Thursday, July 30, 2015

നീതിയുടെ ബലിപീഠം - (രണ്ട്)

നീതിയുടെ ബലിപീഠം (ഒന്ന്) - തുടര്‍ച്ച

വിധിയെഴുത്തുകള്‍ എപ്പോഴും ആത്മനിഷ്ഠമാണ്. അതിനാല്‍ തന്നെ പക്ഷപാതപരവും. ചിന്താലോകത്ത് ന്യായാധിപന്‍ പിന്തുടരുന്ന പ്രത്യയശാസ്ത്രം ന്യായവിധിയിലും പ്രതിഫലിക്കും. കോടതിയില്‍ നിന്ന് നീതി ലഭിക്കുമെന്ന പൗരസമൂഹത്തിന്റെ പ്രത്യാശയില്‍, നീതി എന്ന പരികല്‍പനയെക്കുറിച്ചുളള കൃത്യമായ നിര്‍വചനം കൂടി ഉള്‍ച്ചേര്‍ന്നിട്ടുണ്ട്.

വ്യവസ്ഥാപിതമായ ഒട്ടേറെ അധീശത്വങ്ങള്‍ക്കെതിരെ അനസ്യൂതമായി തുടരുന്ന സമരങ്ങളുടെ സൃഷ്ടിയാണ് നീതിബോധം. രാജവാഴ്ച, ജാതിവ്യവസ്ഥ, അടിമത്തം, ഫൂഡല്‍ വാഴ്ച, ഏകാധിപത്യം എന്നിങ്ങനെ പലരൂപങ്ങളില്‍ പുലര്‍ന്ന അധികാരവ്യവസ്ഥകളോരോന്നും ഓരോ നീതിബോധം അതാത് കാലത്ത് ഉല്‍പാദിപ്പിച്ചിട്ടുണ്ട്. ഇതിലോരോ വ്യവസ്ഥയും നിര്‍ബാധം ആചരിച്ച ആചാരങ്ങളും അവയെ ന്യായീകരിച്ച നീതിബോധവും ഇന്ന് കടുത്ത ശിക്ഷയ്ക്കര്‍ഹമായ കൊടുംകുറ്റകൃത്യങ്ങളായി വെറുതേ മാറിയതല്ല. മനുഷ്യരാശി നടത്തിയ വിട്ടുവീഴ്ചയില്ലാത്ത സമരങ്ങളാണ് ആ മാറ്റത്തിന് കാരണമായത്. ആ പോരാട്ടങ്ങളിലൂടെ രൂപപ്പെട്ട നീതിയുടെ പക്ഷത്ത് കോടതികളും ന്യായാധിപരും നില്‍ക്കുമെന്ന പൊതുസമൂഹത്തിന്റെ പ്രത്യാശയാണ് ജനാധിപത്യവാഴ്ചയുടെ മൂലക്കല്ല്.

ലതാ ഗുപ്തക്കേസിലെ സുപ്രിം കോടതി വിധിയും പ്രഭു കൃഷ്ണന്‍ കേസില്‍ മുംബൈ ഹൈക്കോടതി, സുപ്രിം കോടതി വിധികളും തമ്മിലുളള താരതമ്യം നീതിബോധത്തെ സംബന്ധിച്ച് ന്യായാധിപലോകം പിന്തുടരുന്ന പരസ്പരവിരുദ്ധങ്ങളായ പ്രത്യയശാസ്ത്രങ്ങളെ തുറന്നു കാണിക്കുന്നുണ്ട്. ലതാ ഗുപ്തയുടെ കേസില്‍, പൗരാവകാശം ഉറപ്പുവരുത്താനുളള ന്യായാധിപന്റെ വിട്ടുവീഴ്ചയില്ലാത്ത സമീപനം വെട്ടിത്തിളങ്ങുന്നുവെങ്കില്‍, പ്രഭു കൃഷ്ണന്‍ കേസിലെ സുപ്രിം കോടതി വിധിയില്‍, മനുഷ്യത്വവിരുദ്ധമായ ജാതിക്കോടതി ഫത്വകളുടെ ഓരം ചേരുന്ന ന്യായാധിപന്റെ പരിഹാസ്യതയാണ് വില്ലു കുലയ്ക്കുന്നത്.

കുറ്റകൃത്യം സംശയാതീതമായി തെളിഞ്ഞു കഴിഞ്ഞാല്‍, വിധി പറയുന്നതിന് മുമ്പ് ശിക്ഷ ലഘൂകരിക്കാനുളള സാഹചര്യങ്ങള്‍ (Mitigating Circumstances) ന്യായാധിപന്‍ അപഗ്രഥിക്കും. കൊലക്കേസുകളാണെങ്കില്‍, കൊല നടത്താനുളള പ്രകോപനം, കൊലയാളിയുടെ പ്രായം, പ്രതിയുടെ ക്രിമിനല്‍ പശ്ചാത്തലം ഇവയൊക്കെ പരിഗണിക്കപ്പെടാറുണ്ട്. ശിക്ഷയുടെ സ്വഭാവം തീരുമാനിക്കുന്നത് പ്രതി കുറ്റകൃത്യം നടത്തിയ പശ്ചാത്തലം കൂടി പരിഗണിച്ചാണ്. പ്രകോപനം സൃഷ്ടിയ്ക്കുന്നതില്‍ പ്രതിയ്ക്കു മാത്രമല്ല പങ്കെന്ന് സംശയാതീതമായി ബോധ്യപ്പെട്ട് ശിക്ഷ ലഘൂകരിക്കുമ്പോഴും അന്തിമമായി മാനവികതയ്ക്കു തന്നെയാണ് വിജയം. അവിടെയും പ്രകോപനമെന്ത് എന്ന് പ്രത്യേകം നിര്‍വചിക്കപ്പെടണം.

വിവാഹം കഴിച്ച് ഒന്നിച്ച് ജീവിക്കാന്‍ പ്രായപൂര്‍ത്തിയായ സ്ത്രീയ്ക്കും പുരുഷനുമുളള അവകാശത്തെ കൂട്ടക്കൊലപാതകത്തിനുളള പ്രകോപനമായി ചിത്രീകരിക്കുന്ന ഏത് ന്യായാധിപനെയും സര്‍ക്കാര്‍ ചെലവില്‍ തല പരിശോധനയ്ക്ക് വിധേയനാക്കുക തന്നെ വേണം. ഭരണഘടന ഉറപ്പുനല്‍കുന്ന വ്യക്തിസ്വാതന്ത്ര്യവും മൗലികാവകാശവും പ്രകോപനകാരണമാണെന്ന് ന്യായം പറഞ്ഞ് ചില സുപ്രിം കോടതി ജഡ്ജിമാര്‍ മലര്‍ന്നു വീണ ശവങ്ങള്‍ക്കു മീതെ ജാതിവ്യവസ്ഥയുടെ തേരോടിക്കുമ്പോള്‍ കുരിശുഭയമില്ലാത്ത ചെകുത്താന്റെ വരവറിയുക.

പ്രഭു കൃഷ്ണന്‍ കൊലക്കേസില്‍ Mitigating Circumstances സംബന്ധിച്ച് ജസ്റ്റിസുമാരായ ദീപക് വര്‍മ്മയും സിര്‍പുര്‍ക്കറും മുന്നോട്ടു വെയ്ക്കുന്ന നിഗമനങ്ങള്‍ നിയമ - നൈതിക - ധാര്‍മ്മിക പ്രതിസന്ധികള്‍ മാത്രമാണ് അവശേഷിപ്പിക്കുന്നത്. അത്യധികം വിവേചനബുദ്ധിയോടെ ഉപയോഗിക്കേണ്ട ഈ അധികാരം, പ്രതിഭാഗം അഭിഭാഷകരുടെ വേഷം കെട്ടാനുളള മറയാക്കുന്ന തിണ്ണമിടുക്ക് തിരിച്ചറിയേണ്ടതുണ്ട്. ദിലീപ് തിവാരിയെ തൂക്കുകയറില്‍ നിന്നൂരിയ വിധിന്യായത്തിലെ നാല്‍പതാം ഖണ്ഡികയില്‍ What was then the psychology of Dilip, accused No.1 and why did he wait for seven months are the relevant questions which must attract our attention എന്ന അവസാന വാചകം സമര്‍ത്ഥമായി സൃഷ്ടിച്ച പഴുതാണ്. തുടര്‍ന്ന് അവര്‍ ഇങ്ങനെ പറയുന്നു. we must weigh the circumstances justifying the grant of death sentence vis-à-vis the mitigating circumstances.

ശിക്ഷ ലഘൂകരിക്കാനുളള കാരണങ്ങള്‍ വല്ലതുമുണ്ടോയെന്ന് മുംബൈ ഹൈക്കോടതി പരിശോധിച്ചില്ലെന്ന തരളമായൊരു വിമര്‍ശനവും തൊടുത്തിട്ടുണ്ട്. കേള്‍ക്കുക. However, even a close scrutiny of the judgment does not show any effort on the part of the High Court to consider the mitigating circumstances, though such exercise has been done by the Trial Court in paragraph 42 of its judgment.

തുടര്‍ന്ന് തങ്ങള്‍ അന്വേഷിച്ച് കണ്ടെത്തിയ Mitigating Circumstances നിരത്തുന്നത് കാണുക.

Shri Raj and Shri Gaurav Agrawal addressed us extensively on the mitigating circumstances. As far as accused No.1, Dilip and accused No.3 Manoj are concerned, the learned counsel first
pointed out that apart from the two circumstances considered by the Sessions Judge, namely, the young age of the accused persons and there being no criminal antecedents, there were number of other mitigating circumstances which the Courts below had not considered. It was submitted that accused No.1, Dilip must have felt morally justified in attacking the family members due to the fact that his younger sister had revolted against the family and got married to Prabhu, a Keralite. Therefore, to preserve the family honour, Dilip had taken the revenge of the so-called insult of his family. It was also pointed out that since Manoj was the resident of the same house, he also may have been persuaded to join the crime as also Sunil who was all through described as the friend of Dilip.

അടയാളപ്പെടുത്തിയ ഭാഗങ്ങള്‍ അമര്‍ത്തി വായിച്ചാല്‍, പ്രതിഭാഗം അഭിഭാഷകനായി രൂപം മാറിയ ന്യായാധിപനെ തൊണ്ടിയോടെ പിടിക്കാം. ഉറക്കത്തില്‍ നിന്ന് വിളിച്ചുണര്‍ത്തി, നിരായുധരായ ആറുപേരെ വെട്ടിപ്പിളര്‍ന്ന സംഘത്തിനു നേരെയാണ് must have felt morally justified എന്ന വാക്കുകളിലൂടെ കാരുണ്യം ഒഴുകിച്ചേരുന്നത്.

അതുമാത്രമോ... പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കാന്‍ മുംബൈ കോടതി ചൂണ്ടിക്കാട്ടിയ കാരണങ്ങളിലൊന്നാണ് ഈ Mitigating Circumstance. ആ വിധിയിലെ ഖണ്ഡിക 49ല്‍ പ്രതികള്‍ ശിക്ഷയ്ക്കര്‍ഹരാകുന്നതിന് 11 കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അവ താഴെ പറയുന്നു.

“(a) Helpless victims

(b) Unarmed victims

(c) Victims woken from sleep at midnight

(d) Manner of inflicting injuries, 20-30 serious injuries on
death of the deceased, whereas even a single injury would
have been sufficient to kill, shows the barbarous attitude;

(e) Attacking ruthlessly six persons, Deepa and Indira were
let off presumed to be dead, seeking to wipe off the entire
family;

(f) Attack on every vital organ;

(g) Young boy Bijit was brutally assaulted;

(h) Not only Prabhu, even the messenger boy Abhayraj was
brutally assaulted;

(i) The time chosen was past midnite hence clearly
premeditated;

(j) Assault on lower caste based on caste hatred:

(k) Marriage took place on 29.10.2003 and the assault was on
17.05.2004 i.e. after a lapse of seven months. As Dilip was
totally opposed to the marriage, the above attack was highly
premeditated and not at the heat of moment.

കൊടും ശിക്ഷയ്ക്ക് കീഴ്‍ക്കോടതി നിരത്തിയ കാരണങ്ങളിലൊന്ന് മേല്‍ക്കോടതിയ്ക്ക് മിറ്റിഗേറ്റിംഗ് സര്‍ക്കംസ്റ്റന്‍സാകുന്നതിന്റെ ന്യായം ഏത് നീതിബോധം കൊണ്ട് വിശദീകരിക്കും? ജാതി വെറി മൂത്ത് കീഴ്‍ജാതിക്കാരനെയും അവന്റെ കുടുംബത്തെയും വെട്ടിയരിഞ്ഞ പൈശാചികതയ്ക്ക് തൂക്കുകയറാണ് ശിക്ഷയെന്ന് ഹൈക്കോടതി പറയുമ്പോള്‍, അതേ കാരണം പരമോന്നത നീതിപീഠത്തിന് ശിക്ഷ ലഘൂകരിക്കാനുളള ന്യായമാകുന്നു. കൊലപാതകത്തിന്റെ മൂലകാരണവും ചോദനയും പ്രകോപനവും തന്നെ ശിക്ഷയുടെ ലഘൂകരണത്തിനും കാരണമാകുന്ന അത്യുജ്വലമായ ഈ അപഗ്രഥന മികവിലൂടെയാണ് അതിന്റെ സൃഷ്ടാക്കള്‍ ഒരേസമയം പരമോന്നത കോടതിയിലെ ന്യായാധിപരും ജാതിക്കോടതിയിലെ കാര്യസ്ഥന്മാരുമായി ഡബിള്‍ റോള്‍ കളിക്കുന്നത്.

(തുടരും...)

9 comments:

മാരീചന്‍‍ said...

കൊലപാതകത്തിന്റെ മൂലകാരണവും ചോദനയും പ്രകോപനവും തന്നെ ശിക്ഷയുടെ ലഘൂകരണത്തിനും കാരണമാകുന്ന അത്യുജ്വലമായ ഈ അപഗ്രഥന മികവിലൂടെയാണ് അതിന്റെ സൃഷ്ടാക്കള്‍ ഒരേസമയം പരമോന്നത കോടതിയിലെ ന്യായാധിപരും ജാതിക്കോടതിയിലെ കാര്യസ്ഥന്മാരുമായി ഡബിള്‍ റോള്‍ കളിക്കുന്നത്.

മനനം മനോമനന്‍ said...

"വിവാഹം കഴിച്ച് ഒന്നിച്ച് ജീവിക്കാന്‍ പ്രായപൂര്‍ത്തിയായ സ്ത്രീയ്ക്കും പുരുഷനുമുളള അവകാശത്തെ കൂട്ടക്കൊലപാതകത്തിനുളള പ്രകോപനമായി ചിത്രീകരിക്കുന്ന ഏത് ന്യായാധിപനെയും സര്‍ക്കാര്‍ ചെലവില്‍ തല പരിശോധനയ്ക്ക് വിധേയനാക്കുക തന്നെ വേണം."

മൂര്‍ത്തി said...

continue..

Joker said...

കോടതി വിധികളില്‍ ജാതി മാത്രമല്ല മതവും ഇപ്പോള്‍ സ്വാധീനം ചെലുത്തുന്നുണ്ട്. സമൂഹത്തില്‍ മാധ്യമങ്ങള്‍ അടക്കം പാടി കളിക്കുന്ന ആട്ടക്കഥകളില്‍ ന്യായാധിപന്‍ മാരും പങ്കാളികളാകുന്നുണ്ട്. പല തീവ്രവാദ കേസുകളിലും മറ്റും ഇത് പ്രകടമാണ്. ഇതിനെതിരെ പറയാനും പ്രതികരിക്കാനും സാധിക്കുന്നില്ല എന്ന് മാത്രം. പ്രതികരിക്കുന്നവനും പുള്ളിയായിപ്പോകും എന്നതാണ് സത്യം.

ബിനോയ്//HariNav said...

'..must have felt morally justified..'
നീതിപീഠത്തിലെ ചെന്നായ്ക്കള്‍ :(

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

അഭിമാനക്കൊലപാതകങ്ങൾ അരേങ്ങേറാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. ഇന്നിപ്പോൾ ആരും പ്റതികരിക്കാത്ത ഒരു സാധാരണ വാർത്ത മാത്റമാണിത്.

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

അഭിമാനക്കൊലപാതകങ്ങൾ അരേങ്ങേറാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. ഇന്നിപ്പോൾ ആരും പ്റതികരിക്കാത്ത ഒരു സാധാരണ വാർത്ത മാത്റമാണിത്.

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

അഭിമാനക്കൊലപാതകങ്ങൾ അരേങ്ങേറാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. ഇന്നിപ്പോൾ ആരും പ്റതികരിക്കാത്ത ഒരു സാധാരണ വാർത്ത മാത്റമാണിത്.

ajith said...

കോടതി വെറും മനുഷ്യനാണെന്ന് വെളിവാകുന്ന തരുണങ്ങള്‍