Friday, November 21, 2008

മാരീചന്‍ ഒന്നാമന് പറയാനുളളത്........

ബിആര്‍പി ഭാസ്കറുടെ വായനശാലയെന്ന ബ്ലോഗില്‍ കോപ്പി റൈറ്റ് സംബന്ധിച്ച് രാജ് നീട്ടിയത്ത് എഴുതിയ കത്തിനെ അധികരിച്ച് ഒരു പോസ്റ്റ് ഉണ്ട്.

അതില്‍ മാരീചന്‍ എന്ന പേരില്‍ ഒരു കമന്റ് കണ്ടു.

ടി കമന്റ് മാരീചന്‍ എന്ന പേരില്‍ ഇതുവരെ ബ്ലോഗ് എഴുതിക്കൊണ്ടിരുന്നയാളല്ല എഴുതിയത് എന്ന കാര്യം വ്യക്തമാക്കുന്നു..

ലോകത്ത് ഒരു പേരുളള ഒന്നിലധികം ആളുകള്‍ ഉണ്ട്. ഒരാള്‍ക്ക് ഒരു പേരിട്ടുപോയി എന്നതു കൊണ്ട് മേലില്‍ ആര്‍ക്കും ആ പേര് ഇട്ടുപോകരുത് എന്ന് കല്‍പ്പിക്കാനൊന്നും ആര്‍ക്കും അധികാരമില്ല. ആയതിനാല്‍, മാരീചന്‍ എന്ന പേരിലുളള കമന്റുകളോട് പ്രതികരിക്കുന്നതിന് മുമ്പ്, ആരെയാണ് അഭിസംബോധന ചെയ്യുന്നതെന്ന് പ്രതികരിക്കുന്നവര്‍ ഉറപ്പാക്കണമെന്ന് അഭ്യര്‍ത്ഥിക്കട്ടെ..

പേരിലൊന്നും വലിയ കാര്യമൊന്നുമില്ല. പറയുന്ന കാര്യങ്ങള്‍ക്കാണ് കാര്യം എന്നറിയാഞ്ഞല്ല.

എന്നാലും മറ്റേ മാരീചന്‍ എഴുതുന്ന ഗഹനവും ഗൗരവമുളളതും വിജ്ഞാനപ്രദവും സര്‍വോപരി കാലാതിവര്‍ത്തിയുമായ കമന്റുകള്‍ക്കുളള ക്രെഡിറ്റ് ഈയുളളവനുണ്ടായിപ്പോയാല്‍ അദ്ദേഹത്തിനുണ്ടാകുന്ന വിഷമം ചില്ലറയൊന്നുമായിരിക്കില്ലല്ലോ..

മാത്രമല്ല, ഈയുളളവനെഴുതുന്ന ചെറ്റത്തരങ്ങള്‍ക്ക് മറ്റേദേഹം സമാധാനം പറയേണ്ടി വരുന്നതും ശരിയല്ല.

ആയതിനാല്‍, ഇനി മുതല്‍ മാരീചന്‍ എന്ന പേരിനോട് പ്രതികരിക്കുമ്പോള്‍ ആളു മാറിപ്പോകരുതെന്ന് എല്ലാ ബൂലോഗ നിവാസികളോടും അഭ്യര്‍ത്ഥിക്കുന്നു.

ബിആര്‍പിയുടെ ബ്ലോഗില്‍ എഴുതിയ കമന്റും ഇവിടെ ചേര്‍ക്കുന്നു........


മാരീചന്‍ എന്ന പേരില്‍ വന്ന മേല്‍ കമന്റ്മാരീചന്റേതല്ലെന്ന് വ്യക്തമാക്കുന്നു. മേല്‍പറഞ്ഞ മാരീചന്‍ പത്രപ്രവര്‍ത്തകനാണോ എന്ന് അറിയില്ല. ഏതായാലും ഇഞ്ചിയുടെ മറുപടിയുടെ പരിധിയില്‍ ഈ മാരീചന്‍ വരില്ലെന്ന് അറിയിക്കട്ടെ...

മാരീചന്‍ എന്ന പേരിന് ബൗദ്ധിക സ്വത്തവകാശം ബാധകമല്ലാത്തതിനാല്‍ ഏത് നീരജന്മാര്‍ക്കും ഈ പേര് ഉപയോഗിക്കാവുന്നതാണ്.. പതിഞ്ഞു പോയ വെര്‍ച്വല്‍ പേരുകള്‍ക്ക് എന്തെങ്കിലും പ്രസക്തിയുണ്ടെന്ന് കരുതുന്നുണ്ടെങ്കില്‍, മറുപടി പറയുന്നത് ആരോടാണെന്ന് ഉറപ്പാക്കേണ്ട ബാധ്യത കമന്റുകള്‍ക്ക് മറുപടിയെഴുതുന്നവര്‍ക്കാണെന്ന വിവരം സ്നേഹപൂര്‍വം അറിയിക്കട്ടെ...

ഒന്നല്ല, രണ്ടല്ല ഒരായിരം മാരീചന്മാര്‍ അരങ്ങു വാഴുന്ന മാരീച ജനാധിപത്യ വിപ്ലവം വിജയിക്കട്ടെ..

