Saturday, October 03, 2009

സഹയാത്രികന് സ്നേഹപൂര്‍വം.......!

രാഷ്ട്രീയ സംവാദങ്ങളില്‍ സിപിഎമ്മിന്റെ വാ മൂടിക്കെട്ടിക്കളയാമെന്നത് വിചിത്രമായ ഒരു വ്യാമോഹമാണ്. പന്ത്രണ്ടു ലക്ഷം കോപ്പി അച്ചടിക്കുന്ന മാതൃഭൂമിയില്‍ ലേഖനമെഴുതുന്നത് അത്യുദാത്തമായ മാധ്യമ പ്രവര്‍ത്തനവും അതിന്റെ പകുതി പോലും സര്‍ക്കുലേഷനില്ലാത്ത ദേശാഭിമാനിയില്‍ ലേഖനമെഴുതുന്നത് നിന്ദ്യമായ ഉപജാപക പ്രവര്‍ത്തനവുമെന്ന പുതിയ സിദ്ധാന്തം തീര്‍ത്തും പരിഹാസ്യവും. പിണറായി വിജയനെന്ന സിപിഎം നേതാവിനെ ഏതു ഭാഷയിലും വിമര്‍ശിക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കുളള അവകാശം പോലെ തന്നെ പ്രധാനപ്പെട്ടതാണ്, തനിക്കും പാര്‍ട്ടിക്കും നേരെ ഉയരുന്ന വിമര്‍ശനങ്ങളോട് അതിരൂക്ഷമായ ഭാഷയില്‍ പ്രതികരിക്കാനുളള പിണറായി വിജയന്റെ അവകാശവും. ഇതുള്‍ക്കൊള്ളാനും ഈ രണ്ടു സ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടാനും പോര്‍ച്ചട്ടയണിയുന്നവനാണ് യഥാര്‍ത്ഥ സ്വതന്ത്ര ചിന്തകന്‍. ചെവികള്‍ ഇരുമ്പു താഴിട്ടു പൂട്ടി തൊണ്ട പൊട്ടുമാറുച്ചത്തില്‍ വിമര്‍ശന കര്‍മ്മം നിര്‍വ്വഹിക്കുന്ന പണ്ഡിത കേസരികള്‍ക്ക് തോന്നുംമട്ടില്‍ എടുത്തു ചാര്‍ത്താവുന്ന ആലഭാരമല്ല ആ പദവി.

വാദവും പ്രതിവാദവും ചേര്‍ന്നാണ് സംവാദം സാധ്യമാക്കുന്നതെന്ന തിരിച്ചറിവു നഷ്ടപ്പെട്ടവരെ സ്വതന്ത്ര ചിന്തയുടെയും ജനാധിപത്യമര്യാദയുടെയും തിടമ്പേറ്റി എഴുന്നെളളിക്കേണ്ട ഗതികേടാണ് പൊതുസമൂഹത്തിനുളളത് . തങ്ങളുടെ നിലപാടുകളും വിമര്‍ശനങ്ങളും സിപിഎമ്മിലും പിണറായി വിജയനിലും അടിച്ചേല്‍പ്പിച്ചു കളയാമെന്ന വ്യാമോഹം അമ്പേ പൊളിയുമ്പോള്‍ ആണിയിളകി പുറത്തുചാടുന്ന ഉച്ചക്കിറുക്കുകളില്‍ സ്വതന്ത്രചിന്തയുടെയും നിഷ്പക്ഷ മാധ്യമ പ്രവര്‍ത്തനത്തിന്റെയും അന്തസു തിരയുന്നവരോട് നല്ല നമസ്കാരം പറയാം.

