ല്‍ സിദ്ധാര്‍ത്ഥശങ്കര്‍ റേ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് മുന്നണിയില്‍ ചേക്കേറി. തുടര്‍ന്ന് ആ സര്‍ക്കാരിന്റെ ഭാഗമായി അവിടെയും അവര്‍ ഭീകരമായ സിപിഎം വേട്ടയ്ക്കു നേതൃത്വം നല്‍കി.
കേരളത്തില്‍ സിപിഎമ്മില്‍ നിന്നു ലഭിച്ച തിരിച്ചടി അവര്‍ തീരെ പ്രതീക്ഷിക്കാത്തതായിരുന്നു. മറ്റുള്ളവര്‍ക്കു നേരെ ആരോപണമുന്നയിച്ച് കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെ പാഞ്ഞവരുടെ ചങ്കിലാണ് സിപിഎമ്മിന്റെ ബ്രഹ്മാസ്ത്രം തറഞ്ഞു കയറിയത്. ബി.വെല്ലിംഗ്ടണും മറ്റനേകം സിപിഎം മന്ത്രിമാരും അനുഭവിച്ച മാനസികവ്യഥയ്ക്ക് സിപിഎം കണക്കുതീര്‍ത്തു. എം എന്‍ ഗോവിന്ദന്‍ നായര്‍ക്കും ടി വി തോമസിനും എതിരെ ഉന്നയിക്കപ്പെട്ട അഴിമതിയാരോപണങ്ങള്‍ കൂടി അന്വേഷിക്കണമെന്ന ഉത്തരവിട്ടുകൊണ്ടാണ് ഇഎംഎസ് പടിയിറങ്ങിയത്. ജനഹിതം അട്ടിമറിച്ച് തങ്ങളുടെ സര്‍ക്കാരിനെ കുരുതി കൊടുക്കാന്‍ മുന്നില്‍ നിന്ന എംഎന്നോ, ടിവി തോമസോ വരാനിരിക്കുന്ന മന്ത്രിസഭയില്‍ മുഖ്യമന്ത്രിയായി ഞെളിയേണ്ട എന്ന് ഇഎംഎസ് കരുതിയിരുന്നിരിക്കണം.
സിപിഎം സ്വന്തമായി അവര്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുകയായിരുന്നോ, അതോ ശ്രീകണ്ഠന്‍ നായരുടെ ചാര്‍ജ് ഷീറ്റില്‍ സിപിഐ മന്ത്രിമാര്‍ക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ ആവര്‍ത്തിക്കുകയായിരുന്നോ എന്നു വ്യക്തമല്ല. അതെന്തായാലും 1967 മുതല്‍ സിപിഐക്കാര്‍ നടത്തിവന്ന ഉപജാപങ്ങള്‍ക്ക് തീര്‍ത്തും അര്‍ഹിക്കുന്ന പര്യവസാനം തന്നെയായിരുന്നു എംഎന്‍, ടി വി തോമസ് എന്നിവര്‍ക്കെതിരെ പ്രഖ്യാപിക്കപ്പെട്ട അന്വേഷണം. അന്നായാലും ഇന്നായാലും മിനിമം അത്രയെങ്കിലും സിപിഎം ചെയ്യണം എന്ന് ആ ചരിത്രം പഠിക്കുന്ന എത്ര കടുത്ത സിപിഎം വിരുദ്ധനും തലകുലുക്കി സമ്മതിച്ചുപോകും. അത്രയ്ക്കു ഹീനമായിരുന്നു സിപിഐയുടെ തന്ത്രങ്ങള്‍.
