Saturday, November 29, 2008

രക്തസാക്ഷികള്‍ക്ക് അഭിവാദ്യങ്ങള്‍!!!

അവനവനു വേണ്ടിയല്ലാതെ
അപരന്നു ചുടുരക്തമൂറ്റി

കുലം വിട്ടു
പോയവന്‍
രക്തസാക്ഷി.........


ഹേമന്ത് കാര്‍ക്കറെ, വിജയ് സലാസ്കര്‍, അശോക് കാംതെ ഇപ്പോള്‍ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണനും കമാന്‍ഡോ ഗജേന്ദര്‍ സിംഗും... സ്വന്തം ചുടുരക്തം അപരന്നു വേണ്ടി ചൊരി‍ഞ്ഞ് ഭൂവാസം ഉപേക്ഷിച്ചു പോയവര്‍.

കവിയ്ക്ക് തെറ്റിയില്ല.. രക്തസാക്ഷിയെന്ന പ്രയോഗം ഉജ്വലപ്രഭ ചൊരി‍ഞ്ഞ് അര്‍ത്ഥവത്താകുന്ന നാമങ്ങളാണ് ഇവ‍‍. മരണത്തിലൂടെ ജനിച്ച് ഒരു രാഷ്ട്രത്തിന്റെ സ്മരണയില്‍ രക്തതാരകങ്ങളായി ജ്വലിക്കുന്നവര്‍. ഓര്‍മ്മയുടെ അടരുകളില്‍ കണ്ണീരു പൊടിയുമ്പോഴും ഹൃദയത്തില്‍ മുഴങ്ങുന്നത് അഭിവാദ്യങ്ങളുടെ പെരുമ്പറ.

ഇന്ത്യയറിയുന്നു, നിങ്ങള്‍ മരിച്ചത് നിങ്ങളുടെ ജീവന്‍ രക്ഷിക്കാനൊരുങ്ങിയപ്പോഴല്ലെന്ന്. നിങ്ങളുടെ ചുടുരക്തം ഒഴുകിപ്പരന്നത് ഒരുപാടൊരുപാട് ജീവനുകള്‍ക്ക് രക്ഷാകവചമൊരുക്കിയപ്പോഴാണെന്ന്. സ്വൈരമായി ജീവിക്കുക എന്ന പൗരന്റെ ഏറ്റവും ചെറിയ മോഹം സംരക്ഷിക്കാനുളള പോരാട്ടത്തിലാണെന്ന്..

ഒരു മഹാരാജ്യത്തെ ജനതയ്ക്കു വേണ്ടി മരണം ഏറ്റുവാങ്ങിയപ്പോള്‍ ‍‍ഞങ്ങളറിഞ്ഞു, നിങ്ങളുടെ ജീവന്റെ വില. നിങ്ങളുടെ തന്റേടത്തിന്റെ കരുത്ത്. ജീവത്യാഗത്തിനു പകരം വെയ്ക്കാന്‍ മറ്റൊന്നുമില്ലല്ലോ.

മുപ്പത്തിയൊന്നു വയസേ ആയിട്ടുളളൂ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്. പ്രണയവും പൂക്കളും ശബളമോഹങ്ങളും നിറഞ്ഞു നില്‍ക്കുന്ന പ്രായം. താജ് ഹോട്ടലിന്റെ ഇടനാഴികളിലെവിടെയോ വെടിയേറ്റു വീഴുമ്പോള്‍ സന്ദീപിന്റെ ഹൃദയം ചാരിതാര്‍ത്ഥ്യത്തോടെ തുടിച്ചിരിക്കണം.

രാജ്യത്തിനു വേണ്ടി, പൗരന്റെ സുരക്ഷയ്ക്കു വേണ്ടി നല്‍കുന്ന ഈ ബലി, ഇനിയുമൊരുപാട് ഹൃദയങ്ങളില്‍ ചങ്കൂറ്റത്തിന്റെ വെളളവും വളവുമായി ഊറിയിറങ്ങും. തീര്‍ച്ച. അനിവാര്യമായ സാഹസികതയ്ക്ക് ഇനി മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍ എന്നുമുണ്ടാകും പര്യായം.

ഏകമകനെ നഷ്ടപ്പെട്ട മാതാപിതാക്കള്‍ക്ക് സന്ദീപ് ഇനി കണ്ണീരണിഞ്ഞ ഓര്‍മ്മ. പോര്‍മുഖങ്ങളിലെ സജീവസാന്നിദ്ധ്യങ്ങള്‍ക്കോ കണ്ണും കരുത്തുമാണ് ആ സ്മരണ.

കമാന്‍ഡോയുടെ ജീവിതത്തില്‍ നാളെയെന്ന വാക്കിന് പ്രസക്തിയില്ലെന്ന് കളിയായും കാര്യമായും പറഞ്ഞു, വിജയ് സലാസ്കര്‍. ഒന്നുകില്‍ കൊല്ലുക, അല്ലെങ്കില്‍ കൊല്ലപ്പെടുക. കമാന്‍ഡോയുടെ മുന്നില്‍ വേറെ വഴിയൊന്നുമില്ല.

സ്വന്തം ജീവന്‍ വേണമെങ്കില്‍ മറ്റൊരു ജീവനെടുത്തേ മതിയാകൂ. വെടിയുണ്ടകള്‍ കൊണ്ടൊരു പകിടകളി. ഓരോ ഏറ്റുമുട്ടലും അതിജീവിക്കുമ്പോള്‍, ഒരു ദിവസത്തേയ്ക്ക്, ഒരു ദിവസത്തേയ്ക്ക് മാത്രം ജീവന്‍ നീട്ടിക്കിട്ടിയെന്ന് ആശ്വസിക്കാന്‍ വിധിക്കപ്പെട്ടവര്‍.

നാളെയെന്നത് ഒരു മിഥ്യ മാത്രമാണെന്നും ജീവിച്ചിരിക്കുന്നത് ഭാഗ്യം കൊണ്ടാണെന്നും തുറന്നു പറഞ്ഞിരുന്നു, ഈ ധീരന്‍. ഒരൊറ്റത്തവണ സംഭവിക്കുന്ന നിര്‍ഭാഗ്യം മതി തന്റെ ജീവനൊടുങ്ങാന്‍ എന്ന തിരിച്ചറിവോടെ യുദ്ധമുഖത്ത് കൊളളിയാന്‍ വെട്ടമായി ജ്വലിച്ചു നിന്ന വിജയ് സലാസ്കര്‍ ഇനി കനല്‍ച്ചൂടുളള ഓര്‍മ്മ മാത്രം.

ഹേമന്ത് കാര്‍ക്കറെയെ എങ്ങനെ രാജ്യം മറക്കും. മുന്നില്‍ നിന്ന് നയിച്ച് മരണം സ്വയം വരിച്ച ഹേമന്ത്, ഒരു മഹാകല്‍പ വൃക്ഷമായി വളര്‍ന്നത് എത്ര പെട്ടെന്നാണ്! കണ്ണിനെത്താത്ത ദൂരത്തോളം ഉയര്‍ന്നു നില്‍ക്കുന്ന കര്‍മ്മ നിരതയുടെ ഒരു മഹാപര്‍വതമായി ഇന്ത്യയുടെ സേനാബലത്തില്‍ എന്നെന്നുമുണ്ടാകും, മിടുമിടുക്കനായ ഈ രാഷ്ട്രപുത്രന്റെ വീരസ്മരണ‍.

ഒരു മഹാരാജ്യത്തിന്റെ ഹൃദയചക്രവാളത്തില്‍ നിറഞ്ഞേ കിടക്കുന്ന അഭിമാനത്തിന്റെ മഹാസാഗരം.

ഏതുനിമിഷവും പാഞ്ഞുവരുന്ന ഒരു വെടിയുണ്ടയില്‍ തങ്ങളുടെ ജീവനൊടുങ്ങുമെന്ന കറുത്ത സത്യം നെഞ്ചിലൂക്കായി ഏറ്റുവാങ്ങി പൊരുതാനിറങ്ങിയവരുടെ ത്രസിപ്പിക്കുന്ന സ്മരണയ്ക്കു മുന്നില്‍ ഒരു പിടി കണ്ണീര്‍പ്പൂക്കള്‍. അഞ്ചു വിരലും ചേര്‍ത്തു പിടിച്ച് അഭിമാനപൂര്‍വം ഒരു സല്യൂട്ട്.

