Thursday, March 26, 2009

"പീഡിപ്പി"ക്കപ്പെടുന്ന സിപിഎം

നന്മയുടെയും ആദര്‍ശത്തിന്റെയും ഫ്യൂഡല്‍ നിര്‍വചനങ്ങളിലധിഷ്ഠിതമായ അരാഷ്ട്രീയ നിലപാടുകളിലൂന്നി വര്‍ത്തമാനകാല രാഷ്ട്രീയ വെല്ലുവിളികളെ നേരിടാമെന്ന് വ്യാമോഹിക്കുന്നവരോട്, അവരെത്ര തന്നെ ബഹുമാന്യരായാലും കര്‍ക്കശമായ വിയോജിപ്പുകള്‍ രേഖപ്പെടുത്തേണ്ടതുണ്ട്. മറ്റുളളവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ പതിച്ചു നല്കുന്ന കലാപരിപാടി കൊണ്ട് സ്വന്തം അരാഷ്ട്രീയത മറച്ചു വെയ്ക്കാന്‍ കഴിയുമെന്നാണ് അവര്‍ കരുതുന്നത്. സ്വന്തം ജീവിതത്തില്‍ നിന്ന് ഭരണകൂടം ഒമ്പതു വര്‍ഷങ്ങള്‍ പിഴുതെടുത്തപ്പോള്‍ നിസഹായനായി കീഴടങ്ങേണ്ടി വന്ന അബ്ദുന്നാസര്‍ മദനിയാണ്, ആദര്‍ശ സവര്‍ണതയുടെ ഉമ്മറപ്പടിക്കു പുറത്ത് ഒരു സ്വഭാവ സര്‍ട്ടിഫിക്കറ്റിനു വേണ്ടി ദയാപൂര്‍വം കാത്തു നില്ക്കുന്നത്.

പൊന്നാനിയിലെ സ്ഥാനാര്‍ത്ഥിയുടെ പേരില്‍ ഇടതുമുന്നണിയിലെ ചില ഘടകകക്ഷികള്‍ തുടങ്ങി വെച്ചതാണ് നടപ്പുകാല ആദര്‍ശ ഡപ്പാംകുത്തിന്റെ ഒന്നാമധ്യായം. ഡോ. ഹുസൈന്‍ രണ്ടത്താണിയെ "പീഡിപ്പി"ച്ച് സന്തോഷിച്ചവരില്‍ പലരും പലപ്പോഴും പാര്‍ലമെന്റിലും നിയമസഭയിലും എന്തിന് പഞ്ചായത്ത് വാര്‍ഡുകളില്‍ വരെ പിഡിപിയടക്കമുളള ഊന്നുവടികളുടെ സഹായം തേടിയവരാണ്. അക്കഥയൊക്കെ അവിടെ നില്ക്കട്ടെ.

മുസ്ലിം സംഘടനകളുമായി സിപിഎം സഹകരിക്കാനോ സംവദിക്കാനോ മുതിരുമ്പോഴെല്ലാം ആദര്‍ശ രോഗം നമ്മുടെ സമൂഹത്തില്‍ വല്ലാതെ മൂര്‍ച്ഛിക്കാറുണ്ട്. പാകിസ്താന്‍, ലഷ്കര്‍ ഇ തോയിബ, മത തീവ്രവാദം, ദേശീയ സുരക്ഷ തുടങ്ങിയ വാക്കുകള്‍ സമര്‍ത്ഥമായി ഉപയോഗിച്ചു നടത്തുന്ന സംഘടിതമായ പ്രചരണത്തിന് അത്തരം ഘട്ടങ്ങളിലെല്ലാം കേരളം സാക്ഷ്യം വഹിക്കും. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ മുസ്ലിം സംഘടനകളെയും പാകിസ്താനുമായി കൂട്ടിക്കെട്ടുന്ന അതിസമര്‍ത്ഥമായ ഈ ആശയ പ്രചരണം അത്യന്തം അപകടകരമായ ഒരു രാഷ്ട്രീയ യാഥാര്‍ത്ഥ്യത്തെ വെളിപ്പെടുത്തുന്നു. നമ്മുടെ പൊതുമണ്ഡലത്തില്‍ മതേതരത്വത്തിന്റെ ശുഭ്രവസ്ത്രമണിഞ്ഞ് പ്രത്യക്ഷപ്പെടുന്ന പലരും ഉളളിലൊരു കാക്കി നിക്കര്‍ കൂടി അണിഞ്ഞിട്ടുണ്ട് എന്ന അപ്രിയ വാസ്തവം ഭയപ്പെടുത്തും വിധമാണ് പുറത്തു വരുന്നത്.. ആദര്‍ശ വ്യക്തിത്വമെന്ന പ്രതിച്ഛായയ്ക്ക് കോട്ടം തട്ടുമെന്ന് പേടിച്ച് മുളവടി അവര്‍ തലയണയ്ക്കടിയില്‍ ഒളിപ്പിച്ചിരിക്കുന്നുവെന്ന് വിളിച്ചു പറയാന്‍ ഇനിയെന്തിന് മടിക്കണം?

2001ലെ നിയമസഭാ തിരഞ്ഞെടുപ്പുകാലത്തും സമാനമായ ഒരു സര്‍ക്കസിന് കേരളം സാക്ഷ്യം വഹിച്ചു. അന്ന് ഐഎന്‍എല്‍ ആയിരുന്നു ഇടതുമുന്നണിയ്ക്കൊപ്പം. പിഡിപി യുഡിഎഫിനൊപ്പവും. മാതൃഭൂമിയും മനോരമയും കൊണ്ടുപിടിച്ചെഴുതിയത് ഐഎന്‍എല്‍ ബന്ധം ഇടതുമുന്നണി ഘടകകക്ഷികള്‍ക്കും അണികള്‍ക്കും ഇടയില്‍ കടുത്ത ആശയക്കുഴപ്പത്തിന് കാരണമായിരിക്കുന്നുവെന്നായിരുന്നു.. വര്‍ഗീയതയുടെ നിര്‍വചനങ്ങള്‍, മുന്‍ നിലപാടുകള്‍, പ്രമുഖരുടെ പ്രസ്താവനകള്‍, സിപിഎം നയരേഖയിലെ പ്രഖ്യാപനങ്ങളുടെ വ്യാഖ്യാനങ്ങള്‍.. പത്രലേഖകര്‍ക്ക് പിടിപ്പതു പണിയായിരുന്നു അന്ന്. വാ പോയ കോടാലികളും മൂടില്ലാത്താളികളും അന്നും പ്രതികരണ മാമാങ്കത്തില്‍ ചാവേറുകളായി ഉറഞ്ഞു തുളളി.

മറുവശത്ത് യുഡിഎഫും പിഡിപിയും തമ്മിലുണ്ടാക്കിയ തെരഞ്ഞെടുപ്പു ധാരണ ആരിലും ആശങ്കയുണ്ടാക്കിയില്ല. പിഡിപിയുടെ പിന്തുണ ചില മണ്ഡലങ്ങളില്‍ യുഡിഎഫിന് ഗുണം ചെയ്യുമെന്നാണ് 2001 ഏപ്രില്‍ 19 വ്യാഴാഴ്ച പുറത്തിറങ്ങിയ മാതൃഭൂമി പ്രവചിച്ചത്. മറുവശത്ത്, ഇടതുമുന്നണിക്ക് ഐഎന്‍എല്‍ നല്കുന്ന പിന്തുണ ഇന്ത്യയുടെ സുരക്ഷയ്ക്കും കേരളത്തിന്റെ മതേതര ഘടനയ്ക്കും ഏല്‍പ്പി‍‍ക്കുന്ന പരിക്കുകളെക്കുറിച്ചുളള ഉപന്യാസങ്ങള്‍ നിറഞ്ഞു. ശരത്ചന്ദ്രപ്രസാദും സി എം പി നേതാവ് സി പി ജോണും കോയമ്പത്തൂര്‍ ജയിലില്‍ മദനിയെ സന്ദര്‍ശിച്ചാണ് പിന്തുണ സംഘടിപ്പിച്ചതെന്നും പത്രങ്ങളെഴുതി.

ആലോചിക്കുക. അന്ന് മദനി കുറ്റവിമുക്തനാക്കപ്പെട്ടിട്ടില്ല. ഭയപ്പെടുത്തുന്ന ആരോപണങ്ങള്‍ക്ക് വിധേയനായി ജയിലില്‍ പാര്‍ക്കുന്ന ഒരു "വര്‍ഗീയ ഭീകരനെ" നേരില്‍ കണ്ടു പിന്തുണയുറപ്പിക്കാന്‍ തെല്ലും ലജ്ജയുണ്ടായില്ല, യുഡിഎഫിന്റെ നേതാക്കള്‍ക്ക്. എന്തു ധൈര്യത്തിലാണ് നിങ്ങള്‍ മദനിയുടെ പിന്തുണ തേടുന്നതെന്ന് കോണ്‍ഗ്രസുകാരോട് ചോദിക്കാന്‍ ഒരു ചാനല്‍ കൊടിച്ചിയ്ക്കും നാവു പൊന്തിയില്ല.

2001ലെ മദനിയല്ല ഇന്നത്തെ മദനി. കുറ്റക്കാരനല്ലെന്ന് കോടതി വിധിച്ച മദനിയാണ് ഇടതുമുന്നണിയെ പിന്തുണയ്ക്കുന്നത്. 2001ല്‍ പിഡിപിക്കാരനെ കഴക്കൂട്ടത്ത് സ്ഥാനാര്‍ത്ഥിയാക്കാന്‍ എ കെ ആന്റണിയുടെ കോണ്‍ഗ്രസ് തീരുമാനിച്ചെങ്കില്‍, ഇന്ന് ഒരു പിഡിപിക്കാരനും ഇടതുമുന്നണിയുടെ സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ പ്രച്ഛന്ന വേഷത്തിലില്ല. തലച്ചോറില്‍ വിഷം പടരാത്ത ആര്‍ക്കും ബോധ്യപ്പെടുന്ന തെളിമയാര്‍ന്ന യാഥാര്‍ത്ഥ്യം.

പിഡിപിയുടെ ഏതെങ്കിലും തലത്തിലുളള നേതാവോ പ്രവര്‍ത്തകനോ അല്ല പൊന്നാനിയിലെ ഇടതുസ്ഥാനാര്‍ത്ഥി ഡോ. ഹുസൈന്‍ രണ്ടത്താണി. ഏതെങ്കിലും പിഡിപി നേതാവിന്റെ ബന്ധുത്വമല്ല, അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്ത്വത്തിന് കാരണമായത്. രാഷ്ട്രീയ വിശ്വാസത്തിന്റെ ഭൂതകാലം പരിശോധിച്ചാല്‍ അദ്ദേഹം മുസ്ലിംലീഗിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ എംഎസ്എഫിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. ലഷ്കര്‍ ഇ തോയിബയുടെയോ ഹിസ്‍ബുള്‍ മുജാഹിദ്ദീന്റെയോ അനുയായിയോ അനുകൂലിയോ ആണ് ഹുസൈന്‍ രണ്ടത്താണിയെന്ന് ഇന്നോളം ആരോപിക്കപ്പെട്ടിട്ടോ തെളിയിക്കപ്പെട്ടിട്ടോ ഇല്ല. കേരളത്തിലെ ഇരുപതു മണ്ഡലങ്ങളിലുമായി ജനവിധി തേടുന്ന പരശതം സ്ഥാനാര്‍ത്ഥികളില്‍ യോഗ്യതയിലും അര്‍ഹതയിലും ആരെക്കാളും മുന്നിലാണ് ഡോ. രണ്ടത്താണി.

ചരിത്രകാരന്‍, പ്രസംഗകന്‍, എഴുത്തുകാരന്‍, സാമൂഹ്യപ്രവര്‍ത്തകന്‍, സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പഠിക്കാന്‍ കേരള സര്‍ക്കാര്‍ നിയോഗിച്ച പാലോളി കമ്മിറ്റി അംഗം, കലിക്കറ്റ് യൂണിവേഴ്സിറ്റി ബോര്‍ഡ് ഓഫ് ഇസ്ളാമിക് സ്റ്റഡീസ് ചെയര്‍മാന്‍, സംസ്ഥാന സര്‍ക്കാരിന്റെ ഇസ്ളാമിക് ഹിസ്റ്ററി ടെക്സ്റ്റ് ബുക്ക് കമ്മിറ്റി ചെയര്‍മാന്‍, സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് മൈനോറിറ്റി എഡ്യൂക്കേഷന്‍ കോ-ഓര്‍ഡിനേറ്റര്‍, മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക സമിതി അംഗം എന്നിങ്ങനെ വിവിധ മേഖലകളില്‍ നിറഞ്ഞു നില്ക്കുന്ന വ്യക്തിത്വം.

മലബാറിലെ മുസ്ലിങ്ങളെക്കുറിച്ച് നടത്തിയ ഗവേഷണത്തിന് ഡോ. സി കെ കരീം അവാര്‍ഡ്, അവരുടെ സാമൂഹ്യ ജീവിതത്തെക്കുറിച്ചുളള ഗവേഷണത്തിന് കോഴിക്കോട് സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ്, പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തെക്കുറിച്ചുളള പഠനത്തിന് അലിഗഡ് സര്‍വകലാശാലയില്‍ നിന്ന് ഡിപ്ലോമ, ടികെഎം ആര്‍ട്ട്സ് കോളെജില്‍ തുടങ്ങി മണ്ണാര്‍ക്കാട് എംഇഎസ് കല്ലടി കോളെജ്, കോഴിക്കോട് സര്വകലാശാല എന്നിവിടങ്ങളില്‍ അധ്യാപകന്‍, വളഞ്ചേരി എംഇഎസ് കോളെജിന്റെ പ്രിന്‍സിപ്പല്‍, അങ്ങനെ നീളുന്ന അക്കാദമിക് നേട്ടങ്ങളും അധ്യാപന പരിചയവും. ഇതുവരെ എഴുതിയ പുസ്തകങ്ങളുടെ എണ്ണം 13.

മൈക്കിനു മുന്നില്‍ തീവ്രവാദം തുപ്പുന്ന, യുവതയുടെ രക്തത്തിലും മജ്ജയിലും വര്‍ഗീയതയുടെ മോര്‍ഫിന്‍ കുത്തിവെയ്ക്കുന്ന ഏതെങ്കിലും ഒരു മതമൗലിക വാദിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന പിഡിപിയുടെ ശാഠ്യത്തിന് സിപിഎം നല്കുന്ന താത്വിക ന്യായീകരണമല്ല പൊന്നാനിയില്‍ കാണുന്നത്. സ്വന്തം പാര്‍ട്ടി നേതാക്കളെയോ അവരുടെ ബന്ധുക്കളെയോ സ്വതന്ത്രവേഷം കെട്ടിച്ച് പൊന്നാനിയില്‍ എഴുന്നെള്ളിക്കുന്നത് അംഗീകരിച്ചു തന്നാല്‍, ബാക്കിയുളള പത്തൊമ്പതു മണ്ഡലത്തിലും ഇടതുമുന്നണിയെ പകരം സഹായിക്കാമെന്നൊരു വാഗ്ദാനവും പിഡിപി മുന്നോട്ടു വെച്ചിട്ടില്ല.

ലോകത്തെവിടെയെങ്കിലും നടന്ന വര്‍ഗീയ കലാപങ്ങളെ ഏതെങ്കിലും തരത്തില്‍ അനുകൂലിച്ചോ സഹായിച്ചോ ഒരു നിലപാട് ഡോ. രണ്ടത്താണി സ്വീകരിച്ചിട്ടുണ്ടെന്ന് ആരും ആരോപിച്ചിട്ടില്ല. ഇടതുമുന്നണിയുടെ ചെലവില്‍ അങ്ങനെയൊരാളെ പിഡിപി പാര്‍ലമെന്റിലെത്തിക്കാന്‍ ശ്രമിക്കുന്നുവെന്ന് തലയ്ക്കു വെളിവുളള ആരും പറയുകയുമില്ല.

എന്നിട്ടും ഇടതു മുന്നണി പിഡിപിയോട് തൊട്ടുകൂടായ്മ കാണിക്കണമെന്നാണ് വാശിയെങ്കില്‍ അതിന്റെ കാരണവും പരിശോധിക്കപ്പെടണം. നിലപാടുകളുടെ സംഘര്‍ഷമാണ് രാഷ്ട്രീയപ്പോരാട്ടത്തില്‍ നടക്കുന്നതെന്ന് തിരിച്ചറിയുന്നവരുടെ മുന്നില്‍ തൊട്ടുകൂടായ്മയുടെ ശാഠ്യങ്ങള്‍ക്ക് വലിയ പ്രസക്തിയൊന്നുമില്ല. ആലോചനയും വിവേകവുമില്ലാതെ മദനിയ്ക്കെതിരെ എയ്തുവിടുന്ന ശകാര പദങ്ങളുടെ പ്രത്യയശാസ്ത്രം മനുവിന്റെ താളിയോലകളിലാണ് കാലൂന്നിയിരിക്കുന്നതെന്ന് എന്നെങ്കിലും അവര്‍ക്കു മനസിലാകുമോ ആവോ? അയിത്തം സാധ്യമാക്കിയ അതേ സാമൂഹ്യവ്യവസ്ഥയുടെ സ്വാധീനത്തിലാണ് പലരും ആദര്‍ശ സാവര്‍ണ്യത്തിന്റെ ആറാം തമ്പുരാന്മാരാകുന്നത്.

