Thursday, April 22, 2010

പിതൃശൂന്യതയുടെ ഞരമ്പുരോഗങ്ങള്‍...


ഒരിടവേളയ്ക്കു ശേഷം പുതിയ കഥകളും പുതിയ വേഷങ്ങളും രംഗപ്രവേശം ചെയ്യുകയാണ് ലാവലിന്‍ കേസില്‍. മാധ്യമങ്ങള്‍ കുടം തുറന്നു വിട്ട ലാവലിന്‍ അപവാദത്തിന്റെ ആയുസ് സിബിഐയുടെ കുറ്റപത്രവും ഒടുവിലത്തെ സത്യവാങ്മൂലവും കണ്ടതോടെ എണ്ണപ്പെട്ടു കഴിഞ്ഞിരുന്നു. 500 കോടി, 400 കോടി, 374.5 കോടി എന്നിങ്ങനെ അവരോഹണത്തിന്റെ അനിവാര്യതകള്‍ പിന്നിട്ട അഴിമതിക്കഥ100 കോടി, 98.3 കോടി, 86 കോടി എന്നിങ്ങനെ ചുരുങ്ങിച്ചുരുണ്ട് ഒടുവില്‍ സ്വന്തം പ്രദേശത്ത് ഒരു കാന്‍സര്‍ ആശുപത്രി സ്ഥാപിക്കാന്‍ "അധികാരദുര്‍വിനിയോഗം" നടത്തിയെന്ന "മഹാ അപരാധ"ത്തിന്റെ പേരില്‍ ഇന്ത്യന്‍ പീനല്‍ കോഡിന്റെ 120 ബി, 420, അഴിമതി നിരോധന നിയമത്തിന്റെ 13(1) വകുപ്പുകള്‍ പ്രകാരമുളള കുറ്റവിചാരണയിലെത്തവെയാണ്, ഇടനിലക്കാരില്‍ നിന്ന് പിണറായി പണം കൈപ്പറ്റിയതിന് തെളിവില്ലെന്ന സിബിഐയുടെ സത്യവാങ്മൂലം സിജെഎം കോടതിമുറിയില്‍ അവതരിച്ചത്.

ഇരുളിലും വെയിലിലും ഉപജാപം നീങ്ങുന്ന വഴി പഴയതു തന്നെയാണ്. അപവാദം ആദ്യം അച്ചടിമഷി പുരളുന്നത് അശ്ലീലവാരികയില്‍. പിന്നെ പത്രങ്ങള്‍ വഴിയൊരു കോളിളക്കം. തൊട്ടുപിന്നാലെ രാഷ്ട്രീയ എതിരാളികളുടെ വക ഹാലിളക്കം. ചൂടാറുന്നതിന് മുമ്പ് കോടതിയില്‍ ഹര്‍ജി. ഹര്‍ജിയ്ക്ക് തെളിവ് പത്രവാര്‍ത്തകള്‍. തെളിവും വെളിവുമില്ലാതെ പത്രത്താളുകളില്‍ നട്ടുനനച്ച അപവാദങ്ങള്‍ക്ക് കോടതി വഴി സ്വീകാര്യതയൊരുക്കിയത് അങ്ങനെയാണ്. പുതിയ കഥയുടെ, പുതിയ വേഷങ്ങളുടെ പിറവിയ്ക്കും അതേ തനിയാവര്‍ത്തനം.

അടവും ചുവടും പിഴച്ചുപോയത് തിരിച്ചറിഞ്ഞ ഉപജാപകവീരന്മാര്‍ പുതിയ പൂഴിക്കടകനുമായി അഴിഞ്ഞാടാനിറങ്ങുമ്പോള്‍ അങ്കത്തട്ടൊരുക്കാനുളള ചുമതല മനോരമ, മാതൃഭൂമി എഡിറ്റോറിയല്‍ ഡെസ്കുകള്‍ സസന്തോഷം ഏറ്റെടുത്തിട്ടുണ്ട്. 60 പേജ് നീളുന്ന സ്വന്തം കൈപ്പടയിലെ മൊഴിയും 140 പേജുകളുളള രേഖകളുമായി ചെന്നൈയിലെ സിബിഐ ഓഫീസിലേയ്ക്ക് ദീപക് കുമാറെന്ന പുതിയ അവതാരം നടന്നു കയറിയതും ആദ്യം നമ്മെ അറിയിച്ചത് സാക്ഷാല്‍ ക്രൈം നന്ദകുമാര്‍. പതഞ്ഞൊഴുകുന്ന ഹര്‍ഷോന്മാദത്തോടെ ദീപക് കുമാറിനെ മനോരമയും മാതൃഭൂമിയും മംഗളവും സ്വന്തമാക്കിയത് കണ്ടില്ലേ. ദീപക്കിന്റെ മൊഴിയ്ക്കു മേല്‍ അന്വേഷണം ആവശ്യപ്പെട്ട് ചെന്നിത്തല മുതല്‍ വീരേന്ദ്രകുമാര്‍ വരെയുളളവരുടെ പത്രസമ്മേളനമാണ് പരിപാടിയിലെ അടുത്ത ഇനം. സാക്ഷിയുടെ വെളിപ്പെടുത്തലിനെക്കുറിച്ച് സിബിഐ തന്നെ അന്വേഷിക്കണമെന്ന് നന്ദകുമാര്‍ വക പൊതുതാല്‍പര്യഹര്‍ജി ഹൈക്കോടതിയിലെത്തുന്നതോടെ കൊട്ടിക്കലാശം ശുഭം.

