Saturday, June 20, 2009

തല പരിശോധിച്ചപ്പോള്‍ തെളിഞ്ഞത്....!!

ലാവലിന്‍ കേസില്‍ പിണറായി വിജയനെതിരെ ഏറ്റവും വ്യാപകമായി വിറ്റഴിച്ച മൊഴിയുടെ ഉടമയാണ് പഴയ ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി എസ് വരദാചാരി. ഈ കേസില്‍ വരദാചാരി നല്‍കിയ മൊഴിയാണ് വിഎസ് അച്യുതാനന്ദന്‍ പിണറായി വിജയനെതിരെ സിപിഎം പോളിറ്റ് ബ്യൂറോയ്ക്ക് നല്‍കിയ ഏറ്റവും ബലപ്പെട്ട രേഖയെന്ന് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്തത് ഇക്കഴിഞ്ഞ മാര്‍ച്ച് 31ന്. കത്തിക്കയറുന്ന ലാവലിന്‍ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ സിപിഎം പോളിറ്റ് ബ്യൂറോ ചേരുന്നതിന്റെ തൊട്ടു തലേന്നു തന്നെ വരദാചാരിയുടേത് കളളമൊഴിയാണെന്ന വാര്‍ത്ത വന്നതിനൊരു കാവ്യനീതിയുണ്ട്. പാര്‍ട്ടിയുടെ മുഖപത്രം തന്നെ വിമര്‍ശിക്കുന്നുവെന്ന് പൊളിറ്റ് ബ്യൂറോയില്‍ അച്യുതാനന്ദന്‍ പരാതി പറയുമ്പോള്‍, മറ്റൊരു പിബി അംഗത്തിനു നേരെ ഉയര്‍ന്ന ഏറ്റവും വലിയ നുണ പൊളിച്ചടുക്കുന്ന വാര്‍ത്തയില്‍ അച്ചടി മഷി പുരട്ടുന്ന തിരക്കിലായിരുന്നു, ദേശാഭിമാനിയുടെ പ്രവര്‍ത്തകര്‍.

വാര്‍ദ്ധക്യം ജരാനരകള്‍ വീഴ്ത്തിയ വിശ്രമജീവിതത്തിന്റെ ചക്രവാളത്തില്‍ അസ്തമയത്തിനു വേണ്ടി ഊഴം കാത്തുകിടക്കുന്ന വരദാചാരിയുടെ തല ഇനിയൊരു പരിശോധനയ്ക്കും വിധേയമാക്കേണ്ടതില്ല. രാഷ്ട്രീയപ്പകയില്‍ നിന്നാണ് ലാവലിന്‍ കേസ് മുളച്ചു പൊന്തിയതെന്ന് അറിയാത്തവര്‍ വിരളം. പകയുടെയും വൈര്യനിരാതനബുദ്ധിയുടെയും അതിവിദഗ്ധമായ ചേരുവയില്‍ തിരിച്ചറിയാനാവാത്ത വിധം വരദാചാരിയുടെ മൊഴി അലിഞ്ഞു ചേര്‍ന്നതില്‍ അത്ഭുതമൊന്നും വേണ്ട. ചേരേണ്ടത്, ചേരേണ്ടതിനോട് തന്നെയാണ് ചേര്‍ന്നത്.

ഒരു കളളമൊഴി പിടിക്കപ്പെട്ടു എന്നതുമാത്രമല്ല വരദാചാരി പ്രശ്നത്തിലുളളത്. സിബിഐ എന്ന അന്വേഷണ ഏജന്‍സിയുടെ ലക്ഷ്യം, ഉത്തരവാദിത്തബോധം, സമര്‍പ്പണസന്നദ്ധത, നിഷ്പക്ഷത, എന്നിവയൊക്കെ ചോദ്യം ചെയ്യുന്നതാണ് വരദാചാരിയുടെ മൊഴിയ്ക്ക് സംഭവിച്ച ദയനീയ അന്ത്യം. ഉന്നയിക്കപ്പെടുന്ന ആരോപണവും അതിനുളള മറുപടിയും നിശിതമായ അന്വേഷണ ബുദ്ധി കൊണ്ട് കീറിമുറിച്ച് മിന്നല്‍പ്പിണര്‍ പോലെ കത്തിജ്വലിക്കുന്ന വസ്തുത കണ്ടെത്തുമെന്ന പ്രതീക്ഷയാണ് സിബിഐയില്‍ അര്‍പ്പിതമായിരിക്കുന്നത്. രാഷ്ട്രീയ വിടുവേല കൊണ്ട് പലതവണ സ്വന്തം വിശ്വാസ്യത സിബിഐ നശിപ്പിച്ചിട്ടുണ്ടെങ്കിലും എന്തൊക്കെയോ അത്ഭുതങ്ങള്‍ ഇവരിലിനിയും ബാക്കിയുണ്ട് എന്ന് സമൂഹത്തില്‍ ഒട്ടേറെപ്പേര്‍ പ്രത്യാശിക്കുന്നുണ്ട്.

അന്വേഷണ റിപ്പോര്‍ട്ടിലെ പേജ് 194ല്‍ ഒമ്പതാം പ്രതിയുടെ പങ്ക് എന്ന തലക്കെട്ടിലാണ് വരദാചാരിയുടെ മൊഴിയെക്കുറിച്ച് സിബിഐ പരാമര്‍ശിക്കുന്നത്. ലാവലിന്‍ കരാറിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടിയതിന് വരദാചാരിയുടെ തല പരിശോധിപ്പിക്കണമെന്ന് പിണറായി വിജയന്‍ ഫയലില്‍ കുറിപ്പെഴുതിയെന്നും ആ കുറിപ്പ് താന്‍ കണ്ടുവെന്നുമൊക്കെയാണ് വരദാചാരി സിബിഐയോട് വെളിപ്പെടുത്തിയത്.

സഹകരണവകുപ്പുമായി ബന്ധപ്പെട്ട വിഷയത്തിലാണ് താന്‍ ഈ പരാമര്‍ശം നടത്തിയതെന്ന പിണറായി വിജയന്റെ മറുപടി റിപ്പോര്‍ട്ടിന്റെ 203-ാം പേജിലുണ്ട്. .

ഇതുസംബന്ധിച്ച ഫയല്‍ കാണാനില്ലാത്തതിനാല്‍, മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്റെ മൊഴി വിശ്വാസത്തിലെടുക്കുന്നുവെന്ന സിബിഐയുടെ നിഗമനം പേജ് 213ല്‍.

ഓര്‍ക്കുക. പിണറായി വിജയന്‍ ആരോപണം നിഷേധിച്ചിട്ടില്ല. വരദാചാരിയുടെ തല പരിശോധിക്കണമെന്ന് ഫയലിലെഴുതിയ കാര്യം അദ്ദേഹം സമ്മതിച്ചു. പക്ഷേ, അത് വരദാചാരി പറയുന്ന ഫയലിലല്ലെന്ന വെളിപ്പെടുത്തലും ആ മൊഴിയിലുണ്ട്. സിബിഐയെ സംബന്ധിച്ചടത്തോളം അതൊരു പുതിയ വിവരം തന്നെയാണ്.

ഒരു തരത്തിലും പൊരുത്തപ്പെടുന്ന ഈ വാദങ്ങളല്ല ഇവ. ഈ രണ്ടുമൊഴിയും ഒരിക്കലും ഒരേസമയം സത്യമാകില്ല. യഥാര്‍ത്ഥത്തില്‍ ഒരു സമ്മതവും ഒരു വെളിപ്പെടുത്തലുമാണ് പിണറായി വിജയന്‍ സിബിഐയ്ക്ക് നല്‍കിയത്. ആ വെളിപ്പെടുത്തലോടെ, സഹകരണ വകുപ്പുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇത്തരമൊരു പരാമര്‍ശം നടത്താന്‍ മന്ത്രിയെ പ്രേരിപ്പിക്കും വിധം ഏതെങ്കിലുമൊരു വകുപ്പുതല തര്‍ക്കം നിലനിന്നിരുന്നോയെന്ന് അന്വേഷിക്കാനുളള ബാധ്യത സിബിഐയ്ക്കുണ്ടായിരുന്നു. രണ്ടിലൊരു മൊഴിയെ തള്ളുകയും കൊള്ളുകയും ചെയ്യുന്നതിന് മുമ്പ്, മൊഴികളുടെ സത്യം സിബിഐ അന്വേഷിക്കുക തന്നെ വേണം. ആരുടെ വാദമാണ് ശരിയെന്ന് അന്വേഷിച്ചില്ലെന്നതോ പോകട്ടെ, ആരോപണത്തെ മുഖവിലയ്ക്കെടുക്കാനും മറുപടിയെ പാടെ തളളാനും കൂടി സിബിഐ തയ്യാറായി.

സാമാന്യനീതിയുടെ പ്രകടമായ ലംഘനം ഇവിടെയുണ്ട്. ഒരന്വേഷണവും നടത്താതെ പിണറായി വിജയന്റെ വാദം സിബിഐ തളളിയതില്‍ നിന്നു തന്നെ കേസിന്റെ രാഷ്ട്രീയ മുന വ്യക്തമാണ്. ഐഎഎസ് ബ്രാഹ്മണ്യത്തിന്റെ വാദം ഒരന്വേഷണവും ആവശ്യമില്ലാത്തവിധം സ്വീകരിക്കാനും മുണ്ടയില്‍ കോരനെന്ന ചെത്തുകാരന്റെ മകനെ മുഖവിലയ്ക്കെടുക്കാതെ തളളാനും ഏത് നിയമവ്യവസ്ഥയാണ് സിബിഐയ്ക്ക് പ്രാപ്തി നല്കിയതെന്ന ചോദ്യം വനരോദനമായിക്കൂടാ..

മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനും മുന്‍മന്ത്രിയും സിബിഐയുടെ മുന്നില്‍ മൊഴി നല്‍കുമ്പോള്‍, മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്റെ മൊഴി സ്വീകരിക്കണമെന്നും മുന്‍മന്ത്രിയുടേത് തളളണമെന്നുമുളള ഉത്തരവ് ആരുടേയാണെന്ന് നമുക്കറിയില്ല. ഇന്ത്യന്‍ എവിഡന്‍സ് ആക്ടില്‍ അങ്ങനെ വല്ല വകുപ്പോ ചട്ടമോ ഉണ്ടാകാനും വഴിയില്ല. സാമാന്യബോധത്തിനും നിയമസദാചാരത്തിനും നിരക്കാത്ത ഇത്തരം അയുക്തികള്‍ ഭയലേശമെന്യേ, എഴുതിപ്പിടിപ്പിക്കാന്‍ സിബിഐ ഉദ്യോഗസ്ഥന്മാര്‍ കാണിച്ച ധൈര്യത്തെ ധാര്‍ഷ്ട്യമെന്നോ അഹങ്കാരമെന്നോ വിലയിരുത്താന്‍ ആര്‍ക്കെങ്കിലും നാവു പൊങ്ങുമോ ആവോ? ഓ, മറന്നു പോയി.. ധാര്‍ഷ്ട്യമെന്ന വാക്കിന് നമ്മുടെ രാഷ്ട്രീയ നിഘണ്ടുവില്‍ ഇപ്പോഴത്തെ അര്‍ത്ഥം, പിണറായിയുടെ പെരുമാറ്റം എന്നാണല്ലോ.

തല പരിശോധിക്കല്‍ വിവാദത്തില്‍ ആരു പറയുന്നതാണ് ശരിയെന്ന് അറിയാന്‍ സെക്രട്ടേറിയറ്റിലെ ഫയല്‍കൂമ്പാരത്തിലെ ഒട്ടകപ്പക്ഷികളാകേണ്ട ബദ്ധപ്പാടൊന്നുമില്ല സിബിഐയ്ക്ക്. മൂന്നേ മൂന്നു ദിവസത്തെ പത്രം ചികഞ്ഞാല്‍ മതിയായിരുന്നു. 1997 സെപ്തംബര്‍ 11ന് കേരള കൗമുദിയും 12ന് മനോരമയും 13ന് മാതൃഭൂമിയും തല പരിശോധിക്കല്‍ വിവാദത്തെക്കുറിച്ച് ശ്രദ്ധേയമായ റിപ്പോര്‍ട്ടുകള്‍ നല്‍കിയിട്ടുണ്ട്. ലാവലിന്‍ കരാറിനെക്കുറിച്ചുളള എതിര്‍പ്പുകള്‍ രേഖപ്പെടുത്തിയതിനല്ല, മറിച്ച് പഞ്ചായത്തുകള്‍ക്ക് അനുവദിച്ച ഫണ്ട് ട്രഷറിയില്‍ നിക്ഷേപിക്കുന്നതിന് പകരം പ്രാഥമിക സഹകരണ സ്ഥാപനങ്ങളില്‍ നിക്ഷേപിക്കണമെന്ന സഹകരണ വകുപ്പിന്റെ നിര്‍ദ്ദേശത്തിന്മേല്‍ അരങ്ങേറിയ തര്‍ക്കത്തിലാണ് തല പരിശോധിക്കല്‍ പരാമര്‍ശം ഉണ്ടായത്.

വാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്ത കേരള കൗമുദിയില്‍ നിന്ന്... ധനകാര്യ സെക്രട്ടറിയ്ക്കെതിരെ സഹകരണ മന്ത്രി എന്ന തലക്കെട്ടിലെ വാര്‍ത്ത ഇങ്ങനെ പറയുന്നു.

ധനകാര്യ വകുപ്പു പ്രിന്‍സിപ്പല്‍ സെക്രട്ടറി എസ് വരദാചാരി അധികാര പരിധി വിട്ടു പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹത്തെ നിലയ്ക്കു നിര്‍ത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും സഹകരണ മന്ത്രി പിണറായി വിജയന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

ഒരു മനോരോഗ വിദഗ്ധനെക്കൊണ്ട് വരദാചാരിയെ പരിശോധിപ്പിക്കാന്‍ വേണ്ടത് ചെയ്യണമെന്നും മന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സെപ്തംബര്‍ എട്ടിന് മുഖ്യമന്ത്രിക്ക് നല്‍കിയ ഒരു നോട്ടിലാണ് ധനകാര്യ സെക്രട്ടറിയ്ക്കെതിരെ മന്ത്രി ആഞ്ഞടിച്ചത്.

ഫയലില്‍ എഴുതിയ കുറിപ്പല്ല, മറിച്ച് വരദാചാരിയുടെ തല പരിശോധിപ്പിക്കണമെന്ന് രേഖാമൂലം മുഖ്യമന്ത്രിയോട് ആവശ്യപ്പെടുകയായിരുന്നു പിണറായി വിജയന്‍. ഈ നോട്ടെങ്ങനെ ലാവലിന്‍ ഫയലിലുണ്ടാകും. തല പരിശോധിക്കല്‍ പരാമര്‍ശമുളള ഫയല്‍ കണ്ടുപിടിക്കാന്‍, വിജിലന്‍സും സിബിഐയുമല്ല സാക്ഷാല്‍, ഇന്റര്‍പോള്‍ നേരിട്ടെത്തിയാല്‍ പോലും നടക്കില്ലെന്ന് ഉറപ്പല്ലേ. സഹകരണ വകുപ്പില്‍ ഒരു പക്ഷേ ഈ കത്തിന്റെ ഓഫീസ് കോപ്പി കണ്ടേയ്ക്കാം. പക്ഷേ, ഓര്‍ക്കുക, പിണറായി വിജയന്‍ സ്ഥാനമൊഴിഞ്ഞതിനു ശേഷം വകുപ്പു ഭരിച്ചത് സഖാവ് ശര്‍മ്മയാണ്.

ഇനി സെപ്തംബര്‍ 12ലെ മനോരമ നോക്കാം. ധനസെക്രട്ടറിയ്ക്ക് എതിരേ മന്ത്രിയുടെ പരാമര്‍ശം വിവാദമായി എന്ന് തലക്കെട്ട്. വാര്‍ത്തയുടെ ആദ്യ ഖണ്ഡികകള്‍ വായിക്കുക..

ധനസെക്രട്ടറി എസ് വരദാചാരിയ്ക്കെതിരെ മന്ത്രി പിണറായി വിജയന്റെ പരാമര്‍ശം വിവാദമായി.

പഞ്ചായത്തുകള്‍ക്ക് അനുവദിച്ച പണം ട്രഷറിയില്‍ നിക്ഷേപിക്കാതെ അതതു പഞ്ചായത്തിലെ ഏതെങ്കിലും പ്രാഥമിക സഹകരണ സംഘത്തില്‍ നിക്ഷേപിക്കണമെന്ന സഹകരണ മന്ത്രിയുടെ നിര്‍ദ്ദേശത്തെ ധനസെക്രട്ടറി എതിര്‍ത്തിരുന്നു. അധികാരപരിധി വിട്ടു പ്രവര്‍ത്തിക്കുന്ന സെക്രട്ടറിയെ നിലയ്ക്കു നിര്‍ത്തണമെന്നും മനോരോഗ വിദഗ്ധനെക്കൊണ്ട് പരിശോധിപ്പിക്കണമെന്നും മന്ത്രി പിണറായി വിജയന്‍ മുഖ്യമന്ത്രിക്ക് കത്തെഴുതിയത് ഐഎഎസ് വൃത്തങ്ങളിലും സംഘടനാ ഭേദമില്ലാതെ ധനകാര്യ സെക്രട്ടേറിയറ്റിലും പ്രതിഷേധമുയര്‍ത്തി.

ഐഎഎസ് അധികാരത്തെ കമ്മ്യൂണിസ്റ്റുകാര്‍ ചോദ്യം ചെയ്യുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതല്ല പത്രത്തിന്റെ എഡിറ്റോറിയല്‍ നയം. പക്ഷേ, ഇവിടെ മറ്റൊരു ഭാഷ്യം നല്‍കാന്‍ ആ പത്രം നിര്‍ബന്ധിതമായത് അന്ന് മന്ത്രിയെന്ന നിലയില്‍ പിണറായി വിജയനുണ്ടായിരുന്ന സല്‍പ്പേരില്‍ ചില മനോരമക്കാരും വീണു പോയതു കൊണ്ടാകാം, അടുത്ത ഖണ്ഡികയിലെ ആദ്യവാചകം ഇങ്ങനെ...

എന്നാല്‍ ട്രഷറിയിലെ പണമെടുത്ത് സഹകരണ സംഘത്തില്‍ നിക്ഷേപിക്കണമെന്ന നിര്‍ദ്ദേശത്തെ എതിര്‍ത്തതല്ല, മറിച്ച് ഫയലില്‍ സഹകരണ വകുപ്പിന്റെ നിര്‍ദ്ദേശം അനുചിതവും നിരുത്തരവാദപരവും എന്ന് സെക്രട്ടറി എഴുതിയതാണ് മന്ത്രിയെ ചൊടിപ്പിച്ചതെന്നും ഭാഷ്യമുണ്ട്.

അപ്പോള്‍ സംഗതി അതാണ്. തന്റെ വകുപ്പിന്റെ നയപരമായ നിര്‍ദ്ദേശത്തെ പുച്ഛിച്ചതിനാണ് പിണറായി വിജയന്‍ വരദാചാരിയെ നിശിതമായി വിമര്‍ശിച്ചത്. നിര്‍ദ്ദേശത്തിന്റെ അയുക്തിയോ അപ്രായോഗികതയോ കാര്യകാരണ സഹിതം ചൂണ്ടിക്കാട്ടുന്നതിനു പകരം, ഫയലില്‍ കടുംവെട്ടു നടത്തിയ ബ്യൂറോക്രാറ്റിനെതിരെ വ്യവസ്ഥാപിത മാര്‍ഗത്തിലൂടെ പിണറായി പ്രതികരിച്ചു. ഭരണത്തലവനെ തന്റെ പ്രതിഷേധം രേഖാമൂലം അറിയിച്ചു. മുഖ്യമന്ത്രിക്ക് മന്ത്രിമാര്‍ അയയ്ക്കുന്ന കത്തില്‍ നിന്ന് ഒഴിവാക്കേണ്ട പരാമര്‍ശങ്ങളുടെ പട്ടികയൊന്നും ഇതുവരെ ഉണ്ടാക്കിയിട്ടില്ല. പറയാനുളള കാര്യം പറയേണ്ട വിധത്തില്‍ തന്നെ പിണറായി മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി.

വരദാചാരിയുടെ കാബിനില്‍ കടന്നു ചെന്ന് തെറിവിളിക്കുകയോ കരണത്തടിക്കുകയോ അല്ല ഉണ്ടായത്. ജി സുധാകരന്‍ ഇ കെ ഭരത് ഭൂഷണെ കൈകാര്യം ചെയ്ത രീതിയ്ക്ക് പേറ്റെന്റെടുത്തുമില്ല, പിണറായി വിജയന്‍. പൊതുസമ്മേളനത്തില്‍ വരദാചാരിയ്ക്കെതിരെ ആക്രോശിച്ചില്ല. പന്തം കൊളുത്തി പ്രകടനം നടത്താന്‍ പാര്‍ട്ടിയുടെ യുവജനസംഘടനകളോട് ആഹ്വാനവും ചെയ്തില്ല. വരദാചാരിയെ വീടു കേറി തല്ലാന്‍ ക്വട്ടേഷന്‍ സംഘത്തെയും നിയോഗിച്ചില്ല.

നയപരമായ വിഷയത്തെ ധിക്കാരപൂര്‍വം അവഹേളിച്ച ഒരു ഐഎഎസ് ഹുങ്കിനോടുളള അനിഷ്ടവും ശക്തമായ പ്രതിഷേധവും തന്റെ ഭരണത്തലവനെ അറിയിക്കുക മാത്രമാണ് പിണറായി വിജയന്‍ ചെയ്തത്. അക്കാലത്തെ പത്ര റിപ്പോര്‍ട്ടുകള്‍ തന്നെയാണ് അതിന് സാക്ഷി.

രണ്ടുദിവസം പ്രശ്നത്തില്‍ ഇടപെടാതിരുന്ന മാതൃഭൂമി സെപ്തംബര്‍ 13ന് വരദാചാരിയുടെ പ്രതികരണം നല്‍കി തങ്ങളുടെ ഭാഗം കൊഴുപ്പിച്ചു. സഹ. മന്ത്രിയുടെ ആക്ഷേപം, സെക്രട്ടറി ഒഴിഞ്ഞു മാറുന്നു എന്ന തലക്കെട്ടിലെ വാര്‍ത്തയുടെ വാചകങ്ങള്‍ പറഞ്ഞു കൊടുത്തത് എഴുത്തച്ഛന്റെ പൈങ്കിളിയാണോ എന്ന് നമുക്ക് സംശയം തോന്നിയേക്കാം. വാര്‍ത്ത ഇങ്ങനെയാണ് തുടങ്ങുന്നത്..

എസ് വരദാചാരി വിവാദത്തിനില്ല. സഹകരണ മന്ത്രി പിണറായി വിജയന്‍ തന്നെക്കുറിച്ച് മുഖ്യമന്ത്രിക്ക് അയച്ച കത്തിലെ പരാമര്‍ശം എന്തായാലും ശരി, അതേപ്പറ്റി അഭിപ്രായം പറയാനില്ലെന്നാണ് ധനസെക്രട്ടറി വരദാചാരിയുടെ നിലപാട്.

"ഒരഭിപ്രായവും പറയുന്നില്ല"- പിണറായിയുടെ പരാമര്‍ശങ്ങള്‍ സൃഷ്ടിച്ച കോലാഹലങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ വരദാചാരി സൗമ്യമായി പറഞ്ഞൊഴിഞ്ഞു..

എന്തൊരു സൗമ്യന്‍... തനിക്കൊന്നും പറയാനില്ല, അവസരം വരുമ്പോള്‍ ചെയ്തു കാണിക്കാം എന്നായിരുന്നു വരദവ്യാഘ്രത്തിന്റെ മുരള്‍ച്ചയെന്ന് പാവം മാതൃഭൂമി റിപ്പോര്‍ട്ടര്‍ അന്നറിഞ്ഞു കാണുമോ ആവോ? ഐഎഎസ് പ്രൗഢിയ്ക്കു മുന്നില്‍ അക്ഷരങ്ങളും പേനയും ഇങ്ങനെ കുനിയുന്നെങ്കില്‍ അതെഴുതിയ റിപ്പോര്‍ട്ടര്‍ വരദാചാരിയ്ക്കു മുന്നില്‍ മുട്ടിലിഴയുന്ന രംഗം ഒന്നോര്‍ത്തു നോക്കൂ.