വിമര്‍ശനം തങ്ങളുടെ മാത്രം ജന്മാവകാശമാണെന്ന് ധരിക്കുന്നവരാണ് കേരളത്തിലെ അംഗീകൃത സാംസ്ക്കാരിക പ്രഭുക്കള്‍. ഏതുതരം വിമര്‍ശനവും മുരടന്മാരുടെ വിവരക്കേടുകളായി അധപ്പതിക്കുന്നുവെന്ന് പലരും പരിതപിച്ചിട്ടുമുണ്ട്. എതിര്‍വാക്കോ മറുപടിയോ പറയുന്നവരുടെ മുതുകത്ത് അസഹിഷ്ണുക്കളെന്ന് ചാപ്പകുത്തി പൊതുബോധത്തിന്റെ തെമ്മാടിക്കുഴിയിലേയ്ക്ക് നീക്കിയെറിയുമെന്ന ഫ്യൂഡല്‍ ധാര്‍ഷ്ട്യത്തോട് സന്ധി ചെയ്യാന്‍ ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും കഴിയില്ല. കൊടിയ വിദ്വേഷത്തിന്റെയും അപാരമായ അസഹിഷ്ണുതയുടെയും പഴുപ്പും ചലവും ചാടുന്ന "വിവരക്കേടുകളെ" ആദരവോടെ വാരിയെടുത്ത് തലയിലിടാന്‍ തങ്ങള്‍ക്ക് സൗകര്യമില്ലെന്ന നിലപാട് സ്വീകരിക്കാനുളള ജനാധിപത്യാവകാശം സിപിഎമ്മിനുണ്ട്. എല്ലാത്തരം ചോദ്യം ചെയ്യലുകളില്‍ നിന്നും അതീതരാണ് തങ്ങളെന്ന് മസിലു പിടിക്കാനും മനോരാജ്യം കാണാനും ആസ്ഥാന വിമര്‍ശക പ്രഭുക്കള്‍ക്കുളള സ്വാതന്ത്ര്യം പോലെ തന്നെ പ്രധാനപ്പെട്ടതാണ് അതും.

സിപിഎമ്മിനെയും പിണറായി വിജയനെയും എങ്ങനെ വേണമെങ്കിലും വിമര്‍ശിക്കാം, അതിന് പ്രഭാവര്‍മ്മയോ ദേശാഭിമാനിയോ മറുപടി പറയാന്‍ പാടില്ലെന്ന ശാഠ്യത്തിലാണ് പുതിയ വിവാദവും അടിത്തറ കെട്ടിപ്പൊക്കിയത്. പ്രതിവാദമുന്നയിക്കുന്നവനെ "ഉപജാപകന്‍" എന്നു മുദ്രകുത്തി അപഹസിക്കുന്ന മാനസികാവസ്ഥയില്‍ തുടിക്കുന്നത് ജനാധിപത്യബോധത്തിന്റെ സൗന്ദര്യമല്ല, മറിച്ച് എതിര്‍വാക്കു പറയുന്നവനെ മുണ്ടു പൊക്കിക്കാണിക്കാന്‍ മടിക്കാത്തവന്റെ ഊച്ചാളിത്തരമാണ് . പ്രതിവാദങ്ങളെക്കുറിച്ചുളള നിലപാട് ഏതെങ്കിലുമൊരു പത്രമാധ്യമത്തില്‍ ലേഖനമായി പ്രസിദ്ധീകരിക്കപ്പെടുമ്പോള്‍ ആരോഗ്യകരമായൊരു മാധ്യമ സംവാദത്തിന് കളമൊരുങ്ങും. അതിനു പകരം ദേശാഭിമാനിയിലും കൈരളിയിലും പണിയെടുക്കുന്ന മാധ്യമ പ്രവര്‍ത്തകരെ ഉപജാപക സംഘമെന്ന് മുദ്രകുത്തി അടച്ചാക്ഷേപിക്കുന്ന അതിബുദ്ധി തിരിച്ചറിയപ്പെടില്ലെന്ന് കരുതരുത്. അവരെ ചാരി പിണറായി വിജയനെ വിമര്‍ശിച്ച് ശരിപ്പെടുത്തിക്കളയാന്‍ ചാനല്‍ ഘോഷയാത്ര സംഘടിപ്പിക്കുന്ന അതിസാഹസികത വിലയിരുത്തപ്പെടില്ലെന്ന് ധരിക്കുകയുമരുത്.

"പിണറായി വിജയനു വേണ്ടി ചാവേറാകാന്‍ എന്നെക്കിട്ടില്ല", "പിണറായി വിജയന്‍ ഉപജാപകരുടെ പിടിയില്‍", "പിഎം മനോജ്, എന്‍ മാധവന്‍ കുട്ടി, പ്രഭാ വര്‍മ്മ എന്നിവരടങ്ങുന്ന ഉപജാപക സംഘത്തിന്റെ പിടിയിലാണ് പിണറായി വിജയന്‍", "പിണറായി വിജയന്‍ ഓര്‍മ്മിപ്പിക്കുന്നത് അടിയന്തരാവസ്ഥക്കാലത്തെ ഇന്ദിരാഗാന്ധിയുടെ ശൈലി" എന്നൊക്കെ ചാനല്‍ സ്ക്രീനില്‍ എത്ര വലിപ്പത്തില്‍ എഴുതിക്കാണിച്ചാലും ഒരു നിമിഷത്തെ അമ്പരപ്പിനുളള വെടിമരുന്നേ അവയിലുളളൂ.. ആദ്യത്തെ പെരുപ്പു മാറിയാല്‍, "ഇതാ മറ്റൊരു അബ്ദുളളക്കുട്ടിയും" എന്ന നിര്‍വികാരതയില്‍ ആ മരുന്നത്രയും നനഞ്ഞു തീരും.

അതു തിരിച്ചറിഞ്ഞതുകൊണ്ടാണ്, ഉപജാപക സംഘം തന്റെ തോന്നലാണെന്നും അവഹേളിക്കാനല്ല താനതു പറഞ്ഞതെന്നും ആരോപണ വിധേയര്‍ക്ക് അതൊരു ബഹുമതിയാണെന്നും പിന്നീട് തിരുത്തു വന്നത്. അടിയന്താരവസ്ഥയുടെ സകല ഭീകരതയും തന്റെ ശരീരത്തിലേയ്ക്ക് ഏറ്റുവാങ്ങിയ മനുഷ്യനില്‍ നിന്ന് ഇന്ദിരാഗാന്ധിയുടെ മാറ്റൊലി ഉയരുന്നുവെന്ന ഉച്ചക്കിറുക്കിനും സംഭവിച്ചത് ഈ അവസ്ഥ തന്നെ. അത് കഠിനപ്പോയിയെന്ന കുമ്പസാരം പ്രതിഫലിപ്പിച്ചത് എല്ലുറപ്പില്ലാത്ത നാക്കു കൊണ്ട് എന്തും പറയുമെന്ന മാനസികാവസ്ഥയെയാണ്. പരിഹാസ്യമായ ഉപമകള്‍ സൃഷ്ടാവിന്റെ സര്‍ട്ടിഫിക്കറ്റോടെ കഠിനകഠോരമാകുന്ന കാഴ്ചകളും ന്യൂസ് അവറുകള്‍ സംപ്രേക്ഷണം ചെയ്യുന്നുണ്ട്.

സിപിഎമ്മിനും പിണറായി വിജയനുമെതിരെ ഉന്നയിച്ച ആരോപണങ്ങളത്രയും അതുന്നയിച്ചയാള്‍ വിഴുങ്ങുന്നത് ലൈവായി കാണിച്ചാണ് ന്യൂസ് ചാനലുകളുടെ കാമറകള്‍ പിന്‍വാങ്ങിയത്. പക്ഷേ പിറ്റേന്ന് പത്രങ്ങള്‍ പറഞ്ഞത് വേറെ കഥകള്‍. "പിണറായി അടിയന്തരാവസ്ഥക്കാലത്തെ ഇന്ദിരയെപ്പോലെ"യെന്ന എട്ടുകോളം ബാനര്‍ തലക്കെട്ട് ഒന്നാം പേജില്‍ വീശിയടിച്ചാണ് സെപ്തംബര്‍ 26ന് മാതൃഭൂമി പുറത്തിറങ്ങിയത്. "പിണറായി ഉപജാപക വൃന്ദത്തിന്റെ തടവില്‍" എന്ന് മുന്‍പേജില്‍ അഞ്ചുകോളം വലിപ്പത്തില്‍ മനോരമ. പിണറായിയെ ഇന്ദിരയോട് ഉപമിച്ചത് കഠിനമായിപ്പോയെന്ന പശ്ചാത്താപമോ, ഉപജാപകരുടെ സാന്നിദ്ധ്യം തന്റെ തോന്നലാണെന്ന കുമ്പസാരമോ ഒന്നും ഒരു പത്രത്തിലുമില്ല. പറഞ്ഞതില്‍ പലതും കഠിനമായെന്നും വികാരവിക്ഷോഭത്താല്‍ പറഞ്ഞു പോയതാണെന്നും വൈകാരികമായി പ്രതികരിക്കുന്ന ആളാണ് താനെന്നും ആരോപണങ്ങളെയൊക്കെ ആ നിലയില്‍ കണ്ടാല്‍ മതിയെന്നും വിമര്‍ശകന്‍ ചാനലുകളില്‍ പറഞ്ഞത് പത്രങ്ങള്‍ മുക്കി. സിപിഎമ്മിനും പിണറായി വിജയനുമെതിരെ പറഞ്ഞതു മാത്രം പിറ്റേന്ന് അരിച്ചെടുത്ത് ആഘോഷിച്ചു.

സെപ്തംബര്‍ 26ന്റെ മാതൃഭൂമിയും മനോരമയും തമ്മിലുളള ഒറ്റത്താരതമ്യം മതി മാധ്യമ സമീപനത്തിന്റെ ഇരട്ടത്താപ്പ് മനസിലാക്കാന്‍. മാതൃഭൂമി വാര്‍ത്തയിലെ ഒരു ചോദ്യവും അതിന്റെ ഉത്തരവും നോക്കുക.. ലേഖകന്‍ ചോദിക്കുന്നു.. "ഉപജാപക വൃന്ദത്തില്‍ ആരൊക്കെയുണ്ട്"... ഉത്തരം... "പേരുകള്‍ ഞാന്‍ പറയുന്നില്ല. ദേശാഭിമാനിയിലെയും കൈരളിയിലെയും ചിലരുണ്ട്. ആക്രമണം ശക്തമാകുകയാണെങ്കില്‍ ചിലപ്പോള്‍ പേരുകള്‍ പറയേണ്ടി വരും.."

നേരെ മനോരമയിലേയ്ക്ക് പോവുക. "പിണറായി ഉപജാപക വൃന്ദത്തിന്റെ പിടിയില്‍" എന്ന ഒന്നാം പേജ് വാര്‍ത്തയുടെ ഖണ്ഡിക മൂന്ന് വായിക്കുക. അതിങ്ങനെയാണ്.. "മാധ്യമപ്രവര്‍ത്തകനായ എന്‍ മാധവന്‍ കുട്ടി, ദേശാഭിമാനി അസോഷ്യേറ്റ് എഡിറ്റര്‍ പി എം മനോജ്, കൈരളി ചാനല്‍ ഡയറക്ടര്‍ പ്രഭാവര്‍മ്മ എന്നിവരുള്‍പ്പെട്ട സംഘം ധരിപ്പിക്കുന്നത് ശരിയാണ് എന്ന ധാരണ പിണറായിയ്ക്കുണ്ട്..."

ഒരേ കാര്യം ഒരേ ദിവസം മലയാളത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ടു പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ഇങ്ങനെയാണ്. മാതൃഭൂമിയില്‍ ഭീഷണിയുടെ അര്‍ദ്ധോക്തിയാണെങ്കില്‍ മനോരമ ഡെസിഗ്നേഷന്‍ സഹിതം ഉപജാപകവൃന്ദത്തിലെ അംഗങ്ങളുടെ പേരുകള്‍ പ്രസിദ്ധീകരിച്ചു.

ടെലിവിഷന്‍ ചാനലുകളില്‍ വിവാദപ്രകടനത്തിന്റെ ഫ്രെയിം ബൈ ഫ്രെയിം കാണുകയും ഈ രണ്ടു പത്രങ്ങളും വായിക്കുകയും ചെയ്യുന്നവനില്‍ വിവാദത്തെക്കുറിച്ച് രൂപപ്പെടുന്ന അഭിപ്രായവും ടെലിവിഷന്‍ കാണാതെ ഇതിലേതെങ്കിലും ഒരു പത്രം മാത്രം വായിക്കുന്ന ആളില്‍ രൂപപ്പെടുന്ന അഭിപ്രായവും തികച്ചും വ്യത്യസ്തമായിരിക്കും. അത്തരത്തില്‍ രൂപപ്പടുന്ന ഏത് പൊതുസമ്മതിയും ആ മാധ്യമം വ്യാജമായി നിര്‍മ്മിച്ചതായിരിക്കും എന്ന് മനസിലാക്കാന്‍ ഡോക്ടറേറ്റോ, എട്ടു കൊല്ലം മാധ്യമവിചാരം നടത്തിയ പരിചയമോ വേണ്ട. മാധ്യമങ്ങള്‍ അറിഞ്ഞു കൊണ്ടു കളിക്കുന്ന ഈ പകിടകളിയുടെ രാഷ്ട്രീയമാണ് സിപിഎമ്മിനെയും അവരെയും രണ്ടു പക്ഷത്ത് നിര്‍ത്തുന്നത്. നേരത്തെ പറഞ്ഞ രണ്ടു ബിരുദവും ഉളളയാള്‍ക്ക് ഇത് തിരിച്ചറിയാന്‍ കഴിയുന്നില്ലെങ്കില്‍ സഹയാത്രികനും സിപിഎമ്മും പങ്കുവെയ്ക്കുന്നത് ഒരേ രാഷ്ട്രീയ നിലപാടുകളല്ല.

എംപിയും എംഎല്‍എയുമൊക്കെ ആയിരുന്നതു കൊണ്ട് പല കാര്യങ്ങളും തുറന്നു പറയാന്‍ തനിക്കു കഴിഞ്ഞില്ലെന്ന കുമ്പസാരവും അര്‍ത്ഥഗര്‍ഭമാണ്. പല കാര്യങ്ങളും തുറന്നു പറയാതിരിക്കണമെങ്കില്‍, ഏതെങ്കിലും പദവിയിലിരുത്തണമെന്നും പദവിയുടെ ഭാരം തീരുന്ന നിമിഷം നാവിന്റെ കെട്ടുപാടുകള്‍ അറ്റുപോകുമെന്നും വെളിപ്പെടുത്തുന്നയാളെ സ്വതന്ത്രചിന്തയെ സ്വയംവരം ചെയ്ത ശ്രീരാമനായി എത്രപേര്‍ക്ക് സങ്കല്‍പ്പിക്കാനാകും?

പ്രതികരണങ്ങളില്‍ വാടിപ്പോകുന്ന രാഷ്ട്രീയ വിമര്‍ശനം പ്രായപൂര്‍ത്തിയെത്താത്ത രാഷ്ട്രീയ ചിന്തയെയാണ് തുറന്നു കാട്ടുന്നത്. പിണറായി വിജയന്‍ മോശക്കാരനാണെന്നും പ്രകാശ് കാരാട്ട് കുഴപ്പമില്ലാത്തയാളാണെന്നും ധ്വനിപ്പിക്കുന്ന അഭിപ്രായം സിപിഎം സൗമ്യമധുരമായി കൈകാര്യം ചെയ്യണമെന്ന മോഹം വെച്ചുപുലര്‍ത്തുന്ന വിമര്‍ശകന്‍ അപഹാസ്യതയുടെ പാതാളത്തിലിരുന്നാണ് മാധ്യമ വിചാരം നടത്തുന്നത്. യുക്തിയും സത്യസന്ധതയും നഷ്ടപ്പെട്ട വിമര്‍ശനങ്ങളുടെ കാലും ചിറകുമരിഞ്ഞ്, തോലും തൂവലുമുരിഞ്ഞ്, കഠിനപരിഹാസത്തിന്റെ മുളകും മസാലയും തേച്ച് തിളയ്ക്കുന്ന ക്ഷോഭത്തില്‍ പൊരിച്ചെടുക്കപ്പെടുമെന്ന് മുന്‍കൂട്ടി കാണാതെ വാളും വെളിപാടുമായി ചാനല്‍ തിണ്ണ നിരങ്ങരുത് എന്നതാണ് പുതിയ വിവാദം നല്‍കുന്ന ഗുണപാഠം.

ഉപരിപ്ലവതയില്‍ തലകുത്തി മറിയുന്ന കൂത്താടികളാണ് തങ്ങളെന്ന് ഓരോ വിവാദത്തിലും സിപിഎം വിമര്‍ശകര്‍ സ്വയം അടയാളപ്പെടുത്തുന്നുണ്ട്. ഏത് തരംതാണ വിമര്‍ശനത്തിനുമുളള സ്വാതന്ത്ര്യം എതിര്‍വാക്കോതാതെ പതിച്ചു തരണമെന്ന ധാര്‍ഷ്ട്യം, മുഖമടച്ചു കിട്ടുന്ന പ്രഹരത്തില്‍ പക്ഷേ, കണ്ണീലൊപ്പിച്ചാണ് പിന്‍വാങ്ങുന്നത്. വോട്ടു ചെയ്ത വകയില്‍, കൊടി പിടിച്ച വകയില്‍, സ്വന്തം മുന്‍വിധികളുടെ ഇരുട്ടില്‍ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തെ തളച്ചിടാമെന്ന മോഹവുമായി മാധ്യമങ്ങളെ സമീപിക്കുന്നവരോട് സഹതപിക്കാം. "എന്നെ ചോദ്യം ചെയ്യാന്‍ ഇവനൊക്കെ ആരെടാ" എന്ന തറവാട്ടുകാരണവന്മാരുടെ ഫ്യൂഡല്‍ മനസ്ഥിതി, പ്രസ്ഥാനത്തിനു മീതെ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നവരോട് ഒരു സന്ധിയും ചെയ്യാന്‍ സിപിഎമ്മിന് കഴിയില്ലെന്ന് തിരിച്ചറിയാത്തവര്‍ ദയവു ചെയ്ത് സഹയാത്രികനാണെന്നു മാത്രം അവകാശപ്പെടരുത്.