സിബിഐയുടെ കുറ്റപത്രം കണ്ട് പല്ലുറുമ്മിയത് സിപിഎമ്മുകാരാണെന്ന് കരുതിയവരോട് നല്ല നമസ്കാരം പറയാം. ഒരു സംഘം ഉപജാപകരുടെ ഉറക്കമാണ് ആ കുറ്റപത്രം നഷ്ടപ്പെടുത്തിയത്. കെട്ടിപ്പൊക്കിയതും കൊട്ടിഗ്ഘോഷിച്ചതമൊന്നും കുറ്റപത്രത്തില്‍ കാണാഞ്ഞപ്പോള്‍ ഉപജാപക ഞരമ്പുകളില്‍ പടര്‍ന്നത് വൈക്ലബ്യത്തിന്റെ കൊടുംശൈത്യം. പുതിയ സത്യവാങ്മൂലത്തിന്റെ ഉളളറകള്‍ വെളിപ്പെടണമെങ്കില്‍, പൈശാചികമായ നിരാശയുടെ ആഴങ്ങളില്‍ നിന്ന് 2009 ആഗസ്റ്റ് 4ന് കോഴിക്കോട് പുതിയറ റോഡില്‍ നിന്നും ചെന്നൈയിലെ ശാസ്ത്രി ഭവനിലെ സിബിഐ ആസ്ഥാനത്തേയ്ക്ക് പറന്ന ഒരു കത്തിനെക്കുറിച്ചറിയണം. അന്വേഷണ റിപ്പോര്‍ട്ടില്‍ വരേണ്ടിയിരുന്ന അന്തിമഫലങ്ങള്‍ അക്കമിട്ട് നിരത്തുന്ന ആ കത്ത് അയച്ചത് സാക്ഷാല്‍ ക്രൈം നന്ദകുമാര്‍.

ലാവലിന്‍ കേസിന്റെ അന്വേഷണത്തിനൊടുവില്‍ 2009 ജൂണ്‍ 11നാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. ഈ കേസില്‍ താല്‍പര്യമുളള സകലര്‍ക്കും ആ കുറ്റപത്രത്തിന്റെ ഉളളടക്കം കാണാപ്പാഠമാണ്. നന്ദകുമാറും അയാള്‍ക്ക് പിന്നിലുളള ഉപജാപകരും ആഗ്രഹിച്ച അന്വേഷണ ഫലമായിരുന്നില്ല സിബിഐയുടേത്. തല്‍ക്കാലത്തെ മാധ്യമകോലാഹലങ്ങള്‍ക്കപ്പുറത്ത് ഈ റിപ്പോര്‍ട്ടിന് പ്രസക്തിയില്ലെന്ന് തിരിച്ചറിഞ്ഞതോടെ, അന്വേഷണ റിപ്പോര്‍ട്ടിന്റെ ഉളളടക്കം നന്ദകുമാര്‍ തന്നെ നിശ്ചയിച്ച് സിബിഐയെ അറിയിക്കുന്നതാണ് കത്ത്. ഉപജാപകര്‍ ആഗ്രഹിച്ചതും പ്രചരിപ്പിച്ചതുമായ ഏതെല്ലാം ആരോപണങ്ങളാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടാതെ പോയത് എന്ന അന്വേഷണത്തിനാണ് ഇനി പ്രസക്തി പുതിയ സത്യവാങ്മൂലത്തിന്റെ ജാതകവും ഗ്രഹനിലയും ആ വിശകലനത്തില്‍ തെളിയും.

ടി പി നന്ദകുമാര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ലാവലിന്‍ കേസില്‍ കേരള ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. അശ്ലീലവാരികയുടെ താളുകള്‍ വഴി ആദ്യം, മലയാളത്തില്‍ മഹാമാധ്യമങ്ങള്‍ വഴി പിന്നീട്, ഒരു പൊതുതാല്‍പര്യഹര്‍ജി വഴി ഹൈക്കോടതി സമക്ഷം നന്ദകുമാര്‍ പ്രചരിപ്പിച്ച അപവാദങ്ങളെന്തെന്ന് അക്കമിട്ട് നമുക്ക് പരിശോധിക്കാം.

ആദ്യം വേറൊരു ചരിത്രം

2005 ഫെബ്രുവരി 15 -28 ലക്കം ക്രൈമിന്റെ കവര്‍ പേജില്‍ മാസ്റ്റ് ഹെഡിനും മീതെ ഇങ്ങനെ ഒരു തലക്കെട്ട് പ്രത്യക്ഷപ്പെട്ടു. "പിണറായി വിജയനും റഷ്യന്‍ സുന്ദരിമാരും". കുടുംബത്തോടൊപ്പം ജീവിക്കുന്ന രണ്ട് മാന്യ വനിതകളുടെ ചിത്രങ്ങള്‍ക്ക് താഴെ തോമസ് ഐസക്കിന്റെയും പിണറായി വിജയന്റെയും ക്ലോസപ്പ് ദൃശ്യങ്ങള്‍ക്കൊപ്പം സംഭ്രമജനകമായ തലക്കെട്ടുകള്‍ കൂടി.. "തോമസ് ഐസക് പാര്‍ട്ടിയുടെ അന്തകനോ", "രണ്ട് സുന്ദരികള്‍ മാര്‍ക്സിസ്റ്റ് നേതാക്കളെ കയ്യിലിട്ട് അമ്മാനമാടുമ്പോള്‍" ‍, "പെണ്‍വിഷയത്തില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി തകരുമോ?"

