Tuesday, May 26, 2009

കൂട്ടത്തോല്‍വിയുടെ നാനാര്‍ത്ഥങ്ങള്‍...

തലസ്ഥാനത്ത് കോണ്‍ഗ്രസ് ആസ്ഥാനമായ ഇന്ദിരാ ഭവനിന്റെ പ്രധാന വാതിലില്‍ ഇങ്ങനെയൊരു ബോര്‍ഡ് തൂങ്ങിയാല്‍ അത്ഭുതപ്പെടരുത്. "സാക്ഷാല്‍ വിഎസ് അച്യുതാനന്ദന്‍, ഈ പാര്‍ട്ടിയുടെ ഐശ്വര്യം........."

സംഘടനയും രാഷ്ട്രീയവും തകര്‍ന്ന് തരിപ്പണമായിട്ടും കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഐക്യജനാധിപത്യ മുന്നണി കേരളത്തില്‍ നേടിയ വമ്പന്‍ വിജയത്തിന് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും മനസാ നന്ദി പറയുക സാക്ഷാല്‍ സഖാവ് വിഎസിനോടായിരിക്കും. 2004ല്‍ സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഇടതുമുന്നണി നേടിയ ചരിത്ര വിജയത്തിന് കരുണാകരന്‍ വഹിച്ച അതേ പങ്ക് ഇത്തവണ വിഎസും വഹിച്ചു. വ്യത്യാസം ഒന്നുമാത്രം.

സ്വാര്‍ത്ഥരാഷ്ട്രീയത്തിന്റെ ഹീനയുക്തികള്‍ നേരെ ചൊവ്വേ പ്രകടിപ്പിച്ചാണ് കരുണാകരന്‍ അന്ന് കോണ്‍ഗ്രസിന്റെ കുഴിഞരമ്പറുത്തതെങ്കില്‍, ആദര്‍ശക്കഞ്ചാവിന്റെ മാദകലഹരിയില്‍ തന്റെ സ്വാര്‍ത്ഥമോഹങ്ങള്‍ മറച്ചു പിടിച്ചാണ് വിഎസ് ഇടതുമുന്നണിയുടെയും സിപിഎമ്മിന്റെയും തെരഞ്ഞെടുപ്പ് മോഹങ്ങളുടെ അടിവേരറുത്ത കൈക്കോടാലിയായി മാറിയത്. മദംമുറ്റിയ പതിനായിരം കൊലകൊമ്പന്മാര്‍ പുറത്തു നിന്ന് കുത്തിമലര്‍ത്തിയാലും ഉടഞ്ഞു വീഴാത്ത ചട്ടക്കൂട് തകര്‍ക്കാന്‍ അകത്തിരുന്ന് കരളുന്ന ഒരു ചുണ്ടെലി ധാരാളം. സിപിഎമ്മിനുളളില്‍ നിന്ന് സിപിഎം വിരുദ്ധരുടെ വീരനായകനായി നിറഞ്ഞാടിയ രാഷ്ട്രീയ വഞ്ചനയുടെ വിടലച്ചിരി വോട്ടെണ്ണല്‍ ദിവസം തന്നെ ഉയര്‍ന്ന് മുഴങ്ങിയത് ഒട്ടും അസ്ഥാനത്തായില്ല. പണ്ട് മാരാരിക്കുളത്ത് തോറ്റപ്പോള്‍ അരക്കൈ ബനിയനുമിട്ട് വിഷാദമൂകനായി അരവിന്ദന്‍ ചിത്രത്തിലെ നായകനെപ്പോലെ കാമറയ്ക്കു മുന്നില്‍ കാഴ്ചവെച്ച ഭാവാഭിനയം, സ്വന്തം പാര്‍ട്ടിയും മുന്നണിയും രാജ്യവ്യാപകമായി തോറ്റമ്പിയപ്പോള്‍ എത്ര വേഗമാണ് പറന്നൊളിച്ചത്? താന്‍ തോറ്റാല്‍ സര്‍വം ശോകമൂകം. പാര്‍ട്ടിയപ്പാടെ തോറ്റാല്‍ ആമോദഹര്‍ഷത്താല്‍ അട്ടഹാസം. പറയൂ, വേറെയേത് വഞ്ചകനിലുണ്ട് ഈ രണ്ടു ഗുണവും...?

നിങ്ങള്‍ ചെയ്യുന്ന ഓരോ വോട്ടും പിണറായി വിജയനായിരിക്കുമെന്നും അത് ആലോചിച്ച് ചെയ്യണമെന്നും ആഹ്വാനം ചെയ്ത് സംസ്ഥാനത്തിന്റെ പലഭാഗത്തേയ്ക്കും ഒഴുകിയ ടെലിഫോണ്‍ അഭ്യര്‍ത്ഥനയുടെ വികസിത രൂപമാണ് ഏപ്രില്‍ പതിനാറിന് അമ്പലപ്പുഴ പറവൂര്‍ ഗവ ഹൈസ്ക്കൂള്‍ മുറ്റത്ത് കണ്ടത്. സ്വന്തം അണികളോട് മനസാക്ഷി വോട്ടു ചെയ്യാന്‍ ആഹ്വാനിച്ച കെ കരുണാകരന്റെ നേരവകാശിയായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗവും പുന്നപ്ര വീരനുമായ സഖാവ് വിഎസ് അന്ന് രംഗപ്രവേശം ചെയ്തു. തിരഞ്ഞെടുപ്പു ദിവസം വോട്ടര്‍മാരോട് മനസാക്ഷി വോട്ടു ചെയ്യാന്‍ ആഹ്വാനം ചെയ്ത് അച്യുതാനന്ദന്‍ കമ്മ്യൂണിസ്റ്റ് സൈദ്ധാന്തിക ലോകത്ത് പണിത സ്വന്തം സിഹാസനത്തിനു മേല്‍ ആസാദും അപ്പുക്കുട്ടന്‍ വളളിക്കുന്നും പുഷ്പവൃഷ്ടി നടത്തി. തിരഞ്ഞെടുപ്പിനെ പരമപ്രധാനമായ ഒരു രാഷ്ട്രീയ പോരാട്ടമായി നിര്‍വചിച്ചവര്‍ മാറി നിന്ന് കണ്ണീര്‍വാര്‍ത്തു.

ഒരു ചോദ്യം മാത്രം നമുക്ക് സിപിഎം നേതൃത്വത്തോട് ചോദിക്കാം. എന്തിന്റെ പേരില്‍ ജനം തങ്ങള്‍ക്ക് വോട്ടു ചെയ്യുമെന്നാണ് നിങ്ങള്‍ കരുതിയത്? എട്ടുമുതല്‍ പന്ത്രണ്ടു സീറ്റുവരെ പ്രതീക്ഷിച്ച പാര്‍ട്ടി കേന്ദ്രങ്ങളില്‍ മെയ് പതിനാറിന് മുഴങ്ങിയുയര്‍ന്ന മ്ലാനതയ്ക്ക് കാരണം തേടി അധികമൊന്നും അലയേണ്ട. ഇടതു മുന്നണി ഭരണം തുടങ്ങിയിട്ട് ഒരു ദിവസമെങ്കിലും ഈ ഭരണത്തെക്കുറിച്ചോ അതിന് നേതൃത്വം നല്‍കുന്ന പാര്‍ട്ടിയെക്കുറിച്ചോ തന്റെ സഹപ്രവര്‍ത്തകരെക്കുറിച്ചോ നല്ലതു പറയാന്‍ നാവു വളയാത്ത ഒരു മുഖ്യമന്ത്രിയുണ്ടാക്കുന്ന അവമതിയെ ചെറുക്കാവാതെ കുഴങ്ങിയ അവസ്ഥയിലുണ്ട് എല്ലാ ഉത്തരവും. ഒരാളെ നേതാവാക്കുക, അയാളെ മുഖ്യമന്ത്രിയാക്കുക, എന്നിട്ട് അയാളുണ്ടാക്കുന്ന സകല കുഴിത്തിരുമ്പു പരിപാടികളുടെയും പാപം ചുമന്ന് നീറിനീറിയൊടുങ്ങുക. ശത്രുക്കളും പോലും സിപിഎമ്മിനോട് സഹതപിക്കും. സ്വന്തം മന്ത്രിസഭയുടെ ബജറ്റിനെ തളളിപ്പറയാന്‍ മടിയില്ലാത്തൊരു മുഖ്യമന്ത്രിയുടെ രാഷ്ട്രീയ നികൃഷ്ടത സൃഷ്ടിക്കുന്ന അലോസരങ്ങളും അവമതിയും അതിജീവിക്കാന്‍ ലെനിനിസ്റ്റ് സംഘടനാ ശൈലിയില്‍ തന്ത്രങ്ങളൊന്നും ബാക്കിയില്ല. സിപിഎമ്മിനെ തകര്‍ക്കാന്‍ അതിനുളളില്‍ നിന്ന് പെടാപ്പാടു പെടുന്ന വിഎസ് അച്യുതാനന്ദന്‍ ഉയര്‍ത്തി വിടുന്ന വിഷവികിരണമേറ്റ് അനുനിമിഷം ദ്രവിച്ചു തീരുന്ന സംഘടനാ ചട്ടക്കൂടിനെ പഴയ നിലയിലെത്തിക്കാന്‍ ഒറ്റവഴിയേയുളളൂ.

2004ലെ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ഏതുവിധമാണോ ജനവിധിയുടെ കുരുക്ഷേത്രത്തില്‍ കിടന്ന് ചക്രശ്വാസം വലിച്ചത് അതിനു സമാനമായ സ്ഥിതിയായിരുന്നു ഇക്കുറി എല്‍ഡിഎഫില്‍. ഇടതുപക്ഷം ഉയര്‍ത്തിപ്പിടിക്കുന്ന ബദല്‍രാഷ്ട്രീയം തിരഞ്ഞെടുപ്പു ചര്‍ച്ചകളില്‍ നിന്ന് അകന്നേ നിന്നു. പകരം വന്നത്, മദനിയും ലാവലിനും പിന്നെ ഇടതുകാല്‍പനികതയുടെ സ്ഥിരം വാചാടോപങ്ങളും. ഈ മൂന്നു വിഷയങ്ങളും കോണ്‍ഗ്രസിനെയും യുഡിഎഫിനെയുംകാള്‍ സമര്‍ത്ഥമായി സിപിഎമ്മിനും ഇടതുമുന്നണിയ്ക്കും ഉളളില്‍ നിന്ന് മാര്‍ക്കറ്റ് ചെയ്യപ്പെട്ടു. മദനി ബന്ധത്തില്‍ ആശങ്ക പൂണ്ട വോട്ടറോട്, "മറ്റേ നായിന്റെ മോന്മാര്‍ ഓരോന്ന് ചെയ്തു കൂട്ടുന്നതിന് ഞങ്ങളെന്തു ചെയ്യാനാ" എന്ന ചില സഖാക്കളുടെ ഒറ്റവരി പ്രതികരണം വോട്ടു വരുന്ന വഴികളില്‍ മൈനുകളായി പൊട്ടിച്ചിതറി.

മദനിയാണ് ഇടതു പരാജയത്തിന്റെ പ്രധാനകാരണം എന്ന മട്ടിലാണ് വിശകലനങ്ങള്‍ പൂത്തു വിടരുന്നത്. ഇടതുപക്ഷം വമ്പന്‍ വിജയം നേടിയ 2004ലെ 19 സീറ്റില്‍ നിന്നും ഇപ്പോള്‍ നാലു സീറ്റായി കുറഞ്ഞതിനു കാരണം മദനിയില്‍ ചാര്‍ത്തി സംതൃപ്തിയടയുന്നവരെ അങ്ങനെ വെറുതേവിടാനാകില്ല. സീറ്റുകളുടെ എണ്ണം മാത്രം നോക്കി വിശകലന സ്ഖലനം നടത്തുന്നവരെ വോട്ടുകളുടെ എണ്ണത്തിലേയ്ക്ക് നമുക്ക് മടക്കി വിളിക്കാം. പഴയ ഉദ്ധാരണം അപ്പോഴും ബാക്കിയുണ്ടാകുമോയെന്നറിയണമല്ലോ!

2004ലെ അത്ഭുത വിജയം ഇടതുപെട്ടിയില്‍ വീഴ്ത്തിയ വോട്ടുകളുടെ എണ്ണത്തില്‍ ഇക്കുറി കുറവു് 245403‍. അന്ന് കിട്ടിയത് 6962841. ഇന്ന് 6717438. അന്ന് ഭൂലോകത്തിലെ ഏറ്റവും സുന്ദരവും മതനിരപേക്ഷവും ആദര്‍ശസമ്പന്നവും വ്യതിയാനച്ചിതലുകള്‍ തീണ്ടി അശുദ്ധമാക്കാത്തതുമായ ആശയപ്രപഞ്ചം ഇടതിനായിരുന്നുവത്രേ! ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ ഫ്രണ്ട് ലൈനില്‍ ആര്‍ കൃഷ്ണകുമാര്‍ എഴുതിയ എ റെഡ് വാഷ് ഇന്‍ ദി സൗത്ത് എന്ന ലേഖനം വായിക്കുക. മഞ്ചേരിയില്‍ സഖാവ് ഹംസാക്ക നേടിയ വിജയത്തെ പച്ചയ്ക്ക് ഇങ്ങനെ വിലയിരുത്തി വെച്ചിട്ടുണ്ട്. നാലാം പാരഗ്രാഫ് വായിച്ചാലും.

The Indian Union Muslim League (IUML), the second largest constituent in the ruling UDF, which has never lost a Lok Sabha election in its two north Kerala strongholds of Ponnani and Manjeri, also got the shock of its life when the predominantly Muslim Manjeri chose a CPI(M) candidate, T.K. Hamsa. Manjeri was the icing on the cake for the LDF. Along with neighbouring Ponnani, this Lok Sabha constituency had been claimed as a stronghold of the IUML. The LDF stormed the green citadel through impressive tactical electoral positioning. A group of Sunni Muslims openly declared its support for the CPI(M) candidate, and so did the People's Democratic Party (PDP) of Abdul Nasser Mahdani, the Indian National League (INL) of former Muslim league president Ibrahim Sulaiman Sait, and some extremist groups such as the National Democratic Front (NDF). The results indicate that the CPI(M) candidate would have won the votes of Congress workers too, who are clearly frustrated at the continuing domination of the Muslim League in the region. The CPI(M) also benefited from the support of traditional IUML workers who are resentful about several recent decisions, if not the increasingly pro-rich orientation, of the Muslim League leadership.

അതാണ് കാര്യം. പിഡിപി, ഐഎന്‍എല്‍, ജമായത്തെ ഇസ്ലാമി, എന്തിന് പോപ്പുലര്‍ ഫ്രണ്ടായി പേരു മാറിയ എന്‍ഡിഎഫു വരെ തുണച്ചതിന്റെ കൂടി നേട്ടമാണ് ഇന്ന് കൊട്ടിഘോഷിക്കുന്ന ആ വിജയം. 2004ല്‍ നിന്ന് 2009ലെത്തിയപ്പോള്‍ മതനിരപേക്ഷ, ആദര്‍ശാധിഷ്ഠിത, സോഷ്യലിസ്റ്റ് ആശയങ്ങളില്‍ നിന്ന് കാമാവേശം ഉള്‍ക്കൊണ്ട കേരള ജനത, സിപിഎമ്മും മദനിയും തമ്മിലുളള പരസ്യ വേഴ്ചയില്‍ മനംമടുത്ത് കെ സുധാകരന്‍ മുതല്‍ ശശി തരൂര്‍ വരെയുളള വിനയത്തിന്റെയും എളിമയുടെയും ആള്‍രൂപങ്ങള്‍ക്ക് വോട്ടു ചെയ്തുപോലും. രാഷ്ട്രീയത്തിന്റെ ഉസാഘയും ലസാഗുവും ഉളളംകൈയിലെ രേഖകളാണെന്ന് അഹങ്കരിക്കുന്ന വിശകലന വീരന്മാരാണ് സാമാന്യബുദ്ധിയെയും ഓര്‍മ്മയെയും പുച്ഛിക്കുന്ന ലളിതസമീകരണങ്ങളില്‍ അഭിരമിക്കുന്നത്.

സീറ്റിന്റെ എണ്ണം വെച്ച് പുതിയ എഞ്ചുവടികള്‍ നിര്‍മ്മിക്കുന്നവര്‍ വോട്ടിന്റെ എണ്ണത്തിനും സമാധാനം പറയണം. മദനിയുമായുണ്ടാക്കിയ സഖ്യം സിപിഎമ്മിന്റെ അണികളിലുണ്ടാക്കിയ പ്രതിഷേധത്തിന്റെ ഫലമാണ് സീറ്റുകളുടെ എണ്ണത്തില്‍ 15ന്റെയും വോട്ടുകളുടെ എണ്ണത്തില്‍ 245403‍ന്റെയും കുറവു വരുത്തിയതെന്ന് സമ്മതിച്ചാല്‍, ഇടതു പെട്ടിയില്‍ വീണ അറുപത്തിയേഴ് ലക്ഷത്തിലധികം വോട്ടുകള്‍ ആ നയത്തിനുളള അംഗീകാരമാണെന്നും വിലയിരുത്തേണ്ടി വരും. അറുപത്തിയേഴ് ലക്ഷം പേരുടെ അംഗീകാരത്തിനാണോ രണ്ടര ലക്ഷം പേരുടെ തിരസ്കാരത്തിനാണോ മുന്‍ഗണന നല്‍കേണ്ടതെന്ന് സിപിഎം തീരുമാനിക്കട്ടെ.

മദനിയുമായി പരസ്യമായി സംഖ്യമുണ്ടാക്കിയിട്ടും ഇടതുപക്ഷം നാലോട്ടിന് വേണ്ടി ഇസ്ലാമിക തീവ്രവാദത്തെ വാരിപ്പുണരുന്നുവെന്ന് ചാനലുകളായ ചാനലുകളും പത്രങ്ങളായ പത്രങ്ങളും കൊമ്പു കുഴല്‍ വാദ്യഘോഷങ്ങളോടെ ആര്‍ത്തുവിളിച്ചിട്ടും കേരള ജനതയുടെ 42 ശതമാനം പേര്‍ ആ നയത്തെ അംഗീകരിച്ചെങ്കില്‍ പൊഴിഞ്ഞു പോയ നാലു ശതമാനത്തെയോര്‍ത്ത് വല്ലാതെ വേവലാതിപ്പെടേണ്ട കാര്യം ഇടതുപക്ഷത്തിനോ സിപിഎമ്മിനോ ഇല്ല തന്നെ.

മദനിയുമായി സിപിഎം ഉണ്ടാക്കിയ സഖ്യമല്ല, മറിച്ച് ആ സഖ്യത്തെക്കുറിച്ച് സിപിഎം വിരുദ്ധ, കുറേക്കൂടി കൃത്യമായി പറഞ്ഞാല്‍ പിണറായി വിരുദ്ധ മാധ്യമങ്ങള്‍ കെട്ടിയെഴുന്നെളളിച്ച പൊടിപ്പും തൊങ്ങലും കലര്‍ന്ന വ്യാഖ്യാനങ്ങളാണ് വോട്ടര്‍മാരെ സ്വാധീനിച്ചത്. രണ്ടും തമ്മില്‍ വ്യത്യാസമുണ്ട്. കാലങ്ങളായി തുടരുന്ന ഈ സഖ്യത്തെക്കുറിച്ച് മുഖ്യന്റെ നേതൃത്വത്തില്‍ അരങ്ങേറിയ ആദര്‍ശക്കോപ്പിരാട്ടി കൂടിയായപ്പോള്‍ വോട്ടു വിഹിതം ചോര്‍ന്നു. കാവിനിക്കറിനു മുകളില്‍ ചെമ്പട്ടു ചുറ്റിയവന്റെ കാപട്യരാഷ്ട്രീയം സിപിഎമ്മിനെ ചതിച്ചു. സ്വന്തം അണികളിലൊരു ചെറിയ വിഭാഗത്തില്‍ മുളച്ചു പൊന്തുന്ന മൃദുഹിന്ദുത്വത്തിന്റെ വിഷപ്പല്ലുകളെ വേണ്ടവിധത്തില്‍ തിരിച്ചറിയാന്‍ സിപിഎം നേതൃത്വത്തിന് കഴിഞ്ഞില്ലെന്നാണ് ഈ വിവാദകോലാഹലങ്ങളും അതിന്റെ വല്ലാത്ത സ്വാധീനമുളള തിരഞ്ഞെടുപ്പു ഫലവും നല്‍കുന്ന സൂചന.

നടക്കുന്നത് ലോകസഭാ തിരഞ്ഞെടുപ്പാണെന്നും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇടതുപക്ഷത്തിന്റെ കൊടിക്കൂറ കൂടുതല്‍ ഉയരത്തില്‍ ഉയര്‍ത്തുന്നതിന് വേണ്ട അംഗബലം ശേഖരിക്കുന്നതിനാണ് മുമ്പെന്നെത്തേയും പോലെ ഇക്കുറിയും തിരഞ്ഞെടുപ്പ് സഖ്യങ്ങളുണ്ടാക്കിയതെന്ന ഏറ്റവും ലളിതമായ രാഷ്ട്രീയം സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകരില്‍ പലരും വിസ്മരിച്ചതിന്റെ പ്രത്യാഘാതമാണ് ഈ തിരഞ്ഞെടുപ്പ് ഫലം. തെറ്റിയത് സിപിഎം നേതൃത്വത്തിനല്ല, വിഷലിപ്തമായ മാധ്യമ പ്രചരണത്തില്‍ സ്വന്തം ഹൃദയം മുക്കിത്താഴ്ത്തിയ ചെറിയൊരു വിഭാഗം ഇടതുപക്ഷ പ്രവര്‍ത്തകര്‍ക്കാണ്. ഉളുത്തുപോയ രാഷ്ട്രീയവുമായി ചായക്കടകളിലും ബാര്‍ബര്‍ഷോപ്പുകളിലും ബസ്റ്റോപ്പുകളിലും രാഷ്ട്രീയ സംവാദത്തിന് തുനിഞ്ഞിറങ്ങിയവരാണ് വിഎസും സംഘവും ലക്ഷ്യമിട്ട കൂട്ടത്തോല്‍വിയ്ക്ക് ഉല്‍പ്രേരകങ്ങളായി പരിണമിച്ചത്. അക്കൂട്ടരുടെ മുന്നില്‍ തോല്‍ക്കുകയല്ല, കൂടുതല്‍ തീവ്രമായി അവര്‍ക്കിടയില്‍ ആശയപ്രചരണം നടത്തേണ്ടതിന്റെ ആവശ്യകത തിരിച്ചറിയുകയാണ് ഈ പരാജയത്തില്‍ നിന്ന് സിപിഎം പഠിക്കേണ്ട പാഠം.

മദനിയെയും പിഡിപിയെയും ഇടതുപാളയത്തില്‍ കണ്ടപ്പോള്‍ വിപ്ലവബോധം വിണ്ടുകീറിയ വീരസഖാക്കള്‍ സ്വന്തം ഭൂതകാലത്തിന്റെ അടരുകളിലേയ്ക്ക് ഓര്‍മ്മയുടെ ടോര്‍ച്ചടിച്ചിരുന്നുവെങ്കില്‍, ഏറ്റവും ഒടുവില്‍ തങ്ങള്‍ നേടിയ രണ്ടു വമ്പന്‍ വിജയങ്ങളില്‍ ഇതേ കക്ഷികളുടെ സഹായവും സേവനവും കാണുമായിരുന്നു. ഓര്‍മ്മയെ ചവിട്ടിയരച്ച് മാധ്യമത്താളുകളില്‍ രാഷ്ട്രീയ ബോധ്യം പണയം വെച്ചാല്‍ പലിശയും മുതലും ചേര്‍ത്ത് പരാജയമാണ് കിട്ടുക. പാര്‍ട്ടിയെക്കാള്‍ പാര്‍ട്ടി വിരുദ്ധതയെ പ്രണയിക്കുന്ന, പാര്‍ട്ടി ശത്രുക്കളെക്കാള്‍ പാര്‍ട്ടിയെക്കുറിച്ച് കൊടിയപരാധം പ്രചരിപ്പിക്കുന്ന ഒരു വിഭാഗം സജീവ പ്രവര്‍ത്തകര്‍ സിപിഎമ്മില്‍ നിലനില്‍ക്കുന്നുവെന്ന സത്യവും നേതൃത്വം തിരിച്ചറിയണം. ഫാരിസ് അബൂബേക്കറിന്റെ ബിനാമിയാണ് കോഴിക്കോട്ടെ ഇടതുസ്ഥാനാര്‍ത്ഥി മുഹമ്മദ് റിയാസെന്ന, മാതൃഭൂമിയും അധിനിവേശ പ്രതിരോധ സമിതിക്കാരനും വിതച്ച കൊടും നുണയ്ക്ക് വ്യാപകമായ പ്രചരണം നല്‍കിയത് അവരാണ്. വെറും എണ്ണൂറോളം വോട്ടുകള്‍ക്ക് റിയാസ് തോറ്റിട്ടും റീ കൗണ്ടിംഗിന് ശ്രമിക്കാതെ രംഗത്തു നിന്നും നിഷ്ക്രമിച്ച മുഖ്യ തിരഞ്ഞെടുപ്പ് ഏജന്റ് ഏ. പ്രദീപ് കുമാറടക്കമുളളവരുടെ രാഷ്ട്രീയ വിശ്വസ്തത അമ്ലപരിശോധനയ്ക്ക് വിധേയമാക്കുക തന്നെ വേണം. എന്തിനിങ്ങനെയുളളവരെ പാര്‍ട്ടിക്കുളളില്‍ വെച്ചു പൊറുപ്പിക്കണമെന്ന് നേതൃത്വം ആലോചിക്കട്ടെ. ഒറ്റുകാരന്റെ ചതിയ്ക്ക് കീഴടങ്ങുകയല്ല, മറിച്ച് അവന്റെ രാഷ്ട്രീയം കൃത്യമായി ചൂണ്ടിക്കാട്ടി ആ സേവനം എന്നെന്നേയ്ക്കുമായി അവസാനിപ്പിക്കുകയാണ് ചെയ്യേണ്ടത്. ഒറ്റുകാരന് കീഴടങ്ങുന്നത് എളിമയും വിനയവും അവനെ പുറത്താക്കുന്നത് ധാര്‍ഷ്ട്യവുമായി ചിത്രീകരിച്ച് അച്ചുനിരത്തുന്നവന്റെ മാനസിക സംതൃപ്തി സിപിഎമ്മിന്റെ തലവേദനയാകുന്നതെങ്ങനെ?

രണ്ട് ലോകസഭാ തിരഞ്ഞെടുപ്പുകള്‍. അവയ്ക്കിടയില്‍ കാലം അഞ്ചു വര്‍ഷം. രാഷ്ട്രീയ പ്രബുദ്ധരെന്ന് വിശേഷിപ്പിക്കപ്പെടുന്ന ജനത. എല്ലാ കണക്കു കൂട്ടലുകളും തെറ്റിച്ച് 2004 ഒരു മുന്നണി നേടിയ അത്ഭുത വിജയം അഞ്ചു വര്‍ഷത്തിനു ശേഷം എതിരാളികള്‍ അതേപടിയല്ലെങ്കിലും ആവര്‍ത്തിക്കുമ്പോള്‍, രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ക്ക് ആസ്ഥാന വിദഗ്ധരുടെ അവിയല്‍ സിദ്ധാന്തങ്ങളെ പിന്‍പറ്റുക സാധ്യമല്ല. രണ്ടു വിജയങ്ങളുടെയും രാഷ്ട്രീയവും അല്ലാത്തതുമായ കാരണങ്ങള്‍ നിശിത പരിശോധനയ്ക്ക് വിധേയമാക്കാതെ യുക്തിബോധത്തിന്റെ വേരുകള്‍ പടര്‍ന്ന തലച്ചോറുകള്‍ക്ക് വിശ്രമിക്കാനുമാവില്ല.

സീറ്റുകളുടെ എണ്ണത്തില്‍ 15ന്റെ കുറവ്. ഭരണത്തിലേറിയ നാളുകള്‍ മുതല്‍ ഇന്നോളം നമ്പര്‍ വണ്‍ ബോര്‍ഡ് വെച്ച സ്റ്റേറ്റുകാറില്‍ പ്രതിപക്ഷനേതാവു കളിക്കുന്ന മുഖ്യന്‍ ഈ പരാജയത്തില്‍ വഹിക്കുന്ന പങ്കെന്തെന്നും കൂടി ആലോചിക്കാതെ വയ്യല്ലോ. എല്ലാ പഴിയും പിണറായി വിജയന്റെ പിടലിയ്ക്കു വെയ്ക്കുന്നവര്‍ മറന്നെന്നു നടിക്കുന്ന സംഭവ പരമ്പരകളെത്രയെണ്ണം. മറക്കാമോ ഇവയെല്ലാം...

ബുധനാഴ്ചകളിലെ മന്ത്രിസഭായോഗങ്ങളില്‍ പാര്‍ട്ടിക്കും സഹപ്രവര്‍ത്തകര്‍ക്കുമെതിരെ മുളളും മുനയും വെച്ച് ഡയലോഗുകള്‍. പാര്‍ട്ടി സെക്രട്ടറി വാര്‍ത്ത ചോര്‍ത്തുന്നുവെന്ന് വ്യംഗ്യമായി ആരോപണം, എഡിബി ബന്ധത്തില്‍ സഹമന്ത്രിമാര്‍ സമാധാനം പറയേണ്ടി വരുമെന്ന് സുരേഷ് ഗോപി ശൈലിയില്‍ മുന്നറിയിപ്പ്. ഒടുവില്‍ പാര്‍ട്ടി നേതൃത്വത്തിന്റെ പരസ്യശാസന. മന്ത്രിസഭയുടെ ആദ്യ ബജറ്റിനെ പലരും പുകഴ്ത്തുന്നത് കണ്ട് സഹികെട്ട് ധനമന്ത്രിയല്ല, വേറെയാരോ ആണ് ബജറ്റ് തയ്യാറാക്കിയതെന്ന മുഖ്യന്റെ കൊടുംകുശുമ്പ്, സഹമന്ത്രിമാരെ പോഴനെന്നും കിഴങ്ങനെന്നും പരസ്യമായി സംബോധന ചെയ്യാനുളള വിനയവും എളിമയും, തനിക്കെതിരെ വിമര്‍ശനം ഉന്നയിക്കുന്നവരെ തരം കിട്ടിയാല്‍ വെറുക്കപ്പെട്ടവനായി വാഴ്ത്തുന്ന ഹൃദയവിശാലത, രണ്ടാം ഭൂപരിഷ്കരണമെന്ന ലേബലില്‍ മൂന്നാറില്‍ ആടിയ നാടകങ്ങള്‍, വിശ്വസ്ത സേവകനായ ഹൈക്കോടതി വക്കീലിന്റെ ബിനാമി റിസോര്‍ട്ടില്‍ ജെസിബി ഇടിച്ചു കേറ്റി കോടതി ഇടപെടല്‍ വിളിച്ചു വരുത്തി സമര്‍ത്ഥമായി ദൗത്യത്തില്‍ നിന്ന് പിന്‍വാങ്ങിയ അതിബുദ്ധി, സ്മാര്‍ട്ട് സിറ്റി, വിഴിഞ്ഞം ഇടപാടുകളില്‍ തിരശീലയ്ക്കു പിറകില്‍ നടന്ന കോടികളുടെ "ജനപക്ഷ" ഇടപെടലുകള്‍, മെര്‍ക്കിസ്റ്റണ്‍, എച്ച് എം ടി വിവാദങ്ങളില്‍ അഭിനയിച്ച സമര്‍ത്ഥമായ മറവി, സിഡി വിവാദത്തില്‍ പ്രദര്‍ശിപ്പിച്ച അസാമാന്യമായ തിടുക്കം, മൗസര്‍ ബെയറിന്റെ സിഡികള്‍ പ്രചാരത്തിലായതോടെ സ്വിച്ചിട്ടതു പോലെ നിലച്ച വ്യാജസിഡി വേട്ട, കരുണാകരനോ ഉമ്മന്‍ചാണ്ടിയോ ആയിരുന്നു, ഈ കഥകളിലെ നായകനെങ്കില്‍ ഇന്ന് നഖവും മുടിയും ശേഷിക്കാതെ തിന്നു തീര്‍ക്കുമായിരുന്നു, കേരളത്തിലെ മാധ്യമങ്ങള്‍. ആദര്‍ശത്തിന്റെ അപ്പോസ്തലന്‍ ഭരണത്തില്‍ അഴിഞ്ഞാടുമ്പോള്‍ ശത്രുപക്ഷത്ത് അദ്ദേഹത്തിന്റെ പാര്‍ട്ടി നേതാക്കളെ അണി നിരത്തി മാധ്യമങ്ങള്‍ നിര്‍വഹിക്കുന്ന വൃത്തികെട്ട വിചാരണ ആ പാര്‍ട്ടി അണികള്‍ തിരിച്ചറിഞ്ഞില്ലെങ്കില്‍, പിന്നെ സാധാരണക്കാരന്റെ കാര്യം പറയുന്നതെന്തിന്?

ഏതാനും മലയാളം എം എക്കാരുടെ കാല്‍പ്പനികക്കനവുകള്‍ക്ക് തീറെഴുതി വില്‍ക്കാനുളളതല്ല കേരളത്തില്‍ പിറന്നതും പിറക്കാനിരിക്കുന്നവതുമായ തലമുറകളെന്ന് സിപിഎമ്മിന്റെ ഔദ്യോഗിക നേതൃത്വത്തില്‍ നല്ലൊരു വിഭാഗം തിരിച്ചറിഞ്ഞിട്ടുണ്ട്. എഴുപതുകള്‍ക്കു മുമ്പുളള മലയാള നോവല്‍ സാഹിത്യത്തെക്കുറിച്ച് ഗവേഷിച്ച് ഒരു ഡോക്ടറേറ്റ് ഒപ്പിച്ചെടുത്ത പച്ചയില്‍ ചാനല്‍ സ്റ്റുഡിയോകളില്‍ രാഷ്ട്രീയ നിരീക്ഷക വേഷം കെട്ടുന്ന പടുവിഡ്ഢികളുടെ തലച്ചോറിന്റെ ഇട്ടാവട്ടത്തിലല്ല, മറിച്ച് തിളയ്ക്കുന്ന ജീവിതത്തിന്റെ നേരുകളിലാണ് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ബദലുകള്‍ നാമ്പെടുക്കേണ്ടത്. സിപിഎമ്മില്‍ നിന്ന് അടിസ്ഥാന വര്‍ഗം അകന്നു പോയേയെന്ന് ഉച്ചത്തില്‍ നിലവിളിക്കുന്നവര്‍, ഇപ്പോള്‍ കിട്ടിയ അറുപത്തിയേഴ് ലക്ഷത്തിലെ നല്ലൊരു പങ്കും ആ വിഭാഗങ്ങളുടെ മനസമ്മിതിയാണെന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കാന്‍ വിമുഖത കാട്ടുന്നതിന്റെ നാനാര്‍ത്ഥങ്ങളും ആലോചനാമൃതം തന്നെ. സിപിഎമ്മിന് വോട്ടു ചെയ്തവരപ്പാടെ മണ്ടന്മാരും മറിച്ചു കുത്തിയവര്‍ അതിബുദ്ധിമാന്മാരുമാകുന്ന വിശകലന ജാലവിദ്യയും കെങ്കേമം.

സംസ്ഥാന ജനസംഖ്യയില്‍ വോട്ടു ചെയ്യുന്നവരില്‍ ഏതാണ്ട് നേര്‍പകുതിയെ ഇരുമുന്നണികളും സ്വന്തമാക്കിയിട്ടുണ്ട്. രണ്ടിലും പെടാത്തൊരു ചെറിയ ശതമാനം കൂട്ടത്തോടെ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യുമ്പോഴാണ് അമ്പരപ്പിക്കുന്ന തെരഞ്ഞെടുപ്പു ഫലങ്ങളുണ്ടാകുന്നത്. 2004ല്‍ വോട്ടു ചെയ്യാതെ വീട്ടിലിരുന്നാണ് നല്ലൊരു ശതമാനം യുഡിഎഫ് അനുകൂലികളും ഇടതുമുന്നണിയുടെ മഹാവിജയത്തിന് കാരണമായതെങ്കില്‍, ഇക്കുറി ഇടതില്‍ നിന്നൊരു വിഭാഗം എതിരാളികളെ വോട്ട് ചെയ്തനുഗ്രഹിച്ചിട്ടുണ്ട്. (2004ല്‍ 38.38 ആയിരുന്നു യുഡിഎഫിന്റെ വോട്ടു ശതമാനം. എല്‍ഡിഎഫിന്റേത് 46.14 ശതമാനവും. യുഡിഎഫിന് കുറഞ്ഞ വോട്ടുകളപ്പാടെ എല്‍ഡിഎഫിന് ലഭിച്ചില്ലെന്ന് ചുരുക്കം. ഇടതുപക്ഷത്ത് വല്ലാതെ വോട്ടു കൂടിയതു കൊണ്ടല്ല, മറിച്ച് യുഡിഎഫിന് വല്ലാതെ വോട്ടു കുറഞ്ഞതു കൊണ്ടാണ് ലക്ഷക്കണക്കിന് വോട്ടിന്റെ ഭൂരിപക്ഷം അക്കുറി പല ഇടതു സ്ഥാനാര്‍ത്ഥികള്‍ക്കും ഉണ്ടായത്. കിട്ടിയ വോട്ടിന്റെ കണക്കെടുക്കാതെ ഭൂരിപക്ഷത്തില്‍ മാത്രം കണ്ണു നട്ടവരുടെ വിമര്‍ശന വിശകലനങ്ങള്‍ക്കും സ്വാഭാവികമായും പരിമിതിയുണ്ടാകും).

സിപിഎമ്മിനും ഇടതുമുന്നണിയ്ക്കും ഉളളില്‍ നിന്ന് പാലം വലിച്ചവര്‍ക്ക് പുറമെ, ഇടതുമുന്നണിയില്‍ നിലനിന്ന പടലപ്പിണക്കങ്ങള്‍ ചെറിയ വിഭാഗം വോട്ടര്‍മാരെ സ്വാധിനിച്ചിട്ടുണ്ട്. പിഡിപിയും ജമായത്തെ ഇസ്ലാമിയും എന്‍ഡിഎഫുമടക്കമുളള പാര്‍ട്ടികളുടെ സഹായത്താല്‍ പഞ്ചായത്ത് മെമ്പര്‍ മുതല്‍ പാര്‍ലമെന്റംഗങ്ങള്‍ വരെയുളള സ്ഥാനങ്ങള്‍ നേടിയ ചീപ്പീയൈക്കാരന്‍ എത്രവേഗത്തിലാണ് ആദര്‍ശക്കഷായവും മോന്തി പത്ര സമ്മേളനങ്ങളും ജനയുഗം ലേഖനങ്ങളും പടച്ചതെന്ന് നോക്കുക. വിശാലമായ രാഷ്ട്രീയ താല്‍പര്യങ്ങളെ സ്വന്തം ഈഗോയില്‍ കുരുക്കിയിട്ടവര്‍ തലമണ്ട പിളര്‍ത്തിയ ജനവിധിയെ അപഗ്രഥിച്ച് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലും നിറഞ്ഞു നില്‍ക്കുന്നത് അരാഷ്ട്രീയതയുടെ കളിവിളയാട്ടം. ഇടതുപക്ഷ പ്രവര്‍ത്തകര്‍ വിനയാന്വിതരല്ലാത്തതാണു പോലും പരാജയകാരണം. എളിമയും ആദര്‍ശവും കൈമോശം വന്നതാണു പോലും കൂട്ടത്തോല്‍വിയ്ക്ക് കാരണം.

കേരളത്തില്‍ നിന്ന് വിജയിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളത്രയും എളിമ, വിനയം, ആദര്‍ശ സമ്പന്നത എന്നിവയില്‍ ഒന്നാം റാങ്കു നേടിയവരാണെന്നാണ് സിപിഐ കേന്ദ്രക്കമ്മിറ്റി പറഞ്ഞു വെയ്ക്കുന്നത്. കെ സുധാകരനില്‍ നിന്ന് എളിമയും കെ സി വേണുഗോപാലില്‍ നിന്ന് വിനയവും ശശി തരൂരില്‍ നിന്ന് ആദര്‍ശ സമ്പന്നതയും പഠിക്കാന്‍ വിധിക്കപ്പെട്ട കേരള ജനതയെ ഓര്‍ത്തു വിലപിക്കാന്‍ കുറേ സിപിഐക്കാരെങ്കിലും അവശേഷിക്കുന്നത് നമ്മുടെ ഭാഗ്യം. വിനയത്തിന്റെയും എളിമയുടെയും കുറവു കൊണ്ടാല്ലായിരുന്നോ പാവം കെ വി സുരേന്ദ്രനാഥ് 1998ല്‍ തിരുവനന്തപുരം ലോകസഭാ മണ്ഡലത്തില്‍ കെ കരുണാകരനോട് പരാജയപ്പെട്ടത്!

രാഷ്ട്രീയകാരണങ്ങളുണ്ടാക്കുന്ന വിഭ്രമിപ്പിക്കുന്ന തിരിച്ചറിവുകളെ നേരിടാതെയും തെരഞ്ഞെടുപ്പുപോലുളള സുപ്രധാന രാഷ്ട്രീയ പ്രക്രിയയെ വ്യക്തിവൈരാഗ്യം തീര്‍ക്കാനുളള അസുലഭ വേളകളാക്കി തരംതാഴ്ത്തിയും മാധ്യമങ്ങളുടെ വെളളിവെളിച്ചത്തില്‍ മാത്രം രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന കൂട്ടരെ ആരാണാവോ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെന്ന് സംബോധന ചെയ്തത്?

2004ലെ വിഭ്രമിപ്പിക്കുന്ന വിജയത്തില്‍ കിട്ടിയ വോട്ടുകളില്‍ നിന്ന് 2009ലെ അപ്രതീക്ഷിത തോല്‍വിയിലെത്തിയപ്പോള്‍ ആകെ എണ്ണത്തില്‍ ഇടതിന് കുറഞ്ഞത് ഏതാണ്ട് രണ്ടര ലക്ഷം വോട്ടാണെങ്കില്‍ അപ്പുറത്ത് പതിനെട്ടു ലക്ഷത്തോളം വര്‍ദ്ധനയുണ്ടായിട്ടുണ്ട്. ഏതു കണക്കെടുത്ത് പരിശോധിച്ചാലും അതത്രയും എല്‍ഡിഎഫില്‍ നിന്ന് ചോര്‍ന്നൊലിച്ചതല്ല. 2004ല്‍ യുഡിഎഫിന്റെ അവസ്ഥ കണ്ട് മനസു മടുത്ത് വോട്ടു ചെയ്യാതെ വീട്ടിലിരുന്നവരത്രയും ഇക്കുറി വോട്ടു ചെയ്യാനെത്തിയിട്ടുണ്ട്. പുതിയ വോട്ടര്‍മാരില്‍ ഗണ്യമായ വിഭാഗവും യുഡിഎഫിനെത്തന്നെ അനുഗ്രഹിച്ചുവെന്ന് വേണം അനുമാനിക്കാന്‍. അങ്ങനെയൊരു ധ്രുവീകരണം തങ്ങള്‍ക്കെതിരെ സൃഷ്ടിക്കപ്പെട്ടതിന്റെ രാഷ്ട്രീയ കാരണങ്ങള്‍ അന്വേഷിക്കുകയാണ് ഇടതുപക്ഷം ചെയ്യേണ്ടത്. ലാവലിന്‍, മദനി, പിണറായി വിജയന്റെ ധാര്‍ഷ്ട്യം എന്നിങ്ങനെ ആ കാരണങ്ങളെ വെട്ടിച്ചുരുക്കിയാല്‍ നഷ്ടം ഇടതുപക്ഷത്തിനു തന്നെയാണ്.

ഇടതുപക്ഷത്തിന് എന്തുകൊണ്ട് കൂടുതല്‍ എംപിമാര്‍ കേരളത്തില്‍ നിന്നുണ്ടായില്ലെന്ന ചോദ്യത്തിന്, 19 എംപിമാരെക്കൊണ്ട് കേരളം നേടിയതെന്ത് എന്ന മധ്യവര്‍ഗ മറുചോദ്യം ഒരു മറുപടിയാണ്. അടിസ്ഥാന സൗകര്യ വികസനവും പുതിയ പദ്ധതികളുമൊക്കെ വലിയൊരു വിഭാഗം ജനതയെ സ്വാധീനിക്കുന്ന കാലമാണ് ഇത്. ഇടതുപക്ഷത്തിന്റെ 19 എംപിമാരും പിന്തുണച്ച ഒരു സര്‍ക്കാരില്‍ നിന്നും ഒരു പുതിയ ട്രെയിനിനു വേണ്ടി, ഒരു പുതിയ തീവണ്ടിപ്പാതയ്ക്കു വേണ്ടി, അരിയ്ക്കും വൈദ്യുതിയ്ക്കും വേണ്ടി, തല ചൊറി‍ഞ്ഞും കുത്തിയിരിപ്പു സത്യാഗ്രഹം നടത്തിയും കേരളത്തിലെ എംപിമാര്‍ അപഹാസ്യരായപ്പോള്‍ ലാലുവും വേലുവും സ്വന്തം നാട്ടിലേയ്ക്ക് കൊണ്ടുപോയ പദ്ധതികളും സൗകര്യങ്ങളും വലിയൊരു വിഭാഗം ജനതയെ സ്വാധീനിച്ചിട്ടുണ്ട്. രണ്ടു ഫുള്‍ കേന്ദ്രമന്ത്രിമാരും ഒരു അരമന്ത്രിയും മന്ത്രിസഭയിലുണ്ടായിട്ടും, സംസ്ഥാനത്ത് നിന്നുളള സകല എംപിമാരും പിന്തുണച്ച കേന്ദ്രസര്‍ക്കാരാണ് കേരളത്തിന്റെ റേഷന്‍ വിഹിതം വെട്ടിക്കുറച്ചത്.

ഡിഎംകെയുടെ മാത്രം കാര്യം നോക്കുക. 16 എംപിമാരാണ് അവര്‍ക്ക് കഴിഞ്ഞ സഭയിലുണ്ടായിരുന്നത്. അവരില്‍ നിന്ന് എത്ര കാബിനെറ്റ് മന്ത്രിമാര്‍, എത്ര സഹമന്ത്രിമാര്‍? കേരളത്തില്‍ നിന്നു മാത്രം 19 പേര്‍. ജനം തിരഞ്ഞെടുത്തതില്‍ ഇ അഹമ്മദ് മാത്രം അര മന്ത്രിയായി. ബാക്കിയുളളവര്‍ അനുഭവിച്ച നിസഹായാവസ്ഥയ്ക്ക് എത്രയോ തവണ പാര്‍ലമെന്റ് വേദിയായി.

കഴിഞ്ഞ സഭയില്‍ കേരളത്തിലെ ഇടതു എംപിമാര്‍ നേരിട്ട ഈ പ്രതിസന്ധി വലിയൊരു വിഭാഗം വോട്ടര്‍മാരെ ആകുലപ്പെടുത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് ഭരിക്കുമ്പോള്‍ കോണ്‍ഗ്രസുകാരന്‍ തന്നെ എംപിയായിരുന്നാല്‍ മതിയെന്ന് ചിന്തിച്ച വോട്ടര്‍മാര്‍ എത്രശതമാനം വരുമെന്നാണ് ഇടതുപക്ഷം കണക്കാക്കുന്നത്? പലതരത്തിലും ശരിയായ ഒരു രാഷ്ട്രീയ നയത്തിനു വേണ്ടി പോരാടുമ്പോഴും ഇത്തരം പ്രതിസന്ധികളെ അതിജീവിക്കാനുളള ശേഷിയും ഇടതുപക്ഷം നേടേണ്ടതുണ്ട്. കേരളത്തില്‍ നിന്നുളള ഇടതുപക്ഷ എംപിമാരുടെ പാര്‍ലമെന്റ് പ്രകടനം വിലയിരുത്തുന്ന വോട്ടര്‍മാരെ എങ്ങനെ തൃപ്തിപ്പെടുത്താമെന്നാണ് അതാത് പാര്‍ട്ടികള്‍ കരുതുന്നത്?

എംപി ഫണ്ടു കൊണ്ട് കെട്ടിടം നിര്‍മ്മിക്കാനും സ്ക്കൂളുകളില്‍ കമ്പ്യൂട്ടര്‍ വിതരണം ചെയ്യാനും പന്ന്യന്‍ രവീന്ദ്രനും ലോനപ്പന്‍ നമ്പാടനും എംപിമാരാകണമെന്നില്ല. വികസനപ്രവര്‍ത്തനമെന്നത് എംപി ഫണ്ടിന്റെ വിനിയോഗം മാത്രവുമല്ല. ഓരോ പ്രദേശത്തിന്റെയും പ്രശ്നങ്ങള്‍ ദീര്‍ഘദൃഷ്ടിയോടെ വിലയിരുത്താനും സാധ്യതകള്‍ ചൂഷണം ചെയ്യാനും വേണ്ട ഇച്ഛാശക്തിയും എംപിയില്‍ നിന്ന് ജനം പ്രതീക്ഷിക്കുന്നുണ്ട്. കേരളത്തില്‍ നിന്നും ജയിച്ചു പോയ ഭൂരിപക്ഷം പേര്‍ക്കും എംപിയെന്നത് ഒരു പദവി മാത്രമായിരുന്നു. അപൂര്‍വം പേരേ മറിച്ചുളള വിലയിരുത്തലിന് യോഗ്യത നേടിയുളളൂ. പാര്‍ലമെന്റ് നടപടികളില്‍ ഓരോ എംപിയും പങ്കെടുത്തതിന്റെ കണക്കും വിശദാംശങ്ങളും ലോകസഭയുടെ വെമ്പ് സൈറ്റില്‍ ലഭ്യമാണ്. ചര്‍ച്ചകളില്‍, ഇടപെടലുകളില്‍ ഒരു ജനതയുടെ അന്തസു കാത്ത എത്രപേരുണ്ടെന്ന് പരിശോധിച്ചു നോക്കുക. അധികാരവും സുഖസൗകര്യങ്ങളും സൗജന്യയാത്രയും ഉപജാപങ്ങളുമായി എംപി പദത്തെ തരംതാഴ്ത്തിയവര്‍ക്കുളള മറുപടി കൂടിയാണ് ഈ തെരഞ്ഞെടുപ്പ് പരാജയം.

ആഗോളതലത്തില്‍ കൊണ്ടുപിടിച്ചു നടക്കുന്ന വികസനത്തിന്റെ വേലിയേറ്റങ്ങള്‍ കണ്ടും കൊതിച്ചും വളരുന്ന വലിയൊരു ജനവിഭാഗമുണ്ട് നാട്ടില്‍. വികസനത്തിന്റെ രാഷ്ട്രീയം സജീവ ചര്‍ച്ചയാക്കേണ്ട ബാധ്യതയുളള രാഷ്ട്രീയ കക്ഷികള്‍ ഉത്തരവാദിത്തത്തില്‍ നിന്നൊഴിഞ്ഞു നില്‍ക്കുകയും മൂലമ്പളളിയില്‍ ജനത്തിന്റെ വാസസ്ഥാനങ്ങളെ ജെസിബി കൊണ്ടു തകര്‍ത്തിട്ട് നക്സലുകളെ പഴി പറയുകയും ചെയ്യുന്ന കമ്മ്യൂണിസ്റ്റ് നരാധമന്‍, തൊഴിലാളി വര്‍ഗത്തിന്റെ വിമോചകനായി വേഷം കെട്ടുകയും ചെയ്യുന്ന വിരോധാഭാസത്തിന്റെ നടുവിലേയ്ക്കാണ് വികസനത്തിന്റെ ആഗോളസാഹചര്യം ശരാശരി മലയാളിയുടെ ചിന്താപഥത്തില്‍ ചുവടുറപ്പിക്കുന്നത്. നാട്ടില്‍ പുതിയ വ്യവസായസ്ഥാപനങ്ങള്‍, പുതിയ തൊഴിലവസരങ്ങള്‍, പുതിയ പദ്ധതികള്‍, അടിസ്ഥാന സൗകര്യ വികസനത്തില്‍ സാധ്യതകള്‍ ഉപയോഗിക്കാനും ചൂഷണം ചെയ്യാനുമുളള രാഷ്ട്രീയ കാലാവസ്ഥ ഇവയൊക്കെ അവന്റെ മോഹങ്ങളാണ്. അതായത് വികസനത്തിന്റെ പുതിയ രാഷ്ട്രീയത്തെ അഭിമുഖീകരിക്കാതെ ഇടതുപക്ഷത്തിന് അതിന്റെ രാഷ്ട്രീയാടിത്തറ വികസിപ്പിക്കാനാവില്ലെന്ന് ചുരുക്കം.

സിംഗൂരില്‍ നടന്ന വെടിവെയ്പ്പ് ഇടതുപക്ഷത്തിന്റെ സാധ്യതകളെ തുരങ്കം വെയ്ക്കുമ്പോള്‍, ആന്ധ്രയില്‍ കര്‍ഷകരെ വെടിവെച്ചു കൊന്ന പൊലീസ് നടപടിയുടെ പേരില്‍ വൈ എസ് രാജശേഖര റെഡിയ്ക്കോ കോണ്‍ഗ്രസിനോ ഒരു ജനരോഷത്തെയും അഭിമുഖീകരിക്കേണ്ടി വന്നില്ലെന്ന കാര്യം ഓര്‍ക്കുക. വര്‍ഗപരമായി രണ്ടിടത്തും മരിച്ചത് കര്‍ഷകരാണ്. കൊന്നത് ഭരണകൂടവും. എന്നാല്‍ ഒരു സംഭവത്തിന്റെ ഉത്തരവാദികള്‍ രാജ്യവ്യാപകമായി വേട്ടയാടപ്പെട്ടപ്പോള്‍ അടുത്തതാകട്ടെ ഒരു ചലനവും രാഷ്ട്രീയ മണ്ഡലത്തിലുണ്ടാക്കിയില്ല. സിംഗൂരിലെ വെടിവെയ്പ്പിന്റെ പേരില്‍ ഇടതുമുന്നണിയ്ക്ക് ബംഗാളില്‍ സീറ്റു കുറഞ്ഞെങ്കില്‍ ഖമ്മത്തു നടന്ന വെടിവെയ്പ്പ് രാജശേഖര റെഡിയുടെ തെരഞ്ഞെടുപ്പ് സാധ്യതകള്‍ക്ക് ഒരു പോറലുപോലുമേല്‍പ്പിച്ചില്ല.

സാമ്പത്തിക വിദേശ നയങ്ങളില്‍ ഒരു രാഷ്ട്രീയ നിലപാടിലൂന്നിയുളള പോരാട്ടം നടത്തുമ്പോഴും വികസനം സംബന്ധിച്ച് അത്തരമൊരു നിലപാട് സ്വീകരിക്കാന്‍ ഇടതുപക്ഷത്തിന് കഴിയുന്നില്ല. സ്വയം സൃഷ്ടിച്ച കാല്പ്പനിക കുരുക്കുകള്‍ ഒരു വശത്തും ജനതയുടെ തീവ്രാഭിലാഷങ്ങള്‍ മറുവശത്തും ഒരേ സമയം സമ്മര്‍ദ്ദം സൃഷ്ടിക്കുമ്പോള്‍, പ്രതിവിധികള്‍ക്ക് പഴയ ടൂളുകള്‍ മതിയാവാത്തതിന്റെ പ്രതിസന്ധികള്‍ ഇടതുപക്ഷം പൊതുവിലും സിപിഎം പ്രത്യേകിച്ചും നേരിടുന്നുണ്ട്. മൂന്നു സംസ്ഥാനത്തിലെ ഭരണമെന്ന ഉത്തരവാദിത്തം കൂടിയാകുമ്പോള്‍ സിപിഎമ്മിന്റെ നയസമീപനങ്ങളാണ് കൂടുതല്‍ ചര്‍ച്ചയ്ക്ക് വിധേയമാകുന്നത്. പ്രതിസന്ധികളില്‍ സിപിഎമ്മിനെ തളളിപ്പറഞ്ഞ് ശിഷ്ടം ഇടതുപക്ഷം കൈകഴുകും. സിംഗൂരാണ് ഏറ്റവും നല്ല ഉദാഹരണം.

സിംഗൂരു പോലുളള ധീരമായ തീരുമാനങ്ങളെടുക്കുമ്പോള്‍ സിപിഎമ്മിന്റെ തന്നെ പഴയ നമ്പരുകളിറക്കിയാണ് മമതയുടെ കളി. ബംഗാളില്‍ മുപ്പതു കൊല്ലത്തെ ഇടതു ഭരണത്തിന്റെ രാഷ്ട്രീയ പരിണാമെന്തെന്ന് ചോദിച്ചാല്‍ ഒറ്റവാചകത്തില്‍ ഇതാണ് മറുപടി. മമതാ ബാനര്‍ജിയെപ്പോലൊരാള്‍ തങ്ങളുടെ രാഷ്ട്രീയം ഹൈജാക്കു ചെയ്യുന്ന അവസ്ഥ സിപിഎമ്മിന് കണ്ടു നില്‍ക്കേണ്ടി വരുന്നു. സിപിഎമ്മിന്റെ തന്നെ കാര്‍ഡുകളുപയോഗിച്ച് മമത ആ പാര്‍ട്ടിയെ വേട്ടയാടുമ്പോള്‍ അവരുടെ മറുപടിയും ലളിതമാണ്. ഏതൊരു ഭരണകൂടവും ചെയ്യുന്നതുപോലെ പൊലീസിനെ ആശ്രയിക്കേണ്ടി വരുന്നു. അപ്പോഴോ, സ്വന്തം മുന്നണിയിലെ അതിതീവ്ര വിപ്ലവകാരികളായ ആര്‍എസ് പി, സിപിഐ, ഫോര്‍വേഡ് ബ്ലോക്ക് എന്നിവരുടെ വക ശകാരവും വിഷം തീണ്ടലും.

ഇതിനിടയില്‍ നിന്നാണ് ഇന്ത്യയിലെ ഇടതുരാഷ്ട്രീയത്തിന്റെ നായകവേഷം സിപിഎമ്മിന് ആടിത്തീര്‍ക്കാനുളളത്. മൂന്നാം മുന്നണിയുണ്ടാക്കാന്‍ കിട്ടാവുന്നവരെ മുഴുവന്‍ സംഭരിച്ച് ശക്തി സ്വരൂപിക്കാനിറങ്ങിയ ദേശീയ തന്ത്രവും പാളിപ്പോയി. ചന്ദ്രബാബു നായിഡുവിന്റെയും ജയലളിതയുടെയുമൊന്നും ഭൂതകാലം മറക്കാനുളള കാലമായി വരുന്നതേയുളളൂ. അവരുടെ ചെലവില്‍ സ്വന്തം എംപിമാരുടെ എണ്ണം പരമാവധി വര്‍ദ്ധിപ്പിക്കുകയാണ് സിപിഎം ലക്ഷ്യമിട്ടതെന്നു വേണം മനസിലാക്കാന്‍. ഒപ്പം കേരളത്തിലും ബംഗാളിലും 1999ലെ സ്ഥിതിയെങ്കിലും നിലനിര്‍ത്താനായാല്‍ അവഗണിക്കാനാവാത്ത രാഷ്ട്രീയ ഗ്രൂപ്പായി ഇടതുപക്ഷം കേന്ദ്രത്തിലുണ്ടാകുമെന്നൊരു സാധ്യതയുമുണ്ടായിരുന്നു. എന്നാല്‍ ആ സാധ്യത ചൂഷണം ചെയ്യാനുളള ശ്രമം ദയനീയമായി പരാജയപ്പെട്ടു. പ്രാദേശിക കക്ഷികളെക്കുറിച്ച് നല്ല അഭിപ്രായം അതാത് നാട്ടിലേ ഉണ്ടാകൂ. സംസ്ഥാനത്തിന്റെ അതിരുകള്‍ക്ക് പുറത്ത് അനര്‍ഹമായ പലതിനും വേണ്ടി നടത്തുന്ന കടുത്ത സമ്മര്‍ദ്ദം മൂലം പൊതുവില്‍ വില്ലന്‍ വേഷമാണ് ജനം അവര്‍ക്ക് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. തമിഴ് നാട്ടില്‍ ജയലളിതയെ പുണര്‍ന്നാലും കരുണാനിധിയെ ആശ്ലേഷിച്ചാലും ഒരു ബദല്‍ രാഷ്ട്രീയത്തിന്റെ ലേബലടിച്ച് ആ സഖ്യത്തെ മറ്റു സംസ്ഥാനങ്ങളില്‍ അവതരിപ്പിച്ചാല്‍ പണി പാളുമെന്ന് സാരം. അവരുണ്ടാക്കുന്ന ബദലിന് എത്ര ആയുസുണ്ടാകുമെന്ന് അറിയാന്‍ വേണ്ട രാഷ്ട്രീയ ബോധം ജനത്തിനുണ്ട്.

ദേശീയ തലത്തില്‍ രൂപം കൊണ്ടത് പുതിയ രാഷ്ട്രീയ സഖ്യങ്ങള്‍. കേരളത്തില്‍ തുടര്‍ന്നത് പഴയ സഖ്യം. ഏറ്റവും ഒടുവില്‍ നടന്ന തിരഞ്ഞെടുപ്പുകളില്‍ പരാതിയേതുമില്ലാതെ ഇടതു വിജയത്തിന്റെ പങ്കാളികളായവരെ ഇപ്പോഴും ഒപ്പം നിര്‍ത്തിയതാണത്രേ വന്‍പരാജയത്തിന് കാരണം. ഇതൊക്കെ പരസ്യമായി വേണോ, രഹസ്യമായി മതിയായിരുന്നില്ലേയെന്നാണ് ചില നിഷ്കളങ്കരുടെ ന്യായം. രാഷ്ട്രീയ ഒളിസേവയ്ക്ക് കുടപിടിക്കുന്നവരും മുടങ്ങാതെ കഴിക്കുന്നത് വിപ്ലവാരിഷ്ടം തന്നെ. അത്രയും നന്ന്.

പുതിയ കാലത്തെ അഭിമുഖീകരിക്കാന്‍ വെമ്പുന്ന സിപിഎമ്മിന് കേരളത്തില്‍ ഏറ്റവും പ്രതിസന്ധിയുണ്ടാക്കുന്നത് അച്യുതാനന്ദനാണ്. കാലഹരണപ്പെട്ട ആശയങ്ങളുടെ പ്രവാചകനും സമ്പൂര്‍ണ സിപിഎം വിരുദ്ധരുടെ നേതാവുമായി അരങ്ങില്‍ അമിതാഭിനയം കാഴ്ചവെയ്ക്കുന്ന വൃദ്ധചാപല്യത്തെ പാര്‍ട്ടി കോലായിലെ ചാരുകസേരയില്‍ പ്രതിഷ്ഠിക്കാനുളള ആത്മധൈര്യം സിപിഎം കാണിക്കണം. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നൊരു മുഖ്യമന്ത്രിയെക്കൊണ്ട് ഏതായാലും സിപിഎമ്മിന് പ്രയോജനമൊന്നുമില്ല.

കമ്മ്യൂണിസത്തില്‍ കാല്‍പനികയുടെ വിഷം കലക്കിയവര്‍ നടത്തുന്ന പ്രചണ്ഡമായ പ്രചരണങ്ങള്‍ കൊണ്ടൊന്നും കേരളത്തില്‍ സിപിഎമ്മിന്റെ അടിത്തറയിളക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഈ തിരഞ്ഞെടുപ്പ് തെളിയിച്ചിട്ടുണ്ട്. 42 ശതമാനം വോട്ട് സിപിഎമ്മിന് ലഭിച്ചെങ്കില്‍, പാര്‍ട്ടിയില്‍ നിന്ന് അടിസ്ഥാന വര്‍ഗം അകന്നു പോയിട്ടില്ലെന്നാണ് അതിനര്‍ത്ഥം. വികാരപരമായ തീരുമാനങ്ങളാല്‍ അകന്നു പോയവര്‍ വേറൊരു വികാരത്തളളിച്ചയില്‍ മടങ്ങി വരും. അവര്‍ക്കു വേണ്ടി രാഷ്ട്രീയ നയങ്ങളില്‍ മാറ്റം വരുത്തുന്നത് ആത്മഹത്യാപരമാണെന്നത് മറ്റാരെക്കാളും നന്നായി തിരിച്ചറിയാവുന്നത് സിപിഎമ്മിനു തന്നെയാണ്. അതേസമയം വികസനമെന്ന സമസ്യയെ മെരുക്കാന്‍ പ്രായോഗികവും സൈദ്ധാന്തികവുമായ വഴികളും സിപിഎമ്മും ഇടതുപക്ഷവും തേടേണ്ടതുണ്ട്.

വിനയം, എളിമ, ആദര്‍ശം മുതലായ ഉടന്‍കൊല്ലി വിശകലനങ്ങളെയും ധൈര്യപൂര്‍വം പുറംകാലു കൊണ്ട് തൊഴിച്ചെറിയാം. തെറിക്ക് മറുതെറി പറയുന്നതും അടിച്ചാല്‍ തിരിച്ചടിക്കുന്നതും ആരെടായെന്ന ചോദ്യത്തിന് എന്തെടാ എന്ന മറുചോദ്യം തൊടുക്കുന്നതും സവിശേഷമായ അര്‍ത്ഥമുളള രാഷ്ട്രീയ പ്രവര്‍ത്തനം തന്നെയാണ്. ഇന്ത്യയുടെ സാമൂഹ്യഘടനയറിയുന്ന ആരും അത് തലകുലുക്കി സമ്മതിക്കും.

പൊതുബോധത്തിന്റെ മറവില്‍ ഫ്യൂഡല്‍ വരേണ്യത വില്‍ക്കാനിറങ്ങുന്ന ഫെയര്‍ ആന്റ് ലൗലി മാധ്യമ പ്രവര്‍ത്തനം നിര്‍വചിക്കുന്ന അളവുകോലുകള്‍ക്ക് സിപിഎം പോലൊരു പാര്‍ട്ടി നിന്നു കൊടുക്കേണ്ടതില്ല. തങ്ങളെ കളളനെന്നും അഴിമതിക്കാരനെന്നും സാമ്രാജ്യ ചാരന്മാരെന്നുമൊക്കെ മുദ്രകുത്താന്‍ മത്സരിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കു മുന്നില്‍ മുട്ടിലിഴഞ്ഞും താണു കേണും ഒരു രാഷ്ട്രീയ നേട്ടവും വേണ്ടെന്ന തീരുമാനിക്കാനുളള സിപിഎം നേതാക്കളുടെ അന്തസിനെ മാനിക്കുന്നവരും ഈ നാട്ടില്‍ തന്നെയുണ്ട്. ചാനലുകളില്‍ കൊഞ്ചിക്കുഴഞ്ഞും, മാധ്യമപ്പടയെ സാക്ഷിയാക്കി കെട്ട്യോളെ കെട്ടിപ്പിടിച്ചും, ആരോഹണത്തിന്റെ ഏണിപ്പടികള്‍ ചവിട്ടാന്‍ തരാതരം പോലെ മാധ്യമ ഉപജാപങ്ങള്‍ക്ക് മടിയേതുമില്ലാത്തവരും, അമ്മയുടെ കുഴിമാടത്തിനരികില്‍ കരയുമ്പോഴും കാന്റീനില്‍ നിന്ന് വരുത്തിയ ഭക്ഷണം കഴിക്കുമ്പോഴും കാമറയുടെ ഫ്ലാഷ് മിന്നണമെന്ന് ശാഠ്യം പിടിക്കുന്നവരും ഏറെയുളള നാട്ടില്‍, മാധ്യമങ്ങളുടെ തലോടല്‍ വേണ്ടാതെയും തങ്ങള്‍ക്ക് പ്രവര്‍ത്തിക്കാനും അതിജീവിക്കാനും അറിയാം എന്ന തുറന്ന പ്രകടനത്തിലെ ചങ്കൂറ്റം കേരളം തിരിച്ചറിയുക തന്നെ ചെയ്യും. മാധ്യമ വിചാരണയെ ഭയക്കാത്തതും അതിന് വഴങ്ങാത്തതും അതൊഴിവാക്കാന്‍ ഏഴാം കൂലി പത്രക്കാരുമായി വഴിവിട്ട ബന്ധത്തിന് തുനിയാത്തതുമാണ് ധാര്‍ഷ്ട്യമെങ്കില്‍, ആ ധാര്‍ഷ്ട്യം കമ്മ്യൂണിസ്റ്റുകാരന്റെ മാത്രം ജന്മാവകാശമാണ്. അസൂയപ്പെട്ടിട്ട് കാര്യമൊന്നുമില്ല.

തുടര്‍ന്നു പോരുന്ന രാഷ്ട്രീയ നയങ്ങളില്‍ ഈ പരാജയത്തിന്റെ പേരില്‍ തിരുത്തല്‍ വരുത്തിയാല്‍, സര്‍വ കുപ്രചരണങ്ങളെയും തൃണവല്‍ഗണിച്ച് ഇടതുപക്ഷത്തിന് വോട്ടുചെയ്ത അനേകലക്ഷങ്ങളുടെ ആത്മാഭിമാനത്തിനേല്‍ക്കുന്ന തീരാക്കളങ്കമായിരിക്കും അത്. മദനിയെ മുന്‍നിര്‍ത്തി നടന്ന മാധ്യമ ഗുണ്ടായിസത്തിനും ലാവലിന്റെ പേരില്‍ നടത്തിയ പെരും നുണകളുടെ ഘോഷയാത്രയ്ക്കും കേരളത്തില്‍ അറുപത്തിയേഴ് ലക്ഷത്തിലധികം വരുന്ന ജനതയുടെ രാഷ്ട്രീയ ബോധ്യത്തെ ഉലയ്ക്കാനായിട്ടില്ല. ഉലയാത്ത ഈ ജനപിന്തുണയെ അടിസ്ഥാനമാക്കി സുധീരമായ രാഷ്ട്രീയ തീരുമാനങ്ങളെടുക്കാനുളള ഇച്ഛാശക്തി പ്രകടിപ്പിക്കുകയാണ് ഇനി സിപിഎം ചെയ്യേണ്ടത്.