Friday, September 25, 2015

രാഹുകാലത്തൊരു കാളിയമർദ്ദനം - എംഎ ബേബി വക


നൂറ്റാണ്ടുകളുടെ മലം കെട്ടിക്കിടക്കുന്ന തലയോട്ടിയും പേറി ജീവിക്കേണ്ടി വരുന്നത് വല്ലാത്തൊരു പിറവി ദോഷമാണ്. മനുഷ്യചരിത്രത്തിൽ  ഇന്നേവരെയുണ്ടായ ഒരു നവോത്ഥാനയത്നത്തിന്‍റെയും വെളിച്ചം കടക്കാത്ത ഇത്തരം തലയോട്ടികള്‍ക്ക് ഒരു ലക്ഷ്യമേയുളളൂ. ആചാരങ്ങളുടെയും മാമൂലുകളുടെയും ചടങ്ങുകളുടെയും അന്ധവിശ്വാസങ്ങളുടെയും ജാതിനിയമങ്ങളുടെയും കൊമ്പു തിരുകിയ അധികാരത്തിൻറെ കിരീടം. കൊന്നും കൊലവിളിച്ചും ആക്രോശിച്ചും അവമതിച്ചും വെട്ടിവീഴ്ത്തിയും വെല്ലുവിളിച്ചും വീമ്പടിച്ചും വീരസ്യം നടിച്ചും ആ കിരീടത്തിനായി പെടാപ്പാടുപെടുകയാണ് വിവരവും വിവേകവുമില്ലാത്ത കുറേ മനുഷ്യർ. അസംബന്ധങ്ങളുടെ ഭൂതകാലങ്ങളിലേയ്ക്ക് സമൂഹത്തെ പ്രഹരിച്ചു പായിക്കാൻ അവർ കൈയിലേന്തിയ ചാട്ടവാറുകളാണ് 2015 സെപ്തംബര്‍ 22 ചൊവ്വാഴ്ച വൈകുന്നേരം 3.30 എന്ന നിമിഷത്തിനു മുന്നിൽ നിശ്ചലമായിപ്പോയത്.

പല സമയങ്ങളും പോലെ ഇതും ഒരു സമയം മാത്രം. അന്നും ആ സമയത്താണ് ഏഷ്യാനെറ്റില്‍ "കറുത്ത മുത്ത്" സീരിയല്‍ തുടങ്ങിയത്. അപ്പോഴാണ് ഗാന്ധിധാം എക്സ്പ്രസ് തിരുവനന്തപുരം സ്റ്റേഷനില്‍ എത്തിച്ചേർന്നത്. പതിവുപോലെ ഈ സമയത്തു തന്നെ തിരുവനന്തപുരത്തേയ്ക്കുളള  ഫാസ്റ്റ് പാസഞ്ചര്‍ കട്ടപ്പന ബസ്റ്റാന്‍ഡില്‍ നിന്ന് പുറപ്പെട്ടു. യാദൃശ്ചികവും മുൻകൂട്ടി തീരുമാനിക്കപ്പെട്ടതുമായ എത്രയോ സംഭവങ്ങള്‍ ലോകത്തെങ്ങുമുളള കോടാനുകോടി മനുഷ്യരുടെ ജീവിതത്തിൽ തുടങ്ങുകയും ഒടുങ്ങുകയും ചെയ്ത സമയം. ആ സമയത്താണ് തിരുവനന്തപുരത്തെ എകെജി സെൻററിൽ അപ്പുവും സനിധയും വിവാഹിതരായത്.

