Thursday, April 05, 2012

ഇങ്ങനെ മറുപടി പറഞ്ഞ് ചിരിപ്പിക്കരുത്... പ്ളീസ്!

ചന്ദ്രപ്പന്റെ പിണറായിപ്പക - ചരിത്രവും രാഷ്ട്രീയവും, വലതുദാസ്യത്തിന്റെ ലാവലിന്‍ ന്യായങ്ങള്‍ എന്നീ ലേഖനങ്ങള്‍ക്കു മറുപടിയായി നൂറ്റൊന്നാവര്‍ത്തിക്കുന്ന നുണകള്‍, ആത്മവഞ്ചനയുടെ ഗിരിപ്രഘോഷണങ്ങള്‍ എന്നിങ്ങനെ രണ്ടു ലേഖനങ്ങള്‍ മലയാള്‍. അം പ്രസിദ്ധീകരിച്ചു. മുന്‍ എഐഎസ്എഫ് പ്രവര്‍ത്തകനായ ടിറ്റോ ജോയി എഴുതിയ ആ ലേഖനങ്ങളോടുളള പ്രതികരണങ്ങള്‍. 


ചന്ദ്രപ്പന്റെ പിണറായിപ്പക - ചരിത്രവും രാഷ്ട്രീയവും,വലതുദാസ്യത്തിന്റെ ലാവലിന്‍ ന്യായങ്ങള്‍ എന്നീ ലേഖനങ്ങള്‍ക്ക് റിട്ടയേഡ് എഐഎസ്എഫ് ഉദ്യോഗസ്ഥന്‍ ടിറ്റോ ജോയിയും സംഘവും ചമച്ച മറുപടികളില്‍ (നൂറ്റൊന്നാവര്‍ത്തിക്കുന്ന നുണകള്‍ ,ആത്മവഞ്ചനയുടെ ഗിരിപ്രഘോഷണങ്ങള്‍ ) 'സിപിഐ' എന്ന് ഇന്നറിയപ്പെടുന്ന രാഷ്ട്രീയപ്പാര്‍ട്ടിയുടെ സഹജഗുണങ്ങളെല്ലാം പ്രതിഫലിക്കുന്നുണ്ട്. പാരവെപ്പ്, പരദൂഷണം, ഒറ്റ്, അതിരുമാന്തല്‍ തുടങ്ങിയ സുകുമാരകലകളിലുളള പ്രാവീണ്യത്തിനു പുറമെ, പെരുങ്കള്ളം തട്ടിവിടാനുളള ഉളുപ്പില്ലായ്മ, വികലമായ ചരിത്രബോധം, ദുര്‍ബലമായ രാഷ്ട്രീയ യുക്തി, പ്രസക്തവിഷയങ്ങളില്‍ നിന്ന് ഒളിച്ചോടാനുളള തത്രപ്പാട്, വിവരക്കേട് വഴിഞ്ഞൊഴുകുന്ന വ്യാഖ്യാനങ്ങള്‍, അല്‍പജ്ഞാനിയുടെ സര്‍വജ്ഞഭാവം എന്നിങ്ങനെ സിപിഐക്കാരെ സിപിഐക്കാരാക്കി നിലനിര്‍ത്തുന്ന ജനിതകസവിശേഷതകള്‍ പലതാണ്. ഇവയൊക്കെ കനകാനുപാതത്തില്‍ കലക്കിയാണ് ടിറ്റോ ജോയിയും സംഘവും മറുപടിക്കൂട്ട് തയ്യാറാക്കിയിരിക്കുന്നത്.

അത്യുന്നതങ്ങളിലെ ചന്ദ്രപ്പനോ മണലാരണ്യത്തിലെ ടിറ്റോ ജോയിയോ ആകട്ടെ, സര്‍വീസിലുളളതെന്നോ റിട്ടയേഡ് ആയതെന്നോ ഭേദമില്ലാതെ വിമര്‍ശനത്തിലും ആരോപണത്തിലും മറുപടിയിലുമൊക്കെ സ്വന്തം വ്യക്തിത്വം ഇങ്ങനെ കടുകിട തെറ്റാതെ കാത്തുസൂക്ഷിക്കുന്നതില്‍ സിപിഐക്കാര്‍ പുലര്‍ത്തുന്ന കണിശത അസൂയാവഹം തന്നെയാണ്.
ആ തലക്കെട്ടുകള്‍ നോക്കൂ. സ്വന്തം ശിരസു പിളര്‍ക്കുന്ന തലക്കെട്ടുകള്‍ എത്ര സ്വാഭാവികമായാണ് ലേഖകനെത്തേടിയെത്തിയത്? നൂറ്റൊന്നാവര്‍ത്തിക്കുന്ന നുണകള്‍ എന്ന തലക്കെട്ടു കാണുമ്പോള്‍, 'മാരീചന്‍ എഴുതിയ നുണകള്‍ ഇതാ പൊളിക്കുന്നു' എന്ന പ്രതീതിയാണ് ജനിപ്പിക്കുന്നതെങ്കിലും വായിച്ചുവരുമ്പോള്‍ അങ്ങനെയല്ലെന്നു കാണാം. നുണ എന്ന വാക്ക് പല ഖണ്ഡികകളിലും ടിറ്റോ ജോയി ആവര്‍ത്തിച്ചിട്ടുണ്ട്. 'ഒന്നരപ്പലം നുണ', 'നാലാംതരം അസഭ്യം', 'നഞ്ചുപുരട്ടിയ അസത്യം', 'ദുര്‍ബലമായ നുണക്കഥകള്‍', 'നട്ടാല്‍ കുരുക്കാത്ത നുണ' എന്നിങ്ങനെ പതിനേഴ് ഖണ്ഡികകള്‍ നീളുന്ന അദ്ദേഹത്തിന്റെ ആദ്യലേഖനത്തിലെ വിശേഷണങ്ങള്‍ നീളുന്നു. പക്ഷേ, 'ഒന്നരപ്പലം നുണ' ഏതെന്നോ, 'നാലാംതരം അസഭ്യം' എന്തെന്നോ, 'നഞ്ചുപുരട്ടിയവതരിപ്പിച്ച അസത്യം' ഏതെന്നോ, 'ദുര്‍ബലമായ നുണക്കഥ'യേതെന്നോ ലേഖനം അരിച്ചു പെറുക്കി വായിച്ചാലും ക്ളൂ പോലും കിട്ടില്ല.
