Monday, August 17, 2015

ഫേസ് ബുക്ക് വിവാദവും നിലപാടും

ഡിസ്‌ക്ലൈമര്‍ - തുടര്‍വിശദീകരണങ്ങളുടെ ബാധ്യത പൂര്‍ണമായും നിരാകരിക്കുന്ന ഡിക്ലറേറ്റീവ് സ്റ്റേറ്റുമെന്‍റുകളാണ് ഈ ലേഖനത്തിലുളളത്. അവ വായിക്കുമ്പോള്‍, "ഇതൊക്കെ പറയാന്‍ നീയാര്" എന്ന ചോദ്യം പലരിലും ഉണ്ടാവും. അതു സ്വാഭാവികമാണ്. എന്നാല്‍, ആ ചോദ്യകര്‍ത്താക്കള്‍ ചോദ്യം വിഴുങ്ങുകയേ നിര്‍വാഹമുളളൂ.  കാരണം ബോധിപ്പിക്കാന്‍ ഒരുദ്ദേശ്യവുമില്ലെന്ന് വിനയപൂര്‍വം വ്യക്തമാക്കട്ടെ.  ഇവിടെ മുന്നോട്ടു വെയ്ക്കുന്ന നിഗമനങ്ങളെയും അതിനാധാരമായ ബോധ്യങ്ങളെയും സംബന്ധിച്ച് ഒരു ചര്‍ച്ചയ്ക്കും തയ്യാറല്ല. സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും മറുപടിയോ വിമര്‍ശനങ്ങളോടു പ്രതികരണമോ ഉണ്ടാകുന്നതല്ല. താല്‍പര്യമുളളവര്‍ വായിച്ചാല്‍ മതി.

ഒളിയമ്പുകള്‍ മാരീചന്‍ എന്ന ഫേസ് ബുക്ക് ഐഡി ബ്ലോക്കു  ചെയ്യപ്പെട്ട സാഹചര്യത്തെ പ്രീതയ്ക്കും സുഹൃത്തുക്കള്‍ക്കുമുണ്ടായ ദുരനുഭവവുമായി താരതമ്യം ചെയ്യാനാവില്ല. സമാനതകളില്ലാത്ത പൈശാചിക കൃത്യമാണ്  പ്രീതയ്ക്കു നേരെ ഉണ്ടായത്. അവ ഓരോന്നായി വിവരിക്കുന്നില്ല.  ദുരനുഭവം പ്രീതയില്‍ മാത്രം ഒതുങ്ങിനിന്നതുമില്ല.  അവരെ പിന്തുണച്ച ഓരോരുത്തരിലേയ്ക്കും (ആണ്‍/പെണ്‍/അനോണി ഭേദമെന്യേ) ഭീഷണി നീണ്ടു. ഭയനാകമായ നിശ്ചയദാര്‍ഢ്യത്തോടെ ‍ഒരജ്ഞാതസംഘം ഓരോരുത്തരെയായി വേട്ടയാടി.

പ്രീതയെ അപമാനിക്കാന്‍ വേണ്ടി തയ്യാറാക്കിയ പേജുകള്‍ക്കു പിന്നില്‍, നിസഹായരായ മനുഷ്യരെ, അവരുടെ നിസഹായത ആസ്വദിച്ചുകൊണ്ട് കൈയറയ്ക്കാതെ കൊല്ലുന്ന ക്രൗര്യം മുറ്റിയ  മനസുകളാണെന്നു വ്യക്തമായിരുന്നു. അവര്‍ ചൂണ്ടിക്കൊടുത്ത എല്ലാവരിലേയ്ക്കും ഫേസ് ബുക്കിന്‍റെ അധികാരപ്രയോഗം ഉണ്ടായി. അങ്ങനെയൊരു സംഘത്തിന്‍റെ ഇംഗിതത്തിന് ഒരു മടിയുമില്ലാതെ ഫേസ് ബുക്ക് വഴങ്ങിക്കൊടുത്തു.

We don’t tolerate bullying or harassment  എന്ന് വലിയ വായില്‍ ഗീര്‍വാണം മുഴക്കുന്ന ഫേസ് ബുക്ക് അധികാരികളാണ് പ്രീതയെ ക്രൂരമായി അപമാനിക്കുന്ന പേജുകളൊന്നും തങ്ങളുടെ കമ്മ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡ് ചട്ടങ്ങള്‍ ലംഘിക്കുന്നില്ല എന്നു നിര്‍ലജ്ജം പ്രഖ്യാപിച്ചത്.  വേട്ടക്കാര്‍ക്കൊപ്പമായിരുന്നു ഫേസ് ബുക്ക്. വേട്ടക്കാരുടെ ലക്ഷ്യമാണ് ഫേസ് ബുക്ക് നിറവേറ്റിക്കൊടുത്തത്. 


ഈ ഇരട്ടത്താപ്പിന് കാരണം ഫേസ് ബുക്കിന്‍റെ അല്‍ഗോരിതമാണോ സക്കര്‍ബര്‍ഗിന്റെ അടുക്കളയിലെ അലൂമിനിയം പാത്രങ്ങളാണോ എന്നൊന്നും ഇഴകീറി പരിശോധിക്കേണ്ടതില്ല. എതിരഭിപ്രായങ്ങളെയും നിലപാടുകളെയും അവസാനിപ്പിക്കാന്‍ തുനിഞ്ഞിറങ്ങുന്ന ഒരു ഫാസിസ്റ്റ് സംഘത്തിന് സസന്തോഷം വഴങ്ങിക്കൊടുക്കുന്ന ആന്തരികഘടനയാണ് ഫേസ് ബുക്കിനുളളത് എന്നകാര്യത്തില്‍ ഒരു സംശയവും അവശേഷിക്കുന്നില്ല. ആളുകളായാലും അല്‍ഗോരിതമായാലും കാരണം കണ്ടെത്തി തിരുത്തേണ്ട ബാധ്യത ഫേസ് ബുക്ക് അധികാരികള്‍ക്കാണ്. എഴുതിത്തറച്ചിരിക്കുന്ന കമ്മ്യൂണിറ്റി സ്റ്റാന്‍ഡേഡ് നിബന്ധനകളോട് തരിമ്പെങ്കിലും സത്യസന്ധത അവര്‍ക്കുണ്ടെങ്കില്‍ തിരുത്തലിനു തയ്യാറാകണം. അതിനവരെ പ്രേരിപ്പിക്കാനും തിരുത്തലിന്‍റെ ദിശയിലേയ്ക്ക് വിരല്‍ചൂണ്ടാനും ആവിഷ്‌കരിച്ച കാമ്പയിന് ഉപാധികളില്ലാതെ പിന്തുണ നല്‍കുന്നു. 