പക്ഷേ, ചൊവ്വാഴ്ച വൈകുന്നേരം 3.30 എന്ന നിമിഷം ചിലർക്ക് രാഹുകാലമാണു പോലും. ആർക്ക്? വെളിച്ചം നിഷിദ്ധമായ തലയോട്ടിയുടെ ഉടമകള്‍ക്കും അവയ്ക്കു നേരെ കവടിയെറിഞ്ഞ് അന്നം തേടുന്നവർക്കും. അവറ്റയ്ക്കു മാത്രമാണ് ഈ മുഹൂർത്തം രാഹുകാലമാകുന്നത്. കവടിയെന്നത് ശംഖു വര്‍ഗ്ഗത്തില്‍പ്പെട്ട ഒരു ചെറിയ ജലജീവിയുടെ പുറന്തോടാണെന്നും അതിനുളളിൽ മംഗളമൂഹൂർത്തങ്ങളുടെ പഞ്ചാംഗമൊന്നും ആരും തിരുകിവെച്ചിട്ടില്ലെന്നും അറിയുന്നവർക്ക് മറ്റേതൊരു നിമിഷത്തെയും പോലെ അതിസാധാരണമായ സമയം.. അപ്പോള്‍ അപ്പുവിന്‍റെയും സനിധയുടെയും വിവാഹത്തിന് അവരും അവരുടെ മാതാപിതാക്കളും ചേർന്ന്  തിരഞ്ഞെടുത്ത സമയത്തിൻറെ പേരിൽ ചിലരൊക്കെക്കിടന്ന് കോമരം തുളളുന്നത് എന്തിനാണ്.. ?

എം എ ബേബിയുടെ മകൻ രാഹുകാലത്തിൽ വിവാഹിതനായെന്ന വാർത്ത സൈബർ സ്പേസിനെയാണ് ഏറ്റവുമധികം മലീമസമാക്കിയത്. ഫേസ് ബുക്ക് സ്റ്റാറ്റസുകളും ഫോട്ടോഷോപ്പ് ഇമേജുകളുമായി വർഗീയതയുടെ വിസർജ്യം  പൊട്ടിയൊഴുകി. കണ്ണിൽപ്പെട്ട ഏറ്റവും കൌതുകമുളള വാചകം ഇതായിരുന്നു -
"രാഹുകാലവും ജാതകവും നോക്കുന്നത് അന്തസുളള ഹിന്ദുക്കളുടെ വിശ്വാസമാണ്. അതിൽ ക്രിസ്ത്യാനിയായ ബേബിയ്ക്കെന്തു കാര്യം.?" 
"അന്തസുളള ഹിന്ദു"വെന്നത് ഒരു നല്ല പ്രയോഗമാണ്. അതിന്‍റെ നിർവചനത്തിലേയ്ക്ക് പിന്നെ വരാം. പക്ഷേ, ഈ വാക്യത്തിന്‍റെ ഉടമ ഒരു ഷേക്ക് ഹാൻഡ് അർഹിക്കുന്നുണ്ട്. മേമ്പൊടിയ്ക്ക് വിഷം പുരട്ടിയിട്ടുണ്ടെങ്കിലും പറഞ്ഞത് കാര്യമാണ്. രാഹുകാലം പോലുളള പിത്തലാട്ടങ്ങളിലൊന്നും ബേബിയ്ക്ക് ഒരു കാര്യവുമില്ല. ഇതിലൊന്നും ഒരു കാര്യവുമില്ലെന്നറിയാവുന്നതുകൊണ്ടു തന്നെയാണ് ഇതൊന്നും  കാര്യമാക്കേണ്ടെന്നു വെച്ചതും. ആലോചനയോ ചിന്തയോ ഒന്നുമില്ലാതെ ഏതു സംഘിത്തലയിലും മിന്നുന്ന ലളിതമായ യുക്തിയാണിത്.

ഹിന്ദുവിൻറെ വിശ്വാസം പിൻപറ്റാൻ ഹിന്ദുവല്ലാത്തവന് എന്തു ബാധ്യത?  ഏതു മതത്തിൻറെ കാര്യത്തിലും അതുതന്നെയാണ് ശരി. വിശ്വാസങ്ങള്‍ പാലിക്കുകയും അനുസരിക്കുകയും അവയോടു നീതി പുലർത്തുകയും ചെയ്യേണ്ടത് വിശ്വാസിയ്ക്കു മാത്രം ഉത്തരവാദിത്തമാണ്. ആ വിശ്വാസത്തിനു പുറത്തുളളവരുടെ വഴി വേറെയാണ്.