ഗ്രൂപ്പുപോരിന്റെ പാരമ്യത്തില്‍ സിപിഎമ്മിന്റെ സംസ്ഥാന സമ്മേളനം മലപ്പുറത്ത് ചേര്‍ന്നത് 2005 ഫെബ്രുവരി 19 മുതല്‍ 22 വരെയാണ്. പാര്‍ട്ടിയൊന്നാകെ പിടിച്ചടക്കാനും ചിലരെ പിടിച്ചിറക്കാനും മറ്റുചിലരെ പടിയടച്ച് പിണ്ഡം വെയ്ക്കാനും തീരുമാനിച്ചുറപ്പിച്ച് മലപ്പുറത്തെത്തയവര്‍ക്കുളള വയാഗ്രയായിരുന്നു ഈ ക്രൈം വാരിക. സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയ്ക്കെതിരെ വിഷച്ചൂരുളള ലൈംഗിക അപവാദങ്ങള്‍ അച്ചടിച്ച് വില്‍ക്കാന്‍ ഒരു ഞരമ്പുരോഗിയ്ക്ക് ധൈര്യം കുത്തിയൊലിച്ചത് പാര്‍ട്ടിക്കുളളില്‍ നിന്നുതന്നെയായിരുന്നുവെന്നത് ഒട്ടും രഹസ്യമല്ല. റഷ്യന്‍ സുന്ദരിമാര്‍ക്കൊപ്പം ഗള്‍ഫില്‍ ഉല്ലാസനൗകയില്‍ രാസകേളിയാടുകയാണ് പിണറായി വിജയനെന്ന് അച്ചടിച്ച ക്രൈം വാരിക എറണാകുളത്ത് ദേശാഭിമാനി ബുക്ക് ഡിപ്പോയില്‍ പോലും വില്‍പനയ്ക്ക് വെച്ചിരുന്നു. അത്ഭുതമെന്ന് പറയട്ടെ, ക്രൈമിന്റെ ഈ ലക്കമൊന്നാകെ പരതിയാലും ലാവലിന്‍ എന്ന പേര് ഒരിടത്തുപോലുമില്ല!

ക്രൈം വഴി പ്രചരിച്ച ആരോപണങ്ങള്‍

2006 ലെ തിരഞ്ഞെടുപ്പുകാലത്ത് പിണറായി വിജയന്റെ മുഖചിത്രത്തോടെ ക്രൈം വില്‍പനയ്ക്കെത്തി. കവര്‍ പേജില്‍ "എസ്എന്‍സി ലാവലിനും കമല ഇന്റര്‍നാഷണലും ഇലക്ഷന്‍ രംഗം പ്രക്ഷുബ്ധമാക്കുന്നു", "കേരളം കണ്ട ഏറ്റവും വലിയ അഴിമതി വീരന്‍", "എസ്എന്‍സി ലാവലിന്‍ ഇടപാടിലൂടെ 374.5 കോടി രൂപയുടെ അഴിമതി നടത്തിയ പിണറായി വിജയന് സിംഗപ്പൂരില്‍ ഭാര്യയുടെ പേരില്‍ കമല ഇന്റര്‍നാഷണല്‍ എക്സ്പോര്‍ട്ടിംഗ് കമ്പനി ഉണ്ടെന്ന വിവരം ക്രൈം പുറത്തുവിട്ടതോടെ വിഎസിന്റെ നേതൃത്വത്തില്‍ വന്‍മുന്നേറ്റം നടത്തിയ എല്‍ഡിഎഫ് പിന്നോട്ടടിച്ചു" എന്നിങ്ങനെയുളള അപവാദ സാഹിത്യം.

2005 സെപ്തംബര്‍ 22നാണ് ലാവലിന്‍ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നന്ദകുമാര്‍ ഹൈക്കോടതിയെ സമീപിച്ചത്. ആ ഹര്‍ജിയിലും വാരികയുടെ പല ലക്കങ്ങളിലും നന്ദകുമാര്‍ പിണറായി വിജയനെതിരെ നിരത്തിയ ആരോപണങ്ങള്‍ ഇവയാണ്.

 • അഴിമതിപ്പണം 500 കോടി മുതല്‍ 374.5 കോടി വരെ (തരാതരം പോലെ മാറിമറിയുന്നു).