പക്ഷേ, ഇതൊക്കെ ടിറ്റോ ജോയിയുടെ ലേഖനത്തിലെ പരാമര്‍ശങ്ങള്‍ക്കു മാത്രം ബാധകമായ വിശേഷണങ്ങളാണ് എന്ന് ചരിത്രബോധവുളളവര്‍ക്ക് നിഷ്‌പ്രയാസം മനസിലാവുകയും ചെയ്യും. അങ്ങേയറ്റം വസ്തുതാവിരുദ്ധവും അടിമുടി പെരുങ്കള്ളങ്ങള്‍ നിറഞ്ഞതുമായ ഒരു ലേഖനത്തിന് നൂറ്റൊന്നാവര്‍ത്തിക്കുന്ന നുണകള്‍ എന്നതിനെക്കാള്‍ യോജിക്കുന്ന മറ്റൊരു തലക്കെട്ടുമില്ല. മനസറിയാതെ പ്രകടിപ്പിച്ച അപാരമായ ഈ സത്യസന്ധതയ്ക്കു മുന്നില്‍ ആത്മാര്‍ത്ഥമായ പ്രണാമം!
ചന്ദ്രപ്പന്റെ പിണറായിപ്പക - ചരിത്രവും രാഷ്ട്രീയവും, വലതുദാസ്യത്തിന്റെ ലാവലിന്‍ ന്യായങ്ങള്‍ എന്നീ ലേഖനങ്ങളില്‍ നിന്ന് ഏതെങ്കിലും ഒരു വരി അതുപോലെ ഉദ്ധരിച്ച്, വസ്തുതയും യാഥാര്‍ത്ഥ്യവും നിരത്തി അതു നുണയാണെന്ന് തെളിയിക്കാമോ എന്ന വെല്ലുവിളി ടിറ്റോ ജോയിയുടെയും സംഘത്തിന്റെയും മുന്നില്‍ ഉയര്‍ത്തിയിട്ടു പ്രയോജനമൊന്നുമില്ല. നുണയില്‍ പിറന്ന്, നുണ തിന്നു, നുണ വിസര്‍ജിച്ചു ജീവിക്കുന്നവര്‍ക്ക് ആ വെല്ലുവിളിയും അടുത്ത നുണയ്ക്കുളള പ്രചോദനമേ ആവുകയുളളൂ. നുണ പറയാനുളുപ്പില്ലാത്ത അല്‍പജ്ഞാനികളുമായല്ലോ, രാഷ്ട്രീയസംവാദങ്ങള്‍ നടത്തേണ്ടത്.

തന്റെ വീട്ടില്‍ നിന്ന് പട്ടാളം കവര്‍ന്ന ഓട്ടുരുളിയും മറ്റു വീട്ടുസാമാനങ്ങളും ജനങ്ങള്‍ വീണ്ടെടുത്ത് ജാഥയായി വന്ന് തിരിച്ചേല്‍പ്പിച്ച അനുഭവം സി. കെ. ചന്ദ്രപ്പന്‍ തന്റെ കലാകൌമുദിഅഭിമുഖത്തില്‍ പറഞ്ഞിരുന്നു. വയലാര്‍വെടിവെപ്പു പ്ളാന്‍ ചെയ്തശേഷം,കുമാരപ്പണിക്കര്‍ ചെയ്തത് സ്വന്തം കുടുംബത്തെ തൃപ്പൂണിത്തുറയിലെ ഭാര്യയുടെ 'തറവാട്ടി'ലേയ്ക്കു മാറ്റുകയായിരുന്നു. വീട്ടുപകരണങ്ങള്‍ നഷ്ടപ്പെട്ടാല്‍ നാട്ടുകാരതു വീണ്ടെടുത്തു തരുമെന്നും നഷ്ടപ്പെടുന്നത് വീട്ടുകാരെയാണെങ്കില്‍ നാട്ടുകാര്‍ക്ക് ഒന്നും ചെയ്യാനാവില്ലെന്നും ക്രാന്തദര്‍ശിയായ കുമാരപ്പണിക്കര്‍ ദീര്‍ഘദര്‍ശനം ചെയ്തിരുന്നു. വെടിവെപ്പിന്റെ പിറ്റേന്ന് പട്ടാളവും ഗുണ്ടകളും ചന്ദ്രപ്പന്റെ തറവാടു വളഞ്ഞു, വീടു തകര്‍ത്തു, സാധനങ്ങള്‍ കവര്‍ന്നു. ഈ സാധനങ്ങളാണ് പിന്നീട് നാട്ടുകാര്‍ വീണ്ടെടുത്ത് ജാഥയായി കുമാരപ്പണിക്കരുടെ ഭാര്യയെ ഏല്‍പ്പിച്ചത്.
