Wednesday, November 07, 2012

പട പേടിച്ച് പളളിയില്‍ പോയവര്‍

സഹോദരരെ, നിങ്ങളെല്ലാവരും സ്വരചേര്‍ച്ചയോടും ഐക്യത്തോടും ഏകമനസ്സൊടും ഏകാഭിപ്രായത്തോടും കൂടെ വര്‍ത്തിക്കണമെന്നു നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ നാമത്തില്‍ ഞാന്‍ നിങ്ങളോട്‌ അഭ്യര്‍ത്ഥിക്കുന്നു. കൊരിന്ത്യര്‍ (1:10)

ഒറീസയിലെ കലാപത്തിലുളള പ്രതിഷേധം ക്രൈസ്തവികമായി അറിയിക്കുമെന്ന് പവ്വത്തില്‍ പിതാവ് അരുളിച്ചെയ്തത് കേട്ടിരിക്കുമല്ലോ. പിതാവിന്റെ വാക്കുകളനുസരിച്ച് ചെകുത്താനും കടലിനും ഇടയ്ക്കത്രേ, ക്രൈസ്തവര്‍. വര്‍ഗീയവാദികളുടെ മാനസാന്തരത്തിന് മുട്ടിപ്പായ പ്രാര്‍ത്ഥന ആവശ്യമാണെന്നും കൂടി തിരുമേനി പറഞ്ഞ കാര്യം ദീപിക നമ്മെ അറിയിച്ചിട്ടുണ്ട്.

കാര്യം ശരിയാണ്. പളളിയും പളളിക്കൂടങ്ങളും തകര്‍ത്താല്‍ പ്രൗഢിയൊട്ടും ചോരാതെ അവ വീണ്ടും പണിതുയര്‍ത്താം. സഭയുടെ കൈവശം ഫണ്ടുണ്ട്. വിശ്വാസികളെയോ പുരോഹിതന്മാരെയോ പച്ചയ്ക്ക് കത്തിച്ചാലും ഭയക്കേണ്ടതില്ല. കുടുംബാസൂത്രണം വിലക്കുകയും നിരോധ്, കോപ്പര്‍ ടി മുതലായ സങ്കേതങ്ങള്‍ വിശ്വാസികള്‍ക്ക് നിഷിദ്ധമാക്കുകയും ചെയ്തിട്ടുണ്ട്. ആള്‍ നാശത്തിലും കുലുങ്ങേണ്ട കാര്യം സഭയ്ക്കില്ല.

ചുരുക്കം പറഞ്ഞാല്‍ ഒറീസയില്‍ സംഭവിച്ചതിനൊക്കെ സഭയുടെ കൈവശം മരുന്നുണ്ട്. മരുന്നില്ലാത്തത് ഒരേയൊരു കാര്യത്തിന്... ഒരു തലമുറയുടെ വിശ്വാസം നശിപ്പിക്കപ്പെട്ടാല്‍ സഭയും, ളോഹയണിഞ്ഞ സര്‍വജ്ഞാനികളായ പുരോഹിതപ്രതിഭകളും അമ്പേ, നിസഹായര്‍.

കുറച്ചു കൂടി ലളിതമായി പറഞ്ഞാല്‍‍, "ചെകുത്താന്റെ ആലയമായ" പുതിയ ഏഴാം ക്ലാസ് മുറിയില്‍ "പിശാചു ബാധയേറ്റ" സാമൂഹ്യശാസ്ത്രം പഠിച്ച കുട്ടിയുടെ നശിച്ചുപോയ വിശ്വാസത്തെ വീണ്ടും മുളപ്പിക്കാന്‍ പവ്വത്തില്‍ പിതാവിനോ, താഴത്തില്‍ തിരുമേനിക്കോ എന്തിന് സാക്ഷാല്‍ മാര്‍പാപ്പയ്ക്കോ കഴിയില്ല.

ആയതിനാല്‍, വാളെടുക്കുമെന്ന ഭീഷണിയടങ്ങിയ ഇടയലേഖനങ്ങള്‍ മാര്‍ക്സിസ്റ്റുകാര്‍ക്കു നേരെ മതി. ഒറീസയില്‍ പളളികള്‍ക്ക് തീവെയ്ക്കുന്ന, രജനി മാജിയെപ്പോലുളളവരെ പച്ചയ്ക്ക് കത്തിക്കുന്ന വിശ്വഹിന്ദു പരിഷത്തുകാരെ അമ്പത്തിമൂന്നു മണി ജപം കൊണ്ട് മാനസാന്തരപ്പെടുത്തും.

പളളിക്കു തീവെയ്ക്കുകയും മനുഷ്യനെ കത്തിച്ചു കൊല്ലുകയും ചെയ്യുമ്പോള്‍ പവ്വത്തില്‍ തിരുമേനി പതിവില്ലാത്ത വിധം പ്രാര്‍ത്ഥനയിലേയ്ക്കും മണി ജപത്തിലേയ്ക്കും മടങ്ങിപ്പോകുന്നതിന് കാരണം തീര്‍ത്തും ലളിതം. ഒറീസയില്‍, പീഢാനുഭവങ്ങളുടെ കുരിശു വഴിയേ പോകുന്നത് ദളിതരാണ്. "സംവരണ ക്രിസ്ത്യാനികള്‍" എന്ന് ക്രൈസ്തവ സവര്‍ണര്‍ കളിയാക്കി വിളിക്കുന്നവരെ അടിച്ചാലും കൊന്നാലും തീവെച്ച് പൊളളിച്ചാലും തിരുമേനിമാരുടെ പ്രതിഷേധം മുട്ടിന്മേലുളള മുട്ടിപ്പു പ്രാര്‍ത്ഥനയിലൊതുങ്ങും.

"നമ്മുടെ വസ്തുക്കളേയും മതത്തേയും സംരക്ഷിക്കുകയാണ് നമ്മുടെ ഏറ്റവും പ്രധാന ഉദ്ദേശ്യമെന്ന് നിങ്ങളും വിസ്മരിക്കുകയില്ലെന്ന് നാം വിശ്വസിക്കുന്നു. അതിന് പ്രക്ഷോഭത്തേക്കാള്‍ സഹായകമായിരിക്കുന്നത് ദൈവത്തോടുള്ള ആത്മാര്‍ഥമായ പ്രാര്‍ഥനയാണെന്ന് ഒരിക്കല്‍ കൂടി നിങ്ങളെ ഓര്‍മിപ്പിച്ചുകൊള്ളുന്നു. നാം നിര്‍ദേശിച്ചിരിക്കുന്ന ക്രൂശിത രൂപങ്ങളോടുള്ള പ്രാര്‍ഥന നിങ്ങള്‍ കൂട്ടായി ചൊല്ലിക്കൊള്ളണം. എന്നാല്‍ പ്രാര്‍ഥന മാത്രം പോരാ ഉപവാസവും ആവശ്യമാണ്. എന്തുകൊണ്ടെന്നാല്‍ പ്രാര്‍ഥനകളും ഉപവാസവും കൊണ്ടല്ലാതെ വന്‍കാര്യങ്ങള്‍ ഒന്നും നടക്കുകയില്ലെന്ന് ഓര്‍ത്തിരിക്കണം".

സര്‍ സിപി രാമസ്വാമി അയ്യരെ "വിരട്ടാന്‍" ചങ്ങനാശേരി മെത്രാന്‍ ജെയിംസ് കാളാശേരി പുറപ്പെടുവിച്ച ഇടയലേഖനത്തിലെ ഈ വരികള്‍ ഇന്നും പ്രസക്തം.