 ഫേസ് ബുക്കിന്‍റെ നിബന്ധനകള്‍ സ്ത്രീവിരുദ്ധമാകുന്നു എന്ന ആരോപണത്തില്‍ കഴമ്പുണ്ട്. പ്രീതയ്‌ക്കെതിരെ ഉണ്ടായ പേജ് തങ്ങളുടെ കമ്മ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡ് നിബന്ധനകളുടെ ലംഘനമല്ല എന്നു നിര്‍ലജ്ജം പ്രഖ്യാപിക്കുക വഴി ആ ആരോപണം സാധുവാണെ് ഫേസ് ബുക്കു തന്നെ സമ്മതിച്ചു കഴിഞ്ഞു. ഇത്തരമൊരു കമ്പനിയ്ക്ക് ഐഡന്‍റിറ്റി രേഖകള്‍ കൈമാറുന്നത് സുരക്ഷിതമല്ല എന്ന ആശങ്ക ഫാസിസ്റ്റു വിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്ന സ്ത്രീകള്‍ക്കുണ്ടാവുക സ്വാഭാവികം. അവ പരിഹരിക്കാന്‍ ഫേസ് ബുക്കിനു സമയമോ താല്‍പര്യമോ ഉണ്ടോ എന്നു പരിശോധിക്കുന്നതില്‍ ഒരു തെറ്റുമില്ല. സ്ത്രീകളുടെ ഈ ആശങ്കകളാണ് Leaning out from Facebook എന്ന ബ്ലോഗ്  പോസ്റ്റില്‍ ഇഞ്ചിപ്പെണ്ണ് അവതരിപ്പിക്കുന്നത്. ആ വാദങ്ങളോട് പൂര്‍ണമായും യോജിക്കുന്നു. 

ഇഞ്ചിപ്പെണ്ണിന്‍റെ ഇടപെടലുകളെ വിശകലനം ചെയ്തുകൊണ്ട് അനിവര്‍ അരവിന്ദ് ഗൂഗിള്‍ പ്ലസില്‍ എഴുതിയ കഥ ഇതുവരെ ചുരുക്കത്തില്‍ എന്ന കുറിപ്പില്‍  നിരത്തു വാദങ്ങള്‍ അടിസ്ഥാനരഹിതവും അസംബന്ധങ്ങളുമാണ്. ഇഞ്ചിപ്പെണ്ണിനെതിരെയുളള വ്യക്തിവിരോധം മാത്രമാണ് ആ വാദങ്ങളുടെ അടിത്തറ. 