ഒരു ദശാബ്ദം നീണ്ട സിപിഎം വേട്ട
1967ലെ ഇഎംഎസ് സര്‍ക്കാരിനെ അട്ടിമറിച്ച് കോണ്‍ഗ്രസ് പിന്തുണയോടെ മുഖ്യമന്ത്രി പദം നേടിയ സിപിഐയ്ക്ക് ഒറ്റലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ. സിപിഎമ്മിന്റെ തകര്‍ച്ച. സിപിഎമ്മിനെ പൈശാചികമായി വേട്ടയാടി അവസാനിപ്പിക്കാമെന്ന സിപിഐയുടെ കൊലവെറി അടിയന്തരാവസ്ഥക്കാലത്തും കേരളം കണ്ടു. സിപിഎമ്മിന്റെ എംഎല്‍എമാരെയടക്കം അതിക്രൂരമായി വേട്ടയാടി. അതിന്റെ ഒന്നാമത്തെ ഇരയാണ്പിണറായി വിജയന്‍. സിപിഎം എംഎല്‍എമാരെ തിരഞ്ഞുപിടിച്ച് മര്‍ദ്ദിക്കുകയും ഒരുതരം വാശിയോടെ അതിനെ നിയമസഭയില്‍ ന്യായീകരിക്കുകയും ചെയ്യുന്ന അച്യുതമേനോന്‍ ആര്‍. പ്രസന്നന്റെ നിയമസഭാപുസ്തകത്തില്‍ ഞെളിഞ്ഞു നില്‍ക്കുന്നുണ്ട്. ഒറ്റയ്ക്കു ഭരിക്കാനും ഏക കമ്മ്യൂണിസ്റ്റു പാര്‍ട്ടിയായി നിലനില്‍ക്കാനും പൈശാചികമായി മോഹിച്ചതാരാണെന്ന് ചരിത്രം തുറന്നുനോക്കിയാല്‍ ടിറ്റോ ജോയിമാര്‍ക്കും മനസിലാകും.
സിപിഎമ്മിനൊപ്പം നിന്നുവെന്ന ഒറ്റത്തെറ്റിന്റെ പേരില്‍ വെല്ലിംഗ്ടണിനെ വേട്ടയാടിയ പകയുടെ ഇടിമിന്നലുകള്‍ കര്‍ഷകസമരത്തെ അച്യുതമേനോന്‍ നേരിട്ട രീതിയിലും കാണാം. സിപിഎമ്മിനൊപ്പം നില്‍ക്കുന്നത് വ്യക്തിയോ ജനവിഭാഗമോ ആകട്ടെ, ഏതുവിധേനെയും അവരെ നശിപ്പിക്കുക എന്നതായിരുന്നു സിപിഐയുടെ വാശി. പാവപ്പെട്ട തൊഴിലാളികളെ കുടിയിറക്കാനും കുടിലുകള്‍ക്കു തീവെയ്ക്കാനും അന്നം മുട്ടിക്കാനും തല്ലിത്തകര്‍ക്കാനും വെടിവെച്ചു കൊല്ലാനും നിര്‍ദ്ദേശം നല്‍കി പൊലീസിനെയും ഗുണ്ടകളെയും അച്യുതമേനോന്‍ അഴിച്ചുവിട്ടതിനു കാരണം, ആ സമരങ്ങളുടെ നേതൃസ്ഥാനത്ത് തങ്ങളുടെ ആജന്മശത്രുക്കളായ സിപിഎം നേതാക്കളായിരുന്നു എന്നതു മാത്രമായിരുന്നു.
കുടിയൊഴിപ്പിക്കല്‍ ആവശ്യമായി വന്നാല്‍ മുന്നൊരുക്കത്തോടെ നടത്തണമെന്നും അതിനൊരു സ്ഥിരം നയം വേണമെന്നും ഒഴിപ്പിക്കപ്പെട്ടവരെ സര്‍ക്കാര്‍ പുനരധിവസിപ്പിക്കണമെന്നുള്ള ന്യായമായ ആവശ്യം, അതുന്നയിച്ചത് സിപിഎം-കെടിപി നേതാക്കളായിരുന്നു എന്ന ഒറ്റക്കാരണം കൊണ്ടായിരിക്കണം, അച്യുതമേനോന്‍ നിരസിച്ചത്. മനുഷ്യത്വമുള്ള ഒരു ഭരണാധികാരിയ്ക്കും ഒരിക്കലും അങ്ങനെയൊരാവശ്യം നിരസിക്കാനാവില്ല. മനുഷ്യത്വം കണ്ടുപിടിച്ചതു തന്നെ അച്യുതമേനോനാണ് എന്ന മട്ടിലാണല്ലോ സിപിഐക്കാരുടെ പ്രചരണം.
