Thursday, December 02, 2010

ഷാഹിനേ... നീ സൂക്ഷിക്കുക, ഒപ്പമുളളവരെ

"ആര്‍ യു എ ടെററിസ്റ്റ്" എന്ന ഹസതോട്ട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ ചോദ്യം കേട്ടു ചിരിക്കണോ കരയണോ എന്ന തെഹല്‍ക്ക റിപ്പോര്‍ട്ടര്‍ ഷാഹിനയുടെ സന്ദേഹം നമുക്കു മനസിലാക്കാവുന്നതേയുളളൂ. എന്നാല്‍ ഷാഹിന നേരിട്ട ദുരനുഭവത്തിന്റെ ചെലവില്‍ സാംസ്‌ക്കാരികനായകപ്പട്ടം ഉറപ്പിക്കാനും കൈക്കലാക്കാനും ചുട്ടി കുത്തി, ചായം തേച്ചിറങ്ങുന്ന കത്തിവേഷങ്ങളോട്, അവര്‍ എങ്ങനെയാവും പ്രതികരിക്കുക ? നേര്‍ക്കുനേരെയുളള യുദ്ധത്തിനോടും ഒളിപ്പോരിനോടും ഒരേ പ്രതികരണം പറ്റില്ലല്ലോ. ആ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെയും സംഘത്തിന്റെയും കൈയിലുളളത് കളളസാക്ഷികളും കപടവ്യാഖ്യാനങ്ങളുമാണെങ്കിലും അക്രമിയെ നമുക്കറിയാം. ആക്രമണത്തിന്റെ തന്ത്രങ്ങളും.

പൈശാചികമായ ഒരു ഭരണകൂടഭീകരതയാണ് ഷാഹിന വെളിപ്പെടുത്തിയത്. തലച്ചോറില്‍ കനലുകളുള്ള ആരെയും പ്രതികരിക്കാൻ പ്രേരിപ്പിക്കുന്ന ഭരണകൂട ഭീകരത. പീഡനങ്ങളുടെ മറ്റൊരു ഇരുട്ടുമുറിയിലേയ്ക്ക് ഒരു വികലാംഗനെ വീണ്ടും വലിച്ചെറിയാന്‍ കര്‍ണാടക പോലീസ് മെനഞ്ഞ തന്ത്രങ്ങളുടെ കുടിലതയാണു ഷാഹിന പുറംലോകത്തിനു പരിചയപ്പെടുത്തിയത്. മദനിയെ അതിതീവ്രഹിന്ദുത്വയുടെ അധികാരക്കരുത്തിന് ഇരയാക്കിയതെങ്ങനെ എന്ന ചോദ്യത്തിന്റെ ഉത്തരങ്ങള്‍. നീതിബോധത്തെ പരസ്യമായി വെല്ലുവിളിച്ചുകൊണ്ടാണ് ഇക്കുറി ആ കുരുക്കൊരുങ്ങിയത്. ആര്‍പ്പുവിളിച്ചും മൗനം പാലിച്ചും ഈ കെണിയൊരുക്കല്‍ ആഘോഷിച്ചവരില്‍ പലരും ഇപ്പോള്‍ "ഷാഹിന സംരക്ഷണ സമിതി"യുണ്ടാക്കുന്ന തിരക്കിലാണ്. "അടിയന്‍ ലച്ചിപ്പോം" എന്നാര്‍ത്തുവിളിക്കുന്ന അവരില്‍ ചിലരോട് നമുക്കു ചിലത് ചോദിക്കാനുണ്ട്.

മദനിയെ മറന്ന് ഷാഹിനയെ ആഘോഷിക്കുന്നവര്‍ അണിഞ്ഞിരിക്കുന്ന മനുഷ്യാവകാശ ഐക്യദാര്‍ഢ്യ മുഖംമൂടി പിച്ചിച്ചീന്തുക തന്നെ വേണം..മദനി നേരിടുന്ന മനുഷ്യാവകാശഹത്യയ്‌ക്കെതിരെ ഉറക്കെ പ്രതിഷേധിച്ചുകൊണ്ടേ ഷാഹിനയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ കഴിയൂ എന്ന് അവരെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. Why is this man still in prison? എന്ന ചോദ്യത്തിനൊപ്പം ഷാഹിന വെളിപ്പെടുത്തിയ കുറേ പൊള്ളുന്ന വിവരങ്ങളുണ്ട്. അവയുടെ അടിസ്ഥാനത്തില്‍, ഭരണാധികാരം കയ്യടക്കിയ തീവ്രഹിന്ദുത്വയുടെ ആഭിചാരങ്ങളെ നിവര്‍ന്നു നിന്നെതിര്‍ക്കാന്‍ ഒപ്പമുണ്ടോ എന്ന ചോദ്യത്തിനു ഉത്സാഹക്കമ്മിറ്റിയിലെ പലരും മറുപടി പറഞ്ഞേ തീരൂ.

എന്തിനാണ് മദനിയെ ജയിലടച്ചത് ? അതിന് സ്വീകരിച്ച തന്ത്രങ്ങളെന്ത് ? തെഹല്‍ക്കയുടെ ആഗസ്റ്റ് 28, ഡിസംബര്‍ 4 ലക്കങ്ങളില്‍ ഷാഹിന അതിനു മറുപടി പറഞ്ഞിട്ടുണ്ട്. മദനിയുടെ ജീവിതം ജയിലില്‍ ഒടുങ്ങണമെന്ന് ആരൊക്കെയോ ചേര്‍ന്ന് തീരുമാനിച്ചിരുന്നു. ആ ഗൂഢാലോചനയുടെ ഇരകളെ ഷാഹിന നമുക്കു പരിചയപ്പെടുത്തി : കൊച്ചിയില്‍ മദനി താമസിച്ചിരുന്ന വീടിന്റെ ഉടമസ്ഥന്‍, ജോയ് വര്‍ഗീസ്, പിഡിപി പ്രവര്‍ത്തകന്‍ മജീദ് ഏറ്റവുമൊടുവില്‍ ലത്തീഫ്.

മദനിക്കെതിരെ താന്‍ മൊഴി നല്‍കിയിട്ടില്ലെന്നു ജോയ് വര്‍ഗീസ് ആണയിടുന്നു. തന്നെ കബളിച്ചു മദനിക്കെതിരെ തന്റെ മൊഴിയുണ്ടാക്കിയ അന്വേഷണ സംഘത്തിന്റെ തലവന്‍ ഓങ്കാരയ്യയ്‌ക്കെതിരെ ജോയ് വര്‍ഗീസ് എറണാകുളം മജിസ്‌ട്രേറ്റു കോടതിയില്‍ കേസ് നല്‍കിയിരിക്കുന്നു.

മറ്റൊരു മൊഴി മജീദിന്റേത്. മാരകമായ കാന്‍സര്‍ രോഗം ബാധിച്ചു 2009 സെപ്തംബര്‍ മുതല്‍ ഡിസംബര്‍ വരെ തൃപ്പൂണിത്തുറ ഹോമിയോ മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിക്കപ്പെട്ട മജീദ് മദനിക്കെതിരെ നല്‍കിയ മൊഴി കോടതിയിലുണ്ട്. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഡിസംബര്‍ അഞ്ചിന് എറണാകുളം മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിക്കപ്പെടുകയും അവിടെ വെച്ച് കോമാ സ്റ്റേജിലാവുകയും ചെയ്ത മജീദ് ഡിസംബര്‍ 16ന് മരണമടഞ്ഞു. ഇയാള്‍ ഡിസംബര്‍ 8ന് എറണാകുളത്തു നിന്നും 300 കിലോമീറ്റര്‍ അപ്പുറമുളള കണ്ണൂരിലെത്തി ഓങ്കാരയ്യയ്ക്ക് മൊഴി നല്‍കിയെന്നാണ് പ്രോസിക്യൂഷന്‍ പറയുന്നത്. ശരിയോ തെറ്റോ എന്നു പറയാന്‍ മജീദ് ഇന്നു ജീവിച്ചിരിപ്പില്ല. ഇതിന്റെ സത്യാവസ്ഥ ബോധ്യപ്പെടണമെന്നു നീതിപീഠനങ്ങൾക്ക് ആഗ്രഹവുമില്ല.

ലത്തീഫ് പറയുന്ന കഥയും സമാനമാണ്. പതിനഞ്ചു ദിവസം റിമാന്‍ഡില്‍ വെച്ച് അടിച്ചു പഴുപ്പിച്ചാണ് തന്റെ മൊഴി പരുവപ്പെടുത്തിയതെന്ന് ലത്തീഫ് പറഞ്ഞതായി ഷാഹിന റിപ്പോര്‍ട്ടു ചെയ്യുന്നു.

ഈ വിവരങ്ങളൊക്കെ ഷാഹിന എഴുതുന്നതിനു മുമ്പേ മാധ്യമം ദിനപ്പത്രത്തില്‍ വിജു വി നായര്‍ മാധ്യമം പത്രത്തിലൂടെ റിപ്പോര്‍ട്ടു ചെയ്തിരുന്നു. (കിരണിന്റെ ആര്‍ക്കൈവില്‍ ആ ലേഖനങ്ങള്‍ ലഭ്യമാണ്. (1), (2)) അതായത് മദനിയെ കുടുക്കാന്‍ നടന്ന ഗൂഢാലോചനയുടെ നഖചിത്രം മലയാളി ഇതിനു മുമ്പേ വായിച്ചറിഞ്ഞതാണ്. ബാംഗ്ലൂര്‍ സ്‌ഫോടനത്തിന്റെ സൂത്രധാരന്‍ എന്ന് പൊലീസ് നമുക്കു പരിചയപ്പെടുത്തുന്ന തടിയന്റവിട നസീറിനെ 2009 ഡിസംബര്‍ മൂന്നിന് ബംഗ്ലാദേശില്‍ അറസ്റ്റു ചെയ്തുവെന്നാണ് നമ്മെ വിശ്വസിപ്പിച്ചിരിക്കുന്നത്. നസീറിനെ ഡിസംബര്‍ 8ന് ബാംഗ്ലൂരിലെത്തിച്ചു. അയാളുടെ മൊഴി പ്രകാരം മജീദിനെ തിരിച്ചറിഞ്ഞ പോലീസ് ഡിസംബര്‍ 11ന് മജീദിന്റെ മൊഴിയും രേഖപ്പെടുത്തി.

ഈ മൊഴി പ്രകാരം മദനിയെ അറസ്റ്റു ചെയ്തത് 2010 ആഗസ്റ്റ് 17ന്; മൊഴി നല്‍കി എട്ടു മാസത്തിനു ശേഷം. വിചാരണയും തെളിവുമില്ലാതെ ഒമ്പതുകൊല്ലം ജയിലറയില്‍ തള്ളിനീക്കിയ മനുഷ്യനോടാണ് ഇതു ചെയ്തതെന്നോര്‍ക്കുക. ആരുണ്ടായിരുന്നു, മദനിക്കുവേണ്ടി ശബ്ദിക്കാന്‍ ? മനുഷ്യാവകാശ സംരക്ഷണത്തിന്റെ മൊത്തക്കച്ചവടം അണാ പൈ തെറ്റാതെ വിറ്റുലാഭം കൊയ്യുന്നവരില്‍ എത്രപേരുണ്ടായിരുന്നു, നിരാലംബനായ മദനിക്കു വേണ്ടി ഒരിറ്റു കണ്ണീരെങ്കിലും ചൊരിയാന്‍ ? മദനി എങ്ങനെ ജയിലിലെത്തി എന്നാണ് മലയാള ഭാഷയില്‍ വിജു വി നായരും ആംഗലേയത്തില്‍ ഷാഹിനയും നമ്മോടു പറഞ്ഞത്. അതും മദനി അറസ്റ്റു ചെയ്യപ്പെട്ടതു മുതല്‍. എന്നിട്ടോ...? ഇന്ന് ഹസതോട്ട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ വേവിച്ചു തിന്നാൻ മസാലയരയ്ക്കുന്നവര്‍ക്കൊന്നും കണ്‍മുന്നില്‍ തെളിഞ്ഞ പൊലീസ് ഭീകരതയോടുളള പ്രതിഷേധ സൂചകമായി ഇരുട്ടില്‍ നിന്നൊന്നു മുളളാന്‍ പോലും തോന്നിയില്ല.

മജീദിന്റെ മൊഴിക്കും ആഗസ്റ്റിലെ അറസ്റ്റിനും ഇടയ്ക്കുളള ആ എട്ടുമാസങ്ങള്‍ മദനിക്കു പീഡാകാലമായിരുന്നു. പാര്‍ലമെന്റു തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് പിന്തുണ നല്‍കാന്‍ തീരുമാനിച്ച മദനിയ്‌ക്കെതിരെ പത്രങ്ങള്‍ ഉറഞ്ഞാടി. പലരുടെയും മൊഴികള്‍ പത്രങ്ങളുടെ ഒന്നാം പേജില്‍ നിരന്നു. സംഭ്രമജനകങ്ങളായ വാര്‍ത്തകള്‍, സ്‌ക്കൂപ്പുകള്‍ എഡിറ്റ് പേജ് ലേഖനങ്ങള്‍, പ്രസ്താവനകള്‍, കാര്‍ട്ടൂണുകള്‍. മദനിവിരുദ്ധ വികാരം കൊണ്ട് പത്രങ്ങളായ പത്രങ്ങളൊക്കെ വിജൃംഭിച്ചു നിന്നു. ദേശവിരുദ്ധനായ മദനിയുമായി കൂട്ടുകെട്ടുണ്ടാക്കിയെന്ന ആക്ഷേപത്തില്‍ സി.പി.ഐ.എം നേതാക്കളെയും നിര്‍ത്തിപ്പൊരിച്ചു. മദനി ഭീകരനാണെന്ന പൊതുബോധം അടിച്ചുറപ്പിച്ചു. ശരാശരി ഹിന്ദുവിന്റെ ആജന്മശത്രുവായി മദനി. വോട്ടുകള്‍ കൂട്ടത്തോടെ യുഡിഎഫിന്റെ പെട്ടിയിലേയ്‌ക്കൊഴുകി. മദനിയുമായി വേദി പങ്കിട്ടതാണ്, അതുമാത്രമാണ് എല്‍ഡിഎഫിന്റെ പരാജയകാരണമെന്നു പാണന്മാരുടെ ആകാശവാണി പ്രചരിപ്പിച്ചു.

പത്രലേഖകരുടെ ഭാവനയ്ക്കു നിറവും മണവും എരിവും പോരെന്നു തോന്നി, ഒരസല്‍ വിപ്ലവകാരി മാതൃഭൂമിയുടെ എഡിറ്റ് പേജില്‍ എഴുന്നെളളി. സഹിഷ്ണുതയും സമാധാനവും സമഭാവനയും നിറഞ്ഞു നില്‍ക്കുന്ന രാഷ്ട്രീയപ്രവര്‍ത്തനത്തിന് എക്കാലത്തെയും ഉദാത്ത മാതൃക സാക്ഷാല്‍ കെ വേണു. ജോയ് വര്‍ഗീസിന്റെയും മജീദിന്റെയും ലത്തീഫിന്റെയും മൊഴികളുടെ ചരിത്രം കാണാപ്പാഠം പഠിച്ചവര്‍ തീവ്രവാദബന്ധവും ഇടതുമുന്നണിയും എന്ന തലക്കെട്ടില്‍ മാര്‍ച്ച് 29ന് എഴുതിയ ലേഖനം മനസിരുത്തി വായിക്കണം.

പൊതുബോധ്യം ചുട്ടെടുക്കാന്‍ ചട്ടുകമേന്തുന്ന പുതു ഗേബല്‍സുമാര്‍ക്കു മനപ്പാഠമാക്കാന്‍ കിടുകിടിലന്‍ വാചകങ്ങളുണ്ട് ഈ ലേഖനത്തില്‍... കാണുക..

കാശ്മീരില്‍ വെച്ച് മലയാളികളായ തീവ്രവാദികള്‍ സൈന്യവുമായുളള ഏറ്റുമുട്ടലില്‍ കൊല്ലപ്പെടാനിടയായ സംഭവം, കളമശേരിയില്‍ ബസ് കത്തിച്ച കേസ്, കേരളത്തിലെ മറ്റു ബോംബു ഭീഷണി സംഭവങ്ങള്‍, ഇന്ത്യയുടെ പലഭാഗങ്ങളില്‍ നടന്ന ബോംബുസ്‌ഫോടനങ്ങള്‍, തുടങ്ങിയവയിലെല്ലാം പ്രതികളായ ഏതാനും മലയാളി തീവ്രവാദികള്‍ കോടതിയിലും പോലീസിനും നല്‍കിയ മൊഴികളില്‍ അവര്‍ക്കു മദനിയുമായും മദനിയുടെ കുടുംബവുമായുമുളള അടുത്ത ബന്ധത്തെ സംബന്ധിച്ച വ്യക്തമായ വെളിപ്പെടുത്തലുകളുണ്ടെന്ന് മുഖ്യധാരാ പത്രങ്ങളെല്ലാം റിപ്പോര്‍ട്ടു ചെയ്തിരുന്നു. വിവിധ പ്രതികള്‍ വിവിധ സന്ദര്‍ഭത്തിലായി നല്‍കിയ മൊഴികളില്‍ ഒരേ വസ്തുത ആവര്‍ത്തിക്കപ്പെടുന്നു എന്നുളളതില്‍ നിന്നുതന്നെ ഈ മൊഴികളുടെ വിശ്വാസ്യത സംശയത്തിന് അതീതമാവുകയും ചെയ്യുന്നുണ്ട്.
എങ്ങനെയുണ്ട് പഴയ വിപ്ലവകാരിയുടെ നീതിബോധം ? രണ്ടുപത്രങ്ങളില്‍ ഒരേ പോലെ പ്രത്യക്ഷപ്പെട്ടാല്‍ ഏതു മൊഴിയും സംശയാതീതമാകുമെന്നത്രേ തലവെട്ടു രാഷ്ട്രീയത്തില്‍ നിന്നു സമ്മർസോള്‍ട്ടടിച്ചു സാമുദായിക രാഷ്ട്രീയം പയറ്റാനിറങ്ങിയ മാര്‍ക്‌സിസ്റ്റു സൈദ്ധാന്തികന്റെ ന്യായം. തീര്‍ന്നില്ല...
പക്ഷേ, അന്വേഷണത്തിലൂടെ കുറ്റവിമുക്തനാവുന്നതു വരെ തിരഞ്ഞെടുപ്പു പ്രവര്‍ത്തനം പോലുളള ജനാധിപത്യ പ്രക്രിയകളില്‍ നിന്നൊഴിഞ്ഞു നില്‍ക്കുമെന്നു പ്രഖ്യാപിക്കാനുളള രാഷ്ട്രീയ പക്വതയാണ് ഒരു രാഷ്ട്രീയ നേതാവു പ്രകടിപ്പിക്കാനുളളത്.
അതേ, തിരഞ്ഞെടുപ്പു പ്രവര്‍ത്തനം പോലുളള ജനാധിപത്യപ്രക്രിയയില്‍ പങ്കെടുത്തതാണ് മദനി ചെയ്ത തെറ്റ്. അതും പിന്തുണച്ചതു സിപിഎമ്മിനെ. അതിന്റെ സെക്രട്ടറിയോ സാക്ഷാല്‍ പിണറായി വിജയനും.

അവിടം കൊണ്ടും വേണു നിര്‍ത്തിയില്ല.. ഭരണകൂടത്തിന്റെ മര്‍ദ്ദനോപകരമാണ് പോലീസ് എന്ന് സ്റ്റഡിക്ലാസുകളില്‍ ഘോരഘോരം വിശദീകരിച്ച അതേ നാവിന്റെ വഴുവഴുപ്പു നോക്കൂ...

ഏതെങ്കിലും കുറ്റകൃത്യത്തില്‍ ഒരാള്‍ക്കു നേരിട്ടോ പരോക്ഷമായോ പങ്കാളിത്തമുണ്ടെന്നു, അതിന് ഏതെങ്കിലും സഹായം അയാള്‍ ചെയ്തിട്ടുണ്ടെന്നു നേരിയ സംശയം തോന്നിയാല്‍ പോലും അയാളെ ചോദ്യം ചെയ്യാനും സംശയ നിവാരണം നടത്താനും പോലീസിനു ബാധ്യതയുണ്ട്. അധികാരവുമുണ്ട്. ഈ അധികാരം ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട് എന്നതു വേറെ കാര്യം.
ജയറാം പടിക്കലിന്റെ ചില പ്രയോഗങ്ങള്‍ ഏറ്റു എന്ന് വേറെ തെളിവു വല്ലതും വേണോ..? ജനാധിപത്യത്തിന്റെയും പൗരാവകാശത്തിന്റെയും കാവല്‍പ്പണിയ്ക്കു പിറന്ന പുതിയ അവതാരപുരുഷന്മാര്‍ വായിച്ചു പഠിക്കണം ഈ വാചകങ്ങള്‍. നമ്മുടെ എതിരാളിയാണോ, പോലീസ് അവന്റെ നെഞ്ചത്തു ആറ്റുകാല്‍ പൊങ്കാലയിട്ടാലും വിരോധമില്ല. മദനിയെ സംശയത്തിന്റെ നിഴലിലാക്കാന്‍ പത്രങ്ങള്‍ വഴി വാര്‍ത്ത, പത്രങ്ങള്‍ പറഞ്ഞതെല്ലാം സത്യമെന്നു എഡിറ്റ് പേജില്‍ ആദരണീയ വ്യക്തിത്വങ്ങളുടെ സാക്ഷ്യം, ഇതൊക്കെ വായിച്ചു തലപെരുത്തുപോകുന്ന മധ്യവര്‍ഗ മലയാളി ഒന്നേ ആഗ്രഹിക്കൂ... എത്രയും പെട്ടെന്ന് മദനിയെ അകത്താക്കുക. മദനിയ്‌ക്കൊപ്പം ഒരുവേദിയില്‍ പ്രസംഗിച്ചവരെ മുച്ചൂടും പരാജയപ്പെടുത്തുക.

കെ. വേണുവിനു പിന്നാലെ രണ്ടേ രണ്ടുദിവസത്തിനകം ഹമീദ് ചേന്നമംഗലൂര്‍ മാതൃഭൂമിയില്‍ പ്രത്യക്ഷപ്പെട്ടു. മദനി എവിടെയെങ്കിലും ബോംബുവെച്ചെന്നോ കൊന്നെന്നോ ഗൂഢാലോചന നടത്തിയെന്നോ ഒന്നും അദ്ദേഹത്തിനു ആക്ഷേപമില്ല. മറിച്ച് അദ്ദേഹം മദനിക്കെതിരെ കുറ്റപത്രം പുറപ്പെടുവിക്കാന്‍ കാരണമിതായിരുന്നു.

മുസ്ലിം സദസിനെ സാക്ഷി നിര്‍ത്തി "ഞാനും നിങ്ങളും മുസ്ലിംങ്ങളാണ്, അതാണ് നമ്മള്‍ തമ്മിലുളള ബന്ധം" എന്നു പറയാനും അദ്ദേഹം മടിച്ചില്ല (ഡിസംബര്‍ ആറിന് ആരു മറുപടി പറയും എന്ന കാസെറ്റ് ശ്രദ്ധിക്കുക).
കേള്‍ക്കുക."ഞാനും നിങ്ങളും മുസ്ലിംങ്ങളാണ് എന്നു പൊതുവേദിയില്‍ പറയാന്‍ പാടില്ലത്രേ. "അങ്ങനെ പറയാന്‍ അദ്ദേഹം മടിച്ചില്ല" എന്നാണ് ഹമീദിന്റെ പ്രയോഗം. "ഞാനും നിങ്ങളും മുസ്ലിങ്ങളാണ് എന്ന് പൊതുവേദിയില്‍ പറയാന്‍ മടിക്കണം എ"ന്ന് ഒരു മുസ്ലിം നാമധാരി തന്നെ മാതൃഭൂമിയില്‍ ലേഖനമെഴുതുമ്പോള്‍ പൊതുബോധ്യം എത്ര ഡിഗ്രിയില്‍ വളയും എന്ന് നമ്മുടെ ഊഹങ്ങള്‍ക്കും അപ്പുറമാണ്. തൊഗാഡിയ സമം മദനി എന്ന സൂത്രവാക്യമാണ് ഹമീദ് ഉരുട്ടിയെടുത്തത്. എന്നാല്‍ തൊഗാഡിയ പുറത്തും മദനി ജീവിതകാലം മുഴുവന്‍ അകത്തുമാണെന്ന ഏതു കൊച്ചുകുട്ടിയ്ക്കും ബോധ്യപ്പെടുന്ന വസ്തുത ഹമീദിനു മാത്രം അറിയില്ല.

ഷാഹിനാ... ഇങ്ങനെയൊക്കെയാണ് നമ്മുടെ പത്രങ്ങള്‍ കേരളത്തില്‍ മദനി വിരുദ്ധ വികാരം ജ്വലിപ്പിച്ചു നിര്‍ത്തിയത്. ഏതുവിധേനെയും സിപിഎമ്മിനെയും ഇടതുമുന്നണിയെയും പാര്‍ലമെന്റു തിരഞ്ഞെടുപ്പില്‍ തറപറ്റിക്കുക എന്ന ഏകലക്ഷ്യം മാത്രമായിരുന്നില്ല ആ പ്രചരണം എന്ന് ഇന്നു തിരിഞ്ഞുനോക്കുമ്പോള്‍ നമുക്കു ബോധ്യപ്പെടുന്നു. കേരളത്തിലെ മധ്യവര്‍ഗമൃദുഹൈന്ദവതയെ അടിമുടി മുസ്ലിം വിരുദ്ധമാക്കാന്‍ യത്‌നിക്കുന്ന മാധ്യമപ്രവര്‍ത്തനത്തിന്റെ ഒരുമുഖമാണ് ഇത്. എറണാകുളം മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റലില്‍ കോമാ സ്റ്റേജില്‍ കിടന്നവന്‍ എങ്ങനെ 300 കിലോമീറ്റര്‍ യാത്ര ചെയ്തു മദനി മൊഴികൊടുത്തുവെന്നു ഒരു മുഖ്യധാരാമാധ്യമവും അന്വേഷിച്ചില്ല. പകരം ആ മൊഴികള്‍ അവര്‍ ഒന്നാംപേജില്‍ ആഘോഷിച്ചു. ഒരുപക്ഷേ, വ്യാജമൊഴി സൃഷ്ടിച്ച കര്‍ണാടക പോലീസിന്റെ കുതന്ത്രങ്ങള്‍ക്കെതിരെ സമൂഹത്തെ ജാഗ്രമാക്കാന്‍ അന്നു മാധ്യമങ്ങള്‍ മുന്നിട്ടിറങ്ങിയിരുന്നെങ്കില്‍ മദനി ഇന്നു ജയിലില്‍ കിടക്കുമായിരുന്നില്ല.

കോയമ്പത്തൂര്‍ ബോംബു സ്‌ഫോടനക്കേസില്‍ കാലു നഷ്ടപ്പെട്ടയാള്‍ എന്നാണ് ബാംഗ്ലൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതിയുടെ വിധിന്യായത്തില്‍ മദനിയെ വിശേഷിപ്പിക്കുന്നത്. കോയമ്പത്തൂര്‍ സ്‌ഫോടനത്തെ തുടര്‍ന്ന് ജീവിതത്തിലെ ഒമ്പതു വര്‍ഷം നഷ്ടപ്പെട്ടയാള്‍ എന്നാണ് ശരിയായ പ്രയോഗം. വിധിയെഴുതിയ ന്യായാധിപന്റെ തെറ്റിദ്ധാരണയ്ക്കും മുന്‍വിധിയ്ക്കും ഈ ഒറ്റവാചകം തന്നെയാണ് തെളിവ്.

സാധാരണ മനുഷ്യന്റെ ജീവിതത്തിനു പൂര്‍ണവിരാമമിടാനുളള കോടതികളുടെയും ഭരണവ്യവസ്ഥയുടെയും പോലീസിന്റെയും മോഹങ്ങളെ നിര്‍ഭയമായി വിചാരണ ചെയ്യേണ്ടവരാണ് മാധ്യമങ്ങള്‍. നിര്‍ഭാഗ്യവശാല്‍ മദനിയെ ജയിലടച്ച മാധ്യമങ്ങള്‍ക്കു തലച്ചോറു തീറെഴുതിക്കൊടുത്തവരാണു ഹൊസതോട്ട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറില്‍ നിന്നും സംരക്ഷണം നല്‍കാമെന്ന വാഗ്ദാനവുമായി ഷാഹിനയ്ക്കു പിന്നില്‍ നില്‍ക്കുന്നവരില്‍ ഭൂരിപക്ഷവും.

"എനിക്കു പിന്തുണ നല്‍കുന്നവരില്‍ എത്രപേര്‍ തെഹല്‍ക്കയിലെ വെളിപ്പെടുത്തലുകള്‍ പ്രകാരം മദനിക്കു വേണ്ടിയുളള പോരാട്ടത്തില്‍ ഒപ്പമുണ്ട്" എന്ന് അവരോട് ഉറക്കെയൊന്നു ചോദിക്കുക. എത്രപേര്‍ കൂട്ടത്തിൽ ബാക്കിയാവുമെന്നു നോക്കൂ.

Saturday, November 13, 2010

പോക്രിത്തരാവകാശ സംരക്ഷണ ഘോഷയാത്ര..