എന്ന്,
മാരീചന്‍ (ഒന്നാമന്‍)
മാരീചന്‍ (രണ്ടാമന്‍)

Wednesday, November 12, 2008

സാമാന്യ ബുദ്ധി vs ട്വെന്റി ട്വെന്റി

പ്രേക്ഷകരുടെ സാമാന്യബുദ്ധിയെ വെല്ലുവിളിക്കുന്ന സിനിമകള്‍ എല്ലാ ഭാഷയിലും അനേകമുണ്ടായിട്ടുണ്ട്. എന്നാല്‍ ഒരു ഭാഷയിലെ സകല താരങ്ങളും ഒരു സംഘടനയുടെ ലേബലില്‍ ഒരുമിച്ചിറങ്ങി പ്രേക്ഷകന്റെ യുക്തിക്ക് വിലപറയുന്ന സംഭവം ഒരുപക്ഷേ, ലോക സിനിമയില്‍ തന്നെ ആദ്യമായിരിക്കും.

ഏറ്റവും ചുരുക്കി, ട്വെന്റി20 എന്ന ചിത്രത്തെ ഇങ്ങനെ വിശേഷിപ്പിക്കാം. സൂപ്പര്‍താരങ്ങളുടെ കഥാപാത്രങ്ങള്‍ക്കു പോലും വ്യക്തിത്വം കമ്മി. യുക്തിയുടെ മൊട്ടുസൂചിയാഘാതമേറ്റാല്‍ പൊട്ടിത്തകരുന്ന കഥ. അതിനിടയിലും ചിലരുടെയൊക്കെ ഉളളില്‍ കിടക്കുന്ന അധമബോധങ്ങള്‍ക്ക് കൃത്യവും സൂക്ഷ്മവുമായ തിരശീലാഖ്യാനം.

കര്‍ണാടകത്തില്‍ നടക്കുന്ന പൈശാചികമായ ഒരു കൊലപാതകം. കൊലയാളിയെന്ന് സംശയിക്കപ്പെടുന്നയാള്‍ കേരളത്തില്‍. അയാള്‍ക്കു വേണ്ടി കര്‍ണാടക കോടതിയുടെ വാറണ്ട്. പ്രതിയെ കര്‍ണാടക പോലീസിന് വിട്ടുകൊടുക്കേണ്ടെന്ന് വിധിക്കാന്‍ കേരള ഹൈക്കോടതിയ്ക്ക് അധികാരമുണ്ടോ? സാക്ഷാല്‍ മമ്മൂട്ടിയാണ് കേസ് വാദിക്കുന്നതെങ്കിലും.. ?

നിയമം പഠിച്ചവര്‍ പറയുന്നത്, കുറ്റകൃത്യം നടക്കുന്ന സ്ഥലത്തെ കോടതിയാണ് വിചാരണയും വിധിയുമൊക്കെ പ്രസ്താവിക്കേണ്ടത് എന്നാണ്. താര സംഘടനയായ അമ്മയ്ക്കു വേണ്ടി ദിലീപ് സിനിമ നിര്‍മ്മിക്കാനിറങ്ങുകയും സൂപ്പര്‍താരങ്ങള്‍ അഭിനയിക്കാന്‍ തീരുമാനിക്കുകയും ചെയ്താല്‍ കേരളത്തിലെ മാത്രമല്ല, ഇന്ത്യാ മഹാരാജ്യത്തിലെ സകല നിയമങ്ങളും തിരുത്തിയെഴുതപ്പെടും. ഇല്ലെങ്കില്‍ പിന്നെന്തോന്ന് സൂപ്പര്‍താരങ്ങള്‍.. സൂപ്പര്‍ സംവിധായകന്‍...?

കര്‍ണാടകത്തില്‍ രജിസ്റ്റര്‍ ചെയ്ത കൊലക്കേസിലെ സാക്ഷി കേരള ഹൈക്കോടതിയില്‍ മൊഴി നല്‍കാനെത്തുന്ന വിലോഭനീയമായ ദൃശ്യവും ട്വെന്റി20യിലുണ്ട്.

അത്ഭുതങ്ങള്‍ ഇവിടെ അവസാനിക്കുന്നില്ല. കേരളത്തിലെ ഭരണകക്ഷിയുടെ സംസ്ഥാന സെക്രട്ടറിയുടെ മകനാണ് പ്രതി. ബാംഗ്ലൂര്‍ മെഡിക്കല്‍ കോളജില്‍ സ്വന്തം സഹപാഠിയെ കൊന്ന കേസില്‍ പ്രതിയായിട്ടും, അയാളുടെ പേരില്‍ കര്‍ണാടക പൊലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടും കക്ഷിയുടെ ഉഗ്രപ്രതാപികളായ മാതാപിതാക്കളോ ബന്ധുക്കളോ ഒന്നും സംഗതിയറിയുന്നില്ല. ഓര്‍ക്കുക. സഹപാഠിയെ കൊന്ന്, ശവശരീരം മൂന്നായി മുറിച്ച് മൂന്ന് സംസ്ഥാനങ്ങളില്‍ നിക്ഷേപിച്ച കൊടും പൈശാചികമായ കൊലപാതകത്തിലെ പ്രതിയ്ക്കാണ്, സ്ഥാനമാനങ്ങള്‍ക്ക് പഞ്ഞമില്ലാത്ത മന്ദബുദ്ധി മാതാപിതാക്കളും ബന്ധുക്കളുമുളളത്.