 • പിണറായി വിജയന് ഭാര്യയുടെ പേരില്‍ സിംഗപ്പൂരില്‍ കമല എക്സ്പോര്‍ട്ട് ഇന്റര്‍നാഷണല്‍ എന്ന ബിനാമി വ്യവസായ സ്ഥാപനമുണ്ട്. കോഴപ്പണം അവിടെയാണ് നിക്ഷേപിച്ചിരിക്കുന്നത്.
 • അന്താരാഷ്ട്ര തലത്തില്‍ അധോലോക ബന്ധമുളള നേതാവാണ് പിണറായി വിജയന്‍. കമല ഇന്റര്‍നാഷണല്‍ അധോലോക ബന്ധമുളള വ്യവസായ സ്ഥാപനമാണ്.
 • കോഴപ്പണത്തിന്റെ നിക്ഷേപത്തെ തുടര്‍ന്ന് നൂറിലേറെ തവണ പിണറായി വിജയന്‍ സിംഗപ്പൂര്‍, ദുബായ് എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്.

 • രാറിന്റെ ഭാഗമായി 270 കോടി രൂപ ബ്രോക്കര്‍ ഫീസായി കൈമാറി. ഈ തുകയാണ് കമല എക്സ്പോര്‍ട്ട്സ് ഇന്റര്‍നാഷണലില്‍ നിക്ഷേപിച്ചത്.
 • മലബാര്‍ കാന്‍സര്‍ സെന്റര്‍ നിര്‍മ്മിച്ച ടെക്നിവാലിയ (യഥാര്‍ത്ഥത്തില്‍ ടെക്നിക്കാലിയ) ഒരു ബിനാമി സ്ഥാപനമാണ്. കമല ഇന്റര്‍നാഷണലില്‍ മാത്രമല്ല, ടെക്നിവാലിയയിലും പിണറായി വിജയന് പങ്കാളിത്തമുണ്ട്.

 • പിണറായി വിജയന്‍ സ്വദേശത്ത് ഒരു കോടി രൂപ ചെലവില്‍ ആഡംബര മാളിക പണിയുന്നു.

 • ഒരുകോടി രൂപ ഫീസ് ചെലവുളള കോഴ്സുകള്‍ക്കാണ് പിണറായി വിജയന്റെ മകനും മകളും പഠിക്കുന്നത്.

 • രാറില്‍ ഇടനില നിന്നതിന് സിപിഎം അഖിലേന്ത്യാ സെക്രട്ടറി ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്തിന്റെ മകന് 25 കോടി രൂപ ലാവലിന്‍ നല്‍കി.
 • കോഴപ്പണം ഉപയോഗിച്ച് എകെജി സെന്റര്‍ നവീകരിക്കുകയും പാര്‍ട്ടി നേതാക്കള്‍ക്ക് ആഡംബര ഫ്ലാറ്റുകള്‍ പണിയുകയും ചെയ്തു.


ഇതൊക്കെയാണ് തന്റെ വാരിക വഴി, ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജികള്‍ വഴി നന്ദകുമാര്‍ പ്രചരിപ്പിച്ചത്. ഈ ആരോപണങ്ങള്‍ കണ്ട് കണ്ണുതളളിയാണ് കേസില്‍ വമ്പന്‍ സ്രാവുകള്‍ ഉണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചത്. ഇതില്‍ എത്ര ആരോപണങ്ങള്‍ സിബിഐ അന്വേഷണം ശരിവെച്ചു എന്ന് പരിശോധിക്കുമ്പോഴാണ് ഉപജാപകഞരമ്പുകളില്‍ ചോരയുറഞ്ഞുപോയതെന്തുകൊണ്ട് എന്ന് ബോധ്യപ്പെടുന്നത്.

മേല്‍വിവരിച്ച ആരോപണങ്ങളിലൊന്നിനു പോലും അന്വേഷണ റിപ്പോര്‍ട്ടില്‍ സാധൂകരണമില്ലെന്നത് തിരിച്ചറിഞ്ഞ നന്ദകുമാര്‍ 2009 ആഗസ്റ്റ് 4ന് ചെന്നൈയിലെ സിബിഐ ആസ്ഥാനത്തേയ്ക്ക് ഒരുകത്തയച്ചു. മറുപടി കാണാഞ്ഞപ്പോള്‍, സെപ്തംബര്‍ 5ന് ഒരോര്‍മ്മപ്പെടുത്തലും.. കത്തില്‍ അക്കമിട്ടു നിരത്തിയ ആരോപണങ്ങളില്‍ ആദ്യത്തെ മൂന്നെണ്ണം താഴെ കൊടുക്കുന്നു....

 • 1. Mr. Pinarayi Vijayan had made more than 100 visits to Singapore and Dubai secretly for the transaction of bribery money and for his other business deals (most of which is illicit). You can get a clear picture of the travel details if you go through the passport details of Pinarayi Vijayan between 1996 and 2009. I have information that Vijayan has two passports, a Kochi based one and the other based out of Chennai. I also have information about Vijayan surrendering one of his passports as soon as the CBI investigation against him started.

 • 2. Mr. Dileep Rahulan and Mr. Nazar worked as mediators in the SNC Lavalin deal. In accordance with the mutual understanding between Rahulan, Nazar and Pinarayi Vijayan, the then Electricity Minister of Kerala agreed to sign the unlawful agreement with SNC Lavlin company without inviting any global tenders. The deal took place without a proper consent from the then government or the KSEB. What more, a feasibility study was not even conducted and the agreement was signed flouting all existing rules and practices. According to the agreement entered in to between the said Parties, SNC Lavalin had paid the margin money and commission to Dileep Rahulan on behalf of Pinarayi Vijayan. Dileep in turn paid the amount to Pinarayi and some others in return for the commission that was promised to him by Pinarayi.