ആര്‍ക്കും ഏത് വിധേനെയും അപകീര്‍ത്തിപ്പെടുത്താന്‍ അവകാശമുളള രാഷ്ട്രീയ നേതാവത്രേ, പിണറായി വിജയന്‍. എങ്ങനെ അപകീര്‍ത്തിപ്പെടുത്തിയാലും പിണറായി പ്രതികരിക്കാനേ പാടില്ല എന്ന് ശാഠ്യം പിടിക്കാന്‍ നാണില്ലാത്ത നവയുഗ സാംസ്ക്കാരിക നായകരുടെ ആക്രോശങ്ങളാല്‍ ഞെട്ടിവിറച്ചു വിറങ്ങലിച്ചു നില്‍ക്കുകയാണ് സൈബര്‍ലോകം. ജരാസന്ധനെ വലിച്ചുകീറിയ ഭീമസേനന്റെ ആസുരഭാവത്തില്‍ അങ്കത്തട്ടില്‍ നിഗ്രഹോത്സുകരായി നില്‍ക്കുന്ന "ആവിഷ്കാരാവകാശ മാഫിയ"യുടെ കൈയില്‍ ആരെയും തോല്‍പ്പിക്കാന്‍ കെല്‍പ്പുളള ആയുധങ്ങളുണ്ട്. അഭിപ്രായ പ്രകടന സ്വാതന്ത്ര്യ സംരക്ഷണത്തിനു വേണ്ടി ഉറുമിയും ആവിഷ്കാര സ്വാതന്ത്ര്യ സംരക്ഷണത്തിനുവേണ്ടി ഉലക്കയും എടുത്തു പെരുമാറുമ്പോള്‍ ഒരുമാതിരിപ്പെട്ടവരൊക്കെ പടയണിയ്ക്ക് പിന്നണിചേരും. മറുവശത്ത് സിപിഎമ്മും പിണറായി വിജയനുമാണെങ്കില്‍ പറയുകയും വേണ്ട. തന്റെ പേരും പടവും ഉപയോഗിച്ച് വ്യാജമായ പ്രസ്താവന സൃഷ്ടിച്ച് പ്രചരിപ്പിച്ച നടപടി നിഷ്കളങ്കമെന്ന് കരുതി പിണറായി തളളിക്കളയേണ്ടതായിരുന്നു എന്നത്രേ, അങ്കത്തട്ടിലെ വായ്ത്താരി. ആ നിര്‍ബന്ധത്തിന് പിണറായിയെ കീഴ്പ്പെടുത്തുക എന്നതാണ് സൈബര്‍ ലോകത്തെ "പോക്രിത്തരാവകാശസംരക്ഷണ ഘോഷയാത്ര"യുടെ ലക്ഷ്യം.

പിണറായി വിജയന്‍ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി എന്ന നിലയില്‍ പൊതുസമൂഹത്തിന്റെ വിമര്‍ശനങ്ങള്‍ക്കും വിചാരണയ്ക്കും അതീതനല്ല. കഴിഞ്ഞ കുറേക്കാലമായി സകലമാന മാധ്യമങ്ങളുടെയും സ്വന്തം പാര്‍ട്ടിയിലും പുറത്തുമുളള രാഷ്ട്രീയ എതിരാളികളുടെയും അതിനിശിതമായ വിമര്‍ശനങ്ങള്‍ക്ക് വിധേയനുമാണ് അദ്ദേഹം. എന്നാല്‍, കാര്‍ട്ടൂണുകള്‍ക്കോ കാരിക്കേച്ചറുകള്‍ക്കോ എതിരെയോ പത്രങ്ങളിലെയും ചാനലുകളിലെയും നിലവാരമുളളതും അല്ലാത്തതുമായ ആക്ഷേപഹാസ്യ പംക്തികള്‍ക്കെതിരെയോ അദ്ദേഹം കൊടുത്ത ഒരു കേസും സംസ്ഥാനത്ത് ഒരു പോലീസ് സ്റ്റേഷനിലുമില്ല. അതിന്റെ പേരില്‍ ആരെയെങ്കിലും ഉണ്ട തീറ്റിക്കുമെന്നൊരു ഭീഷണിയും നിലവിലില്ല. പ്രഥമദൃഷ്ട്യാപോലും നിലനില്‍ക്കുന്നതല്ല, രാഷ്ട്രീയ പരിഹാസം പിണറായി വിജയനെ അസഹിഷ്ണുവാക്കുന്നു എന്ന ആരോപണം.

സ്ഥാനത്തും അസ്ഥാനത്തുമുളള കൊടിയ വിമര്‍ശനങ്ങളെയും പരിഹാസങ്ങളെയും നിവര്‍ന്ന് നിന്ന് നേരിടുന്ന പിണറായി, മലപ്പുറം കുറ്റിപ്പുറം സ്വദേശി മൊയ്തു സൃഷ്ടിച്ച ഒരു ഇമെയിലിന്റെ പേരില്‍ പോലീസ് സ്റ്റേഷനിലേയ്ക്ക് ഓടണമായിരുന്നോ എന്ന് സന്ദേഹം പ്രസക്തം തന്നെയാണ്. അത്തരം സന്ദേഹങ്ങളും പ്രകടിപ്പിക്കാനുളളതാണ് ജനാധിപത്യം. അതുവേണ്ടായിരുന്നു എന്നു തന്നെയാണ് ഇതെഴുതുന്നയാളിന്റെയും അഭിപ്രായം.

പക്ഷേ, ആ സന്ദേഹങ്ങളെ മാനിക്കാനുളള യാതൊരു ബാധ്യതയും പിണറായി വിജയനില്ലെന്ന യാഥാര്‍ത്ഥ്യം കൂടി ഉള്‍ക്കൊള്ളാനുളള ബോധവും സന്ദേഹികള്‍ക്കുണ്ടാകണം. കാരണം മൊയ്തു ദുരുപയോഗം ചെയ്തത് പിണറായി വിജയന്റെ ഫോട്ടോയാണ്, സന്ദേഹികളുടേതല്ല. പിണറായി വിജയനെ സംബന്ധിച്ച് സൈബര്‍ നിയമപ്രകാരവും ഇന്ത്യന്‍ പീനല്‍ കോഡ് അനുസരിച്ചും അതൊരു കുറ്റകൃത്യമാണ്. കുറ്റകൃത്യത്തോട് എങ്ങനെ പ്രതികരിക്കണമെന്ന് തീരുമാനിക്കേണ്ടത് ഇരയുടെ അവകാശമാണ്. വ്യക്തമായി പറഞ്ഞാല്‍, പിണറായി വിജയന്‍റെ ചിത്രം ഉപയോഗിച്ച് മൊയ്തു കൃത്രിമമായി നിര്‍മ്മിച്ച രാഷ്ട്രീയ വിശദീകരണക്കുറിപ്പിന്റെ പേരില്‍ നിയമനടപടികള്‍ക്കൊരുങ്ങാനുളള പിണറായിയുടെ അവകാശത്തിന്മേല്‍, മൂന്നാമതൊരാളിന്റെ സന്ദേഹങ്ങള്‍ക്കും ഉല്‍ക്കണ്ഠകള്‍ക്കും നിയമപരമായോ ധാര്‍മ്മികമായോ യാതൊരു നിലനില്‍പ്പുമില്ല.

പിണറായിയെ ആക്രമിക്കുന്ന കാര്യത്തില്‍ സകല സദാചാര മര്യാദകളും ലംഘിച്ചുതുടങ്ങിയത് ഇന്നും ഇന്നലെയുമല്ല. പിണറായിയുടെ വീടിന്റെ വ്യാജഫോട്ടോ പ്രചരിപ്പിച്ചതു മുതല്‍ അദ്ദേഹത്തിന്റെ മകള്‍ക്ക് ഗോകുലം ഗോപാലനുമായി വിവാഹം നിശ്ചയിച്ചതു വരെയുളള സംഭവങ്ങളൊക്കെയും അരങ്ങേറിയത് സൈബര്‍ ലോകത്താണ്. (ഉദാഹരണം ഒന്ന്, രണ്ട്) അത്തരം പ്രചരണങ്ങള്‍ നിസങ്കോചം ആസ്വദിച്ചവര്‍, പരാതികളുണ്ടായപ്പോള്‍ ഒരുളുപ്പുമില്ലാതെ പ്രതിഭാഗത്തിന്റെ വക്കാലത്തെടുക്കുന്നു. തനിക്കും കുടുംബത്തിനുമെതിരെ പെയ്തിറങ്ങുന്ന അപവാദങ്ങള്‍ പിണറായി നിസംഗതയോടെ സഹിക്കണമെന്ന കല്‍പന എത്ര നിഷ്കളങ്കമായാണ് പൊതുമണ്ഡലത്തില്‍ ആധിപത്യം നേടുന്നത്.

പിണറായി വിജയന്‍ എന്തു ചെയ്യണമെന്ന് അദ്ദേഹമല്ല, ചില വേതാളങ്ങളാണുപോലും തീരുമാനിക്കേണ്ടത്. തന്റെ ചിത്രം ദുരുപയോഗം ചെയ്യപ്പെട്ടാല്‍ പൊലീസ് സ്റ്റേഷനില്‍ ഒരു പരാതിയെഴുതിക്കൊടുക്കാന്‍ പോലും അവകാശമില്ലാത്ത മനുഷ്യനാകുന്നു, സിപിഎം സംസ്ഥാന സെക്രട്ടറി. പരാതിയുണ്ടെങ്കില്‍ അദ്ദേഹം നഗ്നപാദനായി നടന്നുകയറേണ്ടത് സൈബര്‍ ലോകത്തെ ആവിഷ്കാരാവകാശമാഫിയയുടെ ഹെഡ്ഡാപ്പീസിലേയ്ക്കാണ്. അവിടുന്ന് കിട്ടുന്ന വാറോലയിലെ ലിഖിതമനുസരിച്ചുവേണം പിന്നീടുളള ചലനങ്ങള്‍. കല്ലേപ്പിളര്‍ക്കുന്ന കല്പനകള്‍ പുറപ്പെടുവിക്കുമ്പോഴും, അറിയുക ജനാധിപത്യാവകാശങ്ങളെക്കുറിച്ചുളള അപരിമേയമായ സങ്കല്‍പങ്ങളാണ് ആവിഷ്കാരമാഫിയ പങ്കുവെയ്ക്കുന്നത്!

ഒരുവശത്ത് കൊടിയ അപവാദങ്ങള്‍ അഴിച്ചുവിട്ട് നിര്‍ഭയം, നിരന്തരം പിണറായിയെയും കുടുംബത്തെയും വേട്ടയാടുക, മറുവശത്ത് അത്തരം പ്രചരണങ്ങള്‍ക്കെതിരെ വ്യവസ്ഥാപിതമായ മാര്‍ഗങ്ങളില്‍ക്കൂടി പ്രതികരിക്കാനുളള പിണറായി വിജയന്റെ അവകാശത്തിന് വില പറയുക. ഒരേ സംഘമാണ് ഇത് രണ്ടും ചെയ്യുന്നത്. ആവിഷ്കാരസ്വാതന്ത്ര്യം സംരക്ഷിക്കലല്ല ഇക്കൂട്ടരുടെ ലക്ഷ്യം. മറിച്ച് പിണറായിയെ അവമതിക്കാന്‍ ഏത് മാര്‍ഗവും സ്വീകരിക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ട് എന്ന പൈശാചികമായ ഹുങ്കിന്റെ പെരുമ്പറയാണ് ഇവിടെ മുഴങ്ങുന്നത്.

സിമി നസ്രേത്ത് വരച്ച ഈ കാര്‍ട്ടൂണ്‍ കാണുക. ഇതിലുദ്ധരിച്ചിരിക്കുന്ന വാചകങ്ങള്‍ പിണറായി വിജയന്റെ ഫോട്ടോയും വെച്ച് "പിണറായി വിജയന്റെ രാഷ്ട്രീയ വിശദീകരണക്കുറിപ്പ് "എന്ന തലക്കെട്ടില്‍ പ്രചരിപ്പിക്കുകയായിരുന്നു, മലപ്പുറം മൊയ്തു. സിമിയുടെ കാര്‍ട്ടൂണ്‍ ഒരു രാഷ്ട്രീയ പരിഹാസത്തിന്റെ ആശയാവിഷ്കാരമാണെങ്കില്‍ മൊയ്തുവിന്റെ ചെയ്തി തികഞ്ഞ തല്ലുകൊള്ളിത്തരമാണ്. കാര്‍ട്ടൂണും കാരിക്കേച്ചറും വഴി ചൊരിയുന്ന പരിഹാസവും ഒരുത്തന്റെ പടം അതുപോലെ പ്രതിഷ്ഠിച്ച് നടത്തുന്ന പരിഹാസാഭാസവും നിയമത്തിന്റെ ദൃഷ്ടിയില്‍ രണ്ടുതന്നെയാണ്.

മൊയ്തുവിന്റെ വക ഇമെയിലെ ശങ്കരാടിയുടെ ഡയലോഗിലാണ് വിമര്‍ശനകേസരികള്‍ കുടുങ്ങിക്കിടക്കുന്നത്. എന്നാല്‍, അതിലെ പിണറായിയുടെ ചിത്രവും "പിണറായി വിജയന്റെ രാഷ്ട്രീയ വിശദീകരണക്കുറിപ്പ് "എന്ന വ്യാജപ്രസ്താവനയുമാണ് കേസിനാസ്പദമെന്നും മൊയ്തു അകത്തുകിടക്കണോ വേണ്ടയോ എന്ന തീരുമാനിക്കപ്പെടുന്നത് ഇങ്ങനെ ചെയ്യാന്‍ ഒരു വ്യക്തിയ്ക്ക് അവകാശമുണ്ടോ എന്ന പ്രശ്നത്തിന്മേലുളളള തീര്‍പ്പിന്മേലാണെന്നും വിമര്‍ശകര്‍ ബോധപൂര്‍വം വിസ്മരിക്കുന്നു. ഈ ചെയ്തിയുടെ ന്യായാന്യായങ്ങളെക്കുറിച്ചുളള ചര്‍ച്ചകളില്‍ നിന്ന് അവരൊക്കെയും ഒളിച്ചോടുകയും ചെയ്യുന്നു.

വാസ്തവം എന്ന് തോന്നിപ്പിക്കുന്ന ഇത്തരം രേഖകള്‍ തയ്യാറാക്കുന്നത് ഐപിസി 471 പ്രകാരം ശിക്ഷാര്‍ഹമാണ്. രണ്ടുവര്‍ഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റം. 2008ലെ സൈബര്‍ നിയമം ഇല്ലെങ്കിലും പിണറായി വിജയന് പരാതിയുണ്ടെങ്കില്‍ മൊയ്തു അകത്ത് കിടക്കും എന്നര്‍ത്ഥം.

വേറൊരുദാഹരണം നോക്കുക. "റെജീനയോട് താന്‍ ചെയ്തത് ശരിയാണെന്ന് മലപ്പുറത്തെ മുസ്ലിംങ്ങള്‍ ഒടുവില്‍ തിരിച്ചറി‍ഞ്ഞു എന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പ്രസ്താവിച്ചു. അതിനുളള തെളിവാണ് മലപ്പുറം ജില്ലയില്‍ മുസ്ലിംലീഗിനുണ്ടായ മഹാവിജയം എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി " എന്നൊരു പത്രവാര്‍ത്ത കുഞ്ഞാലിക്കുട്ടിയുടെ ചിത്രം സഹിതം കൃത്രിമമായി നിര്‍മ്മിക്കാന്‍ അദ്ദേഹത്തിന്റെ എതിരാളികള്‍ക്ക് ഒരു ബുദ്ധിമുട്ടുമില്ല. പത്രത്തിന്റെ മാസ്റ്റ്ഹെഡും ഫോണ്ടുമൊക്കെ കോപ്പിയടിക്കാന്‍ ഏറെ വൈദഗ്ധ്യമൊന്നും വേണ്ടതാനും. അങ്ങനെയൊന്നുണ്ടാക്കിയാല്‍, കോട്ടക്കല്‍ നഗരസഭാ കൌണ്‍സിലറും വനിതാലീഗ് നേതാവുമായ ടി വി സുലേഖാബീവിയുടെയും, മുസ്ളിംലീഗ് നേതാവും മലപ്പുറം ബ്ളോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായിരുന്ന കെ എം റഷീദിന്റെയും മകളുടെ ഭര്‍ത്താവായ മൊയ്തു അതൊരു സാദാ രാഷ്ട്രീയ തമാശയായി തളളിക്കളയുമായിരുന്നോ എന്ന് നമുക്കറിയില്ല. പക്ഷേ, അത് ഐപിസി 471 പ്രകാരമുളള ക്രിമിനല്‍ കുറ്റമാണെന്നും മെയില്‍ ഫോര്‍വേഡായി അയച്ചാല്‍ സൈബര്‍ ആക്ട് പ്രകാരമുളള നടപടികള്‍ക്ക് ഇരയാകുമെന്നും അതുണ്ടാക്കുന്നവര്‍ അറിഞ്ഞിരിക്കണം. അല്ലെങ്കില്‍ കേസും ജയിലുമൊക്കെ വഴിയേ വന്നേക്കാം. അന്നേരം ആവിഷ്കാരസ്വാതന്ത്ര്യം കുഞ്ഞാലിക്കുട്ടി കവര്‍ന്നേയെന്ന് വിലപിച്ച് ഓട്ടന്‍തുളളല്‍ നടത്തിയിട്ട് എന്തുകാര്യം...?

ഐപിസി 471 പ്രകാരമുളള കുറ്റം ചെയ്യുന്നതിനുളള അവകാശത്തിനുവേണ്ടി പോക്രിത്തരാവകാശ സംരക്ഷണ ഘോഷയാത്ര നയിക്കുകയാണ് സൈബര്‍ ലോകത്തെ പിണറായി വിരുദ്ധര്‍. കുറ്റകൃത്യം ചെയ്യുന്നതിനുളള അവകാശത്തിനു വേണ്ടി വാദിക്കാനും ആളിനും യുക്തിയ്ക്കും കേരളത്തില്‍ പഞ്ഞമൊന്നുമില്ല, ഇരയുടെ കൂട്ടില്‍ പിണറായി വിജയന്‍ അടങ്ങിക്കിടക്കണമെന്ന് മാത്രം.

ആവിഷ്കാര സ്വാതന്ത്ര്യത്തിനും അഭിപ്രായസ്വാതന്ത്ര്യത്തിനും പരിമിതികളുളള രാജ്യമാണ് ഇന്ത്യ. എന്തും ചെയ്യാനുളള സ്വാതന്ത്ര്യമൊന്നും ഇവിടെയാര്‍ക്കുമില്ല. രാഷ്ട്രീയപരിഹാസം നടത്തുന്നതിനും ചില വ്യവസ്ഥകളൊക്കെയുണ്ട്. നിയമം അറിയില്ല എന്ന് പറയുന്നത് ഒരൊഴിവുകഴിവുമല്ല. എല്ലാ പൗരന്മാര്‍ക്കും സൗജന്യമായി നിയമവിദ്യാഭ്യാസം നല്‍കുന്ന ഏര്‍പ്പാടും ഇന്ത്യയില്ല. അറിയാത്ത പിളളമാരൊക്കെ വിവരങ്ങള്‍ അറിയുന്നത് ചൊറിയുമ്പോള്‍ തന്നെയാണ്. മൊയ്തുവിന്റെ അനുഭവം ഒരു മുന്നറിയിപ്പാണ്. പിണറായിയുടെ വീടെന്ന മട്ടില്‍ സീരിയല്‍ ഷൂട്ടിംഗ് നടന്ന മണിമാളികയുടെ ചിത്രം പ്രചരിപ്പിച്ചവരുടെ അനുഭവം പാഠമായി ഉള്‍ക്കൊള്ളാന്‍ തയ്യാറാകാത്തവര്‍ക്കുളള മുന്നറിയിപ്പ്. രാഷ്ട്രീയ പരിഹാസം വ്യാജരേഖ തയ്യാറാക്കിയല്ല വേണ്ടൂ എന്ന് പുതിയ കംസന്മാര്‍ തിരിച്ചറിയുക തന്നെ വേണം. ഇല്ലെങ്കില്‍ ചിലപ്പോള്‍ പോലീസ് സ്റ്റേഷനൊക്കെ ഒന്നു സന്ദര്‍ശിക്കേണ്ടി വരും.

Tuesday, October 12, 2010

നാണമില്ലേ മാതൃഭൂമീ... ഇങ്ങനെ നുണയെഴുതാന്‍ ...?

നാണമില്ലേ മാതൃഭൂമീ... ഇങ്ങനെ നുണയെഴുതാന്‍ ...?


ലോട്ടറിക്കേസ് - എജിയെ വി
ളിച്ചില്ല. അപ്പീല്‍ കൊടുത്തില്ല. സര്‍ക്കാര്‍ നിലപാട് മാര്‍ട്ടിന് തുണയായി എന്ന തലക്കെട്ടില്‍ ഇന്ന് (12-10-2010) മാതൃഭൂമി ഒരു വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. സത്യവുമായി പുലബന്ധമെങ്കിലുമുളള ഏതെങ്കിലും ഒരുവാചകം ഈ വാര്‍ത്തയില്‍ കണ്ടുപിടിക്കുന്നവര്‍ക്ക് ഭൂട്ടാന്‍ ലോട്ടറിയുടെ ഒന്നാം സമ്മാനം കിട്ടും.... (തുടര്‍ന്ന് വായിക്കുക..)

Sunday, August 01, 2010

.

.

Wednesday, July 21, 2010

ഷെയിം ഓണ്‍ യു,... യുവര്‍ ഓണര്‍....

Judicial pronouncements must be judicial in nature, and should not normally depart from sobriety, moderation and reserve (The State of Uttar Pradesh vs. Mohd. Naim AIR 1964, SC 703)

നിയമങ്ങളും ചട്ടങ്ങളും പാലിക്കാനുളള ബാധ്യതയില്‍ നിന്ന് സ്വയം ഒഴിവാകാന്‍ ന്യായാധിപന്മാര്‍ക്ക് ഒരധികാരവുമില്ലെന്ന് ഒരിക്കല്‍ തുറന്നടിച്ചത് സുപ്രിംകോടതിയുടെ മുന്‍ ചീഫ് ജസ്റ്റിസ് ജെ. എസ്. വര്‍മയാണ്. ന്യായാധിപന്റെ നീതിബോധത്തിന് അടിസ്ഥാനം, ഭരണഘടനാപരവും നൈതികവുമായ ധര്‍മ്മനിഷ്ഠയാകണം എന്നായിരുന്നു മറ്റൊരു ചീഫ് ജസ്റ്റിസായിരുന്ന എസ്. എച്ച്. കപാഡിയയുടെ നിഷ്‌കര്‍ഷ. വിവേചനരഹിതമായ സാമാന്യവത്കരണങ്ങള്‍ വിധിന്യായത്തിന്റെ ഉദ്ദേശ്യശുദ്ധിയെ അപഹാസ്യമാക്കുമെന്ന്, കീഴ്‌ക്കോടതികളിലെ ജഡ്ജിമാര്‍ നടത്തുന്ന പരിധിവിട്ട പരാമര്‍ശങ്ങള്‍ നീക്കം ചെയ്യണമെന്ന ഹര്‍ജികള്‍ പരിഗണിക്കുമ്പോഴൊക്കെ സുപ്രിംകോടതി ഓര്‍മ്മിപ്പിച്ചിട്ടുണ്ട്.

കേസുമായി ബന്ധമില്ലാത്ത നിരീക്ഷണങ്ങളും പ്രസ്താവനകളും നടത്തുന്നതിന് കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് വി രാംകുമാറിനുളള പ്രാഗത്ഭ്യം ഒന്നുവേറെയാണ്. ഇത്തരം കീഴ്വഴക്കങ്ങള്‍ക്കെതിരെ പരമോന്നത നീതിപീഠം നല്കിയ മുന്നറിയിപ്പുകളോ, തന്റെ തന്നെ പരാമര്‍ശങ്ങളെ അസാധുവാക്കിക്കൊണ്ട് പുറത്തുവന്ന വിധിന്യായങ്ങളോ ഒന്നും അദ്ദേഹത്തെ വിലക്കുന്നില്ല. റഹിം പൂക്കടശേരി വധശ്രമക്കേസിലെ ജാമ്യാപേക്ഷ പരിഗണിക്കവെ സംസ്ഥാന സര്‍ക്കാരിനെതിരെ അനാവശ്യവും അതിരൂക്ഷവുമായ പരാമര്‍ശങ്ങള്‍ നടത്തുമ്പോള്‍ സുപ്രിംകോടതിയെയും താന്‍ കൂടി അംഗമായ കേരള ഹൈക്കോടതിയെയും നിര്‍ഭയം വെല്ലുവിളിക്കുകയായിരുന്നു ജസ്റ്റിസ് വി രാംകുമാര്‍. താന്‍ നടത്തിയ വിവാദപരാമര്‍ശങ്ങള്‍ നീക്കം ചെയ്തുകൊണ്ട് കേരള ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ച് പുറപ്പെടുവിച്ച വിധിയെ പുറംകാലിന് തൊഴിച്ചെറിഞ്ഞാണ് അരുതായ്മകള്‍ ആവര്‍ത്തിക്കാനുളള ധാര്‍ഷ്ട്യം അദ്ദേഹം പ്രകടിപ്പിച്ചത്.

ഫസല്‍ വധക്കേസ് സിബിഐയ്ക്ക് വിട്ടുകൊടുത്തുകൊണ്ട് ജസ്റ്റിസ് രാംകുമാര്‍ പുറപ്പെടുവിച്ച വിധിന്യായത്തിലെ വിവാദ പരാമര്‍ശങ്ങള്‍ കേരളത്തില് കോളിളക്കമുണ്ടാക്കിയിരുന്നു. വിധി പ്രസ്താവിച്ച് ആറു മാസങ്ങള്‍ക്കകം ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ച് ആ പരാമര്‍ശങ്ങള്‍ അസാധുവാക്കി. ഇത്തരം കേസുകള്‍ പരിഗണിക്കവെ, സുപ്രിംകോടതി സ്വീകരിച്ച നിലപാടുകള്‍ അക്കമിട്ടു നിരത്തിയാണ് അന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന എച്ച് എല്‍ ദത്തുവും ജസ്റ്റിസ് കെ. എം. ജോസഫുമടങ്ങുന്ന ഡിവിഷന് ബഞ്ച് ജസ്റ്റിസ് രാംകുമാറിന്റെ പരാമര്‍ശങ്ങള്‍ നീക്കം ചെയ്തത്. ആ വിധിയ്ക്ക് അതെഴുതിയ കടലാസിന്റെ വില പോലും ജസ്റ്റിസ് രാംകുമാര്‍ നല്കിയില്ലെന്നാണ് റഹിം പൂക്കടശേരി വധശ്രമക്കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവെ അദ്ദേഹം വീണ്ടും നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ തെളിയിച്ചത്.

പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് പ്രചാരണം മൂര്‍ദ്ധന്യത്തിലെത്തിയ വേളയിലാണ് റഹിം പൂക്കടശേരി വധശ്രമക്കേസിലെ മൂന്നു പ്രതികളുടെ ജാമ്യാപേക്ഷയില്‍ ജസ്റ്റിസ് വി രാംകുമാര്‍ വിധി പറ‍ഞ്ഞത്. വ്യക്തമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ജാമ്യം നല്കുകയോ നിഷേധിക്കുകയോ ചെയ്ത് തികച്ചും സ്വാഭാവികമായി അവസാനിപ്പിക്കാവുന്ന കേസായിട്ടും അദ്ദേഹം സ്വീകരിച്ചത് ആ വഴിയല്ല. കേസ് അന്വേഷിച്ച പൊലീസ് സംഘം പ്രതികളെ (കശ്മീരില്‍ കൊല്ലപ്പെട്ട മൂന്നുപേരൊഴികെ) അറസ്റ്റു ചെയ്യുകയും കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിരുന്നു. അന്വേഷണത്തിലോ അറസ്റ്റിലോ പാളിച്ചയോ ദുരൂഹതയോ ആരോപിക്കപ്പെട്ടില്ല. എന്നിട്ടും ജാമ്യം നിഷേധിച്ചു കൊണ്ട് പ്രസ്താവിച്ച വിധിയില്‍ കേസുമായി ഒരു ബന്ധവുമില്ലാത്ത അത്യന്തം പ്രകോപനപരമായ ചില പരാമര്‍ശങ്ങള്‍ കൂടി അദ്ദേഹം ഉള്‍പ്പെടുത്തി. അവയിങ്ങനെയായിരുന്നു :

Women are afraid of walking even along busy highways and public streets because it is there that erotic adventurers and chain snatchers operate with impunity. Highway robbery is also on the increase. The police have become a fearful and dreaded force whom the common man shudders to beseech for help. The law and order in the State are in shambles and this is least felt in the corridors of power where the current sport is electioneering. Even in the case on hand, the constituency of the Home Minister had contributed a handful of hardcore criminals to execute the operation plotted by the main accused persons.
ഈ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യണമെന്ന കേരള സര്‍ക്കാരിന്റെ ആവശ്യം അംഗീകരിച്ചുകൊണ്ട് സുപ്രിം കോടതി ജസ്റ്റിസുമാരായ അഫ്താബ് ആലം, ആര്‍ എം ലോധ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് ഇങ്ങനെ നിരീക്ഷിച്ചു:

We fail to see the justification or occasion for making those observations. In the context of the case, the observations are plainly uncalled for and unwarranted. We therefore direct for their expunction.
കണ്ണൂരിലെ ഫസല്‍ വധക്കേസ് സിബിഐയെ ഏല്‍പ്പിച്ചുകൊണ്ട് പ്രസ്താവിച്ച വിധിയിലെ പരാമര്‍ശങ്ങള്‍ നീക്കം ചെയ്തുകൊണ്ട് ചീഫ് ജസ്റ്റിസായിരുന്ന എച്ച് എല്‍ ദത്തുവും ജസ്റ്റിസ് കെ എം ജോസഫുമടങ്ങുന്ന ഡിവിഷന്‍ ബഞ്ച് പുറപ്പെടുവിച്ച വിധിന്യായത്തിന്റെ പശ്ചാത്തലത്തിലാണ് ജസ്റ്റിസ് വി രാംകുമാറിന്റെ മേലുദ്ധരിച്ച പരാമര്‍ശങ്ങള്‍ അപഗ്രഥിക്കേണ്ടത്. ചില തീയതികള്‍ ശ്രദ്ധിക്കുക 2008 മാര്‍ച്ച് 11ന് ഫസല്‍ വധക്കേസ് സിബിഐയ്ക്ക് വിട്ടുകൊണ്ട്, കണ്ണൂര്‍ ജില്ലയില്‍ കേന്ദ്രം ഇടപെടണമെന്നും അതിന് ഗവര്‍ണര്‍ തലത്തില്‍ നീക്കം നടത്തണമെന്നും ജസ്റ്റിസ് വി രാംകുമാര്‍ ആവശ്യപ്പെട്ടിരുന്നു. ഈ പരാമര്‍ശങ്ങള്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് 2008 സെപ്തംബര്‍ 24ന് നീക്കം ചെയ്യുന്നു. റഹിം പൂക്കടശേരി വധശ്രമക്കേസ് പരിഗണിക്കവെ ജസ്റ്റിസ് രാംകുമാര്‍ വീണ്ടും വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത് 2009 മാര്‍ച്ച് 24ന്. ആ പരാമര്‍ശങ്ങള്‍ സുപ്രിംകോടതി നീക്കം ചെയ്തത് 2010 ജൂലൈ 12ന്. ഓരോ ആറുമാസത്തിനിടയിലും ജസ്റ്റിസ് രാംകുമാറിന്റെ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യാന്‍ വേണ്ടി മാത്രം സംസ്ഥാനസര്‍ക്കാര്‍ മേല്‍ക്കോടതികളെ സമീപിക്കേണ്ട അവസ്ഥ എത്ര കാലം തുടരണം...?