ആ വാദങ്ങള്‍ ഓരോന്നായി പരിശോധിക്കാം. 
  • പ്രൈവറ്റ് ആയി റിപ്പോര്‍ട്ടു  ചെയ്ത് പൂട്ടിക്കേണ്ട അത് ഇഞ്ചിയടക്കമുള്ളവര്‍ മാസ്സ് കാമ്പൈന്‍ നടത്തി ആകെ ചളമാക്കി നശിപ്പിച്ചു. 
പ്രൈവറ്റ് ആയി റിപ്പോര്‍ട്ടു ചെയ്ത് പൂട്ടിക്കുകയാണ് വേണ്ടത്  എന്നത് അനിവറിന്‍റെ ആശയമാണ്. അങ്ങനെയാണ് വേണ്ടത് എന്ന് അദ്ദേഹത്തിന് പ്രചരിപ്പിക്കുകയും ചെയ്യാം. പക്ഷേ, കാര്യങ്ങള്‍ നീങ്ങുന്നത് തന്‍റെ ഹിതത്തിനെതിരെ ആയിപ്പോയി എന്നുവെച്ച് എല്ലാം കുളമായെന്നോ ചളമായെന്നോ നശിപ്പിക്കപ്പെട്ടുവെന്നോ വിലപിക്കേണ്ട കാര്യമൊന്നുമില്ല. സംഗതി ഇഞ്ചിപ്പെണ്ണിന്‍റെ കൈയിലെത്തി, ഇനി ഞങ്ങള്‍ക്കൊന്നും ഒരു റോളുമില്ല എന്നൊരു തോന്നല്‍ അനിവറിന്‍റെ അബോധത്തിലുണ്ട്. ഇഞ്ചിയുടെ മാസ് കാമ്പൈന്‍ വഴി കാര്യങ്ങള്‍ ചളമായതിനോ നശിപ്പിക്കപ്പെട്ടതിനോ ഒരു തെളിവും ഹാജരാക്കാന്‍ അനിവറിനു കഴിഞ്ഞിട്ടുമില്ല. ഇത്തരം കാര്യങ്ങളുടെയൊക്കെ അവസാനവാക്ക് താനായിരിക്കണം എന്നൊരു ചിന്ത അനിവറിനുണ്ട് എന്നു സംശയിക്കാവുന്ന വിധത്തിലാണ് വാദങ്ങള്‍ അവതരപ്പിക്കുന്ന വാചകങ്ങളുടെ ഘടന. ഈ ജനാധിപത്യവിരുദ്ധതയെ അംഗീകരിക്കുന്നില്ല. എതിര്‍ക്കുന്നു. തളളിക്കളയുന്നു. 
സോഷ്യല്‍ മീഡിയാ കാമ്പയിന്‍ സംഘാടനത്തെക്കുറിച്ച്  സ്വന്തം ആശയങ്ങളും നിലപാടുകളും ജോഷിനയ്ക്കുണ്ടായിരിക്കാം. എന്നാല്‍ ജോഷിനയുടെ ആശയങ്ങള്‍ക്ക് അനുസരിച്ച് കാമ്പൈയിന്‍ സംഘടിപ്പിക്കേണ്ട ഉത്തരവാദിത്തം ജോഷിനയ്ക്കു മാത്രമാണ്. അതേറ്റെടുക്കാനുളള ഒരു ബാധ്യതയും മാറ്റാര്‍ക്കുമില്ല. ജോഷിനയുടെ ആശയങ്ങള്‍ക്കൊപ്പിച്ച് പോകാത്ത കാമ്പയിനുകളെല്ലാം പരാജയമാണെ് ജോഷിനയ്ക്കും അനിവറിനും കരുതാം. എന്നാല്‍ മറ്റുളളവര്‍ക്ക് അങ്ങനെയാകണമെന്നില്ല.
  • അതു കഴിഞ്ഞതോടെ ഇഞ്ചി ഈ മൊത്തം ചര്‍ച്ച ഫേസ്ബുക്ക് ഐഡി കാര്‍ഡു ചോദിച്ചെന്നും പറഞ്ഞ് നെഞ്ചേറ്റി തന്നെക്കുറിച്ചാക്കിമാറ്റി. പ്രതി പേജുണ്ടാക്കിയവര്‍ എന്നതുമാറി ഫേസ്ബുക്കുമാക്കി. 
  •  ചുരുക്കത്തില്‍ പ്രീതയുടെ വിഷയത്തിന്‍റെ ക്രെഡിറ്റ് അടിച്ചുമാറ്റി പതിവുപോലെ ഗ്ലോബല്‍ അറ്റന്‍ഷന്‍ നേടാനുള്ള ഇഞ്ചിയുടെ ശ്രമമാണ് ഈ ഹേറ്റ് പേജ് വിഷയത്തെ ഐഡി വെരിഫിക്കേഷന്‍ , സ്യൂഡോണിമിറ്റി , ഫേസ്ബുക്ക് പോളിസി എന്നിവയാക്കിയത് . ഈ ഗ്ലോബല്‍ വോയ്‌സസ് റിപ്പോര്‍ട്ട് കണ്ടാല്‍ സംഗതി വ്യക്തമാവും . ആദ്യം ഐഡിപൂട്ടിയ  അരുന്ധതിയും പിന്നെ മായയും വൈഖരിയും ഒക്കെ അറ്റാക്ക് എഗൈന്‍സ്റ്റ് പ്രീത ആന്‍റ് ഇഞ്ചി എതിലെ അപ്രധാന ഇരകളായി ഒതുങ്ങി. ഇഞ്ചി സെന്‍റ സ്‌റ്റേജലും പ്രീത സെക്കന്‍റ് ലീഡുമായി.
ആവേശം അതിരുകടതുകൊണ്ടാവാം വാചകഘടനയില്‍ പിഴവുകളുണ്ട്. "നെഞ്ചേറ്റി" എന്ന പ്രയോഗത്തിന്റെ സാംഗത്യം വ്യക്തമല്ല. ഈ വിഷയത്തില്‍ ഇഞ്ചിയുടെ ബ്ലോഗ്, ഗ്ലോബല്‍ വോയിസ് ലേഖനങ്ങളിലോ ഗ്ലോബല്‍ വോയിസിലെ റിപ്പോര്‍ട്ടിലോ ക്രെഡിറ്റു മുഴുവന്‍ തനിക്കാണെന്ന് ഇഞ്ചി സ്ഥാപിക്കുന്ന ഏതെങ്കിലും വാക്കോ വാചകമോ ഇല്ല. മറിച്ച് പ്രീതയും അരുന്ധതിയും കടന്നുപോയ ദുരനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഫേസ് ബുക്ക് നടപടികളോട് പ്രതികരിക്കുകയാണ് അവര്‍ ചെയ്തത്.


Leaning out from Facebook എന്ന ഇഞ്ചിയുടെ ബ്ലോഗ് ലേഖനം പ്രസിദ്ധീകരിച്ചത് ആഗസ്റ്റ് അഞ്ചിനാണ്. അനിവര്‍ ലിങ്കു നല്‍കിയിരിക്കുന്ന ഗ്ലോബല്‍ വോയിസ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത് ആഗസ്റ്റ് ആറിനും. അതിനൊക്കെ മുമ്പ്, ആഗസ്റ്റ് രണ്ടിന് ഗ്ലോബല്‍ വോയിസില്‍ Indians Blast Facebook over Broken Community Standards ന്ന തലക്കെട്ടില്‍ ഇഞ്ചിപ്പെണ്ണു തന്നെ എഴുതിയ ലേഖനമുണ്ട്. ആ ലേഖനത്തില്‍ പ്രീത തന്നെയാണ് സെന്‍റ സ്റ്റേജില്‍. അനിവര്‍ അരവിന്ദിന്‍റെ ട്വിറ്റര്‍ കാമ്പയിന്‍, സുധീഷ് സുധാകരന്‍റെ ഫേസ് ബുക്ക് പോസ്റ്റ്, ഷീജാ രാജഗോപാല്‍, മായാലീല, ആര്യാ പ്രകാശ് എന്നിവരുടെ പ്രതികരണങ്ങള്‍ തുടങ്ങിയവയൊക്കെ ആ ലേഖനത്തിലുണ്ട്. ഇതിനു തുടര്‍ച്ചയായിട്ടാണ് ആഗസ്റ്റ് അഞ്ചിലെ ബ്ലോഗ് ലേഖനം.

