Sunday, July 27, 2008

രാഹുലകാലങ്ങളില്‍ കലാവതിമാര്‍!!!

2008 ജൂലൈ 18നാണ് മഹാരാഷ്ട്രയിലെ യാവട്മാള്‍ ജില്ലയിലുളള ജല്‍ക്ക വില്ലേജിലെ കലാവതി ബണ്ഡുര്‍ക്കര്‍ ‍എന്ന 45കാരിയുടെ വീട്ടിലേയ്ക്ക് ഒരു വന്‍വാഹനവ്യൂഹം ഇരമ്പിയെത്തിയത്. ആണവക്കരാറിന്റെ പേരില്‍ വിശ്വാസ വോട്ടെടുപ്പ് നടക്കുന്നതിന് കൃത്യം നാലു ദിവസം മുമ്പ്.

അപ്രതീക്ഷിതമായി സ്വന്തം വീട്ടുമുറ്റത്തൊരു ഖദര്‍പ്രളയം കണ്ട പാവം സ്ത്രീ വല്ലാതെ വിരണ്ടിരിക്കണം. കൂട്ടത്തിലുളളവരില്‍ തന്നെ നോക്കി തൊഴുത വെളുത്ത പൈജാമയും കുര്‍ത്തയുമണിഞ്ഞ സുന്ദര സുസ്മേര കളേബരനെ അടുത്തു നിന്ന ആരോ ഇങ്ങനെ പരിചയപ്പെടുത്തി. "ഹെ രാഹുല്‍ ഗാന്ധി ആഹെ. ഇന്ദിരാ ഗാന്ധിച നാചു" (ഇത് രാഹുല്‍ ഗാന്ധി, ഇന്ദിരാഗാന്ധിയുടെ ചെറുമകന്‍).

വീട്ടിത്തീര്‍ക്കാത്ത കടവും ഒമ്പതു മക്കളെയും കലാവതിയെ ഏല്‍പ്പിച്ചാണ് 2005 ഡിസംബര്‍ 23ന് കലാവതിയുടെ ഭര്‍ത്താവ് പര്‍ഷുറാം ബണ്ഡുര്‍ക്കര്‍ വിഷം കഴിച്ച് മരിച്ചത്. കലാവതി - പര്‍ഷുറാം ദമ്പതികളുടെ മക്കളില്‍ ഏഴ് പെണ്ണും രണ്ടാണും.

ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബത്തിനുളള നാമമാത്രമായ സഹായം പോലും പര്‍ഷുറാമിന്റെ വിധവയ്ക്കും കുടുംബത്തിനും കിട്ടിയില്ല. കാരണം ഇയാള്‍ കൃഷി ചെയ്തത് സ്വന്തം കൃഷിഭൂമിയിലല്ല. നിയമങ്ങളില്‍ പര്‍ഷുറാമിന് കര്‍ഷകനെന്ന് നിര്‍വചനമില്ല. നിസഹായതയുടെ കാര്യത്തില്‍ അയാളെക്കാള്‍ ദയനീയമാണ് സര്‍ക്കാരിന്റെ സ്ഥിതി.

മന്‍മോഹന്‍ സിംഗ് ആണവക്കരാര്‍ ഒപ്പിടുന്നതു വരെയോ, നോക്കുന്നിടത്തൊക്കെയും ന്യൂക്ലിയാര്‍ റിയാക്ടറുകള്‍ പ്രവര്‍ത്തനം തുടങ്ങുന്നതു വരെയോ കാത്തിരിക്കാന്‍ ഒമ്പതു മക്കളുളള ആ വീട്ടമ്മയ്ക്ക് കഴിയുമായിരുന്നില്ല. ഭര്‍ത്താവിന്റെ ചിതയില്‍ നിന്ന് അണയാത്ത രണ്ടു കനലുകളെടുത്ത് സ്വന്തം കരളിലിട്ട് അവര്‍ അതിജീവനത്തിനുളള വഴികള്‍ തേടി.

ആണവക്കരാര്‍ ചര്‍ച്ചയില്‍ ഭാവി പ്രധാനമന്ത്രിയുടെ നാവില്‍ കലാവതിയെന്ന നാമം തത്തിക്കളിക്കും മുമ്പ്, ഒരു റിയാക്ടറിന്റെയും സഹായമില്ലാതെ തന്റെ അഞ്ചാമത്തെ മകളുടെ വിവാഹവും അവര്‍ നടത്തി. ഇപ്പോള്‍ ആകെ കടം 90,000 രൂപ.

തോല്‍ക്കാന്‍ മനസില്ലാത്ത കലാവതി ജീവിതത്തോട് പൊരുതുമ്പോഴൊന്നും ആ വഴിയിലെങ്ങും ഖദറിന്റെ എഐസിസി തണലുണ്ടായിരുന്നില്ല അവര്‍ക്ക്.

വിശ്വാസപ്രമേയ ചര്‍ച്ച പാര്‍ലമെന്റില്‍ തുടങ്ങിയ ജൂലൈ 21ന് കൃത്യം മൂന്നു ദിവസം മുമ്പ് സ്വന്തം വീട്ടില്‍ ഉച്ചഭക്ഷണം പാകം ചെയ്തു നില്‍ക്കവെ, വെളുത്ത പൈജാമയും കുര്‍ത്തയും ധരിച്ച ഊര്‍ജസുരക്ഷയുടെ ദൈവം അപ്രതീക്ഷിതമായി അവരുടെ വീട്ടുമുറ്റത്ത് അവതരിച്ചു. ഒട്ടേറെ വാഹനങ്ങളുടെ അകമ്പടിയോടെ. വീടിനു മുന്നിലുദിച്ച ഈ പൂനിലാവിന്റെ നാവിലൂടെ തന്റെ നാമം ലോകമറിയുമെന്നും കലാവതി അപ്പോള്‍ കരുതിയിട്ടുണ്ടാവില്ല.

രാഹുലിന് മറുപടിയായി അവര്‍ക്കു പറയാനുളളതും ലോകമറിഞ്ഞു, ഇക്കഴിഞ്ഞ വെള്ളിയാഴ്ച.
യാവട്മാളില്‍ അന്ന് നടന്ന ആയിരത്തി അഞ്ഞൂറോളം കര്‍ഷകര്‍ പങ്കെടുത്ത റാലിയില്‍ ഒരാഴ്ച കൊണ്ട് ഇന്ത്യയുടെ ശ്രദ്ധാകേന്ദ്രമായി വളര്‍ന്ന കലാവതിയുമുണ്ടായിരുന്നു പ്രസംഗിക്കാന്‍.

പ്രമാണിമാരുടെ സന്ദര്‍ശനമല്ലാതെ തനിക്കോ, തന്നെപ്പോലുളള വിധവകള്‍ക്കോ സര്‍ക്കാരില്‍ നിന്നും ഒരു സഹായവും ഇതുവരെ ലഭിച്ചില്ലെന്ന് അവര്‍ തുറന്നു പറഞ്ഞു. ജീവിതം തളളിനീക്കാന്‍ വല്ലാതെ കഷ്ടപ്പെടുന്ന തനിക്കും ചിലപ്പോള്‍ ഭര്‍ത്താവിന്റെ വഴി തിരഞ്ഞെടുക്കേണ്ടി വരുമെന്നും തടിച്ചു കൂടിയ ജനത്തെ സാക്ഷിയാക്കി രാഹുലിന്റെ പ്രിയപ്പെട്ട കലാവതി വിളിച്ചു പറഞ്ഞു.

അവര്‍ക്കും അവരെപ്പോലുളളയവര്‍ക്കും ആവശ്യം, പന്ത്രണ്ടു കൊല്ലത്തിനു ശേഷം പ്രവര്‍ത്തനക്ഷമമാകുന്ന റിയാക്ടറുകളിലെ വൈദ്യുതിയല്ല. വേറെ ചിലതാണ്. അവരുടെ വെളിപ്പെടുത്തല്‍ രാഹുലിന്റെ ഹൃദയത്തില്‍ എന്തു ചലനമാണ് ഉണ്ടാക്കിയതെന്ന് നമുക്കറിയില്ല. മുതലെടുപ്പിനുളള അവസരം നോക്കിപ്പറക്കുന്ന രാഷ്ട്രീയക്കഴുകന്മാര്‍ക്ക് കൊത്തിപ്പറിക്കാനുളളതാണല്ലോ കലാവതിമാരുടെ ജീവിതവും ദുരന്തവും.

കലാവതിയുടെ കഥ രാഹുല്‍ പാര്‍ലമെന്റില്‍ പറഞ്ഞതിന് ഫലമുണ്ടായില്ലെന്ന് തീര്‍ത്തും പറഞ്ഞുകൂടാ. രാജ്യത്തിന്റെ ആണവോര്‍ജ ആവശ്യതകയുടെ ജ്വലിക്കുന്ന പ്രതീകമാണ് ഇന്ന് കലാവതി. വരാനിരിക്കുന്ന തിരഞ്ഞെടുപ്പു കോലാഹലത്തില്‍ എം ഐ ഷാനവാസും ഷാനിമോള്‍ ഉസ്മാനുമൊക്കെ കേരളത്തിന്റെ നാല്‍ക്കവലയില്‍ പോലും കലാവതി നായികയായ കഥാപ്രസംഗം അവതരിപ്പിക്കും. അത് മുന്നില്‍ കണ്ട് ഉണര്‍ന്നു പ്രവര്‍ത്തിച്ചു, വിദര്‍ഭയിലെ കോണ്‍ഗ്രസുകാര്‍. വൈകിയുദിച്ച നല്ല മനസുകള്‍ക്കു മുന്നില്‍ കൈകൂപ്പുക നാം.

നാലുതവണ രാജ്യസഭാ എംപിയായിരുന്ന ദത്താ മേഘ 21,000 രൂപയുടെ സഹായം പ്രഖ്യാപിച്ചു കഴിഞ്ഞു. കോണ്‍ഗ്രസുകാരുടെ വക തയ്യല്‍ മെഷീനും സൈക്കിളും വീടുമേയാല്‍ കുറെ തകരഷീറ്റുകളും.

കുഴിഞ്ഞു താണ കണ്ണുകളും ഒട്ടിമടങ്ങിയ വയറുകളുമായി തന്നെ മാത്രം ആശ്രയിച്ചു കഴിയുന്ന ഒമ്പതു മക്കളെയും കൊണ്ട് 2005 ഡിസംബര്‍ മുതല്‍ ജീവിതപ്പാതയിലെ കത്തുന്ന വെയിലേയ്ക്കിറങ്ങിയ കലാവതിയ്ക്ക് ഇപ്പോഴെങ്കിലും ഒരു വലിയ പ്രസ്ഥാനത്തിന്റെ കണ്‍നോട്ടവും സഹായവും കിട്ടിയെങ്കില്‍ നല്ലതു തന്നെ.

കലാവതിമാരെപ്പോലുളളവര്‍ക്ക് ജീവിത സുരക്ഷ നല്‍കാന്‍, പര്‍ഷുറാമുമാര്‍ ആത്മഹത്യ ചെയ്യാതിരിക്കാന്‍, ഗ്രാമഗ്രാമാന്തരങ്ങളില്‍ വെളിച്ചത്തിന്റെ വിപ്ലവമുണ്ടാകാന്‍ ആണവക്കരാര്‍ കൂടിയേ തീരൂവെന്ന് പാര്‍ലമെന്റില്‍ പ്രസംഗിച്ച രാഹുലിന് പഴയ "ഗരീബീ ഹഠാവോ"യെക്കുറിച്ച് അറിയുമോ ആവോ? "ജയ് ജവാന്‍, ജയ് കിസാന്‍" എന്ന മുദ്രാവാക്യത്തെക്കുറിച്ചും!

