വിഭ്രാന്തിയുടെ പെരുംചുഴികളിലേയ്ക്ക് കാളകളെ എടുത്തെറിയാനുളള ചുവപ്പിന്റെ കരുത്ത് ബൂലോഗം തിരിച്ചറിഞ്ഞ ഒരു തെരഞ്ഞെടുപ്പുകാലമാണ് കടന്നു പോയത്. ചുവപ്പു കണ്ടാല്‍ ഓക്കാനവും ഛര്‍ദ്ദിലും വരുന്നവരും നാവില്‍ കൊടുംതെറിയുടെ കൊടുങ്ങല്ലൂര്‍ പൂരം കൊടിയേറുന്നവരും ഉടുതുണി പറിച്ചെറിഞ്ഞ് ഉറഞ്ഞുതുളളാന്‍ ദേഹമാസകലം തരിപ്പു പടരുന്നവരും ഉച്ചി മുതല്‍ ഉളളംകാലുവരെ വരട്ടു ചൊറിയുടെ ഉറവ പൊട്ടിയൊഴുകുന്നവരും ഈ തെരഞ്ഞെടുപ്പുകാലത്ത് മുഖംമൂടി അഴിച്ചുവെയ്ക്കാന്‍ നിര്‍ബന്ധിതരായി.
വെളിവാക്കപ്പെട്ട രാഷ്ട്രീയനിലപാടിനു നേരെ അവരുടെ ചൂണ്ടുവിരല്‍ നീണ്ടപ്പോള്‍ ഒളിച്ചു വെച്ച സ്വന്തം രാഷ്ട്രീയത്തിനു നേരെ തങ്ങളുടെ തന്നെ മൂന്നു വിരലുകളാണ് നീണ്ടതെന്ന് അവരറിഞ്ഞില്ല. ഫലം, "പുതിയ മാധ്യമങ്ങളെ, പുതിയ ശീലങ്ങളെ, പുതിയ ശബ്ദങ്ങളെ ശീലിക്കണ"മെന്ന് ഉപദേശിച്ചു നടന്നവരുടെ കീബോര്‍ഡില്‍ നിന്നു മുഴങ്ങിയ പുലയാട്ടിന്റെ പെരുമ്പറയ്ക്കൊപ്പം ഉപദേശിത്തെയ്യങ്ങളുടെ ഉടുപുടവകളും അഴിഞ്ഞു വീണു. "സര്‍ക്കാസ"മെന്ന് വ്യഭിചരിക്കപ്പെട്ട കൂക്കുവിളികളുമായി പാഞ്ഞു നടന്ന സഹിഷ്ണുതയുടെ തീവണ്ടികള്‍ അപ്രതീക്ഷിതമായി ബ്രേക്ക് ഡൗണായപ്പോള്‍ ബോഗികളിലൊളിപ്പിച്ചിരിക്കുന്നത് വെറുപ്പിന്റെ വെടിപ്പുരകളാണെന്ന് ജനം തിരിച്ചറിഞ്ഞു.
നിലപാടു തുറന്നെഴുതിയാല്‍ മൂക്കത്തു വിരലുവെച്ച് "അയ്യേ" എന്നാട്ടുന്ന വായനക്കാരന്റെ മുഖത്തു നോക്കി "പോടാ പുല്ലേ" എന്നു കാര്‍ക്കിച്ചു തുപ്പാന്‍ അര നിമിഷം പോലും വൈകരുതെന്ന സുപ്രധാനപാഠമാണ് ഈ ചുവപ്പു വെറി പകര്‍ന്നു നല്‍കിയത്. തെരഞ്ഞെടുപ്പു പോലൊരു സുപ്രധാന ജനാധിപത്യപ്രക്രിയയില്‍ സക്രിയമായി ഇടപെട്ട് നിലപാട് വ്യക്തമാക്കിയ ബ്ലോഗുകളില്‍ അസഹിഷ്ണുതയുടെയും അസൂയയുടെയും ഏറുപടക്കങ്ങള്‍ വന്നു വീണത് ബ്ലോഗിലെ അതിതീവ്രമായ ഒരു മനോരോഗത്തെയാണ് സൂചിപ്പിക്കുന്നത്. "അയ്യോ നിങ്ങളും ഈ വിവരദോഷികള്‍ക്കൊപ്പമാണെന്ന് ഞാനറിഞ്ഞിരുന്നില്ലെ"ന്ന നിഷ്കളങ്ക നാട്യത്തിനു പിന്നില്‍ മരുന്നുകള്‍ക്ക് ഭേദമാക്കാനാവാത്ത ഫ്യൂഡല്‍ ഭ്രാന്താണ്.
