Thursday, August 28, 2008

വെള്ളമെടുത്താലും കൊടുത്താലും കൊല്ലുന്നവര്‍!!

1999 ജനുവരി 22നാണ് ഒറീസയിലെ ക്യോഞ്ഞാര്‍ ജില്ലയിലെ മനോഹര്‍പുര ഗ്രാമത്തില്‍ വെച്ച് ആസ്ട്രേലിയന്‍ മിഷനറി പ്രവര്‍ത്തകന്‍ ഗ്രഹാം സ്റ്റുവാര്‍ട്ട് സ്റ്റെയിന്‍സിനെയും രണ്ടു മക്കളെയും ദാരാ സിംഗും കൂട്ടുകാരും ചേര്‍ന്ന് ചുട്ടുകൊന്നത്.

കിടന്നുറങ്ങിയ ജീപ്പിനുളളില്‍ വെച്ച് ജനയിതാവിനൊപ്പം എരിഞ്ഞു തീരുമ്പോള്‍ ഫിലിപ്പിന് വയസ് ഒമ്പത്, ഇളയവന്‍ തിമോത്തിയ്ക്ക് വയസ് ഏഴ്.

സനാതന ഹിന്ദുവാണ് രബീന്ദ്ര കുമാര്‍ പാല്‍ സിംഗ് എന്ന ദാരാ സിംഗ്. മര്യാദാപുരുഷോത്തമന്‍ ശ്രീരാമചന്ദ്രനായിരിക്കണം സിംഗിന്റെ ഇഷ്ടദൈവം.

സംശയിക്കാന്‍ കാരണമുണ്ട്. 1999 സെപ്തംബര്‍ ഒന്നിന് മയൂര്‍ഭഞ്ജ് ജില്ലയിലെ ജമബാനി വില്ലേജിലെ ഒരു പളളിക്ക് സിംഗും സംഘവും തീവെച്ചപ്പോള്‍, പ്രാണരക്ഷാര്‍ത്ഥം ഇറങ്ങിയോടിയ ഫാദര്‍ അരുള്‍ ദോസ് അമ്പേറ്റാണ് മരിച്ചത്. ജയിലില്‍ നിന്നു നല്‍കിയ അഭിമുഖത്തില്‍, രാമായണം മുടങ്ങാതെ വായിക്കുന്നുണ്ടെന്ന് ദാരാ സിംഗ് സാക്ഷ്യപ്പെടുത്തുന്നു.

മയൂര്‍ഭഞ്ജില്‍ തന്നെയുളള പാഡിബേഡ ഗ്രാമത്തിലെ വ്യാപാരി ഷെയ്ഖ് റഹ്മാന്‍ അതേ വര്‍ഷം ആഗസ്റ്റ് 26ന് കാലപുരിയിലെത്തിയതിനും കാരണം ഈ പുണ്യപുരാണ പുരുഷനും സംഘവുമാണത്രേ! മൂന്നു കൊലപാതകങ്ങള്‍ക്ക് കാരണഭൂതനായ ധാരാസിംഗിന് സിബിഐ സ്പെഷ്യല്‍ കോടതി വിധിച്ച വധശിക്ഷ, ഒറീസാ ഹൈക്കോടതി 2005 മാര്‍ച്ച് 18ന് ജീവപര്യന്തമാക്കി ഇളവു ചെയ്തു കൊടുത്തു.

ശിക്ഷയുടെ കാലാവധി കഴിഞ്ഞ് സിംഗ് പുറത്തിറങ്ങുമ്പോഴേയ്ക്കും ഒറീസയില്‍ വേറെ മതക്കാരാരെങ്കിലും ബാക്കിയുണ്ടാകുമോ ആവോ?

ഇടവേളകള്‍ക്ക് കൃത്യതയില്ലാതെ, ഒറീസയില്‍ കലാപം പടരുമ്പോള്‍ ഒരുപാടു മനസുകളില്‍ ഭീതി പടര്‍ത്തി ആദ്യമെത്തുന്ന രാക്ഷസനാമമാണ് ദാരാസിംഗിന്റേത്. ജീപ്പില്‍ പിടഞ്ഞു മരിച്ച ഒമ്പതും ഏഴും വയസുളള കുഞ്ഞുങ്ങളെയോര്‍ത്ത് പശ്ചാത്തപിക്കുന്നോ എന്ന ചോദ്യത്തിന് യുഗപ്രഭാവന്‍ പറഞ്ഞ മറുപടി ഓരോ സനാതന ഹിന്ദുവും മനപ്പാഠമാക്കണം.