ദാരിദ്ര്യത്തിനു പുറമേ, വിവേചനത്തിന്റെയും അവഗണനയുടെയും തിരസ്കാരത്തിന്റെയും കൂരമ്പും കൂര്‍ത്ത മുളളുമേറ്റ് മനംമടുത്താണ് ദളിതരും ആദിവാസികളും ഗോത്രവര്‍ഗക്കാരുമൊക്കെ ക്രിസ്തുമതം സ്വീകരിക്കാന്‍ സമ്മതിക്കുന്നത്. അവരുടെ ലക്ഷ്യം, നല്ല വിദ്യാഭ്യാസവും മെച്ചപ്പെട്ട തൊഴിലും സമൂഹികാംഗീകാരത്തിനുളള ഉല്‍ക്കടമായ മോഹവും. എന്നാല്‍ ഇവയും പ്രതീക്ഷിച്ച് ക്രിസ്തുമതത്തില്‍ ചെന്നു കയറുന്നവന് ക്രൈസ്തവ സവര്‍ണര്‍ സമ്മാനിക്കുന്നതോ, അമ്പരപ്പും കൊടിയ മോഹഭംഗവും മാത്രം.

പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞു കൂടുന്നവന്റെ ചെറ്റപ്പുരയില്‍ തൂക്കിയിട്ടിരിക്കുന്ന കൃഷ്ണന്റെയോ പരമശിവന്റെയോ ശിവകാശിപ്പടം മാറ്റി യേശുക്രിസ്തുവിന്റെ ഡോണ്‍ ബോസ്കോ ചിത്രം പ്രതിഷ്ഠിക്കുക എന്നത് മാത്രമാണ് മതപരിവര്‍ത്തനത്തില്‍ ആകെ നടക്കുന്ന സാംസ്ക്കാരിക മാറ്റം. ഭരണഘടന ഉറപ്പു നല്‍കുന്ന എത്രയോ ആനുകൂല്യങ്ങള്‍ വലിച്ചെറിഞ്ഞാണ് തങ്ങള്‍ ഈ വിശ്വാസ വിപ്ലവത്തിന് വിധേയരാകുന്നതെന്ന് ദളിതനും ആദിവാസിയുമൊക്കെ തിരിച്ചറിയുന്നുണ്ടോ ആവോ?

ഹൈന്ദവ സവര്‍ണരില്‍ നിന്നും ഒട്ടും മോശമല്ല ക്രൈസ്തവ സവര്‍ണരെന്ന് ദളിത് ക്രിസ്താനികള്‍ തിരിച്ചറിയുന്നുണ്ട്. ഇക്കഴിഞ്ഞ മാര്‍ച്ച് ഒമ്പതിന് തമിഴ്‍നാട്ടിലെ വില്ലുപുരം ജില്ലയിലെ ഏറയൂരില്‍ സവര്‍ണ ക്രൈസ്തവരും ദളിത് ക്രൈസ്തവരും തമ്മിലുണ്ടായ ഏറ്റുമുട്ടല്‍ അതിന് തെളിവാണ്.

ഏറയൂരിലെ സെന്റ് ജബമലൈസ് അണ്ണാ പളളിയില്‍ ദളിത് ക്രൈസ്തവര്‍ക്ക് പ്രവേശനമില്ല. പ്രവേശനം നിഷേധിക്കപ്പെട്ടവര്‍ സ്വന്തം പളളി പണിതു. സഖ്യമാതാവിന്റെ പേരില്‍ പണിത ഈ പളളിയില്‍ സ്വന്തം പുരോഹിതനെയും അവര്‍ നിയമിച്ചു.

തുടര്‍ന്ന്, സ്ഥലത്തെ ദിവ്യന്മാരായ വണ്ണിയാര്‍ ക്രൈസ്തവരില്‍ നിന്നേല്‍ക്കുന്ന പീഡനങ്ങള്‍ സര്‍ക്കാരിന്റെയും കര്‍ത്താവിന്റെയും ശ്രദ്ധയില്‍ പെടുത്തുന്നതിനു വേണ്ടി മാര്‍ച്ച് ഏഴിന് അവര്‍ ഉപവാസ സമരം നടത്തി. പീഡനങ്ങളില്‍ നിന്നും രക്ഷ, പ്രാര്‍ത്ഥന വഴിയാണെന്നാണല്ലോ പവ്വത്തില്‍ തിരുമേനിയും പറയുന്നത്.

വേറെ പളളിയും കെട്ടി, പ്രത്യേക പുരോഹിതനെയും നിയമിച്ച ശേഷം ക്രിസ്ത്യാനികളെ പറയിപ്പിക്കാന്‍ ഉപവാസ സമരം നടത്തുന്നവര്‍ക്കു നേരെ സവര്‍ണ വികാരം ഉണര്‍ന്നത് സ്വാഭാവികം. അഞ്ഞൂറോളം വരുന്ന "യഥാര്‍ത്ഥ ക്രിസ്ത്യാനികള്‍", ഉപവാസത്തില്‍ ഏര്‍പ്പെട്ടവരെ ആക്രമിച്ചു. മുപ്പതോളം കുടിലുകള്‍ തീവെച്ചു നശിപ്പിച്ചു.

പൊലീസ് സ്ഥലത്തെത്തി. അക്രമത്തിന് പ്രതിവിധി പ്രാര്‍ത്ഥനയാണെന്ന് ഐപിസിയോ സിആര്‍പിസിയോ പറയുന്നില്ല. തലങ്ങും വിലങ്ങും വെടി പൊട്ടി. എം. പെരിയ നായകം (40), എ മഗിമൈ (24) എന്നിവര്‍ സ്പോട്ടില്‍ തന്നെ കര്‍ത്താവിങ്കല്‍ നിദ്ര പ്രാപിച്ചു. നാല്‍പതോളം പേര്‍ക്ക് പരിക്കു പറ്റി.

അവിടെയും തീര്‍ന്നില്ല കാര്യങ്ങള്‍. 2008 ആഗസ്റ്റ് 14ന്, ഡോ. അംബേദ്കറുടെ 117ാമത് ജന്മവാര്‍ഷിക ദിവസം, ആയിരത്തോളം ദളിത് ക്രിസ്ത്യാനികള്‍ തലയില്‍ ഗംഗാ ജലം വീഴ്ത്തി ഹിന്ദുമതത്തിലേയ്ക്ക് തിരികെ പ്രവേശിച്ചു.

മൂര്‍ദ്ധാവില്‍ ഗംഗാ തീര്‍ത്ഥവും സേതു തീര്‍ത്ഥവും സമം ചേര്‍ത്തൊഴിച്ച്, സകല പാപങ്ങളില്‍ നിന്നും ശുദ്ധീകരിച്ച്, അവരെ ഹിന്ദുത്വത്തിലേയ്ക്ക് സ്വീകരിച്ചെന്ന് ചടങ്ങിന് നേതൃത്വം നല്‍കിയ ഹിന്ദു മക്കള്‍ കട്ചി നേതാവ് അര്‍ജുന്‍ സമ്പത്ത് പത്രക്കാരോട് പറഞ്ഞു. വില്ലുപുരത്തു മാത്രം ഏതാണ്ട് 20,000 പേരെ പുനര്‍ പരിവര്‍ത്തനത്തിന് വിധേയമാക്കാനാണ് ഹിന്ദു മക്കള്‍ പദ്ധതിയിട്ടിരിക്കുന്നത്. ഒറീസ വെടിപ്പാക്കി കഴിഞ്ഞ ശേഷം ഭാഗ്യമുണ്ടെങ്കില്‍ വില്ലുപുരം അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ഇടം നേടും.

സവര്‍ണപ്പടയെ പേടിച്ച് പളളിക്കുളളില്‍ അഭയം തേടിച്ചെന്ന ദളിതരെ ക്രൈസ്തവ സവര്‍ണര്‍ എങ്ങനെയാണ് സമീപിക്കുന്നതെന്ന് സുവ്യക്തം. ലത്തീന്‍കാരുടെ അടുക്കളയ്ക്ക് ചാള നാറ്റം ആരോപിക്കുന്ന സുറിയാനിക്കാരും നെഴ്സുമാര്‍, ലത്തീന്‍ കത്തോലിക്കര്‍ എന്നിവരോട് വിവാഹ ബന്ധം വിലക്കുന്ന കത്തോലിക്കരും ലത്തീന്‍കാരുമായി വിവാഹബന്ധത്തിന് തുനിയുന്നവരോട് ഊരുവിലക്കിനു സമാനമായ പ്രതിരോധ മുറകള്‍ പയറ്റുന്ന പ്രമാണിമാരുമൊന്നും കേരള സമൂഹത്തിനും അന്യരല്ല.