ഇങ്ങനെയൊരു കൊലപാതകം ഒരു കോളെജില്‍ നടന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ ദേശീയ മാധ്യമങ്ങളിലടക്കം വന്‍കോലാഹലമുണ്ടാകുമെന്ന കാര്യം ഉറപ്പ്. പ്രതിസ്ഥാനത്തുളളവനെ മാത്രമല്ല, അവന്റെ പരിചയക്കാരെ വരെ നിര്‍ത്തിപ്പൊരിക്കും, മാധ്യമങ്ങള്‍.. അതേ കോളജിലെ ഒരു വിദ്യാര്‍ത്ഥിനിയെ കൊന്ന കേസില്‍ പ്രതി നേരത്തെയും ജയിലില്‍ കിടന്നിട്ടുണ്ടെന്ന സാഹചര്യം കണക്കിലെടുക്കുന്പോള്‍ പ്രത്യേകിച്ചും. ഇക്കാര്യവും പ്രതിയുടെ മാതാപിതാക്കളോ അപ്പൂപ്പനമ്മൂമ്മമാരോ അറിഞ്ഞിട്ടില്ല.

ഭരണകക്ഷിയുടെ സംസ്ഥാന സെക്രട്ടറിയും ഭാര്യയും ചേട്ടനും മറ്റു ബന്ധുമിത്രാദികളുമൊന്നും പത്രം വായിക്കുന്നില്ലെങ്കില്‍... ടി വി കാണുന്നില്ലെങ്കില്‍....എന്തു ഫലം.. ? ഐപിഎസുകാരന്‍ ആന്റണി പുന്നക്കാടന്‍ പ്രതിയെയും തിര‍ഞ്ഞ് കുടുമ്മത്ത് വന്നു കയറുന്പോഴേ കാര്യങ്ങളറിയൂ.. അപ്പോഴേയ്ക്കും ഒരു മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കാനുളള സമയം പോലും കിട്ടിയെന്നു വരില്ല...

സുപ്രിം കോടതിയില്‍ നിന്നും വിരമിച്ച് തറവാട്ടില്‍ വിശ്രമജീവിതം നയിക്കാനെത്തുന്ന ജസ്റ്റിസ് വിശ്വനാഥമേനോനില്‍ നിന്നും ചെറുമകന്റെ വിവരം മറച്ചു വെയ്ക്കാന്‍ മക്കളും മരുമക്കളും കൊണ്ടുപിടിച്ച് ശ്രമിക്കുന്ന രംഗങ്ങള്‍ സിനിമയിലുണ്ട്. ജസ്റ്റിസാണെന്നും സുപ്രിം കോടതിയിലായിരുന്നു ഉദ്യോഗമെന്നുമൊക്കെ പറഞ്ഞിട്ടെന്ത്... പത്രവും ടിവിയും ജസ്റ്റിസിനും ചതുര്‍ത്ഥി.. അതുകൊണ്ട് ഒരു കാര്യവും അതിയാനും അറിയുന്നില്ല. പ്രതിയെ തിരഞ്ഞ് ആന്റണി പുന്നക്കാടന്‍ വരേണ്ടി വന്നു, തിരുമനസിനും കാര്യങ്ങള്‍ ബോധ്യപ്പെടാന്‍.

മക്കളെ ബാംഗ്ലൂരിലൊക്കെ പഠിക്കാനയയ്ക്കുന്ന മാതാപിതാക്കള്‍ മുടങ്ങാതെ ടിവി വാര്‍ത്ത കാണുകയും പത്രം വായിക്കുകയും ചെയ്യണമെന്നൊരു ഗുണപാഠം ട്വെന്റി20 പകര്‍ന്നു നല്‍കുന്നുണ്ട്. അത്രയും നന്ന്..

അന്യ സംസ്ഥാനത്തെ പൊലീസ്റ്റ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിക്ക് കേരള ഹൈക്കോടതിയില്‍ നിന്ന് അനുകൂലമായ വിധി നേടിക്കൊടുക്കാന്‍ മാത്രം പ്രാഗത്ഭ്യമുളള വക്കീല്‍ രമേഷ് നന്പ്യാരുടെ വേഷത്തിലാണ് സൂപ്പര്‍മെഗാ സ്റ്റാര്‍ മമ്മൂട്ടി. അന്പതും നൂറും പേരെ ഒറ്റയ്ക്ക് ഇടിച്ചു പരത്തുന്ന സൂപ്പര്‍താര സങ്കല്‍പം ഈ ചിത്രത്തില്‍ കാലഹരണപ്പെടുന്നു. നായകന്റെ അമാനുഷിക പരിവേഷം ഇവിടെ വേറൊരു തരത്തിലാണ് നിര്‍വചിക്കപ്പെട്ടിരിക്കുന്നത്.

കോടതികള്‍ക്ക് വ്യക്തമായ അധികാര പരിധി ഭരണഘടനാപരമായിത്തന്നെ നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. കേരള ഹൈക്കോടതിയില്‍ കേരളത്തിലെ കേസുകള്‍ വാദിക്കുന്നവരാണ് സാദാ വക്കീലന്മാര്‍. എന്നാല്‍ സൂപ്പര്‍താര നായകസങ്കല്‍പനമനുസരിച്ച് അന്യസംസ്ഥാനത്തിലെ കേസുകള്‍ പോലും സ്വന്തം നാട്ടിലെ കോടതിയില്‍ വാദിക്കാന്‍ കെല്‍പ്പുളളവനാകണം നായകന്‍. ഈ സവിശേഷ സിദ്ധിയുളള കഥാപാത്രമായതു കൊണ്ടാവും അഡ്വ രമേഷ് നന്പ്യാരുടെ വേഷം കെട്ടിയാടാന്‍ മമ്മൂട്ടി സമ്മതം മൂളിയത്. അല്ലാതെ വേറെ മികവൊന്നും ഈ കഥാപാത്രത്തിനില്ല. (അമേരിക്കയിലെ പെന്‍സില്‍വാനിയയിലോ കൊളറാഡോയിലോ രജിസ്റ്റര്‍ ചെയ്യുന്ന കേസിലെ പ്രതിക്ക് തമിഴ്‍നാട് ഹൈക്കോടതിയില്‍ നിന്നും ജാമ്യമെടുക്കുന്ന സൂപ്പര്‍ വക്കീലിന്റെ വേഷത്തില്‍ രജനീകാന്ത് അഭിനയിക്കുന്നതോടെ ഇത്തരത്തിലുളള സൂപ്പര്‍താര വക്കീല്‍ സങ്കല്‍പം പൂര്‍ണതയിലെത്തുമെന്ന് പ്രതീക്ഷിക്കാം).

ദേവരാജ പ്രതാപ വര്‍മ്മയെന്ന മലഞ്ചരക്ക് വ്യാപാരിയുടെ വേഷത്തിലാണ് മോഹന്‍ലാല്‍. കര്‍ണാടക പോലീസിന്റെ കൈയില്‍ നിന്നും അഡ്വേക്കേറ്റ് രമേഷ് നന്പ്യാര്‍ രക്ഷിച്ചെടുക്കുന്ന അരുണ്‍ കുമാറിന്റെ കൊലയാളിയുടെ വേഷത്തിലാണ് മോഹന്‍ലാലിന്റെ ദേവനെ നാം ആദ്യം കാണുന്നത്. അതിദാരുണമായി കൊല്ലപ്പെട്ട കാര്‍ത്തിക് എന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിയുടെ ജ്യേഷ്ഠനാണ് ഇയാളെന്ന് അരുണിന്റെ വീട്ടുകാരോ, കേസന്വേഷിക്കുന്ന ആന്റണി പുന്നക്കാടന്‍ ഐപിഎസോ പ്രോസിക്യൂഷന്‍ വക്കീലോ ഒന്നും അറിയുന്നില്ല. (എന്തു കോടതി, എന്ത് പോലീസ്... ഉദയനും സിബിയും എഴുതുന്നതിനു പുറകേ യുക്തിയുമായി നടക്കുന്നവനെ വളളിച്ചൂരലിന് പെടയ്ക്കണം...)

ഈ കേസില്‍ ദേവനെ ജയില്‍വിമുക്തനാക്കേണ്ട ചുമതലയും അഡ്വക്കേറ്റ് രമേഷ് നന്പ്യാര്‍ക്കാണ്.. സൂപ്പര്‍താര വക്കീലിനു മുന്നില്‍ നടപടിക്രമങ്ങളും ചട്ടങ്ങളും കാറ്റില്‍ പറക്കും. ഒന്നാം സാക്ഷി മദ്യലഹരിയിലായിരുന്നുവെന്നാണ് കോടതി മുന്പാകെ നന്പ്യാരങ്ങുന്ന് വാദിക്കുന്നത്.. തെളിവില്‍ അധിഷ്ഠിതമാണ് ഇന്ത്യയിലെ കോടതി സംവിധാനം. സാദാ വക്കീലന്മാര്‍ക്ക് അവിടെ വാദങ്ങള്‍ അവതരിപ്പിച്ചാല്‍ മാത്രം പോര, അവ സ്ഥാപിക്കാന്‍ സുശക്തമായ തെളിവും ഹാജരാക്കണം.

മദ്യലഹരിയിലാണ് ആന്റണി പുന്നക്കാടന്‍ ദേവനെ കസ്റ്റഡിയിലെടുത്തതെന്ന് ഒരു സാദാ വക്കീലാണ് വാദിക്കുന്നതെന്ന് കരുതുക. സംഭവം നടക്കുന്ന സമയത്ത് പുന്നക്കാടന്‍ മദ്യപിച്ചിരുന്നുവെന്ന് തെളിയിക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് ജഡ്ജിക്കു മുന്നില്‍ ഹാജരാക്കിയേ മതിയാകൂ.. വാദിക്കുന്നത് സാക്ഷാല്‍ മമ്മൂട്ടിയുടെ രമേഷ് നന്പ്യാരാണെങ്കില്‍ കളി മാറും. വിടുവായന്‍ പൊലീസ് ഡ്രൈവറുടെ വാചകമടിയുടെ സാക്ഷ്യം മതി, ആന്റണി പുന്നക്കാടനെന്ന ഐപിഎസ് ദൃക്‍സാക്ഷിയുടെ മൊഴി കളളമെന്ന് ജഡ്ജിക്ക് ബോധ്യം വരാനും പ്രതിയെ നിരുപാധികം വിട്ടയയ്ക്കാനും.

രാജ്യവ്യാപക ശ്രദ്ധയാകര്‍ഷിച്ച ഒരു കാന്പസ് കൊലപാതകത്തില്‍ സഹോദരനെ നഷ്ടപ്പെട്ടവനാണ്, ആ കൊലക്കേസ് പ്രതിയുടെ കൊലപാതകിയുടെ രൂപത്തില്‍ കോടതിയില്‍ നില്‍ക്കുന്നതെന്ന കാര്യം പ്രോസിക്യൂഷന്‍ വക്കീലിന് അറിയാത്തതിനു കാരണവും ഒന്നേയുളളൂ. മറുഭാഗത്ത് മമ്മൂട്ടിയുടെ വക്കീലാണ്. നിര്‍ണായക വിവരങ്ങള്‍ അദ്ദേഹത്തിന് യഥാസമയം ഓര്‍മ്മ വരുമെന്ന് മാത്രമല്ല, എതിര്‍വക്കീലിന് കൃത്യസമയത്ത് മറവിയുണ്ടാക്കാനും പോന്നവനാണ് സൂപ്പര്‍താര വക്കീല്‍. ടിയാന്‍ ഏറ്റെടുക്കുന്ന കേസുകളെല്ലാം വിജയിക്കണമെങ്കില്‍, എതിര്‍ഭാഗം വക്കീലിന് അല്‍ഷിമേഴ്സ് പോലുളള അസുഖങ്ങള്‍ ഉണ്ടായേ തീരൂ..

ട്വെന്റി20യിലെ ജാതിക്കളി

സൂപ്പര്‍താര കഥാപാത്രങ്ങളെ പൊലിപ്പിച്ച് നിര്‍ത്താന്‍ പ്രേക്ഷക ബുദ്ധിയെ നിര്‍ലജ്ജം വ്യഭിചരിക്കുന്പോഴും ജാതീയമായ അധമ ചിന്തകള്‍ പ്രസരിപ്പിക്കാന്‍ ചിത്രത്തിന്റെ ശില്‍പികള്‍ മറക്കുന്നില്ല. മുകേഷ് അവതരിപ്പിക്കുന്ന സര്‍ക്കിള്‍ ഇന്‍‍സ്പെക്ടര്‍ ജയചന്ദ്രന്‍ നായര്‍, സലിം കുമാര്‍ അവതരിപ്പിക്കുന്ന ഐപിഎസ് ഓഫീസര്‍ എന്നീ കഥാപാത്രങ്ങളിലൂടെയാണ് ഈ ചിത്രത്തിനു പിന്നിലുളളവരുടെ നീചമനസ് വെളിപ്പെടുന്നത്.

മുകേഷിന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്പോള്‍ മേശപ്പുറത്തിരിക്കുന്ന ജയചന്ദ്രന്‍ നായര്‍ എന്ന നെയിംബോര്‍ഡാണ് കാമറ ആദ്യം കാണിച്ചു തരുന്നത്. എന്തിനാണ് ഈ നായര്‍ വാലെന്ന് ആലോചിക്കുന്നവര്‍ക്ക് ഉത്തരം പിന്നാലെ കിട്ടുന്നുണ്ട്.

വേഷപ്രച്ഛന്നനായി പ്രതികളെ പിടിക്കാനിറങ്ങുന്ന ഒരു മന്ദബുദ്ധി ഐപിഎസുകാരനാണ് സലിംകുമാറിന്റെ കഥാപാത്രം. വേഷം മാറി പ്രതികളെ പിടിക്കാനിറങ്ങുന്ന മേലുദ്യോഗസ്ഥനെ കീഴുദ്യോഗസ്ഥര്‍ ആളറിഞ്ഞും അല്ലാതെയും തല്ലുന്നതിലൂടെ ഹാസ്യം ജനിപ്പിക്കുന്ന എത്രയോ ദൃശ്യങ്ങള്‍ മലയാളത്തില്‍ എത്രയോ തവണ നാം കണ്ടിട്ടുണ്ട്. ആ തല്ലുകൊളളലില്‍ ജാതി കലര്‍ത്തുന്ന പാപം ആദ്യമായി ചെയ്തതിന്റെ ബഹുമതിയാണ് സിബിയും ഉദയനും ജോഷിയും പങ്കിട്ടെടുക്കുന്നത്.

സിഐ ജയചന്ദ്രനെക്കൊണ്ട് തന്നെ സല്യൂട്ടടിച്ചതിനു ശേഷം സലിം കുമാറിന്റെ കഥാപാത്രം നടത്തുന്ന ആത്മഗതം രസകരമാണ്. ഒരു നായരെക്കൊണ്ട് സല്യൂട്ട് ചെയ്യിച്ചല്ലോ എന്ന സംതൃപ്തിയില്‍ പാവം ഐപിഎസുകാരന്‍ നടന്നു നീങ്ങുന്നു. ഐപിഎസുകാരന് ഒരു നായര്‍ കീഴുദ്യോഗസ്ഥനില്‍ നിന്ന് സല്യൂട്ട് ചോദിച്ചു വാങ്ങേണ്ട ഗതികേട് സംസ്ഥാനത്തെ പൊലീസ് സേനയില്‍ നിലനില്‍ക്കുന്ന കാര്യം ഈ ചിത്രം കണ്ടെങ്കിലും ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ തിരിച്ചറിയുമെന്നും വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും പ്രത്യാശിക്കാം.

കീഴ്‍ ജാതിക്കാരനെ സല്യൂട്ട് ചെയ്യുകയെന്ന പാതകത്തിന് പിന്നീട് സിഐ ജയചന്ദ്രന്‍ പ്രതിക്രിയ ചെയ്യുന്നുണ്ട്. ദേവരാജ വര്‍മ്മയുടെ വീട്ടില്‍ പാചകക്കാരന്റെ വേഷത്തില്‍ നില്‍ക്കുന്ന ഐപിഎസ് നരസിംഹത്തിന്റെ കരണക്കുറ്റിക്ക് അടിച്ചാണ് ചെയ്തുപോയ സല്യൂട്ട് പാപത്തിന് ജയചന്ദ്രന്‍ പ്രായച്ഛിത്തം ചെയ്യുന്നത്. ജയചന്ദ്രന്‍ നായരുടെ സല്യൂട്ടും തുടര്‍ന്നുളള നരസിംഹത്തിന്റെ ആത്മഗതവും പിന്നീടുളള കരണത്തടിയും കച്ചവട സിനിമയിലെ സ്ഥിരം കോമാളിഹാസ്യത്തിന്റെ സമവാക്യങ്ങള്‍ക്കപ്പുറത്ത് ചില അര്‍ത്ഥങ്ങള്‍ പ്രേക്ഷകരുമായി സംവദിക്കുന്നുണ്ട്. ഈ രംഗങ്ങള്‍ ആരുടെ ഉളളിലാണ് ചിരിയുണര്‍ത്തുന്നതെന്ന് ബുദ്ധിയുളള പ്രേക്ഷകന്‍ എളുപ്പം തിരിച്ചറിയും. ത്രസിച്ചു നില്‍ക്കുന്ന അസംബന്ധതയ്ക്കിടയില്‍ ഇങ്ങനെ രണ്ട് രംഗങ്ങള്‍ കൃത്യമായി ഉള്‍പ്പെടുത്തപ്പെട്ടത് തികച്ചും യാദൃശ്ചികല്ല തന്നെ.

ജാതി, പാരന്പര്യ സൂചനകള്‍ വേറെയുമുണ്ട് ചിത്രത്തില്‍. ജസ്റ്റിസ് വിശ്വനാഥ മേനോന്റെ വീട്ടുജോലിക്ക് ബ്രാഹ്മണര്‍ തന്നെ വേണമെന്നാണ് കാര്യസ്ഥന്റെ ആഗ്രഹം. സ്ഥലത്തെ ചായക്കടക്കാരനോട് ഇക്കാര്യം വ്യക്തമായിത്തന്നെ ഇയാള്‍ പറയുന്നുമുണ്ട്. ഈ ആവശ്യം കേട്ട് പൂട്ടു വര്‍ക്കി, ഓടു മുരളി തുടങ്ങിയ കളളന്മാരാണ് പൂണൂലണിഞ്ഞ് ബ്രാഹ്മണ വേഷത്തില്‍ വീട്ടു വേലയ്ക്കെത്തുന്നത്. മോഷ്ടാക്കള്‍ ബ്രാഹ്മണരല്ലെന്ന് ചിത്രത്തിന്റെ ശില്‍പികള്‍ കാണികളോട് ഉറപ്പിച്ച് പറയുന്നു. ഏത് കളളനും പൂണൂലിട്ടാല്‍ ബ്രാഹ്മണരാകാം, എന്നാല്‍ ബ്രാഹ്മണര്‍ക്ക് ഒരിക്കലും കളളന്മാരാകാന്‍ കഴിയില്ലെന്ന് സിനിമ നല്‍കുന്ന ഗുണപാഠം.

ജസ്റ്റിസ് വിശ്വനാഥ മേനോന്റെ മകള്‍ ഗൂഢമായി രമേഷ് നന്പ്യാരെ പ്രണയിക്കുന്നുണ്ട്. ജസ്റ്റിസോ രമേഷ് നന്പ്യാരോ അത് വേണ്ട സമയത്ത് അറിയുന്നില്ല. എന്നാല്‍ മകളുടെ ഭര്‍ത്താവ് ഇക്കാര്യം പറഞ്ഞ് തരം കിട്ടുന്പോഴൊക്കെ അവളെ കുത്തി നോവിക്കാറുണ്ട്. ആണത്തം കാണിക്കാനാണ് താന്‍ ഇങ്ങനെയൊക്കെ ചെയ്യുന്നതെന്ന് ഭര്‍ത്താവ് രമേഷ് നന്പ്യാരോട് വീരവാദം മുഴക്കുന്നതിന് അദ്ദേഹം പറയുന്ന മറുപടിയുടെ രത്നച്ചുരുക്കം ചില്ലിട്ട് സൂക്ഷിക്കണം.

നല്ലത് ചെയ്യുകയും പറയുകയും ചെയ്യണമെങ്കില്‍ നല്ല തന്തയ്ക്ക് പിറക്കണമെന്നാണ് രമേഷ് നന്പ്യാര്‍ ഉദ്ബോധിപ്പിക്കുന്നത്. തന്തയും തന്തയുടെ തന്തയും അയാളുടെ തന്തയുമൊക്കെ നല്ല തന്തയ്ക്ക് ജനിക്കണമത്രേ..

ഈ പറയുന്ന രമേഷ് നന്പ്യാരുടെ തന്ത, തന്തയുടെ തന്ത, അയാളുടെ തന്ത എന്നിവരുടെ വിവരങ്ങള്‍ സിനിമയില്‍ ലഭ്യമല്ല. എന്നാല്‍ അയാളുടെ കണ്‍കണ്ട ദൈവം ജസ്റ്റിസ് വിശ്വനാഥ മേനോന്റെ മകന്‍ മഹേന്ദ്രനാണ് സിനിമയുടെ അവസാനം കൊല്ലപ്പെടുന്ന വില്ലന്മാരില്‍ ഒരാള്‍. അയാളുടെ മകന്‍ അരുണ്‍ കുമാറും വില്ലനാണ്. കൊല്ലപ്പെടാനാണ് വിധിയും.

രമേഷ് നന്പ്യാരുടെ തിയറിയനുസരിച്ചാണെങ്കില്‍ കാര്യങ്ങള്‍ ഇവിടെ കീഴ്മേല്‍ മറിയും.. ഒന്നുകില്‍ അതിരറ്റ ഗുരുഭക്തിയോടെ രമേഷ് നന്പ്യാര്‍ പൂജിക്കുന്ന ജസ്റ്റിസ് വിശ്വനാഥ മേനോന്‍ നല്ലവനല്ല. അല്ലെങ്കില്‍, ജസ്റ്റിസ് വിശ്വനാഥ മേനോന്റെ മകനല്ല, മാധവന്‍. വിശ്വനാഥ മേനോന്റെ ഭാര്യയ്ക്ക് ഒളിസേവയുണ്ടായിരുന്നെന്ന വ്യംഗ്യമായ സൂചനയാണോ ഈ ഡയലോഗിലൂടെ തിരക്കഥാകൃത്തുക്കള്‍ നല്‍കുന്നതെന്നും ന്യായമായും സംശയിക്കാം. ഏതായാലും ഈ തന്ത ഡയലോഗ് ഫാന്‍സ് അസോസിയേഷന്‍ മന്ദബുദ്ധികള്‍ക്ക് പെരുത്തിഷ്ടപ്പെട്ടിട്ടുണ്ട്. മനോജ് കെ ജയനോട് മമ്മൂട്ടി ഇത് പറയുന്പോള്‍, എന്താ തീയേറ്റിലെ കയ്യടി..!!! ഓര്‍ക്കുന്പോള്‍ തന്നെ കുളിരു കേറുന്നു..

പ്രേക്ഷകന്റെ സാമാന്യബുദ്ധിയെ ഒരു സങ്കോചവുമില്ലാതെ വെല്ലുവിളിക്കുന്ന തിരക്കഥയാണ് ട്വെന്റി ട്വെന്റിയുടേത്. സുപ്രധാനമായ കഥാസന്ദര്‍ഭങ്ങള്‍ക്കൊന്നും യുക്തിയുടെയോ സുബോധത്തിന്റെയോ പിന്‍ബലമില്ല. ഈ തിരക്കഥ തയ്യാറാക്കാന്‍ സിബിയും ഉദയനും ഒന്നര വര്‍ഷം ചെലവാക്കിയെന്നാണ് ദിലീപ് സാക്ഷ്യപ്പെടുത്തുന്നത്. കലൂര്‍ ഡെന്നീസിനെയോ അന്‍സാര്‍ കലാഭവനെയോ സമീപിച്ചിരുന്നെങ്കില്‍ കുറെക്കൂടി നല്ലൊരു തിരക്കഥ ഇതിലും കുറഞ്ഞ സമയത്തിനുളളില്‍ കിട്ടിയേനെ..

മലയാളത്തിലെ ഏതാണ്ടെല്ലാ താരങ്ങളെയും നിരത്തി നിര്‍ത്തിയുളള ഈ അസംബന്ധ നാടകത്തില്‍ കയ്യടി വാങ്ങുന്നത് പക്ഷേ, മോഹന്‍ലാലും സുരേഷ് ഗോപിയുമാണ്. സഹോദരന്റെ കൊലയാളികളെ കൊന്നു കൊലവിളിക്കാന്‍ രണ്ടും കല്‍പ്പിച്ചിറങ്ങുന്ന പ്രതികാരദാഹിയായി ലാല്‍ തകര്‍ത്താടി. ആന്റണി പുന്നക്കാടന്‍ എന്ന ഐപിഎസ് ഓഫീസറായി സുരേഷ് ഗോപിയും കസറി. പോസ്റ്ററുകളില്‍ മോഹന്‍ലാലിന് പ്രാധാന്യം കുറഞ്ഞെന്നു പറഞ്ഞ് വിലപിച്ച മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍കാരാണ് അക്ഷരാര്‍ത്ഥത്തില്‍ ബ്ലീച്ചായത്. തീയേറ്ററില്‍ മുഴങ്ങുന്ന കയ്യടിയേറെയും മോഹന്‍ലാലിന്റെ ദേവന്‍ സ്വന്തമാക്കിയപ്പോള്‍ പുറത്തുണ്ടാക്കിയ പുക്കാറുകളോര്‍ത്ത് നാണമുണ്ടെങ്കില്‍ അവര്‍ ലജ്ജിച്ചിരിക്കും. (നാണമുളളവര്‍ ഫാന്‍സ് അസോസിയേഷനുണ്ടാക്കാന്‍ നടക്കുമോ എന്നാണ് ചോദ്യമെങ്കില്‍, നമ്മളീ നാട്ടുകാരനല്ല)

കുറേ ഓഞ്ഞ ഡയലോഗുകളുടെ പൊയ്ക്കാലുകളിലാണ് മമ്മൂട്ടിയുടെ രമേഷ് നന്പ്യാര്‍ നില്‍ക്കുന്നത്. അഭിനയ ജീവിതത്തില്‍ മമ്മൂട്ടി കെട്ടിയാടിയ ഒട്ടും കാന്പില്ലാത്ത, യാതൊരു വ്യക്തിത്വവുമില്ലാത്ത കഥാപാത്രം. ബാംഗ്ലൂരിലെ മെഡിക്കല്‍ കോളജില്‍ പഠിക്കുന്ന സ്വന്തം സഹോദരി കൊലക്കേസില്‍ സാക്ഷിയാകുന്നത് സര്‍വ പ്രതാപിയായ ഈ കഥാപാത്രം അറിയുന്നില്ല. അവള്‍ ബലാത്സംഗത്തിന് ഇരയാകുന്നതോ, അവളുടെ കാമുകന്‍ പൈശാചികമായി കൊല്ലപ്പെടുന്നതോ ഇയാള്‍ അറിയുന്നില്ല. എന്തിനിങ്ങനെയൊരു നപുംസക വേഷത്തിന് മമ്മൂട്ടി സമ്മതം മൂളിയെന്ന് അദ്ദേഹത്തിന്റെ ആരാധകര്‍ തന്നെ ആലോചിക്കട്ടെ.

വില്ലന്മാരെ കൊന്നൊടുക്കാനുളള ചുമതല മൂന്ന് സൂപ്പറുകള്‍ക്കായി സംവിധായകന്‍ വീതിച്ചു നല്‍കിയിട്ടുണ്ട്. രണ്ടു വില്ലന്മാരെ കൊല്ലുന്ന മോഹന്‍ലാലിനാണ് ഒന്നാം സ്ഥാനം. തൊട്ടു പുറകില്‍ ഓരോരുത്തരെ വീതം കൊല്ലുന്ന മമ്മൂട്ടിയും സുരേഷ് ഗോപിയും. എല്ലാ വില്ലന്മാരെയും മോഹന്‍ലാല്‍ തന്നെ കൊന്നാല്‍, ബാക്കിയുളളവരെന്തോന്ന് സൂപ്പര്‍താരങ്ങള്‍..?

അവതരണ ഗാനത്തിനു പുറമേ, രണ്ടു പാട്ടുകളുണ്ട് ഈ ചിത്രത്തില്‍. ഒരു പാട്ടില്‍ നയന്‍താരയുടെ തുടകള്‍ ഗംഭീരമായ അഭിനയം കാഴ്ചവെയ്ക്കുന്പോള്‍ മറ്റേപ്പാട്ടില്‍ ഭാവനയുടെ തുടകളാണ് ഭാഗ്യം പരീക്ഷിക്കുന്നത്. ഇനിയുളള ചിത്രങ്ങളില്‍ ഭാവനയുടെ വസ്ത്രത്തിന്റെ അതിര് ഇനിയും ഉയരുമെന്ന് പ്രതീക്ഷിക്കാം. വെണ്‍തുടകളുടെ മത്സരാഭിനയത്തിനിടയില്‍ ആരെങ്കിലും പാട്ടിന്റെ വരികള്‍ ഓര്‍മ്മിച്ചാല്‍ അതൊരു വലിയ ചലച്ചിത്രാത്ഭുതമായിരിക്കും.

ജോഷി ചിത്രങ്ങളിലെ ഗാന ചിത്രീകരണത്തിനായി ദിലീപും സംഘവും രാജ്യം വിടുന്പോഴൊക്കെ ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരിക്ക് "മീവല്‍ പക്ഷി"കളെ ഓര്‍മ്മ വരുന്നത് ഒരു മനോരോഗമാണോ എന്നാണ് ചലച്ചിത്ര ഗാനാസ്വാദകരുടെ സംശയം.

നായകന് തട്ടുപൊളിപ്പന്‍ ഡയലോഗുകള്‍ വീശാന്‍ പാകത്തിന് അസംബന്ധ രംഗങ്ങളൊരുക്കുക എന്നതാണ് സൂപ്പര്‍താര ചിത്രങ്ങളുടെ തിരക്കഥാരഹസ്യം. അമ്മയുടെ ബാനറില്‍ എല്ലാ സൂപ്പര്‍താരങ്ങളും അണി നിരക്കുന്ന ട്വെന്റി20 അതുകൊണ്ടു തന്നെ അസംബന്ധ സിനിമയായില്ലെങ്കിലേ അത്ഭുതമുളളൂ..