ഒഴുകിയിറങ്ങുന്ന ചുടുകണ്ണീര്‍ തുടയ്ക്കാതിരിക്കുക. സിരകളിലേയ്ക്ക് വറ്റിച്ചേരുന്ന ആ കണ്ണീരില്‍ ധീരന്മാരുടെ പ്രാണത്യാഗത്തിന്റെ ഉപ്പുരസമുണ്ട്. നമ്മുടെ ചോരയിലും കലര്‍ന്നു പടരട്ടെ ആ പ്രാണനുകളുടെ ഉപ്പ്.

കടപ്പാട് : മുരുകന്‍ കാട്ടാക്കടയുടെ "രക്തസാക്ഷി" എന്ന കവിത

Thursday, November 27, 2008

തൂക്കിലേറ്റുക, ഈ ശവംതീനികളെ!!!

യുദ്ധത്തില്‍ സ്വന്തം പടയെ ഒറ്റുന്നവര്‍ക്ക് മരണശിക്ഷയ്ക്കപ്പുറം ഒരു ശിക്ഷയില്ല. ദയയും കാരുണ്യവും അവര്‍ക്കു നേരെ ചൊരിയരുത്. ഒരു മനുഷ്യാവകാശത്തിനും അര്‍ഹരല്ല അവര്‍. ബുധനാഴ്ച രാത്രി മുതല്‍ മുംബെയില്‍ ആരംഭിച്ച യുദ്ധത്തിലെ ഒറ്റുകാരും അര്‍ഹിക്കുന്നത് വധശിക്ഷ തന്നെ. ഏറ്റവും അങ്ങേയറ്റത്തെ ശിക്ഷ.

ഒറ്റുകാര്‍ക്കുളള ഏറ്റവും വലിയ ശിക്ഷയ്ക്ക് എന്തുകൊണ്ടും അര്‍ഹരാണ് ഈ യുദ്ധം ലൈവ് കാണിക്കുന്ന സകല ടെലിവിഷന്‍ മാധ്യമ പ്രവര്‍ത്തകരും. ഭീകരരെക്കാള്‍ ശല്യമാണ് നിര്‍ണായക മുഹൂര്‍ത്തങ്ങളില്‍ ഈ ചാനലുകള്‍. നിശിതമായി വിചാരണ ചെയ്യപ്പെടേണ്ടതാണ് അവരുടെ കഴുകന്‍ മനസ്.

ആദ്യ വെടി പൊട്ടിയ നിമിഷം മുതല്‍, ഇതാ ഈ വരികള്‍ എഴുതുന്നതു വരെ അക്ഷീണം പണിയെടുക്കുകയാണ് നവയുഗ ടെലിവിഷന്‍ ജേണലിസ്റ്റുകള്‍. അറിവും ചുണയും ചുറുചുറുക്കുമുളള മാധ്യമ പ്രവര്‍ത്തകര്‍ എന്ന് സ്വയം പ്രഖ്യാപിയ്ക്കുന്നവര്‍.

യുദ്ധക്കളത്തിലെ സൈനികരുടെയും കമാന്‍ഡോകളുടെയും ഓരോ നീക്കവും അവര്‍ കാമറയില്‍ പകര്‍ത്തി ലോകത്തെ കാണിക്കുമ്പോള്‍, സൈനിക തന്ത്രങ്ങള്‍ എതിരാളിയ്ക്ക് ചോര്‍ത്തുകയാണവര്‍. ഉയരത്തിന്റെയും മറവിന്റെയും എല്ലാ ആനുകൂല്യവും പറ്റി ഒളിവെടിയുതിര്‍ക്കുന്ന ഭീകരര്‍ പഞ്ചനക്ഷത്ര ഹോട്ടലുകളിലെ ടെലിവിഷന്‍ സെറ്റുകള്‍ ഓണ്‍ ‍ചെയ്ത് വാര്‍ത്താ ചാനലിലേക്ക് റിമോട്ട് ഞെക്കിയാല്‍, പുറത്തെ പടയുടെ എല്ലാ നീക്കവും ലൈവായി അറിയാം.

എത്ര പൊലീസുകാരുണ്ടെന്നും എവിടെയൊക്കെ അവര്‍ മറഞ്ഞിരിക്കുന്നുവെന്നും ഭീകരര്‍ക്ക് നേരിട്ടു കാണാം. ഏതേത് ആയുധങ്ങളോടെയാണ് കമാന്‍ഡകള്‍ തങ്ങളെ പിടിക്കാന്‍ ഇരച്ചു കയറുന്നതെന്ന് അപ്പപ്പോള്‍ അവരറിയും. അവരുടെ കണ്‍മുന്നിലൂടെയാണ് സൈനിക വാഹനങ്ങള്‍ ഇരമ്പിയെത്തി നില്‍ക്കുന്നത്. സൈനിക മേധാവികളുടെ മുന്നൊരുക്കങ്ങള്‍ മുന്‍കൂട്ടിയറിഞ്ഞ് മറുതന്ത്രം മെനയാന്‍ അവര്‍ക്ക് വേണ്ടത് നിമിഷങ്ങള്‍ മാത്രം. ഈ ലൈവ് ആരെയാണ് സഹായിക്കുന്നത്?

ജീവന്‍ പണയം വെച്ച് യുദ്ധത്തില്‍ പങ്കെടുക്കുന്ന സൈനികനെ ഒറ്റുകയാണ് ടെലിവിഷന്‍ ചാനലുകള്‍. അവനെ കൊലയ്ക്കു കൊടുത്താണ് ലൈവ് മേധം സംവിധാനം ചെയ്യുന്നത്. മറഞ്ഞു നില്‍ക്കുന്ന പട്ടാളക്കാരന്റെ പുറകേ കാമറയുമായി പോകുന്ന മാധ്യമ പ്രവര്‍ത്തകന്‍‍, അറിയാനുളള ജനത്തിന്റെ അവകാശമല്ല, സംരക്ഷിക്കുന്നത്.

അവന്‍ പകര്‍ത്തുന്ന ദൃശ്യങ്ങള്‍ വഴി അറിയേണ്ടതെല്ലാം അറിയുന്നത് മനുഷ്യത്വം തൊട്ടുതേച്ചിട്ടില്ലാത്ത കൊടും കൊലപാതകികളാണ്. ശവം കൊത്തിപ്പറിച്ച് മിടുക്കന്മാരാകാന്‍ കൊതിക്കുന്നതിനിടയില്‍ അവരറിയുന്നില്ല, അറിയാനുളള ആരുടെ ആഗ്രഹമാണ് തങ്ങള്‍ സാധിച്ചു കൊടുക്കുന്നതെന്ന്. നരിമാന്‍ ഹൗസിലെ പട്ടാളക്കാരുടെ പിറകെ കാമറയുമായി തങ്ങള്‍ മാത്രമാണുളളതെന്ന് എത്ര ഊറ്റത്തോടെയാണ് ഒരു ടെലിവിഷന്‍ ചാനല്‍ വീമ്പിളക്കിയത്.

സുരക്ഷാ ഭടന്മാരുടെ ഏത് തന്ത്രവും ഭീകരര്‍ മുന്‍കൂട്ടി അറിയുന്നത് ആള്‍നാശത്തിലേ കലാശിക്കുകയുളളൂവെന്ന് തിരിച്ചറിയാനുളള ബോധം പരിചയസമ്പന്നരായ മാധ്യമ പ്രവര്‍ത്തകര്‍ക്കു പോലുമില്ലെന്നത് എത്ര നിരാശാജനകമാണ്?!

നേര്‍ക്കുനേര്‍ പോരാട്ടം നടക്കുന്ന യുദ്ധമുഖത്ത് സൈനികരുടെ സ്ഥാനവും നീക്കവും കാമറയില്‍ പകര്‍ത്തി ലൈവ് ആഘോഷിക്കാന്‍ മറ്റേതെങ്കിലും രാജ്യം തയ്യാറാകുമോയെന്ന് നമുക്കറിയില്ല. പക്ഷേ, ഇത് രാജ്യം ഇന്ത്യയാണ്. എന്തും നടക്കുന്ന ഇന്ത്യ.

യുദ്ധവിശകലനമെന്ന മട്ടില്‍ ഏതു പടുവിഡ്ഢിത്തവും തട്ടിവിടാന്‍ ഉളുപ്പില്ലാത്ത കുറേ ഉടന്‍കൊല്ലി റിപ്പോര്‍ട്ടര്‍മാരും ചാനല്‍ സ്റ്റുഡിയോയുടെ എയര്‍ കണ്ടീഷനു കീഴിലിരുന്ന് വിഡ്ഢിച്ചോദ്യങ്ങളുടെ പ്രവാഹം സൃഷ്ടിക്കുന്ന വാര്‍ത്താ അവതാരകരുമാണ് അടുത്ത പ്രതികള്‍. എന്തുകൊണ്ട് ഭീകരരെ പിടിക്കുന്നില്ലെന്നൊക്കെ ചാനല്‍ സ്റ്റുഡിയോയിലിരുന്ന് റിപ്പോര്‍ട്ടറോട് ചോദിച്ചുകളയും വാര്‍ത്താ അവതാരകന്‍.

ഭീകര വിരുദ്ധസ്ക്വാഡിന്റെ ചുമതല തന്നെ ഏല്‍പ്പിച്ചാല്‍ സകല ഭീകരനെയും കൊന്നു തളളുമെന്ന ഭാവത്തിലാണ് അവരില്‍ പലരും. പിടിക്കപ്പെടുമ്പോള്‍ മലയാളത്തിലെ ചില വാര്‍ത്താ അവതാരകരെ പരിചയപ്പെടുത്തുകയാണ് ശിക്ഷയെന്ന് പ്രഖ്യാപിക്കുകയേ വേണ്ടൂ, ഒരുമാതിരിയുളള ഭീകരന്മാര്‍ ഹിമാലയത്തിലോ കശ്മീര്‍ താഴ്വരയിലോ ഉപവാസം കിടന്നു മരിക്കാന്‍. പോയിന്റ് ബ്ലാങ്കില്‍ വെടിവെച്ചു കൊല്ലുമെന്ന ശിക്ഷാവിധി പോലും ഏല്‍ക്കാത്ത സാഹചര്യത്തില്‍ പ്രതിരോധ മന്ത്രി എ കെ ആന്റണിക്ക് ഈ രീതി ഒന്നു പരീക്ഷിച്ചു നോക്കാവുന്നതാണ്.

സ്വന്തം ചിന്താശൂന്യതയും വിഡ്ഢിത്തരങ്ങളും വലിയൊരു ജനസാമാന്യത്തിനു മുന്നിലേയ്ക്ക് തുറന്നു പിടിക്കാന്‍ ടെലിവിഷന്‍ ആങ്കര്‍മാരെ പോലെ ഉളുപ്പില്ലാത്ത വര്‍ഗം വേറെ കാണുമോ ആവോ? ഏതെല്ലാം തരത്തിലുളള പീഡനങ്ങളാണ് ജനം അനുഭവിക്കേണ്ടി വരുന്നത്? ഇതിനോളമോ ഇതിനേക്കാലേറെയോ അറപ്പുളവാക്കുന്നതാണ് ഭീകര ആക്രമണത്തെക്കുറിച്ച് യാതൊരു വിവരവും വിവരവും ഇല്ലാത്ത രാഷ്ട്രീയ ജാഡക്കാരുടെ വാചക കസര്‍ത്ത്. ഇവരെ സ്റ്റുഡിയൊവില്‍ കൊണ്ടുവന്നും ഫോണ്‍വിളിച്ചും അഭിപ്രായം പറയിയ്ക്കാന്‍ ചാനലുകാര്‍ക്ക് ഒട്ടും ഉളുപ്പുമില്ല. ഇവരുടെ വിവരവും രാഷ്ട്രീയ മര്യാദയും കാണികള്‍ക്ക് അളക്കാന്‍ കഴിയുമെന്ന ഗുണം മാത്രമാണ് ഇത്തരം പരിപാടികള്‍ക്കുള്ളത്. എന്തായാലും റിമോട്ട് കണ്‍ട്രോള്‍ ഉള്ളത് ഭാഗ്യം.

ടെലിവിഷന്‍ കാമറയ്ക്കു മുന്നിലാണ് ഭീകര വിരുദ്ധ സ്ക്വാഡിന്റെ തലവനും മുംബൈ അസിസ്റ്റന്റ് കമ്മിഷണറുമൊക്കെ പിടഞ്ഞു മരിച്ചത്. ഈ യത്നത്തില്‍ ഒട്ടേറെ പോലീസുകാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. അവര്‍ക്ക് ഉചിതമായ ശ്രദ്ധാജ്ഞലി അര്‍പ്പിക്കാന്‍ പോലും ടെലിവിഷന്‍ പ്രഭുക്കന്മാര്‍ക്ക് സമയമില്ല.

താജിന്റെ ഗേറ്റിനു വെളിയില്‍, ട്രൈഡറ്റ് ഒബറോയിയുടെ മതിലിനു ചേര്‍ന്നുളള പോസ്റ്റിനു കീഴെ തോക്കും ചൂണ്ടിയിരിക്കുന്ന പോലീസുകാരനെ കാമറയില്‍ പകര്‍ത്തി ഒറ്റുകൊടുക്കാന്‍ മത്സരിക്കുമ്പോള്‍ എന്ത് ശ്രദ്ധാഞ്ജലി? ഹേമന്ത് കാര്‍ക്കറെ മരിച്ച് മണിക്കൂറുകള്‍ക്കകം അദ്ദേഹത്തെക്കുറിച്ചുളള വിവരങ്ങള്‍ വിക്കി പീഡിയയിലും മറ്റ് വെബ് സൈറ്റുകളിലുമൊക്കെ പ്രത്യക്ഷപ്പെട്ടു. എന്നിട്ടും എല്ലാ സൗകര്യങ്ങളുമുണ്ടായിട്ടും ഈ ധീരന്മാര്‍ക്കു വേണ്ടി അഞ്ചു മിനിട്ട് മാറ്റിവെയ്ക്കാനുളള നേരമുണ്ടായില്ല ടെലിവിഷന്‍ സിംഹങ്ങള്‍ക്ക്.

ഈ നേരത്തും ടാം റേറ്റിംഗും എ മാപ്പ് റേറ്റിംഗും ഉയര്‍ത്തി പരസ്യം പിടിയ്ക്കാനുള്ള കുടില തന്ത്രത്തിനപ്പുറം ഇവര്‍ ഒരു സഹായവും സമൂഹത്തോട് ചെയ്യുന്നില്ല.

ബുധനാഴ്ച രാത്രി രണ്ടേകാലിന് ശേഷം‍ പൊലീസുസാരുടെ നീക്കങ്ങള്‍ നേരിട്ട് ചാനലുകള്‍ സംപ്രേക്ഷണം ചെയ്തുകൊണ്ടിരുന്നപ്പോള്‍ ഒരു ചാനല്‍ മാത്രം ലൈവ് നിറുത്തി. സി എന്‍ എന്‍ ഐ ബി എന്‍ ആയിരുന്നു അത്. സാങ്കേതിക തകരാറുകൊണ്ടാണോ അതോ മാദ്ധ്യമ സദാചാര ബോധം കൊണ്ടാണോ ഇതെന്ന് അറിയില്ല. മാദ്ധ്യമ സദാചാര ബോധമായിരുന്നെങ്കില്‍ അത് അവര്‍ക്ക് കാണികളുടെ മുന്നില്‍ തുറന്ന് പറയാമായിരുന്നു. ഒരുപക്ഷേ മറ്റ് ചാനലുകളും ഈ വഴി സ്വീകരിയ്ക്കാന്‍ ഇത് കാരണമായേനെ. പക്ഷേ അതുണ്ടായില്ല. അതുകൊണ്ട് ഇതി സാങ്കേതിക തകരാറാണെന്ന് വേണം കരുതാന്‍.

ഇതുപോലുളള സംഭവങ്ങളുണ്ടാകുമ്പോള്‍ ടെലിവിഷന്‍ ചാനലുകളെ കര്‍ശനമായി നിയന്ത്രിക്കാനുളള തന്റേടം ആഭ്യന്തര വകുപ്പ് കാണിക്കണം. സേനയുടെ ആത്മബലം തകര്‍ത്ത് നടത്തുന്ന മാധ്യമ പ്രവര്‍ത്തനം രാജ്യത്തിനോ ജനതയ്ക്കോ ഒരു ചുക്കും നേടിക്കൊടുക്കുന്നില്ല. അറിയാനും അറിയിക്കാനുമുളള അവകാശത്തിന്റെ മറ പറ്റി ഇവര്‍ നടത്തുന്നത് ശുദ്ധ തോന്നിയവാസമാണെന്ന് വിളിച്ചു പറയാനുളള തന്റേടം രാഷ്ട്രീയപ്പാര്‍ട്ടികളും കാണിക്കണം.

സ്വന്തം മുഖവും ശബ്ദവും സംപ്രേക്ഷണം ചെയ്തുകാണാനുളള ആഗ്രഹത്തിന് രാഷ്ട്ര സുരക്ഷയും സൈന്യത്തിന്റെ ആത്മബലവും വിലയായി നല്‍കണമെന്ന് ശഠിക്കുന്ന ടെലിവിഷന്‍ മാധ്യമ പ്രവര്‍ത്തനം ജനത്തിന് ഭാരമാണ്. ശാപമാണ്. അതിരു കടക്കുന്ന ഈ ലൈവ് ഭ്രാന്തിന് അറുതി വരുത്തിയേ തീരൂ. ഇവരെ കയറൂരി വിട്ടാല്‍ ഈ രാജ്യത്തെത്തന്നെ ഇവര്‍ കൊത്തിവലിക്കും. തീര്‍ച്ച.


ഹേമന്ത് കാര്‍ക്കറെയെ അറിയുക
ഭീകരത ഇന്ത്യയില്‍ - ദൃശ്യങ്ങളിലൂടെ
മുംബൈ ഭീകരാക്രമണത്തിന്റെ ദൃശ്യങ്ങള്‍

(ദാറ്റ്സ് മലയാളത്തില്‍ എഴുതിയ ലേഖനം)

Friday, November 21, 2008

മാരീചന്‍ ഒന്നാമന് പറയാനുളളത്........

ബിആര്‍പി ഭാസ്കറുടെ വായനശാലയെന്ന ബ്ലോഗില്‍ കോപ്പി റൈറ്റ് സംബന്ധിച്ച് രാജ് നീട്ടിയത്ത് എഴുതിയ കത്തിനെ അധികരിച്ച് ഒരു പോസ്റ്റ് ഉണ്ട്.

അതില്‍ മാരീചന്‍ എന്ന പേരില്‍ ഒരു കമന്റ് കണ്ടു.

ടി കമന്റ് മാരീചന്‍ എന്ന പേരില്‍ ഇതുവരെ ബ്ലോഗ് എഴുതിക്കൊണ്ടിരുന്നയാളല്ല എഴുതിയത് എന്ന കാര്യം വ്യക്തമാക്കുന്നു..

ലോകത്ത് ഒരു പേരുളള ഒന്നിലധികം ആളുകള്‍ ഉണ്ട്. ഒരാള്‍ക്ക് ഒരു പേരിട്ടുപോയി എന്നതു കൊണ്ട് മേലില്‍ ആര്‍ക്കും ആ പേര് ഇട്ടുപോകരുത് എന്ന് കല്‍പ്പിക്കാനൊന്നും ആര്‍ക്കും അധികാരമില്ല. ആയതിനാല്‍, മാരീചന്‍ എന്ന പേരിലുളള കമന്റുകളോട് പ്രതികരിക്കുന്നതിന് മുമ്പ്, ആരെയാണ് അഭിസംബോധന ചെയ്യുന്നതെന്ന് പ്രതികരിക്കുന്നവര്‍ ഉറപ്പാക്കണമെന്ന് അഭ്യര്‍ത്ഥിക്കട്ടെ..

പേരിലൊന്നും വലിയ കാര്യമൊന്നുമില്ല. പറയുന്ന കാര്യങ്ങള്‍ക്കാണ് കാര്യം എന്നറിയാഞ്ഞല്ല.

എന്നാലും മറ്റേ മാരീചന്‍ എഴുതുന്ന ഗഹനവും ഗൗരവമുളളതും വിജ്ഞാനപ്രദവും സര്‍വോപരി കാലാതിവര്‍ത്തിയുമായ കമന്റുകള്‍ക്കുളള ക്രെഡിറ്റ് ഈയുളളവനുണ്ടായിപ്പോയാല്‍ അദ്ദേഹത്തിനുണ്ടാകുന്ന വിഷമം ചില്ലറയൊന്നുമായിരിക്കില്ലല്ലോ..

മാത്രമല്ല, ഈയുളളവനെഴുതുന്ന ചെറ്റത്തരങ്ങള്‍ക്ക് മറ്റേദേഹം സമാധാനം പറയേണ്ടി വരുന്നതും ശരിയല്ല.

ആയതിനാല്‍, ഇനി മുതല്‍ മാരീചന്‍ എന്ന പേരിനോട് പ്രതികരിക്കുമ്പോള്‍ ആളു മാറിപ്പോകരുതെന്ന് എല്ലാ ബൂലോഗ നിവാസികളോടും അഭ്യര്‍ത്ഥിക്കുന്നു.

ബിആര്‍പിയുടെ ബ്ലോഗില്‍ എഴുതിയ കമന്റും ഇവിടെ ചേര്‍ക്കുന്നു........


മാരീചന്‍ എന്ന പേരില്‍ വന്ന മേല്‍ കമന്റ്മാരീചന്റേതല്ലെന്ന് വ്യക്തമാക്കുന്നു. മേല്‍പറഞ്ഞ മാരീചന്‍ പത്രപ്രവര്‍ത്തകനാണോ എന്ന് അറിയില്ല. ഏതായാലും ഇഞ്ചിയുടെ മറുപടിയുടെ പരിധിയില്‍ ഈ മാരീചന്‍ വരില്ലെന്ന് അറിയിക്കട്ടെ...

മാരീചന്‍ എന്ന പേരിന് ബൗദ്ധിക സ്വത്തവകാശം ബാധകമല്ലാത്തതിനാല്‍ ഏത് നീരജന്മാര്‍ക്കും ഈ പേര് ഉപയോഗിക്കാവുന്നതാണ്.. പതിഞ്ഞു പോയ വെര്‍ച്വല്‍ പേരുകള്‍ക്ക് എന്തെങ്കിലും പ്രസക്തിയുണ്ടെന്ന് കരുതുന്നുണ്ടെങ്കില്‍, മറുപടി പറയുന്നത് ആരോടാണെന്ന് ഉറപ്പാക്കേണ്ട ബാധ്യത കമന്റുകള്‍ക്ക് മറുപടിയെഴുതുന്നവര്‍ക്കാണെന്ന വിവരം സ്നേഹപൂര്‍വം അറിയിക്കട്ടെ...

ഒന്നല്ല, രണ്ടല്ല ഒരായിരം മാരീചന്മാര്‍ അരങ്ങു വാഴുന്ന മാരീച ജനാധിപത്യ വിപ്ലവം വിജയിക്കട്ടെ..

എന്ന്,
മാരീചന്‍ (ഒന്നാമന്‍)
മാരീചന്‍ (രണ്ടാമന്‍)

Wednesday, November 12, 2008

സാമാന്യ ബുദ്ധി vs ട്വെന്റി ട്വെന്റി

പ്രേക്ഷകരുടെ സാമാന്യബുദ്ധിയെ വെല്ലുവിളിക്കുന്ന സിനിമകള്‍ എല്ലാ ഭാഷയിലും അനേകമുണ്ടായിട്ടുണ്ട്. എന്നാല്‍ ഒരു ഭാഷയിലെ സകല താരങ്ങളും ഒരു സംഘടനയുടെ ലേബലില്‍ ഒരുമിച്ചിറങ്ങി പ്രേക്ഷകന്റെ യുക്തിക്ക് വിലപറയുന്ന സംഭവം ഒരുപക്ഷേ, ലോക സിനിമയില്‍ തന്നെ ആദ്യമായിരിക്കും.

ഏറ്റവും ചുരുക്കി, ട്വെന്റി20 എന്ന ചിത്രത്തെ ഇങ്ങനെ വിശേഷിപ്പിക്കാം. സൂപ്പര്‍താരങ്ങളുടെ കഥാപാത്രങ്ങള്‍ക്കു പോലും വ്യക്തിത്വം കമ്മി. യുക്തിയുടെ മൊട്ടുസൂചിയാഘാതമേറ്റാല്‍ പൊട്ടിത്തകരുന്ന കഥ. അതിനിടയിലും ചിലരുടെയൊക്കെ ഉളളില്‍ കിടക്കുന്ന അധമബോധങ്ങള്‍ക്ക് കൃത്യവും സൂക്ഷ്മവുമായ തിരശീലാഖ്യാനം.

കര്‍ണാടകത്തില്‍ നടക്കുന്ന പൈശാചികമായ ഒരു കൊലപാതകം. കൊലയാളിയെന്ന് സംശയിക്കപ്പെടുന്നയാള്‍ കേരളത്തില്‍. അയാള്‍ക്കു വേണ്ടി കര്‍ണാടക കോടതിയുടെ വാറണ്ട്. പ്രതിയെ കര്‍ണാടക പോലീസിന് വിട്ടുകൊടുക്കേണ്ടെന്ന് വിധിക്കാന്‍ കേരള ഹൈക്കോടതിയ്ക്ക് അധികാരമുണ്ടോ? സാക്ഷാല്‍ മമ്മൂട്ടിയാണ് കേസ് വാദിക്കുന്നതെങ്കിലും.. ?

നിയമം പഠിച്ചവര്‍ പറയുന്നത്, കുറ്റകൃത്യം നടക്കുന്ന സ്ഥലത്തെ കോടതിയാണ് വിചാരണയും വിധിയുമൊക്കെ പ്രസ്താവിക്കേണ്ടത് എന്നാണ്. താര സംഘടനയായ അമ്മയ്ക്കു വേണ്ടി ദിലീപ് സിനിമ നിര്‍മ്മിക്കാനിറങ്ങുകയും സൂപ്പര്‍താരങ്ങള്‍ അഭിനയിക്കാന്‍ തീരുമാനിക്കുകയും ചെയ്താല്‍ കേരളത്തിലെ മാത്രമല്ല, ഇന്ത്യാ മഹാരാജ്യത്തിലെ സകല നിയമങ്ങളും തിരുത്തിയെഴുതപ്പെടും. ഇല്ലെങ്കില്‍ പിന്നെന്തോന്ന് സൂപ്പര്‍താരങ്ങള്‍.. സൂപ്പര്‍ സംവിധായകന്‍...?

കര്‍ണാടകത്തില്‍ രജിസ്റ്റര്‍ ചെയ്ത കൊലക്കേസിലെ സാക്ഷി കേരള ഹൈക്കോടതിയില്‍ മൊഴി നല്‍കാനെത്തുന്ന വിലോഭനീയമായ ദൃശ്യവും ട്വെന്റി20യിലുണ്ട്.

അത്ഭുതങ്ങള്‍ ഇവിടെ അവസാനിക്കുന്നില്ല. കേരളത്തിലെ ഭരണകക്ഷിയുടെ സംസ്ഥാന സെക്രട്ടറിയുടെ മകനാണ് പ്രതി. ബാംഗ്ലൂര്‍ മെഡിക്കല്‍ കോളജില്‍ സ്വന്തം സഹപാഠിയെ കൊന്ന കേസില്‍ പ്രതിയായിട്ടും, അയാളുടെ പേരില്‍ കര്‍ണാടക പൊലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടും കക്ഷിയുടെ ഉഗ്രപ്രതാപികളായ മാതാപിതാക്കളോ ബന്ധുക്കളോ ഒന്നും സംഗതിയറിയുന്നില്ല. ഓര്‍ക്കുക. സഹപാഠിയെ കൊന്ന്, ശവശരീരം മൂന്നായി മുറിച്ച് മൂന്ന് സംസ്ഥാനങ്ങളില്‍ നിക്ഷേപിച്ച കൊടും പൈശാചികമായ കൊലപാതകത്തിലെ പ്രതിയ്ക്കാണ്, സ്ഥാനമാനങ്ങള്‍ക്ക് പഞ്ഞമില്ലാത്ത മന്ദബുദ്ധി മാതാപിതാക്കളും ബന്ധുക്കളുമുളളത്.

ഇങ്ങനെയൊരു കൊലപാതകം ഒരു കോളെജില്‍ നടന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ ദേശീയ മാധ്യമങ്ങളിലടക്കം വന്‍കോലാഹലമുണ്ടാകുമെന്ന കാര്യം ഉറപ്പ്. പ്രതിസ്ഥാനത്തുളളവനെ മാത്രമല്ല, അവന്റെ പരിചയക്കാരെ വരെ നിര്‍ത്തിപ്പൊരിക്കും, മാധ്യമങ്ങള്‍.. അതേ കോളജിലെ ഒരു വിദ്യാര്‍ത്ഥിനിയെ കൊന്ന കേസില്‍ പ്രതി നേരത്തെയും ജയിലില്‍ കിടന്നിട്ടുണ്ടെന്ന സാഹചര്യം കണക്കിലെടുക്കുന്പോള്‍ പ്രത്യേകിച്ചും. ഇക്കാര്യവും പ്രതിയുടെ മാതാപിതാക്കളോ അപ്പൂപ്പനമ്മൂമ്മമാരോ അറിഞ്ഞിട്ടില്ല.

ഭരണകക്ഷിയുടെ സംസ്ഥാന സെക്രട്ടറിയും ഭാര്യയും ചേട്ടനും മറ്റു ബന്ധുമിത്രാദികളുമൊന്നും പത്രം വായിക്കുന്നില്ലെങ്കില്‍... ടി വി കാണുന്നില്ലെങ്കില്‍....എന്തു ഫലം.. ? ഐപിഎസുകാരന്‍ ആന്റണി പുന്നക്കാടന്‍ പ്രതിയെയും തിര‍ഞ്ഞ് കുടുമ്മത്ത് വന്നു കയറുന്പോഴേ കാര്യങ്ങളറിയൂ.. അപ്പോഴേയ്ക്കും ഒരു മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കാനുളള സമയം പോലും കിട്ടിയെന്നു വരില്ല...

സുപ്രിം കോടതിയില്‍ നിന്നും വിരമിച്ച് തറവാട്ടില്‍ വിശ്രമജീവിതം നയിക്കാനെത്തുന്ന ജസ്റ്റിസ് വിശ്വനാഥമേനോനില്‍ നിന്നും ചെറുമകന്റെ വിവരം മറച്ചു വെയ്ക്കാന്‍ മക്കളും മരുമക്കളും കൊണ്ടുപിടിച്ച് ശ്രമിക്കുന്ന രംഗങ്ങള്‍ സിനിമയിലുണ്ട്. ജസ്റ്റിസാണെന്നും സുപ്രിം കോടതിയിലായിരുന്നു ഉദ്യോഗമെന്നുമൊക്കെ പറഞ്ഞിട്ടെന്ത്... പത്രവും ടിവിയും ജസ്റ്റിസിനും ചതുര്‍ത്ഥി.. അതുകൊണ്ട് ഒരു കാര്യവും അതിയാനും അറിയുന്നില്ല. പ്രതിയെ തിരഞ്ഞ് ആന്റണി പുന്നക്കാടന്‍ വരേണ്ടി വന്നു, തിരുമനസിനും കാര്യങ്ങള്‍ ബോധ്യപ്പെടാന്‍.

മക്കളെ ബാംഗ്ലൂരിലൊക്കെ പഠിക്കാനയയ്ക്കുന്ന മാതാപിതാക്കള്‍ മുടങ്ങാതെ ടിവി വാര്‍ത്ത കാണുകയും പത്രം വായിക്കുകയും ചെയ്യണമെന്നൊരു ഗുണപാഠം ട്വെന്റി20 പകര്‍ന്നു നല്‍കുന്നുണ്ട്. അത്രയും നന്ന്..

അന്യ സംസ്ഥാനത്തെ പൊലീസ്റ്റ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിക്ക് കേരള ഹൈക്കോടതിയില്‍ നിന്ന് അനുകൂലമായ വിധി നേടിക്കൊടുക്കാന്‍ മാത്രം പ്രാഗത്ഭ്യമുളള വക്കീല്‍ രമേഷ് നന്പ്യാരുടെ വേഷത്തിലാണ് സൂപ്പര്‍മെഗാ സ്റ്റാര്‍ മമ്മൂട്ടി. അന്പതും നൂറും പേരെ ഒറ്റയ്ക്ക് ഇടിച്ചു പരത്തുന്ന സൂപ്പര്‍താര സങ്കല്‍പം ഈ ചിത്രത്തില്‍ കാലഹരണപ്പെടുന്നു. നായകന്റെ അമാനുഷിക പരിവേഷം ഇവിടെ വേറൊരു തരത്തിലാണ് നിര്‍വചിക്കപ്പെട്ടിരിക്കുന്നത്.

കോടതികള്‍ക്ക് വ്യക്തമായ അധികാര പരിധി ഭരണഘടനാപരമായിത്തന്നെ നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. കേരള ഹൈക്കോടതിയില്‍ കേരളത്തിലെ കേസുകള്‍ വാദിക്കുന്നവരാണ് സാദാ വക്കീലന്മാര്‍. എന്നാല്‍ സൂപ്പര്‍താര നായകസങ്കല്‍പനമനുസരിച്ച് അന്യസംസ്ഥാനത്തിലെ കേസുകള്‍ പോലും സ്വന്തം നാട്ടിലെ കോടതിയില്‍ വാദിക്കാന്‍ കെല്‍പ്പുളളവനാകണം നായകന്‍. ഈ സവിശേഷ സിദ്ധിയുളള കഥാപാത്രമായതു കൊണ്ടാവും അഡ്വ രമേഷ് നന്പ്യാരുടെ വേഷം കെട്ടിയാടാന്‍ മമ്മൂട്ടി സമ്മതം മൂളിയത്. അല്ലാതെ വേറെ മികവൊന്നും ഈ കഥാപാത്രത്തിനില്ല. (അമേരിക്കയിലെ പെന്‍സില്‍വാനിയയിലോ കൊളറാഡോയിലോ രജിസ്റ്റര്‍ ചെയ്യുന്ന കേസിലെ പ്രതിക്ക് തമിഴ്‍നാട് ഹൈക്കോടതിയില്‍ നിന്നും ജാമ്യമെടുക്കുന്ന സൂപ്പര്‍ വക്കീലിന്റെ വേഷത്തില്‍ രജനീകാന്ത് അഭിനയിക്കുന്നതോടെ ഇത്തരത്തിലുളള സൂപ്പര്‍താര വക്കീല്‍ സങ്കല്‍പം പൂര്‍ണതയിലെത്തുമെന്ന് പ്രതീക്ഷിക്കാം).

ദേവരാജ പ്രതാപ വര്‍മ്മയെന്ന മലഞ്ചരക്ക് വ്യാപാരിയുടെ വേഷത്തിലാണ് മോഹന്‍ലാല്‍. കര്‍ണാടക പോലീസിന്റെ കൈയില്‍ നിന്നും അഡ്വേക്കേറ്റ് രമേഷ് നന്പ്യാര്‍ രക്ഷിച്ചെടുക്കുന്ന അരുണ്‍ കുമാറിന്റെ കൊലയാളിയുടെ വേഷത്തിലാണ് മോഹന്‍ലാലിന്റെ ദേവനെ നാം ആദ്യം കാണുന്നത്. അതിദാരുണമായി കൊല്ലപ്പെട്ട കാര്‍ത്തിക് എന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിയുടെ ജ്യേഷ്ഠനാണ് ഇയാളെന്ന് അരുണിന്റെ വീട്ടുകാരോ, കേസന്വേഷിക്കുന്ന ആന്റണി പുന്നക്കാടന്‍ ഐപിഎസോ പ്രോസിക്യൂഷന്‍ വക്കീലോ ഒന്നും അറിയുന്നില്ല. (എന്തു കോടതി, എന്ത് പോലീസ്... ഉദയനും സിബിയും എഴുതുന്നതിനു പുറകേ യുക്തിയുമായി നടക്കുന്നവനെ വളളിച്ചൂരലിന് പെടയ്ക്കണം...)

ഈ കേസില്‍ ദേവനെ ജയില്‍വിമുക്തനാക്കേണ്ട ചുമതലയും അഡ്വക്കേറ്റ് രമേഷ് നന്പ്യാര്‍ക്കാണ്.. സൂപ്പര്‍താര വക്കീലിനു മുന്നില്‍ നടപടിക്രമങ്ങളും ചട്ടങ്ങളും കാറ്റില്‍ പറക്കും. ഒന്നാം സാക്ഷി മദ്യലഹരിയിലായിരുന്നുവെന്നാണ് കോടതി മുന്പാകെ നന്പ്യാരങ്ങുന്ന് വാദിക്കുന്നത്.. തെളിവില്‍ അധിഷ്ഠിതമാണ് ഇന്ത്യയിലെ കോടതി സംവിധാനം. സാദാ വക്കീലന്മാര്‍ക്ക് അവിടെ വാദങ്ങള്‍ അവതരിപ്പിച്ചാല്‍ മാത്രം പോര, അവ സ്ഥാപിക്കാന്‍ സുശക്തമായ തെളിവും ഹാജരാക്കണം.

മദ്യലഹരിയിലാണ് ആന്റണി പുന്നക്കാടന്‍ ദേവനെ കസ്റ്റഡിയിലെടുത്തതെന്ന് ഒരു സാദാ വക്കീലാണ് വാദിക്കുന്നതെന്ന് കരുതുക. സംഭവം നടക്കുന്ന സമയത്ത് പുന്നക്കാടന്‍ മദ്യപിച്ചിരുന്നുവെന്ന് തെളിയിക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് ജഡ്ജിക്കു മുന്നില്‍ ഹാജരാക്കിയേ മതിയാകൂ.. വാദിക്കുന്നത് സാക്ഷാല്‍ മമ്മൂട്ടിയുടെ രമേഷ് നന്പ്യാരാണെങ്കില്‍ കളി മാറും. വിടുവായന്‍ പൊലീസ് ഡ്രൈവറുടെ വാചകമടിയുടെ സാക്ഷ്യം മതി, ആന്റണി പുന്നക്കാടനെന്ന ഐപിഎസ് ദൃക്‍സാക്ഷിയുടെ മൊഴി കളളമെന്ന് ജഡ്ജിക്ക് ബോധ്യം വരാനും പ്രതിയെ നിരുപാധികം വിട്ടയയ്ക്കാനും.

രാജ്യവ്യാപക ശ്രദ്ധയാകര്‍ഷിച്ച ഒരു കാന്പസ് കൊലപാതകത്തില്‍ സഹോദരനെ നഷ്ടപ്പെട്ടവനാണ്, ആ കൊലക്കേസ് പ്രതിയുടെ കൊലപാതകിയുടെ രൂപത്തില്‍ കോടതിയില്‍ നില്‍ക്കുന്നതെന്ന കാര്യം പ്രോസിക്യൂഷന്‍ വക്കീലിന് അറിയാത്തതിനു കാരണവും ഒന്നേയുളളൂ. മറുഭാഗത്ത് മമ്മൂട്ടിയുടെ വക്കീലാണ്. നിര്‍ണായക വിവരങ്ങള്‍ അദ്ദേഹത്തിന് യഥാസമയം ഓര്‍മ്മ വരുമെന്ന് മാത്രമല്ല, എതിര്‍വക്കീലിന് കൃത്യസമയത്ത് മറവിയുണ്ടാക്കാനും പോന്നവനാണ് സൂപ്പര്‍താര വക്കീല്‍. ടിയാന്‍ ഏറ്റെടുക്കുന്ന കേസുകളെല്ലാം വിജയിക്കണമെങ്കില്‍, എതിര്‍ഭാഗം വക്കീലിന് അല്‍ഷിമേഴ്സ് പോലുളള അസുഖങ്ങള്‍ ഉണ്ടായേ തീരൂ..

ട്വെന്റി20യിലെ ജാതിക്കളി

സൂപ്പര്‍താര കഥാപാത്രങ്ങളെ പൊലിപ്പിച്ച് നിര്‍ത്താന്‍ പ്രേക്ഷക ബുദ്ധിയെ നിര്‍ലജ്ജം വ്യഭിചരിക്കുന്പോഴും ജാതീയമായ അധമ ചിന്തകള്‍ പ്രസരിപ്പിക്കാന്‍ ചിത്രത്തിന്റെ ശില്‍പികള്‍ മറക്കുന്നില്ല. മുകേഷ് അവതരിപ്പിക്കുന്ന സര്‍ക്കിള്‍ ഇന്‍‍സ്പെക്ടര്‍ ജയചന്ദ്രന്‍ നായര്‍, സലിം കുമാര്‍ അവതരിപ്പിക്കുന്ന ഐപിഎസ് ഓഫീസര്‍ എന്നീ കഥാപാത്രങ്ങളിലൂടെയാണ് ഈ ചിത്രത്തിനു പിന്നിലുളളവരുടെ നീചമനസ് വെളിപ്പെടുന്നത്.

മുകേഷിന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്പോള്‍ മേശപ്പുറത്തിരിക്കുന്ന ജയചന്ദ്രന്‍ നായര്‍ എന്ന നെയിംബോര്‍ഡാണ് കാമറ ആദ്യം കാണിച്ചു തരുന്നത്. എന്തിനാണ് ഈ നായര്‍ വാലെന്ന് ആലോചിക്കുന്നവര്‍ക്ക് ഉത്തരം പിന്നാലെ കിട്ടുന്നുണ്ട്.

വേഷപ്രച്ഛന്നനായി പ്രതികളെ പിടിക്കാനിറങ്ങുന്ന ഒരു മന്ദബുദ്ധി ഐപിഎസുകാരനാണ് സലിംകുമാറിന്റെ കഥാപാത്രം. വേഷം മാറി പ്രതികളെ പിടിക്കാനിറങ്ങുന്ന മേലുദ്യോഗസ്ഥനെ കീഴുദ്യോഗസ്ഥര്‍ ആളറിഞ്ഞും അല്ലാതെയും തല്ലുന്നതിലൂടെ ഹാസ്യം ജനിപ്പിക്കുന്ന എത്രയോ ദൃശ്യങ്ങള്‍ മലയാളത്തില്‍ എത്രയോ തവണ നാം കണ്ടിട്ടുണ്ട്. ആ തല്ലുകൊളളലില്‍ ജാതി കലര്‍ത്തുന്ന പാപം ആദ്യമായി ചെയ്തതിന്റെ ബഹുമതിയാണ് സിബിയും ഉദയനും ജോഷിയും പങ്കിട്ടെടുക്കുന്നത്.

സിഐ ജയചന്ദ്രനെക്കൊണ്ട് തന്നെ സല്യൂട്ടടിച്ചതിനു ശേഷം സലിം കുമാറിന്റെ കഥാപാത്രം നടത്തുന്ന ആത്മഗതം രസകരമാണ്. ഒരു നായരെക്കൊണ്ട് സല്യൂട്ട് ചെയ്യിച്ചല്ലോ എന്ന സംതൃപ്തിയില്‍ പാവം ഐപിഎസുകാരന്‍ നടന്നു നീങ്ങുന്നു. ഐപിഎസുകാരന് ഒരു നായര്‍ കീഴുദ്യോഗസ്ഥനില്‍ നിന്ന് സല്യൂട്ട് ചോദിച്ചു വാങ്ങേണ്ട ഗതികേട് സംസ്ഥാനത്തെ പൊലീസ് സേനയില്‍ നിലനില്‍ക്കുന്ന കാര്യം ഈ ചിത്രം കണ്ടെങ്കിലും ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ തിരിച്ചറിയുമെന്നും വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും പ്രത്യാശിക്കാം.

കീഴ്‍ ജാതിക്കാരനെ സല്യൂട്ട് ചെയ്യുകയെന്ന പാതകത്തിന് പിന്നീട് സിഐ ജയചന്ദ്രന്‍ പ്രതിക്രിയ ചെയ്യുന്നുണ്ട്. ദേവരാജ വര്‍മ്മയുടെ വീട്ടില്‍ പാചകക്കാരന്റെ വേഷത്തില്‍ നില്‍ക്കുന്ന ഐപിഎസ് നരസിംഹത്തിന്റെ കരണക്കുറ്റിക്ക് അടിച്ചാണ് ചെയ്തുപോയ സല്യൂട്ട് പാപത്തിന് ജയചന്ദ്രന്‍ പ്രായച്ഛിത്തം ചെയ്യുന്നത്. ജയചന്ദ്രന്‍ നായരുടെ സല്യൂട്ടും തുടര്‍ന്നുളള നരസിംഹത്തിന്റെ ആത്മഗതവും പിന്നീടുളള കരണത്തടിയും കച്ചവട സിനിമയിലെ സ്ഥിരം കോമാളിഹാസ്യത്തിന്റെ സമവാക്യങ്ങള്‍ക്കപ്പുറത്ത് ചില അര്‍ത്ഥങ്ങള്‍ പ്രേക്ഷകരുമായി സംവദിക്കുന്നുണ്ട്. ഈ രംഗങ്ങള്‍ ആരുടെ ഉളളിലാണ് ചിരിയുണര്‍ത്തുന്നതെന്ന് ബുദ്ധിയുളള പ്രേക്ഷകന്‍ എളുപ്പം തിരിച്ചറിയും. ത്രസിച്ചു നില്‍ക്കുന്ന അസംബന്ധതയ്ക്കിടയില്‍ ഇങ്ങനെ രണ്ട് രംഗങ്ങള്‍ കൃത്യമായി ഉള്‍പ്പെടുത്തപ്പെട്ടത് തികച്ചും യാദൃശ്ചികല്ല തന്നെ.

ജാതി, പാരന്പര്യ സൂചനകള്‍ വേറെയുമുണ്ട് ചിത്രത്തില്‍. ജസ്റ്റിസ് വിശ്വനാഥ മേനോന്റെ വീട്ടുജോലിക്ക് ബ്രാഹ്മണര്‍ തന്നെ വേണമെന്നാണ് കാര്യസ്ഥന്റെ ആഗ്രഹം. സ്ഥലത്തെ ചായക്കടക്കാരനോട് ഇക്കാര്യം വ്യക്തമായിത്തന്നെ ഇയാള്‍ പറയുന്നുമുണ്ട്. ഈ ആവശ്യം കേട്ട് പൂട്ടു വര്‍ക്കി, ഓടു മുരളി തുടങ്ങിയ കളളന്മാരാണ് പൂണൂലണിഞ്ഞ് ബ്രാഹ്മണ വേഷത്തില്‍ വീട്ടു വേലയ്ക്കെത്തുന്നത്. മോഷ്ടാക്കള്‍ ബ്രാഹ്മണരല്ലെന്ന് ചിത്രത്തിന്റെ ശില്‍പികള്‍ കാണികളോട് ഉറപ്പിച്ച് പറയുന്നു. ഏത് കളളനും പൂണൂലിട്ടാല്‍ ബ്രാഹ്മണരാകാം, എന്നാല്‍ ബ്രാഹ്മണര്‍ക്ക് ഒരിക്കലും കളളന്മാരാകാന്‍ കഴിയില്ലെന്ന് സിനിമ നല്‍കുന്ന ഗുണപാഠം.

ജസ്റ്റിസ് വിശ്വനാഥ മേനോന്റെ മകള്‍ ഗൂഢമായി രമേഷ് നന്പ്യാരെ പ്രണയിക്കുന്നുണ്ട്. ജസ്റ്റിസോ രമേഷ് നന്പ്യാരോ അത് വേണ്ട സമയത്ത് അറിയുന്നില്ല. എന്നാല്‍ മകളുടെ ഭര്‍ത്താവ് ഇക്കാര്യം പറഞ്ഞ് തരം കിട്ടുന്പോഴൊക്കെ അവളെ കുത്തി നോവിക്കാറുണ്ട്. ആണത്തം കാണിക്കാനാണ് താന്‍ ഇങ്ങനെയൊക്കെ ചെയ്യുന്നതെന്ന് ഭര്‍ത്താവ് രമേഷ് നന്പ്യാരോട് വീരവാദം മുഴക്കുന്നതിന് അദ്ദേഹം പറയുന്ന മറുപടിയുടെ രത്നച്ചുരുക്കം ചില്ലിട്ട് സൂക്ഷിക്കണം.

നല്ലത് ചെയ്യുകയും പറയുകയും ചെയ്യണമെങ്കില്‍ നല്ല തന്തയ്ക്ക് പിറക്കണമെന്നാണ് രമേഷ് നന്പ്യാര്‍ ഉദ്ബോധിപ്പിക്കുന്നത്. തന്തയും തന്തയുടെ തന്തയും അയാളുടെ തന്തയുമൊക്കെ നല്ല തന്തയ്ക്ക് ജനിക്കണമത്രേ..

ഈ പറയുന്ന രമേഷ് നന്പ്യാരുടെ തന്ത, തന്തയുടെ തന്ത, അയാളുടെ തന്ത എന്നിവരുടെ വിവരങ്ങള്‍ സിനിമയില്‍ ലഭ്യമല്ല. എന്നാല്‍ അയാളുടെ കണ്‍കണ്ട ദൈവം ജസ്റ്റിസ് വിശ്വനാഥ മേനോന്റെ മകന്‍ മഹേന്ദ്രനാണ് സിനിമയുടെ അവസാനം കൊല്ലപ്പെടുന്ന വില്ലന്മാരില്‍ ഒരാള്‍. അയാളുടെ മകന്‍ അരുണ്‍ കുമാറും വില്ലനാണ്. കൊല്ലപ്പെടാനാണ് വിധിയും.

രമേഷ് നന്പ്യാരുടെ തിയറിയനുസരിച്ചാണെങ്കില്‍ കാര്യങ്ങള്‍ ഇവിടെ കീഴ്മേല്‍ മറിയും.. ഒന്നുകില്‍ അതിരറ്റ ഗുരുഭക്തിയോടെ രമേഷ് നന്പ്യാര്‍ പൂജിക്കുന്ന ജസ്റ്റിസ് വിശ്വനാഥ മേനോന്‍ നല്ലവനല്ല. അല്ലെങ്കില്‍, ജസ്റ്റിസ് വിശ്വനാഥ മേനോന്റെ മകനല്ല, മാധവന്‍. വിശ്വനാഥ മേനോന്റെ ഭാര്യയ്ക്ക് ഒളിസേവയുണ്ടായിരുന്നെന്ന വ്യംഗ്യമായ സൂചനയാണോ ഈ ഡയലോഗിലൂടെ തിരക്കഥാകൃത്തുക്കള്‍ നല്‍കുന്നതെന്നും ന്യായമായും സംശയിക്കാം. ഏതായാലും ഈ തന്ത ഡയലോഗ് ഫാന്‍സ് അസോസിയേഷന്‍ മന്ദബുദ്ധികള്‍ക്ക് പെരുത്തിഷ്ടപ്പെട്ടിട്ടുണ്ട്. മനോജ് കെ ജയനോട് മമ്മൂട്ടി ഇത് പറയുന്പോള്‍, എന്താ തീയേറ്റിലെ കയ്യടി..!!! ഓര്‍ക്കുന്പോള്‍ തന്നെ കുളിരു കേറുന്നു..

പ്രേക്ഷകന്റെ സാമാന്യബുദ്ധിയെ ഒരു സങ്കോചവുമില്ലാതെ വെല്ലുവിളിക്കുന്ന തിരക്കഥയാണ് ട്വെന്റി ട്വെന്റിയുടേത്. സുപ്രധാനമായ കഥാസന്ദര്‍ഭങ്ങള്‍ക്കൊന്നും യുക്തിയുടെയോ സുബോധത്തിന്റെയോ പിന്‍ബലമില്ല. ഈ തിരക്കഥ തയ്യാറാക്കാന്‍ സിബിയും ഉദയനും ഒന്നര വര്‍ഷം ചെലവാക്കിയെന്നാണ് ദിലീപ് സാക്ഷ്യപ്പെടുത്തുന്നത്. കലൂര്‍ ഡെന്നീസിനെയോ അന്‍സാര്‍ കലാഭവനെയോ സമീപിച്ചിരുന്നെങ്കില്‍ കുറെക്കൂടി നല്ലൊരു തിരക്കഥ ഇതിലും കുറഞ്ഞ സമയത്തിനുളളില്‍ കിട്ടിയേനെ..

മലയാളത്തിലെ ഏതാണ്ടെല്ലാ താരങ്ങളെയും നിരത്തി നിര്‍ത്തിയുളള ഈ അസംബന്ധ നാടകത്തില്‍ കയ്യടി വാങ്ങുന്നത് പക്ഷേ, മോഹന്‍ലാലും സുരേഷ് ഗോപിയുമാണ്. സഹോദരന്റെ കൊലയാളികളെ കൊന്നു കൊലവിളിക്കാന്‍ രണ്ടും കല്‍പ്പിച്ചിറങ്ങുന്ന പ്രതികാരദാഹിയായി ലാല്‍ തകര്‍ത്താടി. ആന്റണി പുന്നക്കാടന്‍ എന്ന ഐപിഎസ് ഓഫീസറായി സുരേഷ് ഗോപിയും കസറി. പോസ്റ്ററുകളില്‍ മോഹന്‍ലാലിന് പ്രാധാന്യം കുറഞ്ഞെന്നു പറഞ്ഞ് വിലപിച്ച മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍കാരാണ് അക്ഷരാര്‍ത്ഥത്തില്‍ ബ്ലീച്ചായത്. തീയേറ്ററില്‍ മുഴങ്ങുന്ന കയ്യടിയേറെയും മോഹന്‍ലാലിന്റെ ദേവന്‍ സ്വന്തമാക്കിയപ്പോള്‍ പുറത്തുണ്ടാക്കിയ പുക്കാറുകളോര്‍ത്ത് നാണമുണ്ടെങ്കില്‍ അവര്‍ ലജ്ജിച്ചിരിക്കും. (നാണമുളളവര്‍ ഫാന്‍സ് അസോസിയേഷനുണ്ടാക്കാന്‍ നടക്കുമോ എന്നാണ് ചോദ്യമെങ്കില്‍, നമ്മളീ നാട്ടുകാരനല്ല)

കുറേ ഓഞ്ഞ ഡയലോഗുകളുടെ പൊയ്ക്കാലുകളിലാണ് മമ്മൂട്ടിയുടെ രമേഷ് നന്പ്യാര്‍ നില്‍ക്കുന്നത്. അഭിനയ ജീവിതത്തില്‍ മമ്മൂട്ടി കെട്ടിയാടിയ ഒട്ടും കാന്പില്ലാത്ത, യാതൊരു വ്യക്തിത്വവുമില്ലാത്ത കഥാപാത്രം. ബാംഗ്ലൂരിലെ മെഡിക്കല്‍ കോളജില്‍ പഠിക്കുന്ന സ്വന്തം സഹോദരി കൊലക്കേസില്‍ സാക്ഷിയാകുന്നത് സര്‍വ പ്രതാപിയായ ഈ കഥാപാത്രം അറിയുന്നില്ല. അവള്‍ ബലാത്സംഗത്തിന് ഇരയാകുന്നതോ, അവളുടെ കാമുകന്‍ പൈശാചികമായി കൊല്ലപ്പെടുന്നതോ ഇയാള്‍ അറിയുന്നില്ല. എന്തിനിങ്ങനെയൊരു നപുംസക വേഷത്തിന് മമ്മൂട്ടി സമ്മതം മൂളിയെന്ന് അദ്ദേഹത്തിന്റെ ആരാധകര്‍ തന്നെ ആലോചിക്കട്ടെ.

വില്ലന്മാരെ കൊന്നൊടുക്കാനുളള ചുമതല മൂന്ന് സൂപ്പറുകള്‍ക്കായി സംവിധായകന്‍ വീതിച്ചു നല്‍കിയിട്ടുണ്ട്. രണ്ടു വില്ലന്മാരെ കൊല്ലുന്ന മോഹന്‍ലാലിനാണ് ഒന്നാം സ്ഥാനം. തൊട്ടു പുറകില്‍ ഓരോരുത്തരെ വീതം കൊല്ലുന്ന മമ്മൂട്ടിയും സുരേഷ് ഗോപിയും. എല്ലാ വില്ലന്മാരെയും മോഹന്‍ലാല്‍ തന്നെ കൊന്നാല്‍, ബാക്കിയുളളവരെന്തോന്ന് സൂപ്പര്‍താരങ്ങള്‍..?

അവതരണ ഗാനത്തിനു പുറമേ, രണ്ടു പാട്ടുകളുണ്ട് ഈ ചിത്രത്തില്‍. ഒരു പാട്ടില്‍ നയന്‍താരയുടെ തുടകള്‍ ഗംഭീരമായ അഭിനയം കാഴ്ചവെയ്ക്കുന്പോള്‍ മറ്റേപ്പാട്ടില്‍ ഭാവനയുടെ തുടകളാണ് ഭാഗ്യം പരീക്ഷിക്കുന്നത്. ഇനിയുളള ചിത്രങ്ങളില്‍ ഭാവനയുടെ വസ്ത്രത്തിന്റെ അതിര് ഇനിയും ഉയരുമെന്ന് പ്രതീക്ഷിക്കാം. വെണ്‍തുടകളുടെ മത്സരാഭിനയത്തിനിടയില്‍ ആരെങ്കിലും പാട്ടിന്റെ വരികള്‍ ഓര്‍മ്മിച്ചാല്‍ അതൊരു വലിയ ചലച്ചിത്രാത്ഭുതമായിരിക്കും.

ജോഷി ചിത്രങ്ങളിലെ ഗാന ചിത്രീകരണത്തിനായി ദിലീപും സംഘവും രാജ്യം വിടുന്പോഴൊക്കെ ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരിക്ക് "മീവല്‍ പക്ഷി"കളെ ഓര്‍മ്മ വരുന്നത് ഒരു മനോരോഗമാണോ എന്നാണ് ചലച്ചിത്ര ഗാനാസ്വാദകരുടെ സംശയം.

നായകന് തട്ടുപൊളിപ്പന്‍ ഡയലോഗുകള്‍ വീശാന്‍ പാകത്തിന് അസംബന്ധ രംഗങ്ങളൊരുക്കുക എന്നതാണ് സൂപ്പര്‍താര ചിത്രങ്ങളുടെ തിരക്കഥാരഹസ്യം. അമ്മയുടെ ബാനറില്‍ എല്ലാ സൂപ്പര്‍താരങ്ങളും അണി നിരക്കുന്ന ട്വെന്റി20 അതുകൊണ്ടു തന്നെ അസംബന്ധ സിനിമയായില്ലെങ്കിലേ അത്ഭുതമുളളൂ..