തങ്ങള്‍ അപ്രമാദികളാണെന്ന് തെറ്റിദ്ധരിക്കുന്ന ജഡ്ജിമാര്‍ പലപ്പോഴും അധികാരപരിധിയ്ക്ക് പുറത്തുളള വിഷയങ്ങളെക്കുറിച്ച് വിവേചനരഹിതമായി അഭിപ്രായങ്ങളും പ്രഖ്യാപനങ്ങളും നടത്താറുണ്ട്. അത്തരം പരാതികള്‍ ഉയര്‍ന്ന കോടതികള്‍ക്ക് മുമ്പാകെ എത്തിയിട്ടുമുണ്ട്. അപ്പോഴെല്ലാം നീതിവ്യവസ്ഥയെ താങ്ങിനിര്‍ത്തുന്ന ന്യായസങ്കല്‍പങ്ങളുടെ അന്തസത്ത തിരിച്ചറിഞ്ഞ ജഡ്ജിമാരെല്ലാം കടുത്ത ഭാഷയില്‍ ഈ അപഭ്രംശത്തെ അപലപിച്ചിട്ടുണ്ട്. വഴിവിട്ടപരാമര്‍ശങ്ങള്‍ നടത്തുന്ന ജഡ്ജിമാരോട് 1964ല്‍ തന്നെ സുപ്രിംകോടതി ഇങ്ങനെ പറഞ്ഞു:

It has been judicially recognised that in the matter of making disparaging remarks against persons or authorities whose conduct comes into consideration before courts of law in cases to be decided by them, it is relevant to consider (a) whether the party whose conduct is in question is before the court or has an opportunity of explaining or defending himself; (b) whether there is evidence on record bearing on that conduct justifying the remarks; and (c) whether it is necessary for the decision of the case, as an integral part thereof, to animadvert on that conduct.
വിവര്‍ത്തനം അപ്രസക്തമാക്കുംവിധം ലളിതമാണ് സുപ്രിംകോടതിയുടെ നിലപാട്. ആരെക്കുറിച്ചും എന്തും പറയാനുളള ഒരു ലൈസന്‍സും ജഡ്ജിമാര്‍ക്കില്ലെന്നാണ് പരമോന്നത കോടതി അസന്നിഗ്ധമായി പ്രഖ്യാപിച്ചത്. ഈ വാചകങ്ങള്‍ ഉദ്ധരിച്ചു ചേര്‍ത്താണ്, ഫസല്‍ വധക്കേസ് സിബിഐയ്ക്ക് വിട്ടുകൊണ്ട് ജസ്റ്റിസ് രാംകുമാര്‍ നടത്തിയ രാഷ്ട്രീയപ്രസംഗം അസാധുവാക്കിയ വിധി ഡിവിഷന്‍ ബഞ്ച് പുറപ്പെടുവിച്ചത്. നീതിപീഠത്തിലിരുന്ന് നാക്കുവളയ്ക്കുമ്പോഴും വിധിതീര്‍പ്പെഴുതാന്‍ പേനയെടുക്കുമ്പോഴും ഈ വാക്യങ്ങള്‍ ഓര്‍ക്കണമെന്ന് ജസ്റ്റിസ് രാംകുമാറിനോട് ആവശ്യപ്പെടുകയായിരുന്നു, ഡിവിഷന്‍ ബഞ്ച്.

കര്‍ണാടക ഹൈക്കോടതി നടത്തിയ ചില പരാമര്‍ശങ്ങള്‍ക്കെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജി പരിഗണിക്കവെ സുപ്രിംകോടതി 2000ല്‍ സ്വീകരിച്ച നിലപാടും ഡിവിഷന്‍ ബഞ്ച് ജസ്റ്റിസ് രാംകുമാറിനെ ഓര്‍മ്മിപ്പിച്ചു:

Judicial disposition is definitely different from a paper presented for seminar discussion. Nor can it be equated with a dissertation. Judicial decorum requires that judgments and orders should confine to the facts and legal points involved in the particular cases which Judges deal with.
ഡിവിഷന്‍ ബഞ്ചിന്റെ വിധിയെയും അതിലുദ്ധരിച്ചു ചേര്‍ത്ത സുപ്രിംകോടതി നിലപാടുകളെയും പരമപുച്ഛത്തോടെ അവഗണിച്ചുകൊണ്ടാണ് ഒരു വധശ്രമക്കേസിലെ അപ്രധാനികളായ പ്രതികളുടെ ജാമ്യാപേക്ഷ തളളിക്കളഞ്ഞുകൊണ്ട് രാഷ്ട്രീയ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന പരാമര്‍ശങ്ങള്‍ ജസ്റ്റിസ് വി രാംകുമാര്‍ നടത്തിയത്. ലൈംഗിക പീഡനവും മാല പൊട്ടിക്കലും നിര്‍ബാധം അരങ്ങേറുന്ന കേരളത്തിലെ തിരക്കേറിയ ഹൈവേകളിലും പൊതുനിരത്തുകളിലും സ്ത്രീകള്‍ക്ക് നടന്നുപോകാന്‍ ഭയമാണെന്നും തെരുവുകളില്‍ പിടിച്ചുപറി പെരുകുന്നുവെന്നും സാധാരണക്കാര്‍ക്ക് നീതിതേടി ചെല്ലാനാകാത്തവിധം ഭീതിദവും പൈശാചികവുമായ സേനയായി പൊലീസ് മാറിയെന്നും ആഭ്യന്തര മന്ത്രിയുടെ നിയോജകമണ്ഡലം ക്രിമിനലുകളെ സംഭാവന ചെയ്യുന്ന കേന്ദ്രമായി മാറിയെന്നുമൊക്കെയുളള നിരീക്ഷണങ്ങള്‍ക്ക് വസ്തുതയുടെയോ തെളിവുകളുടെയോ പിന്‍ബലമില്ല. സര്ക്കാരിനെതിരെയുളള പ്രചരണത്തിന് പ്രതിപക്ഷത്തിനുളള ആയുധമാക്കി നിസാരമായ ഒരു കേസിലെ കോടതിവിധിയെ അധപതിപ്പിക്കുകയായിരുന്നു, ജസ്റ്റിസ് വി രാംകുമാര്‍.

ഈ വാചകങ്ങള്‍ എഴുതിക്കൂട്ടിയ ജഡ്ജിയും അത്യാവേശത്തോടെ അവ റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങളും ലളിതമായ ഒരു വസ്തുത സൗകര്യപൂര്‍വം വിസ്മരിച്ചു. റഹീം പൂക്കടശേരി വധശ്രമക്കേസിലെ പ്രതികളില്‍ മൂന്നുപേരൊഴിച്ച് മറ്റെല്ലാവരെയും അറസ്റ്റു ചെയ്ത് കോടതിയ്ക്കു മുന്നിലെത്തിച്ചത്, ജസ്റ്റിസ് വി രാംകുമാറിന്റെ തറവാട്ട് കാര്യസ്ഥന്മാരുടെ സ്വകാര്യസേനയല്ല, മറിച്ച് കേരളത്തിലെ പോലീസാണ്. കുറ്റകൃത്യം നടത്തിയ പ്രതികളെ അറസ്റ്റ് ചെയ്ത് ലോക്കപ്പിലാക്കിയ പൊലീസിനെ ഭീകരസേനയെന്നും സാധാരണക്കാര്‍ സമീപിക്കാന്‍ ഭയക്കുന്ന പിശാചുക്കളെന്നും ആക്ഷേപിക്കുക വഴി സേനയുടെ ആത്മവീര്യമാണ് ന്യായാധിപന്‍ തകര്‍ക്കാന്‍ ശ്രമിച്ചത്.

കേസന്വേഷണത്തില്‍ എന്തെങ്കിലും പോരായ്മകളുണ്ടെന്ന് അദ്ദേഹത്തിന് ആക്ഷേപമില്ല. പ്രതികളെ അറസ്റ്റു ചെയ്യാന്‍ വൈകിയെന്നോ അന്വേഷണം അട്ടിമറിച്ചെന്നോ യഥാര്‍ത്ഥ പ്രതികളെ രക്ഷപെടാന്‍ ശ്രമിച്ചെന്നോ കുറ്റാരോപണമില്ല. എന്നിട്ടും പോലീസിനെ ഭീകരസേനയെന്ന് ആക്ഷേപിച്ച ന്യായാധിപന്‍ നീതിപീഠത്തിലിരുന്ന് പ്രതിപക്ഷരാഷ്ട്രീയത്തിന്റെ പ്രചാരകവേഷം കെട്ടുകയായിരുന്നു. കേരളത്തിലെ ക്രമസമാധാനനില തകര്‍ന്ന് തരിപ്പണമായെന്ന പ്രതിപക്ഷത്തിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തെ ഹൈക്കോടതി വഴി സാധൂകരിക്കുന്നതായിരുന്നു ജസ്റ്റിസ് രാംകുമാര്‍. അപ്രമാദിത്തത്തിന്റെ ലഹരിയും രാഷ്ട്രീയപ്പകയും ഒരു ന്യായാധിപനെക്കൊണ്ടെത്തിച്ചത്, കേസന്വേഷിച്ച് പ്രതികളെപ്പിടിച്ച പോലീസിന്റെ ആത്മവീര്യം തകര്‍ക്കാന്‍ കോടതിയെത്തന്നെ കരുവാക്കുന്നതിലേയ്ക്കാണ്.

എത്രവിദഗ്ധമായാണ് ഈ കേസിലേയ്ക്ക് ആഭ്യന്തരമന്ത്രിയെ വലിച്ചിഴച്ചത്? ആഭ്യന്തരമന്ത്രിയും പ്രതികളും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടെന്ന ആരോപണം ആരും ഉയര്‍ത്തിയിട്ടില്ല. അങ്ങനെയൊരു സൂചനയോ സംശയമോ ഇല്ല. എന്നിട്ടും ആഭ്യന്തര മന്ത്രിയുടെ നിയോജകമണ്ഡലമാണ് പ്രതികളെ സംഭാവന ചെയ്തതെന്ന പൈശാചികമായ പരാമര്‍ശം ജസ്റ്റിസ് രാംകുമാര്‍ നടത്തി. തന്റെ മുന്നില്‍ ഹാജരാക്കപ്പെടുന്ന പ്രതികളുടെ മേല്‍വിലാസത്തില്‍ അവരുടെ അസംബ്ലി നിയോജകമണ്ഡലം തിരിച്ചറിയുന്ന ന്യായാധിപന്റെ അപഗ്രഥനവൈഭവവും ഭൂമിശാസ്ത്ര വിജ്ഞാനവും കെങ്കേമമെന്നേ പറയേണ്ടൂ. അവരവരുടെ നിയോജകമണ്ഡലത്തില്‍ താമസിക്കുന്ന ക്രിമിനല്‍ കേസ് പ്രതികളുടെ ഉത്തരവാദിത്തം അതാത് ജനപ്രതിനിധിയ്ക്കാണെന്ന യുക്തിയും ഗംഭീരം. ഈ യുക്തിയുടെ ഭാരം ജനപ്രതിനിധികള്‍ക്കോ മന്ത്രിമാര്‍ക്കോ മാത്രമായി ചുരുക്കുന്നതും നല്ലതാണ്.

അല്ലെങ്കില്‍ ആകെ പിഴയ്ക്കും. കാരണം, പതിനഞ്ചു പ്രതികളില്‍ കണ്ണൂര്‍ സ്വദേശികള്‍ നാലുപേരേയുളളൂ. എറണാകുളം ജില്ലക്കാര്‍ അതിനെക്കാള്‍ കൂടുതലുണ്ട്. എറണാകുളത്താണ് ജസ്റ്റിസ് രാംകുമാറിന്റെ താമസം. അദ്ദേഹത്തിന് മുമ്പാകെ ജാമ്യാപേക്ഷ സമര്‍പ്പിച്ച മൂന്നുപേരുള്‍പ്പെടെ ആറുപേര്‍ അദ്ദേഹത്തിന്റെ സ്വന്തം ജില്ലക്കാരാണ്. എന്നുവെച്ചാല്‍, വിധിയിലെ the constituency of the Home Minister had contributed a handful of hardcore criminals എന്ന ഭാഗം the district of the Hon'ble Justice V Ramkumar had contributed a handful of hardcore criminals എന്നു തിരുത്തിയാലും അര്‍ത്ഥവ്യത്യാസമോ വ്യാകരണപ്പിശകോ ഉണ്ടാകില്ല. ഹൈക്കോടതി ജഡ്ജി താമസിക്കുന്ന ജില്ല ക്രിമിനലുകളെ സംഭാവന ചെയ്യുന്നു എന്ന് ആരോപിക്കുന്നതിലുളള അപഹാസ്യതയാണ് ആഭ്യന്തരമന്ത്രിയുടെ നിയോജകമണ്ഡലം ക്രിമിനലുകളെ സംഭാവന ചെയ്യുന്നു എന്ന ദുസൂചനയ്ക്കുമുളളത്. രാഷ്ട്രീയപ്പകയില്‍ സ്വബോധം നഷ്ടപ്പെട്ട ന്യായാധിപന് അത് തിരിച്ചറിയാന്‍ കഴിയാതെ പോയി.

ജസ്റ്റിസ് രാംകുമാര്‍ നടത്തിയ പരാമര്‍ശങ്ങളുടെ ഉന്നം ഒട്ടും പിഴച്ചില്ലെന്ന് പിറ്റേന്നത്തെ പത്രങ്ങള്‍ നോക്കിയാലറിയാം. സംസ്ഥാനത്ത് ക്രമസമാധാനം താറുമാറായി : ഹൈക്കോടതി എന്ന എട്ടുകോളം തലക്കെട്ടില്‍ മലയാള മനോരമ ഒന്നാം പേജില്‍ മാസ്റ്റ് ഹെഡിന് തൊട്ടുതാഴെ ഈ വാര്‍ത്ത വീശിയടിച്ചു. അധികാരികള്‍ തിരഞ്ഞെടുപ്പുകളിയിലായതിനാല്‍ ഇതറിയുന്നില്ലെന്ന ഉപതലവാചകം വേറെ നല്‍കി. മാതൃഭൂമി ആറുകോളം വലിപ്പത്തില്‍ അച്ചടിച്ച വാര്‍ത്തയുടെ തലക്കെട്ട്, ക്രമസമാധാനം തകര്‍ന്നു: ഹൈക്കോടതി എന്നായിരുന്നു.

കുറ്റകൃത്യങ്ങളുടെ അപകടഭൂപടം എന്ന് തലക്കെട്ടില്‍ തൊട്ടുപിറ്റേന്നുതന്നെ മനോരമ മുഖപ്രസംഗവും എഴുതി. "വിമര്‍ശനങ്ങളൊന്നും ജുഡീഷ്യറിയുടെ നിഷ്പക്ഷതയ്ക്കും നീതിനിഷ്ഠയ്ക്കും ഇളക്കം തട്ടിക്കുന്നില്ല എന്നാണ് ജസ്റ്റിസ് രാംകുമാര്‍ ചൊവ്വാഴ്ച തെളിയിച്ച"തെന്ന് പത്രം ഉച്ചത്തില്‍ വിളിച്ചുകൂവി. "സാധാരണക്കാര്‍ ആശ്രയിക്കാന്‍ മടിക്കുന്ന ഭയാനകശക്തിയായി പൊലീസ് മാറി"യെന്ന കോടതിയുടെ പരാമര്‍ശവും ഗൗരവമായി കാണണമെന്ന് സര്‍ക്കാരിനെ ഉപദേശിക്കാനും പത്രം മറന്നില്ല. പ്രതികളെ സംരക്ഷിക്കാനും അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തലുകള്‍ മറച്ചുവെയ്ക്കാനും ആഭ്യന്തരവകുപ്പ് ശ്രമിച്ചതിന്റെ ഫലമാണിതെന്നായി ഉമ്മന്‍ചാണ്ടി.

അധികാരികളല്ല, ജസ്റ്റിസ് രാംകുമാറും ഉമ്മന്‍ചാണ്ടിയും മനോരമയുമടങ്ങിയ ടീമാണ് തെരഞ്ഞെടുപ്പുകളി അതീവ കൗശലത്തോടെ കളിച്ചു തീര്‍ത്തത്. സര്‍ക്കാരിന്റെ ഗോള്‍പോസ്റ്റിലേയ്ക്ക് നിറയൊഴിക്കാന്‍ പാകത്തിന് പന്തെത്തിച്ച സെന്റര്‍ഫോര്‍വേഡായി ഹൈക്കോടതി ജഡ്ജി തന്നെ രംഗത്തിറങ്ങിയാല്‍ ഭരണവിരുദ്ധവികാരം ആളിക്കത്തും. ജഡ്ജിയുടെ കളി അനാവശ്യവും അനവസരത്തിലുമാണെന്ന് മാസങ്ങള്‍ക്കു ശേഷം സുപ്രിംകോടതി നിരീക്ഷിച്ചിട്ടും കാര്യമൊന്നുമില്ല. കളി തീര്‍ന്ന് കളിക്കാരും കാണികളും കളമൊഴിഞ്ഞ ശേഷം, ആഘോഷങ്ങളുടെ പൂരവിസ്മയങ്ങളും പരാജയത്തിന്റെ മൂകവിലാപങ്ങളും ഒടുങ്ങിത്തീര്‍ന്നപ്പോള്‍ ഓഫ് സൈഡിന് കൊടിയുയര്‍ത്തുന്ന ലൈന്‍മാന്റെ റോളേയുളളൂ ഇവിടെ സുപ്രിംകോടതിയ്ക്ക്. വിവാദ പരാമര്‍ശങ്ങള്‍ നീക്കം ചെയ്തത് വെറും സാങ്കേതികമായ നടപടിക്രമം മാത്രം. ജസ്റ്റിസ് രാംകുമാറിന്റെ വിധിയും അതുണ്ടാക്കിയ വിസ്‌ഫോടനങ്ങളും കൈവരിച്ച രാഷ്ട്രീയലാഭങ്ങളെ അപ്രസക്തമാക്കാന്‍ സുപ്രിംകോടതിയ്ക്ക് ഒരിക്കലും കഴിയില്ല.

ഹൈക്കോടതിയുടെ വിധിന്യായം ജസ്റ്റിസ് രാംകുമാര്‍ വായിക്കുകയോ അതിന്റെ സത്ത അദ്ദേഹം ഉള്‍ക്കൊള്ളുകയോ ചെയ്തിട്ടുണ്ടോ എന്ന ചോദ്യമാണ് റഹിം പൂക്കടശേരി വധശ്രമക്കേസില്‍ അദ്ദേഹം നടത്തിയ പരാമര്‍ശങ്ങള്‍ ഉയര്‍ത്തുന്നത്. മേല്‍ക്കോടതികളുടെ നിര്‍ദ്ദേശങ്ങളൊന്നും തനിക്ക് ബാധകമല്ലെന്ന മട്ടില്‍ പെരുമാറുന്ന ന്യായാധിപനെയും വഹിച്ചുകൊണ്ട് നീതിന്യായസംവിധാനത്തിന് മുന്നോട്ടുപോകാനാവില്ല. വിധിന്യായങ്ങള്‍ പാലിക്കാനും മാനിക്കാനുമുളള ബാധ്യത പൊതുജനത്തിന് മാത്രമല്ല, ജഡ്ജിമാര്‍ക്കുമുണ്ട്. വിധിന്യായത്തിന്റെ മറവില്‍ അനാവശ്യമായ പരാമര്‍ശങ്ങള്‍ ഒരു ന്യായാധിപന്‍ നടത്തുക, അതേക്കുറിച്ചുളള പരാതി പരിഗണിച്ച മേല്‍ക്കോടതി പരാതിയില്‍ കഴമ്പുണ്ടെന്ന് തിരിച്ചറിഞ്ഞ് പരാമര്‍ശങ്ങള്‍ അസാധുവാക്കുക, ഇത്തരം നടപടികള്‍ ആവര്‍ത്തിക്കപ്പെടരുതെന്ന് ഘനഗംഭീരമായ ഭാഷയില്‍ ഉദാഹരണങ്ങള്‍ നിരത്തി മുന്നറിയിപ്പ് നല്‍കുക, അതേ ജഡ്ജി വീണ്ടും അതേ തെറ്റ് നിര്‍ഭയം ആവര്‍ത്തിക്കുക, വീണ്ടും പരാതിക്കാരന്‍ സുപ്രിംകോടതിയെ സമീപിക്കുക, സുപ്രിംകോടതി പരാമര്‍ശങ്ങള്‍ നീക്കം ചെയ്യുക... ഇതേത് വെളളരിക്കാപ്പട്ടണമെന്ന് അത്ഭുതപ്പെടുന്നവരുടെ പ്രതികരണം അല്‍പം പരുക്കനായിപ്പോകുന്നതില്‍ ഒരത്ഭുതവുമില്ല. "ജൂഡീഷ്യല്‍ അക്കൗണ്ടബിലിറ്റി" എന്ന പദപ്രയോഗത്തിന് എന്തെങ്കിലും വില കല്‍പ്പിക്കുന്നുണ്ടെങ്കില്‍ പല കേസുകളിലായി സുപ്രിംകോടതി നല്‍കിയ നിര്‍ദ്ദേശങ്ങള്‍ ബോധപൂര്‍വം ലംഘിച്ച ജസ്റ്റിസ് വി രാംകുമാറിന്റെ ധാര്‍ഷ്ട്യത്തെ കോടതിയലക്ഷ്യമായി കാണാനുളള ആര്‍ജവം കേരള ഹൈക്കോടതിയും സുപ്രിംകോടതിയും പ്രകടിപ്പിക്കണം.

ജസ്റ്റിസ് വി രാംകുമാര്‍ ഒരു വ്യക്തിയല്ല, ഒരു മനോഭാവമാണ്. നിയന്ത്രണങ്ങളെയും നിയമങ്ങളെയും ജനാധിപത്യമര്യാദകളെയും ചവിട്ടിയരയ്ക്കുന്ന വിധിന്യായങ്ങള്‍ എഴുതുന്ന ആ മനോഭാവത്തിന് പൊതുസമൂഹത്തിന്റെ ഷെയിംവിളികള്‍ തന്നെയാണ് മറുപടി. ജസ്റ്റിസ് വി രാംകുമാര്‍ നടത്തുന്ന പരാമര്‍ശങ്ങള്‍ നീക്കം ചെയ്യുന്നതിന് മാത്രം പ്രത്യേക ബഞ്ച് സൃഷ്ടിക്കേണ്ടി വരുമെന്ന ബാധ്യതയില്‍ നിന്ന് നീതിപീഠങ്ങളെ രക്ഷിക്കേണ്ട ചുമതലയും പൊതുജനമാണ് ഏറ്റെടുക്കേണ്ടത്. അതിനാല്‍ കോടതികളോടുളള എല്ലാ ആദരവും നിലനിര്‍ത്തിക്കൊണ്ട്, പുരോഗമനപരമായ വിധിന്യായങ്ങളെഴുതിയ സകല ന്യായാധിപന്മാരുടെയും സ്മരണയ്ക്കു മുന്നില്‍ അഭിവാദ്യങ്ങളര്‍പ്പിച്ച് നമുക്കൊരുമിച്ച് ഉറക്കെ വിളിക്കാം...

ഷെയിം ഓണ്‍ യു... യുവര്‍ ഓണര്‍.....................

Friday, July 09, 2010

ഊച്ചാളിയുടെ പിച്ചാത്തി

ജനാധിപത്യവിരുദ്ധരുടെയും അരാഷ്‌ട്രീയക്കോമരങ്ങളുടെയും കുടുംബക്ഷേത്രങ്ങളല്ല, കോടതികള്‍. കോടതിവ്യവഹാരമെന്നാല്‍, ദക്ഷിണയും കാണിക്കയും സമര്‍പ്പിക്കുന്ന രാഷ്‌ട്രീയവിരോധികള്‍ക്കു വേണ്ടി നടത്തുന്ന ശത്രുസംഹാരപൂജയുമല്ല. ആ ബോധമുളള പൗരസമൂഹം, ജനാധിപത്യപ്രക്രിയയെ ഭയപ്പെടുത്തി വരുതിയിലാക്കാന്‍ അമിതാധികാരത്തിന്റെ തേറ്റപ്പല്ലുകള്‍ നീട്ടുന്ന കോടതികളെ നിലയ്‌ക്കു നിര്‍ത്താന്‍ തുനിഞ്ഞിറങ്ങുക തന്നെ ചെയ്യും. അത്തരം സാഹചര്യങ്ങളില്‍ അപ്പീലുമായി മേല്‍ക്കോടതിയിലേയ്‌ക്ക്‌ ഓടുന്ന "സസ്യഭുക്കു"കളുടെ വിധേയത്വവും അനുസരണയുമല്ല, അമിതാധികാരത്തെ നിര്‍ഭയം വെല്ലുവിളിക്കുന്ന ചാവേറുകളുടെ ചങ്കൂറ്റമാണ് തെരുവോരങ്ങളില്‍ ത്രസിക്കേണ്ടത്. പൊതുനിരത്തുകളുടെ ഓരങ്ങളില്‍ പൊതുയോഗം നിരോധിച്ചു കൊണ്ട് വിധിപറയുമ്പോള്‍ മറുഭാഗത്തിന്‌ പറയാനുളളത്‌ കേള്‍ക്കേണ്ട എന്ന്‌ തീരുമാനിക്കാന്‍ ജസ്റ്റിസുമാരായ രാമചന്ദ്രന്‍ നായരും പി എസ്‌ ഗോപിനാഥനും തയ്യാറായതെന്തുകൊണ്ട്‌ എന്ന ചോദ്യം ഉയര്‍ത്തേണ്ടത് മേല്‍ക്കോടതിയുടെ ചുവരുകള്‍ക്കകത്തല്ല, മറിച്ച്‌ പൊതുസമൂഹത്തിന്റെ നീതിബോധത്തിന്‌ മുന്നിലാണ്‌.

പൊതുനിരത്തുകളിലും നിരത്തുവക്കുകളിലും പൊതുയോഗം നിരോധിച്ചതിനെക്കാള്‍ അത്തരമൊരു വിധി പറയുന്നതിന്‌ മുമ്പ്‌ എക്‌സിക്യൂട്ടീവിന്റെയോ ലെജിസ്ലേച്ചറിന്റെയോ ഭാഗം കേള്‍ക്കേണ്ടതില്ല എന്ന്‌ ന്യായാധിപര്‍ ഏകപക്ഷീയമായി തീരുമാനിച്ചതാണ് സമൂഹത്തെ ഞെട്ടിപ്പിക്കേണ്ടത്. രാഷ്‌ട്രീയകക്ഷികളെ അടിസ്ഥാനമാക്കി നടത്തപ്പെടുന്ന തെരഞ്ഞെടുപ്പുകളിലൂടെ ജനാധിപത്യത്തിന്റെ അവിഭാജ്യഘടകങ്ങളിലൊന്നായ നിയമനിര്‍മ്മാണ സഭകള്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്ന സമൂഹത്തില്‍, രാഷ്ട്രീയകക്ഷികളുടെ ആശയപ്രചരണ സംവിധാനങ്ങള്‍ക്കു മേല്‍ നിയന്ത്രണമേര്‍പ്പെടുത്തുന്നത് ജനാധിപത്യ സംവിധാനത്തെയാകെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതിന് തുല്യമാണ്. നിയമനിര്‍മ്മാണ സഭകള്‍ രൂപപ്പെടുന്നത്‌ രാഷ്‌ട്രീയാടിസ്ഥാനത്തിലായതിനാല്‍, രാഷ്‌ട്രീയകക്ഷികള്‍ക്ക്‌ ജനാധിപത്യത്തില്‍ സുപ്രധാന സ്ഥാനമുണ്ട്‌. പൊതുയോഗങ്ങളും ജാഥയുമൊക്കെ രാഷ്‌ട്രീയ പ്രചരണത്തിന്റെ ഭാഗമാണ്‌. അവ നിരോധിക്കുകയോ അവയ്‌ക്കുമേല്‍ നിയന്ത്രണമേര്‍പ്പെടുത്തുകയോ ചെയ്യാന്‍ നീതിന്യായവ്യവസ്ഥ തയ്യാറെടുക്കുമ്പോള്‍ രാഷ്‌ട്രീയകക്ഷികളുടെ അഭിപ്രായവും പരമപ്രധാനമാണ്. അവരുടെ ഭാഗം കേള്‍ക്കുകയേ വേണ്ട എന്ന്‌ തീരുമാനിക്കാന്‍ ജനാധിപത്യത്തിന്റെ അന്തസത്ത ഉള്‍ക്കൊണ്ട ഒരു ന്യായാധിപനും കഴിയില്ല. അങ്ങനെ ചെയ്യുന്നവര്‍ ഉളളില്‍ താലോലിക്കുന്നത് ജനാധിപത്യത്തെയല്ല, ഫാസിസ്റ്റ് ഭരണക്രമത്തിന്റെ വ്യവസ്ഥകളെയാണ്. മറുഭാഗം കേള്‍ക്കാതെ വിധി പറയുന്ന ന്യായാധിപന്‍ നാളെ പത്രം വായിച്ചും ടെലിവിഷന്‍ കണ്ടും വിധി പറയാന്‍ തുടങ്ങും. എന്തുവില കൊടുത്തും ചെറുക്കപ്പെടേണ്ടതാണ് ആ പ്രവണത.

23-6-2010ന്‌ കേരള ഹൈക്കോടതിയിലെ ജസ്റ്റിസുമാരായ സി എന്‍ രാമചന്ദ്രന്‍ നായരും പി എസ്‌ ഗോപിനാഥനും പുറപ്പെടുവിച്ച WP(C) No. 19253 of 2010 എന്ന വിധിന്യായത്തില്‍ For Respondents എന്ന സ്ഥാനത്ത്‌ രേഖപ്പെടുത്തിയിരിക്കുന്ന No Appearance എന്ന പരാമര്‍ശം ജനാധിപത്യാവകാശങ്ങള്‍ക്കുമേലുളള ഭീഷണമായ ചോദ്യചിഹ്നമാണ്. പൊതുയോഗം നടത്തുന്നത്‌ രാഷ്‌ട്രീയകക്ഷികളാണെങ്കിലും ഖാലിദിന്റെ ഹര്‍ജിയില്‍ പിഡബ്ല്യൂഡി റോഡ്‌സ്‌ എക്‌സിക്യൂട്ടീവ്‌ എഞ്ചിനീയറെയും ആലുവ റൂറല്‍ എസ്‌പിയെയുമാണ് കോടതി പ്രതിഭാഗത്ത്‌ പ്രതിഷ്‌ഠിച്ചത്‌‌. എന്നിട്ട്‌ വിധിന്യായത്തില്‍ എഴുതിയതോ, We donot think there is any need to hear the additional respondant on the view of the Government because in our view Government cannot have any objection against this Court protecting public interest and lives of the people by issuing prohibitory orders from permitting meetings on public roads and road margings which itself is illegal എന്നും.