അഴിമതിയാരോപണം ഉന്നയിച്ച് ധാര്‍മ്മികമായും, ഭരണകൂടത്തിന്റെ മര്‍ദ്ദനോപകരണങ്ങള്‍ കൊണ്ട് കായികമായും സിപിഎം നേതാക്കളെയും അണികളെയും പാര്‍ട്ടിയുടെ സുഹൃത്തുക്കളെപ്പോലും വേട്ടയാടിയ സിപിഐയെയാണ് 1967 മുതല്‍ 1977വരെയുള്ള കേരള ചരിത്രത്തില്‍ നാം കാണുന്നത്. ഇത്രയൊക്കെ ചെയ്തുകൂട്ടിയതിന്റെ ഫലമായി പ്രാദേശികമായി അണികള്‍ക്കിടയില്‍ നിലനില്‍ക്കുന്ന സ്പര്‍ദ്ധയല്ലാതെ, സിപിഐയ്ക്കെതിരെ സിപിഎം ഈ വിവരിച്ചതിനു സമാനമായ ഒരു പകരംവീട്ടലും രാഷ്ട്രീയമായോ വ്യക്തിപരമായോ നടത്തിയിട്ടില്ല എന്നതാണ് കേരളത്തിന്റെ രാഷ്ട്രീയചരിത്രം നിഷ്പക്ഷമായി പഠിക്കുന്നവര്‍ അംഗീകരിക്കുന്ന മറ്റൊരു വസ്തുത.
സിപിഎമ്മിന് അന്നുമുണ്ടായിരുന്നില്ല, പക
സിപിഐയുടെ രാഷ്ട്രീയവേട്ട നിര്‍ബാധം തുടരുമ്പോഴും ഇടതുപക്ഷ ഐക്യത്തിന്റെ രാഷ്ട്രീയപ്രാധാന്യമാണ് സിപിഎം അന്നും ഉയര്‍ത്തിപ്പിടിച്ചത്. 1969ലെ ഇഎംഎസ് സര്‍ക്കാരിനെ അട്ടിമറിച്ച് കേരളത്തിലും ജ്യോതിബസുവിനെ ചതിച്ച് ബംഗാളിലും കോണ്‍ഗ്രസ് കൂടാരത്തില്‍ സിപിഐ ചേക്കേറിയതിനു തൊട്ടുപിന്നാലെയാണ് സിപിഎമ്മിന്റെ ഒമ്പതാം പാര്‍ട്ടി കോണ്‍ഗ്രസ് മധുരയില്‍ ചേര്‍ന്നത്. പശ്ചിമബംഗാള്‍ സര്‍ക്കാരിന്റെ ഫാസിസ്റ്റ് നടപടികള്‍ക്ക് പൂര്‍ണപിന്തുണ നല്‍കിയ സിപിഐയെ രൂക്ഷമായി വിമര്‍ശിക്കുമ്പോള്‍ പോലും സിപിഐയ്ക്ക് കോണ്‍ഗ്രസ് മുന്നണിയില്‍ അധികകാലം നില്‍ക്കാന്‍ കഴിയില്ലെന്നും അവര്‍ക്ക് ഇടതുപക്ഷത്തേയ്ക്ക് മടങ്ങി വരേണ്ടി വരുമെന്നും ആ സമ്മേളനം പ്രഖ്യാപിച്ചു.
എന്നാല്‍ ഇഎംഎസ് സര്‍ക്കാരിനെ അട്ടിമറിച്ച് കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന സിപിഐയെ മടക്കിക്കൊണ്ടുവരുന്നതിനോട് കേരളത്തിലെ സിപിഎം നേതാക്കളില്‍ ഒരു വിഭാഗം വിയോജിക്കുകയും ചെയ്തിരുന്നു. സിപിഐയെക്കാള്‍ വിശ്വസിക്കാവുന്ന പങ്കാളി മുസ്ളിംലീഗാണെന്നും അവരുമായാണ് സഖ്യമുണ്ടാക്കേണ്ടത് എന്നുമായിരുന്നു സിപിഎമ്മിന്റെ ഒരു വിഭാഗം നേതാക്കള്‍ വാദിച്ചത്. ജംബൂക നമ്പൂതിരിയെന്ന് ചരിത്രബോധമില്ലാത്ത പോഴന്മാര്‍ ആക്ഷേപിക്കുന്ന അതേ ഇഎംഎസ് തന്നെയാണ് സിപിഐയെ തിരികെ കൊണ്ടുവരണമെന്ന വാദം കേരളത്തിലെ സിപിഎം നേതാക്കളെക്കൊണ്ട് അംഗീകരിപ്പിച്ചത്. ബാക്കി ഇഎംഎസ് പറയട്ടെ:
ഇത് (മുസ്ളിംലീഗുമായി സഖ്യത്തിനുള്ള പ്രവണത) തൃശൂരില്‍ നടന്ന സിപിഐഎംന്റെ സംസ്ഥാന സമ്മേളനത്തില്‍ എനിക്കു ചൂണ്ടിക്കാണിക്കേണ്ടി വന്നു. അന്നത്തെ സിപിഎം വിരുദ്ധ മുന്നണിയിലെ കക്ഷികളില്‍ വെച്ച് ഭാവിയിലെങ്കിലും നമ്മുടെ കൂടെ വരാനിരിക്കുന്ന പാര്‍ട്ടി സിപിഐ ആണെന്ന് ഞാന്‍ അഭിപ്രായപ്പെട്ടു. അതിനെ ശക്തിയായി എതിര്‍ത്തുകൊണ്ടും സിപിഐയെക്കാള്‍ നമുക്കു വിശ്വസിക്കാന്‍ കൊള്ളാവുന്ന പാര്‍ട്ടി മുസ്ളിംലീഗാണെന്നു വാദിച്ചുകൊണ്ടും മറ്റുചില സഖാക്കളും പ്രസംഗിച്ചു. (ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം - 1928-1998, ഇഎംഎസ്, പേജ് 169).