അയിത്തം രൂപപ്പെടുത്തിയ അധികാരഘടനയെ ഉളളാലെ താലോലിച്ച്, മുസ്ലിം ന്യൂനപക്ഷം രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേയ്ക്ക് പ്രവേശിക്കുന്നത് അപഹസിച്ചും പരിഹസിച്ചും കണ്ണുരുട്ടിയും ശാപവാക്കുകളുതിര്‍ത്തും തടയാന്‍ ശ്രമിക്കുന്നവര്‍ സംഘപരിവാറിനെയാണ് സഹായിക്കുന്നത്.

ശരിയാണ്. തീവ്രമായ മതസ്വത്വബോധത്തിന്റെ ചരിത്രപാരമ്പര്യം ഉള്‍ക്കൊളളുന്ന ഇസ്ലാം മതവിശ്വാസികളിലൊരു ഭാഗം തീവ്രവാദത്തിന്റെ അപകടകരമായ പാത തിരഞ്ഞെടുക്കുന്നത് ലോകമെങ്ങുമുളള സമാധാന പ്രേമികളെ ആശങ്കപ്പെടുത്തുന്നതു തന്നെയാണ്. ശാന്തിയും സമാധാനവും പുലരുന്നൊരു ലോകക്രമത്തിന്റെ ഒന്നാം നമ്പര്‍ ശത്രുവാണ് മത തീവ്രവാദം. ഉയിരുകൊടുത്തു ചെറുക്കേണ്ട കൊടും വിപത്ത്.

എന്നുവെച്ച്, ഒരിക്കല്‍ തീവ്രവാദിയായവന്‍ ജീവിതത്തിലൊരുകാലത്തും മാനസാന്തരപ്പെടരുതെന്നും രാഷ്ട്രീയത്തിന്റെ പൊതുമണ്ഡലത്തില്‍ പ്രവേശിച്ചു കൂടെന്നും ശഠിക്കുന്നതും നിഷ്കളങ്കമായ നിലപാടല്ല. രാഷ്ട്രീയ നിലപാടുകളിലെ ആദര്‍ശം തെളിയിക്കാന്‍ വഴിയും അതല്ല.

അത്തരം ശാഠ്യങ്ങളുമായി നടക്കുന്നവരുടെ ഉപബോധ മനസിലിപ്പോഴും തൊട്ടുകൂടായ്മയുടെ തമോഗര്‍ത്തങ്ങളുണ്ട്. മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ വഴി തിരഞ്ഞെടുക്കുന്നവരുടെ എണ്ണം കൂട്ടുകയാണ് ഇടതുപക്ഷത്തിന്റെ ഉത്തരവാദിത്വം. അങ്ങോട്ട് കടന്നു വരുന്നവരെ ആട്ടിയോടിക്കലല്ല.

മൃദു ഹിന്ദുത്വത്തിന്റെ പ്രചാരകരായ മാധ്യമങ്ങള്‍ എത്ര കണ്ടില്ലെന്നു നടിച്ചാലും മാഞ്ഞു പോകാത്ത മറ്റൊരു സത്യമുണ്ട്. ഭീകരതയുടെ ഏത് അളവു കോലു വെച്ചളന്നാലും, കല്ലിന്മേല്‍ കല്ലു ശേഷിക്കാതെ ബാബറി പളളി പൊളിച്ചടുക്കാന്‍ നേതൃത്വം നല്കിയ അദ്വാനിക്കും ഗുജറാത്തില്‍ ഹീനമായ നരമേധം നടത്തിയ മോഡിയ്ക്കും കാതങ്ങള്‍ പിന്നിലേ വരൂ, മദനിയെന്ന വികലാംഗന്‍.

ഗുജറാത്തും ഒറീസയുമൊക്കെ ആകസ്മിക സംഭവങ്ങളുടെ പേരിലല്ല ചരിത്രത്തില്‍ ഇടം നേടിയിരിക്കുന്നത്. ഹിന്ദു ഫാസിസത്തിന്റെ രാഷ്ട്രീയ പരീക്ഷണ ശാലകളില്‍ അമ്ലപരിശോധനയ്ക്ക് വിധേയമായത് ഹിറ്റ്ലറുടെയും മുസോളനിയുടെയും പ്രത്യയശാസ്ത്രമാണ്. കഴിക്കാനുളള ഭക്ഷണവും ധരിക്കേണ്ട വസ്ത്രവും ഉരുവിടേണ്ട പ്രാര്‍ത്ഥനയും നാഗപ്പൂരില്‍ തീരുമാനിക്കുമെന്ന് ഗര്‍ജിക്കുന്നവരെ കണ്ടില്ലെന്നു നടിച്ചിട്ടാണ് മദനിയുടെ പിന്നാലെ ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റുകള്‍ പടയ്ക്കിറങ്ങുന്നത്.

വിദ്വേഷത്തീയാളുന്ന പ്രഭാഷണ വൈദഗ്ധ്യമാണ് മദനിയെ തടവറയിലെത്തിച്ചതെങ്കില്‍, വിമോചിതനായ മദനിയുടെ മുഖത്ത് പീഡിതന്റെ ദൈന്യമാണ്. ഒരു കുറ്റവും തെളിയിക്കാനാവാതെയാണ് നീണ്ട ഒമ്പതു വര്‍ഷത്തിനു ശേഷം മദനിയെ ജയിലില്‍ നിന്ന് തുറന്നു വിട്ടത്. നാണിച്ചു ചൂളിയത്, "ആയിരം അപരാധികള്‍ രക്ഷപെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത്" എന്ന പൈങ്കിളിപ്പാട്ടും. രാജ്യദ്രോഹം, വിദ്വേഷ പ്രചരണം, ക്രിമിനല്‍ ഗൂഡാലോചന എന്നിവയൊന്നും കോടതിയ്ക്കു മുന്നില്‍ സംശയരഹിതമായി തെളിയിക്കാന്‍ കഴിയാതെ ഇളിഭ്യരായി നിന്നത് ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന അന്വേഷണ സംഘങ്ങളാണ്.

മദനിയുടെ ജീവിതത്തില് നിന്ന് ഭരണകൂടം കവര്‍ന്നെടുത്ത ഒമ്പതു വര്‍ഷങ്ങള്‍ക്ക് പകരമായി ഒരു സമാശ്വാസവും ഈ സമൂഹത്തിന് തിരികെ നല്കാനാവില്ല. ഹൃദയമിടിപ്പില്‍ സാമൂഹ്യനീതിയുടെ തുടിപ്പുളള ഓരോ മനുഷ്യന്റെയും മനസാക്ഷിക്കോടതിയില്‍ മദനി വാദിയും ഭരണകൂടം പ്രതിയുമാണ്. നീതിബോധത്തിന്റെ കാരുണ്യമത്രയും അര്‍ഹിക്കുന്നുണ്ട് മദനി. തീവ്രദേശീയതയുടെ സ്ഥിരം വാചാടോപങ്ങളൊന്നും ഈ വികലാംഗന്റെ ദുരനുഭവത്തിനു മുന്നില്‍ വിലപ്പോവില്ല.

മദനി നേരിട്ട അനീതി പൊതുസമൂഹത്തിന്റെ പരിഗണനയ്ക്കു മുന്നിലെത്തിക്കാന് ഏറ്റവുമധികം ബാധ്യതയുളളത് ഇടതുപക്ഷത്തിനാണ്. ഭരണവ്യവസ്ഥയുടെ പഴുതുകള്‍ ചൂണ്ടിക്കാട്ടാനും പരിഹരിക്കാന്‍ ശ്രമിക്കാനും രാഷ്ട്രീയ ചുമതലയുളളവരാണ് ഇടതുപക്ഷം. സമരമുഖങ്ങളിലേയ്ക്ക് ഭരണകൂടം അഴിച്ചുവിട്ട അറുകൊലകളുടെ താണ്ഡവത്തിന് പലതവണ ഇരയായിട്ടുണ്ട് ഇടതുപക്ഷ പ്രവര്‍ത്തകര്‍. സിംഹക്കരുത്തോടെ ഭരണവ്യവസ്ഥയെ വിഴുങ്ങാന്‍ മൂലധനശക്തികള്‍ പാഞ്ഞടുക്കുന്ന ഇക്കാലത്ത് അവര്‍ക്കെതിരെ ആര്‍ജവമുളള ചെറുത്തു നില്‍പ്പിന് തുനിഞ്ഞിറങ്ങുന്ന ഓരോ പൊതുപ്രവര്‍ത്തകനും മദനി ഒരു മുന്നറിയിപ്പാണ്.

അതു മറന്നു കൊണ്ട്, ഡോ.ഹുസൈന്‍ രണ്ടത്താണിയ്ക്ക് മദനിയുടെ പാര്‍ട്ടിക്കാര്‍ വോട്ടു ചെയ്താല്‍ ആദര്‍ശം ആവിയാകുമെന്നും അനീതിയുടെ അമ്ലമഴ പെയ്യുമെന്നും വാദിച്ചുറപ്പിക്കാന്‍ എന്തൊരുത്സാഹമാണ് ചിലര്‍ക്ക് തിരഞ്ഞെടുപ്പു കാലത്ത് അനിവാര്യമായി പാലിക്കേണ്ട ഔചിത്യബോധത്തെ രാഷ്ട്രതലസ്ഥാനത്ത് കുഴിച്ചിട്ട് മൂടില്ലാത്താളികള്‍ ഗര്‍ജിക്കുമ്പോള്‍, പ്രബുദ്ധ കേരളമേ, തലയറഞ്ഞു ചിരിക്കുക.

രണ്ടത്താണിയെ പിഡിപി പിന്തുണച്ചാല്‍ ഇടതിന്റെ ആദര്‍ശം കപ്പലു കയറി ബിലാത്തിയ്ക്കു പോകുമെന്നാണ് നിലവിളി. വര്‍ഗീയതയില്‍ പിഡിപി മുങ്ങിക്കുളിച്ചു നില്ക്കുന്നാരോപിക്കപ്പെട്ട കാലത്താണ് സാക്ഷാല്‍ പൂന്തുറ സിറാജിന്റെ പിന്തുണയോടെ സിപിഎം നേതാവ് വി ശിവന്‍കുട്ടി തിരുവനന്തപുരം മേയറായത്. പൂന്തുറ സിറാജിന്റെ പിന്തുണയില്‍ ഡെപ്യൂട്ടി മേയര്‍ പദത്തിലിരിക്കാന്‍ സിപിഐ നേതാവിനുമില്ലായിരുന്നു ജാള്യവും ആദര്‍ശനിഷ്ഠയില്‍ നിന്നുദിച്ച അപരാധ ബോധവും. അന്നുണ്ടാകാത്ത ഏത് ഭൂകമ്പവുമാണ് ഇനി കേരളത്തില്‍ ഉണ്ടാകാന്‍ പോകുന്നത്?

വീല്‍ചെയറില്‍ രാഷ്ട്രീയ പ്രചരണത്തിനിറങ്ങുന്ന മദനി എതിര്‍ചേരിയില്‍ വിതയ്ക്കുന്നത് ആശങ്കയുടെ അണുബോംബാണ്. അത്യുജ്ജലമായ പ്രഭാഷണ ശേഷിയാണ് ആ നാവില്‍ കുടികൊള്ളുന്നത് സ്വന്തം ഭരണകൂടത്താല്‍ ഒമ്പതു വര്‍്ഷം പീഡിപ്പിക്കപ്പെട്ട ഒരു പൗരനു മേല്‍ അവന്റെ സമുദായവും സമൂഹവും ചൊരിയുന്ന സഹാനുഭൂതിയും കാരുണ്യവും അളവറ്റതാണ്. അതു മുഴുവന്‍ വോട്ടായി മാറിയാലെന്തു സംഭവിക്കുമെന്ന ചിന്ത രമേശ് ചെന്നിത്തലയുടെയും ഉമ്മന്‍ചാണ്ടിയുടെയും ഉറക്കം കെടുത്തും, ഉറപ്പ്. അത് നമുക്കു മനസിലാക്കാവുന്നതേയുളളൂ. അതുകൊണ്ടു തന്നെ എതിര്‍പ്പിന് ന്യായീകരണവുമുണ്ട്.

പക്ഷേ മറുവശത്തോ? ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും വലിയ ആദര്‍ശശാലിയാര് എന്ന് തെളിയിക്കാനുളള ആക്രാന്തം മൂത്ത് ദിനം പ്രതി അബ്ദുന്നാസര്‍ മദനിയ്ക്ക് ഭീകരവാദി സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുന്ന മത്സരത്തിരക്കിലാണ് മറുവശത്ത് ചിലര്‍‍.. മദനി ആര്‍ക്കാണ് വോട്ടു ചെയ്യേണ്ടതെന്നും ആരെയാണ് പിന്തുണയ്ക്കേണ്ടതെന്നും തങ്ങളാണ് തീരുമാനിക്കുന്നതെന്ന് അവര്‍ പറയാതെ പറയുന്നു, ഭാവിക്കുന്നു. അങ്ങനെയങ്ങ് വകവെച്ചു കൊടുക്കാനാവില്ല, ആ ധാര്‍ഷ്ട്യം. സ്വന്തം ഭൂതകാലം മറന്നു കൊണ്ട് മദനിയുടെ പേരില്‍ കോലംതുളളുന്ന ആദര്‍ശ സവര്‍ണതയുടെ വാദമുഖങ്ങള്‍ക്ക് മതേതര കേരളത്തില്‍ സ്ഥാനമില്ലതന്നെ.

വീണ്ടും നമുക്ക് 2001ലേയ്ക്ക് മടങ്ങാം. അന്ന് ഐഎന്‍എല്ലുമായി സിപിഎം ഉണ്ടാക്കിയ തിരഞ്ഞെടുപ്പു ധാരണയുടെ പേരില്‍ തീവ്രവാദ ഭീഷണി പടര്‍ത്താന്‍ ശ്രമിച്ച മാധ്യമങ്ങള്‍ ഉത്തരം പറയേണ്ട ചോദ്യങ്ങളുണ്ട്. സിപിഎമ്മിനെ മറയാക്കി ഐഎന്‍എല്ലുകാര്‍ എത്ര വര്‍ഗീയ കലാപങ്ങള്‍ കേരളത്തില്‍ സംഘടിപ്പിച്ചെന്ന് മനോരമയും മാതൃഭൂമിയും ജനങ്ങളോട് തുറന്നു പറയണം. സിപിഎം സഖ്യത്തിന്റെ ചെലവില്‍ എത്ര ബോംബു സ്ഫോടനങ്ങള്‍ ഐഎന്‍എല്ലുകാര്‍ കേരളത്തില്‍ നടത്തിയിട്ടുണ്ടെന്നും അവര്‍ വെളിപ്പെടുത്തണം. അത്തരമൊരു മൂല്യവിചാരണയ്ക്കുളള സത്യസന്ധത ഈ മാധ്യമങ്ങളുടെ നടത്തിപ്പുകാര്‍ക്കില്ലെന്ന് അനുഭവം നമ്മോട് പറയുന്നു.

യോജിക്കാവുന്ന മേഖലകള്‍ കണ്ടെത്തി രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പരസ്പരം സഹകരിക്കുന്നത് ലോക ചരിത്രത്തിലെ ആദ്യ സംഭവമൊന്നുമല്ല. ചലനാത്മകമായ രാഷ്ട്രീയ ബോധത്തിന് നേരിടാനുളളത് വര്‍ത്തമാനകാലത്തെ വെല്ലുവിളികളെയാണ്. വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ കെല്‍പ്പില്ലാത്ത ഒരു രാഷ്ട്രീയപ്രസ്ഥാനവും കാലത്തിന്റെ കടുത്ത പരീക്ഷണങ്ങളെ അതിജീവിക്കില്ല.അയിത്താചരണത്തിന് രാഷ്ട്രീയത്തില്‍ സ്ഥാനമൊന്നുമില്ല.

അടിയന്തരാവസ്ഥയും ഭരണാധികാരിയുടെ അമിതാധികാര വാഞ്ചയും ജനാധിപത്യത്തിനേല്‍പ്പിക്കുന്ന പരിക്കാണോ, ആര്‍എസ്എസ് ഉയര്‍ത്തുന്ന ഭീഷണിയാണോ ആദ്യം ചെറുക്കേണ്ടത് എന്ന ചോദ്യത്തിന് ഉത്തരം കാണാന്‍ ഒരു സൈദ്ധാന്തിക വൈഷമ്യവും സിപിഎം നേരിട്ടില്ല. പൗരാവകാശം ഹനിക്കാന്‍ തുനിഞ്ഞിറങ്ങിയ ഇന്ദിരാ ഗാന്ധിയ്ക്കെതിരെ ആര്‍എസുഎസുമായി സഹകരിച്ചു പ്രവര്‍ത്തിക്കേണ്ട ഘട്ടത്തെ മനസാക്ഷിക്കുത്തില്ലാതെ അഭിമുഖീകരിച്ച സിപിഎമ്മിന് മദനിയുടെ പേരില്‍ പശ്ചാത്തപിക്കേണ്ടി വരില്ല. ഉറപ്പ്.