അതില്‍ These are the questions I have for Facebook എന്നു തുടങ്ങി 10 ചോദ്യങ്ങള്‍ ചോദിച്ചിട്ടുണ്ട്. അരുന്ധതിയുടെ അനുഭവം,  മാര്‍ക്ക് സക്കര്‍ബെര്‍ഗിന്  പ്രീതയെഴുതിയ തുറന്ന കത്ത് എന്നിവയൊക്കെ അതില്‍ പരാമര്‍ശിച്ചിട്ടുണ്ട്. 
ഈ പ്രശ്‌നത്തിന്‍റെ മുഴുവന്‍ ക്രെഡിറ്റും തനിക്കിരിക്കട്ടെയെന്ന സമീപനം ഇഞ്ചിപ്പെണ്ണെഴുതിയ രണ്ടു ലേഖനങ്ങളിലും ഇല്ല. മറിച്ച് ഈ വിഷയവുമായി ബന്ധപ്പെട്ടുണ്ടായ ഏതാണ്ടെല്ലാ സംഭവങ്ങളെയും ഉള്‍പ്പെടുത്താന്‍ ശ്രമിച്ചിട്ടുമുണ്ട്. അനിവര്‍ ആരോപിക്കുതുപോലെ "പ്രീതയുടെ വിഷയത്തിന്‍റെ ക്രെഡിറ്റ് അടിച്ചുമാറ്റാനുളള" ഒരു ശ്രമവും ഇഞ്ചിപ്പെണ്ണ് എഴുതിയ ലേഖനങ്ങളില്‍ കാണുന്നില്ല. ഇഞ്ചിപ്പെണ്ണിന്‍റെ രണ്ടു സ്വന്തം ലേഖനങ്ങളെയും സൗകര്യപൂര്‍വം അവഗണിച്ചുകൊണ്ടാണ് ഗ്ലോബല്‍ വോയിസില്‍ വന്ന മറ്റൊരു റിപ്പോര്‍ട്ടിന്‍റെ പേരിലുളള ദുരാരോപണം. അത് വിലകുറഞ്ഞ അഭ്യാസമാണ്.

പ്രീതയുടെ വിഷയത്തിന്‍റെ ക്രെഡിറ്റ് അടിച്ചുമാറ്റി പതിവുപോലെ ഗ്ലോബല്‍ അറ്റന്‍ഷന്‍ നേടാനുള്ള ശ്രമം ഇഞ്ചിപ്പെണ്ണു നടത്തിയെന്ന ആരോപണം വസ്തുതകള്‍ പരിശോധിക്കു ആര്‍ക്കും അംഗീകരിക്കാനാവില്ല. അതിനാല്‍ ആ ആരോപണം തളളിക്കളയുന്നു. 
  • അതില്‍ നിന്നു പ്രീതയ്‌ക്കെതിരായ വിഷയം മുന്നോട്ടുപോകാനുള്ള ഏകവഴി കേസ് മാത്രമാണ്. അതൊട്ടു  നടക്കുന്നുമില്ലായിരുന്നു. ഒപ്പം മീഡിയാ ചര്‍ച്ചകൊണ്ട് 66എ പോലുള്ള പേടിപ്പിയ്ക്കാനുള്ള നിയമങ്ങള്‍ ഇല്ലാത്തതിനാലാണ് ഇത്തരം പരിപാടികള്‍ നടക്കുന്നതെന്നും അങ്ങനെയുള്ള പുതിയ നിയമം ഉണ്ടാവുകയാണ് വേണ്ടതെന്നും ഉള്ള വാദങ്ങളുയര്‍ന്നു. നിയമവ്യവസ്ഥയെ സമീപിച്ചെന്നു തെറ്റിദ്ധരിപ്പിയ്ക്കുകയായിരുന്നു മായയുടെ ആര്‍ട്ടിക്കിള്‍. //ഇഞ്ചിപ്പെണ്ണിനെതിരേ വധഭീഷണി വരെ ഉയര്‍ന്നു വന്നിട്ടുള്ള സാഹചര്യത്തില്‍ ആരാണ് ആ പേജ് നടത്തുത് എന്നു പോലും കണ്ടുപിടിക്കാന്‍ കഴിവില്ലാത്ത പോലീസ് ഫോഴ്‌സ് മുഴുവന്‍ കണ്ണുമിഴിച്ചു നില്‍ക്കുമ്പോള്‍// എന്നൊക്കെ പറഞ്ഞ് . കേസു നടക്കുന്നില്ലെന്നു തുറന്നു പറയേണ്ടി വരുന്ന സാഹചര്യം ഇതുകൂടിയാണ്.

അനിവര്‍ ഇതെഴുതിയത് ആഗസ്റ്റ് 9നാണ്. അനിവറിന്‍റെ തന്നെ മറ്റൊരു ഫേസ് ബുക്ക് പോസ്റ്റില്‍ ഡാലി ചോദിച്ച സംശയത്തിന് മറുപടിയായി ആഗസ്റ്റ് 8ന് അനിവര്‍ എഴുതിയ വരികള്‍ വായിക്കുക.  "ആര്‍ക്കും പരാതി അയയ്ക്കാം എന്ന് ഞാന്‍ മുമ്പ് ഒരു പോസ്റ്റില്‍ പറഞ്ഞിരുന്നല്ലോ. പത്രക്കാര്‍ സൈബര്‍സെല്ലില്‍ അന്വേഷിച്ച് ഇന്നും പറഞ്ഞത് ഇതുവരെ ഈ വിഷയത്തില്‍ കേസൊന്നും ഇല്ലെന്നാണ്". .

Targeting women online  എന്ന  ഡെക്കാന്‍ ഹെറാള്‍ഡ് വാര്‍ത്ത വന്നത് ആഗസ്റ്റ് അഞ്ചിനാണ്. പ്രീതയുടെ വക പരാതി കിട്ടിയിട്ടുണ്ട് എന്ന് ഹൈ ടെക് ക്രൈം എന്‍ക്വയറി സെല്‍ ഹെഡും അസിസ്റ്റന്‍റ് കമാന്‍ഡന്‍റുമായ എന്‍ വിജയകുമാരന്‍ നായര്‍ സ്ഥിരീകരിച്ച വിവരം വാര്‍ത്തയിലുണ്ട്. കൂടുതല്‍ കാര്യങ്ങള്‍ക്ക് ഫേസ് ബുക്കുമായി ബന്ധപ്പെട്ടുവെന്നും അദ്ദേഹം പറയുന്നു. വാര്‍ത്തയുടെ അഞ്ചാം പാരഗ്രാഫ് Hi-tech Crime Enquiry Cell head, assistant-commandant N. Vinayakumaran Nair said that two petitions were received in this connection, one from Preetha, that she was being abused by many on Facebook and another by an individual seeking action against Preetha for a post allegedly defaming former President A.P.J. Abdul Kalam. “We are contacting FB authorities to get details of those who made the posts. Based on that further action will be initiated.”