 • 3. Mr. Dileep Rahulan had paid 8 crores of Indian currency to Pinarayi Vijayan (for CPI(M)) through Mr. Nazar. I also have information that Nazar had paid this money back to Pinarayi Vijayan and Vijayan had stored this money in AKG Centre Trivandrum for several days. This money was also used for the renovation of AKG centre and for the construction of some new flats near AKG centre for the Secretariat members of the CPM. Some of the money was also channeled to the Party-run Kairali news channel.

ഈ ഓര്‍മ്മപ്പെടുത്തലും സിബിഐ അവഗണിച്ചപ്പോള്‍ 2010 ജനുവരി 28ന് ആരോപണങ്ങള്‍ വീണ്ടും ഹര്‍ജിയുടെ രൂപത്തില്‍ പ്രത്യേക സിബിഐ കോടതിയിലെത്തി. ഹര്‍ജിയ്ക്കുളള
പ്രതികരണത്തിലാണ് പിണറായി വിജയന്‍ ഇടനിലക്കാരില്‍ നിന്ന് പണം വാങ്ങിയതിന് തെളിവില്ലെന്ന് സിബിഐ ബോധിപ്പിച്ചത്. അക്കമിട്ടു നിരത്തിയ ആരോപണങ്ങള്‍ക്ക് നേര്‍ക്കുനേരെ മറുപടിയും കിട്ടി. പുകമറയും സാങ്കേതികജഡിലതയും തെല്ലുമേയില്ല ഇത്തവണ. പണം വാങ്ങിയെന്ന് നേരിട്ട് ആരോപിച്ചു, അതിന് തെളിവോ തെളിവിലേയ്ക്ക് നയിക്കുന്ന സൂചനകളോ ഇല്ലെന്ന് അന്വേഷണ സംഘം തെളിച്ചു പറഞ്ഞു. സത്യവാങ്മൂലത്തില്‍ നിന്ന്...

Regarding the illegal money transaction alleged to be made between the mediators and the A7 as that of SNC Lavlin are not supported with any valid clues so as to form the basis of collecting evidence against them in this regard.


100 തവണ സിംഗപ്പൂരിലേയ്ക്കും ദുബായിലേയ്ക്കും പറന്നുവെന്ന ആരോപണത്തെക്കുറിച്ച് സിബിഐ പറയുന്നതിങ്ങനെ....

Further regarding the alleged kickbacks and frequent visits of Pinarayi to Singapore and Dubai, that too more than 100 times, for which the petitioner claims to have represented before IA, divulging the details and the same was ignored by the agency is also far from truth. No valid details or clues in this aspect were furnished so as to form the basis of collecting evidence in this regard.

കമല ഇന്റര്‍നാഷണല്‍, ടെക്നിക്കാലിയ, ഒരു കോടിയുടെ വീട്, മകന്റെ വിദ്യാഭ്യാസ ചെലവ് തുടങ്ങിയ വിഷയങ്ങളിലുളള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര ആദായ നികുതി വകുപ്പ് 2008ല്‍ തന്നെ കേരള ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. അതായത് സിബിഐയുടെ അന്തിമ റിപ്പോര്‍ട്ട് വരുന്നതിന് മുമ്പേ തന്നെ ആ കഥകള്‍ പൊളിഞ്ഞുവെന്ന് അര്‍ത്ഥം.

അങ്ങനെ ലാവലിന്‍ അഴിമതിക്കേസ് അഴിമതിയില്ലാത്ത കേസായി മാറി. സ്വന്തം നാട്ടില്‍ കാന്‍സര്‍ ആശുപത്രി സ്ഥാപിക്കാന്‍ ശ്രമിച്ചതും, കാര്‍ത്തികേയന്റെ കരാറുമായി മുന്നോട്ടു പോകാന്‍ മന്ത്രിയെന്ന അധികാരമുപയോഗിച്ച് ഉത്തമതാല്‍പര്യത്തോടെ കൈക്കൊണ്ട ഭരണപരമായ തീരുമാനവും "ഗൂഢാലോചന"യുടെയും "വഞ്ചന"യുടെയും പരിധിയില്‍ വരുമോയെന്ന കാര്യം സുപ്രിംകോടതി തീരുമാനിക്കും. സിബിഐയിലെ ഉണ്ടിരുന്ന പോലീസുകാര്‍ക്ക് കാര്‍ത്തികേയന്‍ "ഫൗണ്ടര്‍ ഓഫ് ദി കോണ്‍സ്പിറസി" ആയതു മുതല്‍ ഗൂഢാലോചനയുടെ ഗുണഫലം പറ്റാത്തതുകൊണ്ട് തൊട്ടടുത്ത നിമിഷം പ്രതിപ്പട്ടികയില്‍ നിന്നൊഴിവായതു വരെയുളള സംഭവങ്ങളുടെ നാനാര്‍ത്ഥങ്ങള്‍ അടക്കം കേസിന്റെ രാഷ്ട്രീയ വിവക്ഷകളെക്കുറിച്ചുളള ചര്‍ച്ച പൊതുസമൂഹത്തിലും നിര്‍ബാധം അരങ്ങേറും.