മന്ത്രിയും മുഖ്യമന്ത്രിയും തമ്മിലുളള ഒരു കത്തിടപാടിലെ പരാമര്‍ശം മാത്രമാണ്, തല പരിശോധിക്കല്‍ പ്രയോഗം. കോപ്പി ടു എന്ന് രേഖപ്പെടുത്തി ആ കത്ത് വരദാചാരിയ്ക്കോ ധനകാര്യ വകുപ്പിനോ പിണറായി വിജയന്‍ നല്‍കിയിട്ടുണ്ടോയെന്ന് നമുക്കറിയില്ല. അതു കൊടുത്താലും കൊടുത്ത കാര്യം പുറത്തറിഞ്ഞാലും ഈ പരാമര്‍ശവും ലാവലിന്‍ കരാറുമായി ബന്ധമൊന്നുമില്ല.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നോ, വരദാചാരിയുടെ കൈയില്‍ നിന്നോ ഈ കത്ത് സിബിഐയ്ക്ക് ലഭിക്കാത്തതിന് ഒറ്റക്കാരണമേയുളളൂ. കത്ത് സിബിഐയെ ഏല്‍പ്പിച്ചാല്‍ കളളി പൊളിയും. അതുകൊണ്ട് കത്ത് പൂഴ്ത്തി വെച്ച്, മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്റെ മൊഴിയെ വിശ്വസിക്കേണ്ട ബാധ്യത വരദാചാരി സിബിഐയെ സന്തോഷപൂര്‍വം ഏല്‍പ്പിച്ചു. താനയച്ച എല്ലാ കത്തിന്റെയും കോപ്പി സൂക്ഷിക്കുന്ന പതിവ് പിണറായി വിജയനല്ല ഒരു മന്ത്രിക്കും ഉണ്ടാവുകയുമില്ല.

അതിന്റെ ഫലമാണ് ലാവലിന്‍ കേസിന്റെ അന്വേഷണ റിപ്പോര്‍ട്ടിലെ പേജ് 213ല്‍ സിബിഐ നടത്തിയ നീതിനിഷേധം നുരയുന്ന നിഗമനം.

പരസ്പര വിരുദ്ധമായ രണ്ടുമൊഴികളില്‍ ഒന്ന് സ്വീകരിക്കാനും മറ്റേത് തളളാനും സിബിഐ കൈക്കൊണ്ട മാനദണ്ഡത്തിലെ ന്യായാന്യായങ്ങള്‍ പൊതു സമൂഹം വിചാരണ ചെയ്യേണ്ടതുണ്ട്. ലാവലിന്‍ കേസിനെ രാഷ്ട്രീയമായി നേരിടാനുറച്ച സിപിഎം പൊതുസമൂഹത്തോട് ഏറ്റവും ഉച്ചത്തില്‍ പറയേണ്ടതാണ് ഇക്കാര്യം. പക്ഷേ, വരദാചാരിയുടെ മൊഴി നല്‍കുന്ന മുന്നറിയിപ്പിന്റെ ഭീകരത അവിടെ നില്‍ക്കുന്നില്ല.

മേലുദ്ധരിച്ച കേരള കൗമുദി റിപ്പോര്‍ട്ട് പ്രകാരം വിവാദപരാമര്‍ശമുളള കത്ത് പിണറായി വിജയന്‍ മുഖ്യമന്ത്രിക്ക് നല്‍കുന്നത് 1997 സെപ്തംബര്‍ എട്ടിനാണ്. 2007ലാണ് സിബിഐ വരദാചാരിയെ ചോദ്യം ചെയ്തത്. തനിക്കെതിരെ മുഖ്യമന്ത്രിയോട് പിണറായി വിജയന്‍ നടത്തിയ പരാമര്‍ശത്തിലുളള പക പത്തു വര്‍ഷമായി കെടാതെ സൂക്ഷിക്കുകയായിരുന്നു വരദാചാരിയെന്ന ഐഎഎസ് സൗമ്യന്‍. മറ്റൊരു വകുപ്പില്‍ നിന്നുവരുന്ന നയപരമായ നിര്‍ദ്ദേശങ്ങളെപ്പോലും നിഷേധാത്മകമായ ശൈലിയില്‍ സമീപിക്കുന്ന വരദാചാരിയുടെ തല എന്തെന്തു പൊല്ലാപ്പുകളാണ് സെക്രട്ടേറിയറ്റിലുണ്ടാക്കിയിട്ടുളളതെന്ന് അന്വേഷിക്കാന്‍ ഏത് ഏജന്‍സിയെ ഏല്‍പ്പിക്കേണ്ടി വരും?

പച്ചക്കളളം പത്രങ്ങളിലൂടെ പ്രചരിപ്പിച്ച് ലാവലിന്‍ കേസിലെ സാക്ഷി വേഷം ചോദിച്ചു വാങ്ങുകയായിരുന്നു വരദാചാരി. രേഖാമൂലം തനിക്കൊരിക്കലും തെളിയിക്കാന്‍ കഴിയാത്ത പരാമര്‍ശം പത്രങ്ങളിലൂടെ ആവര്‍ത്തിച്ച് ഉന്നയിച്ച് അദ്ദേഹം തന്റെ മൊഴിക്ക് വിശ്വാസ്യത സൃഷ്ടിച്ചെടുത്തു. രാഷ്ട്രീയ ലാക്കോടെ അന്വേഷണത്തിനിറങ്ങിയ സിബിഐയിലെ ശിക്കാരി ശംഭുമാര്‍ക്ക് ഒന്നാന്തരം വിരുന്നായി വരദാചാരിയുടെ തല പരിശോധിക്കല്‍ മൊഴി.

വിമര്‍ശനമോ പ്രതിഷേധമോ തങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്ന ഐഎഎസ് ഹുങ്കിന്റെ പ്രതിഫലനം കൂടിയാണ് പകയില്‍ ചുട്ടെടുത്ത വരദാചാരിയുടെ സാക്ഷിമൊഴി. ആ മൊഴിയില്‍ നിന്ന് പേടിപ്പെടുത്തും വിധം പ്രതിധ്വനിക്കുന്നത്, ജനപ്രതിനിധികളുടെ രാഷ്ട്രീയ നയങ്ങള്‍ക്ക് പുല്ലുവിലപോലും നല്‍കാന്‍ തങ്ങള്‍ തയ്യാറല്ലെന്ന ബ്യൂറോക്രാറ്റുകളുടെ വെല്ലുവിളിയാണ്. ജനാധിപത്യ കേരളത്തിന് ഒരിക്കലും മറക്കാനോ പൊറുക്കാനോ കഴിയാത്തതാണ് ലാവലിന്‍ കേസിലെ വരദാചാരി എപ്പിസോഡ്.

വരദാചാരി മാധ്യമങ്ങളെ പൊട്ടന്മാരാക്കിയോ അതോ വരദാചാരിയും മാധ്യമങ്ങളും കൂടി ജനങ്ങളെ പൊട്ടന്മാരാക്കിയോ എന്നതാണ് ഈ എപ്പിസോഡിലെ അവശേഷിക്കുന്ന ചോദ്യം. 1997 സെപ്തംബര്‍ മാസത്തില്‍ തങ്ങള്‍ ആഘോഷിച്ചതാണ് ഈ വിവാദമെന്ന് സൂചന നല്‍കാന്‍ ഒരു പത്രവും തയ്യാറായില്ലെന്ന കാര്യം ഓര്‍ക്കുക. തങ്ങള്‍ തന്നെ റിപ്പോര്‍ട്ടു ചെയ്ത വാര്‍ത്തകളെപ്പോലും മാനിക്കാന്‍ തയ്യാറല്ലെന്ന മാധ്യമങ്ങളുടെ വെല്ലുവിളി അവഗണിക്കാവുന്നതല്ല.

ലാവലിന്‍ : മുഖ്യമന്ത്രിയുടെ പക്കല്‍ രേഖകള്‍ എന്ന 2009 മാര്‍ച്ച് 31ലെ മനോരമ വാര്‍ത്ത ശ്രദ്ധിക്കുക. വാര്‍ത്തയുടെ രണ്ടും മൂന്നും പാരഗ്രാഫുകള്‍ ഇങ്ങനെയാണ്..

ഇതില്‍ അന്നത്തെ പല ഗവ. സെക്രട്ടറിമാരും കരാറിനെതിരെ സിബിഐക്കു നല്കിയ മൊഴികള്‍ നിര്‍ണായക ഘട്ടത്തില്‍ മുഖ്യമന്ത്രി പാര്‍ട്ടിക്കുള്ളില്‍ ആയുധമാക്കുമെന്നാണു സൂചന. ഏറ്റവും പ്രധാനം ലാവലിന്‍ കരാറിന്റെ കാലഘട്ടത്തില്‍ ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എസ്. വരദാചാരി സിബിഐക്കു നല്കിയ മൊഴിയാണ്. അഴിമതി കരാറിനെ എതിര്‍ത്ത വരദാചാരിയുടെ തല പരിശോധിക്കണമെന്ന് അന്നു (1997) വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയന്‍ ഫയലില്‍ രേഖപ്പെടുത്തിയിരുന്നു.

ഇതു വിവാദമായതോടെ സര്‍ക്കാര്‍ ഫയല്‍ മുക്കി. വിജിലന്‍സും സിബിഐയും പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും ഈ ഫയല്‍ കണ്ടെത്താനായില്ല. എന്നാല്‍ ഫയലില്‍ പിണറായി രേഖപ്പെടുത്തിയത് അക്ഷരംപ്രതി ശരിവച്ചുള്ള മൊഴിയാണു ബാംഗൂരില്‍ താമസിക്കുന്ന വരദാചാരി സിബിഐക്കു നല്കിയത്. കരാറിനെ എതിര്‍ത്തു താന്‍ നോട്ടെഴുതിയപ്പോള്‍
തന്റെ തല പരിശോധിക്കണമെന്നാണു വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയന്‍ ഫയലില്‍ രേഖപ്പെടുത്തിയത്. ഇക്കാര്യം മന്ത്രിയുടെ നോട്ടില്‍ താന്‍ നേരിട്ടു കണ്ടതാണ്.

വാക്കുകളും സൂചനകളും എത്ര നിന്ദ്യമായാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് നോക്കുക. ഇക്കാര്യം 1997 സെപ്തംബര്‍ 12ന് തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ഇങ്ങനെയല്ലെന്ന് വാര്‍ത്തയെഴുതിയ ലേഖകനും സബ് എഡിറ്റര്‍ മുതല്‍ ന്യൂസ് എഡിറ്റര്‍ വരെയുളള പരശതം പത്രപ്പുലികളും അറിഞ്ഞതേയില്ലെന്ന് നമുക്ക് വെറുതേ വിശ്വസിക്കാമോ?

ലാവലിന്‍ : നായനാരും ശിവദാസ മേനോനും ശബ്ദിച്ചില്ലെന്ന് സാക്ഷിയെന്നാണ് ജൂണ്‍ 18ന് മാതൃഭൂമി, പൊളിറ്റ് ബ്യൂറോ യോഗത്തിന്റെ പരിഗണനാര്‍ത്ഥം നല്‍കിയ വാര്‍ത്ത. എത്ര തവണ, എത്ര രൂപത്തില്‍ വരദാചാരിയുടെ മൊഴി വാര്‍ത്തകള്‍ക്ക് ഇന്ധനമായെന്നു ചോദിച്ചാല്‍ ആ ഉത്തരത്തിനും വേണ്ടിവരും ഒരു സിബിഐ അന്വേഷണം.

എഴുതിയെഴുതി വന്നപ്പോള്‍ മാതൃഭൂമി ലേഖകന് വരദാചാരിയിലുളള വിശ്വാസം നഷ്ടപ്പെട്ടതു കൊണ്ടാണോ ആവോ, ഇക്കാര്യത്തില്‍ മനോരമക്കാരനുളള തീര്‍ച്ചയും മൂര്‍ച്ചയും ഇവിടെ കാണാനില്ല. പ്രസ്തുത വാര്‍ത്തയിലെ ഖണ്ഡിക അഞ്ച്..

എന്നാല്‍, പിണറായി വിജയന്റെ പ്രതികരണം മറിച്ചൊരു രീതിയില്‍ ഉണ്ടായി. 'വരദാചാരിയുടെ തലച്ചോറ്‌ പരിശോധനയ്‌ക്ക്‌ വിധേയമാക്കണ' മെന്ന്‌ മന്ത്രി പിണറായി വിജയന്‍ ഫയലില്‍ കുറിപ്പ്‌ എഴുതി. ആ കുറിപ്പ്‌ താന്‍ കണ്ടിരുന്നു. പക്ഷേ, അതിന്‌ മറുപടി പറയേണ്ടെന്ന്‌ താന്‍ തീരുമാനിച്ചു.

തല പരിശോധനാ പരാമര്‍ശത്തിന് മറുപടി പറയേണ്ടെന്ന് തീരുമാനിച്ച വിവരം തങ്ങളുടെ വായനക്കാരെ മാതൃഭൂമി അറിയിച്ചത് 1997 സെപ്തംബര്‍ 13നാണ്. വായനക്കാരുടെ ഓര്‍മ്മ ശക്തി പത്തു പന്ത്രണ്ടു കൊല്ലം നിലനിര്‍ത്താനുളള ശക്തിയൊന്നും യഥാര്‍ത്ഥ പത്രത്തിനില്ല. അതുകൊണ്ട്, പഞ്ചായത്തുകളിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കയയ്ക്കുന്ന പണം ട്രഷറിയില്‍ നിക്ഷേപിക്കുന്നതിന് പകരം അതത് പഞ്ചായത്തിലെ ഏതെങ്കിലും പ്രാഥമിക സഹകരണ സംഘത്തില്‍ നിക്ഷേപിക്കണമെന്ന സഹകരണ മന്ത്രിയുടെ നിര്‍ദ്ദേശത്തെ ധനസെക്രട്ടറി എതിര്‍ത്തതാണ് മന്ത്രി പിണറായി മുഖ്യമന്ത്രിക്ക് കത്തയയ്ക്കാന്‍ കാരണമായത് എന്ന് പന്ത്രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് എഴുതിയത് വിഴുങ്ങി. ലാവലിന്‍ കരാറിന്മേലാണ് ഈ പരാമര്‍ശം ഉണ്ടായതെന്ന് ഒരുളുപ്പുമില്ലാതെ യഥാര്‍ത്ഥ പത്രം വെച്ചു കീറി. ഒരു പത്രം മാത്രം വായിക്കാന്‍ വിധിക്കപ്പെട്ടവരെ ഓര്‍ത്ത് സഹതപിക്കുകയല്ലാതെ നമുക്കു വേറെന്ത് മാര്‍ഗം..

ലാവലിന്‍ കേസിലെ വരദാചാരി എപ്പിസോഡിന് സംഭവിച്ച ദയനീയമായ ക്ലൈമാക്സ് ഉയര്‍ത്തുന്ന ചോദ്യങ്ങള്‍, ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെയോ അതിന്റെ സെക്രട്ടറിയുടെയോ സ്വകാര്യപ്രശ്നമായല്ല അഭിമുഖീകരിക്കപ്പെടേണ്ടത്. ഭരണപരവും രാഷ്ട്രീയവുമായ അധികാരതാല്‍പര്യങ്ങള്‍ക്ക് വിടുപണി ചെയ്യുന്ന മാധ്യമങ്ങള്‍ സാമൂഹിക ചേതനയെ എങ്ങനെ വിഷലിപ്തമാക്കുന്നുവെന്ന് ഈ സംഭവം തെളിയിക്കുന്നു. യജമാനപ്രീതിയ്ക്കു വേണ്ടി ഒരു രാഷ്ട്രീയ നേതാവിനെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കാന്‍ എത്ര നിസാരമായ നാണമില്ലായ്മയും കാണിക്കും വിധം സിബിഐ അധപ്പതിച്ചു പോയി എന്നത് ഈ വിവാദത്തിന്റെ വേറൊരു പാഠം. ജനാധിപത്യത്തിന് കീഴടങ്ങാന്‍ വിസമ്മതിക്കുന്ന ബ്യൂറോക്രസിയ്ക്കു നേരെ തൊടുക്കുന്ന വിമര്‍ശനങ്ങള്‍ ഏതു സമയത്തും ബൂമറാങ്ങായേക്കാമെന്നും പക തീര്‍ക്കാന്‍ ഏതവസരവും എങ്ങനെയും വിനിയോഗിക്കാന്‍ മടിയില്ലാത്ത തലച്ചോറുകളാണ് സെക്രട്ടേറിയറ്റിനുളളില്‍ പെറ്റു പെരുകുന്നതെന്നുമുളള തിരിച്ചറിവുകളും ഈ ഹാസ്യരംഗത്തില്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട്.

അധികാരത്തിന്റെ എല്ലാ സൗകര്യങ്ങളുമുണ്ടായിട്ടും, ലക്ഷ്യമിട്ട ഇരയുടെ പാളയത്തില്‍ തന്നെ ഒറ്റുകാരുടെ വന്‍പടയുണ്ടായിട്ടും ഇത്ര ദയനീയമായൊരു കുറ്റപത്രവും അന്വേഷണ റിപ്പോര്‍ട്ടും കെട്ടിയെഴുന്നെളളിക്കാനേ സിബിഐയിലെ അന്വേഷണ പ്രതിഭകള്‍ക്ക് കഴിഞ്ഞിട്ടുളളൂ. പത്രം വായിക്കുന്നവന്റെ ഓര്‍മ്മയ്ക്കു മുന്നില്‍ ഒന്നൊന്നായി പിടഞ്ഞു വീഴുകയാണ് ലാവലിന്‍ കേസില്‍ സിബിഐ ഹാജരാക്കുന്ന തെളിവുകളും വാദങ്ങളും. മാധ്യമ റിപ്പോര്‍ട്ടുകള്‍ ശരിയാണെന്ന് സ്ഥാപിക്കാന്‍ തെളിവന്വേഷിച്ചാല്‍ എന്തു സംഭവിക്കുമെന്ന് ചാരക്കേസില്‍ മലയാളി നേരിട്ട് കണ്ടതാണ്.

ചാരക്കേസിനു ശേഷം മലയാള പത്ര പ്രവര്‍ത്തന മേഖലയുടെ അധഃപതനം തുറന്നു കാട്ടിയ സംഭവമെന്ന നിലയിലായിരിക്കും ലാവലിന്‍ കേസിനെ ചരിത്രം വിലയിരുത്തുക.

Thursday, June 11, 2009

പിണറായീ വിചാരണയുടെ രാഷ്ട്രീയം

രാഷ്ട്രീയ എതിരാളിയെ നായാടിപ്പിടിക്കാന്‍ അധികാരത്തിന്റെ കരുത്തും സാധ്യതകളും ഏറ്റവും സമര്‍ത്ഥമായി ഉപയോഗിക്കുന്നവരും എന്തുവില കൊടുത്തും അതിനെ ചെറുക്കാനുറച്ചവരും തമ്മിലുളള അങ്കമാണ് ലാവലിന്‍ കേസ്. ആര്‍ക്കും മനസിലാകുന്ന വിധം വ്യക്തമാണ് ഈ കേസില്‍ ഭരണാധികാരത്തിന്റെ ഇടപെടല്‍. അധികാരസ്ഥാനത്തിരിക്കുന്നവരുടെ പകയ്ക്കും രാഷ്ട്രീയ വൈരാഗ്യത്തിനും ഇരയാകുന്ന ഒരു പൊതുപ്രവര്‍ത്തകന്റെ അന്തസ് എത്രമേല്‍ തകരുമെന്ന ചോദ്യത്തിന്റെ ഉത്തരമാണ് സാക്ഷാല്‍ പിണറായി വിജയന്‍.

ലാവലിന്‍ കേസിലെ പ്രോസിക്യൂഷന്‍ സംബന്ധിച്ച് സിപിഎം സ്വീകരിക്കുന്ന നിലപാടിലെ ന്യായം ബോധ്യപ്പെടാന്‍ ആഴമേറിയ ചിന്തയൊന്നും വേണ്ട. മന്ത്രിസഭാ തീരുമാനമനുസരിച്ച് സ്വീകരിച്ച ഒരു നടപടിയുടെ പേരില്‍ മന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യണമെങ്കില്‍ ചില നടപടിക്രമങ്ങള്‍ പാലിക്കേണ്ടതുണ്ട്. അന്വേഷണ ഏജന്‍സിയായ സിബിഐ തന്നെയാണ് പ്രോസിക്യൂഷന്‍ അനുമതി തേടി സര്‍ക്കാരിനെ സമീപിച്ചത്. പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമില്ലെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയും തളളപ്പെട്ടു. അതിനര്‍ത്ഥം, ഒരു സാധാരണ പ്രതിയെ പ്പോലെ ഈ കേസില്‍ പിണറായി വിജയനെ കൈകാര്യം ചെയ്യാനാവില്ല എന്നാണ്. ഇന്ത്യാ മഹാരാജ്യത്തെ ഏതു മന്ത്രിയെയും, മന്ത്രിസഭയുടെ തീരുമാനമനുസരിച്ച് സ്വീകരിച്ച നടപടിയുടെ പേരില്‍ പ്രോസിക്യൂട്ട് ചെയ്യേണ്ടി വന്നാല്‍ കൈക്കൊള്ളേണ്ട നടപടിക്രമങ്ങള്‍ പിണറായി വിജയനു മാത്രം ബാധകമല്ലെന്ന് പ്രചരിപ്പിക്കുന്നവരുടെ ഉദ്ദേശം നിഷ്കളങ്കമല്ല.

ഭരണഘടനാപരവും നിയമപരവുമായ ഒട്ടേറെ പ്രശ്നങ്ങളുയര്‍ത്തുന്നതാണ് ഗവര്‍ണറുടെ നടപടി. അതിന്റെ ന്യായാന്യായങ്ങള്‍ തീരുമാനിക്കേണ്ടത് കോടതിയാണ്. ഒരുപക്ഷേ, സുപ്രിം കോടതിയുടെ ഭരണഘടനാ ബഞ്ചു വരെ ഇടപെടേണ്ട തരത്തില്‍ സങ്കീര്‍ണമാണത്. അഴിമതിക്കേസില്‍ മന്ത്രിമാരെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് ഗവര്‍ണര്‍ക്ക് സ്വന്തം വിവേചനാധികാരം ഉപയോഗിക്കാമെന്ന് വാദിക്കുന്ന നിയമവിദഗ്ധരെല്ലാം, ചാനല്‍ മുറികളില്‍ കൊടിയ പിണറായി വിരുദ്ധ വേഷം കെട്ടുന്നവരാണെന്നത് യാദൃശ്ചികമല്ല. ആധികാരിക അഭിപ്രായങ്ങളെന്ന പേരില്‍ അവതരിപ്പിക്കപ്പെടുന്നത് അവരുടെ മുന്‍വിധികളാണ്.

ഗവര്‍ണറുടെ വിവേചനാധികാരം സംബന്ധിച്ച് സുപ്രിം കോടതി പുറപ്പെടുവിച്ച വിധികളുടെ പരിധിയില്‍ ലാവലിന്‍ കേസ് വരുമോ എന്ന് തീരുമാനിക്കേണ്ടത് ബന്ധപ്പെട്ട കോടതികളാണ്. വക്കീല്‍ വേഷമിട്ട രാഷ്ട്രീയ സൃഗാലന്മാരല്ല. ചാനല്‍ ചര്‍ച്ചയോ എഡിറ്റ് പേജ് ലേഖനങ്ങളോ കോടതിയുടെ ശ്രദ്ധ ആകര്‍ഷിക്കുന്ന വേദികളല്ല. അതിന്റെ നടപടിക്രമങ്ങള്‍ വേറെയാണ്.

2004ലെ ഒരു സുപ്രിം കോടതി വിധിയാണ് വിമര്‍ശകരുടെ പ്രധാന ആയുധം. മധ്യപ്രദേശിലെ മന്ത്രിമാരായിരുന്ന രാജേന്ദര്‍ കുമാര്‍ സിംഗിനെയും ബിസാഹു രാം യാദവിനെയും അഴിമതിക്കേസില്‍ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്കിയതിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ 2004 നവംബര്‍ 5ന് പരമോന്നത കോടതി പുറപ്പെടുവിച്ച വിധിയാണിത്. 2004 നവംബര്‍ 5ന് മുതല്‍ മുന്നിലെത്തുന്ന ഏതു പ്രശ്നത്തിനും തന്നിഷ്ടപ്രകാരം (വിവേചനാധികാരം എന്നും ചിലര്‍ പറയും) ഗവര്‍ണര്‍ക്ക് തീരുമാനമെടുക്കാന്‍ അധികാരമുണ്ടെന്നല്ല സുപ്രിം കോടതി വിധിച്ചത്. മറിച്ച്, മേല്‍ പറഞ്ഞ മന്ത്രിമാരുടെ കാര്യത്തില്‍ ഗവര്‍ണര്‍ എടുത്ത തീരുമാനം ശരിയാണെന്നു മാത്രമേ സുപ്രിം കോടതി പറഞ്ഞുളളൂ.

അഴിമതി നടത്തിയെന്ന് ബോധ്യപ്പെട്ട് ലോകായുക്ത ശിക്ഷിച്ച കേസിലാണ് ഈ മന്ത്രിമാര്‍ ഉയര്‍ന്ന കോടതികളിലേയ്ക്ക് നീങ്ങിയത്. മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് തങ്ങള്‍ പ്രവര്‍ത്തിച്ചതെന്ന് ആ മന്ത്രിമാരോ, പ്രോസിക്യൂഷന് അനുമതി നിഷേധിച്ച മന്ത്രിസഭയോ വാദിച്ചിട്ടില്ല. ഇന്‍ഡോര്‍ ഡവലപ്‍മെന്റ് അതോറിറ്റി ഏറ്റെടുത്ത 7.5 ഏക്കര്‍ സ്ഥലം അതിന്റെ മുന്‍ ഉടമകള്‍ക്ക് അനധികൃതമായി വിട്ടുകൊടുത്തുവെന്നതാണ് മധ്യപ്രദേശിലെ മന്ത്രിമാര്‍ക്കെതിരെ ഉണ്ടായിരുന്ന കേസ്. പ്രസ്തുത സ്ഥലം അതിന്റെ ഉടമകള്‍ക്ക് വിട്ടുകൊടുക്കാനുളള തീരുമാനമെടുത്തത് മധ്യപ്രദേശ് മന്ത്രിസഭയല്ല. സ്വന്തം അധികാരമുപയോഗിച്ച് രാജേന്ദര്‍ കുമാര്‍ സിംഗും ബിസാഹു രാം യാദവും സ്വമേധയാ എടുത്ത തീരുമാനത്തിന്മേലാണ് കേസുണ്ടായത്. സിംഗും യാദവും ചെയ്തത് അധികാര ദുര്‍വിനിയോഗമാണെന്നും അവര്‍ക്കെതിരെ പ്രഥമദൃഷ്ട്യാ കേസെടുക്കാന്‍ വകുപ്പുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടതില്‍ അത്ഭുതമൊന്നുമില്ല.