ആഗസ്റ്റ് പത്തിന് പ്രീതയുടെ സ്റ്റാറ്റസ് ഇങ്ങനെ തുടങ്ങുന്നു  - "ഇനിയും എന്‍റെ പേരില്‍ ഉണ്ടാക്കിയ ആ പേജിന്‍റെ സൃഷ്ടി കര്‍ത്താവിനെ അന്വേഷിച്ചു ആരും മിനക്കെടേണ്ട . പോലീസ് അന്വേഷിച്ചു കൊള്ളും"

പ്രീത പോലീസില്‍ പരാതിപ്പെട്ടിട്ടുണ്ട് എന്ന് ഇത്രയും വായിക്കുന്ന ആര്‍ക്കും ബോധ്യമാകും. അതുകൊണ്ടു തന്നെ മായാലീല  ലേഖനമെഴുതി ആരെയൊക്കെയോ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു എന്ന അനിവറിന്‍റെ വാദവും നിലനില്‍ക്കുന്നതല്ല. ഫേസ് ബുക്കിനെക്കുറിച്ച് ഫേസ് ബുക്ക് അധികാരികള്‍ പറയുന്നതും പ്രീത നല്‍കിയ പരാതിയെക്കുറിച്ച് അവര്‍ പറയുന്നതും പൊലീസിന്‍റെ നടപടിയെക്കുറിച്ച് പോലീസ് പറയുന്നതും തളളിക്കളഞ്ഞ്, എല്ലാറ്റിന്‍റെയും അവസാനവാക്ക് തങ്ങളുടേതായിരിക്കണമെന്ന ശാഠ്യം വിലപ്പോവുകയില്ല. 

പ്രീത പൊലീസില്‍ പരാതിപ്പെട്ടോ എന്ന വിവരമറിയാന്‍ ഏതോ പത്രക്കാരനാണ് അനിവറിന്‍റെ വിശ്വസനീയമായ സോഴ്‌സ്. ഈ പത്രക്കാരന്‍ ചോദിച്ചാല്‍ സകലവിവരവും പോലീസുകാര്‍ കൈമാറുമെും അനിവര്‍ ഉറച്ചു വിശ്വസിക്കുന്നു. അതുകൊണ്ടാണല്ലോ മേപ്പടിയാനെ വിശ്വസിച്ച് അദ്ദേഹം പ്രീതയെയും മായാലീലയെയും വിരട്ടാന്‍  ശ്രമിച്ചത്.
താന്‍ നേരിട്ട ലൈംഗികാതിക്രമത്തെക്കുറിച്ച് പ്രീത നല്‍കിയ ഇമെയില്‍ പരാതിയ്ക്കു മറുപടിയായി പരാതി മുന്നോട്ടു  കൊണ്ടുപോകണമെങ്കില്‍ എഴുതിത്തയ്യാറാക്കിയ പരാതിയുമായി ലോക്കല്‍ സ്റ്റേഷനിലോ സകല തെളിവുകളും സഹിതം ജില്ലയിലെ പോലീസ് തലവന്റെ മുമ്പാകെയോ ചെല്ലാനായിരുന്നുവത്രേ സൈബര്‍ പൊലീസിന്റെ മറുപടി.
ഐടി ആക്ട് 66ഇ. പ്രകാരം കേസെടുത്ത് അന്വേഷിക്കാനുളള എല്ലാ തെളിവുകളും പരാതിയ്‌ക്കൊപ്പം പ്രീത നല്‍കിയ ലിങ്കിലുണ്ടെിരിക്കെ, സൈബര്‍ പൊലീസ് മേല്‍പ്പറഞ്ഞ പ്രകാരം ഒരു മറുപടി നല്‍കിയെങ്കില്‍ അതു വേറെ പരിശോധിക്കേണ്ട വിഷയമാണ്. പ്രീത നേരിട്ട മറ്റൊരു നീതിനിഷേധം. .
(66E. Punishment for violation of privacy. (Inserted Vide ITA 2008) Whoever, intentionally or knowingly captures, publishes or transmits the image of a private area of any person without his or her consent, under circumstances violating the privacy of that person, shall be punished with imprisonment which may extend to three years or with fine not exceeding two lakh rupees, or with both Explanation).

ഇവിടെ പത്രവും പത്രലേഖകരുമായുളള ബന്ധം അനിവറും ഇഞ്ചിപ്പെണ്ണും  ഉപയോഗിച്ചിരിക്കുന്ന രീതികള്‍ താരതമ്യം ചെയ്യുക. ഗ്ലോബല്‍ വോയിസ് എന്ന മാധ്യമസ്ഥാപനവുമായി തനിക്കുളള അടുപ്പം ഉപയോഗിച്ച് പ്രീത നേരിട്ട പ്രശ്‌നത്തെ ഇഞ്ചിപ്പെണ്ണ് ആഗോളശ്രദ്ധയില്‍ കൊണ്ടുവന്നു. അനിവറിനും പത്രബന്ധമുണ്ട്. പക്ഷേ, ആ പത്രലേഖകനെ പോലീസ് സ്റ്റേഷനില്‍ നിന്നും തനിക്ക് വിവരങ്ങള്‍ ചോര്‍ത്തിത്തരുന്ന ചാരപ്പണിയ്ക്കാണ് അനിവര്‍ നിയോഗിച്ചത്.

ഈ പരിശോധന ഒരു കാര്യം അസിഗ്ധമായി വ്യക്തമാക്കുുണ്ട്. "പ്രീതയുടെ വിഷയത്തിന്റെ ക്രെഡിറ്റ് അടിച്ചു മാറ്റി പതിവുപോലെ ഗ്ലോബല്‍ അറ്റന്‍ഷെന്‍ നേടാന്‍ ഇഞ്ചിപ്പെണ്ണ് ശ്രമിക്കുന്നു" എന്ന ആരോപണം ഒരു പുകമറയാണ്. വസ്തുതയുടെയോ യുക്തിയുടെയോ ഒരുപിന്‍ബലവുമില്ലാത്ത ഈ ആരോപണത്തിന്‍റെ മറവില്‍ ഇഞ്ചിപ്പെണ്ണിനോടുളള പൂര്‍വവൈരാഗ്യം തീര്‍ക്കുകയാണ് അനിവര്‍ ചെയ്യുന്നത്. പ്രീതയുടെ ചെലവില്‍ അതു വേണ്ടിയിരുന്നില്ല. 