സൈക്ലോണ്‍ കവര്‍ന്ന ഒറീസക്കാരെക്കുറിച്ചാണ്, വടക്കു കിഴക്കേ ഭാഗങ്ങളില്‍ കൊല്ലപ്പെടുന്ന പട്ടാളക്കാരെക്കുറിച്ചാണ് ജയിലില്‍ കിടന്ന് ദാരാ സിംഗ് വ്യാകുലപ്പെടുന്നത്. അതിനിടയില്‍ രണ്ടു കുഞ്ഞുങ്ങളുടെ കൊലപാതകത്തില്‍ അദ്ദേഹത്തിന് പശ്ചാത്താപമോ, ഛായ്...

വിശ്വഹിന്ദു പരിഷത്തിന്റെ നേതാവ് ലക്ഷ്മണാനന്ദ സരസ്വതിയടക്കം നാലുപേര്‍ വെടിയേറ്റു മരിച്ച ആഗസ്റ്റ് 23ന് ശേഷം ഒറീസ നിന്നു കത്തുകയാണ്. പളളികളിലും അനാഥാലയങ്ങളിലും തീപടരുന്നു.

ബാര്‍ഗഡ് ജില്ലയില്‍ കന്‍തപാലി ഗ്രാമത്തിലെ പതംപൂരിലുളള മിഷണറിമാരുടെ അനാഥാലയത്തില്‍ സന്നദ്ധ പ്രവര്‍ത്തകയായി എത്തുമ്പോള്‍ രജനി മാജി അറിഞ്ഞിരുന്നോ, ഇരുപത്തി നാലാമത്തെ വയസില്‍ ഒരു കാന്‍ മണ്ണെണ്ണ തന്റെ ഭൂവാസം അവസാനിപ്പിക്കുമെന്ന്.

സ്വാമി ലക്ഷ്മണാനന്ദയുടെ കൊലപാതകത്തിന് സ്വാഭാവിക പ്രതികരണമുണ്ടാകുമ്പോള്‍ രജനി മാജി മരിച്ചേ തീരൂ. അക്കാര്യം തീര്‍ത്തും ഉറപ്പിച്ച് പറ‍ഞ്ഞിട്ടുണ്ട്, വിഎച്ച്പിയുടെ കേരളത്തിലെ കാര്യദര്‍ശികള്‍.

ഒറീസ ഭരിക്കുന്നത് ബിജെപിയുടെ പിന്തുണയോടെ ബിജു ജനതാദളാണ്. 25 അംഗ മന്ത്രിസഭയില്‍ ബിജെഡിക്ക് പതിനാറും ബിജെപിക്ക് ഒമ്പതും അംഗബലം. ആഭ്യന്തരത്തിന്റെ സ്വതന്ത്രചുമതല ബിജെപിക്കാരനായ ഹിമാംശു മെഹറിന്. ഭരണം കയ്യിലുളളപ്പോള്‍ വിഎച്ച്പിക്കാര്‍ കൊല്ലപ്പെട്ടാല്‍ എന്തു ചെയ്യണമെന്ന് സാക്ഷാല്‍ മോഡിയുടെ മാതൃകയുണ്ട്.

വടിവാളും ത്രിശൂലവും മണ്ണെണ്ണ നിറച്ച കന്നാസുകളും കയ്യിലേന്തി തെരുവിലിറങ്ങുക. മറ്റു മതക്കാരെ തിരഞ്ഞു പിടിച്ച് പ്രതികാരം ചെയ്യുക. സ്വയം ചെയ്യുന്ന ഈ സേവനങ്ങളാണല്ലോ ഒരാളെ സ്വയം സേവകനാക്കുന്നത്. പൊലീസും പട്ടാളവുമൊക്കെ അറിഞ്ഞുണര്‍ന്നു വരുന്നതു വരെ ക്ഷമിക്കാതിരിക്കുക.