1971ല്‍ രാഹുലിന്റെ മുത്തശി ഇന്ദിരാഗാന്ധിയാണ് ഗരീബിയെ ഹതം ചെയ്യാന്‍ ആദ്യം തീരുമാനിച്ചത്. നീണ്ട പതിനഞ്ചു വര്‍ഷത്തിനു ശേഷം 1986 ല്‍ രാഹുലിന്റെ പിതാവ് രാജീവ് ഗാന്ധി ഭൂതക്കണ്ണാടി വെച്ചു നോക്കിയപ്പോഴും ദുഷ്ടന്‍ ഗരീബി ഇന്ത്യയുടെ സിരാപടലങ്ങളില്‍ കുളയട്ടപോലെ പറ്റിപ്പിടിച്ചു കിടക്കുന്നു. കലി കയറിയ രാജീവും നടത്തി, "ഗരീബി ഹഠാവോ" ഭജന. പക്കമേളവുമായി ചെങ്കീരികള്‍ ആര്‍ കെ ധവാനും സംഘവും കൂടെയുണ്ടായിരുന്നു.

"ജയ് ജവാന്‍, ജയ് കിസാന്‍" എന്ന് ലാല്‍ ബഹദൂര്‍ ശാസ്ത്രി സംഗീത സാന്ദ്രമായി പാടിയിട്ടും മേല്‍ഗതിയില്ലാതെ കഷ്ടപ്പെടുന്ന കര്‍ഷകനെ കണ്ട് കരളലിഞ്ഞാണ് ഇന്ദിരാ പ്രിയദര്‍ശിനി മുദ്രാവാക്യം മാറ്റിപ്പണിതത്.

തകര്‍ന്ന് തരിപ്പണമായ കാര്‍ഷിക മേഖലയുടെ നേര്‍ചിത്രമായ വിദര്‍ഭയ്ക്ക് ഈ രണ്ട് മുദ്രാവാക്യങ്ങളും തുണയായില്ലെന്ന്, പ്രിയപ്പെട്ട രാഹുല്‍, താങ്കള്‍ അറിയണം. ആകര്‍ഷകമായ മുദ്രാവാക്യങ്ങള്‍ക്കു വേണ്ടി പാര്‍ട്ടിയുടെ പ്രചരണ വിഭാഗം കൊണ്ടുപിടിച്ച് ബ്രെയിന്‍ സ്റ്റോമിംഗ് നടത്തുമ്പോള്‍, വിദര്‍ഭയിലെ കര്‍ഷകര്‍ കൂട്ടത്തോടെ ആത്മഹത്യയില്‍ അഭയം തേടുകയായിരുന്നു.

2005 ജൂണ്‍ മുതലുളള കണക്കുകള്‍ പറയുന്നത് വിദര്‍ഭയില്‍ ഇതുവരെ ആറായിരത്തിലധികം കര്‍ഷക ആത്മഹത്യ നടന്നിട്ടുണ്ടെന്നാണ്. കടത്തിന്റെ ബാധ്യതയും ദുരിതങ്ങളുടെ ഭാണ്ഡവും പേറി ജീവിക്കുന്ന കുടുംബങ്ങളോട് താങ്കളുടെ പാര്‍ട്ടിയും സര്‍ക്കാരും എങ്ങനെയാണ് പ്രതികരിച്ചതെന്ന് കൂടി അറിയണം.

കൊട്ടിഗ്ഘോഷിക്കപ്പെട്ട വിദര്‍ഭ പാക്കേജ് എത്രപേര്‍ക്കാണ് ആശ്വാസമായതെന്ന് രാഹുല്‍ അന്വേഷിച്ചോയെന്ന് നമുക്കറിയില്ല. യഥാര്‍ത്ഥ കര്‍ഷകര്‍ക്ക്, ദുരിതങ്ങളെ നേര്‍ക്കുനേര്‍ നേരിടുന്നവര്‍ക്ക് കിട്ടിയ സഹായം വെറും 507 കോടി രൂപ.

കേന്ദ്ര കൃഷിമന്ത്രി ശരദ്പവാറിന്റെ ശക്തികേന്ദ്രമായ നാസിക്കിലെയും പൂനെയിലെയും ധനിക കര്‍ഷകര്‍ക്ക് 5700 കോടി രൂപ സഹായം കിട്ടിയ സ്ഥാനത്താണിത്. മുന്തിരിത്തോട്ടങ്ങളും വന്‍കിട ഫാമുകളും സ്വന്തമായുളളവരെ നിയമം കര്‍ഷക നിര്‍വചനത്തില്‍ പെടുത്തി സഹായിച്ചു. കാരുണ്യമുളള ഒരു നോട്ടം പോലും കിട്ടിയില്ല കലാവതിമാര്‍ക്ക്.

ഇന്ദിരയും രാജീവും ചെയ്തതു പോലെ ഗരീബിയെ ഓടിക്കാന്‍ എന്തുകൊണ്ടോ നരസിംഹ റാവുവിന് മനസു വന്നില്ല. അന്നത്തെ ധനകാര്യമന്ത്രി മന്‍മോഹനും. അധികാരത്തിന്റെ ചെങ്കോലും കിരീടവും ഒരിടവേളയ്ക്കു ശേഷം വീണ്ടും നമ്പര്‍ ടെന്‍ ജന്‍പഥിലാണ്. പ്രധാനമന്ത്രിയുടെ തലപ്പാവ് മാത്രമാണ് മന്‍മോഹന്‍ സിംഗിന്റെ തലയില്‍. പേരില്‍ ഗാന്ധി വാല് എവിടെയുണ്ടോ അവിടെയാണ് അധികാരം. അന്റോണിയോ മെയിനോ ഇപ്പോള്‍ സോണിയാ ഗാന്ധിയെന്നാണ് അറിയപ്പെടുന്നത്.

ഗരീബികള്‍ക്കു വേണ്ടി ഉഴിഞ്ഞുവെച്ചതാണ് പുതിയ ഗാന്ധിമാരുടെ ജീവിതവും. പഴയ മുദ്രാവാക്യം "ഗരീബി ഉന്മൂലന്‍" എന്ന പേരില്‍ വീണ്ടും പൊടി തട്ടിയെടുക്കാന്‍ തീരുമാനിച്ചത് അതുകൊണ്ടാണ്. ചരിത്രം പ്രഹസനമായിത്തന്നെ ആവര്‍ത്തിച്ചേ മതിയാവൂ. 2006 ഒക്ടോബര്‍ അഞ്ച് വ്യാഴാഴ്ച പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭയുടെ പ്രത്യേക യോഗം സുപ്രധാനമായ ഒരു തീരുമാനമെടുത്തിന്റെ കാരണം മറ്റൊന്നല്ല.

"ഗരീബി ഉന്മൂലന്‍" എന്നത് സംസ്കൃതീകരിക്കപ്പെട്ട പേരാണ്. ഇതുകേട്ടാല്‍ ഗരീബി ചിലപ്പോള്‍ വിരണ്ടുപോകും. പാവം കര്‍ഷകനും. അതുകൊണ്ട് പേര് പഴയതു തന്നെ മതി. "ഗരീബി ഹഠാവോ".

അന്നത്തെ ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് മിനിസ്റ്റര്‍ ശ്രീമാന്‍ പ്രിയരഞ്ജന്‍ ദാസ് മുന്‍ഷി പത്രക്കാരോട് വിശദീകരിച്ചത് തൊട്ടുപിറ്റേന്ന് ടൈംസ് ഓഫ് ഇന്ത്യ ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

"Explaining the re-introduction of Garibi Hatao , I&B minister P R Dasmunsi said: "Since people do not understand Sanskritised expressions like 'unmoolan' which do not have an equivalent English translation, it has been changed to Garibi Hatao ."

ദാരിദ്ര്യം പോയാല്‍ മാത്രം പോര, എങ്ങനെ പോയെന്നും ജനം അറിയുക തന്നെ വേണം. സംസ്കൃതമൊക്കെ പറഞ്ഞാല്‍ ഏതു വഴിയാണ് ദാരിദ്ര്യം പോയതെന്നറിയാതെ അക്ഷരാഭ്യാസമില്ലാത്തവന്‍ കുഴയും. മാത്രമല്ല, പദ്ധതിയുടെ പേര് ഇംഗ്ലീഷ് തര്‍ജമയ്ക്ക് വഴങ്ങുകയും വേണം. ഇല്ലെങ്കില്‍ നമ്മളീ ചെയ്യുന്നതു വല്ലതും മന്‍മോഹന്‍സിംഗിന്റെ ആത്മമിത്രം ബുഷ് അവര്‍കള്‍ അറിയുമോ?

"ജയ്‍ ജവാന്‍, ജയ് കിസാന്‍" എന്ന പാവം ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ സ്വപ്നം, സ്വപ്നമായി തുടര്‍ന്നതു പോലെ, ഇന്ദിരയുടെയും രാജീവിന്റെയും "ഗരീബി ഹഠാവോ" ഗംഭീരത്തട്ടിപ്പായി മാറിയതു പോലെ, കലാവതിമാരെ മുന്‍നിര്‍ത്തി രാഹുലും ഊര്‍ജസുരക്ഷയെക്കുറിച്ചുളള ബഡായികള്‍ തട്ടി വിടുന്നു.

വിദര്‍ഭയില്‍ കൂട്ടകര്‍ഷക ആത്മഹത്യ നടക്കുമ്പോള്‍ എവിടെയായിരുന്നു രാഹുല്‍ എന്ന് ചോദിക്കാതിരിക്കുക. ഓരോ എട്ടു മണിക്കൂറിലും ഒരു കര്‍ഷകന്‍ വീതം വിദര്‍ഭയില്‍ ജീവനൊടുക്കിയപ്പോള്‍ അദ്ദേഹം എന്തെടുക്കുകയായിരുന്നുവെന്ന് ചോദിക്കാതിരിക്കുക. സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായത്തിന്റെ സിംഹഭാഗവും പൂനെയിലെയും നാസിക്കിലെയും ധനിക കര്‍ഷകര്‍ കയ്യടക്കിയപ്പോള്‍ അദ്ദേഹം പാര്‍ലമെന്റില്‍ എന്തു ചെയ്യുകയായിരുന്നുവെന്നും ചോദിക്കാതിരിക്കുക.

കാര്‍ഷിക ലോണിന്റെ താങ്ങാനാവാത്ത പലിശയും ബ്ലേഡുകാരുടെ കൊളളപ്പലിശയും ജനിതക വ്യതിയാനം വരുത്തിയ വിലകൂടിയ വിത്തുകളും ദിനംപ്രതി കുതിച്ചുയരുന്ന വളം, കീടനാശിനി വിലയുമാണ് വിദര്‍ഭയില്‍ കര്‍ഷകരെ ആത്മഹത്യയിലെത്തിക്കുന്നതെന്ന് പലരും ചൂണ്ടിക്കാട്ടിയപ്പോള്‍ സുമുഖനായ എഐസിസി സെക്രട്ടറി പ്രതികരിക്കാത്തത് എന്ത് എന്നു ചോദിക്കാതിരിക്കുക. പരിഹാരക്രിയകള്‍ക്ക് യുപിഎയുടെ മഹാദേവതയായ സ്വന്തം മാതാവു വഴി സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താത്തതെന്ത് എന്ന് ചോദിക്കാതിരിക്കുക.

എന്നാലും അദ്ദേഹം എത്തിയല്ലോ കലാവതിയെത്തേടി. ആണവക്കരാറിന്റെ ഏറ്റവും വലിയ ഗുണഭോക്താവ് തങ്ങളാരുമല്ല, കലാവതിയും ശശികലയുമാണെന്ന് അദ്ദേഹം പറഞ്ഞില്ലേ പാര്‍ലമെന്റില്‍? കലാവതി അതൊന്നും വിശ്വസിച്ചില്ലെങ്കിലെന്ത്, ഇന്ത്യാ മഹാരാജ്യത്തിലെ ദരിദ്രകോടികള്‍ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുകയല്ലേ ആണവക്കരാര്‍ ഒപ്പിട്ടു കിട്ടാന്‍.

കപ്പലേറി വരുന്ന യുറേനിയത്തില്‍ തങ്ങളുടെ ജീവിതദുരിതങ്ങള്‍ക്ക് പരിഹാരമുണ്ടാകുമെന്ന അറിവ് ഒരുപക്ഷേ, ഇനിയുളള കര്‍ഷക ആത്മഹത്യകളുടെ എണ്ണം ഗണ്യമായി കുറച്ചേക്കാം.

ഇന്ദിരയും രാജീവും കൊണ്ടു പിടിച്ച് ശ്രമിച്ചിട്ടും വിട്ടുപോകാന്‍ വിസമ്മതിച്ച ഗരീബിയെന്ന ഭീകരനെ ആണവ റിയാക്ടറുകളിലെ യുറേനിയം ഉപയോഗിച്ച് രാഹുല്‍ ഗാന്ധിയെന്ന് നാം സ്നേഹത്തോടെ വിളിക്കുന്ന റോബര്‍ട്ടോ റൗള്‍ മെയിനോ ഉന്മൂലനം ചെയ്യുന്ന നാളുകള്‍ക്കായി കാത്തിരിക്കുക.

Thursday, July 24, 2008

വയലാര്‍ എട്ടുകാലി മമ്മൂഞ്ഞ്ജി വാഴ്‍ക!!!

ജനിച്ചത് ആലപ്പുഴയിലെ കമ്മ്യൂണിസ്റ്റ് കോട്ടയായ വയലാറില്‍! ഇടംകൈയില്‍ പ്രവാസികളുടെ കാര്യവും വലം കൈയില്‍ പാര്‍ലമെന്റിന്റെ കാര്യവും. രണ്ടു കയ്യും രണ്ടു കണ്ണും ഒരു തലയും സദാ പ്രവര്‍ത്തനക്ഷമമാകയാല്‍, പ്രവാസികള്‍ ജീവിച്ചിരിക്കുന്നു. പാര്‍ലമെന്റും സര്‍ക്കാരും തട്ടുകേടു കൂടാതെ മുന്നോട്ടു തന്നെ പോകുന്നു. അങ്ങനെയൊരാളിനെ പുലിയെന്നല്ലാതെ പിന്നെന്തു വിളിക്കും!! പുപ്പുലിയല്ലേ തള്ളേ ....

വയലാര്‍ രവിയെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. ജന്മനാ തന്നെ താനൊരു പുലിയാണെന്ന് അദ്ദേഹത്തിനും അറിയാം. എന്തെങ്കിലും സംശയം അക്കാര്യത്തില്‍ ആര്‍ക്കെങ്കിലുമുണ്ടെങ്കില്‍ അത് തീര്‍ക്കാന്‍ വേണ്ടിയാണ് 2008 ജൂലൈ 24ലെ മലയാള മനോരമ, ദീപിക, മാതൃഭൂമി പത്രങ്ങള്‍ അച്ചടിച്ചത്.

വിശ്വാസ പ്രമേയത്തെ സര്‍ക്കാര്‍ അതിജീവിച്ചത് വയലാര്‍ രവിയുടെ മിടുക്കു കൊണ്ടാണെന്ന് തിരിച്ചറിഞ്ഞ് അദ്ദേഹത്തെ അഭിനന്ദിച്ചവര്‍ ചില്ലറക്കാരല്ലെന്ന് ഈ പത്രങ്ങള്‍ പറയുന്നു. തങ്ങളെ രക്ഷിച്ചതിന് സോണിയാജിയും മന്‍മോഹന്‍ജിയും പ്രണബ്‍ജിയും രവിയദ്ദേഹത്തെ നേരില്‍ വിളിച്ചു നന്ദി പറഞ്ഞു.

എണ്ണി വന്നപ്പോള്‍ സര്‍ക്കാരിന് കിട്ടിയ 275 വോട്ട് ഒപ്പിച്ചെടുക്കാന്‍ വിശ്രമമില്ലാതെ പണിയെടുത്ത രവിയദ്ദേഹത്തെ ജൂലൈ 24ലെ മലയാള മനോരമയില്‍ തോമസ് ഡൊമനിക്ക് പരിചയപ്പെടുത്തുന്ന വാചകങ്ങള്‍ വായിച്ച് കോരിത്തരിക്കാത്തവന്‍ മലയാളിയോ മനുഷ്യനോ അല്ല.

ഒറ്റക്കെട്ടായി, ആത്മവിശ്വാസം ഉയര്‍ത്തി നേടിയ വിജയം എന്ന തലക്കെട്ടിലെ ആ വാര്‍ത്തയിലെ ആദ്യ ഖണ്ഡിക വായിക്കുക.

"വിശ്വാസ വോട്ടു കഴിഞ്ഞു നേരം വെളുക്കുമ്പോള്‍ മൂന്നു വിളികള്‍ പാര്‍ലമെന്ററി കാര്യ മന്ത്രി വയലാര്‍ രവിയുടെ മൊബൈല്‍ ഫോണില്‍ ഊഴംകാത്തു നിന്നു. ആദ്യത്തേത്, യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയുടേത്. രണ്ടാമത്തേത് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റേത്. മൂന്നാമത്തേത് വിദേശകാര്യമന്ത്രിയും കോണ്‍ഗ്രസിന്റെ ബുദ്ധികേന്ദ്രവുമായ പ്രണാബ് മുഖര്‍ജിയുടേത്. മൂവരും രവിയെ ക്ഷണിച്ചത് ഹ്രസ്വ കൂടിക്കാഴ്ചയ്ക്കാണ്. പറഞ്ഞതും ഒന്നു തന്നെ. കാര്യക്ഷമതയോടെ ദൗത്യം നിറവേറ്റിയതിന്."

വയലാര്‍ രവിയുടെ മൊബൈല്‍ ഫോണില്‍ വന്ന ഫോണ്‍ കോളുകളുടെ മുന്‍ഗണനാക്രമം സഹിതമാണ് വാര്‍ത്ത. ആദ്യം സോണിയാജി വിളിച്ചു. രണ്ടാമത് അതാ വരുന്നു, മന്‍മോഹന്റെ വിളി.. മൂന്നാമതേ വിളിച്ചുളളൂ ബുദ്ധികേന്ദ്രമായ പ്രണാബ് മുഖര്‍ജി. സോണിയാജിക്കു മുമ്പേ വയലാര്‍ജിയെ വിളിക്കരുതെന്ന ബുദ്ധിയും പ്രണബ്‍ജിയ്ക്കുണ്ട്. കോണ്‍ഗ്രസല്ലേ പാര്‍ട്ടി. ബുദ്ധികേന്ദ്രത്തിന് വേണ്ടതും ഈ ബുദ്ധിയാണ്.

വയലാര്‍ജിയുടെ ഫോണ്‍ കൈകാര്യം ചെയ്യുന്നത് മനോരമയുടെ തോമസ് ഡൊമനിക്കാവാനേ തരമുളളൂ. രവീജിയുടെ ഫോണ്‍ അറ്റന്റു ചെയ്യാന്‍ മാത്തുക്കുട്ടിച്ചായന്‍‍ പ്രത്യേകം ചട്ടം കെട്ടിക്കാണും തോമസ്‍ജിയെ. റിപ്പോര്‍ട്ടിംഗ് രണ്ടാമതായാലും മതി.

സത്യവും ധര്‍മ്മവും കാത്തുസൂക്ഷിക്കാന്‍ ഏതറ്റം വരെയും പോവുന്ന പത്രമാണ് മാതൃഭൂമിയെന്ന് നമുക്കറിയാം. അവര്‍ക്കുമുണ്ട് രാജ്യതലസ്ഥാനത്ത് ബ്യൂറോയും റിപ്പോര്‍ട്ടര്‍ പടയും. അവിടെയുമുണ്ട് ഇതേ വാര്‍ത്ത . വയലാര്‍ രവിയ്ക്ക് സോണിയയുടെയും പ്രധാനമന്ത്രിയുടെയും അഭിനന്ദനം എന്നാണ് തലക്കെട്ട്. ബുദ്ധികേന്ദ്രമായ പ്രണബ്‍ജിയുടെ അഭിനന്ദനം വിനീതന്‍ ഏറ്റുവാങ്ങിയ കാര്യം മാതൃഭൂമിയറിഞ്ഞില്ല.

"വിശ്വാസ പ്രമേയ ചര്‍ച്ചയിലും വോട്ടെടുപ്പിലും യുപിഎയെ വിജയത്തിലെത്തിക്കുന്നതിന് സമര്‍ത്ഥമായി പ്രവര്‍ത്തിച്ച പാര്‍ലമെന്ററികാര്യമന്ത്രി വയലാര്‍ രവിയെ യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയും പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും അഭിനന്ദിച്ചു. ബുധനാഴ്ച രാവിലെ തന്റെ വസതിയില്‍ വിളിച്ചു വരുത്തിയാണ് സോണിയ രവിയെ അഭിനന്ദിച്ചത്. സോണിയയെ കണ്ടതിനു ശേഷം രവി പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെയും കണ്ടു. വിശ്വാസ പ്രമേയ ചര്‍ച്ചാ സമയത്ത് സഭാനടപടികള്‍ സമര്‍ത്ഥമായി കൈകാര്യം ചെയ്തതിന് പാര്‍ലമെന്ററികാര്യ മന്ത്രി പ്രത്യേകം അഭിനന്ദനമര്‍ഹിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു".

ഇത്രയാണ് മാതൃഭൂമി പറയുന്നത്.

ശ്രദ്ധിച്ചു വായിച്ചല്ലോ രണ്ടും. രവിയുടെ മൊബൈലില്‍ മൂന്നു കോളുകള്‍ അദ്ദേഹത്തിന്റെ വിരല്‍സ്പര്‍ശത്തിന് ഊഴം കാത്ത് കിടന്നത് മാതൃഭൂമി ലേഖകന്‍ അറിഞ്ഞില്ല. ഫോണ്‍ മനോരമക്കാരന്റെ കക്ഷത്തിരുന്നാല്‍ അതില്‍ വരുന്ന കോളുകളുടെ വിവരമെങ്ങനെ മാതൃഭൂമിക്കാരന്‍‍ അറിയും? മര്‍മ്മ പ്രധാന വിവരം മിസ് ചെയ്തതില്‍ സങ്കടപ്പെടുകയേ വഴിയുളളൂ...

പ്രധാനമന്ത്രി വിളിച്ചു വരുത്തി ഒരഭിനന്ദനം വെച്ചുകൊടുക്കുകയായിരുന്നുവെന്ന് മനോരമ. അങ്ങോട്ട് ചെന്ന് അഭിനന്ദനം വാങ്ങി പോക്കറ്റിലിടുകയായിരുന്നുവെന്ന് മാതൃഭൂമി. വിളിച്ചിട്ടായിരിക്കും രവിയദ്ദേഹം അത്രടം വരെ ചെന്നതെന്ന് നിരീക്കുക. അത്രതന്നെ.

മാത്രമോ, അഭിനന്ദിക്കാന്‍ പ്രണബ്‍ജി വിളിച്ചതും തോമസ് ഡൊമനിക്കിന്റെ എക്സ്‍ക്ലൂസീവ് ഐറ്റം. യഥാര്‍ത്ഥ പത്രത്തിന്റെ ശക്തിയെന്നൊക്കെ പരസ്യത്തില്‍ പറയാന്‍ കൊളളാം. കാര്യമറിയണമെങ്കില്‍ മനോരമ തന്നെ ശരണം.

ദീപികയുടെ ലേഖകന്‍, മഹാബുദ്ധിശാലിയെ പാര്‍ലമെന്റിലെ ഓഫീസില്‍ ചെന്ന് മുഖദാവില്‍ വണങ്ങി. പറയാനുളളത് തിരുമുഖത്തു നിന്ന് ചോദിച്ചറിഞ്ഞു... അനന്തരം, ചര്‍ച്ചിലിന്റെ വാക്കുകള്‍ പ്രചോദനമായി: രവി എന്ന തലക്കെട്ടിലെ വാര്‍ത്ത പിറന്നു... ആദ്യ ഖണ്ഡികയിങ്ങനെയെന്നല്ലേ..

"ന്യൂഡല്‍ഹി: യുദ്ധം ജയിക്കാനുള്ള വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ വാക്കുകളാണ് വിശ്വാസ വോട്ടെടുപ്പില്‍ പ്രചോദനമായതെന്നു പാര്‍ലമെന്ററികാര്യ മന്ത്രി വയലാര്‍ രവി. വിജയം ഉറപ്പാക്കിയതിന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധിയും അഭിനന്ദിച്ചപ്പോള്‍ ചര്‍ച്ചിലിനാണ് താന്‍ നന്ദി പറഞ്ഞതെന്ന് രവി പറഞ്ഞു".

വിശ്വാസപ്രമേയ ചര്‍ച്ചയും അനന്തരം വോട്ടെടുപ്പുമുണ്ടാകുമെന്ന് അറിഞ്ഞയുടനെ രവിയദ്ദേഹം ചെയ്തത് വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ എഴുതിയ പുസ്തകം വായിക്കുകയായിരുന്നു. യുദ്ധത്തില്‍ സ്വീകരിക്കേണ്ട മുഖം വിജയത്തിന്റേതാണ് എന്ന് ചര്‍ച്ചില്‍ പറഞ്ഞിട്ടുളള കാര്യം കൃത്യസമയത്തു തന്നെ രവീജിയറിഞ്ഞു. അദ്വാനിക്കോ പ്രകാശ് കാരാട്ടിനോ ഈ പുസ്തകമൊട്ടു കിട്ടിയതുമില്ല. ചര്‍ച്ച ചെയ്തും വോട്ടിട്ടും രണ്ടുദിവസം പാഴാക്കിയെന്നല്ലാതെ വേറെ കാര്യമൊന്നുമുണ്ടായില്ല. അടുത്ത വിശ്വാസ പ്രമേയം വരുമ്പോഴെങ്കിലും പാര്‍ലമെന്റ് ലൈബ്രറി നേരെ ചൊവ്വെ ഉപയോഗിക്കാനുളള ബുദ്ധി ഇവര്‍ക്കുണ്ടാകട്ടെ!!

തുടക്കം മുതലേ 280ലേറെ യുപിഎയ്ക്ക് കിട്ടുമെന്ന വെളിപാട് രവീജി നാടുനീളെ പറഞ്ഞു നടന്നത് ചര്‍ച്ചില്‍ പുസ്തകം ഡീകോഡു ചെയ്തിട്ടായിരുന്നു. യുപിഎയ്ക്ക് 280ലേറെ വോട്ടു കിട്ടുമെന്ന് വയലാര്‍ രവിജി തറപ്പിച്ച് പറഞ്ഞ കാര്യം ജൂലൈ പതിനാറിന് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചര്‍ച്ചിലിന്റെ പുസ്തകം വായിച്ചുണ്ടായ ആത്മവിശ്വാസമാണിതെന്ന് അയ്യങ്കാര്‍ പത്രത്തിന് തെരിയലെ.. ആനാല്‍ പത്രം പടിച്ചവര്‍ക്കും അന്ത നേരത്ത് ഇന്ത വിവരം തെരിയാത്..

മാതൃഭൂമി പറയുന്നു, ചര്‍ച്ചാ സമയത്ത് സഭാനടപടികള്‍ സമര്‍ത്ഥമായി കൈകാര്യം ചെയ്തതിനാണ് പ്രധാനമന്ത്രിജി രവീജിയെ അനുമോദിച്ചതെന്ന്. ദീപികയോട് രവീജി തന്നെ പറയുന്നു, വിജയം ഉറപ്പാക്കിയതിനാണ് മന്‍മോഹന്‍ സിംഗും സോണിയാജിയും തന്നെ അഭിനന്ദിച്ചതെന്ന്. തോമസ് ഡൊമനിക്ക് പറയുന്നത്, കാര്യക്ഷമതയോടെ ദൗത്യം നിറവേറ്റിയതിനെന്ന്.

അശ്വമുഖത്തു നിന്ന് കാര്യമറിഞ്ഞാണ് വാര്‍ത്തയെങ്കിലും പ്രണബ്‍ജി വയലാര്‍ രവിജിയെ അഭിനന്ദിച്ച വിവരം ദീപികയിലുമില്ല. രവീജി പറയാന്‍ മറന്നതോ ലേഖകജി എഴുതാന്‍ മറന്നതോ എഡിറ്റര്‍ജി കത്രിക വെച്ചതോ എന്താണ് സംഭവിച്ചതെന്ന് കവടി നിരത്തിയാലും നിരാശയാവും ഫലം.

ദീപികയ്ക്കനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ജിയുടെ പുസ്തകം വായിച്ച കാര്യം വെളിപ്പെടുത്താന്‍ രവീജി മറന്നില്ല. സദാ സമയവും രവീജിയുടെ ഫോണില്‍ കളിക്കുന്നതിനാലാവണം, അദ്ദേഹം വായിക്കുന്ന പുസ്തകങ്ങളേതെന്ന് മനോരമയുടെ തോമസ് ഡൊമിനിക്ക് അറിഞ്ഞതുമില്ല. ഈ വര്‍ഷത്തെ ഇന്‍ക്രിമെന്റ് മിക്കവാറും പോയിക്കിട്ടാന്‍ സാധ്യതയുളള കുറ്റമാണ്, മാത്തുക്കുട്ടിച്ചായന്റെ കണ്ണിലിത്.

പുറത്ത് 280ലേറെ വോട്ടുകിട്ടുമെന്ന് വീരസ്യം പറഞ്ഞപ്പോഴും രവിയ്ക്ക് സ്വന്തമായി ഒരു കണക്കുണ്ടായിരുന്നുവെന്ന് ദീപിക പറയുന്നു. 272 ആയിരുന്നത്രേ അത്. മഹാതന്ത്രശാലിയായ രവീജിയെപ്പോലും അമ്പരപ്പിച്ച് വന്നു വീണ മൂന്നു വോട്ടുകള്‍ ഏത് വിരുതന്മാരുടേതാണെന്ന് അന്വേഷിക്കാന്‍ സിബിഐയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കടുവയെ പിടിക്കുന്ന കിടുവയോ, അതൊന്നറിയണമല്ലോ!

മനോരമയുടെ തോമസ് ഡൊമിനിക്കുമറിഞ്ഞില്ല, രവീജിയുടെ ഈ രഹസ്യക്കണക്ക്. കഷ്ടാല്‍ കഷ്ടതരം ഇന്ദ്രപ്രസ്ഥത്തിലെ മലയാളത്തിന്റെ സുപ്രഭാതത്തിന്റെ റിപ്പോര്‍ട്ടിംഗ് മികവ്. ഒരു ഫോണ്‍ കിട്ടിയപ്പോഴേയ്ക്കും എല്ലാമായെന്ന് ധരിച്ചാല്‍ മര്‍മ്മപ്രധാനമായ പലതും മിസ് ചെയ്യും. പറഞ്ഞിട്ടോ കരഞ്ഞിട്ടോ കാര്യമില്ല. രവീജി വായിച്ച പുസ്തകത്തിന്റെ വിവരം വെളിപ്പെടുത്തി ദീപിക സ്കോര്‍ ചെയ്തെന്ന് സമ്മതിച്ചു കൊടുക്കുക. കര്‍ത്താവിന്റെയും അറയ്ക്കല്‍ പിതാവിന്റെയും കൃപ ദീപികയുടെ വിശേഷാല്‍ പരുന്തിന് എന്നും കൂട്ടിനുണ്ടാകട്ടെ!!

തോമസ്‍ജീ ഡൊമിനിക്‍ജീയുടെ നടേ പറഞ്ഞ റിപ്പോര്‍ട്ട് അവസാനിക്കുന്ന വാചകങ്ങള്‍ കൂടി വായിക്കുക. "വിശ്വാസ പ്രമേയ ചര്‍ച്ചയുടെ ആദ്യദിവസം 276 പേരുടെ പിന്തുണ പ്രണബ് മുഖര്‍ജി അവകാശപ്പെട്ടത് കൃത്യം കണക്കുകളുടെ ബലത്തിലായിരുന്നു. മമതാബാനര്‍ജി കൂടി വോട്ടെടുപ്പില്‍ പങ്കെടുക്കുമെന്നായിരുന്നു പ്രണബിന്റെ നിഗമനം. തന്ത്രശാലിയായ പ്രണബിന് നെല്ലിട മാത്രം പിഴച്ചു".

ഒറ്റക്കെട്ടായ ചില പ്രവര്‍ത്തനങ്ങള്‍ ഇങ്ങനെയാണ്. രവിജീയ്ക്ക് പുറത്തു പറയാനൊരു കണക്ക്, അകത്ത് പറയാന്‍ വേറൊരു കണക്ക്. ബുദ്ധികേന്ദ്രമായ പ്രണബിന് ഇനിയൊരു കണക്ക്. പ്രണബ് കണക്കുകൂട്ടി വെച്ചവരില്‍ ഒരാള്‍ മാത്രം വന്നില്ല. രവീജി അകത്ത് കൂട്ടിയ കണക്കില്‍ പെടാത്ത മൂന്നുപേര്‍ ഓടിച്ചെന്ന് പിന്തുണയും കൊടുത്തു. ഒറ്റപ്പിഴവു മാത്രം വരുത്തിയ പ്രണബിനെ സോണിയയും മന്‍മോഹനും അഭിനന്ദിച്ചോയെന്ന കാര്യം മലയാള പത്രങ്ങളിലില്ല.

എന്നിട്ടും ഏല്‍പ്പിച്ച ദൗത്യം കാര്യക്ഷമതയോടെ നിറവേറ്റിയ വയലാര്‍ രവിജീയെ മൂന്നാമൂഴം നോക്കി ക്ഷണിച്ചു വരുത്തി അഭിനന്ദിച്ച പ്രണബ് മുഖര്‍ജീജിയുടെ ഹൃദയം എത്ര വിശാലമായിരിക്കും.

വിളക്കു കയ്യിലുളളവനെങ്ങും
വിശ്വം ദീപമയം

വെണ്മ മനസില്‍ വിളങ്ങുന്ന
ഭദ്രന്
മേന്മേലമൃതമയം... പ്രണബ്‍ജിയോട് ജന്മാന്തരങ്ങളോളും കടപ്പെട്ടവര്‍ മലയാളികള്‍!!

സര്‍ക്കാരിന് വോട്ടു വന്ന വഴി മാധ്യമം പത്രത്തിലുണ്ട്. ബിജെപിയില്‍ നിന്ന് എട്ട്, ജനതാദളില്‍ (യു), ബിജു ജനതാദള്‍, എന്‍പിഎഫ്, തെലുങ്കുദേശം, ടിആര്‍എസ്, സെക്കുലര്‍ ജനതാദള്‍, എന്‍എല്‍പി എന്നിവയില്‍ നിന്ന് ഓരോ എംപിമാര്‍, എംഡിഎംകെയില്‍ നിന്ന് രണ്ട്.

വോട്ടെടുപ്പില്‍ പങ്കെടുക്കാതെ സര്‍ക്കാരിനെ രക്ഷിച്ചവര്‍ യുണൈറ്റഡ് ജനതാദള്‍, അകാലി ദള്‍, ശിവസേന, തെലുങ്കുദേശം, തൃണമൂല്‍ കോണ്‍ഗ്രസ് എന്നിവയിലെ ഓരോ എംപിമാര്‍ വീതം.

ഇവരിലാരൊക്കെയോ സര്‍ക്കാരിനെ പിന്തുണയ്ക്കുമെന്ന വിവരം അഖിലാണ്ഡമണ്ഡലമണിയിച്ചൊരുക്കുന്ന ബുദ്ധിയുടെ ബ്രഹ്മദേവന്‍ വയലാര്‍ രവീജി അറിഞ്ഞില്ല. ചര്‍ച്ചിലിന്റെ പുസ്തകം കുത്തിയിരുന്നു വായിച്ച മന്ത്രിജിയറിയാതെ അദ്ദേഹത്തിന്റെ വല പൊട്ടിച്ച് വോട്ടുകള്‍ മൂന്നെണ്ണം കൃത്യസമയത്ത് അകത്തോട്ടു വീണു.

എന്നിട്ടും വരിവരിയായി, നിരനിരയായി അഭിനന്ദനം കിട്ടി. ആദ്യം യുപിഎ അധ്യക്ഷ സോണിയ, തൊട്ടുപുറകെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, അതുകഴിഞ്ഞയുടനെ ബുദ്ധികേന്ദ്രം പ്രണാബ് മുഖര്‍ജി. അതുകഴിഞ്ഞ് ഫോണ്‍ കൈയിലുളള കോണ്‍ഗ്രസുകാരാകമാനവും.

സിപിഎമ്മുകാരെ വരെ കണ്ണുരുട്ടിയും ശാസിച്ചും സോമനാഥ് ചാറ്റര്‍ജി സഭ നിയന്ത്രിച്ചതാണ് ടെലിവിഷനില്‍ നാമൊക്കെ ലൈവ് കണ്ടത്. ചാറ്റര്‍ജിയെക്കൊണ്ട് അതൊക്കെ ചെയ്യിച്ചത് ആരാന്നാ?... അല്ല ആരാന്നാ... ചുമ്മാതാണോ സ്പീക്കറെ സിപിഎം കണ്ടം തുണ്ടം വെട്ടി വെളിയിലെറിഞ്ഞത്?

വയലാര്‍ എട്ടുകാലി മമ്മൂഞ്ഞ്ജിയുളളതു കൊണ്ട് സര്‍ക്കാര്‍ രക്ഷപെട്ടു. അല്ലെങ്കില്‍ കാണാമായിരുന്നു....

Tuesday, July 22, 2008

ജനാധിപത്യം പോലും.... ഫൂ.....

ഊര്‍ജ സുരക്ഷയുടെ ആവശ്യകതയെക്കുറിച്ച് കോണ്‍ഗ്രസിന്റെ ഭാവി പ്രധാനമന്ത്രി രാഹുല്‍ പ്രസംഗിച്ച് മണിക്കൂറുകള്‍ക്കകം, സര്‍ക്കാരിന്റെ സുരക്ഷ ഉറപ്പു വരുത്താന്‍ വാരിയെറിഞ്ഞ നോട്ടുകളുമായി ബിജെപി എംപിമാര്‍ ലോക്‍സഭയില്‍.

വിദര്‍ഭയിലെ ശശികലയുടെയും കലാവതിയുടെയും കണ്ണീരുണങ്ങിപ്പിടിച്ച അനുഭവകഥകളുമായാണ് രാഹുല്‍ പാര്‍ലമെന്റിലെത്തിയത്. ശശികലമാരുടെയും കലാവതിമാരുടെയും ജീവിതാവസ്ഥ മാറ്റിയെടുക്കാനുളളതാണത്രേ ആണവക്കരാര്‍. ഊര്‍ജസുരക്ഷയില്‍ മുങ്ങിക്കുളിച്ച് ഗ്രാമീണ ഇന്ത്യ, പുരോഗതിയുടെ മണിമേടകളിലേയ്ക്കു പറന്നു കയറുന്ന സ്വപ്നം പങ്കുവെച്ചാണ് ഭാവി പ്രധാനമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്.

ആണവ കരാര്‍ ഒപ്പിടണമെങ്കില്‍ സര്‍ക്കാര്‍ നിലനില്‍ക്കണം. സര്‍ക്കാര്‍ നിലനില്‍ക്കണമെങ്കില്‍ എംപിമാരുടെ പിന്തുണ വേണം.

ആവശ്യത്തിലധികം എംപിമാരുണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു കോണ്‍ഗ്രസിന്. അക്കഥ പറഞ്ഞാല്‍, ദിനോസറുകള്‍ ജീവിച്ചിരുന്ന കാലത്താണോ അതെന്ന് ഇന്നത്തെ കുട്ടികള്‍ സംശയം ചോദിക്കും.

പിന്തുണയ്ക്കാവശ്യമായ 271 പേരുടെ പിന്തുണ സര്‍ക്കാര്‍ നേടിക്കഴിഞ്ഞുവെന്ന് സകല ടെലിവിഷന്‍ ചാനലുകളിലും രാവിലെ മുതല്‍ സ്ക്രോള്‍ ഒഴുകിത്തുടങ്ങിയതാണ്. അഞ്ചു മണിക്ക് നിശ്ചയിച്ച വോട്ടെടുപ്പ് ആരംഭിക്കാന്‍ ഏറെ സമയമൊന്നും ബാക്കിയില്ലാതിരിക്കെ നോട്ടുകെട്ടുകളുമായി സഭയില്‍ ഇരച്ചു കയറിയ ബിജെപിക്കാര്‍ പറയുന്നതൊക്കെ സത്യമാണോ അല്ലയോ എന്നൊന്നും നമുക്കറിയില്ല.

പക്ഷേ ഒരു കാര്യം ഉറപ്പാണ്. ഇന്ദ്രപ്രസ്ഥത്തില്‍ കോടികളുടെ ഒഴുക്ക് നിലച്ചിട്ടില്ല. എംപിമാരെ പിടിക്കാനും പിടിച്ചവരെ ഉറപ്പിക്കാനും വ്യവസായ പ്രമുഖര്‍ പ്രത്യേക കൗണ്ടറുകള്‍ തുറന്ന് രാപകല്‍ അധ്വാനിക്കുകയാണ്. ജനാധിപത്യത്തിന്റെ തൂണുകള്‍ ഉറപ്പിച്ചു നിര്‍ത്താന്‍ നടത്തുന്ന ത്യാഗം. ഇതിനൊക്കെ എന്തു പ്രത്യുപകാരമാണാവോ പാവം ജനത ചെയ്യേണ്ടത്?

മധ്യപ്രദേശിലെ മൊറേനയില്‍ നിന്നുളള ബിജെപി എംപി അശോക് അര്ഗാളിന് ഒരു കോടി കൊടുക്കുന്ന വ്യവസായികളുടെ ദൃശ്യങ്ങള്‍ തങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തി സ്പീക്കര്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് സിഎന്‍എന്‍ഐബിഎന്‍ മേധാവി രാജ് ദീപ് സര്‍ദേശായി വെളിപ്പെടുത്തിയിട്ടുണ്ട്.

ആണവക്കരാറിന്റെ ഗുണദോഷ വിചാരത്തില്‍ മുങ്ങിപ്പോകുമായിരുന്ന ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വര്‍ത്തമാനമുഖം ചര്‍ച്ച ചെയ്യാന്‍ ഒരവസരമാണ് യഥാര്‍ത്ഥത്തില്‍ മധ്യപ്രദേശില്‍ നിന്നുളള ബിജെപി എംപിമാര്‍ ഒരുക്കിയിരിക്കുന്നത്. സമാജ്‍വാദി പാര്‍ട്ടി നേതാവ് അമര്‍സിംഗാണത്രേ പണം നല്‍കിയത്. ആരോപണം പ്രതിപക്ഷ നേതാവ് എല്‍ കെ അദ്വാനിയും സ്ഥിരീകരിച്ചിട്ടുണ്ട്.

പണപ്പരുന്തിന്റെ നഖമുനകളിലേയ്ക്ക് ഒരു മഹാരാജ്യത്തിന്റെ ജനാധിപത്യത്തെ വലിച്ചെറിഞ്ഞ മന്‍മോഹന്‍ സിംഗിന് നഷ്ടപ്പെടാനൊന്നുമില്ല. വരുംകാല ഇന്ത്യയുടെ ഊര്‍ജഭാവിയുടെ അടിത്തറയും ആണിക്കല്ലുമായ ആണവക്കരാറിനു വേണ്ടി, കല്‍ക്കിയവതാരം മാറ്റിവെച്ച് മന്‍മോഹന്‍ സിംഗിന്റെ രൂപത്തിലവതരിച്ചിരിക്കുകയാണ് ദേവലോകത്തെ പരിപാലന വകുപ്പു മന്ത്രിയായ സാക്ഷാല്‍ മഹാവിഷ്ണു.

മഹാബലിയെ ചവിട്ടിക്കൂട്ടി പാതാളത്തില്‍ തളളിയിട്ടുണ്ട് പഴയൊരവതാരം. പുതിയ അവതാരത്തിന്റെ കാലടിയ്ക്കടിയില്‍ പിടയുന്നത് ഇന്ത്യയുടെ ജനാധിപത്യം. പാതാളത്തിനും താഴേയ്ക്ക് അത് പോകുന്ന ലജ്ജാകരമായ ദൃശ്യങ്ങളാണ് ടെലിവിഷന്‍ ചാനലുകളില്‍.

ആണവക്കരാര്‍ ഒപ്പിടാന്‍ വൃത്തികെട്ട ധൃതിയെന്തിന് എന്ന ചോദ്യത്തിന് പാര്‍ലമെന്റില്‍ സംസാരിച്ച കരാര്‍ അനുകൂലികളാരും ഉത്തരം തന്നിട്ടില്ല. തങ്ങള്‍ക്ക് കാത്തിരിക്കാന്‍ ഒട്ടും സമയമില്ലെന്നാണ് അമേരിക്കയുടെ സ്റ്റേറ്റ് സെക്രട്ടറി റിച്ചാര്‍ഡ് ബൗച്ചറും പറയുന്നത്. എല്ലാവരും ധൃതിയിലാണ്. എന്തിന്.... എന്തിന്... എന്തിനീ ധൃതി?

ജനങ്ങളുടെ പ്രതിനിധികളാണ് പാര്‍ലമെന്റ് അംഗങ്ങള്‍ എന്നാണ് വെപ്പ്. 271 എന്ന മാന്ത്രിക സംഖ്യ തികയ്ക്കാന്‍ റിസര്‍വ് ബാങ്ക് ഓവര്‍ടൈം പണിയെടുത്ത് നോട്ടുകളച്ചടിക്കേണ്ടി വരുന്നുവെങ്കില്‍ അതിനര്‍ത്ഥം പാര്‍ലമെന്റിലെ പകുതിയോളം പേരും കരാറിനെ, അല്ലെങ്കില്‍ അതൊപ്പിടാന്‍ കാണിക്കുന്ന ധൃതിയെ എതിര്‍ക്കുന്നുവെന്നാണ്. പാര്‍ലമെന്റിന്റെ പകുതിയെന്നാല്‍ രാജ്യത്തിന്റെ പകുതിയെന്നര്‍ത്ഥം. ആ ജനഹിതത്തെ മാനിക്കാന്‍ ഭരണം കയ്യാളുന്നവര്‍ക്ക് തീരെ സമയമില്ല. ബുഷിന്റെ ധൃതി കണ്ടില്ലെന്ന് നടിച്ചാല്‍ സൗഹൃദത്തിനെന്തു വില?

കരാര്‍ ഉടന്‍ ഒപ്പിട്ടില്ലെങ്കില്‍ ലോകത്തുളള യുറേനിയം മുഴുവന്‍ ആവിയായിപ്പോകുമോ? റിയാക്ടറുകള്‍ പണിതെടുക്കാന്‍ വേണ്ട സാമഗ്രികള്‍ തുരുമ്പെടുത്ത് പണ്ടാരമടങ്ങുമോ? വ്യാപാരത്തിനുളള കരാറാണിത്. ഇന്ത്യ പണം കൊടുക്കുന്നു, യുറേനിയം കൈയിലുളളവന്‍ അതുവാങ്ങി സാധനം നല്‍കുന്നു. ഈയൊരു കച്ചവടം നടത്താന്‍ എന്തിനീ ജനാധിപത്യ വ്യഭിചാരം?

പാര്‍ലമെന്റിന്റെയും ജനങ്ങളുടെയും അനുമതി കിട്ടുന്നതുവരെ കാത്തിരുന്നാല്‍ ദ്രവിച്ചു തീരുന്ന റേഡിയോ ആക്ടീവതയാണോ സാര്‍, യുറേനിയം എന്ന മൂലകത്തിന്റേത്?

നൂറു കോടി ജനങ്ങളുടെ ആകെയുളള അഭിമാനമായ ജനാധിപത്യത്തെ ഈ വിധം അപമാനിക്കാന്‍ ആരാണ് മന്‍മോഹന്‍ സിംഗിനും സംഘത്തിനും അനുമതി നല്‍കിയത്? അതിനെന്താണ് അവരുടെ യോഗ്യത?

അമര്‍ സിംഗും സമാജ്‍വാദി പാര്‍ട്ടിയും തന്നെയാണ് മന്‍മോഹന്‍ സിംഗിനും സോണിയയ്ക്കും പറ്റിയ സൗഹൃദം. പ്രകാശ് കാരാട്ടിനെക്കൊണ്ടാവുമോ ഇതുപോലൊരു മാനിപ്പുലേഷന്? ഖജനാവിന്റെ താക്കോല്‍ അരയില്‍ തൂക്കിയിട്ടിരിക്കുന്ന ചിദംബരത്തിനുണ്ടോ ഈ വിധം കഴിവും കാര്യപ്രാപ്തിയും?

വെറും 39 എംപിമാരുടെ അംഗബലവുമായി ഇന്ത്യന്‍ ജനാധിപത്യത്തെ ഈ വിധം വിലപറഞ്ഞ് സ്വന്തമാക്കാമെന്ന് യുഎന്‍പിഎ കളിച്ചു നടന്ന സമാജ്‍വാദി പാര്‍ട്ടിയും അമര്‍ സിംഗും തങ്ങളുടെ വന്യമായ സ്വപ്നങ്ങളില്‍ പോലും കരുതിയിരിക്കില്ല. രാജിവെച്ച് അമര്‍സിംഗിനെ പ്രധാനമന്ത്രിയാക്കുകയാണ് മന്‍മോഹന്‍ സിംഗ് ചെയ്യേണ്ടത്. അമര്‍ സിംഗ് ഒപ്പിടട്ടെ ആണവക്കരാര്‍. അയാളെക്കാള്‍ ആ കരാര്‍ ഒപ്പിടാന്‍ യോഗ്യതയുളള വേറെയേത് നേതാവുണ്ട് ഇന്ത്യയില്‍!?

ഈ സൈസ് കഥാപാത്രങ്ങളെ അണി നിരത്തി മൂന്നാം മുന്നണി കെട്ടിപ്പെടുക്കാനാണ് പ്രകാശ് കാരാട്ടും സീതാറാം യെച്ചൂരിയും കോയമ്പത്തൂരില്‍ നിന്നും പാര്‍ട്ടി കോണ്‍ഗ്രസിന്റെ പ്രത്യേക അനുമതിയോടെ ദില്ലിക്ക് വണ്ടി കയറിയത്. സവിശേഷമായ ആ മൂന്നാം മുന്നണി രൂപപ്പെടാത്തതിന് ദൈവത്തോട് നാം നന്ദി പറയുക.

പക്ഷേ ആശ്വസിക്കാന്‍ വരട്ടെ! പൊക്കണത്തില്‍ നിന്ന് സമാജ്‍വാദിക്കാരന്‍ ഊര്‍ന്നു പോയപ്പോള്‍ പകരം കയറിയിരിക്കന്നത് ബഹുജന സമാജത്തിന്റെ മായാവതിയാണ്. ഈനാംപേച്ചി പോയാല്‍ മരപ്പട്ടി വന്നു കയറും. അത് കാരാട്ടിന്റെ ദുര്യോഗം.

ഏതു ജനതയ്ക്കും അവരവര്‍ അര്‍ഹിക്കുന്ന നേതൃത്വത്തെയാണ് കിട്ടുക എന്ന് ആരോ പറഞ്ഞിട്ടുണ്ട്. മുജ്ജന്മ പാപങ്ങളുടെ പഴുപ്പുണങ്ങാത്ത വടുക്കള്‍ ആത്മാവില്‍ പേറുന്ന, ശാപം കിട്ടിയ ഒരു ജനതയുടെ ജാതകയോഗമാണ് നമ്മുടെ രാഷ്ട്രീയ നേതൃത്വം. ചത്തുവിറങ്ങലിച്ച ജനാധിപത്യത്തിന്റെ മൃതശരീരത്തില്‍ പുളച്ചു മദിക്കുകയാണ് കണ്ടാലറയ്ക്കുന്ന പുഴുക്കള്‍. ഏത് കീടനാശിനിയെയും അതിജീവിക്കുന്ന കൊടുംവിഷമുണ്ട് ഈ കൃമികീടങ്ങളുടെ സിരാപടലങ്ങളില്‍.

ഇവറ്റകളൊക്കെക്കൂടി ഊര്‍ജ സുരക്ഷ കൊണ്ടുവന്ന് ശശികലമാരെയും കലാവതിമാരെയും രക്ഷിക്കും പോലും... ഫൂ...

Thursday, July 10, 2008

വാള്‍ വാങ്ങാന്‍ മടിശീല വില്‍ക്കുക!!!

ചരിത്രത്തിന്റെ താളുകള്‍ ചുട്ടുകളയണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ജനാധിപത്യം ഒരു വലിയ അസൗകര്യമാണ്. എന്നും എവിടെയും അടിച്ചമര്‍ത്തപ്പെട്ടവന്റെ ആയുധമാണ് ചരിത്രം. ഭൂതകാലത്തിന്റെ എഴുതപ്പെട്ട രേഖകള്‍ അവന് മുന്നോട്ടു പോകാനുളള ഊര്‍ജമാകുമ്പോള്‍ വേറെ ചിലര്‍ക്ക് ജാള്യത്തിന്റെയും ഇച്ഛാഭംഗത്തിന്റെയും നാണക്കേടിന്റെയും പേക്കിനാവുകളാണ് അവ സമ്മാനിക്കുക.

ഏഴാം ക്ലാസിലെ പാഠപുസ്തകത്തിന്റെ പേരില്‍ തെരുവില്‍ പൂരപ്പാട്ടു നടത്തുന്നവരും പേടിക്കുന്നത് ചരിത്രത്തിന്റെ ഈ മൂര്‍ച്ചയെയാണ്. കൊഴിഞ്ഞുപോയ സവര്‍ണ ഭൂതകാലത്തിന്റെ ഇമ്പമുളള സ്മരണകള്‍ അയവിറക്കുന്നവരാണ് അവര്‍. ഉച്ചനീചത്വങ്ങളുടെ അധികാരരാഷ്ട്രീയത്തില്‍ ചോദ്യം ചെയ്യപ്പെടാതെ രമിച്ചു പുളച്ചവര്‍ക്ക് ജാത്യാധികാരങ്ങളും പ്രത്യേകാവകാശങ്ങളും നഷ്ടപ്പെട്ട് സാധാരണ മനുഷ്യരായി കൂടുമാറേണ്ടി വന്നു. അനിവാര്യമായ ഈ മാറ്റവുമായി ഇനിയും ചിലര്‍ പൊരുത്തപ്പെട്ടിട്ടില്ല.

ജാതിയുടെയോ വര്‍ണത്തിന്റെയോ മേന്മയും പറഞ്ഞ് രണ്ടാം മുണ്ടും തോളിലിട്ട് നാടു ഭരിക്കാനിറങ്ങുന്നവര്‍ക്ക് നേരെ കാര്‍ക്കിച്ചു തുപ്പാന്‍ സദാ സജ്ജമാണ് ഇന്നത്തെ തെരുവ്. കാലം അങ്ങനെ കലങ്ങി മറി‍ഞ്ഞതിന് കാരണക്കാരായവരോടുളള കുടിപ്പക ഉളളിലിരുന്ന് പുകയുന്നവര്‍ ഏഴാം ക്ലാസ് പുസ്തകത്തിലെ ചില പരാമര്‍ശങ്ങളുടെ പേരില്‍ ശാപവചനങ്ങളും തൊള്ള നിറയെ മുന്നറിയിപ്പുമായി പ്രത്യക്ഷപ്പെട്ടില്ലെങ്കിലല്ലേ അതിശയിക്കേണ്ടത്!

അളവറ്റ സമ്പത്തും ധാര്‍ഷ്ട്യവും കൊണ്ട് വിശ്വാസികളുടെ നിത്യശാപമായി മാറിയ അരമനയധികാരികളുടെ ളോഹപ്പുളപ്പും പാഠപുസ്തകത്തിന്റെ ശത്രുപക്ഷത്താണ്. ഇന്‍ക്വിസിഷനും കുമ്പസാരക്കൂട്ടിന്റെ കാര്‍ക്കശ്യങ്ങളും കൊണ്ട് മനുഷ്യരാശിക്കു മീതേ ഒരുകാലത്ത് വീണ കരിമ്പടമായിരുന്നു ഈ ളോഹയെന്ന് അറിയുന്നവര്‍ക്ക് ഇതൊരു പുതിയ വേഷപ്പകര്‍ച്ചയല്ല.

ജാതീയതയുടെയും മതമദിപ്പിന്റെയും ഓടച്ചാലുകളില്‍ രാഷ്ട്രീയ അസ്ഥിത്വത്തിന്റെ വിത്തിട്ട് മുളപ്പിച്ച പ്രതിപക്ഷരാഷ്ട്രീയത്തിനും ഈ പാഠപുസ്തകം ചതുര്‍ത്ഥി തന്നെ. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ കൊട്ടും പാട്ടും അങ്ങു നിന്ന് ഒച്ചപൊങ്ങി വരുന്നുണ്ട്. പളളിമണിയടിച്ച് ആളെക്കൂട്ടാന്‍ ശേഷിയുളളവരുടെ പളള നിറയെ വോട്ടാണ്. ഇത്തവണയെങ്കിലും ദില്ലിക്കുളള വണ്ടി കയറണമെങ്കില്‍ ഇവരൊക്കെ വല്ലാതെ കനിയണം. അതിനു വേണ്ടിയുളള കുനി‍ഞ്ഞു നില്‍പ്പിന്റെ വേദന ഒരു വേദനയാണോ?

ഇവരൊക്കെത്തന്നെയാണ് അമ്പത്തിയേഴിലും, വിമോചന സമരമെന്ന ആഭാസക്കൂത്ത് നടത്തിയത്. ജാതി ഹുങ്കിന്റെ, വര്‍ണവെറിയുടെ ഘോഷയാത്രയായിരുന്ന പഴയ വിമോചന സമരം. നൂറ്റാണ്ടുകളായി തങ്ങളുടെ അധികാരനുകത്തിന്‍ കീഴില്‍ ആട്ടും തുപ്പും ചാട്ടവാറടിയും ചിത്രവധവുമേറ്റ് നടന്നവര്‍ ഒരു സുപ്രഭാതത്തില്‍ അധികാരമേറിയത് കണ്ട് ഒട്ടും സഹിച്ചില്ല, പഴയ കാലത്തെ സവര്‍ണ മാടമ്പിമാര്‍ക്ക്.

സംശയമുളളവര്‍ക്ക് ഓര്‍ത്തു നോക്കാന്‍ ചില മുദ്രാവാക്യങ്ങളുടെ സാമ്പിള്‍ തരാം.. കേരളത്തിന്റെ ആദ്യ ജനകീയ മന്ത്രിസഭയിലെ തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രി പി കെ ചാത്തന്‍മാസ്റ്റര്‍ ദളിതനായിരുന്നു. നിലം പൂട്ടലും ഞാറു നടീലും കഴിഞ്ഞ് പാളയില്‍ കഞ്ഞിയും കുടിച്ച് "ഗ്രാമത്തിന്‍ പുറത്തങ്ങു" കഴിയേണ്ടവന്‍‍ ഭരണക്കസേരയിലോ... ശിവ.. ശിവ..

ആ "ദുരവസ്ഥയുടെ" കയ്പ് സമരക്കാര്‍ മറച്ചു വെച്ചില്ല... ചാത്തന്‍ മാസ്റ്റര്‍ക്ക് തെരുവില്‍ മുഴങ്ങിയ മുന്നറിയിപ്പ് ഇതായിരുന്നു.
"പാളേക്കഞ്ഞി കുടിപ്പിക്കും,
തമ്പ്രാനെന്ന് വിളിപ്പിക്കും,
ചാത്തന്‍ പൂട്ടാന്‍ പോകട്ടെ,
ചാക്കോ നാടു ഭരിക്കട്ടെ..."

വിമോചന സമരത്തിന് നേതൃത്വം കൊടുത്ത പി ടി ചാക്കോയാണ് നാടു ഭരിക്കാന്‍ യോഗ്യനെന്നും ചാത്തനൊക്കെ പൂട്ടാന്‍ പോയാല്‍ മതിയെന്നും തെരുവോരങ്ങളില്‍ ആര്‍ത്തു വിളിച്ചവരുടെ പിന്‍തലമുറ, പാഠപുസ്തകത്തിലെ ഗാന്ധിജിയുടെ പ്രാധാന്യത്തെച്ചൊല്ലി ആവലാതി പറയുന്നത് കേള്‍ക്കാന്‍ എന്തു രസം?

ഈഴവ സമുദായത്തില്‍ പിറന്ന കെ ആര്‍ ഗൗരിയമ്മ മന്ത്രിസഭയില്‍ അംഗമായതും ഭരിക്കുന്നതും സമരക്കാര്‍ക്ക് സഹിച്ചില്ല. തൊട്ടുകൂടാത്ത, തീണ്ടിക്കൂടാത്ത, ദൃഷ്ടിയില്‍ പെട്ടാലും ദോഷമുളള, സമുദായത്തില്‍ പിറന്നവള്‍, അതും ഒരു സ്ത്രീ, പൊന്നുതമ്പുരാക്കന്മാര്‍ അമര്‍ന്നിരുന്ന കസേരയില്‍ കയറിയിരിക്കുകയോ? തമ്പുരാന്മാരും തമ്പുരാട്ടിമാരും ദാ, ഇങ്ങനെ തുളളിയിളകി, തെരുവില്‍.

"ഗൗരിച്ചോത്തിയെ വേളി കഴിച്ചൊരു
റൗഡിത്തൊമ്മാ സൂക്ഷിച്ചോ" എന്ന് ഗൗരിയമ്മയുടെ ഭര്‍ത്താവ് ടി വി തോമസിന് അവര്‍ മുന്നറിയിപ്പ് നല്‍കി.

"കെ ആര്‍ ഗൗരിയെ വേളി കഴി‍ച്ച" എന്നു വിളിച്ചാലും മുദ്രാവാക്യത്തിന് പ്രാസമൊക്കും . താളത്തിനും വരില്ല ഭംഗം തെല്ലും. എന്നാലും "ഗൗരിച്ചോത്തി"യെന്ന് തീര്‍ത്തു തന്നെ വിളിച്ചു. അന്നതിന് നാവു പൊങ്ങിയവരാണ്, പാഠപുസ്തകത്തില്‍ ജന്മിത്വത്തെക്കുറിച്ച് പരാമര്‍ശിക്കുന്നത് സമൂഹത്തില്‍ സ്പര്‍ദ്ധ വളര്‍ത്തുമെന്ന് വിലപിക്കുന്നത്...

അതുകൊണ്ടും തീര്‍ന്നില്ല, ജാതിയില്‍ താണ ഗൗരിയമ്മ ഭരിക്കാന്‍ കയറിയതിന്റെ ചേതം. "ഗൗരിച്ചോത്തീ പെണ്ണല്ലേ , പുല്ലു പറിക്കാന്‍ പൊയ്ക്കൂടേ" എന്നു നാവുയര്‍ത്തിത്തന്നെ ചോദിച്ചു, സര്‍ക്കാരിനെ അട്ടിമറിക്കാന്‍ പുളിയിലക്കര മുണ്ടുടുത്ത് തെരുവിലിറങ്ങിയ തമ്പ്രാട്ടിമാരും തിരുവസ്ത്രം ചൂടിയ കന്യാമറിയങ്ങളും.

"ഗൗരിച്ചോത്തിയെ മടിയിലിരുത്തി
നാടു ഭരിക്കും നമ്പൂരീ"യെന്നും
"ഗൗരിച്ചോത്തീടെ കടി മാറ്റാന്‍
കാച്ചിയതാണീ മുക്കൂട്ട്" എന്നുമൊക്കെ ഉയര്‍ന്നു, ഭാഷയുടെ ഇന്ദ്രചാപ ഭംഗിയില്‍ മുങ്ങിക്കുളിച്ച മുദ്രാവാക്യ സാഹിത്യം.

വിമോചന സമരമുദ്രാവാക്യങ്ങളില്‍ ആരെയാണോ പേരെടുത്തു പറഞ്ഞ് ജാതി ചൂണ്ടി ആക്ഷേപിച്ചത് അവര്‍ തന്നെയാണ് ഈ ഭരണത്തിലും എണ്ണത്തില്‍ കൂടുതല്‍. എങ്ങനെ നീ സഹിക്കും, കുയിലേ...

രണ്ടാം വിമോചന സമരത്തിന് തറ്റും താറുമുടുത്ത് തെരുവിലിറങ്ങാന്‍ മടിയില്ലെന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഭീഷണി മുഴക്കുന്നവര്‍ക്ക് നാവു തരിക്കുന്നുണ്ടാകില്ലേ, പഴയ മുദ്രാവാക്യങ്ങള്‍ പുതിയ കാലത്തിനൊപ്പിച്ച് ഈണത്തില്‍ മുഴക്കി നാടു വിറപ്പിക്കാന്‍. "ഗൗരിച്ചോത്തീ"യെന്ന നീട്ടി വിളിയുടെ അതേ താളമാണ്, "അച്ചുച്ചോവാ" എന്നു വിളിക്കാനും.

കെ ആര്‍ ഗൗരിയെയും പി കെ ചാത്തനെയും പരാമര്‍ശിക്കുന്ന എല്ലാ മുദ്രാവാക്യങ്ങളിലും അവരുടെ ജാതിയെ അവഹേളിക്കുന്ന പരാമര്‍ശങ്ങളുണ്ടായത് യാദൃശ്ചികമാണോ? "വിക്കന്‍ നമ്പൂരി"യെന്ന് ഇ എം എസിനെയും വിളിച്ചിട്ടുണ്ട് സമരക്കാര്‍.. പക്ഷേ, അവിടെ വീണു ഫുള്‍‍സ്റ്റോപ്പ്.

വേറെയുമുണ്ടായിരുന്നല്ലോ മന്ത്രിമാര്‍. അച്യുതമേനോന്റെയും കൃഷ്ണയ്യരുടെയും എ കെ മേനോന്റെയുമൊന്നും ജാതി സൂചിപ്പിക്കുന്ന മുദ്രാവാക്യങ്ങള്‍ മുഴക്കാന്‍ എന്തുകൊണ്ടോ വിമോചന സമരക്കാര്‍ക്ക് നാവു പൊങ്ങിയില്ല. അതിന്റെ ഗുട്ടന്‍സ് പിടികിട്ടണമെങ്കില്‍ സമരനേതാവ് മന്നത്തു പത്മനാഭന്റെ ചരിത്രപ്രസിദ്ധമായ ചില പ്രയോഗങ്ങള്‍ ഓര്‍മ്മിക്കണം.

ജനിച്ച ചോവനും നശിച്ച നായരും പിഴച്ച മാപ്പിളയുമാണു കമ്മ്യൂണിസ്റ്റാകുന്നതെന്നായിരുന്നു മന്നത്തിന്റെ തിയറി. ചങ്ങനാശേരി നിയോജകമണ്ഡലത്തില്‍ കോണ്‍ഗ്രസുകാരന്‍ രാഘവന്‍ പിളളയും കമ്മ്യൂണിസ്റ്റുകാരന്‍ കല്യാണകൃഷ്ണനും ഏറ്റുമുട്ടിയപ്പോള്‍ ധര്‍മ്മ സങ്കടത്തിലായ ഒരു കരയോഗാംഗത്തെ മന്നം ആശ്വസിപ്പിച്ചത്, "കല്യാണകൃഷ്ണനും ഒരു നായരല്ലേ, ജയിച്ചു പോകട്ടെടോ കൂവേ" എന്നായിരുന്നു.

ആ മന്നത്തിന്റെ നേതൃത്വത്തില്‍ നടന്ന വിമോചന സമരത്തില്‍ മുദ്രാവാക്യത്തിന്റെ അതിരുകള്‍ കെ ആര്‍ ഗൗരിയമ്മയുടെ ചോവച്ചുവയിലും ചാത്തന്‍ മാസ്റ്ററുടെ കണ്ടം പൂട്ട് ചരിത്രത്തിലും ഒതുങ്ങിയേ മതിയാവൂ. മറ്റേയാളുകളൊക്കെ ഭരിച്ചു പൊക്കോട്ടെടോ കൂവേ...

ചാത്തപ്പുലയന്‍ ഭരിക്കുന്ന നാട്ടില്‍ താനിനി ജീവിച്ചിരിക്കില്ലെന്ന് നാടു നീളെ പ്രസംഗിച്ച് നടന്നിട്ടുണ്ട് ഭാരത കേസരി. തീര്‍ന്നില്ല, ഈഴവര്‍ മുഴുവന്‍ പന്നിപെറ്റ സന്താനങ്ങളും മന്ദബുദ്ധികളുമാണെന്നായിരുന്നു, തിരുവുളളത്തിന്റെ പരിഹാസം. അധഃസ്ഥിതന് ക്ഷേത്രപ്രവേശനവും സഞ്ചാരസ്വാതന്ത്ര്യവും "അനുവദിച്ച" നടപടി പുനഃപ്പരിശോധിക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ടയാളിന്റെ പെരുന്നപ്പിന്‍തുടര്‍ച്ച , വിമോചന സമരത്തിന്റെ മധുരസ്മരണകളുടെ വേലിയേറ്റത്തില്‍ സര്‍ക്കാരിനെതിരെ കുരയ്ക്കുന്നതില്‍ അത്ഭുതമെന്ത്?

ആര്‍ ശങ്കര്‍ എന്ന കോണ്‍ഗ്രസ് മുഖ്യമന്ത്രി ഭരിക്കാന്‍ കയറിയപ്പോഴും കേരളം കണ്ടു, ജാതിക്കോമരത്തിന്റെ വെളിച്ചപ്പെടല്‍. "തൊപ്പിപ്പാളക്കാരന്റെ ഭരണം" അവസാനിപ്പിക്കുമെന്നായിരുന്നു അന്നത്തെ ആക്രോശം.

എന്‍എസ്എസിന്റെ മുഖപത്രമായിരുന്ന മലയാള നാട് വാരികയില്‍, "ഒരു ജാതി, ഒരു പത്രം, ഒരു തെങ്ങ് മനുഷ്യന്" എന്ന് ശ്രീനാരായണ ഗുരുവചനത്തിന് പാരഡിയെഴുതിയ ഹറാംപെറപ്പിനും കേരളം സാക്ഷിയായി.

പുരോഗമന ചിന്തകളുടെ ചൂലുകൊണ്ട് പൊതുസമൂഹത്തിന്റെ മുറ്റത്തു നിന്ന് മനുഷ്യനായി പിറന്നവര്‍ തൂത്തെറിഞ്ഞ ജാതിദ്വേഷവും മതവെറിയും പലരുടെയും മനസില്‍ നിന്ന് വിട്ടു പോയിട്ടില്ല. സര്‍വാധികാരികളായി വാഴ്ചയും വേഴ്ചയും നടത്തിയ സ്വപൂര്‍വികരുടെ ഭാഗ്യജന്മത്തെ ഗൃഹാതുരത്വത്തോടെ ഓര്‍ത്തു വിങ്ങുന്ന "നിര്‍ഭാഗ്യരായ" അനന്തരാവകാശികളുടെ എണ്ണം ചെറുതല്ലല്ലോ!

ജനിതക വൈകല്യം ബാധിച്ച ആ തലമുറയാണ് മതനിരപേക്ഷതയ്ക്കും ചരിത്രത്തിന്റെ അടയാളപ്പെടുത്തലിനുമെതിരെ ഇപ്പോള്‍ തെരുവിലിറങ്ങുന്നത്. ജനാധിപത്യത്തിന്റെ സൗജന്യത്തില്‍ പുളച്ചു മദിക്കുന്ന ഈ കൃമികീടങ്ങള്‍ക്കു മേല്‍ ടിക് ട്വെന്റി തളിക്കേണ്ട ഉത്തരവാദിത്വം സധൈര്യം ഏറ്റെടുത്തില്ലെങ്കില്‍, ഒടുക്കേണ്ടി വരുന്ന പിഴ വലുതായിരിക്കും.

അമ്പത്തേഴിലെ സര്‍ക്കാരില്‍ പിന്നോക്കക്കാരനും ദളിതനും അംഗമായതിന്റെ അരിശം തീര്‍ക്കാന്‍ ചെയ്തുകൂട്ടിയതെന്തൊക്കെയെന്ന് അന്വേഷിച്ചു നോക്കുക. നിരണം പ്രദേശത്തെ ഹരിജനങ്ങളുടെ കുടിലുകള്‍ തീവെച്ച ശേഷം അവിടെ ചേമ്പു നട്ട സമരാനുകൂലികളുടെ കഥ പറഞ്ഞത് കോണ്‍ഗ്രസ് നേതാവ് കെ കേളപ്പനാണ്.

വിമോചന സമരം നടത്തി സര്‍ക്കാരിനെ താഴെയിറക്കിയതില്‍ ആഹ്ലാദിച്ച സമരഭടന്മാര്‍ കാട്ടിക്കൂട്ടിയതെന്ത് എന്ന് പിന്നീട് പലരും കോറിയിട്ടിട്ടുണ്ട് ചരിത്രത്തില്‍. ഹരിജനങ്ങളെ, കര്‍ഷകത്തൊഴിലാളികളെ വീടു കയറി തല്ലിയതും സ്ത്രീകളെ ബലാത്സംഗം ചെയ്തതുമൊക്കെ നോക്കി നിന്ന ഗവര്‍ണര്‍ ഭരണത്തിനു കീഴില്‍ മടത്തിവേഴത്ത് കരുണാകരമേനോന്മാര്‍ അഴി‍ഞ്ഞാടിയ അനുഭവങ്ങളുടെ കയ്പ് കലിയോടെ അയവിറക്കുന്നുണ്ട്, വേറൊരു തലമുറ.

"ഈഴവരെ കമ്യൂണിസ്റ്റുകാരാക്കി മുദ്രകുത്തി ചീത്ത പറഞ്ഞും ഉപദ്രവിച്ചും ശത്രുക്കളാക്കുന്ന വഴിപിഴച്ച സമ്പ്രദായം ഗുണത്തേക്കാള്‍ കൂടുതല്‍ ദോഷംചെയ്യുമെന്ന് താക്കീതു'' നല്‍കേണ്ടി വന്നു, അന്നത്തെ എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറിയും കോണ്‍ഗ്രസ് നേതാവുമായ കെ ആര്‍ നാരായണന്. നീലംപേരൂരില്‍ പുത്തന്‍ചിറ വാസുവെന്ന സമുദായാംഗത്തെ കമ്മ്യൂണിസ്റ്റ് അനുഭാവിയായി മുദ്രകുത്തി, ആക്രമിച്ചതില്‍ പ്രതിഷേധിച്ച അദ്ദേഹത്തിനെതിരെയും നീണ്ടു സവര്‍ണ ഭീകരതയുടെ വിഷച്ചുരിക.

വിമോചനസമരത്തില്‍ പങ്കെടുത്ത് ജയിലില്‍ പോയ ജനപ്രതിനിധിയായിരുന്ന കെ ആര്‍ നാരായണന്, ഇങ്ങനെയൊരു പരസ്യപ്രസ്താവനയിറക്കേണ്ടി വന്നുവെങ്കില്‍ ഭീകരത എത്ര ക്രൂരമായിരുന്നുവെന്ന് ഊഹിക്കാവുന്നതേയുളളൂ.

"വിമോചന സമരത്തിന്റെ വിജയസമാപ്തിക്കുശേഷവും പ്രസിഡന്റ് ഭരണമാകുന്ന കോണ്‍ഗ്രസ് ഭരണത്തിന്റെ പ്രാദുര്‍ഭാവത്തിനു പിന്നീടും ആക്രമിക്കപ്പെട്ടതും മര്‍ദനമേല്‍ക്കുന്നതും ഏഴകളായ പിന്നാക്ക വര്‍ഗക്കാരാണെന്നുള്ള പരമാര്‍ഥം പ്രത്യേകം ശ്രദ്ധാര്‍ഹമാ"ണെന്ന് കേരള കൗമുദി മുഖപ്രസംഗമെഴുതിയത് 1959 ആഗസ്റ്റ് 26നാണ്. ആഢ്യത്വമുളള നേതാക്കന്മാര്‍ക്ക് സംരക്ഷണവും ഏഴകള്‍ക്ക് കൊടിയ മര്‍ദ്ദനവും പീഡനവുമായിരുന്നു വിമോചന സമരത്തിന്റെ ബാക്കി പത്രം.

വളരുന്ന തലമുറ ചരിത്രം ചികഞ്ഞു പോയാല്‍, അവരുടെ മുന്നില്‍ ആരുടെ അറയ്ക്കുന്ന നഗ്നതയാണ് വെളിപ്പെടുന്നതെന്ന് തെരുക്കൂത്തിനിറങ്ങുന്നവര്‍ക്ക് നന്നായി അറിയാം. മഹാഭൂരിപക്ഷം വരുന്നവര്‍ കഴിഞ്ഞ കാലത്ത് അനുഭവിച്ച കൊടിയ പീഡനത്തിന്റെ നരകയാതനകള്‍ ഇനിയൊരു മനുഷ്യനും അറിയുകയോ വായിക്കുകയോ ചെയ്യരുതെന്ന ശാഠ്യത്തിനു പുറകില്‍ കൃത്യമായ പ്രത്യയശാസ്ത്രമുണ്ട്.

വളവു തിരിഞ്ഞു വരുന്ന വണ്ടിയുടെയും ജ്ഞാനനിര്‍മ്മിതിയ്ക്കു പിന്നില്‍ മറഞ്ഞിരിക്കുന്ന അദൃശ്യരൂപങ്ങളുടെയും ഉത്തരാധുനിക സാഹിത്യം കാണാന്‍ വിസമ്മതിക്കുന്ന രാഷ്ട്രീയവും.

ഇന്ത്യയിലൊരു സംസ്ഥാനത്തും ചെയ്യാന്‍ ധൈര്യപ്പെടാത്ത തെമ്മാടിത്തരമാണ് മതാധികാരവും രാഷ്ട്രീയ ഭിക്ഷാംദേഹികളും കൈകോര്‍ത്ത് കേരളത്തില്‍ ചെയ്തുകൂട്ടുന്നത്. ദേശീയപാഠ്യപദ്ധതിയുടെ ചട്ടക്കൂടില്‍ മതനിരപേക്ഷത പഠനവിഷയമാക്കണമെന്ന് നിര്‍ദ്ദേശിച്ച കേന്ദ്ര ഭരണകക്ഷി, പാഠപുസ്തകത്തിലെ മിശ്രവിവാഹ പരാമര്‍ശത്തിന്റെ പേരില്‍ കൊടുവാളെടുക്കുന്ന മതപ്പരിഷകളുടെ ആസനം താങ്ങുന്ന കാഴ്ച കണ്ട് കണ്ണുപൊത്തുന്നു സാക്ഷര കേരളം.

ഈ പേക്കൂത്ത് വിജയിച്ചാല്‍ അതിന്റെ നാണക്കേട് ജനാധിപത്യത്തിനും പാപഭാരം വളരുന്ന തലമുറയ്ക്കുമാണ്. പരിഷ്കൃത സമൂഹത്തിന്റെ തിരുമുറ്റത്തു വന്ന് ജാതീയതയുടെ വിഷം ചീറ്റുന്ന അണലികള്‍ ഇക്കുറി രക്ഷപെടാന്‍ പാടില്ല. പഴയ വിമോചന സമരകാലത്ത് കത്തോലിക്കാ സഭ പുറപ്പെടുവിച്ച ഇടയലേഖനത്തിലെ ഇരുതലമൂര്‍ച്ചയുളള ലൂക്കാ വചനങ്ങള്‍ ഇന്ന് മുഴങ്ങേണ്ടത് പുതിയ കോമരങ്ങള്‍ക്കെതിരെയാണ്.

"അവന്‍ അവരോട് : എന്നാല്‍ ഇപ്പോള്‍ മടിശീലയുളളവന്‍ അതെടുക്കട്ടെ; അവ്വണ്ണം തന്നെ പൊക്കണമുളളവനും. ഇല്ലാത്തവനോ തന്റെ വസ്ത്രം വിറ്റു വാള്‍ കൊള്ളട്ടെ". (ലൂക്ക 22:36)