പകല്‍വെളിച്ചത്തില്‍ തല പുറത്തിട്ട് നാവു നീട്ടി പത്തിവിരിച്ച് വിഷം ചീറ്റിയാല്‍ അടുത്ത നിമിഷം നെറുംതല തകര്‍ന്ന് തരിപ്പണമാകുമെന്ന് തിരിച്ചറിഞ്ഞവരുടെ പുതിയ നമ്പരാണ്, "അയ്യേ, നിങ്ങളും ഇതായിരുന്നോ" എന്ന നിഷ്കളങ്കത. എതിര്‍ത്തു തോല്‍പ്പിക്കാനാവില്ലെങ്കില്‍ പിന്നെ സ്നേഹിച്ചും സഹതപിച്ചും അതിനു കഴിയുമോയെന്ന അവസാനശ്രമം. അന്യന്റെ രാഷ്ട്രീയത്തോട് ഏറ്റുമുട്ടാന്‍ സ്വന്തം നിലപാടുകള്‍ക്ക് ഉള്‍ബലമില്ലെന്ന് ബോധ്യപ്പെട്ടവരുടെ മുഖത്തിപ്പോള്‍ എന്തൊരു "ഖേദം".. കദനഭാരമഥിതമാണവരുടെ മാനസം. വദനങ്ങളാകട്ടെ, ക്ലാന്തി കൊണ്ട് വിവര്‍ണവും.
നിങ്ങളില്‍ നിന്ന് ഞാനിതല്ല പ്രതീക്ഷിച്ചതെന്ന് എഴുത്തുകാരനോട് പറയുന്ന വായനക്കാരനെ സൂക്ഷിക്കുക തന്നെ വേണം. "ഞാന്‍ പ്രതീക്ഷിക്കുന്നതാണ് നിങ്ങള്‍ എഴുതുകയും പറയുകയും ചെയ്യേണ്ടത്" എന്നാണ് അതിന്റെ മറുപുറം. വായനക്കാരന്റെ ഇഷ്ടത്തിനു വിരുദ്ധമായ നിലപാട് എഴുത്തുകാരന്‍ കൈക്കൊണ്ടാല്‍ കമന്റു ബോക്സില്‍ വിസര്‍ജ്യം നിറയ്ക്കുമെന്നാണ് ഭീഷണി. നിരുപദ്രവകരമെന്ന് തോന്നുന്ന പോസ്റ്റുകളില്‍, "കേമം", "ഗംഭീരം", "എഴുത്തുകാരന്‍ജീ അത്യുദാത്തം, കോള്‍മയിര്‍ കൊളളിക്കുന്ന ഭാഷ, ഞാനങ്ങു പൂത്തുലഞ്ഞു കേട്ടോ", "ഇങ്ങനെയെഴുതാന്‍ എങ്ങനെ കഴിയുന്നു, എന്തൊരു ഗരിമയാണ് താങ്കളുടെ അറിവിന്, എന്തൊരുള്‍ക്കനമാണ് താങ്കളുടെ ഭാഷയ്ക്ക്, ഹോ, ഈ ബ്ലോഗു വായിക്കാന്‍ എനിക്കു കഴിഞ്ഞത് മുജ്ജന്മസുകൃതം തന്നെ" എന്നൊക്കെ പലപ്പോഴായി എഴുതിയ പൂവമ്പഴക്കമന്റുകള്‍ക്ക് പ്രതിഫലമായി എഴുത്തുകാരന്റെ തലച്ചോറാണ് വായനക്കാരന്‍ പ്രതിഫലമായി ചോദിക്കുന്നത്.