മുസ്ലിങ്ങളും ക്രിസ്ത്യാനികളും കമ്മ്യൂണിസ്റ്റുകാരുമൊക്കെ പൗരാവകാശം പോലുമില്ലാത്തവരായി കഴിയുന്ന വിചാരധാരയിന്ത്യ കെട്ടിപ്പെടുക്കണമെങ്കില്‍ മണ്ണെണ്ണ കുറേയേറെ ചെലവാക്കേണ്ടി വരും.

ദാരിദ്രം, പട്ടിണി, നിരക്ഷരത, തൊഴിലില്ലായ്മ ഇവയൊക്കെയാണ് ഒറീസയിലെ പ്രശ്നബാധിത ഗ്രാമങ്ങളുടെ സ്വന്തം ആസ്തി. കാന്ത്, പാന വിഭാഗങ്ങള്‍ക്കിടയില്‍ നീറിപ്പുകയുന്ന ഗോത്രപ്പകയ്ക്ക് കുറഞ്ഞത് ഒരു നൂറ്റാണ്ടിന്റെയെങ്കിലും പഴക്കം. പരിവര്‍ത്തനവും പുനര്‍പരിവര്‍ത്തനവുമായി വിശ്വാസ രാഷ്ട്രീയം കൊഴുക്കുന്നതിനിടയിലേയ്ക്ക് മാവോയിസ്റ്റുകള്‍ കൂടി രംഗപ്രവേശം ചെയ്തു. കാന്ത് വിഭാഗക്കാര്‍ പട്ടികവര്‍ഗക്കാരാണ്, പാനയാകട്ടെ പട്ടിക ജാതിക്കാരും.

മിഷണറി പ്രവര്‍ത്തനങ്ങളുടെ ഫലമായി പാനക്കാര്‍ മതം മാറ്റത്തിന് വിധേയമാകുന്നു. അവരെ തീരഞ്ചും എതിര്‍ക്കുന്ന കാന്ത് വിഭാഗത്തില്‍ സംഘപരിവാര്‍ പിടി മുറുക്കുന്നു. അടിയും തിരിച്ചടിയുമായി സംഘര്‍ഷ രാഷ്ട്രീയം ആനന്ദകരമായി മുന്നോട്ട്.

മിഷണറിക്കാര്‍ രാവിലെ മാറ്റിയവരെ, സംഘപരിവാര്‍ വൈകിട്ട് കാവി പുതപ്പിച്ച് മതത്തില്‍ തിരികെ കയറ്റുന്നു. ഭാരതത്തിന്റെ അഖണ്ഡതയും സനാതന ധര്‍മ്മങ്ങളിലധിഷ്ഠിതമായ ഹൈന്ദവ വിശ്വാസവും സംരക്ഷിച്ച ആശ്വാസത്തോടെ ഉറങ്ങാന്‍ പോകുന്നു. രാവിലെ ഉറക്കമുണരുമ്പോള്‍ പരിവര്‍ത്തന ചക്രം വീണ്ടും പഴയ പടി കറങ്ങുന്നു. എന്തു ചെയ്യും? സ്ഥലം ഒറീസയാണെന്ന് വെച്ച് ക്ഷമയ്ക്ക് നെല്ലിപ്പലകയില്ലാതിരിക്കുമോ?

പട്ടിണിയും പരിവട്ടവുമായി കഴിയുന്നവര്‍ ആഹാരവും വസ്ത്രവും കിട്ടുമെന്ന് കണ്ടാല്‍ മതമല്ല, സ്വന്തം പിതാവിനെ വരെ തളളിപ്പറഞ്ഞെന്നിരിക്കും. ഒരാളിന്റെ സാമൂഹിക സാഹചര്യമാണ് അതിന് അവനെ നിര്‍ബന്ധിതനാക്കുന്നത്. ആ സാഹചര്യം മാറ്റാനുളള വകുപ്പൊന്നും സനാതന ധര്‍മ്മത്തിലില്ലെന്നും ജാതിയും അയിത്തവുമാണ് സംഘപരിവാര്‍ സംഘടനകളുടെ പ്രമാണ ഗ്രന്ഥങ്ങള്‍ കുഴച്ചുരുട്ടി അധഃസ്ഥിതന്റെ അണ്ണാക്കില്‍ തിരുകിയതെന്നും ചരിത്രം പഠിക്കുന്നവര്‍ക്കറിയാം.

