Wednesday, February 23, 2011

ഉപജാപത്തിന്റെ അശ്ലീലക്കാഴ്ചകള്‍


(നിയമപ്രകാരമുളള മുന്നറിയിപ്പ് - ഈ ലേഖനം വായിക്കുന്നതിനു മുമ്പ് വീഡിയോ കാണുക.

വാചകങ്ങള്‍ ശ്രദ്ധിച്ചു കേള്‍ക്കുക).

കേരളത്തില്‍ കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കൊടുത്ത 21 ബാര്‍ ലൈസന്‍സ്. ആ 21 ബാര്‍ ലൈസന്‍സ് കേരള ഹൈക്കോടതി റദ്ദാക്കിയപ്പോള്‍ സുപ്രിംകോടതിയില്‍ പോയി വാങ്ങാന്‍ സുപ്രിം കോടതിയിലെ ഒരു ജഡ്ജിയ്ക്കു പണം കൊടുക്കുമ്പോള്‍ ഞാനൊരു കാഴ്ചക്കാരനാണ് കേരള ഹൗസില്‍.

നിങ്ങള്‍ ചോദിക്കും, ഇയ്യെന്തിനാ അവിടെ പോയത്... എന്റെ ഇലക്ഷന്‍ കേസ് ആ ബെഞ്ചിലായിരുന്നു. എടക്കാട് അസംബ്ലി കേസ് ആ ബഞ്ചിലാ... എനിക്കത് അവിശ്വസനീയമായിരുന്നു, എന്നോടു പറഞ്ഞു, പൈസ കൊടുക്കാന്‍ പോകുന്നവന്‍ എന്നോടു പറഞ്ഞു. ഞാന്‍ പറഞ്ഞു ഞാന്‍ വിശ്വസിക്കില്ല... എന്നാപ്പിന്നെ സുധാകരനും കൂടി വാ... ഞാനും പോയി.. എന്തിനാന്നറിയോ... എന്റെ കേസും നാളെ അട്ടിമറിക്കില്ലേ.... പൈസ കൊടുത്ത്... എടക്കാട് അസംബ്ലി കേസ് ഞാന്‍ ജയിച്ചു നില്‍ക്കുകയാ... അപ്പീലു പോയിരിക്കുകയാണ് ഒ. ഭരതന്‍. ഇതേ ബഞ്ചിലാണ്... ആ ബെഞ്ചിന്റെ ക്രെഡിബിലിറ്റി മനസിലാക്കാന്‍ ഞാനും പോയി............
..
അധികാരത്തിന്റെ കരുത്തില്‍ ഉപജാപസാമര്‍ത്ഥ്യം നടത്തുന്ന അഗമ്യഗമനത്തിന്റെ അശ്ലീലക്കാഴ്ചകള്‍ കുഞ്ഞാലിക്കുട്ടിയിലും സുധാകരനിലും ഒടുങ്ങുന്നതല്ല. നേതൃപ്രമാണിമാരുടെ ഉപജാപമിടുക്കാണ് യുഡിഎഫ് രാഷ്ട്രീയത്തിന്റെ അടിത്തറയും മേല്‍പ്പുരയുമെന്ന് സംശയരഹിതമായി തെളിയിക്കുക മാത്രമാണ് ആദ്യം കുഞ്ഞാലിക്കുട്ടിയും പിന്നീട് സുധാകരനും ചെയ്തത്. പ്രസംഗവേദിയിലെ വെറുമൊരു അതിഭാഷണം മാത്രമാണ് കെ. സുധാകരന്റെ മുകളിലുദ്ധരിച്ച പ്രകടനം എന്ന വ്യാഖ്യാനങ്ങള്‍ ലളിതവത്കരിക്കപ്പെട്ട യുക്തിയില്‍ നിന്നാണ് പിറക്കുന്നത്. സുധാകരന്റെ വെളിപ്പെടുത്തലുകള്‍ക്കു പ്രതികരണമായി ഉയര്‍ന്ന കയ്യടികളില്‍ നിന്നാണ് യുഡിഎഫിന്റെ ജനപിന്തുണയുടെ യഥാര്‍ത്ഥ കാരണങ്ങള്‍ തിരയേണ്ടത്.

സുധാകരന്‍ പറഞ്ഞതു സത്യമോ എന്നു ആദ്യം പരിശോധിക്കാം. തന്റെ കേസ് വിചാരണയ്‌ക്കെടുക്കുന്ന ബഞ്ചിന്റെ ക്രെഡിബിലിറ്റി പരിശോധിക്കാന്‍ വാദിയോ പ്രതിയോ ശ്രമിക്കുന്ന പതിവ് നീതിന്യായവ്യവസ്ഥയില്‍ കേട്ടുകേള്‍വി പോലും ഇല്ലാത്തതാണ്. സുധാകരന്യായം അനുസരിച്ചാണെങ്കില്‍ ഒ. ഭരതന്‍ കെ. സുധാകരനെതിരെ നല്‍കിയ തെരഞ്ഞെടുപ്പു ഹര്‍ജി ഏതു ബഞ്ചിലാണ് വാദം കേള്‍ക്കുന്നതെന്ന് സുധാകരനു മാത്രമല്ല, കൈക്കൂലിയുമായി ദില്ലിയ്ക്ക് വണ്ടികയറാനിരുന്ന ബാറുടമകള്‍ക്കും അറിയാമായിരുന്നിരിക്കണം. പക്ഷേ വസ്തുതയ്ക്കു മുന്നില്‍ വിലപ്പോകുന്ന സാധ്യതയല്ല അത്.

കെ. സുധാകരന്‍ പറയുന്ന ബാര്‍ ലൈസന്‍സ് കേസില്‍ വാദം കേട്ടതും വിധി പറഞ്ഞതും ജസ്റ്റിസ് രത്‌നവേല്‍ പാണ്ഡ്യനും ആര്‍. എം. സഹായിയും അടങ്ങിയ സുപ്രിം കോടതി ഡിവിഷന്‍ ബഞ്ചാണ്. വിധി പറഞ്ഞത് 1993 നവംബര്‍ 5ന്.

ഇടയ്ക്കാട് നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെ. സുധാകരനെതിരെ ഒ. ഭരതന്‍ നല്‍കിയ തിരഞ്ഞെടുപ്പുകേസില്‍ വാദം കേട്ടതും വിധി പറഞ്ഞതും ജസ്റ്റിസ് കെ. വെങ്കിടസ്വാമിയും ജസ്റ്റിസ് ജഗദീഷ് ശരന്‍ വര്‍മ്മയും അടങ്ങിയ ഡിവിഷന്‍ ബഞ്ച്. വിധി വന്നത് 1996 ഫെബ്രുവരി 6ന്.

ബെഞ്ചിന്റെ ക്രെഡിബിലിറ്റി പരിശോധിക്കാന്‍ പോയി എന്ന സുധാകരന്യായം വസ്തുതാന്വേഷണത്തിന്റെ ഒന്നാംഘട്ടത്തില്‍ തന്നെ തകര്‍ന്നുവീഴുന്നു. ജഡ്ജിയ്ക്ക് കൈക്കൂലി നല്‍കി വിധി വിലയ്ക്കു വാങ്ങാന്‍ ഒരുമ്പെട്ടിറങ്ങിയ സംഘത്തിലെ പ്രധാനി തന്നെയായിരുന്നു സുധാകരന്‍. കേരള ഹൗസില്‍ കൈക്കൂലിയ്ക്ക് സാക്ഷിയായതിന് സുധാകരന്‍ പറയുന്ന ന്യായം പച്ചക്കളളമാകുന്നതു കൊണ്ടാണ്, ഇല്ലിക്കല്‍ ജോസ് എന്ന ബാറുടമ സുധാകരനെതിരെ നടത്തിയ വെളിപ്പെടുത്തല്‍ പ്രസക്തമാകുന്നത്.

ഇടയ്ക്കാട് അസംബ്ലി മണ്ഡലത്തില്‍ ഒ. ഭരതന്റെ തെരഞ്ഞെടുപ്പ് കേരള ഹൈക്കോടതി റദ്ദാക്കിയത് 1992ലാണ്. അക്കൊല്ലം ആഗസ്റ്റ് 17ന് സുധാകരന്‍ എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തു. ബാര്‍ ലൈസന്‍സുമായി ബന്ധപ്പെട്ട വിവാദ വിധി വരുന്നത് 1993 നവംബറില്‍.

എംഎല്‍എ പദവിയുടെ അധികാരം സുധാകരന്‍ ഉപയോഗിച്ചത് എന്തിനുവേണ്ടി എന്ന് ഇതിനപ്പുറം തെളിവ് വേറെ വേണ്ട. അക്കാലത്ത് കരുണാകരന്‍ നേതൃത്വം നല്‍കിയ ഐ ഗ്രൂപ്പിലെ പ്രധാനിയായിരുന്നു സുധാകരന്‍. ചികിത്സയ്ക്കായി കരുണാകരന്‍ അമേരിക്കയിലേയ്ക്കു പോയപ്പോഴാണ് അന്നത്തെ എക്‌സൈസ് മന്ത്രി രഘുചന്ദ്രബാല്‍ 21 പുതിയ ബാര്‍ ലൈസന്‍സിന് അനുമതി നല്‍കിയത്.

തീരുമാനം നാട്ടില്‍ വിവാദമായി. ചികിത്സ കഴിഞ്ഞ് മടങ്ങിയെത്തിയ കരുണാകരന് ലൈസന്‍സ് നല്‍കാനുളള തീരുമാനം റദ്ദാക്കേണ്ടി വന്നു. സുപ്രീം കോടതി ജഡ്ജിയ്ക്കു കോഴ നല്‍കി സ്വന്തം ഗ്രൂപ്പു നേതാവിന്റെ തീരുമാനം പോലും അട്ടിമറിച്ച ചരിത്രവും സുധാകരനുണ്ട്. ജനങ്ങളോട്, സ്വന്തം പാര്‍ട്ടിയോട്, എന്തിന് ഗ്രൂപ്പു നേതാവിനോടു പോലും വിശ്വസ്തത പുലര്‍ത്തിയവനല്ല താനെന്നാണ് സുധാകരന്‍ തുറന്നു പറയുന്നത്. ബാറുടമകള്‍ക്കു വേണ്ടി, അവരെറിഞ്ഞ ലക്ഷങ്ങള്‍ക്കു വേണ്ടി കൈക്കൂലിയുമായി സുപ്രിംകോടതിയില്‍ പോയ വീരനാണ് താനെന്ന് സുധാകരന്‍ വീമ്പിളിക്കിയിട്ടും രമേശ് ചെന്നിത്തല മുതല്‍ ഉമ്മന്‍ചാണ്ടി വരെയുളളവര്‍ക്ക് മിണ്ടാട്ടമില്ല. പാര്‍ട്ടിയുടെ അഭിപ്രായമല്ല സുധാകരന്‍ പ്രകടിപ്പിച്ചത് എന്നൊരൊഴുക്കന്‍മട്ടില്‍ പ്രതികരിച്ചു തടിതപ്പുകയായിരുന്നു കോണ്‍ഗ്രസിന്റെ കേന്ദ്രസംസ്ഥാന നേതൃത്വങ്ങള്‍. നമുക്കറിയേണ്ടത്, സുധാകരന്റെ ചെയ്തികളുടെ ഉത്തരവാദിത്തം കോണ്‍ഗ്രസിനുണ്ടോ എന്നാണ്.

ജഡ്ജിമാര്‍ക്ക് കൈക്കൂലി നല്‍കി വിധി കരസ്ഥമാക്കിയ കഥ കൊട്ടാരക്കരയിലെ പൊതുയോഗത്തില്‍ വിളമ്പിയത് ബാലകൃഷ്ണ പിളളയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനല്ല. മറിച്ച്, തന്റെ ഉപജാപമിടുക്ക് കൊട്ടാരക്കരക്കാരുടെ മുന്നില്‍ കെട്ടഴിച്ചു സമര്‍ത്ഥിക്കുകയായിരുന്നു കെപിസിസി സെക്രട്ടറി. അതുകേട്ടവരിലാരുടെയൊക്കെയോ മനസില്‍ കേമന്‍, കേമന്‍ എന്ന ആരവങ്ങള്‍ മുഴങ്ങിക്കാണണം. തങ്ങളുടെ അനുമോദനം കയ്യടികളായി സുധാകരനെ അവര്‍ കയ്യോടെ ഏല്‍പ്പിക്കുകയും ചെയ്തു.

അധികാരം കയ്യില്‍ കിട്ടിയാല്‍ എന്തും ചെയ്യാന്‍ മടിക്കില്ലെന്നു മാത്രമല്ല, അതു പരസ്യമായി വീമ്പിളക്കാന്‍ ഭയക്കാത്തവരുമായി യുഡിഎഫ് നേതൃത്വം മാറി. നടക്കാന്‍ പാടില്ലാത്ത പലതും തന്റെ ഭരണകാലത്ത് നടന്നുവെന്ന് കുഞ്ഞാലിക്കുട്ടി തുറന്നു പറഞ്ഞിട്ട് അധികകാലമായില്ല. അവിഹിതമായ പല കാര്യങ്ങളും താന്‍ ചെയ്തുവെന്നും തന്നെക്കൊണ്ട് ചെയ്യിച്ചുവെന്നും അദ്ദേഹം വെളിപ്പെടുത്തി. അധികാരത്തിന്റെ സിരാകേന്ദ്രങ്ങളില്‍ റൗഫിനെപ്പോലൊരു ഭീകരജീവിയുടെ വിളയാട്ടമാണ് നടന്നതെന്നും അത് പത്രക്കാര്‍ക്കും തന്റെ നേതാവ് പാണക്കാട് മുഹമ്മദ് അലി ശിഹാബ് തങ്ങള്‍ക്കും അറിയാമായിരുന്നുവെന്നും അദ്ദേഹം തുറന്നു പറഞ്ഞു.

കേരള ഹൈക്കോടതിയില്‍ നിന്ന് രണ്ട് വിധിന്യായങ്ങള്‍ തങ്ങള്‍ വിലകൊടുത്തു വാങ്ങിയെന്ന് ജഡ്ജിമാരുടെ പേരു സഹിതം റൗഫ് പരസ്യമായും പീറ്റര്‍ ഒളിക്യാമറയ്ക്കു മുന്നിലും തുറന്നു പറഞ്ഞു. ഈ ജഡ്ജിമാരുടെ ഔദ്യോഗിക ജീവിതം അഴിമതിയിലും സ്വജനപക്ഷപാതത്തിലും മുങ്ങിക്കുളിച്ചതാണെന്ന് ഈ വിഷയം സംബന്ധിച്ച് ചാനല്‍ ചര്‍ച്ചയ്‌ക്കെത്തിയ അഭിഭാഷക കേസരികള്‍ ഒരു മടിയും കൂടാതെ വെളിപ്പെടുത്തുന്നതും നാം കണ്ടു.

ഇപ്പോഴിതാ, 21 ബാര്‍ ലൈസന്‍സുകള്‍ റദ്ദാക്കിയ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം അസ്ഥിരപ്പെടുത്തി 1993 നവംബര്‍ അഞ്ചിന് സുപ്രിം കോടതി പുറപ്പെടുവിച്ച വിധിന്യായവും വില കൊടുത്തു വാങ്ങിയതാണെന്ന് കോണ്‍ഗ്രസ് നേതാവ് തന്നെ വെളിപ്പെടുത്തുന്നു. ഏത് ജഡ്ജിയ്ക്ക് ആരു പണം കൊടുത്തു എന്ന ചോദ്യത്തില്‍ നിന്ന് സുധാകരന്‍ ഒഴിഞ്ഞു മാറിയെങ്കിലും, ആ ജഡ്ജിയുടെ പേര് രത്‌നവേല്‍ പാണ്ഡ്യന്‍ എന്നാണെന്നും കൊടുത്തത് 21 ലക്ഷം രൂപയാണെന്നും തങ്ങളാണ് അതു നല്‍കിയതെന്നും അന്ന് ലൈസന്‍സ് ലഭിച്ച ബാറുടമകളിലൊരാള്‍ പറയുന്നു.

ജുഡീഷ്യറിയിലെ 32 ശതമാനം ജഡ്ജിമാരും അഴിമതിക്കാരാണെന്ന് കണ്ടെത്തിയിട്ടുണ്ട് എന്നാണ് സുധാകരന്‍ പൊതുസമ്മേളനത്തില്‍ തട്ടിവിട്ടത്. ജഡ്ജിമാര്‍ക്ക് സ്വന്തം നിലയില്‍ അഴിമതി നടത്താനാവില്ല. കോടതികള്‍ കേന്ദ്രീകരിച്ചു രൂപപ്പെടുന്ന ഒരധോലോകത്തിന്റെ തണലും താങ്ങുമില്ലാതെ ന്യായാധിപന്മാര്‍ക്ക് അഴിമതിക്കാരാവുക സാധ്യമല്ല. ആ അധോലോകസംഘത്തില്‍ അഭിഭാഷകരും രാഷ്ട്രീയക്കാരും ഉയര്‍ന്ന ഉദ്യോഗസ്ഥരും ഉള്‍പ്പെട്ടേ മതിയാകൂ. ജുഡീഷ്യറി, എക്‌സിക്യൂട്ടീവ്, ലജിസ്ലേച്ചര്‍ എന്നീ ജനാധിപത്യത്തൂണുകള്‍ തന്നെയാണ് ഈ അധോലോകത്തെയും താങ്ങി നിര്‍ത്തുന്നത് എന്നു സാരം. ആ അധോലോകത്തിലെ ഒരംഗമായി 1990കളില്‍ തന്നെ താന്‍ ഉയര്‍ന്നു കഴിഞ്ഞുവെന്നാണ് കൊട്ടാരക്കരയിലെ യുഡിഎഫ് അനുയായികളോട് കെ. സുധാകരന്‍ തുറന്നു പറഞ്ഞത്. മിടുക്കന്‍ തന്നെ എന്നവര്‍ കയ്യടിച്ച് അംഗീകരിക്കുകയും ചെയ്തു. 32 ജഡ്ജിമാര്‍ അഴിമതിക്കാരാണെങ്കില്‍ അവരെ അഴിമതിക്കാരാക്കുന്നത് സുധാകരനടക്കമുളളവരാണ്.

സുപ്രിംകോടതി ജഡ്ജിമാര്‍ക്ക് കൈക്കൂലി നല്‍കിയപ്പോള്‍ വെറും എംഎല്‍എ മാത്രമായിരുന്നു സുധാകരന്‍. ഇന്ന് അദ്ദേഹം എംപിയാണ്. അന്നത്തേതിനെക്കാള്‍ പതിന്മടങ്ങ് ശക്തന്‍ . അരുതാത്തതൊക്കെയും ചെയ്യാനും ചെയ്തതൊക്കെ വിളിച്ചു പറയാനും മടിയില്ലാത്തവനായി അദ്ദേഹം പൊതുസമ്മേളനങ്ങളില്‍ പെയ്തിറങ്ങുന്നു. അരുതായ്മകളെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുംവിധം കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ ഉപജാപസാമര്‍ത്ഥ്യം അംഗീകാരം നേടിയിരിക്കുന്നു.

തിരഞ്ഞെടുപ്പിന്റെ ആരവങ്ങള്‍ മുഴങ്ങിത്തുടങ്ങുമ്പോള്‍ പൊതുരംഗത്തെ ഇത്തരം ഭീഷണമായ സാന്നിദ്ധ്യങ്ങളെ ആര്‍, എങ്ങനെ നിലയ്ക്കു നിര്‍ത്തും എന്ന ചോദ്യം ചിലരെയെങ്കിലും അസ്വസ്ഥരാക്കാതിരിക്കില്ല.

8 comments:

മാരീചന്‍‍ said...

സുപ്രിംകോടതി ജഡ്ജിമാര്‍ക്ക് കൈക്കൂലി നല്‍കിയപ്പോള്‍ വെറും എംഎല്‍എ മാത്രമായിരുന്നു സുധാകരന്‍. ഇന്ന് അദ്ദേഹം എംപിയാണ്. അന്നത്തേതിനെക്കാള്‍ പതിന്മടങ്ങ് ശക്തന്‍ . അരുതാത്തതൊക്കെയും ചെയ്യാനും ചെയ്തതൊക്കെ വിളിച്ചു പറയാനും മടിയില്ലാത്തവനായി അദ്ദേഹം പൊതുസമ്മേളനങ്ങളില്‍ പെയ്തിറങ്ങുന്നു. അരുതായ്മകളെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുംവിധം കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ ഉപജാപസാമര്‍ത്ഥ്യം അംഗീകാരം നേടിയിരിക്കുന്നു.

തിരഞ്ഞെടുപ്പിന്റെ ആരവങ്ങള്‍ മുഴങ്ങിത്തുടങ്ങുമ്പോള്‍ പൊതുരംഗത്തെ ഇത്തരം ഭീഷണമായ സാന്നിദ്ധ്യങ്ങളെ ആര്‍, എങ്ങനെ നിലയ്ക്കു നിര്‍ത്തും എന്ന ചോദ്യം ചിലരെയെങ്കിലും അസ്വസ്ഥരാക്കാതിരിക്കില്ല.

ഞാന്‍ said...
This comment has been removed by the author.
ഞാന്‍ said...

tracking

കിരണ്‍ തോമസ് തോമ്പില്‍ said...

എന്തോന്ന് ട്രാക്കാന്‍ എന്റെ ഞാനെ

വി ബി എന്‍ said...

Well Said...

dileep said...

നിഷ്പക്ഷമാധ്യമങ്ങള്‍ എന്നപേരില്‍ കുറെ വൃത്തികെട്ട സാധനങ്ങള്‍ നമ്മുടെ നാട്ടില്‍ ഉണ്ടല്ലോ...! ഇത്തരം എല്ലാ നാണംകെട്ട ജന്തുകള്‍ക്കും ഒശനപാടി പിത്രുശുന്യതയുടെ വളിപ്പുകള്‍ ഒരു ഉളുപ്പുമില്ലാതെ വിളിച്ചു പറഞ്ഞു അന്തരീക്ഷം മലിനമാക്കുന്ന ഈ എരണംകെട്ട ജാതികളെ എന്നന്നേയ്ക്കുമായി നാട് കടത്തണം.. ഇതിനു ഒരു ജനകീയ കലാപം തന്നെ വേണ്ടി വരും... നമ്മുടെ നാടിനെ ഈ നെറി കെട്ടവരില്‍ നിന്ന് രക്ക്ഷിക്കാന്‍... കൊളുത്തുക തീനാളങ്ങള്‍..ചുട്ടെരിക്കുക.. ഈ ഉപജാപക കോട്ടകളെ...
ബലി കുടീരങ്ങള്‍ സാക്ഷി നിര്‍ത്തി
കയ്യൂരില്‍നിന്നും മുനയംകുന്നില്‍നിന്നും പുന്നപ്രയില്‍നിന്നും വയലാറില്‍നിന്നും നമുക്ക് ആരംഭിക്കാം ഒരു നവോത്ഥാന യാത്ര..............

ഇ.എ.സജിം തട്ടത്തുമല said...

കോടതികളിലും ജഡ്ജിമാരിലും അഴിമതിബാധ ഉണ്ടെന്ന് ഇപ്പോൾ യു.ഡി.എഫ് നേതാക്കൾ തന്നെ വിളിച്ചു പറഞ്ഞത് നന്നായി. ഇടതുപക്ഷക്കാരാണ് പറഞ്ഞിരുന്നതെങ്കിൽ ഇപ്പോൾ കോർട്ടലക്ഷ്യത്തിന് എത്ര കേസ് എടുത്തേനെ!കോൺഗ്രസ്സ് നേതാക്കളും മറ്റ് യു.ഡി.എഫ് നേതാക്കളും അഴിമതികളിലൂടെ കാര്യങ്ങൾ നേടുന്നത് വലിയ കാര്യമൊന്നുമല്ല. അതൊക്കെ അവർക്ക് പറഞ്ഞിട്ടുള്ളതുതന്നെ. അത് കോടതികളുമായി ബന്ധപ്പെട്ടായാലും! ഇപ്പോൾ പിള്ളസാറിനെ കോടതി ശിക്ഷിച്ചതിന്റെ പ്രകോപനം “ഉൾക്കൊണ്ടു”കൊണ്ടാണെങ്കിലും കോൺഗ്രസ്സ് നേതാവ് കോടതികളും അഴിമതിമുക്തമല്ലെന്ന് താൻ കണ്ടതും ചെയ്തതുമായ കാര്യം തന്നെ ഉദാഹരിച്ച് പറഞ്ഞതിന് ഒരു സലാം! പറഞ്ഞതിൽനിന്ന് മാറാതെ ഉറച്ച് നിൽക്കുന്ന നേതാവാകുമ്പോൾ പ്രത്യേകിച്ചും.ഒരു പടികൂടി മുന്നേറി ജഡ്ജിമാരെ രാഷ്ട്രീയക്കാരുടെ തിണ്ണനിരങ്ങികൾ എന്നു കൂടി വിളിച്ചതിന് ഒരു കൂപ്പുകൈ കൂടി.ഇടതുപക്ഷക്കാർ പരസ്യമായി അത്രയും “ബഹുമാന്യവിശേഷണം” ജഡ്ജിമാർക്ക് കൊടുക്കാനുള്ള ധൈര്യം കാണിച്ചെന്നുവരില്ല. മുമ്പ് സ്വാശ്രയ വിദ്യാഭ്യാസമേഖലയിൽ സാമൂഹ്യനീതി ഉറപ്പുവരുത്താൻ ഉദ്ദേശിച്ച് സംസ്ഥാന സർക്കാർ കൈക്കൊണ്ട നടപടികളെ ബഹുമാനപ്പെട്ട കോടതികൾ “ബഹുമാനപ്പെട്ട അട്ടിമറികളിലൂടെ“ (ബഹു.വിധി) തുരങ്കം വച്ച് സ്വാശ്രയവിദ്യാഭ്യാസമുതലാളിമാരെ സഹായിച്ചതും, അവരുടെ പാരിതോഷിക സൽക്കാരത്തിൽ പങ്കെടുത്ത ജഡ്ജിയുടെ കാര്യവുമൊന്നും ഇടതുപക്ഷക്കാർ ഇത്തരുണത്തിലും ഓർത്തുപോകരുത്. കാരണം അതൊക്കെ ഓർക്കുന്നതുപോലും കോർട്ടലക്ഷ്യമാണ്! ഇപ്പോൾ ഈ ആരോപണങ്ങൾ ഉന്നയിച്ച യു.ഡി.എഫ് നേതാക്കൾക്കെതിരെ കേസ് എടുക്കാത്തിരിക്കുന്നത് കോടതികളുടെ അലക്ഷ്യമാണെന്ന് പറഞ്ഞാൽ അത് മറ്റൊരു കോർട്ടലക്ഷ്യമാകുമെന്നതിനാൽ ഇപ്പറഞ്ഞുവന്ന വാചകം പൂർത്തിയാക്കും മുമ്പ് തന്നെ നിരുപാധികം പിൻവലിച്ച് മാപ്പപേക്ഷിച്ചുകൊള്ളുന്നു!

പൊന്മാന്‍ said...

well said..