രാഷ്ട്രീയ എതിരാളികളും ഉപജാപകരും മെനഞ്ഞ അപവാദകഥകളെ അടിസ്ഥാനമാക്കി ഒരു രാഷ്ട്രീയനേതാവിനെ ഭരണകൂടത്തിന്റെ അധികാരം ഉപയോഗിച്ച് കോടതി നടപടികളുടെ നൂലാമാലകളില്‍ കുരുക്കുന്നതിനെതിരെ സിപിഎം നടത്തിയ സന്ധിയില്ലാ സമരം അനന്യമായ ഒരു ചരിത്രാനുഭവമായി തിരിച്ചറിയുമ്പോഴാണ് പുതിയ വേഷങ്ങള്‍ രംഗപ്രവേശം ചെയ്യുന്നത്.

ഒരു രൂപയെങ്കിലും പിണറായി വിജയന്‍ കോഴ കൈപ്പറ്റിയെന്നൊരു വാചകം സിബിഐയില്‍ നിന്ന് കേള്‍ക്കാന്‍ മോഹിച്ചവരെ നിരാശരാക്കുന്ന അന്വേഷണ റിപ്പോര്‍ട്ടും കുറ്റപത്രവും ഒടുവിലത്തെ സത്യവാങ്മൂലവും അനിവാര്യമാക്കുന്നത് ഒരു ദൃക്സാക്ഷിയെയാണ്. വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിന്റെ ഒരുഘട്ടത്തില്‍ പോലും രംഗപ്രവേശം ചെയ്യാതിരുന്ന ദൃക്‍സാക്ഷി ചെന്നൈയിലെ പൊരിവെയിലില്‍ പെട്ടെന്നൊരു നിമിഷം പൊട്ടിമുളച്ചത് വെറുതേയല്ല. ക്രൈം നന്ദകുമാര്‍ മുതല്‍ പി സി ജോര്‍ജുവരെയുളളവരുടെ അശ്രാന്തപരിശ്രമമുണ്ട് ഈ സ്വയംഭൂവിന്റെ പിറവിയ്ക്ക് പിന്നില്‍. മൊഴി, നന്ദകുമാറിന്റെ വാര്‍ത്ത, ജോര്‍ജിന്റെ പത്രസമ്മേളനം, അതുവഴി മുഖ്യധാരാ മാധ്യമങ്ങളിലേയ്ക്ക് മാന്യമായ എന്‍ട്രി. ഒരു സത്യന്‍ അന്തിക്കാട് ചിത്രത്തിലെ നായകപ്രവേശത്തിന് തുല്യമായ ലാളിത്യം. ദീപക് കുമാറിന്റെ മൊഴി വേണ്ടിവന്നാല്‍ പരിശോധിക്കുമെന്ന് സിബിഐയും വ്യക്തമാക്കിയതോടെ അവതാരവേഷം ദീര്‍ഘനിശ്വാസം വിട്ടു.


"അഭിഭാഷകന്റെ കേസ് ഡയറി" എന്ന എസ് എന്‍ സ്വാമി - കെ മധു ചിത്രത്തില്‍ കൊലപാതകം നേരിട്ടു കാണുന്ന ഐ വിറ്റ്നസിനെ നിര്‍മ്മിക്കുന്ന അഭിഭാഷക കൗശലം ചിത്രീകരിക്കുന്നുണ്ട്. ലാവലിന്‍ കേസില്‍ പിണറായി വിജയന്‍ പണം കൈപ്പറ്റിയെന്നതിന് ഒരു തെളിവുമില്ലെന്നും തെളിവുകളിലേയ്ക്ക് നയിക്കുന്ന ഉപയോഗപ്രദമായ സൂചനകള്‍ പോലുമില്ലെന്നും സിബിഐയ്ക്കു തന്നെ വിളിച്ചു പറയേണ്ടി വന്നപ്പോള്‍, പണം കൈമാറുന്നത് നേരില്‍ കണ്ട ഒരു ദൃക്സാക്ഷി തയ്യാറായി. ഇരുളില്‍ നിന്ന് പൊടുന്നനെ ഒരു ഐ വിറ്റ്നസ്. അയാളാണ് ദീപക് കുമാര്‍.

ദിലീപ് കുമാറിന് നിലമൊരുക്കിയതും നന്ദകുമാര്‍ തന്നെ. കണ്ണൂരിന്റെ വിവിധ ഭാഗങ്ങളില്‍ വെച്ച് പിണറായിയ്ക്ക് ദിലീപ് രാഹുലന്‍ പണം കൈമാറിയിട്ടുണ്ടെന്ന് നന്ദകുമാര്‍ ആരോപിക്കുന്നു, അത് നേരിട്ട് താന്‍ കണ്ടിട്ടുണ്ടെന്ന അവകാശവാദവുമായി പിന്നാലെ ദീപക് കുമാര്‍ എന്നൊരാള്‍ സിബിഐ ഓഫീസിലേയ്ക്ക് സ്വമേധയാ നടന്നു ചെല്ലുന്നു. പുരഞ്ജയത്തില്‍ തുടങ്ങി സൗഭദ്രമായി മാറുന്ന പുതിയൊരു പൂത്തൂരം അടവ്. അയാള്‍ തിരുവനന്തപുരം സ്വദേശിയെന്ന് മനോരമ, ചെന്നൈ സ്വദേശിയെന്ന് മംഗളം. ടെക്നിക്കാലിയ നടത്തുന്ന കാലത്ത് ദിലീപ് രാഹുലനൊപ്പം ജോലി ചെയ്തിരുന്നയാളെന്ന് മനോരമയും മാതൃഭൂമിയും പറയുമ്പോള്‍, ദിലീപ് രാഹുലന്റെ അടുത്ത സുഹൃത്താണ് വ്യവസായിയെന്ന് മംഗളം. എന്തു വ്യവസായമാണ് ചെയ്തതെന്നോ ചെയ്യുന്നതെന്നോ ഒരു പത്രത്തിലുമില്ല. ബിസിനസില്‍ വഞ്ചന കാട്ടിയതു കാരണം ദിലീപ് രാഹുലനുമായി തെറ്റിപ്പിരിഞ്ഞെന്ന് മനോരമ . എന്തു വ‍ഞ്ചനയെന്നില്ല, വഞ്ചനയ്ക്കെതിരെ കേസോ വഴക്കോ ഉണ്ടോയെന്നില്ല, ആളിനിപ്പോള്‍ എന്താണ് ജോലിയെന്നില്ല, ഊരും വിലാസവും ഇല്ലേയില്ല. എങ്കിലും, നിനച്ചിരിക്കാതെ കൈവന്ന ബമ്പര്‍ സൗഭാഗ്യത്തിന്റെ ആഘോഷം ഏഴുകോളത്തിലാണ് മനോരമ ആടിത്തിമിര്‍ത്തത്.

സാക്ഷിയുടെ രംഗപ്രവേശം ഉദ്ദേശിച്ച ഫലം ചെയ്തുവെന്ന് വേണം കരുതാന്‍. തെളിവുകള്‍ സിബിഐ മറച്ചുവെച്ചുവെന്ന ആരോപണത്തോടെയാണ് മംഗളം വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ആരോപണങ്ങള്‍ വാസ്തവമാണെന്ന് ബോധ്യപ്പെട്ടാല്‍ ലാവലിന്‍ കേസിന്റെ ഗതി മാറുമെന്ന് മനോരമ പ്രവചിക്കുന്നു. (കേസിന്റെ ഗതി മനോരമ ഉദ്ദേശിച്ച രീതിയിലല്ല മുന്നേറുന്നതെന്ന് വ്യംഗ്യം). ഗതി മാറ്റണമെങ്കില്‍ ദൃക്‍സാക്ഷീനിര്‍മ്മാണം അനിവാര്യം. പൊരിവെയിലില്‍ പ്രത്യക്ഷപ്പെട്ട പെരുങ്കളളന്‍ ആരുടെയൊക്കെ അനിവാര്യതയായിരുന്നുവെന്ന് അറിയുക.

പിണറായി വിജയന്‍ ഇടനിലക്കാരില്‍ നിന്ന് പണം കൈപ്പറ്റിയതായോ സാമ്പത്തിക ലാഭം ഉണ്ടാക്കിയെന്നതിനോ തെളിവില്ലെന്ന സിബിഐയുടെ സത്യവാങ്മൂലം അനിവാര്യമാക്കുന്നത് മറ്റൊരു സംശയമാണ്. എന്തുകൊണ്ടാണ് ഈ വിവരം അന്വേഷണറിപ്പോര്‍ട്ടിന്റെ ഭാഗമായി സിബിഐ ഉള്‍പ്പെടുത്താത്തത്? കാര്‍ത്തികേയന്‍ സാമ്പത്തികലാഭമുണ്ടാക്കിയില്ലെന്നും ഗൂഢാലോചനയുടെ ഗുണഫലം കൈപ്പറ്റിയില്ലെന്നും എടുത്തു പറഞ്ഞ സിബിഐയ്ക്ക്, പിണറായി വിജയന്‍ സാമ്പത്തിക ലാഭമുണ്ടാക്കിയെന്നതിന് തെളിവോ തെളിവിലേയ്ക്ക് നയിക്കുന്ന സൂചനകളോ ഇല്ലെന്ന് വെളിപ്പെടുത്താന്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് ശേഷം 11 മാസം വേണ്ടി വന്നു. ഇതിനിടയില്‍ പിണറായി വിജയനെക്കുറിച്ച് പുതിയ ഒരന്വേഷണവും ഈ ഏജന്‍സി നടത്തിയിട്ടില്ല. ഈ സത്യവാങ്മൂലത്തിന്റെയും അടിസ്ഥാനം പഴയ അന്വേഷണ റിപ്പോര്‍ട്ട് തന്നെയാണ്. അന്വേഷണത്തില്‍ വെളിപ്പെട്ട പ്രതിയെ സംബന്ധിക്കുന്ന ഏറ്റവും സുപ്രധാനമായ കണ്ടെത്തല്‍ എന്തുകൊണ്ട് റിപ്പോര്‍ട്ടില്‍ എന്തുകൊണ്ട് ഉള്‍പ്പെടുത്തപ്പെട്ടില്ല എന്നറിയാന്‍ മറ്റൊരു സിബിഐ അന്വേഷണം തന്നെ വേണ്ടി വരും!

സിപിഎം എന്ന രാഷ്ട്രീയകക്ഷിയുടെ സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നുവെന്ന ഒറ്റക്കാരണം കൊണ്ട് ഇന്ത്യയിലെ ഒരു രാഷ്ട്രീയ നേതാവും അനുഭവിക്കേണ്ടി വന്നിട്ടില്ലാത്ത വിധം മാരകവും അശ്ലീലവുമായ ആരോപണങ്ങള്‍ക്കാണ് പിണറായി വിജയന്‍ വിധേയനാവുന്നത്. അദ്ദേഹത്തിന്റെ ഭാര്യയെയും മകനെയും വരെ പ്രതികളാക്കി നന്ദകുമാര്‍ ഹൈക്കോടതിയില്‍ പരാതി നല്‍കിയിട്ടുണ്ട്. പിണറായി വിജയന്‍ എന്ന സിപിഎം നേതാവിന്റെ ഭാര്യയോ മക്കളോ ആയിപ്പോയി എന്ന കാരണത്താലാണ് കമലടീച്ചറും വിവേകും വീണയുമൊക്കെ കോടതി കയറിയിറങ്ങേണ്ടി വന്നത്.

തികച്ചും ദരിദ്രമായ കുടുംബത്തില്‍ പിറന്ന് ബാല്യത്തിലും കൗമാരത്തിലും പിന്നാക്കാവസ്ഥയുടെ മുഴുവന്‍ കയ്പും അനുഭവിച്ച്, ത്യാഗസമ്പൂര്‍ണമായ പൊതുപ്രവര്‍ത്തനത്തിലൂടെ കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ അമരത്തെത്തിയ പിണറായി വിജയനെയും കുടുംബത്തെയും സവര്‍ണത കൊത്തിപ്പറിക്കുകയാണ്. അപവാദങ്ങളുടെയും കെട്ടുകഥകളുടെയും നിലയ്ക്കാത്ത പ്രവാഹം ഈ മനുഷ്യനെതിരെ ആര്‍ത്തിരമ്പുകയും അതിന് മദിച്ചു പുളച്ചൊഴുകാന്‍ അധികാരസവര്‍ണത അത്യാഹ്ലാദത്തോടെ ചാലുകീറുകയും ചെയ്യുമ്പോള്‍ ലാവലിന്‍ കേസ് പ്രത്യാക്രമണത്തിന്റെ ഇതിഹാസമാവുക തന്നെ വേണം.

ഇത്രമാത്രം കെട്ടുകഥകള്‍ പത്രങ്ങള്‍ സംഘടിതമായി മെനഞ്ഞ് പ്രചരിപ്പിച്ച മറ്റൊരനുഭവം മലയാളിയ്ക്ക് അപരിചിതമാണ്. കേവലം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെക്രട്ടറി പദം വഹിക്കുന്നു എന്നതു മാത്രമല്ല അപവാദപ്പിറവിയ്ക്ക് കാരണം. അപവാദത്തിന്റെ അക്ഷകീലം ചെത്തുതൊഴിലാളിയുടെ മകന്‍ അങ്ങനെ വളരേണ്ടെന്ന സവര്‍ണ നിശ്ചയം തന്നെയാണ്. ആരോപണങ്ങള്‍ നിര്‍മ്മിക്കുന്നവരുടെ, തൊണ്ടതൊടാതെ വിഴുങ്ങുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരുടെ, ഒന്ന് തകരുമ്പോള്‍ മറ്റൊന്നിനുവേണ്ടി തലപുകയ്ക്കുന്നവരുടെ, കേസിന്റെ ഗതിവിഗതികള്‍ക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചവരുടെ സാമൂഹ്യപശ്ചാത്തലം നിശിതമായ വിചാരണയര്‍ഹിക്കുന്നു. സിപിഎമ്മിനുളളില്‍ രൂപപ്പെട്ട കേവലമായ ഗ്രൂപ്പുതാല്‍പര്യങ്ങളെ അതിസമര്‍ത്ഥമായി പൊതുസമൂഹത്തിലെ സവര്‍ണത ഹൈജാക്ക് ചെയ്തു കഴിഞ്ഞു. ഒരിക്കലും പിണറായി വിജയന് കേരളത്തിന്റെ മുഖ്യമന്ത്രിയാകാന്‍ കഴിയില്ലെന്ന് ആശ്വാസത്തോടെ ആത്മഗതം ചെയ്യുന്നവരുടെ ഉളളിലിരിപ്പിന് ഫ്യൂഡല്‍ വേരുകളുണ്ട്.

ചാനലുകളില്‍, പത്രങ്ങളില്‍, കോടതികളില്‍, ജനസമ്മതിയുടെ ഓരോ നിര്‍മ്മിതികേന്ദ്രത്തിലും ചുറ്റിപ്പടര്‍ന്ന സവര്‍ണ നീരാളികള്‍ തന്നെയാണ് പിണറായി വിജയനെ വേട്ടയാടുന്നത്.