പുറംലോകം കാണാതെ, അക്ഷരാഭ്യാസമില്ലാതെ, നല്ല ഭക്ഷണം കഴിക്കാതെ, നല്ല മരുന്നുകള്‍ കിട്ടാതെ, ജനിച്ചതുകൊണ്ട് ജീവിക്കുന്നു എന്ന മട്ടില്‍ എന്നും ഉണര്‍ന്നുറങ്ങുന്ന ഒറീസയിലെ ഗിരിവര്‍ഗക്കാര്‍ക്കിടയില്‍ അടിയന്തിരമായി എന്താണ് ചെയ്യേണ്ടതെന്ന് പ്രശസ്ത സനാതന ഹിന്ദുവായ രബീന്ദ്ര കുമാര്‍ പാല്‍ എന്ന ദാരാ സിംഗ് പറഞ്ഞിട്ടുണ്ട്.

അടിയന്തരമായി ഗോവധം നിരോധിക്കുക. എത്രയും പെട്ടെന്ന് മതപരിവര്‍ത്തനം അവസാനിപ്പിക്കുക. അല്ലെങ്കില്‍ സ്ഥിതി സ്ഫോടനാത്മകമാവും. ഇനിയും ആള്‍ക്കാര്‍ കൊല്ലപ്പെടും. കുഞ്ഞെന്നോ കുട്ടിയെന്നോ, പെണ്ണെന്നോ നോക്കാന്‍ അവര്‍ക്കാവില്ല. കിടക്കുന്നത് ജയിലിലാണെങ്കിലും ഭഗവദ് ഗീത സ്റ്റൈലിലാണ് സിംഗിന്റെ വചനവാണി.

ഒറീസയില്‍ ദളിതനും പട്ടികവര്‍ഗക്കാരനും ആഹാരവും വസ്ത്രവും കൊടുക്കുന്ന മിഷണറിമാരെയാണ് ലക്ഷ്യം വെയ്ക്കുന്നതെങ്കില്‍, മഹാരാഷ്ട്രയില്‍ വെള്ളമെടുക്കുന്ന ദളിതനെ നേരിട്ട് യമപുരിയിലേയ്ക്ക് പറഞ്ഞയയ്ക്കുന്നു.

പൊതുകിണറില്‍ നിന്ന് വെളളമെടുത്ത ദളിതനെ ചുട്ടുകൊന്ന വാര്‍ത്ത, വിവാദമായ ഏഴാം ക്ലാസ് പാഠപുസ്തകത്തിലുണ്ട്. മഹാരാഷ്ട്രയിലെ ജലാനാ ജില്ലയിലെ ധനസവാംഗി താലൂക്കിലുളള ഭുടേഗാവ് എന്ന ഗ്രാമത്തിലാണ് വാര്‍ത്തയ്ക്കാധാരമായ കൊലപാതകം നടന്നത്. 2003 മെയ് 14ന്.

സ്വന്തം വിവാഹത്തിന്റെ തലേന്ന്, കല്യാണവീട്ടിലേയ്ക്ക് വെള്ളം ശേഖരിക്കുന്നതിനിടെ സവര്‍ണര്‍ ചുട്ടുകൊന്ന ദിലീപ് ഷിംഗ്ഡെയെന്ന 25കാരനെ സംഘപരിവാറുകാരും വിഎച്ച്പിക്കാരുമൊക്കെ ഓര്‍ക്കുന്നുണ്ടോ ആവോ?

മറാത്തവാഡ പ്രദേശത്ത് ഏറ്റവുമധികം ദളിത് പീഡനം നടക്കുന്നത് ജലാന ജില്ലയിലാണ്. സവര്‍ണരായ പാട്ടീല്‍മാരില്‍ നിന്ന് ദളിതുകള്‍ ഏല്‍ക്കേണ്ടി വരുന്ന പീഡനങ്ങളുടെ അനുഭവസാക്ഷ്യം വായിച്ചാല്‍ നൂറ്റാണ്ടുകള്‍ക്ക് പിറകില്‍ ജീവിക്കുന്ന പ്രദേശങ്ങള്‍ ഇപ്പോഴും ഇന്ത്യയിലുണ്ടെന്ന് ബോധ്യപ്പെടും. നീതിയും ന്യായവും നടപ്പാക്കുന്നത് ശിവസേനയും താക്കറെ സാഹിബും. ഇന്ത്യന്‍ ഭരണഘടനയ്ക്കും സിആര്‍പിസിയ്ക്കും പുല്ലുവില.