സിപിയുടെ പട്ടാളം കുത്തിക്കവര്‍ന്ന വിലപിടിപ്പുളള സാധനസാമഗ്രികള്‍ അവരില്‍ നിന്ന് തിരിച്ചു ലഭിക്കണമെങ്കില്‍ ഒന്നുകില്‍ സ്വമേധയാ പട്ടാളക്കാര്‍ കവര്‍ച്ചമുതല്‍ ഉടമകളെ ഏല്‍പ്പിക്കണം. അല്ലെങ്കില്‍ ബലപ്രയോഗത്തിലൂടെയുളള ഒരു വിജയം നാട്ടുകാര്‍ക്ക് പട്ടാളത്തിനുമേല്‍ ഉണ്ടാകണം. പുന്നപ്ര വയലാര്‍ സമരത്തിന്റെ രേഖപ്പെടുത്തപ്പെട്ട ചരിത്രത്തിലൊന്നും ഇതു രണ്ടും നടന്നതായി തെളിവില്ല.
ചന്ദ്രപ്പന്റെ സ്മരണ ശരിയാകാനുളള സാധ്യതകളില്‍ ഒന്നാണ്, നഷ്ടപ്പെട്ട വീട്ടുപകരണങ്ങള്‍ മടങ്ങിവന്ന സമരനേതാവിന്റെ കുടുംബത്തിന് തൊഴിലാളികളും നാട്ടുകാരും സമാഹരിച്ചു നല്‍കിയിരിക്കാം എന്നുള്ളത്. ഈ സാധ്യതയാണ് എന്റെ ലേഖനത്തില്‍ വിശദീകരിക്കാന്‍ ശ്രമിച്ചത്. അതു ശരിയാണെങ്കില്‍, കാണിക്കയിലും കാഴ്ചപ്പണ്ടങ്ങളിലും സംപ്രീതനാകുന്ന ഒരു ഫ്യൂഡല്‍ മനോഭാവത്തിന്റെ പുളിച്ചുതികട്ടല്‍ ആ അനുസ്മരണത്തിലുണ്ട് എന്നാണ് ഈ ലേഖകന്‍ വിശദീകരിക്കാന്‍ ശ്രമിച്ചത്. അങ്ങനെയാണ് നടന്നത് എന്ന് എന്റെ ലേഖനത്തിലെവിടെയും പറയുന്നില്ല. പക്ഷേ, അതു 'നഞ്ചുപുരട്ടിയ അസത്യ'മാണെന്നു തെളിയിക്കാന്‍ ടിറ്റോ ജോയി നടത്തുന്ന സര്‍ക്കസു കണ്ടാല്‍ സി. ദിവാകരനും ബിനോയ് വിശ്വവുമൊക്കെ നാണിച്ചു നഖം കടിച്ചു പാര്‍ട്ടിതന്നെ വിട്ടുപോകും. ഇതാ കാണുക:
------വയലാറെന്ന നാലുപാടും വെള്ളത്താല്‍ ചുറ്റപ്പെട്ട കരയില്‍ നിന്നും സാധനങ്ങളൊക്കെ കായലില്‍ എറിയുകയാണ് പട്ടാളക്കാര്‍ ചെയ്തത്. കുറേയൊക്കെ നാട്ടുകാര്‍ വീണ്ടെടുത്തു. അവ കുമാരപ്പണിക്കരുടെ ഭാര്യക്ക് തിരികെ നല്‍കി. കുമാരപ്പണിക്കര്‍ക്കായി പണം പിരിച്ച കഥയും ആലപ്പുഴയിലെങ്ങും ആരും കേട്ടിട്ടില്ല. മാത്രമല്ല '1948ല്‍ കല്‍ക്കത്താ തീസിസ് മുതല്‍ '1954 ല്‍ വരെ എസ്. കുമാരന്റെ വീട്ടില്‍ കമ്മിറ്റി കൂടുന്നവര്‍ക്ക് പുറത്തിറങ്ങാന്‍പോലും പറ്റാത്ത അവസ്ഥയിലായിരുന്നു കമ്മ്യൂണിസ്റ്റുകാര്‍, അപ്പോഴല്ലേ പിരിവ്?!-------
പരിഹാസ്യമായ വ്യാഖ്യാനം വഴി ചന്ദ്രപ്പനെ കൂടുതല്‍ വിവസ്ത്രനാക്കുകയാണ് ടിറ്റോ ജോയി. 1946 ഒക്ടോബര്‍ 27നാണ് വയലാര്‍ വെടിവെപ്പു നടന്നത്. വെടിവെപ്പിന്റെ തൊട്ടുപിറ്റേന്ന് കുമാരപ്പണിക്കരുടെ വീട് പട്ടാളം വളഞ്ഞുവെന്നാണ് കലാകൌമുദി അഭിമുഖത്തില്‍ ചന്ദ്രപ്പന്‍ പറയുന്നത്.
ഇനി ചന്ദ്രപ്പന്റെ തന്നെ വാക്കുകള്‍ കലാകൌമുദിയില്‍ നിന്ന്:
... പിന്നീട് ഒരു വര്‍ഷത്തിനുശേഷമാണ് ഞങ്ങള്‍ വയലാറില്‍ താമസത്തിനു വരുന്നത്.