പരാജിതന്‍ ഡിസൈന്‍ ചെയ്ത പോസ്റ്റര്‍ ഓരോരുത്തരും സ്വന്തം ബ്ലോഗുകളിലാണ് പതിച്ചതെന്ന വസ്തുത പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പീപ്പിള്‍ എഗെയിന്‍സ്റ്റ് ഗ്ലോബലൈസേഷന്‍ എന്ന സംഘടനയുടെ ലഘുലേഖയുടെ സംഗ്രഹവും അവരവരുടെ ബ്ലോഗില്‍ തന്നെയാണ് നല്‍കിയത്. "ഞങ്ങളിതാ പോസ്റ്റര്‍ പതിച്ചിരിക്കുന്നേ, ഞങ്ങളുടെ നിലപാടിതാ കാച്ചിക്കുറുക്കി അവതരിപ്പിച്ചേ" എന്ന് കമന്റു പോസ്റ്ററുകള്‍ ആരുടെയും തറവാട്ടു ചുമരുകളില്‍ ആരും പതിച്ചില്ല.
"ഞങ്ങളുടെ വോട്ട് എല്‍ഡിഎഫിന്, നിങ്ങളും വോട്ടു ചെയ്യേണ്ടത് എല്‍ഡിഎഫിന്" എന്ന് ആരെയും കമന്റെഴുതി ആഹ്വാനം ചെയ്തില്ല. പുതിയ പോസ്റ്റിലേയ്ക്ക് ആളെക്കൂട്ടാന്‍ മറ്റുബ്ലോഗുകളില്‍ കമന്റു ചൂണ്ടയെറിയുന്ന ഉഡായിപ്പിലൂടെ രാഷ്ട്രീയ പ്രചരണം നടത്താനും ആരും തുനിഞ്ഞില്ല.
ആത്മപ്രകാശനത്തിനുളള ഏറ്റവും നല്ല ഉപാധിയായി വിവക്ഷിക്കപ്പെടുന്ന ബ്ലോഗുകളില്‍ സ്വന്തം രാഷ്ട്രീയ നിലപാട് വ്യക്തമാക്കുന്നതിന് നിലവില്‍ തടസങ്ങളേതുമില്ല. ഗൂഗിളോ വേഡ്പ്രസോ നാട്ടില്‍ നിലനില്‍ക്കുന്ന നിയമങ്ങളോ അതിന് വിലക്കുകളൊന്നും ഏര്‍പ്പെടുത്തുന്നില്ല. ആദ്യകാല ഉപഭോക്താക്കള്‍ക്ക് എന്തെങ്കിലും കൂടുതല്‍ അവകാശാധികാരങ്ങള്‍ വേഡ്പ്രസോ ബ്ലോഗറോ നല്‍കുന്നതായി അറിവില്ല. അപ്പോള്‍ പിന്നെ എന്താണ് പ്രശ്നം, ആര്‍ക്കാണ് പ്രശ്നം...?.
ഉത്തരം കിട്ടണമെങ്കില്‍ മലയാള ബ്ലോഗിംഗിന്റെ ഉത്ഭവം പരിശോധിക്കണം. റേഡിയോയും ടെലിവിഷനും പത്രങ്ങളും പോലെ, അല്ലെങ്കില്‍ അതിന്റെയെല്ലാം കണ്‍വെര്‍ജെന്‍സ് സാധ്യമാക്കുന്ന മറ്റൊരു മാധ്യമമാണ് ബ്ലോഗെന്ന വസ്തുത മറന്ന്, ബ്ലോഗെഴുത്തുകാരില്‍ കുടുംബസ്നേഹം വളര്‍ത്തുകയായിരുന്നു മലയാളം ബ്ലോഗിംഗിലെ ആദ്യതലമുറയുടെ ലക്ഷ്യം. ഫലം, പലരും "ഏട്ടന്മാരും ഏച്ചിമാരു"മായി. ചന്ത്രക്കാരന്‍ ഒരിക്കല്‍ ചൂണ്ടിക്കാണിച്ചതു പോലെ, ഭാഗ്യമോ നിര്‍ഭാഗ്യമോ, ആരും ആരെയും അച്ഛനെന്ന് മാത്രം വിളിച്ചില്ല. പക്ഷേ അപ്പോഴും എഴുത്തച്ഛന്മാരെ വാഴിക്കാന്‍ ചിലരെങ്കിലും മറന്നുമില്ല.
സിനിമാരംഗത്താണ് ഈ പതിവ് ഇതിനു മുമ്പ് നാം കണ്ടിട്ടുളളത്. സിനിമാപ്പാട്ടു പാടുന്ന യേശുദാസ് പലര്‍ക്കും ദാസേട്ടനാണ്. അതേസമയം കച്ചേരി പാടുന്ന ഡോ. ബാലമുരളീകൃഷ്ണയെ ആരും ബാലേട്ടായെന്ന് വിളിക്കാറില്ല. കെ എസ് ചിത്രയെ ചിത്രേച്ചിയെന്ന് വിളിക്കുന്ന നാവില്‍ എം എസ് സുബ്ബലക്ഷ്മി സുബ്ബേച്ചിയും ലക്ഷ്മിയേച്ചിയുമായില്ല. കരണക്കുറ്റിക്ക് എത്ര കിട്ടിയാലും മമ്മൂട്ടിയെ മമ്മുക്കെയെന്നേ ആരാധകന്‍ വിളിക്കൂ.. മോഹന്‍ലാല്‍ ലാലേട്ടനും.
വ്യക്തിപരമായി ഒരു പരിചയവുമില്ലാത്തവരെ, ജീവിതത്തിലൊരിക്കലും നേരില്‍കാണുകയോ സംസാരിക്കുകയോ ചെയ്യുമെന്ന് യാതൊരുറപ്പുമില്ലാത്തവരെ ഏട്ടന്മാരും ഏച്ചിമാരുമാക്കി തങ്ങളുടേതാക്കുന്ന കുലീനപ്പൊങ്ങച്ചത്തിന്റെ ബ്ലോഗ് രൂപമാണ് തിരശീല പൊങ്ങിയപ്പോള്‍ അരങ്ങില്‍ ചാടിക്കേറി ആടിത്തിമിര്‍ത്തത്. അര്‍ഹിക്കേണ്ടവരെ ബഹുമാനിക്കാനറിയാവുന്ന വിനീതന്മാരെയോര്‍ത്ത് കാരണവക്കോലങ്ങള്‍ പുളകമണിഞ്ഞു. തറവാടെന്നും കുടുംബമെന്നും നാലുകെട്ടെന്നുമൊക്കെയുളള പദപ്രയോഗങ്ങള്‍ തികച്ചും യാദൃശ്ചികമായല്ല ബൂലോഗത്ത് പ്രത്യക്ഷപ്പെട്ടതെന്ന് പില്‍ക്കാല സംഭവങ്ങള്‍ തെളിയിച്ചു. ഫ്യൂഡല്‍ കുടുംബങ്ങളുടെ അധികാരഘടനയെ അതേപടി ഒരു മാധ്യമത്തില്‍ പ്രതിഷ്ഠിക്കാനും ഇളമുറക്കാരെയൊക്കെ കണ്ണുരുട്ടിയും കയ്യോങ്ങിയും തെറിവിളിച്ചും ഊണു വിലക്കിയും ചൊല്‍പ്പടിക്കു നിര്‍ത്താനും കാരണവന്മാര്‍ കൊണ്ടുപിടിച്ചു ശ്രമിച്ചു.
കമന്റുതുളളികളായി ബ്ലോഗില്‍ പൊഴിഞ്ഞു വീണ ബഹുമാനം നിലനിര്‍ത്തേണ്ടത് ഒരിക്കലതു കിട്ടിയവന്റെ ബാധ്യതയാണല്ലോ. പുതിയ ബ്ലോഗര്‍മാര്‍ക്കുളള മാര്‍ഗനിര്‍ദ്ദേശങ്ങളിലൂടെയാണ് ഉളളിലിരിപ്പുകള്‍ പുറത്തു വന്നത്. ഒരു മാധ്യമമെന്ന കടമ നിര്‍വഹിക്കുന്നതില്‍ നിന്ന് ബ്ലോഗിനെ തടയുന്ന യുക്തികളും വാദങ്ങളുമാണ് പ്രഥമദൃഷ്ട്യാ നിരുപദ്രവകരമെന്ന് തോന്നിക്കുന്ന തിട്ടൂരങ്ങളില്‍ നിന്ന് വായിച്ചെടുക്കേണ്ടത്.
പുതിയൊരു റേഡിയോ നിലയമോ, പത്രമോ, വാരികയോ, ടെലിവിഷന്‍ ചാനലോ ആരെങ്കിലും തുടങ്ങുമ്പോള്‍ നിലവിലുളളവര്‍ കൂടിച്ചേര്‍ന്ന് പുതിയവര്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച ചരിത്രമൊന്നും ഒരു ലോകത്തിന്റെയും മാധ്യമ ചരിത്രത്തിലില്ല. പക്ഷേ, മലയാള ബ്ലോഗിംഗില്‍ പുതിയ ബ്ലോഗര്‍മാര്‍ പാലിക്കേണ്ട സാമാന്യ മര്യാദകള്‍ എന്ന പേരില്‍ തന്നെ ഉപദേശമെത്തി. ബ്ലോഗര്‍മാര്‍ക്ക് സര്‍വ സ്വാതന്ത്ര്യവുമുണ്ടെന്ന് മനസില്ലാമനസോടെ അംഗീകരിക്കുമ്പോഴും സാമാന്യബുദ്ധിയ്ക്കും പക്വതയ്ക്കും നിരക്കുന്ന പോസ്റ്റുകള്‍ വേണമെന്നായിരുന്നു ആദ്യകല്‍പന.
ആരുടെ സാമാന്യബുദ്ധിയ്ക്കു നിരക്കുന്നതാണ് എഴുതേണ്ടതെന്നോ, പക്വതയളക്കാന്‍ തെര്‍മോ മീറ്ററുമായി കാത്തിരിക്കുന്നതാരെന്നോ തിരിച്ചു ചോദിക്കാന്‍ അന്നാര്‍ക്കും നാവു പൊന്തിയില്ല. ആരൊക്കെയോ ചേര്‍ന്ന് വെട്ടിമാറ്റിയാല്‍ പിന്നെ ഇരുട്ടത്തിരുന്നു ബ്ലോഗേണ്ടി വരുമെന്ന ഭീഷണിയില്‍ നിഴലിച്ച ഔദ്ധത്യത്തെ പിടിച്ചിറക്കി കരണക്കുറ്റിക്കൊന്നു കൊടുക്കണമെന്ന് അന്നത്തെ ഇളമുറക്കാര്‍ക്കാര്‍ക്കും തോന്നിയതുമില്ല. ചൊല്ലുവിളി കേട്ട് വളര്‍ന്ന് കാര്‍ന്നോന്മാരുടെ നല്ല സര്‍ട്ടിഫിക്കറ്റു നേടി ബൂലോഗ ദര്‍ബാറിലൊരു സ്വര്‍ണക്കസേര നേടാന്‍ കൊതിച്ചവരായിരുന്നു, അക്കാലത്ത് ഭൂരിപക്ഷമെന്നു കരുതുന്നതാവും ശരി.
തലതെറിച്ചവന്മാര്‍ അന്ന് സ്വീകരിച്ചത് ഒരുപക്ഷേ അവഗണനയെന്ന ആയുധമായിരിക്കാം. എന്നാല്‍ ബൂലോഗക്ലബില്‍ ഇപ്പോഴും കിടക്കുന്ന ആ പോസ്റ്റില്‍, "ഇതൊക്കെ പറയാന്‍ താനാരുവ്വാ" എന്നൊരു അനോണിക്കമന്റുപോലുമില്ലെന്നത് തിരിഞ്ഞു നോക്കുമ്പോള്‍ ഒരു മഹാത്ഭുതമായിത്തന്നെ തുടരുന്നു. മലയാളികളല്ലായിരുന്നോ അന്ന് മലയാളം ബ്ലോഗിലെഴുതിയിരുന്നത്!!!
പുതുതായി വരുന്നവര്‍ക്ക് അവശ്യം വേണ്ട സാങ്കേതികോപദേശങ്ങള്‍ നല്‍കാന്‍ വിദഗ്ധര്‍ മുന്നോട്ടു വരുന്നതിന്റെ സാംഗത്യം നമുക്കു മനസിലാകും. എന്നാല്‍ ബ്ലോഗിന്റെ ഉളളടക്കത്തിന്മേല്‍ ആധിപത്യം സ്ഥാപിക്കാനുളള നിര്‍ദ്ദേശങ്ങളും അവ ലംഘിക്കപ്പെട്ടാലുണ്ടാകുന്ന പ്രത്യാഘാതത്തെക്കുറിച്ചുളള സൂചനകളും നിര്‍ഭയമായിത്തന്നെ മുന്നോട്ടുവെയ്ക്കപ്പെട്ടു. സംഘടിത ബ്ലോഗിലായിരുന്നു ഈ സെന്‍സര്‍ നിയമങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. ഇന്നായിരുന്നുവെങ്കില്‍ ഒരു സംശയവും കൂടാതെ കൂവിയോടിക്കപ്പെടുമായിരുന്ന നിര്‍ദ്ദേശങ്ങളായിരുന്നു അവ. ചെറുതെന്നോ വലുതെന്നോ, പരിചയ സമ്പന്നനെന്നോ പുതുമുഖമെന്നോ വ്യത്യാസമില്ലാതെ ആ കൃത്യം നിര്‍വഹിക്കാന്‍ മഹാഭൂരിപക്ഷവും സ്വമേധയാ രംഗത്തു വരുമായിരുന്നു.
ബ്ലോഗു രാഷ്ട്രീയം നിരീക്ഷിക്കുന്നവര്‍ക്ക് ഇതൊരൊന്നാന്തരം കേസ് സ്റ്റഡിയാണ്. പക്വവും സാമാന്യബുദ്ധിയ്ക്കു നിരക്കുന്നതുമായ പോസ്റ്റുകളല്ലെങ്കില്‍ ഇരുട്ടത്തിരുന്ന് ബ്ലോഗേണ്ടി വരുമെന്ന ഭീഷണി, നേരിയ എതിര്‍പ്പിനു പോലും വിധേയമാകാതെ ഒരുവശത്ത്, തെരഞ്ഞെടുപ്പുകാലത്ത് ബ്ലോഗില്‍ പ്രത്യക്ഷപ്പെട്ട ചുവപ്പു പോസ്റ്ററിനെതിരെ കൂക്കുവിളിയും തുണി പൊക്കിക്കാണിക്കലും മറുവശത്ത്. മലയാള ബ്ലോഗില്‍ തുടക്കം മുതല്‍ ഉണ്ടായിരുന്നവരില്‍ ചിലര്‍ അന്ന് പുലര്‍ത്തിയ നിശബ്ദതയും ഇന്ന് കാണിക്കുന്ന പരിഭ്രാന്തിയും കൂട്ടിച്ചേര്‍ത്ത് വായിക്കേണ്ടതുണ്ട്.
അന്ന് മൗനം കൊണ്ട് അനുഗ്രഹിച്ച ആ ചിന്താഗതി നടക്കാതെ പോയതിന്റെ ചൊരുക്കാണ് മറ്റൊരു സവിശേഷ സന്ദര്‍ഭത്തില്‍ ഭീതിയായി പുറത്തു വരുന്നത്. ബ്ലോഗെന്നാല്‍ ഇതൊന്നുമല്ലെന്ന ബോധപൂര്‍വമോ അല്ലാതെയോ ഉളള ശാഠ്യങ്ങളാണ് ചില സംഭവങ്ങള്‍ കാണുമ്പോള്‍ മറ്റാര്‍ക്കുമില്ലാത്ത ചൊറിച്ചിലും പുകച്ചിലും ചിലര്‍ക്കു മാത്രം ഉണ്ടാകുന്നതിന് കാരണം.
എതിര്‍പ്പും വിയോജിപ്പും ഏറ്റവും ശക്തമായി പ്രകടിപ്പിക്കുന്നതിന് ഒരു തടസവും ഇന്ന് ബ്ലോഗിലില്ല. ഏതുതരത്തിലുമുളള ചര്‍ച്ചയ്ക്കു വഴങ്ങും വിധം വിശാലമാണ് ബ്ലോഗിന്റെ ഇടങ്ങള്‍.
ആരെയും ഭയക്കാതെ പറയാനുളളത് പറയാന്‍ തന്റേടമുളളവര്‍ എത്രയോ പേര്‍ ഇന്ന് ബ്ലോഗെഴുതുന്നുണ്ട്. സുജനമര്യാദയുടെ ഫ്യൂഡല്‍ ബോധങ്ങള്‍ അവരുടെ പടിക്കു പുറത്താണ്. തെറി പറയേണ്ടിടത്ത് തെറിപറയാനും പൊട്ടിത്തെറിക്കേണ്ടിടത്ത് പൊട്ടിത്തെറിക്കാനും പത്തലെടുത്ത് പുറകേ പായേണ്ടിടത്ത് അതു ചെയ്യാനും മടിയേതുമില്ലാത്തവരാണ് ഇന്നേറെയും. അതിനുളള സ്വാതന്ത്ര്യം എല്ലാവര്‍ക്കും ഒരുപോലെയാണ്. വസ്തുത
അതായിരിക്കേ, "അയ്യേ നിങ്ങളും ഒരു തുക്കടാ രാഷ്ട്രീയക്കാരനാണോ, നിങ്ങള്‍ക്ക് വേറെ പണിയൊന്നുമില്ലേ" എന്ന പൂച്ചിലാണ്ടങ്ങളുമായി ഇറങ്ങുന്നവരുടെ ഉളളിലിരുന്ന് ചീറുന്നത് ഫ്യൂഡല്‍ പാമ്പുകളാണ്. രാജവെമ്പാലകളെന്ന് നടിക്കുന്നവര്‍ക്ക് പക്ഷേ നീര്‍ക്കോലിയുടെ പടുക്ക പോലുമില്ല. ദുര്‍ബലമായ ചിന്തയും ക്ഷണികമായ നിലപാടുകളുമായി ഒരു ബ്ലോഗില്‍ നിന്ന് മറ്റൊന്നിലേയ്ക്ക് അവര്‍ പറന്നു കളിക്കുന്നു. "കേട്ടുവോ എന്നുടെ ഒച്ച വേറെട്ടെ"ന്ന് ദയനീയമായി ചോദിക്കുന്നു.
വ്യത്യസ്തമായ രാഷ്ട്രീയാഭിപ്രായങ്ങള്‍ തമ്മില്‍ അതിരൂക്ഷമായ ഏറ്റുമുട്ടലുണ്ടാകുന്നത് പുതുമയൊന്നുമല്ല. വാദങ്ങളിലെ യുക്തിയും വസ്തുതകളുടെ പ്രസക്തിയും യാഥാര്‍ത്ഥ്യവുമൊക്കെ നിശിതമായ അപഗ്രഥനത്തിനും നിഷ്ഠുരമായ വിലയിരുത്തലിനും വിധേയമാക്കണം. യുക്തിബോധത്തിന്റെ ജ്വലിക്കുന്ന അഗ്നികുണ്ഡങ്ങളില്‍ കിടന്ന് നിലപാടുകള്‍ ഉരുകിത്തെളിയണം. അതിലാര്‍ക്കും എതിര്‍പ്പില്ല. രാഷ്ട്രീയ സംവാദത്തിന്റെ വേദികളില്‍ നിന്ന് നിശിത പരിഹാസത്തിന്റെ വളളിച്ചൂരലുകള്‍ പുളഞ്ഞുയരുമെന്ന് ആരും ആര്‍ക്കും പറഞ്ഞു കൊടുക്കേണ്ടതുമല്ല.
ഒരെഴുത്തുകാരന്‍ തന്റെ രാഷ്ട്രീയ നിലപാടും അതിലെത്താനുളള കാരണങ്ങളും വിശദമാക്കുമ്പോള്‍, "നിങ്ങളില്‍ നിന്ന് ഞാനിത് പ്രതീക്ഷിച്ചില്ലെ"ന്നും, പ്രതീക്ഷിക്കാത്തത് സംഭവിച്ചപ്പോഴുളള "ഖേദ"വും "പഠിച്ച് ബാലന്‍സ് ചെയ്തേ പോസ്റ്റിടൂവെന്ന വാദം പൊളിഞ്ഞേ"യെന്ന ആര്‍പ്പുവിളിയും "വെറുതേ ഒരു പോസ്റ്റിന്മേല്‍ പുലര്‍ന്ന കൊടും നിരാശ"യുമൊക്കെ ഒരു വലിയ നിരാശയില്‍ നിന്ന് ഉടലെടുത്തതാണ്. ഇയാളും തങ്ങളിലൊരാളാണെന്ന നെടുനാളത്തെ വിശ്വാസം അപ്രതീക്ഷിതമായി ഉടഞ്ഞു തകര്‍ന്നതിന്റെ വിമ്മിഷ്ടം. അല്ലെങ്കില്‍ ഒരാള്‍ തന്റെ രാഷ്ട്രീയ വിശ്വാസം വെളിപ്പെടുത്തുമ്പോള്‍ വേറൊരാളിന് ഖേദം തോന്നേണ്ട കാര്യമെന്ത്?
ബ്ലോഗ് എന്ന മാധ്യമം ആരുടെയും തറവാട്ടു സ്വത്തല്ല. ആണെന്ന് കരുതുന്നവരുണ്ടാകാം. പക്ഷേ, ലാറി പേജിന്റെയും സെര്‍ജി ബ്രിന്നിന്റെയും പൂര്‍ണകായ ചിത്രങ്ങള്‍ സ്വന്തം പൂജാമുറിയില്‍ വെച്ച് "എനിക്കു പിറക്കാതെ പോയ എന്റെ അച്ഛന്മാരാണ് നിങ്ങളെ"ന്ന് വിലപിക്കുന്നവരുടെ സ്വകാര്യ സങ്കടങ്ങളെ മാനിക്കേണ്ട ഒരു ബാധ്യതയും ബ്ലോഗെഴുതുന്ന ഒരാള്‍ക്കുമില്ല. ഇഷ്ടമില്ലാത്തതു കാണുമ്പോള്‍ തെറി വിളിച്ചു തുണിയുരിഞ്ഞ് കുണ്ടി കുലുക്കുന്നവര്‍ക്കുളള വേലിപ്പത്തലുകള്‍ കൈയെത്തും ദൂരത്തുണ്ടെന്നും അറിയുക.
അറിയപ്പെടുന്നവരും അംഗീകരിക്കപ്പെടുന്നവരും തങ്ങളുടെ രാഷ്ട്രീയാഭിമുഖ്യം പരസ്യമായി വെളിപ്പെടുത്തുന്നതു കാണുമ്പോള്‍ ചൊറിച്ചിലനുഭവിക്കുന്നവര്‍ അത് ചൊറിഞ്ഞു തന്നെ തീര്‍ക്കുന്നതാണ് നല്ലത്. കതക് ചേര്‍ത്തടച്ച് ലൈറ്റും ഓഫ് ചെയ്ത് പുറത്തറിയാതെ ചൊറിയുന്നതായിരിക്കും ഉത്തമം. ചൊറിച്ചിലിന്റെ ഫോട്ടോയെടുത്ത് കമന്റു ബോക്സില്‍ പ്രതിഷ്ഠിക്കുന്നത് ഒരുതരം മനോരോഗമാണ്. നവരസങ്ങളുടെ ലാസ്യഭാവമെന്ന് സ്വയം വിലയിരുത്തുന്ന ആ ജുഗുപ്സ മറ്റുളളവരില്‍ ജനിപ്പിക്കുന്നത് കറതീര്‍ന്ന അറപ്പാണ്. അത് തിരിച്ചറിയാനുളള ഷോക്ക് ചികിത്സയാകട്ടെ പരാജിതന്‍ ഡിസൈന്‍ ചെയ്ത ചുവന്ന പോസ്റ്റര്‍.
ആളുമസൂയ തന്‍ കൂരിരുളിലിരുന്ന്
ഊളന്മാരെത്രമേല്‍ കൂവിത്തിമിര്‍ത്താലും
പാതാളക്കുണ്ടിലൊളിച്ചിരുന്ന്
പാമ്പുകളെത്രമേല്‍ ചീറ്റിയാലും
വിഷ്ണുപദങ്ങളിലുയര്‍ന്ന് പറന്ന്
കൃഷ്ണപ്പരുന്തുകള്‍ സഞ്ചരിക്കും...
കമന്റു ബോക്സില്‍ കോക്രി കാണിക്കാനായി ഇനി ഇറങ്ങുമ്പോള്‍ ചുമ്മാ ഒരു രസത്തിന് ഈ വരികള്‍ ഓര്‍ക്കുക..
റെഫറന്‍സ് - താഴെ പറയുന്ന പോസ്റ്റുകളിലെ കമന്റുകള്‍
നമുക്ക് ചെയ്യാന്‍ കഴിയുന്നത് - ഉമേഷ്
ബിഷപ്പ് സൂസെപാക്യത്തിന് തോമസ് ഐസക്കിന്റെ കത്ത് - ജനശക്തി
ബൂര്‍ഷ്വാ രാഷ്ട്രീയത്തിന്റെ ജീര്‍ണ്ണമുഖങ്ങള്‍
-
"ആന്ധ്രാപ്രദേശിലെ പ്രളയബാധിത ജില്ലകളിലെ ജനങ്ങള്‍ കിടപ്പാടവും ഭക്ഷണവുമില്ലാതെ
വലയുമ്പോള്‍, ഭരണകക്ഷി നേതാക്കള്‍ രാഷ്ട്രീയം കളിക്കുകയാണ്. കഴിഞ്ഞ ഏതാനും
മാസങ്ങ...
7 hours ago