ഈ വിധിവാചകത്തിലെ “in our view” എന്ന പ്രയോഗമാണ് നീതിബോധമുളളവരെ ലജ്ജിപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്നത്. തങ്ങളുടെ വീക്ഷണത്തോട് സര്‍ക്കാരിന് വിയോജിക്കാനാവില്ലെന്ന് കോടതി മുന്‍കൂട്ടി തീരുമാനിക്കുകയും അതനുസരിച്ച് സുപ്രധാനമായ വിധിന്യായങ്ങള്‍ പുറപ്പെടുവിക്കുകകയും ചെയ്യുന്നത് ആപത്കരമായ കീഴ്‍വഴക്കം സൃഷ്ടിക്കും. നിയമ വ്യാഖ്യാനവും പ്രയോഗവുമാണ് കോടതികളുടെ ചുമതല. ന്യായാധിപന്മാരുടെ രാഷ്ട്രീയവീക്ഷണങ്ങള്‍ക്കും മുന്‍വിധികള്‍ക്കും കോടതി വ്യവഹാരത്തില്‍ സ്ഥാനമൊന്നുമില്ല. വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ അഭിപ്രായങ്ങളെ മുന്‍കൂട്ടി വിലക്കാനുളള ഒരധികാരവും കോടതിയ്ക്കില്ലെന്ന് അവരെ നിരന്തരമായി ഓര്‍മ്മിപ്പിക്കേണ്ടത്‌, അമിതാധികാരത്തിലേയ്‌ക്ക്‌ വഴുതിപ്പോകാനുളള ന്യായാധിപരുടെ ജന്മവാസന തിരിച്ചറിയുന്നവരുടെ കടമയാണ്‌.

രാഷ്‌ട്രീയത്തെയും രാഷ്‌ട്രീയപ്രവര്‍ത്തകരെയും വെറുക്കുന്ന വ്യക്തികള്‍ നടത്തിയ ഗൂഢാലോചനയുടെ ഫലമാണ്‌ വിവാദമായ കോടതിവിധി. നിര്‍ഭാഗ്യവശാല്‍ ഗൂഢാലോചനക്കാരില്‍ രണ്ടു ന്യായാധിപരും ഉള്‍പ്പെടുന്നു. രാഷ്‌ട്രീയ വിരോധിയായ വാദിയുടെ ആവശ്യം രാഷ്‌ട്രീയ വിരോധികളായ ന്യായാധിപര്‍ രാഷ്‌ട്രീയകക്ഷികളുടെ ഭാഗം കേള്‍ക്കാതെ അനുവദിച്ചു നല്‍കുന്നു. കോടതിയുടെ മുമ്പില്‍ ഒരു പ്രത്യേക ആവശ്യം ഉന്നയിക്കപ്പെടുമ്പോള്‍ എല്ലാ ഭാഗവും കേട്ട്‌ വാദങ്ങളുടെ ന്യായാന്യായങ്ങള്‍ പരിശോധിച്ച്‌ തീര്‍പ്പുകല്‍പ്പിക്കേണ്ട കോടതി ഏകപക്ഷീയമായ വിധിതീര്‍പ്പുകളിലേയ്ക്ക് എത്തിച്ചേരുന്നു. ഇവിടെ പ്രതിഷേധം ഉയരുന്നത് വാദിഭാഗം മാത്രം കേട്ട്‌ പൊതുവായ വിധി പ്രസ്‌താവിച്ച് പരിധികള്‍ ലംഘിക്കുന്ന ന്യായാധിപതൃഷ്‌ണയ്ക്കെതിരെയാണ്. ഇത്തരം അപഭ്രംശങ്ങള്‍ മേല്‍ക്കോടതിയില്‍ വ്യവസ്ഥാപിതമായി സമര്‍പ്പിക്കപ്പെടുന്ന അപ്പീലുകള്‍ വഴിയല്ല പരിഹരിക്കേണ്ടത്. രാഷ്‌ട്രീയപ്രവര്‍ത്തനത്തിനെതിരെയുളള ഗൂഢാലോചനകള്‍ക്ക്‌ കോടതി മുറികളുടെ സൗകര്യവും നീതിന്യായവ്യവസ്ഥയുടെ പരിധികളില്ലാത്ത അധികാരത്തിന്റെ തണലും ലഭിക്കുന്നുവെന്നത്‌ സിപിഎമ്മിനെ മാത്രം ബാധിക്കുന്ന വെല്ലുവിളിയല്ല.

ആലുവ റെയില്‍വേ സ്റ്റേഷന്‍ മൈതാനത്തിന്‌ വലിയൊരു ചരിത്രമുണ്ട്. സ്വാതന്ത്ര്യത്തിന്‌ മുമ്പും പിന്നീടും ചരിത്രപ്രസിദ്ധമായ ഒട്ടേറെ പൊതുയോഗങ്ങള്‍ക്ക്‌ ആ മൈതാനം വേദിയായിട്ടുണ്ട്. ചരിത്രത്തില്‍ സ്ഥാനമുറപ്പിച്ച ഒട്ടേറെ മഹാരഥന്മാരുടെ പ്രസംഗങ്ങള്‍ക്ക്‌ സാക്ഷ്യം വഹിച്ച മൈതാനമാണത്‌. ഒരാള്‍ നേരിട്ട അസൗകര്യത്തെ മുന്‍നിര്‍ത്തി എന്നെന്നേയ്‌ക്കുമായി അവിടെ പൊതുയോഗം വിലക്കാന്‍ ഒരുമ്പെട്ട ഹൈക്കോടതി ജഡ്‌ജിമാര്‍ ചരിത്രത്തെ ശിരഛേദം ചെയ്യുകയായിരുന്നു.

രാഷ്‌ട്രീയാവകാശം നിഷേധിക്കുക എന്നതിന്‌ പൗരാവകാശം നിഷേധിക്കുക എന്നു തന്നെയാണ്‌ അര്‍ത്ഥം. കാരണം, പൗരസമൂഹത്തെ രാഷ്‌ട്രീയക്കാരെന്നും പൊതുജനമെന്നും രണ്ടായി വിഭജിക്കാന്‍ കോടതികള്‍ക്ക് അധികാരമില്ല. പൊതുജനം എന്ന ഗണത്തിന്റെ ഉപഗണം തന്നെയാണ്‌ രാഷ്‌ട്രീയപ്രവര്‍ത്തകരും എന്നിരിക്കെ പൊതുജനത്തില്‍ നിന്ന്‌ വേറിട്ട അസ്‌തിത്വം രാഷ്‌ട്രീയ പ്രവര്‍ത്തകര്‍ക്ക്‌ കല്‍പ്പിക്കുന്നതിന്‌ കൃത്യമായ ഉദ്ദേശലക്ഷ്യങ്ങളുണ്ട്‌. അരാഷ്‌ട്രീയക്കാരുടെ യുക്തിയും വാദവും അംഗീകരിച്ച്‌ രാഷ്‌ട്രീയക്കാര്‍ക്കെതിരെ ഏകപക്ഷീയമായി വിധിയെഴുതുന്ന കോടതികള്‍ ആത്യന്തികമായി സ്വപ്നം കാണുന്നത് സമ്പൂര്‍ണമായ ഒരു അരാഷ്‌ട്രീയ സമൂഹത്തെയാണ്. അരാഷ്‌ട്രീയവല്‍ക്കരിക്കപ്പെട്ട മാദ്ധ്യമങ്ങള്‍ ഈ കോടതിവിധികള്‍ കൊണ്ടാടുന്നത് അരാഷ്‌ട്രീയവല്‍ക്കരിക്കപ്പെട്ട മദ്ധ്യവര്‍ഗത്തിന്റെ രുചിഭേദങ്ങള്‍ക്കനുസരിച്ചാണെന്നത് ഒട്ടും യാദൃശ്ചികമല്ല.

നിയമനിര്‍മ്മാണസഭയുടെ സ്വഭാവത്തെയും ഭരണവ്യവസ്ഥയുടെ ദിനചര്യയെയും നിര്‍വചിക്കുന്നത്‌ തെരഞ്ഞെടുപ്പുകളില്‍ മേല്‍ക്കൈ ലഭിക്കുന്ന പൗരസമൂഹത്തിലെ രാഷ്‌ട്രീയ വിഭാഗമായതിനാല്‍ രാഷ്‌ട്രീയാവകാശങ്ങളെ ഏകപക്ഷീയമായി ധ്വംസിക്കുന്ന കോടതിവിധികള്‍ക്കെതിരെ അവരില്‍ നിന്ന്‌ പരുക്കന്‍ പ്രതികരണങ്ങള്‍ ഉണ്ടാകും. അരാഷ്‌ട്രീയവല്‍ക്കരിക്കപ്പെട്ട നിയമനിര്‍മ്മാണസഭ സൃഷ്‌ടിക്കപ്പെടുന്നതോടെ നിസ്സങ്കോചം അമിതാധികാര പ്രയോഗത്തിന്റെ രാക്ഷസഭാവം പ്രകടിപ്പിക്കാമെന്ന്‌ മോഹിക്കുന്ന ജുഡീഷ്യറിയ്‌ക്കും എക്‌സിക്യൂട്ടീവിനും അത്തരം പ്രതികരണങ്ങള്‍ അലോസരമുണ്ടാക്കും. സമൂഹത്തിന്റെ സര്‍വചലനങ്ങളെയും നിയന്ത്രിക്കാനും സമസ്‌തമനുഷ്യരുടെയും മേല്‍ ആധിപത്യത്തിന്റെ ആകാശമേലാപ്പാകാനും മോഹിക്കുന്ന അധികാരരൂപങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത അത്‌, എല്ലാത്തരം ചോദ്യം ചെയ്യലുകളെയും ഭയക്കുകയും ഒഴിവാക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നുവെന്നതാണ്‌.

ചോദ്യം ചെയ്യലുകളെ എന്നെന്നേയ്‌ക്കുമായി ഒഴിവാക്കാനുളള എളുപ്പവഴി ചോദ്യം ചെയ്യാന്‍ പ്രത്യേകവ്യവസ്ഥ രൂപപ്പെടുത്തുക എന്നതാണ്‌. പ്രധാനമന്ത്രിയെ പത്രപ്രസ്‌താവനയിലൂടെ വിമര്‍ശിക്കാന്‍ അവകാശമുണ്ടാവുകയും മജിസ്‌ട്രേറ്റ്‌ കോടതിയിലെ ജഡ്‌ജിയെ വിമര്‍ശിക്കാന്‍ പരിധികള്‍ ഉണ്ടാവുകയും പണച്ചെലവ്‌ വേണ്ടിവരികയും ചെയ്യുന്നത്‌ പക്വമായ ജനാധിപത്യസംവിധാനത്തിന്റെ ലക്ഷണമല്ല. നീതിന്യായവ്യവസ്ഥയിലുളള ജനവിശ്വാസം നഷ്‌ടപ്പെടുത്തുമെന്ന പൈങ്കിളിയുക്തി ഉപയോഗിച്ചാണ്‌ കോടതിവിമര്‍ശനങ്ങള്‍ക്ക്‌ പരിധികള്‍ നിശ്ചയിച്ചിരിക്കുന്നത്‌. ലെജിസ്ലേച്ചറിനും എക്‌സിക്യൂട്ടീവിനും എതിരെയുളള വിമര്‍ശനം അവയ്‌ക്കുമേലുളള ജനവിശ്വാസത്തെ കപ്പലുകയറ്റുമെന്ന്‌ ആരും സിദ്ധാന്തിച്ചിട്ടില്ല. വിമര്‍ശനങ്ങളും ഇടപെടലുകളും എക്‌സിക്യൂട്ടീവിനെയും ലെജിസ്ലേച്ചറിനെയും കൂടുതല്‍ ജനപക്ഷമാക്കുകയാണ് ചെയ്യുന്നത്. വിമര്‍ശനം വിശ്വാസ്യത തകര്‍ക്കുമെന്ന യുക്തി ഉപയോഗിച്ച് അവയും ഇത്തരം പരിധികള്‍ കല്‍പ്പിച്ചാല്‍ ജനാധിപത്യം നിഘണ്ടുവിലെ വെറുമൊരു വാക്കായി മാറും.

അന്വേഷണമോ പരിശോധനയോ ഇല്ലാതെ എന്തും വിധിക്കുമെന്ന അവസ്ഥ മൂലമുണ്ടാകുന്ന നീതിനിഷേധം ഭീമമായ കോടതിച്ചെലവും വക്കീല്‍ഫീസും ചെലവാക്കിയല്ലാതെ പരിഹരിക്കാനാവില്ല. ഏറെ രാഷ്‌ട്രീയ കോലാഹലങ്ങള്‍ക്ക്‌ വഴിമരുന്നിട്ട ഒരു ഹൈക്കോടതി വിധിയിലെ പരാമര്‍ശം നോക്കുക. ലാവലിന്‍ കരാറിനെക്കുറിച്ച്‌ സിബിഐ അന്വേഷണത്തിന് കേരള ഹൈക്കോടതി ചീഫ്‌ ജസ്റ്റിസ്‌ വി കെ ബാലി നല്‍കിയ ഉത്തരവില്‍ ഇങ്ങനെയൊരു വാചകമുണ്ട്‌:

It is also admitted position that the Malabar Cancer Centre is a non-starter.(RP No. 1154 of 2006(S) dated 16-01-2007 page 110).

തലശേരിയില്‍ മലബാര്‍ കാന്‍സര്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചത്‌ 2001 മാര്‍ച്ചിലാണ്‌. ഒട്ടേറെ ആധുനിക സംവിധാനങ്ങളുമായി പ്രതിവര്‍ഷം ശരാശരി എഴുപതിനായിരത്തോളം രോഗികളെ ചികിത്സിക്കുന്ന സ്ഥാപനം തുടങ്ങിയിട്ടേയില്ലെന്ന്‌ തികഞ്ഞ അലംഭാവത്തോടെ ചീഫ്‌ ജസ്റ്റിസ്‌ തന്റെ വിധിന്യായത്തില്‍ എഴുതിവെച്ചു. ഒരുപാട് നൂലാമാലകള്‍ വഴി കടന്നു പോയല്ലാതെ ഈ പരാമര്‍ശം അസാധുവാക്കാനാവില്ല. ലക്ഷക്കണക്കിന് രൂപയും മനുഷ്യാധ്വാനവും വിനിയോഗിച്ച് സുപ്രിംകോടതിയുടെ മുന്നില്‍ അതിനുവേണ്ടി ഊഴം കാത്തു കിടക്കണം. ബാലി നിഷേധിച്ചതു കൊണ്ട്‌ കാന്‍സര്‍ സെന്ററിന്റെ അസ്‌തിത്വം അസാധുവാകുന്നില്ല. വന്‍മല പോലെ കണ്‍മുന്നിലുളള സ്ഥാപനം ഇല്ലെന്ന് വിശ്വസിച്ചുകൊണ്ടാണ്, കേസില്‍ വന്‍ അഴിമതിയുണ്ടെന്നും വമ്പന്‍ സ്രാവുകള്‍ അതിലുള്‍പ്പെട്ടിട്ടുണ്ടെന്നും ഹൈക്കോടതി വിധിയെഴുതിയത്. പ്രവര്‍ത്തനചടുലമായ ഒരു സ്ഥാപനം പ്രവര്‍ത്തനമാരംഭിച്ചിട്ടേയില്ലെന്ന്‌ പറയുന്നത്‌ സാക്ഷാല്‍ ചീഫ്‌ ജസ്റ്റിസ്‌ ആയാലും അതൊരു പെരുംനുണയാണ്‌. ഒരു വക്കീല്‍ തട്ടിവിട്ട പച്ചക്കളളം തൊണ്ടതൊടാതെ വിഴുങ്ങുകയായിരുന്നു അദ്ദേഹം.

വിധി പറയുന്നവരെ തെറ്റിദ്ധരിപ്പിക്കുന്ന പെരുംനുണകള്‍ നിസ്സങ്കോചം എഴുന്നെള്ളിക്കാന്‍ കോടതിയില്‍ വിലക്കുകളൊന്നുമില്ല. നുണ പറയാനും നുണ വിശ്വസിച്ച് വിധിയെഴുതാനും ഒരു വിലക്കുമില്ലാത്ത കോടതികള്‍ക്ക് പരമപവിത്രതയുടെ ശിരോവലയം കല്‍പ്പിച്ചുനല്‍കണമെന്ന നിര്‍ബന്ധത്തെ എത്ര പരിഹസിച്ചാലാണ്‌ മതിവരുക.

മലബാര്‍ കാന്‍സര്‍ സെന്ററിനെക്കുറിച്ചുളള പരാമര്‍ശം കേട്ട്‌ നെറ്റിചുളിച്ച്‌ കേരള ഹൈക്കോടതി ചീഫ്‌ ജസ്റ്റിസ്‌ കുറേക്കൂടി ഉത്തരവാദിത്തത്തോടെ വിധി പറയണമെന്ന്‌ ആരെങ്കിലും അഭിപ്രായപ്പെട്ടാല്‍ അയാള്‍ കോടതിയലക്ഷ്യത്തിന്റെ നീര്‍ച്ചുഴിയിലേയ്‌ക്ക്‌ എടുത്തെറിയപ്പെടും. തികഞ്ഞ ഉത്തരവാദിത്തത്തോടെയാണല്ലോ ഏതു മണ്ടത്തരവും കോടതി പറയുന്നത്‌. അതിനെയാര്‍ക്കും ചോദ്യം ചെയ്യാനാവില്ല.

പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു സ്ഥാപനം തുടങ്ങിയിട്ടേയില്ല എന്ന്‌ ലെജിസ്ലേച്ചറിന്റെയോ എക്‌സിക്യൂട്ടീവിന്റെയോ ഭാഗമായ ആരെങ്കിലും ഒരു റിപ്പോര്‍ട്ടെഴുതിയെന്ന് വെയ്ക്കുക. മലബാര്‍ കാന്‍സര്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടേയില്ലെന്ന്‌ മേലുദ്യോഗസ്ഥന്‌ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന വില്ലേജ്‌ ഓഫീസര്‍ എന്തൊക്കെ പൊല്ലാപ്പുകള്‍ നേരിടേണ്ടി വരും? ന്യായാധിപന്‍ വേറെ, വില്ലേജ് ഓഫീസര്‍ വേറെ. മലബാര്‍ കാന്‍സര്‍ സെന്റര്‍ സ്ഥാപിച്ചിട്ടേയില്ലെന്ന് നിയമസഭയില്‍ ഏതെങ്കിലും എംഎല്‍എ പറഞ്ഞാല്‍ അദ്ദേഹവും അവകാശലംഘനത്തിന് സമാധാനം പറയേണ്ടി വരും. എന്നാല്‍ ന്യായാധിപന്‌ ഇത്തരം തലവേദനകളൊന്നുമില്ല. നിര്‍ഭയമായി അവര്‍ക്ക് പരമാബദ്ധങ്ങള്‍ എഴുതിപ്പിടിപ്പിക്കാം. വ്യവസ്ഥകളും ചിട്ടകളും നിരങ്കുശം മറികടന്നാലും അവര്‍ക്ക്‌ ആരോടും സമാധാനം ബോധിപ്പിക്കേണ്ടതില്ല. എന്തുകൊണ്ട്‌ ഇങ്ങനെ എഴുതിയെന്ന്‌ ഒരു മേല്‍ക്കോടതിയും അവരോട്‌ ചോദിക്കില്ല.

അമിതാധികാരമദാലസരായ ന്യായാധിപന്മാരെ പൊതുവിചാരണ ചെയ്യേണ്ടി വരുന്നത്‌ ഈ സാഹചര്യത്തിലാണ്‌. ഉത്തരവാദിത്തരഹിതമായ പരമാധികാരം കയ്യേല്‍പ്പിക്കപ്പെട്ട സാധാരണ മനുഷ്യരാണ്‌ ന്യായാധിപര്‍. അവര്‍ക്ക്‌ സംഭവിക്കുന്ന ഏത്‌ അപഭ്രംശവും സമൂഹത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്‌ടിക്കും. അമിതാധികാരവാഞ്ച രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന രാഷ്‌ട്രീയനേതാവിനെയും ബ്യൂറോക്രാറ്റിനെയും വരച്ചവരയില്‍ നിര്‍ത്താന്‍ ജനാധിപത്യത്തില്‍ മാര്‍ഗങ്ങളുണ്ട്‌. എന്നാല്‍ ലക്കും ലഗാനുമില്ലാത്ത അധികാരമദം തലയ്‌ക്കുപിടിച്ച ന്യായാധിപനെ നിലയ്‌ക്കു നിര്‍ത്തുക തീര്‍ത്തും ദുഷ്‌കരമാണ്‌. ആ വഴികള്‍ വെട്ടിത്തുറക്കാനുളള നിയോഗവുമായി ദൈവം അവതരിക്കുമെന്ന് കരുതി പൊതുസമൂഹത്തിന് നിഷ്ക്രിയമായി നോക്കിയിരിക്കാനാവില്ല. ആ ചുമതല അവര്‍ ഏറ്റെടുക്കുക തന്നെ ചെയ്യും.

വിമര്‍ശനങ്ങളില്‍ നിന്ന് രക്ഷപെടാന്‍ ന്യായാധിപര്‍ സ്വയം തീര്‍ത്ത പ്രതിരോധമാണ് കോടതിയലക്ഷ്യമെന്ന ആയുധം. വിമര്‍ശനങ്ങള്‍ക്കെതിരെ നീട്ടിപ്പിടിച്ചിരിക്കുന്ന ഈ ആയുധം അമിതമായ അധികാരം കയ്യാളുന്ന സര്‍വശക്തമായ ഒരു സ്ഥാപനത്തിന്റെ ഭീരുത്വത്തെയാണ് വിളംബരം ചെയ്യുന്നത്. തെരുവു ചട്ടമ്പിയുടെ അരയിലെ പിച്ചാത്തി, ധീരതയുടെയല്ല ഭീരുത്വത്തിന്റെ ലക്ഷണമാണ്‌. എതിര്‍പ്പുകള്‍ക്കും ചെറുത്തുനില്‍പ്പിനും എതിരെയുളള അവന്റെ കരുതലാണ്‌ ആ കത്തി. കോടതിയലക്ഷ്യം എന്ന ആയുധത്തിനും പരിഷ്‌കൃത സമൂഹത്തില്‍ അതുതന്നെയാണ് സ്ഥാനം. കീലേരി അച്ചുമാരും (മാമുക്കോയ/കണ്‍കെട്ട്‌), വെട്ടിച്ചിറ ഡൈമണ്‍മാരും (ജഗതി ശ്രീകുമാര്‍/ആര്‍ദ്രം) ആയി അധഃപതിക്കുന്ന ന്യായാധിപന്മാര്‍ക്ക്‌ ഈ ഉമ്മാക്കിയുടെ ബലത്തില്‍ അധികകാലം മുന്നോട്ടുപോകാനാവില്ല. കാരണം ജനാധിപത്യം പുലര്‍ന്നതും വളരുന്നതും കോടതിയുത്തരവുകളുടെ ഔദാര്യത്തിലല്ല.

Friday, July 02, 2010

ബുദ്ധിജീവിയുടെ ആള്‍മാറാട്ടം

രണ്ട് സിപിഎം ബുദ്ധിജീവികള്‍, രണ്ട് നിലപാടുകള്‍, ആരെയാണ് പാര്‍ട്ടിക്ക് വേണ്ടത് എന്ന വമ്പന്‍ ചോദ്യമുളള കവര്‍ പേജ് സഹിതമാണ് ഈ ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പ് (2010 ജൂലൈ 4 - 88: 17) വിപണിയിലെത്തിയത്. കെഇഎന്നും ഹമീദ് ചേന്നമംഗലൂരുമാണ് സൂചിത ബുദ്ധിജീവികള്‍. ഇവരിലാരെയാണ് നിങ്ങള്‍ക്ക് വേണ്ടതെന്നത് സിപിഎമ്മിനു നേരെ തോക്കുചൂണ്ടി വാരിക ചോദിക്കുന്നു. ഉത്തരം ഉത്തരം ഹമീദ് ചേന്നമംഗലൂര്‍ എന്നല്ലെങ്കില്‍ പോയിന്റ് ബ്ലാങ്കില്‍ വെടി വീണേക്കാം.

പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറിയായ കെഇഎന്‍ എത്രയോ വര്‍ഷമായി സിപിഎം അംഗമാണ്. ഹമീദിനാകട്ടെ പാര്‍ട്ടി അംഗത്വമില്ല, പാര്‍ട്ടി സഹയാത്രികനെന്ന പദവിയില്ല, മാത്രവുമല്ല, എണ്ണമറ്റ ലേഖനങ്ങളില്‍ അദ്ദേഹം പിണറായിപ്പാര്‍ട്ടി എന്നാണ് സിപിഎമ്മിനെ വിശേഷിപ്പിക്കുന്നത്. അങ്ങനെയൊരാള്‍ ഏതുവകുപ്പില്‍ സിപിഎം ബുദ്ധിജീവിയാകുമെന്ന ചോദ്യത്തിന് മാതൃഭൂമിയോ അവ്വിധം അവകാശപ്പെടാനുളള സൂചനകള്‍ ആവോളം നിറച്ച് ലേഖനമെഴുതിയ ഹമീദ് ചേന്നമംഗലൂരോ മറുപടിയൊന്നും പറയുന്നില്ല.

വിഷയം സ്വത്വരാഷ്ട്രീയമാണ്. കെഇഎന്‍ സ്വത്വരാഷ്ട്രീയത്തിന്റെ ആളാണെന്ന ചേന്നമംഗലൂരിന്റെ ജല്പനങ്ങള്‍ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ചിന്ത വാരികയില്‍ പ്രസിദ്ധീകരിക്കപ്പെട്ട ചില ലേഖനങ്ങള്‍ ഉയര്‍ത്തിയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കെഇഎന്‍, ഡോ. പി. കെ. പോക്കര്‍ എന്നിവര്‍ മൗദൂദിസത്തിന്റെ മാര്‍ക്സിസ്റ്റ് വാളുകളാണെന്ന് ആക്രോശിച്ചുകൊണ്ടാണ് ഹമീദ് മാതൃഭൂമി വാരിക (88: 14) വഴി ഈ വിവാദത്തില്‍ പ്രവേശിച്ചത്. വ്യക്തിവിദ്വേഷത്തിന്റെ പാതാളക്കുഴിയില്‍ നിന്ന് ഹമീദ് നീട്ടിത്തുപ്പിയ ഭര്‍ത്സനങ്ങള്‍ക്ക് മുഖമടച്ച മറുപടി കെഇഎന്നില്‍ നിന്നുണ്ടായി. എതിര്‍വാക്കില്ലാതെ അത് പ്രസിദ്ധീകരിക്കപ്പെട്ടാല്‍ കൈയടി മുഴുവന്‍ കെഇഎന്‍ കൊണ്ടുപോകുമോ എന്ന് ഭയന്ന്, ഹമീദിന്റെ ബദല്‍ പ്രതികരണം സഹിതമാണ് മാതൃഭൂമി വിപണിയിലെത്തിയത്. രണ്ട് - ഒന്ന് എന്ന സ്കോറിന് ഹമീദിനെ മാതൃഭൂമി വിജയിപ്പിച്ചുവെന്നര്‍ത്ഥം.

മുഖമടച്ച് കിട്ടിയ പ്രഹരത്തിന്റെ ജാള്യം മറയ്ക്കാന്‍ ആവനാഴിയിലെ സകല ശകാരപദങ്ങളും ഹമീദ് കെഇഎന്നിനെതിരെ വാരിയെറിയുന്നുണ്ട്. പുച്ഛപരിഹാസങ്ങളുടെ ഊന്നുവടിയില്‍ നിവര്‍ന്ന് നില്ക്കാന്‍ വെപ്രാളപ്പെടുന്നുവെങ്കിലും അപവാദങ്ങളും പരദൂഷണവും ഭക്ഷിച്ച് വിശകലനവിരേചനം നടത്തുന്ന ദിനപ്പത്രങ്ങളിലെയും വാര്‍ത്താചാനലുകളിലെയും അവലോകനവീരന്മാരുടെ നിലവാരമേ തനിക്കുളളൂവെന്ന് ഹമീദ് ചേന്നമംഗലൂര്‍ ഇതാണ് പരകായ പ്രവേശം എന്ന കെഇഎന്‍ വിമര്‍ശനത്തിലൂടെ തെളിയിക്കുന്നു.