ഇതൊന്നും മനസിലാകാത്തതുകൊണ്ടല്ല, അംഗീകരിച്ചുകൊടുക്കാൻ കഴിയാത്തതുകൊണ്ടാണ് വർഗീയത പൊട്ടിയൊഴുകിയത്. അതു പക്ഷേ, യാദൃശ്ചികമായി സംഭവിച്ചതല്ല. ആചാരങ്ങള്‍ സൂക്ഷ്മമായി ആചരിക്കണമെന്ന ശാഠ്യത്തിനും നിർബന്ധത്തിനും നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. 2012 മാർച്ച് നാലിന് ജന്മഭൂമി പ്രസിദ്ധീകരിച്ച ജ്യോതിഷത്തില്‍ രാഹുകാലത്തിന്‍റെ പ്രാധാന്യം എന്ന ലേഖനം മനസിരുത്തി വായിച്ചാൽ കാര്യങ്ങളുടെ കിടപ്പു പിടികിട്ടും. ലേഖനം ഇങ്ങനെ പറയുന്നു:
വളരെ സ്ഥൂലമായിട്ടാണ്‌ നാം പലതും ആചരിച്ചുവരുന്നത്‌. സൂക്ഷ്മമായി അനുഷ്ഠിക്കാത്തതിലെ ന്യൂനത നമ്മുടെ സംസ്കാരത്തെ തന്നെ ബാധിച്ചിരിക്കുകയാണ്‌. രാഹുകാലത്തിലും സൂക്ഷ്മത ആവശ്യമാണ്‌.
സംസ്ക്കാരം എന്ന വാക്ക് ലേഖനത്തിൽ ചുമ്മാ തിരുകിക്കയറ്റിയതല്ല. ഭാരതസംസ്ക്കാരം എന്നു പേരിട്ടുവിളിക്കുന്ന ഹിന്ദുവിന്‍റെ ആചാരങ്ങള്‍ എല്ലാ ജാതിമതസ്ഥരും സൂക്ഷ്മായി അനുഷ്ഠിച്ചു ജീവിക്കുന്ന കിനാശേരിയുടെ നിർമ്മാണമെന്ന അജണ്ട സംഘപരിവാരം ഒരിക്കലും ഒളിച്ചുവെച്ചിട്ടില്ല. സംസ്ക്കാരത്തെ ബാധിച്ചിരിക്കുന്ന ന്യൂനത പരിഹരിക്കാനാണ്  ധാബോൽക്കറെയും പൻസാരയെയും കൽബുർഗിയെയുമൊക്കെ കാലപുരിയിലേയ്ക്കു പറഞ്ഞുവിട്ടത്.  രാഹുകാലത്തെ പുറംകാലിനു തൊഴിച്ച എം എ ബേബി സിപിഎം നേതാവും  ജീവിക്കുന്നതു കേരളത്തിലുമായിപ്പോയി. അതുകൊണ്ട് മനശാന്തി കിട്ടുന്നതുവരെ വർഗീയവിസർജ്യം കുത്തിയൊഴുക്കി സമാധാനിച്ചുവെന്നേയുളളൂ.