ക്രെഡിറ്റ് അടിച്ചു മാറ്റുക, ഏജന്‍സി നിര്‍മ്മാണം എന്നൊക്കെ അനിവര്‍ പലസ്ഥലത്തായി പറയുന്നുണ്ട്. വിഷയം പ്രീതയോ പ്രീതയുടെ പ്രശ്‌നമോ അല്ല. ക്രെഡിറ്റ് ആര്‍ക്കാണ് എന്ന തര്‍ക്കമാണ്. "പ്രൈവറ്റ് ആയി റിപ്പോര്‍ട്ടു ചെയ്ത് പൂട്ടിക്കേണ്ട അത് ഇഞ്ചിയടക്കമുള്ളവര്‍ മാസ്സ് കാമ്പൈന്‍ നടത്തി ആകെ ചളമാക്കി നശിപ്പിച്ചു" എന്ന അനിവര്‍ അരവിന്ദിന്റെ ആദ്യത്തെ വാദം ഓര്‍മ്മിക്കുക. ഇനി ജൂലൈ 31ന് സുധീഷ് സുധാകരന്‍ എഴുതിയ ഫേസ് ബുക്ക് പോസ്റ്റിലെ ഒരു ഭാഗം. - 

......... ഫേസ്ബുക്കിന്റെ കമ്മ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡ് എന്ന് പറയുന്നത്, വധശിക്ഷയെ അംഗീകരിക്കുന്ന ഒന്നാണെന്നും അതിനെ എതിര്‍ക്കുവരെ പുറത്താക്കും എന്നും വേണമല്ലോ മനസ്സിലാക്കാന്‍. ഫേസ്ബുക്ക് ഇന്ത്യ ഈ നാട്ടിലെ മജോരിട്ടെരിയന്‍ പോളിറ്റിക്‌സിന്‍റെ മനുഷ്യത്വരഹിതമായ വികാരങ്ങളെ പരിപോഷിപ്പിച്ചു ഫ്രീഡം ഓഫ് എക്‌സ്‌പ്രേഷനെ തടയുന്നു എന്നല്ലേ ?
വിഷയം ഈ പെജിന്‍റേത് ആണെും, വിഷയത്തിന്റെ മെറിറ്റ് എന്താണെന്നും മനസ്സിലാക്കി പിന്തുണ തന്നത് ഓണ്‍ലൈന്‍ സുഹൃത്തുക്കള്‍ തന്നെയാണ്. ഷാഹിന, ബിലാല്‍,സന്ദീപ്, സ്വാതി അങ്ങനെ നിരവധിപേര്‍.... സുഹൃത്ത് അനിവര്‍ (
Anivar Joshina) ആണ് പ്രായോഗികമായ ഇടപെടീല്‍ നടത്തിയത്. ട്വിറ്റര്‍ വഴി ഹാഷ്ടാഗ് കാമ്പയിന്‍ നടത്തി ഫേസ്ബുക്കിന്റെ ഈ നിലപാടിനെ ദേശീയ തലത്തില്‍ ചര്‍ച്ചയാക്കി.ആ പോസ്റ്റ് #‎FoE‬ ഹാഷ് ടാഗോടെ വൈറലായി. ഇതെത്തുടര്‍ന്ന്  നിഖില്‍ പഹ്‌വ ഫേസ്ബുക്ക് ഇന്ത്യ & സൗത്ത് ഏഷ്യയുടെ കമ്മ്യൂണിക്കേഷന്‍ ഹെഡായ കാര്‍സ ഡാല്‍ട്ടണുമായി ബന്ധപ്പെട്ടു . സെന്‍റ ഫോര്‍ ഇന്‍റര്‍നെറ്റ് ആന്‍ഡ് സൊസൈറ്റിയുടെ സുനില്‍ എബ്രഹാം ട്വിറ്ററിലൂടെ അനിവര്‍ നല്‍കിയ വിവരങ്ങള്‍ കാണിച്ച് ഫേസ്ബുക്കിന്റെ ഇന്ത്യാ പബ്ലിക്  പോളിസി ഹെഡായ ആംഖി ദാസുമായും ബന്ധപ്പെടുകയുണ്ടായി. ഇതുകൂടാതെ ലൈവ്മിന്‍റിലെ സലില്‍ ത്രിപദിയെപ്പോലെ ഒട്ടനവധി ജേര്‍ണലിസ്റ്റ് സുഹൃത്തുക്കളും ഫേസ്ബുക്കുമായി ട്വീറ്റ് കണ്ട് ബന്ധപ്പെടുകയുണ്ടായി.
ട്വിറ്റര്‍ വഴി ഹാഷ് ടാഗ് കാമ്പയിന്‍ നടത്തി അനിവര്‍ ഫേസ് ബുക്കിന്‍റെ ഈ നിലപാടിനെ ദേശീയ തലത്തില്‍ ചര്‍ച്ചയാക്കി എന്നാണ് സുധീഷ് സുധാകരന്‍ പറയുന്നത്. അനിവര്‍ ദേശീയ തലത്തില്‍ കാമ്പയിന്‍ നടത്തിയാല്‍ സംഗതി ജോറാകും. ഇഞ്ചിപ്പെണ്ണ് ഗ്ലോബല്‍ മാസ് കാമ്പൈന്‍ നടത്തിയാല്‍ സംഗതി ചളമാകും, നാശമാകും. ഈ വാദങ്ങളുയര്‍ത്തുന്ന അതേ ആളാണ് കാണുന്നിടത്തൊക്കെ ലോജിക്കല്‍ ഫാലസിയുടെ ലിങ്കു നിക്ഷേപിക്കുന്നതും. അരിസ്റ്റോട്ടിലിന്‍റെ ആത്മാവ് പൊറുക്കട്ടെ! 

