Thursday, March 26, 2009

"പീഡിപ്പി"ക്കപ്പെടുന്ന സിപിഎം

നന്മയുടെയും ആദര്‍ശത്തിന്റെയും ഫ്യൂഡല്‍ നിര്‍വചനങ്ങളിലധിഷ്ഠിതമായ അരാഷ്ട്രീയ നിലപാടുകളിലൂന്നി വര്‍ത്തമാനകാല രാഷ്ട്രീയ വെല്ലുവിളികളെ നേരിടാമെന്ന് വ്യാമോഹിക്കുന്നവരോട്, അവരെത്ര തന്നെ ബഹുമാന്യരായാലും കര്‍ക്കശമായ വിയോജിപ്പുകള്‍ രേഖപ്പെടുത്തേണ്ടതുണ്ട്. മറ്റുളളവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ പതിച്ചു നല്കുന്ന കലാപരിപാടി കൊണ്ട് സ്വന്തം അരാഷ്ട്രീയത മറച്ചു വെയ്ക്കാന്‍ കഴിയുമെന്നാണ് അവര്‍ കരുതുന്നത്. സ്വന്തം ജീവിതത്തില്‍ നിന്ന് ഭരണകൂടം ഒമ്പതു വര്‍ഷങ്ങള്‍ പിഴുതെടുത്തപ്പോള്‍ നിസഹായനായി കീഴടങ്ങേണ്ടി വന്ന അബ്ദുന്നാസര്‍ മദനിയാണ്, ആദര്‍ശ സവര്‍ണതയുടെ ഉമ്മറപ്പടിക്കു പുറത്ത് ഒരു സ്വഭാവ സര്‍ട്ടിഫിക്കറ്റിനു വേണ്ടി ദയാപൂര്‍വം കാത്തു നില്ക്കുന്നത്.

പൊന്നാനിയിലെ സ്ഥാനാര്‍ത്ഥിയുടെ പേരില്‍ ഇടതുമുന്നണിയിലെ ചില ഘടകകക്ഷികള്‍ തുടങ്ങി വെച്ചതാണ് നടപ്പുകാല ആദര്‍ശ ഡപ്പാംകുത്തിന്റെ ഒന്നാമധ്യായം. ഡോ. ഹുസൈന്‍ രണ്ടത്താണിയെ "പീഡിപ്പി"ച്ച് സന്തോഷിച്ചവരില്‍ പലരും പലപ്പോഴും പാര്‍ലമെന്റിലും നിയമസഭയിലും എന്തിന് പഞ്ചായത്ത് വാര്‍ഡുകളില്‍ വരെ പിഡിപിയടക്കമുളള ഊന്നുവടികളുടെ സഹായം തേടിയവരാണ്. അക്കഥയൊക്കെ അവിടെ നില്ക്കട്ടെ.

മുസ്ലിം സംഘടനകളുമായി സിപിഎം സഹകരിക്കാനോ സംവദിക്കാനോ മുതിരുമ്പോഴെല്ലാം ആദര്‍ശ രോഗം നമ്മുടെ സമൂഹത്തില്‍ വല്ലാതെ മൂര്‍ച്ഛിക്കാറുണ്ട്. പാകിസ്താന്‍, ലഷ്കര്‍ ഇ തോയിബ, മത തീവ്രവാദം, ദേശീയ സുരക്ഷ തുടങ്ങിയ വാക്കുകള്‍ സമര്‍ത്ഥമായി ഉപയോഗിച്ചു നടത്തുന്ന സംഘടിതമായ പ്രചരണത്തിന് അത്തരം ഘട്ടങ്ങളിലെല്ലാം കേരളം സാക്ഷ്യം വഹിക്കും. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ മുസ്ലിം സംഘടനകളെയും പാകിസ്താനുമായി കൂട്ടിക്കെട്ടുന്ന അതിസമര്‍ത്ഥമായ ഈ ആശയ പ്രചരണം അത്യന്തം അപകടകരമായ ഒരു രാഷ്ട്രീയ യാഥാര്‍ത്ഥ്യത്തെ വെളിപ്പെടുത്തുന്നു. നമ്മുടെ പൊതുമണ്ഡലത്തില്‍ മതേതരത്വത്തിന്റെ ശുഭ്രവസ്ത്രമണിഞ്ഞ് പ്രത്യക്ഷപ്പെടുന്ന പലരും ഉളളിലൊരു കാക്കി നിക്കര്‍ കൂടി അണിഞ്ഞിട്ടുണ്ട് എന്ന അപ്രിയ വാസ്തവം ഭയപ്പെടുത്തും വിധമാണ് പുറത്തു വരുന്നത്.. ആദര്‍ശ വ്യക്തിത്വമെന്ന പ്രതിച്ഛായയ്ക്ക് കോട്ടം തട്ടുമെന്ന് പേടിച്ച് മുളവടി അവര്‍ തലയണയ്ക്കടിയില്‍ ഒളിപ്പിച്ചിരിക്കുന്നുവെന്ന് വിളിച്ചു പറയാന്‍ ഇനിയെന്തിന് മടിക്കണം?

2001ലെ നിയമസഭാ തിരഞ്ഞെടുപ്പുകാലത്തും സമാനമായ ഒരു സര്‍ക്കസിന് കേരളം സാക്ഷ്യം വഹിച്ചു. അന്ന് ഐഎന്‍എല്‍ ആയിരുന്നു ഇടതുമുന്നണിയ്ക്കൊപ്പം. പിഡിപി യുഡിഎഫിനൊപ്പവും. മാതൃഭൂമിയും മനോരമയും കൊണ്ടുപിടിച്ചെഴുതിയത് ഐഎന്‍എല്‍ ബന്ധം ഇടതുമുന്നണി ഘടകകക്ഷികള്‍ക്കും അണികള്‍ക്കും ഇടയില്‍ കടുത്ത ആശയക്കുഴപ്പത്തിന് കാരണമായിരിക്കുന്നുവെന്നായിരുന്നു.. വര്‍ഗീയതയുടെ നിര്‍വചനങ്ങള്‍, മുന്‍ നിലപാടുകള്‍, പ്രമുഖരുടെ പ്രസ്താവനകള്‍, സിപിഎം നയരേഖയിലെ പ്രഖ്യാപനങ്ങളുടെ വ്യാഖ്യാനങ്ങള്‍.. പത്രലേഖകര്‍ക്ക് പിടിപ്പതു പണിയായിരുന്നു അന്ന്. വാ പോയ കോടാലികളും മൂടില്ലാത്താളികളും അന്നും പ്രതികരണ മാമാങ്കത്തില്‍ ചാവേറുകളായി ഉറഞ്ഞു തുളളി.

മറുവശത്ത് യുഡിഎഫും പിഡിപിയും തമ്മിലുണ്ടാക്കിയ തെരഞ്ഞെടുപ്പു ധാരണ ആരിലും ആശങ്കയുണ്ടാക്കിയില്ല. പിഡിപിയുടെ പിന്തുണ ചില മണ്ഡലങ്ങളില്‍ യുഡിഎഫിന് ഗുണം ചെയ്യുമെന്നാണ് 2001 ഏപ്രില്‍ 19 വ്യാഴാഴ്ച പുറത്തിറങ്ങിയ മാതൃഭൂമി പ്രവചിച്ചത്. മറുവശത്ത്, ഇടതുമുന്നണിക്ക് ഐഎന്‍എല്‍ നല്കുന്ന പിന്തുണ ഇന്ത്യയുടെ സുരക്ഷയ്ക്കും കേരളത്തിന്റെ മതേതര ഘടനയ്ക്കും ഏല്‍പ്പി‍‍ക്കുന്ന പരിക്കുകളെക്കുറിച്ചുളള ഉപന്യാസങ്ങള്‍ നിറഞ്ഞു. ശരത്ചന്ദ്രപ്രസാദും സി എം പി നേതാവ് സി പി ജോണും കോയമ്പത്തൂര്‍ ജയിലില്‍ മദനിയെ സന്ദര്‍ശിച്ചാണ് പിന്തുണ സംഘടിപ്പിച്ചതെന്നും പത്രങ്ങളെഴുതി.

ആലോചിക്കുക. അന്ന് മദനി കുറ്റവിമുക്തനാക്കപ്പെട്ടിട്ടില്ല. ഭയപ്പെടുത്തുന്ന ആരോപണങ്ങള്‍ക്ക് വിധേയനായി ജയിലില്‍ പാര്‍ക്കുന്ന ഒരു "വര്‍ഗീയ ഭീകരനെ" നേരില്‍ കണ്ടു പിന്തുണയുറപ്പിക്കാന്‍ തെല്ലും ലജ്ജയുണ്ടായില്ല, യുഡിഎഫിന്റെ നേതാക്കള്‍ക്ക്. എന്തു ധൈര്യത്തിലാണ് നിങ്ങള്‍ മദനിയുടെ പിന്തുണ തേടുന്നതെന്ന് കോണ്‍ഗ്രസുകാരോട് ചോദിക്കാന്‍ ഒരു ചാനല്‍ കൊടിച്ചിയ്ക്കും നാവു പൊന്തിയില്ല.

2001ലെ മദനിയല്ല ഇന്നത്തെ മദനി. കുറ്റക്കാരനല്ലെന്ന് കോടതി വിധിച്ച മദനിയാണ് ഇടതുമുന്നണിയെ പിന്തുണയ്ക്കുന്നത്. 2001ല്‍ പിഡിപിക്കാരനെ കഴക്കൂട്ടത്ത് സ്ഥാനാര്‍ത്ഥിയാക്കാന്‍ എ കെ ആന്റണിയുടെ കോണ്‍ഗ്രസ് തീരുമാനിച്ചെങ്കില്‍, ഇന്ന് ഒരു പിഡിപിക്കാരനും ഇടതുമുന്നണിയുടെ സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ പ്രച്ഛന്ന വേഷത്തിലില്ല. തലച്ചോറില്‍ വിഷം പടരാത്ത ആര്‍ക്കും ബോധ്യപ്പെടുന്ന തെളിമയാര്‍ന്ന യാഥാര്‍ത്ഥ്യം.

പിഡിപിയുടെ ഏതെങ്കിലും തലത്തിലുളള നേതാവോ പ്രവര്‍ത്തകനോ അല്ല പൊന്നാനിയിലെ ഇടതുസ്ഥാനാര്‍ത്ഥി ഡോ. ഹുസൈന്‍ രണ്ടത്താണി. ഏതെങ്കിലും പിഡിപി നേതാവിന്റെ ബന്ധുത്വമല്ല, അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്ത്വത്തിന് കാരണമായത്. രാഷ്ട്രീയ വിശ്വാസത്തിന്റെ ഭൂതകാലം പരിശോധിച്ചാല്‍ അദ്ദേഹം മുസ്ലിംലീഗിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ എംഎസ്എഫിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. ലഷ്കര്‍ ഇ തോയിബയുടെയോ ഹിസ്‍ബുള്‍ മുജാഹിദ്ദീന്റെയോ അനുയായിയോ അനുകൂലിയോ ആണ് ഹുസൈന്‍ രണ്ടത്താണിയെന്ന് ഇന്നോളം ആരോപിക്കപ്പെട്ടിട്ടോ തെളിയിക്കപ്പെട്ടിട്ടോ ഇല്ല. കേരളത്തിലെ ഇരുപതു മണ്ഡലങ്ങളിലുമായി ജനവിധി തേടുന്ന പരശതം സ്ഥാനാര്‍ത്ഥികളില്‍ യോഗ്യതയിലും അര്‍ഹതയിലും ആരെക്കാളും മുന്നിലാണ് ഡോ. രണ്ടത്താണി.

ചരിത്രകാരന്‍, പ്രസംഗകന്‍, എഴുത്തുകാരന്‍, സാമൂഹ്യപ്രവര്‍ത്തകന്‍, സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പഠിക്കാന്‍ കേരള സര്‍ക്കാര്‍ നിയോഗിച്ച പാലോളി കമ്മിറ്റി അംഗം, കലിക്കറ്റ് യൂണിവേഴ്സിറ്റി ബോര്‍ഡ് ഓഫ് ഇസ്ളാമിക് സ്റ്റഡീസ് ചെയര്‍മാന്‍, സംസ്ഥാന സര്‍ക്കാരിന്റെ ഇസ്ളാമിക് ഹിസ്റ്ററി ടെക്സ്റ്റ് ബുക്ക് കമ്മിറ്റി ചെയര്‍മാന്‍, സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് മൈനോറിറ്റി എഡ്യൂക്കേഷന്‍ കോ-ഓര്‍ഡിനേറ്റര്‍, മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക സമിതി അംഗം എന്നിങ്ങനെ വിവിധ മേഖലകളില്‍ നിറഞ്ഞു നില്ക്കുന്ന വ്യക്തിത്വം.

മലബാറിലെ മുസ്ലിങ്ങളെക്കുറിച്ച് നടത്തിയ ഗവേഷണത്തിന് ഡോ. സി കെ കരീം അവാര്‍ഡ്, അവരുടെ സാമൂഹ്യ ജീവിതത്തെക്കുറിച്ചുളള ഗവേഷണത്തിന് കോഴിക്കോട് സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ്, പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തെക്കുറിച്ചുളള പഠനത്തിന് അലിഗഡ് സര്‍വകലാശാലയില്‍ നിന്ന് ഡിപ്ലോമ, ടികെഎം ആര്‍ട്ട്സ് കോളെജില്‍ തുടങ്ങി മണ്ണാര്‍ക്കാട് എംഇഎസ് കല്ലടി കോളെജ്, കോഴിക്കോട് സര്വകലാശാല എന്നിവിടങ്ങളില്‍ അധ്യാപകന്‍, വളഞ്ചേരി എംഇഎസ് കോളെജിന്റെ പ്രിന്‍സിപ്പല്‍, അങ്ങനെ നീളുന്ന അക്കാദമിക് നേട്ടങ്ങളും അധ്യാപന പരിചയവും. ഇതുവരെ എഴുതിയ പുസ്തകങ്ങളുടെ എണ്ണം 13.

മൈക്കിനു മുന്നില്‍ തീവ്രവാദം തുപ്പുന്ന, യുവതയുടെ രക്തത്തിലും മജ്ജയിലും വര്‍ഗീയതയുടെ മോര്‍ഫിന്‍ കുത്തിവെയ്ക്കുന്ന ഏതെങ്കിലും ഒരു മതമൗലിക വാദിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന പിഡിപിയുടെ ശാഠ്യത്തിന് സിപിഎം നല്കുന്ന താത്വിക ന്യായീകരണമല്ല പൊന്നാനിയില്‍ കാണുന്നത്. സ്വന്തം പാര്‍ട്ടി നേതാക്കളെയോ അവരുടെ ബന്ധുക്കളെയോ സ്വതന്ത്രവേഷം കെട്ടിച്ച് പൊന്നാനിയില്‍ എഴുന്നെള്ളിക്കുന്നത് അംഗീകരിച്ചു തന്നാല്‍, ബാക്കിയുളള പത്തൊമ്പതു മണ്ഡലത്തിലും ഇടതുമുന്നണിയെ പകരം സഹായിക്കാമെന്നൊരു വാഗ്ദാനവും പിഡിപി മുന്നോട്ടു വെച്ചിട്ടില്ല.

ലോകത്തെവിടെയെങ്കിലും നടന്ന വര്‍ഗീയ കലാപങ്ങളെ ഏതെങ്കിലും തരത്തില്‍ അനുകൂലിച്ചോ സഹായിച്ചോ ഒരു നിലപാട് ഡോ. രണ്ടത്താണി സ്വീകരിച്ചിട്ടുണ്ടെന്ന് ആരും ആരോപിച്ചിട്ടില്ല. ഇടതുമുന്നണിയുടെ ചെലവില്‍ അങ്ങനെയൊരാളെ പിഡിപി പാര്‍ലമെന്റിലെത്തിക്കാന്‍ ശ്രമിക്കുന്നുവെന്ന് തലയ്ക്കു വെളിവുളള ആരും പറയുകയുമില്ല.

എന്നിട്ടും ഇടതു മുന്നണി പിഡിപിയോട് തൊട്ടുകൂടായ്മ കാണിക്കണമെന്നാണ് വാശിയെങ്കില്‍ അതിന്റെ കാരണവും പരിശോധിക്കപ്പെടണം. നിലപാടുകളുടെ സംഘര്‍ഷമാണ് രാഷ്ട്രീയപ്പോരാട്ടത്തില്‍ നടക്കുന്നതെന്ന് തിരിച്ചറിയുന്നവരുടെ മുന്നില്‍ തൊട്ടുകൂടായ്മയുടെ ശാഠ്യങ്ങള്‍ക്ക് വലിയ പ്രസക്തിയൊന്നുമില്ല. ആലോചനയും വിവേകവുമില്ലാതെ മദനിയ്ക്കെതിരെ എയ്തുവിടുന്ന ശകാര പദങ്ങളുടെ പ്രത്യയശാസ്ത്രം മനുവിന്റെ താളിയോലകളിലാണ് കാലൂന്നിയിരിക്കുന്നതെന്ന് എന്നെങ്കിലും അവര്‍ക്കു മനസിലാകുമോ ആവോ? അയിത്തം സാധ്യമാക്കിയ അതേ സാമൂഹ്യവ്യവസ്ഥയുടെ സ്വാധീനത്തിലാണ് പലരും ആദര്‍ശ സാവര്‍ണ്യത്തിന്റെ ആറാം തമ്പുരാന്മാരാകുന്നത്.

അയിത്തം രൂപപ്പെടുത്തിയ അധികാരഘടനയെ ഉളളാലെ താലോലിച്ച്, മുസ്ലിം ന്യൂനപക്ഷം രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേയ്ക്ക് പ്രവേശിക്കുന്നത് അപഹസിച്ചും പരിഹസിച്ചും കണ്ണുരുട്ടിയും ശാപവാക്കുകളുതിര്‍ത്തും തടയാന്‍ ശ്രമിക്കുന്നവര്‍ സംഘപരിവാറിനെയാണ് സഹായിക്കുന്നത്.

ശരിയാണ്. തീവ്രമായ മതസ്വത്വബോധത്തിന്റെ ചരിത്രപാരമ്പര്യം ഉള്‍ക്കൊളളുന്ന ഇസ്ലാം മതവിശ്വാസികളിലൊരു ഭാഗം തീവ്രവാദത്തിന്റെ അപകടകരമായ പാത തിരഞ്ഞെടുക്കുന്നത് ലോകമെങ്ങുമുളള സമാധാന പ്രേമികളെ ആശങ്കപ്പെടുത്തുന്നതു തന്നെയാണ്. ശാന്തിയും സമാധാനവും പുലരുന്നൊരു ലോകക്രമത്തിന്റെ ഒന്നാം നമ്പര്‍ ശത്രുവാണ് മത തീവ്രവാദം. ഉയിരുകൊടുത്തു ചെറുക്കേണ്ട കൊടും വിപത്ത്.

എന്നുവെച്ച്, ഒരിക്കല്‍ തീവ്രവാദിയായവന്‍ ജീവിതത്തിലൊരുകാലത്തും മാനസാന്തരപ്പെടരുതെന്നും രാഷ്ട്രീയത്തിന്റെ പൊതുമണ്ഡലത്തില്‍ പ്രവേശിച്ചു കൂടെന്നും ശഠിക്കുന്നതും നിഷ്കളങ്കമായ നിലപാടല്ല. രാഷ്ട്രീയ നിലപാടുകളിലെ ആദര്‍ശം തെളിയിക്കാന്‍ വഴിയും അതല്ല.

അത്തരം ശാഠ്യങ്ങളുമായി നടക്കുന്നവരുടെ ഉപബോധ മനസിലിപ്പോഴും തൊട്ടുകൂടായ്മയുടെ തമോഗര്‍ത്തങ്ങളുണ്ട്. മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ വഴി തിരഞ്ഞെടുക്കുന്നവരുടെ എണ്ണം കൂട്ടുകയാണ് ഇടതുപക്ഷത്തിന്റെ ഉത്തരവാദിത്വം. അങ്ങോട്ട് കടന്നു വരുന്നവരെ ആട്ടിയോടിക്കലല്ല.

മൃദു ഹിന്ദുത്വത്തിന്റെ പ്രചാരകരായ മാധ്യമങ്ങള്‍ എത്ര കണ്ടില്ലെന്നു നടിച്ചാലും മാഞ്ഞു പോകാത്ത മറ്റൊരു സത്യമുണ്ട്. ഭീകരതയുടെ ഏത് അളവു കോലു വെച്ചളന്നാലും, കല്ലിന്മേല്‍ കല്ലു ശേഷിക്കാതെ ബാബറി പളളി പൊളിച്ചടുക്കാന്‍ നേതൃത്വം നല്കിയ അദ്വാനിക്കും ഗുജറാത്തില്‍ ഹീനമായ നരമേധം നടത്തിയ മോഡിയ്ക്കും കാതങ്ങള്‍ പിന്നിലേ വരൂ, മദനിയെന്ന വികലാംഗന്‍.

ഗുജറാത്തും ഒറീസയുമൊക്കെ ആകസ്മിക സംഭവങ്ങളുടെ പേരിലല്ല ചരിത്രത്തില്‍ ഇടം നേടിയിരിക്കുന്നത്. ഹിന്ദു ഫാസിസത്തിന്റെ രാഷ്ട്രീയ പരീക്ഷണ ശാലകളില്‍ അമ്ലപരിശോധനയ്ക്ക് വിധേയമായത് ഹിറ്റ്ലറുടെയും മുസോളനിയുടെയും പ്രത്യയശാസ്ത്രമാണ്. കഴിക്കാനുളള ഭക്ഷണവും ധരിക്കേണ്ട വസ്ത്രവും ഉരുവിടേണ്ട പ്രാര്‍ത്ഥനയും നാഗപ്പൂരില്‍ തീരുമാനിക്കുമെന്ന് ഗര്‍ജിക്കുന്നവരെ കണ്ടില്ലെന്നു നടിച്ചിട്ടാണ് മദനിയുടെ പിന്നാലെ ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റുകള്‍ പടയ്ക്കിറങ്ങുന്നത്.

വിദ്വേഷത്തീയാളുന്ന പ്രഭാഷണ വൈദഗ്ധ്യമാണ് മദനിയെ തടവറയിലെത്തിച്ചതെങ്കില്‍, വിമോചിതനായ മദനിയുടെ മുഖത്ത് പീഡിതന്റെ ദൈന്യമാണ്. ഒരു കുറ്റവും തെളിയിക്കാനാവാതെയാണ് നീണ്ട ഒമ്പതു വര്‍ഷത്തിനു ശേഷം മദനിയെ ജയിലില്‍ നിന്ന് തുറന്നു വിട്ടത്. നാണിച്ചു ചൂളിയത്, "ആയിരം അപരാധികള്‍ രക്ഷപെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത്" എന്ന പൈങ്കിളിപ്പാട്ടും. രാജ്യദ്രോഹം, വിദ്വേഷ പ്രചരണം, ക്രിമിനല്‍ ഗൂഡാലോചന എന്നിവയൊന്നും കോടതിയ്ക്കു മുന്നില്‍ സംശയരഹിതമായി തെളിയിക്കാന്‍ കഴിയാതെ ഇളിഭ്യരായി നിന്നത് ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന അന്വേഷണ സംഘങ്ങളാണ്.

മദനിയുടെ ജീവിതത്തില് നിന്ന് ഭരണകൂടം കവര്‍ന്നെടുത്ത ഒമ്പതു വര്‍ഷങ്ങള്‍ക്ക് പകരമായി ഒരു സമാശ്വാസവും ഈ സമൂഹത്തിന് തിരികെ നല്കാനാവില്ല. ഹൃദയമിടിപ്പില്‍ സാമൂഹ്യനീതിയുടെ തുടിപ്പുളള ഓരോ മനുഷ്യന്റെയും മനസാക്ഷിക്കോടതിയില്‍ മദനി വാദിയും ഭരണകൂടം പ്രതിയുമാണ്. നീതിബോധത്തിന്റെ കാരുണ്യമത്രയും അര്‍ഹിക്കുന്നുണ്ട് മദനി. തീവ്രദേശീയതയുടെ സ്ഥിരം വാചാടോപങ്ങളൊന്നും ഈ വികലാംഗന്റെ ദുരനുഭവത്തിനു മുന്നില്‍ വിലപ്പോവില്ല.

മദനി നേരിട്ട അനീതി പൊതുസമൂഹത്തിന്റെ പരിഗണനയ്ക്കു മുന്നിലെത്തിക്കാന് ഏറ്റവുമധികം ബാധ്യതയുളളത് ഇടതുപക്ഷത്തിനാണ്. ഭരണവ്യവസ്ഥയുടെ പഴുതുകള്‍ ചൂണ്ടിക്കാട്ടാനും പരിഹരിക്കാന്‍ ശ്രമിക്കാനും രാഷ്ട്രീയ ചുമതലയുളളവരാണ് ഇടതുപക്ഷം. സമരമുഖങ്ങളിലേയ്ക്ക് ഭരണകൂടം അഴിച്ചുവിട്ട അറുകൊലകളുടെ താണ്ഡവത്തിന് പലതവണ ഇരയായിട്ടുണ്ട് ഇടതുപക്ഷ പ്രവര്‍ത്തകര്‍. സിംഹക്കരുത്തോടെ ഭരണവ്യവസ്ഥയെ വിഴുങ്ങാന്‍ മൂലധനശക്തികള്‍ പാഞ്ഞടുക്കുന്ന ഇക്കാലത്ത് അവര്‍ക്കെതിരെ ആര്‍ജവമുളള ചെറുത്തു നില്‍പ്പിന് തുനിഞ്ഞിറങ്ങുന്ന ഓരോ പൊതുപ്രവര്‍ത്തകനും മദനി ഒരു മുന്നറിയിപ്പാണ്.

അതു മറന്നു കൊണ്ട്, ഡോ.ഹുസൈന്‍ രണ്ടത്താണിയ്ക്ക് മദനിയുടെ പാര്‍ട്ടിക്കാര്‍ വോട്ടു ചെയ്താല്‍ ആദര്‍ശം ആവിയാകുമെന്നും അനീതിയുടെ അമ്ലമഴ പെയ്യുമെന്നും വാദിച്ചുറപ്പിക്കാന്‍ എന്തൊരുത്സാഹമാണ് ചിലര്‍ക്ക് തിരഞ്ഞെടുപ്പു കാലത്ത് അനിവാര്യമായി പാലിക്കേണ്ട ഔചിത്യബോധത്തെ രാഷ്ട്രതലസ്ഥാനത്ത് കുഴിച്ചിട്ട് മൂടില്ലാത്താളികള്‍ ഗര്‍ജിക്കുമ്പോള്‍, പ്രബുദ്ധ കേരളമേ, തലയറഞ്ഞു ചിരിക്കുക.

രണ്ടത്താണിയെ പിഡിപി പിന്തുണച്ചാല്‍ ഇടതിന്റെ ആദര്‍ശം കപ്പലു കയറി ബിലാത്തിയ്ക്കു പോകുമെന്നാണ് നിലവിളി. വര്‍ഗീയതയില്‍ പിഡിപി മുങ്ങിക്കുളിച്ചു നില്ക്കുന്നാരോപിക്കപ്പെട്ട കാലത്താണ് സാക്ഷാല്‍ പൂന്തുറ സിറാജിന്റെ പിന്തുണയോടെ സിപിഎം നേതാവ് വി ശിവന്‍കുട്ടി തിരുവനന്തപുരം മേയറായത്. പൂന്തുറ സിറാജിന്റെ പിന്തുണയില്‍ ഡെപ്യൂട്ടി മേയര്‍ പദത്തിലിരിക്കാന്‍ സിപിഐ നേതാവിനുമില്ലായിരുന്നു ജാള്യവും ആദര്‍ശനിഷ്ഠയില്‍ നിന്നുദിച്ച അപരാധ ബോധവും. അന്നുണ്ടാകാത്ത ഏത് ഭൂകമ്പവുമാണ് ഇനി കേരളത്തില്‍ ഉണ്ടാകാന്‍ പോകുന്നത്?

വീല്‍ചെയറില്‍ രാഷ്ട്രീയ പ്രചരണത്തിനിറങ്ങുന്ന മദനി എതിര്‍ചേരിയില്‍ വിതയ്ക്കുന്നത് ആശങ്കയുടെ അണുബോംബാണ്. അത്യുജ്ജലമായ പ്രഭാഷണ ശേഷിയാണ് ആ നാവില്‍ കുടികൊള്ളുന്നത് സ്വന്തം ഭരണകൂടത്താല്‍ ഒമ്പതു വര്‍്ഷം പീഡിപ്പിക്കപ്പെട്ട ഒരു പൗരനു മേല്‍ അവന്റെ സമുദായവും സമൂഹവും ചൊരിയുന്ന സഹാനുഭൂതിയും കാരുണ്യവും അളവറ്റതാണ്. അതു മുഴുവന്‍ വോട്ടായി മാറിയാലെന്തു സംഭവിക്കുമെന്ന ചിന്ത രമേശ് ചെന്നിത്തലയുടെയും ഉമ്മന്‍ചാണ്ടിയുടെയും ഉറക്കം കെടുത്തും, ഉറപ്പ്. അത് നമുക്കു മനസിലാക്കാവുന്നതേയുളളൂ. അതുകൊണ്ടു തന്നെ എതിര്‍പ്പിന് ന്യായീകരണവുമുണ്ട്.

പക്ഷേ മറുവശത്തോ? ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും വലിയ ആദര്‍ശശാലിയാര് എന്ന് തെളിയിക്കാനുളള ആക്രാന്തം മൂത്ത് ദിനം പ്രതി അബ്ദുന്നാസര്‍ മദനിയ്ക്ക് ഭീകരവാദി സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുന്ന മത്സരത്തിരക്കിലാണ് മറുവശത്ത് ചിലര്‍‍.. മദനി ആര്‍ക്കാണ് വോട്ടു ചെയ്യേണ്ടതെന്നും ആരെയാണ് പിന്തുണയ്ക്കേണ്ടതെന്നും തങ്ങളാണ് തീരുമാനിക്കുന്നതെന്ന് അവര്‍ പറയാതെ പറയുന്നു, ഭാവിക്കുന്നു. അങ്ങനെയങ്ങ് വകവെച്ചു കൊടുക്കാനാവില്ല, ആ ധാര്‍ഷ്ട്യം. സ്വന്തം ഭൂതകാലം മറന്നു കൊണ്ട് മദനിയുടെ പേരില്‍ കോലംതുളളുന്ന ആദര്‍ശ സവര്‍ണതയുടെ വാദമുഖങ്ങള്‍ക്ക് മതേതര കേരളത്തില്‍ സ്ഥാനമില്ലതന്നെ.

വീണ്ടും നമുക്ക് 2001ലേയ്ക്ക് മടങ്ങാം. അന്ന് ഐഎന്‍എല്ലുമായി സിപിഎം ഉണ്ടാക്കിയ തിരഞ്ഞെടുപ്പു ധാരണയുടെ പേരില്‍ തീവ്രവാദ ഭീഷണി പടര്‍ത്താന്‍ ശ്രമിച്ച മാധ്യമങ്ങള്‍ ഉത്തരം പറയേണ്ട ചോദ്യങ്ങളുണ്ട്. സിപിഎമ്മിനെ മറയാക്കി ഐഎന്‍എല്ലുകാര്‍ എത്ര വര്‍ഗീയ കലാപങ്ങള്‍ കേരളത്തില്‍ സംഘടിപ്പിച്ചെന്ന് മനോരമയും മാതൃഭൂമിയും ജനങ്ങളോട് തുറന്നു പറയണം. സിപിഎം സഖ്യത്തിന്റെ ചെലവില്‍ എത്ര ബോംബു സ്ഫോടനങ്ങള്‍ ഐഎന്‍എല്ലുകാര്‍ കേരളത്തില്‍ നടത്തിയിട്ടുണ്ടെന്നും അവര്‍ വെളിപ്പെടുത്തണം. അത്തരമൊരു മൂല്യവിചാരണയ്ക്കുളള സത്യസന്ധത ഈ മാധ്യമങ്ങളുടെ നടത്തിപ്പുകാര്‍ക്കില്ലെന്ന് അനുഭവം നമ്മോട് പറയുന്നു.

യോജിക്കാവുന്ന മേഖലകള്‍ കണ്ടെത്തി രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പരസ്പരം സഹകരിക്കുന്നത് ലോക ചരിത്രത്തിലെ ആദ്യ സംഭവമൊന്നുമല്ല. ചലനാത്മകമായ രാഷ്ട്രീയ ബോധത്തിന് നേരിടാനുളളത് വര്‍ത്തമാനകാലത്തെ വെല്ലുവിളികളെയാണ്. വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ കെല്‍പ്പില്ലാത്ത ഒരു രാഷ്ട്രീയപ്രസ്ഥാനവും കാലത്തിന്റെ കടുത്ത പരീക്ഷണങ്ങളെ അതിജീവിക്കില്ല.അയിത്താചരണത്തിന് രാഷ്ട്രീയത്തില്‍ സ്ഥാനമൊന്നുമില്ല.

അടിയന്തരാവസ്ഥയും ഭരണാധികാരിയുടെ അമിതാധികാര വാഞ്ചയും ജനാധിപത്യത്തിനേല്‍പ്പിക്കുന്ന പരിക്കാണോ, ആര്‍എസ്എസ് ഉയര്‍ത്തുന്ന ഭീഷണിയാണോ ആദ്യം ചെറുക്കേണ്ടത് എന്ന ചോദ്യത്തിന് ഉത്തരം കാണാന്‍ ഒരു സൈദ്ധാന്തിക വൈഷമ്യവും സിപിഎം നേരിട്ടില്ല. പൗരാവകാശം ഹനിക്കാന്‍ തുനിഞ്ഞിറങ്ങിയ ഇന്ദിരാ ഗാന്ധിയ്ക്കെതിരെ ആര്‍എസുഎസുമായി സഹകരിച്ചു പ്രവര്‍ത്തിക്കേണ്ട ഘട്ടത്തെ മനസാക്ഷിക്കുത്തില്ലാതെ അഭിമുഖീകരിച്ച സിപിഎമ്മിന് മദനിയുടെ പേരില്‍ പശ്ചാത്തപിക്കേണ്ടി വരില്ല. ഉറപ്പ്.

ഒമ്പതു വര്‍ഷങ്ങള്‍ക്കു മുമ്പ് മദനി നടത്തിയ പ്രസംഗം ഓര്‍‍മ്മിപ്പിക്കുന്നവര്‍ മറന്നു പോകുന്നത് പാഠപുസ്തക വിവാദകാലത്ത് മദനി കൈക്കൊണ്ട മതനിരപേക്ഷ നിലപാടാണ്. സെക്കുലര്‍ മുസ്ലിമിന്റെ കുത്തകയഹങ്കരിക്കുന്ന മുസ്ലിംലീഗുകാരുടെ ചവിട്ടേറ്റ് ഒരു പ്രധാനാധ്യാപകന്‍ കൊല്ലപ്പെട്ട ആ സമര കാലത്ത്, പാഠപുസ്തകത്തിനെതിരെയുളള അനാവശ്യ സമരമാണ് യഥാര്‍ത്ഥ മതനിന്ദയെന്ന് തുറന്നടിച്ച മദനിയെ ആര്‍ക്കാണ് മറക്കാനാവുക? അതിനപ്പുറം എങ്ങനെയാണ് മദനി മതേതര മനസാക്ഷിയുടെ കോടതിയില്‍ തന്റെ ആര്‍ജവം തെളിയിക്കേണ്ടത്?

മദനിയെ വിലയിരുത്തുമ്പോള്‍ ഏതൊക്കെ പരിഗണിക്കണം, ഏതൊക്കെ അവഗണിക്കണം എന്ന് തീരുമാനിക്കുന്നതും ആരാണ്? ആദര്‍ശത്തിന്റെ ഡിക്ടേറ്റര്‍ഷിപ്പ് ആര്‍ക്കും പതിച്ചു കൊടുത്തിട്ടില്ലല്ലോ നമ്മുടെ ഭരണഘടന. പൂര്‍വകാല പ്രവര്‍ത്തനങ്ങളില്‍ പലതിനെയും കുറിച്ച് താന്‍ പശ്ചാത്തപിക്കുന്നുവെന്ന് മദനി തുറന്നു പറഞ്ഞപ്പോള്‍ മതേതര വിശ്വാസികളുടെ കര്‍ണപടങ്ങളില്‍ ആശ്വാസത്തിന്റെ പനിനീര്‍മഴയാണ് പെയ്തത്. പൊതുസമൂഹത്തിന്റെ രാഷ്ട്രീയധാരയുമായി സമരസപ്പെടാനും അവകാശങ്ങള്‍ക്കു വേണ്ടിയും അടിച്ചമര്‍ത്തലുകള്‍ക്കെതിരെയും ഉളള പോരാട്ടം ജനാധിപത്യ മാര്‍ഗങ്ങളില്‍ തുടരാനും തീരുമാനിച്ചവനെ ഒപ്പം ചേര്‍ക്കാനേ ഉത്തരവാദിത്തപ്പെട്ട ഏത് രാഷ്ട്രീയ പ്രസ്ഥാനത്തിനും കഴിയൂ. അയാള് കഠോരമായ നീതിനിഷേധത്തിന്റെ വിങ്ങലുകള്‍ അനുഭവിക്കുമ്പോള്‍ പ്രത്യേകിച്ചും.

അല്ലാതെ, ജനാധിപത്യവും ആദര്‍ശവുമൊക്കെ ഞങ്ങള്‍ക്കു മാത്രമായി തീറെഴുതിക്കിട്ടിയ സൗഭാഗ്യങ്ങളാണെന്നും ജന്മനാ തീവ്രവാദിയായി പിറന്ന നിങ്ങളൊക്കെ അങ്ങനെ തന്നെ ജീവിച്ചു മരിക്കണമെന്നും പറയുന്നവരോട്, കൈയിലിരിക്കുന്ന കൊടി പതിയെ കാവിയായി മാറുന്നത് തിരിച്ചറിയുന്നില്ലേയെന്ന് സ്നേഹപൂര്‍വം ഈ തെരഞ്ഞെടുപ്പുകാലത്ത് നമുക്കു ചോദിക്കാം.