നേരത്തെ പറഞ്ഞ "അന്തസുളള ഹിന്ദു"വിനെ ഇവിടെവെച്ചാണ് നാം പരിചയപ്പെടേണ്ടത്. ചരിത്രബോധത്തിൻറെ വെളിച്ചം കയറാത്ത തലയോട്ടികള്‍ക്ക് തീർത്തും അപരിചിതമായ വിഭാഗമാണവർ. എം എ ബേബിയ്ക്കെതിരെ ഫേസ് ബുക്കിലും മറ്റും വർഗീയത വിസർജിക്കുന്നവരിൽ പലരും ആചാര്യസ്ഥാനത്തു പ്രതിഷ്ഠിച്ചിട്ടുളള  മന്നത്തു പത്മനാഭന്‍റെ സമ്പൂർണകൃതികള്‍ ഒരുവട്ടം മറിച്ചു നോക്കിയാൽ മതി, കേരള ചരിത്രത്തിലെ "അന്തസുളള ഹിന്ദു"വിനെ പരിചയപ്പെടാം.
   
പുലകുളിക്കേസെന്നു കേട്ടിട്ടുണ്ടോ, സംഘിച്ചേട്ടാ...

'ചത്താലും പെറ്റാലും പുല' എന്നാണ് കോത്താഴശാസ്ത്രം. ഹിന്ദുവീട്ടിൽ ആരെങ്കിലും മരിക്കുകയോ കുഞ്ഞു ജനിക്കുകയോ ചെയ്താൽ അടുത്ത ബന്ധുക്കൾ അശുദ്ധി ആചരിക്കണം. അതാണ് പുല അഥവാ വാലായ്മ.  പുലക്കാലത്ത് ആരാധനാലയങ്ങളിൽ പ്രവേശിക്കാൻ പാടില്ല.  മംഗളകരമായ കർമങ്ങൾ ചെയ്യാനോ  പൊതുചടങ്ങുകളിൽ പങ്കെടുക്കാനോ അനുവാദമില്ല.

എത്ര ദിവസം പുല അനുഷ്ഠിക്കണമെന്ന് തീരുമാനിക്കുന്നത് ജാതിയുടെ സ്ഥാനമാണ്. മേൽജാതിക്കാരന് കുറച്ചു ദിവസം പുല ആചരിച്ചാൽ മതി. ജാതിയിൽ താഴുന്നതനുസരിച്ച് പുലയുടെ ദിവസവും കൂടും. ബ്രാഹ്മണന് പത്തും ക്ഷത്രിയന് പതിനൊന്നും വൈശ്യന് പന്ത്രണ്ടും ശൂദ്രന് പതിനഞ്ചും ദിവസങ്ങൾ ആണ് പുല. ഇതു തെറ്റിച്ചാൽ കടുത്ത ശിക്ഷ വിധിച്ചിട്ടുണ്ട്. 1919ൽ ഇരിങ്ങാലക്കുടയിൽ നടന്ന അത്തരമൊരു ശിക്ഷയുടെ സാമ്പിള്‍ ഇതാ:
നാട്ടാചാരത്തിനു വിരോധമായി ഒരു ഈഴവ കുടുംബം പത്തുദിവസത്തെ പുല മാത്രം ആചരിക്കുകയും പിറ്റത്തെ ദിവസം പുലയടിയന്തരം കഴിക്കയും ചെയ്തു. ഈ സമ്പ്രദായം തങ്ങള്‍ക്ക് മാത്രം വിധിച്ചിട്ടുളളതാകയാൽ കോപാന്ധനായ ഒരു നമ്പൂതിരി ഈ കുടുംബത്തെ പഠിപ്പിക്കുവാൻ ഒരു വിദ്യ ചെയ്തു. സദ്യയിൽ ഉണ്ണാനിരുന്ന സാധുക്കളെ ചില പോക്കിരികളെക്കൊണ്ടു കല്ലെറിയിച്ചു. തന്നിമിത്തം ഒരു ലഹളയുണ്ടായി. അനവധി നായന്മാർ വടിയും വെട്ടുകത്തിയുമായി സദ്യസ്ഥലത്തു ചെന്നു. നിരായുധരും ഊൺകഴിക്കാനിരുന്നവരുമായ ഈഴവരെ ആക്രമിച്ചു. ഇരിങ്ങാലക്കുടയ്ക്കു സമീപം താന്നിശേരി എന്ന സ്ഥലത്തു വെച്ചായിരുന്നു സംഭവം നടന്നത്. 21 പേരെ പോലീസു പിടിച്ചു. പലർക്കും മുറിവേറ്റിട്ടുണ്ട്. രണ്ടുപേർ ആസന്നമരണരായി ആസ്പത്രിയിൽ കിടക്കുന്നു. അടികൊണ്ട ഈഴവരിൽ രണ്ടാള്‍ ഇരിഞ്ഞാലക്കുട സബ് മജിസ്ട്രേറ്റു കോടതിയിൽ ആവലാതി ബോധിപ്പിപ്പാൻ ചെന്നപ്പോള്‍ ഉയർന്ന ജാതിയിൽപ്പെട്ട ചില ഉദ്യോഗസ്ഥർ തടഞ്ഞു നിർത്തി. പക്ഷേ, നായന്മാരുടെ അപേക്ഷപ്രകാരം നായർ മജിസ്ട്രേറ്റ് ലഹളസ്ഥലത്തെത്താതിരുന്നില്ല. സർവവിവരവും ആ ഉദ്യോഗസ്ഥനെ അറിയിച്ചിരുന്നിട്ടും എറിയുവാൻ ഉപയോഗിച്ച കല്ലുകള്‍ കാണിച്ചു കൊടുത്തിട്ടും ഈ സംഭവം റിക്കാർട്ടാക്കണമെന്ന് ഈഴവർ താണുകേണ് അപേക്ഷിച്ചിട്ടും മജിസ്ട്രേറ്റിനു കുലുക്കമുണ്ടായില്ലത്രേ. ക്ഷണപ്രകാരം സദ്യയ്ക്കു വന്ന് ഊണിനിരുന്ന യോഗ്യന്മാരായ ചില ഈഴവരെ വിലങ്ങുവെപ്പിച്ചു തടവിൽ കൊണ്ടുപോകാൻ ആ ഉദ്യോഗസ്ഥൻ ധാരാളം ഉത്സാഹിച്ചു - (മിതവാദി 1919 ഡിസംബർ, ലക്കം 12)., 
ഇത്ര നിഷ്ഠുരമായാണ് പുലകുളി എന്ന ആചാരം കഷ്ടിച്ച് ഒരു നൂറ്റാണ്ടിനു മുമ്പ് നടപ്പാക്കിയിരുന്നത്. ഇതൊന്നും വകവെച്ചു കൊടുക്കാൻ "അന്തസുളള ഹിന്ദു"ക്കള്‍ക്കു കഴിയുമായിരുന്നില്ല. അവരുടെ നേതൃത്വത്തിലാണല്ലോ നവോത്ഥാന പ്രസ്ഥാനം മുന്നേറിയത്. എത്ര ദിവസം പുല ആചരിക്കുമെന്ന് തങ്ങള്‍ തീരുമാനിക്കുമെന്ന പ്രഖ്യാപനവുമായി പ്രക്ഷോഭമാരംഭിച്ചു. എന്തു വില കൊടുത്തും ഈ ആവശ്യം അട്ടിമറിക്കാൻ യാഥാസ്ഥിതികരും സംഘടിച്ചു.

ഭരണകൂടം യാഥാസ്ഥിതികരുടേതായിരുന്നു. നായന്മാർ പതിനഞ്ചു ദിവസം പുല ആചരിച്ചില്ലെങ്കിൽ അവർ ക്ഷേത്രങ്ങളിൽ പ്രവേശിക്കരുതെന്ന് തിരുവിതാംകൂർ സർക്കാർ കൽപനയിറക്കി. ബ്രാഹ്മണരുടെ ദുരഭിമാനത്തിനും അവകാശവാദത്തിനും കീഴടങ്ങിയ നായർ ദിവാൻ മന്ദത്തു കൃഷ്ണൻ നായർ, പത്തുദിവസം മാത്രം പുലകുളി ആചരിക്കുന്ന നായന്മാർക്ക് ക്ഷേത്രപ്രവേശനം നിഷേധിക്കണമെന്ന് നിർദ്ദേശിച്ചുകൊണ്ട്, ഓരോ താലൂക്കിലെയും തഹസീൽദാർമാർക്ക് പരമശാസനം നൽകിയെന്ന് "ചങ്ങനാശേരി" എന്ന പുസ്തകത്തിൽ സി നാരായണ പിളള സാക്ഷ്യപ്പെടുത്തുന്നു.

ഇക്കാലത്താണ് മന്നത്തു പത്മനാഭന്‍റെ വലിയമ്മാവൻ ചിറ്റമത്ത് വേലുപ്പിളള മരിച്ചത്. ദിവാന്‍റെ പുല സർക്കുലർ ധിക്കരിക്കാൻ നവോത്ഥാന പ്രക്ഷോഭങ്ങളുടെ മുൻനിരയിൽ നിന്ന മന്നത്തു പത്മനാഭനും സംഘവും നിശ്ചയിച്ചു. പുല പത്തു ദിവസമായി ചുരുക്കാനും പന്ത്രണ്ടാം ദിവസം സപിണ്ഡി നടത്താനും കുടുംബം തീരുമാനിച്ചു. പുരോഹിതൻ ചടങ്ങു ബഹിഷ്കരിച്ചെങ്കിലും കാര്യങ്ങള്‍ ഭംഗിയായി നടന്നു. പക്ഷേ, അവിടം കൊണ്ടും നിർത്തിയില്ല. ശേഷം മന്നത്തു പത്മനാഭന്‍റെ വാക്കുകളിൽ:
പത്തു ദിവസം കൊണ്ട് പുല മാറുമെന്നുളള ബോധ്യം വീട്ടുകാർക്കും നാട്ടുകാർക്കും ഉണ്ടാകാൻ വേണ്ടി ഞാൻ പതിമൂന്നാം പക്കം പെരുന്നയിൽ ക്ഷേത്രക്കുളത്തിൽ കുളിച്ച് അമ്പലത്തിൽ കയറി ശ്രീകോവിൽ വാതിൽക്കൽ നിന്നു തൊഴുത്, പൂവും പ്രസാദവും വാങ്ങിപ്പോന്നു. പെരുന്നയിൽ സുബ്രഹ്മണ്യം സ്വാമി ക്ഷേത്രം സാമാന്യം പ്രസിദ്ധിയും നാലഞ്ചു നമ്പൂതിരിമാർക്ക് ഊരായ്മയുമുളള ഒരു ക്ഷേത്രമാണ്. അവരിൽ പ്രമാണിയായ ഒരു നമ്പൂതിരി ഞാൻ ക്ഷേത്രത്തിൽ കടക്കുന്നതു കണ്ടു. നമ്പൂതിരിമാർ ഉടനേ യോഗം കൂടി. ഞാൻ പുലയിൽ അമ്പലത്തിൽ കടന്ന് ക്ഷേത്രം അശുദ്ധമാക്കിയെന്നും വേണ്ട പരിഹാരം ഉണ്ടാക്കണമെന്നും വിവരിച്ച് ശ്രീ ശ്രീമൂലം തിരുനാള്‍ മഹാരാജാവിന് ഒരപേക്ഷ അയച്ചു. കൊട്ടാരത്തിൽ നിന്നും ദിവാൻജി മുഖാന്തിരം തഹശീൽദാർക്ക് വിചാരണയ്ക്കായി അയച്ചു കൊടുത്തു.
 നമ്പൂതിരിയുടെ പരാതിയും മൊഴിയും ക്രോസ് വിസ്താരവും കോടതിയുടെ ചോദ്യവും മറുമൊഴിയുമൊക്കെ മന്നത്തിന്‍റെ സമ്പൂർണ കൃതികളിൽ വിസ്തരിച്ചു വിവരിച്ചിട്ടുണ്ട്.