ഇഎംഎസിന്റെ ശാരീരികമായ പരാധീനതയെപ്പോലും അതിരൂക്ഷമായി അപഹസിച്ചും ജാതി പറഞ്ഞ് ആക്ഷേപിച്ചും സിപിഐ നേതാക്കള്‍ നാടൊട്ടു പ്രസംഗിച്ചു നടക്കുമ്പോള്‍, ഇന്നല്ലെങ്കില്‍ നാളെ അവര്‍ക്ക് സിപിഎം നേതൃത്വം കൊടുക്കുന്ന മുന്നണിയിലേക്ക് തിരികെ വരേണ്ടി വരുമെന്ന രാഷ്ട്രീയയാഥാര്‍ത്ഥ്യം കണ്ണു തുറന്നു കാണുകയായിരുന്നു സിപിഎമ്മിന്റെ സമ്മേളനവേദികള്‍. വ്യക്തിനിഷ്ഠമായ പകയും വൈരാഗ്യവുമല്ല, വ്യക്തവും തെളിമയാര്‍ന്നതുമായ രാഷ്ട്രീയവിവേകമാണ് സിപിഎം നേതാക്കളെ നയിച്ചത്. സിപിഐയ്ക്കെതിരെ നിലപാടു സ്വീകരിച്ചവരെപ്പോലും തികഞ്ഞ ആശയവ്യക്തതയോടെ തിരുത്താനാണ് ഇഎംഎസ് അടക്കമുള്ള രാഷ്ട്രീയ നേതാക്കള്‍ ശ്രമിച്ചത്.
പോലീസിനെ ഉപയോഗിച്ച് സിപിഎം നേതാക്കളെ വേട്ടയാടിയും ഗുണ്ടകളെയിറക്കി എകെപിസിടിഎയുടെ സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന ആലപ്പുഴയിലെ സുധീന്ദ്രന്‍ അടക്കമുള്ളവരെ കൊന്നൊടുക്കിയും സിപിഐയുടെ തേര്‍വാഴ്ച മുന്നേറുന്ന കാലത്താണ് ഈ ചര്‍ച്ചകള്‍ നടക്കുന്നത് എന്നോര്‍ക്കുക. കോണ്‍ഗ്രസ് മുന്നണിയില്‍ അധികകാലം നിലനില്‍ക്കാന്‍ സിപിഐയ്ക്ക് കഴിയില്ലെന്ന രാഷ്ട്രീയ യാഥാര്‍ത്ഥ്യം സിപിഎമ്മാണ് ആദ്യം തിരിച്ചറിഞ്ഞത്.