കുമാരപ്പണിക്കരുടെ ഓട്ടുരുളിയും അണ്ഡാവും പട്ടാളക്കാര്‍ കായലിലെറിഞ്ഞ സ്ഥലം ഒരു വര്‍ഷത്തോളം വയലാറുകാര്‍ മാര്‍ക്കു ചെയ്തു സൂക്ഷിച്ചിരുന്നുവെന്നാണ് ടിറ്റോ ജോയി സാക്ഷ്യപ്പെടുത്തുന്നത്! ഒരു കൊല്ലം കഴിഞ്ഞ് അവര്‍ തിരിച്ചുവന്നപ്പോള്‍ കൃത്യമായി അവിടെത്തന്നെ മുങ്ങിത്തപ്പി കിണ്ടിയും കിണ്ണവുമൊക്കെ തിരിച്ചെടുത്തു കൊടുത്തുവത്രേ! പുറത്തിറങ്ങാന്‍ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു നാട്ടുകാരെന്ന് പറയുന്ന ടിറ്റോ ജോയി തൊട്ടടുത്ത നിമിഷം മലക്കം മറിയുന്നു. കുമാരപ്പണിക്കരുടെ വീട്ടിലെ ഉരുളിയും ചരുവവും മുങ്ങിയെടുക്കാനുളള 'കായല്‍ പര്യവേഷണ'ത്തിന് മാത്രം അന്നൊരു വിലക്കുമുണ്ടായിരുന്നില്ല പോലും! വീണ്ടെടുത്ത വീട്ടുപകരണങ്ങളുമായി കുമാരപ്പണിക്കരുടെ വീട്ടിലേയ്ക്ക് ജാഥ നടത്താന്‍ നിരോധനാജ്ഞയില്‍ പ്രത്യേക ഇളവു വല്ലതും നല്‍കിയിരുന്നോ ആവോ?
ടിറ്റോ ജോയിയ്ക്ക് കളരിത്തറ കെട്ടിക്കൊടുത്തത് എഐഎസ്എഫ് ആയതു കൊണ്ടാവണം, ബഡായിയായിക്കൊന്നും ഒരു മയവുമില്ല! കേമപ്പെട്ട ചരിത്രജ്ഞാനിയെന്ന് ആരെയൊക്കെയോ ബോധ്യപ്പെടുത്താനായി കല്‍ക്കട്ടാ തീസീസിനെയും ഇവിടേയ്ക്കു വലിച്ചുകൊണ്ടു വന്നിട്ടുണ്ട്. 1947ല്‍ നടന്ന ഈ സംഭവങ്ങളും 1948 ലെ കല്‍ക്കട്ടാ തീസീസും തമ്മില്‍ എന്തുബന്ധമെന്ന് ആര് ആരോടു ചോദിക്കും?
തങ്ങള്‍ സമരനായകന്മാര്‍ മാത്രമല്ല, സ്ഥലത്തെ പ്രധാന 'കണ്ണിലുണ്ണി'കളുമായിരുന്നു എന്നു തെളിയിക്കുകയായിരുന്നിരിക്കണം, നാട്ടുകാരുടെ 'ഉരുളി തിരിച്ചേല്‍പ്പിക്കല്‍ ജാഥ'യെക്കുറിച്ചുളള ചന്ദ്രപ്പന്റെ നൊസ്റ്റാള്‍ജിക്‍ വീമ്പടിയുടെ ഉദ്ദേശം. കാഴ്ചപ്പണ്ടങ്ങളിലും കാണിക്കയിലും തൃപ്തിയടയുന്ന ഒരു ഫ്യൂഡല്‍ മനോഭാവം അതിലൊളിച്ചിരിപ്പുണ്ട് എന്ന വിമര്‍ശനമാണ് ഞാനുയര്‍ത്തിയത്. അതാകട്ടെ, മിച്ചഭൂമി സമരത്തിനു നേരെ ചന്ദ്രപ്പന്‍ ചൊരിഞ്ഞ പുച്ഛപരിഹാസങ്ങളുടെ പശ്ചാത്തലത്തിലും.
രാഷ്ട്രീയപ്രതികരണങ്ങളിലും സാംസ്ക്കാരിക ഇടപെടലുകളിലും, എന്തിന് തീര്‍ത്തും സ്വകാര്യമായ കൊച്ചുവര്‍ത്തമാനങ്ങളില്‍പോലും ഫ്യൂഡല്‍ ട്രെയിറ്റുകളുണ്ടാകും. അത്ര പഴക്കമില്ലാത്ത ഒരു ഭൂതകാലത്ത് സമ്പൂര്‍ണാധിപത്യം വഹിച്ചിരുന്നതും ഇനിയും സാംസ്ക്കാരികമായി നശിച്ചു കഴിഞ്ഞിട്ടില്ലാത്തതുമായ ഒരു സാമൂഹ്യഘടനയുടെ ശേഷിപ്പാണത്. സിപിഐക്കാരനിലോ സിപിഎമ്മുകാരനിലോ ഒക്കെ അത് ഏറിയും കുറഞ്ഞുമുണ്ടാകാം. തിരിച്ചറിഞ്ഞു തിരുത്തുകയല്ലാതെ വേറെ വഴിയൊന്നുമില്ല. ഫ്യൂഡല്‍ സ്വാധീനമുളള രാഷ്ട്രീയ നിലപാടുകളും സാമൂഹ്യ ഇടപെടലുകളുമൊന്നും ഒരു കമ്മ്യൂണിസ്റ്റുകാരനില്‍ നിന്ന് ഒരിക്കലും പ്രതീക്ഷിക്കുന്നതല്ല. ചന്ദ്രപ്പന്റെ സമീപകാലത്തെസിപിഎം വിമര്‍ശനങ്ങളില്‍ വസ്തുതയോ യുക്തിയോ ഇല്ലെന്നു മാത്രമല്ല, അവയില്‍ നിഴലിക്കുന്നത് ഫ്യൂഡല്‍ തറവാട്ടുകാരണവരുടെ ആധിപത്യ പ്രകടനമാണ് എന്നതാണ് വിമര്‍ശനം. ആ വിമര്‍ശനങ്ങളെ സാധൂകരിക്കുന്ന തെളിവുകളും സൂചനകളും അദ്ദേഹത്തിന്റെ കൊച്ചുവര്‍ത്തമാനങ്ങളില്‍പ്പോലും ഉണ്ട് എന്ന് വ്യക്തമാക്കാനാണ് കലാകൌമുദി അഭിമുഖം ഉദ്ധരിച്ചത്. തീര്‍ത്തും വസ്തുതാവിരുദ്ധമായ അസംബന്ധവിമര്‍ശനങ്ങള്‍ക്ക് ഒരു പ്രകോപനവും ഉണ്ടാകാത്ത സാഹചര്യത്തില്‍ ചന്ദ്രപ്പന്‍ എന്തിനു മുതിര്‍ന്നു എന്ന സന്ദേഹമാണ് അദ്ദേഹത്തിന്റെ പ്രതികരണങ്ങളുടെ അപഗ്രഥനത്തിന് വഴിമരുന്നിടുന്നത്.