നായന്മാർ സാധാരണ പുലയാചരിച്ചു വരുന്നത് പതിനഞ്ചു ദിവസമായിരിക്കെ, മന്നത്തു പത്മനാഭപിളള പതിമൂന്നാം ദിവസം ക്ഷേത്രത്തിൽ കയറിയത് അശുദ്ധിയുണ്ടാക്കിയെന്നും അതു നീങ്ങാൻ പശുദ്ദാനം, പുണ്യാഹം തുടങ്ങിയ നടത്തിയതിന്‍റെ നഷ്ടം ഈടാക്കിത്തരണമെന്നും മേലിൽ ഇത് ആവർത്തിക്കരുതെന്ന് ഉറപ്പുവരുത്തണമെന്നുമായിരുന്നു പരാതിക്കാരായ കുമാരമംഗലത്ത് നാരായണൻ നമ്പൂതിരിയുടെയും താമരശേരിയിൽ സുബ്രഹ്മണ്യൻ നമ്പൂതിരിയുടെയും ആവശ്യം.

പരാതിക്കാരെ  വിസ്തരിച്ചത് പ്രതിയായ മന്നത്തു പത്മനാഭൻ നേരിട്ടായിരുന്നു. നായന്മാർ പതിനഞ്ചു ദിവസം പുലയനുഷ്ഠിക്കണമെന്ന് വേദശാസ്ത്രങ്ങളിൽ പറഞ്ഞിട്ടുണ്ടെന്ന് തട്ടിവിട്ട നാരായണൻ നമ്പൂതിരിയോട് അദ്ദേഹം തെളിവു ചോദിച്ചു. പ്രസ്തുത ചിട്ട നിഷ്കർഷിക്കുന്ന കൃതിയോ ശ്ലോകമോ ഹാജരാക്കാനാവശ്യപ്പെട്ടു. പരാതിക്കാർ കുഴങ്ങി. പരാതിക്കാരനായ നമ്പൂതിരിയ്ക്ക് സംസ്കൃതമറിയില്ലെന്നും പ്രധാനപ്പെട്ട ഒരു കൃതിയും വായിച്ചു മനസിലാക്കാനുളള പാണ്ഡിത്യമില്ലെന്നും മാത്രമല്ല, നമ്പൂതിരിമാർക്കു വിധിച്ചിട്ടുളള ആചാരങ്ങളെല്ലാം സൌകര്യം പോലെ ലംഘിക്കുന്നവനാണെന്നും മന്നത്തു പത്മനാഭൻ കോടതിയിൽ സ്ഥാപിച്ചു.

ശൂദ്രസ്ത്രീയോട് സഹശയനം നടത്തിയാൽ ബ്രാഹ്മണ്യം പോകുമെന്നാണ് മനുസ്മൃതി നിഷ്കർഷിക്കുന്നത്.  പരാതിക്കാരനായ നമ്പൂതിരി മൂന്നു നായർ സ്ത്രീകളെ വിവാഹം കഴിച്ചിരുന്നു. മൂന്നിലും കുട്ടികളുമുണ്ടായിരുന്നു. ശൂദ്രസ്ത്രീയ്ക്കൊപ്പം ശയിക്കുന്ന ബ്രാഹ്മണൻ അധോഗതിയായിപ്പോകുമെന്നും അവളിൽ സന്തതിയെ ജനിപ്പിച്ചാൽ ബ്രാഹ്മണ്യം തന്നെ നഷ്ടപ്പെടുമെന്നും മനുസ്മൃതി പറയുമ്പോള്‍ ഏതു വകുപ്പിലാണ് താങ്കള്‍ ബ്രാഹ്മണനാകുന്നത് എന്ന ചോദ്യത്തിന് വാദിയ്ക്ക് ഉത്തരമുണ്ടായിരുന്നില്ല.