ഇവിടെ മനസിലാക്കേണ്ട മറ്റൊരു കാര്യമുണ്ട്. സിപിഐയ്ക്ക് കോണ്‍ഗ്രസ് കൂടാരത്തില്‍ കിട്ടിയ പായും തലയണയും പങ്കുവെച്ചാലെന്ത് എന്ന സന്ദേഹം ഒരിക്കല്‍പ്പോലും സിപിഎമ്മിനെ ആവേശിച്ചില്ല. തീക്ഷ്ണമായ രാഷ്ട്രീയ യാഥാര്‍ത്ഥ്യത്തോട് എതിരിട്ട് ക്രൂരമായ പീഡനങ്ങള്‍ ഏറ്റുവാങ്ങിയിട്ടും സ്വന്തം രാഷ്ട്രീയംകൈവിട്ട് സിപിഐയെപ്പോലെ ഭരണകൂടത്തിന്റെ സുഖവാസകേന്ദ്രങ്ങള്‍ തേടിപ്പോകാന്‍ സിപിഎമ്മിന്റെ നേതാക്കള്‍ തയ്യാറായില്ല. കോണ്‍ഗ്രസിന്റെ കിടപ്പറയിലെ സുഖമൂര്‍ച്ഛയുടെ ആലസ്യത്തില്‍ നിന്നവരെ വീണ്ടെടുത്ത് കോണ്‍ഗ്രസിനെതിരെയുള്ള ജനകീയ പ്രസ്ഥാനത്തിന്റെ ഭാഗമാക്കുന്നതിനെക്കുറിച്ചാണ് അപ്പോഴും സിപിഎം ചിന്തിച്ചത്. യഥാര്‍ത്ഥത്തില്‍ സിപിഐയുടെ ഭാവി നിശ്ചയിക്കുക എന്ന രാഷ്ട്രീയദൌത്യം സിപിഎമ്മാണ് ഏറ്റെടുത്തത്.
പേരിനെങ്കിലും പറഞ്ഞുനടക്കാന്‍ ഒരു കമ്മ്യൂണിസ്റ്റ് ആദര്‍ശവും ഏന്തിനടക്കാനൊരു ചെങ്കൊടിയും സിപിഐയുടെ പക്കല്‍ ഇന്നു കാണുന്നുവെങ്കില്‍ അത് സിപിഎമ്മിന്റെ സംഭാവനയാണ്. തെളിഞ്ഞ ചിന്തയോടെ സ്വന്തം സമ്മേളനങ്ങളില്‍ രാഷ്ട്രീയം ചര്‍ച്ച ചെയ്ത സിപിഎമ്മിന്റെ സഖാക്കളാണ് ഒരിക്കല്‍ സിപിഐക്കാര്‍ വലിച്ചെറിഞ്ഞ കൊടിയും ആദര്‍ശവും അവര്‍ക്ക് വീണ്ടെടുത്തു നല്‍കിയത്. സിപിഎമ്മിന്റെ സമ്മേളനങ്ങള്‍ തുടങ്ങിത്തീരുന്നതു വരെ അറ്റന്‍ഷനായി നിന്ന് റെഡ് സല്യൂട്ട് ചെയ്യേണ്ടവരാണ് സിപിഐക്കാര്‍. അവരാണ് ആ സമ്മേളനങ്ങളെ ഇവന്റ് മാനേജ്മെന്റ് എന്നാക്ഷേപിക്കുന്നത്.
രാഷ്ട്രീയപ്പകയുടെ ചുരികത്തലകൊണ്ട് തങ്ങളെ തലങ്ങും വിലങ്ങും വേട്ടയാടിയവരോട് മാനുഷികമായി തോന്നേണ്ട സ്വാഭാവികമായ പകപോലും വെച്ചു പുലര്‍ത്താതെ, അപാരമായ കമ്മ്യൂണിസ്റ്റ് സാഹോദര്യത്തിന്റെ ചക്രവാളങ്ങളില്‍ വെച്ച് സിപിഐയെ നെഞ്ചോട് ചേര്‍ത്ത പാര്‍ട്ടിയാണ് സിപിഎം. ഹീനബുദ്ധിയായ ഒരശ്ളീലവാരികക്കാരന്‍ പണിത അപവാദത്തോക്കു കൈവായ്പ വാങ്ങി ആ സിപിഎമ്മിന്റെ നെഞ്ചത്തേയ്ക്കാണ് ചന്ദ്രപ്പനും ബിനോയ് വിശ്വവുമൊക്കെ നിറയൊഴിക്കുന്നത്. കുമാരപ്പണിക്കരുടെ തെങ്ങിന്‍തോപ്പില്‍ നിന്ന് തേങ്ങയിട്ടു പണം വിറ്റു വീട്ടിലെത്തിച്ച വയലാര്‍ രവിയുടെ കുടുംബത്തോടു ഇന്നും വെച്ചുപോറ്റുന്ന നന്ദിയുടെ ആയിരത്തിലൊരംശം സിപിഎമ്മിനോടു കാണിച്ചിരുന്നുവെങ്കില്‍, ഈ വിവാദങ്ങള്‍ ചന്ദ്രപ്പന് ഒഴിവാക്കാമായിരുന്നു.
No comments: