Thursday, August 23, 2007

ചവിട്ടിത്താഴ്ത്തേണ്ടേ ഈ മന്ത്രിയെ പാതാളത്തിലേയ്ക്ക്...?

തോംബ്രോട്ടെ ഉതുപ്പ് മറിയം ദമ്പതികളുടെ മകനായ കുര്യാക്കോസിനെ നാട്ടുകാര്‍ കുരുളാന്‍ എന്നാണ് വിളിച്ചിരുന്നത്. പൂയംകുട്ടി വനത്തില്‍ നിന്നും ഈറ മുറിച്ചു വില്‍ക്കാന്‍ കരാറെടുത്ത കുരുളാനെ ഇപ്പോഴും കോതമംഗലത്തുകാര്‍ ഓര്‍ക്കുന്നുണ്ട്. അന്നു കുരുളാന്‍ കോടീശ്വരന്‍ ആയിരുന്നില്ല. കുരുളാന് അധികാരവുമില്ലായിരുന്നു.

ഇന്ന് കുരുളാന്‍ സംസ്ഥാന പൊതുമരാമത്ത് മന്ത്രിയാണ്. ഷെവലിയറാണ്. കേരളാ കോണ്‍ഗ്രസ് നേതാവാണ്. പി ജെ ജോസഫിന്റെ സ്വന്തം ആളുമാണ്. അതിനുമപ്പുറം കുരുളാന്‍ എന്തെന്നറിയണമെന്നുളളവര്‍ക്ക് രാജകുമാരി വില്ലേജ് ഓഫീസര്‍ തങ്കരാജിനോട് ചോദിക്കാം. അല്ലെങ്കില്‍ തങ്കരാജ് രാജു നാരായണ സ്വാമിക്ക് നല്‍കിയ പരാതി വായിക്കാം.

രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് കുരുവിളയുടെ മക്കളുടെ പേരിലുളള ആധാരങ്ങള്‍ പോക്കുവരവ് ചെയ്യരുതെന്ന് ഇടുക്കി ജില്ലാ കളക്ടര്‍ രാജു നാരായണ സ്വാമി രാജകുമാരി വില്ലേജ് ഓഫീസര്‍ക്ക് ഉത്തരവ് നല്‍കിയത്. മാധ്യമങ്ങളില്‍ വന്‍പ്രാധാന്യത്തോടെ വാര്‍ത്ത വരികയും ചെയ്തു. കേരളത്തിലെ ഏതു കൊടികെട്ടിയ രാഷ്ട്രീയ നേതാവും ഇത്രയുമായാല്‍ പതറിപ്പോകാറാണ് പതിവ്.

മറിച്ചു സംഭവിക്കുന്നത് കേരളത്തിനു പുറത്താണ്. ഒട്ടേറെ വാഹനങ്ങളില്‍ ഗുണ്ടകളും പ്രമാണിമാരും സര്‍ക്കാര്‍ ഓഫീസിലെത്തി ഭീഷണിപ്പെടുത്തി കാര്യം സാധിക്കുന്നതും എതിര്‍ക്കുന്നവനെ വകവരുത്തുന്നതും നാം കണ്ടിട്ടുളളത് തമിഴ് തെലുങ്ക് സിനിമകളില്‍. വായിച്ചറിഞ്ഞത് ഉത്തരേന്ത്യയില്‍ നിന്നുളള പത്രറിപ്പോര്‍ട്ടുകളില്‍.

കഴിഞ്ഞ ദിവസം രാജകുമാരി വില്ലേജ് ഓഫീസര്‍ അനുവഭിച്ചതും ഇതൊക്കെ തന്നെ. ഈറ കരാറുകാരന്‍ കുരുളാന്‍ സംസ്ഥാന മന്ത്രി വരെ വളര്‍ന്നപ്പോള്‍ കണ്ടതും വായിച്ചതുമൊക്കെ കേരളീയര്‍ നേരിട്ട് അറിയുകയാണ്.

രാജകുമാരി വില്ലേജ് ഓഫീസില്‍ ഏറ്റവും പുതിയ വാഹനങ്ങളിലാണ് കുരുവിളയുടെ ഗുണ്ടകള്‍ എത്തിയത്. വന്നവര്‍ വെളളഖദര്‍ ധാരികള്‍. അവര്‍ സംസാരിച്ചു നില്‍ക്കെ ഇടുക്കി സര്‍വെ സൂപ്രണ്ട് ആന്‍ഡ്രൂസിന്റെ നിര്‍ദ്ദേശ പ്രകാരം സര്‍വെയറും വന്നു. പെരുക്കിയ മസിലു കണ്ടപ്പോള്‍ ജില്ലാ കളക്ടറുടെ ഉത്തരവിനെക്കാള്‍ വലുത് സ്വന്തം തടിയാണെന്ന് തങ്കരാജ് തിരിച്ചറിഞ്ഞു.

ഇമ ചിമ്മുന്ന വേഗത്തില്‍ തണ്ടപ്പേരു പുസ്തകവും സര്‍വേ രേഖകളും മേശപ്പുറത്ത് നിരന്നു. ആവശ്യമായ രേഖകളെല്ലാം വില്ലേജ് ഓഫീസര്‍ നോക്കിയിരിക്കെ സര്‍വെയര്‍ തിരുത്തി. പോക്കുവരവും നടത്തി.

ഇതുപ്രകാരം കരം അടച്ചു കൊടുക്കുക എന്ന നിര്‍ദ്ദേശം അനുസരിക്കാതിരിക്കാന്‍ വില്ലേജ് ഓഫീസര്‍ക്കാവുമായിരുന്നില്ല. ആ സമയത്ത് കളക്ടറല്ല സാക്ഷാല്‍ വി എസ് അച്യുതാനന്ദനായാലും അനുസരിച്ചു പോകുമായിരുന്നെന്ന് കളക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ തങ്കരാജ് തുറന്നു പറയുന്നു. ഈ മൊഴിയുടെ പകര്‍പ്പു സഹിതമാണ് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് രാജു നാരായണ സ്വാമി റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

ജെയിംസ് ബോണ്ട് ത്രില്ലറുകളെ വെല്ലുന്ന രംഗങ്ങളാണ് കുരുവിള സംവിധാനം ചെയ്ത് നടപ്പാക്കിയത്. കേരളത്തില്‍ ഇതൊക്കെ നടക്കുമോ എന്ന് സംശയിക്കുന്നവര്‍ അന്തംവിട്ടു പോകുന്ന തരത്തിലാണ് കാര്യങ്ങള്‍. പൊതുജനം കാര്യങ്ങളറിയുന്നതിനെ അല്‍പമെങ്കിലും ഭയന്നിരുന്ന പഴയ രാഷ്ട്രീയ തലമുറ അപ്രത്യക്ഷമാവുന്നു. എന്തും ചെയ്യാനുളള തന്റേടവും തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ മാഫിയാ ഗുണ്ടാ സംഘങ്ങളുടെ പിന്‍ബലവുമുളള രാഷ്ട്രീയ നേതാക്കള്‍ പൊതുമനസാക്ഷിയെ വെല്ലുവിളിക്കുന്നത് തെല്ലും പേടിയില്ലാതെ.

സര്‍ക്കാര്‍ ഭൂമി കയ്യേറുക, വ്യാജ രേഖ നിര്‍മ്മിക്കുക, കോടികള്‍ കൈപ്പറ്റി വ്യക്തികളെ വഞ്ചിക്കുക, പട്ടാപ്പകല്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ അഴിഞ്ഞാടാന്‍ മാഫിയാ സംഘത്തെ നിയോഗിക്കുക, ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി സര്‍ക്കാര്‍ രേഖകള്‍ തിരുത്തിക്കുക ഇതൊക്കെയാണ് മന്ത്രിയായി ഒരുവര്‍ഷത്തിനകം കുരുവിള കാട്ടിക്കൂട്ടിയത്.

കഴിഞ്ഞ ദിവസങ്ങളില്‍ രാജകുമാരി വില്ലേജ് ഓഫീസില്‍ നടന്ന സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ മന്ത്രിക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നാണ് കളക്ടറുടെ റിപ്പോര്‍ട്ട്.

ഇത്രയുമൊക്കെ നടന്നിട്ടും യാതൊരു ഉളുപ്പുമില്ലാതെയാണ് കുരുവിള മാധ്യമങ്ങളെ അഭിമുഖീകരിക്കുന്നത്. വിവാദ ഭൂമി തന്റേതായിരുന്നുവെന്ന് ഇപ്പോഴും കുരുവിള വാദിക്കുന്നു. പിന്നെയെന്തിന് തമിഴര്‍ ഈ ഭൂമി തന്റെ മക്കള്‍ക്ക് വിറ്റതായി രേഖയുണ്ടാക്കി എന്ന ചോദ്യത്തിന് മന്ത്രിക്ക് ഉത്തരമില്ല. വീരപുത്രന്‍, മുനിയാണ്ടി, വിശ്വ മോഹന്‍ലാല്‍ യേശു എന്നിങ്ങനെ പത്തൊമ്പതു പേര്‍ കുരുവിളയുടെ മക്കള്‍ക്ക് വിറ്റതായാണ് രാജകുമാരി വില്ലേജ് ഓഫീസില്‍ രേഖയുണ്ടാക്കിയിരിക്കുന്നത്.

എങ്ങനെയാണ് ഈ ഭൂമി കുരുവിളയ്ക്ക് കിട്ടിയത് എന്ന ചോദ്യം കുരുവിള കേട്ടില്ലെന്ന് നടിക്കുന്നു. ആരില്‍ നിന്നാണ് ഭൂമി വാങ്ങിയത് എന്ന ചോദ്യം കുരുവിള ചിരിച്ചു തളളുന്നു. ഇന്ത്യന്‍ ബാങ്കില്‍ രേണു തോമസിന് വന്ന ചെക്ക് രേഖാ തോമസ് എന്നു തിരുത്തി പണം പിന്‍വലിച്ചത് ആള്‍മാറാട്ടമല്ലേ എന്ന ചോദ്യത്തിന് മറുപടിയില്ല.

സര്‍ക്കാര്‍ ഭൂമി വില്‍ക്കാമെന്ന വ്യവസ്ഥയുമുണ്ടെന്ന് എബ്രഹാം പുറത്തുവിട്ട കരാ‍ര്‍ സൂചിപ്പിക്കുന്നു. സര്‍ക്കാര്‍ ഭൂമി വില്‍ക്കാന്‍ മന്ത്രി വാക്കു നല്‍കിയത് ശരിയോ എന്ന ചോദ്യത്തിന് കേരളാ കോണ്‍ഗ്രസുകാരാണ് മറുപടി പറയുന്നത്. കുരുവിള പണ്ടേ കോടീശ്വരനാണെന്നാണ് അവരുടെ വാദം. കോടീശ്വരന്മാര്‍ക്ക് എന്തുമാകാമോ എന്ന് ജനം തിരിച്ചുചോദിക്കുന്നതിനെ കേരളാ കോണ്‍ഗ്രസുകാര്‍ ഭയക്കുന്നതേയില്ല.

കേരളാ കോണ്‍ഗ്രസിന്റെ രൂപീകരണ വര്‍ഷത്തില്‍ പാര്‍ട്ടിയുടെ പ്രാദേശിക നേതാവായതാണ് പൂയംകുട്ടി വനത്തിലെ ഈറ കരാറുകാരന്‍ കുരുളാന്‍. ഈറ്റക്കെട്ടുകള്‍ക്കുളളില്‍ തടിമുറിച്ചു കുരുളാന്‍ കടത്തുകയാണെന്ന് ആരോപിച്ചവരെ രാഷ്ട്രീയ എതിരാളികളായി നേതാവും അനുയായികളും മുദ്രകുത്തി.

എന്നും പി ജെ ജോസഫിന്റെ വിശ്വസ്തനായിരുന്നു കുരുളാന്‍. പഞ്ചായത്തു പ്രസിഡന്റും ഷെവലിയറുമായി കുരുവിള രാജ്യാന്തര പ്രശസ്തി നേടിയപ്പോഴും ജോസഫിനൊപ്പം നിന്നു. ഒടുവില്‍ ജോസഫിന്റെ പകരക്കാരനായി മന്ത്രിയുമായി. മന്ത്രിക്കസേരയില്‍ ഇരുന്നിട്ട് ഒരു വര്‍ഷം തികയുന്നില്ല. മന്ത്രിക്കുപ്പായത്തിനുളളിലെ പഴയ ഈറ്റക്കരാറുകാരന്റെ തനിസ്വരൂപം കേരളം തിരിച്ചറിയുന്നു. അണ്ണാന്‍ മൂത്താല്‍ മരം കയറ്റം മറക്കില്ല. കുരുവിള മന്ത്രിയായെന്നു വെച്ച് വന്ന വഴി മറക്കുകയുമില്ല.

കഴിഞ്ഞ ഓണക്കാലത്താണ് ലക്ഷ്മി ഗോപകുമാറിന്റെ വേഷത്തില്‍ വാമനന്‍ അവതരിച്ച് ജോസഫ് മന്ത്രിയദ്ദേഹത്തെ രാഷ്ട്രീയ പാതാളത്തിലേയ്ക്ക് ചവിട്ടിത്താഴ്ത്തിയത്. അടുത്ത ഓണക്കാലത്ത് കുവൈറ്റ് മലയാളി എബ്രഹാമിന്റെ രൂപത്തില്‍ മറ്റൊരു വാമനന്‍. ഇക്കുറി പാതാളം പൂകുന്നതും മറ്റൊരു കേരള കോണ്‍ഗ്രസുകാരന്‍.

പഴയ മഹാബലിയെ മലയാളികള്‍ ഓര്‍ക്കുന്നത് സ്നേഹത്തോടെയും നഷ്ടബോധത്തോടെയും. വര്‍ഷത്തിലൊരു നാള്‍ ആ മഹാബലി തിരിച്ചുവരുന്നുവെന്ന സങ്കല്‍പം പോലും ആവേശത്തിന്റെ ആഘോഷത്തിമിര്‍പ്പാണ് കേരളത്തിന്.

അഴിമതിയുടെ പാതാളലോകം പൂകുന്ന പുതിയ ഭരണാധിപന്മാരുടെ ഓര്‍മ്മകള്‍ പോലും തങ്ങളെ വേട്ടയാടരുതേയെന്ന് പ്രാര്‍ത്ഥിക്കുന്നു കേരളജനത. ഈ വൈതാളികരെ ഏതുപാതാളത്തിലേയ്ക്ക് ചവിട്ടിത്താഴ്ത്തിയാലാണ് നാട് രക്ഷപെടുക.


ഈ വിവാദത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ തൊട്ടുതാഴെയുളള പോസ്റ്റു കൂടി വായിക്കുക
കുരുവിളയ്ക്ക് കുരുതിക്കളം ഒരുങ്ങുന്നുവോ?

കുരുവിളയ്ക്ക് കുരുതിക്കളം ഒരുങ്ങുന്നുവോ?

ദാറ്റ്സ് മലയാളം ലേഖനം 27/08/2007

രാജു നാരായണ സ്വാമി ആളൊരു സ്വാമിയാണ്. ശുദ്ധന്‍. മാന്യന്‍. നീതിമാന്‍. ഭരണക്കാരുടെ കണ്ണിലെ കരടാകാന്‍ ഈ മൂന്ന് ദുര്‍ഗുണങ്ങള്‍ ധാരാളം. ഫലം എഴുതിയ പരീക്ഷകളെല്ലാം ഒന്നാം റാങ്കില്‍ ജയിച്ച സ്വാമി പല സര്‍ക്കാരുകള്‍ക്കും അനഭിമതന്‍.

വകുപ്പില്ലാ ഉദ്യോഗസ്ഥനായി ജോലിയില്ലാതെ ശംബളം വാങ്ങി കഴിഞ്ഞുകൂടുന്ന വേളയിലാണ് മൂന്നാറിലെ പെരുച്ചാഴിയെ പിടിക്കുന്ന പൂച്ചയുടെ പോസ്റ്റിലേയ്ക്ക് സ്വാമിയെ മുഖ്യമന്ത്രി റിക്രൂട്ട് ചെയ്തത്.

കോതമംഗലം, ചേലാട് തോംബ്രായില്‍ വീട്ടില്‍ ശ്രീമാന്‍ ഉതുപ്പിന്റെയും ശ്രീമതി മറിയത്തിന്റെയും മകനായി 1936ല്‍ ജനിക്കുകയും, കൃഷിയും ബിസിനസും നടത്തി പച്ചപിടിച്ച് രാഷ്ട്രീയത്തില്‍ കടക്കുകയും ചെയ്ത‍ കുര്യാക്കോസ് എന്ന ഷെവലിയര്‍ ടി യു കുരുവിള കേരളത്തിലെ പൊതുമരാമത്ത് മന്ത്രിയും കേ. കോ. ജോസഫ് നേതാവുമാണ്. കുരുവിളയ്ക്ക് മക്കള്‍ നാലു പെണ്ണും ഒരാണുമായി ആകെ അഞ്ചുപേര്‍. ഒരേയൊരു പുത്രന്‍ എല്‍ദോ കുരുവിള.

പ്രതിമാസം ഏഴുലക്ഷം രൂപ ശംബളം വാഗ്ദാനം ചെയ്ത ഐക്യരാഷ്ട്രസഭയുടെ ഐടി കണ്‍സള്‍ട്ടന്റ് പദം പുല്ലുപോലെ വലിച്ചെറിഞ്ഞ് സര്‍ക്കാരിനെ സേവിക്കാന്‍ തീരുമാനിച്ച രാജു നാരായണ സ്വാമിയും ഷെവലിയര്‍ ടി യു കുരുവിളയും തമ്മില്‍ അങ്കം കുറിച്ചു കഴിച്ചു. ഗോദ രാജകുമാരി വില്ലേജിലെ ഏലത്തോട്ടം.

കഥയിങ്ങനെ. 2007 ഏപ്രില്‍ 20, 28.30, മെയ് 4 തീയതികളിലായി രാജകുമാരിയിലെ സബ് രജിസ്ട്രാര്‍ ഓഫീസില്‍ കുരുവിളയുടെ മക്കളായ എല്‍ദോ കുരുവിള, രേഖാ തോമസ്, രേണു പവല്‍ എന്നിവരുടെ പേരില്‍ 50.53 ഏക്കര്‍ സ്ഥലത്തിന്റെ ആധാരം നടക്കുന്നു. 19 പേരില്‍ നിന്നും വാങ്ങിയതായി രേഖ. രേഖ പ്രകാരം കൊടുത്ത വില ഒന്നരക്കോടിയും കുറെ ചില്ലറയും. ഏക്കറിന് രണ്ടു ലക്ഷം അഥവാ സെന്റിന് 2000 രൂപ കണക്കില്‍.

ആധാരം കാണിച്ച് ഈ സ്ഥലം പോക്കുവരവ് ചെയ്യാന്‍ ടി കക്ഷികള്‍ രാജകുമാരി വില്ലേജ് ഓഫീസറെ സമീപിച്ചു. ഓഫീസര്‍ ഫീസ് വാങ്ങി തണ്ടപ്പേര് പിടിക്കാനുളള നടപടി തുടങ്ങുന്നതിനിടെയാണ് സുരേഷ് ഗോപി സ്റ്റൈലില്‍ രാജു നാരായണ സ്വാമി ബാക്ക് ഗ്രൗണ്ട് മ്യൂസിക്കോടെ പ്രവേശിക്കുന്നത്. സംഗതി അതോടെ അലമ്പായി.

സ്വാമിക്കും സര്‍ക്കാരിനും പരാതി നല്‍കിയത് കുവൈറ്റിലെ കെജിഎ, എന്‍ബിടിസി വ്യവസായ ഗ്രൂപ്പിന്റെ ഉടമ കെ ജി എബ്രഹാം. എബ്രഹാമിന്റെ കമ്പനിയിലെ ജനറല്‍ മാനേജരാണ് കുരുവിളയുടെ മകള്‍ രേഖയുടെ ഭര്‍ത്താവ് സുധീപ് ജോണ്‍ തോമസ്. മന്ത്രിയും മക്കളും മരുമക്കളും കൂടി തന്നെ വഞ്ചിച്ചുവെന്ന് എബ്രഹാം സര്‍ക്കാരിന് നല്‍കിയ പരാതിയില്‍ പറയുന്നു.

ഒമ്പതു കോടി ആറു ലക്ഷം രൂപയ്ക്ക് മേല്‍പറഞ്ഞ 50.53 ഏക്കര്‍ സ്ഥലം കെജിഎ കമ്പനിക്ക് വില്‍ക്കാനായിരുന്നു കരാര്‍. ഏക്കറിന് രണ്ടു ലക്ഷം രൂപയ്ക്ക് വാങ്ങിയ ഭൂമിയാണ് 19.5ലക്ഷം രൂപ യ്ക്ക് മറിച്ചു വില്‍ക്കാനിരുന്നത്.

ഏലക്കാടുകള്‍ക്ക് പട്ടയമുളളതാണ് ഈ അമ്പതേക്കര്‍ ഭൂമിയും. മറ്റാവശ്യങ്ങള്‍ക്ക് ഭൂമി ഉപയോഗിക്കാന്‍ നിയമം അനുവദിക്കുന്നില്ല. പട്ടയമില്ലാത്ത സര്‍ക്കാര്‍ ഭൂമി ഒരു കോടി മുപ്പത്തി അഞ്ചു ലക്ഷം രൂപയ്ക്ക് നല്‍കാമെന്നും കെജിഎ ഗ്രൂപ്പുമായുണ്ടാക്കിയ കരാറില്‍ വാഗ്ദാനമുണ്ട്. സര്‍ക്കാര്‍ ഭൂമി കച്ചവടം ചെയ്യാന്‍ മന്ത്രിക്കല്ലെങ്കില്‍ പിന്നെയാര്‍ക്ക് അധികാരം? എങ്ങനെ നോക്കിയാലും ലാഭം ജനാധിപത്യത്തിന്.

അന്വേഷണം പുരോഗമിച്ചപ്പോഴാണ് പിടിച്ചതിനെക്കാള്‍ വലുതാണ് അളയിലിരിക്കുന്നതെന്ന് വ്യക്തമായത്. മന്ത്രിയുടെ മക്കള്‍ക്ക് ഭൂമി വിറ്റ 19 പേരും ശരീരമില്ലാത്ത വെറും ആത്മാക്കള്‍. ജോസി തോമസ്, സിബി തോമസ്, വിശ്വ മോഹന്‍ലാല്‍, വീരപുത്രന്‍, മുനിസ്വാമി, ചെല്ലദുരൈ, യേശു എന്നിവരൊക്കെയുണ്ട്, എല്‍ദോയ്ക്കും രേഖയ്ക്കും രേണുവിനും ഭൂമി വിറ്റവരില്‍.

ഇതില്‍ യേശുവിനെ മാത്രമേ ജില്ലാ ഭരണകൂടത്തിനറിയാവൂ. കറകളഞ്ഞ സമുദായ പ്രവര്‍ത്തകനും സത്യക്രിസ്ത്യാനിയും ഷെവലിയര്‍ പട്ടം വരെ നേടിയവനുമായ കുരുവിളയുടെ മകള്‍ രേഖാ തോമസിന് രാജകുമാരി സബ് രജിസ്ട്രാര്‍ ഓഫീസിലെ ആധാരം നമ്പര്‍ 979 പ്രകാരം ഏദന്‍ തോട്ടത്തിലെ 36.63 ആര്‍ സ്ഥലം കര്‍ത്താവീശോമിശിഹ വില്‍ക്കുന്നതില്‍ ജില്ലാ ഭരണകൂടം ഇടപെടേണ്ട കാര്യമില്ല. വിശ്വാസികള്‍ക്ക് അങ്ങനെ പലതും കിട്ടും.

ഏദന്‍തോട്ടത്തിലെ സ്ഥലം വില്‍ക്കാന്‍ കര്‍ത്താവിന് ആരുടെയും അനുവാദം വേണ്ട. എന്നാല്‍ രാജകുമാരി വില്ലേജില്‍ അതു പറ്റുമോ? മുട്ടിയില്‍ ഏതു വാതിലും തുറക്കുമെന്ന് ബൈബിള്‍ വാക്യം. പത്തൊമ്പത് ആത്മാക്കളുടെയും വീടുതേടിയിറങ്ങിയ ഉദ്യോഗസ്ഥരുടെ കാലു തേഞ്ഞതു മിച്ചം. രജിസ്ട്രാര്‍ ഓഫീസില്‍ നല്‍കിയ വിലാസങ്ങളില്‍ ആരുമേ കിടയാത്.

യേശു മാത്രമല്ല, വീരപുത്രനും മുനിയമ്മയും വിശ്വ മോഹന്‍ലാലുമടക്കം 19 പേരും രൂപവും വിലാസവുമില്ലാത്ത ആത്മാക്കള്‍. ഏപ്രില്‍ 20 മുതല്‍ മെയ് നാലു വരെയുളള നാലു ദിവസങ്ങളില്‍ 50 ഏക്കര്‍ സ്ഥലം ഷെവലിയറുടെ മക്കള്‍ക്ക് വിറ്റിട്ട്, രൂപതയുടെയും മെത്രനച്ചന്റെയും കേരള കോണ്‍ഗ്രസ് ഒറ്റയാന്‍ ഗ്രൂപ്പിലെ പി സി ജോര്‍ജിന്റെയും കണ്ണ് വെട്ടിച്ച് ഓടി മറയുകയായിരുന്നു പ്രസ്തുത ആത്മാക്കള്‍ ചെയ്തത്.

മാന്യരാണ് ആത്മാക്കള്‍. അവരില്‍ ഹിന്ദുവും ക്രിസ്ത്യാനിയുമുണ്ട്. മതവൈരമില്ല. അലമ്പില്ല. വിമോചന സമരം തെല്ലുമേയില്ല. വന്ന കാര്യം നടത്തുക. പിരിയുക.

റിസോര്‍ട്ട് നിര്‍മ്മിക്കാന്‍ നിയമപരമായി അനുമതിയില്ലാത്ത ഭൂമിയാണെന്ന വിവരം മറച്ചു വെച്ചാണ് കെജിഎ ഗ്രൂപ്പിന് ഏതാണ്ട് പത്തുകോടി രൂപയ്ക്ക് വില്‍ക്കാന്‍ കുരുവിളയും മക്കളും തീരുമാനിച്ചത്. അഡ്വാന്‍സായി ആറരക്കോടി രൂപയും വാങ്ങി. ഇതിനിടെയാണ് എലിപിടുത്തവും റിസോര്‍ട്ട് പൊളിക്കലുമായി അച്യുതാനന്ദന്റെ വിപ്ലവ സേന ഇടുക്കിയില്‍ ജനകീയ ജനാധിപത്യ വിപ്ലവം നയിച്ചത്. ഇതോടെ ആറരക്കോടി കൊടുത്തവന്റെ ചങ്കിടിച്ചു തുടങ്ങി.

സ്വന്തം ജനറല്‍ മാനേജരുടെ ഇടപാടില്‍ തെല്ലും സംശയിച്ചിക്കാതെയാണ് എബ്രഹാം സാര്‍ അഡ്വാന്‍സായി ആറരക്കോടി നല്‍കിയത്. വാങ്ങാന്‍ തീരുമാനിച്ച ഭൂമിയ്ക്ക് കരംതീരുവയും പ്രമാണവും ഉണ്ടോയെന്ന് തിരക്കിയത് പിന്നീടാണ്. അവിടെ തുടങ്ങി പ്രശ്നങ്ങള്‍.

ഭൂമിയുടെ കരക്കുടിശികയും കടബാധ്യതയും മറ്റു കുണ്ടാമണ്ടികളും തീര്‍ത്ത് കന്യകയുടെ ചൈതന്യത്തോടെ വില്‍ക്കേണ്ട ചുമതലയുണ്ട് ഭൂമിയുടെ ഉടമയ്ക്ക്. ആഗസ്റ്റ് 31ന് കരാര്‍ കാലാവധി അവസാനിക്കും മുമ്പ് സംഗതി ഔപചാരികമാക്കണം. വില്ലേജ് ഓഫീസില്‍ പോക്കുവരവ് ചെയ്ത് തണ്ടപ്പേരില്‍ രേഖപ്പെടുത്തിയാല്‍ പിന്നെയൊരു നാരായണ സ്വാമിയെയും പേടിക്കേണ്ട.

അങ്ങനെയാണ് കുരുവിള രാജകുമാരി വില്ലേജ് ഓഫീസറെ ഫോണ്‍ കറക്കി വിളിക്കുന്നത്. ആവശ്യം പോക്കുവരവ്. വിളി ഫോണിലാണെങ്കിലും റീസര്‍വെ കഴിഞ്ഞില്ലെന്ന വിവരം എഴുനേറ്റ് നിന്നറിയിച്ചു, രാജകുമാരി വില്ലേജ് ഓഫീസര്‍ തങ്കരാജ്. സാരമില്ലെന്ന് സമാധാനിപ്പിച്ചു, സംസ്ഥാന മന്ത്രി. നടപടിക്രമങ്ങളെക്കുറിച്ചുളള ഡയലോഗുകള്‍ അലവലാതി പൊതുജനത്തോടു മതിയെന്നും പറഞ്ഞുകാണണം. ഷെര്‍വലിയര്‍ക്കെന്ത് റീസര്‍വെ? മന്ത്രിക്കേത് നടപടിക്രമം?

ഓഫീസര്‍ റാന്‍ മൂളി ഫോണ്‍ വച്ചു. പിന്നെ കസേരയിലിരുന്നു. അപേക്ഷ പറന്നെത്തി, അതിനേക്കാള്‍ വേഗതയില്‍ ഫീസും പതിച്ചു. ജെറ്റ് വേഗതയില്‍ സര്‍ക്കാര്‍ യന്ത്രം കറങ്ങിത്തുടങ്ങി. അപ്പോഴല്ലേ സ്വാമി പ്രത്യക്ഷപ്പെട്ടത്.

ഇപ്പോള്‍ വിഷയം സാക്ഷാല്‍ അച്യുതാനന്ദന്റെ മുന്നില്‍. സര്‍വ ഫയലുകളും സിഎമ്മിന്റെ മേശപ്പുറത്ത്. ഏപ്രില്‍ 20 ന് രാജകുമാരി സബ് രജിസ്ട്രാര്‍ ഓഫീസില്‍ നടന്നതു മുതല്‍ വില്ലേജ് ഓഫീസര്‍ ഫീസ് സ്വീകരിച്ച രസീതിന്റെ പകര്‍പ്പു സഹിതം കുരുവിളയുടെ ആജന്മവൈരി പി സി ജോര്‍ജ് ശേഖരിച്ച രേഖകള്‍ വേറെയും.

അച്യുതാനന്ദന്റെ അളവു കോലനുസരിച്ച് സംസ്ഥാന മന്ത്രിസഭയിലെ ബൂര്‍ഷ്വയാണ് ടി യു കുരുവിള. സംസ്ഥാന ഇലക്ഷന്‍ കമ്മിഷനു നല്‍കിയ സത്യവാങ് മൂലം പ്രകാരം മംഗലാപുരത്തും കൊടൈക്കനാലിലും തേനിയിലുമായി കുരുവിളയുടെ പേരില്‍ പരന്നു കിടക്കുന്നത് നാല്‍പത്തിയെട്ടേക്കര്‍ നാല്‍പ്പത്തിനാലു സെന്റ് ഭൂമി. മതിപ്പു വില കേട്ട് ഞെട്ടരുത്. ഏതാണ്ട് എഴുപതു ലക്ഷത്തിനു മേല്‍ മാത്രം.

വിവിധ സ്ഥാപനങ്ങളുടെ ഓഹരിയടക്കമുളള മറ്റ് ജംഗമ സ്വത്തുക്കള്‍ ഏതാണ്ട് ഒരുകോടിയോളം രൂപ വേറെ. സ്വന്തം പേരിലുളള വാഹനങ്ങള്‍ ഒരു ടൊയോട്ട ഇന്നോവയും മഹീന്ദ്ര ജീപ്പും തമിഴ്നാട് രജിസ്ട്രേഷനുളള പിക്ക് അപ് വാനും. പാന്‍ ACUPK 6605P പ്രകാരം 2005-06ല്‍ അടച്ച ആദായനികുതി വെറും 3,93,758 രൂപ. മന്ത്രിസ്ഥാനം കിടച്ചത് നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ആകയാല്‍ ഇക്കുറി ആദായനികുതി കൂടുകയേ ഉളളൂ.

അച്ചായന്‍ ബൂര്‍ഷ്വയാവുമ്പോള്‍ ഭാര്യ ചിന്നമ്മ കുരുവിളയ്ക്കും അങ്ങനെയാവാതെ തരമില്ല. ഇരുപത്തി രണ്ടേക്കര്‍ ഭൂമിയുടെ ജന്മിയാണ് അവരും. സര്‍ക്കാര്‍ നിശ്ചയിച്ചു നല്‍കിയ മതിപ്പുവില ഇരുപത്തി അഞ്ചു ലക്ഷത്തില്‍ അല്‍പം കൂടുതലേയുളളൂ. വാഹനത്തിന്റെ കാര്യത്തില്‍ കുരുവിളച്ചായന്റെ ഇന്നോവയുടെ പത്രാസില്ലെങ്കിലും അവരുടെ പേരിലുമുണ്ട് 1987 മോഡല്‍ അംബാസഡര്‍ കാറൊരെണ്ണം.

ചിട്ടിയും അല്ലറ ചില്ലറ സമ്പാദ്യങ്ങളുമൊക്കെയായി ഏതാണ്ട് അരക്കോടിയോളം രൂപ മിസിസ് കുരുവിളയും ശേഖരിച്ചു വച്ചിട്ടുണ്ട്. മുറുക്കാനോ കാച്ചെണ്ണയോ അലക്കുസോപ്പോ വാങ്ങാന്‍ ഷെവലിയറെ ബുദ്ധിമുട്ടിക്കരുതല്ലോ.

അച്യുതാനന്ദന്റെ പാഠപുസ്തകമനുസരിച്ച് ഷെവലിയര്‍ കുരുവിളയും കുടുംബവും ബൂര്‍ഷ്വാസി. ആ ബൂര്‍ഷ്വാസിയുടെ പേരിലാണ് കോടികളുടെ അഴിമതിയാരോപണം മേശപ്പുറത്തിരുന്നത് പല്ലിളിക്കുന്നത്.

ആദര്‍ശം വിട്ടൊരു കളിയുമില്ല സഖാവിന്. പാര്‍ട്ടി സമ്മേളനങ്ങള്‍ ഇങ്ങടുത്തെത്തി. മൂന്നാറിലിനിയൊന്നും നടക്കുന്ന കോളുമില്ല. ഈ അഴിമതിയാരോപണത്തിന്റെ പേരില്‍ കുരുവിളയെ ബലികൊടുത്താല്‍ അച്യുതാനന്ദന്‍ സഖാവിന്റെ കരിയര്‍ ഗ്രാഫ് ഏതുവരെ ഉയരുമെന്ന് ആലോചിച്ചു നോക്കൂ.

സഹപ്രവര്‍ത്തകന്റെ അഴിമതി കയ്യോടെ പിടിച്ച് ഒരു കിഴുക്കും കൊടുത്ത് മന്ത്രിസഭയ്ക്ക് പുറത്തെറിഞ്ഞാല്‍ വിഎസ് സഖാവിന്റെ കീര്‍ത്തിയും പെരുമയും പിന്നെ പിടിച്ചാല്‍‍ കിട്ടുമോ? സ്വന്തം പാര്‍ട്ടിയിലെയും മുന്നണിയിലെയും നേതാക്കളെയും മന്ത്രിമാരെയും കളിയാക്കിയും കുറ്റപ്പെടുത്തിയും വിരാജിക്കുന്ന അച്യുതാനന്ദന് കിട്ടിയിരിക്കുന്ന ഒന്നാം ക്ലാസ് ഇരയാണ് ഷെവലിയര്‍ കുരുവിള.

രാജു നാരായണ സ്വാമിയെ ഇടുക്കി കളക്ടറായി നിയോഗിക്കുമ്പോള്‍ വിഎസ് സ്വപ്നത്തില്‍ പോലും കരുതിയിട്ടുണ്ടാവില്ല, ഇങ്ങനെയൊരു ഇര സ്വാമിയുടെ ചൂണ്ടയില്‍ കുരുങ്ങുമെന്ന്. അറിഞ്ഞിടത്തോളം റവന്യൂ മന്ത്രിയും വിഎസിന് നല്‍കിയത് കുരുവിളയ്ക്കെതിരായ റിപ്പോര്‍ട്ട്. കൂടുതല്‍ അന്വേഷണത്തിന്റെ ചുമതല റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിത പി ഹരന്

കോട്ടയത്ത് നടക്കാനിരിക്കുന്ന സിപിഎമ്മിന്റെ സംസ്ഥാനസമ്മേളനത്തിനു മുന്നോടിയായി കേരളത്തില്‍ ഒരു മന്ത്രിയുടെ കുരുതി നടക്കുമോ? പിണറായിയുടെ കഴുത്തുവെട്ടാന്‍ മൂര്‍ച്ച കൂട്ടി വച്ചിരിക്കുന്ന വാളിന് ഒരു ടെസ്റ്റ് ഡ്രൈവ്? നമുക്ക് കാത്തിരിക്കാം.

Thursday, August 16, 2007

"സഖാവ്‌, ഹാ! എത്ര സുന്ദരമായ പദം"

(മെയ് 9ന് ദാറ്റ്സ് മലയാളത്തിലെഴുതിയത്. ഇപ്പോഴും പ്രസക്തമെന്നു തോന്നുന്നു)

"മനുഷ്യന്‍, ഹാ! എത്ര സുന്ദരമായ പദം" എന്ന്‌ പറഞ്ഞത്‌ ലിയോ ടോള്‍സ്‌റ്റോയിയാണ്‌. പ്രത്യയശാസ്‌ത്രം ശക്തിപ്രാപിച്ചപ്പോള്‍ ആ വാചകം "സഖാവ്‌ ഹാ! എത്ര സുന്ദരമായ പദം" എന്ന്‌ മാറ്റിയെഴുതപ്പെട്ടു.

അങ്ങനെയാണ്‌ "സഖാവേ" എന്നു വിളിച്ചാല്‍ വിളിക്കുന്നവനും കേള്‍ക്കുന്നവനും ഒരുപോലെ പുളകം വരുന്ന അവസ്ഥ രൂപപ്പെട്ടത്‌.

"സഖാവേ" എന്നു വിളിക്കുന്പോള്‍ മനസിന്റെ പിരിമുറുക്കങ്ങള്‍ മുഴുവന്‍ അയഞ്ഞു പോകും. ആ വിളി കേള്‍ക്കുന്പോള്‍ കേള്‍ക്കുന്നവന്റെ സന്ധിബന്ധങ്ങളിലെ കെട്ടുപാടുകള്‍ ഉരുകും. ചുരുക്കത്തില്‍ ഒരു വ്യക്തി സന്പൂര്‍ണ സോഷ്യലിസം അനുഭവിക്കും.

നേരെ മറിച്ച്‌ ടോള്‍സ്‌റ്റോയി പറഞ്ഞതും കേട്ട് ആരെങ്കിലും ആരെയെങ്കിലും "മനുഷ്യാ" എന്നു വിളിക്കാറുണ്ടോ? തീര്‍ത്തും ഇല്ലെന്നല്ല. കന്നംതിരിവ്‌ കാണിക്കുന്പോള്‍ ചില ഭാര്യമാര്‍ കെട്ടിയവനെ വിളിക്കുന്നത്‌ "ഹേ മനുഷ്യാ" എന്നാണ്‌.

ഈ വിളി കേട്ട്‌ മറുത്തൊന്നും പറയാതെ മിണ്ടാതിരുന്നാല്‍ കുടുംബസമാധാനം ഉറപ്പാക്കാം. അല്ലെങ്കില്‍ കുടുംബത്തില്‍ യുദ്ധം നടക്കും. അത്‌ വ്യക്തമാക്കാനാണ്‌ ടോള്‍സ്‌റ്റോയി "യുദ്ധവും സമാധാനവും" എന്ന നോവലെഴുതിയതെന്നും ഒരു വാദമുണ്ട്‌. അതെന്തോ ആകട്ടെ.

മനുഷ്യനെക്കാള്‍ മെച്ചപ്പെട്ട കക്ഷിയാണ്‌ സഖാവ്‌ എന്ന്‌ എന്ന്‌ ഇപ്പോള്‍ വ്യക്തമായിക്കാണുമല്ലോ?

പഴയകാലത്ത്‌ ഒരു സഖാവിനെ തിരിച്ചറിയാന്‍ ചില അടയാളങ്ങള്‍ ഉണ്ടായിരുന്നു. "പരിപ്പുവടയേ കഴിക്കൂ. കട്ടന്‍ചായയേ കുടിക്കൂ. ദിനേശ്‌ ബീഡിയേ വലിക്കൂ. ഏതു മനുഷ്യനിലുണ്ട്‌ ഈ മൂന്നു ഗുണവും" എന്ന ചോദ്യത്തിന്റെ ഉത്തരമായിരുന്നു പണ്ട്‌ സഖാവ്‌.

ഏറ്റവും മുറ്റിയ സഖാക്കളുളള കണ്ണൂരില്‍ ജനിച്ചു വളര്‍ന്ന ശ്രീനിവാസന്‍ തിരക്കഥയെഴുതി സത്യന്‍ അന്തിക്കാട്‌ സംവിധാനം ചെയ്‌ത സന്ദേശം എന്ന സിനിമയില്‍ ഒരു സഖാവിനു വേണ്ട ഗുണങ്ങള്‍ അക്കമിട്ട്‌ നിരത്തുന്നുണ്ട്‌.

നേരത്തെ സൂചിപ്പിച്ച പരിപ്പുവട, ദിനേശ്‌ ബീഡി, കട്ടന്‍ചായ കോന്പിനേഷന്‍ അതിലും പറഞ്ഞിട്ടുണ്ട്‌.

ചോരച്ചാലുകള്‍ നീന്തിക്കയറുക, തൂക്കുമരങ്ങളില്‍ ഊഞ്ഞാലാടുക, ചോരയില്‍ മുങ്ങി ചോരയില്‍ പൊങ്ങുക, വെടിയുണ്ട വരുന്പോള്‍ വിരിമാറുകാണിക്കുക, ആവശ്യത്തിന്‌ വയലാറിലെ വാരിക്കുന്തം കൈയിലുണ്ടാവുക എന്നിങ്ങനെയുളള വിശേഷഗുണങ്ങളും ഒരു സഖാവിന്‌ നിര്‍ബന്ധമാണ്‌.

ഇത്രയും എഴുതിയത്‌ വേറെ ചിലകാര്യങ്ങള്‍ ഓര്‍മ്മിച്ചപ്പോഴാണ്‌. ഒരു സഖാവ്‌ ആഗോളീകരണകാലത്ത്‌ എങ്ങനെയിരിക്കണം എന്നത് കാറല്‍ മാര്‍ക്‌സോ ഫ്രഡറിക്‌ ഏംഗല്‍സോ വ്‌ലാദിമിര്‍ ലെനിനോ വ്യക്തമാക്കിയിട്ടില്ല. നിലവിലുളള പ്രത്യയശാസ്‌ത്ര വിദഗ്‌ധര്‍ എഴുതിയ പുസ്‌തകങ്ങളിലും അത്‌ കാണാനില്ല.

അതുകൊണ്ട്‌ സമൂഹത്തിനുളള ദോഷങ്ങള്‍ ചില്ലറയുമല്ല. സഖാക്കളുടെ ജീവിതനിലവാരവും ഭൗതിക സാഹചര്യങ്ങളും ഉയരുന്പോള്‍ ജന്മി കുത്തക മൂരാച്ചി ഭൂപ്രഭു ബൂര്‍ഷ്വാ വര്‍ഗങ്ങള്‍ക്ക്‌ കണ്ണുകടിയുണ്ടാവുക സ്വാഭാവികമാണ്‌. പ്രാകൃത കമ്മ്യൂണിസത്തിന്റെ കാലം മുതല്‍ ഇതാണ്‌ അവസ്ഥ.

അതുകൊണ്ടാണ്‌ പാര്‍ട്ടി സെക്രട്ടറി വീടുവയ്‌ക്കുന്പോഴും അദ്ദേഹത്തിന്റെയും മുഖ്യമന്ത്രിയുടെയും മക്കള്‍ സ്വാശ്രയകോളജുകളില്‍ പഠിക്കുന്പോഴും അവിടുന്ന്‌ പുറത്തിറങ്ങി മള്‍ട്ടിനാഷണല്‍ കന്പനികളില്‍ ജോലി ചെയ്യുന്പോഴുമെല്ലാം വര്‍ഗശത്രുക്കള്‍ അപാവദപ്രചരണങ്ങളുമായി രംഗത്ത്‌ വരുന്നത്‌.

ആദര്‍ശം മൊത്തില്‍ തൂക്കി വില്‍ക്കുന്ന സഖാവും അനുഭവിച്ചിട്ടുണ്ട് ഈ ദുര്യോഗം. തന്റെ ഗ്രൂപ്പിലായിരുന്ന കാലത്ത്‌ കണ്ണൂരിലെ ഒരു സഖാവ്‌ പന്ത്രണ്ടു ലക്ഷത്തിന്റെ വീടു വയ്‌ക്കുന്നു എന്ന്‌ ആരോപണമുണ്ടായപ്പോള്‍ നേതാവ്‌ പറഞ്ഞത്‌, നല്ല വീടുവയ്‌ക്കാന്‍ ഇക്കാലത്ത്‌ അത്രയൊക്കെ ആവുമെന്നാണ്‌. വീടു വച്ച സഖാവ്‌ ഗ്രൂപ്പു മാറിയപ്പോള്‍ നേതാവിന്റെ സ്വരവും മാറിയെന്നത്‌ വേറെ കാര്യം.

മുഖ്യമന്ത്രിയായിരുന്ന സഖാവിന്റെ മകന്റെ വിവാഹത്തിന്‌ സ്വര്‍ണാഭരണങ്ങള്‍ ചാക്കില്‍ കെട്ടി വധുവിന്റെ തലവഴി കൊണ്ടിടുകയായിരുന്നെന്നും ആരോപണമുയര്‍ന്നിരുന്നു. "അവരുടെ മകള്‍ക്ക് അവരിത്തിരി സ്വര്‍ണം കൊടുത്താല്‍ നമുക്കെന്താടോ" എന്ന പ്രത്യയശാസ്ത്രത്തമാശ പറഞ്ഞ മുഖ്യമന്ത്രി സഖാവ് വിവാദത്തെ പുല്ലു പോലെ നേരിട്ടു.

തമാശ പറയുന്നതു പോയിട്ട് ഒന്നു ചിരിക്കാന്‍ പോലും വിവാദത്തിരക്കുകളില്‍ ഇന്നത്തെ സഖാക്കള്‍ക്ക് സമയവുമില്ല.

സഖാക്കള്‍ മന്ത്രിമാരായപ്പോള്‍ വീടുമോടിപിടിപ്പിക്കുന്നതിന്‌ ഏതാനും ലക്ഷങ്ങള്‍ മുടക്കിയെന്ന പുക്കാറുണ്ടാക്കിയിട്ടും ഏറെ കാലമായിട്ടില്ല.

ഈ വിവാദങ്ങളെല്ലാം ഉണ്ടാകുന്പോള്‍ ഉയരുന്നൊരു മറുപടിയുണ്ട്‌. "ഞങ്ങളെന്താ കട്ടന്‍ചായയും കുടിച്ച്‌ പാര്‍ട്ടി ഓഫീസില്‍ കിടക്കണമെന്നാണോ പറയുന്നത്‌, കാലം മാറുന്നതിനനുസരിച്ച്‌ ജീവിതരീതിയും മാറേണ്ടേ" എന്നാണ് സഖാക്കളുടെ ചോദ്യം .

യഥാര്‍ത്ഥത്തില്‍ കുറ്റം സഖാക്കളുടേത്‌ തന്നെയാണെന്ന്‌ പറയാതെ വയ്യ. ജനമിപ്പോഴും സഖാക്കളെക്കുറിച്ച്‌ വിചാരിച്ചു വച്ചിരിക്കുന്നത്‌ പഴയ വിപ്ലവലൈനില്‍ തന്നെയാണ്‌. സഖാക്കള്‍ മാറിപ്പോയതൊന്നും പാവം ജനം ഇതുവരെയറിഞ്ഞിട്ടില്ല.

അവരുടെ അജ്ഞത മുതലെടുക്കാന്‍ ആഗോളമുതലാളിത്തത്തിനെയും കുത്തകമൂലധന ശക്തികളെയും അവരുടെ പിണിയാളുകളായ വര്‍ഗവഞ്ചകരെയും ഇനിയും അനുവദിക്കണോ എന്നതാണ്‌ ചോദ്യം. പാടില്ല എന്ന വിപ്ലവകരമായ മറുപടിയാണ് മാരീചനുളളത്.

ആദ്യം ചെയ്യേണ്ടത്‌ ഈ സഖാവിന്റെ നിര്‍വചനം മാറ്റുകയാണ്‌. കട്ടന്‍ചായ, ദിനേശ്‌ ബീഡി, പരിപ്പുവട ലൈന്‍ പരിഷ്‌കരിച്ചതായും പിസ, ബര്‍ഗര്‍, ഷാംപൈന്‍, മാല്‍ബറോ ലൈന്‍ സ്വീകരിച്ചതായി പ്രഖ്യാപിക്കുക. കൊട്ടുവടിയ്‌ക്കു പകരം റെമിമാര്‍ട്ടിന്‍ ആകാം.

ജര്‍മന്‍ നിര്‍മ്മിത ദാസ്‌ ക്യാപിറ്റലായിരുന്നു പണ്ടു നമ്മുടെ മൂലധനം. ഇപ്പോള്‍ ജര്‍മെന്‍ മെയ്‌ഡ്‌ റിവോള്‍വറാണ്‌ ഉത്തമം. മക്കളുണ്ടായാല്‍ കോയന്പത്തൂരോ ബാംഗ്ലൂരോ ഉളള മികച്ച സ്ഥാപനങ്ങളില്‍ പഠിപ്പിക്കുന്നവനാകണം യഥാര്‍ത്ഥ സഖാവ്‌.

അവിടെ പഠിച്ചാല്‍ മാത്രം പോര. ലണ്ടനിലെ ബര്‍മിംഗ്‌ഹാമില്‍ ജോലി കൂടി ലഭിച്ചാല്‍ ഒന്നാന്തരം സഖാവ്‌ എന്ന്‌ സര്‍ട്ടിഫിക്കറ്റ്‌ നല്‍കാം.

സാക്ഷാല്‍ കാറല്‍ മാര്‍ക്‌സ്‌ സ്വപ്‌നം കാണാത്ത വിപ്ലവത്തിന്റെ മുഖമാണിത്‌. മുതലാളിത്തത്തിന്റെ സ്‌ക്കൂളുകളില്‍ പഠിച്ച്‌ മുതലാളിയുടെ സ്ഥാപനങ്ങളില്‍ ജോലി ചെയ്‌ത്‌ രഹസ്യങ്ങള്‍ മനസിലാക്കി അവസാനം അവനെ പരാജയപ്പെടുത്തുക.

ചാരനും സൈനികനും തമ്മിലുളള വ്യത്യാസമാണ്‌ ഇവിടെയുളളത്‌. ചാരന്റെ ജോലി ഒരു സൈനികന്റേതിനെക്കാള്‍ ആപല്‍ക്കരമല്ലേ. ഏതു നിമിഷവും പിടിക്കപ്പെടാം. പിടിക്കപ്പെട്ടാലോ വധശിക്ഷ ഉറപ്പ്‌. എന്നാല്‍ തിരിച്ചറിയാതിരുന്നാലോ. മറ്റേ രാജ്യത്തിന്റെ സ്വന്തം ആളെന്നല്ലേ പറയൂ.

യുദ്ധം വന്നാലേ സൈനികനെ ആരെങ്കിലും മൈന്‍ഡു ചെയ്യൂ. അല്ലാത്തപ്പോള്‍ കാന്റീനിലെ ഉണക്കച്ചപ്പാത്തിയും വിലകുറഞ്ഞ റമ്മുമായി ചത്തതിനൊക്കുമേ ജീവിക്കാം.

എന്തിന്‌ ചാരനെയും രാജ്യതന്ത്രങ്ങളെയും കൂട്ടുപിടിക്കണം. ശ്രീനിവാസന്റെ തന്നെ നാടോടിക്കാറ്റ്‌, പട്ടണപ്രവേശം എന്നീ ചിത്രങ്ങളില്‍ മുതലാളിയുടെ സ്ഥാപനങ്ങളില്‍ ജോലി ചെയ്‌താണ്‌ ദാസനും വിജയനും അധോലോകമുതലാളിത്തത്തെ അമര്‍ച്ച ചെയ്യുന്നത്‌.

മൂലധനശക്തികളുടെ താവളത്തിലേയ്‌ക്ക്‌ കേവലം ഒരു സര്‍ട്ടിഫിക്കറ്റിന്റെ ബലത്തില്‍ സ്വന്തം മക്കളെ അയയ്‌ക്കൂന്ന ത്യാഗിവര്യരാണ്‌ നമ്മുടെ സഖാക്കളെന്ന്‌ ജനം ഇനിയെന്നാണ്‌ തിരിച്ചറിയുക.

ശത്രുവിന്‍റെ കൂടാരത്തില്‍ കടന്ന് അവന്റെ തലയറുത്തു വരാന്‍ മക്കളെ കളരിപഠിപ്പിച്ച് പറഞ്ഞു വിടുന്ന വടക്കന്‍പാട്ട് നായകരുടെ കുലത്തില്‍ പിറന്നവര്‍ക്ക് അടവും തന്ത്രവും ആരെങ്കിലും പറഞ്ഞു കൊടുക്കണോ?

വടക്കന്‍പാട്ടിലെ ചെങ്കീരികള്‍ക്ക്‌ വാളും ഉറുമിയും ഉറുക്കും നൂലും പിന്നെ ചാപ്പനെപ്പോലുളള ചങ്ങാതിമാരുടെയും കൂട്ടൂണ്ടായിരുന്നു.

ഇന്നോ, അമൃതാനന്ദമയിയുടെയും ജിപിസി നായരുടെയും കോളജില്‍ നിന്ന് ഒരു സര്‍ട്ടിഫിക്കറ്റ് ധാരാളം.

ഇപ്പോള്‍ മനസിലായില്ലേ, നിര്‍വചനങ്ങളും മുന്‍വിധികളും മാറ്റിയെഴുതേണ്ടതിന്റെ അനിവാര്യത. ലിസ്‌റ്റ്‌ ഇനിയും നീട്ടാം.

മക്കള്‍ ആണായാലും പെണ്ണായാലും സ്വാശ്രയകോളജില്‍ പഠിക്കണം. കഴിയുമെങ്കില്‍ മുപ്പതാം വയസില്‍ കുറഞ്ഞത്‌ കയര്‍ഫെഡ്‌ എംഡി പോലുളള പദങ്ങളില്‍ ജോലി ചെയ്‌തിരിക്കണം.

എസ്‌എസ്‌എല്‍സി കഷ്ടിച്ചു പാസായാലും രാജീവ്‌ ഗാന്ധി ബയോടെക്‌നോളജി പോലുളള സ്ഥാപനങ്ങളില്‍ സയന്റിസ്റ്റില്‍ കുറഞ്ഞ്‌ ഒരു ജോലിയും സ്വീകരിക്കരുത്‌.

ഇതൊക്കെ ചേര്‍ത്ത്‌ പാര്‍ട്ടി കോണ്‍ഗ്രസ്‌ ഒരു പ്രമേയം പാസാക്കി സംസ്ഥാനക്കമ്മിറ്റിയില്‍ ചര്‍ച്ചയും ചെയ്‌ത്‌ പിന്നീട്‌ ഒരു പാര്‍ട്ടികത്താക്കി അതു ചോര്‍ത്തി പത്രങ്ങളിലും കൊടുത്താന്‍ ജനം വഴിക്കു വരുമെന്നേ.

വരാതെവിടെപ്പോകാന്‍!

Thursday, August 09, 2007

വിവരക്കേടോ....ഗന്ധര്‍വന്റെ ഗതികേടോ....?

ലേഖനത്തിന്റെ പൂര്‍ണരൂപം ദാറ്റ്സ് മലയാളത്തില്‍....

"എന്റെ പാട്ടുകള്‍ ആര്‍ക്കു വേണമെങ്കിലും പാടാം. പക്ഷേ അതു നിലവിലുളള നിഷ്ഠകളും നിയമങ്ങളും അനുസരിച്ചായിരിക്കണം". പുതിയ പാട്ടുകാര്‍ക്ക് ഗായകന്‍ കെ ജെ യേശുദാസിന്റെ ഔദാര്യം.

"എന്റെ പാട്ടുകള്‍" ഏതാണെന്ന് ഗന്ധര്‍വന്‍ നിര്‍വചിച്ചിട്ടില്ല. തരംഗിണിയുടെ പാട്ടുകളാണോ, അതോ യേശുദാസ് പാടുന്ന എല്ലാ പാട്ടുകളുമാണോ? രണ്ടായാലും നിഷ്ഠയും നിയമവും പാലിച്ചു പാട്ടുപാടണമെന്ന് കല്‍പിക്കാന്‍ യേശുദാസിന് അധികാരമില്ല തന്നെ.

വരമായി കിട്ടിയ നല്ലശബ്ദത്തിന് മലയാളി ഇത്രയും കാലം നല്‍കിയ അംഗീകാരവും ബഹുമാനവും കച്ചവടമനസിന്റെ വൃത്തികെട്ട വാദങ്ങള്‍ കൊണ്ട് യേശുദാസ് കളഞ്ഞു കുളിക്കുന്ന ലക്ഷണമാണ്.

പണ്ട് മധുബാലകൃഷ്ണനെയും ഉണ്ണിമേനോനെയും യേശുദാസിന്റെ മകന്‍ വിനോദ് ഭീഷണിപ്പെടുത്തിയപ്പോഴുണ്ടായ വിവാദത്തെ മൗനം കൊണ്ടാണ് ഗാനഗന്ധര്‍വന്‍ അതിജീവിച്ചത്. അന്ന് ബുദ്ധിപൂര്‍വമായ നിശബ്ദത പാലിച്ച യേശുദാസ് വീണ്ടും വിവാദങ്ങളിലേയ്ക്ക് മടങ്ങി വരികയാണ്.

എന്താണ് എന്റെ പാട്ടെന്നതു കൊണ്ട് യേശുദാസ് ഉദ്ദേശിക്കുന്നത്? സ്വയം വരികളെഴുതി ഈണമിട്ട് പാടി കസെറ്റിറക്കിയിട്ടുണ്ടോ? ആരോ എഴുതി ആരോ ഈണമിട്ട പാട്ടുകളാണോ ദേവലോകത്തെ ഗന്ധര്‍വന്‍ പാടുന്നതെന്നറിയില്ല. ഏതായാലും മലയാളത്തിലെ ഗന്ധര്‍വന്‍ അങ്ങനെ പാടുന്നയാളാണ്.

Tuesday, August 07, 2007

ശരിയാണ് സഖാവേ.. ജനമാണ് കുറ്റക്കാര്‍...

ദാറ്റ്സ് മലയാളം ലേഖനം - 07-08-2007

ഇതാണ് പിണറായിയും വിഎസും തമ്മിലുളള വ്യത്യാസം. ആവേശത്തിമിര്‍പ്പില്‍ അച്യുതാനന്ദന്‍ അതുമിതും പറയുമ്പോള്‍ പിണറായി വിജയന്‍ അളന്നുമുറിച്ച് സത്യം പറയുന്നു. സിപിഎമ്മിലെ പിണറായി ഗ്രൂപ്പിനോട് മാരീചനുളള സ്നേഹത്തിനു കാരണവും അതുതന്നെയാണ്.

കേസരി സ്മാരകത്തിലെ മീറ്റ് ദി പ്രസില്‍ പങ്കെടുത്ത് പിണറായി വിജയന്‍ പറഞ്ഞത് കേട്ടില്ല. ജനത്തിന് സിപിഎമ്മിനെക്കുറിച്ച് ചില തെറ്റിദ്ധാരണകളുണ്ടെന്ന്.

കേരള പത്രപ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം കേസരി സ്മാരകത്തില്‍ കഴിഞ്ഞയാഴ്ച വി എസിനെ വിളിച്ച് മീറ്റ് ദി പ്രസ് സംഘടിപ്പിച്ചിരുന്നു. ഓര്‍മ്മയില്ലേ ആ സംഭവം.

(വഴിക്ക് പറയട്ടെ, സിപിഎമ്മില്‍ വിഎസ് പിണറായി ഗ്രൂപ്പുകള്‍ ഉളളതു പോലെ തന്നെ പത്രപ്രവര്‍ത്തകരുടെ ഇടയിലും സ്വന്തം നിലയില്‍ ഗ്രൂപ്പുണ്ട്. പ്രസ് ക്ലബ് കയ്യിലുളളവര്‍ അവിടെ പത്രസമ്മേളനം നടത്തും. പ്രസ് ക്ലബിന്റെ എതിര്‍ഗ്രൂപ്പാണ് പത്രപ്രവര്‍ത്തക യൂണിയന്‍ ഭരിക്കുന്നത്. അവരാണ് മീറ്റ് ദി പ്രസ് പരിപാടിയുടെ ഉപജ്ഞാതാക്കളും പ്രായോജകരും).

നമുക്ക് വിഷയത്തിലേയ്ക്ക് തിരികെ വരാം. വെറുക്കപ്പെട്ടവന്റെ തലയില്‍ കിരീടം ചൂടിയാണ് വിഎസ് മീറ്റ് ദി പ്രസില്‍ ആളായത്. എന്നാലിതാ, പിണറായിയിലെത്തിയപ്പോള്‍ സംഗതി സിമ്പിള്‍.

അദ്ദേഹം തുറന്നു പറയുന്നു. സിപിഎമ്മിനെക്കുറിച്ച് ജനങ്ങള്‍ക്ക് തെറ്റിദ്ധാരണകളുണ്ട്. ആ തെറ്റിദ്ധാരണയ്ക്കു മേലേ സിപിഎമ്മിന്റെ അടിത്തറ ശക്തിപ്പെടുകയാണെന്നും സഖാവ് വെളിപ്പെടുത്തുന്നു.

എന്താണ് സിപിഎമ്മിനെക്കുറിച്ച് ജനത്തിനുളള തെറ്റിദ്ധാരണകള്‍? ഒന്നൊന്നായി നമുക്ക് നോക്കാം.

ഈ പാര്‍ട്ടി തൊഴിലാളി വര്‍ഗപ്പാര്‍ട്ടിയാണ് എന്നതത്രേ ഒന്നാമത്തെ തെറ്റിദ്ധാരണ. തൊഴിലാളി വര്‍ഗപ്പാര്‍ട്ടിയുടെ നേതാക്കളില്‍ ഏതെങ്കിലും തൊഴിലെടുക്കുന്ന ആരെങ്കിലുമുണ്ടോ? പാര്‍ട്ടിപ്പണിയും സംസ്ഥാന ഭരണവും തൊഴിലിന്റെ നിര്‍വചനത്തില്‍ പെടുമെങ്കില്‍ പിന്നെ ചോദ്യമില്ല.

ഭരണകൂടം കൊഴിഞ്ഞു വീഴുമെന്ന് സ്വപ്നം കാണുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന പാര്‍ട്ടി അങ്ങനെ കരുതുമോ? ഭരണവും മന്ത്രിപ്പണിയും കൊളളാവുന്ന തൊഴിലുകളുടെ ഗണത്തില്‍ പെടുത്തിയ പ്രമേയം ഇതുവരെ പി ബി അംഗീകരിച്ച് ബ്രാഞ്ചു കമ്മിറ്റികളില്‍ അയച്ചിട്ടില്ല.

പ്രകാശ് കാരാട്ട് മുതല്‍ സാദാ ലോക്കല്‍ സെക്രട്ടറി വരെ ജീവിതകാലത്ത് ഏതെങ്കിലും തൊഴിലു ചെയ്തിട്ടുണ്ടോ, ഇനി ചെയ്യാന്‍ ഉദ്ദേശമുണ്ടോ എന്നൊന്നും ചോദിക്കരുത്. വലയ്ക്കുന്ന ചോദ്യങ്ങള്‍ അല്ലെങ്കിലും പാര്‍ട്ടിക്ക് ഇഷ്ടവുമല്ല.

പണിയെടുത്തിട്ടില്ലാത്തവര്‍ പാര്‍ട്ടി നേതൃസ്ഥാനത്തില്ലെന്ന് പറയരുത്. എയര്‍ഹോസ്റ്റസായിരുന്നു സഖാവ് വൃന്ദാ കാരാട്ട്. സഖാവ് പിബിയില്‍ പ്രവര്‍ത്തിക്കുന്നില്ലേ. എയര്‍ ഹോസ്റ്റസായ വൃന്ദാ കാരാട്ട് പിബിയിലെത്തിയതിന് കാവ്യനീതിയുമുണ്ട്. എത്രവട്ടമാണ് ഭര്‍ത്താവ് സഖാവ് പ്രകാശ് കാരാട്ട് വിമാനമേറി തിരുവനന്തപുരത്ത് വന്നത്, സ്വന്തം നാട്ടിലെ പാര്‍ട്ടിയിലെ അടി പറഞ്ഞൊതുക്കാന്‍.

ഇനിയെന്താണ് തെറ്റിദ്ധാരണ? തൊഴിലാളി വര്‍ഗ സാഹോദര്യം പ്രചരിപ്പിക്കുന്ന പാര്‍ട്ടിയാണ് സിപിഎം. സാഹോദര്യത്തിന്റെ കാര്യം സിപിഎമ്മിലുളളതു പോലെ മറ്റൊരു പാര്‍ട്ടിയിലുമില്ല.

സഖാവ് പിണറായി എന്നാരെങ്കിലും പറഞ്ഞാലുടനെ അച്യുതാനന്ദന്റെ പല്ലു ഞെരിയുന്ന ശബ്ദം കേള്‍ക്കാം. അത്രയ്ക്കുണ്ട് സാഹോദര്യം . വിഎസ് എന്നു കേട്ടാല്‍ നമ്പര്‍ വണ്‍ എന്നാണ് പിണറായി ചുണ്ടു വിരല്‍ പൊക്കി പറയുന്നത്. ഒന്നിനു പോകണമെന്ന് പരിഭാഷ.

ദീപികയും ക്രൈമും ഉപയോഗിച്ചാണ് പരസ്പരം സാഹോദര്യം പ്രചരിപ്പിക്കുന്നത്. ജനാധിപത്യവ്യവസ്ഥയില്‍ സാഹോദര്യം ഈ പോക്കാണ് പോകുന്നതെങ്കില്‍ ഭരണകൂടങ്ങള്‍ 'ടപ്പേ', 'ടപ്പേ'യെന്ന് കൊഴിഞ്ഞു വീഴുമ്പോഴുളള സാഹോദര്യം ഏതുരൂപത്തിലായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുളളൂ!

ഇനി സ്വന്തം ജീവിതകാലത്തെങ്ങാനും ഭരണകൂടം കൊഴിഞ്ഞു വീഴുന്ന സാഹചര്യം ഉണ്ടായാല്‍ നേരിടുന്നതിന്ജര്‍മ്മനിയില്‍ നിര്‍മ്മിച്ച തോക്കൊരെണ്ണം കരുതിയിട്ടുണ്ട് പിണറായി സഖാവ് . ഉണ്ട ചെന്നൈയില്‍ നിന്നാണ് വരുത്തുന്നത്. കുറ്റം പറയരുതല്ലോ, 'ദാസ് കാപ്പിറ്റല്‍' സൃഷ്ടിച്ച് ഈ ഏടാകൂടമെല്ലാം വരുത്തി വച്ച സാക്ഷാല്‍ കാറല്‍ മാര്‍ക്സും ജര്‍മ്മന്‍ മെയിഡായിരുന്നു.

ലളിതജീവികളാണ് സിപിഎമ്മിന്റെ പ്രവര്‍ത്തകര്‍ എന്നാണ് ജനത്തിന്റെ മറ്റൊരു തെറ്റിദ്ധാരണ. സിംഗപ്പൂര്‍ മുതല്‍ ചെന്നൈ വരെ പരന്നു കിടക്കുന്നതാണ് സഖാക്കളുടെ ലളിത ജീവിതം. സാന്റിയാഗോ മാര്‍ട്ടിനും ലിസ് ചാക്കോയും മുതല്‍ പുതിയ അവതാരം ഫാരിസ് അബൂബേക്കര്‍ വരെയുളളവരാണ് ലളിത ജീവിതത്തിനു വേണ്ട ചില്വാനം നല്‍കുന്നത്.

പരിപ്പുവടയും കാജാബീഡിയും വലിച്ചിരുന്നാല്‍ ജനം കോണ്‍ഗ്രസില്‍ ചേര്‍ന്ന് ജയ് ഹിന്ദ് ടിവി കാണുമെന്നും വീക്ഷണം പത്രം വായിച്ച് നശിക്കുമെന്നും പുതിയ താത്വികാചാര്യന്‍ ഇ പി ജയരാജന്‍ വ്യക്തമാക്കിക്കഴിഞ്ഞു.

അഭിപ്രായ വ്യത്യാസങ്ങള്‍ പാര്‍ട്ടി കമ്മിറ്റികളില്‍ ചര്‍ച്ച ചെയ്ത് വ്യക്തത വരുത്തുകയും ഭൂരിപക്ഷതീരുമാനം ന്യൂനപക്ഷം അംഗീകരിക്കുകയും ചെയ്യുകയാണ് സിപിഎം ചെയ്യുന്നതെന്ന് ജനം തെറ്റദ്ധരിക്കുന്നു. പാര്‍ട്ടി അങ്ങനെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നു.

വ്യത്യസ്ത അഭിപ്രായങ്ങള്‍ പത്രങ്ങള്‍ വഴിയും ചാനല്‍ വഴിയും പ്രചരിപ്പിച്ച് വഴിയേ പോകുന്നവരെയും മറുപാര്‍ട്ടിക്കാരെയും മാധ്യമപ്രവര്‍ത്തകരെയും വരെ രണ്ടു ഗ്രൂപ്പുകളായി വിഭജിക്കുക എന്നതാണ് പാര്‍ട്ടി ചെയ്യുന്നത്. അത്തരം പാര്‍ട്ടിയെയും അതിന്റെ നേതാക്കളെയും കുറിച്ച് ഈ വിധം തെറ്റിദ്ധാരണകള്‍ ജനത്തിന് തീര്‍ച്ചയായും വന്നുകൂടാത്തതാണ്.

പിണറായിയുടെ ശബ്ദം വിഎസിന്റെ കാതിന് സംഗീതം

ഒരുവന്റെ ശബ്ദം അപരന്റെ കാതുകളില്‍ സംഗീതം പോലെ മുഴങ്ങുന്ന കാലം വരുത്താന്‍ യത്നിക്കുന്നവരാണ് സിപിഎമ്മുകാര്‍ എന്ന് ജനം തെറ്റിദ്ധരിക്കുന്നു. യേശുദാസും പി ജയചന്ദ്രനും കെ എസ് ചിത്രയും തൊട്ട് അഫ്സലും റിമി ടോമിയും പിന്നെ ടെലിവിഷന്‍ ചാനലുകളിലെ പാട്ടു പരിപാടികളില്‍ പങ്കെടുക്കുന്ന അസംഖ്യം കുട്ടികളും മാത്രം ജീവിച്ചിരുന്നാല്‍ മതിയെന്ന് പാര്‍ട്ടിക്കമ്മിറ്റി തീരുമാനിച്ചാല്‍ പോരേ. ബാക്കിയുളളവരെ നാടുകടത്തുകയോ വെടിവെച്ചു കൊല്ലുകയോ ചെയ്താല്‍ നിഷ്പ്രയാസം ഈ ലോകം സാധ്യമാക്കാവുന്നതേയുളളൂ.

സംഗതി ഇങ്ങനെയാണെന്നു കരുതി കെ എം ഷാജഹാന്റെ സംഗീതക്കച്ചേരി പിണറായിയുടെയോ ബേബിയുടെയോ കാതുകളില്‍ അമൃതമഴയായി പെയ്തിറങ്ങുമോ?

ആഗ്രഹം അതാണെന്നു വച്ച് തോമസ് ഐസക്കിന്റെയോ ജി സുധാകരന്റെയോ ശബ്ദം വി എസ് അച്യുതാനന്ദന്റെയും ചന്ദ്രന്‍പിളളയുടെയും കാതുകള്‍ക്ക് സംഗീതധാരയാകുമോ? ആ നാദപ്രവാഹത്തില്‍ അവര്‍ സ്വയം മറന്ന് ലയിച്ചിരിക്കുമോ? സ്വയം മറന്ന് ലയിച്ചിരുന്നാല്‍ പാര്‍ട്ടിയ്ക്കു വെളിയിലിരുന്ന് ശിഷ്ടകാലം ഷാജഹാനെപ്പോലെ കച്ചേരി നടത്താം.

ജീവിതത്തില്‍ കമ്മ്യൂണിസ്റ്റ് മൂല്യങ്ങള്‍ കാത്തു സൂക്ഷിക്കുന്നവരാണ് മാര്‍ക്സിസ്റ്റുകാരെന്ന ജനത്തിന്റെ തെറ്റിദ്ധാരണ പാര്‍ട്ടി തന്നെ നേരിട്ട് തിരുത്തിയിട്ടുണ്ട്. സംശയമുണ്ടെങ്കില്‍ സിപിഎം കേരള സംസ്ഥാനക്കമ്മിറ്റി 1-12-2006ന് പ്രസിദ്ധീകരിച്ച നാലാം പാര്‍ട്ടികത്തിലെ 134, 135 പേജുകള്‍ വായിക്കുക.

"സ്വയമേവ സ്ഥാനം ആഗ്രഹിച്ചു കൊണ്ട് അത് നേടിയെടുക്കാനുളള ഉപജാപപ്രവൃത്തികളില്‍" ഏര്‍പ്പെടുന്നവരുണ്ടത്രേ പാര്‍ട്ടിയില്‍. "സ്വന്തം കഴിവ് പെരുപ്പിച്ച് കാണിക്കുകയും സ്വന്തം സഹപ്രവര്‍ത്തകരെ അപകീര്‍ത്തിപ്പെടുത്തുകയും" ചെയ്യുന്ന നേതാക്കളുണ്ടെന്നാണ് പാര്‍ട്ടി തന്നെ പറയുന്നത്.

പണ്ട് കരുണാകരനെയും മകനെയും കുറിച്ചൊക്കെയാണ് ഈ വിധം വിശേഷണങ്ങള്‍ സഖാക്കള്‍ പറഞ്ഞിരുന്നത്. തങ്ങളില്‍ ചിലര്‍ കൊളളരുതാത്ത സ്വഭാവമുളളവരാണെന്ന് ഒരുപാര്‍ട്ടി തന്നെ സ്വയം സാക്ഷ്യപ്പെടുത്തുമ്പോള്‍ എതിര്‍ക്കാന്‍ ആര്‍ക്കുളളൂ ധൈര്യം.

ഇതിനെക്കളൊക്കെ രസകരമായ വിവരമാണ് പ്രസ്തുത പാര്‍ട്ടി കത്തിന്റെ പേജ് നമ്പര്‍ 136ലുളളത്. അത് അതുപോലെ ഉദ്ധരിക്കാന്‍ മാരീചനെ അനുവദിക്കുക.

"ഇപ്പോള്‍ വന്‍തുകകള്‍ സംഭാവന ലഭിക്കാനുളള സാധ്യതയുണ്ട്. വന്‍തുകകള്‍ക്ക് പിന്നില്‍ സ്ഥാപിത താല്‍പര്യങ്ങള്‍ പതിയിരിക്കുന്നുവെന്ന് നാം കാണണം. കൂടുതല്‍ ജനങ്ങള്‍ക്കിടയിലേയ്ക്ക് പോയി ചെറിയ തുകകള്‍ സംഭാവന പിരിക്കുന്ന ശൈലിയാണ് സ്വീകരിക്കേണ്ടത്".

1997 മാര്‍ച്ച് 8 മുതല്‍ 10 വരെ ചേര്‍ന്ന സംസ്ഥാനക്കമ്മിറ്റി അംഗീകരിച്ച തെറ്റു തിരുത്തല്‍ രേഖയിലുളളതാണ് ഈ ഭാഗമെന്നും പാര്‍ട്ടി കത്ത് ഓര്‍മ്മിപ്പിക്കുന്നു, വൈരുദ്ധ്യാധിഷ്ഠിത ഭൗതിക വാദത്തിന്റെ മറ്റൊരു വശമായാണ് മാരീചന്‍ ഇതിനെ കാണുന്നത്. ഏതാണ്ട് ഒരു കുമ്പസാരം പോലെയാണ് സംഗതി.

ചെയ്തുപോയ തെറ്റുകളെക്കുറിച്ചാണ് കുമ്പസാരിക്കുന്നത്. ചെയ്യാനിരിക്കുന്ന തെറ്റുകളെക്കുറിച്ചല്ല. അതുപോലെ 1997 മാര്‍ച്ച് 7 വരെ ചെയ്ത തെറ്റുകളെയാണ് പ്രസ്തുത സംസ്ഥാന കമ്മിറ്റി തിരുത്തിയത്.

അതിനു ശേഷം വേറെ തെറ്റുകള്‍ നാം ചെയ്യും. അടുത്ത തെറ്റു തിരുത്തല്‍ രേഖയില്‍ ഇതെല്ലാം തിരുത്തുകയും ചെയ്യും. ആദ്യം തെറ്റു ചെയ്യുക, പിന്നെ തിരുത്തുക എന്നതാണ് പാര്‍ട്ടി ലൈന്‍. ബൂര്‍ഷ്വകള്‍ക്ക് അത്രവേഗം പിടികിട്ടുന്ന സംഗതിയല്ല ഇത്.

നോക്കുക. ചെറിയ തുക സ്വീകരിക്കണമെന്ന് പാര്‍ട്ടി നയം. രണ്ടു കോടി വലിയ തുകയാണെന്നത് നാട്ടുകാര്‍ക്കുളള തെറ്റിദ്ധാരണയാണ്. പാര്‍ട്ടിയുടെ ധാരണ അത് ചെറിയ തുകയാണെന്നാണ്.

സൈബര്‍ ടെക്നോളജി മനുഷ്യജീവിതത്തെ മാറ്റി മറിക്കുന്ന ഇക്കാലത്ത് രണ്ടുകോടി ഒരു വലിയ തുകയാണെന്നു കരുതുന്ന ജനത്തെ തുപ്പാക്കി പ്രയോഗിച്ച് 'ടിഷ്യും' 'ടിഷ്യും' ശൈലിയില്‍ ചുടുകയാണ് വേണ്ടത്.

പക്ഷേ ജനത്തോട് പാര്‍ട്ടി ക്ഷമിക്കുകയാണുണ്ടായത്. ഈ വിധം ജനത്തോട് ക്ഷമിക്കുന്ന പാര്‍ട്ടിയെ നാം അംഗീകരിക്കേണ്ടേ, അതിന്റെ നേതാക്കളെ പൂവിട്ട് പൂജിക്കേണ്ടേ, അവരുടെ അപദാനങ്ങള്‍ വാഴ്ത്തിപ്പാടേണ്ടേ...

"സര്‍വരാജ്യത്തൊഴിലാളികളെ സംഘടിക്കുവിന്‍, നിങ്ങള്‍ക്ക് നഷ്ടപ്പെടാന്‍ കൈവിലങ്ങുകള്‍ മാത്രം" എന്ന മുദ്രാവാക്യത്തില്‍ സിപിഎം ഇപ്പോഴും വിശ്വസിക്കുന്നുവെന്ന് ജനം തെറ്റിദ്ധരിക്കുന്നു.

"സര്‍വരാജ്യത്തൊഴിലാളികളേ, സിക്കിം ലോട്ടറിയെടുക്കുവിന്‍, നിങ്ങള്‍ക്ക് നഷ്ടപ്പെടാന്‍ സമ്പാദ്യം മാത്രം" എന്നതാണ് പുതിയ മുദ്രാവാക്യം. പക്ഷേ, ജനത്തിനിപ്പോഴും തെറ്റിദ്ധാരണ തന്നെ.

സ്വന്തം സഖാക്കളെ ഒറ്റികൊടുക്കാത്തവരാണ് സിപിഎമ്മുകാര്‍ എന്നാണല്ലോ ജനം കരുതുന്നത്. നടേ പറഞ്ഞ പാര്‍ട്ടി രേഖ വായിച്ചു നോക്കൂ. പേജ് 137. രണ്ടാം ഖണ്ഡിക.

"പാര്‍ട്ടി രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുക്കുന്നതിന് തയ്യാറാകുന്ന ചിലര്‍ പാര്‍ട്ടിയില്‍ ഉളളതായി "രേഖ വെളിപ്പെടുത്തുന്നു. ഈ വെളിപ്പെടുത്തല്‍ ജനത്തിന്റെ തെറ്റിദ്ധാരണ മാറ്റാനാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

"താല്‍ക്കാലിക വിജയത്തിനായി സ്വന്തം സഖാക്കള്‍ക്കെതിരെ വാര്‍ത്തകള്‍ കെട്ടിച്ചമയ്ക്കുകയും അതിനായി മാധ്യമങ്ങളെ തെറ്റായ രീതിയില്‍ സ്വാധീനിക്കുകയും" ചെയ്യുന്ന പ്രവണതയും പാര്‍ട്ടിയില്‍ ഉണ്ടെന്നാണ് പറയുന്നത്. ജനത്തിന്റെ ധാരണയെവിടെ? പാര്‍ട്ടി പറയുന്ന സത്യമെവിടെ?

എന്തിനാണ് ജനമേ, ഞങ്ങളെ ഇങ്ങനെ തെറ്റിദ്ധരിക്കുന്നതെന്ന് സഖാവ് പിണറായി വിജയന്‍ ചോദിക്കുന്നതില്‍ തെറ്റുണ്ടോ? ഇല്ലേയില്ല.

ആത്യന്തികമായി ജനം തന്നെയാണ് തെറ്റുകാര്‍. ചെത്തിമിനുക്കിയ മടലെടുത്ത് തലമണ്ടയ്ക്കടിച്ച് നാടുകടത്തേണ്ടവരെ വോട്ടു ചെയ്ത് വിജയിപ്പിച്ച് സെക്രട്ടേറിയറ്റിലിരുത്തിയ ജനം. തെറ്റു തിരുത്താന്‍ അഞ്ചുവര്‍ഷം കാത്തിരിക്കേണ്ടി വരുന്നുവെന്നതാണ് പാവങ്ങളുടെ ഗതികേട്. അല്ലായിരുന്നെങ്കില്‍.....

Friday, August 03, 2007

ഗ്രൂപ്പു കളിക്കാനെങ്കിലും അറിയേണ്ടേ, സഖാവേ....

ദാറ്റ്സ് മലയാളം ലേഖനം - 03-08-2007
പാര്‍ട്ടിക്കുളളില്‍ ഗ്രൂപ്പുകളിക്കുന്നതിനും ചില കളി നിയമങ്ങളൊക്കെ വേണമെന്ന് തോന്നുന്നു. സ്വന്തം നീക്കങ്ങള്‍ എപ്പോഴും മറ്റുളളവര്‍ അംഗീകരിച്ചു തരണമെന്ന് വാശിപിടിച്ചും സ്വയം ഉണ്ടെന്ന് നടിക്കുന്ന പ്രതിച്ഛായ എതിര്‍ഗ്രൂപ്പും വകവെച്ച് തരണമെന്ന് ശഠിച്ചും കളി നിയമങ്ങള്‍ മുഴുവന്‍ താന്‍ നിശ്ചയിക്കുമെന്ന് ആഗ്രഹിച്ചും ഏതെങ്കിലും പാര്‍ട്ടിയില്‍ ഗ്രൂപ്പുകളിക്കാനാകുമോ?

മറുഭാഗത്ത് നമുക്കിഷ്ടമില്ലാത്ത വേറൊരു വിഭാഗം ഉണ്ടാകുമ്പോഴാണല്ലോ ഗ്രൂപ്പുണ്ടാക്കേണ്ടി വരുന്നത്. അതായത് എതിര്‍ക്കാനും വെല്ലുവിളിക്കാനും അടിമപ്പെടുത്താനും നമ്മുടെ പാര്‍ട്ടിയില്‍ തന്നെ ആളെ കണ്ടെത്തുമ്പോഴാണ് ഒരാളിന് ഗ്രൂപ്പുണ്ടാക്കേണ്ടി വരുന്നത്. നമ്മെ എതിര്‍ക്കുന്നവനും അനുകൂലിക്കുന്നവനുമെന്ന് പാര്‍ട്ടിയെ രണ്ടായി പകുത്തു വയ്ക്കുകയാണ് ആദ്യം ചെയ്യുന്നത്.

സിപിഎമ്മില്‍ ഇപ്പോള്‍ കാണുന്ന വൈരത്തിന്റെ വേരുകള്‍ തിരഞ്ഞാല്‍ അതു ചെന്നെത്തുന്നത് ഒരു പുസ്തകത്തിലാണ്. എം പി പരമേശ്വരന്‍ എഴുതി 1994ല്‍ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച 'പുതിയ ലോകവും പുതിയ ഇന്ത്യയും' എന്ന പുസ്തകത്തില്‍.

ഈ പുസ്തകത്തിലെ ആശയങ്ങളെച്ചൊല്ലി 2004ല്‍ വിഎസും സംഘവും ഉയര്‍ത്തിയ കോലാഹലങ്ങളെത്തുടര്‍ന്ന് എം പി പരമേശ്വരനും ‍ബി ഇഖ് ബാലുമൊക്കെ പാര്‍ട്ടിക്കു പുറത്തായി. പുസ്തകമെഴുതി പത്തുവര്‍ഷത്തിനു ശേഷം ഗ്രന്ഥകര്‍ത്താവിനെ ശിക്ഷിച്ച് മാര്‍ക്സിസ്റ്റ് പാര്‍ട്ടി സൈദ്ധാന്തിക നയം വ്യക്തമാക്കി.

വിഎസ് അവിടം കൊണ്ടും നിര്‍ത്തിയില്ല. മാവോയുടെ ചൈനയിലെ പഴയ നാല്‍വര്‍ സംഘത്തെപ്പോലെ ചിലര്‍ ഇപ്പോഴും പാര്‍ട്ടിക്കുളളിലുണ്ടെന്നും അവരെയും നിഷ്കാസനം ചെയ്താലേ തന്റെ ദൗത്യം പൂര്‍ത്തിയാവൂവെന്നും അന്ന് ദേശാഭിമാനിയുടെ ചീഫ് എഡിറ്റര്‍ പദവിയിലിരുന്ന അദ്ദേഹം പത്രത്തില്‍ ലേഖനമെഴുതി.

ഐസക്, ബേബി, കോടിയേരി, പിണറായി എന്നീ നാല്‍വര്‍ സംഘത്തെയാണ് വിഎസ് ഉന്നം വയ്ക്കുന്നതെന്ന് ഏഷ്യാനെറ്റും മാതൃഭൂമിയും മനോരമയും ഇന്ത്യാവിഷനും മാധ്യമവും മാളോരെ പഠിപ്പിച്ചു. പാര്‍ട്ടിവിരുദ്ധ നിലപാടുകളെടുക്കുന്നവര്‍ക്കു നേരെ കയ്യാങ്കളിയ്ക്കും മടിക്കില്ലെന്ന് ജില്ലാ സമ്മേളനങ്ങള്‍ ഉദ്ഘാടനം ചെയ്ത വി എസ് മുന്നറിയിപ്പു നല്‍കി.

ആദര്‍ശരാഷ്ട്രീയം നയിക്കുന്ന ഇടയനായി വിഎസ്. പ്രത്യയശാസ്ത്ര ശുദ്ധിയുളള സഖാക്കളെന്ന കുഞ്ഞാടുകള്‍ നല്ല ഇടയനെ പിന്തുടരുമെന്നും മലപ്പുറത്ത് പലരെയും വെട്ടിനിരത്തുമെന്നും മാധ്യമങ്ങള്‍ അച്ചു നിരത്തി. ജനം വായിച്ച് ഹരം കൊണ്ട് വിഎസിന്റെ കീര്‍ത്തനങ്ങള്‍ ആവേശത്തോടെ ചൊല്ലി,

അച്യുതാനന്ദ! ഗോവിന്ദ! മാധവാ!
സച്ചിദാനന്ദ! നാരായണാ! ഹരേ!

എന്ന ഈരടികള്‍ പുതിയ വിപ്ലവഗാനമായി നാടെമ്പാടും മുഴങ്ങി.


കൊടും വില്ലന്റെ റോളില്‍ പിണറായി....

പാര്‍ട്ടിയിലെ കൊടും വില്ലന്റെ റോള്‍ മാധ്യമങ്ങള്‍ പിണറായിക്കാരന്‍ വിജയന്‍ സഖാവിന് നല്‍കി. വല്ലപ്പോഴും ചിരി. അതുതന്നെ കൊലയുടെ മണമുളളത്. അരിഞ്ഞ മീശയും മുഖത്ത് കലകളും. ആകെക്കൂടി ഒരു ഗോവിന്ദന്‍കുട്ടി സ്റ്റൈല്‍..

വില്ലന്റെ ശിങ്കിടികളുടെ റോളില്‍ ഇടത് ബേബിയും വലത് ഐസക്കും. വില്ലന്റെ ഡ്രൈവര്‍ കോടിയേരി ബാലകൃഷ്ണന്‍. എല്ലാം ചണ്ടാലന്മാര്‍.

'ചണ്ടകര്‍മ്മങ്ങള്‍ ചെയ്തവര്‍ ചാകുമ്പോള്‍ ചണ്ഡാല കുലത്തില്‍ പിറക്കുന്നു' എന്ന് കവി പല്ലവി. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയിലാവുമ്പോള്‍ വിഎസ് വിരുദ്ധ ഗ്രൂപ്പാണ് ചണ്ഡാലകുലം. കവിതയുടെ അനുപല്ലവി അവര്‍ കാലാന്തരേ അച്യുതാനന്ദന്റെ കൈകൊണ്ട് വീണ്ടും ചാകും എന്നത്രേ.

നായനാര്‍ മന്ത്രിസഭയുടെ തോന്ന്യാസങ്ങള്‍ മുഴുവന്‍ പി ശശി എന്നയാളിന്റെ തലയില്‍ ചാര്‍ത്തുക എന്നതായിരുന്നു തിരക്കഥയിലെ അടുത്ത ഇനം. ശശിയാര്? വെറും സംസ്ഥാനക്കമ്മിറ്റി അംഗം. രസികരില്‍ രസികോത്തമനായിരുന്ന സഖാവ് നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പദവിയിലായിരുന്നാണത്രേ ശശി സഖാവ് പെരിസ്ട്രോയിക്ക നടപ്പാക്കിയത്.

വെറുമൊരു സംസ്ഥാനക്കമ്മിറ്റി അംഗത്തിന് എങ്ങനെ ഈ വൃത്തികേടുകള്‍ ചെയ്യാന്‍ കഴിഞ്ഞു എന്ന് ആരും ചോദിച്ചില്ല. ഗണ്ടാഗണ്ടന്മാരായ പി ബി- സെക്രട്ടേറിയറ്റ് അംഗങ്ങളെ വെറുമൊരു ഡൂക്കിലി സംസ്ഥാനക്കമ്മിറ്റിയംഗം അഞ്ചുകൊല്ലം നിരന്തരമായി പറ്റിച്ചെന്നോ... ശിവ ശിവ.. വിനയന്‍ സിനിമയിലെന്ന പോലെ ഈ സിനിമയിലും കഥയില്‍ ചോദ്യമില്ലെന്ന് മറുപടി.

മുഖ്യമന്ത്രി സാക്ഷാല്‍ നായനാര്‍. ഇടതുമുന്നണി കണ്‍വീനര്‍ വില്ലാളി വീരന്‍ വി എസ് അച്യുതാനന്ദന്‍, പാര്‍ട്ടി സെക്രട്ടറി സഖാവ് ചടയന്‍ ഗോവിന്ദന്‍. പാര്‍ട്ടിയുടെയും സംസ്ഥാനത്തിന്റെയും സെക്രട്ടേറിയറ്റിലാണെങ്കില്‍ ചെങ്കീരികളായ നേതാക്കള്‍ വേറെ.

ഇവരെയെല്ലാം അഞ്ചു കൊല്ലം പറ്റിച്ച ശശിയാരാ മോന്‍ എന്ന് സഖാക്കള്‍ പരസ്പരം ചോദിച്ചു. അങ്ങനെയൊക്കെ നടക്കുമോ എന്നു സംശയം ചോദിച്ചവര്‍ നയവഞ്ചകരായി ചാപ്പകുത്തപ്പെട്ടു. വെറുക്കപ്പെട്ട പട്ടം കൊടുക്കുന്ന ചടങ്ങ് അന്നില്ലാതിരുന്നതിനാല്‍ അതുമാത്രം നടന്നില്ല.

മലപ്പുറം സമ്മേളനത്തില്‍ അങ്കം രൂക്ഷമായി. കവടി നിരത്തിയും ജാതകം ഗണിച്ചും വടക്കുനോക്കിയന്ത്രം വച്ചും അച്യുതാനന്ദന്‍ മലപ്പുറത്ത് വിജയകിരീടം ചൂടും എന്ന് എല്ലാമറിയുന്ന മാധ്യമങ്ങള്‍ ഗണിച്ചു.

തത്സമയ റിപ്പോര്‍ട്ടുകള്‍ക്കായി ചാനല്‍കുടകള്‍ സമ്മേളന നഗരിയില്‍ നിരന്നു. പത്രപ്പരുന്തുകള്‍ വട്ടമിട്ടു പാറി. എല്ലാം ഭംഗിയായി നടക്കുന്നുണ്ടെന്നുറപ്പുവരുത്താന്‍ വിഎസിന്റെ മാനസപുത്രന്‍ ഷാജഹാന്‍ ചക്രവര്‍ത്തി മാക് അലിയുടെ ഹോട്ടലില്‍ കാവലിരുന്നു.

വിജയന്‍ മിന്നല്‍പിണര്‍, ശേഷിച്ചവര്‍ പിണം....

മനോരമ മിന്നല്‍ പിണറായിയെന്ന് വിജയനെ സംബോധന ചെയ്തതെന്തിന് എന്ന് സമ്മേളനം ഉത്തരം പറഞ്ഞു. വിഎസ് ഗ്രൂപ്പിനു വേണ്ടി മത്സരിക്കാനിറങ്ങിയ പന്ത്രണ്ടു ചേകവന്മാര്‍ പോര്‍ക്കളത്തില്‍ തലയറ്റു വീണു.

ആഗ്നേയാസ്ത്രം മുതല്‍ പാശുപതം വരെയുളള വിജയന്‍ സഖാവിന്റെ ആവനാഴിയെ വിലകുറച്ചു കണ്ടതിന്റെ ഫലം മലപ്പുറത്ത് നേരിട്ടനുഭവിച്ചു, വിഎസ്.

അച്യുതാനന്ദന്‍ ഗ്രൂപ്പിനെ വിജയിപ്പിക്കാതെ പിന്നോട്ടില്ലെന്ന് താലികെട്ടിയ ഭാര്യയുടെ തലയിലടിച്ച് സത്യം ചെയ്താണ് തിരുവനന്തപുരത്തെ സഖാക്കള്‍ മലപ്പുറത്തേയ്ക്ക് തീവണ്ടി കയറിയത്. അവരില്‍ ഭൂരിപക്ഷം പേരും തിരൂരില്‍ തീവണ്ടിയിറങ്ങുമ്പോള്‍ പിണറായി ഗ്രൂപ്പായി മാമോദീസ മുങ്ങിയിരുന്നു.

തീവണ്ടിയ്ക്കുളളില്‍ എന്തു നടന്നുവെന്നത് പടച്ചവനും ഇന്ത്യന്‍ റെയില്‍വേയ്ക്കും മാത്രമറിയാവുന്ന സത്യം.

നാലു പാര്‍ട്ടി നേതാക്കള്‍ സിപിഎമ്മിനെ നശിപ്പിക്കുന്നുവെന്ന് ചീഫ് എഡിറ്ററുടെ പദവിയുപയോഗിച്ച് പാര്‍ട്ടി പത്രത്തില്‍ ലേഖനമെഴുതിയ വിഎസിനെ വിജയാഹ്ലാദങ്ങളുടെ മിന്നല്‍പിണറുകള്‍ അസ്തമിക്കും മുമ്പ് തന്നെ തല്‍സ്ഥാനത്തു നിന്നും നീക്കി.

മാധ്യമ സുഹൃത്തുക്കള്‍ പതം പറഞ്ഞു കരഞ്ഞു. പ്രതിപക്ഷ നേതാവിന്റെയും ചീഫ് എഡിറ്ററുടെയും പദവി ഒരുമിച്ചു വഹിക്കാന്‍ വിഎസിന് കഴിയില്ലെന്നാണ് സംസ്ഥാനക്കമ്മിറ്റി വിശദീകരിച്ചത്.

"താന്‍താന്‍ നിരന്തരം ചെയ്തോരു കൃത്യങ്ങള്‍,
താന്‍താന്‍ നിരന്തരം അനുഭവിച്ചീടുകെന്നേ വരൂ" എന്ന് പരിഭാഷ.

തോറ്റവനോട് പണ്ടും ദാക്ഷിണ്യം കാണിച്ചിട്ടില്ല മാര്‍ക്സിസ്റ്റ് സഖാക്കള്‍. പാര്‍ട്ടിപ്പോരില്‍ തോറ്റാല്‍ ഒന്നുകില്‍ പുറത്ത്. അല്ലെങ്കില്‍ പഞ്ചപുച്ഛമടക്കി സര്‍വതും സഹിച്ച് മൂലയിലെ കഞ്ഞിപ്പാത്രത്തില്‍ വിളമ്പിത്തരുന്നതും മോന്തി വാലനക്കി കിടക്കണം.

പണ്ടും സംഗതി മറിച്ചായിരുന്നില്ല...

സര്‍വാധികാരിയുടെ അരിവാളും ചുറ്റികയും വിഎസിന്റെ കൈയിലായിരുന്നപ്പോഴും മറിച്ചായിരുന്നില്ല അവസ്ഥ. സര്‍വസൈന്യാധിപന്‍ നേരിട്ടിറങ്ങി ഗളച്ഛേദം ചെയ്തവരില്‍ പുല്‍പളളി സ്റ്റേഷനാക്രമണത്തില്‍ പങ്കെടുത്ത സഖാവ് കെ മാധവനും കണ്ണൂരിന്റെ പ്രിയപ്പെട്ട സി. കണ്ണനുമൊക്കെയുണ്ട്. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയെങ്കിലും മരിച്ചപ്പോള്‍ പുതയ്ക്കാന്‍ ഒരു ചെങ്കൊടി നല്‍കി പാവം ഒ. ഭരതനെയും അച്യുതാനന്ദന്‍ അനുഗ്രഹിച്ചിട്ടുണ്ട്. ആയകാലത്ത്.

കാലം മാറി, കഥ മാറി. ചൊല്ലുവിളിയില്ലാതെ വളര്‍ന്നവര്‍ കാരണവരെക്കാളും ശക്തരാണിന്ന്‍. ആരെയും ഭയക്കാത്തവര്‍. ജര്‍മ്മനിയില്‍ നിര്‍മ്മിച്ച തോക്കുപയോഗിക്കുന്ന ലാഘവത്തില്‍ മറുകൈ കൊണ്ട് ലാപ്ടോപ് പ്രവര്‍ത്തിപ്പിക്കുന്നവന്‍ പിണറായി.

"നീയല്ലോ മായയും മായാ-
വിയും മായാവിനോദനും
നീയല്ലോ മായയെനീക്കി -
സ്സായൂജ്യം നല്‍കുമാര്യനും", എന്ന മട്ടില്‍ സഖാവിന്റെ കീര്‍ത്തി ദേശാഭിമാനി രാഗത്തില്‍ ദക്ഷണിമൂര്‍ത്തി സ്വാമി നീട്ടിപ്പാടി.

ഉറ്റവരെക്കൊണ്ട് നെഞ്ചത്തടിപ്പിച്ചും ജാഥ നടത്തിച്ചും സഖാവ് നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റൊപ്പിച്ചു. മത്സരിക്കുന്നില്ലെന്ന് പിബിയില്‍ സത്യം ചെയ്ത ശേഷമായിരുന്നു തിരുവനന്തപുരം മുതല്‍ കാസര്‍കോടു വരെ നീണ്ട തെരുവു നൃത്തം സഖാവിന്റെ സംവിധാനത്തില്‍ അരങ്ങേറിയത്.

പിബിയിലെ സത്യം വിശ്വസിച്ച പിണറായി മണ്ടനായി. ജാഥ നടത്തി പാര്‍ട്ടിയെ തോല്‍പിക്കാനാവില്ലെന്ന് ഊറ്റം കൊണ്ടു. പാര്‍ട്ടിയെക്കുറിച്ച് മാധ്യമങ്ങള്‍ക്ക് ഒരു ചുക്കുമറിയില്ലെന്ന് മേനി പറഞ്ഞു. ജീവിതത്തിലാദ്യമായി പിണറായി അച്യുതാനന്ദന്റെ മുന്നില്‍ തോറ്റു.

പാര്‍ട്ടി ഗ്രൂപ്പുകളിച്ചു, ലാഭം എയര്‍ഇന്ത്യയ്ക്ക് ....

മാതൃഭൂമിയും ഹിന്ദുവും മാധ്യമവും വാഴ്ത്തിപ്പാടുന്ന വിഎസിന് നിയമസഭാ സീറ്റ് ദില്ലിയില്‍ നിന്നും പിബി വിമാനത്തിലെത്തിച്ചു. പലതവണ ദില്ലി - തിരുവനന്തപുരം റൂട്ടില്‍ തിരിച്ചും മറിച്ചും പറന്നു പൊളിറ്റ് ബ്യൂറോ, പരസ്പരം അടിച്ചുപൊളിക്കാന്‍ തയ്യാറായി നില്‍ക്കുന്ന യാദവകുലത്തിന്റെ മാര്‍ക്സിസ്റ്റു വേഷങ്ങളെ അടക്കി നിര്‍ത്താന്‍.

കണ്ണുരുട്ടിയും പാട്ടകിലുക്കിയും സഖാക്കള്‍ ശേഖരിച്ച പാര്‍ട്ടി ഫണ്ടിന്റെ നല്ലൊരു ഭാഗം എയര്‍ ഇന്ത്യയും ഇന്ത്യന്‍ എയര്‍ലൈന്‍സും സ്വന്തമാക്കി. ഗ്രൂപ്പുവഴക്ക് കല്‍പാന്തകാലം വരെ തുടരാന്‍ വിമാനക്കമ്പനികള്‍ നേര്‍ച്ച നടത്തി. പ്രസാദം വൃന്ദാ കാരാട്ടിനു നല്‍കി, രസീത് പൊളിറ്റ് ബ്യൂറോയിലും ഏല്‍പ്പിച്ചു.

മുഖ്യമന്ത്രിയായാലും പഠിച്ചതുണ്ടോ മറക്കുന്നു വീയെസ്. ചൊട്ടയിലെ ശീലം ചുടലവരെ, അണ്ണാന്‍ മൂത്താലും മരംകേറ്റം മറക്കുമോ? പുറത്താവും വരെ പടവെട്ടാന്‍ ജാതകത്തിലുണ്ടെങ്കില്‍ ഏതു ഷാജഹാന്‍ തുണ പോയാലും അച്യുതാനന്ദച്ചേകവര്‍ അങ്കം ജയിക്കുമോ?

സെക്രട്ടേറിയറ്റിലിരുന്ന് അച്യുതാനന്ദന്‍ ഏകെജി സെന്ററിനെയും എകെജി സെന്ററിലിരുന്ന് പിണറായി സെക്രട്ടേറിയറ്റിനെയും സ്വപ്നം കണ്ടു. കണ്ണിണകള്‍ പരസ്പരം ഇടഞ്ഞപ്പോഴൊക്കെ അങ്കം പൊടിപാറി. ടോമിന്‍ തച്ചങ്കരിയായും ഋഷിരാജ് സിംഗായും ഗ്രൂപ്പു പടര്‍ന്നു. നിഷ്പക്ഷ മാധ്യമങ്ങള്‍ ഡിജിപി രമണ്‍ ശ്രീവാസ്തവയെ അനുകരിച്ച് വിഡ്ഢിവേഷം കെട്ടി.

വഴക്കും ശല്യവും തെറിവിളിയും ഊമക്കത്തുകളുടെ പ്രവാഹവും പിബി യോഗങ്ങളില്‍ സ്വൈര്യക്കേടായി. ചെവിതല കേള്‍പ്പിക്കാതെയിരുന്ന് ചിലച്ച അച്ചുമ്മാനെയും വിജയേട്ടനെയും പിബിയില്‍ പുറത്താക്കി പ്രകാശ് കാരാട്ട് വാതിലടച്ചു. സീതാറാം യെച്ചൂരി കുറ്റിയുമിട്ടു.

കണ്ടറിയാത്തവര്‍ കൊണ്ടറിയണം. കൊണ്ടറിയാത്തവര്‍ക്കുളള ശിക്ഷ പാര്‍ട്ടി നല്‍കും.

ദക്ഷിണാമൂര്‍ത്തിസ്വാമിക്ക് ദേശാഭിമാനി രാഗത്തില്‍ കച്ചേരി നടത്താന്‍ മാണിക്കത്തനാരുടെ ദീപിക കൂട്ടുവന്നതാണ് ഇടയ്ക്കു നടന്ന പ്രധാന വിശേഷം. നസ്രാണി ദീപികയെന്ന നൂറ്റാണ്ടു പഴക്കമുളള പത്രമുത്തശിയുടെ മുതുക് ഡോലക്കായി രൂപം മാറി. കൊട്ടാന്‍ സിംഗപ്പൂരു നിന്നൊരു കോമളകുമാരന്‍ വിമാനമേറിയെത്തി.

അവന്റെ നാമം ഫാരിസെന്ന് ജനം വാഴ്ത്തിപ്പാടി. അബൂബക്കറെന്ന് മാതൃഭൂമി പൂരിപ്പിച്ചു. സ്വന്തമായി ഒരു ഫോട്ടോ പോലുമില്ലത്തവനെന്ന് പത്രം വലിയ വായില്‍ നിലവിളിച്ചു. ഫാരിസ് അബൂബക്കറെന്ന മറുഭാഷ ഡീകോഡു ചെയ്താല്‍ "വെറുക്കപ്പെട്ടവന്‍" എന്നാണ് തന്റെ കമ്പ്യൂട്ടറില്‍ തെളിയുന്നതെന്ന് വിഎസ് വെളിപ്പെടുത്തി.

പിടി ഉഷയുടെ സ്ക്കൂളും നായനാര്‍ സ്മാരക ഫുട്ബാള്‍ക്കപ്പും അവന്റെ കോടികള്‍ വാരിപ്പൂശി.

വീണ്ടും വരുന്നു സമ്മേളനകാലം...

പഴയ പോലെ വീണ്ടും സമ്മേളനകാലമായി. ഒപ്പം നടന്ന വാല്യക്കാരില്‍ പലരെയും കൂടെ നിര്‍ത്തിയിരിക്കുന്നത് ഏകെജി സെന്ററിലെ കസേര കാണിച്ച് കൊതിപ്പിച്ചാണ്. ഇക്കുറിയും കിട്ടിയില്ലെങ്കില്‍ ഇനിയേതു കാലത്ത്? അടുത്ത പാര്‍ട്ടി സമ്മേളനം ഇനി രണ്ടായിരത്തി പത്തില്‍. അന്ന് ഭരണമുണ്ടാകുമോ? നമ്മളുണ്ടാവുമോ? എന്തിന് പാര്‍ട്ടി തന്നെയുണ്ടാവുമോ?

ആഞ്ഞു പിടിക്കുകയാണ് സഖാവ്. ഫാരിസെങ്കില്‍ ഫാരിസ്, ദീപികയെങ്കില്‍ ദീപിക. വെറുക്കണോ, വെറുക്കാം. അല്ല വറുത്തു തിന്നണോ, അതും ആകാം. സംസ്ഥാന ഭരണം പിടിച്ച പോലെ പാര്‍ട്ടി ഭരണവും എനിക്കു തന്നെ കിട്ടണം.

വീരേന്ദ്രകുമാറും ക്രൈം നന്ദകുമാറും തുടങ്ങി എല്ലാ കുമാരന്മാരുമുണ്ട് കൂടെ. വിജയനെ പുറത്താക്കുന്ന വിജയത്തില്‍ കുറഞ്ഞതൊന്നും കൊണ്ട് തൃപ്തനാവില്ല പുന്നപ്ര സമര സേനാനി.

തോല്‍ക്കാത്ത യുദ്ധങ്ങളുടെ തന്ത്രങ്ങളാണ് മനസു നിറയെ. വിജയിച്ചു നില്‍ക്കുന്ന ഗ്രൂപ്പുകാര്‍ സമസ്താപരാധം പറഞ്ഞ് ഏത്തമിട്ട്, പാര്‍ട്ടി സെക്രട്ടറി സ്ഥാനം താന്‍ പറയുന്നയാളിനെ ഏല്‍പ്പിച്ചാല്‍ സംഗതി ഓകെ.

സാമ്പത്തിക വിദഗ്ധന്‍ ഐസക്കിന് മാരാരിക്കുളത്ത് ഏതെങ്കിലും അക്കൗണ്ടാപ്പീസില്‍ കണക്കെഴുത്തു പിളളയാകാം.

എംഎ ബേബിക്ക് ഗാനമേള ട്രൂപ്പു നടത്തിയും കോടിയേരി ബാലകൃഷ്ണന് കാടാമ്പുഴ ക്ഷേത്രത്തില്‍ മാലകൊരുത്തും ജീവിക്കാം. പിണറായി വിജയനെ പൊലീസേമാന്മാരെ വെടിവെപ്പു പരിശീലിപ്പിക്കാനയയ്ക്കാം.

ഇവരൊക്കെ ജയിച്ചു നില്‍ക്കുന്ന ഗ്രൂപ്പിലുളളവരാണെന്നോ? ആണെങ്കിലെന്താ, എല്ലാവനും വെറുക്കപ്പെട്ടവന്മാരല്ലേ....