Thursday, July 10, 2008

വാള്‍ വാങ്ങാന്‍ മടിശീല വില്‍ക്കുക!!!

ചരിത്രത്തിന്റെ താളുകള്‍ ചുട്ടുകളയണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ജനാധിപത്യം ഒരു വലിയ അസൗകര്യമാണ്. എന്നും എവിടെയും അടിച്ചമര്‍ത്തപ്പെട്ടവന്റെ ആയുധമാണ് ചരിത്രം. ഭൂതകാലത്തിന്റെ എഴുതപ്പെട്ട രേഖകള്‍ അവന് മുന്നോട്ടു പോകാനുളള ഊര്‍ജമാകുമ്പോള്‍ വേറെ ചിലര്‍ക്ക് ജാള്യത്തിന്റെയും ഇച്ഛാഭംഗത്തിന്റെയും നാണക്കേടിന്റെയും പേക്കിനാവുകളാണ് അവ സമ്മാനിക്കുക.

ഏഴാം ക്ലാസിലെ പാഠപുസ്തകത്തിന്റെ പേരില്‍ തെരുവില്‍ പൂരപ്പാട്ടു നടത്തുന്നവരും പേടിക്കുന്നത് ചരിത്രത്തിന്റെ ഈ മൂര്‍ച്ചയെയാണ്. കൊഴിഞ്ഞുപോയ സവര്‍ണ ഭൂതകാലത്തിന്റെ ഇമ്പമുളള സ്മരണകള്‍ അയവിറക്കുന്നവരാണ് അവര്‍. ഉച്ചനീചത്വങ്ങളുടെ അധികാരരാഷ്ട്രീയത്തില്‍ ചോദ്യം ചെയ്യപ്പെടാതെ രമിച്ചു പുളച്ചവര്‍ക്ക് ജാത്യാധികാരങ്ങളും പ്രത്യേകാവകാശങ്ങളും നഷ്ടപ്പെട്ട് സാധാരണ മനുഷ്യരായി കൂടുമാറേണ്ടി വന്നു. അനിവാര്യമായ ഈ മാറ്റവുമായി ഇനിയും ചിലര്‍ പൊരുത്തപ്പെട്ടിട്ടില്ല.

ജാതിയുടെയോ വര്‍ണത്തിന്റെയോ മേന്മയും പറഞ്ഞ് രണ്ടാം മുണ്ടും തോളിലിട്ട് നാടു ഭരിക്കാനിറങ്ങുന്നവര്‍ക്ക് നേരെ കാര്‍ക്കിച്ചു തുപ്പാന്‍ സദാ സജ്ജമാണ് ഇന്നത്തെ തെരുവ്. കാലം അങ്ങനെ കലങ്ങി മറി‍ഞ്ഞതിന് കാരണക്കാരായവരോടുളള കുടിപ്പക ഉളളിലിരുന്ന് പുകയുന്നവര്‍ ഏഴാം ക്ലാസ് പുസ്തകത്തിലെ ചില പരാമര്‍ശങ്ങളുടെ പേരില്‍ ശാപവചനങ്ങളും തൊള്ള നിറയെ മുന്നറിയിപ്പുമായി പ്രത്യക്ഷപ്പെട്ടില്ലെങ്കിലല്ലേ അതിശയിക്കേണ്ടത്!

അളവറ്റ സമ്പത്തും ധാര്‍ഷ്ട്യവും കൊണ്ട് വിശ്വാസികളുടെ നിത്യശാപമായി മാറിയ അരമനയധികാരികളുടെ ളോഹപ്പുളപ്പും പാഠപുസ്തകത്തിന്റെ ശത്രുപക്ഷത്താണ്. ഇന്‍ക്വിസിഷനും കുമ്പസാരക്കൂട്ടിന്റെ കാര്‍ക്കശ്യങ്ങളും കൊണ്ട് മനുഷ്യരാശിക്കു മീതേ ഒരുകാലത്ത് വീണ കരിമ്പടമായിരുന്നു ഈ ളോഹയെന്ന് അറിയുന്നവര്‍ക്ക് ഇതൊരു പുതിയ വേഷപ്പകര്‍ച്ചയല്ല.

ജാതീയതയുടെയും മതമദിപ്പിന്റെയും ഓടച്ചാലുകളില്‍ രാഷ്ട്രീയ അസ്ഥിത്വത്തിന്റെ വിത്തിട്ട് മുളപ്പിച്ച പ്രതിപക്ഷരാഷ്ട്രീയത്തിനും ഈ പാഠപുസ്തകം ചതുര്‍ത്ഥി തന്നെ. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ കൊട്ടും പാട്ടും അങ്ങു നിന്ന് ഒച്ചപൊങ്ങി വരുന്നുണ്ട്. പളളിമണിയടിച്ച് ആളെക്കൂട്ടാന്‍ ശേഷിയുളളവരുടെ പളള നിറയെ വോട്ടാണ്. ഇത്തവണയെങ്കിലും ദില്ലിക്കുളള വണ്ടി കയറണമെങ്കില്‍ ഇവരൊക്കെ വല്ലാതെ കനിയണം. അതിനു വേണ്ടിയുളള കുനി‍ഞ്ഞു നില്‍പ്പിന്റെ വേദന ഒരു വേദനയാണോ?

ഇവരൊക്കെത്തന്നെയാണ് അമ്പത്തിയേഴിലും, വിമോചന സമരമെന്ന ആഭാസക്കൂത്ത് നടത്തിയത്. ജാതി ഹുങ്കിന്റെ, വര്‍ണവെറിയുടെ ഘോഷയാത്രയായിരുന്ന പഴയ വിമോചന സമരം. നൂറ്റാണ്ടുകളായി തങ്ങളുടെ അധികാരനുകത്തിന്‍ കീഴില്‍ ആട്ടും തുപ്പും ചാട്ടവാറടിയും ചിത്രവധവുമേറ്റ് നടന്നവര്‍ ഒരു സുപ്രഭാതത്തില്‍ അധികാരമേറിയത് കണ്ട് ഒട്ടും സഹിച്ചില്ല, പഴയ കാലത്തെ സവര്‍ണ മാടമ്പിമാര്‍ക്ക്.

സംശയമുളളവര്‍ക്ക് ഓര്‍ത്തു നോക്കാന്‍ ചില മുദ്രാവാക്യങ്ങളുടെ സാമ്പിള്‍ തരാം.. കേരളത്തിന്റെ ആദ്യ ജനകീയ മന്ത്രിസഭയിലെ തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രി പി കെ ചാത്തന്‍മാസ്റ്റര്‍ ദളിതനായിരുന്നു. നിലം പൂട്ടലും ഞാറു നടീലും കഴിഞ്ഞ് പാളയില്‍ കഞ്ഞിയും കുടിച്ച് "ഗ്രാമത്തിന്‍ പുറത്തങ്ങു" കഴിയേണ്ടവന്‍‍ ഭരണക്കസേരയിലോ... ശിവ.. ശിവ..

ആ "ദുരവസ്ഥയുടെ" കയ്പ് സമരക്കാര്‍ മറച്ചു വെച്ചില്ല... ചാത്തന്‍ മാസ്റ്റര്‍ക്ക് തെരുവില്‍ മുഴങ്ങിയ മുന്നറിയിപ്പ് ഇതായിരുന്നു.
"പാളേക്കഞ്ഞി കുടിപ്പിക്കും,
തമ്പ്രാനെന്ന് വിളിപ്പിക്കും,
ചാത്തന്‍ പൂട്ടാന്‍ പോകട്ടെ,
ചാക്കോ നാടു ഭരിക്കട്ടെ..."

വിമോചന സമരത്തിന് നേതൃത്വം കൊടുത്ത പി ടി ചാക്കോയാണ് നാടു ഭരിക്കാന്‍ യോഗ്യനെന്നും ചാത്തനൊക്കെ പൂട്ടാന്‍ പോയാല്‍ മതിയെന്നും തെരുവോരങ്ങളില്‍ ആര്‍ത്തു വിളിച്ചവരുടെ പിന്‍തലമുറ, പാഠപുസ്തകത്തിലെ ഗാന്ധിജിയുടെ പ്രാധാന്യത്തെച്ചൊല്ലി ആവലാതി പറയുന്നത് കേള്‍ക്കാന്‍ എന്തു രസം?

ഈഴവ സമുദായത്തില്‍ പിറന്ന കെ ആര്‍ ഗൗരിയമ്മ മന്ത്രിസഭയില്‍ അംഗമായതും ഭരിക്കുന്നതും സമരക്കാര്‍ക്ക് സഹിച്ചില്ല. തൊട്ടുകൂടാത്ത, തീണ്ടിക്കൂടാത്ത, ദൃഷ്ടിയില്‍ പെട്ടാലും ദോഷമുളള, സമുദായത്തില്‍ പിറന്നവള്‍, അതും ഒരു സ്ത്രീ, പൊന്നുതമ്പുരാക്കന്മാര്‍ അമര്‍ന്നിരുന്ന കസേരയില്‍ കയറിയിരിക്കുകയോ? തമ്പുരാന്മാരും തമ്പുരാട്ടിമാരും ദാ, ഇങ്ങനെ തുളളിയിളകി, തെരുവില്‍.

"ഗൗരിച്ചോത്തിയെ വേളി കഴിച്ചൊരു
റൗഡിത്തൊമ്മാ സൂക്ഷിച്ചോ" എന്ന് ഗൗരിയമ്മയുടെ ഭര്‍ത്താവ് ടി വി തോമസിന് അവര്‍ മുന്നറിയിപ്പ് നല്‍കി.

"കെ ആര്‍ ഗൗരിയെ വേളി കഴി‍ച്ച" എന്നു വിളിച്ചാലും മുദ്രാവാക്യത്തിന് പ്രാസമൊക്കും . താളത്തിനും വരില്ല ഭംഗം തെല്ലും. എന്നാലും "ഗൗരിച്ചോത്തി"യെന്ന് തീര്‍ത്തു തന്നെ വിളിച്ചു. അന്നതിന് നാവു പൊങ്ങിയവരാണ്, പാഠപുസ്തകത്തില്‍ ജന്മിത്വത്തെക്കുറിച്ച് പരാമര്‍ശിക്കുന്നത് സമൂഹത്തില്‍ സ്പര്‍ദ്ധ വളര്‍ത്തുമെന്ന് വിലപിക്കുന്നത്...

അതുകൊണ്ടും തീര്‍ന്നില്ല, ജാതിയില്‍ താണ ഗൗരിയമ്മ ഭരിക്കാന്‍ കയറിയതിന്റെ ചേതം. "ഗൗരിച്ചോത്തീ പെണ്ണല്ലേ , പുല്ലു പറിക്കാന്‍ പൊയ്ക്കൂടേ" എന്നു നാവുയര്‍ത്തിത്തന്നെ ചോദിച്ചു, സര്‍ക്കാരിനെ അട്ടിമറിക്കാന്‍ പുളിയിലക്കര മുണ്ടുടുത്ത് തെരുവിലിറങ്ങിയ തമ്പ്രാട്ടിമാരും തിരുവസ്ത്രം ചൂടിയ കന്യാമറിയങ്ങളും.

"ഗൗരിച്ചോത്തിയെ മടിയിലിരുത്തി
നാടു ഭരിക്കും നമ്പൂരീ"യെന്നും
"ഗൗരിച്ചോത്തീടെ കടി മാറ്റാന്‍
കാച്ചിയതാണീ മുക്കൂട്ട്" എന്നുമൊക്കെ ഉയര്‍ന്നു, ഭാഷയുടെ ഇന്ദ്രചാപ ഭംഗിയില്‍ മുങ്ങിക്കുളിച്ച മുദ്രാവാക്യ സാഹിത്യം.

വിമോചന സമരമുദ്രാവാക്യങ്ങളില്‍ ആരെയാണോ പേരെടുത്തു പറഞ്ഞ് ജാതി ചൂണ്ടി ആക്ഷേപിച്ചത് അവര്‍ തന്നെയാണ് ഈ ഭരണത്തിലും എണ്ണത്തില്‍ കൂടുതല്‍. എങ്ങനെ നീ സഹിക്കും, കുയിലേ...

രണ്ടാം വിമോചന സമരത്തിന് തറ്റും താറുമുടുത്ത് തെരുവിലിറങ്ങാന്‍ മടിയില്ലെന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഭീഷണി മുഴക്കുന്നവര്‍ക്ക് നാവു തരിക്കുന്നുണ്ടാകില്ലേ, പഴയ മുദ്രാവാക്യങ്ങള്‍ പുതിയ കാലത്തിനൊപ്പിച്ച് ഈണത്തില്‍ മുഴക്കി നാടു വിറപ്പിക്കാന്‍. "ഗൗരിച്ചോത്തീ"യെന്ന നീട്ടി വിളിയുടെ അതേ താളമാണ്, "അച്ചുച്ചോവാ" എന്നു വിളിക്കാനും.

കെ ആര്‍ ഗൗരിയെയും പി കെ ചാത്തനെയും പരാമര്‍ശിക്കുന്ന എല്ലാ മുദ്രാവാക്യങ്ങളിലും അവരുടെ ജാതിയെ അവഹേളിക്കുന്ന പരാമര്‍ശങ്ങളുണ്ടായത് യാദൃശ്ചികമാണോ? "വിക്കന്‍ നമ്പൂരി"യെന്ന് ഇ എം എസിനെയും വിളിച്ചിട്ടുണ്ട് സമരക്കാര്‍.. പക്ഷേ, അവിടെ വീണു ഫുള്‍‍സ്റ്റോപ്പ്.

വേറെയുമുണ്ടായിരുന്നല്ലോ മന്ത്രിമാര്‍. അച്യുതമേനോന്റെയും കൃഷ്ണയ്യരുടെയും എ കെ മേനോന്റെയുമൊന്നും ജാതി സൂചിപ്പിക്കുന്ന മുദ്രാവാക്യങ്ങള്‍ മുഴക്കാന്‍ എന്തുകൊണ്ടോ വിമോചന സമരക്കാര്‍ക്ക് നാവു പൊങ്ങിയില്ല. അതിന്റെ ഗുട്ടന്‍സ് പിടികിട്ടണമെങ്കില്‍ സമരനേതാവ് മന്നത്തു പത്മനാഭന്റെ ചരിത്രപ്രസിദ്ധമായ ചില പ്രയോഗങ്ങള്‍ ഓര്‍മ്മിക്കണം.

ജനിച്ച ചോവനും നശിച്ച നായരും പിഴച്ച മാപ്പിളയുമാണു കമ്മ്യൂണിസ്റ്റാകുന്നതെന്നായിരുന്നു മന്നത്തിന്റെ തിയറി. ചങ്ങനാശേരി നിയോജകമണ്ഡലത്തില്‍ കോണ്‍ഗ്രസുകാരന്‍ രാഘവന്‍ പിളളയും കമ്മ്യൂണിസ്റ്റുകാരന്‍ കല്യാണകൃഷ്ണനും ഏറ്റുമുട്ടിയപ്പോള്‍ ധര്‍മ്മ സങ്കടത്തിലായ ഒരു കരയോഗാംഗത്തെ മന്നം ആശ്വസിപ്പിച്ചത്, "കല്യാണകൃഷ്ണനും ഒരു നായരല്ലേ, ജയിച്ചു പോകട്ടെടോ കൂവേ" എന്നായിരുന്നു.

ആ മന്നത്തിന്റെ നേതൃത്വത്തില്‍ നടന്ന വിമോചന സമരത്തില്‍ മുദ്രാവാക്യത്തിന്റെ അതിരുകള്‍ കെ ആര്‍ ഗൗരിയമ്മയുടെ ചോവച്ചുവയിലും ചാത്തന്‍ മാസ്റ്ററുടെ കണ്ടം പൂട്ട് ചരിത്രത്തിലും ഒതുങ്ങിയേ മതിയാവൂ. മറ്റേയാളുകളൊക്കെ ഭരിച്ചു പൊക്കോട്ടെടോ കൂവേ...

ചാത്തപ്പുലയന്‍ ഭരിക്കുന്ന നാട്ടില്‍ താനിനി ജീവിച്ചിരിക്കില്ലെന്ന് നാടു നീളെ പ്രസംഗിച്ച് നടന്നിട്ടുണ്ട് ഭാരത കേസരി. തീര്‍ന്നില്ല, ഈഴവര്‍ മുഴുവന്‍ പന്നിപെറ്റ സന്താനങ്ങളും മന്ദബുദ്ധികളുമാണെന്നായിരുന്നു, തിരുവുളളത്തിന്റെ പരിഹാസം. അധഃസ്ഥിതന് ക്ഷേത്രപ്രവേശനവും സഞ്ചാരസ്വാതന്ത്ര്യവും "അനുവദിച്ച" നടപടി പുനഃപ്പരിശോധിക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ടയാളിന്റെ പെരുന്നപ്പിന്‍തുടര്‍ച്ച , വിമോചന സമരത്തിന്റെ മധുരസ്മരണകളുടെ വേലിയേറ്റത്തില്‍ സര്‍ക്കാരിനെതിരെ കുരയ്ക്കുന്നതില്‍ അത്ഭുതമെന്ത്?

ആര്‍ ശങ്കര്‍ എന്ന കോണ്‍ഗ്രസ് മുഖ്യമന്ത്രി ഭരിക്കാന്‍ കയറിയപ്പോഴും കേരളം കണ്ടു, ജാതിക്കോമരത്തിന്റെ വെളിച്ചപ്പെടല്‍. "തൊപ്പിപ്പാളക്കാരന്റെ ഭരണം" അവസാനിപ്പിക്കുമെന്നായിരുന്നു അന്നത്തെ ആക്രോശം.

എന്‍എസ്എസിന്റെ മുഖപത്രമായിരുന്ന മലയാള നാട് വാരികയില്‍, "ഒരു ജാതി, ഒരു പത്രം, ഒരു തെങ്ങ് മനുഷ്യന്" എന്ന് ശ്രീനാരായണ ഗുരുവചനത്തിന് പാരഡിയെഴുതിയ ഹറാംപെറപ്പിനും കേരളം സാക്ഷിയായി.

പുരോഗമന ചിന്തകളുടെ ചൂലുകൊണ്ട് പൊതുസമൂഹത്തിന്റെ മുറ്റത്തു നിന്ന് മനുഷ്യനായി പിറന്നവര്‍ തൂത്തെറിഞ്ഞ ജാതിദ്വേഷവും മതവെറിയും പലരുടെയും മനസില്‍ നിന്ന് വിട്ടു പോയിട്ടില്ല. സര്‍വാധികാരികളായി വാഴ്ചയും വേഴ്ചയും നടത്തിയ സ്വപൂര്‍വികരുടെ ഭാഗ്യജന്മത്തെ ഗൃഹാതുരത്വത്തോടെ ഓര്‍ത്തു വിങ്ങുന്ന "നിര്‍ഭാഗ്യരായ" അനന്തരാവകാശികളുടെ എണ്ണം ചെറുതല്ലല്ലോ!

ജനിതക വൈകല്യം ബാധിച്ച ആ തലമുറയാണ് മതനിരപേക്ഷതയ്ക്കും ചരിത്രത്തിന്റെ അടയാളപ്പെടുത്തലിനുമെതിരെ ഇപ്പോള്‍ തെരുവിലിറങ്ങുന്നത്. ജനാധിപത്യത്തിന്റെ സൗജന്യത്തില്‍ പുളച്ചു മദിക്കുന്ന ഈ കൃമികീടങ്ങള്‍ക്കു മേല്‍ ടിക് ട്വെന്റി തളിക്കേണ്ട ഉത്തരവാദിത്വം സധൈര്യം ഏറ്റെടുത്തില്ലെങ്കില്‍, ഒടുക്കേണ്ടി വരുന്ന പിഴ വലുതായിരിക്കും.

അമ്പത്തേഴിലെ സര്‍ക്കാരില്‍ പിന്നോക്കക്കാരനും ദളിതനും അംഗമായതിന്റെ അരിശം തീര്‍ക്കാന്‍ ചെയ്തുകൂട്ടിയതെന്തൊക്കെയെന്ന് അന്വേഷിച്ചു നോക്കുക. നിരണം പ്രദേശത്തെ ഹരിജനങ്ങളുടെ കുടിലുകള്‍ തീവെച്ച ശേഷം അവിടെ ചേമ്പു നട്ട സമരാനുകൂലികളുടെ കഥ പറഞ്ഞത് കോണ്‍ഗ്രസ് നേതാവ് കെ കേളപ്പനാണ്.

വിമോചന സമരം നടത്തി സര്‍ക്കാരിനെ താഴെയിറക്കിയതില്‍ ആഹ്ലാദിച്ച സമരഭടന്മാര്‍ കാട്ടിക്കൂട്ടിയതെന്ത് എന്ന് പിന്നീട് പലരും കോറിയിട്ടിട്ടുണ്ട് ചരിത്രത്തില്‍. ഹരിജനങ്ങളെ, കര്‍ഷകത്തൊഴിലാളികളെ വീടു കയറി തല്ലിയതും സ്ത്രീകളെ ബലാത്സംഗം ചെയ്തതുമൊക്കെ നോക്കി നിന്ന ഗവര്‍ണര്‍ ഭരണത്തിനു കീഴില്‍ മടത്തിവേഴത്ത് കരുണാകരമേനോന്മാര്‍ അഴി‍ഞ്ഞാടിയ അനുഭവങ്ങളുടെ കയ്പ് കലിയോടെ അയവിറക്കുന്നുണ്ട്, വേറൊരു തലമുറ.

"ഈഴവരെ കമ്യൂണിസ്റ്റുകാരാക്കി മുദ്രകുത്തി ചീത്ത പറഞ്ഞും ഉപദ്രവിച്ചും ശത്രുക്കളാക്കുന്ന വഴിപിഴച്ച സമ്പ്രദായം ഗുണത്തേക്കാള്‍ കൂടുതല്‍ ദോഷംചെയ്യുമെന്ന് താക്കീതു'' നല്‍കേണ്ടി വന്നു, അന്നത്തെ എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറിയും കോണ്‍ഗ്രസ് നേതാവുമായ കെ ആര്‍ നാരായണന്. നീലംപേരൂരില്‍ പുത്തന്‍ചിറ വാസുവെന്ന സമുദായാംഗത്തെ കമ്മ്യൂണിസ്റ്റ് അനുഭാവിയായി മുദ്രകുത്തി, ആക്രമിച്ചതില്‍ പ്രതിഷേധിച്ച അദ്ദേഹത്തിനെതിരെയും നീണ്ടു സവര്‍ണ ഭീകരതയുടെ വിഷച്ചുരിക.

വിമോചനസമരത്തില്‍ പങ്കെടുത്ത് ജയിലില്‍ പോയ ജനപ്രതിനിധിയായിരുന്ന കെ ആര്‍ നാരായണന്, ഇങ്ങനെയൊരു പരസ്യപ്രസ്താവനയിറക്കേണ്ടി വന്നുവെങ്കില്‍ ഭീകരത എത്ര ക്രൂരമായിരുന്നുവെന്ന് ഊഹിക്കാവുന്നതേയുളളൂ.

"വിമോചന സമരത്തിന്റെ വിജയസമാപ്തിക്കുശേഷവും പ്രസിഡന്റ് ഭരണമാകുന്ന കോണ്‍ഗ്രസ് ഭരണത്തിന്റെ പ്രാദുര്‍ഭാവത്തിനു പിന്നീടും ആക്രമിക്കപ്പെട്ടതും മര്‍ദനമേല്‍ക്കുന്നതും ഏഴകളായ പിന്നാക്ക വര്‍ഗക്കാരാണെന്നുള്ള പരമാര്‍ഥം പ്രത്യേകം ശ്രദ്ധാര്‍ഹമാ"ണെന്ന് കേരള കൗമുദി മുഖപ്രസംഗമെഴുതിയത് 1959 ആഗസ്റ്റ് 26നാണ്. ആഢ്യത്വമുളള നേതാക്കന്മാര്‍ക്ക് സംരക്ഷണവും ഏഴകള്‍ക്ക് കൊടിയ മര്‍ദ്ദനവും പീഡനവുമായിരുന്നു വിമോചന സമരത്തിന്റെ ബാക്കി പത്രം.

വളരുന്ന തലമുറ ചരിത്രം ചികഞ്ഞു പോയാല്‍, അവരുടെ മുന്നില്‍ ആരുടെ അറയ്ക്കുന്ന നഗ്നതയാണ് വെളിപ്പെടുന്നതെന്ന് തെരുക്കൂത്തിനിറങ്ങുന്നവര്‍ക്ക് നന്നായി അറിയാം. മഹാഭൂരിപക്ഷം വരുന്നവര്‍ കഴിഞ്ഞ കാലത്ത് അനുഭവിച്ച കൊടിയ പീഡനത്തിന്റെ നരകയാതനകള്‍ ഇനിയൊരു മനുഷ്യനും അറിയുകയോ വായിക്കുകയോ ചെയ്യരുതെന്ന ശാഠ്യത്തിനു പുറകില്‍ കൃത്യമായ പ്രത്യയശാസ്ത്രമുണ്ട്.

വളവു തിരിഞ്ഞു വരുന്ന വണ്ടിയുടെയും ജ്ഞാനനിര്‍മ്മിതിയ്ക്കു പിന്നില്‍ മറഞ്ഞിരിക്കുന്ന അദൃശ്യരൂപങ്ങളുടെയും ഉത്തരാധുനിക സാഹിത്യം കാണാന്‍ വിസമ്മതിക്കുന്ന രാഷ്ട്രീയവും.

ഇന്ത്യയിലൊരു സംസ്ഥാനത്തും ചെയ്യാന്‍ ധൈര്യപ്പെടാത്ത തെമ്മാടിത്തരമാണ് മതാധികാരവും രാഷ്ട്രീയ ഭിക്ഷാംദേഹികളും കൈകോര്‍ത്ത് കേരളത്തില്‍ ചെയ്തുകൂട്ടുന്നത്. ദേശീയപാഠ്യപദ്ധതിയുടെ ചട്ടക്കൂടില്‍ മതനിരപേക്ഷത പഠനവിഷയമാക്കണമെന്ന് നിര്‍ദ്ദേശിച്ച കേന്ദ്ര ഭരണകക്ഷി, പാഠപുസ്തകത്തിലെ മിശ്രവിവാഹ പരാമര്‍ശത്തിന്റെ പേരില്‍ കൊടുവാളെടുക്കുന്ന മതപ്പരിഷകളുടെ ആസനം താങ്ങുന്ന കാഴ്ച കണ്ട് കണ്ണുപൊത്തുന്നു സാക്ഷര കേരളം.

ഈ പേക്കൂത്ത് വിജയിച്ചാല്‍ അതിന്റെ നാണക്കേട് ജനാധിപത്യത്തിനും പാപഭാരം വളരുന്ന തലമുറയ്ക്കുമാണ്. പരിഷ്കൃത സമൂഹത്തിന്റെ തിരുമുറ്റത്തു വന്ന് ജാതീയതയുടെ വിഷം ചീറ്റുന്ന അണലികള്‍ ഇക്കുറി രക്ഷപെടാന്‍ പാടില്ല. പഴയ വിമോചന സമരകാലത്ത് കത്തോലിക്കാ സഭ പുറപ്പെടുവിച്ച ഇടയലേഖനത്തിലെ ഇരുതലമൂര്‍ച്ചയുളള ലൂക്കാ വചനങ്ങള്‍ ഇന്ന് മുഴങ്ങേണ്ടത് പുതിയ കോമരങ്ങള്‍ക്കെതിരെയാണ്.

"അവന്‍ അവരോട് : എന്നാല്‍ ഇപ്പോള്‍ മടിശീലയുളളവന്‍ അതെടുക്കട്ടെ; അവ്വണ്ണം തന്നെ പൊക്കണമുളളവനും. ഇല്ലാത്തവനോ തന്റെ വസ്ത്രം വിറ്റു വാള്‍ കൊള്ളട്ടെ". (ലൂക്ക 22:36)