Wednesday, April 15, 2009

അഴുകിയൊലിക്കട്ടെ, ഈ നാവുകള്‍...

അഭിസാരികയ്ക്ക് നാണം അനാവശ്യഗുണമാണെന്ന് പറഞ്ഞത് സാക്ഷാല്‍ ചാണക്യനാണ്. വര്‍ഗീയ വിദ്വേഷം വമിക്കുന്ന കുപ്രചരണങ്ങള്‍ ഒരുളുപ്പുമില്ലാതെ തിരഞ്ഞെടുപ്പുകാലത്ത് പ്രചരിപ്പിക്കുന്നവരെ അഭിസാരികമാരോട് ഉപമിച്ചാല്‍ അവര്‍ നാണിച്ചു ചൂളും. മുന്‍കാല പ്രാബല്യത്തോടെ ചാണക്യന്‍ തന്റെ സൂക്തം പിന്‍വലിക്കും. മദ്രസാ അധ്യാപകരുടെ പെന്‍ഷനുമായി ബന്ധപ്പെട്ട് കേരളത്തില്‍ നടക്കുന്ന അതിരൂക്ഷമായ വിദ്വേഷ പ്രചരണം നാണം, മാനം, അന്തസ്, സദാചാരം എന്നീ വാക്കുകളുടെ അര്‍ത്ഥങ്ങളെയാകെ വെല്ലുവിളിക്കും മട്ടില്‍ ആളിക്കത്തുകയാണ്.

സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പഠിച്ച് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ പാലൊളി മുഹമ്മദ് കുട്ടിയുടെ നേതൃത്വത്തില്‍ രൂപം നല്‍കിയ കമ്മിറ്റിയുടെ നിര്‍ദ്ദേശമനുസരിച്ചാണ് മദ്രസാ അധ്യാപകര്‍ക്ക് നാലായിരം രൂപാ പെന്‍ഷന്‍ കിട്ടുന്ന ഒരു പദ്ധതിയ്ക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ രൂപം നല്‍കിയത്. ഈ പദ്ധതിയെ, "സര്‍ക്കാര്‍ ഖജനാവ് മുസ്ലിങ്ങള്‍ക്കു മുന്നില്‍ തുറന്നിട്ടുകൊടുത്തിരിക്കുന്നുവെന്ന്" വിശേഷിപ്പിച്ചാണ് സംഘപരിവാര്‍ കേരളീയ സമൂഹത്തില്‍ വര്‍ഗീയ ചേരിതിരിവിന് ശ്രമിക്കുന്നത്. കര്‍ഷകത്തൊഴിലാളി പെന്‍ഷനെ മദ്രസ അധ്യാപക പെന്‍ഷനുമായി താരതമ്യപ്പെടുത്തുക എന്ന അതിസാഹസവും അവര്‍ നടത്തുന്നുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അടിത്തറയായ കര്‍ഷകത്തൊഴിലാളികള്‍ക്ക് വെറും 250 രൂപ പെന്‍ഷന്‍ നല്‍കുമ്പോള്‍ "മുക്രികള്‍ക്ക്" നാലായിരം രൂപ പെന്‍ഷന്‍ എന്ന മട്ടിലാണ് അട്ടഹാസത്തിന്റെ ഈണവും താളവും.

ശുദ്ധഗതിക്കാര്‍ വളരെ പെട്ടെന്ന് ഈ പ്രചരണത്തില്‍ വീഴുമെന്ന് അട്ടഹസിക്കുന്നവര്‍ക്കറിയാം. പ്രചരണത്തിന്റെ ശരിതെറ്റുകള്‍ വിലയിരുത്തി തീരുമാനത്തിലെത്തിച്ചേരാന്‍ കഴിയുന്നത് നന്നേ ചുരുങ്ങിയ ന്യൂനപക്ഷത്തിനാണ്. വാര്‍ത്തയെ അടിസ്ഥാനമാക്കി അഭിപ്രായം സ്വരൂപിക്കുന്ന തിരക്കില്‍ വാര്‍ത്തയ്ക്കാധാരമായ വിവരം ശരിയോ തെറ്റോ എന്ന സുപ്രധാനമായ അന്വേഷണം നടത്താന്‍ മഹാഭൂരിപക്ഷത്തിനും കഴിയാറില്ല. ഇവരെ ലക്ഷ്യമിട്ടാണ് ഗുജറാത്തിലെയും ഒറീസയിലെയും തെരുവുകളില്‍ ഒഴുകിപ്പരന്ന കൊഴുത്ത ചോര രുചിച്ച് മദം മാറാത്ത നാവുകളില്‍ കൊടുംനുണയുടെ പെരുങ്കളിയാട്ടം നടക്കുന്നത് . പാവപ്പെട്ട കര്‍ഷകത്തൊഴിലാളിക്ക് വെറും 250 രൂപ പ്രതിമാസം നല്‍കുന്ന സര്‍ക്കാര്‍, "മുക്രി"കള്‍ക്ക് ഖജനാവില്‍ നിന്നും വാരിക്കോരി നല്‍കുന്നുവെന്ന് ആക്രോശിക്കുമ്പോള്‍ ഉന്നം കൃത്യം. മാര്‍ഗം വ്യക്തം.

സനാതന ഹിന്ദുവിന്റെ ബോധമണ്ഡലത്തിലേയ്ക്ക് എന്നാണ് കര്‍ഷകത്തൊഴിലാളിക്ക് പ്രവേശനമനുവദിച്ചതെന്ന ചോദ്യം അവിടെ നില്‍ക്കട്ടെ. കര്‍ഷകത്തൊഴിലാളികളുടെ ജീവിതാവശ്യങ്ങള്‍ക്കും അന്തസിനും വേണ്ടി ഊര്‍ജം ചെലവിടാന്‍ ഹിന്ദുത്വത്തിന്റെ ഗോഡൗണ്‍ സൂക്ഷിപ്പുകാര്‍ക്ക് നേരവും കാലവുമൊത്തത് എന്നുമുതലാണെന്ന ചരിത്ര വസ്തുതയിലേയ്ക്ക് പിന്നെ കടക്കാം.

മദ്രസാ അധ്യാപകരുടെ പെന്‍ഷന്‍ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത് എങ്ങനെയാണ് എന്ന് നാം അറിഞ്ഞേ തീരൂ. മദ്രസ അധ്യാപകനും അയാള്‍ പണിയെടുക്കുന്ന സ്ഥാപനവും പ്രതിമാസം 50 രൂപ വീതം ക്ഷേമനിധി ബോര്‍ഡില്‍ അടയ്ക്കുന്നു. ഈ തുകയാണ് പിന്നീട് പെന്‍ഷനായി നല്‍കുന്നത്. പെന്‍ഷന് അര്‍ഹത നേടാന്‍ പത്തു വര്‍ഷം ജോലി പൂര്‍ത്തിയാക്കണം. 65 വയസുവരെ ഒരാള്‍ക്ക് തൊഴിലില്‍ തുടരാം.

20വയസു പ്രായത്തില്‍ മദ്രസയില്‍ പഠിപ്പിക്കാന്‍ കയറുന്ന ഒരാള്‍ 65 വയസില്‍ വിരമിക്കുമ്പോള്‍, അയാളും അയാളുടെ മദ്രസയും 45 വര്‍ഷം അടയ്ക്കുന്ന തുകയില്‍ നിന്ന് ലഭിക്കാവുന്ന പരമാവധി പെന്‍ഷന്‍ തുകയാണ് 4000 രൂപ. അതായത് ഈ ക്ഷേമനിധി നിലവില്‍ വരുന്നത് 2009ലാണ് എന്നിരിക്കട്ടെ. ഈ വര്‍ഷം 20 വയസില്‍ മദ്രസാ അധ്യാപകനായി തൊഴിലില്‍ പ്രവേശിക്കുന്ന വ്യക്തി 45 വര്‍ഷം ആ തൊഴില്‍ ചെയ്ത് തന്റെ 65 -ാം വയസില്‍ വിരമിക്കുമ്പോള്‍ 4000 രൂപയോളം പ്രതിമാസം പെന്‍ഷന്‍ ലഭിക്കാന്‍ അര്‍ഹനാകും. അയാള്‍ക്ക് ഈ പെന്‍ഷന്‍ കിട്ടുന്ന കാലം 2009 അധികം 45 സമം 2054.

പത്തു വര്‍ഷം സര്‍വീസുളളയാള്‍ക്ക് നാലായിരം രൂപ പെന്‍ഷന്‍ കിട്ടാന്‍ യാതൊരു സാധ്യതയുമില്ലെന്ന് മനസിലാക്കാന്‍ സാമാന്യബുദ്ധി മതി. സര്‍ക്കാര്‍ സഹായമൊന്നും ചെയ്യുന്നില്ലെന്നല്ല. ക്ഷേമനിധി ബോര്‍ഡിന്റെ എസ്റ്റാബ്ലിഷ്‍മെന്റ് ചെലവുകള്‍ സര്‍ക്കാരാണ് വഹിക്കുന്നത്. ഓഫീസ് പ്രവര്‍ത്തനത്തിന് മൂന്നോ നാലോ ജീവനക്കാരെ നിയമിക്കുന്നത് സര്‍ക്കാര്‍, അവരുടെ ശംബളവും മറ്റാനുകൂല്യങ്ങളും വഹിക്കുന്നതും സര്‍ക്കാര്‍.

തന്റെ വരുമാനത്തില്‍ നിന്ന് 45 വര്‍ഷമായി മാറ്റി വെയ്ക്കുന്ന ഒരു പങ്കില്‍ നിന്നാണ് ജീവിതത്തിന്റെ സായംകാലത്ത് ആരെയും ആശ്രയിക്കാതെ ജീവിക്കാന്‍ മദ്രസാ അധ്യാപകന് പെന്‍ഷന്‍ കിട്ടുന്നത്. ആരിലും സഹതാപമുണര്‍ത്തും വിധം പരിതാപകരമാണ് വരുമാനമില്ലാത്ത വൃദ്ധജനങ്ങളുടെ ജീവിതാവസ്ഥയെന്ന് നമുക്കറിയാം. സമ്പത്തുളളവന്റെയും ഇല്ലാത്തവന്റെയും ബാധ്യതയായി അവര്‍ ഇപ്പോഴേ മാറിക്കഴിഞ്ഞു. അമ്പതു വര്‍ഷം കഴിയുമ്പോള്‍ അവരുടെ അവസ്ഥയെന്തെന്നും അന്നവര്‍ക്ക് കിട്ടുമെന്ന് പ്രതീക്ഷിക്കുന്ന നാലായിരം രൂപയുടെ മൂല്യമെന്തെന്നും ഇന്നു നമുക്ക് ഊഹിക്കാന്‍ സാധ്യമല്ല. തുച്ഛമാണെങ്കിലും, ഒരു വരുമാനം ഉണ്ടാവുകയും, ആരോടും ഇരക്കാതെ ഓരോ ദിവസവും തളളിനീക്കാന്‍ കഴിയുകയും ചെയ്യാമെന്ന പ്രതീക്ഷ മനുഷ്യനിലുണ്ടാക്കുന്ന ആത്മവിശ്വാസം എത്രയെന്നറിയാന്‍ "ലോഹപുരുഷന്മാര്‍ക്ക്" മനസാക്ഷിയെന്നൊരു സാധനം വേണം.

വല്ലാതെ കഷ്ടപ്പാടു നിറഞ്ഞ ജീവിതം നയിക്കുന്നവരാണ്, ലഷ്കര്‍ ഇ തോയിബയെന്ന് മുദ്രകുത്തി അകറ്റി നിര്‍ത്താന്‍ ശ്രമിക്കുന്ന മദ്രസാ അധ്യാപകര്‍. ലഭിക്കുന്നത് തുച്ഛമായ വരുമാനം. അതു കൃത്യമായി സംഘടിപ്പിച്ചു നല്‍കാന്‍ തന്നെ പല ജമായത്തുകളും മറ്റും കഷ്ടപ്പെടുന്നുണ്ട്. ഓരോ ദിവസവും ഓരോ വീടുകളില്‍ നിന്ന് ഭക്ഷണം നല്‍കുന്നു. ഖസാക്കിന്റെ ഇതിഹാസത്തില്‍ ഒ വി വിജയന്‍ പരിചയപ്പെടുത്തിയ അളളാപ്പിച്ചാ മൊല്ലാക്കയുടെ സ്ഥിതിയില്‍ നിന്ന് ഏറെയൊന്നും ഭിന്നമല്ല, ഭൂരിപക്ഷം മദ്രസാ അധ്യാപകരുടെയും ജീവിതം. കുഞ്ഞാമിനമാര്‍ വെള്ളേപ്പം പൊതിഞ്ഞു കൊണ്ടുവന്നു കൊടുത്തില്ലെങ്കില്‍ പലരും ഉച്ചപ്പട്ടിണി കിടക്കും.

ക്ഷേമപദ്ധതികളില്‍ നിന്ന് ലോകവ്യാപകമായി സര്‍ക്കാരുകള്‍ പിന്‍വാങ്ങുന്ന കാലമാണിത്. അപ്പോഴാണ്, വൃദ്ധജീവിതങ്ങള്‍ക്ക് ജീവിതത്തിന്റെ അന്ത്യനാളുകളില്‍ പ്രതീക്ഷയുടെ ഇത്തിരി വെട്ടം പരത്തുന്ന ഇത്തരം പദ്ധതികളില്‍ മതവെറിയുടെ വെടിമരുന്നു നിറയ്ക്കാന്‍ വര്‍ഗീയഭ്രാന്തന്മാരുടെയും ഭ്രാന്തികളുടെയും പടയോട്ടം.

പാവം കര്‍ഷകത്തൊഴിലാളികളുടെ പേരിലാണ് കളളക്കണ്ണീരൊലിപ്പിക്കലെന്നത് വേറൊരു വിരോധാഭാസം. ഹൈന്ദവാധികാരം അതിന്റെ സമസ്തകരുത്തോടും കൂടി മദിച്ചു തിമിര്‍ത്ത കാലത്ത് പാടത്തും പറമ്പിലും പണിയെടുക്കുന്ന പുലയന്മാരോടും പറയന്മാരോടും സവര്‍ണ ജന്മിമാരുടെ സമീപനമെന്തായിരുന്നുവെന്നുംകൂടി ഇവര്‍ പ്രചരിപ്പിക്കുമോ ആവോ?

എത്ര പണിയെടുത്താലും വയര്‍ നിറയാത്ത തൊഴിലാളിയും ഒരു പണിയെടുത്തില്ലെങ്കിലും വയറും സമ്പത്തും വീര്‍ത്തു വരുന്ന മുതലാളിയും കേരളത്തില്‍ അതിവിദൂരമായ ഭൂതകാലത്തല്ല നിലനില്‍ക്കുന്നത്. പഞ്ചമരെന്ന് ചാപ്പകുത്തി സമൂഹത്തിന്റെ പിന്നാമ്പുറങ്ങളിലേയ്ക്ക് നടതളളിയിരുന്ന മനുഷ്യക്കോലങ്ങള്‍ അനുഭവിക്കേണ്ടി വന്ന സവര്‍ണാധികാരത്തിന്റെ നിഷ്ഠുരത അറിയാന്‍ ചരിത്രപുസ്തകങ്ങള്‍ ഒന്നോടിച്ചു നോക്കിയാല്‍ മതി. ഹീനമായ പീഡനങ്ങളുടെ നരകയാതനകള്‍ക്ക് വിധേയരായ പറയനെയും പുലയനെയുമൊക്കെ നിവര്‍ന്നു നില്‍ക്കാനും പൊതുനിരത്തിലിറങ്ങി നടക്കാനും,
ആരെടാ എന്നു ചോദിച്ചാല്‍ എന്തെടാ എന്ന് തിരിച്ചടിക്കാനും ശേഷിയുണ്ടാക്കിക്കൊടുത്തത് ഇടതുപക്ഷ പ്രസ്ഥാനങ്ങളാണെന്നും ചരിത്രം പറഞ്ഞു തരും.

അടിയും തൊഴിയുമേറ്റ് കണ്ണീരും വേദനയുമായി വിധിയെ പഴിച്ചും ദൈവത്തെ ശപിച്ചും ജീവിച്ചു തീര്‍ത്തവരെ പിടിച്ചെഴുന്നേല്‍പ്പിക്കാന്‍ ഒരു ഹിന്ദുമഹാസഭയെയും ആരും കണ്ടില്ല. അവര്‍ക്കു രക്ഷയായി ആര്‍ഷഭാരതത്തിന്റെ സനാതന പാരമ്പര്യത്തില്‍ നിന്നും പിറവിയെടുത്ത ഒരു മന്ത്രങ്ങളുമുണ്ടായിരുന്നില്ല. മഹാഭൂരിപക്ഷത്തെ ജീവിത നരകത്തില്‍ നിന്ന് മോചിപ്പിക്കാന്‍ ഒരു യാഗശാലയിലും ഹോമകുണ്ഡങ്ങള്‍ പുകഞ്ഞില്ല. ലോഹപുരുഷന്മാരുടെ ജീവിതഗാഥകളിലൊന്നും അധസ്ഥിതനു വഴി നടക്കാനും ആത്മാഭിമാനത്തോടെ ജീവിക്കാനും വേണ്ടി നടത്തിയ സമരകഥകളുടെ ഈരടികളില്ല.

ഉത്തര്‍പ്രദേശിലും മഹാരാഷ്ട്രയിലും മധ്യപ്രദേശിലുമൊക്കെ അമ്പലത്തില്‍ കയറിയതിനും പൊതുകിണറില്‍ നിന്ന് വെളളമെടുത്തതിനും ദളിതരെ അടിച്ചും വെടിവെച്ചും കൊന്നുതളളുമ്പോള്‍ അരുതെന്നു പറയാനും പ്രതിരോധത്തിന്റെ ഉരുക്കുവലകളൊരുക്കാനും സമയവും താല്‍പര്യവുമില്ലാത്ത ലോഹപുരുഷന്മാരാണ് ഹിന്ദുവിന്റെ ആത്മാഭിമാനം സംരക്ഷിക്കാന്‍ അത്യദ്ധ്വാനം ചെയ്യുന്നത്. സഹതപിക്കാം, നമുക്കവരോട്.

ഹിന്ദുക്ഷേത്രങ്ങളിലെ സമ്പത്തു മുഴുവന്‍ സര്‍ക്കാര്‍ തോന്നിയ പടി ചെലവിടുവെന്നൊരു പച്ചക്കള്ളവും കാലങ്ങളായി മുഴങ്ങിക്കേള്‍ക്കുന്നുണ്ട്. ട്രഷറിയില്‍ ഒരു പ്രത്യേക അക്കൗണ്ടില്‍ അടയ്ക്കുമെന്നല്ലാതെ ആ വരുമാനത്തിന്മേല്‍ സര്‍ക്കാരിന് അവകാശമൊന്നുമില്ല.

ഗുരുവായൂര്‍ ദേവസ്വത്തിന്റെ വകയായി ഏതാണ്ട് മുന്നൂറു കോടിയില്‍ പരം രൂപയാണ് സര്‍ക്കാര്‍ ഖജനാവിലുളളത്. അമ്പലത്തിന്റെ ആവശ്യങ്ങള്‍ക്കല്ലാതെ ഇതില്‍ നിന്നൊരു രൂപയും ചെലവിടാറില്ല. ഗുരൂവായൂരില്‍ ഉത്സവം പൊടിപൊടിക്കുമ്പോള്‍ എത്രകോടി രൂപ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചെലവിടേണ്ടി വരുമെന്നും ആലോചിച്ചു നോക്കണം. ആനയും മനുഷ്യനും മത്സരിച്ച് വൃത്തികേടാക്കുന്ന ഗുരുവായൂരിന്റെ ചൈതന്യം വീണ്ടെടുത്തു നല്‍കാന്‍ കൂലിക്കാരെ നിയോഗിക്കുന്നത് പോലും ഗുരുവായൂര്‍ മുനിസിപ്പാലിറ്റിയാണ്, ദേവസ്വം ബോര്‍ഡല്ല. ഉത്സവക്കാര്‍ വൃത്തികേടാക്കുന്ന തെരുവ് ശുദ്ധിയാക്കേണ്ട ജോലി സര്‍ക്കാരിന്.

ക്രമസമാധാനത്തിന് നിയോഗിക്കുന്ന പൊലീസുകാരുടെ ഭക്ഷണം, ഭക്തര്‍ക്ക് ഏര്‍പ്പെടുത്തുന്ന ആരോഗ്യ സേവനങ്ങള്‍, എന്തിന് മദം പൊട്ടാനിടയുളള ആനകളെ തളയ്ക്കാനെത്തുന്ന ആന സ്ക്വാഡു വരെ സര്‍ക്കാരിന്റെ ചെലവിലാണ് ഏര്‍പ്പെടുത്തുന്നത്.

ശബരിമലയിലും സമാനമായ സ്ഥിതിയാണ്. വമ്പന്‍ വരുമാനമുളള ഹൈന്ദവ ദേവാലയങ്ങളില്‍ ഉത്സവമഹാമഹം പൊടിപൊടിക്കുമ്പോള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളടക്കമുളള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും ചെലവിടുന്ന തുകയെത്രയെന്ന് അന്വേഷിച്ചുനോക്കുന്നത് നല്ലതാണ്. ശബരിമലയില്‍ കഠിനാധ്വാനം ചെയ്യുന്ന പൊലീസുകാര്‍ക്ക് ദാഹജലമോ ഒരു പാത്രം കഞ്ഞിയോ നല്‍കാന്‍ പോലും ഒരു ചില്ലിക്കാശും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ചെലവില്ല. ചെലവത്രയും പഞ്ചായത്തു മുതല്‍ മേലോട്ടുളള സ്ഥാപനങ്ങള്‍ക്ക്.

അമ്പലങ്ങളുടെ സ്വത്ത് സര്‍ക്കാര്‍ കൊണ്ടുപോകുന്നേയെന്ന നിലവിളിയുടെ പിന്നിലെന്ത് എന്നറിയണമെങ്കില്‍, പണ്ട് അമ്പലങ്ങളുടെ സമ്പത്ത് ഉപയോഗിച്ചതെന്തിനെന്നും ആര്‍ക്കായിരുന്നു അതിന്റെ ക്രയവിക്രയാധികാരമെന്നുമറിയണം. ആ ചരിത്രം ഇനിയൊരിക്കലെഴുതാം.

മദ്രസാ പെന്‍ഷന്റെ മറവില്‍ ഹീനമായ നുണപ്രചരണം നടക്കുമ്പോള്‍, അതിന്റെ സത്യാവസ്ഥയെന്ത് എന്നു മനസിലാക്കേണ്ടതുണ്ട്. ജനാധിപത്യ സര്‍ക്കാരുടെ കടമയാണ് ക്ഷേമ പദ്ധതികള്‍. ക്രൂരമായ മതഭ്രാന്തിന്റെ ശൂലമുനകള്‍ കൊണ്ട് ഇത്തരം പദ്ധതികളെ കീറിപ്പിളര്‍ക്കാന്‍ ശ്രമിക്കുന്നവരുടെ തനിനിറം വോട്ടു ചെയ്യാന്‍ പോകുന്ന ഓരോ പൗരനും മനസിലാക്കേണ്ടതുണ്ട്. അവശതയനുഭവിക്കുന്നവന് കൈത്താങ്ങു നല്‍കാന്‍ മനുഷ്യത്വമുളളവനേ കഴിയൂ... ഗര്‍ഭപാത്രം കുത്തിപ്പിളര്‍ന്ന് ഭ്രൂണം കുന്തത്തില്‍ കൊരുത്ത് ആര്‍ത്തുവിളിക്കുന്ന കോമരങ്ങള്‍ക്ക് ഈ ജന്മം മനസിലാകാത്ത വാക്കാണ്, മനുഷ്യത്വം എന്നത്.

തല്‍ക്കാലം അത്രമാത്രം.