പരിവര്‍ത്തിത ക്രൈസ്തവര്‍ കെട്ടുന്ന പ്രത്യേക പളളികള്‍ക്ക് "പുലയപ്പളളികള്‍" എന്നാണല്ലോ പരിഹാസപ്പേര്.

ഇന്ത്യയിലെ ക്രൈസ്തവരില്‍ ഏതാണ്ട് എഴുപതു ശതമാനം പേര്‍ പരിവര്‍ത്തിത ക്രൈസ്തവരാണെന്നാണ് കണക്ക്. കര്‍ത്താവിനും യേശുവിനും മുന്നില്‍ എല്ലാ ക്രൈസ്തവനും തുല്യരാണെന്ന് ഉദ്ഘോഷിക്കുന്നവര്‍, പരിവര്‍ത്തിത ക്രൈസ്തവര്‍ക്ക് സംവരണം വേണമെന്ന് പരസ്യമായി ആവശ്യപ്പെടാന്‍ മടിക്കുന്നില്ല.

മതപരിവര്‍ത്തനം അവസാനിപ്പിക്കാനും ഇതുവരെ പരിവര്‍ത്തനം ചെയ്യപ്പെട്ട ദളിത് ക്രൈസ്തവരോട് കാണിക്കുന്ന ക്രൂരമായ വിവേചനം അവസാനിപ്പിക്കാനും പുരോഹിതന്മാരോട് ആവശ്യപ്പെടുന്ന ദളിത് ക്രൈസ്തവ സംഘടനകളുണ്ട്. സര്‍ക്കാര്‍ സംവരണത്തിനു വേണ്ടി മുറവിളി കൂട്ടുന്നതിനു പകരം ക്രൈസ്തവ സ്ഥാപനങ്ങളില്‍ ദളിത് സംവരണം ഏര്‍പ്പെടുത്തണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. പവ്വത്തിലും താഴത്തിലുമൊന്നും ഇവരെ കേട്ടഭാവം പോലും നടിക്കുന്നില്ല.

ഇന്ത്യാ ഗവണ്മെന്റു കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും വലിയ തൊഴില്‍ദായകരാണ് ക്രൈസ്തവ സഭ. അവരുടെ പ്രലോഭനങ്ങളില്‍ വശംവദരായി ആദിവാസികളും ദളിതരുമൊക്കെ മതപരിവര്‍ത്തനത്തിന് വിധേയമാകുമ്പോള്‍ അര്‍ഹതപ്പെട്ട നിയമപരമായ സംവരണം നഷ്ടപ്പെടുകയാണ് ചെയ്യുന്നത്. ഭരണഘടനാപരമായി ലഭിക്കേണ്ട ആനുകൂല്യം നഷ്ടപ്പെടുത്തിയാണ് ക്രൈസ്തവ സഭകള്‍ മതപരിവര്‍ത്തനം സാധ്യമാക്കുന്നത്. അങ്ങനെ ചെയ്യുമ്പോള്‍, സഭാ സ്ഥാപനങ്ങളില്‍ അവര്‍ക്കായി തൊഴില്‍ സംവരണം ഏര്‍പ്പെടുത്താനുളള ബാധ്യതയും സഭയ്ക്കുണ്ട്.

കൂട്ടമതപരിവര്‍ത്തനം നടത്തി സ്വന്തം മതത്തില്‍ ആളെക്കൂട്ടാനല്ലാതെ, വന്നു കയറുന്ന അതിഥികളോട് മാന്യമായി പെരുമാറാനോ, അവരെ സ്വന്തം കൂട്ടത്തില്‍ കൂട്ടാനോ ആസ്ഥാന ക്രൈസ്തവര്‍ തയ്യാറാകുന്നില്ലെന്ന് ദളിതര്‍ തന്നെയാണ് തുറന്നു പറയുന്നത്. വോട്ടു ബാങ്ക് രാഷ്ട്രീയത്തിന്റെ പാതിരിച്ചതിയും ഫണ്ടിംഗിന്റെ അനന്ത സാധ്യതകളുമാണ് മതപരിവര്‍ത്തനത്തിന്റെ പിന്നാമ്പുറം.

മതപരിവര്‍ത്തനത്തിനു വേണ്ടി ഒഴുകിയെത്തുന്ന വിദേശ ഫണ്ടുപയോഗിച്ച് എഴുപതു ശതമാനം വരുന്ന പരിവര്‍ത്തിത ക്രൈസ്തവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നും കൂട്ടമതപരിവര്‍ത്തനം അടിയന്തരമായി അവസാനിപ്പിക്കണമെന്നുമുളള ദളിത് ക്രൈസ്തവരുടെ ആവശ്യം വനരോദനമായി ഒടുങ്ങുന്നു. പുതിയ പളളികള്‍ വേണ്ടെന്നും നിലവിലുളള പളളികളില്‍ എല്ലാ ക്രൈസ്തവര്‍ക്കും ആരാധനയ്ക്ക് അനുമതി കൊടുക്കണമെന്നുമുളള ആവശ്യം പവ്വത്തില്‍ പിതാവും താഴത്തില്‍ തിരുമേനിയും തളളുമോ കൊളളുമോ?

ന്യൂനപക്ഷ പദവിയുളള ക്രൈസ്തവ സ്ഥാപനങ്ങളില്‍ അമ്പതു ശതമാനം സീറ്റുകള്‍ ദളിത് ക്രൈസ്തവര്‍ക്ക് സംവരണം ചെയ്തണമെന്ന ആവശ്യവും ആരുമേ കേട്ടഭാവം നടിച്ചിട്ടില്ല. ന്യൂനപക്ഷ പദവിയുളള ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ദളിത് ക്രിസ്ത്യന്‍ കുട്ടികള്‍ക്ക് പ്രവേശനം നിഷേധിച്ചാല്‍ ക്രിമിനല്‍ നടപടിക്ക് വ്യവസ്ഥ ചെയ്യുന്ന വകുപ്പ് ഉള്‍ച്ചേര്‍ത്ത് നിയമം ഭേദഗതി ചെയ്യണമെന്ന് ആവശ്യം ഉയര്‍ന്നിട്ട് എത്രയോ കാലമായി. കേൾപ്പാൻ ചെവിയുള്ളവർ കേൾക്കട്ടെയെന്ന കര്‍ത്താവിന്റെ വചനം ഇവിടെയും വ്യര്‍ത്ഥം.

വൈദിക മര്‍ദ്ദനത്തിന്റെയും ചൂഷണത്തിന്റെയും അവഗണനയുടെയും വേദന നൂറ്റാണ്ടുകളായി പേറുന്ന ദളിതര്‍ക്ക് ക്രിസ്തുമതവും യഥാര്‍ത്ഥ അഭയകേന്ദ്രമല്ല. സ്ഥാപിത താല്പര്യക്കാര്‍ കോടികള്‍ വാരിയെറിഞ്ഞ് ആഘോഷിക്കുന്ന കൂട്ടമതപരിവര്‍ത്തനം ദളിതരുടെ പിന്നാക്കാവസ്ഥയെ നേര്‍ക്കു നേര്‍ നേരിടുന്നേയില്ല. സ്വന്തം മതത്തിനുളളില്‍ പ്രത്യേക തുരുത്ത് നിര്‍മ്മിച്ച് ദളിതരെ അവിടെ നിക്ഷേപിക്കുകയാണ് യാഥാസ്ഥിതിക ക്രൈസ്തവര്‍. ഇടയലേഖനങ്ങളിറക്കി പ്രതിഷേധിക്കാന്‍ മാത്രം വലിപ്പമൊന്നും അവര്‍ നേരിടുന്ന ദുരന്തങ്ങള്‍ക്കില്ല.

അതുകൊണ്ട്, ഒറീസയില്‍ പടരുന്ന കലാപങ്ങള്‍ക്കെതിരെ രൂപതകളില്‍ നിന്ന് ഇടയലേഖനം പ്രതീക്ഷിക്കുന്നവര്‍ നിരാശരാകും. തൊഗാഡിയ, ദാരാ സിംഗ് എന്നിവരുടെയൊക്കെ മനസു മാറ്റാന്‍ പവ്വത്തില്‍ പിതാവ് വക ജപമാലാ സമര്‍പ്പണവും താഴത്ത് തിരുമേനി വക സമാധാന പ്രാര്‍ത്ഥനയും ഡാനിയേല്‍ അച്ചാരു പറമ്പില്‍ വക മനഃസ്താപ പ്രകരണവും ഉടന്‍ പ്രതീക്ഷിപ്പിന്‍!!

സഹോദരരെ, നിങ്ങളെല്ലാവരും സ്വരചേര്‍ച്ചയോടും ഐക്യത്തോടും ഏകമനസ്സൊടും ഏകാഭിപ്രായത്തോടും കൂടെ സ്വാശ്രയ നിയമത്തിനും പാഠപുസ്തക പരിഷ്കരണത്തിനും എതിരെ വര്‍ത്തിക്കുക. പാഠപുസ്തകം വഴി നിരീശ്വരത്വവും വര്‍ഗ സമരവും പ്രചരിപ്പിക്കുന്നവരോട് ഒരു സന്ധിയും വേണ്ടെന്ന് നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ നാമത്തില്‍ ഞാന്‍ നിങ്ങളോട്‌ അഭ്യര്‍ത്ഥിക്കുന്നു.

ദുഷ്ടരായിരിക്കെ നല്ലതു സംസാരിപ്പാൻ സര്‍പ്പ സന്തതികള്‍ക്ക് എങ്ങനെ കഴിയും എന്ന് കര്‍ത്താവ് ചോദിച്ചത് ഒന്നും കാണാതെയല്ലല്ലോ. അകലങ്ങള്‍ കണ്ട കര്‍ത്താവേ, ഒറീസയിലെ പാവങ്ങളെയും പരിവര്‍ത്തിത ക്രൈസ്തവരെയും കാത്തുകൊള്ളേണമേ...

28 comments:

മാരീചന്‍ said...

ആയതിനാല്‍, സഹോദരരെ, നിങ്ങളെല്ലാവരും സ്വരചേര്‍ച്ചയോടും ഐക്യത്തോടും ഏകമനസ്സൊടും ഏകാഭിപ്രായത്തോടും കൂടെ സ്വാശ്രയ നിയമത്തിനും പാഠപുസ്തക പരിഷ്കരണത്തിനും എതിരെ വര്‍ത്തിക്കുക. പാഠപുസ്തകം വഴി നിരീശ്വരത്വവും വര്‍ഗ സമരവും പ്രചരിപ്പിക്കുന്നവരോട് ഒരു സന്ധിയും വേണ്ടെന്ന് നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ നാമത്തില്‍ ഞാന്‍ നിങ്ങളോട്‌ അഭ്യര്‍ത്ഥിക്കുന്നു.

ദുഷ്ടരായിരിക്കെ നല്ലതു സംസാരിപ്പാൻ സര്‍പ്പ സന്തതികള്‍ക്ക് എങ്ങനെ കഴിയും എന്ന് കര്‍ത്താവ് ചോദിച്ചത് ഒന്നും കാണാതെയല്ല. അകലങ്ങള്‍ കണ്ട കര്‍ത്താവേ, ഒറീസയിലെ പാവങ്ങളെയും പരിവര്‍ത്തിത ക്രൈസ്തവരെയും കാത്തുകൊള്ളേണമേ...

Sebin Abraham Jacob said...

excellent

Ramachandran said...

പൌവ്വത്തില്‍ തിരുമേനിയുടെ ആ പ്രസ്താവന കണ്ടപ്പോള്‍ മുതല്‍ ചൊറിഞ്ഞുകയറാൻ തുടങ്ങിയത് ഇപ്പോള്‍ ആണ് ഒന്നടങ്ങിയത്..ഒരു ബ്ലോഗ് തുടങ്ങണമെന്നു പോലും തോന്നിപ്പോയി..മാരീചന്‍ രക്ഷിച്ചു.

ശാരീരികമായ കടന്നാക്രമണങ്ങളെക്കാൾ പള്ളി ഭയക്കുന്നത് ആശയപരമായ സംഘട്ടനങ്ങളെയാണ് . ബുഷ് സായ്‌വിനെക്കൊണ്ട് കണ്ണുരുട്ടിപ്പിച്ചാൽ സംഘപരിവാരം വരച്ചിടത്ത് നിൽക്കുമെന്ന് തിരുമേനിക്കറിയാം. ദൈവം ഉണ്ടോ എന്നു തിരിച്ചു ചോദിക്കുന്ന, ദൈവത്തെ ആരാ ഉണ്ടാക്കിയത് എന്ന് യുക്തിപൂർവം ചിന്തിക്കുന്ന, ചോദ്യങ്ങൾ ചോദിക്കുന്ന തലമുറയെ കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടാണെന്ന കാര്യം മറ്റാർക്കുമറിയില്ലെങ്കിലും പൌവ്വത്തില്‍ തിരുമേനിയ്ക്ക് നന്നായറിയാം.

ആശയപരമായ സംഘട്ടനം പള്ളിക്ക് നടത്താം..ബാക്കി ആരും നടത്തിക്കൂടാ..അതാണതിന്റെ സീക്രട്ട്. പോളണ്ടിലും ലാറ്റിനമേരിക്കൻ നാടുകളിലും, മുൻ സോഷ്യലിസ്റ്റ് നാടുകളിലും എന്തിനേറെ ഇന്നു ചൈനയിലും ക്യൂബയിലുമെല്ലാം അവരത് ചെയ്യുന്നുണ്ട്..അതിനു ഫണ്ട് മാറ്റി വച്ചിട്ടുമുണ്ട്.

പറയനിത്താപ്പിരിമാർക്ക് ഇന്നും കുമ്പിളിൽ തന്നെ കഞ്ഞി.

എന്തായാലും ഈ കുറിപ്പിന് അഭിനന്ദനങ്ങള്‍

യാരിദ്‌|~|Yarid said...

..!

സൂരജ് :: suraj said...

ഇതിനെ ‘ക്രിസ്തു’മതം എന്നുതന്നെയാണോ വിളിക്കുന്നത് ? ഹേയ്...ആവില്ല...ഒരിക്കലുമാവില്ല...

:((

കലാവതി said...

മാരീചന്,
ഫലപ്രദമായ ഇടപെടല്‍. ഈ വിഷയം ഇനിയും ചര്‍ച്ചചെയ്യപ്പെടണം.

ഇന്ന് മത-രാഷ്ട്രീയ മേഖലകളില്‍ സജീവമായ ചര്‍ച്ച മതവിശ്വാസികളും നിരീശ്വരവാദികളും തമ്മിലുള്ള പ്രത്യയശാസ്ത്രപരമോ താത്വികമോ ആയ ഒന്നല്ല. അത് ഒറീസയില്‍ നടക്കുന്ന ഫാസിസ്റ്റ് സമാനമായ വംശഹത്യയാണ്; ആക്രമണങ്ങളാണ്. സ്വാഭാവികമായും അതിനെതിരായ വികാരമാണ് തിളച്ചുപൊങ്ങേണ്ടത്. ഇവിടെ പൌവത്തില്‍ തിരുമേനിക്ക് അത് ഒരു വിഷയമേ അല്ല. അദ്ദേഹം കുതിരകയറുന്നത് “വിശ്വാസത്തെ തകര്‍ക്കുന്നവര്‍ക്കെ’തിരെയാണ്.


ഈ പറഞ്ഞ ബിഷപ്പ് പ്രതിനിധാനംചെയ്യുന്ന ഇന്നത്തെ സഭ യേശുവിന്റെ സഭയല്ല. പൊങ്ങച്ചത്തിന്റെയും അധികാരഗര്‍വിന്റെയും ദുരുപയോഗത്തിന്റെയുംസഭയാണ്. വൈകാരികവും അധാര്‍മികവുമായ തെറ്റിദ്ധരിപ്പിക്കലിന്റെ മുമ്പില്‍ യേശു ദയനീയമായി പരാജയപ്പെട്ടു.

യുഡിഎഫ് രാഷ്ട്രീയത്തിന് നിലനില്‍ക്കണമെങ്കില്‍ തന്ത്രപരമായി പ്രതിഷേധത്തിന് ഒരു പ്രത്യയശാസ്ത്രരൂപം നല്‍കണം- നിരീശ്വരത്വം, ഭൌതികവാദം, വര്‍ഗസമരം. അതാണ് ആര്‍ച്ച്ബിഷപ് പൌവത്തില്‍ ഇവിടെ നടത്തുന്നത്.
സ്വന്തം സഹോദരങ്ങളെ കൊന്നവരോടില്ലാത്ത പക പാഠപുസ്തകത്തിലെ മതമില്ലാത്ത ജീവനോട് കാട്ടുന്നവരെക്കുറിച്ച് എന്തു പറയാന്‍?

കാഴ്ചയില്‍ മാത്രമേ ഇവരില്‍ സൌമ്യതയുള്ളൂ-ഉള്ളാലേ ഇവരില്‍ കുടികൊള്ളുന്നത് കാപട്യമാണ്. ദുരയാണ്. മദോന്‍മത്തതയാണ്.

അനില്‍@ബ്ലോഗ് said...

പ്രസകതമായ പോസ്റ്റ്.
അതിലും പ്രസക്തമായ തലക്കെട്ടും.

ആശംസകള്‍

പാമരന്‍ said...

..!

കാപ്പിലാന്‍ said...

good

മൂര്‍ത്തി said...

അദ്വാനി കേരളത്തില്‍ വന്ന ടൈമില് പവ്വത്തില്‍ തിരുമേനി പറഞ്ഞത് അദ്വാനി മത ന്യൂനപക്ഷങ്ങളുടെ സുഹൃത്താണെന്നാണ്. പരിവര്‍ത്തിത ക്രൈസ്തവര്‍ 70% വരുമെങ്കില്‍ അവരെങ്ങനാ മാരീചരേ ന്യൂനപക്ഷമാകുന്നത്? ബാക്കി 30% അല്ലേ നമ്മള്‍..ഹതായത് ന്യൂനപക്ഷം..(കണക്കില്‍ വീക്ക് ആണല്ലേ?) അപ്പോ പിന്നെ ഈ മതഭൂരിപക്ഷത്തെ സംഘപരിവാര്‍ ആക്രമിച്ചാലെന്ത് കത്തിച്ചാലെന്ത്? “ഞാനും ജഡ്ജിയേമാനും“ കൂടി ഈ പരിവര്‍ത്തിതക്കാരെ കൈകാര്യം ചെയ്യുന്നതില്‍ ഇങ്ങക്കെന്താ ഇത്ര വൈഷമ്യം?

ഹെന്നാലും ചില ബിഷപ്പുമാര്‍ പവ്വത്തിലിനെ പഠിപ്പിക്കാന്‍ ഇറങ്ങിയിരിക്കുന്നത് കഷ്ടം തന്നെ..ഇത് വായിച്ചു നോക്കൂ...

ന്യൂഡല്‍ഹി: കമ്യൂണിസ്റ്റുകാരോട് ഭയവും വെറുപ്പും പുലര്‍ത്തേണ്ട കാലം കഴിഞ്ഞുവെന്നും ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ കമ്യൂണിസ്റ്റുകാരുമായി ഒത്തുപോകുകയാണ് ക്രൈസ്തവസമൂഹം ചെയ്യേണ്ടതെന്നും ഭുവനേശ്വര്‍-കട്ടക്ക് ആര്‍ച്ച്ബിഷപ്പ് റാഫേല്‍ ചീനത്ത് പറഞ്ഞു. ഒറീസയില്‍ ക്രൈസ്തവര്‍ക്കു നേരേ നടക്കുന്ന ആക്രമണങ്ങളെയും കേരളത്തില്‍ ക്രൈസ്തവസഭയും കമ്യൂണിസ്റ്റുകാരും തമ്മിലുള്ള അഭിപ്രായവ്യത്യാസത്തെയും താരതമ്യം ചെയ്യുന്നത് ശരിയല്ലെന്ന് കൈരളി ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ ബിഷപ്പ് പറഞ്ഞു. കേരളത്തിലുള്ളത് ക്രൈസ്തവസഭയും കമ്യൂണിസ്റ്റുകാരും തമ്മിലുള്ള ആശയഭിന്നതയാണ്. ഒറീസയില്‍ ക്രൈസ്തവസമൂഹത്തെ ഉന്മൂലനം ചെയ്യാനുള്ള പ്രവര്‍ത്തനമാണ് നടക്കുന്നത്. ഒറീസയിലെ ക്രൈസ്തവവേട്ട സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിഷപ്പ് റാഫേല്‍ ചീനത്ത് ചൊവ്വാഴ്ച സുപ്രീം കോടതിയെ സമീപിച്ചു. ഇതിനായി കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടാതെ സിബിഐ അന്വേഷണത്തിന് ഉത്തരവിടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് കോടതിയെ സമീപിച്ചത്.

അല്ല പറഞ്ഞിട്ട് കാര്യമില്ല. പേരില്‍ തന്നെ ചീന ഉള്ള ബിഷപ്പ് ഇങ്ങനെ പറഞ്ഞില്ലെങ്കിലല്ലേ അത്ഭുതത്തിനവകാശമുള്ളൂ....

സൂര്യോദയം said...

മാരീചന്‍, കിടിലന്‍.. ഇന്നലെ പവ്വത്തില്‍ പിതാവിണ്റ്റെ വായില്‍ നിന്ന് വീണത്‌ കേട്ടപ്പൊള്‍ ഒരു ബ്ളൊഗ്‌ എഴുതണം എന്ന് തോന്നിയതാണ്‌. ഒറീസ്സയിലെ അക്രമങ്ങളെക്കുറിച്ച്‌ വാര്‍ത്ത ചര്‍ച്ച ചെയ്യുന്നതിന്നിടയില്‍ ഒരു വയസ്സായ ആള്‍ കളിയാക്കി പറയുന്ന കേട്ടു.. "എന്നാലും അവിടെ പാഠപുസ്തകത്തിനൊന്നും കുഴപ്പമില്ലല്ലോ..." എന്ന്. പക്ഷെ, ആ തമാശയെ ന്യായീകരിക്കുന്ന രീതിയില്‍ ഇതാ പവ്വത്തിലിണ്റ്റെ പ്രസ്താവന, കഷ്ടം തോന്നി... ഈ പിതാവിനെ കുറച്ച്‌ കാലം ഒറീസ്സയില്‍ ഡെപ്യൂട്ടേഷനില്‍ വിടുകയാണ്‌ ആദ്യം വേണ്ടത്‌... പള്ളീം ആളുകളേയും കൊന്നാലും വീണ്ടും ഉണ്ടാക്കാം അത്രേ.... പാഠപുസ്തകം വഴി ആളുകളെ നിരീശ്വരീകരിച്ചാല്‍ ഭയങ്കര കഷ്ടാവും.... ഈ സൈസ്‌ പിതാക്കന്‍മാര്‍ അവിടെ തല്ല് കൊണ്ട്‌ ഇല്ലാണ്ടായാല്‍ ലാഭം ക്രൈസ്തവസഭയ്ക്ക്‌ തന്നെ.

കിരണ്‍ തോമസ് തോമ്പില്‍ said...

മാരീച രാമചന്ദ്രന്‍ പറഞ്ഞതാണ്‌ അതിലെ കാര്യം

മൂര്‍ത്തി said...

ഈ വിഷയത്തില്‍ കെ.ഇ.എന്‍ എഴുതിയ ഒരു ലേഖനം ഇവിടെ

അനൂപ് തിരുവല്ല said...

Very Good

ജിവി said...

മാരീചന്റെ മറ്റെല്ലാ പോസ്റ്റുകളെയും പോലെതന്നെ. ഉജ്ജ്വലം.

‘ബ്ലാക്ക് ക്രൈസ്റ്റ്‘ മൂവ്മെന്റ് ആഫ്രിക്കയില്‍ ശക്തിയാര്‍ജ്ജിച്ച് വരുന്നതായി ഈയിടെ എവിടെയോ വായിച്ചു.

നമ്മുടെ ദളിത് ക്രൈസ്തവരും ആ വഴിയില്‍!

പവ്വത്തിലുമാര്‍ നേതൃത്വം നല്‍കുന്ന സഭകള്‍ക്ക് മറ്റെന്ത് സാമൂഹ്യമാറ്റമാണ് ഉണ്ടാക്കാന്‍ കഴിയുക.

സിമി said...

ഈഴവശിവനെപ്പോലെ നമുക്ക് ഒരു ഈഴവ ക്രിസ്തുവിനെയും വേണമല്ലോ മാരീചാ

amalan said...

here is a link
http://pmmanoj.blogspot.com/

nalan::നളന്‍ said...

ജനാധിപത്യം, മതേതരത്വം തുടങ്ങിയവയെല്ലാം സഭയെ സംബന്ധിച്ചിടത്തോളം വണ്‍ വേ ഇടപാടാണു. അവരതുപയോഗിക്കും എന്നാല്‍ അവയ്ക്കുവേണ്ടി ഒരിക്കലും നിലകൊള്ളില്ല.
രാമചന്ദ്രന്‍ പറഞ്ഞപോലെ ആശയസംഘട്ടനത്തെയാണു സഭയ്ക്കു ഭയം. അതിനാല്‍ ഫാസിസത്തെ പിന്തുണയ്ക്കാനും സഭയ്ക്കു മടിയില്ല. ഇതു മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുമില്ല. വിശ്വാസത്തിലാണു സഭയുടെ നിലനില്‍പ്പ് കിടക്കുന്നത്. വിശ്വാസികളെ നഷ്ടപ്പെട്ടാലും (ഒറീസ) സഭയ്ക്കു പ്രശ്നമാവില്ല് എന്നാല്‍ വിശ്വാസം നഷ്ടപ്പെടുന്നത് സഭയെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരമാണു. അതുകൊണ്ടാണു വിശ്വാസികളുടെ ജീവന്‍ സംരക്ഷിച്ചു നിര്‍ത്തുന്ന കൈകളെ തന്നെ സഭ വെട്ടുന്നതും ഇടയലേഖനങ്ങളിറക്കുന്നതും.

മനുഷ്യരാശിയുടെ നിലനില്‍പ്പിനെക്കാളും സഭയ്ക്കു പ്രധാനം വിശ്വാസത്തിന്റെ നിലനില്‍പ്പാണുതാനും.

Joker said...

ബൈക്കിലും കാറിലുമെല്ലാം അല്ലറ ചില്ലറ സാധനങ്ങള്‍ വെച്ചു പിടിപിച്ച് ആള്‍ടറേഷന്‍ നടത്തുന്നത് പോലെയാണല്ലോ ഈ മാറ്റം പരിപാടി.തലയെണ്ണി വിദേശത്ത് നിന്ന് ഡോളര്‍ കെട്ടുകള്‍ വരുമ്പോള്‍ സഭ അത് കയും കെട്ടി വാങ്ങും.അത്ര തന്നെ.

ഇനി മെത്രാന്മാരുടെ സഹിഷ്ണൂതാ കുര്‍ബാന കൂടി കേള്‍പ്പിക്കാതെ അങ്ങോട്ടെറ്റുക്കണേ കര്‍ത്താവേ.

krish | കൃഷ് said...

പ്രസക്തമായ ലേഖനം.

പാര്‍ത്ഥന്‍ said...

വളരെ വസ്തുതാപരമായ ലേഖനം. മതമേലാളന്മാര്‍ക്കും രാഷ്ട്രീയകോമരങ്ങള്‍ക്കും അധികാരം തന്നെ മുഖ്യം. വാഗ്ദാനങ്ങള്‍ക്കും സത്യത്തിനും ഇവിടെ എവിടെയാണ്‌ സ്ഥാനം. കു.ക്രി. കള്‍ക്ക്‌ ബാന്‍ഡ്‌ വായനയാണല്ലോ മേത്തരം അവകാശപ്പെട്ട ജോലി. പിന്നെ പൂച്ചയെ ലേലം ചെയ്യലും. മതം മാറിയവര്‍ക്ക്‌ ആനുകൂല്യങ്ങള്‍ കൊടുക്കാന്‍ പാടില്ല എന്നാണ്‌ എന്റെ അഭിപ്രായം. എന്തു ചെയ്യാം, വോട്ടിനല്ലെ ഇപ്പോള്‍ വില.

N.J ജോജൂ said...

"ഒറീസയില്‍ പടരുന്ന കലാപങ്ങള്‍ക്കെതിരെ രൂപതകളില്‍ നിന്ന് ഇടയലേഖനം പ്രതീക്ഷിക്കുന്നവര്‍ നിരാശരാകും."

posted by മാരീചന്‍‍ at 14:10 on 02-Sep-2008

പണ്ടു ഫാരീസ് ബ്രിട്ടാസിനോടു ചോദിച്ച ചോദ്യമാണ് എനിക്കു ചോദിയ്ക്കാനുള്ളത്. നിങ്ങള്‍ എന്തോന്നു പത്രപ്രവര്‍ത്തനമാണ് നടത്തുന്നത്.
സെപ്റ്റംബര്‍ രണ്ടാം തിയതി പോസ്റ്റിട്ട മാരീചന്‍ ആഗസ്റ്റ് 31 ആം തിയതി ഇടയലേഖനം വായിച്ചത് അറിയാന്‍ താത്പര്യപ്പെട്ടില്ല. ഇടയലേഖനം പ്രതീഷിച്ചു നിരാശരായെന്ന് ബാ‍ക്കി 21 പേരുടെ ഒപ്പും.

ഇതാണ് ജനാധിപത്യം. എല്ലാവരും കൂടെ ഇടയലേഖനം എഴുതിയിട്ടില്ലെന്നു തീരുമാനിച്ചാല്‍ പിന്നെ എഴുതിയിട്ടില്ലെന്നു തന്നെ തീരുമാനം.
കൂട്ടത്തില്‍ എന്റെ ഒപ്പും കൂടെ കിടക്കട്ടെ. ഇടയലേഖനം എഴുതിയില്ല. 31ആം തിയതി ഇടയലേഖനം വായിച്ചിട്ടൂ‍മില്ല.

manu said...

Truth sometimes is bitter.satan is wearing the mask of an angel

മാരീചന്‍‍ said...

സര്‍ക്കാരിനെതിരെ പളളികളില്‍ ഇടയലേഖനം വായിക്കുമ്പോള്‍ കത്തോലിക്കാ സഭ വമ്പന്‍ പിആര്‍ഒ പണി നടത്തി അത്യുഗ്രന്‍ മാധ്യമ കവറേജ് നല്‍കാറുണ്ട്.

ഒറീസയെക്കുറിച്ച് വായിച്ചിട്ടുണ്ടെന്ന് ജോജു പറയുന്ന ഇടയലേഖനത്തിന് അത്ര കവറേജൊന്നും കിട്ടിയിരുന്നില്ല. അതുകൊണ്ടു തന്നെ അത് ശ്രദ്ധയില്‍ പെട്ടില്ല.

അറിഞ്ഞില്ല എന്നത് ഒരു ഒഴിവുകഴിവല്ല. അറിയേണ്ടതായിരുന്നു. സഭ ഇടയലേഖനം ഇറക്കിയെങ്കില്‍ അത് അറിഞ്ഞിട്ടു വേണമായിരുന്നു ജോജു ഉദ്ധരിച്ച മേപ്പടി വാചകം എഴുതേണ്ടിയിരുന്നതും.

ഒറീസാ സംഭവത്തെ അപലപിച്ച് കത്തോലിക്കാ സഭ 2008 ആഗസ്റ്റ് 31ന് ഇടയലേഖനം ഇറക്കിയിട്ടുണ്ടെങ്കില്‍‍, മാരീചന്റെ ലേഖനത്തില്‍ ഇത്തരമൊരു വസ്തുതാപരമായ പിശക് കടന്നു കൂടിയത് മാപ്പില്ലാത്ത അപരാധമാണ്. തെറ്റ് മനുഷ്യസഹജമാണ്.

പത്രപ്രവര്‍ത്തകനും മനുഷ്യനാണ്. വിതയത്തില്‍ തിരുമേനി വിശ്വഹിന്ദു പരിഷത്തുകാരോട് ക്ഷമിച്ചതു പോലെ വിശ്വാസികളേ, നിങ്ങള്‍ മാരീചനോടും ക്ഷമിക്കാന്‍ അപേക്ഷിക്കുന്നു.

ഇത്തരം കാര്യങ്ങളില്‍ ദീപിക പത്രത്തിലെ വാര്‍ത്തയാണ് പ്രധാനമായും ആശ്രയിക്കുന്നത്. ആഗസ്റ്റ് 31, സെപ്തംബര്‍ ഒന്ന് തീയതികളില്‍ ഒറീസയെ ദീപിക പ്രസിദ്ധീകരിച്ച സഭാ സംബന്ധമായ വാര്‍ത്തകളുടെ ലിങ്ക് ചുവടെ ചേര്‍ക്കുന്നു.

ആഗസ്റ്റ് 31വാര്‍ത്തകള്‍

ഒറീസയില്‍ കേന്ദ്രം സംരക്ഷണം ഉറപ്പാക്കണം: മാര്‍ വിതയത്തില്‍

ഒറീസ അക്രമം: സിഎംഐ സഭ പ്രതിനിധികളെ അയയ്ക്കും

ഒറീസാ സംഭവങ്ങളെ അപലപിച്ചു (ഇടതുമുന്നണി അപലപിച്ച വാര്‍ത്തയാണ് ഇത്).

പ്രധാനപ്പെട്ട ഒരു ഇടയലേഖനം ആഗസ്റ്റ് 31ന് വായിക്കുമെങ്കില്‍ കര്‍ട്ടന്‍ റെയ്‍സറായി അത് അന്നേ ദിവസത്തെ ദീപികയില്‍ വരേണ്ടതാണ്.

ദീപികയുടെ പ്രവാചകര്‍ മുന്നറിയിപ്പ് നല്‍കാന്‍ മറന്നതാണെങ്കില്‍, ആഗസ്റ്റ് 31ന് ഇടയലേഖനം വായിച്ച കാര്യവും അതിലെ പ്രധാന വിവരങ്ങളും സെപ്തംബര്‍ ഒന്നിന്റെ ദീപികയില്‍ വരണം.

അന്നേ ദിവസത്തെ വാര്‍ത്തകള്‍ ഇതാണ്.

ക്രൈസ്തവര്‍ക്കു നേരേ പ്രത്യക്ഷവും പരോക്ഷവുമായ ആക്രമണങ്ങള്‍: മാര്‍ പവ്വത്തില്‍

ജീവന്‍ നല്‍കിയും വിശ്വാസം സംരക്ഷിക്കും: മാര്‍ വിതയത്തില്‍

.മതേതര ഭാരതത്തിന്റെ സന്തുലിതാവസ്ഥ നഷ്ടപ്പെടുന്നു: മാര്‍ കല്ലറങ്ങാട്ട്
(ഇത് കല്ലറങ്ങാട്ട് പിതാവ് പുറപ്പെടുവിച്ച ഇടയലേഖനമാണോ, വെറും ലേഖനമാണോ പ്രസംഗമാണോ എന്നൊന്നും വാര്‍ത്തയില്‍ വ്യക്തമല്ല)

ഒറീസാ സര്‍ക്കാരിനെ പിരിച്ചുവിടണം: കേരള കാത്തലിക് ഫെഡറേഷന്‍

ഒറീസയില്‍ ക്രൈസ്തവ സാന്നിധ്യം തുടച്ചുനീക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നു: മാര്‍ പെരുന്തോട്ടം


ഇത്തരം കാര്യങ്ങള്‍ക്ക് ആശ്രയിക്കാവുന്ന തൃശൂര്‍ രൂപതയുടെ വെബ് സൈറ്റ് ഇവിടെ. ആഗസ്റ്റ് ലക്കം ബുളളറ്റിലില്‍ ഇടയലേഖനം ഇല്ല. സെപ്തംബര്‍ ലക്കത്തില്‍ വരുമായിരിക്കും.

രഹസ്യമായിട്ടാണെങ്കിലും അങ്ങനെയൊരു ഇടയലേഖനം വായിച്ചെങ്കില്‍ അതറിയാത്ത പത്രപ്രവര്‍ത്തനം ലജ്ജാകരം തന്നെ. ഫാരിസ് അബൂബേക്കറിന്റെ പേരില്‍ ജോജുവിനോടും മാപ്പു പറഞ്ഞു കൊളളുന്നു.

മൂര്‍ത്തി said...

മാരീചരുടെ ഈ പോസ്റ്റ് ഇടയലേഖനത്തെക്കുറിച്ചാണെന്ന വസ്തുത പോസ്റ്റ് രണ്ടു തവണ വായിച്ചിട്ടും കമന്റുകള്‍ വായിച്ചിട്ടും മനസ്സിലാകാതെ പോയതിനും, അറിയാവുന്ന എല്ല്ലാ സോഴ്സുകളോടും ഇടയലേഖനം വന്നോ ഇടയലേഖനം വന്നിരുന്നോ എന്നൊക്കെ ചോദിച്ച് ഉറപ്പ് വരുത്താതിരുന്നതിനും, പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന മറ്റു ‘അപ്രധാന‘ കാര്യങ്ങളെ ‘പ്രധാന‘ കാര്യങ്ങളായി തെറ്റിദ്ധരിച്ചതിനും, സര്‍വ്വോപരി ബിഷപ്പ് ചീനത്തിന്റെ പ്രസ്താവനയെക്കുറിച്ച് കമന്റില്‍ സൂചിപ്പിച്ചതിനും, ഒരു ഒപ്പിയാന്‍ ആയി മാറിയതിനും സര്‍വമാനപേരോടും ഈയവസരത്തില്‍ മാപ്പു ചോദിക്കുന്നു. ഒരു പൊതുമാപ്പ് നല്‍കാനുള്ള വിശാലമനസ്കത ബന്ധപ്പെട്ട ആളുകള്‍ കാണിക്കും എന്ന പ്രതീക്ഷയോടെ.

അതുപോലെ എന്റെ കമന്റിന്റെ അര്‍ത്ഥം “ഇടയലേഖനം പ്രതീക്ഷിച്ചു നിരാശനായി” എന്നാണെന്നു പറഞ്ഞു മനസ്സിലാക്കി തന്ന ജോജുവിനോടും മാപ്പ്. അവനവന്‍ എഴുതുന്നതുപോലും മനസ്സിലാകാന്‍ മറ്റൊരാള്‍ ചൂണ്ടിക്കാണിച്ചു തരണം എന്നു വന്നാല്‍ കഷ്ടം തന്നെ.

മൂര്‍ത്തി said...

നന്ദി എന്ന പദത്തിനു പകരം അവസാനഖണ്ഡികയില്‍ മാപ്പ് എന്നുപയോഗിച്ചതിനു മറ്റൊരു മാപ്പ്.

നന്ദി.

N.J ജോജൂ said...

മാരീചന്‍,

ഇടയലേഖനത്തെക്കുറിച്ചുള്ള തെറ്റായ ധാരണകള്‍ പൊതുസമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്, തെറ്റിദ്ധരിപ്പിയ്ക്കുവാന്‍ ശ്രമിയ്ക്കുന്നുണ്ട്.
പലരും ഇടയലേഖനത്തെക്കുറിച്ച് കേള്‍ക്കുന്നതു തന്നെ ഈ അടുത്തകാലത്ത് സ്വാശ്രയപ്രശ്നങ്ങളുമായി ബന്ധപ്പെട്ടാണ്. വിവാദങ്ങളില്‍ മാധ്യമങ്ങള്‍ക്ക് പ്രത്യേകിച്ച് ദൃശ്യമാധ്യമങ്ങള്‍ക്ക് താത്പര്യമുള്ളതുകൊണ്ട് അവയ്ക്ക് ലൈവ് കവറേജ് വരെ ലഭിച്ചു. അതിനു മുന്‍പും പിന്‍പും എത്രയോ ഇടയലേഖനങ്ങള്‍, എത്രയോ വിഷയങ്ങളേപ്പറ്റി. അവയൊന്നും മാധ്യമശ്രദ്ധപിടിച്ചുപറ്റുകയോ ആരെങ്കിലും അവയുടെ റിപ്പോര്‍ട്ട് ദീപികയില്‍ ചികയുകയോ ചെയ്തിട്ടൂണ്ടെന്നും തോന്നുന്നീല്ല. കാരണം അവയിലൊന്നും വിവാദങ്ങള്‍ക്ക് തിരികൊളുത്തിയേക്കാവുന്ന വിഷയങ്ങളെപ്പറ്റി ആയിരുന്നില്ല എന്നതുകൊണ്ട്.

സര്‍ക്കാരിനോട് എതിര്‍പ്പുള്ളവര്‍ സര്‍ക്കാരിനെതിരെ എന്തെങ്കിലും പരാമര്‍ശവും സഭയോട് എതിര്‍പ്പുള്ളവര്‍ സഭയെ അടിയ്ക്കുവാനുള്ള വടിയും വിവാദങ്ങളില്‍ താത്പര്യമുള്ളവര്‍ അതിനുള്ള സ്കോപ്പുമാ‍ണ് ഇടയലേഖനങ്ങളില്‍ അന്വേഷിയ്ക്കുന്നത്. അതിനുപകരിയ്ക്കാത്ത ഇടയലേഖനങ്ങളൊന്നും ആരുടെയും കണ്ണില്‍ പെടാറില്ലെന്നുള്ളതാണു വസ്തുത.

പ്രസ്തുത ഇടയലേഖനത്തിന്റെ ഓണ്‍‌ലൈന്‍ പിഡിഫ് വേര്‍ഷന്‍ ലഭ്യമാണ്. താത്പര്യമുള്ളവര്‍ കണ്ടുപിടുച്ചു വായിക്കുക. അല്ലാത്തവര്‍ ഇടയലേഖനം എഴുതിയിട്ടില്ലെന്നുകരുതി ആരോപണങ്ങള്‍ തുടരുക. അതുകൊണ്ടൂ തന്നെ ലിങ്ക് കൊടുക്കുന്നില്ല.

ഈ പോസ്റ്റിലെ മറ്റൊരാരോപണം ദളിതരോടുള്ള സഭയുടെ സമീപനത്തെക്കുറിച്ചാണ്. പൌവത്തില്‍ പിതാവ് ചങ്ങനാശ്ശേരി അതിരൂപതയുടെ മെത്രപ്പോലീത്താ ആയിരുന്ന കാലത്ത് എത്രയോ ഇടയലേഖനങ്ങള്‍ ഈ വിഷയത്തെക്കുറിച്ചു വന്നിട്ടൂണ്ട്. ദളിതരുടെ ഉന്നമനത്തിനുവേണ്ടി എത്രയോ പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ അദ്ദേഹം വിശ്വാസികളുടെ മുന്‍പില്‍ വച്ചിട്ടൂണ്ട്. അതിരൂപത നേരിട്ട് ദളിതരുടെ ഉന്നമനത്തിനുവേണ്ട് പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കിയിട്ടൂണ്ട്, നടപ്പിലാക്കുന്നുണ്ട്. കേരളകത്തോലിയ്കാ സഭയ്ക്ക് ഒരു ബിഷപ്പ് അധ്യക്ഷനായി ഒരു കമ്മീഷന്‍ തന്നെ ദളിതരുടെ പ്രശ്നങ്ങള്‍ പഠിയ്ക്കുന്നതിനും പരിഹരിയ്ക്കുന്നതിനുമായി വര്‍ഷങ്ങളായി നിലവിലുണ്ട്. ചങ്ങനാശ്ശേരി അതിരൂപതയില്‍ സഭാസംബധമായ എല്ലാ പ്രതിനിധിസഭകളിലും ദളിതര്‍ക്ക് പ്രാതിനിധ്യം റിസേര്‍വ് ചെയ്തത് പൌവത്തില്‍ പിതാവ് അധ്യക്ഷനായിരിയ്ക്കുമ്പോഴാണ്, അതും എത്രയോ വര്‍ഷങ്ങള്‍ക്കു മുന്‍പേ തന്നെ.

അതൊന്നും ഗൌനിയ്ക്കണമെന്നോ പരിഗണിയ്ക്കണമെന്നോ ഞാന്‍ പറയുന്നില്ല. കാരണം ഇതൊന്നും പൌതുസമൂഹത്തിന്റെ മുന്‍പില്‍ അവതരിപ്പിച്ച് കയ്യടിനേടാനുള്ളതാണെന്നു ഞാന്‍ കരുതുന്നില്ല. പക്ഷെ പൌവത്തില്‍ പിതാവിനെയും മറ്റു മെത്രാന്മാരെയും കേരളകത്തോലിയ്ക്കാസഭയെയും ദളിത് വിരോധികളായി ചിത്രീകരിയ്ക്കുന്നവര്‍ യാഥാര്‍ത്ഥ്യത്തെ നിഷേധിയ്ക്കുകയാണ് ചെയ്യുന്നത്.
അവര്‍ക്ക് അങ്ങിനെതന്നെ തുടരാനുള്ള സ്വാതന്ത്ര്യം തീര്‍ച്ചയായുമുണ്ട്. കാരണം രാഷ്ടീയം എന്നത് അധികാരത്തിനുവേണ്ടിയും വോട്ടിനുവേണ്ടിയുമൊക്കെയാണല്ലോ.

മനോജ് ജോസഫ് said...

The discrimination as mentioned in this news (if true) needs to be condemned. However, some of the things as mentioned in this article are not true, like ban on inter-rite marriage relationships and discrimination on the basis of money.

Also, as I know, the church never bans any caste (whether it is upper or lower cast) or any other religions from entering the church. As I understand, people from any religion can walk into any of the churches for praying and no one will stop them for reasons whatsoever.

Furthermore, the attacks on Christians in Orissa is not something where the church authorities have to create awareness among the followers (like LDF self-financing educational institutions issue). This is something were the authorities (state and central government) including the police force has to act in order to bring peace back to the localities. There is no point in issuing circulars to be read out in the church for something which already widely reported through other media. The Christians in Orissa is deeply hurt and prayer is the best tool to retort than anything else. I think Maareechan does not know the circumstances that lead to issuing such circulars.

Also, Church is not a political party to organize hartals in Kerala for something happening in Orissa. The church already raised their concerns on the Orissa issue by closing down the institutions under their control, which, I believe, is a very fair act. Unlike political parties who causes damages to public and private properties by was of conducting Hartaals, Church is determined not to hurt anyone. You may recall that even the rallies and all conducted by Church against the LDF government were peaceful and were on Sundays, thus ensuring the public life is not hindered much in this regard.