Friday, September 25, 2015

രാഹുകാലത്തൊരു കാളിയമർദ്ദനം - എംഎ ബേബി വക


നൂറ്റാണ്ടുകളുടെ മലം കെട്ടിക്കിടക്കുന്ന തലയോട്ടിയും പേറി ജീവിക്കേണ്ടി വരുന്നത് വല്ലാത്തൊരു പിറവി ദോഷമാണ്. മനുഷ്യചരിത്രത്തിൽ  ഇന്നേവരെയുണ്ടായ ഒരു നവോത്ഥാനയത്നത്തിന്‍റെയും വെളിച്ചം കടക്കാത്ത ഇത്തരം തലയോട്ടികള്‍ക്ക് ഒരു ലക്ഷ്യമേയുളളൂ. ആചാരങ്ങളുടെയും മാമൂലുകളുടെയും ചടങ്ങുകളുടെയും അന്ധവിശ്വാസങ്ങളുടെയും ജാതിനിയമങ്ങളുടെയും കൊമ്പു തിരുകിയ അധികാരത്തിൻറെ കിരീടം. കൊന്നും കൊലവിളിച്ചും ആക്രോശിച്ചും അവമതിച്ചും വെട്ടിവീഴ്ത്തിയും വെല്ലുവിളിച്ചും വീമ്പടിച്ചും വീരസ്യം നടിച്ചും ആ കിരീടത്തിനായി പെടാപ്പാടുപെടുകയാണ് വിവരവും വിവേകവുമില്ലാത്ത കുറേ മനുഷ്യർ. അസംബന്ധങ്ങളുടെ ഭൂതകാലങ്ങളിലേയ്ക്ക് സമൂഹത്തെ പ്രഹരിച്ചു പായിക്കാൻ അവർ കൈയിലേന്തിയ ചാട്ടവാറുകളാണ് 2015 സെപ്തംബര്‍ 22 ചൊവ്വാഴ്ച വൈകുന്നേരം 3.30 എന്ന നിമിഷത്തിനു മുന്നിൽ നിശ്ചലമായിപ്പോയത്.

പല സമയങ്ങളും പോലെ ഇതും ഒരു സമയം മാത്രം. അന്നും ആ സമയത്താണ് ഏഷ്യാനെറ്റില്‍ "കറുത്ത മുത്ത്" സീരിയല്‍ തുടങ്ങിയത്. അപ്പോഴാണ് ഗാന്ധിധാം എക്സ്പ്രസ് തിരുവനന്തപുരം സ്റ്റേഷനില്‍ എത്തിച്ചേർന്നത്. പതിവുപോലെ ഈ സമയത്തു തന്നെ തിരുവനന്തപുരത്തേയ്ക്കുളള  ഫാസ്റ്റ് പാസഞ്ചര്‍ കട്ടപ്പന ബസ്റ്റാന്‍ഡില്‍ നിന്ന് പുറപ്പെട്ടു. യാദൃശ്ചികവും മുൻകൂട്ടി തീരുമാനിക്കപ്പെട്ടതുമായ എത്രയോ സംഭവങ്ങള്‍ ലോകത്തെങ്ങുമുളള കോടാനുകോടി മനുഷ്യരുടെ ജീവിതത്തിൽ തുടങ്ങുകയും ഒടുങ്ങുകയും ചെയ്ത സമയം. ആ സമയത്താണ് തിരുവനന്തപുരത്തെ എകെജി സെൻററിൽ അപ്പുവും സനിധയും വിവാഹിതരായത്.

പക്ഷേ, ചൊവ്വാഴ്ച വൈകുന്നേരം 3.30 എന്ന നിമിഷം ചിലർക്ക് രാഹുകാലമാണു പോലും. ആർക്ക്? വെളിച്ചം നിഷിദ്ധമായ തലയോട്ടിയുടെ ഉടമകള്‍ക്കും അവയ്ക്കു നേരെ കവടിയെറിഞ്ഞ് അന്നം തേടുന്നവർക്കും. അവറ്റയ്ക്കു മാത്രമാണ് ഈ മുഹൂർത്തം രാഹുകാലമാകുന്നത്. കവടിയെന്നത് ശംഖു വര്‍ഗ്ഗത്തില്‍പ്പെട്ട ഒരു ചെറിയ ജലജീവിയുടെ പുറന്തോടാണെന്നും അതിനുളളിൽ മംഗളമൂഹൂർത്തങ്ങളുടെ പഞ്ചാംഗമൊന്നും ആരും തിരുകിവെച്ചിട്ടില്ലെന്നും അറിയുന്നവർക്ക് മറ്റേതൊരു നിമിഷത്തെയും പോലെ അതിസാധാരണമായ സമയം.. അപ്പോള്‍ അപ്പുവിന്‍റെയും സനിധയുടെയും വിവാഹത്തിന് അവരും അവരുടെ മാതാപിതാക്കളും ചേർന്ന്  തിരഞ്ഞെടുത്ത സമയത്തിൻറെ പേരിൽ ചിലരൊക്കെക്കിടന്ന് കോമരം തുളളുന്നത് എന്തിനാണ്.. ?

എം എ ബേബിയുടെ മകൻ രാഹുകാലത്തിൽ വിവാഹിതനായെന്ന വാർത്ത സൈബർ സ്പേസിനെയാണ് ഏറ്റവുമധികം മലീമസമാക്കിയത്. ഫേസ് ബുക്ക് സ്റ്റാറ്റസുകളും ഫോട്ടോഷോപ്പ് ഇമേജുകളുമായി വർഗീയതയുടെ വിസർജ്യം  പൊട്ടിയൊഴുകി. കണ്ണിൽപ്പെട്ട ഏറ്റവും കൌതുകമുളള വാചകം ഇതായിരുന്നു -
"രാഹുകാലവും ജാതകവും നോക്കുന്നത് അന്തസുളള ഹിന്ദുക്കളുടെ വിശ്വാസമാണ്. അതിൽ ക്രിസ്ത്യാനിയായ ബേബിയ്ക്കെന്തു കാര്യം.?" 
"അന്തസുളള ഹിന്ദു"വെന്നത് ഒരു നല്ല പ്രയോഗമാണ്. അതിന്‍റെ നിർവചനത്തിലേയ്ക്ക് പിന്നെ വരാം. പക്ഷേ, ഈ വാക്യത്തിന്‍റെ ഉടമ ഒരു ഷേക്ക് ഹാൻഡ് അർഹിക്കുന്നുണ്ട്. മേമ്പൊടിയ്ക്ക് വിഷം പുരട്ടിയിട്ടുണ്ടെങ്കിലും പറഞ്ഞത് കാര്യമാണ്. രാഹുകാലം പോലുളള പിത്തലാട്ടങ്ങളിലൊന്നും ബേബിയ്ക്ക് ഒരു കാര്യവുമില്ല. ഇതിലൊന്നും ഒരു കാര്യവുമില്ലെന്നറിയാവുന്നതുകൊണ്ടു തന്നെയാണ് ഇതൊന്നും  കാര്യമാക്കേണ്ടെന്നു വെച്ചതും. ആലോചനയോ ചിന്തയോ ഒന്നുമില്ലാതെ ഏതു സംഘിത്തലയിലും മിന്നുന്ന ലളിതമായ യുക്തിയാണിത്.

ഹിന്ദുവിൻറെ വിശ്വാസം പിൻപറ്റാൻ ഹിന്ദുവല്ലാത്തവന് എന്തു ബാധ്യത?  ഏതു മതത്തിൻറെ കാര്യത്തിലും അതുതന്നെയാണ് ശരി. വിശ്വാസങ്ങള്‍ പാലിക്കുകയും അനുസരിക്കുകയും അവയോടു നീതി പുലർത്തുകയും ചെയ്യേണ്ടത് വിശ്വാസിയ്ക്കു മാത്രം ഉത്തരവാദിത്തമാണ്. ആ വിശ്വാസത്തിനു പുറത്തുളളവരുടെ വഴി വേറെയാണ്.

ഇതൊന്നും മനസിലാകാത്തതുകൊണ്ടല്ല, അംഗീകരിച്ചുകൊടുക്കാൻ കഴിയാത്തതുകൊണ്ടാണ് വർഗീയത പൊട്ടിയൊഴുകിയത്. അതു പക്ഷേ, യാദൃശ്ചികമായി സംഭവിച്ചതല്ല. ആചാരങ്ങള്‍ സൂക്ഷ്മമായി ആചരിക്കണമെന്ന ശാഠ്യത്തിനും നിർബന്ധത്തിനും നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. 2012 മാർച്ച് നാലിന് ജന്മഭൂമി പ്രസിദ്ധീകരിച്ച ജ്യോതിഷത്തില്‍ രാഹുകാലത്തിന്‍റെ പ്രാധാന്യം എന്ന ലേഖനം മനസിരുത്തി വായിച്ചാൽ കാര്യങ്ങളുടെ കിടപ്പു പിടികിട്ടും. ലേഖനം ഇങ്ങനെ പറയുന്നു:
വളരെ സ്ഥൂലമായിട്ടാണ്‌ നാം പലതും ആചരിച്ചുവരുന്നത്‌. സൂക്ഷ്മമായി അനുഷ്ഠിക്കാത്തതിലെ ന്യൂനത നമ്മുടെ സംസ്കാരത്തെ തന്നെ ബാധിച്ചിരിക്കുകയാണ്‌. രാഹുകാലത്തിലും സൂക്ഷ്മത ആവശ്യമാണ്‌.
സംസ്ക്കാരം എന്ന വാക്ക് ലേഖനത്തിൽ ചുമ്മാ തിരുകിക്കയറ്റിയതല്ല. ഭാരതസംസ്ക്കാരം എന്നു പേരിട്ടുവിളിക്കുന്ന ഹിന്ദുവിന്‍റെ ആചാരങ്ങള്‍ എല്ലാ ജാതിമതസ്ഥരും സൂക്ഷ്മായി അനുഷ്ഠിച്ചു ജീവിക്കുന്ന കിനാശേരിയുടെ നിർമ്മാണമെന്ന അജണ്ട സംഘപരിവാരം ഒരിക്കലും ഒളിച്ചുവെച്ചിട്ടില്ല. സംസ്ക്കാരത്തെ ബാധിച്ചിരിക്കുന്ന ന്യൂനത പരിഹരിക്കാനാണ്  ധാബോൽക്കറെയും പൻസാരയെയും കൽബുർഗിയെയുമൊക്കെ കാലപുരിയിലേയ്ക്കു പറഞ്ഞുവിട്ടത്.  രാഹുകാലത്തെ പുറംകാലിനു തൊഴിച്ച എം എ ബേബി സിപിഎം നേതാവും  ജീവിക്കുന്നതു കേരളത്തിലുമായിപ്പോയി. അതുകൊണ്ട് മനശാന്തി കിട്ടുന്നതുവരെ വർഗീയവിസർജ്യം കുത്തിയൊഴുക്കി സമാധാനിച്ചുവെന്നേയുളളൂ.

നേരത്തെ പറഞ്ഞ "അന്തസുളള ഹിന്ദു"വിനെ ഇവിടെവെച്ചാണ് നാം പരിചയപ്പെടേണ്ടത്. ചരിത്രബോധത്തിൻറെ വെളിച്ചം കയറാത്ത തലയോട്ടികള്‍ക്ക് തീർത്തും അപരിചിതമായ വിഭാഗമാണവർ. എം എ ബേബിയ്ക്കെതിരെ ഫേസ് ബുക്കിലും മറ്റും വർഗീയത വിസർജിക്കുന്നവരിൽ പലരും ആചാര്യസ്ഥാനത്തു പ്രതിഷ്ഠിച്ചിട്ടുളള  മന്നത്തു പത്മനാഭന്‍റെ സമ്പൂർണകൃതികള്‍ ഒരുവട്ടം മറിച്ചു നോക്കിയാൽ മതി, കേരള ചരിത്രത്തിലെ "അന്തസുളള ഹിന്ദു"വിനെ പരിചയപ്പെടാം.
   
പുലകുളിക്കേസെന്നു കേട്ടിട്ടുണ്ടോ, സംഘിച്ചേട്ടാ...

'ചത്താലും പെറ്റാലും പുല' എന്നാണ് കോത്താഴശാസ്ത്രം. ഹിന്ദുവീട്ടിൽ ആരെങ്കിലും മരിക്കുകയോ കുഞ്ഞു ജനിക്കുകയോ ചെയ്താൽ അടുത്ത ബന്ധുക്കൾ അശുദ്ധി ആചരിക്കണം. അതാണ് പുല അഥവാ വാലായ്മ.  പുലക്കാലത്ത് ആരാധനാലയങ്ങളിൽ പ്രവേശിക്കാൻ പാടില്ല.  മംഗളകരമായ കർമങ്ങൾ ചെയ്യാനോ  പൊതുചടങ്ങുകളിൽ പങ്കെടുക്കാനോ അനുവാദമില്ല.

എത്ര ദിവസം പുല അനുഷ്ഠിക്കണമെന്ന് തീരുമാനിക്കുന്നത് ജാതിയുടെ സ്ഥാനമാണ്. മേൽജാതിക്കാരന് കുറച്ചു ദിവസം പുല ആചരിച്ചാൽ മതി. ജാതിയിൽ താഴുന്നതനുസരിച്ച് പുലയുടെ ദിവസവും കൂടും. ബ്രാഹ്മണന് പത്തും ക്ഷത്രിയന് പതിനൊന്നും വൈശ്യന് പന്ത്രണ്ടും ശൂദ്രന് പതിനഞ്ചും ദിവസങ്ങൾ ആണ് പുല. ഇതു തെറ്റിച്ചാൽ കടുത്ത ശിക്ഷ വിധിച്ചിട്ടുണ്ട്. 1919ൽ ഇരിങ്ങാലക്കുടയിൽ നടന്ന അത്തരമൊരു ശിക്ഷയുടെ സാമ്പിള്‍ ഇതാ:
നാട്ടാചാരത്തിനു വിരോധമായി ഒരു ഈഴവ കുടുംബം പത്തുദിവസത്തെ പുല മാത്രം ആചരിക്കുകയും പിറ്റത്തെ ദിവസം പുലയടിയന്തരം കഴിക്കയും ചെയ്തു. ഈ സമ്പ്രദായം തങ്ങള്‍ക്ക് മാത്രം വിധിച്ചിട്ടുളളതാകയാൽ കോപാന്ധനായ ഒരു നമ്പൂതിരി ഈ കുടുംബത്തെ പഠിപ്പിക്കുവാൻ ഒരു വിദ്യ ചെയ്തു. സദ്യയിൽ ഉണ്ണാനിരുന്ന സാധുക്കളെ ചില പോക്കിരികളെക്കൊണ്ടു കല്ലെറിയിച്ചു. തന്നിമിത്തം ഒരു ലഹളയുണ്ടായി. അനവധി നായന്മാർ വടിയും വെട്ടുകത്തിയുമായി സദ്യസ്ഥലത്തു ചെന്നു. നിരായുധരും ഊൺകഴിക്കാനിരുന്നവരുമായ ഈഴവരെ ആക്രമിച്ചു. ഇരിങ്ങാലക്കുടയ്ക്കു സമീപം താന്നിശേരി എന്ന സ്ഥലത്തു വെച്ചായിരുന്നു സംഭവം നടന്നത്. 21 പേരെ പോലീസു പിടിച്ചു. പലർക്കും മുറിവേറ്റിട്ടുണ്ട്. രണ്ടുപേർ ആസന്നമരണരായി ആസ്പത്രിയിൽ കിടക്കുന്നു. അടികൊണ്ട ഈഴവരിൽ രണ്ടാള്‍ ഇരിഞ്ഞാലക്കുട സബ് മജിസ്ട്രേറ്റു കോടതിയിൽ ആവലാതി ബോധിപ്പിപ്പാൻ ചെന്നപ്പോള്‍ ഉയർന്ന ജാതിയിൽപ്പെട്ട ചില ഉദ്യോഗസ്ഥർ തടഞ്ഞു നിർത്തി. പക്ഷേ, നായന്മാരുടെ അപേക്ഷപ്രകാരം നായർ മജിസ്ട്രേറ്റ് ലഹളസ്ഥലത്തെത്താതിരുന്നില്ല. സർവവിവരവും ആ ഉദ്യോഗസ്ഥനെ അറിയിച്ചിരുന്നിട്ടും എറിയുവാൻ ഉപയോഗിച്ച കല്ലുകള്‍ കാണിച്ചു കൊടുത്തിട്ടും ഈ സംഭവം റിക്കാർട്ടാക്കണമെന്ന് ഈഴവർ താണുകേണ് അപേക്ഷിച്ചിട്ടും മജിസ്ട്രേറ്റിനു കുലുക്കമുണ്ടായില്ലത്രേ. ക്ഷണപ്രകാരം സദ്യയ്ക്കു വന്ന് ഊണിനിരുന്ന യോഗ്യന്മാരായ ചില ഈഴവരെ വിലങ്ങുവെപ്പിച്ചു തടവിൽ കൊണ്ടുപോകാൻ ആ ഉദ്യോഗസ്ഥൻ ധാരാളം ഉത്സാഹിച്ചു - (മിതവാദി 1919 ഡിസംബർ, ലക്കം 12)., 
ഇത്ര നിഷ്ഠുരമായാണ് പുലകുളി എന്ന ആചാരം കഷ്ടിച്ച് ഒരു നൂറ്റാണ്ടിനു മുമ്പ് നടപ്പാക്കിയിരുന്നത്. ഇതൊന്നും വകവെച്ചു കൊടുക്കാൻ "അന്തസുളള ഹിന്ദു"ക്കള്‍ക്കു കഴിയുമായിരുന്നില്ല. അവരുടെ നേതൃത്വത്തിലാണല്ലോ നവോത്ഥാന പ്രസ്ഥാനം മുന്നേറിയത്. എത്ര ദിവസം പുല ആചരിക്കുമെന്ന് തങ്ങള്‍ തീരുമാനിക്കുമെന്ന പ്രഖ്യാപനവുമായി പ്രക്ഷോഭമാരംഭിച്ചു. എന്തു വില കൊടുത്തും ഈ ആവശ്യം അട്ടിമറിക്കാൻ യാഥാസ്ഥിതികരും സംഘടിച്ചു.

ഭരണകൂടം യാഥാസ്ഥിതികരുടേതായിരുന്നു. നായന്മാർ പതിനഞ്ചു ദിവസം പുല ആചരിച്ചില്ലെങ്കിൽ അവർ ക്ഷേത്രങ്ങളിൽ പ്രവേശിക്കരുതെന്ന് തിരുവിതാംകൂർ സർക്കാർ കൽപനയിറക്കി. ബ്രാഹ്മണരുടെ ദുരഭിമാനത്തിനും അവകാശവാദത്തിനും കീഴടങ്ങിയ നായർ ദിവാൻ മന്ദത്തു കൃഷ്ണൻ നായർ, പത്തുദിവസം മാത്രം പുലകുളി ആചരിക്കുന്ന നായന്മാർക്ക് ക്ഷേത്രപ്രവേശനം നിഷേധിക്കണമെന്ന് നിർദ്ദേശിച്ചുകൊണ്ട്, ഓരോ താലൂക്കിലെയും തഹസീൽദാർമാർക്ക് പരമശാസനം നൽകിയെന്ന് "ചങ്ങനാശേരി" എന്ന പുസ്തകത്തിൽ സി നാരായണ പിളള സാക്ഷ്യപ്പെടുത്തുന്നു.

ഇക്കാലത്താണ് മന്നത്തു പത്മനാഭന്‍റെ വലിയമ്മാവൻ ചിറ്റമത്ത് വേലുപ്പിളള മരിച്ചത്. ദിവാന്‍റെ പുല സർക്കുലർ ധിക്കരിക്കാൻ നവോത്ഥാന പ്രക്ഷോഭങ്ങളുടെ മുൻനിരയിൽ നിന്ന മന്നത്തു പത്മനാഭനും സംഘവും നിശ്ചയിച്ചു. പുല പത്തു ദിവസമായി ചുരുക്കാനും പന്ത്രണ്ടാം ദിവസം സപിണ്ഡി നടത്താനും കുടുംബം തീരുമാനിച്ചു. പുരോഹിതൻ ചടങ്ങു ബഹിഷ്കരിച്ചെങ്കിലും കാര്യങ്ങള്‍ ഭംഗിയായി നടന്നു. പക്ഷേ, അവിടം കൊണ്ടും നിർത്തിയില്ല. ശേഷം മന്നത്തു പത്മനാഭന്‍റെ വാക്കുകളിൽ:
പത്തു ദിവസം കൊണ്ട് പുല മാറുമെന്നുളള ബോധ്യം വീട്ടുകാർക്കും നാട്ടുകാർക്കും ഉണ്ടാകാൻ വേണ്ടി ഞാൻ പതിമൂന്നാം പക്കം പെരുന്നയിൽ ക്ഷേത്രക്കുളത്തിൽ കുളിച്ച് അമ്പലത്തിൽ കയറി ശ്രീകോവിൽ വാതിൽക്കൽ നിന്നു തൊഴുത്, പൂവും പ്രസാദവും വാങ്ങിപ്പോന്നു. പെരുന്നയിൽ സുബ്രഹ്മണ്യം സ്വാമി ക്ഷേത്രം സാമാന്യം പ്രസിദ്ധിയും നാലഞ്ചു നമ്പൂതിരിമാർക്ക് ഊരായ്മയുമുളള ഒരു ക്ഷേത്രമാണ്. അവരിൽ പ്രമാണിയായ ഒരു നമ്പൂതിരി ഞാൻ ക്ഷേത്രത്തിൽ കടക്കുന്നതു കണ്ടു. നമ്പൂതിരിമാർ ഉടനേ യോഗം കൂടി. ഞാൻ പുലയിൽ അമ്പലത്തിൽ കടന്ന് ക്ഷേത്രം അശുദ്ധമാക്കിയെന്നും വേണ്ട പരിഹാരം ഉണ്ടാക്കണമെന്നും വിവരിച്ച് ശ്രീ ശ്രീമൂലം തിരുനാള്‍ മഹാരാജാവിന് ഒരപേക്ഷ അയച്ചു. കൊട്ടാരത്തിൽ നിന്നും ദിവാൻജി മുഖാന്തിരം തഹശീൽദാർക്ക് വിചാരണയ്ക്കായി അയച്ചു കൊടുത്തു.
 നമ്പൂതിരിയുടെ പരാതിയും മൊഴിയും ക്രോസ് വിസ്താരവും കോടതിയുടെ ചോദ്യവും മറുമൊഴിയുമൊക്കെ മന്നത്തിന്‍റെ സമ്പൂർണ കൃതികളിൽ വിസ്തരിച്ചു വിവരിച്ചിട്ടുണ്ട്.

നായന്മാർ സാധാരണ പുലയാചരിച്ചു വരുന്നത് പതിനഞ്ചു ദിവസമായിരിക്കെ, മന്നത്തു പത്മനാഭപിളള പതിമൂന്നാം ദിവസം ക്ഷേത്രത്തിൽ കയറിയത് അശുദ്ധിയുണ്ടാക്കിയെന്നും അതു നീങ്ങാൻ പശുദ്ദാനം, പുണ്യാഹം തുടങ്ങിയ നടത്തിയതിന്‍റെ നഷ്ടം ഈടാക്കിത്തരണമെന്നും മേലിൽ ഇത് ആവർത്തിക്കരുതെന്ന് ഉറപ്പുവരുത്തണമെന്നുമായിരുന്നു പരാതിക്കാരായ കുമാരമംഗലത്ത് നാരായണൻ നമ്പൂതിരിയുടെയും താമരശേരിയിൽ സുബ്രഹ്മണ്യൻ നമ്പൂതിരിയുടെയും ആവശ്യം.

പരാതിക്കാരെ  വിസ്തരിച്ചത് പ്രതിയായ മന്നത്തു പത്മനാഭൻ നേരിട്ടായിരുന്നു. നായന്മാർ പതിനഞ്ചു ദിവസം പുലയനുഷ്ഠിക്കണമെന്ന് വേദശാസ്ത്രങ്ങളിൽ പറഞ്ഞിട്ടുണ്ടെന്ന് തട്ടിവിട്ട നാരായണൻ നമ്പൂതിരിയോട് അദ്ദേഹം തെളിവു ചോദിച്ചു. പ്രസ്തുത ചിട്ട നിഷ്കർഷിക്കുന്ന കൃതിയോ ശ്ലോകമോ ഹാജരാക്കാനാവശ്യപ്പെട്ടു. പരാതിക്കാർ കുഴങ്ങി. പരാതിക്കാരനായ നമ്പൂതിരിയ്ക്ക് സംസ്കൃതമറിയില്ലെന്നും പ്രധാനപ്പെട്ട ഒരു കൃതിയും വായിച്ചു മനസിലാക്കാനുളള പാണ്ഡിത്യമില്ലെന്നും മാത്രമല്ല, നമ്പൂതിരിമാർക്കു വിധിച്ചിട്ടുളള ആചാരങ്ങളെല്ലാം സൌകര്യം പോലെ ലംഘിക്കുന്നവനാണെന്നും മന്നത്തു പത്മനാഭൻ കോടതിയിൽ സ്ഥാപിച്ചു.

ശൂദ്രസ്ത്രീയോട് സഹശയനം നടത്തിയാൽ ബ്രാഹ്മണ്യം പോകുമെന്നാണ് മനുസ്മൃതി നിഷ്കർഷിക്കുന്നത്.  പരാതിക്കാരനായ നമ്പൂതിരി മൂന്നു നായർ സ്ത്രീകളെ വിവാഹം കഴിച്ചിരുന്നു. മൂന്നിലും കുട്ടികളുമുണ്ടായിരുന്നു. ശൂദ്രസ്ത്രീയ്ക്കൊപ്പം ശയിക്കുന്ന ബ്രാഹ്മണൻ അധോഗതിയായിപ്പോകുമെന്നും അവളിൽ സന്തതിയെ ജനിപ്പിച്ചാൽ ബ്രാഹ്മണ്യം തന്നെ നഷ്ടപ്പെടുമെന്നും മനുസ്മൃതി പറയുമ്പോള്‍ ഏതു വകുപ്പിലാണ് താങ്കള്‍ ബ്രാഹ്മണനാകുന്നത് എന്ന ചോദ്യത്തിന് വാദിയ്ക്ക് ഉത്തരമുണ്ടായിരുന്നില്ല.

കീഴ്നടപ്പും ആചാരവും തെറ്റിച്ച് കളളുഷാപ്പു ലേലത്തിൽ പിടിച്ച് സബ്കോൺട്രാക്ടു കൊടുക്കുന്ന  ബ്രാഹ്മണ്യത്തെയും കോടതിയിൽ കൈയോടെ ഹാജരാക്കി. കൈയൂക്കും അധികാരവും പദവിയുമുളള നായന്മാരുടെയും മേനോന്മാരുടെയും വീടുകളിൽ - വാദികളുടെ ബന്ധുക്കളടക്കം - ആചാരം തെറ്റിച്ച് പുല, പത്തു ദിവസമായി ചുരുക്കിയതിന്‍റെ ഉദാഹരണങ്ങള്‍ പരാതിക്കാരെക്കൊണ്ടുതന്നെ പറയിപ്പിച്ചു.
 .
ഒടുവിൽ, ഓരോ സമുദായത്തിനും അവരവരുടെ സമുദായത്തെ പരിഷ്കരിക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും കീഴ്നടപ്പിനു വിപരീതമാണെന്നു മറ്റൊരു സമുദായക്കാർക്കു ശഠിക്കാൻ അവകാശമില്ലെന്നും നാരായണൻ നമ്പൂതിരിയ്ക്ക് കോടതിയിൽ സമ്മതിക്കേണ്ടി വന്നു. പശുദ്ദാനത്തിൻറെയും പുണ്യാഹത്തിൻറെയും ചെലവു ഈടാക്കണമെന്ന വാദം പരാതിക്കാർ വിഴുങ്ങി. കോടതി കേസു തളളി.

ആചാരം പാലിക്കണമെന്ന് വാശിപിടിച്ചവനാണോ, നിർഭയമായി അതു ലംഘിച്ചവനാണോ "അന്തസുളള ഹിന്ദു"വെന്നറിയാൻ ചരിത്രപുസ്തകം മറിച്ചു നോക്കിയാൽ മതി. ചരിത്രത്തിലെ അന്തസില്ലാത്ത ഹിന്ദുവിന്‍റെ പിന്മുറക്കാരാണ് എം എ ബേബിയെ ആചാരം പഠിപ്പിക്കാനിറങ്ങുന്നത്.  രാഹുകാലത്തിൻറെ പേരിൽ ബേബിയ്ക്കെതിരെ കൊമ്പുകുലുക്കുന്നവർക്ക് അന്തസു മാത്രമല്ല, നാണവും മാനവും ഉളുപ്പും വിവരവും വിവേകവുമൊന്നുമില്ല. അത്തരക്കാരുടെ പയറ്റുമുറയ്ക്കു മുന്നിൽ പേടിച്ചോടുന്നവരല്ല, ബേബിയും ബേബിയുടെ പ്രസ്ഥാനവും.
 .
അപ്പുവിൻറെയും സനിധയുടെയും വിവാഹം പുതുസവർണതയുടെ നെറുന്തലയിൽ ഇങ്ങനെയൊരു കാളിയമർദ്ദനമായി പരിണമിക്കുമെന്ന്  എം എ ബേബി ചിന്തിച്ചിട്ടുണ്ടാവില്ല. കൽബുർഗിയ്ക്കും പൻസാരയ്ക്കും ധാബോൽക്കർക്കും നേരെ തീതുപ്പിയ തോക്കുകളേന്താൻ കൈതരിക്കുന്ന മലയാളിത്താന്മാരെ നേരിട്ടു പരിചയപ്പെടാനുളള അവസരം കൂടിയായി അദ്ദേഹത്തിനും പ്രസ്ഥാനത്തിനും ഈ വിവാഹം. അവർക്കെതിരെയുളള പോരാട്ടം നയിക്കാൻ രാഹുകാലം നോക്കാതെ ചടങ്ങിനെത്തിയ എല്ലാവരും കൂടെയുണ്ടാകട്ടെ എന്നാശംസിക്കാം.

Monday, August 17, 2015

ഫേസ് ബുക്ക് വിവാദവും നിലപാടും

ഡിസ്‌ക്ലൈമര്‍ - തുടര്‍വിശദീകരണങ്ങളുടെ ബാധ്യത പൂര്‍ണമായും നിരാകരിക്കുന്ന ഡിക്ലറേറ്റീവ് സ്റ്റേറ്റുമെന്‍റുകളാണ് ഈ ലേഖനത്തിലുളളത്. അവ വായിക്കുമ്പോള്‍, "ഇതൊക്കെ പറയാന്‍ നീയാര്" എന്ന ചോദ്യം പലരിലും ഉണ്ടാവും. അതു സ്വാഭാവികമാണ്. എന്നാല്‍, ആ ചോദ്യകര്‍ത്താക്കള്‍ ചോദ്യം വിഴുങ്ങുകയേ നിര്‍വാഹമുളളൂ.  കാരണം ബോധിപ്പിക്കാന്‍ ഒരുദ്ദേശ്യവുമില്ലെന്ന് വിനയപൂര്‍വം വ്യക്തമാക്കട്ടെ.  ഇവിടെ മുന്നോട്ടു വെയ്ക്കുന്ന നിഗമനങ്ങളെയും അതിനാധാരമായ ബോധ്യങ്ങളെയും സംബന്ധിച്ച് ഒരു ചര്‍ച്ചയ്ക്കും തയ്യാറല്ല. സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും മറുപടിയോ വിമര്‍ശനങ്ങളോടു പ്രതികരണമോ ഉണ്ടാകുന്നതല്ല. താല്‍പര്യമുളളവര്‍ വായിച്ചാല്‍ മതി.

ഒളിയമ്പുകള്‍ മാരീചന്‍ എന്ന ഫേസ് ബുക്ക് ഐഡി ബ്ലോക്കു  ചെയ്യപ്പെട്ട സാഹചര്യത്തെ പ്രീതയ്ക്കും സുഹൃത്തുക്കള്‍ക്കുമുണ്ടായ ദുരനുഭവവുമായി താരതമ്യം ചെയ്യാനാവില്ല. സമാനതകളില്ലാത്ത പൈശാചിക കൃത്യമാണ്  പ്രീതയ്ക്കു നേരെ ഉണ്ടായത്. അവ ഓരോന്നായി വിവരിക്കുന്നില്ല.  ദുരനുഭവം പ്രീതയില്‍ മാത്രം ഒതുങ്ങിനിന്നതുമില്ല.  അവരെ പിന്തുണച്ച ഓരോരുത്തരിലേയ്ക്കും (ആണ്‍/പെണ്‍/അനോണി ഭേദമെന്യേ) ഭീഷണി നീണ്ടു. ഭയനാകമായ നിശ്ചയദാര്‍ഢ്യത്തോടെ ‍ഒരജ്ഞാതസംഘം ഓരോരുത്തരെയായി വേട്ടയാടി.

പ്രീതയെ അപമാനിക്കാന്‍ വേണ്ടി തയ്യാറാക്കിയ പേജുകള്‍ക്കു പിന്നില്‍, നിസഹായരായ മനുഷ്യരെ, അവരുടെ നിസഹായത ആസ്വദിച്ചുകൊണ്ട് കൈയറയ്ക്കാതെ കൊല്ലുന്ന ക്രൗര്യം മുറ്റിയ  മനസുകളാണെന്നു വ്യക്തമായിരുന്നു. അവര്‍ ചൂണ്ടിക്കൊടുത്ത എല്ലാവരിലേയ്ക്കും ഫേസ് ബുക്കിന്‍റെ അധികാരപ്രയോഗം ഉണ്ടായി. അങ്ങനെയൊരു സംഘത്തിന്‍റെ ഇംഗിതത്തിന് ഒരു മടിയുമില്ലാതെ ഫേസ് ബുക്ക് വഴങ്ങിക്കൊടുത്തു.

We don’t tolerate bullying or harassment  എന്ന് വലിയ വായില്‍ ഗീര്‍വാണം മുഴക്കുന്ന ഫേസ് ബുക്ക് അധികാരികളാണ് പ്രീതയെ ക്രൂരമായി അപമാനിക്കുന്ന പേജുകളൊന്നും തങ്ങളുടെ കമ്മ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡ് ചട്ടങ്ങള്‍ ലംഘിക്കുന്നില്ല എന്നു നിര്‍ലജ്ജം പ്രഖ്യാപിച്ചത്.  വേട്ടക്കാര്‍ക്കൊപ്പമായിരുന്നു ഫേസ് ബുക്ക്. വേട്ടക്കാരുടെ ലക്ഷ്യമാണ് ഫേസ് ബുക്ക് നിറവേറ്റിക്കൊടുത്തത്. 


ഈ ഇരട്ടത്താപ്പിന് കാരണം ഫേസ് ബുക്കിന്‍റെ അല്‍ഗോരിതമാണോ സക്കര്‍ബര്‍ഗിന്റെ അടുക്കളയിലെ അലൂമിനിയം പാത്രങ്ങളാണോ എന്നൊന്നും ഇഴകീറി പരിശോധിക്കേണ്ടതില്ല. എതിരഭിപ്രായങ്ങളെയും നിലപാടുകളെയും അവസാനിപ്പിക്കാന്‍ തുനിഞ്ഞിറങ്ങുന്ന ഒരു ഫാസിസ്റ്റ് സംഘത്തിന് സസന്തോഷം വഴങ്ങിക്കൊടുക്കുന്ന ആന്തരികഘടനയാണ് ഫേസ് ബുക്കിനുളളത് എന്നകാര്യത്തില്‍ ഒരു സംശയവും അവശേഷിക്കുന്നില്ല. ആളുകളായാലും അല്‍ഗോരിതമായാലും കാരണം കണ്ടെത്തി തിരുത്തേണ്ട ബാധ്യത ഫേസ് ബുക്ക് അധികാരികള്‍ക്കാണ്. എഴുതിത്തറച്ചിരിക്കുന്ന കമ്മ്യൂണിറ്റി സ്റ്റാന്‍ഡേഡ് നിബന്ധനകളോട് തരിമ്പെങ്കിലും സത്യസന്ധത അവര്‍ക്കുണ്ടെങ്കില്‍ തിരുത്തലിനു തയ്യാറാകണം. അതിനവരെ പ്രേരിപ്പിക്കാനും തിരുത്തലിന്‍റെ ദിശയിലേയ്ക്ക് വിരല്‍ചൂണ്ടാനും ആവിഷ്‌കരിച്ച കാമ്പയിന് ഉപാധികളില്ലാതെ പിന്തുണ നല്‍കുന്നു. 

 ഫേസ് ബുക്കിന്‍റെ നിബന്ധനകള്‍ സ്ത്രീവിരുദ്ധമാകുന്നു എന്ന ആരോപണത്തില്‍ കഴമ്പുണ്ട്. പ്രീതയ്‌ക്കെതിരെ ഉണ്ടായ പേജ് തങ്ങളുടെ കമ്മ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡ് നിബന്ധനകളുടെ ലംഘനമല്ല എന്നു നിര്‍ലജ്ജം പ്രഖ്യാപിക്കുക വഴി ആ ആരോപണം സാധുവാണെ് ഫേസ് ബുക്കു തന്നെ സമ്മതിച്ചു കഴിഞ്ഞു. ഇത്തരമൊരു കമ്പനിയ്ക്ക് ഐഡന്‍റിറ്റി രേഖകള്‍ കൈമാറുന്നത് സുരക്ഷിതമല്ല എന്ന ആശങ്ക ഫാസിസ്റ്റു വിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്ന സ്ത്രീകള്‍ക്കുണ്ടാവുക സ്വാഭാവികം. അവ പരിഹരിക്കാന്‍ ഫേസ് ബുക്കിനു സമയമോ താല്‍പര്യമോ ഉണ്ടോ എന്നു പരിശോധിക്കുന്നതില്‍ ഒരു തെറ്റുമില്ല. സ്ത്രീകളുടെ ഈ ആശങ്കകളാണ് Leaning out from Facebook എന്ന ബ്ലോഗ്  പോസ്റ്റില്‍ ഇഞ്ചിപ്പെണ്ണ് അവതരിപ്പിക്കുന്നത്. ആ വാദങ്ങളോട് പൂര്‍ണമായും യോജിക്കുന്നു. 

ഇഞ്ചിപ്പെണ്ണിന്‍റെ ഇടപെടലുകളെ വിശകലനം ചെയ്തുകൊണ്ട് അനിവര്‍ അരവിന്ദ് ഗൂഗിള്‍ പ്ലസില്‍ എഴുതിയ കഥ ഇതുവരെ ചുരുക്കത്തില്‍ എന്ന കുറിപ്പില്‍  നിരത്തു വാദങ്ങള്‍ അടിസ്ഥാനരഹിതവും അസംബന്ധങ്ങളുമാണ്. ഇഞ്ചിപ്പെണ്ണിനെതിരെയുളള വ്യക്തിവിരോധം മാത്രമാണ് ആ വാദങ്ങളുടെ അടിത്തറ. 


ആ വാദങ്ങള്‍ ഓരോന്നായി പരിശോധിക്കാം. 
  • പ്രൈവറ്റ് ആയി റിപ്പോര്‍ട്ടു  ചെയ്ത് പൂട്ടിക്കേണ്ട അത് ഇഞ്ചിയടക്കമുള്ളവര്‍ മാസ്സ് കാമ്പൈന്‍ നടത്തി ആകെ ചളമാക്കി നശിപ്പിച്ചു. 
പ്രൈവറ്റ് ആയി റിപ്പോര്‍ട്ടു ചെയ്ത് പൂട്ടിക്കുകയാണ് വേണ്ടത്  എന്നത് അനിവറിന്‍റെ ആശയമാണ്. അങ്ങനെയാണ് വേണ്ടത് എന്ന് അദ്ദേഹത്തിന് പ്രചരിപ്പിക്കുകയും ചെയ്യാം. പക്ഷേ, കാര്യങ്ങള്‍ നീങ്ങുന്നത് തന്‍റെ ഹിതത്തിനെതിരെ ആയിപ്പോയി എന്നുവെച്ച് എല്ലാം കുളമായെന്നോ ചളമായെന്നോ നശിപ്പിക്കപ്പെട്ടുവെന്നോ വിലപിക്കേണ്ട കാര്യമൊന്നുമില്ല. സംഗതി ഇഞ്ചിപ്പെണ്ണിന്‍റെ കൈയിലെത്തി, ഇനി ഞങ്ങള്‍ക്കൊന്നും ഒരു റോളുമില്ല എന്നൊരു തോന്നല്‍ അനിവറിന്‍റെ അബോധത്തിലുണ്ട്. ഇഞ്ചിയുടെ മാസ് കാമ്പൈന്‍ വഴി കാര്യങ്ങള്‍ ചളമായതിനോ നശിപ്പിക്കപ്പെട്ടതിനോ ഒരു തെളിവും ഹാജരാക്കാന്‍ അനിവറിനു കഴിഞ്ഞിട്ടുമില്ല. ഇത്തരം കാര്യങ്ങളുടെയൊക്കെ അവസാനവാക്ക് താനായിരിക്കണം എന്നൊരു ചിന്ത അനിവറിനുണ്ട് എന്നു സംശയിക്കാവുന്ന വിധത്തിലാണ് വാദങ്ങള്‍ അവതരപ്പിക്കുന്ന വാചകങ്ങളുടെ ഘടന. ഈ ജനാധിപത്യവിരുദ്ധതയെ അംഗീകരിക്കുന്നില്ല. എതിര്‍ക്കുന്നു. തളളിക്കളയുന്നു. 
സോഷ്യല്‍ മീഡിയാ കാമ്പയിന്‍ സംഘാടനത്തെക്കുറിച്ച്  സ്വന്തം ആശയങ്ങളും നിലപാടുകളും ജോഷിനയ്ക്കുണ്ടായിരിക്കാം. എന്നാല്‍ ജോഷിനയുടെ ആശയങ്ങള്‍ക്ക് അനുസരിച്ച് കാമ്പൈയിന്‍ സംഘടിപ്പിക്കേണ്ട ഉത്തരവാദിത്തം ജോഷിനയ്ക്കു മാത്രമാണ്. അതേറ്റെടുക്കാനുളള ഒരു ബാധ്യതയും മാറ്റാര്‍ക്കുമില്ല. ജോഷിനയുടെ ആശയങ്ങള്‍ക്കൊപ്പിച്ച് പോകാത്ത കാമ്പയിനുകളെല്ലാം പരാജയമാണെ് ജോഷിനയ്ക്കും അനിവറിനും കരുതാം. എന്നാല്‍ മറ്റുളളവര്‍ക്ക് അങ്ങനെയാകണമെന്നില്ല.
  • അതു കഴിഞ്ഞതോടെ ഇഞ്ചി ഈ മൊത്തം ചര്‍ച്ച ഫേസ്ബുക്ക് ഐഡി കാര്‍ഡു ചോദിച്ചെന്നും പറഞ്ഞ് നെഞ്ചേറ്റി തന്നെക്കുറിച്ചാക്കിമാറ്റി. പ്രതി പേജുണ്ടാക്കിയവര്‍ എന്നതുമാറി ഫേസ്ബുക്കുമാക്കി. 
  •  ചുരുക്കത്തില്‍ പ്രീതയുടെ വിഷയത്തിന്‍റെ ക്രെഡിറ്റ് അടിച്ചുമാറ്റി പതിവുപോലെ ഗ്ലോബല്‍ അറ്റന്‍ഷന്‍ നേടാനുള്ള ഇഞ്ചിയുടെ ശ്രമമാണ് ഈ ഹേറ്റ് പേജ് വിഷയത്തെ ഐഡി വെരിഫിക്കേഷന്‍ , സ്യൂഡോണിമിറ്റി , ഫേസ്ബുക്ക് പോളിസി എന്നിവയാക്കിയത് . ഈ ഗ്ലോബല്‍ വോയ്‌സസ് റിപ്പോര്‍ട്ട് കണ്ടാല്‍ സംഗതി വ്യക്തമാവും . ആദ്യം ഐഡിപൂട്ടിയ  അരുന്ധതിയും പിന്നെ മായയും വൈഖരിയും ഒക്കെ അറ്റാക്ക് എഗൈന്‍സ്റ്റ് പ്രീത ആന്‍റ് ഇഞ്ചി എതിലെ അപ്രധാന ഇരകളായി ഒതുങ്ങി. ഇഞ്ചി സെന്‍റ സ്‌റ്റേജലും പ്രീത സെക്കന്‍റ് ലീഡുമായി.
ആവേശം അതിരുകടതുകൊണ്ടാവാം വാചകഘടനയില്‍ പിഴവുകളുണ്ട്. "നെഞ്ചേറ്റി" എന്ന പ്രയോഗത്തിന്റെ സാംഗത്യം വ്യക്തമല്ല. ഈ വിഷയത്തില്‍ ഇഞ്ചിയുടെ ബ്ലോഗ്, ഗ്ലോബല്‍ വോയിസ് ലേഖനങ്ങളിലോ ഗ്ലോബല്‍ വോയിസിലെ റിപ്പോര്‍ട്ടിലോ ക്രെഡിറ്റു മുഴുവന്‍ തനിക്കാണെന്ന് ഇഞ്ചി സ്ഥാപിക്കുന്ന ഏതെങ്കിലും വാക്കോ വാചകമോ ഇല്ല. മറിച്ച് പ്രീതയും അരുന്ധതിയും കടന്നുപോയ ദുരനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഫേസ് ബുക്ക് നടപടികളോട് പ്രതികരിക്കുകയാണ് അവര്‍ ചെയ്തത്.


Leaning out from Facebook എന്ന ഇഞ്ചിയുടെ ബ്ലോഗ് ലേഖനം പ്രസിദ്ധീകരിച്ചത് ആഗസ്റ്റ് അഞ്ചിനാണ്. അനിവര്‍ ലിങ്കു നല്‍കിയിരിക്കുന്ന ഗ്ലോബല്‍ വോയിസ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത് ആഗസ്റ്റ് ആറിനും. അതിനൊക്കെ മുമ്പ്, ആഗസ്റ്റ് രണ്ടിന് ഗ്ലോബല്‍ വോയിസില്‍ Indians Blast Facebook over Broken Community Standards ന്ന തലക്കെട്ടില്‍ ഇഞ്ചിപ്പെണ്ണു തന്നെ എഴുതിയ ലേഖനമുണ്ട്. ആ ലേഖനത്തില്‍ പ്രീത തന്നെയാണ് സെന്‍റ സ്റ്റേജില്‍. അനിവര്‍ അരവിന്ദിന്‍റെ ട്വിറ്റര്‍ കാമ്പയിന്‍, സുധീഷ് സുധാകരന്‍റെ ഫേസ് ബുക്ക് പോസ്റ്റ്, ഷീജാ രാജഗോപാല്‍, മായാലീല, ആര്യാ പ്രകാശ് എന്നിവരുടെ പ്രതികരണങ്ങള്‍ തുടങ്ങിയവയൊക്കെ ആ ലേഖനത്തിലുണ്ട്. ഇതിനു തുടര്‍ച്ചയായിട്ടാണ് ആഗസ്റ്റ് അഞ്ചിലെ ബ്ലോഗ് ലേഖനം.

അതില്‍ These are the questions I have for Facebook എന്നു തുടങ്ങി 10 ചോദ്യങ്ങള്‍ ചോദിച്ചിട്ടുണ്ട്. അരുന്ധതിയുടെ അനുഭവം,  മാര്‍ക്ക് സക്കര്‍ബെര്‍ഗിന്  പ്രീതയെഴുതിയ തുറന്ന കത്ത് എന്നിവയൊക്കെ അതില്‍ പരാമര്‍ശിച്ചിട്ടുണ്ട്. 
ഈ പ്രശ്‌നത്തിന്‍റെ മുഴുവന്‍ ക്രെഡിറ്റും തനിക്കിരിക്കട്ടെയെന്ന സമീപനം ഇഞ്ചിപ്പെണ്ണെഴുതിയ രണ്ടു ലേഖനങ്ങളിലും ഇല്ല. മറിച്ച് ഈ വിഷയവുമായി ബന്ധപ്പെട്ടുണ്ടായ ഏതാണ്ടെല്ലാ സംഭവങ്ങളെയും ഉള്‍പ്പെടുത്താന്‍ ശ്രമിച്ചിട്ടുമുണ്ട്. അനിവര്‍ ആരോപിക്കുതുപോലെ "പ്രീതയുടെ വിഷയത്തിന്‍റെ ക്രെഡിറ്റ് അടിച്ചുമാറ്റാനുളള" ഒരു ശ്രമവും ഇഞ്ചിപ്പെണ്ണ് എഴുതിയ ലേഖനങ്ങളില്‍ കാണുന്നില്ല. ഇഞ്ചിപ്പെണ്ണിന്‍റെ രണ്ടു സ്വന്തം ലേഖനങ്ങളെയും സൗകര്യപൂര്‍വം അവഗണിച്ചുകൊണ്ടാണ് ഗ്ലോബല്‍ വോയിസില്‍ വന്ന മറ്റൊരു റിപ്പോര്‍ട്ടിന്‍റെ പേരിലുളള ദുരാരോപണം. അത് വിലകുറഞ്ഞ അഭ്യാസമാണ്.

പ്രീതയുടെ വിഷയത്തിന്‍റെ ക്രെഡിറ്റ് അടിച്ചുമാറ്റി പതിവുപോലെ ഗ്ലോബല്‍ അറ്റന്‍ഷന്‍ നേടാനുള്ള ശ്രമം ഇഞ്ചിപ്പെണ്ണു നടത്തിയെന്ന ആരോപണം വസ്തുതകള്‍ പരിശോധിക്കു ആര്‍ക്കും അംഗീകരിക്കാനാവില്ല. അതിനാല്‍ ആ ആരോപണം തളളിക്കളയുന്നു. 
  • അതില്‍ നിന്നു പ്രീതയ്‌ക്കെതിരായ വിഷയം മുന്നോട്ടുപോകാനുള്ള ഏകവഴി കേസ് മാത്രമാണ്. അതൊട്ടു  നടക്കുന്നുമില്ലായിരുന്നു. ഒപ്പം മീഡിയാ ചര്‍ച്ചകൊണ്ട് 66എ പോലുള്ള പേടിപ്പിയ്ക്കാനുള്ള നിയമങ്ങള്‍ ഇല്ലാത്തതിനാലാണ് ഇത്തരം പരിപാടികള്‍ നടക്കുന്നതെന്നും അങ്ങനെയുള്ള പുതിയ നിയമം ഉണ്ടാവുകയാണ് വേണ്ടതെന്നും ഉള്ള വാദങ്ങളുയര്‍ന്നു. നിയമവ്യവസ്ഥയെ സമീപിച്ചെന്നു തെറ്റിദ്ധരിപ്പിയ്ക്കുകയായിരുന്നു മായയുടെ ആര്‍ട്ടിക്കിള്‍. //ഇഞ്ചിപ്പെണ്ണിനെതിരേ വധഭീഷണി വരെ ഉയര്‍ന്നു വന്നിട്ടുള്ള സാഹചര്യത്തില്‍ ആരാണ് ആ പേജ് നടത്തുത് എന്നു പോലും കണ്ടുപിടിക്കാന്‍ കഴിവില്ലാത്ത പോലീസ് ഫോഴ്‌സ് മുഴുവന്‍ കണ്ണുമിഴിച്ചു നില്‍ക്കുമ്പോള്‍// എന്നൊക്കെ പറഞ്ഞ് . കേസു നടക്കുന്നില്ലെന്നു തുറന്നു പറയേണ്ടി വരുന്ന സാഹചര്യം ഇതുകൂടിയാണ്.

അനിവര്‍ ഇതെഴുതിയത് ആഗസ്റ്റ് 9നാണ്. അനിവറിന്‍റെ തന്നെ മറ്റൊരു ഫേസ് ബുക്ക് പോസ്റ്റില്‍ ഡാലി ചോദിച്ച സംശയത്തിന് മറുപടിയായി ആഗസ്റ്റ് 8ന് അനിവര്‍ എഴുതിയ വരികള്‍ വായിക്കുക.  "ആര്‍ക്കും പരാതി അയയ്ക്കാം എന്ന് ഞാന്‍ മുമ്പ് ഒരു പോസ്റ്റില്‍ പറഞ്ഞിരുന്നല്ലോ. പത്രക്കാര്‍ സൈബര്‍സെല്ലില്‍ അന്വേഷിച്ച് ഇന്നും പറഞ്ഞത് ഇതുവരെ ഈ വിഷയത്തില്‍ കേസൊന്നും ഇല്ലെന്നാണ്". .

Targeting women online  എന്ന  ഡെക്കാന്‍ ഹെറാള്‍ഡ് വാര്‍ത്ത വന്നത് ആഗസ്റ്റ് അഞ്ചിനാണ്. പ്രീതയുടെ വക പരാതി കിട്ടിയിട്ടുണ്ട് എന്ന് ഹൈ ടെക് ക്രൈം എന്‍ക്വയറി സെല്‍ ഹെഡും അസിസ്റ്റന്‍റ് കമാന്‍ഡന്‍റുമായ എന്‍ വിജയകുമാരന്‍ നായര്‍ സ്ഥിരീകരിച്ച വിവരം വാര്‍ത്തയിലുണ്ട്. കൂടുതല്‍ കാര്യങ്ങള്‍ക്ക് ഫേസ് ബുക്കുമായി ബന്ധപ്പെട്ടുവെന്നും അദ്ദേഹം പറയുന്നു. വാര്‍ത്തയുടെ അഞ്ചാം പാരഗ്രാഫ് Hi-tech Crime Enquiry Cell head, assistant-commandant N. Vinayakumaran Nair said that two petitions were received in this connection, one from Preetha, that she was being abused by many on Facebook and another by an individual seeking action against Preetha for a post allegedly defaming former President A.P.J. Abdul Kalam. “We are contacting FB authorities to get details of those who made the posts. Based on that further action will be initiated.”

ആഗസ്റ്റ് പത്തിന് പ്രീതയുടെ സ്റ്റാറ്റസ് ഇങ്ങനെ തുടങ്ങുന്നു  - "ഇനിയും എന്‍റെ പേരില്‍ ഉണ്ടാക്കിയ ആ പേജിന്‍റെ സൃഷ്ടി കര്‍ത്താവിനെ അന്വേഷിച്ചു ആരും മിനക്കെടേണ്ട . പോലീസ് അന്വേഷിച്ചു കൊള്ളും"

പ്രീത പോലീസില്‍ പരാതിപ്പെട്ടിട്ടുണ്ട് എന്ന് ഇത്രയും വായിക്കുന്ന ആര്‍ക്കും ബോധ്യമാകും. അതുകൊണ്ടു തന്നെ മായാലീല  ലേഖനമെഴുതി ആരെയൊക്കെയോ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു എന്ന അനിവറിന്‍റെ വാദവും നിലനില്‍ക്കുന്നതല്ല. ഫേസ് ബുക്കിനെക്കുറിച്ച് ഫേസ് ബുക്ക് അധികാരികള്‍ പറയുന്നതും പ്രീത നല്‍കിയ പരാതിയെക്കുറിച്ച് അവര്‍ പറയുന്നതും പൊലീസിന്‍റെ നടപടിയെക്കുറിച്ച് പോലീസ് പറയുന്നതും തളളിക്കളഞ്ഞ്, എല്ലാറ്റിന്‍റെയും അവസാനവാക്ക് തങ്ങളുടേതായിരിക്കണമെന്ന ശാഠ്യം വിലപ്പോവുകയില്ല. 

പ്രീത പൊലീസില്‍ പരാതിപ്പെട്ടോ എന്ന വിവരമറിയാന്‍ ഏതോ പത്രക്കാരനാണ് അനിവറിന്‍റെ വിശ്വസനീയമായ സോഴ്‌സ്. ഈ പത്രക്കാരന്‍ ചോദിച്ചാല്‍ സകലവിവരവും പോലീസുകാര്‍ കൈമാറുമെും അനിവര്‍ ഉറച്ചു വിശ്വസിക്കുന്നു. അതുകൊണ്ടാണല്ലോ മേപ്പടിയാനെ വിശ്വസിച്ച് അദ്ദേഹം പ്രീതയെയും മായാലീലയെയും വിരട്ടാന്‍  ശ്രമിച്ചത്.
താന്‍ നേരിട്ട ലൈംഗികാതിക്രമത്തെക്കുറിച്ച് പ്രീത നല്‍കിയ ഇമെയില്‍ പരാതിയ്ക്കു മറുപടിയായി പരാതി മുന്നോട്ടു  കൊണ്ടുപോകണമെങ്കില്‍ എഴുതിത്തയ്യാറാക്കിയ പരാതിയുമായി ലോക്കല്‍ സ്റ്റേഷനിലോ സകല തെളിവുകളും സഹിതം ജില്ലയിലെ പോലീസ് തലവന്റെ മുമ്പാകെയോ ചെല്ലാനായിരുന്നുവത്രേ സൈബര്‍ പൊലീസിന്റെ മറുപടി.
ഐടി ആക്ട് 66ഇ. പ്രകാരം കേസെടുത്ത് അന്വേഷിക്കാനുളള എല്ലാ തെളിവുകളും പരാതിയ്‌ക്കൊപ്പം പ്രീത നല്‍കിയ ലിങ്കിലുണ്ടെിരിക്കെ, സൈബര്‍ പൊലീസ് മേല്‍പ്പറഞ്ഞ പ്രകാരം ഒരു മറുപടി നല്‍കിയെങ്കില്‍ അതു വേറെ പരിശോധിക്കേണ്ട വിഷയമാണ്. പ്രീത നേരിട്ട മറ്റൊരു നീതിനിഷേധം. .
(66E. Punishment for violation of privacy. (Inserted Vide ITA 2008) Whoever, intentionally or knowingly captures, publishes or transmits the image of a private area of any person without his or her consent, under circumstances violating the privacy of that person, shall be punished with imprisonment which may extend to three years or with fine not exceeding two lakh rupees, or with both Explanation).

ഇവിടെ പത്രവും പത്രലേഖകരുമായുളള ബന്ധം അനിവറും ഇഞ്ചിപ്പെണ്ണും  ഉപയോഗിച്ചിരിക്കുന്ന രീതികള്‍ താരതമ്യം ചെയ്യുക. ഗ്ലോബല്‍ വോയിസ് എന്ന മാധ്യമസ്ഥാപനവുമായി തനിക്കുളള അടുപ്പം ഉപയോഗിച്ച് പ്രീത നേരിട്ട പ്രശ്‌നത്തെ ഇഞ്ചിപ്പെണ്ണ് ആഗോളശ്രദ്ധയില്‍ കൊണ്ടുവന്നു. അനിവറിനും പത്രബന്ധമുണ്ട്. പക്ഷേ, ആ പത്രലേഖകനെ പോലീസ് സ്റ്റേഷനില്‍ നിന്നും തനിക്ക് വിവരങ്ങള്‍ ചോര്‍ത്തിത്തരുന്ന ചാരപ്പണിയ്ക്കാണ് അനിവര്‍ നിയോഗിച്ചത്.

ഈ പരിശോധന ഒരു കാര്യം അസിഗ്ധമായി വ്യക്തമാക്കുുണ്ട്. "പ്രീതയുടെ വിഷയത്തിന്റെ ക്രെഡിറ്റ് അടിച്ചു മാറ്റി പതിവുപോലെ ഗ്ലോബല്‍ അറ്റന്‍ഷെന്‍ നേടാന്‍ ഇഞ്ചിപ്പെണ്ണ് ശ്രമിക്കുന്നു" എന്ന ആരോപണം ഒരു പുകമറയാണ്. വസ്തുതയുടെയോ യുക്തിയുടെയോ ഒരുപിന്‍ബലവുമില്ലാത്ത ഈ ആരോപണത്തിന്‍റെ മറവില്‍ ഇഞ്ചിപ്പെണ്ണിനോടുളള പൂര്‍വവൈരാഗ്യം തീര്‍ക്കുകയാണ് അനിവര്‍ ചെയ്യുന്നത്. പ്രീതയുടെ ചെലവില്‍ അതു വേണ്ടിയിരുന്നില്ല. 

ക്രെഡിറ്റ് അടിച്ചു മാറ്റുക, ഏജന്‍സി നിര്‍മ്മാണം എന്നൊക്കെ അനിവര്‍ പലസ്ഥലത്തായി പറയുന്നുണ്ട്. വിഷയം പ്രീതയോ പ്രീതയുടെ പ്രശ്‌നമോ അല്ല. ക്രെഡിറ്റ് ആര്‍ക്കാണ് എന്ന തര്‍ക്കമാണ്. "പ്രൈവറ്റ് ആയി റിപ്പോര്‍ട്ടു ചെയ്ത് പൂട്ടിക്കേണ്ട അത് ഇഞ്ചിയടക്കമുള്ളവര്‍ മാസ്സ് കാമ്പൈന്‍ നടത്തി ആകെ ചളമാക്കി നശിപ്പിച്ചു" എന്ന അനിവര്‍ അരവിന്ദിന്റെ ആദ്യത്തെ വാദം ഓര്‍മ്മിക്കുക. ഇനി ജൂലൈ 31ന് സുധീഷ് സുധാകരന്‍ എഴുതിയ ഫേസ് ബുക്ക് പോസ്റ്റിലെ ഒരു ഭാഗം. - 

......... ഫേസ്ബുക്കിന്റെ കമ്മ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡ് എന്ന് പറയുന്നത്, വധശിക്ഷയെ അംഗീകരിക്കുന്ന ഒന്നാണെന്നും അതിനെ എതിര്‍ക്കുവരെ പുറത്താക്കും എന്നും വേണമല്ലോ മനസ്സിലാക്കാന്‍. ഫേസ്ബുക്ക് ഇന്ത്യ ഈ നാട്ടിലെ മജോരിട്ടെരിയന്‍ പോളിറ്റിക്‌സിന്‍റെ മനുഷ്യത്വരഹിതമായ വികാരങ്ങളെ പരിപോഷിപ്പിച്ചു ഫ്രീഡം ഓഫ് എക്‌സ്‌പ്രേഷനെ തടയുന്നു എന്നല്ലേ ?
വിഷയം ഈ പെജിന്‍റേത് ആണെും, വിഷയത്തിന്റെ മെറിറ്റ് എന്താണെന്നും മനസ്സിലാക്കി പിന്തുണ തന്നത് ഓണ്‍ലൈന്‍ സുഹൃത്തുക്കള്‍ തന്നെയാണ്. ഷാഹിന, ബിലാല്‍,സന്ദീപ്, സ്വാതി അങ്ങനെ നിരവധിപേര്‍.... സുഹൃത്ത് അനിവര്‍ (
Anivar Joshina) ആണ് പ്രായോഗികമായ ഇടപെടീല്‍ നടത്തിയത്. ട്വിറ്റര്‍ വഴി ഹാഷ്ടാഗ് കാമ്പയിന്‍ നടത്തി ഫേസ്ബുക്കിന്റെ ഈ നിലപാടിനെ ദേശീയ തലത്തില്‍ ചര്‍ച്ചയാക്കി.ആ പോസ്റ്റ് #‎FoE‬ ഹാഷ് ടാഗോടെ വൈറലായി. ഇതെത്തുടര്‍ന്ന്  നിഖില്‍ പഹ്‌വ ഫേസ്ബുക്ക് ഇന്ത്യ & സൗത്ത് ഏഷ്യയുടെ കമ്മ്യൂണിക്കേഷന്‍ ഹെഡായ കാര്‍സ ഡാല്‍ട്ടണുമായി ബന്ധപ്പെട്ടു . സെന്‍റ ഫോര്‍ ഇന്‍റര്‍നെറ്റ് ആന്‍ഡ് സൊസൈറ്റിയുടെ സുനില്‍ എബ്രഹാം ട്വിറ്ററിലൂടെ അനിവര്‍ നല്‍കിയ വിവരങ്ങള്‍ കാണിച്ച് ഫേസ്ബുക്കിന്റെ ഇന്ത്യാ പബ്ലിക്  പോളിസി ഹെഡായ ആംഖി ദാസുമായും ബന്ധപ്പെടുകയുണ്ടായി. ഇതുകൂടാതെ ലൈവ്മിന്‍റിലെ സലില്‍ ത്രിപദിയെപ്പോലെ ഒട്ടനവധി ജേര്‍ണലിസ്റ്റ് സുഹൃത്തുക്കളും ഫേസ്ബുക്കുമായി ട്വീറ്റ് കണ്ട് ബന്ധപ്പെടുകയുണ്ടായി.
ട്വിറ്റര്‍ വഴി ഹാഷ് ടാഗ് കാമ്പയിന്‍ നടത്തി അനിവര്‍ ഫേസ് ബുക്കിന്‍റെ ഈ നിലപാടിനെ ദേശീയ തലത്തില്‍ ചര്‍ച്ചയാക്കി എന്നാണ് സുധീഷ് സുധാകരന്‍ പറയുന്നത്. അനിവര്‍ ദേശീയ തലത്തില്‍ കാമ്പയിന്‍ നടത്തിയാല്‍ സംഗതി ജോറാകും. ഇഞ്ചിപ്പെണ്ണ് ഗ്ലോബല്‍ മാസ് കാമ്പൈന്‍ നടത്തിയാല്‍ സംഗതി ചളമാകും, നാശമാകും. ഈ വാദങ്ങളുയര്‍ത്തുന്ന അതേ ആളാണ് കാണുന്നിടത്തൊക്കെ ലോജിക്കല്‍ ഫാലസിയുടെ ലിങ്കു നിക്ഷേപിക്കുന്നതും. അരിസ്റ്റോട്ടിലിന്‍റെ ആത്മാവ് പൊറുക്കട്ടെ! 

ഏതു നിലപാടിനെ അനിവര്‍ ദേശീയതലത്തില്‍ ചര്‍ച്ചയാക്കിയെന്നാണ് സുധീഷ് പറയുന്നത്? അദ്ദേഹം പറയുന്ന നിലപാട് ഇതാണ് - "മജോരിട്ടെരിയന്‍ പോളിറ്റിക്‌സിന്റെ മനുഷ്യത്വരഹിതമായ വികാരങ്ങളെ പരിപോഷിപ്പിച്ചു ഫ്രീഡം ഓഫ് എക്‌സ്‌പ്രേഷനെ തടയുന്ന ഫേസ് ബുക്ക്". ഈ നിലപാടിനെയാണ് അനിവര്‍ ദേശീയതലത്തില്‍ ചര്‍ച്ചയാക്കിയത്. ഈ നിലപാടിനെത്തന്നെയാണ് ഇഞ്ചിപ്പെണ്ണും മായാലീലയും കൂട്ടരും സ്ത്രീവിരുദ്ധമെന്നു വിശേഷിപ്പിക്കുന്നത്. കാഴ്ചപ്പാടിലുളള ഈ അന്തരത്തിന്‍റെ പേരിലാണ് ഇക്കണ്ട കോലാഹലങ്ങളെല്ലാം സൃഷ്ടിച്ചത്. 

ഈ വിഷയത്തില്‍ ഇഞ്ചിപ്പെണ്ണിന്‍റെ ഫേസ് ബുക്ക് ഇടപെടലുകള്‍ കണ്ടിട്ടില്ല. എന്നാല്‍ ഗൂഗിള്‍ പ്ലസിലെ ആദ്യ ഇടപെടലുകള്‍ ആര്‍ക്കും പരിശോധിക്കാന്‍ കഴിയും വിധം അവിടെയുണ്ട്. അവയൊന്നിലും  ഒരു പ്രകോപനത്തിനും ഇഞ്ചിപ്പെണ്ണ് ശ്രമിച്ചിട്ടില്ല. ഏതെങ്കിലും കണക്കുതീര്‍ക്കലിനോ പകവീട്ട'ലിനോ ഈ പ്രശ്‌നം അവരുപയോഗിച്ചുവെന്ന്  തെളിയിക്കുന്ന ഒരു വസ്തുതയും അവരുടെ ഗൂഗിള്‍ പ്ലസ് അക്കൗണ്ടിലില്ല. കാമ്പയിന്‍ നടത്തേണ്ടതെങ്ങനെ എന്ന വിഷയത്തില്‍ ട്യൂഷന്‍ ക്ലാസ് അതിരുകടന്നപ്പോഴാണ് മായാലീലയും ഇഞ്ചിപ്പെണ്ണും പ്രകോപനപരമായി സംസാരിച്ചു തുടങ്ങിയത് എന്നും കാണാം. 

തനതായ വഴികളിലൂടെ പ്രശ്‌നത്തില്‍ പോസിറ്റീവായി ഇടപെടുക തന്നെയാണ് അനിവര്‍ ചെയ്തത് എന്ന് സുധീഷ് സുധാകരന്‍റെ ഫേസ് ബുക്ക് പോസ്റ്റ് സാക്ഷ്യപ്പെടുത്തുന്നു. ആദരവ് അര്‍ഹിക്കുന്നതുതന്നെയാണ് ആ ഇടപെടല്‍. അതിലൊരു സംശയവുമില്ല.   ക്രെഡിറ്റിനുളള അനിവറിന്‍റെ അര്‍ഹത ആര്‍ക്കും നിഷേധിക്കാനാവില്ല. ട്വിറ്റര്‍ ഉപയോഗിച്ച് അനിവര്‍ നിര്‍വഹിച്ച കാമ്പയിന്‍ സാധ്യത മറ്റൊരു തലത്തിലേയ്ക്ക് വികസിപ്പിക്കുക മാത്രമാണ് ഇഞ്ചിപ്പെണ്ണും മായാലീലയും ചെയ്തതും ചെയ്യുന്നതും. 

എന്നാല്‍  ഇഞ്ചിപ്പെണ്ണിന്‍റെ ഇടപെടല്‍ ശ്രദ്ധയില്‍പ്പെട്ടതോടെ അനിവറിന്‍റെ മനസു ചഞ്ചലപ്പെട്ടു. ഏകാഗ്രത ആവിയായി. ഇഞ്ചിപ്പെണ്ണ് എന്തുകൊണ്ട് ശരിയല്ല എന്നു സ്ഥാപിക്കാനായിരുന്നു പിന്നെ ഊര്‍ജവ്യയം. ആ ശ്രമം ലക്ഷ്യം കണ്ടില്ലെന്ന് അനിവറിന്‍റെ യുക്തിരഹിതമായ വാദങ്ങള്‍ തെളിയിക്കുന്നു.  ആദരവു പ്രകടിപ്പിക്കുന്ന കൈയടികളുടെ ആരവമാണ് സ്വകാര്യമായി സൂക്ഷിക്കേണ്ട ചാറ്റ് വിവരങ്ങള്‍ പരസ്യമാക്കി അനിവര്‍ ഒറ്റയടിക്കു നിശബ്ദമായത്. ആ നീക്കം അനിവന് ഒരുപയോഗവും ചെയ്തില്ലെന്നു മാത്രമല്ല, "വിശ്വസിക്കാന്‍ കൊളളാത്തവന്‍" എന്ന പേരും വീണു. തെളിച്ചു പറഞ്ഞാല്‍ ആകെ ചളമാക്കി നശിപ്പിച്ചത് അനിവര്‍ തന്നെയാണ്.  അതിന് വേറെയാരെയും പഴിക്കേണ്ടതില്ല. 

പ്രീതയും തെറിവിളിയും 
ജി. സുധാകരന്‍റെ പ്രസംഗത്തിലെ സ്ത്രീവിരുദ്ധതയ്ക്കു നേരെ തെറി പറഞ്ഞ് രോഷം ചൊരിയാനുളള എല്ലാ അവകാശവും പ്രീതയ്ക്കുണ്ട്. ഏതു പാര്‍ടിയുടെ നേതാവിനെ തെറി പറഞ്ഞാലും അതിന്‍റെ അണികള്‍ക്കു പൊളളും. ആ പൊളളലിന് പാര്‍ടി ഭേദമില്ല. ആണെന്നോ പെണ്ണെന്നോ ഭേദമില്ലാതെ പ്രതികരണം മറുതെറിയായി പുറത്തുവരും. അതൊക്കെ സ്വാഭാവികമാണ്. ഇത്തരം വെല്ലുവിളികളെ നേരിടാന്‍ മാനസികമായി കരുത്തരാവുകയേ മാര്‍ഗമുളളൂ. തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചതിന്‍റെ പേരിലല്ല, പ്രീത ജി. സുധാകരനെതിരെ വിമര്‍ശനം ചൊരിഞ്ഞത്. ജി. സുധാകരന്‍റെ അടുത്ത ബന്ധുക്കളെല്ലാം ഓടിയെത്തി പ്രീതയ്ക്കു നേരെ പ്രത്യാക്രമണം തൊടുക്കുകയുമല്ല ഉണ്ടായത്. പ്രശ്‌നം രാഷ്ട്രീയനിലപാടുകളാണ്.

പ്രീത നടത്തിയതുപോലുളള വിമര്‍ശനം ഒരു പുരുഷന്‍ നടത്തിയാലും പ്രതികരണം മറ്റൊന്നാവുമായിരുന്നില്ല. മനോരമാ ലേഖകന്‍ സുജിത് നായര്‍ക്കു നേരെ ഉണ്ടായ പ്രതികരണം ഓര്‍ക്കുക. ഏത് ആള്‍ക്കൂട്ടത്തിന്‍റെയും പ്രതികരണത്തിനു പിന്നില്‍ ഒരേ ആല്‍ഗോരിതമാണ്.  തെറിയെ നേരിടാനോ തെറി പറഞ്ഞു നേരിടാനോ ഇറങ്ങുമ്പോള്‍ സ്വന്തം ഭാഷ അതുവരെ ഉല്‍പാദിപ്പിച്ച തെറികളെയേ ആര്‍ക്കും ആശ്രയിക്കാനാവൂ. 

പൊളിറ്റിക്കലി കറക്ടായ ഒരു തെറിയുമില്ല. "മൈര്" എന്ന തെറിയിലും സൂക്ഷ്മമായി സ്പന്ദിക്കുന്നത് ജാതിവ്യവസ്ഥയുടെ പീഡനചരിത്രമാണ്. "വിഡ്ഢിക്കൂശ്മാണ്ഡം" എന്ന പ്രയോഗമെടുക്കുക. കൂശ്മാണ്ഡത്തിന്‍റെ അര്‍ത്ഥം തിരഞ്ഞാല്‍ കുമ്പളങ്ങ, വികൃത ഗര്‍ഭം (ഭ്രൂണം കുമ്പളങ്ങയുടെ ആകൃതിയില്‍ വളരുന്നത്) എന്നൊക്കെ ശബ്ദതാരാവലി പ്രതിവചിക്കും. "വിഡ്ഢിക്കൂശ്മാണ്ഡം" അധിക്ഷേപപദമാകുന്നത് വികൃതഗര്‍ഭം എന്ന അര്‍ത്ഥം ചേരുമ്പോഴാണ്. ഭാഷയില്‍ കൂശ്മാണ്ഡമേയുളളൂ, കൂശ്മബീജമില്ല. ചുരുക്കിപ്പറഞ്ഞാല്‍, സ്ത്രീവിരുദ്ധ പ്രസംഗം നടത്തിയ ജി. സുധാകരനെ വിശേഷിപ്പിക്കാന്‍ ഭാഷയിലെ ഏറ്റവും സ്ത്രീവിരുദ്ധമായ പ്രയോഗമാണ് പ്രീത തെരഞ്ഞെടുത്തത്. അതാണ് തെറിയുടെ കാവ്യനീതി. പ്രയോഗിക്കുന്നവരിലേയ്ക്കു തന്നെ പ്രഹരശേഷി ചോരാതെ മടങ്ങിയെത്തുന്ന ബൂമറാങ്ങുകളാവ. 

അടിമുടി സ്ത്രീവിരുദ്ധവും കീഴാളവിരുദ്ധവുമായ തെറികളുടെ അകമ്പടിയോടെ, ഭാഷാപ്രയോഗം, സമൂഹത്തിലെ മൂല്യബോധം തുടങ്ങിയവയിലൊക്കെ ഉള്‍ച്ചേര്‍ന്നിരിക്കുന്ന സ്ത്രീവിരുദ്ധതയെ വിമര്‍ശനവിധേയമാക്കുമ്പോള്‍ സാംസ്‌ക്കാരിക വിമര്‍ശനത്തിന്‍റെ ലക്ഷ്യം അകന്നു നില്‍ക്കുകയും തെറിപ്രയോഗത്തിന്‍റെ ശരിതെറ്റുകളിലേയ്ക്ക് സംവാദം ചുരുങ്ങുകയും ചെയ്യും. പ്രീതയുടെ സുധാകരവിമര്‍ശനത്തിനു സംഭവിച്ചതും അതുതന്നെയാണ്.  തെറി വിളിച്ച് ആരെയും സ്വയംവിമര്‍ശനത്തിന് പ്രേരിപ്പിക്കാനാവില്ല. വിളിക്കുന്നത് ആണായാലും പെണ്ണായാലും. Thursday, July 30, 2015

നീതിയുടെ ബലിപീഠം - (രണ്ട്)

നീതിയുടെ ബലിപീഠം (ഒന്ന്) - തുടര്‍ച്ച

വിധിയെഴുത്തുകള്‍ എപ്പോഴും ആത്മനിഷ്ഠമാണ്. അതിനാല്‍ തന്നെ പക്ഷപാതപരവും. ചിന്താലോകത്ത് ന്യായാധിപന്‍ പിന്തുടരുന്ന പ്രത്യയശാസ്ത്രം ന്യായവിധിയിലും പ്രതിഫലിക്കും. കോടതിയില്‍ നിന്ന് നീതി ലഭിക്കുമെന്ന പൗരസമൂഹത്തിന്റെ പ്രത്യാശയില്‍, നീതി എന്ന പരികല്‍പനയെക്കുറിച്ചുളള കൃത്യമായ നിര്‍വചനം കൂടി ഉള്‍ച്ചേര്‍ന്നിട്ടുണ്ട്.

വ്യവസ്ഥാപിതമായ ഒട്ടേറെ അധീശത്വങ്ങള്‍ക്കെതിരെ അനസ്യൂതമായി തുടരുന്ന സമരങ്ങളുടെ സൃഷ്ടിയാണ് നീതിബോധം. രാജവാഴ്ച, ജാതിവ്യവസ്ഥ, അടിമത്തം, ഫൂഡല്‍ വാഴ്ച, ഏകാധിപത്യം എന്നിങ്ങനെ പലരൂപങ്ങളില്‍ പുലര്‍ന്ന അധികാരവ്യവസ്ഥകളോരോന്നും ഓരോ നീതിബോധം അതാത് കാലത്ത് ഉല്‍പാദിപ്പിച്ചിട്ടുണ്ട്. ഇതിലോരോ വ്യവസ്ഥയും നിര്‍ബാധം ആചരിച്ച ആചാരങ്ങളും അവയെ ന്യായീകരിച്ച നീതിബോധവും ഇന്ന് കടുത്ത ശിക്ഷയ്ക്കര്‍ഹമായ കൊടുംകുറ്റകൃത്യങ്ങളായി വെറുതേ മാറിയതല്ല. മനുഷ്യരാശി നടത്തിയ വിട്ടുവീഴ്ചയില്ലാത്ത സമരങ്ങളാണ് ആ മാറ്റത്തിന് കാരണമായത്. ആ പോരാട്ടങ്ങളിലൂടെ രൂപപ്പെട്ട നീതിയുടെ പക്ഷത്ത് കോടതികളും ന്യായാധിപരും നില്‍ക്കുമെന്ന പൊതുസമൂഹത്തിന്റെ പ്രത്യാശയാണ് ജനാധിപത്യവാഴ്ചയുടെ മൂലക്കല്ല്.

ലതാ ഗുപ്തക്കേസിലെ സുപ്രിം കോടതി വിധിയും പ്രഭു കൃഷ്ണന്‍ കേസില്‍ മുംബൈ ഹൈക്കോടതി, സുപ്രിം കോടതി വിധികളും തമ്മിലുളള താരതമ്യം നീതിബോധത്തെ സംബന്ധിച്ച് ന്യായാധിപലോകം പിന്തുടരുന്ന പരസ്പരവിരുദ്ധങ്ങളായ പ്രത്യയശാസ്ത്രങ്ങളെ തുറന്നു കാണിക്കുന്നുണ്ട്. ലതാ ഗുപ്തയുടെ കേസില്‍, പൗരാവകാശം ഉറപ്പുവരുത്താനുളള ന്യായാധിപന്റെ വിട്ടുവീഴ്ചയില്ലാത്ത സമീപനം വെട്ടിത്തിളങ്ങുന്നുവെങ്കില്‍, പ്രഭു കൃഷ്ണന്‍ കേസിലെ സുപ്രിം കോടതി വിധിയില്‍, മനുഷ്യത്വവിരുദ്ധമായ ജാതിക്കോടതി ഫത്വകളുടെ ഓരം ചേരുന്ന ന്യായാധിപന്റെ പരിഹാസ്യതയാണ് വില്ലു കുലയ്ക്കുന്നത്.

കുറ്റകൃത്യം സംശയാതീതമായി തെളിഞ്ഞു കഴിഞ്ഞാല്‍, വിധി പറയുന്നതിന് മുമ്പ് ശിക്ഷ ലഘൂകരിക്കാനുളള സാഹചര്യങ്ങള്‍ (Mitigating Circumstances) ന്യായാധിപന്‍ അപഗ്രഥിക്കും. കൊലക്കേസുകളാണെങ്കില്‍, കൊല നടത്താനുളള പ്രകോപനം, കൊലയാളിയുടെ പ്രായം, പ്രതിയുടെ ക്രിമിനല്‍ പശ്ചാത്തലം ഇവയൊക്കെ പരിഗണിക്കപ്പെടാറുണ്ട്. ശിക്ഷയുടെ സ്വഭാവം തീരുമാനിക്കുന്നത് പ്രതി കുറ്റകൃത്യം നടത്തിയ പശ്ചാത്തലം കൂടി പരിഗണിച്ചാണ്. പ്രകോപനം സൃഷ്ടിയ്ക്കുന്നതില്‍ പ്രതിയ്ക്കു മാത്രമല്ല പങ്കെന്ന് സംശയാതീതമായി ബോധ്യപ്പെട്ട് ശിക്ഷ ലഘൂകരിക്കുമ്പോഴും അന്തിമമായി മാനവികതയ്ക്കു തന്നെയാണ് വിജയം. അവിടെയും പ്രകോപനമെന്ത് എന്ന് പ്രത്യേകം നിര്‍വചിക്കപ്പെടണം.

വിവാഹം കഴിച്ച് ഒന്നിച്ച് ജീവിക്കാന്‍ പ്രായപൂര്‍ത്തിയായ സ്ത്രീയ്ക്കും പുരുഷനുമുളള അവകാശത്തെ കൂട്ടക്കൊലപാതകത്തിനുളള പ്രകോപനമായി ചിത്രീകരിക്കുന്ന ഏത് ന്യായാധിപനെയും സര്‍ക്കാര്‍ ചെലവില്‍ തല പരിശോധനയ്ക്ക് വിധേയനാക്കുക തന്നെ വേണം. ഭരണഘടന ഉറപ്പുനല്‍കുന്ന വ്യക്തിസ്വാതന്ത്ര്യവും മൗലികാവകാശവും പ്രകോപനകാരണമാണെന്ന് ന്യായം പറഞ്ഞ് ചില സുപ്രിം കോടതി ജഡ്ജിമാര്‍ മലര്‍ന്നു വീണ ശവങ്ങള്‍ക്കു മീതെ ജാതിവ്യവസ്ഥയുടെ തേരോടിക്കുമ്പോള്‍ കുരിശുഭയമില്ലാത്ത ചെകുത്താന്റെ വരവറിയുക.

പ്രഭു കൃഷ്ണന്‍ കൊലക്കേസില്‍ Mitigating Circumstances സംബന്ധിച്ച് ജസ്റ്റിസുമാരായ ദീപക് വര്‍മ്മയും സിര്‍പുര്‍ക്കറും മുന്നോട്ടു വെയ്ക്കുന്ന നിഗമനങ്ങള്‍ നിയമ - നൈതിക - ധാര്‍മ്മിക പ്രതിസന്ധികള്‍ മാത്രമാണ് അവശേഷിപ്പിക്കുന്നത്. അത്യധികം വിവേചനബുദ്ധിയോടെ ഉപയോഗിക്കേണ്ട ഈ അധികാരം, പ്രതിഭാഗം അഭിഭാഷകരുടെ വേഷം കെട്ടാനുളള മറയാക്കുന്ന തിണ്ണമിടുക്ക് തിരിച്ചറിയേണ്ടതുണ്ട്. ദിലീപ് തിവാരിയെ തൂക്കുകയറില്‍ നിന്നൂരിയ വിധിന്യായത്തിലെ നാല്‍പതാം ഖണ്ഡികയില്‍ What was then the psychology of Dilip, accused No.1 and why did he wait for seven months are the relevant questions which must attract our attention എന്ന അവസാന വാചകം സമര്‍ത്ഥമായി സൃഷ്ടിച്ച പഴുതാണ്. തുടര്‍ന്ന് അവര്‍ ഇങ്ങനെ പറയുന്നു. we must weigh the circumstances justifying the grant of death sentence vis-à-vis the mitigating circumstances.

ശിക്ഷ ലഘൂകരിക്കാനുളള കാരണങ്ങള്‍ വല്ലതുമുണ്ടോയെന്ന് മുംബൈ ഹൈക്കോടതി പരിശോധിച്ചില്ലെന്ന തരളമായൊരു വിമര്‍ശനവും തൊടുത്തിട്ടുണ്ട്. കേള്‍ക്കുക. However, even a close scrutiny of the judgment does not show any effort on the part of the High Court to consider the mitigating circumstances, though such exercise has been done by the Trial Court in paragraph 42 of its judgment.

തുടര്‍ന്ന് തങ്ങള്‍ അന്വേഷിച്ച് കണ്ടെത്തിയ Mitigating Circumstances നിരത്തുന്നത് കാണുക.

Shri Raj and Shri Gaurav Agrawal addressed us extensively on the mitigating circumstances. As far as accused No.1, Dilip and accused No.3 Manoj are concerned, the learned counsel first
pointed out that apart from the two circumstances considered by the Sessions Judge, namely, the young age of the accused persons and there being no criminal antecedents, there were number of other mitigating circumstances which the Courts below had not considered. It was submitted that accused No.1, Dilip must have felt morally justified in attacking the family members due to the fact that his younger sister had revolted against the family and got married to Prabhu, a Keralite. Therefore, to preserve the family honour, Dilip had taken the revenge of the so-called insult of his family. It was also pointed out that since Manoj was the resident of the same house, he also may have been persuaded to join the crime as also Sunil who was all through described as the friend of Dilip.

അടയാളപ്പെടുത്തിയ ഭാഗങ്ങള്‍ അമര്‍ത്തി വായിച്ചാല്‍, പ്രതിഭാഗം അഭിഭാഷകനായി രൂപം മാറിയ ന്യായാധിപനെ തൊണ്ടിയോടെ പിടിക്കാം. ഉറക്കത്തില്‍ നിന്ന് വിളിച്ചുണര്‍ത്തി, നിരായുധരായ ആറുപേരെ വെട്ടിപ്പിളര്‍ന്ന സംഘത്തിനു നേരെയാണ് must have felt morally justified എന്ന വാക്കുകളിലൂടെ കാരുണ്യം ഒഴുകിച്ചേരുന്നത്.

അതുമാത്രമോ... പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കാന്‍ മുംബൈ കോടതി ചൂണ്ടിക്കാട്ടിയ കാരണങ്ങളിലൊന്നാണ് ഈ Mitigating Circumstance. ആ വിധിയിലെ ഖണ്ഡിക 49ല്‍ പ്രതികള്‍ ശിക്ഷയ്ക്കര്‍ഹരാകുന്നതിന് 11 കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അവ താഴെ പറയുന്നു.

“(a) Helpless victims

(b) Unarmed victims

(c) Victims woken from sleep at midnight

(d) Manner of inflicting injuries, 20-30 serious injuries on
death of the deceased, whereas even a single injury would
have been sufficient to kill, shows the barbarous attitude;

(e) Attacking ruthlessly six persons, Deepa and Indira were
let off presumed to be dead, seeking to wipe off the entire
family;

(f) Attack on every vital organ;

(g) Young boy Bijit was brutally assaulted;

(h) Not only Prabhu, even the messenger boy Abhayraj was
brutally assaulted;

(i) The time chosen was past midnite hence clearly
premeditated;

(j) Assault on lower caste based on caste hatred:

(k) Marriage took place on 29.10.2003 and the assault was on
17.05.2004 i.e. after a lapse of seven months. As Dilip was
totally opposed to the marriage, the above attack was highly
premeditated and not at the heat of moment.

കൊടും ശിക്ഷയ്ക്ക് കീഴ്‍ക്കോടതി നിരത്തിയ കാരണങ്ങളിലൊന്ന് മേല്‍ക്കോടതിയ്ക്ക് മിറ്റിഗേറ്റിംഗ് സര്‍ക്കംസ്റ്റന്‍സാകുന്നതിന്റെ ന്യായം ഏത് നീതിബോധം കൊണ്ട് വിശദീകരിക്കും? ജാതി വെറി മൂത്ത് കീഴ്‍ജാതിക്കാരനെയും അവന്റെ കുടുംബത്തെയും വെട്ടിയരിഞ്ഞ പൈശാചികതയ്ക്ക് തൂക്കുകയറാണ് ശിക്ഷയെന്ന് ഹൈക്കോടതി പറയുമ്പോള്‍, അതേ കാരണം പരമോന്നത നീതിപീഠത്തിന് ശിക്ഷ ലഘൂകരിക്കാനുളള ന്യായമാകുന്നു. കൊലപാതകത്തിന്റെ മൂലകാരണവും ചോദനയും പ്രകോപനവും തന്നെ ശിക്ഷയുടെ ലഘൂകരണത്തിനും കാരണമാകുന്ന അത്യുജ്വലമായ ഈ അപഗ്രഥന മികവിലൂടെയാണ് അതിന്റെ സൃഷ്ടാക്കള്‍ ഒരേസമയം പരമോന്നത കോടതിയിലെ ന്യായാധിപരും ജാതിക്കോടതിയിലെ കാര്യസ്ഥന്മാരുമായി ഡബിള്‍ റോള്‍ കളിക്കുന്നത്.

(തുടരും...)

നീതിയുടെ ബലിപീഠം (ഒന്ന്)

ഓണര്‍ കില്ലിംഗ് (Honour Killing). കുടുംബത്തിന്റെ അഭിമാനം സംരക്ഷിക്കാന്‍ ജനക്കൂട്ടം നടത്തുന്ന പൈശാചിക കൊലയുടെ വിളിപ്പേര്. പ്രണയിച്ച് വിവാഹം കഴിക്കുന്നവര്‍ക്ക് വധശിക്ഷ വിധിക്കുന്ന ജാതിപ്പിശാചുക്കള്‍ സ്വൈരവിഹാരം നടത്തുന്നത് ഉള്‍വനങ്ങളിലെ പരമപ്രാകൃതമായ ഇരുള്‍നിലങ്ങളിലല്ല. ആധുനിക ഇന്ത്യയില്‍, അഭ്യസ്ഥവിദ്യരും സംസ്കൃത ചിത്തരുമായ ജാതിഹിന്ദുക്കള്‍ തിങ്ങിപ്പാര്‍ക്കുന്ന നഗരചത്വരങ്ങളിലും പട്ടണപ്രാന്തങ്ങളിലും.

നാലുപേരെ വെട്ടിക്കൊന്നും രണ്ടുപേരെ മൃതപ്രായരാക്കിയും ജാതിവെറി ആഘോഷിച്ച ദിലീപ് തിവാരിയുടെയും സംഘത്തിന്റെയും കഴുത്തില്‍ നിന്ന് കൊലക്കയര്‍ ഊരിക്കളയാന്‍ സുപ്രിം കോടതി ജഡ്ജിമാര്‍ നിരത്തിയ ന്യായങ്ങള്‍ അപഗ്രഥിക്കാന്‍ ഓണര്‍ കില്ലിംഗ് എന്ന നാട്ടുവഴക്കത്തെ അതിന്റെ എല്ലാ തനിമയോടും കൂടി പരിചയപ്പെടണം. അതുകൊണ്ട്, ഗുഡിയയുടെയും മഹേഷ് സിംഗിന്റെയും അനുഭവം അറിയുക.

ഉത്തര്‍ പ്രദേശിലെ ആഗ്രയ്ക്കടുത്ത് നഹാരയില്‍ ജാതിക്കോടതി വിധിച്ച വധശിക്ഷയ്ക്ക് ഇരയായപ്പോള്‍ ഗുഡിയയ്ക്ക് പ്രായം 18, മഹേഷിന് 20. അമ്മാവന്റെ സംരക്ഷണയില്‍ കഴിഞ്ഞ ഗുഡിയ എന്ന അനാഥപ്പെണ്‍കുട്ടി വികലാംഗനായ മഹേഷുമായി പ്രണയത്തിലാവുകയും 2007 ലെ ഒരു ഫെബ്രുവരി പ്രഭാതത്തില്‍ ഒളിച്ചോടി വിവാഹം കഴിക്കുകയും ചെയ്തു. ബന്ധുവിന്റെ വീട്ടില്‍ ഒളിച്ചുതാമസിച്ച നവദമ്പതിമാരെ നഹാരയിലെ ഠാക്കൂര്‍ പ്രഭുക്കന്മാര്‍ വേട്ടയാടിപ്പിടിച്ച് കെട്ടിവരി‍ഞ്ഞ് കാറിലിട്ട് ജാതിക്കോടതി സമക്ഷം ഹാജരാക്കി. ബന്ധത്തില്‍ നിന്ന് പിന്മാറാനുളള ജാതിക്കോടതിയുടെ ആജ്‍ഞയ്ക്ക് വഴങ്ങാന്‍ കൂട്ടാക്കാത്ത ഗുഡിയയെയും മഹേഷിനെയും തല്ലിച്ചതച്ച് മരക്കൊമ്പില്‍ തൂക്കിക്കൊന്നു. കൊലക്കയറില്‍ പിടഞ്ഞു തീര്‍ന്നിട്ടും കമിതാക്കളുടെ ധിക്കാരം ക്ഷമിക്കപ്പെട്ടില്ല. മൃതശരീരങ്ങളുടെ കഴുത്തറുത്ത് കബന്ധങ്ങള് കഷണങ്ങളായി വെട്ടിപ്പിളര്‍ന്ന് അടുത്തുളള അഴുക്കുചാലിന് സമീപം ചുട്ടെരിച്ച് താക്കൂര്‍പ്പട അവശേഷിച്ച അഭിമാനം കാത്തുസൂക്ഷിച്ചു.

രക്ഷിതാക്കളുടെ ധിക്കരിച്ച് പ്രണയിക്കുന്നവരെ പൈശാചികമായി കൊലപ്പെടുത്തി കുലത്തിന്റെയും കുടുംബത്തിന്റെയും അഭിമാനം സംരക്ഷിക്കുന്ന പ്രവണത റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു തുടങ്ങിയത് 1993ലാണ്. ഉത്തര്‍പ്രദേശിലെ മുസാഫിര്‍നഗറിലാണ് റിപ്പോര്ട്ട് ചെയ്യപ്പെട്ട ആദ്യസംഭവം നടന്നത്. ഇന്ത്യന്‍ പോപ്പുലേഷന്‍ സ്റ്റാറ്റിസ്റ്റിക്സ് സര്‍വെ 2007ല്‍ നടത്തിയ പഠനം അനുസരിച്ച് കുടുംബാഭിമാന സംരക്ഷണജ്വരത്തില്‍ രക്തസാക്ഷികളായവരുടെ എണ്ണം 655. ഒരോ വര്‍ഷവും കൊല്ലപ്പെടുന്നവരുടെ എണ്ണം ഏറ്റവും കുറഞ്ഞത് നൂറ്.

ജാട്ടുകളുടെ അഭിമാനം സംരക്ഷിക്കാനാണ് 2008 മെയ് 9ന് ജസ്ബീര്‍ സിംഗിനെയും ഭാര്യ സുനിതയെയും കഴുത്തു ഞെരിച്ച് കൊന്നത്. കൊല്ലപ്പെടുമ്പോള്‍ ആറു മാസം ഗര്‍ഭിണിയായിരുന്നു സുനിത. വീട്ടില്‍ നിന്ന് കെട്ടിവലിച്ച് എവിടെയോ കൊണ്ടുപോയി കഴുത്തു ഞെരിച്ച് ജീവനെടുത്ത ശേഷം ജഡങ്ങള്‍ സുനിതയുടെ പിതാവിന്റെ വീട്ടുമുറ്റത്ത് നിരത്തിയിട്ടു. സമൂഹത്തെ ധിക്കരിച്ച് പ്രണയിക്കുന്നവര്‍ക്കും ഒന്നിക്കുന്നവര്‍ക്കും ചോരമരവിപ്പിക്കുന്നൊരു മുന്നറിയിപ്പ്.

ദിലീപ് തിവാരി വധശിക്ഷയ്ക്ക് അര്‍ഹനല്ലെന്ന് വിധിച്ച സുപ്രിംകോടതി ജഡ്ജിമാരുടെ മനോവ്യാപാരം അപഗ്രഥിക്കുന്നതിന് മുമ്പ് വേറൊരു കേസും കോടതിവിധിയും പരിശോധിക്കാം. പരാതിക്കാരിയുടെ പേര് ലതാ ഗുപ്ത. സഹോദരനായ അജയ് പ്രതാപ് സിംഗിനെ ധിക്കരിച്ച് ദില്ലിയിലെ ബ്രഹ്മനാഥ് ഗുപ്തയെന്ന കച്ചവടക്കാരനെ വിവാഹം കഴിച്ചതാണ് ലത ചെയ്ത കുറ്റം.

ലതയോടും ബ്രഹ്മനാഥിനോടും അജയന്റെ പ്രതാപം പൊറുത്തില്ല. അയാളും സംഘവും ബ്രഹ്മനാഥിന്റെ വീട് കയ്യേറി അമ്മയെയും അമ്മാവനെയും ഭീകരമായി മര്‍ദ്ദിച്ചു. വീട്ടുപകരണങ്ങള്‍ തല്ലിത്തകര്‍ത്തു. അന്തേവാസികളെ വീട്ടിനകത്തിട്ട് പൂട്ടി. ആഹാരവും വെളളവും കൊടുക്കാതെ ബ്രഹ്മനാഥിന്റെ ഒരു സഹോദരനെ സ്വന്തം വീട്ടില്‍ അഞ്ചു ദിവസം തടങ്കലിലിട്ടു. വിളകളത്രയും വെട്ടി നശിപ്പിച്ചു. കൃഷിസ്ഥലത്തിന് പുറമേ ബ്രഹ്മനാഥിന്റെ കട കയ്യേറി കച്ചവടവും തുടങ്ങി.

തുടര്‍ന്ന്, തന്റെ സഹോദരിയെ തട്ടിക്കൊണ്ടു പോയി എന്ന് സരോജനി നഗര്‍ പോലീസ് സ്റ്റേഷനില്‍ അജയ് പ്രതാപ് സിംഗ് ഒരു പരാതിയും നല്‍കി. പരാതി കിട്ടിയ പാടെ പോലീസുകാര്‍ കര്‍ത്തവ്യനിരതരായി. ബ്രഹ്മനാഥിന്റെ സഹോദരിമാരെയും ഒരു സഹോദരിയുടെ ഭര്‍ത്താവിനെയും ബന്ധുവിനെയും അറസ്റ്റു ചെയ്ത് ജയിലിലിട്ടു. സഹോദരന്‍ പ്രണയിച്ച് വിവാഹം കഴിച്ചതിന് സഹോദരിമാരും അവരുടെ ഭര്‍ത്തക്കന്മാരും ജയിലില്‍ കിടക്കണമെന്നായിരുന്നു ഏമാന്മാരുടെ തീര്‍പ്പ്. മമതയെന്ന ബ്രഹ്മനാഥിന്റെ ഒരു സഹോദരി ഒരു വയസുളള കുഞ്ഞുമൊത്ത് ഒരു മാസമാണ് ജയിലില്‍ കിടന്നത്.

നീതി തേടി ലതയ്ക്ക് സുപ്രിം കോടതി വരെ പോകേണ്ടി വന്നു. ലഖ്നൗ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ്, ലഖ്നൗ ഫാസ്റ്റ് ട്രാക്ക് കോടതി (അറസ്റ്റിലായവര്‍ക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചാണ് ഈ കോടതി നീതിവ്യവസ്ഥയുടെ കാവലാളായത് എന്നറിയുക), അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബഞ്ച് എന്നിവിടങ്ങളില്‍ നിന്നൊന്നും ലതയ്ക്ക് നീതി കിട്ടിയില്ല. ഇതിനിടയില്‍ കോടതി നിര്‍ദ്ദേശ പ്രകാരം ലതയ്ക്ക് മനോരോഗ വിദഗ്ധരുടെ പരിശോധനയ്ക്കും വിധേയയാകേണ്ടി വന്നു. സ്വേച്ഛയോടെയുളള വിവാഹത്തിന് ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഇന്ത്യയിലെ ഒരു പെണ്‍കുട്ടി നല്‍കേണ്ടി വന്ന വിലയെത്രയെന്നാണ് ഈ വിവരിച്ചത്.

സുപ്രിം കോടതിയില്‍ ലതയുടെ കേസ് (Writ Petition 208/2004 dated 07/07/2008) പരിഗണിച്ചത് ജസ്റ്റിസുമാരായ അശോക് ഭാനും മാര്‍ക്കണ്ഡേയ കഠ്ജുവും അടങ്ങിയ ബഞ്ചാണ്. സംഭവപരമ്പര അപഗ്രഥിച്ച് അവര്‍ ഇങ്ങനെ പറഞ്ഞു:

This case reveals a shocking state of affairs. There is no dispute that the petitioner is a major and was at all relevant times a major. Hence she is free to marry anyone she likes or live with anyone she likes. There is no bar to an inter-caste marriage under the Hindu Marriage Act or any other law. Hence, we cannot see what offence was committed by the petitioner, her husband or her husband’s relatives.

We are of the opinion that no offence was committed by any of the accused and the whole criminal case in question is an abuse of the process of the Court as well as of the administrative machinery at the instance of the petitioner’s brothers who were only furious because the petitioner married outside her caste. We are distressed to note that instead of taking action
against the petitioner’s brothers for their unlawful and high-handed acts (details of which have been set out above) the police has instead proceeded against the petitioner’s husband and his relatives.

പ്രായപൂര്‍ത്തിയെത്തിയവര്‍ക്ക് സ്വേച്ഛയോടെ ജീവിക്കാനുളള അവകാശം സുപ്രിം കോടതി അടിവരിയിട്ടുറപ്പിച്ചു. പൗരാവകാശം ഹനിച്ച് കുലാഭിമാനത്തിന് വെഞ്ചാമരം വീശുന്നതല്ല നീതിബോധമെന്ന് തുറന്നടിക്കുന്ന ന്യായാധിപന്മാരും ഇന്ത്യയിലുണ്ട്. ലതാ സിംഗ് അനുഭവിച്ച അനീതിയ്ക്കെതിരെ മാത്രമല്ല, ഹോണര്‍ കില്ലിംഗ് എന്ന പൈശാചികതയ്ക്കു നേരെയും സുപ്രിംകോടതി ഡിവിഷന്‍ ബഞ്ച് ആഞ്ഞടിച്ചു.

The caste system is a curse on the nation and the sooner it is destroyed the better. In fact, it is dividing the nation at a time when we have to be united to face the challenges before the nation unitedly. Hence, inter-caste marriages are in fact in the national interest as they will result in destroying the caste system. However, disturbing news are coming from several parts of the country that young men and women who undergo inter-caste marriage, are threatened with violence, or violence is actually committed on them. In our opinion, such acts of violence or threats or harassment are wholly illegal and those who commit them must be severely punished.

ജസ്റ്റിസുമാരായ അശോക് ഭാനും മാര്‍ക്കണ്ഠേയ കഠ്ജുവും ന്യായാധിപപദവി വഹിക്കുന്ന അതേ സുപ്രിം കോടതിയില്‍ തന്നെയാണ് ജസ്റ്റിസുമാരായ ദീപക് വര്‍മ്മയും വി എസ് സിര്‍പുര്‍ക്കറും വിഹരിക്കുന്നത്. പക്ഷേ, ലതക്കേസ് പരിശോധിച്ച ഡിവിഷന് ബഞ്ച് നടത്തിയ നിരീക്ഷണങ്ങളുടെ അന്തസത്തയും ദിലീപ് തിവാരിയുടെ അപ്പീല്‍ പരിഗണിച്ച ബഞ്ച് എഴുതിവെച്ച അഴകൊഴമ്പന് ന്യായങ്ങളും തമ്മില് തികഞ്ഞ വൈരുദ്ധ്യമുണ്ട്. ഹീനമായ ഒരു കൂട്ടക്കൊലപാതകത്തെ സുപ്രിംകോടതി ന്യായാധിപര്‍ വീക്ഷിച്ചതെങ്ങനെയെന്ന് നോക്കുക.

The caste system is a curse on the nation and the sooner it is destroyed the better. In fact, it is dividing the nation at a time when we have to be united to face the challenges before the nation unitedly. Hence, inter-caste marriages are in fact in the national interest as they will result in destroying the caste system. However, disturbing news are coming from several parts of the country that young men and women who undergo inter-caste marriage, are threatened with violence, or violence is actually committed on them. In our opinion, such acts of violence or threats or harassment are wholly illegal and those who commit them must be severely punished.

ഈ നിരീക്ഷണങ്ങളുടെ അന്തസത്തയും ദിലീപ് തിവാരിയുടെ അപ്പീല് പരിഗണിച്ച ബഞ്ച് എഴുതിവെച്ച അഴകൊഴമ്പന്‍ ന്യായങ്ങളും തമ്മില്‍ അമ്പരപ്പിക്കുന്ന വൈരുദ്ധ്യമുണ്ട്. പ്രായപൂര്‍ത്തിയായ പൗരന്റെ വ്യക്തിസ്വാതന്ത്ര്യമാണ് വിവാഹം എന്നേ പൗരാവകാശത്തെ മാനിക്കുന്ന ഏത് ന്യായാധിപനും പറയൂ. കോടതി പറയുന്നത് കേള്‍ക്കുക.

In our opinion, such acts of violence or threats or harassment are wholly illegal and those who commit them must be severely punished. This is a free and democratic country, and once a person becomes a major he or she can marry whosoever he/she likes. If the parents of the boy or girl do not approve of such inter-caste or inter-religious marriage the maximum they can do is that they can cut off social relations with the son or the daughter, but they cannot give threats or commit or instigate acts of violence and cannot harass the person who undergoes such inter-caste or interreligious marriage.

രക്ഷിതാക്കളുടെ ഇച്ഛയ്ക്കു വിപരീതമായി അന്യമതത്തിലോ ജാതിയിലോ നിന്ന് മകനോ മകളോ വിവാഹം കഴിച്ചാല് കുടുംബാംഗങ്ങള്ക്ക് പരമാവധി ചെയ്യാവുന്നത് മക്കളുമായുളള സാമൂഹ്യബന്ധം വിച്ഛേദിക്കുക മാത്രമാണ് പോംവഴി. അല്ലാതെ വീടുകയറി കുടുംബത്തെയൊന്നാകെ ഉന്മൂലനം ചെയ്യുകയല്ല.

കുലാഭിമാനം തലയ്ക്കു പിടിച്ച ജാതിപ്പിശാചുക്കളുടെ കൊലവെറിയ്ക്കെതിരെ അതിരൂക്ഷമായ മുന്നറിയിപ്പാണ് ലതക്കേസ് പരിഗണിക്കവെ സുപ്രിം കോടതി നടത്തിയത്.

We sometimes hear of ‘honour’ killings of such persons who undergo inter-caste or inter-religious marriage of their own free will. There is nothing honourable in such killings, and in fact they are nothing but barbaric and shameful acts of murder committed by brutal, feudal minded persons who deserve harsh punishment. Only in this way can we stamp out such acts of barbarism.

മനുഷ്യസമൂഹം ഇന്നോളം ആര്‍ജിച്ച മാനവികതയുടെ ഉള്‍ത്തുടിപ്പത്രയും സുപ്രിം കോടതി ഉയര്‍ത്തിപ്പിടിച്ച ഈ നീതിബോധത്തിലുണ്ട്. പൗരാവകാശത്തിന്റെ പവിത്രത അംഗീകരിക്കുന്ന പരിപക്വമായ നിലപാട്. എന്നാല്‍ കയ്യറപ്പും മനശ്ചാഞ്ചല്യവുമില്ലാതെ ആറു പേരെ മൃഗീയമായി വെട്ടിപ്പിളര്‍ന്ന ദിലീപ് തിവാരിയ്ക്കും സംഘത്തിനും നല്‍കിയ വധശിക്ഷ ഇളവു ചെയ്തു കൊണ്ട് ഇതേ സുപ്രിംകോടതിയില്‍ നിന്ന് പുറത്തു വന്ന വിധിന്യായത്തിലെ താഴെ പറയുന്ന വാചകങ്ങളില്‍ ജാതിമദം പൊട്ടിയ കൊലയാനകളുടെ ചിന്നം വിളികേള്‍ക്കാം.

Dilip must have felt morally justified in attacking the family members due to the fact that his younger sister had revolted against the family and got married to Prabhu, a Keralite. Therefore, to preserve the family honour, Dilip had taken the revenge of the so-called insult of his family. It was also pointed out that since Manoj was the resident of the same house, he also may have been persuaded to join the crime as also Sunil who was all through described as the friend of Dilip.

വേറിട്ടു നില്ക്കുന്ന ആ വാചകം ആവര്‍ത്തിച്ചു വായിക്കുക. .. Therefore, to preserve the family honour, Dilip had taken the revenge of the so-called insult of his family. സുപ്രിം കോടതി നിന്ദ്യമായ വികാരമായി നിര്‍വചിച്ച ഫാമിലി ഓണര്‍ എന്ന അതേ പ്രയോഗം കൂട്ടക്കൊലയെ ന്യായീകരിച്ച് മുരളുമ്പോള്‍ ഒരു ജാതിക്കോടതിയുടെ നിലവാരത്തിലേയ്ക്ക് അധപതിക്കുകയാണ് പരമോന്നത നീതിപീഠം. കുലാഭിമാനവും കൊലവെറിയും തലയ്ക്കു പിടിച്ച ജാതിപ്രമുഖന്മാരും തങ്ങളും തമ്മില്‍ ഒരു വ്യത്യാസവുമില്ലെന്ന് ഭയലേശമെന്യേ പ്രഖ്യാപിക്കുകയാണ് ജസ്റ്റിസുമാരായ ദീപക് വര്‍മ്മയും വി എസ് സിര്‍പുര്‍ക്കറും.

(തുടരും)