സിപിഎം, പുരോഗമനകലാസാഹിത്യ സംഘം എന്നിവയുടെ പ്രസിദ്ധീകരിക്കപ്പെട്ട നയസമീപനങ്ങളെയോ പരിപാടികളെയോ ആഴത്തില്‍ അപഗ്രഥിക്കാനുളള ശേഷിയൊന്നും ഹമീദിനില്ല. കെഇഎന്നിനെതിരെ അലറുമ്പോഴും അദ്ദേഹം എഴുതിയ ഏതെങ്കിലും വാചകമോ ഖണ്ഡികയോ തന്റെ വാദം സമര്‍ത്ഥിക്കാന്‍ വേണ്ടി ഉദ്ധരിക്കാനും ഹമീദിന് കഴിയുന്നില്ല. കെഇഎന്‍ എഴുതിയത് വായിച്ചല്ല, കെഇഎന്നെക്കുറിച്ച് പത്രങ്ങള്‍ എഴുതിയത് വായിച്ചാണ് ഹമീദിന്റെ വിമര്‍ശനം. ബുദ്ധിപരമായ സത്യസന്ധതയോ, ഒരു വിഷയത്തെ അതിന്റെ സമഗ്രതയില്‍ വീക്ഷിച്ച് വിശകലനം ചെയ്യാനുളള ബുദ്ധിശക്തിയോ ഇല്ലാത്തതിനാല്‍ ഹമീദ് പത്രപ്പരദൂഷണത്തെ വിശ്വസിച്ച് കെഇഎന്നിനെതിരെ കുടിപ്പക തീര്‍ക്കുന്നു. സ്വത്വവാദം സംബന്ധിച്ച ചര്‍ച്ചയില്‍ ഒരിടത്തുപോലും സിപിഎമ്മോ പുരോഗമന കലാസാഹിത്യസംഘമോ കെഇഎന്റെയോ പോക്കറുടെയോ നിലപാടുകള്‍ തളളിക്കളഞ്ഞിട്ടില്ല. ഇരകളുടെ മാനിഫെസ്റ്റോ എന്ന ഗ്രന്ഥത്തിലെ ഒരു വാക്കുപോലും താന്‍ പിന്‍വലിച്ചിട്ടില്ലെന്നും അതിന്റെ അഞ്ചാം പതിപ്പ് പുറത്തിറക്കിയത് സിപിഎമ്മിന്റെ പ്രസിദ്ധീകരണ ശാലയായ ചിന്തയാണെന്നും കെഇഎന്‍ വിമര്‍ശകരെ ആവര്‍ത്തിച്ച് ഓര്‍മ്മിപ്പിച്ചിട്ടുണ്ട്. എന്നിട്ടും ഹമീദ് എഴുതുന്നത് നോക്കുക...
മാര്‍ക്സിസ്റ്റ് വിരുദ്ധവും ജനവിരുദ്ധവും എന്നാല്‍ മതമൗലികവാദാനുകൂലവുമായ തന്റെ സ്വത്വരാഷ്ട്രീയ നിലപാടിനെ പുകസയിലെ ഭൂരിപക്ഷം നിസ്സന്ദേഹം തളളിക്കളഞ്ഞതാണ് കഥാപുരുഷനെ അമര്‍ഷം കൊള്ളിച്ചത്.
താന്‍ സ്വത്വരാഷ്ട്രീയത്തിന്റെ വക്താവല്ലെന്ന് ഒന്നിലേറെ തവണ കെഇഎന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒരിക്കലും സ്വത്വരാഷ്ട്രീയത്തെ കെഇഎന്‍ അനുകൂലിച്ചിട്ടുമില്ല. ഈ ലക്കം ഭാഷാപോഷിണി വാരികയില്‍ താഹാ മാടായിയുടെ ചോദ്യത്തിന് കെഇഎന്‍ നല്‍കിയ മറുപടി കേള്‍ക്കുക.
ചോദ്യം - സ്വത്വരാഷ്ട്രീയത്തെ സിപിഎം തളളിപ്പറഞ്ഞതോടു കൂടി കെഇഎന്ന് മുന്നിലുളള വഴി എന്താണ്? ഇസ്ലാമിക രാഷ്ട്രീയത്തിലേയ്ക്കുളള ഒരു പ്രവേശനം താങ്കള്‍ ആഗ്രഹിക്കുന്നുണ്ടോ?
ഉത്തരം - അപ്പൂതിയങ്ങ് മനസില്‍ വെച്ചേക്ക് മോനേ..സ്വത്വരാഷ്ട്രീയം ഒരിക്കലും അംഗീകരിക്കാത്ത പാര്‍ട്ടി ഇപ്പോള്‍ അതിനെ തളളിപ്പറഞ്ഞു എന്ന് പറയുന്നത് എന്ത് യുക്തിയുടെ അടിസ്ഥാനത്തിലാണ്. എങ്ങനെ ഒരു മാര്‍ക്സിസ്റ്റിന് ഒരേസമയം മാര്‍ക്സിസ്റ്റും സ്വത്വരാഷ്ട്രീയക്കാരനുമാകാന്‍ സാധിക്കും. താഹ, താങ്കള്‍ അഭിമുഖരംഗത്തെ ഒരു വിദഗ്ധനാണ്. പക്ഷേ, മുമ്പെന്ന പോലെ ഇത്തവണയും എന്നോടുളള ചോദ്യങ്ങളില്‍ ഒരുതരം കുതര്‍ക്കമാണ് മുന്നിട്ടു നില്‍ക്കുന്നത്. ആദ്യം, നിനക്ക് കളഞ്ഞു പോകാത്തത് നിന്റെ കൈവശം ഇപ്പോഴുമുണ്ടെന്ന് പറയുക. പിന്നെ നിനക്ക് കൊമ്പുകള്‍ കളഞ്ഞു പോയിട്ടില്ലെന്ന് പറയുക. അതിനു ശേഷം ആയതിനാല്‍ നിനക്ക് കൊമ്പുണ്ടെന്ന് പറയുക. കൊള്ളാം. നന്നാവുന്നുണ്ട്.
സിപിഎം കണ്ണുരുട്ടിയപ്പോള്‍ കെഇഎന്‍ സ്വത്വരാഷ്ട്രീയം ഉപേക്ഷിച്ചതാണെന്ന് വേണമെങ്കില്‍ ഹമീദിന് വാദിക്കാം. പക്ഷേ സത്യം അതാണോ.. ഒരോ പേജുകളിലും കൊടുങ്കാറ്റ് കൂടുവെച്ചിരിക്കുന്ന ഇരകളുടെ മാനിഫെസ്റ്റോ എന്ന പുസ്തകത്തില്‍ സ്വത്വരാഷ്ട്രീയത്തെക്കുറിച്ച് കെഇഎന്‍ പറയുന്നതിങ്ങനെ ...
സ്വത്വരാഷ്ട്രീയം മുന്നോട്ടു വെയ്ക്കുന്നത് ജാതിയുടെയോ വംശത്തിന്റെയോ മതത്തിന്റെയോ പേരില്‍ സകല പ്രശ്നങ്ങളും പരിഹരിക്കാമെന്ന അപകടകരവും അവികസിതവുമായ ഒരു സിദ്ധാന്തമാണ്. ഇന്ത്യന്‍ കീഴാളന്റെ ചെറുത്തുനില്‍പ്പിന് രണ്ട് മാനങ്ങളുണ്ട്. കീഴാള വിഭാഗത്തില്‍ നിന്നുതന്നെ ഉയര്‍ന്നുവരുന്ന കാഴ്ചപ്പാട് പങ്കുവെയ്ക്കുന്ന വരേണ്യവിഭാഗമാണ് - അവര്‍ ഭരണവര്‍ഗ രാഷ്ട്രീയത്തിന്റെ ഭാഗമായി തീരുകയാണ് ചെയ്യുന്നത്. അവര്‍ ജനാധിപത്യത്തെയാണ് വെല്ലുവിളിക്കുന്നത്. ഇങ്ങനെ ഭരണവര്‍ഗ രാഷ്ട്രീയത്തിന്റെ ഭാഗമായി തീരുന്ന ജാതി പ്രസ്ഥാനങ്ങളെ മുന്നില്‍ കണ്ടുകൊണ്ടല്ല ജനാധിപത്യവാദികള്‍ അന്വേഷണം നടത്തേണ്ടത് --- (പേജ് 141)
... വി ടി രാജശേഖരനും കാഞ്ച ഇളയ്യയും ഉള്‍പ്പെടുന്നവരുമായി മാര്‍ക്സിസ്റ്റുകള്‍ക്കും ജനാധിപത്യവാദികള്‍ക്കും പലകാര്യങ്ങളിലും വിയോജിക്കേണ്ടി വരും. പക്ഷേ, വിയോജിപ്പുകള്‍ നിലനില്‍ക്കെ തന്നെ ഒരു മൂര്‍ത്ത യാഥാര്‍ത്ഥ്യത്തിന്റെ വളരെ സങ്കീര്‍ണമായ ആവിഷ്കാരമാണ് ഇവരിലൂടെ പുറത്തുവരുന്നത് എന്നത് ആര്‍ക്കും നിഷേധിക്കാന്‍ കഴിയില്ല. ഇത് തിരിച്ചറിയാതെ ദളിത് രൂപീകരണം എന്ന മൂര്‍ത്ത യാഥാര്‍ത്ഥ്യം തന്നെ അസംബന്ധമാണെന്നും തൊഴിലാളി വര്‍ഗമാണ് ഒരേയൊരു യാഥാര്‍ത്ഥ്യമെന്നും പറയുന്നത് പ്രക്രിയകളെ ഉല്‍പന്നമെന്ന് വിളിക്കുന്നതിന് തുല്യമാകും. ജൂപ്പിറ്ററിന്റെ ശിരസില്‍ നിന്ന് മിനര്‍വയെന്നതുപോലെയല്ല തൊഴിലാളിവര്‍ഗം പ്രത്യക്ഷപ്പെടുന്നതെന്ന ലെനിന്റെ നിരീക്ഷണം വളരെ പ്രസക്തമാണ്... (പേജ് 143)
മലയാളമറിയുന്ന ആര്‍ക്കും അയത്നലളിതമായി വായിച്ചു മനസിലാക്കാന്‍ പാകത്തിന് സ്വത്വരാഷ്ട്രീയം സംബന്ധിച്ച കെഇഎന്‍ നിലപാടുകള്‍ അച്ചടി മഷി പുരണ്ടു കിടക്കുമ്പോഴാണ് " മാര്‍ക്സിസ്റ്റ് വിരുദ്ധവും ജനവിരുദ്ധവും എന്നാല്‍ മതമൗലികവാദാനുകൂലവുമായ സ്വത്വരാഷ്ട്രീയ നിലപാടിനെ പുകസയിലെ ഭൂരിപക്ഷം നിസ്സന്ദേഹം തളളിക്കളഞ്ഞുവെന്ന് ഹമീദ് ചേന്നമംഗലൂര് തട്ടിമൂളിക്കുന്നത്. നുണ പറയാനും എഴുതാനും കാണിക്കുന്ന ഈ ഉളുപ്പില്ലായ്മ ആരുടെ കൈയടി കൊതിച്ചാണെന്ന് സ്പഷ്ടം.

കെഇഎന്നിന്റെ ഒരു നിലപാടിനെയും പുകസ തളളിപ്പറഞ്ഞിട്ടില്ല. പുകസയുടേതില്‍ നിന്നോ സിപിഎമ്മില്‍ നിന്നോ വ്യത്യസ്തമായ ഒരു നിലപാടും കെഇഎന്നിനുമില്ല. കെഇഎന്നിന്റെയും സിപിഎമ്മിന്റെയും നിലപാടുകള്‍ തമ്മില്‍ വൈരുദ്ധ്യമുണ്ടെന്ന് ചുമ്മാ വ്യാഖ്യാനിച്ചാല്‍ പോര. വരിയും ഖണ്ഡികയും ഉദ്ധരിച്ച് യുക്തിയുക്തം തെളിയിക്കുകയും വേണം. ഔദ്യോഗികമായോ അല്ലാതെയോ അങ്ങനെയൊരു സൂചനയും പുകസയോ സിപിഎമ്മോ എവിടെയും ഇതേവരെ നല്‍കിയിട്ടുമില്ല. പിന്നെന്തിന് വേണ്ടിയാണ് കെഇഎന്നിന്റെ നിലപാടുകള് പുകസ നിസ്സന്ദേഹം തള്ളിയെന്ന് ഹമീദ് ആശ്വസിക്കുന്നത്..

അദ്ദേഹത്തിന്റെ മറ്റൊരു അവകാശവാദം ഇങ്ങനെയാണ് -
പ്രകാശ് കാരാട്ടും യെച്ചൂരിയും തൊട്ട് പിണറായി വിജയനും പി രാജീവും വരെയുളളവര്‍ സ്വത്വരാഷ്ട്രീയവുമായി ബന്ധപ്പെട്ട് പറഞ്ഞ കാര്യങ്ങളേ ഞാനും എഴുതിയിട്ടുളളൂ. അവരുടെയും എന്റെയും പദവിന്യാസങ്ങളില്‍ വ്യത്യാസം കണ്ടേയ്ക്കാം. പക്ഷേ, വിചാരം ഒന്നുതന്നെയാണ്....
ഒന്നല്ല, അതൊരൊന്നര വിചാരം തന്നെയാണത്. പട്ടികയില്‍ നിന്ന് പി രാജീവിനെ നമുക്കു മോചിപ്പിക്കേണ്ടതുണ്ട്. പി കെ പോക്കറുടെ ഓറ ലേഖനത്തിന്റെ പശ്ചാത്തലത്തില്‍ ദേശാഭിമാനി വാരികയില്‍ രാജീവ് ലേഖനമെഴുതിയതോടെയാണല്ലോ വിവാദം പൊട്ടിപ്പുറപ്പെട്ടത്. സിപിഎമ്മിന്റെ സംസ്ഥാനക്കമ്മിറ്റി അംഗമായ രാജീവിനെതിരെ പോക്കര്‍ പരസ്യമായി പ്രതികരിക്കുകയും ചെയ്തു. രാജീവിന്റേത് സിപിഎം നിലപാടും പോക്കറുടേത് സിപിഎം വിരുദ്ധ നിലപാടുമാണെങ്കില്‍ സംസ്ഥാന കമ്മിറ്റി അംഗത്തെ പരസ്യമായി വിമര്‍ശിക്കുകയും ഭര്‍ത്സിക്കുകയും ചെയ്ത കുറ്റത്തിന് പോക്കര്‍ ഇതിനകം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെടുമായിരുന്നു. അതുണ്ടായില്ലെന്ന് മാത്രമല്ല, പോക്കറുടേത് സിപിഎം വിരുദ്ധനിലപാടാണെന്ന ഒരു സൂചന പോലും പിണറായി വിജയനോ സിപിഎമ്മോ നല്‍കിയിട്ടുമില്ല.

അതിനു വിപരീതമായ ചില കാര്യങ്ങള്‍ സംഭവിക്കുകയും ചെയ്തു. പിണറായി വിജയന്‍ തന്നെ പങ്കെടുത്തു കൊണ്ട് പുകസ ഫ്രാക്ഷന്‍ ചേരുകയും പി. രാജീവിന്റെ ലേഖനം കൊണ്ട് പാര്‍ട്ടിക്ക് ദോഷമല്ലാതെ ഒരു ഗുണവുമുണ്ടായിട്ടില്ലെന്ന് രാജീവിനെ ബോധ്യപ്പെടുത്തിയതായി അവിടെ റിപ്പോര്‍ട്ടു ചെയ്യുകയും ചെയ്തുവെന്ന് പത്രങ്ങള്‍ക്ക് എഴുതേണ്ടി വന്നു. സ്വത്വവിവാദം അവസാനിപ്പിച്ചുകൊണ്ട് പിണറായി തന്നെ ചിന്ത വാരികയിലെഴുതിയ ലേഖനത്തിലും ഇക്കാര്യം വ്യക്തമായിത്തന്നെ സൂചിപ്പിച്ചു.

സ്വത്വബോധവും സ്വത്വ രാഷ്ട്രീയവും എന്ന തലക്കെട്ടില്‍ അദ്ദേഹം ചിന്തയിലെഴുതിയ ലേഖനത്തില്‍ ഇങ്ങനെ പറയുന്നു.....
സാമൂഹ്യമായി അടിച്ചമര്‍ത്തപ്പെടുന്നവരും വിവേചനത്തിനിരയാകുന്നവരുമായ ജനവിഭാഗങ്ങള്‍ വര്‍ഗ - ബഹുജന സംഘടനകളില്‍ ചേരുകയും വര്‍ഗ രാഷ്ട്രീയത്തോടൊപ്പം അണിനിരക്കുകയും ചെയ്യുമ്പോഴും അവര്‍ നേരിടുന്ന പ്രത്യേക പ്രശ്നങ്ങള്‍മൂലം അവരില്‍ പ്രത്യേകമായ സ്വത്വബോധം രൂപപ്പെടുകയോ നിലനില്‍ക്കുകയോ ചെയ്യുന്നുണ്ട് എന്ന് വര്‍ഗരാഷ്ട്രീയം കയ്യാളുന്നവര്‍ തിരിച്ചറിയേണ്ടതുണ്ട്. അത് തിരിച്ചറിഞ്ഞ് അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കേണ്ടതുണ്ട്.
ഈ രംഗത്ത് തങ്ങള്‍ക്കുണ്ടായിരുന്ന വീഴ്ച സിപിഐ എം തിരിച്ചറിഞ്ഞ് പരിഹരിക്കാന്‍ തുടങ്ങിയിട്ട് കുറച്ചുകാലമായി. അടുത്ത കാലത്ത് പാര്‍ടി സ്കൂളില്‍ ഇതു സംബന്ധിച്ച താത്വികവും പ്രയോഗപരവുമായ വശങ്ങള്‍ വിശദമാക്കി എങ്ങനെ സ്വത്വബോധത്തെയും സ്വത്വ രാഷ്ട്രീയത്തെയും തിരിച്ചറിഞ്ഞ് കൈകാര്യം ചെയ്യണമെന്ന് പാര്‍ടി പ്രവര്‍ത്തകരെ പഠിപ്പിക്കുന്ന ക്ളാസ് ആരംഭിച്ചിട്ടുണ്ട്. അത് വേണ്ടത്ര മനസ്സിലാക്കാത്ത ചിലര്‍ ഈ വിഷയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കൈകാര്യം ചെയ്തതിലെ പാളിച്ചകളാണ് മാധ്യമങ്ങള്‍ വിവാദമാക്കി അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത്.
സ്വത്വബോധത്തെയും സ്വത്വരാഷ്ട്രീയത്തെയും തിരിച്ചറിഞ്ഞ് കൈകാര്യം ചെയ്യണമെന്ന പാഠം വേണ്ടത്ര മനസിലാക്കാത്തത് കെഇഎന്നോ പോക്കറോ അല്ല, പി രാജീവും ചിന്തയില്‍ ലേഖനമെഴുതിയ ചിലരുമായിരുന്നു. കെഇഎന്നും പോക്കറും സ്വത്വബോധം കൈകാര്യം ചെയ്തുതുടങ്ങിയത് ഇന്നോ ഇന്നലെയോ കഴിഞ്ഞ മാസമോ അല്ല. സ്വത്വബോധവും സ്വത്വരാഷ്ട്രീയവും തിരിച്ചറിഞ്ഞ് കൈകാര്യം ചെയ്യണമെന്നതാണ് പാര്‍ട്ടി നിലപാടെന്നും അതാണ് പാര്‍ട്ടി പ്രവര്‍ത്തകരെ പഠിപ്പിക്കുന്നതെന്നും സൈദ്ധാന്തിക വാരികയിലൂടെ പാര്‍ട്ടി സെക്രട്ടറി അസന്നിദ്ധമായി വ്യക്തമാക്കി. സ്വത്വബോധമെന്ന് കേട്ടാല്‍ അപസ്മാരമിളകുന്ന ഹമീദ് ചേന്നമംഗലൂര്‍ എവിടെ, സ്വത്വബോധത്തെയും സ്വത്വരാഷ്ട്രീയത്തെയും തിരിച്ചറിഞ്ഞ് കൈകാര്യം ചെയ്യണമെന്ന് പാര്‍ട്ടി പ്രവര്‍ത്തകരോട് ആവശ്യപ്പെടുന്ന സിപിഎം സംസ്ഥാന സെക്രട്ടറി എവിടെ. സ്വത്വബോധം വര്‍ഗീയതയെ ഊട്ടിവളര്‍ത്തുകയേ ഉളളൂവെന്ന് ഉപരിപ്ലവമായി സൈദ്ധാന്തിക്കുന്ന ഹമീദാണ്, സ്വത്വബോധത്തെയും സ്വത്വരാഷ്ട്രീയത്തെയും വേര്‍തിരിച്ചു കൈകാര്യം ചെയ്യുന്ന സിപിഎമ്മില്‍ നിന്ന് വ്യത്യസ്തമായി തനിക്കൊരു നിലപാടുമില്ലെന്ന് നെഞ്ചത്തടിച്ച് സാക്ഷ്യം പറയുന്നത്. ഇതെന്തിന് വേണ്ടിയെന്ന ചോദ്യം പ്രത്യേകം പരിശോധിക്കേണ്ടതുണ്ട്.

സ്വത്വരാഷ്ട്രീയം സംബന്ധിച്ച് മാധ്യമങ്ങള്‍ കത്തിജ്വലിപ്പിച്ച വിവാദത്തിന്റെ ഉദ്ദേശം ഒറ്റദിവസം കൊണ്ടുതന്നെ പുറത്തുവന്നിരുന്നു. കെഇഎന്‍, പി കെ പോക്കര്‍ എന്നിവര്‍ സിപിഎമ്മില്‍ നിന്ന് പുറത്താകുന്ന സുന്ദരസുരഭില സ്വപ്നമാണ് അവര്‍ അവസാനനിമിഷം വരെ പ്രചരിപ്പിച്ചത്. പൊതുവില്‍ സിപിഎമ്മിനുളളില്‍ വിമതസ്വരം മുഴക്കുന്നവരെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുന്ന മാധ്യമങ്ങള്‍ ഇവരുടെ കാര്യത്തില്‍ തികച്ചും വ്യത്യസ്തമായ സമീപനമാണ് കൈക്കൊണ്ടത്. കേരളത്തിലെ മിക്കവാറും എല്ലാ മാധ്യമങ്ങളും ആദ്യം മുതല്‍ അവസാനം വരെ സ്വത്വവിവാദത്തില് കെഇഎന്നിനും പോക്കര്‍ക്കും എതിരായിരുന്നു. സിപിഎമ്മിന്റെ കാര്യത്തില്‍ മാധ്യമങ്ങള്‍ പുലര്‍ത്തുന്ന പൊതുപ്രവണതയ്ക്ക് വിരുദ്ധമായി ഈ രണ്ടുപേരുടെയും കാര്യത്തില്‍ അവര്‍ സ്വീകരിച്ച സമീപനം കൂടുതല്‍ ആഴത്തിലുളള വിശകലനം അര്‍ഹിക്കുന്നുണ്ട്. കെഇഎന്നെയും പോക്കറെയും സിപിഎം തള്ളിപ്പറയുന്നു, കെഇഎന്നെയും പോക്കറെയും സിപിഎം പുറത്താക്കിയേക്കും, ഇരവാദത്തെ സിപിഎം തളളി, ഇരവാദത്തെ പിന്തുണച്ചവര്‍ നിശബ്ദരാകുന്നു തുടങ്ങിയ മത്തങ്ങാത്തലക്കെട്ടുകള്‍ അച്ചടിച്ചാണ് മനോരമയും മാതൃഭൂമിയും മംഗളവും കേരള കൌമുദിയും സ്വത്വവിവാദം സംബന്ധിച്ച നിരീക്ഷണങ്ങള്‍ അവതരിപ്പിച്ചത്. ഇതിലൊന്നും സത്യത്തിന്റെ കണികപോലുമില്ലെന്ന് അര്‍ത്ഥശങ്കയില്ലാത്തവിധം ഇന്ന് തെളിഞ്ഞു കഴിഞ്ഞു. ഈ തലക്കെട്ടുകളപ്പാടെ വിശ്വസിച്ച്, കെഇഎന്നിനെ സിപിഎം ഉടന് തളളിപ്പറയുമെന്നും ആ ഒഴിവിലേയ്ക്ക് തനിക്ക് തളളിക്കയറാമെന്നും വ്യാമോഹിച്ചാണ് പൊടുന്നനെ സിപിഎം നേതാക്കളെ പ്രകീര്‍ത്തിച്ചും അവര്‍ക്കും തനിക്കും ഒരു വികാരവും ഒരു വിചാരവുമാണെന്ന് ഏറ്റു പറഞ്ഞും ഹമീദ് ചേന്നമംഗലൂര്‍ മാതൃഭൂമി വഴി എകെജി സെന്ററിലേയ്ക്ക് ബയോഡേറ്റ അയച്ചത്.

തനിക്കും പിണറായിയ്ക്കും ഒരേ വിചാരമാണെന്ന് ചേന്നമംഗലം ബുദ്ധിജീവി സ്വയം സര്‍ട്ടിഫിക്കറ്റെഴുതുമ്പോള്‍ അദ്ദേഹത്തിന്റെ ശൈലീവൈഭവം ഓര്‍മ്മയുളളവരില്‍ അതോക്കാനമുണ്ടാക്കും. മറ്റുവര്‍ഗ്ഗീയ – ജാതീയ കക്ഷികളെപ്പോലെയല്ല ജമാഅത്തെ ഇസ്ലാമിയെന്നും ദേശീയ -അന്തര്‍ദേശീയ പ്രശ്‌നങ്ങളില്‍ വ്യക്തമായ വീക്ഷണമുള്ള സംഘടനയാണതെന്നും ഒരിക്കല്‍ പിണറായി അഭിപ്രായപ്പെട്ടിരുന്നു. അന്ന്, ഒട്ടും മടിക്കാതെ പിണറായി യെച്ചൂരിയെ വായിക്കണം എന്ന തലക്കെട്ടില്‍ ഹമീദ് ഒരു ലേഖനം കാച്ചി. അതില്‍ ഇങ്ങനെ പറഞ്ഞു. ...
അത്തരമൊരു സംഘടനയുടെ സഹായം തേടുന്നതും അതിനെ മടിയിലിരുത്തുന്നതും താലോലിക്കുന്നതുമൊന്നും തെറ്റല്ലെന്ന്‌ വ്യംഗ്യം. ഒന്നുരണ്ടു മാസം മുന്‍പ്‌ ഇതേ അഭിപ്രായം ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വനും പ്രകടിപ്പിക്കുകയുണ്ടായി. വിജയനും വിശ്വനുമൊക്കെ പറയുന്നത്‌ കേട്ടാല്‍ തോന്നുക ദേശീയ – അന്തര്‍ദേശീയ കാര്യങ്ങളില്‍ വ്യക്തമായ വീക്ഷണമുള്ള ഒരേയൊരു സംഘടനയത്രേ ജമാഅത്തെ ഇസ്‌ലാമി എന്നാണ്‌....ജമാഅത്തെ ഇസ്‌ലാമിയുടെ സാന്നിധ്യം ഹിന്ദുവര്‍ഗീയത ശക്തിപ്പെടാന്‍ മാത്രമാണ്‌ സഹായിക്കുന്നതെന്നും ആര്‍ എസ്‌ എസിനെപ്പോലെ ആ സംഘടനയും ജനതാത്‌പര്യത്തിനും ദേശതാത്‌പര്യത്തിനുമെതിരാണെന്നും യെച്ചൂരി പറയുമ്പോള്‍ പിണറായിയും കൂട്ടരുമെന്തിന്‌ മൗദൂദിസ്റ്റ്‌ സംഘടനയെ വാരിപ്പുണരുന്നു- അവര്‍ക്ക്‌ വലുത്‌ ജന – ദേശ താത്‌പര്യങ്ങളല്ല, അധികാരം മാത്രമാണ്‌ എന്നോ?
ഇതേ യെച്ചൂരിയാണ് മനുഷ്യാവകാശപ്രവര്‍ത്തകരുടെ കപ്പലിനു നേരെയുണ്ടായ ഇസ്രായേല്‍ ആക്രമണത്തിനെതിരെ 2010 ജൂണ്‍ 5ന് ദില്ലിയില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ ജമായത്തെ ഇസ്ലാമിയ്ക്കൊപ്പം പങ്കെടുത്തത്. പ്രകടനത്തിന് നേതൃത്വം നല്‍കാന്‍ സീതാറാം യെച്ചൂരിയ്ക്കും സി.പി.ഐ. സെക്രട്ടറി അതുല്‍കുമാര്‍ അഞ്ജനുമൊപ്പം ജമാഅത്തെ ഇസ്‌ലാമി രാഷ്ട്രീയകാര്യ സെക്രട്ടറി മുജ്തബ ഫാറൂഖുമുണ്ടായിരുന്നു. ജമായത്തെ ഇസ്ലാമിയുടെ രാഷ്ട്രീയത്തെ നഖശിഖാന്തം എതിര്‍ത്ത് പുസ്തകമെഴുതിയ യെച്ചൂരിയ്ക്ക് ഇസ്രായേലിന്റെ കൊടുംഭീകരതയ്ക്കെതിരെ സംഘടിപ്പിച്ച പ്രതിഷേധപ്രകടനത്തില്‍ അവര്‍ക്കൊപ്പം നടന്നു നീങ്ങാന്‍ ഒരു മടിയുമില്ലായിരുന്നു. ആ സീതാറാം യെച്ചൂരിയെവിടെ, യെച്ചൂരിയെ വായിച്ചു പഠിക്കാന്‍ പിണറായി വിജയനെ ഉപദേശിച്ച ചേന്നമംഗലം ബുദ്ധിജീവിയെവിടെ.

മൗദൂദിസത്തിന്റെ മാര്‍ക്സിസ്റ്റ് വാളുകളാണ് കെഇഎന്നും പോക്കറും എന്ന് ഇപ്പോള്‍ പറയുന്ന ഹമീദ് അഞ്ചാറു മാസങ്ങള്‍ക്കു മുമ്പ് ആ വേഷത്തില്‍ പ്രതിഷ്ഠിച്ചത് സാക്ഷാല്‍ പിണറായി വിജയനെത്തന്നെയായിരുന്നു. "ജനദേശതാല്‍പര്യങ്ങള്‍ ബലികഴിച്ച് അധികാരത്തിന് വേണ്ടി മൗദൂദിസത്തെ വാരിപ്പുണരുന്നവന്‍" എന്ന് പിണറായി വിജയനെ ആക്ഷേപിച്ച അതേ നാവുകൊണ്ടാണ്, എനിക്കും പിണറായിക്കും വിചാരമൊന്ന് എന്ന് ഇപ്പോള്‍ ആണയിടുന്നത്. മയിലെണ്ണ പുരട്ടി കമ്പിപ്പാര വളയ്ക്കാമെന്ന വ്യാമോഹം കണ്ട് ചിരിക്കാതെന്തു ചെയ്യും...

കെഇഎന്നും പി കെ പോക്കറും മാത്രമല്ല ഹമീദിന്റെ ശത്രുക്കള്. പിണറായി വിജയനും സിപിഎമ്മിനുമൊപ്പം നില്‍ക്കുന്ന ഏത് മുസ്ലീമും അദ്ദേഹത്തിന്റെ ശത്രുവാണ്. സിപിഎമ്മിനൊപ്പം നില്ക്കുന്ന, മുസ്ലിങ്ങളെല്ലാം മുരത്ത വര്‍ഗീയവാദികളും താനൊരാള്‍ മാത്രം 916 ഹാള്‍മാര്‍ക്ക് മതനിരപേക്ഷനുമാണെന്നാണ് അദ്ദേഹത്തിന്റെ നാട്യം. സിപിഎമ്മാകട്ടെ, ഈ അവകാശവാദം ഇന്നേവരെ കേട്ടഭാവം പോലും നടിച്ചിട്ടുമില്ല. കെ ടി ജലീലും ടി കെ ഹംസയും ഹുസൈന്‍ രണ്ടത്താണിയുമൊക്കെ പലപ്പോഴായി ഹമീദിന്റെ ശകാരങ്ങള്‍ക്ക് ഇരയായിട്ടുണ്ട്. മൂടില്ലാത്താളികളുടെ വേരിന്റെ ബലം നന്നായി അറിഞ്ഞിട്ടാവണം അവരിന്നോളം ഹമീദിനെതിരെ പ്രതികരിക്കാന്‍ നിന്നിട്ടുമില്ല. നവകേരള മാര്‍ച്ചില്‍ കെ ടി ജലീലിനെ പങ്കെടുപ്പിച്ചതിലുളള അരിശം തീര്‍ക്കാന്‍ അദ്ദേഹം നവകേരള മാര്‍ച്ചുകള്‍ക്ക് പാകിസ്താനില്‍ നിന്നൊരു പാഠം എന്ന ലേഖനമെഴുതി പിണറായി വിജയനെ ഇങ്ങനെ ഉപദേശിച്ചു....
ജമാഅത്തെ ഇസ്‌ലാമിയുടെയും സിമിയുടെയും പ്രത്യയശാസ്‌ത്ര പരിസരത്തില്‍ നിന്നു കക്ഷി രാഷ്‌ട്രീയത്തിലേയ്‌ക്ക്‌ വരികയും ആ സംഘടനകള്‍ പ്രക്ഷേപിക്കുന്ന മതമൗലിക – മതതീവ്രവാദ ആശയലോകത്തിന്റെ അതിരുകള്‍ക്കകത്ത്‌ തന്നെ ഇപ്പോഴും നിലകൊള്ളുകയും ചെയ്യുന്ന കെ ടി ജലീലിനെക്കൂടി പിണറായിയും കൂട്ടരും മാര്‍ച്ചില്‍ കൂടെക്കൊണ്ടു നടന്നു. മുസ്‌ലിം മതമൗലിക തീവ്രവാദ വിഭാഗങ്ങളെ പാര്‍ട്ടിയ്‌ക്ക്‌ വോട്ടുചെയ്യുന്നവരാക്കി മാറ്റാന്‍ ജലീലിന്റെ സാന്നിധ്യം ഉതകുമെന്നാവും നേതൃത്വം വിലയിരുത്തിയത്‌. അതുകൊണ്ടുകൂടിയാവണം ജമാഅത്തെ ഇസ്‌ലാമി, സിമി, പി എഫ്‌ ഐ തുടങ്ങിയ യാഥാസ്ഥിതിക വിഭാഗങ്ങളെ വിമര്‍ശനാത്മകമായി സ്‌പര്‍ശിക്കാന്‍ പോലും ജലീല്‍ ഒരിടത്തും തയ്യാറായില്ല. ആരൊക്കെ എവ്വിധമെല്ലാം നിഷേധിച്ചാലും, മുസ്‌ലിം മൗലിക വാദ-തീവ്രവാദ സ്വരൂപങ്ങള്‍ക്ക്‌ തങ്ങള്‍ എതിരല്ല എന്ന വര്‍ഗീയ സന്ദേശം പ്രസരിപ്പിക്കാനാണ്‌ കുറ്റിപ്പുറം എം എല്‍ എയെ പാര്‍ട്ടി തോളിലേറ്റി നടന്നത്‌ എന്ന കാര്യം വ്യക്തമാണ്‌. കേരളത്തില്‍ മികച്ച രാഷ്‌ട്രീയ സ്വാധീനമുള്ള ഭരണകക്ഷിയായ സി പി ഐ എം ഇത്തരമൊരു നിലപാട്‌ സ്വീകരിക്കുമ്പോള്‍, പാകിസ്‌താനില്‍ ഭരണാധികാരികളുടെ പ്രീണനം വഴി തീവ്രവാദഗ്രൂപ്പുകള്‍ വളര്‍ന്നത്‌ പോലെ കേരളത്തിലും മുസ്‌ലിം തീവ്രവാദസംഘങ്ങള്‍ പുഷ്‌ടിപ്പെടും. പാകിസ്‌താനിലെ വടക്കു പടിഞ്ഞാറന്‍ പ്രവിശ്യയില്‍ ഇപ്പോള്‍ താലിബാന്‍ സൃഷ്‌ടിക്കുന്നത്‌ പോലുള്ള പ്രശ്‌നങ്ങള്‍ പൊടുന്നനെ ഇവിടെ അനുഭവപ്പെടില്ലായിരിയ്‌ക്കാം. പക്ഷേ അത്തരം പ്രശ്‌നങ്ങളിലേയ്‌ക്കുള്ള ഒരു പാലം നിര്‍മ്മിക്കുകയാണ്‌ നവകേരളമാര്‍ച്ചില്‍ ജലീലിന്‌ നല്‍കിയ പ്രാതിനിധ്യം വഴി പാര്‍ട്ടി ചെയ്‌തിരിക്കുന്നത്‌.
കുറ്റിപ്പുറത്തെ ജനത കുഞ്ഞാലിക്കുട്ടിയെ തഴഞ്ഞ് ബിന്‍ലാദനെയാണ് വോട്ടു ചെയ്ത് വിജയിപ്പിച്ചതെന്ന നീരീക്ഷണം കേട്ട് കോള്‍മയിര്‍ കൊള്ളാന്‍ തിരുവനന്തപുരത്തെ കെ ജി മാരാര്‍ ഭവനത്തില്‍ പ്രത്യേക യോഗം തന്നെ ചേര്‍ന്നുകാണണം.

ഇഎംഎസും പി ഗോവിന്ദപ്പിളളയും അംഗീകരിച്ച സുമനസിന്റെ ഉടമയാണെന്ന് ആശ്വസിച്ചും ഓര്‍മ്മിപ്പിച്ചുമാണ് ഹമീദ് തന്റെ ലേഖനം അവസാനിപ്പിക്കുന്നത്. ലേഖനരൂപത്തില്‍ അദ്ദേഹം സിപിഎം നേതൃത്വത്തിനു മുമ്പാകെ സമര്‍പ്പിക്കുന്ന ബയോഡേറ്റയിലെ നിര്‍ണ്ണായക റെഫറന്‍സ്. മനോരമയും മാതൃഭൂമിയും വായിച്ച്, കേസരിയുടെയും ജന്മഭൂമിയുടെയും കയ്യടിയ്ക്കും ആര്‍പ്പുവിളിയ്ക്കും വേണ്ടി സിപിഎമ്മിനെതിരെ ഹമീദ് നടത്തിയ വിമര്‍ശനങ്ങളോട്, ജീവിച്ചിരുന്നെങ്കില്‍ ഇഎംഎസ് എങ്ങനെ പ്രതികരിക്കുമായിരുന്നുവെന്ന് ആര്‍ക്കും ആലോചിക്കാവുന്നതേയുളളൂ.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മദനിസ്റ്റ്) എന്ന പേരില്‍ ഹമീദെഴുതിയ ഒരു ലേഖനമുണ്ട്. അതിലെ വാദങ്ങള്‍ പോകുന്നത് ഇങ്ങനെയാണ്...
കേരളത്തില്‍ രണ്ടരവര്‍ഷം നടത്തിയ ഭരണത്തിന്റെ ശേഷിപത്രം മാര്‍ക്‌സിസത്തിന്റെ ഏഴയലത്ത്‌ പോലും എത്തില്ലെന്നു വിവേകമതികളെല്ലാം നേരത്തെ വിലയിരുത്തിയതാണ്‌. നവ ഉദാരസമീപനം മാത്രമല്ല, കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികളെ സംബന്ധിച്ചിടത്തോളം ഒട്ടും ചിന്ത്യമല്ലാത്ത വര്‍ഗീയ – മതമൗലികവാദികളുടെ മുമ്പാകെയുള്ള നാണം കെട്ട കീഴടങ്ങല്‍ കൂടി ഒരു നയമായി പിണറായിപ്പാര്‍ട്ടി അംഗീകരിച്ചിരിക്കുന്നു. “വര്‍ഗീയ സ്‌തംഭം മഹാശ്ചര്യം നമുക്കും തുടരണം ഭരണം” എന്നായിരിക്കുന്നു ആ പാര്‍ട്ടിയുടെ ആപ്‌തവാക്യം.
സിപിഎമ്മിലേയ്ക്ക് കടക്കാന്‍ കാലുയര്‍ത്തി നില്ക്കുന്ന ബുദ്ധിജീവി ഇടതുപക്ഷ മൂല്യങ്ങള്‍ കൈവെടിഞ്ഞാല്‍ എന്ന ലേഖനത്തില്‍ പാര്‍ട്ടിയെ ഇങ്ങനെ വിലയിരുത്തി.....
തൊഴിലാളിവര്‍ഗത്തിന്റെ ഉത്തമതാത്‌പര്യങ്ങള്‍ പരിരക്ഷിക്കുന്ന പാര്‍ട്ടി എന്ന അവസ്ഥയില്‍ നിന്നു മുതലാളിത്ത താത്‌പര്യങ്ങളോട്‌ രാജിയാവുന്ന രാഷ്‌ട്രീയപ്രസ്ഥാനം എന്ന നിലയിലേക്ക്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ഓഫ്‌ ഇന്ത്യ (മാര്‍ക്‌സിസ്റ്റ്‌) അധഃപതിച്ചു കഴിഞ്ഞിരുന്നു.....
ഹമീദ് ചേന്നമംഗലൂരിന് സിപിഎമ്മിനെയോ പിണറായി വിജയനെയോ കെഇഎന്നെയോ വിമര്‍ശിക്കാനുളള അവകാശമുണ്ടോ എന്നതല്ല മറിച്ച്, മേലുദ്ധരിച്ച രീതിയിലും ശൈലിയിലും സിപിഎമ്മിനെ വിമര്‍ശിക്കുന്ന ഒരാളെ സിപിഎം ബുദ്ധിജീവിയെന്ന് ചാപ്പയടിച്ച് മാതൃഭൂമി അവതരിപ്പിക്കുന്നത് ആരെപ്പറ്റിക്കാനാണ് എന്നതാണ് ചോദ്യം. ഈഎംഎസും ഗോവിന്ദപ്പിളളയും അവതാരികയെഴുതി ആദരിച്ച മഹാപ്രതിഭയാണ് താനെന്നും കാരാട്ട് മുതല്‍ രാജീവ് വരെയുളളവരുടെ ചിന്ത തന്നെയാണ് താനും പങ്കുവെയ്ക്കുന്നതെന്നുമുളള ഹമീദിന്റെ സത്യവാങ്മൂലത്തില്‍ "സിപിഎമ്മിന്റെ സ്വന്തം ബുദ്ധിജീവിയെന്ന പദവി തനിക്കു തരൂ"വെന്ന നിലവിളിയാണ് മുഴങ്ങുന്നത്. മാധ്യമങ്ങളുടെ അരുമയായി, സംഘപരിവാറിന്റെ തൊഴുത്തിലെ എരുമയായി വളര്‍ന്ന അദ്ദേഹത്തിന് ഇനിവേണ്ടത് സിപിഎം ബുദ്ധിജീവിയുടെ പെരുമയാണെന്നര്‍ത്ഥം. മാധ്യമങ്ങളും പി പരമേശ്വരനും പിണറായി വിജയനും ഒരുപോലെ കൊണ്ടാടുന്ന അപൂര്‍വ വ്യക്തിത്വം എന്ന ബഹുമതിയ്ക്കു വേണ്ടിയാണ് സിപിഎമ്മിനെതിരെ നടത്തിയ വിമര്‍ശനങ്ങളപ്പാടെ ഒളിച്ചുവെച്ച് സിപിഎം നേതൃത്വവും താനും ഒരേ ചിന്തയാണ് പങ്കുവെയ്ക്കുന്നത് എന്ന് നിലവിളിക്കുന്നത്.

സവര്‍ണതയ്ക്കെതിരെ കെഇഎന്‍ തൊടുക്കുന്ന വിമര്‍ശനങ്ങള്‍ക്കുളള മറുപടിയില്‍ ഹമീദിന്റെ പൂച്ച പുറത്തുചാടുന്നത് കാണുക.....
"ലേഖകന്‍ അടിയ്ക്കടി ഉപയോഗിക്കുന്ന സവര്‍ണ ഫാഷിസം എന്ന പ്രയോഗവും ചോദ്യം ചെയ്യപ്പെടേണ്ടതാണ്. ഭൂരിപക്ഷ വര്‍ഗീയതയെ പ്രതിനിധാനം ചെയ്യുന്ന സംഘപരിവാര്‍ വിശാലഹിന്ദു എന്ന ആശയം മുന്നോട്ടു വെച്ചിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. റൊമീള ഥാപ്പര്‍ സിന്‍ഡിക്കേറ്റ് ഹിന്ദുയിസം എന്നു വിശേഷിപ്പിച്ച ഹിന്ദുമതമാണ് ആര്‍എസ്എസ് ഏറെക്കാലമായി കൊണ്ടുനടക്കുന്നതെന്ന വസ്തുത പോലും ലേഖകന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ല. ബ്രാഹ്മണിസത്തിന്റെയും പോപ്പുലര്‍ ഹിന്ദുയിസത്തിന്റെയും ഒരു മിശ്രിതമാണ് സിന്‍ഡിക്കേറ്റ് ഹിന്ദുയിസം. സവര്‍ണ - അവര്‍ണ വ്യത്യാസമില്ലാതെ വിശാല ഹിന്ദുവേദി രൂപവത്കരിച്ചുകൊണ്ടാണ് സംഘപരിവാര്‍ മുന്നേറുന്നത്. ഹിന്ദുത്വ എന്ന ആശയത്തെ വിശാല ഹിന്ദു എന്ന ആശയവുമായി അവര്‍ ഉദ്ഗ്രഥിക്കുന്നു. അതിനര്‍ത്ഥം സംഘപരിവാറിന്റെ ഫാഷിസത്തെ കൃത്യമായി അടയാളപ്പെടുത്തുന്ന സംജ്ഞ സവര്‍ണ ഫാഷിസം അല്ല, ഹിന്ദുത്വ ഫാഷിസം ആണ് എന്നത്രേ! ഫാഷിസം സവര്‍ണതയെ അതിവര്‍ത്തിച്ചിരിക്കുന്നു എന്ന് കാണാനെങ്കിലും അന്വേഷണത്തില്‍ അനവരതം മുഴുകുന്നു എന്ന് നാഴികയ്ക്ക് നാല്‍പതുവട്ടം അവകാശപ്പെടുന്നവര്‍ക്ക് സാധിക്കേണ്ടതുണ്ട്".
തങ്ങള്‍ പ്രതിനിധീകരിക്കുന്നത് വിശാല ഹിന്ദുവിനെയാണെന്ന് ഇതിലും ഭംഗിയായി സാക്ഷാല്‍ തൊഗാഡിയയ്ക്കു പോലും പറയാനാവില്ല. സംഘപരിവാര്‍, ഫാഷിസം, ഹിന്ദുത്വ എന്നൊക്കെയുളള വാക്കുകള്‍ ഉപയോഗിച്ചിട്ടുണ്ടെങ്കിലും ഇത് വിമര്‍ശനമല്ലെന്നും ആര്‍എസ്എസ് പ്രചരിപ്പിക്കുന്ന യുക്തിയാണെന്നും അല്‍പം ബോധമുളളവര്‍ക്ക് എളുപ്പം തിരിച്ചറിയാവുന്നതേയുളളൂ. ഹിന്ദുവര്‍ഗീയതയുടെ ആശയമണ്ഡലത്തില്‍ നിന്ന് മുസ്ലീം വര്‍ഗീയതയെ എതിക്കുന്നതിനാല്‍ ഹമീദ് എന്നും ആര്‍എസ്എസുകാരുടെ നല്ല പിളളയാണ്. ഗുജറാത്ത് കലാപത്തെക്കുറിച്ചുളള അദ്ദേഹത്തിന്റെ വിലയിരുത്തല്‍ കൂടി അറിയുക.

2009 ഏപ്രില്‍ 17ലെ സമകാലിക മലയാളം വാരികയില്‍ ഹമീദ് ചേന്നമംഗലൂരിനോട് സജി മാത്യു നടത്തിയ സംഭാഷണം, മുസല്യാര്‍മാരുടെ പിറകെ പോകുന്ന സിപിഎം എന്ന തലക്കെട്ടില്‍ അച്ചടിച്ചു വന്നിട്ടുണ്ട്. "ഗുജറാത്ത് പ്രശ്നത്തില്‍ ഇത്തരമൊരു കാഴ്ചപ്പാട് (ഇസ്ലാമിക കാഴ്ചപ്പാട്) സിപിഎമ്മിനെ സ്വാധീനിച്ചതായി തോന്നിയിട്ടുണ്ടോ" എന്ന ചോദ്യത്തോട് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചു...
ഗുജറാത്ത് പ്രശ്നം നല്ല ഉദാഹരണമാണ്. ഇവിടത്തെ മുസ്ലിം സംഘടനകള്‍ പ്രശ്നത്തെ സമീപിച്ച അതേ വീക്ഷണകോണില്‍, അതേ തരംഗദൈര്‍ഘ്യത്തില്‍ ആണ് സിപിഎം ഗുജറാത്ത് പ്രശ്നത്തെ അവതരിപ്പിച്ചത്. ബിജെപിയുടെ അതിക്രമം കഠിനമായി എതിര്‍ക്കപ്പെടേണ്ടപ്പോള്‍ തന്നെ, മുസ്ലിം വര്‍ഗീയ വികാരത്തെ ഇക്കിളിപ്പെടുത്തുന്ന വിധത്തിലായിരുന്നു ഗുജറാത്ത് സംഭവത്തില്‍ സിപിഎം പ്രതികരിച്ചത്...
അയോധ്യയില്‍ പളളി തകര്‍ത്തതതും ഗുജറാത്തിലെ വംശഹത്യയുമല്ല, ഇവയ്ക്കെതിരെ ഇടതുപക്ഷം ഉയര്‍ത്തിയ പ്രതിഷേധമാണ് വര്‍ഗീയത വളര്‍ത്തിയതെന്നാണ് സംഘപരിവാര്‍ സംഘടനകളും സൈദ്ധാന്തികരും സധൈര്യം പ്രചരിപ്പിച്ചതും ഇപ്പോഴും പ്രചരിപ്പിക്കുന്നതും. ഹമീദും ഏറ്റുപാടുന്നത് അതുതന്നെയാണ് . ബിജെപിയെയും ഹിന്ദു വര്‍ഗീയതയെയും ഒരു തൂവല്‍ത്തഴുകല്‍ കൊണ്ട് വിമര്‍ശിച്ച് സുഖിപ്പിച്ച ശേഷം ഗുജറാത്ത് പ്രശ്നത്തെ, മുസ്ലിം വര്‍ഗീയവികാരത്തെ ഇക്കിളിപ്പെടുത്തും വിധം സിപിഎം വഷളാക്കിയെന്ന് എഴുതുകയും പ്രസംഗിക്കുകയും ചെയ്ത മനുഷ്യനെ സിപിഎം ബുദ്ധിജീവിയുടെ ആലഭാരങ്ങളണിയിച്ച് കെട്ടിയെഴുന്നെള്ളിക്കുന്ന മാതൃഭൂമി വാരികയുടെ ചങ്കൂറ്റം അതിന്റെ വരിക്കാര്‍ എന്നാണാവോ തിരിച്ചറിയുക.

മൃദു ഹൈന്ദവ മധ്യവര്‍ഗ സമൂഹത്തിന്റെ ചെല്ലപ്പിളളയായി ആദരിക്കപ്പെടാനുളള കൊതികൊണ്ടാണ് സവര്‍ണത, സവര്‍ണ ഹിന്ദുത്വം, സവര്‍ണ രാഷ്ട്രീയം എന്നൊക്കെ കേള്‍ക്കുമ്പോള്‍ ഹമീദ് ചേന്നമംഗലൂര്‍ മദമിളകി ചിന്നം വിളിക്കുന്നത്. സംഘപരിവാര്‍ സവര്‍ണതയെ കൈയൊഴിഞ്ഞു എന്ന് ഇദ്ദേഹം വാകീറി വാദിക്കുമ്പോള്‍ അയിത്താചരണവും അഭിമാന(?)ഹത്യയും ദളിത് പീഢനവും നിത്യേനെ വാര്‍ത്തകളാകുന്നു. സവര്‍ണതയ്ക്ക് കീഴ്പ്പെടുന്ന വിധികള്‍ സുപ്രിംകോടതിയില്‍ നിന്നുപോലും പുറത്തുവരുന്നു. പഴമയുടെയും തനിമയുടെയും പാരമ്പര്യത്തിന്റെയും അനുഷ്ഠാനങ്ങളുടെയും പേരില്‍ സമ്പൂര്‍ണാധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന സവര്‍ണതയെ ആപാദചൂഡം ആശ്ലേഷിച്ച് അരാഷ്ട്രീയ മധ്യവര്‍ഗത്തിന്റെ ശങ്കരാചാര്യപ്പദം മോഹിക്കുന്ന ഹമീദിന്റെ ശത്രുപക്ഷത്ത് ആ സവര്‍ണതയെ തൊലിയുരിച്ച് തുറന്നു കാട്ടുന്ന കെഇഎന്‍ നില്‍ക്കുന്നതില്‍ അത്ഭുതമൊന്നുമില്ല. എങ്കിലും കെഇഎന്നിനെ സിപിഎം ഉടന്‍ പുറത്താക്കുമെന്ന് പത്രങ്ങള്‍ പ്രവചിച്ചതോടെ സിപിഎം വിമര്‍ശനമെല്ലാം മതിയാക്കി തനിക്കും കാരാട്ടിനും യെച്ചൂരിയ്ക്കും പിണറായിയ്ക്കും ഒരേ വികാരം, ഒരേ വിചാരം, ഒരേ മദാലസരാസവിലാസം എന്ന് വയറ്റത്തടിച്ച് പാടാന്‍ ഒട്ടും മടിക്കാതെ ഗോദയിലിറങ്ങിയ ബുദ്ധിജീവിയെ നാമെന്തു വിളിക്കണം....

Friday, June 25, 2010

തച്ചങ്കരിയും മനോരമയും കുറേ പിടികിട്ടാപ്പുളളികളും....


മലയാള മനോരമയിലെ പത്രപ്രവര്‍ത്തക പരിശീലന പരീക്ഷ പാസാകാന്‍ സാക്ഷാല്‍ ഗീബല്‍സിന് കഴിയില്ലെന്നൊരു നിരീക്ഷണം ഡോ. തോമസ് ഐസക്കും എന്‍ പി ചന്ദ്രശേഖരനും ചേര്‍ന്നെഴുതിയ വ്യാജസമ്മതിയുടെ നിര്‍മ്മിതി എന്ന പുസ്തകത്തിലുണ്ട്. വരദാചാരിയുടെ തലയെ ലാവലിന്‍ കേസില്‍ വെട്ടിയൊട്ടിച്ചും കരാര്‍ സംബന്ധിച്ച ഫയലുകളത്രയും കാണാതായെന്ന് കളളക്കഥയെഴുതിയും വിവാദകാലത്തുടനീളം ഉമ്മന്‍ചാണ്ടിയ്ക്കും യുഡിഎഫിനും വിടുപണി ചെയ്ത മനോരമയിലെ പത്രപ്രവര്‍ത്തക കേസരികളുടെ നുണയെഴുത്ത് വൈദഗ്ധ്യം സൂചിപ്പിക്കവെയായിരുന്നു ആ പരാമര്‍ശം. കേരള സമൂഹത്തില്‍ ഉമ്മന്‍ചാണ്ടിയ്ക്കു വേണ്ടി മധ്യവര്‍ഗത്തിന്റെ പൊതുസമ്മതി നിര്‍മ്മിക്കാന്‍ വക്രീകരണം, തമസ്കരണം, വ്യാജപ്രചരണം തുടങ്ങിയ സുകുമാരകലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച പി. കിഷോര്‍, റെഞ്ചി കുര്യാക്കോസ്, ജി. വിനോദ് ആന്‍ഡ്രൂസ് ഫിലിപ്പ്, സുജിത് നായര്‍ തുടങ്ങിയ പ്രഗത്ഭര്‍ വിയര്‍പ്പൊഴുക്കി പണിയെടുക്കുന്ന നുണ നിര്‍മ്മാണ ഫാക്ടറി തന്നെ മനോരമയിലുണ്ടെന്ന് ഈ പുസ്തകം തെളിവുകള്‍ സഹിതം സ്ഥാപിക്കുന്നത്.

മനോരമാ ലേഖകരുടെ പ്രാഗത്ഭ്യം വഴിഞ്ഞൊഴുകുന്നൊരു വാര്‍ത്ത ജൂണ്‍ 25(വെള്ളിയാഴ്ച)ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. തലക്കെട്ട് തച്ചങ്കരിയുടെ ഗള്‍ഫ് യാത്ര പിടികിട്ടാപ്പുളളികള്‍ക്ക് സഹായവാഗ്ദാനവുമായെന്ന് ആരോപണം. കേന്ദ്ര ആഭ്യന്തര മന്ത്രാലയം അയച്ച കത്തിന്റെ ഫോട്ടോസ്റ്റാറ്റ് സഹിതമാണ് സാഹിത്യം അച്ചടിച്ചിരിക്കുന്നത്.

വാര്‍ത്തയുടെ ലീഡ് ഇങ്ങനെയാണ്...
ഗള്‍ഫില്‍ ഒളിവില്‍ കഴിയുന്ന പല പിടികിട്ടാപ്പുളളികളെയും സന്ദര്‍ശിച്ച് അവരുടെ ഇന്ത്യയിലേയ്ക്കുളള സുരക്ഷിത മടക്കം ഐജി ടോമിന്‍ തച്ചങ്കരി വാഗ്ദാനം ചെയ്തതായി കേന്ദ്ര സര്‍ക്കാരിന് അയച്ച കത്തില്‍ ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതി ദീപാ വാധ്‍വ ആരോപിച്ചു.

നെറ്റിചുളിപ്പിക്കുന്ന, ചോര തിളപ്പിക്കുന്ന വാര്‍ത്ത. ഈ ഒറ്റവാചകത്തെ അധികരിച്ച് തെരുവോരങ്ങളില്‍ പ്രതികരണത്തൊഴിലാളികള്‍ ഉറഞ്ഞാടും. കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനുമെതിരെ അമര്‍ഷം പതഞ്ഞുയരും. ബ്ലോഗുകളില്‍ ആക്ഷേപഹാസ്യം ഇടിവെട്ടിപ്പെയ്യും. ഈ വാചകം ഉയര്‍ത്തുന്ന ചോദ്യങ്ങളെ അവഗണിച്ചുകൊണ്ട് പ്രതികരണച്ചാവേറുകളാകാന്‍ എല്ലാവര്‍ക്കും കഴിയണമെന്നില്ലല്ലോ. ഒരുപാട് ആന്തരികാര്‍ത്ഥങ്ങളുണ്ട് മേലുദ്ധരിച്ച ഒറ്റവാചകത്തില്‍. മൂളയുളള ഒരു പത്രക്കാരനില്‍ അത് തുറന്നിടുന്ന സാധ്യതകള്‍ അനന്തം. ഈ ഒറ്റവാചകത്തിന്റെ പിറകെ നമുക്കൊന്ന് സഞ്ചരിക്കാം.

ഈ വാചകം നമുക്ക് നല്‍കുന്ന വിവരങ്ങള്‍ താഴെ പറയുന്നു.
1. പിടികിട്ടാപ്പുളളികള്‍ ഖത്തറില്‍ ഒളിവില്‍ കഴിയുന്നു.
2.അവരെ ടോമിന്‍ തച്ചങ്കരി സന്ദര്‍ശിച്ചു
3. അവര്‍ക്ക് ഇന്ത്യയിലേയ്ക്ക് സുരക്ഷിത മടക്കം ഐജി വാഗ്ദാനം ചെയ്തു.
4.ഇത് ആരോപിച്ചത് ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതി ദീപാ വാദ്‍വയാണ്.

ഈ വാചകത്തില്‍ പറയുന്നത് പ്രകാരം ഒരാരോപണം ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതി ഉന്നയിച്ചെങ്കില്‍ അത് ഗുരുതരം തന്നെയാണ്. പക്ഷേ, ടോമിന്‍ തച്ചങ്കരിയെക്കാള്‍ കടുത്ത കുറ്റം അവരാണ് ചെയ്തതെന്ന് മാത്രം.

ഇന്ത്യയില്‍ പിടികിട്ടാപ്പുളളികളായി പ്രഖ്യാപിക്കപ്പെട്ട ഒട്ടേറെപ്പേര്‍ ഖത്തറിലുണ്ടെന്ന് ഇന്ത്യന്‍ സ്ഥാനപതിയ്ക്ക് അറിയാം. ഖത്തറില്‍ അവര്‍ ജോലി ചെയ്യുന്നതും താമസിക്കുന്നതുമായ സ്ഥലത്തെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ ഇവര്‍ക്കറിയണം. അല്ലെങ്കില്‍ ടോമിന്‍ തച്ചങ്കരി സന്ദര്‍ശിച്ചത് പിടികിട്ടാപ്പുളളികളെയാണെന്നും അവര്‍ക്ക് ഇന്ത്യയിലേയ്ക്ക് സുരക്ഷിത മടക്കം ഐജി വാഗ്ദാനം ചെയ്തുവെന്നും ഖത്തറിലെ സ്ഥാനപതി എങ്ങനെ അറിയും...? ഖത്തറിലുളള പിടികിട്ടാപ്പുളളികളെക്കുറിച്ച് ഇന്ത്യാ സര്‍ക്കാരിനെ അറിയിക്കാനുളള ബാധ്യത അവിടുത്തെ സ്ഥാനപതിക്കില്ലേ. അവര്‍ ആ ചുമതല നിര്‍വഹിച്ചോ. ഇന്ത്യയില്‍ നിന്ന് നാടുവിട്ട് ഖത്തറില്‍ സുഖമായി വാഴുന്ന കൊടുംകുറ്റവാളികളെക്കുറിച്ച് ഒരുവിവരവും ഇന്ത്യയെ അറിയിക്കാത്ത സ്ഥാനപതിയാണോ, കോണ്‍സുലേറ്റില്‍ ചെന്ന് കുറേ വിവരങ്ങള്‍ അന്വേഷിച്ച തച്ചങ്കരിയാണോ കുറ്റക്കാരന്‍....?

അടുത്ത വാചകം നോക്കുക.,...
തീവ്രവാദക്കേസില്‍ പിടിയിലായ തടിയന്റവിട നസീറും കൂട്ടാളികളും, പിണറായി വിജയനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചയാള്‍ എന്നിവരെക്കുറിച്ചുളള വിവരങ്ങള്‍ കൂടി ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതിയോട് തിരക്കിയതാണ് തച്ചങ്കരിയ്ക്ക് വിനയായത്...

എന്നുവെച്ചാല്‍ ഇത്തരം കാര്യങ്ങളൊന്നും ഇന്ത്യന്‍ സ്ഥാനപതിയോട് അന്വേഷിക്കാന്‍ പാടില്ല. തടിയന്റവിടെ നസീര്‍, കൂട്ടാളികള്‍, പിണറായി വിജയനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചയാള്‍ എന്നിവരെ ഖത്തറില്‍ സ്വസ്ഥ ജീവിതം ഉറപ്പുവരുത്താന്‍ ഭരണഘടനാപരമായി ബാധ്യതയുളള വ്യക്തിയാകുന്നു ദീപാ വാധ്‍വ. ഈ കക്ഷികളെക്കുറിച്ച് അവരോട് അന്വേഷിക്കുകയോ.. ശിവ... ശിവ.. തൂക്കിക്കൊല്ലേണ്ടേ തച്ചങ്കരിയെ...

വായിച്ചു വരുമ്പോള്‍ വാര്‍ത്തയില്‍ ഇങ്ങനെയൊരു ഖണ്ഡിക...
ഇപ്പോഴത്തെ സസ്പെന്‍ഷന് ഇടയാക്കിയ ഏപ്രിലിലെ ഗള്‍ഫ് യാത്രയ്ക്കു മുന്‍പ് ഫെബ്രുവരിയില്‍ നടത്തിയ ദുബായ്, ഖത്തര്‍ യാത്രകളാണു തച്ചങ്കരിക്കു വിനയായത്. ആഭ്യന്തര മന്ത്രിയുടെയും ഡിജിപിയുടെയും ഉത്തരമേഖലാ എഡിജിപി : മഹേഷ് കുമാര്‍ സിംഗയുടെയും അനുമതിയോടെയാണു യാത്ര നടത്തിയതെന്നു തച്ചങ്കരി പറഞ്ഞു. കണ്ണൂരില്‍ രമ്യ എന്ന സ്ത്രീയെ കൊലപ്പെടുത്തിയ കേസിലെ ഷമ്മി കുമാറിനെയും, പിണറായി വിജയനെ അപകീര്‍ത്തിപ്പെടുത്താന്‍ അദ്ദേഹത്തിന്റെ വീടിന്റെ എന്ന നിലയില്‍ ചിത്രങ്ങള്‍ ഇ മെയ്ലായി വിതരണം ചെയ്ത മനോജ് എന്നയാളെയും പിടികൂടാനാണു വിദേശ യാത്രയ്ക്കായി തച്ചങ്കരി അനുമതി തേടിയത്. ഈ യാത്രയ്ക്കിടെ സര്‍വീസ് ചട്ടങ്ങള്‍ പാലിക്കാതെ ഖത്തറില്‍ ഇന്ത്യന്‍ സ്ഥാനപതി ദീപാ വാധ്വയെ സന്ദര്‍ശിച്ചു കാര്യങ്ങള്‍ തിരക്കിയതാണു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കത്തിന് ഇടയാക്കിയത്.
രമ്യയെ കൊലപ്പെടുത്തിയ ഷമ്മി കുമാര്‍, പിണറായി വിജയനെ അപകീര്‍ത്തിപ്പെടുത്താന്‍ ഇമെയില്‍ അയച്ച മനോജ് എന്നിവരെ പിടികൂടാന്‍ ആഭ്യന്തരമന്ത്രി, ഡിജിപി, ഉത്തരമേഖലാ എഡിജിപി മഹേഷ് കുമാര്‍ സിംഗ്ല എന്നിവരുടെ അനുമതിയോടെ തച്ചങ്കരി ഖത്തറില്‍ പോകുന്നു. യാത്രാ മധ്യേ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ചെന്ന് ഇവരെക്കുറിച്ചുളള ചില വിവരങ്ങള്‍ ചോദിക്കുന്നു. മുന്നറിയിപ്പില്ലാതെ കേരളത്തിലെ ഒരു ഡൂക്കിലി പോലീസുകാരന്‍ കോണ്‍സുലേറ്റ് എന്ന രാജമന്ദിരത്തില്‍ പ്രവേശിച്ചതില്‍ സ്ഥാനപതി അരിശം കൊള്ളുന്നു. എഴുന്നെളളത്ത് കേന്ദ്രസര്‍ക്കാരിന്റെ അനുമതിയോടെയാണോ എന്ന് ആയമ്മ ആരായുന്നു. മനോരമ പറയും പ്രകാരം ക്രിമിനല്‍ കേസുകള്‍ അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കു വിദേശത്തു പോകാന്‍ അപ്പപ്പോള്‍ കേന്ദ്ര അനുമതി വാങ്ങുന്നതു ബുദ്ധിമുട്ടാണെന്നു തച്ചങ്കരി തര്‍ക്കുത്തരം പറയുന്നു. ആയമ്മ കോപതാപങ്ങളാല്‍ ജ്വലിക്കുന്നു. നീട്ടിപ്പിടിച്ചൊരു കത്ത് കേന്ദ്രസര്‍ക്കാരിലേയ്ക്ക് തൊടുക്കുന്നു. പ്രകമ്പനം സൃഷ്ടിക്കാന്‍ മനോരമ മെനഞ്ഞ വാര്‍ത്ത എത്രയാവര്‍ത്തി വായിച്ചാലും ഇതിനപ്പുറം ഒരുവിവരവും അതിലില്ലേയില്ല.

വാര്‍ത്തയിലെ വേറൊരു ഖണ്ഡിക ഇങ്ങനെ...

അതിനു ശേഷം കേരളത്തില്‍ നിന്നുള്ള പല പിടികിട്ടാപ്പുള്ളികളെയും തച്ചങ്കരി സന്ദര്‍ശിച്ചതായും അവരുടെ ഇന്ത്യയിലേക്കുള്ള സുരക്ഷിത മടക്കം വാഗ്ദാനം ചെയ്തതായും അവിടത്തെ ഇന്ത്യക്കാര്‍ തന്നെ അറിയിച്ചു. അതിനാല്‍, ഈ ഗുരുതര വിഷയങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷിച്ചു തച്ചങ്കരിക്കെതിരെ ഉചിത നടപടിയെടുത്ത് കേന്ദ്രത്തെ അറിയിക്കണം- ഖത്തര്‍ സ്ഥാനപതി കത്തില്‍ ആവശ്യപ്പെടുന്നു.

പല പിടികിട്ടാപ്പുളളികളെയും തച്ചങ്കരി സന്ദര്‍ശിച്ച കാര്യം, അവരുടെ ഇന്ത്യയിലേയ്ക്കുളള സുരക്ഷിത മടക്കവാഗ്ദാനം എന്നിവ ഊരും പേരുമില്ലാത്ത കുറേ ഇന്ത്യാക്കാരാണ് തന്നെ അറിയിച്ചതെന്ന് സ്ഥാനപതി തെര്യപ്പെടുത്തിയെന്നാണ് വാര്‍ത്ത. തെളിവിനായി ഹാജരാക്കിയിരിക്കുന്ന ഫോട്ടോസ്റ്റാറ്റിലെ ആംഗലേയവും പറയുന്നത് ഇതേ കാര്യം...
It has been further reported by MEA that the ambassador was later informed by members of the indian community that shri Thachankari had met several so called wanted people from kerala and promised them for their safe return to India for a consideration...

ആരാണ് സാര്‍, ഈ "മെമ്പേഴ്സ് ഓഫ് ദി ഇന്ത്യന്‍ കമ്മ്യൂണിറ്റി". തച്ചങ്കരി സന്ദര്‍ശിച്ചത് പിടികിട്ടാപ്പുളളികളെയാണെന്ന് ഈ "മെമ്പേഴ്സ്" എങ്ങനെ തീര്‍ച്ചപ്പെടുത്തി. "സുരക്ഷിതമായ മടക്ക"മാണ് ഐജി പിടികിട്ടാപ്പുളളികള്‍ക്ക് വാഗ്ദാനം ചെയ്തതെന്ന് ഈ മെമ്പേഴ്സ് എങ്ങനെ മനസിലാക്കി? "സെവറല്‍" പിടികിട്ടാപ്പുള്ളികളെയാണ് തച്ചങ്കരിയേമാന്‍ സന്ദര്‍ശിച്ചത്. അതായത് ഖത്തറില്‍ സ്ഥിരവാസം നടത്തുന്ന "സെവറല്‍" പിടികിട്ടാപ്പുളളികളെയും ഈ "മെമ്പേഴ്സിന്" നേരിട്ടറിയാം. പിടികിട്ടാപ്പുളളികളാണ് അവരെന്ന് തിരിച്ചറിയണമെങ്കില്‍ കേസിന്റെയും കുറ്റകൃത്യങ്ങളുടെയും വിശദവിവരവും ഈ "മെമ്പേഴ്സിന്" മനപ്പാഠമായിരിക്കണം.

ഇന്ത്യയില്‍ നിന്ന് രക്ഷപെട്ട കുറേ കൊടുംകുറ്റവാളികള്‍ ഖത്തറില്‍ വാസമുറപ്പിച്ചിട്ടുണ്ടെന്ന കാര്യം ഇന്ത്യന്‍ കമ്മ്യൂണിറ്റിയിലെ ഈ "മെമ്പേഴ്സ്" ഇതിനു മുമ്പൊരിക്കലും കോണ്‍സുലേറ്റിനെ അറിയിച്ചിട്ടേയില്ല. പാവങ്ങള്‍ എങ്ങനെയും ജീവിച്ചു പൊയ്ക്കോട്ടെയെന്ന് കരുതിയിരിക്കുമ്പോഴാണ് തച്ചങ്കരി വന്ന് അവരെ "സുരക്ഷിതമായി കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം" നടത്തുന്നത്. ഉണര്‍ന്നൂ പൊടുന്നനെ പൗരബോധം... തിളച്ചു മറിഞ്ഞൂ അമര്‍ഷത്തിന്‍ കനലുകള്‍... എടുത്തു ഫോണ്‍... വിളിച്ചു സ്ഥാനപതിയെ.

ഖത്തറില്‍ തന്റെ മൂക്കിനു കീഴെയുളള പിടികിട്ടാപ്പുളളികളെ അന്വേഷിച്ച് കേരളത്തില്‍ നിന്നൊരുത്തന്‍ വരികയോ... അസാധ്യം... അസംബന്ധം... കടലാസൊരെണ്ണം കൈയിലെടുത്ത് കാച്ചീ, സ്ഥാനപതിയൊരു കടിതം. എന്താണെന്നല്ലേ... ഈ ഗുരുതര വിഷയങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷിച്ച് തച്ചങ്കരിയ്ക്കെതിരെ ഉചിത നടപടിയെടുത്ത് കേന്ദ്രത്തെ അറിയിക്കണം...

അദ്ദാണ് കാര്യം... ആരോപിക്കപ്പെട്ട കുറ്റങ്ങള്‍ തച്ചങ്കരി ചെയ്തോ എന്ന് അന്വേഷിക്കുക പോലും ചെയ്യരുത്. പക്ഷേ, നടപടി എടുത്തേ മതിയാവൂ.. രാജകല്‍പനയല്ലേ... നടക്കുന്നത് രാജഭരണമല്ലേ... ഇന്ത്യാ മഹാരാജ്യത്തെ ഭരിക്കുന്നത് ഖത്തറിലെ സ്ഥാനപതി ദീപാ വാധ്‍വയല്ലേ... അവഗണിക്കാമോ കത്ത്... എടുക്കണ്ടേ നടപടി.... അറിയിക്കേണ്ടേ കേന്ദ്രത്തെ... നടപടിയെടുത്ത വിവരം കേന്ദ്രമൊരു സ്വര്‍ണക്കവറിലിട്ട് അറേബ്യയിലെ അതിവിശിഷ്ടമായ അത്തര്‍ പൂശി വെള്ളിത്താലത്തില്‍ വെച്ച് പ്രത്യേക വിമാനത്തില്‍ കയറ്റി ദീപാ വാധ്‍വയെന്ന തമ്പുരാട്ടിയുടെ സമക്ഷം പ്രത്യേക ദൂതന്‍ വഴി എത്തിക്കേണ്ടേ.. ആ ദൂതവേഷത്തില്‍ സാക്ഷാല്‍ മന്‍മോഹന്‍ സിംഗു തന്നെ പോകേണ്ടേ....

പകരം ചെയ്തതോ....
കേന്ദ്രം അയച്ച കത്തിന്റെ കൂടുതല്‍ വിശദാംശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി മറുപടി അയച്ചു. വ്യംഗ്യം... ദീപത്തമ്പുരാട്ടി എഴുതിയതില്‍ തങ്ങള്‍ക്കത്ര വിശ്വാസം പോരെന്നും വിശദാംശങ്ങള്‍ കൃത്യമായി അറിയിക്കണമെന്നും...

ക്ഷമിക്കുകേല മക്കളേ... മനോരമയും ക്ഷമിക്കുകേല... ഖത്തര്‍ സ്ഥാനപതിയും ക്ഷമിക്കുകേല....

ഓര്‍ക്കുക... ഖത്തറില്‍ സുഖവാസം നടത്തുന്ന പിടികിട്ടാപ്പുളളികളെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ അറിയുന്ന "ഇന്ത്യന്‍ കമ്മ്യൂണിറ്റി മെമ്പേഴ്സ്" ആരൊക്കെയെന്നോ, അവരും ഈ കുറ്റവാളികളുമായുളള ബന്ധമെന്തെന്നോ, ആ കുറ്റവാളികളെക്കുറിച്ചുളള ചില വിവരങ്ങള്‍ ടോമിന്‍ തച്ചങ്കരി അന്വേഷിച്ചപ്പോള്‍ ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതി ദീപാ വാധ്‍വയ്ക്ക് പൊള്ളിയത് എന്തിനെന്നോ അന്വേഷിക്കാന്‍ മനോരമയിലെ അന്വേഷണാത്മക വീരശിങ്കങ്ങള്‍ക്ക് സമയവും താല്‍പര്യവുമില്ല. ‍മാത്തുക്കുട്ടിച്ചായന്‍ ശമ്പളം കൊടുക്കുന്നത് അതിനൊന്നുമല്ലേയല്ല.

Wednesday, June 09, 2010

വര്‍ഗചിന്തയുടെ വിനിമയമൂല്യം

സ്വത്വബോധമെന്നത് സങ്കുചിതമായ സമീപനങ്ങള്‍ക്കും ആഭിജാത്യഭ്രമങ്ങള്‍ക്കും ചുരുണ്ടുകിടക്കാനുളള സ്ഥലമല്ല. മറിച്ച് വ്യത്യസ്ത ചരിത്രസന്ദര്‍ഭങ്ങളില്‍ വികസിച്ചുവരുന്ന സമരശരികളുടെ സത്തയാണ്. ഇതാണെന്റെ മണ്ണ് എന്ന അഗാധമായ തിരിച്ചറിവിനോടൊപ്പം ഒരുതരി മണ്ണും ചിലരുടേത് മാത്രമല്ലെന്നും എല്ലാവരുടേതുമാണെന്നും കണ്ടെത്തുന്ന നേരങ്ങളിലാണ് പ്രാദേശിക സര്‍ഗാത്മകതയും 'സ്വത്വബോധവും' വികസിക്കുന്നത് (ഇരകളുടെ മാനിഫെസ്റ്റോ - കെഇഎന്‍, പേജ് 61).
ജാതിസമ്പ്രദായത്തിന്റെ നിര്‍മ്മാര്‍ജനത്തിന് വേണ്ടിയും ദളിതര്‍ക്കെതിരെയുളള എല്ലാ വിധത്തിലുമുളള വിവേചനങ്ങള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കും എതിരെയുമുളള പോരാട്ടങ്ങള്‍ ഇതുവരെ അഖിലേന്ത്യാ സ്വഭാവം കൈവരിച്ചിട്ടില്ല. ഇടതുപക്ഷ നേതൃത്വത്തിലുളള സംസ്ഥാനങ്ങളിലൊഴികെ യഥാര്‍ത്ഥത്തില്‍ ദളിതര്‍ക്കെതിരെയുളള അതിക്രമങ്ങള്‍ അനുസ്യൂതം തുടരുകയാണ്. സാമ്പത്തികവും രാഷ്ട്രീയവും സാമൂഹികവുമായ സമസ്തമണ്ഡലങ്ങളിലും ദളിതരുടെ അവകാശസംരക്ഷണത്തിനു വേണ്ടിയുളള പോരാട്ടങ്ങള്‍ ശക്തിപ്പെടുത്താന്‍ പാര്‍ട്ടി നേതൃത്വം നല്‍കണം. സ്വകാര്യമേഖലയിലെ സംവരണം, ദളിതരായ മുസ്ളിങ്ങളുടെയും ക്രിസ്ത്യാനികളുടെയും അവകാശങ്ങള്‍ അംഗീകരിക്കല്‍, എല്ലാ നാമശൂദ്രസമുദായങ്ങളെയും ദളിതരായി അംഗീകരിക്കല്‍ എന്നിവയ്ക്കു വേണ്ടിയും വെറുക്കപ്പെട്ട ജാതി സമ്പ്രദായത്തിനെതിരെയുമുളള ആവശ്യങ്ങള്‍ ഉയര്‍ത്തിയായിരിക്കണം ഈ പോരാട്ടം. ചൂഷിത വര്‍ഗങ്ങളുടെ അവകാശങ്ങള്‍ക്കു വേണ്ടിയുളള നമ്മുടെ പോരാട്ടത്തിന്റെ അവശ്യഭാഗമായി ഇത് രൂപം പ്രാപിക്കണം. കാരണം ചൂഷിത വര്‍ഗ്ഗങ്ങളിലെ ഗണ്യമായ വിഭാഗം ദളിതരാണ് - സിപിഐഎം 19-ാം പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച രാഷ്ട്രീയ പ്രമേയത്തില്‍ നിന്ന് - 2.50)

വര്‍ഗബോധമെന്ന മുഖംമൂടികൊണ്ട് സവര്‍ണസ്വത്വബോധത്തെ മറച്ചുപിടിച്ചിരിക്കുവരില്‍ ഉള്‍ക്കിടിലമുണ്ടാക്കി ദളിതന്റെ സ്വത്വബോധം ശക്തവും സങ്കീര്‍ണവുമാവുകയാണ്. ചൂഷിത വര്‍ഗങ്ങളുടെ അവകാശങ്ങള്‍ക്കു വേണ്ടിയും ജാതിസമ്പ്രദായത്തിനെതിരെയും നടത്തേണ്ട വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം ദുര്‍ബലമായതുകൊണ്ടാണ് ദളിത് സ്വത്വബോധം തീവ്രമാവുകയും അനിവാര്യമായ സ്വത്വരാഷ്ട്രീയത്തിന് വഴിമാറുകയും ചെയ്തത്. സാമൂഹ്യജീവിതത്തിന്റെ സമസ്തമേഖലയിലും കൊടികുത്തി വാഴുന്ന സവര്‍ണതയ്ക്കും അതിന്റെ തായ്‍വേരായ ദളിത് വിരോധത്തിനുമെതിരെയുളള സമരം പൊതുജനാധിപത്യ പ്രസ്ഥാനങ്ങളുടെ ഒന്നാമത്തെ കടമയാണ്. അത് നിര്‍വഹിക്കുന്നതില്‍ പടര്‍ന്ന മന്ദത സ്വത്വരാഷ്ട്രീയത്തെ ശക്തിപ്പെടുത്തുകയും അക്രമാസക്തമായ മാര്‍ഗങ്ങളിലേയ്ക്ക് തിരിയ്ക്കുകയും ചെയ്തു. ശതാബ്ദങ്ങളായി അടിച്ചമര്‍ത്തലിന്റെ നീറ്റലില്‍ ജീവിക്കുന്ന ദളിതരില്‍ ഏതാണ്ട് 75 ശതമാനത്തോളം പേര്‍ ഇന്നും ഭൂരഹിതരും നാമമാത്രമായ ഭൂമിയുളളവരുമായി തുടരുകയാണ്. അവരില്‍ 60 ശതമാനത്തിലേറെപ്പേരുടെയും ഉപജീവന മാര്‍ഗം കൂലിപ്പണിയാണ്. പൊതുകിണറുകളും വഴികളും ചായക്കടകളും ക്ഷേത്രങ്ങളും ഇന്നും അവര്‍ക്കപ്രാപ്യമാണ്. അധികാരസ്ഥാപനങ്ങളിലും സര്‍ക്കാരിന്റെ തൊഴിലിടങ്ങളിലും ഏര്‍പ്പെടുത്തിയ സംവരണമെന്ന സൌജന്യം കൊണ്ടൊന്നും അവരുടെ സാമൂഹ്യാവസ്ഥയെ ഒരിഞ്ചു മുന്നോട്ടു നീക്കാനായിട്ടില്ല. മന്വന്തരങ്ങളായി ഗതികേടിന്റെ കാളകൂടം കുടിക്കുവരില്‍ ചരിത്രം സംഭരിച്ച അമര്‍ഷം അവഗണിച്ചുകൊണ്ട് സ്വത്വരാഷ്ട്രീയത്തെ അപഗ്രഥിക്കുന്നത് യുക്തിസഹമല്ല.

ജാതിവ്യവസ്ഥയെയും അതവശേഷിപ്പിച്ച പൈശാചികമായ വിവേചനത്തെയും ചരിത്രപരമായി വിലയിരുത്തിക്കൊണ്ടാണ് സ്വത്വരാഷ്ട്രീയം സംബന്ധിച്ച് സിപിഎം പത്തൊമ്പതാം പാര്‍ട്ടി കോഗ്രസ് രാഷ്ട്രീയ നിലപാട് സ്വീകരിച്ചത്. എന്നാല്‍ ഈ നിലപാടുകളുടെ സത്തയും യുക്തിയും ഉള്‍ക്കൊള്ളാന്‍ വിമുഖത പുലര്‍ത്തു ഒരു വിഭാഗം പാര്‍ട്ടിയുടെ സൈദ്ധാന്തിക പ്രസിദ്ധീകരണങ്ങളില്‍ ആധിപത്യം സ്ഥാപിച്ചുവെന്ന വസ്തുതയെയാണ് നടപ്പുകാലത്തെ സ്വത്വരാഷ്ട്രീയവിവാദം തുറന്നു കാട്ടിയത്. “ജാതിസ്വത്വത്തിന്റെ അടിസ്ഥാനത്തിലുളള രാഷ്ട്രീയ ധ്രുവീകരണം വളര്‍ന്നു വരുന്നത് ഗുരുതരമായ വെല്ലുവിളിയാണെ സിപിഎം പത്തൊമ്പതാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍ സമ്പൂര്‍ണമാകുന്നത്, ആ വെല്ലുവിളി ഉയര്‍ന്ന് വരാനിടയായ സാഹചര്യങ്ങളെയും അത് നേരിടുന്നതിന് സ്വീകരിക്കേണ്ട മാര്‍ഗങ്ങളെയും സംബന്ധിച്ചുളള സമഗ്രമായ കാഴ്ചപ്പാടുകളില്‍ നിന്നാണ്. ഈ സമഗ്രതയാണ് സ്വത്വരാഷ്ട്രീയത്തിനെതിരെ തീവ്രവാദ നിലപാടുകള്‍ സ്വീകരിക്കുവര്‍ക്കില്ലാതെ പോയത്. അവര്‍ സ്വത്വരാഷ്ട്രീയത്തെ അടച്ചാക്ഷേപിക്കുകയും അത് ശക്തിപ്പെടാനിടയായ സാമൂഹ്യസാഹചര്യങ്ങളെ സമ്പൂര്‍ണമായി അവഗണിക്കുകയും ജാതീയമായ അടിച്ചമര്‍ത്തലുകള്‍ക്കെതിരെയുളള പോരാട്ടത്തില്‍ സിപിഎം മുന്‍നിരയില്‍ തന്നെ നില്‍ക്കണമെന്ന പാര്‍ട്ടി കാഴ്ചപ്പാട് കണ്ടില്ലെന്ന് നടിക്കുകയും ചെയ്യുന്നു. ഫലം സ്വത്വരാഷ്ട്രീയത്തിനെതിരെയുളള പടപ്പുറപ്പാട് ഫലത്തില്‍ ദളിതരുടെ സംഘബോധത്തിനെതിരെയുളള വെല്ലുവിളിയായി മാറുന്നു.


സ്വത്വബോധം സംബന്ധിച്ച സിപിഎം നിലപാടിന്റെ ഉള്‍ക്കാമ്പ് രാഷ്ട്രീയപ്രമേയത്തിലെ ഈ വാചകങ്ങളാണ്:
ദളിതരുടെയും വിവിധ പിന്നോക്കക്കാരുടെ വിഭാഗങ്ങളുടെയും നിത്യജീവിതത്തിന്റെയും സാമൂഹിക അടിച്ചമര്‍ത്തലിന്റെയും പ്രശ്നങ്ങള്‍ പാര്‍ട്ടി സമൂര്‍ത്തമായി ഏറ്റെടുക്കണം. വര്‍ഗപരമായ പ്രശ്നങ്ങളും സാമൂഹികമായ പ്രശ്നങ്ങളും ഒന്നിച്ച് ഏറ്റെടുക്കുന്നത് മൂലം ജാതിപരമായ ശിഥിലീകരണത്തിന്റെ പ്രതികൂല പ്രത്യാഘാതങ്ങളെ നമുക്ക് നേരിടാനാകും
സാമൂഹികമായ അടിച്ചമര്‍ത്തലുകള്‍ക്കെതിരെയുളള പോരാട്ടങ്ങള്‍ സിപിഎമ്മടക്കമുളള പൊതുജനാധിപത്യ പ്രസ്ഥാനങ്ങള്‍ ഏറ്റെടുത്തില്ലെങ്കില്‍ ജാതിപരമായ ശിഥിലീകരണത്തിന്റെ പ്രത്യാഘാതങ്ങള്‍ സമൂഹമൊന്നാകെ അനുഭവിക്കേണ്ടി വരും. ദളിതരുടെയും പിന്നോക്കക്കാരുടെയും നിത്യജീവിതത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാനുളള സമരമാര്‍ഗങ്ങള്‍ സംഘടിപ്പിക്കുകയല്ലാതെ ഇതിനെ നേരിടാനാവില്ല. ജാതിസ്വത്വത്തിന്റെ അടിസ്ഥാനത്തിലുളള രാഷ്ട്രീയ ധ്രുവീകരണത്തെ യാന്ത്രികമായി തളളിപ്പറയുകയല്ല സിപിഎം ചെയ്തത്. മറിച്ച്, അത് അനിവാര്യമാക്കുന്ന സാമൂഹ്യസാഹചര്യത്തെ വസ്തുനിഷ്ഠമായി അപഗ്രഥിച്ചും ആ ധ്രുവീകരണത്തെ അതിജീവിക്കാനുളള പ്രവര്‍ത്തനപരിപാടി ഊന്നിപ്പറഞ്ഞുമാണ്. “ഇതാ ഒരു സ്വത്വരാഷ്ട്രീയക്കാരന്‍, കൊല്ലവനെ” എന്നാക്രോശിച്ചുകൊണ്ട് വിവാദത്തേരുരുട്ടിയ ചിന്ത വാരികയിലെ മുറിസൈദ്ധാന്തികര്‍ക്ക് കൈമോശം വന്നത് കാഴ്ചപ്പാടാണ്.

സ്വത്വരാഷ്ട്രീയം ഉയര്‍ത്തു ശിഥിലീകരണഭീതിയെ ചെറുക്കണമെങ്കില്‍ “ചൂഷിത വര്‍ഗങ്ങളുടെ അവകാശങ്ങള്‍ക്കു വേണ്ടിയുളള നമ്മുടെ പോരാട്ടത്തിന്റെ അവശ്യഭാഗമായി ജാതിസമ്പ്രദായത്തിനെതിരെയുളള പോരാട്ടം രൂപം പ്രാപിക്കണം” എന്ന് സിപിഎം അതിന്റെ രാഷ്ട്രീയ പ്രമേയത്തില്‍ തുറന്നു പറയുന്നത്, അത്തരമൊരു രൂപം പ്രാപിക്കല്‍ ഇതുവരെ ഉണ്ടായിട്ടില്ല എന്ന തിരിച്ചറിവില്‍ നിന്ന് തന്നെയാണ്. നവോത്ഥാന ചിന്തകളുടെ പശ്ചാത്തലത്തില്‍ പിറക്കുകയും വളരുകയും ചെയ്ത പാര്‍ട്ടിക്ക് ഇത്തരമൊരു രൂപം പ്രാപിക്കലില്‍ നേരിട്ട പ്രതിബന്ധങ്ങളെന്ത് എന്ന അന്വേഷണം പാര്‍ട്ടിയെ തകര്‍ക്കുകയല്ല, മറിച്ച് സാമൂഹ്യമാറ്റം കൊതിച്ച് പാര്‍ട്ടിക്ക് പിന്നില്‍ അണിനിരന്ന ലക്ഷോപലക്ഷം ജനത കൊതിക്കുന്ന രാഷ്ട്രീയ പരിഹാരങ്ങള്‍ക്കുവേണ്ടിയുളള പോരാട്ടങ്ങളുടെ കരുത്ത് വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുക. അങ്ങനെയൊരു ആത്മപരിശോധന നടത്താനുളള ഉള്‍ബലം സിപിഎമ്മിന് നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച രാഷ്ട്രീയ പ്രമേയം പറയുത്. ജാതി സമ്പ്രദായത്തിനെതിരെയുളള പോരാട്ടം വര്‍ഗസമരത്തിന്റെ ഭാഗമായി വളരാതിരുന്നതിന് തങ്ങള്‍ വഹിച്ച പങ്ക് തുറന്നു പറയാനും കാരണങ്ങള്‍ പരിശോധിക്കാനും പരിഹരിക്കാനും സ്വന്തം പാര്‍ട്ടി ഘടകത്തിലെങ്കിലും തയ്യാറാവുകയെന്ന സത്യസന്ധതയാണ് സാമൂഹ്യബോധമുളള സിപിഎം അംഗങ്ങള്‍ക്ക് മുന്നിലുളളത്. അതിന് തയ്യാറാകാതെ, സ്വത്വരാഷ്ട്രീയത്തിനും സ്വത്വബോധത്തിനും എതിരെ ഉയരുന്ന ആക്രോശങ്ങള്‍ ഒരു മറുചോദ്യമാണ് അനിവാര്യമാക്കുന്നത്. സ്വത്വരാഷ്ട്രീയത്തെ എതിര്‍ക്കുന്നവരുടെ സ്വത്വം ഏതാണെന്ന ലളിതമായ മറുചോദ്യം.

ചൂഷിത വര്‍ഗങ്ങളുടെ അവകാശങ്ങള്‍ക്കു വേണ്ടിയുളള പോരാട്ടത്തിന്റെ അവശ്യഭാഗമായി ജാതിസമ്പ്രദായത്തിനെതിരെയുളള പോരാട്ടം രൂപം പ്രാപിക്കാത്തതിന്റെ കാരണം സിപിഎം തിരിച്ചറിയുന്നുണ്ട്. രാഷ്ട്രീയ പ്രമേയം ഇങ്ങനെ തുടരുന്നു:
“ഉപഭോഗ സംസ്ക്കാരത്തിന്റെയും ആര്‍ഭാടപൂര്‍ണമായ ജീവിതശൈലിയുടെ മഹത്വവല്‍ക്കരണത്തിന്റെയും പ്രത്യാഘാതത്താല്‍, കമ്പോളവുമായും ഉപഭോഗാധിഷ്ഠിതമൂല്യങ്ങളുമായും കൂട്ടിയിണക്കിയ സാമൂഹികമായി പിന്തിരിപ്പനായ ആചാരാനുഷ്ഠാനങ്ങളുടെ പുനരുജ്ജീവനം നടക്കുകയാണ്. ഇടത്തരക്കാരിലെ കൂടുതല്‍ കൂടുതല്‍ വിഭാഗങ്ങള്‍ വിജ്ഞാനവിരോധത്തിന്റെയും സാമൂഹികമായ പിന്തിരിപ്പന്‍ സ്വഭാവവിശേഷങ്ങളുടെയും ഇരകളായി മാറിക്കൊണ്ടിരിക്കുകയാണ്. പാര്‍ട്ടി അംഗങ്ങള്‍ക്കിടയിലും അനുയായികള്‍ക്കിടയിലും കടന്നു കൂടുന്ന ഇത്തരം പ്രവണതകളെ ചെറുക്കുകയും സാമൂഹ്യപരിഷ്കരണത്തിനും പുരോഗമനാത്മക മൂല്യങ്ങളുടെ പ്രചാരണത്തിനും വേണ്ടിയുളള വിപുലമായ അടിത്തറയോടു കൂടിയ വേദികളെ പ്രോത്സാഹിപ്പിക്കുകയും വേണം. ജാതീയമായ വിവേചനത്തിനും സ്ത്രീധനത്തിനും പെഭ്രൂണഹത്യയ്ക്കും എതിരെയുളള പ്രചാരണം പാര്‍ട്ടി ഊര്‍ജിതപ്പെടുത്തണം”(2.53) - (ഊന്നല്‍ ലേഖകന്റേത്).

പുരോഗമനപ്രസ്ഥാനങ്ങളുടെ അണികളെയും അനുഭാവികളെയും ആവേശിച്ച അനഭിലഷണീയമായ പ്രവണതകള്‍ തയൊണ് ജാതിവിവേചനങ്ങള്‍ക്കെതിരെയുളള സമരങ്ങളെ പിന്നോട്ടടിച്ചത്. ആര്‍ഭാടജീവിതത്തില്‍ ആണ്ടുമുങ്ങി ആചാരാനുഷ്ഠാനങ്ങള്‍ അക്ഷരം പ്രതി പാലിക്കുന്നതില്‍ ആത്മസംതൃപ്തി കണ്ടെത്തിയവരുടെ രാഷ്ട്രീയ അലസതയാണ് സ്വത്വരാഷ്ട്രീയത്തെ വളര്‍ത്തിയത്. സ്വത്വരാഷ്ട്രീയം ഉയര്‍ത്തു വെല്ലുവിളികളെ ചെറുക്കണമെങ്കില്‍ ആദ്യം ചെയ്യേണ്ടത് പാര്‍ട്ടി അംഗങ്ങള്‍ക്കിടയിലും അനുയായികള്‍ക്കിടയിലും കടന്നു കൂടുന്ന ഇത്തരം പ്രവണതകളെ ചെറുക്കുകയും സാമൂഹ്യപരിഷ്കരണത്തിനും പുരോഗമനാത്മക മൂല്യങ്ങളുടെ പ്രചാരണത്തിനും വേണ്ടിയുളള വിപുലമായ അടിത്തറയോടു കൂടിയ വേദികളെ പ്രോത്സാഹിപ്പിക്കുകയുമാണ് എന്ന് സിപിഎം തിരിച്ചറിയുന്നു. ഈ സമീപനത്തിന്റെ അന്തസത്തയ്ക്ക് വിരുദ്ധമാണ് സ്വത്വരാഷ്ട്രീയത്തിനെതിരെയെ നാട്യത്തില്‍ സിപിഎമ്മിന്റെ ഔദ്യോഗിക സൈദ്ധാന്തികരെന്ന് നടിച്ചുകൊണ്ട് ചിലര്‍ കൊളുത്തിവിട്ട വിവാദം.

ദളിതര്‍ നേരിടുന്ന വിവേചനങ്ങളെയും അടിച്ചമര്‍ത്തലുകളെയും അവര്‍ക്കു മാത്രമേ മനസിലാക്കാനാവൂ എന്ന സ്വത്വരാഷ്ട്രീയ സൈദ്ധാന്തികരുടെ വാദത്തെ, നവോത്ഥാന കേരളത്തിന്റെ നായകസ്ഥാനം വഹിച്ചിരുന്ന സവര്‍ണരായ നേതാക്കളുടെ പേരുകള്‍ എണ്ണിപ്പറഞ്ഞുളള എതിര്‍വാദം കൊണ്ടാണ് നേരിടുന്നത്. കുടുമ ഛേദിച്ചും പൂണൂല്‍ കത്തിച്ച് ചാരമാക്കിയും തങ്ങളുടെ സവര്‍ണസ്വത്വബോധം വലിച്ചെറിഞ്ഞാണ് അവര്‍ നവോത്ഥാന കേരളത്തിന്റെ നായകരായത്. പൊതുവേദിയില്‍ നിലവിളക്ക് കൊളുത്തി ഉദ്ഘാടന കര്‍മ്മം നടത്താന്‍ വിസമ്മതിച്ച പി കെ കുഞ്ഞാലിക്കുട്ടിയെ ന്യായീകരിക്കാന്‍ ഇഎംഎസിന് കരുത്തു ലഭിച്ചത് സ്വന്തം സവര്‍ണ സ്വത്വബോധത്തെ കുഴിച്ചുമൂടിയ ധീരതയില്‍ നിന്നാണ്. ജനനം മുതല്‍ മരണം വരെ, പേരിടലും ചോറൂണും നൂലുകെട്ടും പാലുകാച്ചും കല്യാണവും ആചാരനിബദ്ധമായി അനുഷ്ഠിച്ചാഘോഷിക്കുന്നവരുമായി ഇഎംഎസിന്റെ തലമുറയെ സമീകരിക്കാനാവില്ല.

‘സ്വത്വബോധത്തിന്റെ രാഷ്ട്രീയം’ എ ലേഖനത്തില്‍ ഡോ. കെ എന്‍ പണിക്കര്‍ ഇങ്ങനെ പറയുന്നു:
“ജാതിയില്‍ നിന്നും മതത്തില്‍ നിന്നും രാഷ്ട്രീയത്തില്‍ നിന്നും പ്രവര്‍ത്തന മേഖലയില്‍ നിന്നും കുടുംബാന്തരീക്ഷത്തില്‍ നിന്നുമൊക്കെ അംശങ്ങളുള്‍ക്കൊള്ളുതാണ് സ്വത്വബോധം. അതുകൊണ്ടു തന്നെ സ്വത്വബോധം സങ്കീര്‍ണമായ ഒരവസ്ഥയാണ്. ഈ സങ്കീര്‍ണതയില്‍ നിന്ന് ഓരോ വ്യക്തിയും തന്റെ സ്വത്വരൂപത്തെ തിരഞ്ഞെടുക്കുകയാണ്”.
അതായത്, അടിച്ചമര്‍ത്തലിന്റെയും വിവേചനത്തിന്റെയും ഇരകള്‍ക്ക് മാത്രമല്ല, അധികാരവും പദവിയും നല്‍കുന്ന സുഖാനുഭവങ്ങളുടെ ആലസ്യത്തില്‍ കഴിയുന്നവര്‍ക്കും സ്വത്വബോധമുണ്ട്. ഡോ. കെ. എന്‍. പണിക്കരുടെ ഈ നിരീക്ഷണം, ദളിത് സ്വത്വബോധത്തിനെതിരെ അലറിയാര്‍ക്കുവരുടെ സ്വത്വബോധമെന്ത് എന്ന ചോദ്യത്തിന് നല്‍കുന്ന കരുത്ത് അപാരമാണ്.

സ്വത്വരാഷ്ട്രീയത്തിനെതിരെ ഉയരുന്ന ആക്രമണം ഫലത്തില്‍ ദളിത് സ്വത്വത്തിന്റെ ചരിത്രപരമായ നിലനില്‍പ്പിനെത്തയൊണ് ലക്ഷ്യം വെയ്ക്കുത്. വര്‍ഗപരമായും ശാരീരികമായും മാനസികമായും അനുഭവിക്കുന്ന പീഡനങ്ങള്‍ക്ക് പുറമേ സൈദ്ധാന്തിക പീഡനം കൂടി അനുഭവിക്കേണ്ട ഗതികേടാണ് ദളിതര്‍ നേരിടുന്നത്. ദളിതാവസ്ഥ പരിഹരിക്കാനുളള സമരത്തിന് തങ്ങളുടെ അറിവും പദവിയും സമയവും സംഭാവന ചെയ്യാന്‍ ഒരുക്കമല്ലാത്തവര്‍ അവരുടെ സ്വത്വബോധത്തിനെതിരെ അണിനിരക്കുന്നതില്‍ കാട്ടുന്ന അത്യാവേശം ഒട്ടേറെ കാര്യങ്ങള്‍ പറയാതെ പറയുന്നുണ്ട്. സ്വത്വബോധത്താല്‍ ഉദ്വീപിക്കപ്പെട്ട ദളിതര്‍ സംഘടിച്ചാലുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് ഉപന്യസിക്കുമ്പോഴും, ദളിതര്‍ നേരിടുന്ന അവഗണനയ്ക്കും അനീതിയ്ക്കും എതിരെ ഒരു ചെറുവിരല്‍ പോലും ഇക്കൂട്ടരില്‍ നിന്ന് നീളുകയേയില്ല. രാജ്യമെങ്ങും ദളിതര്‍ അതിക്രൂരമായ ആക്രമണങ്ങള്‍ക്കിരയാകുമ്പോള്‍ മുഖം പൂഴ്ത്തിയൊളിച്ച ഒട്ടകപ്പക്ഷികള്‍ ദളിതരുടെ സ്വത്വബോധത്തിനെതിരെ സംഘം ചേര്‍ന്ന് രംഗത്തുവരുന്നത് ഒട്ടും നിഷ്കളങ്കമല്ല.

സങ്കുചിത വരേണ്യതയുടെ ആധിപത്യയുക്തികളില്‍ നിന്ന് രൂപപ്പെടുന്ന ദളിത് സ്വത്വവിരോധത്തോട് ഒരുതരത്തിലും ഐക്യപ്പെടാന്‍ സിപിഎമ്മിനാവില്ല. സ്വത്വരാഷ്ട്രീയ സൈദ്ധാന്തികരോട് പുലര്‍ത്തു ആശയപരമായ എതിര്‍പ്പിന്റെ അതേ ആര്‍ജവം ബൂര്‍ഷ്വാ സാമൂഹ്യബോധത്തില്‍ നിന്നും സ്വത്വരാഷ്ട്രീയത്തിനെതിരെ ഉയരുന്ന വിമര്‍ശനങ്ങളോടും സിപിഎമ്മിനുണ്ട്. വിശാലമായ മാനവികബോധത്തിലും അടിയുറച്ച വര്‍ഗനിലപാടുകളില്‍ നിന്നുകൊണ്ടുമാണ് സിപിഎം നിലപാട് സ്വീകരിച്ചത്. സ്വത്വരാഷ്ട്രീയത്തിനെതിരെ സിപിഎം രാഷ്ട്രീയ പ്രമേയം പ്രകടിപ്പിക്കുന്ന നിലപാടിന്റെ സമഗ്രതയില്‍ നിന്നാവണം, പാര്‍ട്ടി അംഗങ്ങളുടെ നിലപാടുകളും രൂപപ്പെടേണ്ടത്. അതിനാല്‍ “സ്വത്വരാഷ്ട്രീയത്തിനെതിരെ പാര്‍ട്ടി നിലപാട് സ്വീകരിച്ചു കഴിഞ്ഞു, അതുകൊണ്ട് സ്വത്വമെന്ന് മിണ്ടുന്ന എല്ലാവരെയും ഉന്മൂലനം ചെയ്യേണ്ടത് എന്റെ കടമയാണ്” എന്ന ഔദ്ധത്യത്തോടെ സാംസ്ക്കാരിക മണ്ഡലത്തിലേയ്ക്ക് പ്രവേശിക്കുന്നവര്‍ വെല്ലുവിളിക്കുന്നത് സ്വന്തം പാര്‍ട്ടിയെത്തന്നെയാണ്. അതെന്തിനു വേണ്ടിയെന്ന ചോദ്യമാകട്ടെ, സിപിഎമ്മിന് പിന്നില്‍ അണിനിരന്ന ലക്ഷങ്ങളുടെ ചങ്കുകലക്കുന്നതും.

'ചിന്ത' വാരികയില്‍ സ്വത്വരാഷ്ട്രീയം സംബന്ധിച്ച് അച്ചടിക്കപ്പെട്ട ലേഖനങ്ങള്‍ പലതും വികലവും അപകടകരവുമായ യുക്തിയില്‍ രൂപപ്പെടുത്തിയവയുമാണ്. ദളിതര്‍ക്കെതിരെയുളള വിവേചനങ്ങള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കും എതിരെയുളള പോരാട്ടങ്ങള്‍ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയോ ആ സമരത്തില്‍ സിപിഎം പ്രവര്‍ത്തകരെ അണിനിരത്താനുളള ഉത്തേജനമോ ഈ ലേഖനങ്ങള്‍ മുന്നോട്ടു വെയ്ക്കുന്നില്ല. ദളിതരുടെ അവകാശങ്ങള്‍ക്കു വേണ്ടി, ജാതീയമായ അടിച്ചമര്‍ത്തലുകള്‍ക്കെതിരെയുമുളള പോരാട്ടങ്ങളുടെ മുന്‍നിരയില്‍ സിപിഎം നില്‍ക്കണമെന്നും ദളിത് അവകാശ പത്രിക പൊതുജനാധിപത്യവേദിയുടെ ഭാഗമായി മാറണമെന്നുമുളള പാര്‍ട്ടി നയം മഷിയിട്ടു നോക്കിയാല്‍ പോലും അവിടെ കാണാനാവില്ല. ആ ലക്ഷ്യത്തിന് വേണ്ടി പ്രവര്‍ത്തകരെയാകെ അണിനിരത്തുതിനുളള ബാധ്യതയാണ് പാര്‍ട്ടിയുടെ സൈദ്ധാന്തിക പ്രസിദ്ധീകരണത്തില്‍ നിന്നും സ്വാഭാവികമായും പ്രതീക്ഷിക്കുന്നത്. എന്നാല്‍, സ്വത്വരാഷ്ട്രീയത്തിനെതിരെ പാര്‍ട്ടി രേഖകളിലുളള പരാമര്‍ശങ്ങളില്‍ നിന്ന് അടര്‍ത്തിയെടുത്ത ചില ഭാഗങ്ങള്‍ സ്വത്വബോധത്തിന്റെ പ്രസക്തി തിരിച്ചറിയുന്നവര്‍ക്കെതിരെ ഒളിപ്പോരിനുളള ആയുധമാക്കുമ്പോള്‍ അതില്‍ ഒളിച്ചുവെയ്ക്കപ്പെട്ട അജണ്ടകള്‍ സംശയിക്കുവരെ കുറ്റപ്പെടുത്താനാവില്ല.

ഒരു തുണ്ട് ഭൂമിയും സ്വന്തമായില്ലാതെ, സ്ഥിരമായി ഒരു വരുമാനമാര്‍ഗവുമില്ലാതെ, വിദ്യാഭ്യാസവും ആരോഗ്യവുമില്ലാതെ ആയിരക്കണക്കിന് വര്‍ഷങ്ങളായി അവഗണനയുടെയും അയിത്തത്തിന്റെയും വിഴുപ്പും പേറി പുഴുക്കളെപ്പോലെ ജീവിച്ചു മരിക്കുന്ന ദളിത് ജനകോടികളെ, കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരോട് താരതമ്യപ്പെടുത്തുന്ന വര്‍ഗചിന്ത ആപല്‍ക്കരവും ബാലിശവുമാണ്. ഇത്തരം വിഡ്ഢിത്തങ്ങളാണ് സിപിഎം താത്ത്വിക പ്രസിദ്ധീകരണത്തില്‍ അച്ചടിമഷി പുരണ്ടത്. സകല പുരോഗമന പ്രസ്ഥാനങ്ങള്‍ക്കും അപമാനകരമാണ്, ദളിതരെ ദളിതരായി നിലനിര്‍ത്താന്‍ ചാതുര്‍വര്‍ണ്യം പ്രചരിപ്പിച്ച ന്യായീകരണങ്ങളുടെ യുക്തിയെ അടിസ്ഥാനമാക്കി സ്വത്വരാഷ്ട്രീയത്തിനെതിരെ അലറിയാര്‍ത്ത ഈ സൈദ്ധാന്തിക ഉടന്തടി സംഘം ഉയര്‍ത്തിയ വിതണ്ഡവാദങ്ങള്‍.

എല്ലാ തൊഴിലാളികളും തൊഴിലാളികളാണെന്നും അവര്‍ക്കിടയില്‍ മറ്റുവിവേചനങ്ങള്‍ രൂപപ്പെടുന്നത് തൊഴിലാളികളുടെയാകെ വിമോചനപോരാട്ടങ്ങളെ ശിഥിലീകരിക്കുമെന്നുമുളള വാദം കേള്‍ക്കാന്‍ സുഖമുളളതും പ്രഥമദൃഷ്ട്യാ ശരിയെന്ന് തോന്നിപ്പിക്കുന്നതുമാണ്. നവോത്ഥാന പ്രസ്ഥാനങ്ങളുടെ സൃഷ്ടിയാണ് ആ തോന്നലെന്നതും വിസ്മരിച്ചുകൂടാ. എന്നാല്‍ വിവേചനത്തിന്റെ സൃഷ്ടാക്കള്‍ ആരെന്ന ചോദ്യമുയര്‍ത്താതെ ഈ തോന്നലില്‍ മാത്രം അഭിരമിക്കുന്നത് അബദ്ധമാണ്. വര്‍ഗം അമൂര്‍ത്തമായ പരികല്‍പനയും സ്വത്വം വ്യക്തമായ നിര്‍വചനമുളള അസ്തിത്വവുമായി തുടരുന്നടത്തോളം കാലം എല്ലാ തൊഴിലാളികളും ഒരേപോലുളള തൊഴിലാളികളല്ലെന്നെങ്കിലും തിരിച്ചറിഞ്ഞേ മതിയാകൂ.

ദളിതന്റെ സ്വത്വബോധമോ സ്വത്വബോധമാര്‍ജിക്കുന്ന ദളിതന്‍ സൃഷ്ടിക്കുമെന്ന് മറ്റുളളവര്‍ ഭയപ്പെടുന്ന വിവേചനമോ അവന്റെ സൃഷ്ടിയല്ല. ഇപ്പോള്‍ പൊട്ടിപ്പുറപ്പെട്ട വിവാദത്തിന് കാരണമായ 'ഓറ' മാസികയിലെ ലേഖനത്തില്‍ ഡോ. പി. കെ പോക്കര്‍ സ്വത്വബോധത്തെ ഇങ്ങനെ നിര്‍വചിക്കുന്നു:
"സ്വത്വമെന്നത് ഒരാളെ അഥവാ ഒരു ജനതയെ മറ്റുളളവരില്‍ നിന്ന് വേര്‍തിരിക്കുന്ന പ്രത്യേക സ്വഭാവമാണ്. ഭാഷ, വസ്ത്രധാരണം, ഭക്ഷണം, മതം, ജാതി, വര്‍ണം മുതലായവ മിക്കപ്പോഴും ഒരു ജനതയെ മറ്റുളളവരില്‍ നിന്ന് വേറിട്ട് തിരിച്ചറിയുന്ന അഥവാ അടയാളപ്പെടുത്തുന്ന ഘടകമായിത്തീരുന്നു''.
ഈ നിര്‍വചനം പൂര്‍ത്തിയാകുന്നത്, ജനതയെ വിഭജിക്കുന്ന ഘടകങ്ങളും അടയാളങ്ങളും സൃഷ്ടിച്ചതാര് എന്ന ചോദ്യം കൂടി ഉയര്‍ത്തുതിലൂടെയാണ്. മറ്റുളളവരില്‍ നിന്ന് വേറിട്ട് തിരിച്ചറിയാനും അടയാളപ്പെടുത്താനുമുളള ഘടകങ്ങള്‍ അതാത് ജനവിഭാഗങ്ങള്‍ സ്വയമേവ രൂപപ്പെടുത്തിയതോ പ്രകൃത്യാ വന്നു ചേര്‍ന്നതോ അല്ല. അതൊരു ആധിപത്യവ്യവസ്ഥയുടെ സൃഷ്ടിയാണ്. മലയാളിയെന്ന സ്വത്വവും തമിഴനെന്ന സ്വത്വവും പോലെയോ ആണ്‍ - പെണ്‍ സ്വത്വങ്ങള്‍ പോലെയോ അല്ല, ദളിത് സ്വത്വം. മലയാളിയായി ജനിച്ച എല്ലാവര്‍ക്കും ഒരേ മലയാളം പറയാന്‍ അവകാശമില്ലാതിരുന്ന ചരിത്രസന്ദര്‍ഭത്തില്‍ "മലയാളി" എന്ന പൊതുസ്വത്വം അര്‍ത്ഥശൂന്യവും അപ്രസക്തവുമാകും.  ഭക്ഷണത്തില്‍ നിന്നും വസ്ത്രത്തില്‍ നിന്നും വാക്കുകളുടെ ഉച്ചാരണത്തില്‍ നിന്നും ഒരുവന്റെ ജാതിസ്വത്വം മറ്റൊരാള്‍ക്ക് തിരിച്ചറിയാനാവും വിധം ആചാരമര്യാദകള്‍ സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്തിരുന്നതു കൊണ്ടാണ് മറ്റു സ്വത്വബോധങ്ങളെ സമീപിക്കുന്നതുപോലെ ജാതിസ്വത്വത്തെ സമീപിക്കുന്നത് അബദ്ധജടിലമാകുന്നത്.

സ്വത്വബോധത്തിന്റെ എല്ലാ സാധ്യതകളെയും ഒന്നിച്ചു ചേര്‍ത്ത് വിലയിരുത്തുകയും ഇതിലോരോ സ്വത്വവും വെവ്വേറെ രാഷ്ട്രീയ ശക്തികളായി മാറുകയും ചെയ്യുതിന്റെ അപകടങ്ങളെക്കുറിച്ച് ഉപന്യസിക്കുകയും ചെയ്യുമ്പോള്‍ ദളിതാവസ്ഥയുടെ കാര്യകാരണങ്ങളെയും അത് പരിഹരിക്കാനുളള സമരമാര്‍ഗങ്ങളെയും കുറിച്ചുളള ചര്‍ച്ചയാണ് ഹൈജാക്ക് ചെയ്യപ്പെടുന്നത്. ഒപ്പം പ്രശ്നപരിഹാരങ്ങള്‍ക്കുളള മുന്‍ഗണനാക്രമത്തില്‍ നിന്ന് ദളിത് വിഷയങ്ങള്‍ വെട്ടിമാറ്റിയ ജനാധിപത്യഭരണകൂടവും അവ ഏറ്റെടുക്കുതില്‍ കുറ്റകരമായ വീഴ്ചവരുത്തിയ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുമാണ് ദളിത് സ്വത്വബോധം അത്യന്തം സങ്കീര്‍ണമാക്കിയത് എന്ന വസ്തുത തമസ്കരിക്കപ്പെടുകയും ചെയ്യുന്നു.

ദളിതന്റെ നിലവിലുളള സ്വത്വം അവനുണ്ടാക്കിയതല്ല. മറ്റാരോ ഉണ്ടാക്കി അവന്റെ മേല്‍ അടിച്ചേല്‍പ്പിച്ചതാണ്. അതു പൊളിക്കാനുളള ഏത് ശ്രമവും വിപ്ളവകരം തന്നെയാണ്. നിര്‍ഭാഗ്യവശാല്‍, ദളിതന് സവര്‍ണന്‍ കല്‍പ്പിച്ചു നല്‍കിയ സ്വത്വബോധത്തില്‍ നിന്ന് കുതറിമാറാനും പുതിയൊരു സ്വത്വം സ്വയം സൃഷ്ടിക്കാനുമുളള പോരാട്ടങ്ങള്‍ക്കു നേരെ, ആ പോരാട്ടങ്ങള്‍ക്ക് കരുത്തും ദിശാബോധവും നല്‍കേണ്ട രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ബലത്തില്‍ ചിലര്‍ ശകാരങ്ങളുടെ ശരവര്‍ഷം ചൊരിയുകയാണ്.

ദളിതന്റെ സാമൂഹ്യസ്ഥിതി മെച്ചപ്പെടാനുളള ഏത് പ്രവര്‍ത്തനവും വിപ്ളവകരമാണെന്ന തിരിച്ചറിവുളളതുകൊണ്ടാണ്, ആ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രസ്ഥാനത്ത് തങ്ങളുടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉണ്ടാകണമെന്ന് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനിച്ചത്. ദളിതാവസ്ഥ ചൂഷണം ചെയ്ത് സാമൂഹ്യവിഭജനം സൃഷ്ടിക്കുന്നവര്‍ക്കെതിരെ ജാഗ്രത പുലര്‍ത്തുമ്പോഴും ദളിതന്റെ പീഡാവസ്ഥ പരിഹരിക്കാനുളള സമരമാര്‍ഗങ്ങളെക്കുറിച്ച് യാതൊരാശയക്കുഴപ്പവും സിപിഎം വെച്ചുപുലര്‍ത്തുന്നില്ല.

വസ്തുതകള്‍ക്കു നേരെ കണ്ണടച്ച് നടത്തു ഏത് സംവാദവും ഉപരിപ്ളവമാണ്. സവര്‍ണന്റെ സ്വത്വരാഷ്ട്രീയത്തിന് കീഴടങ്ങിയ സമൂഹത്തില്‍ ദളിതന്റെ സ്വത്വബോധത്തിനു നേരെ ഉയരുന്ന ഹിംസാത്മകമായ വെല്ലുവിളി, ചിന്താമണ്ഡലത്തില്‍ ഇപ്പോഴും ആധിപത്യം പുലര്‍ത്തു ചാതുര്‍വര്‍ണ്യത്തിന്റെ ചിന്നംവിളിയാണ്. വ്യക്തിജീവിതം സവര്‍ണതയ്ക്ക് അടിയറ വെച്ച് ലേഖനപരമ്പരകളില്‍ വര്‍ഗചിന്തയുടെ തെയ്യക്കോലങ്ങളായി ആടിത്തിമിര്‍ക്കുവര്‍ക്ക് സ്വത്വരാഷ്ട്രീയം ഉയര്‍ത്തുന്ന വെല്ലുവിളികളെ ക്രിയാത്മകമായി അപഗ്രഥിക്കാനാവില്ല. പാര്‍ട്ടി പരിപാടിയിലെ അക്ഷരങ്ങളും വാചകങ്ങളും പേജ് നമ്പരും ഉദ്ധരിച്ചല്ല, ദളിതാവസ്ഥ പരിഹരിക്കാനുളള സമരത്തില്‍ ഓരോരുത്തരും വഹിച്ച പങ്ക് എണ്ണിപ്പറയാനാനുളള ബൗദ്ധിക സത്യസന്ധതയാണ് ഇവര്‍ കാണിക്കേണ്ടത്.

സവര്‍ണബോധങ്ങളോട് സന്ധി ചെയ്തും സവര്‍ണതയ്ക്കെതിരെ മുഴങ്ങുന്ന നിശിത വിമര്‍ശനങ്ങളില്‍ പ്രകോപിതരായും സാംസ്ക്കാരിക ജീവിതം നയിക്കുന്നവര്‍ ദളിത് സ്വത്വബോധത്തിനുനേരെ കൊമ്പു കുലുക്കുന്നതില്‍ അത്ഭുതമില്ല. അവരുമായി സിപിഎമ്മിന് യാതൊരു ആശയപ്പൊരുത്തവുമില്ലെന്ന് പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച രാഷ്ട്രീയ പ്രമേയം ഒരാവര്‍ത്തി വായിച്ചുനോക്കുന്നവര്‍ക്ക് മനസിലാകും. അയിത്തത്തിന്റെ തുടര്‍ച്ചയായി ദളിതന്റെ സ്വത്വബോധത്തെ എതിര്‍ക്കുന്നവര്‍ക്കൊപ്പം വര്‍ഗചിന്തയെ സ്വന്തം വര്‍ഗീയ ചിന്ത മറച്ചു പിടിക്കുന്നതിനുളള ഉപാധിയാക്കി ഉപയോഗിക്കുന്നവരും അനിവാര്യമായും കൂട്ടുചേരാതെ വയ്യ. ജാതിയുടെ പേരില്‍ സംഘടിച്ച നായര്‍, ഈഴവ, മുസ്ളിം, ക്രൈസ്തവ വിഭാഗങ്ങള്‍ രാഷ്ട്രീയ മണ്ഡലത്തില്‍ കൈവരിച്ച ആധിപത്യത്തെ എല്ലാ അര്‍ത്ഥത്തിലും അംഗീകരിക്കുവരാണ് ദളിതരുടെ സംഘബോധത്തിനെതിരെ സര്‍വശക്തിയും സംഭരിച്ച് സംഘടിതമായി രംഗത്തിറങ്ങുന്നത്. തീരുമാനങ്ങളും പരിപാടികളും കടലാസുകളില്‍ ഉറങ്ങുകയും ജനനം മുതല്‍ മരണം വരെ വ്യക്തിജീവിതം സാക്ഷ്യം വഹിക്കുന്ന സകല ചടങ്ങുകളും സവര്‍ണത ചിട്ടപ്പെടുത്തിയ ആചാരങ്ങളനുസരിച്ച് അനുഷ്ഠിക്കുകയും ചെയ്യുന്നവര്‍ ദളിതന്റെ സ്വത്വബോധത്തെ പുച്ഛിക്കാനും പരിഹസിക്കാനും അണിനിരക്കുമ്പോള്‍ ഒട്ടും മടിക്കാതെ അവരോട് ചോദിക്കുക..

സഖാവേ... താങ്കളുടെ സ്വത്വമേതാണ്?