Wednesday, December 10, 2008

അറവുമാടുകളറിയാത്ത അങ്ങാടി ഗണിതങ്ങള്‍

ഇന്ത്യയും പാകിസ്താനുമൊന്നും ഒരു രാത്രിപോലും സ്വസ്ഥമായി ഉറങ്ങരുത് എന്ന നിര്‍ബന്ധബുദ്ധിയോടെ ആരൊക്കെയോ സദാ ഉണര്‍ന്നിരിക്കുന്നുണ്ട്. അവരാണ് ആഭ്യന്തരക്കുഴപ്പങ്ങളുടെ മഹാസ്ഫോടനങ്ങള്‍ വിതച്ച് അശാന്തിയുടെയും ഭീതിയുടെയും നിരന്തര ഞെട്ടലുകള്‍ സമ്മാനിക്കുന്നത്. കൂട്ടക്കുരുതിയുടെ ഒന്നാം മണിക്കൂറില്‍ തന്നെ ഉത്തരവാദികളെ പുളളിതൊട്ട് പൊതുജനത്തെ അറിയിക്കുന്ന ഭരണകൂടങ്ങള്‍, ഒരു സംഭവത്തിനു പോലും തുമ്പുണ്ടാക്കുന്നതില്‍ ദയനീയമായി പരാജയപ്പെടുമ്പോള്‍ അറിയുക, പിഴവറ്റതാണ് തിരക്കഥകള്‍.

ഒരിക്കലും ഉത്തരം കിട്ടാത്ത ഒട്ടേറെ ചോദ്യങ്ങള്‍ അവശേഷിപ്പിച്ചാണ് മുംബൈ സ്ഫോടനവും കടന്നു പോയത്. ഭീകരാക്രമണങ്ങള്‍ ഏതു രാജ്യത്തും ബാക്കി വെയ്ക്കുന്നത് ചോദ്യങ്ങള്‍ മാത്രമാണ്. ഒരിക്കലും ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍. ഇന്ത്യയിലെ എല്ലാ ഭീകരാക്രമണങ്ങള്‍ക്കും സമാധാനം പറയേണ്ട ചരിത്രപരമായ ബാധ്യതയുളള പാകിസ്താനിലും ഒട്ടും വ്യത്യസ്തമല്ല, സ്ഥിതി.

ഓര്‍മ്മയുണ്ടല്ലോ, ഇന്ത്യയുടെ 9/11 എന്ന് മാധ്യമങ്ങള്‍ പേരു ചാര്‍ത്തിയ മുംബൈ ഭീകരാക്രമണത്തിനു സമാനമായൊരു സംഭവം പാകിസ്താനിലും നടന്നിരുന്നു. 2008 സെപ്തംബര്‍ 20ന് രാത്രി എട്ടു മണിക്ക്.

താജും ട്രൈഡന്റും നരിമാന്‍ ഹൗസും ആക്രമിക്കപ്പെട്ടതു വഴി ഭീകരതയുടെ കടുംനിറപ്പകിട്ടുളള ഒരു 9/11 ഇന്ത്യയ്ക്കും കിട്ടി. പക്ഷേ, നമ്മെക്കാള്‍ മുന്നേ പാകിസ്താന്‍ അങ്ങനെയൊരെണ്ണം കൈവശപ്പെടുത്തിയിരുന്നു. ഇസ്ലാമാബാദിലെ മാരിയറ്റ് പഞ്ചനക്ഷത്ര ഹോട്ടലിലേയ്ക്ക് സ്ഫോടക വസ്തുക്കള്‍ നിറച്ച ട്രക്ക് ഇടിച്ചു കയറ്റി 53 പേരുടെ മരണവും ഹോട്ടലിനു മുന്നില്‍ ഒരു മഹാഗര്‍ത്തവും സൃഷ്ടിച്ചതോടെ പാകിസ്താനിലെ മാധ്യമ നിലയവിദ്വാന്മാര്‍ അലറിവിളിച്ചു. ഇതാ ഞങ്ങളുടെ 9/11.

പാകിസ്താനിലെ പ്രധാന ദേശീയ മാധ്യമങ്ങളിലൊന്നായ ദി ന്യൂസ് ദുരന്തത്തിന് നല്‍കിയ തലക്കെട്ടു തന്നെ അതായിരുന്നു. 60 dead in Pakistan’s 9/11.

9/11ന്റെ കാര്യത്തില്‍ മാത്രമല്ല ഈ സമാനതകള്‍. ചരിത്രത്തിലേയ്ക്ക് ബാക്കി വെയ്ക്കുന്ന ചോദ്യങ്ങളുടെ കാര്യത്തിലുമുണ്ട് അമ്പരപ്പിക്കുന്ന സമാനത. ഭരണകൂട പ്രതികരണങ്ങളില്‍, ഉത്തരവാദികളെ ചൂണ്ടാക്കാട്ടാനെടുക്കുന്ന സമയത്തിലും ശൈലിയിലുമൊക്കെയുണ്ട് സമാനത. ആരു പറഞ്ഞു, ഇന്ത്യയും പാകിസ്താനും സഹോദര രാജ്യങ്ങളല്ലെന്ന്? വെറിപിടിച്ച വംശീയതയില്‍ പരസ്പരം നരകദ്വേഷം പങ്കിടുന്ന ദേശസ്നേഹികള്‍ അറിയുക, രണ്ടു ഭരണകൂടങ്ങളും ഒരമ്മ പെറ്റ മക്കള്‍ തന്നെയാണ്. അല്ലെങ്കില്‍ ഒരേ ഉദരം പങ്കിടാത്ത ഏത് ഭരണകൂടമുണ്ട് ഇന്ന് ലോകത്ത്? ഒരേ പ്രവര്‍ത്തന ശൈലി. പൗരസമൂഹത്തില്‍ നിന്നും എന്തു മറച്ചു പിടിക്കണമെന്നും എന്തു പറഞ്ഞ് അവരെ തൃപ്തിപ്പെടുത്തണമെന്നും ഇരുവര്‍ക്കും നന്നായി അറിയാം.

നരിമാന്‍ ഹൗസിലേയ്ക്ക് വാങ്ങിയ കോഴിയിറച്ചി മുതല്‍ ഉന്നതരായ പൊലീസ് ഉദ്യോഗസ്ഥരുടെ മരണമടക്കമുളള സംഭവങ്ങളാണ് മുംബൈ ആക്രമണങ്ങളില്‍ ദുരൂഹത പേറുന്നതെങ്കില്‍ മാരിയറ്റ് സ്ഫോടനത്തില്‍ കുറേ ഇരുമ്പ് പെട്ടികളാണ് പ്രതിസ്ഥാനത്ത്.

സ്ഫോടനത്തിന് നാലു ദിവസം മുമ്പ് അതായത് സെപ്തംബര്‍ 16 ചൊവ്വാഴ്ച, അതിപ്രധാനമായ ഒരു കൂടിക്കാഴ്ചയ്ക്ക് മാരിയറ്റ് വേദിയായി‍. പങ്കെടുത്തത് അമേരിക്കന്‍ സൈനിക മേധാവികളുടെ ചെയര്‍മാന്‍ അഡ്മിറല്‍ മൈക്കേല്‍ ജി മുളളന്‍, പാക് പ്രധാനമന്ത്രി യൂസുഫ് റാസ ഗിലാനി, കരസേനാ മേധാവി ജനറല്‍ അഷ്ഫഖ് കായാനി എന്നീ അത്യുന്നതര്‍.

അന്ന് അര്‍ദ്ധരാത്രി ഹോട്ടലിലെത്തിയ പട്ടാളട്രക്കില്‍ നിന്ന് കുറേ സ്റ്റീല്‍ ബോക്സുകള്‍ അമേരിക്കന്‍ പട്ടാളക്കാര്‍ ചുമന്നു കയറ്റിയെന്ന് സെപ്തംബര്‍ 21ലെ ദി ന്യൂസ് പത്രത്തില്‍ അന്‍സാര്‍ അബ്ബാസിയാണ് വെളിപ്പെടുത്തിയത്. ഹോട്ടലിലെ സുരക്ഷാ ഭടന്മാരെയും പാക് പൊലീസിനെയുമൊക്കെ അകറ്റി നിര്‍ത്തി ഹോട്ടലിന്റെ മൂന്നും നാലും നിലകളിലേയ്ക്ക് നിക്ഷേപിച്ച ഈ പെട്ടികള്‍ പിന്നീട് ചൂടന്‍ ചര്‍ച്ചയ്ക്കുളള വകയായി.

ചില്ലറക്കാരനല്ലായിരുന്നു, ഈ കയറ്റിറക്കിന് സാക്ഷി. പിപിപിയുടെ പാര്‍ലമെന്റ് അംഗം മുംതാസ് ആലം ഇതു കണ്ടുവെന്ന് മാത്രമല്ല, ചോദ്യം ചെയ്യാനുളള ധൈര്യവും കാണിച്ചു. പാര്‍ലമെന്റില്‍ പോയി പരാതി പറയാനായിരുന്നു ഹോട്ടല്‍ അധികൃതരുടെ മുഖമടച്ചാട്ട്.

ഹോട്ടലിലെ പ്രധാന ഗേറ്റുകളെല്ലാം അടച്ച്, ഹോട്ടല്‍ സുരക്ഷാ ജീവനക്കാരെ പൂര്‍ണമായും അകറ്റി നിര്‍ത്തി, മെറ്റല്‍ ഡിറ്റക്ടറും സ്കാനറും ഒഴിവാക്കി കമാന്‍ഡോകള്‍ ചുമന്നു കയറ്റിയ ആ പെട്ടികളില്‍ എന്തായിരുന്നുവെന്ന ചോദ്യം പാകിസ്താനില്‍ ആവര്‍ത്തിച്ചു മുഴങ്ങി. വാര്‍ത്താ വിനിമയ ഉപകരണങ്ങളായിരുന്നു അവയെന്ന് അമേരിക്കക്കാര്‍ സത്യം ചെയ്തിട്ടും ആരും വിശ്വസിക്കുന്നില്ല. അര്‍ദ്ധരാത്രി പരമ രഹസ്യമായാണോ വാര്‍ത്താ വിനിമയ ഉപകരണങ്ങള്‍ ഹോട്ടലിലെത്തിക്കുന്നതെന്ന് ചോദിച്ചിട്ടും മറുപടിയൊന്നുമില്ല.

അന്നേ ദിവസം ഈ ഹോട്ടലില്‍ പ്രമുഖരുടെ ഇഫ്താര്‍ വിരുന്നു സംഘടിപ്പിച്ചിരുന്നു. പ്രമുഖരെന്നുവെച്ചാല്‍, പ്രസിഡന്റ് സര്‍ദാരി, പ്രധാനമന്ത്രി ഗിലാനി, സേനാ മേധാവി കായാനി എന്നിവര്‍. അവസാന നിമിഷം ഇഫ്താര്‍ വിരുന്ന് പ്രധാനമന്ത്രിയുടെ വസതിയിലേയ്ക്ക് മാറ്റുകയായിരുന്നുവെന്ന് സുരക്ഷാ ഉപദേഷ്ടാവ് ഡോ. റഹ്മാന്‍ മാലിക് പറയുന്നു.

എന്തുകൊണ്ടാണ് അവസാന നിമിഷം വിരുന്നുവേദി മാറ്റിയതെന്ന ചോദ്യത്തിന് പക്ഷേ, ഉത്തരമില്ല. ഹോട്ടലില്‍ ഒരു ഭീകരാക്രമണം അന്നുണ്ടാകുമെന്ന് അധികാരികള്‍ക്ക് ഉറപ്പു കിട്ടിയിരുന്നുവെന്നു. അതു വ്യക്തം.

ഹോട്ടലില്‍ താമസിച്ചിരുന്ന അമ്പതോളം യുഎസ് നേവി കമാന്‍ഡോകള്‍ സ്ഫോടനമുണ്ടായപ്പോള്‍ കൃത്യമായി ഹോട്ടലിനു പുറത്തായിരുന്നുവെന്ന് മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. സ്ഫോടനത്തിനു ശേഷം മുഖം മറച്ച് കമാന്‍ഡോകള്‍ ഹോട്ടലിലേയ്ക്ക് പ്രവേശിക്കുന്ന ദൃശ്യങ്ങള്‍ ആജ് ടിവി ചാനല്‍ പ്രക്ഷേപണം ചെയ്തുവത്രേ!

ഹോട്ടലിനു മുന്നില്‍ വെച്ചാണ് സ്ഫോടക വസ്തുക്കളുമായി പാഞ്ഞുവന്ന വാന്‍ പൊട്ടിത്തെറിച്ചത്. മാരിയറ്റിന്റെ മുന്നില്‍ സ്ഫോടനം നടന്ന സ്ഥലത്ത് ഒരു പടുകൂറ്റന്‍ കുഴിയുമുണ്ട്. എന്നാല്‍ തീ ആളിപ്പടര്‍ന്നത് ഹോട്ടലിലെ നാലും അഞ്ചും നിലകളില്‍.

ഗ്യാസ് പൈപ്പ്‍ലൈന്‍ പൊട്ടിയാണ് തീപിടിത്തമെന്ന് വിശദീകരിക്കപ്പെട്ടു. എന്നാല്‍ മറ്റു നിലകളെ ഗ്യാസ് പൈപ്പ് പൊട്ടി തീപടരാത്തതെന്ത് എന്നു സംശയത്തിന് മറുപടിയുണ്ടായില്ല. ഈ നിലകളിലായിരുന്നുവത്രേ പെട്ടികള്‍ സൂക്ഷിച്ചിരുന്നത്.

പ്രസിഡന്റ് സര്‍ദാരി പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് മണിക്കൂറുകള്‍ക്കകമായിരുന്നു സ്ഫോടനം. വാര്‍ത്തയറിഞ്ഞയുടനെ ഭരണകൂടം പ്രതികളാരെന്ന് പ്രഖ്യാപിച്ചു. മുമ്പു നടന്ന സ്ഫോടനങ്ങളുടെയെല്ലാം പിന്നില്‍ അഫ്ഗാന്‍ അതിര്‍ത്തിയിലെ ഫെഡറലി അഡ്മിസ്റ്റേര്‍ഡ് ട്രൈബല്‍ ഏരിയ (ഫെറ്റ) എന്നറിയപ്പെടുന്ന മേഖലയിലുള്ളവരാണെന്നും ഇതും അവരുടെ വക തന്നെയെന്നും പ്രധാനമന്ത്രിയുടെ സുരക്ഷാ ഉപദേഷ്ടാവ് റഹ്മാന്‍ മാലിക്കിന്റെ തീര്‍ച്ചപ്പെടുത്തല്‍. അന്വേഷണം വേണ്ട. റിപ്പോര്‍ട്ട് കാണേണ്ട. ഉത്തരവാദികളുടെ പേര് അധികാരികളുടെ നാവിന്‍ തുമ്പില്‍ റെഡി. ഇന്ത്യയിലും മറിച്ചല്ലല്ലോ അനുഭവം.

ആക്രമണത്തെക്കുറിച്ച് മുന്‍കൂര്‍ ഭീഷണിയും കിട്ടിയിരുന്നു പോലും. പ്രസിഡന്റ് അംഗങ്ങളെ അഭിസംബോധന ചെയ്യവെ പാര്‍ലമെന്റില്‍ ചാവേറാക്രമണം നടക്കുമെന്നായിരുന്നു പോലും ഭീഷണി. എല്ലാ ആക്രമണങ്ങളുണ്ടാകുമ്പോഴും ഏതെങ്കിലും ഒരു സംഘടനയുടെ ഇമെയില്‍ സന്ദേശത്തെക്കുറിച്ച് നമ്മളും അറിയാറുണ്ട്.

മാരിയറ്റ് സ്ഫോടനത്തിന് കൃത്യമായ ലക്ഷ്യമുണ്ടെന്ന് പാകിസ്താന്‍ മാധ്യമങ്ങള്‍ ഒന്നടങ്കം ചൂണ്ടിക്കാട്ടുന്നു. റോയുടെ പങ്കും പലരും ആരോപിക്കുന്നുണ്ടെങ്കിലും മുന നീളുന്നത് സിഐഎയ്ക്കു നേരെ. പാകിസ്താനില്‍ ഭീകരതയുടെ വിളയാട്ടമാണെന്ന് പുറംലോകത്തെയും പാക് ജനതയെയും വിശ്വസിപ്പിക്കുന്നതിനു വേണ്ടി ആസൂത്രണം ചെയ്തതാണ് ഈ ആക്രമണമെന്നതില്‍ അവര്‍ക്ക് സംശയമില്ല. പാകിസ്താന്റെ ആകാശവും ഭൂമിയും അമേരിക്കന്‍ സൈനികര്‍ക്ക് പതിച്ചെടുക്കണമെങ്കില്‍ അവിടെ സ്ഫോടനങ്ങള്‍ ഒഴിയാന്‍ പാടില്ല. ഓരോ സ്ഫോടനവും പാക് മണ്ണിലെ അമേരിക്കന്‍ സാന്നിദ്ധ്യത്തിനുളള നീതീകരണമാണ്. അമേരിക്കയിലെയും പാകിസ്താനിലെയും പിന്നെ ലോക ജനതയുടെയും മുന്നില്‍.

ഒക്ടോബര്‍ 24ന് നാലു പാകിസ്താനികളെ പഞ്ചാബ് പ്രവിശ്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും പോലീസ് അറസ്റ്റു ചെയ്തു. കറുത്ത തുണിയിട്ട് മുഖം മറച്ച് അവരെ മാധ്യമങ്ങള്‍ മുന്നിലൂടെ നടത്തി.മാരിയറ്റ് ആക്രമണങ്ങളില്‍ നേരിട്ടല്ലാത്ത പങ്കാളിത്തം ആരോപിച്ചാണ് അറസ്റ്റ്. പിടിക്കപ്പെട്ടവരെ റാവല്‍പിണ്ടിലെ ഭീകര വിരുദ്ധ കോടതിയില്‍ ഹാജരാക്കി. പൊലീസ് കസ്റ്റഡിയില്‍ തന്നെയിരിക്കട്ടെയെന്ന് ജഡ്ജി കല്‍പ്പിച്ചു.

സ്ഫോടനം നടത്തിയത് പടിഞ്ഞാറേ അതിര്‍ത്തിയിലെ ഗോത്രവര്‍ഗക്കാരാണെന്ന് ഉറപ്പിച്ചു പറയുമ്പോഴും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ പൊലീസ് തയ്യാറല്ല. സൈനികര്‍ മാത്രം ഉപയോഗിക്കുന്ന അത്യന്താധുനിക സ്ഫോടക വസ്തുക്കള്‍ ഭീകരര്‍ക്ക് എങ്ങനെ കിട്ടി, ഏത് തലച്ചോറിലാണ് ആസൂത്രണവും നിര്‍വഹണവും തെളിഞ്ഞു മിന്നിയത് എന്നൊക്കെയുളള ചോദ്യങ്ങള്‍ക്ക് ഒരു ഉത്തരവും കൂടി കണ്ടെത്തി ഇവരെ വിചാരണ ചെയ്യും.

ആ നാലുപേര്‍ക്കും തൂക്കുമരമോ ആയുഷ്കാല ജയില്‍ ശിക്ഷയോ കിട്ടിയേക്കാം. പുതിയ സ്ഫോടനങ്ങള്‍ക്കും മരണങ്ങള്‍ക്കും പിന്നാലെ മാധ്യമങ്ങള്‍ പായുമ്പോള്‍ ചരിത്രപാഠങ്ങളില്‍ ഒരു ദുരന്തമായി മാരിയറ്റ് സ്ഫോടനവും സ്ഥാനം പിടിക്കും. ഉയര്‍ന്ന സംശയങ്ങളും അഭ്യൂഹങ്ങളും സൂചനകളും ഉത്തരം കിട്ടാതെ രാഷ്ട്രീയ മണ്ഡലത്തില്‍ അലഞ്ഞു നടക്കും.


ആ മൂന്നു പേരും കൊല്ലപ്പെട്ടതെങ്ങനെ?
മുംബൈ ആക്രമണത്തിലും സംശയങ്ങള്‍ക്കും സൂചനകള്‍ക്കും പഞ്ഞമില്ലല്ലോ. ആ മൂന്നു കൊലപാതകങ്ങള്‍ എവിടെ വെച്ച്, ആര് ചെയ്തു എന്നതിന് ഔദ്യോഗികമായി വ്യക്തമായൊരുത്തരം ഇതുവരെ കിട്ടിയോ?

എങ്ങനെ, എവിടെ വെച്ചാണ് ഹേമന്ത് കാര്‍കറെയും വിജയ് സലാസ്കറും അശോക് കാംതെയും കൊല്ലപ്പെട്ടത്? വീരമൃത്യു വരിച്ച സൈനികരെ ആചാരപരമായിത്തന്നെ നാം ആഘോഷിച്ചു. അവരെങ്ങനെ മരിച്ചുവെന്ന തീര്‍ത്തും പ്രാഥമികമായ ചോദ്യം ഒരിക്കലും ചോദിക്കാതെ തന്നെ.

മൂവരും മരിച്ചത് നവംബര്‍ 26ന് അര്‍ദ്ധരാത്രിയ്ക്ക്. ഹെല്‍മറ്റും ബുളളറ്റ് പ്രൂഫ് ജാക്കറ്റും ധരിച്ച് കാമറയുടെ മുന്നില്‍ നിന്ന് കാര്‍കറെ പോയത് മരണത്തിലേയ്ക്കാണ്. ഏറ്റുമുട്ടലില്‍ ഇവര്‍ കൊല്ലപ്പെട്ടുവെന്നാണ് ആദ്യം വന്ന വാര്‍ത്തകള്‍.

ഇത്തരമൊരു ചോദ്യത്തിന്റെ ഉത്തരം മലയാള പത്രങ്ങളില്‍ തേടുന്നത് പ്രസക്തമാണോ എന്നറിയില്ല. എങ്കിലും നമുക്ക് മനോരമ ഒന്നു പരതി നോക്കാം. നവംബര്‍ 27ന് മനോരമ റിപ്പോര്‍ട്ട് ചെയ്തത് ഇങ്ങനെയാണ്. ഭീകരാക്രമണം മരണം 80 എന്ന തലക്കെട്ടിലെ പ്രധാനവാര്‍ത്ത. മൂന്നാം ഖണ്ഡിക. അവസാന വരി.

"സിഎസ്‍ടിയ്ക്കു സമീപം മെട്രോ സിനിമാ പരിസരത്ത് പൊലീസ് ഇന്‍സ്പെക്ടറെ ബന്ദിയാക്കി അക്രമികള്‍ വാനുമായി കടക്കുമ്പോള്‍ ഹേമന്ത് കാര്‍ക്കറെ തടയുകയായിരുന്നു.."

ATS chief Karkare succumbs to injuries എന്നാണ് എന്‍ഡിറ്റിവി വാര്‍ത്തയുടെ തലക്കെട്ട്. അവലംബം പിടിഐ വാര്‍ത്തയും. രണ്ടാം ഖണ്ഡിക ഇങ്ങനെ.

Karkare (54), who was probing the Malegaon blasts case, was gunned down when he was leading an operation at Hotel Taj against terrorists who had taken 15 people, including seven foreigners, as hostages. He was hit by three bullets in his chest. One MP Krishan Das and 200 people were stranded in Taj hotel.

ATS CHIEF HEMANT KARKARE KILLED എന്നാണ് ഐബിഎന്‍ ലൈവിന്റെ തലക്കെട്ട്.

Karkare, 54, was killed in a shootout with terrorists at the Taj Intercontinental Hotel where terrorists have taken at least 15 people hostage. എന്നു തന്നെയാണ് അവിടെയും വാര്‍ത്ത. അഡീഷണല്‍ കമ്മിഷണര്‍ അശോക് കാംതെയും ഏറ്റുമുട്ടല്‍ വിദഗ്ധന്‍ വിജയ് സലാസ്കറും മരിച്ചത് മെട്രോ സിനിമയ്ക്കു മുന്നില്‍ നടന്ന വെടിവെപ്പിലാണെന്ന് ഐബിഎന്‍ സംശയ രഹിതമായി പറയുന്നു.

എന്നാല്‍ ലൈവ് ആഘോഷിച്ച ഈ ചാനലുകള്‍ പറഞ്ഞത് കളളമാണെന്നല്ലേ, പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പൊലീസ് കോണ്‍സ്റ്റബിള്‍ അരുണ്‍ ജാദവ് പറഞ്ഞത്. ഒരേ വാഹനത്തില്‍ വെച്ചാണത്രേ ഈ മൂന്നു പേരും കൊല്ലപ്പെട്ടത്. ഇവര്‍ക്കു പുറമെ മൂന്ന് കോണ്‍സ്റ്റബിളുമാരും കൊല്ലപ്പെട്ടുവെന്നും താന്‍ അത്ഭുതകരമായി രക്ഷപെട്ടുവെന്നും അരുണ്‍ ജാദവ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ നവംബര്‍ 29ന് റിപ്പോര്‍ട്ട് ചെയ്തു.

സിഎസ്ടിയില്‍ നിന്ന് ഒരു ക്വാളിസ് വാനില്‍ മെട്രോ സിനിമയിലേയ്ക്ക് പോവുകയായിരുന്നു ഉദ്യോഗസ്ഥ സംഘം. സദാനന്ദ് ദാതെയെന്ന ഓഫീസര്‍ക്ക് വെടിയേറ്റുവെന്ന വാര്‍ത്തയറിഞ്ഞാണ് ഇവര്‍ അങ്ങോട്ട് പോയതത്രെ. യാത്രാമധ്യേ ഒരു മരത്തിന് പുറകില്‍ നിന്നും പൊടുന്നനെ രണ്ടു തീവ്രവാദികള്‍ വെടിയുതിര്‍ത്തുവെന്നും വാഹനത്തിലിരുന്ന ആറുപേര്‍ കൊല്ലപ്പെട്ടുവെന്നും അരുണ്‍ ജാദവ് പറയുന്നു.

കൊല്ലപ്പെട്ട ഉദ്യോഗസ്ഥരെ വലിച്ചു പുറത്തിട്ട് ശേഷം രണ്ടുപേരും കുറേ ദൂരം കാറോടിച്ചെന്നും പിന്നീട് ടയര്‍ പഞ്ചറായപ്പോള്‍ അതുപേക്ഷിച്ച് വേറൊരു സ്വകാര്യ വാഹനത്തില്‍ കയറി ഭീകരന്മാര്‍ രംഗം വിട്ടുവെന്നുമൊക്കെയാണ് അരുണ്‍ ജാദവ് പറയുന്നത്.

മൂന്ന് ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെ കൊല്ലപ്പെട്ട നിലയില്‍ റോഡില്‍ നിന്ന് കണ്ടെടുക്കുകയായിരുന്നുവെന്ന വാര്‍ത്ത എന്തുകൊണ്ടാണ് ലൈവ് ആഘോഷിച്ച പത്രക്കാര്‍ക്ക് കിട്ടാതെ പോയത്? ഹേമന്ത് കാര്‍ക്കറെ ടാജിനു മുന്നിലും മറ്റു രണ്ടുപേര്‍ മെട്രോ സിനിമയ്ക്കും മുന്നില്‍ ഭീകരോട് ഏറ്റുമുട്ടി കൊല്ലപ്പെടുകയായിരുന്നുവെന്നാണ് ഏതാണ്ടെല്ലാ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തത്. ബുളളറ്റ് പ്രൂഫ് ധരിച്ചിരുന്ന കാര്‍ക്കറെയുടെ നെഞ്ചില്‍ മൂന്നു ബുള്ളറ്റേറ്റുവെന്ന് എന്‍ഡിടിവി പറയുന്നു.

സലാസ്കര്‍ ഡ്രൈവിംഗ് സീറ്റിലും കാംതെ മുന്നിലും കാര്‍ക്കറെ രണ്ടാം നിരയിലുമാണ് ഇരുന്നതെന്ന് അവര്‍ക്ക് വെടിയേല്‍ക്കുമ്പോള്‍ ഒപ്പമുണ്ടായിരുന്നുവെന്ന് അവകാശപ്പെടുന്ന പോലീസുകാരന്‍ പറയുന്നു. കാറിന്റെ പിന്‍നിരയിലിരുന്ന കാര്‍ക്കറെയുടെ നെഞ്ചില്‍ മൂന്നു ബുളളറ്റുകള്‍ ഏറ്റുവെന്നത് വിശ്വസിയ്ക്കാന്‍ കഴിയുമോ?

പ്രശസ്തരും പ്രഗത്ഭരുമായ മൂന്നു പോലീസ് ഉദ്യോഗസ്ഥരെ മരിച്ച നിലയില്‍ റോഡരുകില്‍ നിന്ന് കണ്ടെത്തുകയായിരുന്നുവെന്ന വിവരം എന്തുകൊണ്ട് അധികാരികള്‍ ഔദ്യോഗികമായി ജനങ്ങളോട് പറഞ്ഞില്ല. അരുണ്‍ ജാദവ് പറഞ്ഞതാണോ ആക്രമണം തുടങ്ങി തീരുന്നതു വരെ ലൈവ് സംപ്രേക്ഷണം നടത്തിയ മാധ്യമങ്ങള്‍ പറയുന്നതാണോ നാം വിശ്വസിക്കേണ്ടത്?

പാഞ്ഞു വരുന്ന വാഹനത്തിനു നേരെ വെടിവെയ്ക്കുമ്പോള്‍ അകത്തിരിക്കുന്ന ഡ്രൈവറടക്കം വെടിയേറ്റ് മരിച്ചാല്‍ ആ വണ്ടി എവിടെയെങ്കിലും ഇടിച്ചല്ലേ നില്‍ക്കുക. വെടിയേറ്റു തുളഞ്ഞ ചില്ലുകളോടെ, കീറിപ്പൊളിഞ്ഞ ടയറുകളോടെ ആ വാഹനം എവിടെ നിന്നാണ് പൊലീസ് കണ്ടെടുത്തത്? എന്തുകൊണ്ടാണ് ആ കാറിന്റെ ഒരു ചിത്രം പോലും മാധ്യമങ്ങള്‍ക്ക് കിട്ടാത്തത്?

ഹേമന്ത് കാര്‍ക്കറെയും വിജയ് സലാസ്ക്കറും അശോക് കാംതെയും വെടിയേറ്റു മരിച്ചത് ഒരു പൊലീസ് വാഹനത്തിനുളളില്‍ വെച്ചാണെങ്കില്‍ ആ കാറിന് വലിയൊരു വാര്‍ത്താ പ്രധാന്യമില്ലേ?

ചൗപാത്തിയില്‍ നിന്നാണ് ഒരു ഭീകരനെ അറസ്റ്റു ചെയ്തതെന്ന് പൊലീസ് പറയുന്നു. ഇയാള്‍ തന്നെയാണ് ഹേമന്ത് കാര്‍ക്കറെയെയും വിജയ് സലാസ്കറെയും അശോക് കാംതെയെയും വെടിവെച്ചു കൊന്നതെന്നും പൊലീസ് പറയുന്നു. ആക്രമണ പദ്ധതിയും ഉദ്ദേശ്യവും വന്ന വഴിയും സഞ്ചരിച്ച കപ്പലും ബോട്ടും എല്ലാം എല്ലാം ഇയാള്‍ പൊലീസിനോട് തുറന്നു പറഞ്ഞു. പൊലീസ് പറയുന്നത്, ഭരണകൂടം പറയുന്നത് നാം വിശ്വസിക്കുക. ചോദ്യങ്ങള്‍ക്കുളള ഉത്തരം തേടി കസ്റ്റഡിയിലുളള ഭീകരനെ ചോദ്യം ചെയ്യാന്‍ പൊതുജനത്തിനാവില്ലല്ലോ. പത്രക്കുറിപ്പ് ഭാഷ്യങ്ങള്‍ വിശ്വസിക്കുന്ന ജനതയാണ് സുസ്ഥിരമായ ഒരു രാഷ്ട്രത്തെ നിര്‍വചിക്കുന്നത്.

ചോദ്യം ചെയ്യലുകള്‍ക്കും തെളിവെടുപ്പിനും കുറ്റാരോപണങ്ങള്‍ക്കും പ്രത്യാരോപണങ്ങള്‍ക്കും ശേഷം ഒരുപക്ഷേ ഈ ഭീകരനെയും തൂക്കിക്കൊല്ലാന്‍ കോടതി വിധിക്കും. മാധ്യമങ്ങള്‍ ഒരിക്കല്‍ കൂടി ഭീകരതയുടെ ഓര്‍മ്മ പുതുക്കും. ജനത സന്തോഷിക്കും. ടെലിവിഷനില്‍ ലൈവ് കണ്ടതും സമയം വെച്ച് മാധ്യമങ്ങള്‍ അപ്പപ്പോള്‍ അറിയിച്ചതും കണ്ണിമയ്ക്കാതെ നോക്കിയിരുന്നവരില്‍ അപ്പോഴുമുണ്ടാകും ചില കണ്ണികള്‍ക്ക് അത്രയിഴടുപ്പം പോരല്ലോ എന്ന സംശയം.

സെപ്തംബര്‍ 16ന് മാരിയറ്റ് ഹോട്ടലിന്റെ നാലാം നിലയിലേയ്ക്ക് ചുമന്നു കൊണ്ടുപോയ പെട്ടികള്‍ പാകിസ്താന്‍ ജനതയുടെയും ധീരന്മാരായ മൂന്ന് ഓഫീസര്‍മാരുടെ കൊലപാതകത്തെ ചൂഴ്ന്നു നില്‍ക്കുന്ന ദുരൂഹത ഇന്ത്യന്‍ ജനതയുടെയും ഉറക്കം കെടുത്തട്ടെ. ഈ രണ്ട് 9/11ന്റെയും യാഥാര്‍ത്ഥ്യങ്ങളിലേയ്ക്കുളള താക്കോല്‍ ഒരുപക്ഷേ ഈ ചോദ്യങ്ങളിലാവും കിടക്കുന്നത്.

ആക്രമിക്കാന്‍ കുറേ ഭീകരര്‍. ചത്തു വീഴാന്‍ കുറേ സാധാരണക്കാര്‍. ഏറ്റുമുട്ടലില്‍ ഭീകരരെ കൊല്ലാനും ആ ശ്രമത്തില്‍ വീരമൃത്യു വരിക്കാനും കുറേ സൈനികര്‍. എല്ലാം കഴിയുമ്പോള്‍ കസേര കളിക്കാനും ആരോപണങ്ങളുന്നയിക്കാനും സിദ്ധാന്തങ്ങള്‍ അവതരിപ്പിക്കാനും ഭരണകൂടം. ഭീകരതയുടെ മറവില്‍ നയതന്ത്ര ടൂറിസത്തിന്റെ അനന്തസാധ്യതകള്‍ ആഘോഷിക്കുന്ന കോണ്ടോളിസാ റൈസുമാര്‍. ചക്രം നിലയ്ക്കാതെ കറങ്ങിക്കൊണ്ടേയിരിക്കും. ഇന്ത്യയിലാണെങ്കിലും പാകിസ്താനിലാണെങ്കിലും.

എവിടെയായാലും ഓരോ സ്ഫോടനവും നടക്കുമ്പോള്‍, കൂട്ടക്കുരുതിയുടെ വാര്‍ത്ത വായിക്കുമ്പോള്‍, ഒരന്വേഷണവുമില്ലാതെ ഉത്തരവാദികളെ ചുണ്ണാമ്പു തൊട്ട് അടയാളപ്പെടുത്തുമ്പോള്‍, പിടിയിലായവരെക്കുറിച്ച് നിറം പിടിപ്പിച്ച കഥകള്‍ വായിക്കുമ്പോള്‍ ഒരു കാര്യം മറന്നു പോകാതിരിക്കുക.

അറവുമാടുകള്‍ക്ക് തിരിയുന്നതല്ല, അങ്ങാടി ഗണിതം. ചത്ത് തുലഞ്ഞ് ആരാന്റെയും തീന്മേശയിലെത്താനുളളവ വേണ്ടാത്ത കാര്യങ്ങളാലോചിച്ച് എന്തിന് തലവേദന കൂടി ക്ഷണിച്ചു വരുത്തണം. ഒരു നിമിഷാര്‍ദ്ധത്തിനുളളില്‍ അവയവങ്ങള്‍ ചിന്നിച്ചിതറിയും ലക്കും ലഗാനുമില്ലാത്ത വെടിവെപ്പില്‍ തലച്ചോറും കുടല്‍മാലയും ഹൃദയപേശികളും ശ്വാസകോശവും ചിതറിത്തെറിച്ചും മരിക്കാന്‍ വിധിക്കപ്പെട്ട ജനതയെന്ന അറവുമാടും അറിയേണ്ടതല്ല, ഭീകരതയുടെ അങ്ങാടി ഗണിതങ്ങള്‍.

Friday, December 05, 2008

കൊന്നു തളളുക നീ, ദൈവഭക്താ...

Killing is a pious man's obligation. ദൈവഭക്തന്റെ കടമയാണ് കൊലപാതകം. പറയുന്നത് ഹാഫിസ് മൊഹമ്മദ് സയീദ്. മരണമെന്നാണ് ഈ പേരിന് ഇന്ത്യയില്‍ അര്‍ത്ഥം. കാരണം ഇയാളാകുന്നു, ലോകം ഭയക്കുന്ന ലഷ്കര്‍ ഇ തോയിബ എന്ന ഭീകര സംഘടനയുടെ അധിപന്‍.

തിന്മയും അവിശ്വാസവും ലോകത്തു നിന്ന് തുടച്ചു നീക്കേണ്ടത് ഒരു സത്യവിശ്വാസിയുടെ കടമയാണെന്ന് ഉദ്ബോധിപ്പിക്കുന്ന ഈ മനുഷ്യനാണ്, ഇന്ത്യ അന്വേഷിക്കുന്ന കൊടുംഭീകരരില്‍ ഒന്നാം സ്ഥാനക്കാരന്‍.

കുഞ്ഞുന്നാളില്‍ അമ്മയില്‍ നിന്ന് കേട്ടു പഠിച്ച ഖുര്‍ആന്‍ മുഴുവന്‍ ഹാഫീസിന് മനപ്പാഠം. ഏറ്റവും പ്രിയപ്പെട്ട ആയത്ത് (സൂക്തം) വജാഹിതു ഫി സബിലളളാഹ്... അര്‍ത്ഥം, സര്‍വശക്തനു വേണ്ടി വിശുദ്ധ യുദ്ധത്തിന് സജ്ജരാകുക..

2000 ഡിസംബര്‍ 22ന് ചെങ്കോട്ട ആക്രമിച്ചത്, 2001 ഡിസംബര്‍ 13ന് ഇന്ത്യയുടെ പാര്‍ലമെന്റ് ആക്രമിക്കാന്‍ ആത്മഹത്യാ സ്ക്വാഡിനെ ഒരുക്കി അയച്ചത്‍, 2003 ആഗസ്റ്റ് 25ന് മുംബൈയില്‍ ബോംബ് സ്ഫോടനം നടത്തിയത്, 2002 സെപ്തംബര്‍ 24ന് അക്ഷര്‍ധാം ക്ഷേത്രം ആക്രമിച്ചത്, 2005 ഒക്ടോബര്‍ 29ന് ദില്ലിയിലെ ദീപാവലി ആഘോഷങ്ങളില്‍ ചാവേര്‍ സ്ഫോടനം നടത്തിയത്...

സ്വന്തം കടമ നിറവേറ്റാന്‍ വേണ്ടി ഹാഫിസ് നിയോഗിച്ച ദൈവഭക്തര്‍ വിതച്ച ഭീതിയുടെ മുഹൂര്‍ത്തങ്ങള്‍ അങ്ങനെയെത്രയെത്ര? ഏറ്റവും ഒടുവില്‍ മുംബെയില്‍ നടന്ന നരമേധത്തിലും പ്രതിസ്ഥാനത്ത് സംശയിക്കപ്പെടുന്ന ഏറ്റവും പ്രസക്തമായ പേര് ലഷ്കര്‍ ഇ തോയിബയുടേത്.

പാഴ്‍ശ്രമങ്ങള്‍ക്ക് തലച്ചോറു പുകയ്ക്കുന്നവനല്ല ഹാഫിസ്. ആവര്‍ത്തിച്ചു വായിച്ച് പുളകം കൊളളാന്‍, കൊളളാവുന്നൊരു കണക്കു പുസ്തകം അവശേഷിപ്പിച്ചാണ് ഓരോ നിയോഗവുമേല്‍ക്കുന്നവര്‍ സ്വര്‍ഗസ്ഥരാകുന്നത്. ചെറിയൊരു സാമ്പിള്‍ വായിക്കുക.

തുടരുന്ന ജിഹാദ്, പെരുകുന്ന ശവങ്ങള്‍
കഴിഞ്ഞ പതിനൊന്നു വര്‍ഷമായി കശ്മീരില്‍ തുടരുന്ന ജിഹാദില്‍ ലഷ്കര്‍ ഇ തോയിബക്കാര്‍ കൊന്നു തളളിയത് 14,369 പട്ടാളക്കാരെ. ലഷ്കറിന് നഷ്ടപ്പെട്ടതോ വെറും 1016 പേരെ.

1999 ല്‍ മാത്രം 11 ചാവേറാക്രമണങ്ങള്‍. ഫിദായേം എന്ന് പേരിട്ട് വാഴ്ത്തുന്ന കൊലപാതകങ്ങള്‍. കൊല്ലപ്പെട്ടത് ഓഫീസര്‍മാരുള്‍പ്പെടെ 258 പട്ടാളക്കാര്‍.

തൊട്ടടുത്ത വര്‍ഷമായപ്പോഴേയ്ക്കും ഫിദായേം ആക്രമണങ്ങളുടെ എണ്ണം 98 ആയി വളര്‍ന്നു. കൊല്ലപ്പെട്ടത് 891 പട്ടാളക്കാര്‍. അവരില്‍ മൂന്നു കേണലുകള്‍, 10 മേജര്‍മാര്‍, ഒരു കമാന്‍ഡന്റ്, ഒരു കാപ്റ്റന്‍. മൂന്ന് എഞ്ചിനീയര്‍മാര്‍.

ഓരോ ജിഹാദ് കഴിയുമ്പോഴും തെരുവില്‍ വീഴുന്ന ശവങ്ങളെണ്ണി ഹാഫിസ് പതിയെ പറയും.. ദൈവഭക്തന്റെ കടമയാണ് കൊലപാതകം. വജാഹിതു ഫി സബിലളളാഹ്... ചാവേര്‍ മുജാഹിദ്ദീനുകള്‍ സര്‍വശക്തന്റെ സംവരണാവകാശങ്ങള്‍ അനുഭവിച്ച് സ്വര്‍ഗരാജ്യത്ത് സസുഖം വാഴും.

ലോകത്തിലെ ഏറ്റവും ശക്തമായ ഭീകര സംഘമായാണ് ലഷ്കര്‍ ഇ തോയിബ അറിയപ്പെടുന്നത്. ഏറ്റവും അപകടകാരികള്‍. പ്രഹര ശേഷി മാരകം.

എണ്‍പതുകളിലാണ് ലഷ്കര്‍ ഇ തോയിബയുടെ ജനനം. ലക്ഷ്യം ജമ്മു കശ്മീരില്‍ നിന്ന് ഇന്ത്യന്‍ പട്ടാളത്തെ തുരത്തി ഖലീഫയുടെ അധീശത്വം സ്ഥാപിക്കുക. ചാവേറാക്രമണത്തിലും പരമ്പരാഗതമായ ആക്രമണ തന്ത്രങ്ങളിലും ലഷ്കറിനെ വെല്ലാന്‍ ഇനിയൊരു ഭീകര സംഘം ജനിക്കേണ്ടിയിരിക്കുന്നു. 2002ല്‍ ഈ സംഘടനയെ പാകിസ്താന്‍ നിരോധിച്ചതോടെ ആക്രമണങ്ങളുടെ ഉത്തരവാദിത്വമേറ്റെടുക്കുന്ന പതിവ് ലഷ്കര്‍ അവസാനിപ്പിച്ചു. പേര് ജമാ ഉദ് ദവാ എന്ന് മാറ്റി.

മുംബൈ ആക്രമണത്തിനിറങ്ങിയവര്‍ ഈ പേരില്‍ ഫേസ് ബുക്കില്‍ പ്രൊഫൈല്‍ തുറന്ന് പ്രചരണം നടത്തിയിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

മര്‍ക്കസ് അല്‍ ദവാ വാ അല്‍ ഇര്‍ഷാദ് എന്ന ഇസ്ലാമിക ക്ഷേമ സംഘടനയുടെ സേനയായിട്ടാണ് ലഷ്കറിന്റെ പിറവി. ഒസാമ ബിന്‍ ലാദന്റെ അല്‍ക്വായിദയുമായും നല്ല ബന്ധം. നിരോധനത്തിനു ശേഷം ലഷ്കര്‍ ചാവേറുകള്‍ക്ക് പരിശീലനം നല്‍കുന്നത് അല്‍ക്വായിദയുടെ ക്യാമ്പുകളിലാണത്രേ.

2005 ജൂലൈ ഏഴിന് ലണ്ടനിലെ ചാവേറാക്രമണത്തില്‍ പങ്കെടുത്ത ഷാഹ്സാദ് തന്‍വീറിനടക്കം അല്‍ക്വായിദയുടെ പരിശീലനം കിട്ടിയിരുന്നുവെന്ന് ബ്രിട്ടീഷ് അന്വേഷകര്‍ വിശ്വസിക്കുന്നു. അബു സുബൈദയെപ്പോലുളള അല്‍ ക്വായിദ നേതാക്കള്‍ അറസ്റ്റിലായതും ലഷ്കര്‍ ഇ തോയിബ കേന്ദ്രങ്ങളില്‍ നിന്നു തന്നെ.

ഖലീഫാ സാമ്രാജ്യത്തിന് എ കെ 47
തുറന്നു പിടിച്ചിരിക്കുന്ന പച്ചനിറത്തിലെ ഖുര്‍ആന്‍ ഗ്രന്ഥത്തില്‍ കുത്തി നിര്‍ത്തിയിരിക്കുന്ന കറുത്ത എകെ 47 റൈഫിള്‍. പശ്ചാത്തലത്തില്‍ മഞ്ഞ സൂര്യന്‍. ഖുര്‍ ആന്‍ എട്ടാം സൂറത്തിലെ മുപ്പത്തിയൊമ്പതാം ആയത്ത് അര്‍ദ്ധവൃത്താകൃതിയില്‍ എഴുതിച്ചേര്‍ത്തിരിക്കുന്നു.

അതിങ്ങനെ. "കുഴപ്പം ഇല്ലാതാവുകയും മതം മുഴുവന്‍ അല്ലാഹുവിന്‌ വേണ്ടിയാകുകയും ചെയ്യുന്നത്‌ വരെ നിങ്ങള്‍ അവരോട്‌ യുദ്ധം ചെയ്യുക. ഇനി, അവര്‍ വിരമിക്കുന്ന പക്ഷം അവര്‍ പ്രവര്‍ത്തിക്കുന്നതെല്ലാം അല്ലാഹു കണ്ടറിയുന്നവനാണ്‌".

മതബോധനത്തിനും അനുശാസനത്തിനുമുളള കേന്ദ്രം എന്നര്‍ത്ഥമുളള മര്‍ക്കസ് അല്‍ ദവാ വാ അല്‍ ഇര്‍ഷാദ് എന്ന പദം ചുവന്ന പശ്ചാത്തലത്തില്‍.

ലാഹോറില്‍ നിന്ന് 45 കിലോമീറ്റര്‍ അകലെ മുറിഡ്ക് എന്ന സ്ഥലത്താണ് ലഷ്കര്‍ ഇ തോയിബയുടെ കേന്ദ്രം. സംഘടനയെ നിരോധിച്ചപ്പോള്‍ സ്വത്തുവകകള്‍ കണ്ടുകെട്ടിയെന്നൊരു പ്രഹസനം പാകിസ്താന്‍ സര്‍ക്കാര്‍ നടത്തി. മതപാഠശാലയ്ക്ക് ഇന്നും ഒരു പോറലുമില്ല. നേതാക്കള്‍ക്ക് പലായനം ചെയ്യേണ്ടിയും വന്നില്ല. വിഷം വമിക്കുന്ന പ്രസംഗങ്ങളും ലേഖനങ്ങളുമായി ലഷ്കര്‍ നേതാക്കള്‍ പാകിസ്താനില്‍ സസുഖം വാഴുന്നു.

ഹാഫീസിന്റെ ബുദ്ധി, ഒസാമയുടെ പണം

സൗദി ഭീകരന്‍ ഒസാമാ ബിന്‍ലാദന്റെ സാമ്പത്തിക സഹായത്തോടെ പടുത്തുയര്‍ത്തിയ വമ്പന്‍ സാമ്രാജ്യത്തിലാണ് മര്‍ക്കസ് അല്‍ ഇര്‍ഷാദ് പ്രവര്‍ത്തിക്കുന്നത്. മുറിഡ്കില്‍ ഏതാണ്ട് 200 ഏക്കറില്‍ പടര്‍ന്നു കിടക്കുന്ന വിശാലമായ സാമ്രാജ്യം. താമസിക്കാനും പഠിക്കാനും ആധുനിക സൗകര്യങ്ങളുളള കെട്ടിടങ്ങള്‍. വിശാലമായ പാടങ്ങള്‍, പളളികള്‍, മത്സ്യം വളര്‍ത്തുന്ന കുളങ്ങള്‍, കുതിരലായങ്ങള്‍. അതിവിപുലമായ ഒരു സാമ്രാജ്യത്തിന്റെ അധിപനാണ് ഹാഫിസ്.

ഇരുപതു വയസുവരെ പ്രായമുളള രണ്ടായിരത്തോളം കുട്ടികള്‍ പഠിക്കുന്ന സര്‍വകലാശാലയാണ് മര്‍ക്കസ്. പഠിതാക്കള്‍ പാകിസ്താനികളായിരിക്കണമെന്ന് നിഷ്കര്‍ഷയുണ്ട്. എല്ലാ അത്യന്താധുനിക സൗകര്യങ്ങളുമുളള ഈ കമ്പ്യൂട്ടറൈസ്ഡ് ഇസ്ലാമിക് യൂണിവേഴ്സിറ്റിയില്‍ ഇസ്ലാമിക മതപ്രചരണമാണ് പഠിതാക്കളുടെ ജീവിത ലക്ഷ്യമായി നിര്‍വചിച്ചിരിക്കുന്നത്.

എട്ടു മുതല്‍ ഇരുപതു വയസുവരെ കുട്ടികള്‍ക്ക് കുതിരസവാരിയിലും വെടിവെപ്പിലും കടുത്ത പരിശീലനമുണ്ട്. അണിയേണ്ടത് പട്ടാള യൂണിഫോം.

പ്രായപൂര്‍ത്തിയായാല്‍ അതിര്‍ത്തി കടന്നുളള ജിഹാദിന് അനുമതിയും ലഭിക്കും. അതിര്‍ത്തിയില്‍ വലിച്ചു കെട്ടിയ കമ്പി വേലി കടക്കുക. കണ്ണില്‍ കാണുന്നവരെ വെടിവെച്ചു വീഴ്ത്തുക. ആ വഴി നേരെ സ്വര്‍ഗരാജ്യത്തേയ്ക്ക് പോയി സ്വസ്ഥമായി ജീവിക്കുക. ചെറുപ്പക്കാര്‍ക്ക് നല്‍കുന്ന സന്ദേശം ഇതാണ്.

ഭാര്യയും മക്കളും പേരക്കുട്ടികളുമൊക്കെയായി മര്‍ക്കസു വാഴാനുളള ദൈവനിയോഗം ഹാഫിസിനും കുടുംബത്തിനുമാണ്. ദൈവത്തിനു വേണ്ടി ഭൂമിയിലെ വാസം എന്ന ത്യാഗം ഏറ്റെടുക്കുകയാണ് അവര്‍. ശഹീദുകളാകുന്നവര്‍ ഭാഗ്യവാന്മാര്‍. ജനിച്ച് മുപ്പതു തികയുന്നതിനു മുമ്പ് സര്‍വശക്തന്റെ അടുത്തെത്താമല്ലോ!!

പാട്ടു കേള്‍ക്കരുത് ഫോട്ടോയെടുക്കരുത്...
ഫോട്ടോഗ്രാഫിയും വീഡിയോഗ്രാഫിയും പൂര്‍ണമായും കാമ്പസില്‍ നിരോധിച്ചിട്ടുണ്ട്. കാമറയും ടെലിവിഷന്‍ സെറ്റും സിനിമയും പാട്ടും അനിസ്ലാമികമാണെന്ന് പഠിപ്പിക്കുക മാത്രമല്ല, ഇവ നശിപ്പിക്കേണ്ടതിന്റെ അനിവാര്യത പ്രചരിപ്പിക്കാന്‍ ആഴ്ച തോറും ഹാഫിസിന്റെ കുട്ടികള്‍ പ്രചരണത്തിനും ഇറങ്ങുന്നുണ്ട്.

ലാഹോറിനും ഗുജ്റന്‍വാലയ്ക്കും ഇടയ്ക്കുളള പ്രദേശം ടെലിവിഷനും സംഗീതവും പുകവലിയുമൊക്കെ നിരോധിച്ച് പത്തരമാറ്റുളള ഇസ്ലാമിക സമൂഹം മര്‍ക്കസിനു ചുറ്റിലുമായി വികസിപ്പിച്ചിരിക്കുന്നു. ഇതുവഴി കടന്നുപോകുന്ന വാഹനങ്ങളില്‍ പോലും സംഗീതം നിഷിദ്ധം. കാരണം അതൊന്നും ഇസ്ലാമിന് ഇഷ്ടമല്ലെന്ന് ഹാഫിസ് കല്‍പ്പിച്ചിട്ടുണ്ട്. ഹാഫിസിന്റെ ഇഷ്ടമാകുന്നു, ഇവിടെ ഇസ്ലാമിന്റെ ഇഷ്ടം.

ലാഹോറിലെ എഞ്ചിനീയറിംഗ് ആന്റ് ടെക്നോളജി യൂണിവേഴ്സിറ്റിയിലെ ഇസ്ലാമിക് പഠന വിഭാഗം പ്രൊഫസറായിരുന്ന ഹാഫിസ്, ജോലിയില്‍ നിന്ന് വിരമിച്ചതിനു ശേഷമാണ് ലഷ്കര്‍ ഇ തോയിബയ്ക്ക് ജന്മം നല്‍കിയത്. പത്തു വര്‍ഷങ്ങള്‍ക്കകം ആറു സ്വകാര്യ സൈനിക പരിശീലന ക്യാമ്പുകള്‍ പാകിസ്താനിലും പാക് അധിനിവേശ കാശ്മീരിലുമായി പ്രൊഫസര്‍ സ്ഥാപിച്ചു. പാകിസ്താനില്‍ ആകെ 2500 ഓഫീസുകളുണ്ടത്രേ സംഘടനയ്ക്ക്. അധിനിവേശ കശ്മീരിലെ നിയന്ത്രണ രേഖയില്‍ രണ്ടു ഡസനിലധികം യുദ്ധസജ്ജമായ ക്യാമ്പുകളുമുണ്ട്.

ലോകത്തിലെ ഏറ്റവും വലുതും ശക്തവും സ്വതന്ത്രവുമായ ജിഹാദി പ്രസ്ഥാനമാണ് ലഷ്കര്‍ ഇ തോയിബ. മുസ്ലിം മതമേധാവികളായ ഇമാമുമാരെ അംഗീകരിക്കുന്നില്ലെന്നൊരു പ്രത്യേകതയും ലഷ്കറിനുണ്ട്. മറ്റ് തീവ്രവാദി സംഘടനകളായ ഹര്‍ക്കത്തുള്‍ മുജാഹിദ്ദീന്‍, ഹിസ്ബുള്‍ മുജാഹിദ്ദീന്‍, ജയിഷെ മുഹമ്മദ് എന്നിവയൊക്കെ ഇമാമുകളുടെ അധികാരം അംഗീകരിക്കുന്നവരാണ്.

ഓര്‍മ്മകളില്‍ തിളയ്ക്കുന്നത് പ്രതികാരം
കശ്മീര്‍ മോചിപ്പിക്കാനും അചിരേണ ഇന്ത്യയില്‍ ഇസ്ലാമിക ഭരണം സ്ഥാപിക്കാനും തുനിഞ്ഞിറങ്ങിയ ഹാഫീസ് മൊഹമ്മദ് സയീദിന്റെ മനസില്‍ പഴയൊരു പ്രതികാരം കിടപ്പുണ്ടോയെന്ന കാര്യം നിശ്ചയമില്ല. വിഭജനകാലത്തെ ചോര ചൊരിഞ്ഞ ഒരു ഭൂതകാലം ഹഫീസിന്റെ അബോധമനസില്‍ കിടന്നു തിളയ്ക്കുന്നുണ്ടോയെന്ന് മനശാസ്ത്ര വിദഗ്ധര്‍ വിശകലനം ചെയ്യേണ്ടതുണ്ട്. അന്നത്തെ കലാപങ്ങളില്‍ ഹഫീസിന്റെ കുടുംബത്തിലെ 36 പേര്‍ കൊല്ലപ്പെട്ടിരുന്നു.

കലാപത്തെ അതിജീവിച്ച ഹാഫീസിന്റെ പിതാവ് കമാലുദ്ദിനും കുടുംബവും പാകിസ്താനിലേയ്ക്ക് പലായനം ചെയ്യുകയും പഞ്ചാബിലെ സര്‍ഗോധ ജില്ലയില്‍ താമസമാരംഭിക്കുകയും ചെയ്തു. പിന്നീട് മിയാന്‍വാലി ജില്ലയിലെ ജനുബി ഗ്രാമത്തില്‍ സര്‍ക്കാര്‍ സ്ഥലം ലഭിക്കുകയും കഠിനാധ്വാനത്തിലൂടെ സമ്പല്‍ സമൃദ്ധിയുടെ പ്രൗഢിയിലേയ്ക്ക് മടങ്ങിയെത്തുകയും ചെയ്തു.

സര്‍ഗോധയിലെ സര്‍ക്കാര്‍ കോളജില്‍ നിന്ന് ബിരുദം നേടിയ ശേഷം ഹാഫീസ് സൗദി അറേബ്യയിലാണ് ഉപരിപഠനം നടത്തിയത്. റിയാദിലെ കിംഗ് സൗദ് സര്‍വകലാശാലയില്‍ നിന്നും ഇസ്ലാമിക പഠനത്തില്‍ മാസ്റ്റര്‍ ബിരുദം. അറേബ്യയിലെ മതപണ്ഡിതരില്‍ നിന്ന് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ആവോളം സ്വീകരിച്ച് പാകിസ്താനില്‍ മടങ്ങിയെത്തി ഇസ്ലാമിക് ഐഡിയോളജിക്കല്‍ കൗണ്‍സിലില്‍ റിസര്‍ച്ച് ഓഫീസറായി ജോലിയില്‍ പ്രവേശിച്ചു.

ഒരു ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന ചെറിയ കുടുംബമേയുളളൂ ഹാഫിസിന്. ഭാര്യമാരുടെ എണ്ണത്തെ സംബന്ധിച്ച കാന്തപുരം ശാഠ്യങ്ങളൊന്നും പ്രൊഫസര്‍ക്കില്ല. കുടുംബാംഗങ്ങളെല്ലാം ലഷ്കര്‍ ഇ തോയിബയുടെയും മര്‍ക്കസിന്റെയും താക്കോല്‍ സ്ഥാനങ്ങള്‍ വഹിക്കുന്നു. മുപ്പത്തിയേഴ് വയസ് പ്രായമുളള മകന്‍ തല്‍ഹയ്ക്കാണ് മുസഫറാബാദിലെ ലഷ്കര്‍ ബേസ് ക്യാമ്പിന്റെ ചുമതല. മകളുടെ ഭര്‍ത്താവ് ഖലീദ് വലീദ് ലാഹോറില്‍ ലഷ്കറിന്റെ സംഘടനാ ചുമതല വഹിക്കുന്നു. ആരും ജിഹാദികളല്ല.

കൊലപാതകം ദൈവഭക്തന്റെ കടമയാണെന്ന് മറ്റുളളവരെ പഠിപ്പിക്കുക എന്നതാണ് ദൈവം ഇവരെ ഏല്പ്പിച്ചിരിക്കുന്ന കടമ. ഹാഫിസിന്റെ മകനോ, മകളുടെ ഭര്‍ത്താവോ പേരക്കുട്ടികളോ ഏതെങ്കിലും കാലത്ത് ജിഹാദിനിറങ്ങുമോയെന്ന സംശയം പഠിതാക്കളാരെങ്കിലും ചോദിച്ചിട്ടുണ്ടോയെന്നതിന് രേഖകളൊന്നും ലഭ്യമല്ല.

രണ്ടു സഹോദരന്മാര്‍ അമേരിക്കയിലുണ്ട്. ഒരാള്‍ അവിടെ ഇസ്ലാമിക് സെന്റര്‍ നടത്തുന്നു. മറ്റെയാള്‍ അമേരിക്കന്‍ യൂണിവേഴ്സിറ്റിയില്‍ പിഎച്ച്ഡി ചെയ്യുന്നു. എകെ 47 അല്ല ഇവരുടെയും ആയുധം. ദൈവഭക്തന്റെ കടമ അമേരിക്കയില്‍ നിര്‍വഹിക്കാനും കഴിയുന്നിടത്തോളം കൊലപാതകം നടത്താനും സഹോദരന്‍ അവരെ ചട്ടം കെട്ടിയിട്ടുണ്ടോയെന്നും അറിയില്ല . രണ്ടുപേര്‍ക്കും ഹഫീസുമായി നിരന്തര ബന്ധമുണ്ടെങ്കിലും പ്രൊഫസര്‍ ഇതുവരെ അമേരിക്കയില്‍ പോയിട്ടില്ല. എന്നല്ല, ഒരു പാശ്ചാത്യ രാജ്യങ്ങളിലും കാലു കുത്തിയിട്ടുമില്ല. എന്നാല്‍ മറ്റു മതശാഠ്യക്കാരെപ്പോലെ പടിഞ്ഞാറിനോട് കഠിനമായ വെറുപ്പു തുപ്പുന്ന ശൈലിയുമില്ല.

വിശുദ്ധ വെറുപ്പിന്റെ തലച്ചോറുകള്‍
ലഷ്കര്‍ പോരാളികള്‍ തീര്‍ക്കുന്ന കനത്ത സുരക്ഷാ സംവിധാനത്തിനുളളില്‍ നിന്നാണ് ഹാഫീസ് ലളിതജീവിതം ഉദ്ബോധിപ്പിക്കുന്നത്. സഞ്ചരിക്കുന്നത് പജേറോയില്‍. ചുറുചുറുക്കുളള പത്തു യുവാക്കളടങ്ങിയ സംഘത്തിനാണ് ലഷ്കര്‍ അമീറിന്റെ സുരക്ഷാ ചുമതല. അതിസമ്പന്ന കുടുംബങ്ങളില്‍ നിന്ന് മര്‍ക്കസില്‍ പഠിക്കാനെത്തിയവരാണ് ഇവര്‍.

നേതാവിന് കുട്ടികള്‍ രണ്ടേയുളളൂവെങ്കിലും അംഗസംഖ്യ കൂടിയ കുടുംബങ്ങള്‍ കെട്ടിപ്പെടുക്കണമെന്ന് അദ്ദേഹവും ഉത്ബോധിപ്പിക്കുന്നു. ലക്ഷ്യം സുവ്യക്തം. മറ്റു കുടുംബങ്ങളില്‍ എണ്ണം കൂടിയാല്‍ ജിഹാദ് പോരാളികളുടെയും എണ്ണം കൂടും. അവിശ്വാസികളുടെ കാര്യം കഷ്ടത്തിലാകും. സംഘടനയിലെ അംഗങ്ങള്‍ തമ്മിലുളള അടുപ്പവും വിശ്വാസവും ഊട്ടിയുറപ്പിക്കാന്‍ പ്രൊഫസര്‍ സദാജാഗരൂഗനാണ്.

പാകിസ്താനിലെ ഇന്ത്യാ വിരുദ്ധ പ്രചരണത്തിന്റെ നാവും ഊര്‍ജവുമാണ് ഹാഫിസ്. കശ്മീരില്‍ നടക്കുന്ന ഓരോ സംഭവവും ഇന്ത്യയോടുളള വെറുപ്പിന്റെ ഇന്ധനമാക്കി മാറ്റുന്നതില്‍ അപാര വൈദഗ്ധ്യമുണ്ട് പ്രൊഫസര്‍ക്ക്. ഇക്കഴിഞ്ഞ ജൂലൈ 20ന് കശ്മീരില്‍ ഒരു പതിനാലുകാരിയെ അക്രമികള്‍ ബലാത്സംഗം ചെയ്ത് കൊന്നതിനെ തുടര്‍ന്ന് ഹഫീസ് ഇങ്ങനെ എഴുതി..

"ഇന്ത്യന്‍ സൈന്യം ഇസ്ലാമിന്റെ പെണ്‍മക്കളെ ബലാത്സംഗം ചെയ്യുകയാണ്. നമുക്കെങ്ങനെ ഇത് സഹിക്കാന്‍ കഴിയും? ഇന്ത്യന്‍ പട്ടാളത്തിലെ ഓരോ അംഗത്തെയും നാം കൊന്നു തളളും. നമ്മുടെ സഹോദരിമാര്‍ക്കു വേണ്ടി നാം പ്രതികാരം ചെയ്യും. കശ്മീരില്‍ ഇന്ത്യ കൂടുതല്‍ പട്ടാളക്കാരെ നിയോഗിക്കട്ടെ. അപ്പോള്‍ നമ്മുടെ മുജാഹിദ്ദീനുകള്‍ക്ക് വേട്ടയാടാന്‍ കൂടുതല്‍ പന്നികളെ കിട്ടും.. "..ഹാഫിസിന്റെ ഉദ്ബോധനം കേട്ട് ദൈവഭക്തര്‍ അതിര്‍ത്തി കടക്കുന്നു. പരമാവധി അവിശ്വാസികളെ കൊല്ലുന്നു. അവരും മരിക്കുന്നു. ഹാഫിസ് ജോലി തുടരുന്നു.

ഇന്ത്യയ്ക്കെതിരെ നുരയുന്ന വെറുപ്പ്
ഹാഫിസ് മാത്രമല്ല, ഇന്ത്യാ വിരുദ്ധ പ്രചരണത്തിന് നേതൃത്വം കൊടുക്കുന്നത്. 2007 ആഗസ്റ്റ് 27ന് ഹൈദരാബാദിലുണ്ടായ സ്ഫോടനങ്ങള്‍ക്ക് ആഴ്ചകള്‍ക്ക് മുമ്പേ തന്നെ പാകിസ്താനിലെ ഇസ്ലാമിക മാധ്യമങ്ങള്‍ ഇന്ത്യയ്ക്കെതിരെ ജിഹാദിന് ആഹ്വാനം മുഴക്കിയിരുന്നു. ജമായത്തെ ഇസ്ലാമിയുടെ പത്രമായ ഡെയിലി ജെസാറത്ത് ആഗസ്റ്റ് 19ന് പുറത്തിറക്കിയ സപ്ലിമെന്റിലെ ആഹ്വാനം ഇങ്ങനെയായിരുന്നു..

"പാകിസ്താന്റെ ഓരോ മൂലയിലും ജിഹാദ് മുദ്രാവാക്യങ്ങള്‍ അലയടിക്കട്ടെ. ജിഹാദികളെ മുഴുവന്‍ ഇന്ത്യയിലേയ്ക്ക് കടക്കാന്‍ പാകിസ്താന്‍ അനുവദിച്ചാല്‍ കശ്മീര്‍ വെറും ആറുമാസം കൊണ്ട് സ്വതന്ത്രമാകും.."

പാക് ഭരണകൂടങ്ങളും ഇവര്‍ക്ക് അത്ര പഥ്യമല്ല. ഹഫീസ് മുഹമ്മദിന്റെ സ്യാലനും ലഷ്കര്‍ നേതൃത്വത്തിലെ രണ്ടാമനുമായ അബ്ദുള്‍ റഹ്മാന്‍ മക്കി ഇതേ പത്രത്തിലെഴുതിയ ലേഖനം ജനറല്‍ മുഷാറഫിന്റെ നേതൃത്വത്തെ നിശിതമായി വിമര്‍ശിക്കുന്നതാണ്. ജിഹാദ് നയത്തില്‍ വെളളം ചേര്‍ത്ത ഭരണമാണ് ജനറലിന്റേതെന്ന് മക്കി കുറ്റപ്പെടുത്തുന്നു.

"പാകിസ്താന്റെ കശ്മീര്‍ നയത്തെ ദുര്‍ബലപ്പെടുത്തിയത് അമേരിക്കാനുകൂല നയങ്ങളാണ്. ജിഹാദിന് അനുകൂലമായ നയങ്ങള്‍ അംഗീകരിക്കേണ്ട സമയം കഴിഞ്ഞു.. ആറു മാസം ഞങ്ങള്‍ക്കു നല്‍കൂ. കശ്മീര്‍ ഞങ്ങള്‍ മോചിപ്പിച്ചു കാണിക്കാം. അഫ്ഗാനിസ്താനില്‍ നിന്ന് അമേരിക്കക്കാരെയും ‍ഞങ്ങള്‍ പായിക്കും".

പാക് ഭരണകൂടത്തെക്കുറിച്ച് ഹാഫീസ് എഴുതിയതിങ്ങനെ. "മുസ്ലിം ഭരണാധികാരികള്‍ ലോകമെങ്ങുമുളള മുസ്ലിം സമുദായത്തെ നിരാശരാക്കുന്നു. അവര്‍ക്കെതിരെയും ജിഹാദ് മുഴക്കണം. അവര്‍ മുസ്ലിങ്ങളല്ല, ജൂതന്മാരുടെ ഏജന്റുമാരാണ് അവര്‍"‍.

ജനാധിപത്യം തീരെയും ദഹിക്കുന്ന പ്രകൃതമല്ല ഹാഫിസിന്. ജനാധിപത്യത്തിനു വേണ്ടി മുറവിളികൂട്ടുന്നവരെ പ്രൊഫസര്‍ സ്നേഹബുദ്ധ്യാ ഇങ്ങനെ ഉപദേശിച്ചു. "നാം നേരിടുന്ന പ്രശ്നങ്ങള്‍ക്ക് ജനാധിപത്യം പരിഹാരമേയല്ല. ഖലീഫയുടെ സാമ്രാജ്യമാണ് പരമമായ ഉത്തരം". പാകിസ്താനിലെ പട്ടാളഭരണകൂടത്തോട് പ്രൊഫസര്‍ പറഞ്ഞത്, വിഡ്ഢികളേ, അമേരിക്കയല്ല, ജിഹാദികളാണ് നിങ്ങളുടെ എന്നത്തെയും മിത്രങ്ങള്‍ എന്നത്രേ!

സ്ക്കൂളില്‍ പഠിപ്പിക്കേണ്ടത് ജിഹാദ്
ജിഹാദും രക്തസാക്ഷിത്വവും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് അബ്ദുള്‍ റഹ്മാന്‍ മക്കി ആവശ്യപ്പെടുന്നു. സ്ക്കൂളിലും കോളെജിലും സര്‍വകലാശാലകളിലും ജിഹാദും രക്തസാക്ഷിത്വവും പഠനവിഷയമാക്കണമെന്നാണ് അദ്ദേഹം പറയുന്നത്. രാജ്യഭരണത്തിന്റെ താക്കോല്‍ സ്ഥാനങ്ങളില്‍ അഹമ്മദികള്‍ കയറിപ്പറ്റിയതാണ് പാകിസ്താന്റെ സകല ദുരിതങ്ങള്‍ക്കും കാരണമെന്നും മക്കി ആക്രോശിക്കുന്നു.

(പത്തൊമ്പതാം നൂറ്റാണ്ടില്‍ മുഖ്യധാരാ ഇസ്ലാമില്‍ നിന്ന് വഴിമാറി നടന്നവരാണ് അഹമ്മദീയക്കാര്‍. മിര്‍സാ ഗുലാം അഹമ്മദിന്റെ ആശയങ്ങളില്‍ ആകൃഷ്ടരായവരാണ് അഹമ്മദികള്‍. പ്രവാചകന്‍ മുഹമ്മദിന്റെ യഥാര്‍ത്ഥ അനുയായികള്‍ തങ്ങളാണെന്ന് അവര്‍ വാദിക്കുന്നു. എന്നാല്‍ പാകിസ്താനില്‍ അഹമ്മദീയരെ അമുസ്ലിമുകളായിട്ടാണ് കണക്കാക്കിയിരിക്കുന്നത്. ഇതര മുസ്ലിം വിഭാഗക്കാരുടെ രൂക്ഷമായ വെറുപ്പിന് ഇരയാകുന്നവരാണ് അവിടെ അഹമ്മദീയര്‍)

കശ്മീരിനു പുറമെ ഹൈദരാബാദ്, ജുനഗഡ് എന്നീ പ്രദേശങ്ങളും ഇന്ത്യയില്‍ നിന്ന് മോചിപ്പിക്കുകയാണ് ലഷ്കര്‍ ഇ തോയിബയുടെ ലക്ഷ്യം. ഒരുകാലത്ത് മുസ്ലിം അധീനപ്രദേശങ്ങളായിരുന്ന ഇവ സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യ കയ്യടക്കിയതാണെന്ന് സംഘടന ആരോപിക്കുന്നു.

ലഘുലേഖകളും പോസ്റ്ററുകളും വഴി പാകിസ്താനില്‍ ലഷ്കര്‍ എത്രയോ കാലമായി പ്രചരിപ്പിക്കുന്ന വാദമാണിത്. ഈ പ്രദേശങ്ങള്‍ ഇന്ത്യയില്‍ നിന്ന് മോചിപ്പിക്കാന്‍ മരണം വരെ പോരാടാന്‍ സംഘടന ആഹ്വാനം ചെയ്യുന്നു.

മുറിഡ്ക്കില്‍ 2000 ഫെബ്രുവരിയില്‍ നടന്ന ലഷ്കര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്ത്, ജുനഗഡും ഹൈദരാബാദും മോചിപ്പിക്കുക എന്നത് തങ്ങള്‍ ഏറ്റവും മുന്‍ഗണന നല്‍കുന്ന വിഷയമാണെന്നു ഹാഫിസ് മൊഹമ്മദ് സയീദ് പ്രഖ്യാപിച്ചു.

അതിനു തലേ വര്‍ഷമെഴുതിയ ലേഖനത്തില്‍ തന്റെ ഉളളിലിരുപ്പ് പ്രൊഫസര്‍ തെളിച്ചു പറഞ്ഞിരുന്നു. "അവിശ്വാസികളുടെ ഭരണവും പ്രദേശങ്ങളും ആക്രമിച്ച് കീഴടക്കുകയും ജസിയ നല്‍കുന്നതിന് അവരെ നിര്‍ബന്ധിതരാക്കുകയും ചെയ്യുന്നതു വരെ പോരാട്ടം തുടരും".

മുഴുവന്‍ ഇന്ത്യയും പാകിസ്താനില്‍ ലയിക്കുന്നതു വരെ ലഷ്കര്‍ പോരാട്ടം തുടരുമെന്ന് പ്രൊഫസര്‍ ആക്രോശിച്ചത് 1999 നവംബറിലാണ്.

സെപ്തംബര്‍ 11നെ തുടര്‍ന്ന് അമേരിക്കയെ ബോധ്യപ്പെടുത്താന്‍ ലഷ്കര്‍ ഇ തോയിബ എന്ന സംഘടനയെ പാകിസ്താന്‍ ഔദ്യോഗികമായി നിരോധിച്ചു. എങ്കിലും ഹഫീസ് മൊഹമ്മദ് സയീദ് എന്ന നേതാവും അദ്ദേഹത്തിന്റെ 200 ഏക്കര്‍ വിസ്തൃതിയുളള സര്‍വകലാശാലയും ഇപ്പോഴും രാജ്യത്ത് നിര്‍ബാധം നിര്‍ഭയം പ്രവര്‍ത്തിക്കുന്നു. അധിനിവേശ കശ്മീരില്‍ ക്യാമ്പുകള്‍, അല്‍ ക്വായിദയുടെ പരിശീലനം ഇവ തുടരുന്നു. കൂടുതല്‍ മാരകമായ പ്രഹര ശേഷിയോടെ ലഷ്കര്‍ ഇ തോയിബക്കാര്‍ ഇന്ത്യയില്‍ മരണം വിതയ്ക്കാനെത്തുന്നു.

വിശുദ്ധ വെറുപ്പിന്റെ വെടിമരുന്നു നിറച്ച തലച്ചോറുകള്‍. അത്യന്താധുനിക തോക്കുകള്‍, ബോംബുകള്‍. കൊല്ലുന്നതിനും ചാവുന്നതിനും വേദപുസ്തകത്തിലെ സൂക്തങ്ങള്‍ ന്യായങ്ങളാകുന്നു. ജാതിമതവര്‍ഗ വര്‍ണ ഭേദമെന്യേ കോടിക്കണക്കിന് മനസുകളില്‍ ഭീതിയുടെ നെരിപ്പോടുകളെരിച്ച് ഹാഫീസ് മൊഹമ്മദ് സയീദ് ചിരിക്കുന്നു. പതിഞ്ഞ ശബ്ദത്തില്‍ പറയുന്നു...
Killing is a pious man's obligation..Wajahmu Fi Sabilillah.......

ജീവിച്ചിരിക്കാനുളള അവകാശം നമുക്കുമുണ്ടെന്ന് ആര്‍ക്ക് പറ‍ഞ്ഞു കൊടുക്കാനാവും ഇവരോട് ....

Friday, November 21, 2008

മാരീചന്‍ ഒന്നാമന് പറയാനുളളത്........

ബിആര്‍പി ഭാസ്കറുടെ വായനശാലയെന്ന ബ്ലോഗില്‍ കോപ്പി റൈറ്റ് സംബന്ധിച്ച് രാജ് നീട്ടിയത്ത് എഴുതിയ കത്തിനെ അധികരിച്ച് ഒരു പോസ്റ്റ് ഉണ്ട്.

അതില്‍ മാരീചന്‍ എന്ന പേരില്‍ ഒരു കമന്റ് കണ്ടു.

ടി കമന്റ് മാരീചന്‍ എന്ന പേരില്‍ ഇതുവരെ ബ്ലോഗ് എഴുതിക്കൊണ്ടിരുന്നയാളല്ല എഴുതിയത് എന്ന കാര്യം വ്യക്തമാക്കുന്നു..

ലോകത്ത് ഒരു പേരുളള ഒന്നിലധികം ആളുകള്‍ ഉണ്ട്. ഒരാള്‍ക്ക് ഒരു പേരിട്ടുപോയി എന്നതു കൊണ്ട് മേലില്‍ ആര്‍ക്കും ആ പേര് ഇട്ടുപോകരുത് എന്ന് കല്‍പ്പിക്കാനൊന്നും ആര്‍ക്കും അധികാരമില്ല. ആയതിനാല്‍, മാരീചന്‍ എന്ന പേരിലുളള കമന്റുകളോട് പ്രതികരിക്കുന്നതിന് മുമ്പ്, ആരെയാണ് അഭിസംബോധന ചെയ്യുന്നതെന്ന് പ്രതികരിക്കുന്നവര്‍ ഉറപ്പാക്കണമെന്ന് അഭ്യര്‍ത്ഥിക്കട്ടെ..

പേരിലൊന്നും വലിയ കാര്യമൊന്നുമില്ല. പറയുന്ന കാര്യങ്ങള്‍ക്കാണ് കാര്യം എന്നറിയാഞ്ഞല്ല.

എന്നാലും മറ്റേ മാരീചന്‍ എഴുതുന്ന ഗഹനവും ഗൗരവമുളളതും വിജ്ഞാനപ്രദവും സര്‍വോപരി കാലാതിവര്‍ത്തിയുമായ കമന്റുകള്‍ക്കുളള ക്രെഡിറ്റ് ഈയുളളവനുണ്ടായിപ്പോയാല്‍ അദ്ദേഹത്തിനുണ്ടാകുന്ന വിഷമം ചില്ലറയൊന്നുമായിരിക്കില്ലല്ലോ..

മാത്രമല്ല, ഈയുളളവനെഴുതുന്ന ചെറ്റത്തരങ്ങള്‍ക്ക് മറ്റേദേഹം സമാധാനം പറയേണ്ടി വരുന്നതും ശരിയല്ല.

ആയതിനാല്‍, ഇനി മുതല്‍ മാരീചന്‍ എന്ന പേരിനോട് പ്രതികരിക്കുമ്പോള്‍ ആളു മാറിപ്പോകരുതെന്ന് എല്ലാ ബൂലോഗ നിവാസികളോടും അഭ്യര്‍ത്ഥിക്കുന്നു.

ബിആര്‍പിയുടെ ബ്ലോഗില്‍ എഴുതിയ കമന്റും ഇവിടെ ചേര്‍ക്കുന്നു........


മാരീചന്‍ എന്ന പേരില്‍ വന്ന മേല്‍ കമന്റ്മാരീചന്റേതല്ലെന്ന് വ്യക്തമാക്കുന്നു. മേല്‍പറഞ്ഞ മാരീചന്‍ പത്രപ്രവര്‍ത്തകനാണോ എന്ന് അറിയില്ല. ഏതായാലും ഇഞ്ചിയുടെ മറുപടിയുടെ പരിധിയില്‍ ഈ മാരീചന്‍ വരില്ലെന്ന് അറിയിക്കട്ടെ...

മാരീചന്‍ എന്ന പേരിന് ബൗദ്ധിക സ്വത്തവകാശം ബാധകമല്ലാത്തതിനാല്‍ ഏത് നീരജന്മാര്‍ക്കും ഈ പേര് ഉപയോഗിക്കാവുന്നതാണ്.. പതിഞ്ഞു പോയ വെര്‍ച്വല്‍ പേരുകള്‍ക്ക് എന്തെങ്കിലും പ്രസക്തിയുണ്ടെന്ന് കരുതുന്നുണ്ടെങ്കില്‍, മറുപടി പറയുന്നത് ആരോടാണെന്ന് ഉറപ്പാക്കേണ്ട ബാധ്യത കമന്റുകള്‍ക്ക് മറുപടിയെഴുതുന്നവര്‍ക്കാണെന്ന വിവരം സ്നേഹപൂര്‍വം അറിയിക്കട്ടെ...

ഒന്നല്ല, രണ്ടല്ല ഒരായിരം മാരീചന്മാര്‍ അരങ്ങു വാഴുന്ന മാരീച ജനാധിപത്യ വിപ്ലവം വിജയിക്കട്ടെ..

എന്ന്,
മാരീചന്‍ (ഒന്നാമന്‍)
മാരീചന്‍ (രണ്ടാമന്‍)

Wednesday, November 12, 2008

സാമാന്യ ബുദ്ധി vs ട്വെന്റി ട്വെന്റി

പ്രേക്ഷകരുടെ സാമാന്യബുദ്ധിയെ വെല്ലുവിളിക്കുന്ന സിനിമകള്‍ എല്ലാ ഭാഷയിലും അനേകമുണ്ടായിട്ടുണ്ട്. എന്നാല്‍ ഒരു ഭാഷയിലെ സകല താരങ്ങളും ഒരു സംഘടനയുടെ ലേബലില്‍ ഒരുമിച്ചിറങ്ങി പ്രേക്ഷകന്റെ യുക്തിക്ക് വിലപറയുന്ന സംഭവം ഒരുപക്ഷേ, ലോക സിനിമയില്‍ തന്നെ ആദ്യമായിരിക്കും.

ഏറ്റവും ചുരുക്കി, ട്വെന്റി20 എന്ന ചിത്രത്തെ ഇങ്ങനെ വിശേഷിപ്പിക്കാം. സൂപ്പര്‍താരങ്ങളുടെ കഥാപാത്രങ്ങള്‍ക്കു പോലും വ്യക്തിത്വം കമ്മി. യുക്തിയുടെ മൊട്ടുസൂചിയാഘാതമേറ്റാല്‍ പൊട്ടിത്തകരുന്ന കഥ. അതിനിടയിലും ചിലരുടെയൊക്കെ ഉളളില്‍ കിടക്കുന്ന അധമബോധങ്ങള്‍ക്ക് കൃത്യവും സൂക്ഷ്മവുമായ തിരശീലാഖ്യാനം.

കര്‍ണാടകത്തില്‍ നടക്കുന്ന പൈശാചികമായ ഒരു കൊലപാതകം. കൊലയാളിയെന്ന് സംശയിക്കപ്പെടുന്നയാള്‍ കേരളത്തില്‍. അയാള്‍ക്കു വേണ്ടി കര്‍ണാടക കോടതിയുടെ വാറണ്ട്. പ്രതിയെ കര്‍ണാടക പോലീസിന് വിട്ടുകൊടുക്കേണ്ടെന്ന് വിധിക്കാന്‍ കേരള ഹൈക്കോടതിയ്ക്ക് അധികാരമുണ്ടോ? സാക്ഷാല്‍ മമ്മൂട്ടിയാണ് കേസ് വാദിക്കുന്നതെങ്കിലും.. ?

നിയമം പഠിച്ചവര്‍ പറയുന്നത്, കുറ്റകൃത്യം നടക്കുന്ന സ്ഥലത്തെ കോടതിയാണ് വിചാരണയും വിധിയുമൊക്കെ പ്രസ്താവിക്കേണ്ടത് എന്നാണ്. താര സംഘടനയായ അമ്മയ്ക്കു വേണ്ടി ദിലീപ് സിനിമ നിര്‍മ്മിക്കാനിറങ്ങുകയും സൂപ്പര്‍താരങ്ങള്‍ അഭിനയിക്കാന്‍ തീരുമാനിക്കുകയും ചെയ്താല്‍ കേരളത്തിലെ മാത്രമല്ല, ഇന്ത്യാ മഹാരാജ്യത്തിലെ സകല നിയമങ്ങളും തിരുത്തിയെഴുതപ്പെടും. ഇല്ലെങ്കില്‍ പിന്നെന്തോന്ന് സൂപ്പര്‍താരങ്ങള്‍.. സൂപ്പര്‍ സംവിധായകന്‍...?

കര്‍ണാടകത്തില്‍ രജിസ്റ്റര്‍ ചെയ്ത കൊലക്കേസിലെ സാക്ഷി കേരള ഹൈക്കോടതിയില്‍ മൊഴി നല്‍കാനെത്തുന്ന വിലോഭനീയമായ ദൃശ്യവും ട്വെന്റി20യിലുണ്ട്.

അത്ഭുതങ്ങള്‍ ഇവിടെ അവസാനിക്കുന്നില്ല. കേരളത്തിലെ ഭരണകക്ഷിയുടെ സംസ്ഥാന സെക്രട്ടറിയുടെ മകനാണ് പ്രതി. ബാംഗ്ലൂര്‍ മെഡിക്കല്‍ കോളജില്‍ സ്വന്തം സഹപാഠിയെ കൊന്ന കേസില്‍ പ്രതിയായിട്ടും, അയാളുടെ പേരില്‍ കര്‍ണാടക പൊലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടും കക്ഷിയുടെ ഉഗ്രപ്രതാപികളായ മാതാപിതാക്കളോ ബന്ധുക്കളോ ഒന്നും സംഗതിയറിയുന്നില്ല. ഓര്‍ക്കുക. സഹപാഠിയെ കൊന്ന്, ശവശരീരം മൂന്നായി മുറിച്ച് മൂന്ന് സംസ്ഥാനങ്ങളില്‍ നിക്ഷേപിച്ച കൊടും പൈശാചികമായ കൊലപാതകത്തിലെ പ്രതിയ്ക്കാണ്, സ്ഥാനമാനങ്ങള്‍ക്ക് പഞ്ഞമില്ലാത്ത മന്ദബുദ്ധി മാതാപിതാക്കളും ബന്ധുക്കളുമുളളത്.

ഇങ്ങനെയൊരു കൊലപാതകം ഒരു കോളെജില്‍ നടന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ ദേശീയ മാധ്യമങ്ങളിലടക്കം വന്‍കോലാഹലമുണ്ടാകുമെന്ന കാര്യം ഉറപ്പ്. പ്രതിസ്ഥാനത്തുളളവനെ മാത്രമല്ല, അവന്റെ പരിചയക്കാരെ വരെ നിര്‍ത്തിപ്പൊരിക്കും, മാധ്യമങ്ങള്‍.. അതേ കോളജിലെ ഒരു വിദ്യാര്‍ത്ഥിനിയെ കൊന്ന കേസില്‍ പ്രതി നേരത്തെയും ജയിലില്‍ കിടന്നിട്ടുണ്ടെന്ന സാഹചര്യം കണക്കിലെടുക്കുന്പോള്‍ പ്രത്യേകിച്ചും. ഇക്കാര്യവും പ്രതിയുടെ മാതാപിതാക്കളോ അപ്പൂപ്പനമ്മൂമ്മമാരോ അറിഞ്ഞിട്ടില്ല.

ഭരണകക്ഷിയുടെ സംസ്ഥാന സെക്രട്ടറിയും ഭാര്യയും ചേട്ടനും മറ്റു ബന്ധുമിത്രാദികളുമൊന്നും പത്രം വായിക്കുന്നില്ലെങ്കില്‍... ടി വി കാണുന്നില്ലെങ്കില്‍....എന്തു ഫലം.. ? ഐപിഎസുകാരന്‍ ആന്റണി പുന്നക്കാടന്‍ പ്രതിയെയും തിര‍ഞ്ഞ് കുടുമ്മത്ത് വന്നു കയറുന്പോഴേ കാര്യങ്ങളറിയൂ.. അപ്പോഴേയ്ക്കും ഒരു മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കാനുളള സമയം പോലും കിട്ടിയെന്നു വരില്ല...

സുപ്രിം കോടതിയില്‍ നിന്നും വിരമിച്ച് തറവാട്ടില്‍ വിശ്രമജീവിതം നയിക്കാനെത്തുന്ന ജസ്റ്റിസ് വിശ്വനാഥമേനോനില്‍ നിന്നും ചെറുമകന്റെ വിവരം മറച്ചു വെയ്ക്കാന്‍ മക്കളും മരുമക്കളും കൊണ്ടുപിടിച്ച് ശ്രമിക്കുന്ന രംഗങ്ങള്‍ സിനിമയിലുണ്ട്. ജസ്റ്റിസാണെന്നും സുപ്രിം കോടതിയിലായിരുന്നു ഉദ്യോഗമെന്നുമൊക്കെ പറഞ്ഞിട്ടെന്ത്... പത്രവും ടിവിയും ജസ്റ്റിസിനും ചതുര്‍ത്ഥി.. അതുകൊണ്ട് ഒരു കാര്യവും അതിയാനും അറിയുന്നില്ല. പ്രതിയെ തിരഞ്ഞ് ആന്റണി പുന്നക്കാടന്‍ വരേണ്ടി വന്നു, തിരുമനസിനും കാര്യങ്ങള്‍ ബോധ്യപ്പെടാന്‍.

മക്കളെ ബാംഗ്ലൂരിലൊക്കെ പഠിക്കാനയയ്ക്കുന്ന മാതാപിതാക്കള്‍ മുടങ്ങാതെ ടിവി വാര്‍ത്ത കാണുകയും പത്രം വായിക്കുകയും ചെയ്യണമെന്നൊരു ഗുണപാഠം ട്വെന്റി20 പകര്‍ന്നു നല്‍കുന്നുണ്ട്. അത്രയും നന്ന്..

അന്യ സംസ്ഥാനത്തെ പൊലീസ്റ്റ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിക്ക് കേരള ഹൈക്കോടതിയില്‍ നിന്ന് അനുകൂലമായ വിധി നേടിക്കൊടുക്കാന്‍ മാത്രം പ്രാഗത്ഭ്യമുളള വക്കീല്‍ രമേഷ് നന്പ്യാരുടെ വേഷത്തിലാണ് സൂപ്പര്‍മെഗാ സ്റ്റാര്‍ മമ്മൂട്ടി. അന്പതും നൂറും പേരെ ഒറ്റയ്ക്ക് ഇടിച്ചു പരത്തുന്ന സൂപ്പര്‍താര സങ്കല്‍പം ഈ ചിത്രത്തില്‍ കാലഹരണപ്പെടുന്നു. നായകന്റെ അമാനുഷിക പരിവേഷം ഇവിടെ വേറൊരു തരത്തിലാണ് നിര്‍വചിക്കപ്പെട്ടിരിക്കുന്നത്.

കോടതികള്‍ക്ക് വ്യക്തമായ അധികാര പരിധി ഭരണഘടനാപരമായിത്തന്നെ നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. കേരള ഹൈക്കോടതിയില്‍ കേരളത്തിലെ കേസുകള്‍ വാദിക്കുന്നവരാണ് സാദാ വക്കീലന്മാര്‍. എന്നാല്‍ സൂപ്പര്‍താര നായകസങ്കല്‍പനമനുസരിച്ച് അന്യസംസ്ഥാനത്തിലെ കേസുകള്‍ പോലും സ്വന്തം നാട്ടിലെ കോടതിയില്‍ വാദിക്കാന്‍ കെല്‍പ്പുളളവനാകണം നായകന്‍. ഈ സവിശേഷ സിദ്ധിയുളള കഥാപാത്രമായതു കൊണ്ടാവും അഡ്വ രമേഷ് നന്പ്യാരുടെ വേഷം കെട്ടിയാടാന്‍ മമ്മൂട്ടി സമ്മതം മൂളിയത്. അല്ലാതെ വേറെ മികവൊന്നും ഈ കഥാപാത്രത്തിനില്ല. (അമേരിക്കയിലെ പെന്‍സില്‍വാനിയയിലോ കൊളറാഡോയിലോ രജിസ്റ്റര്‍ ചെയ്യുന്ന കേസിലെ പ്രതിക്ക് തമിഴ്‍നാട് ഹൈക്കോടതിയില്‍ നിന്നും ജാമ്യമെടുക്കുന്ന സൂപ്പര്‍ വക്കീലിന്റെ വേഷത്തില്‍ രജനീകാന്ത് അഭിനയിക്കുന്നതോടെ ഇത്തരത്തിലുളള സൂപ്പര്‍താര വക്കീല്‍ സങ്കല്‍പം പൂര്‍ണതയിലെത്തുമെന്ന് പ്രതീക്ഷിക്കാം).

ദേവരാജ പ്രതാപ വര്‍മ്മയെന്ന മലഞ്ചരക്ക് വ്യാപാരിയുടെ വേഷത്തിലാണ് മോഹന്‍ലാല്‍. കര്‍ണാടക പോലീസിന്റെ കൈയില്‍ നിന്നും അഡ്വേക്കേറ്റ് രമേഷ് നന്പ്യാര്‍ രക്ഷിച്ചെടുക്കുന്ന അരുണ്‍ കുമാറിന്റെ കൊലയാളിയുടെ വേഷത്തിലാണ് മോഹന്‍ലാലിന്റെ ദേവനെ നാം ആദ്യം കാണുന്നത്. അതിദാരുണമായി കൊല്ലപ്പെട്ട കാര്‍ത്തിക് എന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിയുടെ ജ്യേഷ്ഠനാണ് ഇയാളെന്ന് അരുണിന്റെ വീട്ടുകാരോ, കേസന്വേഷിക്കുന്ന ആന്റണി പുന്നക്കാടന്‍ ഐപിഎസോ പ്രോസിക്യൂഷന്‍ വക്കീലോ ഒന്നും അറിയുന്നില്ല. (എന്തു കോടതി, എന്ത് പോലീസ്... ഉദയനും സിബിയും എഴുതുന്നതിനു പുറകേ യുക്തിയുമായി നടക്കുന്നവനെ വളളിച്ചൂരലിന് പെടയ്ക്കണം...)

ഈ കേസില്‍ ദേവനെ ജയില്‍വിമുക്തനാക്കേണ്ട ചുമതലയും അഡ്വക്കേറ്റ് രമേഷ് നന്പ്യാര്‍ക്കാണ്.. സൂപ്പര്‍താര വക്കീലിനു മുന്നില്‍ നടപടിക്രമങ്ങളും ചട്ടങ്ങളും കാറ്റില്‍ പറക്കും. ഒന്നാം സാക്ഷി മദ്യലഹരിയിലായിരുന്നുവെന്നാണ് കോടതി മുന്പാകെ നന്പ്യാരങ്ങുന്ന് വാദിക്കുന്നത്.. തെളിവില്‍ അധിഷ്ഠിതമാണ് ഇന്ത്യയിലെ കോടതി സംവിധാനം. സാദാ വക്കീലന്മാര്‍ക്ക് അവിടെ വാദങ്ങള്‍ അവതരിപ്പിച്ചാല്‍ മാത്രം പോര, അവ സ്ഥാപിക്കാന്‍ സുശക്തമായ തെളിവും ഹാജരാക്കണം.

മദ്യലഹരിയിലാണ് ആന്റണി പുന്നക്കാടന്‍ ദേവനെ കസ്റ്റഡിയിലെടുത്തതെന്ന് ഒരു സാദാ വക്കീലാണ് വാദിക്കുന്നതെന്ന് കരുതുക. സംഭവം നടക്കുന്ന സമയത്ത് പുന്നക്കാടന്‍ മദ്യപിച്ചിരുന്നുവെന്ന് തെളിയിക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് ജഡ്ജിക്കു മുന്നില്‍ ഹാജരാക്കിയേ മതിയാകൂ.. വാദിക്കുന്നത് സാക്ഷാല്‍ മമ്മൂട്ടിയുടെ രമേഷ് നന്പ്യാരാണെങ്കില്‍ കളി മാറും. വിടുവായന്‍ പൊലീസ് ഡ്രൈവറുടെ വാചകമടിയുടെ സാക്ഷ്യം മതി, ആന്റണി പുന്നക്കാടനെന്ന ഐപിഎസ് ദൃക്‍സാക്ഷിയുടെ മൊഴി കളളമെന്ന് ജഡ്ജിക്ക് ബോധ്യം വരാനും പ്രതിയെ നിരുപാധികം വിട്ടയയ്ക്കാനും.

രാജ്യവ്യാപക ശ്രദ്ധയാകര്‍ഷിച്ച ഒരു കാന്പസ് കൊലപാതകത്തില്‍ സഹോദരനെ നഷ്ടപ്പെട്ടവനാണ്, ആ കൊലക്കേസ് പ്രതിയുടെ കൊലപാതകിയുടെ രൂപത്തില്‍ കോടതിയില്‍ നില്‍ക്കുന്നതെന്ന കാര്യം പ്രോസിക്യൂഷന്‍ വക്കീലിന് അറിയാത്തതിനു കാരണവും ഒന്നേയുളളൂ. മറുഭാഗത്ത് മമ്മൂട്ടിയുടെ വക്കീലാണ്. നിര്‍ണായക വിവരങ്ങള്‍ അദ്ദേഹത്തിന് യഥാസമയം ഓര്‍മ്മ വരുമെന്ന് മാത്രമല്ല, എതിര്‍വക്കീലിന് കൃത്യസമയത്ത് മറവിയുണ്ടാക്കാനും പോന്നവനാണ് സൂപ്പര്‍താര വക്കീല്‍. ടിയാന്‍ ഏറ്റെടുക്കുന്ന കേസുകളെല്ലാം വിജയിക്കണമെങ്കില്‍, എതിര്‍ഭാഗം വക്കീലിന് അല്‍ഷിമേഴ്സ് പോലുളള അസുഖങ്ങള്‍ ഉണ്ടായേ തീരൂ..

ട്വെന്റി20യിലെ ജാതിക്കളി

സൂപ്പര്‍താര കഥാപാത്രങ്ങളെ പൊലിപ്പിച്ച് നിര്‍ത്താന്‍ പ്രേക്ഷക ബുദ്ധിയെ നിര്‍ലജ്ജം വ്യഭിചരിക്കുന്പോഴും ജാതീയമായ അധമ ചിന്തകള്‍ പ്രസരിപ്പിക്കാന്‍ ചിത്രത്തിന്റെ ശില്‍പികള്‍ മറക്കുന്നില്ല. മുകേഷ് അവതരിപ്പിക്കുന്ന സര്‍ക്കിള്‍ ഇന്‍‍സ്പെക്ടര്‍ ജയചന്ദ്രന്‍ നായര്‍, സലിം കുമാര്‍ അവതരിപ്പിക്കുന്ന ഐപിഎസ് ഓഫീസര്‍ എന്നീ കഥാപാത്രങ്ങളിലൂടെയാണ് ഈ ചിത്രത്തിനു പിന്നിലുളളവരുടെ നീചമനസ് വെളിപ്പെടുന്നത്.

മുകേഷിന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്പോള്‍ മേശപ്പുറത്തിരിക്കുന്ന ജയചന്ദ്രന്‍ നായര്‍ എന്ന നെയിംബോര്‍ഡാണ് കാമറ ആദ്യം കാണിച്ചു തരുന്നത്. എന്തിനാണ് ഈ നായര്‍ വാലെന്ന് ആലോചിക്കുന്നവര്‍ക്ക് ഉത്തരം പിന്നാലെ കിട്ടുന്നുണ്ട്.

വേഷപ്രച്ഛന്നനായി പ്രതികളെ പിടിക്കാനിറങ്ങുന്ന ഒരു മന്ദബുദ്ധി ഐപിഎസുകാരനാണ് സലിംകുമാറിന്റെ കഥാപാത്രം. വേഷം മാറി പ്രതികളെ പിടിക്കാനിറങ്ങുന്ന മേലുദ്യോഗസ്ഥനെ കീഴുദ്യോഗസ്ഥര്‍ ആളറിഞ്ഞും അല്ലാതെയും തല്ലുന്നതിലൂടെ ഹാസ്യം ജനിപ്പിക്കുന്ന എത്രയോ ദൃശ്യങ്ങള്‍ മലയാളത്തില്‍ എത്രയോ തവണ നാം കണ്ടിട്ടുണ്ട്. ആ തല്ലുകൊളളലില്‍ ജാതി കലര്‍ത്തുന്ന പാപം ആദ്യമായി ചെയ്തതിന്റെ ബഹുമതിയാണ് സിബിയും ഉദയനും ജോഷിയും പങ്കിട്ടെടുക്കുന്നത്.

സിഐ ജയചന്ദ്രനെക്കൊണ്ട് തന്നെ സല്യൂട്ടടിച്ചതിനു ശേഷം സലിം കുമാറിന്റെ കഥാപാത്രം നടത്തുന്ന ആത്മഗതം രസകരമാണ്. ഒരു നായരെക്കൊണ്ട് സല്യൂട്ട് ചെയ്യിച്ചല്ലോ എന്ന സംതൃപ്തിയില്‍ പാവം ഐപിഎസുകാരന്‍ നടന്നു നീങ്ങുന്നു. ഐപിഎസുകാരന് ഒരു നായര്‍ കീഴുദ്യോഗസ്ഥനില്‍ നിന്ന് സല്യൂട്ട് ചോദിച്ചു വാങ്ങേണ്ട ഗതികേട് സംസ്ഥാനത്തെ പൊലീസ് സേനയില്‍ നിലനില്‍ക്കുന്ന കാര്യം ഈ ചിത്രം കണ്ടെങ്കിലും ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ തിരിച്ചറിയുമെന്നും വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും പ്രത്യാശിക്കാം.

കീഴ്‍ ജാതിക്കാരനെ സല്യൂട്ട് ചെയ്യുകയെന്ന പാതകത്തിന് പിന്നീട് സിഐ ജയചന്ദ്രന്‍ പ്രതിക്രിയ ചെയ്യുന്നുണ്ട്. ദേവരാജ വര്‍മ്മയുടെ വീട്ടില്‍ പാചകക്കാരന്റെ വേഷത്തില്‍ നില്‍ക്കുന്ന ഐപിഎസ് നരസിംഹത്തിന്റെ കരണക്കുറ്റിക്ക് അടിച്ചാണ് ചെയ്തുപോയ സല്യൂട്ട് പാപത്തിന് ജയചന്ദ്രന്‍ പ്രായച്ഛിത്തം ചെയ്യുന്നത്. ജയചന്ദ്രന്‍ നായരുടെ സല്യൂട്ടും തുടര്‍ന്നുളള നരസിംഹത്തിന്റെ ആത്മഗതവും പിന്നീടുളള കരണത്തടിയും കച്ചവട സിനിമയിലെ സ്ഥിരം കോമാളിഹാസ്യത്തിന്റെ സമവാക്യങ്ങള്‍ക്കപ്പുറത്ത് ചില അര്‍ത്ഥങ്ങള്‍ പ്രേക്ഷകരുമായി സംവദിക്കുന്നുണ്ട്. ഈ രംഗങ്ങള്‍ ആരുടെ ഉളളിലാണ് ചിരിയുണര്‍ത്തുന്നതെന്ന് ബുദ്ധിയുളള പ്രേക്ഷകന്‍ എളുപ്പം തിരിച്ചറിയും. ത്രസിച്ചു നില്‍ക്കുന്ന അസംബന്ധതയ്ക്കിടയില്‍ ഇങ്ങനെ രണ്ട് രംഗങ്ങള്‍ കൃത്യമായി ഉള്‍പ്പെടുത്തപ്പെട്ടത് തികച്ചും യാദൃശ്ചികല്ല തന്നെ.

ജാതി, പാരന്പര്യ സൂചനകള്‍ വേറെയുമുണ്ട് ചിത്രത്തില്‍. ജസ്റ്റിസ് വിശ്വനാഥ മേനോന്റെ വീട്ടുജോലിക്ക് ബ്രാഹ്മണര്‍ തന്നെ വേണമെന്നാണ് കാര്യസ്ഥന്റെ ആഗ്രഹം. സ്ഥലത്തെ ചായക്കടക്കാരനോട് ഇക്കാര്യം വ്യക്തമായിത്തന്നെ ഇയാള്‍ പറയുന്നുമുണ്ട്. ഈ ആവശ്യം കേട്ട് പൂട്ടു വര്‍ക്കി, ഓടു മുരളി തുടങ്ങിയ കളളന്മാരാണ് പൂണൂലണിഞ്ഞ് ബ്രാഹ്മണ വേഷത്തില്‍ വീട്ടു വേലയ്ക്കെത്തുന്നത്. മോഷ്ടാക്കള്‍ ബ്രാഹ്മണരല്ലെന്ന് ചിത്രത്തിന്റെ ശില്‍പികള്‍ കാണികളോട് ഉറപ്പിച്ച് പറയുന്നു. ഏത് കളളനും പൂണൂലിട്ടാല്‍ ബ്രാഹ്മണരാകാം, എന്നാല്‍ ബ്രാഹ്മണര്‍ക്ക് ഒരിക്കലും കളളന്മാരാകാന്‍ കഴിയില്ലെന്ന് സിനിമ നല്‍കുന്ന ഗുണപാഠം.

ജസ്റ്റിസ് വിശ്വനാഥ മേനോന്റെ മകള്‍ ഗൂഢമായി രമേഷ് നന്പ്യാരെ പ്രണയിക്കുന്നുണ്ട്. ജസ്റ്റിസോ രമേഷ് നന്പ്യാരോ അത് വേണ്ട സമയത്ത് അറിയുന്നില്ല. എന്നാല്‍ മകളുടെ ഭര്‍ത്താവ് ഇക്കാര്യം പറഞ്ഞ് തരം കിട്ടുന്പോഴൊക്കെ അവളെ കുത്തി നോവിക്കാറുണ്ട്. ആണത്തം കാണിക്കാനാണ് താന്‍ ഇങ്ങനെയൊക്കെ ചെയ്യുന്നതെന്ന് ഭര്‍ത്താവ് രമേഷ് നന്പ്യാരോട് വീരവാദം മുഴക്കുന്നതിന് അദ്ദേഹം പറയുന്ന മറുപടിയുടെ രത്നച്ചുരുക്കം ചില്ലിട്ട് സൂക്ഷിക്കണം.

നല്ലത് ചെയ്യുകയും പറയുകയും ചെയ്യണമെങ്കില്‍ നല്ല തന്തയ്ക്ക് പിറക്കണമെന്നാണ് രമേഷ് നന്പ്യാര്‍ ഉദ്ബോധിപ്പിക്കുന്നത്. തന്തയും തന്തയുടെ തന്തയും അയാളുടെ തന്തയുമൊക്കെ നല്ല തന്തയ്ക്ക് ജനിക്കണമത്രേ..

ഈ പറയുന്ന രമേഷ് നന്പ്യാരുടെ തന്ത, തന്തയുടെ തന്ത, അയാളുടെ തന്ത എന്നിവരുടെ വിവരങ്ങള്‍ സിനിമയില്‍ ലഭ്യമല്ല. എന്നാല്‍ അയാളുടെ കണ്‍കണ്ട ദൈവം ജസ്റ്റിസ് വിശ്വനാഥ മേനോന്റെ മകന്‍ മഹേന്ദ്രനാണ് സിനിമയുടെ അവസാനം കൊല്ലപ്പെടുന്ന വില്ലന്മാരില്‍ ഒരാള്‍. അയാളുടെ മകന്‍ അരുണ്‍ കുമാറും വില്ലനാണ്. കൊല്ലപ്പെടാനാണ് വിധിയും.

രമേഷ് നന്പ്യാരുടെ തിയറിയനുസരിച്ചാണെങ്കില്‍ കാര്യങ്ങള്‍ ഇവിടെ കീഴ്മേല്‍ മറിയും.. ഒന്നുകില്‍ അതിരറ്റ ഗുരുഭക്തിയോടെ രമേഷ് നന്പ്യാര്‍ പൂജിക്കുന്ന ജസ്റ്റിസ് വിശ്വനാഥ മേനോന്‍ നല്ലവനല്ല. അല്ലെങ്കില്‍, ജസ്റ്റിസ് വിശ്വനാഥ മേനോന്റെ മകനല്ല, മാധവന്‍. വിശ്വനാഥ മേനോന്റെ ഭാര്യയ്ക്ക് ഒളിസേവയുണ്ടായിരുന്നെന്ന വ്യംഗ്യമായ സൂചനയാണോ ഈ ഡയലോഗിലൂടെ തിരക്കഥാകൃത്തുക്കള്‍ നല്‍കുന്നതെന്നും ന്യായമായും സംശയിക്കാം. ഏതായാലും ഈ തന്ത ഡയലോഗ് ഫാന്‍സ് അസോസിയേഷന്‍ മന്ദബുദ്ധികള്‍ക്ക് പെരുത്തിഷ്ടപ്പെട്ടിട്ടുണ്ട്. മനോജ് കെ ജയനോട് മമ്മൂട്ടി ഇത് പറയുന്പോള്‍, എന്താ തീയേറ്റിലെ കയ്യടി..!!! ഓര്‍ക്കുന്പോള്‍ തന്നെ കുളിരു കേറുന്നു..

പ്രേക്ഷകന്റെ സാമാന്യബുദ്ധിയെ ഒരു സങ്കോചവുമില്ലാതെ വെല്ലുവിളിക്കുന്ന തിരക്കഥയാണ് ട്വെന്റി ട്വെന്റിയുടേത്. സുപ്രധാനമായ കഥാസന്ദര്‍ഭങ്ങള്‍ക്കൊന്നും യുക്തിയുടെയോ സുബോധത്തിന്റെയോ പിന്‍ബലമില്ല. ഈ തിരക്കഥ തയ്യാറാക്കാന്‍ സിബിയും ഉദയനും ഒന്നര വര്‍ഷം ചെലവാക്കിയെന്നാണ് ദിലീപ് സാക്ഷ്യപ്പെടുത്തുന്നത്. കലൂര്‍ ഡെന്നീസിനെയോ അന്‍സാര്‍ കലാഭവനെയോ സമീപിച്ചിരുന്നെങ്കില്‍ കുറെക്കൂടി നല്ലൊരു തിരക്കഥ ഇതിലും കുറഞ്ഞ സമയത്തിനുളളില്‍ കിട്ടിയേനെ..

മലയാളത്തിലെ ഏതാണ്ടെല്ലാ താരങ്ങളെയും നിരത്തി നിര്‍ത്തിയുളള ഈ അസംബന്ധ നാടകത്തില്‍ കയ്യടി വാങ്ങുന്നത് പക്ഷേ, മോഹന്‍ലാലും സുരേഷ് ഗോപിയുമാണ്. സഹോദരന്റെ കൊലയാളികളെ കൊന്നു കൊലവിളിക്കാന്‍ രണ്ടും കല്‍പ്പിച്ചിറങ്ങുന്ന പ്രതികാരദാഹിയായി ലാല്‍ തകര്‍ത്താടി. ആന്റണി പുന്നക്കാടന്‍ എന്ന ഐപിഎസ് ഓഫീസറായി സുരേഷ് ഗോപിയും കസറി. പോസ്റ്ററുകളില്‍ മോഹന്‍ലാലിന് പ്രാധാന്യം കുറഞ്ഞെന്നു പറഞ്ഞ് വിലപിച്ച മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍കാരാണ് അക്ഷരാര്‍ത്ഥത്തില്‍ ബ്ലീച്ചായത്. തീയേറ്ററില്‍ മുഴങ്ങുന്ന കയ്യടിയേറെയും മോഹന്‍ലാലിന്റെ ദേവന്‍ സ്വന്തമാക്കിയപ്പോള്‍ പുറത്തുണ്ടാക്കിയ പുക്കാറുകളോര്‍ത്ത് നാണമുണ്ടെങ്കില്‍ അവര്‍ ലജ്ജിച്ചിരിക്കും. (നാണമുളളവര്‍ ഫാന്‍സ് അസോസിയേഷനുണ്ടാക്കാന്‍ നടക്കുമോ എന്നാണ് ചോദ്യമെങ്കില്‍, നമ്മളീ നാട്ടുകാരനല്ല)

കുറേ ഓഞ്ഞ ഡയലോഗുകളുടെ പൊയ്ക്കാലുകളിലാണ് മമ്മൂട്ടിയുടെ രമേഷ് നന്പ്യാര്‍ നില്‍ക്കുന്നത്. അഭിനയ ജീവിതത്തില്‍ മമ്മൂട്ടി കെട്ടിയാടിയ ഒട്ടും കാന്പില്ലാത്ത, യാതൊരു വ്യക്തിത്വവുമില്ലാത്ത കഥാപാത്രം. ബാംഗ്ലൂരിലെ മെഡിക്കല്‍ കോളജില്‍ പഠിക്കുന്ന സ്വന്തം സഹോദരി കൊലക്കേസില്‍ സാക്ഷിയാകുന്നത് സര്‍വ പ്രതാപിയായ ഈ കഥാപാത്രം അറിയുന്നില്ല. അവള്‍ ബലാത്സംഗത്തിന് ഇരയാകുന്നതോ, അവളുടെ കാമുകന്‍ പൈശാചികമായി കൊല്ലപ്പെടുന്നതോ ഇയാള്‍ അറിയുന്നില്ല. എന്തിനിങ്ങനെയൊരു നപുംസക വേഷത്തിന് മമ്മൂട്ടി സമ്മതം മൂളിയെന്ന് അദ്ദേഹത്തിന്റെ ആരാധകര്‍ തന്നെ ആലോചിക്കട്ടെ.

വില്ലന്മാരെ കൊന്നൊടുക്കാനുളള ചുമതല മൂന്ന് സൂപ്പറുകള്‍ക്കായി സംവിധായകന്‍ വീതിച്ചു നല്‍കിയിട്ടുണ്ട്. രണ്ടു വില്ലന്മാരെ കൊല്ലുന്ന മോഹന്‍ലാലിനാണ് ഒന്നാം സ്ഥാനം. തൊട്ടു പുറകില്‍ ഓരോരുത്തരെ വീതം കൊല്ലുന്ന മമ്മൂട്ടിയും സുരേഷ് ഗോപിയും. എല്ലാ വില്ലന്മാരെയും മോഹന്‍ലാല്‍ തന്നെ കൊന്നാല്‍, ബാക്കിയുളളവരെന്തോന്ന് സൂപ്പര്‍താരങ്ങള്‍..?

അവതരണ ഗാനത്തിനു പുറമേ, രണ്ടു പാട്ടുകളുണ്ട് ഈ ചിത്രത്തില്‍. ഒരു പാട്ടില്‍ നയന്‍താരയുടെ തുടകള്‍ ഗംഭീരമായ അഭിനയം കാഴ്ചവെയ്ക്കുന്പോള്‍ മറ്റേപ്പാട്ടില്‍ ഭാവനയുടെ തുടകളാണ് ഭാഗ്യം പരീക്ഷിക്കുന്നത്. ഇനിയുളള ചിത്രങ്ങളില്‍ ഭാവനയുടെ വസ്ത്രത്തിന്റെ അതിര് ഇനിയും ഉയരുമെന്ന് പ്രതീക്ഷിക്കാം. വെണ്‍തുടകളുടെ മത്സരാഭിനയത്തിനിടയില്‍ ആരെങ്കിലും പാട്ടിന്റെ വരികള്‍ ഓര്‍മ്മിച്ചാല്‍ അതൊരു വലിയ ചലച്ചിത്രാത്ഭുതമായിരിക്കും.

ജോഷി ചിത്രങ്ങളിലെ ഗാന ചിത്രീകരണത്തിനായി ദിലീപും സംഘവും രാജ്യം വിടുന്പോഴൊക്കെ ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരിക്ക് "മീവല്‍ പക്ഷി"കളെ ഓര്‍മ്മ വരുന്നത് ഒരു മനോരോഗമാണോ എന്നാണ് ചലച്ചിത്ര ഗാനാസ്വാദകരുടെ സംശയം.

നായകന് തട്ടുപൊളിപ്പന്‍ ഡയലോഗുകള്‍ വീശാന്‍ പാകത്തിന് അസംബന്ധ രംഗങ്ങളൊരുക്കുക എന്നതാണ് സൂപ്പര്‍താര ചിത്രങ്ങളുടെ തിരക്കഥാരഹസ്യം. അമ്മയുടെ ബാനറില്‍ എല്ലാ സൂപ്പര്‍താരങ്ങളും അണി നിരക്കുന്ന ട്വെന്റി20 അതുകൊണ്ടു തന്നെ അസംബന്ധ സിനിമയായില്ലെങ്കിലേ അത്ഭുതമുളളൂ..

Tuesday, September 30, 2008

വിഷപ്പാല്‍ ചുരത്തുന്ന മാധ്യമപൂതനകള്‍...

ഒന്നു സമ്മതിച്ചേ തീരൂ. പ്രതിച്ഛായാ നിര്‍മ്മിതിയ്ക്ക് അഹോരാത്രം പണിയെടുക്കുന്ന ഒരു മാധ്യമ സംഘത്തിന്റെ സഹായം കേരളത്തിലൊരു മുഖ്യമന്ത്രിക്കും ഇന്നേ വരെ ലഭിച്ചിട്ടില്ല. അക്കാര്യത്തില്‍ സഖാവ് വി എസ് അച്യുതാനന്ദന്‍ ഭാഗ്യം ചെയ്ത ജന്മമാണ്.

മാധ്യമങ്ങളുടെ സൃഷ്ടിയെന്ന് ചെല്ലപ്പേരുളള എ കെ ആന്റണി പോലും അസൂയപ്പെടുന്നുണ്ടാകും, അച്യുതാനന്ദന്റെ പ്രതിഛായാ നിര്‍മ്മിതിക്കു വേണ്ടി മാധ്യമങ്ങള്‍ നിര്‍വഹിക്കുന്ന അത്യദ്ധ്വാനം കണ്ടിട്ട്.

സെസ് അപേക്ഷകരെല്ലാം റിയല്‍ എസ്റ്റേറ്റ് മാഫിയക്കാരാണെന്ന് പത്രങ്ങളായ പത്രങ്ങള്‍ വഴി വിളിച്ചു കൂവി. തര്‍ക്കം പൊളിറ്റ് ബ്യൂറോയെത്തിച്ചെങ്കിലും ഫലിച്ചില്ല. പ്രമുഖ ഘടകകക്ഷിയിലൊരു ഗ്രൂപ്പിന്റെ സഹായത്തോടെ നടത്തിയ അവസാന ശ്രമവും ജയിച്ചില്ല. ഒരു വര്‍ഷമായി തടഞ്ഞു വെച്ച സെസ് അപേക്ഷകള്‍ ഒടുവില്‍ കേന്ദ്രസര്‍ക്കാരിന് അയയ്ക്കേണ്ടി വന്നു. പാളിപ്പോയ പ്രത്യയശാസ്ത്ര സമരത്തിന്റെ ജാള്യം മറയ്ക്കാന്‍ ഇതാ മൂന്നാറിലേയ്ക്ക് ഒരു വിനോദ യാത്ര.

ടാറ്റ കയ്യേറിയ ഭൂമി കണ്ടെത്തിയെന്ന ആറുകോളം നീളമുളള ഒരു എക്സ്ക്ലൂസീവ് വാര്‍ത്തയുടെ ചിറകിലേറിയാണ് സഖാവ് വീണ്ടും മൂന്നാറിലേയ്ക്ക് വെച്ചു പിടിക്കുന്നത്. സെപ്തംബര്‍ 30 ചൊവ്വാഴ്ച മാധ്യമം ലേഖകന്‍ പി കെ പ്രകാശ് പേരുവെച്ചെഴുതിയ എമകണ്ടന്‍ റിപ്പോര്‍ട്ട് വെറുമൊരു റിപ്പോര്‍ട്ടാണെന്ന് കരുതിയവരെ, പ്രതിബദ്ധതയുളള പത്രപ്രവര്‍ത്തനത്തെക്കുറിച്ച് നിങ്ങള്‍ക്കൊരു ചുക്കുമറിയില്ല.

വായിച്ചു നോക്കൂ, ആദ്യ ഖണ്ഡിക.....

മൂന്നാറില്‍ ടാറ്റാ ടീ കൈയേറിയ 50,000 ഏക്കര്‍ ഭൂമി ഇടുക്കി കലക്ടര്‍ അശോക്കുമാര്‍ സിംഗിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കണ്ടെത്തി. ടാറ്റ കൈയടക്കിവെച്ച സര്‍ക്കാര്‍ ഭൂമിയുടെ സര്‍വേ നമ്പര്‍, വിസ്തൃതി എന്നിവയാണ് കണ്ടെത്തിയത്. രണ്ടുമാസമായി നിയമം ലംഘിച്ച് പുതിയ റിസോര്‍ട്ടുകള്‍ നിര്‍മിക്കുന്നതായി ചൂണ്ടിക്കാട്ടി കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്..

നിയമം ലംഘിച്ച് പുതിയ റിസോര്‍ട്ടുകള്‍ നിര്‍മ്മിക്കുന്ന കാര്യം ചൂണ്ടിക്കാട്ടി കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ടാറ്റ കയ്യേറിയ സര്‍ക്കാര്‍ ഭൂമിയുടെ സര്‍വേ നമ്പരും വിസ്തൃതിയും ഉള്‍പ്പെടുന്നതെങ്ങനെയെന്ന് പി കെ പ്രകാശിന് മാത്രമേ അറിയൂ. അത് കണ്ടെത്താന്‍ എന്ത് മന്ത്രവിദ്യയാണ് കളക്ടറും സംഘവും ഉപയോഗിച്ചതെന്ന് റിപ്പോര്‍ട്ട് ആവര്‍ത്തിച്ചു വായിച്ചാലും ഉത്തരമില്ല.

റിപ്പോര്‍ട്ടില്‍ അവസാനത്തേതിന് തൊട്ടുമുമ്പുളള ഖണ്ഡിക അവസാനിക്കുന്നതു കൂടി വായിക്കൂ.. അതിങ്ങനെയാണ്..

ടാറ്റയെ രക്ഷിക്കുന്നതിന് ഭൂമി സര്‍വേ ചെയ്യണമെന്ന ആവശ്യവും ഉയര്‍ന്നു. ഇതിന്റെ ചുമതല റവന്യൂ വകുപ്പിന് കൈമാറി. ടാറ്റക്ക് അനുകൂലമായി റവന്യൂവകുപ്പ് തയാറാക്കിയ സര്‍വേ റിപ്പോര്‍ട്ട് തള്ളിയാണ്, സര്‍ക്കാറിലേക്ക് നിക്ഷിപ്തമാക്കിയ ഭൂമി അളന്നുതിരിക്കാന്‍ കലക്ടറെ മുഖ്യമന്ത്രി ചുമതലപ്പെടുത്തിയത്.

ഇവിടെ ഒരല്‍പം വിശദീകരണം ആവശ്യമുണ്ട്. റവന്യൂ വകുപ്പിന്റെ കീഴിലുളള സര്‍വെ വിഭാഗത്തിന് കയ്യേറ്റത്തിന്റെ വ്യാപ്തി കണ്ടെത്താനാവില്ലെന്ന് കരുതിയാണ്, ടാറ്റയുടെ കയ്യേറ്റം കണ്ടെത്താന്‍ നാഷണല്‍ റിമോട്ട് സെന്‍സിംഗ് ഏജന്‍സിയെക്കൊണ്ട് ഉപഗ്രഹ സര്‍വെ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍, ഈ സര്‍വെയിലും ടാറ്റ കയ്യേറിയെന്ന് ആരോപിക്കപ്പെടുന്ന 50,000 ഏക്കറിനെക്കുറിച്ച് വ്യക്തമായ വിവരമൊന്നും ലഭിച്ചില്ല.

നാഷണല്‍ റിമോട്ട് സെന്‍സിംഗ് ഏജന്‍സി നല്‍കിയ റിപ്പോര്‍ട്ട് മുഖ്യമന്ത്രി തളളിക്കളഞ്ഞുവെന്നാണ് മാധ്യമം ലേഖകന്‍ സംശയലേശമെന്യേ വായനക്കാരെ അറിയിക്കുന്നത്. സത്യമാണോ അത്...?

2007 ജൂലൈ 25ന് നടന്ന മന്ത്രിസഭാ യോഗത്തിലാണ് ഉപഗ്രഹ സര്‍വെയുടെ റിപ്പോര്‍ട്ട് പരിഗണിക്കപ്പെട്ടത്. റിപ്പോര്‍ട്ടില്‍ അവ്യക്തതയുളളതിനാല്‍ അതേക്കുറിച്ച് പഠിക്കാന്‍ ഒരു സമിതിയെ നിയോഗിക്കാനായിരുന്നു മന്ത്രിസഭയുടെ തീരുമാനം. അക്കാര്യം വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറയുകയും ചെയ്തു. 2007 ജൂലൈ 26ന് ഹിന്ദു പത്രം വ്യക്തമായി ഇത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വാര്‍ത്തയിലെ അവസാന ഭാഗം ഇങ്ങനെ..

He said a committee had been appointed to study the report of the survey conducted by the National Remote Sensing Agency on land in possession of Kannan Devan Plantation Company (formerly Tata Tea Limited). There were some ambiguities in the findings and clarifications were needed.

മറ്റ് അസംഖ്യം വിഗദ്ധ സമിതികളുടെ ഗതി തന്നെയാവണം ഈ റിപ്പോര്‍ട്ടിന്റെ കാര്യത്തിലും സംഭവിച്ചത്. ഉപഗ്രഹ സര്‍വെയുടെ റിപ്പോര്‍ട്ട് സമിതി വിഴുങ്ങിയോ ദഹിച്ചോയെന്നൊന്നും ഇന്നേവരെ പുറത്തു വന്നിട്ടില്ല. പക്ഷേ, വിനോദയാത്രാ നാടകം പ്ലാന്‍ ചെയ്യുന്ന മീഡിയാ മാനേജര്‍മാര്‍ക്ക് അതൊന്നും അറിയേണ്ട കാര്യമില്ല.

മത്തങ്ങ തലക്കെട്ടുമായി വന്നു വീഴുന്ന പത്രം ആദ്യ വായനയില്‍ അതിന്റെ ദൗത്യം നിര്‍വഹിച്ചു പിന്മാറും. ആദര്‍ശധീരനായ മുഖ്യമന്ത്രിയുടെ പ്രതിഛായ വായനക്കാരന്റെ മനസില്‍ ജ്വലിച്ചു തിളങ്ങും. ഉപഗ്രഹ സര്‍വെ റിപ്പോര്‍ട്ട് മുഖ്യമന്ത്രി തളളിയെന്ന് എഴുതി വിടുന്നതിന്റെ ലക്ഷ്യമതാണ്. മുഖ്യമന്ത്രിക്ക് അങ്ങനെ ഏകപക്ഷീയമായി തീരുമാനിക്കാനുളള അധികാരമുണ്ടോയെന്നൊന്നും വായനക്കാരന്‍ ചിന്തിക്കില്ലെന്ന് എഴുതുന്നവര്‍ക്കറിയാം.

അല്ലെങ്കിലും മറിച്ചൊരാലോചനയെന്തിന്? സര്‍വ ശക്തനാണല്ലോ കേരളത്തിന്റെ മുഖ്യമന്ത്രി! ഏത് റിപ്പോര്‍ട്ടും അദ്ദേഹത്തിന് തളളാം, കൊളളാം, വലിച്ചുകീറി പറത്താം. ചോദിക്കുന്നതാര്? പൊതുസമൂഹത്തെയോ പത്രമാധ്യമങ്ങളെയോ അതൊന്നും അറിയിക്കേണ്ട ബാധ്യത സഖാവിനില്ല. സീറ്റു നിഷേധിക്കുമ്പോള്‍ പ്രകടനം നടത്താനും വഴിനീളെ തന്റെ ചിത്രമുളള പടുകൂറ്റന്‍ ഫ്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കാനും മാത്രം മതി ആരാധകരുടെ സേവനം.

ആവശ്യമില്ലാത്ത കാര്യങ്ങള്‍ അറിയണമെന്ന് അവര്‍ വാശി പിടിക്കരുത്. അറിയിക്കേണ്ടതൊക്കെ അറിയിക്കാന്‍ വേറെ പല സംവിധാനങ്ങളും അദ്ദേഹത്തിനുണ്ട്..

ആ സംവിധാനം വിശ്രമരഹിതമായി പ്രവര്‍ത്തിക്കുമ്പോള്‍ വിവരങ്ങള്‍ ആട്ടിന്‍ കാഷ്ഠം പോലെ നമുക്കു മുമ്പില്‍ വിസര്‍ജിക്കപ്പെടും. അതു വാരിത്തിന്ന് വേണമെങ്കില്‍ സംതൃപ്തിയടയാം. അല്ലാത്തവന്റെയൊക്കെ നെഞ്ചില്‍ മുതലാളിത്ത, നവലിബറല്‍, റിയല്‍ എസ്റ്റേറ്റ് മാഫിയകളുടെ ഏജന്റെന്ന ചാപ്പ കുത്തി വെറുക്കപ്പെട്ടവന്റെ കിരീടവും ചൂടി നാടു കടത്തും.

മന്ത്രിസഭയെയോ അതിന്റെ തീരുമാനങ്ങളോ അംഗീകരിക്കുന്ന ഇനമല്ല, ചില മാധ്യമ പ്രവര്‍ത്തകര്‍. തോന്നിയവാസവും തന്നിഷ്ടവും ജീവിതവ്രതമാക്കിയ ഒരു മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഉപജാപക വൃന്ദത്തില്‍ പ്രവേശനമുളള കുറേ പത്രക്കാരുമുണ്ടെങ്കില്‍, എന്തു മന്ത്രിസഭ, എവിടുത്തെ മുന്നണി മര്യാദ.. ?

പക്ഷേ, പഴഞ്ചന്‍ കാലത്തില്‍ ചരിക്കുന്ന ചിലരെങ്കിലും കാണുമല്ലോ. ഇങ്ങനെയൊക്കെയുളള കാര്യങ്ങള്‍ ആലോചിക്കാനും തീരുമാനിക്കാനുമാണ് മന്ത്രിസഭയെന്നൊരു ഏര്‍പ്പാടുളളതെന്ന് അവര്‍ കരുതുന്നു. അവിടെ ചര്‍ച്ച ചെയ്താണ് തീരുമാനങ്ങളുണ്ടാകുന്നതെന്ന് അവര്‍ പ്രതീക്ഷിക്കുന്നു. മുഖ്യമന്ത്രിയുടെ തന്നിഷ്ടവും തോന്നിയവാസവും അനുവദിച്ചു കൊടുക്കില്ലെന്ന് എത്രയോ സംഭവങ്ങളിലൂടെ അവര്‍ അനുഭവച്ചറിഞ്ഞിട്ടുമുണ്ട്.

എച്ച്എംടി വിവാദം മുതല്‍ സെസ് അപേക്ഷകള്‍ തടഞ്ഞു വെച്ചതു വരെയുളള സംഭവങ്ങള്‍ ഓര്‍മ്മയുളള, പണയപ്പെടാത്ത യുക്തിബോധമുളള അവരില്‍ ഓര്‍ക്കാനമുണ്ടാക്കുന്നതാണ് ഈ പി കെ പ്രകാശിന്റെ റിപ്പോര്‍ട്ട്.

ഒന്നു കൂടി വായിച്ചു നോക്കൂ.. പ്രതിബന്ധത തുടിച്ചു നില്‍ക്കുന്ന ഈ വാചകം...
ടാറ്റക്ക് അനുകൂലമായി റവന്യൂവകുപ്പ് തയാറാക്കിയ സര്‍വേ റിപ്പോര്‍ട്ട് തള്ളിയാണ്, സര്‍ക്കാറിലേക്ക് നിക്ഷിപ്തമാക്കിയ ഭൂമി അളന്നുതിരിക്കാന്‍ കലക്ടറെ മുഖ്യമന്ത്രി ചുമതലപ്പെടുത്തിയത്.

തീര്‍ന്നില്ല കഥ. ചൊക്കനാട് എസ്റ്റേറ്റിലെ കയ്യേറ്റം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തിരിച്ചു പിടിക്കുമെന്നൊരു പ്രവചനവും ലേഖകന്‍ എഴുതിച്ചേര്‍ത്തിട്ടുണ്ട്. ആരുടെ ഉപദേശമനുസരിച്ചാണ് മുഖ്യമന്ത്രി നീങ്ങുന്നതെന്ന് സുവ്യക്തമായി സൂചിപ്പിക്കുന്നു, ഈ റിപ്പോര്‍ട്ട്.

മാസ്റ്റര്‍ പ്ലാനിന്റെ തിരക്കഥ സുവ്യക്തം. 2007 ജൂലൈ മൂന്നിന് നയമക്കല്‍ എസ്റ്റേറ്റില്‍ ടാറ്റായുടെ ബോര്‍ഡ് പിഴുതുമാറ്റാന്‍ സംസ്ഥാന മുഖ്യമന്ത്രി തൊപ്പിയും ജാക്കറ്റുമണിഞ്ഞ് ചെന്നതും വീരപുരുഷനായി മടങ്ങിയതും വീണ്ടും ആവര്‍ത്തിക്കപ്പെടും. അന്ന് നയമക്കലെങ്കില്‍ ഇന്ന് ചൊക്കനാട്. അതിനു വേണ്ടിയാണ് ഈ വിനോദയാത്ര. സെസില്‍ സംഭവിച്ച ജാള്യം മറയ്ക്കാന്‍ മാധ്യമ സഹായ സഹകരണ സംഘത്തിന്റെ സമയോചിതമായ ഇടപെടല്‍.

ഒരു ബോര്‍ഡ് പിഴുതുമാറ്റിയാണ് നയമക്കല്‍ എസ്റ്റേറ്റിലെ 1300 ഏക്കര്‍ ഭൂമി പണ്ട് സഖാവ് തിരിച്ചു പിടിച്ചു കളഞ്ഞത്. അതിന്റെ പേരില്‍ റവന്യൂമന്ത്രി, വനം മന്ത്രി മുതല്‍ മൂന്നാര്‍ പൂച്ചകളിലൊന്നായ രാജു നാരായണ സ്വാമി വരെ അധിക്ഷേപത്തിന്റെ അച്യുതാനന്ദഗീതികള്‍ക്ക് ഇരയായിട്ടുണ്ട്. വിസ്താരഭയത്താല്‍ അവയൊന്നും വിശദീകരിക്കുന്നില്ല.

ഒരു ബോര്‍ഡ് പിഴുത് മാറ്റി, പകരം വേറൊന്ന് സ്ഥാപിച്ചാല്‍ ഭൂമി സര്‍ക്കാരിന്റെ കൈയില്‍ വരുമെങ്കില്‍, കുന്താലിയും മണ്‍വെട്ടിയും "കേരള സര്‍ക്കാര്‍ ഈ ഭൂമിയുടെ ഐശ്വര്യം" എന്നെഴുതിയ കുറേ ബോര്‍ഡുകളുമായി വില്ലേജ് ഓഫീസര്‍മാരെ തെക്കുവടക്കു വിടുന്നതല്ലേ നല്ലത്..? നോട്ടീസ് കൊടുക്കേണ്ട, ഹിയറിംഗ് വേണ്ട, ഒഴിഞ്ഞു പോകാന്‍ സമയം കൊടുക്കേണ്ട.. ചെല്ലുക, ബോര്‍ഡോ, തേയിലച്ചെടിയോ, കപ്പക്കമ്പോ പിഴുതെറിയുക..ഉശിരന്‍ ബോര്‍ഡൊരെണ്ണം കുത്തി നിര്‍ത്തുക.. ടെലിവിഷനിലും പത്രത്തിലും ആവശ്യത്തിന് വാര്‍ത്തയും നല്‍കുക.. സ്ഥലം സര്‍ക്കാരിന്റെ കയ്യില്‍ സുഭദ്രം.

ഒരു പുറമ്പോക്ക് കയ്യേറ്റം പോലും ഇങ്ങനെ ഒഴിപ്പിക്കാനാവില്ലെന്ന് നമുക്കറിയാം. ആകുമായിരുന്നെങ്കില്‍ സെക്രട്ടേറിയറ്റിന്റെ മൂക്കിനു കീഴില്‍ സര്‍ക്കാരിന്റെ സ്വന്തം ഭൂമിയില്‍ വെറും 25 ഏക്കറില്‍ പ്രവര്‍ത്തിക്കുന്ന ഗോള്‍ഫ് ക്ലബ് ഇപ്പോള്‍ സര്‍ക്കാരിന്റെ കൈയിലിരിക്കുമായിരുന്നു. കൊമ്പും കുഴലും വാദ്യഘോഷമായി ചെന്നതും പിന്മാറിയതും ഒടുവില്‍ കോടതിയില്‍ ദയനീയമായി കേസ് തോറ്റതും ഈ നാട്ടിലെ ജനമല്ലേ, സഖാക്കളേ, കണ്ണിമയ്ക്കാതെ കണ്ടിരുന്നത്?

ഒഴിപ്പിക്കല്‍ ഇത്രയെളുപ്പമായിരുന്നുവെങ്കില്‍, ഇക്കഴിഞ്ഞ ജൂണ്‍ രണ്ടിന് തിരുവനന്തപുരം എഡിഎം വി. ശിവരാജന്‍ നായരെ ബുദ്ധിമുട്ടിച്ചതെന്തിന്? നയമക്കല്‍ ഏറ്റെടുക്കല്‍ ഓര്‍മ്മയില്‍ ഇപ്രകാരമാകാമായിരുന്നില്ലേ നടപടി.

മന്ത്രിസഭാ യോഗം കഴിഞ്ഞ് മുഖ്യമന്ത്രി നേരിട്ട് ഗോള്‍ഫ് ക്ലബിലെത്തുന്നു. ചീട്ടുകളിച്ചും വെളളമടിച്ചും ആഘോഷിക്കുന്ന മാന്യന്മാരെ പുറത്താക്കുന്നു. ഗോള്‍ഫ് ക്ലബ് എന്ന ബോര്‍ഡ് ഇളക്കി മാറ്റുന്നു. പകരം സര്‍ക്കാര്‍ ബോര്‍ഡ് സ്ഥാപിക്കുന്നു. എന്തെളുപ്പം..

സംഭവിച്ചത് അതായിരുന്നുവെങ്കില്‍, ഗോള്‍ഫ് ക്ലബുകാര്‍ കേസിനു പോകുമായിരുന്നോ, അഥവാ കേസിന് പോയാല്‍ തന്നെ കോടതിയിടപെടുമായിരുന്നോ...? ജനങ്ങളുടെ സ്വന്തം മുഖ്യമന്ത്രിയല്ലേ.. ഏതു ബോര്‍ഡും പിഴുതെറിയാന്‍ അദ്ദേഹത്തിനല്ലേ അവകാശം... പോയ ബുദ്ധി പി കെ പ്രകാശ് പിടിച്ചാലും തിരിച്ചു കിട്ടില്ല.

ടാറ്റ കയ്യേറിയ ഭൂമി കണ്ടെത്തിയെന്ന് മാധ്യമം ലേഖകന്‍ ആര്‍ത്തു വിളിക്കുമ്പോള്‍ റവന്യൂ വകുപ്പ് എന്തു ചെയ്യുകയായിരുന്നുവെന്ന ചോദ്യം കേട്ടില്ലെന്ന് നടിക്കാം. കാരണം മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയെന്ന് പറയുന്ന ജില്ലാ കളക്ടര്‍ അശോക് കുമാര്‍ സിന്‍ഹ, റവന്യൂ വകുപ്പിന്റെ കീഴിലുളള ഉദ്യോഗസ്ഥനാണ്. കെ പി രാജേന്ദ്രനാണ് അദ്ദേഹത്തിന്റെ മന്ത്രി.

ഭരണപരമായ അധികാര ശ്രേണിയെ മുഴുവന്‍ അപ്രസക്തമാക്കി മുഖ്യമന്ത്രിക്ക് നേരിട്ട് അദ്ദേഹം എങ്ങനെ റിപ്പോര്‍ട്ട് നല്‍കും? അതിന് അദ്ദേഹത്തെ പ്രത്യേകമായി ചുമതലപ്പെടുത്തിയിട്ടുണ്ടോ? അങ്ങനെ ലഭിക്കുന്ന ഒരു റിപ്പോര്‍ട്ട് മന്ത്രിസഭയുടെ പരിഗണനയ്ക്ക് വെയ്ക്കാതെ മുഖ്യമന്ത്രിക്ക് ബോര്‍ഡ് നാട്ടാന്‍ മൂന്നാറിലേയ്ക്ക് പോകാനാകുമോ? ആരോടു ചോദിക്കും, ചോദിച്ചാല്‍ തന്നെ ആരുത്തരം പറയും...?

അച്യുതാനന്ദനാണ് മുഖ്യമന്ത്രി. അതുകൊണ്ട് എന്തും സംഭവിക്കാം. പാര്‍ട്ടിയെയും മന്ത്രിസഭയെയും ജനത്തെയും നോക്കുകുത്തിയാക്കി, ഉപജാപകവൃന്ദത്തിലെ മാധ്യമപ്രവര്‍ത്തകര്‍ പരിശീലിപ്പിച്ച സര്‍ക്കസ് ഒട്ടും പിഴയ്ക്കാതെ ജനത്തിന് കാണിച്ചു കൊടുക്കുന്നതാണ് ആദര്‍ശാത്മക ഭരണമെന്ന് അദ്ദേഹം ധരിക്കുന്നു. ആ സര്‍ക്കസും കണ്ട്, തലയുടെ നെരിയാണി തകര്‍ന്ന ആരാധകര്‍ കയ്യടിക്കുന്നു.. ആര്‍പ്പുവിളിക്കുന്നു...

ഭാഗ്യവാനല്ലേ അച്യുതാനന്ദന്‍‍. ഒരു മാധ്യമത്തിനും തൊടാനാകാത്ത വിധം ഉയരത്തിലാണ് അദ്ദേഹമിന്ന്. ഭരണപരാജയങ്ങളുടെ പേരില്‍ ഒരു പത്രവും അദ്ദേഹത്തെ വേട്ടയാടില്ല. മാത്രമല്ല, അദ്ദേഹത്തിന്റെ ഓരോ പരാജയത്തിനും ന്യായീകരണം ചമയ്ക്കേണ്ടത് പത്രങ്ങളുടെ ബാധ്യതയായി മാറിയിട്ടുമുണ്ട്. കരിയും പൊടിയും പറ്റിയ പ്രതിച്ഛായ പ്രതിദിനം തൂത്തു തുടയ്ക്കേണ്ട ഉത്തരവാദിത്വവും മാധ്യമങ്ങളുടേത്. ഇഎംഎസ് മുതല്‍ ഉമ്മന്‍ചാണ്ടി വരെയുളള മുഖ്യമന്ത്രിമാരില്‍ മറ്റൊരാള്‍ക്കും കിട്ടിയിട്ടില്ല ഈ വിധം ലാളന... ഏതു മുഖ്യമന്ത്രിയും ജനിക്കാന്‍ കൊതിക്കുന്ന അത്യപൂര്‍വമായ രാഷ്ട്രീയ ജാതകം.

മാധ്യമങ്ങള്‍ ഊതിപ്പെരുക്കിയ ഈ ബലൂണ്‍ ഒരുനാള്‍ പൊട്ടുക തന്നെ ചെയ്യും. ചെറുതൊന്നുമായിരിക്കില്ല, അതിന്റെ ഒച്ച.

Wednesday, September 24, 2008

കോണി കയറുന്ന മറിമായങ്ങള്‍.........

അല്ല, സത്യത്തില്‍ എന്താണീ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ്...? അറിയാമോ ആര്‍ക്കെങ്കിലും. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് അഥവാ ഐയുഎംഎല്‍ എന്നൊരു പ്രസ്ഥാനം ഇന്ത്യയില്‍ നിലവിലുണ്ടോ? ഉണ്ടെങ്കില്‍ അതൊരു രാഷ്ട്രീയപ്പാര്‍ട്ടിയാണോ? ആണെങ്കില്‍ ആരൊക്കെയാണ് അതിന്റെ നേതാക്കള്‍...? അറിയുന്ന ആരെങ്കിലും ഉത്തരം പറയുമോ..?

ജനാബ് ജി എം ബനാത്ത്‍വാല അന്തരിച്ച ഒഴിവില്‍ കേന്ദ്രമന്ത്രി ജനാബ് അഹമ്മദ് സാഹിബ് ഈ രാഷ്ട്രീയ പാര്‍ട്ടിയുടെ അഖിലേന്ത്യാ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടെന്ന് ഇക്കഴിഞ്ഞ സെപ്തംബര്‍ 15ന് വാര്‍ത്തയുണ്ടായിരുന്നു. എന്നിട്ടും തീരുന്നില്ല, സംശയം.. അഹമ്മദോ.. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിന്റെ പ്രസിഡന്റോ........ അതെങ്ങനെ...

സംശയത്തിന് കാരണമെന്തെന്നല്ലേ.. ദാ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഇ അഹമ്മദ് എന്ന കേന്ദ്ര മന്ത്രിയുടെ ബയോഡാറ്റ കാണാം. സാഹിബിന്റെ പാര്‍ട്ടിയുടെ പേര് അവിടെയെഴുതി വെച്ചിരിക്കുന്നത് കണ്ണു തുറന്നു വായിച്ചു നോക്കൂ.......മുസ്ലിം ലീഗ് കേരള സ്റ്റേറ്റ് കമ്മിറ്റി (എംഎല്‍കെഎസ്‍സി) [Muslim League Kerala State Committee (MLKSC)]

മുസ്ലിംലീഗ് കേരള സ്റ്റേറ്റ് കമ്മിറ്റി എന്നൊരു രാഷ്ട്രീയപ്പാര്‍ട്ടിയോ..? അങ്ങനെയുമുണ്ടോ ഒരു പാര്‍ട്ടി..? അധികമാരും കേട്ടിട്ടില്ലെന്നത് ശരി. അല്ലെങ്കില്‍ നമുക്ക് കേള്‍ക്കാനുളള ഉച്ചത്തില്‍ ആ പേര് ഇന്നുവരെ ആരും പറഞ്ഞിട്ടില്ല. പക്ഷേ, ഇലക്ഷന്‍ കമ്മിഷനില്‍ അങ്ങനെയൊരു പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്.

നിയമസഭയിലേയ്ക്കും പാര്‍ലമെന്റിലേയ്ക്കും നടക്കുന്ന തിരഞ്ഞെടുപ്പുകളില്‍, കോണി ചിഹ്നത്തില്‍ മത്സരിക്കുന്നവര്‍ മുസ്ലിംലീഗ് കേരള സ്റ്റേറ്റ് കമ്മിറ്റി എന്ന പാര്‍ട്ടിക്കാരാണെന്ന്, അറിയാത്തവര്‍ ഇനിയെങ്കിലും അറിയുക.

കൂട്ടത്തില്‍ വേറെയുമുണ്ട് തമാശ.. അഹമ്മദ് സാഹിബ് പ്രസിഡന്റായ വകയില്‍ ആ പാര്‍ട്ടിയുടെ (ഐയുഎംഎല്ലെന്ന് പറയുന്ന പാര്‍ട്ടിയുടെ) സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതും ഒരു എംപിയാണ്.. പേര് ജനാബ് കെ എം ഖാദര്‍ മൊഹിദീന്‍ സാഹിബ്.

ആള്‍ തമിഴ്‍നാട്ടുകാരനാണ്. വെല്ലൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നാണ് എംപിയായത്. അദ്ദേഹത്തിന്റെ ബയോഡേറ്റ നോക്കൂ.. ഏതാ രാഷ്ട്രീയപ്പാര്‍ട്ടി .?.. ദ്രാവിഡ മുന്നേറ്റ കഴകം...?! നമ്മുടെ കരുണാനിധിയുടെ ഡിഎംകെ. ചിഹ്നം ഉദയസൂര്യന്‍.

രാഷ്ട്രീയ വൈചിത്ര്യങ്ങളെ ഗര്‍ഭത്തില്‍ പേറുന്ന ഏര്‍പ്പാടാണ് ജനാധിപത്യമെന്ന് ഇനിയും മനസിലായില്ലേ...

മുസ്ലിംലീഗ് കേരള സംസ്ഥാനകമ്മിറ്റി എന്ന പാര്‍ട്ടിയുടെ പേരില്‍ കോണി ചിഹ്നത്തില്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചു വിജയിച്ച ഇ അഹമ്മദ് പ്രസിഡന്റും, ഡിഎംകെ സ്ഥാനാര്‍ത്ഥിയായി ഉദയസൂര്യന്‍ എന്ന ചിഹ്നത്തില്‍ മത്സരിച്ച് വിജയിച്ച കെ എം ഖാദര്‍ മൊഹിദീന്‍ ജനറല്‍ സെക്രട്ടറിയുമായ മറ്റൊരു പാര്‍ട്ടിയാണ്, ഈ ഐയുഎംഎല്‍, ഐയുഎംഎല്‍ എന്നു പറയുന്ന സാധനം.

തീപിടിക്കുന്ന ഹൈഡ്രജനും തീ കത്താന്‍ സഹായിക്കുന്ന ഓക്സിജനും ചേര്‍ന്നാല്‍ തീയണയ്ക്കാന്‍ ഉപയോഗിക്കുന്ന വെളളം ഉണ്ടാകുന്നത് രാസസംയോഗം. ഇത് രാഷ്ട്രീയ സംയോഗം. ഉദയസൂര്യന്‍ കോണി കയറുമ്പോള്‍ നടക്കുന്ന അത്ഭുതകരമായ രാഷ്ട്രീയ രാസപരിണാമം.

കേരളത്തിലേയ്ക്ക് മടങ്ങിയാലോ..?. പാണക്കാട് സയ്യദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ഏത് പാര്‍ട്ടിക്കാരനാണ്...? ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിന്റെ കേരള സംസ്ഥാന ഘടകത്തിന്റെ പ്രസിഡന്റാണ് അദ്ദേഹമെന്ന് നാമൊക്കെ ധരിക്കുന്നു. എന്നാല്‍ ഇലക്ഷന്‍ കമ്മിഷനില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതനുസരിച്ച് അദ്ദേഹം, മുസ്ലിം ലീഗ് കേരള സ്റ്റേറ്റ് കമ്മിറ്റി എന്ന പ്രാദേശികപ്പാര്‍ട്ടിയുടെ പ്രസിഡന്റാണ്.

സയ്യദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ പ്രസിഡന്റും സയ്യദ് ഉമര്‍ ബാഫക്കി തങ്ങള്‍, അബ്ദുളളാ ഹാജി അഹമ്മദ് സേഠ് എന്നിവര്‍ വൈസ് പ്രസിഡന്റുമാരും പി കെ കുഞ്ഞാലിക്കുട്ടി ജനറല്‍ സെക്രട്ടറിയും ഇ ടി മുഹമ്മദ് ബഷീര്‍, കുട്ടി അഹമ്മദ് കുട്ടി എന്നിവര്‍ സെക്രട്ടറിമാരും ഇ അഹമ്മദ് ട്രഷററുമായ ഒരു പാര്‍ട്ടി ഇലക്ഷന്‍ കമ്മിഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതിന്റെ പേരാകുന്നു മുസ്ലിംലീഗ് കേരള സ്റ്റേറ്റ് കമ്മിറ്റി.

നിയമസഭാ തിരഞ്ഞെടുപ്പിലും പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും കോണി ചിഹ്നത്തില്‍ മത്സരിക്കുന്നവരെല്ലാം മുസ്ലിംലീഗ് കേരള സ്റ്റേറ്റ് കമ്മിറ്റി എന്ന കക്ഷിക്കാരാണ്. തെളിച്ചു പറഞ്ഞാല്‍ നമ്മുടെ മാണി കേരള കോണ്‍ഗ്രസ് പോലൊരു പ്രദേശിക പാര്‍ട്ടിയാണ് ഈ മുസ്ലിം ലീഗ് കേരള സംസ്ഥാന കമ്മിറ്റി.

അപ്പോള്‍ പിന്നെ ഏതാണ് ഈ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ്.. ?

ഇലക്ഷന്‍ കമ്മിഷന്‍ നല്‍കുന്ന വിവരമനുസരിച്ച് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗെന്നൊരു രാഷ്ട്രീയ പാര്‍ട്ടിയുണ്ട്. അംഗീകാരമില്ലാത്ത പാര്‍ട്ടികളുടെ പട്ടികയില്‍ ഐയുഎംഎല്‍ എന്ന പാര്‍ട്ടിയെയും കാണാം.

കൂടുതല്‍ തിരഞ്ഞു ചെന്നാല്‍, ആ പാര്‍ട്ടി 1999ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ടെന്ന് പിടികിട്ടും. മഹാരാഷ്ട്രയിലെ മുംബൈ നോര്‍ത്ത് സെന്‍ട്രല്‍ മണ്ഡലത്തില്‍ ഷെയിഖ് മുഹമ്മദ് ഫാറൂഖും ഉത്തര്‍ പ്രദേശിനെ അസംഗഡ് മണ്ഡലത്തില്‍ അല്‍ അംജീറും മത്സരിച്ചത് ഐയുഎംഎല്‍ എന്ന പാര്‍ട്ടിയെ പ്രതിനിധീകരിച്ചാണ്. ഫാറൂഖിന് ലഭിച്ചത് 17454 വോട്ട്. അല്‍ അംജീറിന് കിട്ടിയത് 3069 വോട്ട്.

ഇതേ തിരഞ്ഞെടുപ്പില്‍ മുസ്ലിംലീഗ് കേരള സ്റ്റേറ്റ് കമ്മിറ്റി എന്ന പാര്‍ട്ടിയുടെ ലേബലില്‍ 12 സിംഹങ്ങള്‍ രാജ്യമാകെ മത്സരിക്കവെയാണ് ഈ വ്യതിക്രമം. ആ പന്ത്രണ്ട് വീരപുരുഷന്മാരില്‍ അന്നത്തെ ഐയുഎംഎല്ലിന്റെ (?) അഖിലേന്ത്യാ പ്രസിഡന്റ് ജി എം ബനാത്ത്‍വാല, ഇന്നത്തെ പ്രസിഡന്റ് ഇ അഹമ്മദ് എന്നിവരും ഉള്‍പ്പെടുന്നു.

കണ്ണു തളളി താഴെ വീഴുന്നോ..? വിശ്വാസികളെ പരീക്ഷിക്കാനും അവരെ കിടുകിടെ വിറപ്പിക്കാനുമാണോ ദൈവമേ, നീ ഇലക്ഷന്‍ കമ്മിഷനെ സൃഷ്ടിച്ചത്..?

ഐയുഎംഎല്ലിന്റെ അഖിലേന്ത്യാ പ്രസിഡന്റ് എന്ന് അവകാശപ്പെടുന്നയാള്‍, മുസ്ലിംലീഗ് കേരള സംസ്ഥാന കമ്മിറ്റി എന്ന പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി പൊന്നാനിയില്‍ മത്സരിക്കുമ്പോള്‍, അങ്ങ് യുപിയിലും മഹാരാഷ്ട്രയിലും അഖിലേന്ത്യാ പ്രസിഡന്റിന്റെ പാര്‍ട്ടിയുടെ ലേബലില്‍ മത്സരിക്കുന്നത് ആരാലും അറിയപ്പെടാത്ത രണ്ടു ഡൂക്കിലികള്‍..

റബ്ബില്‍ ആലമീനായ തമ്പുരാനെ....കാരുണ്യം കൊണ്ട് ഇച്ഛിക്കുന്നവരെ പ്രത്യേകം അനുഗ്രഹിക്കുന്നവനേ..ഇതെന്ത് മറിമായം....? നിങ്ങള്‍ സത്യവാന്മാരാണെങ്കില്‍ അതിന് നിങ്ങള്‍ക്ക് കിട്ടിയ തെളിവ് കൊണ്ടുവരാന്‍ പറഞ്ഞത് നീയല്ലേ.. ഇന്ന് യഥാര്‍ത്ഥ ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് എന്നറിയാതെ കുഴങ്ങുന്ന ഞങ്ങള്‍ സത്യവിശ്വാസികളുടെ വ്യഥ നീ കാണുന്നില്ലേ.. ആരോടാണ് ഞങ്ങള്‍ തെളിവു ചോദിക്കേണ്ടത്..? ശിഹാബ് തങ്ങളോടോ, അഹമ്മദ് സാഹിബിനോടോ.. അതോ വിനീതരില്‍ വിനീതനായ കുഞ്ഞാലിക്കുട്ടിയോടോ..?

അനന്തമജ്ഞാതമവര്‍ണനീയമീ
ഐയുഎമ്മെല്ലു തിരിയുന്ന മാര്‍ഗം
അതിങ്കലെങ്ങാണ്ടൊരിടത്തിരുന്നു നോക്കുന്ന
നമ്മള്‍ കഥയെന്തു കണ്ടു...?

അദ്വാനിയും സംഘവും ബാബറി മസ്ജിദ് പൊളിച്ചടുക്കിയപ്പോള്‍ മുസ്ലിംലീഗില്‍ കടുത്ത ആശയപ്രതിസന്ധിയുണ്ടായെന്നും അങ്ങനെ പാര്‍ട്ടി വിഘടിച്ചെന്നും കുറേപ്പേര്‍ ഇലക്ഷന്‍ കമ്മിഷനില്‍ ചെന്ന് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് എന്ന പേര് അടിച്ചു മാറ്റിയെന്നുമാണ് കഥ.

അങ്ങനെയാണത്രേ, മുസ്ലിംലീഗ് എന്ന കേരള സ്റ്റേറ്റ് കമ്മിറ്റിയെന്ന രാഷ്ട്രീയപ്പാര്‍ട്ടി പിറന്നുവീണത്. തെരഞ്ഞടുപ്പ് കമ്മിഷന്റെ മുന്നില്‍ ജനാബുമാരും കുട്ടിമാരുമൊക്കെ ആ പാര്‍ട്ടിയാണ്. പുറംലോകത്തിന്റെ കണ്ണില്‍ പ്രതാപം നിലനിര്‍ത്താന്‍ പഴയ പേര് ഇപ്പോഴും ഉപയോഗിക്കുന്നു. പത്രക്കുറിപ്പിലും ചുവരെഴുത്തിലും ഐയുഎമ്മെല്ലെന്നെഴുതും. ലോക്സഭാ, ഇലക്ഷന്‍ കമ്മിഷന്‍ രേഖകളില്‍ മുസ്ലിം ലീഗ് കേരള സംസ്ഥാന കമ്മിറ്റിയെന്നും.

ഐയുഎമ്മെല്ലെന്നൊരു പാര്‍ട്ടി വേറെയുണ്ടെന്നൊന്നും ശിഹാബ് തങ്ങളും അഹമ്മദുമൊന്നും ആ പാര്‍ട്ടിക്കാരല്ലെന്നും പാവം മലപ്പുറത്തുകാര്‍ക്കറിയില്ല. നമ്മളില്‍ പലര്‍ക്കുമറിയില്ല. അല്ലെങ്കില്‍ത്തന്നെ ആടെന്തിന് അങ്ങാടി വാണിഭത്തിന്റെ രസീതു ബുക്ക് സൂക്ഷിക്കണം...

നമുക്കും അവര്‍ക്കും അറിയുന്നതിത്ര മാത്രം! ഭൂമിയും അതിലുളളതും ദൈവത്തിന്റേത്.. ഏഴാകാശങ്ങളുടെയും മഹത്തായ സിഹാസനത്തിന്റെയും രക്ഷിതാവും അവന്‍. എല്ലാ വസ്തുക്കളുടെയും ആധിപത്യം അവന്റെ കൈയില്‍. എല്ലാവര്‍ക്കും അഭയം നല്‍കുന്നതും അവന്‍. ഇന്ത്യന്‍ യൂണിയന്‍ മുസ്ലീംലീഗും മുസ്ലിംലീഗ് കേരള സംസ്ഥാനക്കമ്മിറ്റിയും സൃഷ്ടിച്ചതും രക്ഷിച്ചു നിര്‍ത്തുന്നതും അവന്‍ തന്നെ...

എല്ലാം സ്പഷ്ടമായ ദൃഷ്ടാന്തങ്ങള്‍. അതിനെ നിഷേധിച്ച് ധിക്കാരികളാകാതിരിക്കുക.

പ്രചോദനം :- സെപ്തംബര്‍ 14ന് ശതമന്യു ദേശാഭിമാനിയിലെഴുതിയ ലേഖനം.

Saturday, September 20, 2008

വിശുദ്ധ പശുവിന്‍റെ അകിടും തേടി...

[മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ എന്‍ പി രാജേന്ദ്രന്‍ എഴുതിയ മുര്‍ഡോക്ക് വന്നിട്ട് കാലമെത്രയായി എന്ന ലേഖനത്തോടുളള പ്രതികരണമാണിത്.

ഈ വിഷയത്തിലെ ഒളിയമ്പ് ലേഖനം ഇവിടെ വായിക്കാം.. ]


ഈ ലേഖനത്തില്‍ മാതൃഭൂമി മാനേജിംഗ് ഡയറക്ടര്‍ എം ജെ കൃഷ്ണമോഹന്റെ മരണത്തെക്കുറിച്ച് പരാമര്‍ശിച്ചിരുന്ന കാര്യങ്ങള്‍ "അസംബന്ധവും അപകീര്ത്തിപരവും പ്രതിഷേധാര്‍ഹവും കുറ്റകരവു"മാണെന്ന് മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ എന്‍ പി രാജേന്ദ്രന്‍ ഈ ലേഖനത്തിനുളള മറുപടിയില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നു. അത്തരമൊരു പരാമര്‍ശം നടത്തിയതില് വായനക്കാരോടും മറ്റ് ബന്ധപ്പെട്ടവരോടും നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു.... പ്രസ്തുത പരാമര്‍ശങ്ങള്‍ ലേഖനത്തില്‍ നിന്ന് നീക്കം ചെയ്യുന്നു..

കഴിഞ്ഞ ജന്മത്തിലെ ശത്രുക്കളാണ് ഈ ജന്മത്തില്‍ മക്കളായി പിറക്കുന്നതെന്നൊരു വിശ്വാസമുണ്ട്. ചില പത്രമുടമകളുടെ കാര്യത്തില്‍ മുജ്ജന്മശത്രുക്കള്‍ അവരുടെ പത്രത്തിലെ ഡെപ്യൂട്ടി എഡിറ്ററായി അവതരിക്കും. മാതൃഭൂമി പത്രത്തില്‍ വിശേഷാല്‍ പ്രതിയെന്ന പ്രതിവാര രാഷ്ട്രീയ കോളമെഴുതുന്ന ഡെപ്യൂട്ടി എഡിറ്റര്‍ എന്‍ പി രാജേന്ദ്രന്‍ പത്രമുടമ വീരേന്ദ്രകുമാറിന്റെ മുജ്ജന്മശത്രുവാണോ എന്ന സംശയം ജനിപ്പിക്കുന്നതാണ് മുര്‍ഡോക്ക് വന്നിട്ട് കാലമെത്രയായി എന്ന ബ്ലോഗ് ലേഖനം.

മറവിയുടെ കരിമ്പടം വീണു മറഞ്ഞെന്ന് പലരും ആശ്വസിക്കുന്ന ചരിത്രസന്ദര്‍ഭങ്ങളെ ഓര്‍മ്മിപ്പിക്കുകയാണ് എന്‍ പി രാജേന്ദ്രന്‍. ലേഖനത്തിലെ വരികള്‍ കുത്തിയുണര്‍ത്തുന്ന ചരിത്രത്തിന്റെ മുനകള്‍ മാതൃഭൂമി ഉടമകളുടെ കീര്‍ത്തിപ്പുടവ കീറിയെറിയുമ്പോള്‍ സംശയിക്കുക. എം പി വീരേന്ദ്രകുമാറിന്റെ മുജ്ജന്മശത്രുവാണോ മാതൃഭൂമി കോഴിക്കോട് എഡിഷനിലെ ഡെപ്യൂട്ടി എഡിറ്റര്‍ എന്‍ പി രാജേന്ദ്രന്‍...?

മലയാളത്തിലേയ്ക്കുളള മുര്‍ഡോക്കിന്റെ കടന്നു വരവിനെതിരെ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുയര്‍ത്തുന്ന വിമര്‍ശനങ്ങളെ പരിഹസിക്കുന്നതാണ് പ്രസ്തുത ലേഖനം. ആഗോള മാധ്യമ ഭീമന്‍ മുര്‍ഡോക്കിന്റെ വരവില്‍ പത്രപ്രവര്‍ത്തക യൂണിയന്‍ പ്രതിഷേധിക്കാത്തതിന് കാരണം തിരഞ്ഞത് പിണറായി വിജയന്‍. പിന്നാലെ പീപ്പിള്‍ ചാനലിലെ എന്‍ പി ചന്ദ്രശേഖരന്‍ ഏഷ്യാനെറ്റ് വിറ്റവര്‍ക്ക് മാപ്പില്ലെന്ന് ദേശാഭിമാനി വഴി പ്രഖ്യാപിച്ചു.

മുര്‍ഡോക്ക് വന്നിട്ട് കാലമെത്രയായി എന്ന ലേഖനം പിറന്നതിന്റെ പശ്ചാത്തലം ഇതാണ്. മുര്‍ഡോക്കിന്റെ വരവിനെ എതിര്‍ക്കുന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ പരിഹസിക്കാന്‍ എന്‍ പി രാജേന്ദ്രന്‍ രംഗത്തു വരുമ്പോള്‍, മികച്ച മെയ്‍വഴക്കം പ്രകടിപ്പിക്കേണ്ടതുണ്ട്. കാരണമെന്തന്നല്ലേ.

കേരളത്തില്‍ മുര്‍ഡോക്കിനെച്ചൊല്ലിയുളള ഏത് ചര്‍ച്ച നടന്നാലും മാതൃഭൂമിയും ടൈംസ് ഓഫ് ഇന്ത്യയും കടന്നു വരും. തന്റെ കൈയിലുണ്ടായിരുന്ന മാതൃഭൂമി ഓഹരികള്‍ അന്നത്തെ ചീഫ് എഡിറ്ററായിരുന്ന എം ഡി നാലപ്പാട് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് വിറ്റതോടെ അത്യുഗ്രമായ കുത്തകവിരുദ്ധപ്പോരാട്ടത്തിനാണ് കേരളം സാക്ഷിയായത്.

കുത്തക വരുന്നേയെന്നായിരുന്നു നിലവിളി. ബെന്നറ്റ് ആന്റ് കോള്‍മാന്‍ കമ്പനി കേരളത്തിലോ.. ചിന്തിക്കാന്‍ പോലുമാവില്ലായിരുന്നു, ചോരയ്ക്കു പകരം ദേശീയ സമരപാരമ്പര്യം സിരകളിലോടിയിരുന്ന മാതൃഭൂമിയിലെ ദേശാഭിമാനിമാര്‍ക്ക്. ഇന്ന്, അതിനെക്കാള്‍ വലിയൊരു കുത്തക കേരളത്തില്‍ വരുമ്പോള്‍, അന്നത്തേതിലുമുച്ചത്തില്‍ മുഴങ്ങേണ്ടതാണ് അലര്‍ച്ച.

അതുണ്ടാകാത്തതിന് പറയുന്ന ഏതു ന്യായവും പഴയ ഓഹരിവില്‍പനയെ ചെറുത്തതിനെ ന്യായീകരിക്കുന്നതും സാധൂകരിക്കുന്നതുമാകണം.

അങ്ങനെയൊരു അസ്തിവാരം ആദ്യം കെട്ടിപ്പൊക്കിയെങ്കിലേ, മുര്‍ഡോക്കിനെച്ചൊല്ലിയുളള സിപിഎം വിമര്‍ശനത്തെ പരിഹസിക്കാനാവൂ. എത്ര വലിയ ഭാഷാ നൈപുണ്യമുണ്ടെങ്കിലും, എത്ര വലിയ വ്യാഖ്യാനപടുവാണെങ്കിലും അടവു പിഴയ്ക്കാന്‍ സാധ്യത ഏറെ.

എന്‍ പി രാജേന്ദ്രനെപ്പോലൊരാള്‍ എങ്ങനെയാണ് ആ വ്യാഖ്യാന ട്രീപ്പീസ് നടത്തിയൊപ്പിക്കുന്നതെന്നറിയാല്‍ എല്ലാവര്‍ക്കും കൗതുകമുണ്ടാവുക സ്വാഭാവികം. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് എംഡി നാലപ്പാട് തന്റെ ഓഹരികള്‍ വിറ്റതില്‍ കുഴപ്പമൊന്നുമില്ലെന്ന് എന്‍ പി രാജേന്ദ്രന്‍ ഇപ്പോള്‍ സമ്മതിക്കുന്നു. നിയമപരമായിരുന്നു കച്ചവടം. പിന്നെന്തായിരുന്നു പ്രശ്നം. അദ്ദേഹം തന്നെ പറയട്ടെ..

രാജേന്ദ്രന്റെ വാക്കുകള്‍ ..."എം.ഡി.നാലപ്പാട്‌ ഓഹരി വിറ്റത്‌ നിയമവിധേയമെങ്കില്‍ ടൈംസ്‌ ഓഫ്‌ ഇന്ത്യ അതു വാങ്ങിയതും നിയമപരമായത്തന്നെയായിരുന്നു. നിയമപ്രശ്‌നമായിരുന്നില്ല അന്ന്‌ ഉന്നയിക്കപ്പെട്ടത്‌. സ്വാതന്ത്ര്യ സമരത്തിന്റെ സൃഷ്ടിയായ ഒരു ദേശീയ സ്ഥാപനത്തെ ഉത്തരേന്ത്യന്‍ കുത്തക (ഈ വാക്ക് അമര്‍ത്തി വായിക്കുക) കൈവശപ്പെടുത്താന്‍ പോകുന്നു എന്നതായിരുന്നു പ്രശ്‌നം..........................നാലപ്പാട്‌ അല്ല ടൈംസ്‌ ഓഫ്‌ ഇന്ത്യ എന്നതു തന്നെയായിരുന്നു പ്രശ്‌നം. കാലുവെക്കാന്‍ ഇടം കിട്ടിയാല്‍ ബാക്കി എന്തുചെയ്യണമെന്ന്‌ അവര്‍ക്കറിയാം. നാലപ്പാടിന്റെ ഓഹരികളുടെ വില്‌പ്പന അംഗീകരിക്കപ്പെടുകയാണെങ്കില്‍ ഉത്തരേന്ത്യന്‍ കുത്തക(!)ക്കെതിരായി ശബ്ദമുണ്ടാക്കിയവരില്‍ ചിലര്‍പ്പോലും ചിലപ്പോള്‍ ഓഹരി അവര്‍ക്ക്‌ വിറ്റ്‌ സ്ഥലംവിടുമായിരുന്നു എന്നാര്‍ക്കാണ്‌ അറിയാത്തത്‌..."

ബലേ ഭേഷ്.. ഒരു വാചകം ആവര്‍ത്തിച്ച് വായിച്ച് ആര്‍ത്തു ചിരിക്കുക...സ്വാതന്ത്ര്യസമരത്തിന്റെ സൃഷ്ടിയായ ഒരു ദേശീയസ്ഥാപനത്തെ ഉത്തരേന്ത്യന്‍ കുത്തക കൈവശപ്പെടുത്താന്‍ പോകുന്നു എന്നതായിരുന്നു പ്രശ്‌നം....

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളിലൊരാളായിരുന്നു, അന്നത്തെ (ഇപ്പോഴും മോശമൊന്നുമല്ല) ഏറ്റവും വലിയ കുത്തകയായിരുന്ന ബിര്‍ളയുടെ അധിപന്‍ ഘനശ്യാം ദാസ് ബിര്‍ള. കുത്തകകളോട് മഹാത്മാഗാന്ധിയ്ക്കില്ലാത്ത വെറുപ്പും അകല്‍ച്ചയുമാണു പോലും വീരേന്ദ്രകുമാറിനും സംഘത്തിനും.

അതവിടെ നില്‍ക്കട്ടെ.. എന്താണീ ഉത്തരേന്ത്യന്‍ കുത്തക.. ഉത്തരേന്ത്യന്‍ കുത്തക വന്നാല്‍ സര്‍വം കുഴപ്പമാണോ? കുത്തക ദക്ഷിണേന്ത്യയിലേതാണെങ്കില്‍ സഹിക്കാമെന്നാണോ?
ദേശീയ പത്രമെന്ന് വിളിച്ചു കീറി മലയാളികളുടെ സ്വൈര്യം കെടുത്തുന്ന മാതൃഭൂമിയും എന്‍ പി രാജേന്ദ്രനും എന്നു മുതലാണ് കുത്തകകളെ പ്രാദേശികാടിസ്ഥാനത്തില്‍ വിഭജിച്ച് വെറുക്കാനും സ്നേഹിക്കാനും ശീലിച്ചത്..?

ഇന്ത്യയെന്റെ രാജ്യമല്ലേ സാര്‍.. എല്ലാ ഇന്ത്യക്കാരും സഹോദരീസഹോദരന്മാരും.. ഭാരതത്തിന്റെ വൈവിദ്ധ്യപൂര്‍ണമായ പാരമ്പര്യത്തില്‍ അഭിമാനിക്കേണ്ടവരല്ലേ സാര്‍ നമ്മളൊക്കെ.. അങ്ങനെയുളളവര്‍ക്ക് എന്ത് ഉത്തരേന്ത്യ,... എന്തു ദക്ഷിണേന്ത്യ....?

ടൈംസ് ഓഫ് ഇന്ത്യയെ എതിര്‍ക്കാന്‍ ഒരു ദേശീയപത്രം പറയേണ്ട ന്യായം ഇതാണോ...? സത്യം, സമത്വം, സ്വാതന്ത്ര്യം എന്ന് നെറ്റിപ്പട്ടം കെട്ടി പുറത്തിറങ്ങുന്ന മാതൃഭൂമി ഈ വിധം ഹീനമായ പ്രാദേശികന്യായം പറയാമോ? അതോ ദേശീയ പത്രമായാല്‍ എന്തും പറയാമെന്നാണോ?

ദക്ഷിണേന്ത്യയിലെ കുത്തകയായിരുന്നുവെങ്കില്‍ സ്വാതന്ത്ര്യ സമരസൃഷ്ടിയായ സ്ഥാപനത്തെ കൈവശപ്പെടുത്തുന്നതില്‍ അപാകമില്ലെന്നു നാം ശങ്കിച്ചു പോകും, ഇതു കേട്ടാല്‍. മാതൃഭൂമിയുടെ മൂന്നിലൊന്ന് ഓഹരി കൈവശപ്പെടുത്താന്‍ ദി ഹിന്ദുവിന്റെ അയ്യങ്കാര്‍ കുടുംബത്തിന് തോന്നിയിരുന്നെങ്കില്‍ കളി മാറിയേനെ. കുത്തക ദക്ഷിണേന്ത്യയിലേതായിരുന്നുവെങ്കില്‍ പ്രശ്നമുണ്ടാകാന്‍ വഴിയില്ലല്ലോ.

പഴയ പരിവര്‍ത്തനകാലത്തിന്റെ ഓര്‍മ്മകള്‍ എന്‍ പി രാജേന്ദ്രന്‍ എന്ന ആരാധ്യനായ പത്രപ്രവര്‍ത്തകനില്‍ ഉളളതുകൊണ്ടാകാം, ലേഖനത്തില്‍ വില്‍പനയുടെ പിന്നാമ്പുറത്തെക്കുറിച്ചൊരു മിന്നല്‍ ഇങ്ങനെ പാളുന്നുണ്ട്. ..

"പത്രം ഉണ്ടാക്കിയ ബഹളം കൊണ്ടൊന്നുമല്ല ടൈംസ്‌ ഓഫ്‌ ഇന്ത്യ തടയപ്പെട്ടത്‌ എന്ന്‌ മാതൃഭൂമിയിലുള്ളവര്‍ക്കെങ്കിലും അറിയാം".

പത്രത്തിലൂടെയുളള ബഹളമുണ്ടാക്കലിനപ്പുറം മറ്റെന്തൊക്കെയായിരുന്നു കലാപരിപാടികള്‍. അന്നത്തെ ചീഫ് എഡിറ്റര്‍ എം ‍ഡി നാലപ്പാട് നീറിപ്പിടയുന്ന അക്ഷരങ്ങളില്‍ അത് വരച്ചിട്ടിട്ടുണ്ട്.

"മാതൃഭൂമിയില്‍ നിന്ന് പുകച്ചുപുറത്താക്കാന്‍ എനിക്കും കുടുംബത്തിനും എതിരെ അവര്‍ അശ്ളീലകഥകള്‍ വിതരണംചെയ്തു. അവ അച്ചടിച്ചത് മാതൃഭൂമിയില്‍ നിന്നു തന്നെയാണെന്ന് ഞാന്‍ അറിഞ്ഞു. എന്റെ എഡിറ്റേഴ്സ് ചേംബറില്‍ കയറി ഒരു ഡയറക്ടര്‍ ബോര്‍ഡ് അംഗം റിവോള്‍വര്‍ ചൂണ്ടി വധഭീഷണി മുഴക്കി'.

യുദ്ധഭൂമി എന്ന പേരില്‍ 1987ലാണ് എം ഡി നാലപ്പാടിനെക്കുറിച്ച് അശ്ലീലവാര്‍ത്തകള്‍ അടങ്ങിയ പ്രസിദ്ധീകരണം അച്ചടിച്ച് നാടാകെ പറത്തിയത്. മാതൃഭൂമിയുടെ കോഴിക്കോട് പ്രസിലായിരുന്നത്രേ അച്ചടി. നാലു വര്‍ഷം പത്രത്തിന്റെ ചീഫ് എഡിറ്ററായിരുന്ന എം ഡി നാലപ്പാടിനെ പത്രത്തില്‍ നിന്നു മാത്രമല്ല, നാട്ടില്‍ നിന്നു തന്നെ കെട്ടുകെട്ടിച്ചു, ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ സൃഷ്ടിയായ മാതൃഭൂമിയുടെ മാനേജ്‍മെന്റ്.

മാതൃഭൂമിയില്‍ നിന്ന് നാലപ്പാടിനെ പടിയിറക്കിയെങ്കിലും ടൈംസ് ഓഫ് ഇന്ത്യയുടെ ഷെയറുകള്‍ അത്ര പെട്ടെന്ന് വീരേന്ദ്രകുമാറിന്റെ കൈകളിലെത്തിയില്ല. അതിന് 1998 ഒക്ടോബര്‍ നാലു വരെ കാത്തിരിക്കേണ്ടി വന്നു. ഓഹരി വില്‍പന സംബന്ധിച്ച് സുപ്രിം കോടതി വരെയെത്തിയ തര്‍ക്കം കോടതിയ്ക്കു പുറത്ത് ഒത്തുതീര്‍ന്നത് അന്നാണ്.

ടൈംസ് ഓഫ് ഇന്ത്യയുടെ കൈവശമുണ്ടായിരുന്ന 400 ഓഹരികള്‍ വീരേന്ദ്രകുമാറിന്റെ മകന്‍ എം വി ശ്രേയാംസ് കുമാറിന്റെ പേരിലേയ്ക്ക മാറ്റി.

ഷെയറൊന്നിന് 40,000 രൂപ നിരക്കില്‍ ഒരു കോടി അറുപതു ലക്ഷം രൂപയ്ക്കാണ് ടൈംസ് ഓഫ് ഇന്ത്യ കേസില്‍ നിന്ന് പിന്മാറിയതെന്ന് വ്യാപാര വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അന്ന് കേന്ദ്രധനകാര്യ വകുപ്പ് സഹമന്ത്രിയായിരുന്നു വീരേന്ദ്രകുമാറെന്ന കാര്യം പ്രത്യേകം ഓര്‍ക്കുക.

ബെന്നറ്റ് ആന്റ് കോള്‍മാന്‍ കമ്പനിയ്ക്ക് ഇന്ത്യയുടെ ധനകാര്യമന്ത്രാലയം ഉണ്ടാക്കാന്‍ പോകുന്ന തലവേദനകളില്‍ നിന്നൂരാന്‍ ഓഹരികള്‍ കാല്‍ക്കാശ് വാങ്ങാതെ പണ്ടാരമടക്കിയതാണതെന്നും ദോഷൈകദൃക്കുകള്‍ പറഞ്ഞു നടക്കുന്നു. നടന്നതെന്തെന്ന് നമുക്കറിയില്ല.

പത്രം ഉണ്ടാക്കിയ ബഹളം കൊണ്ടല്ല ടൈംസ് ഓഫ് ഇന്ത്യ തടയപ്പെട്ടത് എന്ന് മാതൃഭൂമിയിലുളളവര്‍ക്കെങ്കിലും അറിയാമെന്ന് എന്‍ പി രാജേന്ദ്രനെപ്പോലൊരാള്‍ പറയുമ്പോള്‍ അവിശ്വസിക്കേണ്ട കാര്യവുമില്ല.

നിയമയുദ്ധം ഇതോടെ അവസാനിക്കുമെന്നും സുപ്രിം കോടതിയിലുളള കേസ് താമസിയാതെ പിന്‍വലിക്കുമെന്നും അന്നത്തെ ധനകാര്യ സഹമന്ത്രിയായിരുന്ന എം പി വീരേന്ദ്രകുമാര്‍ ചെന്നൈയില്‍ പ്രസ്താവിച്ച കാര്യം അടിവരയിട്ട് സ്മരിക്കുക.


(മാതൃഭൂമിയുടെ ഓഹരി ചരിതം - സ്വാതന്ത്ര്യ സമര സേനാനി കെ പി കേശവമേനോന്‍ എഡിറ്ററും കെ മാധവന്‍ നായര്‍ മാനേജിംഗ് ഡയറക്ടറുമായി മാതൃഭൂമിയുടെ ആദ്യ പ്രതി പുറത്തിറങ്ങിയത് 1923 മാര്‍ച്ച് 18ന്. മലബാറിലെ സ്വാതന്ത്ര്യസമരത്തിന്റെ നാവും നട്ടെല്ലുമായിരുന്നു പത്രം. സ്ഥാപക പത്രാധിപര്‍ കെ പി കേശവമേനോന്‍.

കേരള സ്റ്റേറ്റ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ സെക്രട്ടറിയായിരുന്ന കെ പി കേശവമേനോന്‍, സഹപ്രവര്‍ത്തകരായ കെ മാധവന്‍ നായര്‍, കുറൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാട്, കെ കേശവന്‍ നായര്‍, പി അച്യുതന്‍ എന്നിവര്‍ ചേര്‍ന്ന് സ്ഥാപിച്ചതാണ് മാതൃഭൂമി പ്രിന്റിംഗ് ആന്റ് പബ്ലിഷിംഗ് കമ്പനി. അഞ്ചു രൂപ മുഖവിലയുളള 20000 ഓഹരികള്‍ വഴി ഒരു ലക്ഷം രൂപ മൂലധനം സ്വരൂപിക്കാനായിരുന്നു തീരുമാനം.

എന്നാല്‍ ആകെ പിരിഞ്ഞു കിട്ടിയത് 15000 രൂപ. അതായത് ആകെ ഓഹരികള്‍ 3000. അതുമായി 1922 ഫെബ്രുവരി 15നാണ് കമ്പനി രജിസ്റ്റര്‍ ചെയ്തത്.

കമ്പനിക്ക് ആകെ ഏതാണ്ട് 3100 ഓളം ഓഹരികളുണ്ടെന്നാണ് വെപ്പ്. പക്ഷേ, 2600 ഓഹരികളെക്കുറിച്ചേ ഇപ്പോള്‍ വിവരമുളളൂ. ശേഷിക്കുന്ന 500 ഓഹരികള്‍ കണ്ടുപിടിച്ചെടുത്താല്‍ പൊന്നും വില തന്ന് വാങ്ങാന്‍ ആളുണ്ട്. ഒരു പണിയുമില്ലാത്ത ഡിറ്റക്ടീവുകള്‍ക്ക് വേണമെങ്കില്‍ ഈ 500 ഓഹരി തപ്പിയിറങ്ങാം.

‍‍ടൈംസ് ഓഫ് ഇന്ത്യയുടെ 400 ഓഹരികള്‍ കൂടി സ്വന്തമായപ്പോള്‍ വീരേന്ദ്ര കുടുംബത്തിന്റെ കൈകളിലുളളത് ആകെ 1200 ഓഹരികള്‍. 900 ഓഹരികള്‍ പി വി ചന്ദ്രന്‍ നയിക്കുന്ന കെറ്റിസി ഗ്രൂപ്പിന്റെ കൈയില്‍. 60 ഓഹരികള്‍ നാലപ്പാട് കുടുംബത്തിന്റെ കൈകളില്‍ അവശേഷിക്കുന്നു. ശേഷിക്കുന്നവ അഞ്ചും പത്തുമായി ചിതറിക്കിടക്കുകയാണ്.

പല താപ്പാനകളുടെയും കൈവശം അഞ്ചോ പത്തോ വീതം ഓഹരിയുണ്ട്. അതും വെച്ച് വീരേന്ദ്രനും കെടിസി ഗ്രൂപ്പിനും ഇടയില്‍ ചാഞ്ചാടിക്കളിക്കുന്നവരുടെ കൂട്ടത്തില്‍ എന്‍ പി രാജേന്ദ്രന്‍ ഉണ്ടാകാന്‍ വഴിയില്ല തന്നെ)

ബഹുരസമാണ് ഇന്നത്തെ മാതൃഭൂമിയുടെ സ്വാതന്ത്ര്യസമര പാരമ്പര്യത്തിന്റെ കഥ. കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാംക്ളാസ് മജിസ്ട്രേട്ട് രമേഷ് റായി 2002ല്‍ ഒരു മാനനഷ്ടക്കേസിലെ വിധിന്യായത്തില്‍ അത് ഇപ്രകാരം വലിച്ചു കീറിയിട്ടുണ്ട്.

"ദേശീയ സ്വാതന്ത്ര്യത്തിനുവേണ്ടി പ്രവര്‍ത്തിച്ച ദിനപത്രമാണെങ്കിലും ഇന്ന് അതിന്റെ ലക്ഷണമൊന്നും കാണുന്നില്ല. വളരെ മോശമായാണ് പംക്തിയില്‍ കാര്യങ്ങള്‍ പറഞ്ഞത്.''

പത്രത്തിന്റെ കോഴിക്കോട് എഡിഷനില്‍ മാനാഞ്ചിറയ്ക്കു ചുറ്റും എന്നൊരു പംക്തിയുണ്ട്. 1998 ഏപ്രില്‍ 12ന് അന്നത്തെ കോഴിക്കോട് മേയറായിരുന്ന എന്‍ കെ പ്രേമജത്തിനെതിരെ മാതൃസങ്കല്‍പം ഇങ്ങനെ എന്ന തലക്കെട്ടില്‍ ഒരു ലേഖനം പ്രത്യക്ഷപ്പെട്ടു. "പഥികന്‍" എന്ന തൂലികാനാമക്കാരന്‍ എഴുതിയത് പൂരപ്പാട്ടിനെ നാണിപ്പിക്കുന്ന വാര്‍ത്ത. അപമാനകരമായ വാര്‍ത്തയ്ക്കെതിരെ പ്രേമജം മാനനഷ്ടത്തിന് കേസു കൊടുത്തു.

വാദം കേട്ട കോടതി പത്രാധിപരെയും പ്രസാധകനെയും ആറുമാസത്തെ തടവിന് ശിക്ഷിച്ചു. വിധിന്യായത്തില്‍ മജിസ്ട്രേട്ട് പറഞ്ഞതാണ് മേലുദ്ധരിച്ച വാചകം. ജില്ലാ സെഷന്‍സ് കോടതിയില്‍ കൊടുത്ത അപ്പീലും തളളുമെന്നും വീരേന്ദ്രകുമാറും കൂട്ടുകാരനും ജയിലില്‍ പോകുമെന്നും വന്നപ്പോള്‍ പ്രേമജത്തിന്റെ കാലുപിടിച്ച് മാപ്പു പറഞ്ഞ് കേസില്‍ നിന്നൂരി.

പത്രത്തിന്റെ ഒന്നാം പേജില്‍ ഖേദപ്രകടനം നടത്തണമെന്നായിരുന്നു അവരുടെ ആവശ്യം. 2004 ഡിസംബര്‍ മൂന്നിന് പത്രത്തിന്റെ 58 എഡിഷനിലും ഒന്നാം പേജില്‍ മാപ്പപേക്ഷ പ്രസിദ്ധീകരിക്കുകയും സകല പത്രവും കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു. മാപ്പപേക്ഷ സ്വീകരിച്ച് കോടതി പ്രതികളെ വെറുതെ വിട്ടു. അല്ലായിരുന്നെങ്കില്‍ ദേശീയ സ്വാതന്ത്ര്യസമര സൃഷ്ടിയുടെ പത്രാധിപരും പ്രസാധകനും ആറുമാസം ഉണ്ട തിന്നേനെ..

ഇങ്ങനെയായിരുന്നു ഖേദം. "ഖേദപ്രകടനം- മാതൃഭൂമി ദിനപത്രത്തില്‍ മാതൃസങ്കല്‍പ്പം ഇങ്ങിനെയും എന്ന തലക്കെട്ടില്‍ "മാനാഞ്ചിറയ്ക്കു ചുറ്റും" എന്ന പംക്തിയില്‍ 1998 ഏപ്രില്‍ 12ന് അന്നത്തെ കോഴിക്കോട് കോര്‍പറേഷന്‍ മേയറായിരുന്ന പ്രൊഫ. എ കെ പ്രേമജത്തെ ഉദ്ദേശിച്ച് പ്രസിദ്ധീകരിച്ച ലേഖനം വസ്തുതകള്‍ക്കു നിരക്കാത്തതും അവര്‍ക്ക് അപകീര്‍ത്തികരവുമായതിനാല്‍ അത് പ്രസിദ്ധീകരിച്ചതില്‍ നിര്‍വ്യാജം ഖേദിക്കുന്നു -പത്രാധിപര്‍.''

ദേശീയ സ്വാതന്ത്ര്യ സമര സൃഷ്ടി അത്യുജ്ജലമായ ഭൂതകാലം നിലനിര്‍ത്തിപ്പോരുന്നതെങ്ങനെയെന്ന് മനസിലായില്ലേ.

എന്‍ പി രാജേന്ദ്രന്‍ ഇങ്ങനെ തുടരുന്നു...മാതൃഭൂമി പോലെയൊരു സ്ഥാനം ഏഷ്യനെറ്റിന്‌ കേരളചരിത്രത്തിലോ സംസ്‌കാരത്തിലോ രാഷ്‌ട്രീയത്തിലോ ഇല്ലതന്നെ. കടലും കടലാടിയും തമ്മിലുള്ള അന്തരമാണ്‌ മാതൃഭൂമിയും ഇന്നലത്തെ ചാനല്‍ചാകരയില്‍ മുളച്ച ഏഷ്യാനെറ്റും തമ്മിലുള്ളത്‌.

ശരിയാണ്. മാതൃഭൂമി പോലെയല്ല ഏഷ്യാനെറ്റ്. ഏഷ്യാനെറ്റിലും നടന്നിരുന്നു ഉടമസ്ഥത സംബന്ധിച്ച തര്‍ക്കം. ഡോ. രജി മേനോനും മരുമകന്‍ ശശികുമാറും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തപ്പോള്‍ അവര്‍ അലമ്പില്ലാതെയാണ് പിരിഞ്ഞത്. തോക്കെടുത്തില്ല. തെറിക്കഥ മുഴങ്ങിയില്ല.

ഒന്നുകില്‍ ഡോ. റെജി മേനോന്‍, അല്ലെങ്കില്‍ മരുമകന്‍ ശശികുമാര്‍. രണ്ടിലൊരാള്‍ ഏഷ്യാനെറ്റ് നടത്തിയാല്‍ മതിയെന്ന് ആദ്യമേ അവര്‍ തീരുമാനിച്ചു. കൊടുക്കാനുളള പണം മുഴുവന്‍ റെജി മേനോന് നല്‍കിയാല്‍ ശശികുമാറിന് ചാനല്‍ നടത്താം. അല്ലെങ്കില്‍ ശശികുമാറിന്റെ ഓഹരി അമ്മാവന് നല്‍കി സ്ഥലം വിടുക.

ശശികുമാര്‍ സന്തോഷത്തോടെ പണം കൈപ്പറ്റി ചാനലില്‍ നിന്ന് പിരിഞ്ഞ് ചെന്നൈയില്‍ ഏഷ്യന്‍ സ്ക്കൂള്‍ ഓഫ് ജേണലിസം സ്ഥാപിച്ചു.

മാന്യമായ ഒത്തുതീര്‍പ്പ്. അശ്ലീലക്കഥയില്ല. റിവോള്‍വറിന്റെ സഹായം വേണ്ടേ വേണ്ട... സ്വസ്ഥം.. സമാധാനം.. ശരിയല്ലേ..കടലും കടലാടിയും തമ്മിലുളള വ്യത്യാസമില്ലേ ഏഷ്യാനെറ്റും മാതൃഭൂമിയുമായി...

അമ്മാവന്‍ മരുമകന്‍ ബന്ധമല്ലെങ്കിലും രക്തബന്ധത്തിന്റെ രസകരമായ പരിണാമം മാതൃഭൂമിയിലുമുണ്ട്. അതുകൂടി അറിഞ്ഞാലേ ഏഷ്യാനെറ്റും മാതൃഭൂമിയും തമ്മിലുളള വ്യത്യാസം നന്നായി മനസിലാകൂ..

മാതൃഭൂമി മാനേജിംഗ് ഡയറക്ടര്‍ എം പി വീരേന്ദ്രകുമാറിന്റെ അച്ഛന്‍ പത്മപ്രഭാ ഗൗഡരുടെ പിതാവ് വയനാട് മണിയങ്കോട് എം കെ കൃഷ്ണഗൗഡര്‍ക്ക് മൂന്നു ഭാര്യമാരിലായി മക്കള്‍ പത്ത്. പത്മപ്രഭയും ജിനചന്ദ്രനുമാണ് ഏറ്റവും ഇളയവര്‍.

ഗൗഡരാണെങ്കിലോ, പ്രത്യേക തരം ദ്രാവകമുപയോഗിച്ച് ഇതര ലോഹങ്ങളെ സ്വര്‍ണമാക്കി മാറ്റാന്‍ കഴിവുണ്ടായിരുന്ന പുതുമയ്യ ഗൗഡരുടെ മകനും. സമ്പത്തും പ്രതാപവും പുതിയ തലമുറയ്ക്ക് കൈമാറുന്ന തിരക്കില്‍ ഈ പ്രത്യേക തരം ദ്രാവകം മക്കളെ ഏല്‍പ്പിക്കാന്‍ പുതുമയ്യ ഗൗഡര്‍ മറന്നു പോയി. സ്വര്‍ണവില ഇന്ന് വാണം പോലെ കുതിച്ചുയരുന്നതിന്റെ കാരണം ഇതും കൂടിയാണെന്ന് അറിയുക.

സ്വാതന്ത്ര്യസമരകാലത്ത് പത്രം പൂട്ടുമെന്ന ഘട്ടം വന്നപ്പോള്‍ സമര സേനാനികള്‍ തങ്ങളുടെ ഓഹരി അക്കാലത്തെ അതിസമ്പന്നര്‍ക്ക് കൈമാറിയാണ് താഴിടലിന്റെ ഭീഷണി ഒഴിവാക്കിയത്. ഭൂരിപക്ഷം ഓഹരികളും വാങ്ങിയത് എം കെ കൃഷ്ണഗൗഡര്‍. സ്വാതന്ത്ര്യസമര സൃഷ്ടിയാണ് ഇന്നത്തെ മാതൃഭൂമിയെന്ന് എന്‍ പി രാജേന്ദ്രന്‍ അവകാശപ്പെടുന്നത് വിഴുങ്ങും മുമ്പ് ഈ ചരിത്രത്തിന്റെ ഉപ്പു കൂടി ചേര്‍ക്കുന്നത് നന്ന്.

മൂത്തു പഴുത്ത സോഷ്യലിസ്റ്റായിരുന്നു പത്മപ്രഭാ ഗൗഡര്‍. ജിനചന്ദ്രന്‍ ഒന്നാംതരം കോണ്‍ഗ്രസും. ഇരുവരും തമ്മില്‍ 1956ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ തലശേരി മണ്ഡലത്തില്‍ നിന്നും പരസ്പരം മത്സരിച്ചു. വാശിയേറിയ മത്സരത്തിനൊടുവില്‍ വിജയദേവത മാലയിട്ട് സ്വീകരിച്ചത് ജിനചന്ദ്രനെ. മാതൃഭൂമിയുടെ ഭരണവും ജിനചന്ദ്രന്റെ കൈകളില്‍ തന്നെയായിരുന്നു.

ജിനചന്ദ്രന്റെ മകന്‍ എം ജെ കൃഷ്ണമോഹനായിരുന്നു 1977 - 79 കാലത്ത് മാതൃഭൂമിയുടെ മാനേജിംഗ് ഡയറക്ടര്‍. പിതാവും വലിയച്ഛനും തമ്മിലുളള പക ആ തലമുറയില്‍ തന്നെ തീരട്ടെയെന്ന് കൃഷ്ണമോഹന്‍ ആഗ്രഹിച്ചിരിക്കും. പത്രത്തിന്റെ ഡയറക്ടര്‍ ബോര്‍ഡിലെത്താനുളള ഓഹരി കൈവശമില്ലാതിരുന്ന അനിയന്‍ വീരേന്ദ്രകുമാറിന് മാതൃഭൂമി ഡയറക്ടര്‍ ബോര്‍ഡിലെത്താന്‍ കൃഷ്ണമോഹന്‍ ആവശ്യമായ ഓഹരി സ്വന്തം കൈയില്‍ നിന്ന് ദാനം നല്‍കി

1979 നവംബര്‍ ഒമ്പതിന് തിരുവനന്തപുരത്ത് ഒരു ലോഡ്‍്ജ് മുറിയില്‍ വെച്ച് നെഞ്ചുവേദന വന്ന് കൃഷ്ണമോഹന്‍ മരിച്ചതോടെയാണ് മാതൃഭൂമിയില്‍ വീരേന്ദ്രയുഗം പിറക്കുന്നത്. ............ ................. ... ........
.........................................................................................................................................................................
............................................................................................... ................ . .................................. ................... ................................................... ............................................. ................................... ............... ..............

...... 1979 നവംബര്‍ 11ന് ശ്രീമതി മറുദേവി അവ്വയുടെയും ശ്രീ പത്മപ്രഭാ ഗൗഡറുടെയും മകന്‍ വീരേന്ദ്ര കുമാര്‍ മാതൃഭൂമി പ്രിന്റിംഗ് ആന്റ് പബ്ലിഷിംഗ് കമ്പനിയുടെ മാനേജിംഗ് എഡിറ്ററായി ചുമതലയേറ്റു.

എംഡിയുടെ ഭരണം പൊടിപൊടിച്ച് മുന്നേറവെ, 1987 സെപ്തംബര്‍ മാസത്തില്‍‍ അന്നത്തെ കേരള മുഖ്യമന്ത്രി ഇ കെ നായനാരുടെ മുന്നില്‍ ഒരു പരാതിയെത്തി. പരാതിക്കാരി വി ഡി പത്മരാജ ഗൌഡരുടെ ഭാര്യ സുശീലാദേവി. എം പി വീരേന്ദ്രകുമാറിന്റെ സ്വന്തം അനുജത്തി.

രാഷ്ട്രീയ സ്വാധീനം, എംഎല്‍എ സ്ഥാനം, മാതൃഭൂമി മാനേജിംഗ് ഡയറക്ടര്‍ പദവി എന്നിവ ദുരുപയോഗപ്പെടുത്തി എം പി വീരേന്ദ്രകുമാര്‍ തന്നെയും കുടുംബത്തെയും നശിപ്പിക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്നുവെന്നായിരുന്നു പരാതി. .

പത്മപ്രഭാ ഗൗഡര്‍ക്ക് രണ്ടു ഭാര്യമാരിലായി മക്കള്‍ എട്ട്. പിതാവിന്റെ സ്വത്തു മുഴുവന്‍ ആണ്‍മക്കളായ വീരേന്ദ്രനും ചന്ദ്രദാസിനും. പെണ്‍മക്കള്‍ക്ക് കിട്ടിയത് അമ്മയുടെ സ്വത്ത്. കല്‍പ്പറ്റ നഗരത്തില്‍ സുശീലാ ദേവിയ്ക്കുണ്ടായിരുന്ന രണ്ടര സെന്റ് സ്ഥലം അവരറിയാതെ വീരേന്ദ്രകുമാര്‍ വിറ്റതിനെ പിതാവ് പത്മപ്രഭ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് കേസും വഴക്കും വൈരാഗ്യവുമായത്.

രണ്ടര സെന്റ് ഭൂമിയെച്ചൊല്ലിയുണ്ടായ തര്‍ക്കം സ്വന്തം സഹോദരിയെ കൊലക്കേസില്‍ കുടുക്കുന്നതു വരെ കത്തിച്ചുയര്‍ത്തി, സ്വാതന്ത്ര്യസമര സൃഷ്ടിയായ പത്രത്തിന്റെ അധിപന്‍. വീട്ടുജോലിക്കു നിന്ന ശാന്തപ്പന്‍ എന്നയാള്‍ സുശീലാദേവിയുടെ വളപ്പില്‍ തൂങ്ങി മരിച്ച സംഭവം വീരേന്ദ്രകുമാറും സംഘവും ഭംഗിയായി ഉപയോഗിച്ചു. സഹോദരിയെ കൊലക്കേസില്‍ കുടുക്കാന്‍ പത്രത്തില്‍ പരമ്പര തുടങ്ങി. സംഭവം നടന്നത് 1984ല്‍.

പ്രാഥമികാന്വേഷണത്തില്‍ ആത്മഹത്യയാണെന്ന് അമ്പലവയല്‍ പൊലീസ് കണ്ടെത്തിയെങ്കിലും ഗള്‍ഫ് പര്യടനം കഴിഞ്ഞ് വീരേന്ദ്രകുമാര്‍ തിരിച്ചെത്തിയതോടെ കളി മാറി. ആക്ഷന്‍ കൗണ്‍സിലായി, പത്രത്തില്‍ പരമ്പരയായി. പിന്നെ സുശീലാദേവിയുടെ വീട്ടിനു മുന്നില്‍ സത്യഗ്രഹം, കൂട്ടധര്‍ണ, അക്രമം, തെറിവിളി.

സ്വന്തം സഹോദരിക്കെതിരെ പത്രത്തില്‍ മഞ്ഞപ്പരമ്പരയെഴുതണമെന്ന വീരേന്ദ്ര കുമാറിന്റെ ആവശ്യം ചങ്കൂറ്റത്തോടെ നിരസിച്ച കെ ജയചന്ദ്രന്‍ എന്ന റിപ്പോര്‍ട്ടറെയും ഇവിടെ ഓര്‍ക്കണം. ഈ ജയചന്ദ്രനാണ് ഏഷ്യാനെറ്റിന്റെ ഏറ്റവും ജനപ്രിയ വാര്‍ത്താ പരിപാടിയായ കണ്ണാടിയുടെ സൃഷ്ടാക്കളിലൊരാള്‍. സുശീലാദേവിയുടെ വീട്ടുമുറ്റത്ത് ആക്ഷന്‍ കൗണ്‍സിലുകാര്‍ നടത്തിയ ധര്‍ണ്ണയില്‍ പ്രസംഗിക്കാന്‍ സാക്ഷാല്‍ വീരേന്ദ്രകുമാര്‍ തന്നെ നേരിട്ടെത്തി.

ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചുമൊക്കെ മാറിമാറി അന്വേഷിച്ചിട്ടും ആത്മഹത്യ കൊലപാതകമായില്ല. ഒടുവില്‍ ശാന്തപ്പന്റെ മരണം കടങ്കഥയോ എന്ന് സംശയമുന്നയിച്ച് മാതൃഭൂമി പരമ്പരയും അവസാനിപ്പിച്ചു.

പറയൂ, ഏഷ്യാനെറ്റു പോലെയാണോ മാതൃഭൂമി. അല്ലെങ്കില്‍ മാതൃഭൂമി പോലെയാണോ ഏഷ്യാനെറ്റ്. നീലക്കടലും നിലകടലയും തമ്മിലുളള ബന്ധം പോലുമില്ല ഈ രണ്ടു സ്ഥാപനങ്ങളും തമ്മില്‍.

ഇങ്ങനെയൊരു മാനേജിംഗ് ഡയറക്ടറുടെ പത്രത്തില്‍ ജേണലിസം ട്രെയിനിയായി 1981ല്‍ പ്രവേശിച്ച്, സ്റ്റാഫ് റിപ്പോര്‍ട്ടറും ചീഫ് റിപ്പോര്‍ട്ടറും ചീഫ് സബ് എഡിറ്ററും ന്യൂസ് എഡിറ്ററുമായി വളര്‍ന്ന് ഇന്ന് ഡെപ്യൂട്ടി എഡിറ്ററുടെ കസേരയില്‍ ഇരിക്കുന്ന എന്‍ പി രാജേന്ദ്രന്‍, മുര്‍ഡോക്കിനെയും ടൈംസ് ഓഫ് ഇന്ത്യയെയും എങ്ങനെയാവും വിലയിരുത്തുക? അശ്വമുഖത്തു നിന്നു തന്നെ കേള്‍ക്കുക..

തീര്‍ച്ചയായും ടൈംസ്‌ ഓഫ്‌ ഇന്ത്യയേക്കാള്‍ കൊടുംവിഷമുള്ള മൂര്‍ഖനാണ്‌ മര്‍ഡോക്‌ എന്ന കാര്യത്തില്‍ സംശയം ഇതെഴുതുന്ന ആള്‍ക്കില്ല...

വായിക്കുന്ന ആളുകളുടെ സംശയം വേറെയാണ് സാര്‍...

സാക്ഷരകേരളത്തിലെ പൊതുസമൂഹത്തെ തെല്ലും പേടിയില്ലാതെ സ്വാതന്ത്ര്യസമര പാരമ്പര്യമുളള ഒരു പത്രത്തിന്റെ മാനേജിംഗ് ഡയറക്ടറുടെ കസേരയിലിരുന്ന് മേല്‍പറഞ്ഞതൊക്കെ ചെയ്തത് എത്ര കടുത്ത വിഷമുളള ജീവിയായിരിക്കും..?1979 നവംബര്‍ 11 മുതല്‍ മാതൃഭൂമി പത്രത്തിന്റെ ബലത്തില്‍ കൊടും വിഷം ചീറ്റുന്ന മാധ്യമ രാജവെമ്പാലയെ സഹിക്കാമെങ്കില്‍ കേരളീയര്‍ എന്തിന് റൂപ്പര്‍ട്ട് മുര്‍ഡോക്കിനെ ഭയക്കണം.....?

ഒരുവേള പഴക്കമേറിയാല്‍
ഇരുളും മെല്ലെ വെളിച്ചമായി വരുമെന്നല്ലേ കവി വചനവും.

കൈരളി ടിവിയിലെ ചില മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ സ്ഥാപനം കൈക്കൊണ്ട അച്ചടക്ക നടപടിയ്ക്കെതിരെയും ഭംഗ്യന്തരേണ എന്‍ പി രാജേന്ദ്രന്‍ പരാമര്‍ശിക്കുന്നുണ്ട്. അതു വായിച്ചപ്പോള്‍ ഒരു സംശയമേയുളളൂ..

പത്രത്തിന്റെ അസിസ്റ്റന്റ് എഡിറ്ററായിരിക്കെ 1988ല്‍ മാതൃഭൂമിയില്‍ നിന്ന് പുറത്താക്കപ്പെട്ട പി രാജന്‍ വായിക്കാതിരിക്കാനാണോ എന്‍ പി രാജേന്ദ്രന്‍ ഈ ലേഖനം പത്രത്തില്‍ പ്രസിദ്ധീകരിക്കാതെ ബ്ലോഗില്‍ മാത്രം ഇട്ടത്? ആവാനാണ് വഴി.. സ്വാതന്ത്ര്യസമര സൃഷ്ടിയായ പത്രത്തില്‍ നടമാടുന്ന ഹീനമായ ഒതുക്കലുകളുടെയും പിരിച്ചുവിടലുകളുടെയും കഥ ഏറ്റവും തീക്ഷ്ണമായി എഴുതാന്‍ കഴിയുന്ന പി രാജന്‍ പുറംലോകത്ത് ജീവിച്ചിരുപ്പുണ്ടല്ലോ..

കൈരളി, സ്റ്റാര്‍ ടിവി, ഏഷ്യാനെറ്റ് എന്നിവയുടെയൊക്കെ മുതലാളിമാര്‍ക്ക് സ്വഭാവം ഒന്നുതന്നെയെന്നും നിലനില്‍പ്പിന് അവര്‍ സ്വീകരിക്കുന്നത് ഒരേ മാര്‍ഗങ്ങളാണെന്നും തൊഴിലാളികളോട് അവര്‍ സ്വീകരിക്കുന്ന നയം ഒന്നു തന്നെയെന്നും എന്‍ പി രാജേന്ദ്രന്‍ എഴുതുമ്പോള്‍ തര്‍ക്കമൊന്നുമില്ല. ആ പട്ടികയില്‍ മാതൃഭൂമിയുടെ മുതലാളിമാരെക്കൂടി ഉള്‍പ്പെടുത്തണമെന്നേയുളളൂ..

അക്കാര്യം വരുമ്പോള്‍‍, കടലും കടലാടിയുമെന്നൊക്കെയുളള ന്യായം കടന്നു വന്നാല്‍ പി രാജനെപ്പോലുളളവര്‍ ചുണ്ടിന്റെ ഒരു വശം കോട്ടി ഒന്നു ചിരിക്കും. ആയിരം അര്‍ത്ഥങ്ങളുളള ചിരി. ആദരണീയനായ എന്‍ പി രാജേന്ദ്രന്‍ അതു കാണാതെ പോകരുത്.

ഈ ലേഖനത്തിനുളള എന്‍ പി രാജേന്ദ്രന്റെ മറുപടി -
മര്‍ഡോക്കും മാരീചനും മൂര്‍ത്തിയും ശേഷം മഹാന്മാരും
മര്‍ഡോക്കും മാരീചനും....

എന്‍ പി ആറിനോടുളള പ്രതികരണങ്ങള്‍
ഭാഗം ഒന്ന് - എന്‍ പി രാജേന്ദ്രന് ആദരവോടെ....
ഭാഗം രണ്ട് - എന്‍ പി ആറിനുളള മറുപടി..രണ്ടാം ഭാഗം..

Tuesday, September 09, 2008

മുര്‍ഡോക്കും ഫാരിസും പിന്നെ ഏഷ്യാനെറ്റും

സൂക്ഷിച്ചു നോക്കൂ..ഏഷ്യാനെറ്റ് ഓഹരികള്‍ റൂപ്പര്‍ട്ട് മുര്‍ഡോക്ക് വാങ്ങിയതിനെ തുടര്‍ന്ന് കേരളത്തില്‍ ഉതിരുന്ന കണ്ണീരില്‍, ഉയരുന്ന നിലവിളിയില്‍, മുറുമുറുക്കലില്‍, പ്രാക്കിലൊക്കെ കാപട്യത്തിന്റെ നയന്‍ വണ്‍ സിക്സ് മുദ്ര തെളിഞ്ഞു നില്‍ക്കുന്നില്ലേ...

ആഗോള മാധ്യമ രംഗത്തെ "ഏറ്റവും വൃത്തികെട്ടവന്‍" മലയാളത്തിന്റെ തിരുമുറ്റത്തെത്തുന്നേയെന്ന സിപിഎം നിലവിളി ഒരുവശത്ത്. ഇടക്കാലത്ത് ദീപിക സ്വന്തമാക്കിയ റിയല്‍ എസ്റ്റേറ്റ് വീരന്‍ ഫാരീസ് അബൂബേക്കറുടെ മുതുകത്ത് വെറുക്കപ്പെട്ടവന്റെ മുദ്ര കുത്താനിറങ്ങിയ ആശയസമര പ്രതിഭയും ആരാധക വൃന്ദവും, റൂപ്പര്‍ട്ട് മുര്‍ഡോക്കിനു മുന്നില്‍ കൊടിയ നിശബ്ദത പുലര്‍ത്തുന്നതിന്റെ നാനാര്‍ത്ഥങ്ങള്‍ മറുവശത്ത്.

ഇവര്‍ക്കു മധ്യേ നിന്ന് ഭാഷാ മാധ്യമങ്ങളെ സ്വന്തമാക്കാനെത്തുന്ന ആഗോളഭീമന്മാരുടെ വരവ് വിശകലനം ചെയ്യുക നാം.

സ്റ്റാര്‍ ടി വിക്കും ഏഷ്യാനെറ്റിനും ഒരുപോലെ പ്രധാനപ്പെട്ട വര്‍ഷമാണ് 1991. ഏഷ്യാനെറ്റ് തുടങ്ങിയത് 1991ല്‍. സ്റ്റാര്‍ ടി വി ഇന്ത്യയിലെത്തിയതും ഇതേ വര്‍ഷം.

ഹച്ചിസണ്‍ വാംപോവ എന്ന ഹോങ്കോങ് കമ്പനിയുടെ ഭാഗമായിരുന്നു അന്ന് സ്റ്റാര്‍. പിന്നീട് 525 മില്യണ്‍ ഡോളര്‍ മുടക്കി മുര്‍ഡോക്കിന്റെ ന്യൂസ് കോര്‍പറേഷന്‍ സ്റ്റാര്‍ ടിവിയുടെ സമ്പൂര്‍ണ അധികാരികളായി.

സ്റ്റാര്‍ പ്ലസ്, സ്റ്റാര്‍ വണ്‍, സ്റ്റാര്‍ മൂവീസ്, സ്റ്റാര്‍ സ്പോര്‍ട്ട്സ്, സ്റ്റാര്‍ ഉത്സവ്, സ്റ്റാര്‍ ക്രിക്കറ്റ്, വി ചാനല്‍, സ്റ്റാര്‍ ന്യൂസ് എന്നിവയ്ക്കു പുറമേ, മറാത്തിയില്‍ സ്റ്റാര്‍ മജാ, തമിഴില്‍ സ്റ്റാര്‍ വിജയ്, ബംഗാളിയില്‍ സ്റ്റാര്‍ ആനന്ദ എന്നീ ചാനലുകളും മുര്‍ഡോക്കിന്റെ വകയായി ഇപ്പോള്‍ ഇന്ത്യയിലുണ്ട്.

സ്റ്റാര്‍ ആനന്ദ വഴി 2005 ജൂണ്‍ ഒന്നിനാണ് വിപ്ലവ സ്വപ്നങ്ങളുടെ വംഗഭൂമിയില്‍, ജ്യോതിബാസു, ബുദ്ധദേവ് ഭട്ടാചാര്യ, അനില്‍ ബിശ്വാസ് എന്നീ ആജന്മ വിപ്ലവകാരികളുടെ ചുവന്ന തട്ടകത്തില്‍ റൂപ്പെര്‍ട്ട് മുര്‍ഡോക്ക് ചാനല്‍ക്കളി തുടങ്ങിയത്.

ആഗോളമാധ്യമ ഭീമന്‍, വംഗനാട്ടില്‍ കാലുകുത്തി, ഫ്രീ ടു എയര്‍ ശീതങ്കന്‍ തുളളല്‍ തുടങ്ങിയതിനെതിരെ അന്ന് നെഞ്ചിലടിയും നിലവിളിയും ഉണ്ടായോ എന്ന് ബംഗാളി ഭാഷ വശമില്ലാത്തതിനാല്‍ മാരീചന് നിശ്ചയമില്ല.

സ്റ്റാര്‍ ആനന്ദയില്‍, ആനന്ദബസാറുകാര്‍ക്കാണ് 74 ശതമാനം ഓഹരി. സ്റ്റാറിന്റെ വിഹിതം വെറും 26 ശതമാനം. ഓഹരി വിഹിതം കൂടുമ്പോള്‍ പ്രതിഷേധിക്കാമെന്നു കരുതി ബംഗാള്‍ സഖാക്കള്‍ അന്ന് മുര്‍ഡോക്കിനെ വെറുതെ വിട്ടതാകാം. വിഹിതം കൂടുമ്പോള്‍ പ്രതിഷേധം കനക്കുമെന്ന് പ്രതീക്ഷിക്കുക.

കേരളത്തിലും അല്‍പം മുമ്പേ തുടങ്ങിയതാണ് ഏഷ്യാനെറ്റും മുര്‍ഡോക്കുമായുളള ബന്ധം. അത് മനസിലാകണമെങ്കില്‍ ഏഷ്യാനെറ്റിന്റെ ആരംഭ ചരിത്രം അല്‍പം അറിയേണ്ടതുണ്ട്.

ഡോ. രജി മേനോനും അനന്തിരവന്‍ ശശികുമാറും ചേര്‍ന്ന് 1991ല്‍ തുടങ്ങിയത് രണ്ട് പ്രൈവറ്റ് ലിമിറ്റഡ് കമ്പനികളാണ്. ഏഷ്യാനെറ്റ് കമ്മ്യൂണിക്കേഷന്‍സ് (പ്രൈവറ്റ്) ലിമിറ്റഡ് (ACL), ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍സ് (പ്രൈവറ്റ്) ലിമിറ്റഡ് (ASCL) എന്നിങ്ങനെ രണ്ടെണ്ണം. വിനോദവ്യവസായം എസിഎല്ലിന്, കേബിള്‍ വിതരണം എഎസ്‍സിഎല്ലിന്. അതായിരുന്നു തീരുമാനം.

1994ല്‍ എഎസിഎല്ലിന്റെ 50 ശതമാനം ഓഹരികള്‍ രാജന്‍ രഹേജ ഗ്രൂപ്പിന്റെ ഹാത്‍വേ ഇന്‍വെസ്റ്റ്മെന്റ് കമ്പനിക്ക് വിറ്റു. 1999ല്‍ ശേഷിക്കുന്ന ഓഹരികളും രഹേജ ഗ്രൂപ്പിന് കൈമാറി, എഎസ്‍സിഎല്ലുമായുളള ബന്ധം പൂര്‍ണമായും ഏഷ്യാനെറ്റ് ഉപേക്ഷിച്ചു. ഈ ഹാത്‍വേയുടെ 26 ശതമാനം ഓഹരികള്‍ മുര്‍ഡോക്കിന്റെ കൈയിലാണ്, 2000 മുതല്‍.

അതായത്, നമ്മുടെ തെരുവിലെ ഇലക്ട്രിക് പോസ്റ്റുകളില്‍ കൂടി ഏഷ്യാനെറ്റുകാര്‍ വലിച്ചിരിക്കുന്ന കേബിളിന്റെ അവകാശികളിലൊരാളാണ് ഇക്കഴിഞ്ഞ 2000 മുതല്‍ റൂപ്പെര്‍ട്ട് മുര്‍ഡോക്ക്. എന്നു വെച്ചാല്‍ കേരളത്തിലേയ്ക്ക് മുര്‍ഡോക്ക് കടന്നു വരുന്നത് ഈ ഓണക്കാലത്തല്ല, ആ വരവ് 2000ല്‍ സംഭവിച്ചു.

രജി മേനോനില്‍ നിന്നും രാജീവ് ചന്ദ്രശേഖര്‍ ഏഷ്യാനെറ്റിന്റെ ഓഹരികള്‍ വാങ്ങിയപ്പോള്‍ തന്നെ മാധ്യമരംഗത്തെ സാകൂതം വീക്ഷിക്കുന്നവര്‍ പ്രതീക്ഷിച്ചിരുന്നു, ഒരു വമ്പന്‍ കച്ചവടം.

അദ്ദേഹം വന്നതിനു ശേഷമാണ് കന്നഡയില്‍ ഏഷ്യാനെറ്റ് സുവര്‍ണ തുടങ്ങിയത്. സുവര്‍ണ ന്യൂസ് എന്ന പേരില്‍ കന്നഡ വാര്‍ത്താ ചാനലും സംപ്രേക്ഷണവും തുടങ്ങി. തെലുങ്കില്‍ ഏഷ്യാനെറ്റ് സിത്താര തുടങ്ങാനുള്ള നീക്കങ്ങളും ആരംഭിച്ചു. അതേ പേരില്‍ ന്യൂസ് ചാനലും തുടങ്ങാനുളള ആലോചനയുണ്ട്.

ജൂപ്പിറ്റര്‍ കാപ്പിറ്റല്‍ എന്ന കമ്പനിക്കു വേണ്ടി രാജീവ് ചന്ദ്രശേഖര്‍ ഏഷ്യാനെറ്റ് കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡിലെ 51 ശതമാനം ഓഹരികള്‍ വാങ്ങിയത് ഏതാണ്ട് 150 കോടി രൂപയ്ക്കാണ് എന്നാണ് വിപണിയിലെ വര്‍ത്തമാനം.

2006 ഒക്ടോബര്‍ - നവംബര്‍ കാലയളവിലായിരുന്നു വില്‍പന ഉറച്ചത്. തന്റെ പക്കലുളളതില്‍ 51 ശതമാനം ഓഹരികള്‍ വിറ്റ് ഏഷ്യാനെറ്റ് ഉടമ ഡോ. റെജി മേനോന്‍ ഉക്രയിനിലെ എണ്ണവ്യാപാരത്തില്‍ ശ്രദ്ധിക്കാന്‍ പോയി.

ശേഷിക്കുന്ന 49 ശതമാനം ഓഹരികളില്‍ മൂന്നു ശതമാനം ഓഹരികള്‍ സീ ഗ്രൂപ്പിനാണ്. ബാക്കിയുളളവ റെജി മേനോനും ഏഷ്യാനെറ്റ് വൈസ് ചെയര്‍മാന്‍ കെ മാധവനും കൂടി കൈവശം വെച്ചിരിക്കുന്നു.

പ്രതിവര്‍ഷം 90 കോടിയ്ക്കു മുകളില്‍ ലാഭം ഏഷ്യാനെറ്റ് നേടുന്നുണ്ടെന്നാണ് കണക്ക്. പുതിയ കച്ചവടത്തിനു മുമ്പ്, എസിഎല്ലിനെ നാലു കമ്പനികളായി വിഭജിച്ചിട്ടുണ്ട്‍. വിനോദം, വാര്‍ത്ത, റേഡിയോ, ഇന്‍ഫ്രാസ്ട്രക്‍ചര്‍ എന്നിങ്ങനെ വെട്ടിക്കീറിയ ആ നാലെണ്ണത്തില്‍ വിനോദിപ്പിക്കാനുളള ചുമതലയാണ് റൂപ്പര്‍ട്ട് മുര്‍ഡോക്ക് ഏറ്റെടുത്തിരിക്കുന്നത്.

ഏഷ്യാനെറ്റിനെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ മാധ്യമ രംഗത്ത് കേള്‍ക്കുന്ന ഒരു ഗോസിപ്പു കൂടി പരാമര്‍ശിക്കാതെ പോകുന്നത് ശരിയല്ല. റെജി മേനോനും ശശികുമാറും ഭാഗം വെച്ചു പിരിഞ്ഞ കാലത്ത് സിപിഎമ്മിന് ചാനലില്‍ കണ്ണുണ്ടായിരുന്നത്രേ! സിപിഎമ്മുമായി നല്ല ബന്ധമുണ്ടായിരുന്ന ശശികുമാറിന്റെ നേതൃത്വത്തില്‍ ചാനല്‍ ഏറ്റെടുത്തു നടത്തുക എന്നതായിരുന്നു പോലും പാര്‍ട്ടിയുടെ ലക്ഷ്യം.

അമ്പതു കോടിയ്ക്കടുത്തുളള ഒരു തുകയില്‍ കരാര്‍ ഏതാണ്ട് ഉറപ്പിച്ചുവെന്നും പറയപ്പെടുന്നു. ലെയിസണ്‍ പണിയില്‍ അഗ്രഗണ്യനായ ദില്ലിയിലെ മുതിര്‍ന്ന ഒരു വ്യക്തി വഴി ബാങ്ക് വായ്പയും തരപ്പെടുത്തിയത്രേ. പക്ഷേ, പതിമൂന്നാം മണിക്കൂറില്‍ പാര്‍ട്ടി കച്ചവടത്തില്‍ നിന്നും പിന്മാറിയെന്നാണ് കഥ.

സത്യമാണെങ്കില്‍, അന്നൊരു അമ്പതു കോടി സംഘടിപ്പിച്ചു നല്‍കാനുളള ബുദ്ധി തോന്നാത്തതിന് സിപിഎമ്മിന് സ്വയം പഴിക്കാം...അങ്ങനെ സംഭവിച്ചിരുന്നുവെങ്കില്‍ സൂര്യാ ടിവിയെ നോട്ടമിടേണ്ടി വന്നേനെ ആഗോള മാധ്യമഭീമന്.

പോയ ബുദ്ധിയെ തിരികെ വിളിക്കാന്‍ പോന്ന ഒരു മുദ്രാവാക്യവും ഇതുവരെ എഴുതപ്പെട്ടിട്ടില്ല. (ഈ പറയുന്നതില്‍ എത്ര സത്യമുണ്ടെന്നൊന്നും മാരീചന് അറിയില്ല. തെളിയിക്കാന്‍ പറയരുത്.. പ്ലീസ്.. )

അറിഞ്ഞില്ലേ... ചൈനയിലും മുര്‍ഡോക്ക്...

ന്യൂസ് ചാനലില്‍ വിദേശ കമ്പനികള്‍ക്ക് നിലവില്‍ 26 ശതമാനം ഓഹരിപങ്കാളിത്തമേ ഇന്ത്യ അനുവദിക്കുന്നുളളൂ. വാര്‍ത്താ ചാനലിലും റേഡിയോയിലും 49 ശതമാനം ഓഹരികള്‍ അനുവദിക്കാനുളള ശിപാര്‍ശ ഇക്കഴിഞ്ഞ ഏപ്രിലില്‍ ട്രായ് (ടെലകോം റഗുലേറ്ററി അഥോറിട്ടി ഓഫ് ഇന്ത്യ) മുന്നോട്ടു വെച്ചിട്ടുണ്ട്. അധികം താമസിയാതെ ഏഷ്യാനെറ്റ് ന്യൂസ് ചാനലും മുര്‍ഡോക്കിന്റെ കൈകളില്‍ തന്നെയാകാനാണ് വഴി.

ബംഗാളിലും കേരളത്തിലും ഇതാണ് അവസ്ഥയെങ്കില്‍, ജനകീയ ചൈനയിലെ കാര്യം പറയാതിരിക്കുന്നതെങ്ങനെ?

2001ലാണ് മുര്‍ഡോക്കിന്റെ ന്യൂസ് കോര്‍പറേഷനെ ചൈനയിലെ വിപ്ലവഭരണകൂടം ചുവപ്പു പരവതാനി വിരിച്ച് സ്വീകരിച്ചത്. അതിനു മുമ്പ് വിദേശികള്‍ക്കും ടൂറിസ്റ്റ് ഹോട്ടലുകള്‍ക്കും മാത്രമേ മുര്‍ഡോക്കിന്റെ ചാനലുകള്‍ കാണാനുളള അനുമതിയുണ്ടായിരുന്നുളളൂ.

സ്റ്റാറിനു പുറമേ, മുര്‍ഡോക്കിന് മുഖ്യ ഓഹരി പങ്കാളിത്തമുളള ഫീനിക്സ് ചൈനീസ് ചാനല്‍, എഒഎല്‍ ടൈം വാര്‍ണറുടെ സിഇടിവി എന്നീ മാധ്യമക്കുത്തകകളെയും ചൈന ഹര്‍ഷപുളകങ്ങളോടെ സ്വീകരിച്ചു. രണാങ്കണങ്ങളില്‍ ജനകീയ ചൈന വിതറിയ രാജമല്ലിപ്പൂക്കളായി ഈ ചാനലുകള്‍ ഇന്നും ചൈനീസ് ജനതയുടെ സ്വീകരണ മുറികളില്‍ 24 മണിക്കൂറും ഇടവേളയില്ലാതെ വിപ്ലവ സ്വപ്നങ്ങള്‍ പ്രചരിപ്പിക്കുന്നു.

2001 ഡിസംബര്‍ 20ന് ബെയിജിംഗില്‍ കരാര്‍ ഒപ്പിട്ടത് മുര്‍ഡോക്കിന്റെ പുത്രന്‍ ജെയിംസ് മുര്‍ഡോക്ക്. ഗെയിം ഷോ, നാടകം, സീരിയല്‍, തമാശപ്പരിപാടികള്‍, ടാക് ഷോകള്‍ എന്നിവയല്ലാതെ സര്‍ക്കാരിനെയോ കമ്മ്യൂണിസത്തെയോ എതിര്‍ക്കുന്ന ഒരേര്‍പ്പാടിനും തങ്ങള്‍ തയ്യാറല്ലെന്ന് ജെയിംസ് മുര്‍ഡോക്ക് കോക് ടെയില്‍ പാര്‍ട്ടിക്കു ശേഷം തീര്‍ത്തു പറഞ്ഞിരുന്നു.

ചൈനയ്ക്ക് ഹാനികരമാകുന്ന പരിപാടികള്‍ തീരെയും നല്‍കില്ലെന്ന് ന്യൂസ് കോര്‍പറേഷന്റെ ബെയ്‍ജിംഗ് വക്താവ് വാംഗ് യുക്വിയും വ്യക്തമാക്കി.

നേരത്തെയും തന്റെ ചൈനാ സ്നേഹം മറയില്ലാതെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട് മുര്‍ഡോക്ക്. ചൈനയിലെ സാംസ്ക്കാരിക വിപ്ലവനായകന്‍ മാവോ സെ തുങ്ങിനെ വിമര്‍ശിച്ച പരിപാടി സംപ്രേക്ഷണം ചെയ്തതിന് 1994ല്‍ ബിബിസിയുടെ അന്താരാഷ്ട്ര വാര്‍ത്താ ചാനലിനെ സ്റ്റാര്‍ നെറ്റ്വര്‍ക്കില്‍ നിന്നും മുര്‍ഡോക്ക് നിഷ്കരുണം പുറത്താക്കി.

എന്നിട്ടും ഏഴു വര്‍ഷം കാത്തിരിക്കേണ്ടി വന്നു, ചൈനയിലെ ഗ്വാംഗ്‍ടോഗില്‍ പരീക്ഷണാടിസ്ഥാനത്തില്‍ സംപ്രേക്ഷണാവകാശം കിട്ടാന്‍.

ചൈനാക്കാര്‍ക്ക് നല്‍കിയ ഉറപ്പ്, സഖാവ് അച്യുതാനന്ദനും മുര്‍ഡോക്ക് നല്‍കിയിരിക്കണം. സഖാവിനെ കളിയാക്കുന്ന തമാശപ്പരിപാടികള്‍ ഇനി ഏഷ്യാനെറ്റില്‍ ഉണ്ടാകാന്‍ വഴിയില്ല. ഫാരീസ് അബൂബേക്കറെക്കാള്‍ വമ്പന്‍ മാഫിയയായ റൂപ്പര്‍ട്ട് മുര്‍ഡോക്ക് ഇതുവരെ വിഎസിനും വേണ്ടപ്പെട്ടവര്‍ക്കും വെറുക്കപ്പെട്ടവനാവാത്തതിന് കാരണം വേറൊന്നാവില്ല തന്നെ.

അല്ലെങ്കില്‍, ഇറാക്ക് യുദ്ധത്തെ അനുകൂലിക്കുന്ന നിര്‍ലജ്ജ നിലപാട് സ്വീകരിക്കുന്ന175 പത്രങ്ങളുടെ ഉടമയായ മുര്‍ഡോക് വെറുക്കപ്പെട്ടവനാണെന്ന ഒറ്റ ഡയലോഗ് പിറന്നിരുന്നുവെങ്കില്‍ ഈ ഇടപാടിന്റെ കാര്യം ഗോപിയായേനെ. പിന്നെ എന്തു ധൈര്യത്തില്‍ ആഗോള മാധ്യമ മാഫിയ കേരളത്തില്‍ കാലുകുത്തുമായിരുന്നു?

പറഞ്ഞു വന്നത് ഇതാണ്. ബംഗാളില്‍ പണ്ടേ ചെന്നു കയറിയ, കെഎസ്ഇബിയുടെ പോസ്റ്റുകളില്‍ നീണ്ടു വലിഞ്ഞ കേബിളിലൂടെ കേരളത്തില്‍ വന്നു കയറിയ, ചൈനയില്‍ വിലക്കില്ലാത്ത റൂപ്പെര്‍ട്ട് മുര്‍ഡോക്കിനെ ഇപ്പോഴെന്തിന് നാം ഭയക്കണം?

കൈരളിയും പീപ്പിളും ഇന്ത്യാവിഷനും ഈ വിഷയത്തില്‍ അവസാനിക്കാത്ത ചാനല്‍ ചര്‍ച്ചകള്‍ നടത്തുമ്പോള്‍ തങ്ങളുടെ സൗകര്യം ഉപയോഗിച്ച് ഏഷ്യാനെറ്റിന്റെ പരസ്യം നല്‍കുകയാണ് ചെയ്യുന്നത്. ഫലമോ, മുര്‍ഡോക്ക് വന്ന ഏഷ്യാനെറ്റിനെ കാണാന്‍ ചിലര്‍ അങ്ങോട്ടു പോകും. എവരി നെഗറ്റീവ് പബ്ലിസിറ്റി ഹാസ് എ പോസിറ്റീവ് ഇംപാക്ട് എന്നോ മറ്റോ ആരോ പറഞ്ഞിട്ടുണ്ട്. മുര്‍ഡോക്കിന്റെ ഏഷ്യാനെറ്റിന് ചെലവില്ലാതെ കിട്ടുന്ന പരസ്യങ്ങള്‍ സംപ്രേക്ഷണം ചെയ്യുകയാണ് അറിഞ്ഞോ, അറിയാതെയോ എതിര്‍ ചാനലുകള്‍.

ഉച്ചയ്ക്ക് ഒരു മണിയുടെയും വൈകുന്നേരം പത്തരയുടെയുമൊക്കെ വാര്‍ത്ത ഏഷ്യാനെറ്റില്‍ നില്‍ക്കുമെന്നും ആ സമയത്തു കൂടി പരമ്പര തുടങ്ങുമെന്നും ഇതുവരെ പലരുമറിഞ്ഞിട്ടില്ല. ഒരു മണിയാകുമ്പോള്‍ നശിച്ച വാര്‍ത്ത തുടങ്ങിയെന്ന് ശപിച്ച് ചോറുണ്ണാന്‍ പോകുന്നവരും, പത്തു മണിക്ക് രഹസ്യം സീരിയല്‍ തീര്‍ന്നയുടനെ ടിവി ഓഫ് ചെയ്ത് ഉറങ്ങാന്‍ പോകുന്നവരും മുര്‍ഡോക്കിന്റെ വരവിനു ശേഷം വാര്‍ത്താ സമയത്തു കൂടി സിരിയല്‍ രംഗപ്രവേശം ചെയ്യുമെന്ന സത്യം അറിഞ്ഞിട്ടില്ല. വിളിച്ചു കൂവി അവരെക്കൂടി അറിയിച്ചാല്‍ ഉച്ചയൂണ് വീണ്ടും നീളുമെന്നല്ലാതെ വേറെ ഗുണമൊന്നുമില്ല.

കേരളത്തിലുളള എന്തിനെയോ ഒന്നിനെ അമേരിക്ക പേടിക്കുന്നുണ്ടെന്നും അതിനെ മൂടോടെ പറിച്ചെറിയാനുളള മാധ്യമ അജണ്ടയും കൊണ്ടാണ് മുര്‍ഡോക്ക് വരുന്നതെന്നുമുളള പേടിക്ക് പ്രത്യേകിച്ച് അടിസ്ഥാനമൊന്നുമില്ല.

അടിസ്ഥാനപരമായി കച്ചവടക്കാരനാണ് മുര്‍ഡോക്ക്. മാവോ സെ തുങ്ങിനെ വിമര്‍ശിച്ച ബിബിസിയെ കഴുത്തിനു പിടിച്ചു പുറന്തളളാന്‍ മടിയില്ലാത്തതാണ് അതിയാന്റെ കച്ചവടബുദ്ധി. ഇന്ത്യയിലെ ഏറ്റവും വലിയ ഉപഭോഗ സംസ്ഥാനമായ കേരളത്തില്‍, എല്ലാ വന്‍കിട ഉല്‍പന്നങ്ങളുടെയും പ്രോഡക്ട് ലോഞ്ചിംഗിന്റെ പരിശോധനാഭൂമികയായ കേരളത്തില്‍ കച്ചവടം മാത്രമാണ് സഖാക്കളേ, മുര്‍ഡോക്കിന്റെ ലക്ഷ്യം.

സ്വന്തം നിലയില്‍ ചാനലും പത്രവും ആശുപത്രിയും അമ്യൂസ്‍മെന്റ് പാര്‍ക്കുമുളള, ഹോട്ടലുകള്‍ മുതല്‍ ഡിസ്റ്റിലറി വരെ തുടങ്ങാന്‍ സന്നദ്ധതയുളള സഖാക്കള്‍ ഒരിക്കലും മുര്‍ഡോക്കിനെപ്പോലുളളവരെ പേടിക്കരുത്. തന്ത്രപരമായ സഖ്യമാണ് നല്ലത്. വ്യാപാര വികസനത്തിന്റെ നൂതനമായ ആശയങ്ങള്‍ നേരിട്ട് വരികയല്ലേ നാട്ടിലേയ്ക്ക്. ബര്‍മിംഗ്‍ഹാമില്‍ പോയി അതൊക്കെ മനസിലാക്കാനുളള പാങ്ങൊന്നും എല്ലാവര്‍ക്കും കാണില്ലല്ലോ.

ആയതിനാല്‍ സഖാവ് റൂപ്പര്‍ട്ട് മുര്‍ഡോക്കിനെ നമുക്കും സ്വാഗതം ചെയ്യുക.

ചിയാംഗ് കൈഷക്കിനെതിരെ ചെമ്പടയെ നയിച്ച് ജനകീയ വിപ്ലവത്തിന്റെ നൂറു പുഷ്പങ്ങള്‍ വിരിയിച്ച ചെയര്‍മാന്‍ മാവോയെ അപമാനിച്ച ബിബിസിയെ പുറത്താക്കിയവന്‍ സഖാവ് മുര്‍ഡോക്ക്. സാംസ്ക്കാരിക വിപ്ലവത്തിലൂടെ ചൈനയിലെ പ്രതിവിപ്ലവശക്തികളെ നിഷ്കരുണം ഉന്മൂലനം ചെയ്ത സഖാവ് മാവോയെ ബിബിസി അപമാനിച്ചത് നെല്ലിട പോലും ക്ഷമിക്കാത്തവനാണ് അദ്ദേഹം.. സഖാവിനെ രക്തഹാരം ചാര്‍ത്തി, രക്തപുഷ്പങ്ങളാല്‍ അലങ്കരിച്ച പാതയൊരുക്കി വിപ്ലവ കേരളത്തിലേയ്ക്ക് സ്വാഗതം ചെയ്യുക.

ഏഷ്യാനെറ്റ് മാത്രമല്ല, സൂര്യയും അമൃതയും ജീവന്‍ ടിവിയും ഇന്ത്യാ വിഷനുമൊക്കെ മുര്‍ഡോക്ക് സ്വന്തമാക്കട്ടെ. മുര്‍ഡോക്കിനെ കൈരളി പീപ്പിളിലെ ക്വസ്റ്റ്യന്‍ ടൈമില്‍ സ്വീകരിച്ച് ജോണ്‍ ബ്രിട്ടാസ് ഇന്റര്‍വ്യൂ നടത്തട്ടെ. ഫാരിസിനെ അഭിമുഖം നടത്തിയ പാപത്തില്‍ നിന്ന് അങ്ങനെ അദ്ദേഹം മോചിതനാകട്ടെ.

പൂച്ച കറുത്തതായാലും വെളുത്തതായാലും എലിയെ പിടിച്ചാല്‍ മതിയെന്നാണ് മാവോയുടെ ഉറ്റ അനുയായിയായ ദെങ് സിയാവോ പെങ്ങ് 1961ല്‍ ഗ്വായാങ്ഷൂ സമ്മേളനത്തില്‍ അരുളിച്ചെയ്തത്. അത് നമുക്കിങ്ങനെ തിരുത്താം,

"ചാനല്‍ സിപിഎമ്മിന്റെയോ മുര്‍ഡോക്കിന്റെയോ ആകട്ടെ, പരിപാടികള്‍ കാണാന്‍ കൊള്ളാവുന്നതായിരിക്കണം".

ഇല്ലെങ്കില്‍ ഒരു ജനതയുടെ ആത്മാവിഷ്കാരമായ, പ്രതിവിപ്ലവത്തിന്റെ ബട്ടണുകളുളള റിമോട്ട് കണ്‍ട്രോള്‍ എന്ന ആയുധം, ഞങ്ങള്‍ പ്രേക്ഷകര്‍ ഉപയോഗിക്കും.

ചെങ്കൊടിയാണെ, രക്തസാക്ഷികളുടെ നെഞ്ചകത്തിരുന്നെരിഞ്ഞ സ്വപ്നങ്ങളാണെ ഇതു സത്യം... സത്യം...സത്യം...