ചന്ദ്രപ്പന്റെ പിതാവ് വയലാര്‍ സമരനായകനായിരുന്നു, പത്താം വയസില്‍ ചന്ദ്രപ്പന്‍ ടക്മാനായി, ഗോവന്‍ വിമോചന സമരകാലത്ത് പോര്‍ച്ചുഗീസ് തോക്കുകള്‍ക്കു മുന്നില്‍ അദ്ദേഹം കൈയും കെട്ടി നിന്നിട്ടുണ്ട്, അതുകൊണ്ട് ചന്ദ്രപ്പനില്‍ ഒരു ഫ്യൂഡല്‍ സ്വാധീനവുമില്ല എന്ന മറുപടി പ്രഥമദൃഷ്ട്യാതന്നെ സ്വീകാര്യമല്ല. മാരീചന്റെ വിമര്‍ശനങ്ങള്‍ 'നഞ്ചുപുരട്ടിയ അസത്യ'വും 'നട്ടാല്‍കുരുക്കാത്ത നുണ'യുമാകണമെങ്കില്‍, ചന്ദ്രപ്പന്റെ രാഷ്ട്രീയവിമര്‍ശനങ്ങളെ വസ്തുതയും യുക്തിയും കൊണ്ട് ന്യായീകരിച്ചു കാണിക്കണം.
ലാവലിന്‍ കേസ് സംബന്ധിച്ച് ചന്ദ്രപ്പന്‍ നടത്തിയ എംഎന്‍ - ടിവി തോമസ് അസംബന്ധതാരതമ്യമാണ് യഥാര്‍ത്ഥത്തില്‍ 'ആത്മവഞ്ചനയുടെ ഗിരിപ്രഘോഷണ'മെന്ന് 'വലതുദാസ്യത്തിന്റെ ലാവലിന്‍ ന്യായങ്ങള്‍' എന്ന ലേഖനത്തില്‍ യുക്തിയുക്തം സ്ഥാപിച്ചിട്ടുണ്ട്. അതില്‍നിന്നൊക്കെ നിഷ്‌പ്രയാസം ഒളിച്ചോടാമെന്നാണ് ടിറ്റോ ജോയിമാര്‍ മനോരാജ്യം കാണുന്നത്. ഓടരുത് വാല്യക്കാരാ... ആളറിയാം!
വില്‍പത്രമനുസരിച്ച് ഫ്യൂഡല്‍ മാടമ്പിത്തരത്തിന്റെ നേരവകാശി സിപിഐ നേതാക്കളാണ് എന്നതിന് ഇനിയും ഉദാഹരണങ്ങള്‍ തരാം. 1967ലെ കുപ്രസിദ്ധമായ കുറുമുന്നണി ഉപജാപങ്ങള്‍ക്കൊടുവില്‍ ബി. വെല്ലിംഗ്ടണിനൊപ്പം എം. എന്‍. ഗോവിന്ദന്‍ നായര്‍, ടി. വി. തോമസ് എന്നിവര്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ കൂടി അന്വേഷിക്കാന്‍ മുഖ്യമന്ത്രിയായിരുന്ന ഇഎംഎസ് ഉത്തരവു നല്‍കി. (ഇതേക്കുറിച്ച് ഈ ലേഖനപരമ്പരയുടെ മൂന്നാം ഭാഗത്തില്‍ വിശദമായി എഴുതുന്നുണ്ട്). ഇഎംഎസിനെതിരെ ഗോവിന്ദന്‍ നായര്‍ സെക്രട്ടറിയേറ്റിലെ ഇടനാഴിയില്‍ നിന്ന് താഴെപ്പറയും പ്രകാരം പൊട്ടിത്തെറിച്ചുവെന്ന് സിപിഐക്കാരുടെ രാഷ്ട്രീയ ബൈബിളായ 'നിയമസഭയില്‍ നിശബ്ദനായി' എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു.