ഏതു നിലപാടിനെ അനിവര്‍ ദേശീയതലത്തില്‍ ചര്‍ച്ചയാക്കിയെന്നാണ് സുധീഷ് പറയുന്നത്? അദ്ദേഹം പറയുന്ന നിലപാട് ഇതാണ് - "മജോരിട്ടെരിയന്‍ പോളിറ്റിക്‌സിന്റെ മനുഷ്യത്വരഹിതമായ വികാരങ്ങളെ പരിപോഷിപ്പിച്ചു ഫ്രീഡം ഓഫ് എക്‌സ്‌പ്രേഷനെ തടയുന്ന ഫേസ് ബുക്ക്". ഈ നിലപാടിനെയാണ് അനിവര്‍ ദേശീയതലത്തില്‍ ചര്‍ച്ചയാക്കിയത്. ഈ നിലപാടിനെത്തന്നെയാണ് ഇഞ്ചിപ്പെണ്ണും മായാലീലയും കൂട്ടരും സ്ത്രീവിരുദ്ധമെന്നു വിശേഷിപ്പിക്കുന്നത്. കാഴ്ചപ്പാടിലുളള ഈ അന്തരത്തിന്‍റെ പേരിലാണ് ഇക്കണ്ട കോലാഹലങ്ങളെല്ലാം സൃഷ്ടിച്ചത്. 

ഈ വിഷയത്തില്‍ ഇഞ്ചിപ്പെണ്ണിന്‍റെ ഫേസ് ബുക്ക് ഇടപെടലുകള്‍ കണ്ടിട്ടില്ല. എന്നാല്‍ ഗൂഗിള്‍ പ്ലസിലെ ആദ്യ ഇടപെടലുകള്‍ ആര്‍ക്കും പരിശോധിക്കാന്‍ കഴിയും വിധം അവിടെയുണ്ട്. അവയൊന്നിലും  ഒരു പ്രകോപനത്തിനും ഇഞ്ചിപ്പെണ്ണ് ശ്രമിച്ചിട്ടില്ല. ഏതെങ്കിലും കണക്കുതീര്‍ക്കലിനോ പകവീട്ട'ലിനോ ഈ പ്രശ്‌നം അവരുപയോഗിച്ചുവെന്ന്  തെളിയിക്കുന്ന ഒരു വസ്തുതയും അവരുടെ ഗൂഗിള്‍ പ്ലസ് അക്കൗണ്ടിലില്ല. കാമ്പയിന്‍ നടത്തേണ്ടതെങ്ങനെ എന്ന വിഷയത്തില്‍ ട്യൂഷന്‍ ക്ലാസ് അതിരുകടന്നപ്പോഴാണ് മായാലീലയും ഇഞ്ചിപ്പെണ്ണും പ്രകോപനപരമായി സംസാരിച്ചു തുടങ്ങിയത് എന്നും കാണാം. 

തനതായ വഴികളിലൂടെ പ്രശ്‌നത്തില്‍ പോസിറ്റീവായി ഇടപെടുക തന്നെയാണ് അനിവര്‍ ചെയ്തത് എന്ന് സുധീഷ് സുധാകരന്‍റെ ഫേസ് ബുക്ക് പോസ്റ്റ് സാക്ഷ്യപ്പെടുത്തുന്നു. ആദരവ് അര്‍ഹിക്കുന്നതുതന്നെയാണ് ആ ഇടപെടല്‍. അതിലൊരു സംശയവുമില്ല.   ക്രെഡിറ്റിനുളള അനിവറിന്‍റെ അര്‍ഹത ആര്‍ക്കും നിഷേധിക്കാനാവില്ല. ട്വിറ്റര്‍ ഉപയോഗിച്ച് അനിവര്‍ നിര്‍വഹിച്ച കാമ്പയിന്‍ സാധ്യത മറ്റൊരു തലത്തിലേയ്ക്ക് വികസിപ്പിക്കുക മാത്രമാണ് ഇഞ്ചിപ്പെണ്ണും മായാലീലയും ചെയ്തതും ചെയ്യുന്നതും. 

എന്നാല്‍  ഇഞ്ചിപ്പെണ്ണിന്‍റെ ഇടപെടല്‍ ശ്രദ്ധയില്‍പ്പെട്ടതോടെ അനിവറിന്‍റെ മനസു ചഞ്ചലപ്പെട്ടു. ഏകാഗ്രത ആവിയായി. ഇഞ്ചിപ്പെണ്ണ് എന്തുകൊണ്ട് ശരിയല്ല എന്നു സ്ഥാപിക്കാനായിരുന്നു പിന്നെ ഊര്‍ജവ്യയം. ആ ശ്രമം ലക്ഷ്യം കണ്ടില്ലെന്ന് അനിവറിന്‍റെ യുക്തിരഹിതമായ വാദങ്ങള്‍ തെളിയിക്കുന്നു.  ആദരവു പ്രകടിപ്പിക്കുന്ന കൈയടികളുടെ ആരവമാണ് സ്വകാര്യമായി സൂക്ഷിക്കേണ്ട ചാറ്റ് വിവരങ്ങള്‍ പരസ്യമാക്കി അനിവര്‍ ഒറ്റയടിക്കു നിശബ്ദമായത്. ആ നീക്കം അനിവന് ഒരുപയോഗവും ചെയ്തില്ലെന്നു മാത്രമല്ല, "വിശ്വസിക്കാന്‍ കൊളളാത്തവന്‍" എന്ന പേരും വീണു. തെളിച്ചു പറഞ്ഞാല്‍ ആകെ ചളമാക്കി നശിപ്പിച്ചത് അനിവര്‍ തന്നെയാണ്.  അതിന് വേറെയാരെയും പഴിക്കേണ്ടതില്ല. 

പ്രീതയും തെറിവിളിയും 
ജി. സുധാകരന്‍റെ പ്രസംഗത്തിലെ സ്ത്രീവിരുദ്ധതയ്ക്കു നേരെ തെറി പറഞ്ഞ് രോഷം ചൊരിയാനുളള എല്ലാ അവകാശവും പ്രീതയ്ക്കുണ്ട്. ഏതു പാര്‍ടിയുടെ നേതാവിനെ തെറി പറഞ്ഞാലും അതിന്‍റെ അണികള്‍ക്കു പൊളളും. ആ പൊളളലിന് പാര്‍ടി ഭേദമില്ല. ആണെന്നോ പെണ്ണെന്നോ ഭേദമില്ലാതെ പ്രതികരണം മറുതെറിയായി പുറത്തുവരും. അതൊക്കെ സ്വാഭാവികമാണ്. ഇത്തരം വെല്ലുവിളികളെ നേരിടാന്‍ മാനസികമായി കരുത്തരാവുകയേ മാര്‍ഗമുളളൂ. തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചതിന്‍റെ പേരിലല്ല, പ്രീത ജി. സുധാകരനെതിരെ വിമര്‍ശനം ചൊരിഞ്ഞത്. ജി. സുധാകരന്‍റെ അടുത്ത ബന്ധുക്കളെല്ലാം ഓടിയെത്തി പ്രീതയ്ക്കു നേരെ പ്രത്യാക്രമണം തൊടുക്കുകയുമല്ല ഉണ്ടായത്. പ്രശ്‌നം രാഷ്ട്രീയനിലപാടുകളാണ്.