മറത്താവാഡയില്‍ നിന്ന് മറ്റൊരു സംഭവം കൂടി കേള്‍ക്കുക. 2003 ജൂലൈ 14ന് ദാദാറാവു ദോഗ്രെയെന്ന ദളിതനെ സവര്‍ണര്‍ കല്ലെറിഞ്ഞു വീഴ്ത്തി, അടിച്ചും വെട്ടിയും കൊന്നതും, പൊതുടാപ്പില്‍ നിന്ന് വെള്ളമെടുത്തതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളുടെ പേരില്‍. ബീദ് ജില്ലയിലെ ധരൂര്‍ താലൂക്കിലുളള സോണാ ഖോട്ടയിലാണ് സംഭവം.

തമിഴ്‍നാട്ടിലെ ഉത്തപുരത്ത്, ദളിതരെ പൊതുസമൂഹത്തില്‍ നിന്ന് വേര്‍പെടുത്താന്‍ പണിതുയര്‍ത്തിയ 20 വര്‍ഷം പഴക്കമുളള സവര്‍ണ മതില്‍ സിപിഎം പ്രക്ഷോഭത്തെ തുടര്‍ന്ന് ഈയിടെ സര്‍ക്കാരിന് പൊളിച്ചു മാറ്റേണ്ടി വന്ന വാര്‍ത്ത കൂടി ഇതോടൊപ്പം ചേര്‍ത്ത് വായിക്കണം.

രാജ്യത്തിന്റെ ഒരുഭാഗത്ത്, പൊതുടാപ്പില്‍ നിന്ന് കുടിവെള്ളമെടുക്കുന്നവനെ ജീവനോടെ ചുട്ടുകൊല്ലുന്നു, അവനെ വീട്ടില്‍ നിന്ന് കല്ലെറിഞ്ഞോടിച്ച് വഴിവക്കിലിട്ട് അടിച്ചും വെട്ടിയും കുത്തിയും കൊല്ലുന്നു. മറുഭാഗങ്ങളില്‍, അതേ വിഭാഗക്കാരന് ആഹാരവും വസ്ത്രവും കൊടുക്കുന്ന മിഷണറിമാരെ ചുട്ടുകൊല്ലുന്നു. എല്ലാം വിശ്വാസത്തിന്റെ പേരില്‍. ലക്ഷ്യം ഇന്ത്യയുടെ അഖണ്ഡതയും ഭാരതത്തിന്റെ സാംസ്ക്കാരിക മൂല്യവും സംരക്ഷിക്കുക.

ഭൂതകാലത്തിന്റെ ചിലന്തിവലകളില്‍ സ്വതന്ത്ര ഇന്ത്യയുടെ ചേതനയെ തളച്ചിടാന്‍ ശ്രമിക്കുകയാണ് സംഘപരിവാര്‍. കാലം ചവറ്റുകുട്ടയിലെറിഞ്ഞ അസംബന്ധമൂര്‍ത്തികളെ പ്രസാദിപ്പിക്കാന്‍ ഒറീസയില്‍ നരബലി നടത്തുകയാണ് അവര്‍. ഒരുകൈയില്‍ ചിത്രഗുപ്തന്റെ കണക്കുപുസ്തകവും മറുകൈയില്‍ മണ്ണെണ്ണ കാനും തീപ്പെട്ടിയുമായി തെരുവില്‍ അപ്പപ്പോള്‍ കണക്കുതീര്‍ക്കുന്നു. ചിതയൊരുക്കുന്ന ചെലവും സമയവും തീര്‍ത്തും ലാഭം.

നെഞ്ചിലിരുന്ന് പിടയ്ക്കുന്നത് തുരുമ്പിക്കാത്ത മാനവികതയാണെങ്കില്‍, അവസാന ശ്വാസം വരെ ഈ പൈശാചികതയെ ചെറുക്കുക.