"ദല്‍ഹിയിലെ പാര്‍ട്ടിയോഫീസിലെവിടെയോ കുത്തിയിരുന്ന ഈ നമ്പൂരിയെവിളിച്ചുകൊണ്ടുവന്ന് കേരളത്തിലെ മുഖ്യമന്ത്രിയാക്കിയ എന്നെയാണ് കുറ്റം പറയേണ്ടത്" (ഊന്നല്‍ കൂട്ടിച്ചേര്‍ത്തത്).

തൊട്ടുപിറ്റേന്ന് നിയമസഭയില്‍ എംഎന്‍ നടത്തിയ പ്രസംഗത്തിലും 'നമ്പൂരി' പ്രയോഗം ആവര്‍ത്തിച്ചു. അതിന് ഇഎംഎസ് പറഞ്ഞ മറുപടിയില്‍ നിന്ന് രണ്ടു കമ്മ്യൂണിസ്റ്റു നേതാക്കളുടെയും 'ഫ്യൂഡല്‍ നിലവാരം' മനസിലാകും. ദീര്‍ഘമായ ആ പ്രസംഗത്തില്‍ നിന്ന്:
"ബഹുമാനപ്പെട്ട എംഎന്‍ ഗോവിന്ദന്‍ നായര്‍ വളരെ വികാരഭരിതനായി തനിക്കു വ്യക്തിപരമായി തോന്നിയിട്ടുളള കാര്യങ്ങള്‍ പലതും പറഞ്ഞു. ആ കൂട്ടത്തില്‍ അദ്ദേഹം ഉപയോഗിച്ച പല പദപ്രയോഗങ്ങളും - അതിന്റെ ഗുണദോഷങ്ങളിലേയ്ക്കു ഞാന്‍ കടക്കുന്നില്ല - ശ്രീ ഗോവിന്ദന്‍ നായര്‍ക്കു പുത്തനല്ല. ഇതിനു മുമ്പും എനിക്കെതിരായിട്ടു പല പദപ്രയോഗങ്ങളും നടത്തിയിട്ടുണ്ട്. ഇതെല്ലാം കേട്ടാല്‍ ഉടന്‍ ബേജാറാവുന്ന സ്വഭാവവും എനിക്കില്ല. "ഏ നമ്പൂതിരീ" എന്ന് എന്നെ വിളിച്ചാല്‍ "ഏ നായരേ" എന്ന് തിരിച്ചുവിളിക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. അദ്ദേഹം പറഞ്ഞതു കേട്ടപ്പോള്‍ ഞാന്‍ വിചാരിച്ചു, കമ്മ്യൂണിസ്റ്റു പാര്‍ട്ടി കുഴപ്പത്തിലായിരുന്ന കാലത്ത് അതിനെ രക്ഷപെടുത്താന്‍ വന്ന അവതാരപുരുഷനാണ് ശ്രീ എം എന്‍ ഗോവിന്ദന്‍ നായരെന്ന്. 1948 മുതല്‍ക്ക് അദ്ദേഹം നടത്തിയിട്ടുളള സേവനങ്ങളുടെ ഫലമായിട്ട് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേരളത്തിലെ അനിഷേധ്യ നേതാവായിത്തീര്‍ന്ന ശ്രീ എം എന്‍ ഗോവിന്ദന്‍ നായര്‍ വടക്കെവിടെയോ കിടന്ന ഒരു നമ്പൂതിരിയെപ്പിടിച്ച് 1957ല്‍ മുഖ്യമന്ത്രിയാക്കി. ഇത്തരത്തില്‍ വികൃതമായി പറയുന്നതിനെ ഞാനൊന്നും പറയുന്നില്ല. എനിക്ക് ഈ കേരളത്തിലും അദ്ദേഹം പറഞ്ഞ ആ വടക്കും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ വല്ല സ്ഥാനവും ഉണ്ടായിരുന്നെങ്കില്‍ 1957ല്‍ ഞാനിവിടെ മുഖ്യമന്ത്രി ആയിട്ടില്ലെങ്കിലും അത് ബഹുമാനപ്പെട്ട എം എന്‍ ഗോവിന്ദന്‍ നായരുടെ ശുപാര്‍ശ കൊണ്ടൊന്നുമല്ല. ഈ നാട്ടില്‍ നാല്‍പതുകൊല്ലക്കാലമായി പ്രവര്‍ത്തിച്ചു പോന്നിട്ടുളള ഞാന്‍ ഈ നാട്ടിലെ ഒരു അംഗീകൃത കമ്മ്യൂണിസ്റ്റുകാരനാവുകയും എന്റെ സേവനം കേന്ദ്ര സെക്രട്ടേറിയറ്റിന് ആവശ്യമാണെന്നു തോന്നുകയും അത്തരത്തില്‍ കേന്ദ്രം ആവശ്യപ്പെടുകയും ചെയ്തപ്പോഴാണ് ഞാന്‍ വടക്കോട്ടു പോയത്. 1957ല്‍ എന്റെ സേവനം ഇവിടെ ആവശ്യമാണെന്ന് ആ കേന്ദ്രം തീരുമാനിച്ചു. ആ കേന്ദ്രത്തിന്റെ തീരുമാനത്തില്‍ ശ്രീ ഗോവിന്ദന്‍ നായര്‍ക്കു പങ്കുണ്ട്. അതു ഞാന്‍ നിഷേധിക്കുന്നില്ല. പക്ഷേ എനിക്കു വേണ്ടി അദ്ദേഹം എന്തൊക്കെയോ കരുണ കാണിച്ചു എന്നു പറയുമ്പോള്‍ അദ്ദേഹം ലോകത്തിന്റെ മുമ്പില്‍ പരിഹാസ്യനാവുകയാണ് ചെയ്യുന്നത്. ... 1967ല്‍ ഞാന്‍ മുഖ്യമന്ത്രിയായതിനെങ്കിലും ശ്രീ എംഎന്‍ ഉത്തരവാദിയല്ല എന്നു സമ്മതിക്കുമെന്നാണ് തോന്നുന്നത്. 1965ല്‍ എന്നെ ഗ്യാലറിയിലിരുത്തും എന്നു വീരവാദം മുഴക്കിയ വീരനാണദ്ദേഹം. എനിക്കൊരു പകയും അദ്ദേഹത്തോടില്ല. അതുപോലെ എന്നോടും യാതൊരു പകയും ഉണ്ടാകരുത് എന്നാണ് എന്റെ അഭ്യര്‍ത്ഥന".