പ്രീത നടത്തിയതുപോലുളള വിമര്‍ശനം ഒരു പുരുഷന്‍ നടത്തിയാലും പ്രതികരണം മറ്റൊന്നാവുമായിരുന്നില്ല. മനോരമാ ലേഖകന്‍ സുജിത് നായര്‍ക്കു നേരെ ഉണ്ടായ പ്രതികരണം ഓര്‍ക്കുക. ഏത് ആള്‍ക്കൂട്ടത്തിന്‍റെയും പ്രതികരണത്തിനു പിന്നില്‍ ഒരേ ആല്‍ഗോരിതമാണ്.  തെറിയെ നേരിടാനോ തെറി പറഞ്ഞു നേരിടാനോ ഇറങ്ങുമ്പോള്‍ സ്വന്തം ഭാഷ അതുവരെ ഉല്‍പാദിപ്പിച്ച തെറികളെയേ ആര്‍ക്കും ആശ്രയിക്കാനാവൂ. 

പൊളിറ്റിക്കലി കറക്ടായ ഒരു തെറിയുമില്ല. "മൈര്" എന്ന തെറിയിലും സൂക്ഷ്മമായി സ്പന്ദിക്കുന്നത് ജാതിവ്യവസ്ഥയുടെ പീഡനചരിത്രമാണ്. "വിഡ്ഢിക്കൂശ്മാണ്ഡം" എന്ന പ്രയോഗമെടുക്കുക. കൂശ്മാണ്ഡത്തിന്‍റെ അര്‍ത്ഥം തിരഞ്ഞാല്‍ കുമ്പളങ്ങ, വികൃത ഗര്‍ഭം (ഭ്രൂണം കുമ്പളങ്ങയുടെ ആകൃതിയില്‍ വളരുന്നത്) എന്നൊക്കെ ശബ്ദതാരാവലി പ്രതിവചിക്കും. "വിഡ്ഢിക്കൂശ്മാണ്ഡം" അധിക്ഷേപപദമാകുന്നത് വികൃതഗര്‍ഭം എന്ന അര്‍ത്ഥം ചേരുമ്പോഴാണ്. ഭാഷയില്‍ കൂശ്മാണ്ഡമേയുളളൂ, കൂശ്മബീജമില്ല. ചുരുക്കിപ്പറഞ്ഞാല്‍, സ്ത്രീവിരുദ്ധ പ്രസംഗം നടത്തിയ ജി. സുധാകരനെ വിശേഷിപ്പിക്കാന്‍ ഭാഷയിലെ ഏറ്റവും സ്ത്രീവിരുദ്ധമായ പ്രയോഗമാണ് പ്രീത തെരഞ്ഞെടുത്തത്. അതാണ് തെറിയുടെ കാവ്യനീതി. പ്രയോഗിക്കുന്നവരിലേയ്ക്കു തന്നെ പ്രഹരശേഷി ചോരാതെ മടങ്ങിയെത്തുന്ന ബൂമറാങ്ങുകളാവ. 

അടിമുടി സ്ത്രീവിരുദ്ധവും കീഴാളവിരുദ്ധവുമായ തെറികളുടെ അകമ്പടിയോടെ, ഭാഷാപ്രയോഗം, സമൂഹത്തിലെ മൂല്യബോധം തുടങ്ങിയവയിലൊക്കെ ഉള്‍ച്ചേര്‍ന്നിരിക്കുന്ന സ്ത്രീവിരുദ്ധതയെ വിമര്‍ശനവിധേയമാക്കുമ്പോള്‍ സാംസ്‌ക്കാരിക വിമര്‍ശനത്തിന്‍റെ ലക്ഷ്യം അകന്നു നില്‍ക്കുകയും തെറിപ്രയോഗത്തിന്‍റെ ശരിതെറ്റുകളിലേയ്ക്ക് സംവാദം ചുരുങ്ങുകയും ചെയ്യും. പ്രീതയുടെ സുധാകരവിമര്‍ശനത്തിനു സംഭവിച്ചതും അതുതന്നെയാണ്.  തെറി വിളിച്ച് ആരെയും സ്വയംവിമര്‍ശനത്തിന് പ്രേരിപ്പിക്കാനാവില്ല. വിളിക്കുന്നത് ആണായാലും പെണ്ണായാലും. 3 comments:

Abu Thahir said...

ഇവിടെ കട്ടക്ക് നിന്ന എന്റെ പ്രൊഫൈൽ , ഉണ്ടായിരുന്നു ഫോണ്‍ നമ്പര് മുതൽ റിലേഷൻ ഷിപ്‌ സ്റ്റാറ്റസ് വരെ എന്തിനു എല്ലാം ഉണ്ടായിരുന്നു ഒരു സ്റ്റാറ്റസ് കൊണ്ട് പൂട്ടി കെട്ടിയിട്ടുണ്ട് , അത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ ആണോ അനോണി കളുടെ രോദനം ?

Siju | സിജു said...

വിഡ്ഡിക്കൂഷ്മാണ്ടം എന്ന പ്രയോഗം വന്നതു ഐതിഹ്യമാലയിലെ "വിഡ്ഡീ, കൂഷ്മാണ്ടം" എന്ന കഥയിൽ നിന്നല്ലേ? ഗുരുവിനുള്ള ദക്ഷിണയായി കൂഷ്മാണ്ടം കൊടുത്തപ്പോൾ "വിഡ്ഡീ, കൂഷ്മാണ്ടം" എന്ന ഗുരുവചനം മന്ത്രമായെടുത്ത ശിഷ്യന്റെ കഥ

മഞ്ഞക്കിളി said...

കൊടുത്താൽ കൊല്ലത്തും കിട്ടും. അത് പ്രീതാ നായർക്കായാലും ഡേവിസിനായാലും.