കീഴ്നടപ്പും ആചാരവും തെറ്റിച്ച് കളളുഷാപ്പു ലേലത്തിൽ പിടിച്ച് സബ്കോൺട്രാക്ടു കൊടുക്കുന്ന  ബ്രാഹ്മണ്യത്തെയും കോടതിയിൽ കൈയോടെ ഹാജരാക്കി. കൈയൂക്കും അധികാരവും പദവിയുമുളള നായന്മാരുടെയും മേനോന്മാരുടെയും വീടുകളിൽ - വാദികളുടെ ബന്ധുക്കളടക്കം - ആചാരം തെറ്റിച്ച് പുല, പത്തു ദിവസമായി ചുരുക്കിയതിന്‍റെ ഉദാഹരണങ്ങള്‍ പരാതിക്കാരെക്കൊണ്ടുതന്നെ പറയിപ്പിച്ചു.
 .
ഒടുവിൽ, ഓരോ സമുദായത്തിനും അവരവരുടെ സമുദായത്തെ പരിഷ്കരിക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും കീഴ്നടപ്പിനു വിപരീതമാണെന്നു മറ്റൊരു സമുദായക്കാർക്കു ശഠിക്കാൻ അവകാശമില്ലെന്നും നാരായണൻ നമ്പൂതിരിയ്ക്ക് കോടതിയിൽ സമ്മതിക്കേണ്ടി വന്നു. പശുദ്ദാനത്തിൻറെയും പുണ്യാഹത്തിൻറെയും ചെലവു ഈടാക്കണമെന്ന വാദം പരാതിക്കാർ വിഴുങ്ങി. കോടതി കേസു തളളി.

ആചാരം പാലിക്കണമെന്ന് വാശിപിടിച്ചവനാണോ, നിർഭയമായി അതു ലംഘിച്ചവനാണോ "അന്തസുളള ഹിന്ദു"വെന്നറിയാൻ ചരിത്രപുസ്തകം മറിച്ചു നോക്കിയാൽ മതി. ചരിത്രത്തിലെ അന്തസില്ലാത്ത ഹിന്ദുവിന്‍റെ പിന്മുറക്കാരാണ് എം എ ബേബിയെ ആചാരം പഠിപ്പിക്കാനിറങ്ങുന്നത്.  രാഹുകാലത്തിൻറെ പേരിൽ ബേബിയ്ക്കെതിരെ കൊമ്പുകുലുക്കുന്നവർക്ക് അന്തസു മാത്രമല്ല, നാണവും മാനവും ഉളുപ്പും വിവരവും വിവേകവുമൊന്നുമില്ല. അത്തരക്കാരുടെ പയറ്റുമുറയ്ക്കു മുന്നിൽ പേടിച്ചോടുന്നവരല്ല, ബേബിയും ബേബിയുടെ പ്രസ്ഥാനവും.
 .
അപ്പുവിൻറെയും സനിധയുടെയും വിവാഹം പുതുസവർണതയുടെ നെറുന്തലയിൽ ഇങ്ങനെയൊരു കാളിയമർദ്ദനമായി പരിണമിക്കുമെന്ന്  എം എ ബേബി ചിന്തിച്ചിട്ടുണ്ടാവില്ല. കൽബുർഗിയ്ക്കും പൻസാരയ്ക്കും ധാബോൽക്കർക്കും നേരെ തീതുപ്പിയ തോക്കുകളേന്താൻ കൈതരിക്കുന്ന മലയാളിത്താന്മാരെ നേരിട്ടു പരിചയപ്പെടാനുളള അവസരം കൂടിയായി അദ്ദേഹത്തിനും പ്രസ്ഥാനത്തിനും ഈ വിവാഹം. അവർക്കെതിരെയുളള പോരാട്ടം നയിക്കാൻ രാഹുകാലം നോക്കാതെ ചടങ്ങിനെത്തിയ എല്ലാവരും കൂടെയുണ്ടാകട്ടെ എന്നാശംസിക്കാം.