ഞാന്‍... ഞാന്‍.. ഞാനെന്ന അഹങ്കാരോന്മാദത്തിന്റെ രാവണപ്രഭുവാണ് എം. എന്‍. ഗോവിന്ദന്‍ നായരെങ്കില്‍, വിവേകവും യാഥാര്‍ത്ഥ്യബോധവുമുളള ശരിയായ കമ്മ്യൂണിസ്റ്റുകാരനാണ് ഇഎംഎസ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെടുക്കുന്ന കൂട്ടായ തീരുമാനത്തിന്റെ പിതാവായി സ്വയം അവരോധിച്ച് എട്ടുകാലി മമ്മൂഞ്ഞു ചമയുന്ന ഗോവിന്ദന്‍ നായരും, കൂട്ടായ തീരുമാനത്തിലെ വ്യക്തിപരമായ സംഭാവനയില്‍ ആത്മാഭിമാനം കൊള്ളുന്ന ഇഎംഎസും തമ്മിലുളള അകലം സിപിഐ തലച്ചോറുകളില്‍ ഒതുങ്ങുന്നതല്ല. വ്യക്തിയെ സംഘടനയ്ക്കു മേല്‍ പ്രതിഷ്ഠിക്കുന്ന തന്‍പ്രമാണിത്തമാണ് ഗോവിന്ദന്‍ നായരെ ഊറ്റം കൊള്ളിക്കുന്നതെങ്കില്‍, വ്യക്തി സംഘടനയ്ക്കു കീഴടങ്ങുന്ന കമ്മ്യൂണിസ്റ്റ് നൈതികബോധമാണ് ഇഎംഎസിന്റെ കൈമുതല്‍.
ആ ഇഎംഎസിനെയാണ് ടിറ്റോ ജോയിമാര്‍ തന്റെ ലേഖനത്തില്‍ ബ്രായ്ക്കറ്റിട്ട് ഇങ്ങനെ 'ഒതുക്കാന്‍' ശ്രമിക്കുന്നത്:
കുമാരപ്പണിക്കരെക്കാള്‍ വലിയ മാടമ്പിയും പോരാത്തതിനു സവര്‍ണ്ണനുമായിരുന്നു ഇ. എം. എസ്. സ്വന്തം പേരിന്റെ തുമ്പിലെ 'പാട്' പോലും മായ്ക്കാഞ്ഞ ആള്‍ എന്നും, ഭാര്യയെ അന്തര്‍ജനമാക്കാനും മക്കളെല്ലാം 'വേളി' തന്നെ കഴിക്കുന്നു എന്നുറപ്പാക്കാനും കഴിഞ്ഞ ആളെന്നും, ഒരു സമരമുഖത്തും നേരിട്ടു വരാത്ത ആളെന്നും, കാര്യമായ ജയില്‍വാസമൊന്നും അനുഭവിക്കാത്ത ആളെന്നുമൊക്കെ ഒരു മറുതെറിപ്പാട്ടിനു ഗവേഷണാടിസ്ഥാനത്തില്‍ സാധ്യതയുണ്ടെങ്കിലും......ഇഎംഎസിനോട് എന്തൊരു സൌജന്യം. ടിറ്റോ ജോയിമാര്‍ ഭീഷണിപ്പെടുത്തുന്ന ഈ തെറിപ്പാട്ടുകള്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ പാടിനടന്നത് എംഎന്‍ ഗോവിന്ദന്‍ നായരും സംഘവുമാണ്. ഗോവിന്ദന്‍ നായരരെപ്പോലുളള മാടമ്പിമാര്‍ക്കു സാധിക്കാത്തത് ടിറ്റോ ജോയിയെപ്പോലുളള വാല്യക്കാരുടെ 'ഗവേഷണം' കൊണ്ടു നടക്കുമെങ്കില്‍ ഒന്നു ശ്രമിച്ചു നോക്കണം ഹേ! അത്തരം വിരട്ടലൊക്കെ ചുരുട്ടിക്കെട്ടി എംഎന്‍ സ്മാരകത്തിലെ അറയിലോ അലമാരയിലോ വെയ്ക്കുന്നതാവും ഉചിതം.