ഒമ്പതു വര്‍ഷങ്ങള്‍ക്കു മുമ്പ് മദനി നടത്തിയ പ്രസംഗം ഓര്‍‍മ്മിപ്പിക്കുന്നവര്‍ മറന്നു പോകുന്നത് പാഠപുസ്തക വിവാദകാലത്ത് മദനി കൈക്കൊണ്ട മതനിരപേക്ഷ നിലപാടാണ്. സെക്കുലര്‍ മുസ്ലിമിന്റെ കുത്തകയഹങ്കരിക്കുന്ന മുസ്ലിംലീഗുകാരുടെ ചവിട്ടേറ്റ് ഒരു പ്രധാനാധ്യാപകന്‍ കൊല്ലപ്പെട്ട ആ സമര കാലത്ത്, പാഠപുസ്തകത്തിനെതിരെയുളള അനാവശ്യ സമരമാണ് യഥാര്‍ത്ഥ മതനിന്ദയെന്ന് തുറന്നടിച്ച മദനിയെ ആര്‍ക്കാണ് മറക്കാനാവുക? അതിനപ്പുറം എങ്ങനെയാണ് മദനി മതേതര മനസാക്ഷിയുടെ കോടതിയില്‍ തന്റെ ആര്‍ജവം തെളിയിക്കേണ്ടത്?

മദനിയെ വിലയിരുത്തുമ്പോള്‍ ഏതൊക്കെ പരിഗണിക്കണം, ഏതൊക്കെ അവഗണിക്കണം എന്ന് തീരുമാനിക്കുന്നതും ആരാണ്? ആദര്‍ശത്തിന്റെ ഡിക്ടേറ്റര്‍ഷിപ്പ് ആര്‍ക്കും പതിച്ചു കൊടുത്തിട്ടില്ലല്ലോ നമ്മുടെ ഭരണഘടന. പൂര്‍വകാല പ്രവര്‍ത്തനങ്ങളില്‍ പലതിനെയും കുറിച്ച് താന്‍ പശ്ചാത്തപിക്കുന്നുവെന്ന് മദനി തുറന്നു പറഞ്ഞപ്പോള്‍ മതേതര വിശ്വാസികളുടെ കര്‍ണപടങ്ങളില്‍ ആശ്വാസത്തിന്റെ പനിനീര്‍മഴയാണ് പെയ്തത്. പൊതുസമൂഹത്തിന്റെ രാഷ്ട്രീയധാരയുമായി സമരസപ്പെടാനും അവകാശങ്ങള്‍ക്കു വേണ്ടിയും അടിച്ചമര്‍ത്തലുകള്‍ക്കെതിരെയും ഉളള പോരാട്ടം ജനാധിപത്യ മാര്‍ഗങ്ങളില്‍ തുടരാനും തീരുമാനിച്ചവനെ ഒപ്പം ചേര്‍ക്കാനേ ഉത്തരവാദിത്തപ്പെട്ട ഏത് രാഷ്ട്രീയ പ്രസ്ഥാനത്തിനും കഴിയൂ. അയാള് കഠോരമായ നീതിനിഷേധത്തിന്റെ വിങ്ങലുകള്‍ അനുഭവിക്കുമ്പോള്‍ പ്രത്യേകിച്ചും.

അല്ലാതെ, ജനാധിപത്യവും ആദര്‍ശവുമൊക്കെ ഞങ്ങള്‍ക്കു മാത്രമായി തീറെഴുതിക്കിട്ടിയ സൗഭാഗ്യങ്ങളാണെന്നും ജന്മനാ തീവ്രവാദിയായി പിറന്ന നിങ്ങളൊക്കെ അങ്ങനെ തന്നെ ജീവിച്ചു മരിക്കണമെന്നും പറയുന്നവരോട്, കൈയിലിരിക്കുന്ന കൊടി പതിയെ കാവിയായി മാറുന്നത് തിരിച്ചറിയുന്നില്ലേയെന്ന് സ്നേഹപൂര്‍വം ഈ തെരഞ്ഞെടുപ്പുകാലത്ത് നമുക്കു ചോദിക്കാം.

Saturday, March 14, 2009

കുഴിയാനയുടെ ചിന്നംവിളി...

(ലോക്സഭാ സീറ്റു കിട്ടിയില്ലെങ്കില്‍ മന്ത്രിയെ പിന്‍വലിച്ച് വീര്യം തെളിയിക്കുമെന്ന് ആര്‍എസ്സ്‍പി നേതാവ് രാമകൃഷ്ണപിളള മൊഴിഞ്ഞതും സ്വന്തം പാര്‍ട്ടിക്കാരെടുത്തിട്ട് കുടഞ്ഞപ്പോള്‍ മൊഴി പിന്‍വലിച്ച് നല്ലകുട്ടിയായതും അറിഞ്ഞില്ലേ....

ഈ പശ്ചാത്തലത്തില്‍ 2008 ഫെബ്രുവരിയില്‍ പ്രസിദ്ധീകരിച്ച കുഴിയാനയുടെ ചിന്നംവിളി എന്ന ലേഖനം വീണ്ടും പ്രസിദ്ധീകരിക്കുന്നു...)

കാള്‍ മാര്‍ക്സിന്റെ പ്രശസ്തമായ സങ്കല്‍പനമാണ് "from each according to his capacity and to each according to his needs" എന്നത്. ലോകത്തെ ഏറ്റവും വലിയ വിപ്ലവപ്പാര്‍ട്ടിയായ ആര്‍എസ്‍പിയുടെ ഭരണഘടന പറയുന്നത് വിശ്വസിക്കാമെങ്കില്‍ ആ പാര്‍ട്ടിയുടെയും ലക്ഷ്യം ഈ ആപ്തവാക്യം അച്ചട്ടായി പുലരുന്ന ലോകമാണ്. "from each according to his capacity and to each according to his needs".

ലോകമെങ്ങും മാര്‍ക്സിസ്റ്റ് പാര്‍ട്ടികള്‍ ഉണ്ടാകുമെന്നും, പരസ്പരമുളള പകയുടെ നെരിപ്പോട് ഉളളിലെരിയുന്ന ഇന്ത്യയിലെ പാര്‍ട്ടികള്‍ ഒറ്റയ്ക്ക് ഒന്നും ചെയ്യാനാവാത്ത ഗതികേടുകൊണ്ട് ഇടതുമുന്നണിയുണ്ടാക്കുമെന്നും ത്രികാലജ്ഞാനിയായ മാര്‍ക്സ് മുന്നേ ഗണിച്ചിരിക്കണം. മേല്‍പറഞ്ഞ വാചകം ഒന്നുകൂടി വായിക്കൂ, ഇടതുമുന്നണിയിലെ ഘടകകക്ഷികളെക്കുറിച്ചല്ലേ മാര്‍ക്സ് അത് പറഞ്ഞത്, From each according to his capacity and to each according to his needs!

1940ല്‍ ബംഗാളില്‍ രൂപപ്പെട്ട അതിവിപ്ലവപ്പാര്‍ട്ടിയായ ആര്‍എസ്‍പിക്ക് 1952ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഇന്ത്യയിലാകെ കിട്ടിയത് മൂന്നു സീറ്റും 0.44 ശതമാനം വോട്ടും. കൃത്യം 52 വര്‍ഷം നീണ്ട സ്തുത്യര്‍ഹമായ വളര്‍ച്ച കഴിഞ്ഞ് 2004ല്‍ മത്സരിച്ചപ്പോഴും കിട്ടിയത് മൂന്നു സീറ്റ്. ആകെ വോട്ടാകട്ടെ 0.15 ശതമാനവും. From each according to his capacity and to each according to his needs!.

അതിവിപ്ലവപ്പാര്‍ട്ടിയുടെ ദേശീയ സമ്മേളന വാര്‍ത്തകള്‍ ശ്രദ്ധിച്ചാല്‍, പാര്‍ട്ടി കൂടുതല്‍ തീവ്ര വിപ്ലവമാണ് ആഗ്രഹിക്കുന്നതെന്ന് ബോധ്യപ്പെടും. ഇന്ത്യയൊട്ടാകെ ഇടതുമുന്നണി കെട്ടിപ്പെടുക്കുന്നതിനാണ് താന്‍ ശ്രമിക്കുകയെന്ന് പുതിയ ദേശീയ ജനറല്‍ സെക്രട്ടറി സഖാവ് ടി ജെ ചന്ദ്രചൂഢന്‍ തുറന്നു പറഞ്ഞിട്ടുമുണ്ട്.

പറഞ്ഞാല്‍ പറഞ്ഞതു പോലെ ചെയ്യുന്ന ഉഗ്രമൂര്‍ത്തിയാണ് സഖാവ്. ദേശീയ തലത്തില്‍ ഇടതു ജനാധിപത്യ മുന്നണി രൂപപ്പെടാന്‍ ഇനി വലിയ താമസമില്ല. നാവു വാടകയ്ക്ക് കൊടുക്കരുത് എന്ന പിണറായീ വചനം ദേശീയ തലത്തിലും അലയടിക്കുമെന്നും ഉറപ്പിക്കാം.

തങ്ങള്‍ പറയുന്നത് ഇടതുമുന്നണിയിലെ മുഖ്യഘടകകക്ഷിയായ സിപിഎം അനുസരിക്കുന്നില്ലെന്നത്രേ പാര്‍ട്ടിയുടെ പരാതി. കോണ്‍ഗ്രസ് സര്‍ക്കാരിന് നല്‍കുന്ന പിന്തുണ പിന്‍വലിക്കണമെന്ന് ആര്‍എസ്‍പി അന്ത്യശാസനം നല്‍കിയിട്ടും വല്യേട്ടന്‍ കേട്ട ഭാവം നടിച്ചില്ലത്രേ!

സിപിഎമ്മില്ലാത്ത ഇടതുമുന്നണി സൃഷ്ടിക്കാന്‍ ആര്‍എസ്‍പി മുന്‍കൈയെടുക്കണമെന്നാണ് സമ്മേളനത്തില്‍ പ്രതിനിധികള്‍ ആവശ്യപ്പെട്ടത്. മൂന്നു സീറ്റും ഒരു ശതമാനം തികച്ചില്ലാത്ത വോട്ടു ബാങ്കുമായി എന്തെന്ത് സ്വപ്നങ്ങളാണ് ആര്‍എസ്‍പിക്കാര്‍ കാണുന്നതെന്നോര്‍ത്താല്‍ ആരും അന്തിച്ചു പോകും. " each according to his capacity and to each according to his needs" എന്ന വാചകം ഓര്‍ത്താല്‍ പ്രത്യേകിച്ചും!

എന്താണ് ആര്‍എസ്‍പിയുടെ ലക്ഷ്യമെന്ന് പാര്‍ട്ടി വെബ് സൈറ്റില്‍ വിശദീകരിച്ചിട്ടുണ്ട്. അതിങ്ങനെയാണ്. The aim of the Party shall be the complete abolition of class differences in Society and the establishment of classIess society on a world scale where the ideal, "from each according to his capacity and to each according to his needs", would be realised on the basis of the social ownership of the means of production and common co-operative enjoyment of all wealth.

സമൂഹത്തിലെ വര്‍ഗവൈരുദ്ധ്യങ്ങള്‍ സമൂലം അവസാനിപ്പിക്കാതെ ആര്‍എസ്‍പിക്കാര്‍ അടങ്ങുകില്ലോമനേ, അടങ്ങുകില്ല! വൈരുദ്ധ്യം അവസാനിച്ചാലും അവര്‍ വിശ്രമിക്കുകയുമില്ല. വര്‍ഗ വിഭജനമില്ലാത്ത ആദര്‍ശ സമ്പന്നത വഴിഞ്ഞൊഴുകുന്ന മാതൃകാ സമൂഹം കെട്ടിപ്പെടുക്കുന്നതു വരെ പ്രൊഫസര്‍ ടി ജെ ചന്ദ്രചൂഡനും സംഘവും കൊണ്ടുപിടിച്ച പോരാട്ടത്തിലുമായിരിക്കും. ആ സമൂഹത്തിന്റെ പ്രത്യേകതയോ, "from each according to his capacity and to each according to his needs" എന്നുമായിരിക്കും.

ഈ സമൂഹത്തിന്റെ സൃഷ്ടിക്ക് എന്താണ് പാര്‍ട്ടി ചെയ്യുക എന്ന് പിന്നാലെ പറയുന്നു. മുതലാളിത്ത വര്‍ഗത്തിന്റെ ഭരണം അവസാനിപ്പിക്കുക. ആ സ്ഥാനത്ത് തൊഴിലാളി വര്‍ഗത്തിന്റെ സമ്പൂര്‍ണാധിപത്യമുളള ഭരണം, കര്‍ഷകരുടെയും മറ്റദ്ധ്വാനിക്കുന്ന ജനവിഭാഗത്തിന്റെയും സഹായത്തോടെ നിലവില്‍ വരുത്തുക. എന്നു വെച്ചാല്‍ തീവ്ര വിപ്ലവമാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. ഇത് വായിച്ചാല്‍ ഏത് മാരീചനും ഒന്നുമാലോചിക്കാതെ ആര്‍എസ്‍പിയായിപ്പോവും!!

ആര്‍എസ്‍പിയും മറ്റ് ഇടതു പാര്‍ട്ടികളും തമ്മിലുളള വ്യത്യാസം ശരിക്കറിയണമെങ്കില്‍ പാര്‍ട്ടി സെക്രട്ടറിയായിരുന്ന തൃദീപ് ചൗധരി എഴുതിയ "വൈ ആര്‍എസ്‍പി" (Why RSP) എന്ന നയരേഖ വായിക്കണം. തങ്ങളാണ് യഥാര്‍ത്ഥ വിപ്ലവത്തിന്റെ അവകാശികളെന്നും സിപിഎം, സിപിഐ പോലുളള പാര്‍ട്ടികളുടെ സോഷ്യലിസ്റ്റ് പ്രേമം വെറും ചപ്പടാച്ചിയാണെന്നും സഖാവ് അക്കമിട്ട് സ്ഥാപിച്ചിട്ടുണ്ട് ഈ രേഖയില്‍.

"ദേശീയ ബൂര്‍ഷ്വാസിയുമായി ജനാധിപത്യ സഖ്യത്തിനുളള സിപിഎം പരിപാടി" (CPM Programme for the Democratic Alliance with the National Bourgeoisie) എന്ന തലക്കെട്ടില്‍ സിപിഎമ്മിനെ ആര്‍എസ്‍പി നേതാവ് കണക്കിന് പരിഹസിക്കുന്നുണ്ട്. പാര്‍ലമെന്ററി ജനാധിപത്യത്തിലൂടെ ഇന്ത്യയില്‍ സോഷ്യലിസം നടപ്പിലാക്കാമെന്ന് സിപിഎം അടക്കമുളള ഇടതുപാര്‍ട്ടികള്‍ വൃഥാ കിനാവു കാണുകയത്രേ! ലവന്മാരുടേത് വെറും കിനാവും ഞങ്ങളുടേത് സൊയമ്പന്‍ ശാസ്ത്രീയ സോഷ്യലിസവും.

തൊഴിലാളിവര്‍ഗം നേതൃത്വനിരയിലേയ്ക്ക് ഉയര്‍ന്നുവരുന്നതിനെയോ ജനകീയ ജനാധിപത്യ വിപ്ലവത്തില്‍ മുതലാളിത്തവുമായി അധികാരം പങ്കുവെയ്ക്കുന്നതിനെയോ സിപിഎം അനുകൂലിക്കുന്നില്ല. എന്നാല്‍ ആര്‍എസ്‍പിയോ? തൊഴിലാളിവര്‍ഗത്തിനു വേണ്ടി ഉഴിഞ്ഞുവെച്ചതാണ് ആ പാര്‍ട്ടി നേതാക്കളുടെ കരളും കാമ്പും. ചാനല്‍ ചര്‍ച്ചയ്ക്ക് വരുമ്പോള്‍ ചന്ദ്രചൂഡന്‍ സഖാവിന്റെ ഹൃദയമിടിപ്പും നാഡീസ്പന്ദനവും ഒന്നു സൂക്ഷ്മമായി ശ്രവിച്ചു നോക്കൂ. ഒരു പാറ ക്വാറിയുടെ പ്രകമ്പനമില്ലേ സഖാവിന്റെ വാക്കുകള്‍ക്ക്. പ്രോലിറ്റേറിയന്മാരുടെ നേതാവെന്നാല്‍ അങ്ങനെയിരിക്കണം.

സോഷ്യലിസം എന്ന ആദര്‍ശം ഇന്നത്തെ ഇന്ത്യന്‍ ഭരണഘടനയുടെ ചട്ടക്കൂടില്‍ നിന്ന് നടപ്പാവില്ലെന്ന് സഖാവ് തൃദീപ് ചൂണ്ടിക്കാട്ടുന്നു. സ്വകാര്യ സ്വത്തവകാശം മൗലികാവകാശമായി കരുതുന്ന ഭരണഘടനയെവിടെ, എല്ലാ സ്വത്തും ലോക്കല്‍ കമ്മിറ്റിക്ക് കീഴില്‍ കൊണ്ടുവരുന്ന തൊഴിലാളി വര്‍ഗ സാര്‍വദേശീയതയെവിടെ?

സഖാവിന്റെ തന്നെ വാക്കുകള്‍ കേള്‍ക്കുക. There can be no Socialism and no radical transformation of the existing social and economic order unless we are prepared to go beyond the limits of the present Constitution, abolish the rights of private property and make social ownership of all the means of production the basis of the country"s economic order.

ഭരണഘടന തിരുത്തിയെഴുതാതെ ഇവിടെയെങ്ങനെ വിപ്ലവം വരും? നമുക്കാണെങ്കില്‍ ആകെയുളളത് മൂന്ന് എംപിമാരും 0.15 ശതമാനം വോട്ടും. പോരെങ്കില്‍ കാറല്‍ മാര്‍ക്സ് ഇങ്ങനെ പറയുകയും ചെയ്തു, from each according to his capacity and to each according to his needs"!

സ്വകാര്യ സ്വത്തിനെ മുച്ചൂടും എതിര്‍ക്കുന്ന ആര്‍എസ്‍പിയുടെ ദേശീയ സെക്രട്ടറിയായി സഖാവ് ടി ജെ ചന്ദ്രചൂഡന്‍ തിരഞ്ഞെടുക്കപ്പെട്ട നിലയ്ക്ക്, അദ്ദേഹത്തിന്റെ സ്വന്തം പേരിലുളള, KLV 345 നമ്പര്‍ 68 മോഡല്‍ അമ്പാസിഡര്‍ കാര്‍, തിരുവന്തപുരം പേട്ടയില്‍ 369/1, 396/1-2 എന്നീ സര്‍വെ നമ്പരുകളിലായുളള ഏഴു സെന്റ് ഭൂമി (സര്‍ക്കാര്‍ കണക്കില്‍ മതിപ്പുവില 12 ലക്ഷം രൂപ), 1800 ചതുരശ്ര അടിയുളള വീട് എന്നിവ ഉടന്‍ കോര്‍പറേഷന് കൈമാറുമെന്ന് കരുതാം. ചുരുങ്ങിയ പക്ഷം ആര്‍എസ്‍പി ജില്ലാകമ്മിറ്റിയെ എങ്കിലും ഏല്‍പിച്ച് സ്വന്തം പാര്‍ട്ടിയുടെ ആദര്‍ശം സഖാവ് വാനോളം ഉയര്‍ത്തിപ്പിടിക്കുക തന്നെ ചെയ്യും. സ്വകാര്യ സ്വത്തവകാശം തുലയട്ടെ!

കോണ്‍ഗ്രസിനെയും നെഹ്രുവിയന്‍ സോഷ്യലിസത്തെയും ആര്‍എസ്‍പി നേതാവ് നിശിതമായി ആക്രമിക്കുന്നുണ്ട്. എന്തുചെയ്താലും അത് ഭരണഘടനയ്ക്കുളളില്‍ നിന്ന് ചെയ്യേണ്ടി വരുന്ന സ്വന്തം ഗതികേടിനെ ശപിക്കുന്നുമുണ്ട് ഈ രേഖ. രേഖയില്‍ Congress Socialism = Capitalism + State Capitalism = State Monopoly Capitalism എന്നിങ്ങനെയൊരു സമവാക്യം സഖാവ് തൃദീപ് ഡിറൈവ് ചെയ്തിട്ടുണ്ട്. ഐന്‍സ്റ്റീന്റെ "ഇ സമം എം സി സ്ക്വയേര്‍ഡ്" നിഷ്പ്രഭമല്ലേ ഈ വാക്യത്തിനു മുന്നില്‍!

സോഷ്യലിസത്തിന്റെ കടയ്ക്ക് കത്തിവെയ്ക്കുന്നതാണ് കോണ്‍ഗ്രസ് നയങ്ങളെന്ന് ഈ സമവാക്യത്തോടെ എല്ലാ ഇടതുപക്ഷ അവന്മാര്‍ക്കും ബോധ്യമാവേണ്ടതാണ്. എന്നിട്ടും കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന ഇടതു പാര്‍ട്ടികളെ ചമ്മട്ടിയ്ക്ക് തല്ലണ്ടേ.



സഖാവ് തൃദീപ് ചൗധരിയെങ്ങനെയാണ് ആര്‍എസ്‍പിയുടെ ദേശീയ സെക്രട്ടറിയായത് എന്നറിഞ്ഞാലേ ഈ കോണ്‍ഗ്രസ് വിരുദ്ധ ഡപ്പാംകുത്തിന്റെ തമാശ പിടികിട്ടൂ. കിത്താബ് മടക്കി, സിദ്ധാന്തം പിഴുത് ഓടയിലെറി‍ഞ്ഞ്, 1953ല്‍ പാര്‍ട്ടി സെക്രട്ടറിയും ഇന്ത്യയിലെ ആര്‍എസ്‍പിയുടെ തലതൊട്ടപ്പനുമായിരുന്ന ജോഗേഷ് ചന്ദ്ര ചാറ്റര്‍ജി ഒരു പ്രഭാതത്തില്‍ കോണ്‍ഗ്രസായി. അത്രയും കാലം പറഞ്ഞ സിദ്ധാന്തമൊക്കെ വിഴുങ്ങി സ്വന്തം സെക്രട്ടറി തന്നെ കോണ്‍ഗ്രസായി ജ്ഞാനസ്നാനം ചെയ്ത ഒഴിവിലാണ് ഒരു ഞെട്ടലും അല്‍പം ജാള്യവുമായി സഖാവ് തൃദീപ് ആര്‍എസ്‍പിയുടെ അഖിലേന്ത്യാ സെക്രട്ടറിയായതെന്നും അറിയുക.

കഥ അവിടെയും തീരുന്നില്ല. 1957ല്‍ കേരളത്തില്‍ അധികാരത്തില്‍ വന്ന കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെതിരെയുളള വിമോചന സമരത്തില്‍ ചെറുതല്ലാത്ത പങ്കുണ്ടായിരുന്നു ആര്‍എസ്‍പിയ്ക്ക്. അന്നത്തെ ആഭ്യന്തരവകുപ്പ് മന്ത്രിയായിരുന്ന ഇന്നത്തെ ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരെ കരുനാഗപ്പളളിയില്‍ കയ്യേറ്റം പോലും ചെയ്തിട്ടുണ്ട്, എന്‍ ശ്രീകണ്ഠന്‍ നായരുടെ നേതൃത്വത്തിലുളള കേരളത്തിലെ ഉശിരന്മാരായ ആര്‍എസ്‍പി സഖാക്കള്‍.

1957ലെ തിരഞ്ഞെടുപ്പില്‍ 31 സീറ്റു ചോദിച്ച ആര്‍എസ്‍പിയ്ക്ക് 15 സീറ്റു നല്‍കാമെന്ന് സമ്മതിച്ചു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. " each according to his capacity and to each according to his needs" എന്നാണല്ലോ പ്രമാണ ശാസ്ത്രവും. ശ്രീകണ്ഠന്‍ നായര്‍ സഖാവും സംഘവും ക്ഷോഭിച്ച് ഒറ്റയ്ക്ക് മത്സരിച്ചു. മാര്‍ക്സിന്റെ വചനം അച്ചട്ടായി. പാര്‍ട്ടിയുടെ കപ്പാസിറ്റിയ്ക്ക് ചേര്‍ന്നതായി തിരഞ്ഞെടുപ്പ് ഫലം. 27 സീറ്റില്‍ മത്സരിച്ച പാര്‍ട്ടിക്ക് വോട്ടെണ്ണിയപ്പോള്‍ കിട്ടിയത് പൂജ്യം സീറ്റ്.

വാശിയില്‍ ആരുടെയും പിന്നിലല്ല അതിവിപ്ലവ സഖാക്കള്‍. സര്‍ക്കാരിന്റെ വിദ്യാഭ്യാസ ബില്ലിനെയും ഭൂപരിഷ്കരണ നിയമത്തെയും എതിര്‍ക്കാന്‍ സഖാവ് തൃദീപ് ചൗധരി തന്നെ കേരളത്തില്‍ നേരിട്ട് അവതരിച്ചു.

ഭരണഘടനയ്ക്ക് കീഴില്‍ ശ്വാസം മുട്ടലനുഭവപ്പെടുന്ന ഈ പാര്‍ട്ടി, ഭരണഘടനയുടെ വകുപ്പ് 356 ഉപയോഗിച്ച് ഒരു സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന് മുക്തകണ്ഠം ആവശ്യപ്പെടുകയും ചെയ്തു.

കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ പിരിച്ചു വിട്ടതിന്റെ ആവേശം ഒട്ടും തണുക്കാതിരിക്കാന്‍ 1960ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി തിരഞ്ഞെടുപ്പ് സഖ്യത്തിനൊരുങ്ങി, അതിവിപ്ലവ സഖാക്കള്‍. 1957ല്‍ നിന്നും 1960ലെത്തിയപ്പോള്‍ എന്തു വീണ്ടുവിചാരമാണ് സഖാക്കള്‍ക്ക് ഉണ്ടായതെന്നറിയില്ല, കോണ്‍ഗ്രസിനോട് ചോദിച്ചത് 10 സീറ്റ്.

മൂന്നു കൊല്ലം മുമ്പ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോട് ചോദിച്ചത് 31 സീറ്റ്, കൊടുക്കാമെന്ന് സമ്മതിച്ചത് 15. 1960ല്‍ പാര്‍ട്ടി ചോദിച്ചത് 10 സീറ്റ്, കോണ്‍ഗ്രസ് കൊടുക്കാമെന്ന് സമ്മതിച്ചത് ആറ് സീറ്റ്. "each according to his capacity and to each according to his needs!" ആര്‍എസ്‍പി ചോദിച്ചാല്‍ ചോദിച്ചതാണ്. പത്തു ചോദിച്ചാല്‍ പത്തും കിട്ടണം. കോണ്‍ഗ്രസുമായുളള സഖ്യമോഹം കുഴിച്ചിട്ട് പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിച്ചു.

1957ല്‍ 27 സീറ്റില്‍ ഒറ്റയ്ക്ക് മത്സരിച്ച ആര്‍എസ്‍പി '60ല്‍ മത്സരിച്ചത് 18 സീറ്റില്‍. ദോഷം പറയരുതല്ലോ, വോട്ടെണ്ണിയപ്പോള്‍ രണ്ടുപേര്‍ക്ക് കെട്ടിവെച്ച കാശ് തിരിച്ചു കിട്ടി. ബാക്കിയുളളവരുടെ പണം രാഷ്ട്രപുനര്‍നിര്‍മ്മാണ പ്രക്രിയയ്ക്ക് മുതല്‍ക്കൂട്ടായി.

കഥ അവിടം കൊണ്ടും അവസാനിച്ചില്ല. ഇന്ന് കോണ്‍ഗ്രസെന്നു കേട്ടാല്‍ ഓര്‍ക്കാനവും ഛര്‍ദ്ദിലും വരുന്ന ആര്‍എസ്‍പിക്കാര്‍ അടിയന്തരാവസ്ഥക്കാലത്ത് കോണ്‍ഗ്രസിനൊപ്പമായിരുന്നു പൊറുതി. അമിതാധികാരത്തിന്റെ എല്ലാ ഭീകരതയും അഴിഞ്ഞാടിയ അക്കാലത്ത് "ജന്മി ബൂര്‍ഷ്വാ ഭൂപ്രഭു" വര്‍ഗത്തെ പ്രതിനിധീകരിച്ച കോണ്‍ഗ്രസുമായി അധികാരപ്പങ്കുവെയ്ക്കലും ഒരുമിച്ചുറക്കവും നടത്താന്‍ ഉളുപ്പേതുമുണ്ടായില്ല അതിവിപ്ലവ സഖാക്കള്‍ക്ക്.

എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായിരുന്ന രാജനെ കക്കയം ക്യാമ്പില്‍ പൊലീസ് ഉരുട്ടിക്കൊല്ലുമ്പോള്‍ ആര്‍എസ്‍പി നേതാവ് ബേബി ജോണായിരുന്നു കേരളത്തിലെ റവന്യൂ മന്ത്രി. പൊതുമരാമത്തും ടൂറിസവും കൈകാര്യം ചെയ്തിരുന്നത് സഖാവ് ടി കെ ദിവാകരനും.

ഭരണഘടന വിഭാവനം ചെയ്ത എല്ലാ അവകാശങ്ങളും ഹനിച്ചതു കൊണ്ടാണ് അന്ന് കോണ്‍ഗ്രസിന് പിന്തുണ നല്‍കിയതെന്ന് വേണമെങ്കില്‍ വ്യാഖ്യാനിക്കാം. ഭരണഘടന വലിച്ചു കീറിപ്പറത്തിയാല്‍ കോണ്‍ഗ്രസുമായും സഹകരിക്കാം. "അച്ചാരം കിട്ടിയാല്‍ അമ്മായിയേം കെട്ടാം" എന്ന തരത്തില്‍ ലൈന്‍ തിരുത്തിയെഴുതപ്പെടും. ഭരണഘടനയിലും തെരഞ്ഞെടുപ്പിലുമൊന്നും വിശ്വാസമില്ലാത്ത കൂട്ടരാണ് തങ്ങള്‍ക്ക് സീറ്റു കുറഞ്ഞുപോയെന്ന് നിലവിളിക്കുന്നതും! അതിവിപ്ലവത്തിന്റെ ഓരോരോ തമാശകളേ.....

സിപിഎമ്മിലുളളതിനെക്കാള്‍ കൂടുതല്‍ ക്രൈസ്തവരും മുസ്ലിങ്ങളും ആര്‍എസ്‍പിയിലുണ്ടെന്നാണ് പാര്‍ട്ടി പറയുന്നത്. വരുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഇടുക്കി, മൂവാറ്റുപുഴ, മഞ്ചേരി, പൊന്നാനി സീറ്റുകള്‍ സിപിഎം ആര്‍എസ്‍പിയ്ക്ക് കൈമാറുമെന്ന് ഉറപ്പിക്കാം.

ചുരുക്കിപ്പറഞ്ഞാല്‍, ലോകത്തെങ്ങുമുളള തൊഴിലാളി വര്‍ഗത്തിന്റെ ഏക പ്രതീക്ഷയാണ് ആര്‍എസ്‍പി. ആര്‍എസ്‍പിയില്ലാതെ വിപ്ലവം നടത്താമെന്ന് കരുതുന്നവരേ, നിങ്ങള്‍ മൂഢന്മാര്‍. ആര്‍എസ്‍പിയില്ലാത്ത സോഷ്യലിസം ചന്ദ്രചൂഡന്‍ സഖാവില്ലാത്ത ചാനല്‍ ചര്‍ച്ച പോലെ വിരസമാണ്.

ആകയാല്‍,
സര്‍വരാജ്യ തൊഴിലാളി സഖ്യം വിജയിക്കട്ടെ,
ആര്‍എസ്‍പി നീണാല്‍ വാഴട്ടെ.
സഖാവ് ടി ജെ ചന്ദ്രചൂഡന്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാകട്ടെ!
സോഷ്യലിസം പുലരട്ടെ!

ഇത്തിളില്‍ ലയിക്കുമോ മൂവാണ്ടന്‍മാവ്


(പൊന്നാനി സീറ്റിനെച്ചൊല്ലി ഇടതുമുന്നണിയില്‍ നടക്കുന്ന വെളിയവെല്ലുവിളിത്തമാശയുടെ പശ്ചാത്തലത്തില്‍ 2008 ഫെബ്രുവരിയില്‍ എഴുതിയ ഇത്തിളില്‍ ലയിക്കുമോ മൂവാണ്ടന്‍മാവ് എന്ന ലേഖനം പുനഃ പ്രസിദ്ധീകരിക്കുന്നു...)

ജനാധിപത്യവ്യവസ്ഥിതിയില്‍
പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളില്‍ അഭിപ്രായ വ്യത്യാസമുണ്ടാകുന്നതും പാര്‍ട്ടികള്‍ പിളരുന്നതും അസംഭവ്യമോ ഒഴിവാക്കാവുന്നതോ അല്ല. കോണ്‍ഗ്രസു മുതല്‍ കേരളാ കോണ്‍ഗ്രസുകള്‍ വരെ പലകാരണങ്ങളാല്‍ പിളര്‍ന്നിട്ടുണ്ട്. ചിലപ്പോള്‍ പിളര്‍പ്പ് ആശയപരമാവാം, മറ്റു ചിലപ്പോള്‍ ചില നേതാക്കളുടെ ആമാശയാവശ്യങ്ങള്‍ നിറവേറ്റാനാകാം. എന്തായാലും പാര്‍ട്ടികള്‍ പലപ്പോഴും പിളരാറുണ്ട്.

അതില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പിളര്‍പ്പിനെക്കുറിച്ചാണ് ആര്‍ത്തവത്തിന്റെ ആവര്‍ത്തനം പോലെ മുറതെറ്റാതെ ചര്‍ച്ചകളുണ്ടാവുന്നത്. മുറതെറ്റാതെ എന്ന് പ്രയോഗിക്കാന്‍ പ്രത്യേക കാരണമുണ്ട്. മൂമ്മൂന്ന് വര്‍ഷം കൂടുമ്പോഴാണ് പാര്‍ട്ടികളുടെ സമ്മേളന മാമാങ്കം. ഓരോ മുമ്മൂന്ന് വര്‍ഷവും ലയനചിന്തകളും ആവര്‍ത്തിക്കും.

ഗ്രൂപ്പും ഗ്രൂപ്പിന്റെ മേല്‍ഗ്രൂപ്പുമായി ബ്രാഞ്ചു തലം മുതലേ സിപിഎമ്മിന്റെ സമ്മേളനത്തിന് വമ്പന്‍ മാധ്യമ കവറേജാണ് ലഭിക്കുക. നാലുപേര്‍ തികച്ചില്ലാത്ത പാര്‍ട്ടികളായ സിപിഐയ്ക്കും ആര്‍എസ്‍പിയ്ക്കും സ്വയം നിവര്‍ന്നു നില്‍ക്കാന്‍ തന്നെ ശേഷിയില്ല. പിന്നെയല്ലേ ഗ്രൂപ്പു കളിക്കുന്നത്? അതുകൊണ്ട് അവരുടെ സമ്മേളന വാര്‍ത്തകള്‍ ഉള്‍പ്പേജില്‍ രണ്ടുകോളത്തിലൊതുങ്ങും.

രസകരമായ ഒരു തറവേലയിലൂടെയാണ് ഇടതുകിണറിലെ മാക്രിപ്പാര്‍ട്ടികള്‍ തങ്ങളുടെ സമ്മേളനത്തിന് വമ്പന്‍ മാധ്യമ ശ്രദ്ധ ഒപ്പിച്ചെടുക്കുന്നത്. വലിയേട്ടനായ സിപിഎമ്മിനെ പുലഭ്യം പറയുക. പൊതുയോഗത്തിലും സ്വന്തം പാര്‍ട്ടിയോഗങ്ങളിലും വലിയേട്ടനെ വിമര്‍ശനങ്ങളുടെ ശരശയ്യയില്‍ കിടത്തുമ്പോള്‍ മാധ്യമങ്ങള്‍ ഓടിക്കൂടും. ഒന്നാം പേജില്‍ പടം സഹിതം വാര്‍ത്ത. നാം ഹാപ്പി. കുടുംബവും ഹാപ്പി. ഫലം പ്രത്യയശാസ്ത്ര സംതൃപ്തി.

ഇത്തവണ കളി കാര്യമായി. ആര്‍എസ്‍പി നേതാവിന് പിണറായി കണക്കിന് കൊടുത്തു. കിട്ടിയതും വാങ്ങി ചന്ദ്രചൂഡന്‍ ഒരുവിധം മര്യാദ പഠിച്ചു വന്നപ്പോഴേയ്ക്കും കൊല്ലത്ത് സഖാവിനെ സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ മൂലയ്ക്കാക്കി. ചന്ദ്രചൂഡന്റെ ഭരണം മതിയെന്നും ശിഷ്ടകാലം രാമകൃഷ്ണപിളളയദ്ദേഹം പാര്‍ട്ടിയെ നയിക്കട്ടെയെന്നും സഖാക്കള്‍ തീരുമാനിച്ചു.

ആര്‍എസ്‍പിയെപ്പോലയല്ല സിപിഐ. മൂന്നുവര്‍ഷം കൂടുമ്പോഴുളള ലയനാഹ്വാനത്തിന്റെ ആര്‍ത്തവചക്രം പാര്‍ട്ടി ശരീരത്തിന്റെ ജൈവപ്രക്രിയയാണ്. മുറതെറ്റിയാല്‍ ബൂര്‍ഷ്വാസിയുമായുളള അവിഹിതത്തില്‍ സംഗതി പറ്റിയെന്ന് ജനം വിധിയെഴുതും. പാടില്ല, സഖാക്കളേ, പാടില്ല.

1964ല്‍ പിളര്‍ന്നത് മഹാമോശമായെന്നും പിളര്‍ന്നില്ലായിരുന്നെങ്കില്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയായി ഇപ്പോള്‍ വെളിയം ഭാര്‍ഗവന്‍ വിലസിയേനെ എന്നുമാണ് കഥകളിപ്പദം. എന്താകുമായിരുന്നു അവസ്ഥ? വെളിയവും ഇസ്മായിലും സര്‍വവിധ അധികാരങ്ങളോടും വിലസുന്ന ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇന്ത്യയിലുണ്ടാവുന്ന ഒരുകാലത്തെക്കുറിച്ച് ആലോചിച്ചു നോക്കൂ.

ഒതളങ്ങയോ പരാമറോ അടിച്ച് പണ്ടാരമടങ്ങും ഒരുമാതിരിയുളള മനുഷ്യരെല്ലാം. സത്യത്തില്‍ പട്ടാമ്പിയിലെ ജനത്തോടും സി പി മുഹമ്മദെന്ന ചെറുപ്പക്കാരനായ കോണ്‍ഗ്രസുകാരനോടും മാരീചന് വല്ലാത്ത സ്നേഹമുളളതും ഒറ്റക്കാരണം കൊണ്ടാണ്. ഒരത്യാഹിതമെങ്കിലും കേരളത്തിന്റെ മന്ത്രിസഭയില്‍ നിന്നും അകന്നു നില്‍ക്കുന്നതിന് കാരണം രണ്ടുകൂട്ടരുമല്ലേ. ഒരത്യാഹിതമെങ്കിലും ഒഴിവാക്കിത്തന്നെ ജനാധിപത്യമേ, നിന്റെയനുഗ്രഹം, എത്ര സമയോചിതം!

പറഞ്ഞു വന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പിളര്‍പ്പിനെക്കുറിച്ചാണ്. 1953 മുതലുളള അഭിപ്രായ വ്യത്യാസം മൂത്താണ് 1964ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പിളര്‍ന്നത്. വ്യത്യസ്ത അഭിപ്രായം മൂലം ഒരു കാരണവശാലും ഒന്നിച്ചു പോകാന്‍ വയ്യാത്ത സാഹചര്യത്തില്‍ ഒരു വിഭാഗം മറ്റൊരു പാര്‍ട്ടിയുണ്ടാക്കാന്‍ തീരുമാനിക്കുകയായിരുന്നു 1964ല്‍.

പിളര്‍പ്പിന് കാരണമായി പറയുന്ന കാര്യങ്ങള്‍ വിസ്താരഭയത്താല്‍ വിശദീകരിക്കുന്നില്ല. എന്നാല്‍ പാര്‍ട്ടി പിളര്‍ന്നില്ലായിരുന്നെങ്കിലോ? അത് രാജ്യത്തിന് ഏല്‍പ്പിക്കുമായിരുന്ന പരിക്കും അപമാനവും സ്വൈര്യക്കേടും ചില്ലറയൊന്നുമാകുമായിരുന്നില്ല.

അച്യുതാനന്ദന്റെയും പിണറായിയുടെയും സ്ഥാനത്ത് സി ദിവാകരനെയും കെ ഇസ്മായിലിനെയും സങ്കല്‍പിച്ചു നോക്കൂ. തൂങ്ങിച്ചാകാനുളള കയറെടുക്കാന്‍ കൈതരിക്കുന്നില്ലേ. അങ്ങനെയൊരു സാഹചര്യമുണ്ടാകാത്തതിന് പാര്‍ട്ടി പിളര്‍ത്തിയവരോട് ഇന്ത്യയിലെ ജനങ്ങളൊന്നടങ്കം എക്കാലവും നന്ദിയുളളവരായിരിക്കും. സത്യത്തില്‍ വെളിയം ഭാര്‍ഗവനെക്കാള്‍ എത്രയോ മാന്യനും മര്യാദക്കാരനുമാണ് പിണറായി വിജയന്‍. മുഖ്യമന്ത്രിക്കസേരയില്‍ കെ ഇസ്മായില്‍‍ ഇരിക്കുന്നുവെന്ന സങ്കല്‍പം പോലും നമ്മെ പേടിപ്പിക്കും. അച്യുതാനന്ദന്‍ എത്രയോ ഭേദം.

കോണ്‍ഗ്രസിനോടുളള നയം എന്തായിരിക്കണമെന്ന തര്‍ക്കമാണ് പിളര്‍പ്പിന്റെ ഒരു കാരണം. ദേശീയ ബൂര്‍ഷ്വാസി എന്ന ഇരട്ടപ്പേരിലാണല്ലോ കോണ്‍ഗ്രസ് അറിയപ്പെടുന്നത്. തേങ്ങയോ വാഴക്കുലയോ മോഷ്ടിക്കുന്നവനെയും ബൂര്‍ഷ്വാ എന്നാണ് സഖാക്കള്‍ വിളിക്കുന്നത്. പ്രത്യയ ശാസ്ത്ര വിദഗ്ധനായി അംഗീകരിക്കപ്പെടണമെങ്കില്‍ ബൂര്‍ഷ്വാ എന്ന പദം ഉപയോഗിച്ചേ തീരൂ.

സ്വാതന്ത്ര്യസമരകാലത്തെ കഷ്ടപ്പാടെല്ലാം 1947ല്‍ ഭരണം കിട്ടിയപ്പോള്‍ തീരുമെന്നാണ് കരുതിയത്. നമ്മുടെ പാര്‍ട്ടിയാകട്ടെ, സാമ്രാജ്യത്വ ബൂര്‍ഷ്വാസി, ദേശീയ ബൂര്‍ഷ്വാസിയെ ഭരണമേല്‍പ്പിച്ചു നാടുവിട്ടു എന്നാണ് പ്രചരിപ്പിച്ചിരുന്നത്. എന്നും സമരം മതിയോ നമ്മള്‍ക്കും വേണ്ടേ ചില നല്ല മുഹൂര്‍ത്തങ്ങള്‍.

ആറ്റുനോറ്റ് കേരളത്തില്‍ കിട്ടിയ ഭരണത്തെയും നെഹ്രുച്ചേട്ടന്‍ ഭരണഘടനയിലെ വകുപ്പ് 356 ഉപയോഗിച്ച് അടിച്ചോടിച്ചപ്പോള്‍ മറ്റൊരു കാര്യവും മനസിലായി. സ്വന്തം നിലയില്‍ തിരഞ്ഞെടുപ്പില്‍ ജയിച്ച് വല്ല സംസ്ഥാനമോ പഞ്ചായത്തോ ഭരിക്കാമെന്നു വെച്ചാലും കേന്ദ്രന്‍ സമ്മതിക്കില്ല. ആര്‍ക്കായാലും പിടി വിട്ടു പോകും! സഖാക്കളും മനുഷ്യരല്ലെ. അവര്‍ക്കുമില്ലെ പലവിധ മോഹചിന്തകള്‍. അങ്ങനെയാണ് ലൈന്‍ ഒന്നു തിരുത്താമെന്ന് ചില സഖാക്കള്‍ക്ക് തോന്നിയത്.

കോണ്‍ഗ്രസിനോടൊപ്പം ചേര്‍ന്ന് അല്‍പം വിപ്ലവം അവര്‍ക്കു കൂടി പകരാമെന്നായിരുന്നു സി രാജേശ്വര റാവു മുതല്‍പേരുടെ ലൈന്‍. പനിയൊക്കെ പകരുന്നതു പോലെ, സോഷ്യലിസവും പകരുമെന്നായിരുന്നു സിദ്ധാന്തം. പി സി ജോഷി, സി രാജേശ്വരറാവു, സി അച്യുതമേനോന്‍ ടീമായിരുന്നു സിദ്ധാന്തം വേവിച്ചെടുത്തത്.

ചില വിപ്ലവകാരികള്‍ മറിച്ചു ചിന്തിച്ചു. കോണ്‍ഗ്രസിന്റെ കൂടെപ്പോയാല്‍ നാമും ദേശീയ ബൂര്‍ഷ്വാസിയാവില്ലേ. അപ്പോള്‍ പാവം തൊഴിലാളിവര്‍ഗത്തെ ആരു നോക്കും? അങ്ങനെ ചിന്തിച്ചു, സഖാക്കള്‍ ബസവപുന്നയ്യയും സുന്ദരയ്യയും സുര്‍ജിത്തും. ഇഎംഎസ്സാകട്ടെ മധ്യമാര്‍ഗം അവലംബിച്ച സെക്രട്ടറി അജയഘോഷിനൊപ്പവും.

തര്‍ക്കം മൂത്തു. കോണ്‍ഗ്രസുമായി ഐക്യപ്പെട്ടാല്‍ ഇന്ത്യ വിപ്ലവത്തിന്റെ സിന്ദൂരപ്പൊട്ടണിയുമെന്ന് സ്വപ്നം കണ്ടവരും, അങ്ങനെ സംഭവിച്ചാല്‍ തൊഴിലാളി വര്‍ഗത്തിന്റെ കട്ടപ്പുകയാവുമെന്ന് വിശ്വസിച്ചവരും പരസ്പരം കണ്ടാല്‍ മിണ്ടാതായി. പിണങ്ങി. വൈരം മൂത്തു. സ്റ്റാലിന്‍ കൊണ്ടുവന്ന പഞ്ചവല്‍സര പദ്ധതി നെഹ്രു കോപ്പിയടിച്ചതോടെ ഇന്ത്യയിലും സോഷ്യലിസത്തിന്റെ പതിനാലാം രാവുദിച്ചെന്ന് ആഹ്ലാദിച്ച് അര്‍മാദിച്ചു, ജോഷി റാവു മേനോന്‍ ടീം. ഇന്തോ ചീനാ ഭായി ഭായി വിളി കൂടി കേട്ടപ്പോള്‍ ആവേശം ഹിമാലയം കയറി ചെങ്കൊടി വീശി.

പിന്നീട് ഇന്ത്യാ ചൈനാ യുദ്ധം വന്നു. അതിര്‍ത്തിയില്‍ ചൈനയുടെയും ഇന്ത്യയുടെയും പട്ടാളം പരസ്പരം കൊന്നു തളളുമ്പോള്‍, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നാഷണല്‍ എക്സിക്യൂട്ടീവ് യോഗത്തില്‍ അതിനേക്കാള്‍ വലിയ പോരാട്ടമായിരുന്നു. ചൈനയെ അനുകൂലിക്കണമെന്ന് ഒരു വിഭാഗം. പ്രശ്നം ചര്‍ച്ച ചെയ്ത് തീര്‍ക്കണമെന്ന് മറ്റൊരു വിഭാഗം. വഴക്കായി. പ്രമേയമായി വോട്ടായി. ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട വിഭാഗം തോറ്റു.

പ്രമേയത്തെ എതിര്‍ത്തവരെ ചൈനാചാരന്മാര്‍ എന്നാരോപിച്ച് പൊലീസ് അറസ്റ്റു ചെയ്തപ്പോഴാണ് സഖാക്കള്‍ക്ക് കളി മനസിലായത്. പരമരഹസ്യമായി നടക്കുന്ന പാര്‍ട്ടി യോഗത്തിലെ ചര്‍ച്ചയുടെ പേരില്‍ അറസ്റ്റു നടക്കണമെങ്കില്‍ ഒറ്റിയതാരാണെന്ന് അറിയാന്‍ ദാസ് കാപ്പിറ്റല്‍ കാണാതെ പഠിക്കണോ? പച്ചരിച്ചോറുണ്ണുന്നവന്റെ സാമാന്യബുദ്ധി മതി.

കൂട്ടത്തില്‍ കുറേപ്പേരെ ജയിലില്‍ കിടത്തി റാവു ജോഷി മേനോന്‍ ടീം കളി തുടര്‍ന്നു. ഇഎംഎസായിരുന്നു സെക്രട്ടറി. പാര്‍ട്ടിക്കാരെ ജയിലില്‍ പിടിച്ചിട്ടിരിക്കുന്നതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി സെക്രട്ടറി എഴുതിയ ലേഖനം ചെയര്‍മാന്‍ ഡാങ്കേ പിടിച്ചു വാങ്ങി വലിച്ചു കീറി പറത്തി. അടങ്ങിയൊതുങ്ങി കഴിഞ്ഞില്ലെങ്കില്‍ ജയിലിലാവും കിടപ്പെന്ന് ഭീഷണിയും മുഴക്കിക്കാണും.

മാവോയും ചെയര്‍മാന്‍, ഡാങ്കെയും ചെയര്‍മാന്‍. ചെയര്‍മാനു മീതെ ഒരു സെക്രട്ടറിയും പറക്കേണ്ടെന്ന് തീരുമാനമായി.

എന്തായാലും ഉടക്കും ഭിന്നതയും മൂര്‍ച്ഛിച്ച് 1964ല്‍ ഒരുസംഘം നാഷണല്‍ കൗണ്‍സിലില്‍ സലാം പറഞ്ഞു പിരിഞ്ഞു. വേറെ പാര്‍ട്ടിയും ഓഫീസുമുണ്ടാക്കി. പ്രവര്‍ത്തനവും തുടങ്ങി. പൊതുപ്രവര്‍ത്തനത്തിന്റെ ഗുട്ടന്‍സ് അറിയാവുന്നവരായിരുന്നു ഇറങ്ങിപ്പോയവരേറെയും.

ജനം ഡാങ്കേ - ജോഷി - രാജേശ്വര റാവു - അച്യുതമേനോന്‍ സംഘത്തിനൊപ്പമല്ലെന്ന് തൊട്ടുപിന്നാലെ കേരളത്തില്‍ നടന്ന തിരഞ്ഞെടുപ്പ് തെളിയിച്ചു. പരസ്പരം മത്സരിച്ചപ്പോള്‍ സിപിഎമ്മിന് 40 സീറ്റ്. സിപിഐയ്ക്ക് രണ്ടും. ജനം എവിടെയെന്ന് സിപിഐ സഖാക്കള്‍ക്ക് മനസിലായി. തങ്ങളില്‍ നിന്ന് പിരിഞ്ഞ്, തങ്ങള്‍ക്ക് സ്വപ്നം കാണാന്‍ പോലും കഴിയാത്ത ഉയരങ്ങളിലേയ്ക്ക് വളര്‍ന്നവരോട് അവിടെ തുടങ്ങി, ഒരിക്കലും തീരാത്ത പകയും അസൂയയും.

അടിയന്തരാവസ്ഥക്കാലത്താണ് പകയുടെ വൈകൃതവും ആഴവും കൊടിയ ഭീകരതയും കേരളം കണ്ടത്. അതിന്റെ പീഢനം ഏറ്റവും കൂടുതല്‍ അനുഭവിച്ചതോ ഇന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും. നിയമസഭാ അംഗമായിരുന്ന പിണറായി വിജയനെ ഒന്നര വര്‍ഷം ജയിലില്‍ പാര്‍പ്പിച്ചു.

സര്‍വഭേദ്യമുറകളും ഒരു ജനപ്രതിനിധിയുടെ ശരീരത്തില്‍ ജയറാം പടിക്കലിന്റെ പൊലീസ് ഏല്‍പ്പിക്കുമ്പോള്‍ സിപിഐ നേതാവ് അച്യുതമേനോനായിരുന്നു മുഖ്യമന്ത്രിക്കസേരയില്‍. സഭാ നേതാവായി അച്യുതമേനോന്‍ ഇരിക്കെ, സഭയിലെ ഒരംഗത്തെ പൊലീസ് ലോക്കപ്പിലിട്ട് അതിഭീകരമായി മര്‍ദ്ദിക്കുമ്പോള്‍ അച്യുതമേനോന്‍ അടിയന്തരാവസ്ഥയുടെ അനിര്‍വചനീയമായ അനുഭൂതികള്‍ നുകര്‍ന്ന് മുഖ്യമന്ത്രിയായി വിരാജിച്ചു. വലിയൊരു മനുഷ്യസ്നേഹിയാണ് സഖാവെന്നും പില്‍ക്കാലത്ത് വാഴ്ത്തപ്പെട്ടു.

വെളിയം ഭാര്‍ഗവന്‍ മുതല്‍പേര്‍ അന്നത്തെ ആഭ്യന്തരമന്ത്രി കരുണാകരന്റെ സാമന്തന്മാരായി പൊലീസിനെ ഭരിച്ചു രസിച്ചു. നഞ്ചെന്തിന് നാനാഴി എന്ന ചൊല്ലിനെ അനുസ്മരിപ്പിച്ച് ഒന്നും രണ്ടുമായി നാട്ടിലുളള സിപിഐക്കാര്‍ മാര്‍ക്സിസ്റ്റുകാരെ ഒറ്റികൊടുത്തു. പൊലീസ് അവരെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുമ്പോള്‍ ഇനിയൊരിക്കലും പാര്‍ട്ടി നടുനിവര്‍ക്കില്ലെന്ന് കിനാവു കണ്ടു. സിപിഎമ്മുകാരെ പൊലീസ് അടിച്ചൊതുക്കി അവസാനിപ്പിക്കുമ്പോള്‍ ഏറ്റവും വലിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തങ്ങളാവുമെന്നായിരുന്നു വെളിയത്തിന്റെയും കൂട്ടരുടെയും മനോരാജ്യം.

അടിയന്തരാവസ്ഥ പിന്‍വലിച്ച് തിരഞ്ഞെടുപ്പ് നടത്തിയപ്പോള്‍ ഇന്ദിരാഗാന്ധിയടക്കം തോറ്റമ്പിയെങ്കിലും അച്യുതമേനോന്‍ കരുണാകര മുന്നണി 111 സീറ്റു നേടി അധികാരം നിലനിര്‍ത്തി. മാര്‍ക്സിസ്റ്റ് ശല്യം എന്നെന്നേക്കുമായി തീര്‍ന്നു കിട്ടിയെന്ന സന്തോഷത്തില്‍ സിപിഐക്കാര്‍ പിന്നെയും സന്തോഷിച്ചു. 1977ലെ അവരുടെ ഭട്ടിന്‍ഡാ സമ്മേളനം വരെയേ സന്തോഷം നീണ്ടു നിന്നുളളൂ.

ചെയ്തതെല്ലാം തെറ്റെന്ന് കുമ്പസരിച്ചും ഇനിയൊരു ശല്യം മേലാല്‍ ഉണ്ടാക്കില്ലെന്ന് മുദ്രപ്പത്രത്തില്‍ എഴുതി നല്‍കിയും സിപിഎമ്മിനൊപ്പം സഖ്യം കൂടി. അപ്പോഴേയ്ക്കും മൂന്നു സംസ്ഥാനങ്ങളിലെ ഏറ്റവും ശക്തമായ പാര്‍ട്ടിയായി സിപിഎം വളര്‍ന്നിരുന്നു.

സമ്പത്തും അധികാരവും സ്വാധീനവും അണികളും സിപിഐയുടേതിനെക്കാള്‍ ബഹുമടങ്ങ്. നേതാക്കളുടെ ഏതാജ്ഞയും ശിരസാവഹിക്കാന്‍ തയ്യാറുളള സുശക്തമായ സംഘടനാ സംവിധാനം. ഗുരുവായൂര്‍ കേശവന്റെ തലയെടുപ്പോടെ സിപിഎം നേതാക്കള്‍ വിലസിയപ്പോള്‍ നനഞ്ഞ കോഴിയുടെ ദൈന്യതയുമായി സിപിഐ ഇടതുകോലായില്‍ തണുപ്പാറ്റി നിന്നു.

ഏറെക്കാലം ദേശീയ ബൂര്‍ഷ്വാസിയുടെ സഹായത്തോടെ ഭരിച്ചിട്ടും സര്‍വജ്ഞാനികളായ നേതാക്കന്മാരുണ്ടായിട്ടും സിപിഐ മെലിഞ്ഞേ പോയി. പാര്‍ട്ടി പ്രവര്‍ത്തനമെന്നാല്‍ എംഎന്‍ സ്മാരകത്തില്‍ വൈകുന്നേരം എല്ലാവരും ഒത്തുകൂടി ചായകുടിയും ചര്‍ച്ചയുമായി. ഇടവേളകളില്‍ പൊതുയോഗങ്ങളില്‍ ഗംഭീരമായി പ്രസംഗിച്ചും പത്രങ്ങളില്‍ കോളമെഴുതിയും സിപിഐക്കാര്‍ തങ്ങളും ജീവിച്ചിരിപ്പുണ്ടേ എന്ന് പ്രഖ്യാപിച്ചു.

പാര്‍ട്ടിയില്‍ തങ്ങളുടെ ചിന്താഗതിയെ എതിര്‍ത്തവരെ ചൈനാ ചാരന്മാരെന്ന് മുദ്രയടിച്ച് പൊലീസിന് ഒറ്റികൊടുത്ത് ഒതുക്കാന്‍ 1962ല്‍ ശ്രമിച്ചു. അടിയന്തരാവസ്ഥക്കാലത്താകട്ടെ ക്രൂരമായ ഭേദ്യമുറകളിലൂടെ തങ്ങളുടെ പ്രഖ്യാപിത ശത്രുവിനെ എന്നെന്നേയ്ക്കുമായി വേരറുത്തുകളയാന്‍ കഴിവിന്റെ പരമാവധി ശ്രമിച്ചു. എന്നിട്ട് സംഭവിച്ചതോ?

വിധിയുടെ വിളയാട്ടമെന്നേ പറയേണ്ടൂ, ആരെ നശിപ്പിക്കാനാണോ ഒരു പുരുഷായുസ്സു മുഴുവന്‍ വെളിയവും സംഘവും സര്‍വ ശക്തിയുമെടുത്ത് ശ്രമിച്ചത്, അവരുടെ ദയയില്‍ കഴിയേണ്ട അവസ്ഥ വന്നു പെട്ടു. ഇന്ന് ദേശീയ ജനാധിപത്യ വിപ്ലവ ശിങ്കങ്ങള്‍ക്ക് പ‍ഞ്ചായത്ത് വാര്‍ഡ് ജയിക്കണമെങ്കിലും സിപിഎം കനിയണം.

അവരുടെ തൊഴുത്തില്‍, അവരെറിഞ്ഞു തരുന്ന പുല്ലും വൈക്കോലും കാടിവെളളവും മോന്തി, അവരുടെ ചെലവിലും ദയാദാക്ഷിണ്യത്തിലും ശിഷ്ടകാലം കഴിച്ചു കൂട്ടേണ്ടി വരിക. കൂട്ടിനുളളത് പോയകാലത്തെക്കുറിച്ചുളള കൊതിപ്പിക്കുന്ന ഓര്‍മ്മകള്‍. ശത്രുക്കള്‍ക്ക് പോലും ഗതി വരുത്തരുതേ എന്ന് പ്രാര്‍ത്ഥിക്കുകതയല്ലാതെ നാമെന്തു ചെയ്യും?

എന്തൊക്കെയാണ് ഓര്‍മ്മകള്‍? കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ എല്ലാവരും കൂടി അന്ന് തീരുമാനിച്ചിരുന്നെങ്കില്‍? അഭിപ്രായ വ്യത്യാസം വിഴുങ്ങി ചെയര്‍മാന്‍ ഡാങ്കേയ്ക്ക് ശരണം വിളിച്ച് അന്ന് തറവാട്ടില്‍ കൂടിയിരുന്നെങ്കില്‍? എത്രകാലം നമ്മളീ രാജ്യം ഭരിച്ചേനെ? അടിയന്തരാവസ്ഥയെ എല്ലാവരും കൂടി അംഗീകരിച്ചിരുന്നെങ്കില്‍? യൗവനം സുന്ദരസുരഭിലവും ജീവിതം വിപ്ലവതീക്ഷ്ണവുമായി മുന്നേറുമായിരുന്നില്ലേ? ആരാണ് ഞങ്ങളുടെ പ്രിയ സഖാക്കളുടെ സ്വപ്നങ്ങള്‍ തല്ലിക്കെടുത്തിയത്? 1964ലെ പിളര്‍പ്പന്മാരല്ലേ, അല്ലേ, അല്ലേ!

അച്യുതമേനോന്റെ പിന്‍ഗാമിയായി പി കെ വാസുദേവന്‍ നായര്‍ മുഖ്യമന്ത്രിയാകും വരെ ലൈന്‍ വളരെ ക്ലിയറായിരുന്നു. പികെവിയുടെ പിന്‍ഗാമിയായി വെളിയം ഭാര്‍ഗവനും തുടര്‍ന്ന് കെ ഇസ്മായിലും ഒന്നാം നമ്പര്‍ നേതാക്കളായി വിലസേണ്ട, വിപ്ലവത്തിന്റെ പൗര്‍ണമി രാവുകള്‍ ഇനിയുമുദിച്ചിട്ടില്ല. 1964ലെ പിളര്‍പ്പല്ലേ കാരണം? അല്ലേ, അല്ലേ, അല്ലേ!!!

അതുമാത്രമോ, എത്രയോ തഴക്കവും പഴക്കവുമുളള സി കെ ചന്ദ്രപ്പനും പന്ന്യന്‍ രവീന്ദ്രനും ബി ബര്‍ദാനുമല്ലേ ദേശീയതലത്തില്‍ ഇടതുപക്ഷത്തെ നയിക്കേണ്ടത്? പകരമോ "പയ്യന്മാരായ" കാരാട്ടും യെച്ചൂരിയുമാണ് ദില്ലിയിലെ ചട്ടമ്പിമാര്‍. പാര്‍ട്ടി പിളര്‍ന്നില്ലായിരുന്നെങ്കില്‍ ആരാകുമായിരുന്നു സ്ഥാനത്ത്? സി കെ ചന്ദ്രപ്പന്റെ രോഷം എങ്ങനെ പിണറായി വിജയന് മനസിലാവും?

സിപിഎമ്മുകാര്‍ക്ക് ബുദ്ധിയുദിക്കുന്നത് വൈകിയാണെന്നും, അവരില്ലായിരുന്നെങ്കില്‍ നമ്മളിപ്പോ വലിയ പുളളികളാകുമായിരുന്നു എന്ന് പതം പറഞ്ഞ് വിലപിക്കുന്നതിനും കാരണം ഒന്നേയൊന്ന്. വിദ്വേഷവിഷം കലര്‍ന്ന അസൂയ. അല്ലെങ്കില്‍, ദേശീയ തലത്തിലെ വെറും കേരളാ കോണ്‍ഗ്രസായ സിപിഐ, വിധം തെരുവില്‍ അഴിഞ്ഞാടാന്‍ എന്താണ് വേറെ പ്രകോപനം?

സിപിഎമ്മിന്റെ സംഘടനാ കരുത്തിന്റെ ബലത്തില്‍ എംപി, എംഎല്‍എ, എന്തിന് പഞ്ചായത്ത് മെമ്പര്‍ പോലുമാകാന്‍ സിപിഐക്കാര്‍ക്ക് ഒരുളുപ്പുമില്ല. എന്നാല്‍ എന്തെങ്കിലും ഗുണം ഇന്നുവരെ തിരിച്ചുണ്ടായിട്ടുണ്ടോ? സിപിഎമ്മുകാരെ പാരവെയ്ക്കാനും ദുഷിക്കാനും കിട്ടുന്ന ഒരവസരവും സിപിഐ ഇന്നോളം കളഞ്ഞിട്ടില്ല.

ചുരുക്കത്തില്‍ ഒരുപയോഗവുമില്ലാത്ത വിഷപ്പാമ്പിനെ മടിയില്‍ വെച്ച് താലോലിക്കുകയാണ് സിപിഎം. പിളര്‍പ്പിലൂടെ തങ്ങളുടെ രാഷ്ട്രീയ മോഹങ്ങള്‍ നശിപ്പിച്ചവരോടുളള കൊടുംപകയും തീരാ വിദ്വേഷവുമാണ് സിപിഐ എന്ന പരാദത്തിന്റെ പ്രത്യയശാസ്ത്രം.

പുല്ലും വൈക്കോലും തരുന്ന, ജീവന്‍ നിലനിര്‍ത്താന്‍ സ്വന്തം സംഘടനാ ശക്തി ദാനം ചെയ്യുന്ന സിപിഎമ്മിനെ 44 വര്‍ഷം മുമ്പ് നടന്ന അനിവാര്യമായ ഒരു രാഷ്ട്രീയ സാഹചര്യത്തിന്റെ പേരില്‍ തെരുവില്‍ പുലഭ്യം പറയുന്ന സിപിഐ കാണിക്കുന്നത് പരമ നന്ദികേടാണ്. സ്വന്തം പാര്‍ട്ടി വളര്‍ത്താന്‍ കഴിവില്ലാത്ത വെളിയവും ഇസ്മായിലും സിപിഎമ്മിനു മേല്‍ കുതിര കയറിയിട്ട് കാര്യമുണ്ടോ?

ഇത്തിള്‍ വളരുന്നത് മാവിനെ നന്നാക്കാനല്ലല്ലോ!

Friday, March 13, 2009

ഭാര്‍ഗവചരിതം, വെളിവുകേടിന്റെ ഖണ്ഡം

2008 നവംബര്‍ 5 ബുധനാഴ്ച എന്ന തീയതി മറ്റാരു മറന്നാലും സഖാവ് വെളിയം ഭാര്‍ഗവന്‍ മറക്കാനിടയില്ല. കൊല്ലം ജില്ലയിലെ വെളിയം പഞ്ചായത്തിലെ ചെപ്ര വാര്‍ഡില്‍ അന്നൊരു ഉപതെരഞ്ഞെടുപ്പു നടന്നു. ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് സിപിഐയിലെ പ്രഭാവതി. കോണ്‍ഗ്രസും ബിജെപിയും അണി നിരന്ന തെരഞ്ഞെടുപ്പു രംഗം ശ്രദ്ധേയമായത് പക്ഷേ, മറ്റൊരു ചെറുപ്പക്കാരന്റെ സാന്നിദ്ധ്യം കൊണ്ട്.

സിപിഐ വിട്ട് സിപിഎമ്മില്‍ ചേര്‍ന്ന പ്രശാന്തന്‍ സ്വതന്ത്രനായി രംഗത്തിറങ്ങി. പ്രാദേശിക സിപിഎമ്മുകാര്‍ പ്രശാന്തനു പിന്നില്‍ അണി നിരന്നു. സിപിഎം കൊല്ലം ജില്ലാ സെക്രട്ടറി രാജഗോപാല്‍ നേരിട്ട് ഇടപെട്ടിട്ടും അവര്‍ അയഞ്ഞില്ല. സിപിഐക്കാരുമായി യാതൊരിടപാടിനും തയ്യാറല്ലെന്ന് സിപിഎമ്മിന്റെ പ്രാദേശിക പ്രവര്‍ത്തകര്‍ തീര്‍ത്തു പറഞ്ഞപ്പോള്‍, പാര്‍ട്ടി ചെപ്ര ബ്രാഞ്ച് സെക്രട്ടറി മനോജിനെ പുറത്താക്കിയാണ് സിപിഎം ജില്ലാ നേതൃത്വം മുന്നണി മര്യാദയുടെ അന്തസു കാത്തത്.

ഒടുവില്‍ ബാലറ്റു പെട്ടി തുറന്നു നോക്കിയപ്പോള്‍ പ്രശാന്തന് വോട്ട് 684. സിപിഐയുടെ സ്ഥാനാര്‍ത്ഥി പ്രഭാവതിയ്ക്ക് വോട്ട് 60. തന്റെ പഞ്ചായത്തില്‍ വെറും നാലു മാസം മുമ്പ് നടന്ന ശക്തിപരീക്ഷണത്തിലെ വെളിപ്പെടലിന്റെ പശ്ചാത്തലത്തിലാണ് സഖാവ് വെളിയം ഭാര്‍ഗവന്‍ 1965ലെ കണക്കുകളില്‍ നിന്ന് പാഠം പഠിക്കാന്‍ സിപിഎമ്മിനോട് ആവശ്യപ്പെടുന്നത്.

വെളിയം വെളിപ്പെടുത്തിയ കണക്കനുസരിച്ച് 1965ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 33 മണ്ഡലങ്ങളില്‍ സിപിഐ, സിപിഎമ്മിനെക്കാള്‍ കൂടുതല്‍ വോട്ടു നേടി.

വിശേഷണ പദങ്ങള്‍ നമുക്കു മറക്കാം. പെട്ടിയാട്ടോയിലോ ഫിയറ്റു കാറിലോ കൊള്ളാനുളള ആളുപോലുമില്ലാത്ത പാര്‍ട്ടിയെന്ന സ്ഥിരം ആക്ഷേപങ്ങള്‍ നമുക്കു മാറ്റി വെയ്ക്കാം. എന്നിട്ട് വെളിയം ഭാര്‍ഗവന്‍ തുറന്ന ആ 65-ാം പാഠം നമുക്കൊന്ന് പഠിക്കാം.

1965ല്‍ കേരളത്തില്‍ ആകെ മണ്ഡലം 133. എല്ലാ സീറ്റിലും ഒറ്റയ്ക്ക് മത്സരിച്ച ഏക പാര്‍ട്ടി കോണ്‍ഗ്രസ്. അവര്‍ക്ക് കിട്ടിയത് 36 സീറ്റ്.

സിപിഎം മത്സരിച്ചത് 73 സീറ്റില്‍. ജയിച്ചത് 40 സീറ്റില്‍. കെട്ടി വെച്ച കാശുപോയത് 9 സീറ്റില്‍.

സിപിഐ മത്സരിച്ച സീറ്റുകളുടെ എണ്ണം സ്വതന്ത്രരടക്കം 79. ജയിച്ചവര്‍ മൂന്നേ മൂന്ന്. പത്തനാപുരത്ത് പി സി ആദിച്ചന്‍, ഉടുമ്പന്‍ചോലയില്‍ കെ ടി ജേക്കബ്, കൊടകരയില്‍ പി സി നമ്പൂതിരി എന്നീ സഖാക്കള്‍. കെട്ടി വെച്ച കാശുപോയത് 54 സീറ്റുകളില്‍. വിജയിച്ച മൂന്നു സീറ്റുകളിലും സിപിഎം മത്സരിച്ചില്ല.

പിളര്‍പ്പിനു ശേഷം നടന്ന ബലാബലത്തില്‍ കേരളത്തിലെ 33 മണ്ഡലങ്ങളില്‍ സിപിഐയ്ക്ക്, സിപിഎമ്മിനെക്കാള്‍ വോട്ടു കിട്ടിയെന്നാണ് വെളിയം ഭാര്‍ഗവന്‍ വാര്‍ത്താ സമ്മേളനത്തില്‍ അവകാശപ്പെട്ടത്.

അന്ന് 43 സീറ്റുകളിലാണ് സിപിഎമ്മും സിപിഐയും നേര്‍ക്കു നേര്‍ മത്സരിച്ചത്. ഒരു സീറ്റില്‍ പോലും സിപിഎമ്മിനെ പരാജയപ്പെടുത്തി സിപിഐയ്ക്ക് ജയിക്കാനായില്ല. പക്ഷേ, 11 മണ്ഡലങ്ങളില്‍ സിപിഎമ്മിനെക്കാള്‍ കൂടുതല്‍ വോട്ട് അവര്‍ നേടി.

ആ മണ്ഡലങ്ങള്‍ ഇവയാണ്.
1. ചാത്തന്നൂര്‍ (സിപിഐ - 16695, സിപിഎം 4627),
2. കുണ്ടറ
(സിപിഐ - 14126, സിപിഎം - 13010),
3. കൃഷ്ണപുരം
(സിപിഐ - 16229, സിപിഎം 15304),
4. അടൂര്‍
(സിപിഐ -15287, സിപിഎം - 6791),
5. കൊട്ടാരക്കര
(സിപിഐ - 19395, സിപിഎം - 561),
6. പുനലൂര്‍
(സിപിഐ 13787, സിപിഎം - 6252),
7. കോന്നി
(സിപിഐ-14972, സിപിഎം 1802),
8. റാന്നി
(സിപിഐ 7545, സിപിഎം - 2058),
9. ആലപ്പുഴ
(സിപിഐ - 12693, സിപിഎം - 9858),
10. വൈക്കം
(സിപിഐ-14975, സിപിഎം 6494),
11. വാഴൂര്‍
(സിപിഐ - 8086, സിപിഎം - 2940).

ഓര്‍ക്കുക. ഇവയിലൊന്നില്‍ പോലും സിപിഐക്ക് വിജയിക്കാനായില്ല.

ശേഷിക്കുന്ന 32 സീറ്റുകളില്‍ സിപിഎം സിപിഐയെക്കാള്‍ വോട്ടു നേടി. അതില്‍ 23 സീറ്റുകളില്‍ സിപിഎം വിജയിച്ചു. അതായത് ആകെ വിജയിച്ച സീറ്റുകളില്‍ പകുതിയിലധികവും സിപിഐയെക്കൂടി പരാജയപ്പെടുത്തിയാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി വിജയിച്ചത്.

സിപിഎം ജയിച്ച സീറ്റുകളും വോട്ടിംഗ് നിലയും താഴെ കൊടുക്കുന്നു.
1. പയ്യന്നൂര്‍ (സിപിഎം 29537, സിപിഐ - 2143),
2. തളിപ്പറമ്പ്
(29430, 2013),
3. ഇരിക്കൂര്‍
(27284, 3270),
4. നാദാപുരം
( 26224, 2039),
5. കോഴിക്കോട് 1
(27671, 1384),
6. ബേപ്പൂര്‍ (25342, 1736),
7. പട്ടാമ്പി (19992, 12213),
8. ഒറ്റപ്പാലം
(20802, 2219),
9. ശ്രീകൃഷ്ണപുരം (16571, 4581),
10. മണ്ണാര്‍കാട് (16099, 3949),
11. പാലക്കാട്
(17747, 2251),
12. കൊല്ലങ്കോട്
(22749, 2431),
13. ആലത്തൂര്‍ (26328, 2037),
14. കുന്നംകുളം
(26448, 2155),
16. തൃപ്പൂണിത്തുറ (24387, 1261),
17. പീരുമേട്
(12345, 5615),
18. പുതുപ്പളളി
(15571, 1703),
19. കോട്ടയം
(17880, 1705),
20. അരൂര്‍
(19426, 6544),
21. മാരാരിക്കുളം
(22424, 3911),
22. പന്തളം (20241, 4043),
23. നേമം
(17756, 2881).

ജയിച്ചില്ലെങ്കിലും സിപിഎം സിപിഐയെക്കാള്‍ വോട്ടു നേടിയ മണ്ഡലങ്ങള്‍ ഇവയാണ്.
1. നെയ്യാറ്റിന്‍കര (രണ്ടാം സ്ഥാനം) (സിപിഎം - 15177, സിപിഐ 4343)
2. കഴക്കൂട്ടം (രണ്ടാം സ്ഥാനം) (14011, 4809)
3. വര്‍ക്കല (രണ്ടാം സ്ഥാനം ) (12381, 10770)
4. അമ്പലപ്പുഴ (രണ്ടാം സ്ഥാനം) (14330, 4460)
5. കുന്നത്തുനാട് (രണ്ടാം സ്ഥാനം) (20834, 4816)
6. ഞാറയ്ക്കല്‍ (രണ്ടാം സ്ഥാനം) (17141, 3916)
7. ചേലക്കര (രണ്ടാം സ്ഥാനം) (17177, 3144)
8. പൊന്നാനി (മൂന്നാം സ്ഥാനം) (13589, 3302)
9. മലപ്പുറം (മൂന്നാം സ്ഥാനം) (10008, 2923).

തലശേരിയില്‍ സിപിഎം സ്ഥാനാര്‍ത്ഥി 27981 വോട്ടു നേടി വിജയിച്ചപ്പോള്‍ സിപിഐ പിന്തുണച്ച സ്വതന്ത്രന്‍ വി ആര്‍ കൃഷ്ണയ്യര്‍ക്ക് കിട്ടിയത് 7298 വോട്ട്.

സിപിഎം മത്സരിക്കാത്ത മണ്ഡലങ്ങളില്‍ സിപിഐ സ്ഥാനാര്‍ത്ഥികളുടെ പ്രകടനം ഇങ്ങനെയായിരുന്നു.

1. കൂത്തുപറമ്പ് (പോള്‍ ചെയ്ത വോട്ട് 52153 സിപിഐ 3876)
2. വടകര ( 51670, 2111)
3. കൊയിലാണ്ടി (60769, 761)
4. കോഴിക്കോട് 2 (54306, 1658)
5. ചിറ്റൂര്‍ ( 44304, 2304)
6.കുഴല്‍മന്ദം (37370, 1872)
7. വടക്കാഞ്ചേരി (46300, 3833)
8. മണലൂര്‍ (53989, 12703)
9. ഇരിങ്ങാലക്കുട (50692, 11104)
10.മാള (രണ്ടാം സ്ഥാനം) (47,714, 13282)
11. ഗുരുവായൂര്‍ (47714, 6560)
12. ചെങ്ങന്നൂര്‍ (രണ്ടാം സ്ഥാനം) (50637, 13847)
13. അങ്കമാലി (48009, 1336)
14. പാറൂര്‍ (46303, 6480)‍
15 മട്ടാഞ്ചേരി (50244, 4557)
16. എറണാകുളം (48286, 8583)
17. മൂവാറ്റുപുഴ (50415, 11281)
18. ചങ്ങനാശേരി (രണ്ടാം സ്ഥാനം) (49377, 16893)
19. തിരുവല്ല (52010, 2398)
20. ആറന്മുള (48223, 2094)
21. ചെങ്ങന്നൂര്‍ (52529, 505)
22. മാവേലിക്കര (52615, 4429)
23. ചടയമംഗലം (47295, 14207)
24. ആര്യനാട് (34735, 5115)
25, നെടുമങ്ങാട് (38382, 9625)
26. തിരുവനന്തപുരം 1 (36056, 2583)
27. വിളപ്പില്‍ (44730, 4651)
28. പാറശാല (43281, 5086)

സിപിഎമ്മിന് കിട്ടിയ ആകെ വോട്ട്..12,57,869. സിപിഐയ്ക്ക് കിട്ടിയത് 5,25,456. മത്സരിച്ച സീറ്റുകളില്‍ സിപിഎം 36.17% വോട്ടു നേടിയപ്പോള്‍ സിപിഐയ്ക്ക് കിട്ടിയത് 13.87%.

ഇലക്ഷന്‍ കമ്മിഷന്റെ കൈവശമുളള കണക്കുകളാണ് ഇവ. ഇനി അറിയേണ്ടത് എംഎന്‍ സ്മാരകത്തില്‍ സഖാവ് വെളിയം ഭാര്‍ഗവന്റെ കീശയിലുളള കണക്കുപുസ്തകത്തിലെ 1965 കാലത്തെ തിരഞ്ഞെടുപ്പു കണക്കാണ്. ഏതൊക്കെയാണ് സഖാവേ, ആ 33 മണ്ഡലങ്ങള്‍?

Thursday, March 12, 2009

വീരേന്ദ്രാ, ഓര്‍ക്കൂ ചെയ്തതെല്ലാം...........

എം പി വീരേന്ദ്രകുമാര്‍ ഒരിക്കലെഴുതിയ ലേഖനപരമ്പരയുടെ തലക്കെട്ടാണ് "മനസേ, ഓര്‍ക്കൂ" എന്നത്. ഈശോവാസ്യം, കേനോപനിഷത്ത്, മുണ്ഡകം തുടങ്ങി ഉപനിഷത്തുക്കളിലെ മന്ത്രസാരവും ചിന്താഭാരവും വ്യക്തമാക്കുകയായിരുന്നു അദ്ദേഹം. "മനസേ, ഓര്‍ക്കൂ ചെയ്തതെല്ലാം" എന്ന ഈശമന്ത്രപ്പൊരുള്‍ ലേഖനത്തിന്റെ ശീര്‍ഷകമായി തിരഞ്ഞെടുക്കാനുളള കാരണം വഴിയേ വ്യക്തമാകും എന്ന് മുന്നറിയിപ്പു നല്‍കിയാണ് അദ്ദേഹം ലേഖന പരമ്പര തുടങ്ങുന്നത്. കോഴിക്കോട് സീറ്റില്‍ നിന്ന് പടിയിറക്കപ്പെട്ട് ഇടതു മുന്നണി രാഷ്ട്രീയത്തോട് ഏതാണ്ട് വിടപറയാനൊരുങ്ങുമ്പോള്‍ നമുക്കോര്‍മ്മിപ്പിക്കാനുളളതും അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ഈശമന്ത്രപ്പൊരുള്‍ തന്നെയാണ്..

മനസേ, ഓര്‍ക്കൂ ചെയ്തതെല്ലാം...

ആര്‍ഷഭാരത പാരമ്പര്യത്തിലും ഉപനിഷദ് വേദാന്തസാഗരത്തിലുമുളള ആഴമേറിയ ജ്ഞാനം. "ആര്‍ഷഭാരതത്തിലെ ഭോഗസിദ്ധി"യെന്ന തലക്കെട്ടില്‍ ഒരു ലേഖനമെഴുതാനുളള ചങ്കൂറ്റം, ഇടംകൈ വിഎസ് അച്യുതാനന്ദന്റെയും വലംകൈ ക്രൈം നന്ദകുമാറിന്റെയും തോളിലിട്ട്, "എല്ലാ ഭൂതങ്ങളെയും ആത്മാവില്‍ മാത്രവും ആത്മാവിനെ എല്ലാ ഭൂതങ്ങളിലും കാണുന്ന ഒരുവന് നിന്ദ്യമായി എന്തുണ്ട്?" എന്ന് ചോദിക്കാനുളള തന്റേടം. താടിയും മീശയുമൊന്നുമില്ലെന്നേയുളളൂ, ഋഷിതുല്യമാണ് ജീവിതം, വനം കയ്യേറ്റമാണ് ഹോബി. ചുരുക്കത്തില്‍ കേരള രാഷ്ട്രീയത്തിലെ ഒരത്ഭുത പ്രതിഭാസമാണ്, പത്മപ്രഭാ ഗൗഡറുടെയും മറുദേവി അവ്വയുടെയും വീരപുത്രന്‍, വീരേന്ദ്ര കുമാര്‍.

ഇടംകൈകൊണ്ട് കോഴിക്കോട് പിടിച്ചെടുത്ത് വലംകൈയിലെ ചൂണ്ടുവിരല്‍ വയനാട്ടേയ്ക്ക് നീട്ടി അലറിയ പിണറായി വിജയന്റെ മുന്നില്‍ ചൂളി നിന്ന വീരേന്ദ്രകുമാറിന്റെ ഓര്‍മ്മകളെ വേട്ടയാടാന്‍ കരുത്തുളള ഒരു പേരുണ്ട്, സിപിഎം സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍. എറണാകുളത്തെ സ്ഥാനാര്‍ത്ഥി സഖാവ് സിന്ധു ജോയി.

സ്വന്തം പത്രത്തിലെ മനോരോഗികള്‍ക്ക് വിരേചന സുഖം നല്‍കാന്‍ മാതൃഭൂമി വെട്ടിയ 'സ്വകാര്യ'മെന്ന ഓട കോളത്തില്‍ സിന്ധു ജോയിയെക്കുറിച്ച് പ്രത്യക്ഷപ്പെട്ട പരാമര്‍ശവും അതേത്തുടര്‍ന്ന് അന്ന് എസ്എഫ്ഐ നേതാവായിരുന്ന എം സ്വരാജ് നടത്തിയ പിതൃശൂന്യ പ്രയോഗവും വീരേന്ദ്രന്റെ അകക്കണ്ണില്‍ തെളിയുന്നുണ്ടോ ആവോ? സംസര്‍ഗാ ഗുണാ ദോഷ എന്ന പ്രയോഗം അച്ചട്ടാണെന്ന് തെളിയിച്ച വരികളായിരുന്നു സ്വകാര്യത്തിലേത്. ക്രൈം നന്ദകുമാറിന്റെ ഏറ്റവും അടുത്ത സുഹൃത്താണ് വീരേന്ദ്രകുമാര്‍. നന്ദകുമാറിന്റെ വാരികയിലേയ്ക്ക് തയ്യാറാക്കിക്കൊടുത്ത മാറ്റര്‍ വഴി തെറ്റി സ്വകാര്യത്തില്‍ വന്നു പോയതാകാനും ഇടയുണ്ട്.

പൊതുപ്രവര്‍ത്തകയായ ഒരു പെണ്‍കുട്ടിയുടെ മാനം വികൃതവാക്യങ്ങളുടെ വിഷമുന കൊണ്ട് കുത്തിക്കീറാന്‍ ഒരു മനസറപ്പുമുണ്ടായില്ല, വീരേന്ദ്രകുമാറിനും മാതൃഭൂമി പത്രത്തിനും. അന്ന്, ക്ഷുഭിത യൗവനത്തിന്റെ കരുത്തത്രയും രണ്ടുവാക്കുകളിലാവാഹിച്ച് ഒരു ചെറുപ്പക്കാരന്‍ മാതൃഭൂമിയ്ക്കു നേരെ കാറിത്തുപ്പിയപ്പോള്‍ നാണിച്ച് നടുങ്ങിയത് സ്വദേശാഭിമാനിയുടെയും വക്കം മൗലവിയുടെയും പേരില്‍ അഭിമാനം കൊള്ളുന്ന ഒരു നാടിന്റെ മാധ്യമ പാരമ്പര്യമാണ്. സിന്ധു ജോയിയ്ക്കെതിരെ നടത്തിയ പിതൃശൂന്യ മാധ്യമ പ്രവര്‍ത്തനത്തിന് വീരേന്ദ്രകുമാറില്‍ നിന്ന് സിപിഎം ഈടാക്കിയ പിഴയാണ് കോഴിക്കോട് സീറ്റ്.

മനസേ ഓര്‍ക്കൂ, ചെയ്തതെല്ലാം.

വേദാന്തിയാണ് വീരേന്ദ്രകുമാര്‍. അതുകൊണ്ടാണ് ജനതാദള്‍ സംസ്ഥാന കമ്മിറ്റി യോഗം കഴിഞ്ഞ് പത്രസമ്മേളനത്തില്‍ ഇങ്ങനെ ചില വാചകങ്ങള്‍ അദ്ദേഹം പറഞ്ഞത്...

"വര്‍ഷങ്ങളായി ഇടതുമുന്നണിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ജനതാദള്‍ വിജയത്തിലും പരാജയത്തിലും ഒപ്പം നിന്നിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ ഞങ്ങളുടെ സിറ്റിംഗ് സീറ്റ് പിടിച്ചെടുക്കാന്‍ നടത്തുന്ന ശ്രമം രാഷ്ട്രീയ മര്യാദയല്ല. വിജയസാധ്യത കണക്കിലെടുത്ത് കോഴിക്കോട് സീറ്റ് വേണമെന്നാണ് സിപിഎം ആവശ്യപ്പെടുന്നത്. വിജയവും പരാജയവും തീരുമാനിക്കേണ്ടത് ജനങ്ങളാണ്. അതുകൊണ്ട് രാഷ്ട്രീയമായി നീതീകരിക്കാവുന്ന ഒരു തീരുമാനത്തില്‍ സിപിഎം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്".

രാഷ്ട്രീയമായും അല്ലാതെയും നീതീകരിക്കാവുന്ന എത്രയെത്ര ചെയ്തികളാണ് വീരേന്ദ്രകുമാറിന്റെ വകയായി ചരിത്രത്തില്‍ പതിഞ്ഞു കിടക്കുന്നത്. ആപാദചൂ‍ഡം സരസ്വതീകടാക്ഷത്തില്‍ മുങ്ങി നിവര്‍ന്ന രാഷ്ട്രീയ നേതാവാണ് വീരേന്ദ്രന്‍. ഇടംകൈയിലാണ് പേനയെങ്കില്‍ അനശ്വരങ്ങളായ സാഹിത്യ ചിന്തകള്‍ ഉറവ പൊട്ടും. ഉപകരണം വലംകൈയിലായാല്‍, ആ വാഗ് വര്‍ഷമേറ്റ് സാമ്രാജ്യത്വം കിടിലം കൊള്ളും. ഇടത്തേ കാലുകൊണ്ട് വേദാന്തമെഴുതും, വലത്തേ കാലു കൊണ്ട് യാത്രാവിവരണവും.

‍അസൂയാലുക്കളായ സഹകവികള്‍ മഹാകവി ചങ്ങമ്പുഴയെ വേട്ടയാടിയ ചരിത്രം ആത്മരോഷം ജ്വലിക്കുന്ന വാക്കുകള്‍ കൊണ്ട് വരച്ചിടാന്‍ ഒരേയൊരു രാഷ്ട്രീയ നേതാവേയുണ്ടായുളളൂ ഭൂമി മലയാളത്തില്‍. ആളുമസൂയയുടെ കൂരിളിലിരുന്ന് കൂവിത്തിമര്‍ത്ത ഊളന്മാരെക്കുറിച്ച് വീരേന്ദ്രകുമാര്‍ ആഞ്ഞടിച്ചപ്പോള്‍, താന്‍ പെറ്റ ആണ്‍കുട്ടിയെ ഓര്‍ത്ത് സാഹിതീകൈരളി പുളകം കൊണ്ടു. "ചങ്ങമ്പുഴ : വിധിയുടെ വേട്ടമൃഗം" എന്ന പുസ്തകത്തിന്റെ ഓരോ പേജും ലേഖകന്റെ ചിന്തകളുടെ ചൂടു താങ്ങാനാവാതെ പുകഞ്ഞ് നീറുകയാണെന്ന് വായിച്ചവര്‍ ഏകസ്വരത്തില്‍ സമ്മതിക്കും.

പ്രസ്തുത പുസ്തകത്തില്‍ "ആത്മരോഷത്തിന്റെ സ്വരം" എന്നൊരു അധ്യായമുണ്ട്. കപടലോകത്തില്‍ വിഹരിക്കുന്ന സാഹിത്യക്കുശുമ്പന്മാരുടെയും കുതികാല്‍ വെട്ടുകാരുടെയും പൊയ്മുഖങ്ങളെ കടുത്ത ചായക്കൂട്ടില്‍ വരച്ചുകാണിക്കാനാണ് പാടുന്ന പിശാചില്‍ ചങ്ങമ്പുഴ ശ്രമിക്കുന്നതെന്ന് വീരേന്ദ്രകുമാര്‍ തീര്‍ച്ചപ്പെടുത്തുന്നുണ്ട്. തനിക്കു നേരെ വിമര്‍ശനമുണ്ടായപ്പോള്‍ കവിതയെഴുതി പ്രതികരിച്ച ചങ്ങമ്പുഴയോട് വീരേന്ദ്രകുമാറിന് സഹതാപം തോന്നുക സ്വാഭാവികം. കാരണം അദ്ദേഹത്തിന്റെ മാര്‍ഗം തികച്ചും വ്യത്യസ്തമാണ്.

മനസേ, ഓര്‍ക്കുക, ക്രൈമിന്റെ താളുകള്‍ അഴിക്കോടിനെതിരെ വിഷം ചീറ്റിയപ്പോള്‍ തലതാഴ്ത്തി കണ്ണീരൊഴുക്കിയ മലയാളത്തിന്റെ വേദന.

മലയാളിയുടെ ഉമ്മറക്കോലായില്‍ സ്വന്തം മോന്ത പൊതുദര്‍ശനത്തിനു വെയ്ക്കാന്‍ നാണമില്ലായ്മയുടെ പടച്ചട്ടയണിഞ്ഞ് ഒരു പത്രമുതലാളി മോണിംഗ് വാക്കിനിറങ്ങിയതിനെതിരെ രൂക്ഷപരിഹാസം ചൊരിഞ്ഞതാണ് അഴിക്കോട് ചെയ്ത തെറ്റ്. വാക്കുകളുടെ അലയൊടുങ്ങാത്ത സാഗരത്തെ നാവിന്‍തുമ്പില്‍ തളച്ചിട്ട് പോരു വിളിക്കാനിറങ്ങിയ അഴിക്കോടിനെ നേരിടാന്‍ വാടകപ്പേനകളുടെ ഊന്നുവടികളില്‍ സാഹിത്യനായകനായ തനിക്ക് കഴിയില്ലെന്ന് ബോധ്യമുളളതു കൊണ്ട്, ചങ്ങമ്പുഴയെപ്പോലെ
"നല്ലതിരുട്ടാണ്, കാണ്മുന്നില്‍ കാണിക്കു
കില്ലസൂയ തന്‍ രൂക്ഷതകള്‍
സ്വീകരിക്കുന്നു ഞാന്‍ സന്തോഷപൂര്‍വമീ
യേകാന്തതയും കൊടും തണുപ്പും" എന്നെഴുതി നല്ല പിളള ചമയാനൊന്നും നിന്നില്ല.

അനന്തരം ക്രൈം നന്ദകുമാര്‍ രംഗത്തിറങ്ങി. ഓര്‍ക്കാനറയ്ക്കുന്ന പുലയാട്ടിന് സാക്ഷര കേരളം സാക്ഷിയായി.
"തണ്ടലര്‍ പൂക്കുന്നോരിങ്ങുളള പൊയ്കയി
ലുണ്ടറയ്ക്കുന്ന നീര്‍ക്കോലികളും
ചേറും കൃമികളും കേറാതെ മഞ്ജിമ
ചേരുന്ന മാനസം മന്നിലി"ല്ലെന്ന ചങ്ങമ്പുഴയുടെ വരികള്‍ അച്ചട്ടായി.

മനസേ ഓര്‍ക്കുക, സ്വന്തം പെങ്ങള്‍ക്കെതിരെ മഞ്ഞപ്പരമ്പരയെഴുതാന്‍ മാതൃഭൂമിത്താളുകളെ ആയുധമാക്കിയ വീരേന്ദ്ര കുമാറിന്റെ രാഷ്ട്രീയ സാമൂഹ്യ മര്യാദകളെ...

മനസേ ഓര്‍ക്കുക, കോഴിക്കോട് മേയറായിരുന്ന എം കെ പ്രേമജത്തെ പഥികനെന്ന പേരില്‍ അശ്ലീലക്കഥയെഴുതി അപമാനിച്ച മഞ്ഞപ്പത്ര പാരമ്പര്യത്തെ....

മനസേ ഓര്‍ക്കുക...സിപിഎമ്മില്‍ നടക്കുന്ന ഗ്രൂപ്പുപോരില്‍ ഒരു വിഭാഗത്തിന്റെ മുഖപത്രമായി വേഷം കെട്ടിയ മാതൃഭൂമിയെ. ഗ്രൂപ്പു പകമൂത്ത് വിഎസ് പക്ഷ രാജവെമ്പാലകള്‍ ചീറ്റിയ കൊടും വിഷത്തെ മടിയില്ലാതെ കോരിയെടുത്ത് സ്വന്തം കണ്ടെത്തലെന്ന മട്ടില്‍ അച്ചടിമഷി പുരട്ടി അവതരിപ്പിച്ച തൊലിക്കട്ടിയെ...പി പി ശശീന്ദ്രനും, ആര്‍ ഹരികുമാറും കെ എം ജോഷിയുമടങ്ങുന്ന സിന്‍ഡിക്കേറ്റ് പട ആളിക്കത്തിയ മലപ്പുറം സമ്മേളന നാളുകളെ..

വീരേന്ദ്ര കുമാറിന്റെ കോഴിക്കോട് ജാതകം മാറ്റിയെഴുതാനുളള തീരുമാനം മലപ്പുറം സമ്മേളന കാലത്തു തന്നെ സിപിഎം കൈക്കൊണ്ടിട്ടുണ്ടാകണം. മുഖത്തു നോക്കി സ്തുതിക്കുകയും പത്രം വഴി നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവരെ വെച്ചു വാഴിക്കാന്‍ തലയ്ക്ക് സ്ഥിരതയില്ലാത്തവരല്ലല്ലോ സിപിഎമ്മിനെ നയിക്കുന്നത്!

മനസേ ഓര്‍ക്കുക, ഇടതുമുന്നണി യോഗത്തിനെത്തുമ്പോള്‍ നിറഞ്ഞു കത്തുന്ന വെളുത്ത ചിരിയ്ക്കടിയില്‍ ഊറി നിറഞ്ഞു കിടക്കുന്നത് കാളകൂട വിഷത്തിന്റെ തടാകമാണെന്ന് പിണറായി വിജയനു ബോധ്യമായെന്ന സത്യത്തെ..

അദ്വൈത വേദാന്തത്തിലും ഭാരതീയ ദാര്‍ശനിക പാരമ്പര്യത്തിലും അത്യുല്‍കൃഷ്ടമായ പാണ്ഡിത്യമുളളതു കൊണ്ട് വിജയവും പരാജയവും തീരുമാനിക്കുന്നത് ജനങ്ങളാണെന്ന സത്യം അദ്ദേഹത്തിനറിയാം. തങ്ങളുടെ വിധി കോഴിക്കോട്ടുകാര്‍ തീരുമാനിച്ചാല്‍ മതിയെന്നാണ് അദ്ദേഹത്തിന്റെ ഖണ്ഡിതമായ അഭിപ്രായം. വയനാട്ടുകാരെ നാട്ടുകാരായേ വീരേന്ദ്രകുമാറും പാര്‍ട്ടിയും കണക്കാക്കിയിട്ടുളളൂ. കോഴിക്കോട്ടെ ജനമാണ്, ജനം.

ജനിച്ചു വളര്‍ന്ന നാട്ടിലല്ലേ സാധ്യതയും സ്വാധീനവും കൂടുതലുണ്ടാകേണ്ടത് എന്ന് പഴമനസുകള്‍ക്ക് സംശയം തോന്നാം. മനസേ ഓര്‍ക്കുക, "ശാന്തപ്പന്റെ മരണം കടങ്കഥയോ?" എന്ന മാതൃഭൂമി പരമ്പരയെ, ആട്ടുകല്ലുമൂല എന്ന സ്ഥലത്തെ..

"മനസേ ഓര്‍ക്കൂ, ചെയ്തതെല്ലാം" എന്ന ലേഖന പരമ്പരയിലൊരിടത്ത് വീരേന്ദ്ര കുമാര്‍ ഇങ്ങനെ എഴുതുന്നു.

"......ജീവദശയില്‍ ഒരുവന് അന്യരില്‍ നിന്നു കിട്ടിയ നന്മയും തന്നെക്കൊണ്ട് മറ്റുളളവര്‍ക്ക് കൈവന്ന നന്മയും ഓര്‍ത്തുകൊണ്ട് ദേഹം വെടിയാന്‍ കഴിയണം.."

അത്രയുമൊന്നും വേണ്ട.. ചെയ്തതൊക്കെ ഓര്‍ത്ത് ചുരുങ്ങിയ പക്ഷം കോഴിക്കോട് സീറ്റെങ്കിലും വെടിയാന്‍ കഴിയേണ്ടേ, സാക്ഷാല്‍ വീരേന്ദ്രകുമാറിന്?