എന്നാല്‍ ലാവലിന്‍ കേസില്‍ ഗവര്‍ണര്‍ സ്വീകരിച്ച നടപടിയെ ഈ കോടതിവിധിയുടെ അടിസ്ഥാനത്തില്‍ ഉള്‍ക്കൊള്ളാനോ അംഗീകരിക്കാനോ കഴിയില്ല. മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച ഒരു നടപടിയാണ് കേസിനാസ്പദം. മന്ത്രിസഭയെ തെറ്റിദ്ധരിപ്പിച്ചാണ് ആ നടപടി കൈക്കൊണ്ടതെന്ന് സിബിഐ ആരോപിക്കുന്നു. പക്ഷേ, പ്രസ്തുത മന്ത്രിസഭയിലെ ഒരു മന്ത്രി പോലും തങ്ങള്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടുവെന്ന് സിബിഐയ്ക്ക് മൊഴി കൊടുത്തിട്ടില്ല. ലാവലിന്‍ കരാറുണ്ടാക്കാന്‍ പിണറായി വിജയന്‍ തങ്ങളെ തെറ്റിദ്ധരിപ്പിച്ചുവെന്ന് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരാരും ആരോപിച്ചിട്ടോ ആക്ഷേപിച്ചിട്ടോ ഇല്ല. അതുകൊണ്ടു തന്നെ തന്റെ മുന്നിലെത്തിയ സിബിഐ അന്വേഷണ റിപ്പോര്‍ട്ടിന്മേല്‍ അത്ര ലാഘവത്തോടെ ഗവര്‍ണര്‍ക്ക് വിവേചനാധികാരം എടുത്തു പ്രയോഗിക്കാനാവില്ല. വേറെയുമുണ്ട് പ്രശ്നങ്ങള്‍.

സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഒമ്പതാം പ്രതിയായ പിണറായി വിജയനെതിരെ ചുമത്തിയിരിക്കുന്നത് നാല് ആരോപണങ്ങളാണ്. ഇന്ത്യന്‍ പീനല്‍ കോഡ് അനുസരിച്ച് കുറ്റകരമായ ഗൂഢാലോചന, വഞ്ചന, അഴിമതി നിരോധന നിയമമനുസരിച്ച് അധികാര ദുര്‍വിനിയോഗം, സംസ്ഥാന ഖജനാവിന് 86 കോടി രൂപയുടെ നഷ്ടം വരുത്തിയതിന് ഉത്തരവാദി എന്നിവയാണ് അവ.

ലാവലിന്‍ കമ്പനിയുമായി കരാര്‍ ഒപ്പിട്ടത് കുറ്റകരമായ ഗൂഢാലോചനയ്ക്ക് ശേഷമാണെന്നാണ് സിബിഐ ആരോപിക്കുന്നത്. ഐപിസി 120 ബി, ഐപിസി 420 വകുപ്പുകള്‍. ഈ വാദത്തെ അ‍ഡ്വക്കേറ്റ് ജനറലും ഗവര്‍ണറും എങ്ങനെയാണ് സമീപിച്ചതെന്ന് പരിശോധിച്ചാല്‍ ആരാണ് രാഷ്ട്രീയ പ്രേരിതമായി തീരുമാനമെടുത്തത് എന്ന് വ്യക്തമാകും.

1995 ആഗസ്റ്റ് 10ന് അന്നത്തെ വൈദ്യുതി വകുപ്പ് മന്ത്രിയായ ജി കാര്‍ത്തികേയനാണ് എസ്എന്‍സി ലാവലിന്‍ കമ്പനിയുമായി ആദ്യ എംഒയു ഒപ്പിട്ടത്. കണ്‍സള്‍ട്ടന്‍സി കരാറും ഒപ്പിട്ടത് കാര്‍ത്തികേയന്‍. തീയതി 1996 ഫെബ്രുവരി 24. രണ്ടുകരാറില്‍ ഒപ്പിട്ട കാര്‍ത്തികേയനാണ് ഗൂഢാലോചനയ്ക്ക് തുടക്കമിട്ടതെന്ന് സിബിഐ ആരോപിക്കുന്നുണ്ട്. പക്ഷേ, കാര്‍ത്തികേയനെതിരെ തെളിവില്ല. അതുകൊണ്ട് പ്രതിയുമായില്ല.

ഗൂഢാലോചനയ്ക്ക് രൂപം നല്‍കിയ, ആ ഗൂഢാലോചനയുടെ ഫലമായി രണ്ടാമതൊരു കണ്‍സള്‍ട്ടന്‍സി കരാര്‍ കൂടി ഒപ്പിട്ട മന്ത്രിയെ പ്രതിയാക്കാന്‍ സിബിഐയ്ക്ക് തെളിവൊന്നും കിട്ടിയില്ല. പാവം സിബിഐ എന്ന് ബാക്കിയുളളവരെല്ലാം സമാധാനിക്കുകയും കാര്‍ത്തികേയന്റെ ഒരു ഭാഗ്യമെന്നോ, കക്കാന്‍ പഠിച്ചാല്‍ നില്‍ക്കാനുമറിയണമെന്നോ ഒക്കെ അത്ഭുതം കൂറുകയും ചെയ്യണം. അതിനപ്പുറം ചോദ്യങ്ങളൊന്നും പാടില്ല.

പന്നിയാര്‍, ചെങ്കുളം, പളളിവാസല്‍ പദ്ധതികളുമായി ബന്ധപ്പെട്ട് 1995 ആഗസ്റ്റ് 10ന് കാര്‍ത്തികേയന്‍ എസ്എന്‍സി ലാവലിന്‍ കമ്പനിയുമായി ഒപ്പിട്ട ആദ്യ കരാറിന്റെ തുടര്‍ നടപടിയാണ് പിണറായി വിജയന്‍ സ്വീകരിച്ചത്. ഒരു ഗൂഢാലോചനയുടെ സൃഷ്ടി തന്നെയാണ് ആദ്യ കരാറെന്ന് സിബിഐ തന്നെ ആരോപിക്കുന്നു. ഇത് കേള്‍ക്കുന്ന ജനമെന്തു ധരിക്കണം?

ഏതൊക്കെ സാഹചര്യങ്ങളില്‍ നിന്നാണ് ഈ ഗൂഢാലോചനയുടെ മണം സിബിഐ പിടിച്ചെടുത്തത്? ഫയലുകളും രേഖകളും നടപടിക്രമങ്ങളും പരിശോധിക്കുമ്പോഴാണല്ലോ ഗൂഢാലോചന നടന്നെന്ന് സംശയിക്കപ്പെടാവുന്ന സാഹചര്യങ്ങള്‍ സിബിഐ സംഘത്തിന്റെ അന്വേഷണ ബുദ്ധിയില്‍ വെളിപ്പെടുന്നത്. ഗൂഢാലോചന നടന്നുവെന്ന് ആരോപിക്കുകയും എന്നാല്‍ നടന്നതിന് തെളിവില്ലെന്ന് പറയുകയും ചെയ്യുന്നത് ശുദ്ധതെമ്മാടിത്തരമാണ്. ഭാര്യ സുലേഖ ടീച്ചറും മക്കളും കൂടി കുടുംബത്തു നടത്തിയ രഹസ്യ ചര്‍ച്ചകള്‍ക്കു ശേഷമാണോ പന്നിയാര്‍, ചെങ്കുളം, പളളിവാസല്‍ പദ്ധതികളെക്കുറിച്ചുളള കരാറിലൊപ്പിടാന്‍ കാര്‍ത്തികേയന്‍ കാനഡയ്ക്ക് വിമാനം കയറിയത്?

1995 ആഗസ്റ്റ് 10, 1996 ഫെബ്രുവരി 24 എന്നീ രണ്ടു തീയതികളില്‍ കാര്‍ത്തികേയന്‍ ഒപ്പിട്ട രണ്ടുകരാറും ഒരു ഗൂഢാലോചനയുടെ സൃഷ്ടിയാണെന്ന് സിബിഐ പറയുമ്പോള്‍, ആ ഗൂഢാലോചനയില്‍ പങ്കെടുത്തവരാര് എന്നറിയാന്‍ നികുതി കൊടുക്കുന്നവന് അവകാശമുണ്ട്. തെളിവും രേഖയും മാങ്ങാത്തൊലിയുമൊന്നുമില്ലാതെ എന്തടിസ്ഥാനത്തിലാണ് ഒരു മന്ത്രിക്കെതിരെ അന്വേഷണ സംഘം ഗൂഢാലോചന എന്ന ആരോപണമുയര്‍ത്തി അയാളെ സംശയത്തിന്റെ പുകമറയ്ക്കുളളില്‍ നിര്‍ത്തിയത്. തന്റെ ഭാഗ്യം കൊണ്ട് പ്രതിപ്പട്ടികയിലുള്‍പ്പെട്ടില്ലെന്ന ആശ്വാസത്തില്‍ നിഷ്ക്രിയനായിരിക്കുന്ന ജി കാര്‍ത്തികേയന്‍ എന്ന കോണ്‍ഗ്രസ് നേതാവിന്റെ രാഷ്ട്രീയാന്തസിനെ എക്കാലത്തേയ്ക്കും സംശയത്തിന്റെ കരിമ്പടം പുതപ്പിച്ച് ഓടിമറയുകയാണ് കുറേ സിബിഐ ഉദ്യോഗസ്ഥന്മാര്‍. ഗതികേടു കൊണ്ട് വാ തുറക്കാനാവാതെ നിസഹായനായിരിക്കുന്ന കാര്‍ത്തികേയന്റെ ജനുസിലല്ല പക്ഷേ, പിണറായി വിജയന്‍ പിറന്നത്.

സിബിഐയുടെ ഉദ്ദേശ്യം വ്യക്തമാണ്. ആദ്യമേ രണ്ടു കരാറുകള്‍ ഉണ്ടായിരുന്നതിനാല്‍, ലാവലിന്‍ ഇടപാടാകെ പിണറായി വിജയന്റെ ഗൂഢാലോചനയുടെ സൃഷ്ടിയാണെന്ന് പറയാനാവില്ല. പിണറായി വിജയനാണ് ഗൂഢാലോചന തുടങ്ങിയതെന്നു പറഞ്ഞാല്‍ പഴയ കരാറുകള്‍ക്ക് വേറെ വിശദീകരണം ചമയ്ക്കണം. ആദ്യത്തെ കരാറുതന്നെ ഗൂഢാലോചനയുടെ സൃഷ്ടിയാണെന്ന് പറഞ്ഞു വെച്ചാല്‍ ആ ജോലി ഒഴിവാകും. ഗൂഢാലോചനയുണ്ടെന്നേ പറയാവൂ, പ്രതിയൊന്നുമാക്കരുതെന്ന് മുകളില്‍ നിന്ന് നിര്‍ദ്ദേശം കിട്ടിയിട്ടുണ്ട്. അതുകൊണ്ട് തെളിവില്ലെന്നൊരു ന്യായീകരണം കൂടി എഴുതിവെച്ചു. എജിയോ സംസ്ഥാന സര്‍ക്കാരോ ഇക്കാര്യം വലിയൊരു പ്രശ്നമാക്കിയാലും കുഴപ്പമില്ല, നമ്മുടെ ഗവര്‍ണറാണല്ലോ അന്തിമ തീരുമാനമെടുക്കുന്നത്. അക്കാര്യം കണ്ടില്ലെന്ന് നടിക്കാന്‍ പുളളിക്കാരനോടും പറഞ്ഞാല്‍ ആ കുരുക്കുമഴിയും. സമസ്തചാനലുകളും പത്രങ്ങളും പിണറായി വിജയന്റെ ചോരയ്ക്കു മുറവിളി കൂട്ടുന്നവര്‍. ഈ പഴുത് അവിടെയും ചര്‍ച്ചയാവില്ല. പ്രോസിക്യൂഷന്‍ അനുമതി ക്ലീനായി കിട്ടും. പിണറായി വിജയന്‍ ജയിലിലുമാകും. ഹെന്തൊരു ബുദ്ധി..!!!

ഗൂഢാലോചനയെക്കുറിച്ച് ഗവര്‍ണര്‍ ഗവായിയും തന്റെ സിദ്ധാന്തം അവതരിപ്പിച്ചിട്ടുണ്ട്. അനുമതിയുത്തരവില്‍ അദ്ദേഹം ഗൂഢാലോചനയെ നിര്‍വചിച്ചിരിക്കുന്നതെങ്ങനെയാണെന്ന് പത്രങ്ങളായ പത്രങ്ങളിലൊക്കെ വന്നിട്ടുണ്ട്. വായിച്ചു കോള്‍മയിര്‍ കൊണ്ടാലും...

"ഗൂഢാലോചനയ്‌ക്ക് പ്രത്യക്ഷമായ തെളിവുകള്‍ ലഭിക്കണമെന്നില്ല. ഗൂഢാലോചന എപ്പോഴും രഹസ്യമായാണ്‌ നടക്കുന്നത്‌. സാഹചര്യങ്ങള്‍ പരിശോധിച്ചാല്‍ ഇതു ലഭിക്കാം. കരാര്‍ ഒപ്പിടാനുള്ള നീക്കം തുടങ്ങിയപ്പോള്‍ മുതല്‍ ഗൂഢാലാചന ആരംഭിച്ചിട്ടുണ്ട്‌."

അവസാന വാചകം കണ്ണു തിരുമ്മി ഒന്നുകൂടി വായിച്ചു നോക്കുക. "കരാര്‍ ഒപ്പിടാനുള്ള നീക്കം തുടങ്ങിയപ്പോള്‍ മുതല്‍ ഗൂഢാലാചന ആരംഭിച്ചിട്ടുണ്ട്"‌. ഗവര്‍ണറും പറയുന്നത് അതു തന്നെ. പക്ഷേ, എന്തുകൊണ്ട് കാര്‍ത്തികേയന്‍ പ്രതിയായില്ലെന്ന ചോദ്യം കണ്ടില്ലെന്ന് നടിക്കണമെന്നാണല്ലോ മുകളില്‍ നിന്നുളള ഉത്തരവ്.

ഇങ്ങനെ സംഗ്രഹിക്കാം. കരാറിന് തുടക്കമിട്ടത് കാര്‍ത്തികേയന്‍. ഗൂഢാലോചനയ്ക്ക് തുടക്കമിട്ടതും അതിയാന്‍. അതിയാനെതിരെ തെളിവില്ലെന്ന് സിബിഐ. കരാര്‍ മുന്നോട്ടു കൊണ്ടു പോയത് പിണറായി വിജയന്‍. അതിയാനും നടത്തിയത് ഗൂഢാലോചന. അതിനും തെളിവൊന്നുമില്ല. പക്ഷേ പിണറായിയുടെ ഗൂഢാലോചന വിചാരണ വേളയില്‍ തെളിഞ്ഞു വരുമെന്ന് മഹാനായ ഗവര്‍ണര്‍ക്ക് വെളിപാടുണ്ട്. കാര്‍ത്തികേയന്റെ ഗൂഢാലോചന അങ്ങനെ തെളിയില്ല. പ്രത്യക്ഷമായ തെളിവുകള്‍ ഇല്ലെങ്കിലും രഹസ്യമായിട്ടാണ് നടന്നതെങ്കിലും വിചാരണയില്‍ തെളിയുന്ന ഒരുതരം രണ്ടാംകിട ഗൂഢാലോചനയാണ് പിണറായി നടത്തിയത്. എന്നാല്‍ കാര്‍ത്തികേയനാകട്ടെ മഹാബുദ്ധിമാന്‍. തെളിവില്ലാത്ത, രഹസ്യമായി നടന്ന എന്നാല്‍ വിചാരണ വേളയില്‍ തെളിയാത്ത ഒരു ഗൂഢാലോചനാക്കൂട്ടുണ്ടാക്കാനുളള ഫോര്‍മുല അദ്ദേഹത്തിനറിയാം. (ഹരികൃഷ്ണന്‍സ് എന്ന ഫാസില്‍ സിനിമയില്‍ ഉണ്ടാക്കുന്ന പ്രത്യേകതരം വിഷം പോലെയാണ് ഈ ഗൂഢാലോചനയും). കാര്‍ത്തികേയനെപ്പോലൊരു മഹാബുദ്ധിമാനായ മന്ത്രിയെക്കിട്ടിയ മലയാളികള്‍ അഭിമാനിക്കുക.

തെളിവില്ലാത്ത രണ്ടു ഗൂഢാലോചനകളില്‍, ഒരു മന്ത്രി പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുകയും മറ്റൊരാള്‍ ഒഴിവാക്കപ്പെടുകയും ചെയ്യുന്ന കണ്‍കെട്ട് വിദ്യയിലാണ് ലാവലിന്‍ കേസിലെ രാഷ്ട്രീയ താല്‍പര്യം കുടികൊള്ളുന്നത്. ഈ കാര്യം തന്നെയാണ് സിപിഎം ഇത്രയും കാലമായി വിശദീകരിക്കുന്നത്. ഇതിന് പരിഹാരമുണ്ടാകാതെ കുറ്റകരമായ ഗൂഢാലോചനയെന്ന കുറ്റം കഴുത്തിലിട്ട് പിണറായി വിജയന്‍ എറണാകുളത്തെ സിബിഐ കോടതിയുടെ കൂട്ടിനകത്ത് പ്രത്യക്ഷപ്പെടുമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അവര്‍ക്ക് മുന്‍കൂര്‍ നമസ്കാരം.

തെളിവില്ലാത്ത, ലക്ഷ്യം ആരോപിക്കപ്പെടാത്ത ഒരു ഗൂഢാലോചനയാണ് കാര്‍ത്തികേയന്‍ തുടങ്ങിവെച്ചതായി ആരോപിക്കപ്പെടുന്നത്. ഗൂഢാലോചനയ്ക്ക് രൂപം നല്‍കിയതിനോ കാര്‍ത്തികേയന്‍ മന്ത്രിപദമൊഴിഞ്ഞ 1996 മെയ് 9 വരെ ഗൂഢാലോചന തുടര്‍ന്നതിനോ തെളിവോ സാക്ഷികളോ ഇല്ലെന്നു പറഞ്ഞാല്‍ അതിന്റെ പച്ച മലയാളം നിയമപരമായി ഈ ഗൂഢാലോചന നിലനില്‍ക്കുന്നില്ലെന്നു തന്നെയാണ്. നിയമപരമായി നിലനില്‍പ്പില്ലെന്ന് തങ്ങള്‍ തന്നെ സമ്മതിച്ച ഒരു ഗൂഢാലോചനയില്‍ പിണറായി വിജയന്‍ പങ്കാളിയായി എന്ന് ആരോപിക്കുകയും അത് വിചാരണ വേളയില്‍ തെളിയിച്ചു കാണിക്കാമെന്ന് വീമ്പിളക്കുകയും ചെയ്യുന്ന സിബിഐ ഉദ്യോഗസ്ഥരും അങ്ങനെ മതിയെന്ന് തുല്യം ചാര്‍ത്തുന്ന ഗവര്‍ണറുമാണ് ഈ കേസില്‍ രാഷ്ട്രീയം കളിക്കുന്നത്. പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും പൊതുതാല്‍പര്യമനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്നുമൊക്കെ തട്ടിവിടുന്നവര്‍ യഥാര്‍ത്ഥ ചോദ്യങ്ങളില്‍ നിന്ന് സമര്‍ത്ഥമായി ഒളിച്ചോടുന്നു.

വഞ്ചനയുടെയും അധികാര ദുര്‍വിനിയോഗത്തിന്റെയുമൊക്കെ അവസ്ഥ ഇതുതന്നെ. പിന്നെ അവശേഷിക്കുന്ന ആരോപണം സംസ്ഥാനത്തിന് നഷ്ടപ്പെട്ട 86 കോടി രൂപയാണ്. പിണറായി വിജയന്‍ വൈദ്യുതി മന്ത്രിസ്ഥാനം ഒഴിഞ്ഞതിനു ശേഷം 12 കോടി രൂപ എസ്എന്‍സി ലാവലിന്‍ മലബാര്‍ കാന്‍സര്‍ സെന്ററിന് നല്‍കിയിട്ടുണ്ട്. ആ പണം കൊണ്ടുതന്നെയാണ് തലശേരിയില്‍ ആശുപത്രി പണിതത്. ആശുപത്രി സംബന്ധിച്ച് ലാവലിനുമായി ഒപ്പിട്ട ധാരണാപത്രം അന്തിമ കരാറിലെത്തിക്കുന്നതില്‍ നിന്ന് അട്ടിമറിച്ചത് ആരെന്ന് ലാവലിന്‍ കേസിലെ ഇയാഗോ, പുല്ലാണേ, പുല്ലാണേ, വില്ലും ഷാലും പുല്ലാണേ!! എന്നീ ലേഖനങ്ങളില്‍ വിവരിച്ചിട്ടുണ്ട്.

ഇന്നത്തെ മുഖ്യമന്ത്രിയും അന്നത്തെ ഇടതുമുന്നണി കണ്‍വീനറുമായ വിഎസ് അച്യുതാനന്ദന്റെ മാനസപുത്രന്‍ എസ് ശര്‍മ്മയാണ് സാമ്പത്തിക സഹായം അട്ടിമറിക്കാനുളള ഗൂഢാലോചന തുടങ്ങിയത്. രേഖകളും ഫയലും പരിശോധിച്ചാല്‍ ആരാണ്, എവിടെയാണ്, എന്തിനാണ് ഗൂഢാലോചന നടത്തിയതെന്ന് ഒരു സംശയവുമില്ലാതെ ബോധ്യപ്പെടും. ഏത് പൊതുജനത്തിനും ബോധ്യപ്പെടുന്ന ആ ഗൂഢാലോചന ഈ കേസിലൊരിടത്തും
പരാമര്‍ശിക്കപ്പെടാതിരിക്കുന്നതില്‍ നിന്ന് കേസ് മെനയാന്‍ തല പുകച്ച ബുദ്ധികേന്ദ്രങ്ങളെയും തിരിച്ചറിയാം.

ധാരണാപത്രം അന്തിമ കരാറാക്കി മാറ്റാന്‍ എസ്എന്‍സി ലാവലിനും മലബാര്‍ കാന്‍സര്‍ സെന്ററും ശ്രമിച്ചിട്ടുണ്ട്. കരടുകള്‍ തയ്യാറാക്കി, കരാറിലെ മൂന്നാം കക്ഷിയായ സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയ്ക്ക് യഥാസമയം സമര്‍പ്പിച്ചിട്ടുണ്ട്. വ്യവസ്ഥകളിലെ വിയോജിപ്പ് യഥാസമയം ബോധ്യപ്പെടുത്താനോ, പുതിയൊരു കരട് തയ്യാറാക്കി ചര്‍ച്ചയ്ക്ക് വെയ്ക്കാനോ ഒരു നടപടിയും ശര്‍മ്മ മുതല്‍ ഒരു മന്ത്രിയും സ്വീകരിച്ചിട്ടില്ല. സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ പരിഗണിച്ചെന്നും കരട് അംഗീകരിക്കാവുന്നതാണെന്നും കാണിച്ച് ഒന്നിലധികം തവണ ശര്‍മ്മയുടെ മുന്നില്‍ ഫയലെത്തിയതിന് തെളിവുണ്ട്. കരട് വായിച്ചു നോക്കി തന്റെ വിയോജിപ്പുകള്‍ രേഖപ്പെടുത്തി ബന്ധപ്പെട്ടവരോട് അഭിപ്രായം ചോദിക്കുന്നതിന് ഒരു വരിപോലും എസ്. ശര്‍മ്മയെന്ന പിണറായി വിജയന്റെ പിന്‍ഗാമി കുറിച്ചിട്ടില്ല. തിരഞ്ഞെടുപ്പില്‍ തനിക്ക് സീറ്റില്ലെന്ന് ഉറപ്പായപ്പോള്‍ ഫയലില്‍ അര്‍ത്ഥശൂന്യമായൊരു നോട്ടുമെഴുതി പൊടിയും തട്ടിപ്പോകാനാണ് ശര്‍മ്മ തുനിഞ്ഞത്. ധാരണാപത്രത്തിലെയും കരട് കരാറിലെയും ഇംഗ്ലീഷ് വാക്കുകളുടെ പ്രയോഗസാധുതയെക്കുറിച്ചുണ്ടായിരുന്നത് ആത്മാര്‍ത്ഥമായ സന്ദേഹമായിരുന്നുവെങ്കില്‍ അത് നിയമപരമായി പരിഹരിക്കാനും ചര്‍ച്ച ചെയ്യാനും ആവശ്യത്തിലധികം സമയം ശര്‍മ്മയ്ക്കുണ്ടായിരുന്നു.

ഈ ചെയ്തികളെയാണ് കുറ്റകരമായ ഗൂഢാലോചന, വഞ്ചന, അധികാര ദുര്‍വിനിയോഗം എന്നൊക്കെ സാമാന്യബുദ്ധിയുളള ഏതൊരു മനുഷ്യനും വിശേഷിപ്പിക്കുന്നത്. ഇതൊന്നുമല്ല കുറ്റമെന്ന് സിബിഐ വ്യാഖ്യാനിക്കുമ്പോള്‍ അതിന്റെ കാര്യകാരണങ്ങളും അറിയാനുളള അവകാശം പിണറായി വിജയനും സിപിഎമ്മിനുമുണ്ട്. അതൊക്കെ ‍ഞങ്ങള്‍ കോടതിയെ അറിയിച്ചോളാം എന്ന ധാര്‍ഷ്ട്യം കോത്താഴത്തു പോയി പറഞ്ഞാല്‍ മതി.

ആരോ വലിക്കുന്ന ചരടുകള്‍ക്കൊപ്പിച്ച് അന്വേഷണ നാടകമാടുന്ന സിബിഐ പാവകള്‍ക്ക് ശര്‍മ്മയുടെ പേര് പ്രതിപ്പട്ടികയിലെഴുതാനാവില്ല. അങ്ങനെയെങ്ങാനും വന്നാല്‍ പലരുടെയും ഉദ്ദേശം നടക്കില്ല. മനോരമയും മാതൃഭൂമിയും ഇന്ത്യാവിഷനും ഏഷ്യാനെറ്റും പടച്ചുവിടുന്ന അസംബന്ധ വാര്‍ത്തകളില്‍ പിണറായി വിജയനൊപ്പം ശര്‍മ്മയുണ്ടാകാന്‍ പാടില്ലല്ലോ. സിപിഎമ്മിന്റെ സംസ്ഥാന നേതൃത്വവും അതിനെ നയിക്കുന്ന പ്രഖ്യാപിത വില്ലന്‍ പിണറായി വിജയനും മാത്രമാണല്ലോ പ്രതിപ്പട്ടികയില്‍ വരേണ്ടത്. ഗൂഢാലോചന നടന്നത് എന്തിനെന്നും എവിടെയാണെന്നും നന്നായി അറിയാവുന്നതുകൊണ്ടാണ് ഇത്രയും ശക്തമായ പ്രതിരോധം സിപിഎം ഒരുക്കുന്നതെന്ന് തിരിച്ചറിയാത്തവര്‍ മന്ദബുദ്ധികള്‍ പോലുമല്ല.

മലബാര്‍ കാന്‍സര്‍ സെന്ററിന് കടവൂര്‍ ശിവദാസന്‍ വൈദ്യുതി മന്ത്രിയായിരുന്ന കാലത്തും സാമ്പത്തിക സഹായം എത്തിയിട്ടുണ്ട്. ആ പണം ഉപയോഗിച്ച് ആശുപത്രിയില്‍ പണിഞ്ഞ രക്തബാങ്ക് ഉദ്ഘാടനം ചെയ്തത് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന എ കെ ആന്റണിയാണ്. ധാരണാപത്രം റദ്ദായത് കടവൂരിന്റെ കാലത്ത്. സാമ്പത്തിക സഹായം നിലച്ചത് കടവൂരിന്റെ കാലത്ത്. സംസ്ഥാനത്തിന് ലഭിക്കേണ്ടിയിരുന്ന 86 കോടിയുടെ നഷ്ടം ഉണ്ടായത് കടവൂര്‍ ശിവദാസന്‍ വൈദ്യുതി മന്ത്രിയായിരുന്നപ്പോഴാണ്. പക്ഷേ, കടവൂര്‍ കേസില്‍ പ്രതിയല്ല.

ഇപ്പറഞ്ഞതൊന്നും ഗവര്‍ണറുടെ പ്രഥമദൃഷ്ടിയില്‍ പതിഞ്ഞില്ല. എജിയുടെ നിയമോപദേശത്തില്‍ കണ്ടെത്തിയ പിശകുകളെന്തെന്ന് എണ്ണിപ്പറയാനും പാവം ഗവായിക്ക് കഴിഞ്ഞില്ല. ഗവര്‍ണറുടെ പ്രഥമദൃഷ്ടി പതിഞ്ഞ അഴിമതിയുടെ പഴുതുകളേതെന്നും ഗൂഢാലോചനയുടെ സാഹചര്യങ്ങളേതെന്നും അറിയാന്‍ അനുമതി നിഷേധിച്ച സര്‍ക്കാരിനും ഉപദേശം നല്കിയ അഡ്വക്കേറ്റ് ജനറലിനും അവകാശമുണ്ട്. ഇനിയും സമാനമായ സാഹചര്യങ്ങളുണ്ടായാല്‍ ഈ അബദ്ധം ആവര്‍ത്തിക്കരുതല്ലോ!!

രാഷ്ട്രീയ യജമാനന്മാരെ പ്രീതിപ്പെടുത്താന്‍ സിബിഐ നായ്ക്കള്‍ നടത്തിയ കുരയും ഓരിയിടലും 1, 2, 3 എന്ന് നമ്പരിട്ട ആരോപണങ്ങളായി അവതരിപ്പിച്ച് "ഓടെടാ കോടതിയിലേയ്ക്ക്" എന്നു കല്‍പ്പിച്ചാല്‍, തന്തയ്ക്കു പിറന്ന ഒരുത്തനും അതിന് പുല്ലു വിലയും കല്‍പ്പിക്കില്ല. തലച്ചോറില്‍ യുക്തിബോധത്തിന്റെ കനലുകളുളളവനെ കലാപത്തിന് പ്രേരിപ്പിക്കുന്നതാണ് സിബിഐ സമര്‍പ്പിച്ച കുറ്റപത്രവും അന്വേഷണ റിപ്പോര്‍ട്ടും. അധികാരസ്ഥാനങ്ങളില്‍ എങ്ങനെയോ ചെന്നു പെട്ടവന്റെ വൃത്തികെട്ട നെഗളിപ്പും പകയും കൊടുംവൈരവുമാണ് അമ്പും തുമ്പുമില്ലാത്ത ഈ കേസിന്റെയും അന്വേഷണത്തിന്റെയും പിന്നില്‍ പ്രവര്‍ത്തിച്ചത്.

ഈ കോലാഹലങ്ങളൊക്കെ അരങ്ങു തകര്‍ക്കുമ്പോള്‍ മുങ്ങിപ്പോയത് ജലവൈദ്യുതി പദ്ധതികളുടെ നവീകരണ പ്രക്രിയയാണ്. സിഎജിയുടെ കണ്ടെത്തല്‍ ഓര്‍ക്കുക.

The expenditure of Rs.374.50 crore incurred for renovation did not yield commensurate gains due to various technical defects in the equipment renovated.

ലാവലിന്‍ കേസിന്റെ ഉത്ഭവത്തിന് വഴിയൊരുക്കിയ വാചകങ്ങളാണിത്. നവീകരണത്തിന്റെ ഭാഗമായി മാറ്റിവെയ്ക്കപ്പെട്ട ഉപകരണങ്ങള്‍ക്ക് സാങ്കേതിക തകരാറുണ്ടെന്നാണ് സിഎജി പറഞ്ഞത്. അണക്കെട്ട് നിര്‍മ്മാണത്തിനുപയോഗിക്കുന്ന യന്ത്രസാമഗ്രികളുടെ വൈകല്യം കണ്ടുപിടിക്കാനുളള എന്ത് പരിശീലനമാണ് അക്കൗണ്ടന്‍ ജനറലിന്റെ ഓഫീസില്‍ പണിയെടുക്കുന്ന കണക്കപ്പിളളമാര്‍ക്കുളളതെന്ന് നമുക്കറിയില്ല. (ഈ പരാമര്‍ശം കടന്നു കൂടിയത് മുന്‍മന്ത്രി ബേബി ജോണിന്റെ ബന്ധുവായിരുന്ന അഡ്വക്കേറ്റ് ജനറലിനെ വിഎസ് അച്യുതാനന്ദന്‍ സ്വാധീനിച്ചിട്ടാണെന്ന് മാധ്യമ സിന്‍ഡിക്കേറ്റിലെ പ്രധാനിയായിരുന്ന പി കെ പ്രകാശ് 2009 ജൂണ്‍ ഒന്നിന്റെ മാധ്യമത്തിലെഴുതിയ "തോറ്റത് കേരള സമൂഹം തന്നെയാണ്" എന്ന ലേഖനത്തിലെഴുതിയിരിക്കുന്നു. പേജ് 18).

യന്ത്രങ്ങളുടെ സാങ്കേതിക ശേഷിയെക്കുറിച്ച് സിഎജി ഉന്നയിച്ച ആരോപണത്തിന്റെ സത്യാവസ്ഥയെക്കുറിച്ച് വിജിലന്‍സ്, സിബിഐ അന്വേഷണങ്ങള്‍ പുലര്‍ത്തുന്ന നിശബ്ദത എന്തിന്റെ സൂചനയാണെന്നാണ് മനസിലാക്കേണ്ടത്. സിഎജി ചൂണ്ടിക്കാട്ടിയ ആരോപണം ഒരന്വേഷണം പോലും നടത്താതെ തള്ളിക്കളയുകയാണ് സിബിഐയും വിജിലന്‍സും ചെയ്തത്. പളളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുതപദ്ധതികളില്‍ നിന്ന് ഇപ്പോഴും വൈദ്യുതി ഉല്‍പാദിപ്പിക്കുന്നുണ്ട്. ഇത്രയും ശക്തമായ ആരോപണങ്ങളുയര്‍ന്നിട്ടും ഈ പദ്ധതികളില്‍ ഉപയോഗിച്ച യന്ത്രസാമഗ്രികളുടെ വിശ്വാസ്യത പരിശോധിക്കാന്‍ സിബിഐ തയ്യാറാവുക പോലും ചെയ്യാത്തതില്‍ നിന്ന് സിഎജി റിപ്പോര്‍ട്ടിന്റെ കഴമ്പില്ലായ്മ എത്രയുണ്ടെന്നറിയാം.

50 വര്‍‍ഷത്തെ ആയുസ് വാഗ്ദാനം ചെയ്താണ് നവീകരണ പ്രക്രിയ നടന്നത്. മൂന്നു നിലയങ്ങളില്‍ നിന്നും ഉല്‍പാദിപ്പിക്കുന്ന നാലു വര്‍ഷത്തെ വൈദ്യുതിയുടെ വില കണക്കാക്കിയാല്‍ നിര്‍മ്മാണച്ചെലവും കഴിഞ്ഞ് സര്‍ക്കാരിന് ലാഭമുണ്ടാകുമെന്നാണ് നവീകരണ പ്രവര്‍ത്തനം നടത്തിയ എസ്എന്‍സി ലാവലിന്റെ അവകാശ വാദം. സിഎജി പറയുന്നതാകട്ടെ, നവീകരണം കൊണ്ട് സംസ്ഥാനത്തിന് നേട്ടങ്ങളൊന്നുമുണ്ടായിട്ടില്ലെന്നും.

വിജിലന്‍സും സിബിഐയും മൂന്നു വര്‍ഷം വീതം അന്വേഷിച്ചപ്പോള്‍ മൗലികമായ ഈ ചോദ്യം പരിഗണന പോലും അര്‍ഹിക്കാത്തവിധം കുഴിച്ചു മൂടപ്പെട്ടു എന്നു പറഞ്ഞാല്‍ അതിനര്‍ത്ഥം ഒന്നേയുളളൂ. ഒരാളെ ഫ്രെയിം ചെയ്യാനായി എഴുതിപ്പിടിപ്പിച്ച പച്ചക്കളളമായിരുന്നു അത്. ലക്ഷ്യം വേറെയായിരുന്നതു കൊണ്ട് ഇതിനു പിറകെ പോകാന്‍ ഒരന്വേഷണ ഉദ്യോഗസ്ഥനും സമയമോ താല്‍പര്യമോ ഉണ്ടായില്ല.

ജലവൈദ്യുത പദ്ധതികള്‍ നവീകരിച്ചപ്പോള്‍ സ്ഥാപിച്ച യന്ത്രസാമഗ്രികളില്‍ വൈകല്യമുണ്ടെന്ന ഗുരുതരമായ പരാമര്‍ശത്തില്‍ തുടങ്ങിയ കോലാഹലങ്ങള്‍ ഒടുവില്‍ മലബാര്‍ കാന്‍സര്‍ സെന്ററിന് വാഗ്ദാനം ചെയ്യപ്പെട്ട 86 കോടി രൂപയിലെത്തി അവസാനിച്ചു. മറ്റേക്കാര്യം അന്വേഷിച്ചാല്‍, യന്ത്രസാമഗ്രികള്‍ക്കു കുഴപ്പമില്ലെന്നും അരനൂറ്റാണ്ടുകാലം അവ പ്രശ്നങ്ങളില്ലാതെ പ്രവര്‍ത്തിക്കുമെന്നും വിദഗ്ധാഭിപ്രായമുണ്ടായാല്‍ എല്ലാം തകരില്ലേ. യന്ത്രങ്ങളുടെ പ്രവര്‍ത്തനത്തില്‍ "കുറ്റകരമായ ഗുഡാലോചനയും വഞ്ചനയും അധികാരദുര്‍വിനിയോഗവും" ആരോപിക്കാനാവില്ലല്ലോ.

എങ്ങനെയെങ്കിലും പിണറായി വിജയനെ കേസില്‍ കുടുക്കാന്‍ വേണ്ടി സൃഷ്ടിച്ചതാണ് ഈ കേസെന്ന് ബോധ്യപ്പെടാന്‍ ഇതില്‍പരം തെളിവൊന്നും ആര്‍ക്കും വേണ്ട. പിണറായി വിജയന്‍ അഴിമതി നടത്തിയെന്നല്ല, മറിച്ച് പിണറായിയെ കുടുക്കാന്‍ വേണ്ടി, സിഎജി, സിബിഐ, ഗവര്‍ണര്‍ മുതലായ ഭരണഘടനാ സ്ഥാപനങ്ങള്‍ അത്യന്തം ഹീനമായി ദുരുപയോഗം ചെയ്യപ്പെട്ടുവെന്ന നഗ്നമായ യാഥാര്‍ത്ഥ്യമാണ് പ്രഥമദൃഷ്ട്യാ വെളിപ്പെടുന്നത്.

ഈ വസ്തുതകളത്രയും മറന്നാണ് പിണറായി വിജയന് വിചാരണ നേരിട്ടുകൂടേയെന്ന ലളിത നിഷ്കളങ്കമായ ചോദ്യമുയര്‍ത്തുന്നത്. തന്നെ കേസില്‍ കുടുക്കി തേജോവധം ചെയ്യാന്‍ അധികാര സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്ത ഹീനമനസുകള്‍ക്ക് കീഴടങ്ങണമെന്നാണ് ലളിതവല്‍ക്കരണത്തിന്റെ അര്‍ത്ഥം.

ടെക്നിക്കാലിയ, കമല ഇന്റര്‍നാഷണല്‍ എന്നീ പേരുകളൊന്നും ആരുമിപ്പോള്‍ മിണ്ടുന്നേയില്ല. സ്വന്തം ഭാര്യയുടെ പേരില്‍ സിംഗപ്പൂരില്‍ ബിനാമി കമ്പനി നടത്തുന്നവനാണ് പിണറായി വിജയനെന്ന് ഒരുളുപ്പുമില്ലാതെ പ്രചരിപ്പിച്ചവരുടെ നാക്ക് താണു പോയി. കേസിന്റെ ആരംഭ വേളയില്‍ 374 കോടി, 400 കോടി, 198 കോടി എന്നിങ്ങനെ പല കണക്കില്‍ പറഞ്ഞ തുക ഒടുവില്‍ 86 കോടി രൂപ സംസ്ഥാന ഖജനാവിന് നഷ്ടം വന്നുവെന്ന് ചുരുങ്ങി. അതിലൊരു രൂപയെങ്കിലും പിണറായി വിജയന്റെ സ്വന്തം അക്കൗണ്ടിലേയ്ക്ക് പോയെന്ന് ആരോപണമില്ല, അതിന് തെളിവില്ല.

സിബിഐ അന്വേഷണ റിപ്പോര്‍ട്ടും കുറ്റപത്രവും ആറാലുംമൂടു മുതല്‍ പൊള്ളാച്ചി വരെയുളള ചന്തകളിലടക്കം ലഭ്യമായിട്ടും, പിണറായി വിജയന്‍ നടത്തിയ അഴിമതിയെക്കുറിച്ച് ഒരു വരി, ആ റിപ്പോര്‍ട്ടില്‍ നിന്ന് ചൂണ്ടിക്കാണിക്കാന്‍ പ്രകാശ് കാരാട്ട് വെല്ലുവിളിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും നിര്‍ഗുണ പത്രപ്രവര്‍ത്തനം കല്‍പിത കഥകള്‍ക്ക് പിന്നാലെ ഓടുകയാണ്. ഒരുളുപ്പുമില്ലാതെ അവര്‍ പടച്ചുവിടുന്ന വാര്‍ത്തകളില്‍ നിന്ന് പൊതുതാല്പര്യം ചുട്ടെടുക്കുന്ന ദോശക്കല്ലുകള്‍ ബ്ലോഗുകളില്‍ വരെ പ്രവര്‍ത്തന നിരതമാണ്.

ഇത് പിണറായി വിജയന്റെ വ്യക്തിപരമായ അന്തസിന്റെയോ സിപിഎം എന്ന പാര്‍ട്ടി അണികളുടെ ആത്മാഭിമാനത്തിന്റെയോ വിഷയമല്ല. അതിനേക്കാള്‍ അപ്പുറമായി രാഷ്ട്രീയ എതിരാളിയെ വേട്ടയാടാന്‍ ഭരണാധികാരം ഉപയോഗിക്കുന്ന ജനാധിപത്യ വിരുദ്ധതയുടെ പ്രശ്നമാണ്. തങ്ങള്‍ക്കിഷ്ടമില്ലാത്തവനെ, തങ്ങള്‍ക്ക് വഴങ്ങാത്തവനെ കോടതിമുറിയുടെ സംശയവലയത്തിലേയ്ക്ക് വലിച്ചിഴയ്ക്കാന്‍ അധികാരം കയ്യാളുന്നവന്‍ നടത്തുന്ന ഉപജാപങ്ങളാണ് ലാവലിന്‍ കേസിന്റെ കേന്ദ്രബിന്ദു. അതു തിരിച്ചറിയുന്നതു കൊണ്ടാണ് പിണറായി വിജയന്‍ സ്ഥാനമൊഴിഞ്ഞ് പാര്‍ട്ടിയുടെ അന്തസ് നിലനിര്‍ത്തണമെന്ന് വാദിക്കുന്നവര്‍ പിന്‍പറ്റുന്നത് പഴയ ഗോത്രനിയമമാണെന്ന് വിനയപൂര്‍വം പറയേണ്ടി വരുന്നത്. ഒരു കുടുംബത്തിന്റെ രക്ഷയ്ക്ക് ഒരാളെയും ഒരു ഗോത്രത്തിന്റെ രക്ഷയ്ക്ക് ഒരു കുടുംബത്തെയും സമൂഹത്തിന്റെ രക്ഷയ്ക്ക് ഗോത്രത്തെയും കുരുതികൊടുക്കുന്നതില്‍ തെറ്റില്ലെന്ന് വിശ്വസിക്കുന്ന അപരിഷ്കൃത നീതിയുടെ കരിനിഴലാണ് ആ വാദത്തിനു പിന്നില്‍ മറഞ്ഞിരിക്കുന്നത്.

ഭരണാധികാരം പളളിവാളെടുത്ത് മുടിയഴിച്ചു തുളളി ഒരു മനുഷ്യന്റെ ചോരയ്ക്കു വേണ്ടി പാഞ്ഞടുക്കുമ്പോള്‍, ആ വാള്‍മുനയിലേയ്ക്ക് ഇരയെ എറിഞ്ഞു കൊടുത്ത് കൈകഴുകാന്‍ തയ്യാറാകാത്ത സിപിഎമ്മിന്റെ നിശ്ചയദാര്‍ഢ്യം ചരിത്രത്തിലെന്നും ജ്വലിച്ചു തന്നെ നില്‍ക്കും. അന്തസ്, ആത്മാഭിമാനം, ധാര്‍മ്മികത എന്നീ വാക്കുകളുടെ പൈങ്കിളി നിര്‍വചനങ്ങളും അവയെക്കുറിച്ചുളള ചാരുകസേര ന്യായങ്ങളുമല്ല, മറിച്ച് വസ്തുതകളിലുളള വിശ്വാസമാണ് മറ്റാരും ചെയ്യാത്ത ഈ ചെറുത്തു നില്‍പ്പിന് സിപിഎമ്മിനെ പ്രാപ്തമാക്കുന്നത്.

സ്ഥാപനവല്‍ക്കരിക്കപ്പെട്ട അധികാരത്തിന്റെ അശ്ലീലയുക്തിയ്ക്ക് കീഴടങ്ങാന്‍ ഒരു പ്രസ്ഥാനം വിസമ്മതിക്കുന്നതും നീതിയ്ക്കായി സാധ്യമായ മാര്‍ഗങ്ങളത്രയും സ്വീകരിക്കുന്നതും ജനാധിപത്യപരവും നിയമപരവുമായ മാര്‍ഗങ്ങളിലൂടെ തന്നെയാണ്. സിബിഐ കോടതിയിലെ വിചാരണയിലല്ല, അതിനും മുകളിലുളള മറ്റു കോടതികളില്‍ ഈ കേസിന്റെ ന്യായാന്യായങ്ങള്‍ ആദ്യം തീരുമാനിക്കപ്പെടണം. അതിനു ശേഷം മതി വിചാരണയും വിലങ്ങിടലും. നിയമപരമായി ഈ കേസിനെ സിപിഎം നേരിടുമെന്ന് പറയുന്നതിന്റെ മലയാളം അതാണ്.

ഇഷ്ടമില്ലാത്തവനെ കളളക്കേസില്‍ കുടുക്കി പോലീസ് സ്റ്റേഷനിലിട്ട് പീഡിപ്പിക്കാമെന്നും അഴിമതിയുടെ പുകമറയുയര്‍ത്തി കോടതി മുറിയിലേയ്ക്ക് വലിച്ചിഴയ്ക്കാമെന്നും മോഹിക്കുന്ന സാമൂഹ്യവിരുദ്ധര്‍ക്ക് എക്കാലത്തേയ്ക്കുമുളള താക്കീതാണ് ലാവലിന്‍ കേസില്‍ സിപിഎം ഉയര്‍ത്തുന്ന പ്രതിരോധം.

എതിരാളികള്‍ വിരിയ്‌ക്കുന്ന വലയില്‍ സ്വമേധയാ തല വെയ്‌ക്കുന്ന വിഡ്‌ഢികളാന്‍ മനസില്ലെന്ന സിപിഎമ്മിന്റെ പ്രഖ്യാപനം ജനാധിപത്യ മനസുകളില്‍ മാറ്റൊലിക്കൊള്ളുന്നുണ്ട്. ആരോ ഒരുക്കിയ കുരുക്ക്‌ സസന്തോഷം കഴുത്തിലണിഞ്ഞ്‌, പീഡിതന്റെ ദൈന്യമഭിനയിച്ച്‌ സഹതാപം ഇരന്നു വാങ്ങുന്ന ദുര്‍ബലനല്ല താനെന്ന പിണറായി വിജയന്റെ പ്രഖ്യാപനത്തില്‍ ഒരു പോരാളിയുടെ സിംഹവീര്യമാണ് തുടിക്കുന്നത്. ഏതു മനുഷ്യന്റെയും കരളു കരിച്ചു കളയാന്‍ പോന്ന അപവാദങ്ങളാല്‍ വേട്ടയാടപ്പെടുന്ന പിണറായിയും ഏതു പ്രസ്ഥാനത്തിന്റെയും ആത്മവീര്യം നശിപ്പിക്കും വിധം ഹീനവും രൂക്ഷവുമായ ആക്രമണങ്ങള്‍ക്ക്‌ വിധേയമാകുന്ന സിപിഎമ്മും നടത്തുന്ന ചെറുത്തു നില്‍പ്പില്‍ സിപിഎം ഇന്നോളമാര്‍ജിച്ച വിപ്ലവാനുഭവങ്ങളുടെ പോരാട്ടവീര്യമത്രയുമുണ്ട്‌. രാഷ്ട്രീയ എതിരാളിയെ വേട്ടയാടാന്‍ അധികാരത്തെ എങ്ങനെയും ഉപയോഗിക്കുന്ന ഹീനതയാണ് ഇവിടെ തോല്‍ക്കേണ്ടത്. പിണറായി വിജയനും സിപിഎമ്മുമല്ല.


കൂടുതല്‍ വായനയ്ക്ക് :-

1. സിബിഐ അന്വേഷണ റിപ്പോര്‍ട്ട് സമകാലിക മലയാളം പ്രസിദ്ധീകരിച്ചത് കിരണിന്റെ ബ്ലോഗില്‍.
2. എജിയുടെ നിയമോപദേശം വര്‍ക്കേഴ്സ് ഫോറത്തില്‍