ഒരിക്കല്‍ക്കൂടി ടിറ്റോ ജോയിമാരെ ഓര്‍മ്മപ്പെടുത്താം. ലാവലിന്‍, അന്ത്യത്താഴം, മിച്ചഭൂമി സമരം എന്നീ വിഷയങ്ങളില്‍ ചന്ദ്രപ്പന്‍ നടത്തിയ വിസര്‍ജ്യദുര്‍ഗന്ധം നിര്‍ഗമിക്കുന്ന വിമര്‍ശനങ്ങളെക്കുറിച്ചാണ് എന്റെ ലേഖനങ്ങള്‍. വസ്തുതകളുമായി പുലബന്ധം പോലുമില്ലാത്ത ആ വിമര്‍ശനങ്ങള്‍ ഉന്നയിക്കാന്‍ ചന്ദ്രപ്പനെ പ്രേരിപ്പിച്ച ചേതോവികാരം എന്ത് എന്നാണ് അന്വേഷണ വിഷയം. പൊതുസ്ഥലത്ത് വിസര്‍ജ്ജിച്ചത് എന്തിന് എന്നു അതു ചെയ്തവനോടു ചോദിച്ചാല്‍ അവന്റെയും അവന്റെ പിതാവിന്റെയും ഭൂതകാലവീരസ്യങ്ങളും തറവാട്ടു മഹിമയുമല്ല മറുപടി.
വയലാറിലെ സമരമുഖത്ത് കുമാരപ്പണിക്കരും സംഘവും ഇല്ലായിരുന്നു എന്നോ, ആ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുക വഴി ത്യാഗനിര്‍ഭരമായ ജീവിതാനുഭവങ്ങളിലൂടെ അവര്‍ കടന്നുപോയിട്ടില്ല എന്നോ തെളിയിക്കുകയല്ല, എന്റെ ലേഖനങ്ങളുടെ ലക്ഷ്യം. സമരമുഖങ്ങളിലെ നിര്‍ഭയസാന്നിദ്ധ്യം കൊണ്ട് സി. കെ. കുമാരപ്പണിക്കര്‍ക്ക് കിട്ടിയ വിളിപ്പേര് 'വയലാര്‍ സ്റ്റാലിന്‍' എന്നാണെങ്കില്‍, ഉളുപ്പില്ലാതെ നടത്തുന്ന അസംബന്ധ വാചാടോപം കൊണ്ട് ചന്ദ്രപ്പന്‍ അര്‍ഹിക്കുന്ന വിളിപ്പേര്, 'എംഎന്‍ സ്മാരകത്തിലെ ആര്‍. ബാലകൃഷ്ണപിളള' എന്നോ 'ചേര്‍ത്തല പി സി ജോര്‍ജ്' എന്നോ ഒക്കെയാണ്. ആ പടുകുഴിയിലേയ്ക്ക് ചന്ദ്രപ്പനെ ആരും ഉന്തിത്തള്ളിയിട്ടതല്ല. അദ്ദേഹം സ്വയമെടുത്തു ചാടിയതാണ്. മണലാരണ്യങ്ങളിലെ വാല്യക്കാര്‍ നിരന്നുനിന്നു രചിക്കുന്ന മംഗളപത്രങ്ങളിലെ വാഴ്ത്തുമൊഴികള്‍ ഉറക്കെച്ചൊല്ലിയാല്‍ ആ കുഴിയില്‍ നിന്നും ചന്ദ്രപ്പന്‍ തനിയേ പൊങ്ങിവരുമെന്ന വ്യാമോഹമാണ് ടിറ്റോ ജോയിമാരെ നയിക്കുന്നത്. അവരുടെ വിശ്വാസം ചന്ദ്രപ്പനെ രക്ഷിക്കട്ടെ!
പ്രശ്നം, കോണ്‍ഗ്രസും കോണ്‍ഗ്രസ് അനുകൂല മാധ്യമങ്ങളും സിപിഎമ്മിനെതിരെ സൃഷ്ടിച്ചു പ്രചരിപ്പിച്ച കളളക്കഥകള്‍ വഴി രൂപപ്പെട്ട പൊതുബോധ്യത്തിനു വഴങ്ങാനുളള നീചമായ സമ്മര്‍ദ്ദം സിപിഎമ്മില്‍ ചെലുത്തുന്ന ചന്ദ്രപ്പന്റെ കുബുദ്ധിയാണ്. മുയലിനൊപ്പം ഓടുകയും വേട്ടപ്പട്ടിയ്ക്കൊപ്പം കുരയ്ക്കുകയും ചെയ്യുന്ന ചന്ദ്രപ്പന്റെ ഉള്ളിലിരിപ്പുകളാണ് ചര്‍ച്ചാവിഷയം. അതു കറകളഞ്ഞ വലതുപക്ഷ ദാസ്യവേലയാണ് എന്നാണ് വിമര്‍ശനം. തെളിഞ്ഞുറഞ്ഞ കമ്മ്യൂണിസ്റ്റല്ല, പഴകിക്കറുത്ത ഫ്യൂഡല്‍ മാടമ്പിയാണ് താനെന്ന് ആ വിമര്‍ശനങ്ങളിലൂടെ ചന്ദ്രപ്പന്‍ തന്നെയാണ് സ്വയം വിളിച്ചു പറഞ്ഞത്. അദ്ദേഹത്തിന്റെ കലാകൌമുദി അഭിമുഖം ആ ഫ്യൂഡല്‍ മനോഭാവത്തിന്റെ കുഴല്‍വിളിയാണ്.
അവശേഷിക്കുന്നത് നേര്‍ക്കുനേരെ ഒറ്റച്ചോദ്യം. സി. കെ. ചന്ദ്രപ്പന്‍ സിപിഎമ്മിനെതിരെ ഉയര്‍ത്തിയ വിമര്‍ശനങ്ങളെ സാധൂകരിക്കാന്‍ വേണ്ട എന്തെങ്കിലും വസ്തുത നിങ്ങളുടെ കൈയിലുണ്ടോ?
No comments: