ഫ്യൂഡല്‍ മാടമ്പിമാര്‍ക്കെതിരെ കേരളത്തില്‍ അടിയാളന്റെ ശബ്ദവും ചൂണ്ടുവിരലും ഉയര്‍ന്നു നീണ്ടതിന് കാരണക്കാര്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയാണ് എന്നത് ചരിത്രവസ്തുതയാണ്. എണ്ണമറ്റ സമരങ്ങള്‍, വെടിവെപ്പ്, ചോരയില്‍ കുതിര്‍ന്ന പടനിലങ്ങള്‍, രക്തസാക്ഷികള്‍, കേസുകള്‍, മര്‍ദ്ദനങ്ങള്‍ എന്നിങ്ങനെ ഊര്‍ജസമ്പുഷ്ടമായ പ്രക്ഷോഭകാലത്തിന്റെ ജ്വാലാമുഖമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രം. അങ്ങനെയൊരു പാര്‍ട്ടിയുടെ പഴയ നേതാക്കന്മാര്, ജന്മികള്ക്കും മാടമ്പിമാര്‍ക്കും വിടുപണി ചെയ്തിരുന്നു എന്ന് ചരിത്രവസ്തുതകള്‍ നിരത്തിയോ രേഖപ്പെടുത്തപ്പെട്ട സംഭവങ്ങളുടെ യുക്തിസഹമായ അപഗ്രഥനത്തിലൂടെയോ സ്ഥാപിച്ചെടുക്കാനാവില്ല. അക്കാര്യം നന്നായി ബോധ്യമുളളവര്‍ ആ കര്‍മ്മം നിര്‍വഹിക്കുന്നതിന് ഭാവനയെ കൂട്ടുപിടിക്കുന്നു. പുട്ടിന് പീര പോലെ 1957, ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ, ഇഎംഎസ്, സി എച്ച് എന്നീ യഥാര്‍ത്ഥ തീയതി, വസ്തുത, വ്യക്തിനാമങ്ങള്‍ എന്നിവ ഇടകലര്‍ത്തുന്ന ഭാവനയുടെ സമര്‍ത്ഥമായ അപഥസഞ്ചാരത്തിലൂടെ മേല്പറഞ്ഞ രാഷ്ട്രീയ ദൗത്യം നിര്‍വഹിക്കുകയാണ് രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്ന ചലച്ചിത്രം.
വടകരയ്ക്കടുത്ത് പാലേരി മീത്തലച്ചാലില്‍ മാണിക്യം എന്ന ഇരുപതുകാരിയെ 1957 മാര്‍ച്ച് 30ന് പാതിരാത്രി കൊല ചെയ്തവരെ രക്ഷിച്ചത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അന്നത്തെ നേതൃത്വമാണ് എന്നാണ് ഈ പേരിലെഴുതപ്പെട്ട നോവലും അതിനെ അധികരിച്ച് നിര്‍മ്മിക്കപ്പെട്ട ചലച്ചിത്രവും പറയുന്നത്. ആരാണ് യഥാര്‍ത്ഥ പ്രതി, അയാളെ രക്ഷിച്ചതാര്, എങ്ങനെ, അതുകൊണ്ട് പാര്‍ട്ടിക്കുണ്ടായ നേട്ടമെന്ത്, അന്വേഷണം ഇടറിയതെങ്ങനെ തുടങ്ങിയ ചോദ്യങ്ങളുടെ ഉത്തരം ഹരിദാസ് എന്ന പത്രപ്രവര്‍ത്തകനും അയാളുടെ സുഹൃത്തും ക്രൈം അനലിസ്റ്റുമായ (?) സരയുവും നടത്തുന്ന അന്വേഷണങ്ങളിലൂടെ വെളിപ്പെടുന്നു.
പാലേരിയില്‍ ഇങ്ങനെയൊരു കൊലപാതകം നടന്നുവെന്നത് മാത്രമാണ് വസ്തുതയെന്നും ബാക്കിയൊക്കെ തന്റെ ഭാവനയാണെന്നും നോവലിന്റെ മുഖവുരയില്‍ നോവലിസ്റ്റ് വെളിപ്പെടുത്തുന്നു
(..... ഞാന്‍ ജനിച്ചു വളര്‍ന്ന പാലേരിയില്‍ മാണിക്യം എന്നൊരു സ്ത്രീ അരനൂറ്റാണ്ട് മുമ്പ് കൊല്ലപ്പെട്ടു എന്നതൊഴിച്ചാല്‍ ഈ കൃതിയില്‍ പരാമര്‍ശിക്കപ്പെടുന്ന മറ്റുകാര്യങ്ങള്‍ക്കോ സംഭവങ്ങള്‍ക്കോ വ്യക്തികള്‍ക്കോ യഥാര്‍ഥത്തില്‍ നടന്നതുമായി യാതൊരു ബന്ധവുമില്ല. ചില രചനകളില്‍ പുരാണകഥകള്‍ക്കും നാട്ടുവിശ്വാസങ്ങള്ക്കുമുള്ള സ്ഥാനം മാത്രമേ ആ യഥാര്‍ഥ സംഭവത്തിന് ഈ നോവലിലും ഉള്ളൂ..... രാജീവന്).സിനിമയുടെ സംവിധായകന് അത്തരം ബാധ്യതകളൊന്നുമില്ല. ചവിട്ടിയും ചാട്ടയ്ക്കടിച്ചും ചമ്മട്ടി വീശിപ്പേടിപ്പിച്ചും കഥാപാത്രങ്ങളെ താന്‍ മുന്കൂടി നിശ്ചയിച്ച കഥാസന്ദര്ഭങ്ങളിലേയ്ക്കും കഥാന്ത്യത്തിലേയ്ക്കും നയിക്കുകയാണ് സംവിധായകന്. അസ്വാഭാവികമായ രംഗങ്ങളും ഏച്ചുകെട്ടിയ സംഭാഷണങ്ങളും കൊണ്ട് നിര്‍മ്മിച്ച ചരിത്രവിരുദ്ധമായ ഈ കലാസൃഷ്ടിയെ മികച്ച ചിത്രത്തിനുളള അവാര്‍ഡ് നല്കി സംസ്ഥാന സര്‍ക്കാര്‍ ആദരിക്കുകയും ചെയ്തിട്ടുണ്ട്. ചരിത്രത്തിനോ യുക്തിക്കോ നിരക്കുന്ന സ്വാഭാവികമായ ഒരു വളര്‍ച്ചയുമില്ലാത്ത കഥാഗതിയില്‍ ഒറ്റനോട്ടത്തില്‍ തന്നെ സംവിധായകന്റെയും രചയിതാവിന്റെയും ഞെക്കിപ്പിഴിയലുകള് കൂടി ദൃശ്യമാകുന്നുവെങ്കില്‍ അതുതന്നെയാവണം ഏറ്റവും മികച്ച ചിത്രം. ആത്മഹത്യ ചെയ്തവന്റെ നെഞ്ചില്‍ തന്നെയാണ് ധീരതയ്ക്കുളള മെഡല്‍ കുത്തേണ്ടത്.
ചരിത്രത്തെ കൊഞ്ഞനം കുത്തുന്ന കലാശില്പം
സംവിധായകന്റെ മുന്വിധികള്ക്കൊത്ത് ചലിക്കുന്ന പാവകളാണ് എല്ലാ കഥാപാത്രങ്ങളും. ഉളുപ്പില്ലാത്ത ഈ മുന്‍വിധികള്‍ക്കു മുന്നില്‍ ചരിത്രം പകച്ചു നില്ക്കുന്നു. പാലേരിയിലെ അന്വേഷണം ആരംഭിക്കുന്നതിന് മുമ്പ് മലബാറിനെ ഹരിദാസ് സരയുവിന് പരിചയപ്പെടുത്തുന്ന വാചകങ്ങള്‍ കേള്‍ക്കുക...
"50കളിലെ ഏതൊരു മലബാര്‍ ഗ്രാമവും പോലെ തന്നെയായിരുന്നു പാലേരിയും .............. അധികാരവും സമ്പത്തും ഉയര്‍ന്ന ജാതിക്കാരായ നമ്പൂതിരിമാര്‍ക്കും നായന്മാര്ക്കും. അവരുടെ കണ്‍വെട്ടത്തുപോലും ചെല്ലാന്‍ പാടില്ലായിരുന്നു താഴ്ന്ന ജാതിക്കാരായ പുലയനും പറയനും"അമ്പതുകളിലെ മലബാറിനെക്കുറിച്ച് സംവിധായകന്റെ അജ്ഞതയാണ് ഹരിദാസ് തട്ടിമൂളിക്കുന്നത്. മുപ്പതുകളില്‍ തന്നെ ജ്വലിച്ചുണര്‍ന്ന അവകാശബോധത്തിന്റെ നെരിപ്പോടില്‍ നിന്നുറവപൊട്ടിയ പ്രക്ഷോഭത്തിന്റെ ഉഷ്ണവാതങ്ങളേറ്റ് പൊള്ളിച്ചുവക്കുകയായിരുന്നു അന്ന് മലബാര്‍. മുപ്പതുകളില്‍ തന്നെ അവിടെ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി പിറന്നിരുന്നു. തൊഴിലാളികളും കര്‍ഷകരും അധ്യാപകരും വിദ്യാര്‍ത്ഥികളും ഇടതുപക്ഷ നേതാക്കള്‍ക്ക് കീഴില്‍ സംഘടിച്ചു. സ്വരാജിന് വേണ്ടിയുളള സമരത്തില്‍ അക്രമരാഹിത്യം എന്ന ആയുധത്തിന്റെ മുന തേഞ്ഞു തീര്‍ന്നെന്ന് അവര്‍ അക്കാലത്തു തന്നെ തിരിച്ചറിഞ്ഞിരുന്നു. നെയ്ത്ത് - ഓട് - ബീഡി തൊഴിലാളികള്‍ക്കെല്ലാം സുശക്തമായ ട്രേഡ് യൂണിയനുകള്‍, അവരുടെ നേതൃത്വത്തില്‍ കോഴിക്കോട് ഫറോക്ക് കമ്പനിയിലും കോട്ടണ്‍ മില്‍ തൊഴിലാളികളും നടത്തിയ പണിമുടക്ക്, എകെജിയുടെ പട്ടിണിജാഥ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രൂപീകരണത്തിന് വേണ്ടി പിണറായിയില്‍ ചേര്‍ന്ന രഹസ്യയോഗം... ഹരിദാസ് കാമുകിയ്ക്ക് പരിചയപ്പെടുത്തിയതു പോലെയായിരുന്നില്ല മലബാര്‍.
നാല്പതുകളിലെ മലബാറിന് പറയാനുളളത് പ്രക്ഷോഭങ്ങളുടെ ഇതിഹാസ ചരിത്രമാണ്. നിരോധനാജ്ഞ ലംഘിച്ച കമ്മ്യൂണിസ്റ്റ് പ്രകടനത്തിനു നേരെ തലശേരിയില്‍ വെടിവെയ്പ്, മൊറാഴയില്‍ പൊലീസ് ഇന്‍സ്പെക്ടറും കോണ്‍സ്റ്റബിളും കൊല്ലപ്പെട്ടത്, കയ്യൂരിലെ കര്ഷകജാഥയ്ക്കു മുന്നില്‍ പെട്ട പോലീസുകാരന് പുഴയില്‍ മുങ്ങിമരിച്ചതിനെ തുടര്‍ന്ന് അഞ്ചു ചെറുപ്പക്കാരെ തൂക്കിക്കൊന്നത്, ചിറയ്ക്കല്‍ രാജാവിന്റെ നെല്ലു നീക്കാനെത്തിയ പോലീസുമായി കരിവെളളൂരില്‍ കമ്മ്യൂണിസ്റ്റുകാര്‍ ഏറ്റുമുട്ടി രണ്ടു പേര് രക്തസാക്ഷികളായത്, തുടര്‍ന്ന് കാവുമ്പായിയിലെ കിസാന്‍ സംഘം പ്രവര്‍ത്തകര്‍ക്കു നേരെ നടത്തിയ വെടിവെപ്പിലും സംഘട്ടനത്തിലും നാലുപേര്‍ മരിച്ചത്... ഹരിദാസിലൂടെ രഞ്ജിത്തും ടി പി രാജീവനും പറയുന്ന മലബാര്‍ അവരുടെ ഭാവനാഭൂപടത്തില്‍ മാത്രം കാണപ്പെടുന്ന പ്രദേശമായിരിക്കണം.
പയ്യന്നൂരിനടുത്ത് ജന്മിയുടെ വീട്ടിലേയ്ക്ക് ജാഥ നയിച്ചു ചെന്ന് പത്തായത്തില് നിന്ന് നെല്ലു കവര്‍ന്നെടുത്ത് വിതരണം ചെയ്യാനുളള തന്റേടം മലബാറിലെ കര്‍ഷക സംഘം അന്ന് കാണിച്ചിരുന്നു. ജന്മിയുടെ പത്തായം പൊളിച്ച് നെല്ലെടുത്ത് വിതരണം ചെയ്ത കര്‍ഷകര്‍ക്കു നേരെ തില്ലങ്കേരിയില്‍ നടന്ന പോലീസ് വെടിവെപ്പില്‍ മരിച്ചത് ഏഴുപേര്‍. ഒഞ്ചിയത്ത് നടന്ന വെടിവെപ്പില്‍ കൊല്ലപ്പെട്ടത് എട്ടുപേര്‍. ചിറയ്ക്കല്‍ താലൂക്കിലെ മുനിയന്‍ കുന്നില്‍ പോലീസ് ക്യാമ്പ് ആക്രമണവും വെടിവെപ്പും. മരിച്ചത് ആറുപേര്‍. അങ്ങനെ ജന്മികളും പോലീസും ഒരുവശത്തും കര്‍ഷര്‍ മറുഭാഗത്തുമായി സംഘര്‍ഷം മൂര്‍ച്ഛിച്ച മലബാറിനെ ചൂണ്ടി, വികലമായ ചരിത്രം വിളമ്പുന്ന കഥാനായകനെ സൃഷ്ടിക്കാന്‍ ചില്ലറയൊന്നും പോര ചങ്കൂറ്റം.
അധികാരവും സമ്പത്തുമുളള നമ്പൂതിരിമാരുടെയും നായന്മാരുടെയും കണ്‍വെട്ടത്ത് ചെല്ലാന്‍ ധൈര്യമില്ലാത്തവരായിരുന്നില്ല 50കളിലെ മലബാറിലെ പുലയനും പറയനും. ഉരുക്കുപോലുറച്ച കാലടികള്‍ പടനിലങ്ങളില്‍ ചവിട്ടിയുറപ്പിച്ച് ഉരുക്കുമുഷ്ടികള്‍ ഉയരങ്ങളിലേയ്ക്കുയര്ത്തിയെറിഞ്ഞ് മാടമ്പിമാരുടെ നെഞ്ചകങ്ങളില്‍ പ്രകമ്പനങ്ങളുടെ പെരുമ്പറ സൃഷ്ടിച്ചാണ് നാല്പതുകളില് നിന്ന് അമ്പതുകളിലേയ്ക്ക് മലബാറിലെ പറയനും പുലയനും നടന്നു കയറിയത്. ആ ചരിത്രപാഠം വിസ്മരിച്ചാണ് രഞ്ജിത്തിന്റെയും ടി പി രാജീവന്റെയും നായകകഥാപാത്രം കാമുകിയോട് മലബാറിനെക്കുറിച്ചുളള തന്റെ വിജ്ഞാനം തട്ടിമൂളിക്കുന്നത്. കേരളത്തിന്റെ സമരപഥങ്ങളിലെ ഇടിമിന്നലുകളെക്കുറിച്ച് ഒരുവിവരവുമില്ലാത്ത വിഖ്യാതയായ പാവം ക്രൈം അനലിസ്റ്റിന് തലകുലുക്കുകയല്ലാതെ വേറെ വഴിയൊന്നുമില്ല. ഈനാംപേച്ചിയ്ക്ക് മരപ്പട്ടി തന്നെയാവണം കാമുകിയും നായികയും.
അന്ന് മാടമ്പിമാരുടെ പക്ഷത്തായിരുന്നു കോണ്‍ഗ്രസ്. കര്‍ഷകരെയും തൊഴിലാളികളെയും സംഘടിപ്പിക്കാനും പുതിയ അവകാശബോധങ്ങളിലേയ്ക്ക് അവരെ ഉണര്‍ത്താനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. പകല്‍പോലെ തെളിഞ്ഞ ഈ വസ്തുതയെ പകല്‍വെളിച്ചത്തില്‍ ചിത്രീകരിച്ച ഒരു രംഗം കൊണ്ട് രഞ്ജിത്ത് തിരുത്തുന്നു.
പോലീസ് വിട്ടയച്ച മാണിക്യത്തിന്റെ ഭര്‍ത്താവ് പൊക്കനെ കോണ്‍ഗ്രസുകാര്‍ ഏറ്റെടുത്ത് ജാഥ നടത്തുന്ന ദൃശ്യം വാചാലമാണ്. കോണ്‍ഗ്രസുകാര്‍ക്ക് അതൊരു പൊളിറ്റിക്കല്‍ ഗെയിമായിരുന്നു എന്ന് ഹരിദാസിന്റെ വിമര്‍ശന സ്വഭാവമുളള ഡയലോഗിന് ശേഷമാണ് രംഗം. യഥാര്‍ത്ഥത്തില്‍, പൊക്കനെ പോലീസ് കസ്റഡിയില്‍ വെയ്ക്കാന്‍ വിശ്വസനീയമായ ഒരു കാരണവും തിരക്കഥയിലില്ല. പൊക്കന്‍ പോലീസ് കസ്റ്സ്റ്റസ്റഡിയില് പീഢനമനുഭവിച്ചു എന്ന ഭാഷ്യം, അയാളെ കോണ്‍ഗ്രസുകാര്‍ ഏറ്റെടുത്തു എന്ന കളളക്കഥയ്ക്കുളള കുറുക്കുവഴിയാണ്. പൊളിറ്റിക്കല്‍ ഗെയിം കളിച്ചുവെന്ന എന്ന തൂവല്വിമര്ശനം കൊണ്ട് ഒന്ന് തലോടുമ്പോഴും, അശരണനും നിരാലമ്പനുമായ പാവം പൊക്കന്‍ കോണ്‍ഗ്രസുകാരേ തുണയുണ്ടായിരുന്നുളളൂ എന്‍ ചരിത്രവിരുദ്ധമായ സന്ദേശം വിതരണം ചെയ്യാന്‍ വേണ്ടി പടച്ചതാണ് ഈ രംഗം.
1957ലെ കമ്മ്യൂണിസ്റ് സര്‍ക്കാരിനെ അട്ടിമറിക്കാനുളള വിമോചന സമരത്തിന് സിഐഎ പണം നല്കിയെങ്കില്, ആ ഒറ്റക്കാരണം കൊണ്ട് അമേരിക്കയോട് മലയാളി കടപ്പെട്ടിരിക്കുന്നു എന്ന് നിരീക്ഷിച്ചയാളാണ് നോവലിസ്റ് ടി പി രാജീവന്. വിമോചന സമരം സംഘടിപ്പിച്ച കേരളത്തിലെ സവര്‍ണ മാടമ്പിമാരുടെ ഗുണഗണങ്ങളും വീര്യപ്രതാപങ്ങളും സിനിമാക്കഥകളാക്കി ചുവടുറപ്പിച്ച ചലച്ചിത്രകാരനാണ് രഞ്ജിത്ത്. രാജീവന് നിര്‍വഹിക്കുന്ന ചരിത്രവൈകൃതത്തില് രഞ്ജിത്തിന് താല്പര്യം തോന്നുക സ്വാഭാവികം. ഭാവന എന്നത് അലസമായ മനോവ്യാപാരം മാത്രമല്ലെന്നും ലക്ഷണമൊത്ത ഒരു പൊളിറ്റിക്കല്‍ പ്രോഡക്ട് തന്നെയാണെന്നും അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധമാണ് ഇരുവരും ചേര്‍ന്ന് തെളിയിക്കുന്നത്.
പൊക്കന്റെ പൊലീസ് കസ്റ്റ ഡിയും പീഡനവും ഒരു യാഥാര്‍ത്ഥ്യമാണെന്നു തന്നെ വെയ്ക്കുക. എങ്കില്‍ സിനിമയില്‍ ചിത്രീകരിക്കും വിധം ഒരു ജാഥ നടത്തി സംതൃപ്തിയടയുന്ന പൊളിറ്റിക്കല്‍ ഗെയിമായിരിക്കുമോ കോണ്‍ഗ്രസുകാര്‍ അവലംബിക്കുക? 1957 മെയ് ഏഴിന് മാതൃഭൂമി മൂന്നാം പേജില്‍ പ്രസിദ്ധീകരിച്ച ഒരു തിരുത്ത് ഈ ചോദ്യത്തിന് ഉത്തരം പറയും. അതിങ്ങനെയായിരുന്നു:
"മെയ് മൂന്നിന് കോണ്‍ഗ്രസുകാരനെ വെട്ടിക്കൊന്നു എന്ന തലക്കെട്ടില്‍ പ്രസിദ്ധപ്പെടുത്തിയ വര്‍ത്തമാനം മുഴുവന്‍ കളവാണെന്ന് ബോധ്യപ്പെട്ടിരിക്കുന്നു..... പൊന്നാനി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ കത്തുകടലാസില് അധ്യക്ഷന്‍ എം വി അബൂബേക്കറിന്റെ പേരും ഒപ്പുമുളള ഒരു കടലാസിലാണ് വാര്‍ത്ത അയച്ചു കിട്ടിയത്. അത്രയും വിശ്വസിക്കാവുന്ന രീതിയിലായിരുന്നതു കൊണ്ടാണ് ഈ വ്യാജവാര്‍ത്ത പ്രസിദ്ധീകരിക്കാനിടയായത്."
തുടര്‍ന്ന് ആ കത്തിന്റെ പൂര്‍ണരൂപവും മാതൃഭൂമി നല്കി : "
"ഒരാളെ വെട്ടിനുറുക്കി. തിരുവത്ര ഏപ്രില്‍ 28 : ഇവിടത്തെ ഒരു പ്രധാന കോണ്‍ഗ്രസ് പ്രവര്‍ത്തകനായ കോനാരത്ത് ഹമീദ് എന്ന ഒരു യുവാവിന്റെ ജഡം 4 സ്ഥലങ്ങളില്‍ നിന്നായി കിട്ടിയിരിക്കുന്നു. എന്നിട്ട് മുഴുവനായില്ല. ഇടത്തെ കൈപ്പടം ഇനിയും അജ്ഞാതമാണ്. ......."
സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകനെ വെട്ടിനുറുക്കി പലഭാഗത്ത് നിക്ഷേപിച്ചെന്നും ജഡം മുഴുവനായി കിട്ടിയില്ലെന്നുമൊക്കെയുളള പെരുംനുണ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷന്‍ സ്വന്തം ലെറ്റര്‍ പാഡില്‍ എഴുതി പത്രമോഫീസുകളില്‍ അയച്ച് വാര്‍ത്തയുണ്ടാക്കിയ കാലമായിരുന്നു അത്. അക്കാലത്ത് കത്തിയാളിയ രാഷ്ട്രീയവൈരത്തിന്റെ തിളനിലയെത്രയെന്ന് ഈ കത്ത് തെളിയിക്കുന്നുണ്ട്. അന്ന് നടമാടിയ രാഷ്ട്രീയശൈലി ഏതെന്നും.
സര്‍ക്കാരിനെതിരെ ബഹുജനവികാരം സൃഷ്ടിക്കാന്‍ ഇല്ലാത്ത കൊലപാതകം ഉണ്ടാക്കി പത്രം വഴി പ്രചരിപ്പിച്ചവര്‍, പൊക്കനെതിരെ ആരോപിക്കപ്പെട്ട പീഡനത്തോട് എങ്ങനെയാവും പ്രതികരിച്ചിട്ടുണ്ടാവുക? കൊലക്കേസില്‍ സംശയിക്കപ്പെടുന്നത് നരാധമനായ ജന്മി. അയാളെ സംരക്ഷിക്കുന്നത് ഭരണകക്ഷിയുടെ പ്രമുഖര്‍. ഭരണകക്ഷിയുടെ പ്രാദേശിക പ്രവര്‍ത്തകരിലും അണികളിലും പോലും അസ്വസ്ഥതയും പ്രതിഷേധവും സൃഷ്ടിക്കുന്ന അധികാരദുര്‍വിനിയോഗം. സമ്പത്തും ഗരിമയും മാധ്യമപിന്തുണയും കേന്ദ്രത്തില്‍ പിന്ബലവുമുളള അന്നത്തെ കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്ക് കമ്മ്യൂണിസ്റുകാര്ക്കെതിരെ രാജ്യമെങ്ങും ഉപയോഗിക്കാനുളള ഏറ്റവും മൂര്‍ച്ചയേറിയ ആയുധമാകുമായിരുന്നു പാലേരി മാണിക്യം കൊലക്കേസ്. എന്നാല്‍ അത്തരമൊരു പ്രതിഷേധം അലയടിച്ചതിന്റെ ഒരു സൂചനയും ചിത്രം നല്‍കുന്നില്ല. അധികാരവും സമ്പത്തും ഉപയോഗിച്ച് കേസന്വേഷണം അട്ടിമറിച്ച് പ്രതികള്‍ രക്ഷപെടുന്നത് കടുംചായത്തില്‍ അവതരിപ്പിക്കുമ്പോഴും അന്നത്തെ പ്രതിപക്ഷ കക്ഷി എന്തുചെയ്യുകയായിരുന്നുവെന്ന ചോദ്യത്തിന് സിനിമയില്‍ ഉത്തരമേയില്ല. പൊക്കന്റെ കയ്യില്‍ ഒരു കൊടിയും പിടിച്ച് മുദ്രാവാക്യം വിളിച്ച് ഊരുതെണ്ടിയ ശേഷം തിരികെ മാളത്തിലൊളിച്ച് വിശ്രമിക്കുന്ന പച്ചപ്പാവങ്ങളായിരുന്നില്ല അന്നത്തെ കോണ്‍ഗ്രസ് നേതൃത്വമെന്ന് തെളിയിക്കുന്നതാണ് മുകളില്‍ ഉദ്ധരിച്ച മാതൃഭൂമിയുടെ തിരുത്ത്.
കുറ്റമൊന്നും ചെയ്യാത്തൊരു പാവം ദളിതനെ കസ്റഡിയില്‍ വെച്ച് പീഢിപ്പിച്ച കമ്മ്യൂണിസ്റ് ഭരണകൂടം ഒരുഭാഗത്ത്. മറുഭാഗത്ത് അവന് രാഷ്ട്രീയ സംരക്ഷണം നല്കുന്ന കോണ്‍ഗ്രസ്. 1957ല്‍ പോരുകോഴികളെപ്പോലെ പരസ്പരം കൊത്തിക്കീറിയ കേരളത്തിലെ രണ്ട് പ്രമുഖ രാഷ്ട്രീയ കക്ഷികളെ സിനിമ അടയാളപ്പെടുത്തുന്നത് ഇങ്ങനെയാണ്. പ്രേക്ഷകന്റെ വിധിതീര്‍പ്പ് ആര്‍ക്കനുകൂലമാകുമെന്ന് വ്യക്തം. കോണ്‍ഗ്രസിന്റേത് ഒരു പൊളിറ്റിക്കല്‍ ഗെയിമായിരുന്നുവെന്ന് നായകനെക്കൊണ്ട് വിമര്‍ശിക്കുന്നതിലൂടെ ഒരു പകിട കളിയും രഞ്ജിത്ത് നടത്തുന്നുണ്ട്. താന്‍ കോണ്‍ഗ്രസിനെയും വിമര്ശിച്ചിട്ടുണ്ടേ എന്ന വേഷം കെട്ടല്‍. മാടമ്പികള്‍ക്കും ഭൂപ്രഭുക്കള്‍ക്കും ജാതിവെറിയ•ാര്ക്കുമൊപ്പം 1957ലെ കമ്മ്യൂണിസ്റ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ അക്ഷീണം യത്നിച്ച കോണ്‍ഗ്രസിനെയാണ്, എ കെ ആന്റണിയും വയലാര്‍ രവിയും പോലും പറയാന്‍ മടിക്കുന്ന പെരുങ്കളളത്തെ പൊന്‍വെയില്‍ പ്രഭയില്‍ ചിത്രീകരിച്ച് രഞ്ജിത്ത് ന്യായീകരിച്ചത്. മാടമ്പിയുടെ വിടുപണിക്കാരനായി കമ്മ്യൂണിസ്റ്റ് നേതാവിനെയും അവരുടെ ഉപജാപങ്ങളുടെ ഇരയായ പാവം ദളിതന്റെ സംരക്ഷകരായി കോണ്‍ഗ്രസിനെയും അവതരിപ്പിക്കുന്ന ആഭാസഭാവനയെ ഏറ്റവും മികച്ച ചിത്രമെന്ന തൊങ്ങല് ചാര്‍ത്തി ആദരിക്കാന്‍ ഇടതുപക്ഷ സര്‍ക്കാര്‍ തന്നെ തയ്യാറായെങ്കില്‍ അറിയുക. കലികാലമെന്നത് വെറുമൊരു കല്പനയല്ല.
രണ്ടാം വിമോചന സമരഭീഷണി മുഴങ്ങുമ്പോഴൊക്കെ ചരിത്രത്തില്‍ നിന്ന് ചില മുദ്രാവാക്യങ്ങള്‍ അന്തരീക്ഷത്തിലേയ്ക്ക് പൊട്ടിച്ചിതറാറുണ്ട്. "ചാത്തന് പൂട്ടാന്‍ പോയ്ക്കോട്ടെ, ചാക്കോ നാടു ഭരിക്കട്ടേ", "തമ്പ്രാനെന്നു വിളിപ്പിക്കും, പാളേക്കഞ്ഞി കുടിപ്പിക്കും" എന്നിങ്ങനെ പോകുന്നു അവ. വിമോചനസമരാനുകൂലികളെ ഈ ഓര്‍മ്മ കൊണ്ട് തലങ്ങും വിലങ്ങും കുത്തിക്കീറുന്നവര്ക്കുളള മറുപടിയാണ്, തേങ്ങ കട്ട കുറ്റത്തിന് അരത്തനെന്ന കര്‍ഷകത്തൊഴിലാളിയെ മുരിക്കിന്‍കുന്നത്ത് അഹമ്മദ് ഹാജി തോളില്‍ നുകമേറ്റി നിലമുഴുവിക്കുന്ന ദൃശ്യത്തിന് ബാര്‍ബര്‍ കേശവനെന്ന കമ്മ്യൂണിസ്റ്റ് അനുഭാവി വേദനയും രോഷവും കടിച്ചമര്‍ത്തി സാക്ഷിയാകുന്ന ദൃശ്യം. ഉന്മൂലനസിദ്ധാന്തം അന്നേ നടപ്പില്‍ വരേണ്ടിയിരുന്നു എന്ന് കേശവന് പിന്നീട് ഗദ്ഗദം മുഴക്കുന്നുണ്ട്. നക്സലൈറ്റ് ബാധ കയറിയ രാഷ്ട്രീയ ധാരണയുടെ വിടത്വത്തില് നിന്നാണ് ഈ ഗദ്ഗദം പുറത്തുചാടുന്നത്. കണ്ണൂരിലും കരിവെളളൂരിലും പുന്നപ്രയിലും വയലാറിലും മുനിയന്കുന്നിലും ഒഞ്ചിയത്തും തൊഴിലാളികള്‍ രചിച്ച ചെറുത്തുനില്‍പ്പിന്റെ വീരേതിഹാസങ്ങള്‍ കൊണ്ടൊന്നും ഉത്തേജിതനാകാത്ത കേശവന്, ഉന്മൂലന സിദ്ധാന്തം വന്നിരുന്നെങ്കില്‍ അഹമ്മദ് ഹാജിയുടെ പളളയ്ക്ക് കത്രിക കയറ്റിയേനെ എന്ന് ഗീര്‍വാണം മുഴക്കുന്നത് കണ്ട് പൊട്ടിച്ചിരിക്കാതെ വയ്യ.
കേശവന് പിന്നീട് പാര്‍ട്ടിയോട് വിട പറഞ്ഞ് നക്സലൈറ്റായെന്നും പോലീസ് സ്റേഷന് ആക്രമിച്ചുവെന്നുമൊക്കെ കെ പി ഹംസ ഓര്‍ക്കുന്നുണ്ട്. കേശവന് നേരിടുന്ന അപമാനം, അവന്റെ ആത്മരോഷം എന്നിവ വിശദമായി ചിത്രീകരിക്കുകയും അയാളുടെ "ശരിയായ ജനപക്ഷ നിലപാടുകള്‍" പാര്‍ട്ടിയുടെ വ്യവസ്ഥാപിത നേതൃത്വം എപ്പോഴും "തളളിക്കളഞ്ഞു"വെന്ന് സമര്‍ത്ഥിക്കുകയും അയാള്‍ പിന്നീട് നക്സലൈറ്റായെന്ന് സൂചിപ്പിക്കുകയും ചെയ്യുമ്പോള്‍ സംവിധായകന്റെ ഉന്നം വ്യക്തമാണ്. "ശരിയായ കമ്മ്യൂണിസ്റ്റ് നിലപാടു"കളുളളവര്ക്ക് നക്സലൈറ്റാവാതെ വയ്യ. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ ചെജ്വാലകളായ ചെറുത്തുനില്‍പ്പുകളില്‍ നിന്നൊന്നും ദേഹം നോവുന്ന പ്രതികരണങ്ങള്ക്കുളള ഊര്‍ജം ലഭിക്കാത്ത കേശവനാണ്, ഏതോ വിളികേട്ട് നക്സലൈറ്റായി വിപ്ളവം നടത്താന്‍ ഇറങ്ങിത്തിരിക്കുന്നത്. ബാര്‍ബര്‍ കേശവനെ മംഗലശേരി നീലകണ്ഠനാക്കി, ഇളമ്പിലാശേരി കുട്ടിശങ്കര മേനോനെയോ മുരിക്കിന്‍കുന്നത്ത് അഹമ്മദ് ഹാജിയെയോ തല്ലിത്തകര്‍ക്കുന്ന ചലച്ചിത്രഭാവന രഞ്ജിത്തില്‍ നിന്ന് നമുക്ക് പ്രതീക്ഷിക്കാനാവില്ല. ആവിഷ്കാരസ്വാതന്ത്ര്യത്തിന് അങ്ങനെ ചില പരിമിതികളുണ്ട്.
എല്ലുറപ്പുളള കഥാപാത്രങ്ങളും ഇഴയിണക്കമുളള കഥാസന്ദര്‍ഭങ്ങളും ഒരു മികച്ച ചിത്രത്തിന്റെ അനിവാര്യതയാണ്. രാഷ്ട്രീയ പ്രചരണം ലക്ഷ്യമിട്ട് സൃഷ്ടിക്കുന്ന കഥാപാത്രങ്ങളും രാഷ്ട്രീയ സൂചന ലക്ഷ്യമിട്ടൊരുക്കുന്ന കഥാസന്ദര്‍ഭങ്ങളും പ്രേക്ഷകന്റെ യുക്തിയെ തൃപ്തിപ്പെടുത്തുമ്പോഴാണ് സംവിധായകന്റെ കയ്യടക്കം അവന് ബോധ്യപ്പെടുന്നത്. ആദ്യകാഴ്ചയിലെ വിചാരണയില്‍ തന്നെ ഈ ചിത്രത്തിലെ കഥാപാത്രങ്ങളുടെ നട്ടെല്ലൊടിയുകയും കഥാസന്ദര്‍ഭങ്ങളുടെ പൂച്ച് പുറത്തുചാടുകയും ചെയ്യുന്നു.
ഹരിദാസ് അഹമ്മദ് - മാണിക്യത്തിന്റെ കൊലയാളിയെ തിരഞ്ഞിറങ്ങുന്ന ഹരിദാസ് മുരിക്കിന്‍കുന്നത്ത് അഹമ്മദ് ഹാജിയുടെ ജാരസന്തതിയാണ്. മാണിക്യം കൊല്ലപ്പെടുന്ന അതേ രാത്രിയില്‍ തന്നെയാണ് ഹരിദാസും ജനിക്കുന്നത്. ഊണിലും ഉറക്കത്തിലും മാണിക്യത്തെക്കുറിച്ചുളള ചിന്ത മാത്രമേയുളളൂ ഹരിദാസിന്. കൊല്ലപ്പെട്ട അതിസുന്ദരിയായ ഇരുപതുകാരിയുടെ ഓര്‍മ്മയില്‍ നിന്ന് രക്ഷപെടാന്‍ ഭാര്യയെയും മക്കളെയും വീട്ടിലാക്കി സുഹൃത്തിന്റെ സൌന്ദര്യക്കൊഴുപ്പുളള ഭാര്യയെ വളച്ച് സ്വന്തമാക്കി അവളെയും കൊണ്ട് പാലേരീഖനനത്തിനെത്തുകയാണ് ഹരിദാസ്. പുതപ്പു കൊണ്ടു മറയ്ക്കാത്ത ഭാഗമത്രയും നഗ്നമാക്കി അഴിഞ്ഞുലഞ്ഞ് കിടക്കുന്ന അവള്‍ക്ക് സമീപം ഉലയാത്ത ഉടുപ്പും പാന്റ്സും കണ്ണടയും ധരിച്ചു ടിപ്ടോപ്പില്‍ കിടക്കുന്ന ഹരിദാസിനെ കാണുമ്പോള്‍ ആ പെണ്ണിനെ ഇയാള്‍ കഷ്ടപ്പെട്ട് വളച്ചതെന്തിനെന്നും എന്ത് പാപത്തിന്റെ ജീനാണ് അയാളുടെ രക്തത്തിലുളളതെന്നും ഏത് നാറാണത്ത് ഭ്രാന്തനും അമ്പരന്നുപോകും. സുഹൃത്തിന്റെ ഭാര്യയോടുളള ആസക്തി, ഡയലോഗിലേയുളളൂ പ്രവൃത്തിയിലില്ല. ഭര്‍ത്താവിന്റെ മിസ് കോള്‍ വന്നകാര്യം അറിഞ്ഞപ്പോള്‍ തന്നെ സ്ഥലം വിടാന്‍ അവളോട് നായകന് ഉപദേശിക്കുകയും ചെയ്തു. കാണാനുളള ചന്തമേയുളളൂ, കാര്യത്തിലൊന്നുമില്ലെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാവണം, കേള്‍ക്കാത്ത താമസം അവള് രംഗം കാലിയാക്കി.
സരയു - ഹരിദാസിന്റെ കാമുകി, അയാളുടെ സുഹൃത്ത് ഗൌതമിന്റെ ഭാര്യ. ആദ്യം ഒരു കിടക്കയുടെ വശങ്ങളിലും പിന്നെ രണ്ടു മുറികളിലും അത് കഴിഞ്ഞ് രണ്ട് ഫ്ളാറ്റുകളില്‍, ഇപ്പോ രണ്ടു ഭൂഖണ്ഡങ്ങളില്‍ എന്നാണ് ഭര്‍ത്താവുമായുളള ബന്ധത്തെക്കുറിച്ച് സരയു അയവിറക്കുന്നത്. ക്രൈം അനലിസ്റാണെന്നാണ് വെപ്പ്. നായകന് ഡയലോഗടിക്കാന് പാകത്തിനുളള സൂചനകള്‍ നല്കാന് മാത്രമേ സംവിധായകന് അവളെ അനുവദിക്കുന്നുളളൂ. അനാലിസിസൊക്കെ നായകനാണല്ലോ നടത്തേണ്ടത്. കത്തിച്ച സിഗരറ്റ് വിരലുകള്‍ക്കിടയില്‍ തിരുകുമെങ്കിലും ഒരു കവിള് പുകപോലും വലിച്ചൂതാനും സംവിധായകന്റെ അനുമതി ക്രൈം അനലിസ്റിനില്ല.
എംടിയുടെ തിരക്കഥയില്‍ പവിത്രന് സംവിധാനം ചെയ്ത ഉത്തരം എന്ന സിനിമ പുറത്തുവന്നത് 1989ലാണ്. അന്നത്തെ സൂപ്പര്‍ നായികമാരായിരുന്നിട്ടും പാര്‍വതിയെയും സുവര്‍ണയെയും കൊണ്ട് കഞ്ചാവു പുക വലിച്ച് ഊതിക്കാനുളള ധൈര്യം ഇരുപതു വര്‍ഷങ്ങള്‍ക്ക് മുമ്പേ പവിത്രന് കാണിച്ചിരുന്നു. സിഗരറ്റ് വായില്‍ വെയ്ക്കുന്ന സരയൂവിന്റെ മുഖത്തു നിന്നും കാമറ വലിച്ചു നീക്കി പുക വലിക്കുന്ന പെണ്ണിനെ ചിത്രീകരിക്കുന്നതില്‍ നിന്ന് ഒളിച്ചോടുന്ന സംവിധായകന്റെ ബുദ്ധിജീവി നാട്യം കേമം തന്നെ. കാമുകനോടൊപ്പം ബാറില്‍ കയറുന്നുണ്ടെങ്കിലും സരയുവിന് മദ്യപിക്കാനും അനുവാദമില്ല. രഞ്ജിത്തിന്റെ "പുരോഗമന" സ്ത്രീസങ്കല്പങ്ങളുടെ സകല പൊളളത്തരവും തുണിയുരിച്ച് കാണിക്കുന്ന കഥാപാത്രമാണ് സരയൂ.
കെ പി ഹംസ - മാണിക്യം കൊലക്കേസ് മുരിക്കിന്‍കുന്നത്ത് അഹമ്മദ് ഹാജിയുടെ ഇഷ്ടാനുസരണം അവസാനിപ്പിക്കുന്ന ഗൂഢാലോചന നിയന്ത്രിക്കുന്ന കമ്മ്യൂണിസ്റ്റ് നേതാവ് ഇയാളാണ്. 1951ല്‍ പാര്‍ട്ടി കെട്ടിപ്പെടുക്കാന്‍ തന്നെ പാലേരിയിലേയ്ക്ക് നിയോഗിച്ചുവെന്നാണ് ഹംസ ഹരിദാസിനോട് പറയുന്നത്.
കക്ഷത്തൊരു ഡയറിയുമായി കവലയില്‍ വന്നിറങ്ങുന്ന ദൃശ്യത്തിലാണ് ഹംസ ആദ്യം രംഗപ്രവേശം ചെയ്യുന്നത്. വന്നപാടെ ചില ചോദ്യങ്ങള്‍ ചോദിച്ച ബാര്‍ബര്‍ കേശവനോട്, കടയടച്ച് വീട്ടിലേയ്ക്ക് വരാനാണ് അയാള്‍ പറയുന്നത്. അഹമ്മദ് ഹാജിയുടെ ഒന്നാം ഭാര്യ ഹംസയുടെ വീട്ടിലേയ്ക്ക് വരുന്ന രംഗം, ഹാജിയുടെ ബംഗ്ളാവിലെ ഗൂഢാലോചന രംഗം, കേശവന്റെ മരണത്തിന് മുമ്പും പിമ്പും പാര്‍ട്ടി ഓഫീസില്‍ ഹരിദാസും സരയുവും തമ്മില്‍ ഹംസയുമായി കൂടിക്കാഴ്ച നടത്തുന്ന രണ്ടു രംഗങ്ങള്‍ എന്നിവയിലാണ് ഹംസ പ്രത്യക്ഷപ്പെടുന്നത്. അതല്ലാതെ ആ പ്രദേശത്ത് നടക്കുന്ന ഒരു സംഭവത്തിലും ഹംസയുടെ സാന്നിദ്ധ്യമില്ല. വീട്ടിലേയ്ക്ക് പോകാന്‍ തിടുക്കപ്പെടുന്ന ഹംസയെ പിന്നീട് വീടിന്റെയും പാര്‍ട്ടി ഓഫീസിന്റെയും ഫാക്ടറി ബംഗ്ളാവിന്റെയും ചുവരുകള്ക്കുളളിലാണ് കാണുന്നത്. ഹംസയെന്ന കമ്മ്യൂണിസ്റ്റ് നേതാവിന് സമൂഹവുമായി എന്തെങ്കിലും ബന്ധമുളളതിന്റെ ഒരു സൂചനയും ചിത്രത്തിലില്ല. അയാളെങ്ങനെ കമ്മ്യൂണിസ്റ്റ് നേതാവായെന്നും പാലേരിയിലും മീത്തലച്ചാലിലും അയാളെന്ത് സംഘടനാ പ്രവര്‍ത്തനമാണ് നടത്തിയതെന്നും രഞ്ജിത്തിനും രാജീവനും ദൈവം തമ്പുരാനും പിന്നെ അവാര്‍ഡ് കമ്മിറ്റിയ്ക്കുമേ അറിയൂ.
ധര്‍മ്മദത്തന്‍ നമ്പൂതിരിയുടെ ജഡം പുഴയില്‍ പൊങ്ങുമ്പോഴും മാണിക്യത്തിന്റെ ആത്മഹത്യ നടക്കുമ്പോഴും ഹംസയെന്ന കമ്മ്യൂണിസ്റ്റ് പൊതുപ്രവര്ത്തകന് രംഗത്ത് വരുന്നതേയില്ല. മാണിക്യത്തിന്റെ വീട്ടില്‍ അധികാരിയും പോലീസുമെത്തുമ്പോഴും അയാളില്ല. കുഞ്ഞിക്കണ്ണനെയും വേലായുധനെയും അറസ്റ്റ് ചെയ്യുമ്പോഴും അയാള്‍ ആ പരിസരത്തെങ്ങുമില്ല. കല്യാണത്തിനും മരണത്തിനും പുലകുളിയ്ക്കും ചോറൂണിനും പുരമേയലിനുമൊക്കെ ആളായും താങ്ങായും നിന്ന് പാര്‍ട്ടി വളര്‍ത്തുന്ന കാലത്താണ് ഇതുപോലൊരു കമ്മ്യൂണിസ്റ്റ് നേതാവിനെ രഞ്ജിത്ത് പരിചയപ്പെടുത്തുന്നത്. വടകരയില്‍ നിന്ന് കണ്ണൂരിലെത്തി സിഎച്ചിനൊപ്പം കഴിഞ്ഞ കാര്യം കേശവനെ ഹംസ അറിയിക്കുന്നുണ്ട്. 1964 മുതല്‍ 1972ല്‍ മരിക്കുന്നതു വരെ സിപിഐഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയായിരുന്ന സി എച്ച് കണാരനെയാണ് ഹംസ പരാമര്‍ശിക്കുന്നത്. സംഭവം നടക്കുമ്പോള്‍ നാദാപുരം എംഎല്‍എയാണ് അദ്ദേഹം.
പാര്‍ട്ടിയില്ലാത്ത, നേതാവ് മാത്രമുളള കമ്മ്യൂണിസ്റ് പാര്‍ട്ടിയെ തീര്‍ത്തും ദരിദ്രമായ രാഷ്ട്രീയ ബോധമുളളവര്‍ക്ക് മാത്രമേ സങ്കല്‍പ്പിക്കാനാവൂ. ബാര്‍ബര്‍ കേശവനും കെ പി ഹംസയും മാത്രമാണ് ചിത്രത്തിലെ കമ്മ്യൂണിസ്റ്റ്കാര്. പാര്‍ട്ടി കമ്മിറ്റികളിലെ ചര്ച്ചകളെക്കുറിച്ചൊരു സൂചനപോലും ചിത്രം തരുന്നില്ല. കക്ഷത്ത് ഡയറിയും വെച്ച് തിരുവനന്തപുരത്തോട്ട് വിളിക്കാന്‍ സദാസന്നദ്ധനായ കൊച്ചിന് ഹനീഫയുടെ യൂത്ത് നേതാവിനെ മീശ മാധവന് എന്ന ചിത്രത്തില്‍ ലാല്‍ ജോസ് പരിചയപ്പെടുത്തിയിട്ടുണ്ട്. ആ നിലവാരത്തിലുളള ഒരു നേതാവാണ് ഹംസ. കമ്മിറ്റിയില്ലാത്ത, പാര്‍ട്ടി ഘടകമേതെന്ന് അറിയാത്ത, സമൂഹത്തിലെ ഒരു സംഭവത്തിലും നേരിട്ട് ഇടപെടാത്ത, ഉപജാപങ്ങള്‍ മാത്രം നടത്തുന്ന ഒരു നേതാവ്. കമ്മ്യൂണിസം രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന കേശവനെ മുരിക്കിന് കുന്നത്ത് അഹമ്മദ് ഹാജി നെഞ്ചില്‍ ചവിട്ടുമ്പോഴും കമ്മ്യൂണിസ്റ്റ് സഹയാത്രികനായ ഇളമ്പിലാശേരി കുട്ടിശങ്കരമേനോന്‍ ജാതി പറഞ്ഞ് ആക്ഷേപിക്കുമ്പോഴും ഹാജിയുടെ പാടത്ത് അടിയാളര്‍ ക്രൂരമായ ദണ്ഡനങ്ങള്‍ക്ക് വിധേയരാകുമ്പോഴും ഹംസയെന്ന കമ്മ്യൂണിസ്റ്റ് നേതാവ് ഇടപെടുന്നേയില്ല. ഹംസയെപ്പോലുളളവര് ഉണ്ടായിട്ടും മലബാറിലെ കര്‍ഷക മുന്നേറ്റങ്ങള്‍ സാധ്യമായതെങ്ങനെയെന്നും ആ പ്രദേശത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജനഹൃദയങ്ങളില്‍ വേരുറച്ചതെങ്ങനെയെന്നും ആലോചിച്ച് വിഷമിക്കുന്നവരോട് ഒന്നേ പറയാനുളളൂ. കഥയില്‍ ചോദ്യമില്ല. ചോദ്യങ്ങള്‍ വിലക്കുന്ന സിനിമയ്ക്ക് അവാര്‍ഡാണ് മരുന്ന്.
നോവലില്‍ ഇയാള്‍ സ്വവര്‍ഗാനുരാഗിയും കുത്തഴിഞ്ഞ ലൈംഗിക ജീവിതം നയിക്കുന്ന ആളുമാണത്രേ. സിനിമയില്‍ ചില സൂചനകള്‍ മാത്രമേയുളളൂ. ബസില്‍ വന്നിറങ്ങിയ ഹംസ കേശവനോട് കടയടച്ച് വീട്ടിലെത്താന്‍ പറയുന്നതും പിന്നീട് കേശവനും ഹംസയും ഹംസയുടെ വീട്ടിലിരിക്കുന്നതുമായ ദൃശ്യങ്ങളില്‍ നിന്ന് നോവല്‍ വായിച്ചിട്ടുളളവര്‍ക്ക് സ്വവര്‍ഗരതി ഊഹിച്ചെടുക്കാം. സിനിമയില്‍ പ്രത്യക്ഷസൂചനകള്‍ ഒഴിവാക്കിയത്, രഞ്ജിത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോട് ചെയ്ത വലിയ സൌജന്യമാണെന്ന് ഒട്ടേറെ സുമനസുകള്‍ ആശ്വസിക്കുന്നുണ്ട്. അത്തരം സൂചനകള്‍ ഒഴിവാക്കിയതിന്നുളള പ്രത്യുപകാരമാണോ അവാര്‍ഡിന്റെ ആദരമെന്ന ചോദ്യവും പ്രസക്തമാണ്.
അതൊരു സൌജന്യമല്ല, ഗതികേടാവാനാണ് വഴി. കാരണം കേശവന്റെ വാര്‍ദ്ധക്യം അഭിനയിക്കുന്നത് സാക്ഷാല്‍ ശ്രീനിവാസനാണ്. വദനസുരതത്തിനും ഗുദഭോഗത്തിനും ഇരയാകുന്ന ഭൂതകാലമുളള കഥാപാത്രമായി വേഷമിടാന്‍ ശ്രീനിവാസനുളള വൈക്ളബ്യമാകണം, അത്തരം സൂചനകള്‍ ഒഴിവാക്കപ്പെടാനുളള കാരണം. കേശവന്റെ ഓര്‍മ്മകളിലൂടെയാണല്ലോ രഞ്ജിത്തിന് ഹംസയുടെ സ്വവര്‍ഗം ചിത്രീകരിക്കേണ്ടത്. കേശവനായി നടിക്കുന്ന ശ്രീനിവാസന് അത്തരമൊരു കഥാകഥനത്തിന് വിസമ്മതിച്ചാല്‍ രഞ്ജിത്തിന് വേറെ വഴിയൊന്നുമില്ല.
ബാര്‍ബര്‍ കേശവന് - ചിത്രത്തിലെ ഒന്നാന്തരം കമ്മ്യൂണിസ്റ്റ്. പക്ഷേ ഇയാള്‍ പാര്‍ട്ടി അംഗമാണെന്നതിന് ചിത്രത്തില്‍ ഒരു സൂചനയുമില്ല. അറബിക്കഥയിലെ സഖാവ് ക്യൂബാ മുകുന്ദനെപ്പോലെ സാമൂഹ്യമാറ്റത്തെക്കുറിച്ചുളള സ്വപ്നങ്ങള്‍ ഉച്ചത്തില്‍ വീമ്പിളക്കുന്ന പഞ്ചപാവം. പോലീസെത്തിയിട്ട് വേണം മാണിക്യത്തിന്റെ ശവമടക്കിനെക്കുറിച്ച് തീരുമാനിക്കാന്‍ എന്ന് പറയുന്നതും ആദ്യത്തെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാദിനത്തില്‍ ജോലി ചെയ്യില്ലെന്ന് മേനോനോട് പറയുന്നതുമൊക്കെയാണ് കേശവന്റെ സാമൂഹ്യപ്രവര്‍ത്തനം. നാല്പതുകളിലും അമ്പതുകളിലും മലബാറില്‍ വീശിയടിച്ച പ്രക്ഷോഭസമരങ്ങള്‍ എന്തെങ്കിലും ചലനം കേശവനില്‍ ഉണ്ടാക്കിയെന്ന് ഒരു സൂചനയും ഇല്ല. ഹാജിയും മേനോനും തന്നെ ജാതി പറഞ്ഞ് ആക്ഷേപിച്ചതും കര്‍ഷകത്തൊഴിലാളിയെ ഹാജി പാടത്ത് പീഡിപ്പിക്കുന്നതും ഏതെങ്കിലും പാര്‍ട്ടി കമ്മിറ്റികളില്‍ ചര്‍ച്ച ചെയ്യാനോ നിലപാടുകള്‍ക്ക് നിര്‍ബന്ധിക്കാനോ കഴിയുന്ന കേശവന് ജന്മം കൊടുക്കാനുളള ത്രാണിയൊന്നും രഞ്ജിത്തിനില്ല. അത്തരം കമ്മിറ്റികളേതെങ്കിലും മീത്തലച്ചാലില്‍ പ്രവര്ത്തിക്കുന്നതായിപ്പോലും ചിത്രത്തില്‍ സൂചനയില്ല. പ്രതികരണശേഷി തിളച്ചു നില്ക്കുന്ന ഒരു കമ്മ്യൂണിസ്റ്റ് യുവത്വമായി ബാര്‍ബര്‍ കേശവന്റെ ഭൂതകാലം ചിത്രീകരിക്കാത്തത്, രണ്ടാം ഘട്ടത്തിലെ അയാളുടെ കമ്മ്യൂണിസ്റ് വിരുദ്ധ ചപ്പടാച്ചികള്‍ക്ക് ദൈന്യതയുടെ ആവരണം നല്കി സഹതാപം സൃഷ്ടിക്കാനാണ്. എങ്കിലല്ലേ, കഥ നടക്കുന്ന 2009ലെ പാര്‍ട്ടിയെക്കുറിച്ച് മനോരമയും മാതൃഭൂമിയും സൃഷ്ടിച്ചുവെച്ച പൊതുബോധ്യം സിനിമ വഴി അടിച്ചുറപ്പിക്കാനുളള ലക്ഷ്യം പൂര്‍ണമാകൂ.
മുരിക്കിന്‍കുന്നത്ത് അഹമ്മദ് ഹാജി - സ്ത്രീലമ്പടനും ക്രൂരനും വിഷയാസക്തനുമായ മീത്തലച്ചാലിലെ മാടമ്പി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ഹാജിയ്ക്കുളള ബന്ധവും ചങ്ങാത്തവും തികച്ചും ചരിത്രവിരുദ്ധമാണ്. അക്കാലത്ത് മലബാറില്‍ ഈ ഗുണഗണങ്ങളുളള ഒരു മനുഷ്യന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കൊടുംശത്രുവായിരിക്കും. അയാള്‍ക്ക് കമ്മ്യൂണിസത്തോട് യാതൊരു താല്പര്യവുമില്ലെന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ സമൂഹത്തില്‍ അന്ന് നടന്ന പ്രക്ഷോഭങ്ങളുടെ ശത്രുപക്ഷത്തായിരുന്നു അയാളെന്നും ചിത്രം തെളിവു നല്‍കുന്നുണ്ട്.
ഏക്കറു കണക്കിന് പാടവും കൃഷിയിടങ്ങളും കശുമാവിന് തോട്ടവും (ഹാജിയുടെ കശുമാവിന് തോട്ടത്തെക്കുറിച്ച് മാണിക്യത്തിന്റെ മരണത്തെക്കുറിച്ചുളള റിപ്പോര്‍ട്ട് തയ്യാറാക്കുന്ന വേളയില്‍ അധികാരി സൂചിപ്പിക്കുന്നുണ്ട്) ഹാജിയ്ക്കുണ്ട്. കാര്‍ഷിക ബന്ധബില്‍ നിയമസഭയില്‍ അവതരിപ്പിച്ചപ്പോള്‍ മുസ്ളിംലീഗ് നേതാവ് സി എച്ച് മുഹമ്മദ് കോയയുടെ ആവശ്യം, കശുമാവിനെയും തെങ്ങിനെയും ബില്ലിന്റെ പരിധിയില്‍ നിന്നൊഴിവാക്കണമെന്നായിരുന്നു. "ജന്മികളെല്ലാം ജന്മികളല്ല" എന്ന വിചിത്രമായ കണ്ടുപിടിത്തവും അദ്ദേഹം നിയമസഭയില്‍ നടത്തി. കാര്‍ഷിക ബന്ധ ബില്‍ കൊണ്ടുവരികയും കുടികിടപ്പവകാശം പൂര്‍ണമായും അംഗീകരിക്കുകയും ചെയ്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ അംഗീകരിക്കാനോ പിന്തുണയ്ക്കാനോ പോന്ന മാനസികാവസ്ഥയുളള ആളല്ല അഹമ്മദ് ഹാജി. അടിയാളരെ പീഡിപ്പിക്കുകയും കടുത്ത കമ്മ്യൂണിസ്റ്റ്കാരനായ കേശവനെ ജാതി പറഞ്ഞ് ആക്ഷേപിക്കുകയും ആക്രമിക്കുകയും സ്വന്തം ഇച്ഛ അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്നുമുണ്ട്.
ഇങ്ങനെയൊരു മഹാപാപിയ്ക്ക് ഒരു കമ്മ്യൂണിസ്റ് നേതാവുമായി അപാരമായ ആത്മബന്ധം പുലര്‍ത്തുന്നതിന് വിശ്വസനീയമായ ഒരു കാരണവും സിനിമ പറയുന്നില്ല. ഹാജി ഒരു കൊലക്കേസില്‍ പെടുമെന്നും അന്നയാളോട് വിലപേശി സ്ക്കൂളിനുവേണ്ടി പത്തേക്കര്‍ കൈക്കലാക്കാമെന്നും ദീര്‍ഘദര്‍ശനം നടത്തി നല്ല ബന്ധം സൂക്ഷിക്കുകയും അയാളുടെ കൊളളരുതായ്മകള്‍ക്കെതിരെ കണ്ണടയ്ക്കുകയും ചെയ്യുകയായിരുന്നോ പാലേരിയിലെ പാര്‍ട്ടി? അങ്ങനെയൊരു ദീര്‍ഘദര്‍ശനത്തോടെയാണ് പാലേരിയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തിച്ചത്? മറ്റേതെങ്കിലും സൌജന്യം പാര്‍ട്ടിയില്‍ നിന്ന് ഹാജിയോ ഹാജിയില്‍ നിന്ന് പാര്‍ട്ടിയോ കൈപ്പറ്റിയതിനെക്കുറിച്ച് ചിത്രത്തില്‍ സൂചനയില്ല. ഹംസയ്ക്ക് വീടും അഭയവും നല്‍കിയത് ഹാജിയാണെന്ന് ഒരു സൂചനയുണ്ട്. എന്നാല്‍ ഇടിഞ്ഞു പൊളിയാറായ ഒരു മണ്‍കുടില്‍ നല്‍കിയതിന്റെ പേരില്‍ ഹംസ ഹാജിയോട് സമ്പൂര്‍ണ വിധേയത്വം കാണിച്ചുവെന്ന് വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണ്. പത്തേക്കറിനുവേണ്ടിയുളള വിലപേശല്‍ വേളയില്‍ അധികാരഭാവത്തോടെ തന്നെയാണ് ഹംസ ഹാജിയോട് പെരുമാറുന്നതും.
ഹരിദാസിനെപ്പോലെ ഹാജിയുടെ വല്ല ജാരസന്തതിയുമാണോ ഹംസ എന്നും വേണമെങ്കില്‍ ശങ്കിക്കാം. ഭാവന ആ വഴിയില്‍ മുന്നേറിയിരുന്നെങ്കില്‍ ഹംസയുടെ റോളും മമ്മൂട്ടിയെ ഏല്‍പ്പിക്കാമായിരുന്നു.
ഇളമ്പിലാശേരി കുട്ടിശങ്കര മേനോന് - അറിയപ്പെടുന്ന കമ്മ്യൂണിസ്റ് സഹയാത്രികനെന്നാണ് ഇദ്ദേഹത്തെ ചിത്രം പരിചയപ്പെടുത്തുന്നത്. ഇഎംഎസ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞാദിനത്തില്‍ ബാര്‍ബര്‍ കേശവനെ വീട്ടില്‍ വിളിച്ചുവരുത്തി ക്ഷൌരം ചെയ്യാന്‍ ആജ്ഞാപിക്കുന്നു, മേനോന്. തയ്യാറല്ലെന്ന് അറിയിച്ച കേശവനെ ജാതി വിളിച്ച് ആക്ഷേപിക്കുന്നുണ്ട് സഹയാത്രികന്. ഇളമ്പിലാശേരി ഉമ്മറത്തു വന്ന് നടുനിവര്‍ത്തി നില്‍ക്കാനുളള സ്വാതന്ത്ര്യമേ കേശവനൊക്കെ കൊടുത്തിട്ടുളളൂവെന്ന് അയാളുടെ മുഖത്തു നോക്കി പ്രഖ്യാപിക്കുന്നുണ്ട് കുട്ടിശങ്കരമേനോന്‍. മേനോനെ പിന്നെ കാണുന്നത് പത്തേക്കറിന്റെ വിലപേശല്‍ രംഗത്താണ്. അതല്ലാതെ പൊതുരംഗത്തോ ഏതെങ്കിലും സാമൂഹ്യപ്രശ്നങ്ങളിലോ മേനോന് ഇടപെടുന്നതായി ചിത്രത്തില്‍ ഒരു സൂചനയുമില്ല. പിന്നെ, ഏത് വകുപ്പിലാണ് അയാള്‍ കമ്മ്യൂണിസ്റ്റ് സഹയാത്രികനാകുന്നതെന്ന ചോദ്യത്തിന് ഉത്തരവുമില്ല. ഹാജിയുടെ ഉറ്റസുഹൃത്താണ് മേനോന്. സ്വഭാവം കൊണ്ടും ഹാജിയുമായി കട്ടയ്ക്ക് നില്ക്കും. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സഹയാത്രികനാണെങ്കിലും ആദ്യമന്ത്രിസഭയുടെ സത്യപ്രതിജ്ഞ കാണാന്‍ അയാള്‍ക്ക് മോഹമില്ല. പിറ്റേന്നാണ് തിരുവനന്തപുരത്തേയ്ക്ക് എഴുന്നെളളത്ത്. അതെന്തിനെന്ന് ചോദിക്കരുത്.
കുട്ടിശങ്കര മേനോനെ കമ്മ്യൂണിസ്റ്റ് സഹയാത്രികനാക്കിയതിനും ഒറ്റ ലക്ഷ്യമേയുളളൂ. പ്രേക്ഷകരില്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധവികാരം ഊതിക്കത്തിക്കുക. അറിഞ്ഞതുപോലൊന്നുമല്ലല്ലോ ഇവറ്റകള് എന്ന ബോധം കാഴ്ചക്കാരന്റെ തലച്ചോറിലേയ്ക്ക് എറിഞ്ഞു തറയ്ക്കുക.
മലയാള സിനിമയില്‍ മേനോന് വീരഗാഥകള്‍ ഏറെപാടിയ സിനിമാക്കാരനാണ് രഞ്ജിത്ത് (പാലക്കാടന്‍ മേനോന്മാരാണ് നായന്മാരില് ഏറ്റവും മികച്ചതെന്നൊരു വിശ്വാസം ചിലര്‍ക്കുണ്ട്. ഒറ്റപ്പാലം കേന്ദ്രകരിച്ച് പാലക്കാടന്‍ മേനോന്മാരുടെ ധീരചരിത്രം വിളമ്പുന്ന രഞ്ജിത്തിനും ഈ വിശ്വാസമുണ്ടോയെന്നറിയില്ല). മേനോന്മാരുടെ മാനമിടിയുന്നതൊന്നും ചെയ്യാന്‍ രഞ്ജിത്തിന് കഴിയുകയുമില്ല. നായകന് മേനോനാണെങ്കില്‍ വില്ലനും മേനോന് തന്നെയായിരിക്കും. മേനോനോട് കളിക്കാന്‍ മേനോന് തന്നെ വേണം. "മാറഞ്ചേരി കരുണാകര മേനോന്റെ മാനത്തിന് വില പറയുന്നോടാ" എന്നാണ് നരസിംഹത്തില്‍ പൂവളളി ഇന്ദുചൂഡന് അലറുന്നത്. പ്രജാപതിയിലാണെങ്കില് നായികയുടെ അച്ഛനോ കൊച്ചച്ഛനോ ആയി വേഷമിടുന്ന ശ്രീരാമന് സ്വന്തം പേരുച്ചരിക്കുന്നതിലൂടെയാണ് നായകന്റെയും വില്ലന്റെയും കുടുംബം മേനോന് മയമാണെന്ന് സംവിധായകന് പ്രഖ്യാപിക്കുന്നത്. പാലേരി മാണിക്യത്തിലെത്തുമ്പോള് രഞ്ജിത്ത് പ്ലേറ്റ് തിരിക്കുന്നു. കമ്മ്യൂണിസ്റുകാരായ മേനോന്മാര് സര്വപ്രതാപികളാണെങ്കിലും സര്‍വഗുണ സമ്പന്നരല്ലെന്നാണ് ന്യായം. നശിച്ച നായരും ജനിച്ച ചോവനും പിഴച്ച മാപ്പിളയുമാണ് കമ്മ്യൂണിസ്റുകാരായിപ്പോകുന്നതെന്ന ആചാര്യന്റെ തിയറി രഞ്ജിത്തിനെയും സ്വാധീനിച്ചിരിക്കണം.
ആണ്ടി - മാണിക്യത്തിന്റെ സഹോദരനാണ് ആണ്ടി. പെങ്ങളുടെ മരണത്തില്‍ സംശയം തോന്നുന്ന ആണ്ടിയ്ക്ക് സത്യം കണ്ടെത്തണമെന്ന് സബ് ഇന്‍സ്പെക്ടര്‍ അടിയോടിയോട് സധൈര്യം അവന് ആവശ്യപ്പെടുന്നുണ്ട്. മരണവീട്ടില്‍ മറയില്ലാതെ അവന് ക്ഷോഭം പ്രകടിപ്പിക്കുകയും ചെയ്യുന്നു. തന്നെ നശിപ്പിച്ചവരോട് ഏട്ടന്റെ ഏറ്റുകത്തി പകരം ചോദിക്കുമെന്ന് മാണിക്യം ഉറക്കെ വിളിച്ചു പറയുകയും ചെയ്യുന്നുണ്ട്. ഈ കഥാപാത്രം പിന്നീടെങ്ങോട്ട് പോയി എന്ന ചോദ്യത്തിന് ഉത്തരമില്ല. മരണവീട്ടില്‍ വെച്ച് "വേലായുധേട്ടാ" എന്ന് വിളിച്ച് സങ്കടം പറയുന്നുണ്ട് ആണ്ടി. മാണിക്യത്തെ കൊന്ന കുറ്റത്തിന് പൊലീസ് പിന്നീട് അറസ്റു ചെയ്യുന്നത് ഇതേ വേലായുധനെയാണ്. ഏറ്റുകത്തി കഴുത്തിലമര്‍ത്തി വേലായുധനെ ആണ്ടി നന്നായൊന്ന് ചോദ്യം ചെയ്തിരുന്നുവെങ്കില്‍ മാണിക്യത്തിന്റെ കൊലയാളികളെ മീത്തലച്ചാല് ഗ്രാമം തിരിച്ചറിയുമായിരുന്നു. അതിനുളള തന്റേടവും ആണ്ടിയ്ക്കുണ്ടായിരുന്നുവെന്നാണ് സിനിമയിലെ സൂചന.
പക്ഷേ, താന്‍ ആഗ്രഹിക്കുന്നതു വരെ മാത്രം ആണ്ടി ക്ഷോഭിച്ചാല്‍ മതിയെന്ന് നോവലിസ്റും സംവിധായകനും തീരുമാനിച്ചാല്‍ നമുക്കെന്തു ചെയ്യാന്‍ കഴിയും. മാണിക്യം മരിച്ച് രണ്ടോ മൂന്നോ ദിവസം കഴിഞ്ഞ് ആണ്ടി വയറിളകി മരിച്ചുപോയെന്ന് സംവിധായകന് മുഖത്താട്ടിയാല് ഉത്തരവുമില്ല. സിനിമയില്‍ ആണ്ടിയ്ക്ക് കൃത്യമായ ധര്മ്മമുണ്ട്. വേലായുധനും കുഞ്ഞിക്കണ്ണനും ആഗ്രഹിച്ചതുപോലെ മാണിക്യത്തെ കുഴിച്ചിട്ടാല്‍ സിനിമയില്ല. കമ്മ്യൂണിസ്റുകാരാണ് മാണിക്യം കൊലപാതകം തേച്ചുമാച്ചു കളഞ്ഞതെന്ന് വരുത്താനുമാകില്ല. മാണിക്യത്തിന്റെ ശവം പോസ്റ്മോര്ട്ടത്തിനയച്ച് കൊലപാതകമാണെന്ന് സ്ഥാപിക്കാനുളള ഉപാധി മാത്രമാണ് ആണ്ടിയുടെ ക്ഷോഭം.
കമ്മ്യൂണിസ്റ്റ് വിരുദ്ധതയുടെ ഉല്പാദനത്തിന് വിചിത്രമായ കഥാസന്ദര്‍ഭങ്ങളാണ് ഈ കഥാപാത്രങ്ങള്‍ക്കു മേല്‍ കെട്ടിയേല്‍പ്പിക്കുന്നത്. അവ പലതും പരസ്പര വിരുദ്ധങ്ങളും യുക്തിരാഹിത്യത്താല് പരിഹാസ്യവുമാണ്.
പോലീസ് നായയുടെ വരവ്
അന്വേഷകന് പ്രതിയിലേയ്ക്കെത്തുന്ന വഴി കുറ്റാന്വേഷണ ചിത്രങ്ങളിലെ സുപ്രധാന ഘടകമാണ്. പൊലീസ് നായയുടെ വരവിന് ശേഷമാണ് കുഞ്ഞിക്കണ്ണനെയും വേലായുധനെയും പോലീസ് അറസ്റ്റു ചെയ്യുന്നത്. അന്വേഷണം ഡിവൈഎസ്പി മോഹന്‍ദാസ് മണലാത്ത് ഏറ്റെടുത്തതിന് ശേഷമാണ് നായ വരുന്നത്. മാണിക്യത്തിന്റെ ശവം കിടന്ന സ്ഥലത്തു നായയെക്കൊണ്ട് മണപ്പിക്കുന്നു. നായ ഓടി കുളക്കടവില്‍ ചെല്ലുന്നു. ടോര്‍ച്ചിനെ നോക്കി കുരയ്ക്കുന്നു. അവിടെ നിന്ന് കുഞ്ഞിക്കണ്ണന്റെ വീട്ടിലേയ്ക്ക് നായ ഓടിച്ചെല്ലുന്നു.
കൊലപാതകം നടന്ന് ദിവസങ്ങള്‍ക്ക് ശേഷം ശവം കിടത്തിയിരുന്ന വീട്ടിലെ മുറിയിലേയ്ക്ക് പോലീസ് നായയെ മണപ്പിക്കാനയ്ക്കാന് രഞ്ജിത്തിന് മാത്രമേ കഴിയൂ. ആ സ്ഥലത്ത് മാണിക്യത്തിന്റെ ശരീരഗന്ധം അവശേഷിച്ചാല്‍ തന്നെ നായ ഓടുക അവളെ പൊതിഞ്ഞുകെട്ടി പോസ്റ്മോര്ട്ടം ചെയ്യാന്‍ കൊണ്ടുപോയ വഴിയേ ആയിരിക്കും. നദിക്കരയില്‍ ദിവസങ്ങളോളം കാറ്റും ഈര്പ്പവുമേറ്റു കിടക്കുന്ന ടോര്ച്ചില് നിന്ന് ഗന്ധം പിടിച്ച് കുഞ്ഞിക്കണ്ണന്റെ വീട്ടിലേയ്ക്ക് പോലീസ് നായ ഓടുന്ന രംഗമൊക്കെ ചിത്രീകരിക്കണമെങ്കില്‍ മികച്ച ഭാവനാശേഷി മാത്രം പോര, അപാരമായ തൊലിക്കട്ടിയും വേണം. ചുരുക്കം പറഞ്ഞാല്‍ വേലായുധനെയും കുഞ്ഞിക്കണ്ണനെയും പ്രതിസ്ഥാനത്ത് പ്രതിഷ്ഠിക്കുന്ന പോലീസ് നായ എപ്പിസോഡ് സാക്ഷാല്‍ വിനയന് പോലും സങ്കല്പ്പിക്കാനറയ്ക്കുന്നതാണ്. അത്രയ്ക്ക് പരിഹാസ്യമായ ഭാവനയിലൂടെയാണ് കേസന്വേഷണത്തിന്റെ തുമ്പ് സൃഷ്ടിക്കുന്നത്.
പരിഹാസ്യമായ കോടതി രംഗം
വേലായുധനും കുഞ്ഞിക്കണ്ണനുമൊപ്പമുളള മൂന്നാം പ്രതിയെ ഡിവൈഎസ്പിയാണ് നിശ്ചയിക്കുന്നത്. ഇവര്‍ തന്റെ വീട്ടില്‍ കയറി മാണിക്യത്തെ ബലാത്കാരമായി പിടിച്ചിറക്കിക്കൊണ്ടു പോയത് ഇരുട്ടില്‍ നിന്ന മൂന്നാമതൊരാളിന്റെ അടുത്തേയ്ക്കായിരുന്നുവെന്ന ചീരുവിന്റെ മൊഴിയില്‍ നിന്നാണ് മുതുവന അഹമ്മദ് എന്ന പ്രതിയുണ്ടാകുന്നത്. എന്നാല്‍ മുതുവന അഹമ്മദിനെ ആര്‍ക്കുവേണ്ടിയാണ് സൃഷ്ടിച്ചതെന്ന ഹരിദാസ് ചോദിക്കുന്നുണ്ട്.
പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടറെ വിസ്തരിക്കുന്ന ദൃശ്യത്തോടെയാണ് വിചാരണ രംഗം ആരംഭിക്കുന്നത്. ബലാത്സംഗത്തെക്കുറിച്ചൊരു നിര്‍വചനം മാത്രമാണ് ഡോക്ടറില്‍ നിന്ന് പ്രതിഭാഗം വക്കീല്‍ ആരായുന്നത്. പോസ്റ്മോര്ട്ടം റിപ്പോര്‍ട്ടിനെക്കുറിച്ചോ അതിലെ നിഗമനങ്ങളെക്കുറിച്ചോ വക്കീല്‍ ചോദ്യങ്ങളൊന്നും ചോദിക്കുന്നില്ല. പ്രോസിക്യൂഷന് ഡോക്ടറെ ചോദ്യം ചെയ്യുന്നുമില്ല. മറിച്ച് പ്രതികളില്‍ ഒരാള്‍ യഥാര്‍ത്ഥ പ്രതിയാണോ എന്ന് തനിക്ക് സംശയമുണ്ടെന്നാണ് പ്രോസിക്യൂഷന് ആരോപിക്കുന്നത്. സാക്ഷിയല്ല. പ്രോസിക്യൂഷന് തന്നെ കൂറുമാറുന്ന അതിവിചിത്രമായ രംഗം.
പ്രോസിക്യൂഷന് കൂറുമാറുന്നതായി സങ്കല്പ്പിക്കാന് അപാരമായ തൊലിക്കട്ടിയ്ക്കു പുറമേ തികഞ്ഞ അജ്ഞതയും വേണം. താന്‍ ഹാജരാക്കിയ ആളല്ല പ്രതിയെന്ന് പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിക്കുന്ന സംഭവം രാഷ്ട്രീയ, നിയമ രംഗങ്ങളില്‍ വന്കോളിളക്കമുണ്ടാക്കുമെന്ന് ഉറപ്പാണ്. ആരുടെയും കയ്യില്‍ നില്‍ക്കുന്നതാവില്ല അത് സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍. പ്രോസിക്യൂഷന് കൂറുമാറുക, ഉടന്‍ തന്നെ ജഡ്ജി പേനയെടുത്ത് വിധിയെഴുതുക തുടങ്ങിയ മൂന്നാംകിട നമ്പരുകള്‍ കൊണ്ടാണ് കേസ് തോല്‍പ്പിച്ച് ദുരൂഹത സൃഷ്ടിക്കുന്നത്. മലയാള സിനിമയിലെ അനുപമമായ ഹാസ്യരംഗങ്ങളിലൊന്നായി ഇതെന്നും ചരിത്രത്തില്‍ സ്ഥാനം നേടും.
ഓര്‍മ്മകളേ.... വരി വരിയായി കടന്നു വരൂ....
അപാരമായ ഓര്മ്മശക്തിയുളള കേശവന്റെ അടുത്തേയ്ക്ക് ഹരിദാസിനെയും സരയുവിനെയും പറഞ്ഞയയ്ക്കുന്നത് ബാലന് നായരാണ്. ഓര്‍മ്മ ശക്തമാണെങ്കിലും സംഭവങ്ങള്‍ നടന്ന ക്രമത്തിലേ കേശവന് പറയൂ. വളരെ പഴയ ഒരു സംഭവത്തെക്കുറിച്ച് ആരെങ്കിലും നമ്മോട് അന്വേഷിച്ചാല്‍ അതേക്കുറിച്ച് ഏറ്റവും പ്രസക്തവും പ്രമാദവുമായ ഓര്‍മ്മയാണ് നാം ആദ്യം പങ്കുവെയ്ക്കുക. അങ്ങനെയെങ്കില്‍, മാണിക്യത്തിന്റെ കൊലപാതക രഹസ്യം തേടിയെത്തുന്നവരോട് കേശവന് ആദ്യം പറയേണ്ടത് ഫാക്ടറി ബംഗ്ളാവില്‍ നടന്ന പത്തേക്കര്‍ ഗൂഢാലോചനയെക്കുറിച്ചാണ്. അത് പറയാതെ ഓരോ ദിവസവും ഓരോ അനുഭവം.. ആദ്യത്തെ അനുഭവം ആദ്യം എന്ന രീതിയിലുളള ആഖ്യാനതന്ത്രമാണ് സസ്പെന്‍സ് നിലനില്‍ത്തുന്നതിന് സംവിധായകനെ സഹായിക്കാന്‍ വേണ്ടി ബാര്‍ബര്‍ കേശവന് സ്വീകരിക്കുന്നത്.
ബാലന് നായരും തഥൈവ
എട്ടു വയസു മുതല്‍ ബാലന് നായരും മാണിക്യത്തെക്കുറിച്ച് കേട്ടു തുടങ്ങുന്നുണ്ട്. ഗ്രാമത്തിലെ പെണ്ണുങ്ങള്‍ക്കും ഈ കഥ പറയാന്‍ ഒരു പ്രത്യേക ക്രമം ഉണ്ടായിരുന്നിരിക്കണം. ആവളയില്‍ നിന്ന് മാണിക്യം പുഴ കടന്ന് മീത്തലച്ചാലിലെത്തിയ അതേ ദിവസം തന്നെ അവളെ പ്രാപിക്കാന്‍ ഹാജി എത്തുന്നതും കുതറിയോടിയ അവള് അയല്‍പക്കത്തുളള ബീവാത്തുമ്മയുടെ വീട്ടില്‍ അഭയം പ്രാപിക്കുന്നതുമായ കഥ ഹരിദാസിനോട് ബാലന് നായര്‍ പറയുന്നുണ്ട്. അന്യപുരുഷന്റെ ഭാര്യയെ അവളുടെ വിവാഹരാത്രിയില്‍ ഹാജി പ്രാപിക്കാനെത്തിയതും അവള് രക്ഷപെട്ട് അയല്‍വീട്ടില്‍ അഭയം പ്രാപിച്ചതും മീത്തലച്ചാല് ഗ്രാമത്തില്‍ തൊട്ടുപിറ്റേന്നത്തെ ചൂടുളള വാര്‍ത്തയാകേണ്ടതാണ്. എന്നിട്ടും പതിനൊന്ന് ദിവസങ്ങള്‍ക്കു ശേഷം പുതുപ്പെണ്ണിനെ കാണാനെത്തുന്ന പെണ്‍കൂട്ടത്തിന്റെ ദൃശ്യം ഒരുളുപ്പുമില്ലാതെ സംവിധായകന് ചിത്രീകരിക്കുന്നുണ്ട്. ഹാജിയുടെ ബലാത്സംഗ ശ്രമത്തോട് മാണിക്യവും പൊക്കനും ആ നാട്ടുകാരും എങ്ങനെ പ്രതികരിച്ചുവെന്നതിന് യാതൊരു തെളിവുമില്ല.
മാണിക്യത്തിന്റെ കൊലപാതകത്തെക്കുറിച്ച് മീത്തലച്ചാലില്‍ നടക്കുന്ന ഏത് ചര്‍ച്ചയിലും ആദ്യം പരാമര്‍ശിക്കേണ്ടത്, അവളെ പ്രാപിക്കാന്‍ വിവാഹരാത്രിയില്‍ തന്നെ അഹമ്മദ് ഹാജി പാഞ്ഞെത്തിയതും മാണിക്യം അയല്പക്കത്ത് അഭയം തേടിയതുമായ സംഭവമാണ്. പക്ഷേ, മാണിക്യത്തെക്കുറിച്ച് സകല ഗവേഷണവും നടത്തിയ ഹരിക്ക് ഈ കഥ ബാലന് നായര്‍ പറഞ്ഞു കൊടുക്കേണ്ടി വന്നു. ബാര്‍ബര്‍ കേശവന് പോലും ഈ കഥ പറയുന്നില്ല. മാണിക്യത്തിന്റെ അയല്പക്കക്കാരൊക്കെയും സാക്ഷിയായ ഈ സംഭവം നാട്ടിലാകെ പാട്ടാകേണ്ടതും കൊലപാതകത്തെ തുടര്‍ന്നുളള അന്വേഷണത്തില്‍ ഇടംപിടിക്കേണ്ടതുമാണ്. മാണിക്യത്തിന്റെ മരണത്തില്‍ ഹാജിയ്ക്കുളള പങ്കിനെക്കുറിച്ചുളള സംശയം ബാര്‍ബര്‍ കേശവന് കെ പി ഹംസയോട് പറയുന്ന രംഗവും സിനിമയിലുണ്ട്. വെറുതേ നാട്ടുകാര്‍ പറയുന്ന സംശയം സഖാക്കള്‍ ഏറ്റുപറയരുതെന്ന് കേശവനെ ഹംസ പരസ്യമായി ശാസിക്കുന്നുണ്ട്. ഹാജി മാണിക്യത്തെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതും രക്ഷപെട്ട അവള് അന്യവീട്ടില്‍ അഭയം തേടിയതും കേശവനോ ഹംസയോ അറിഞ്ഞ മട്ടില്ല. അവരവരുടെ നാടുകളില്‍ നടക്കുന്ന സംഭവങ്ങളില്‍ തനിക്ക് താല്പര്യമുളളത് താന്‍ ആഗ്രഹിക്കുന്ന വേളയില്‍ മാത്രം തന്റെ കഥാപാത്രങ്ങള്‍ അറിയുകയും പറയുകയും ചെയ്താല്‍ മതിയെന്ന നിര്‍ബന്ധബുദ്ധിയാണ് സംവിധായകനും നോവലിസ്റുമൊക്കെ വെച്ചുപുലര്‍ത്തുന്നത്. ലളിതമായ സ്വാഭാവികതകള്‍ പോലും മറച്ചുവെയ്ക്കുന്നവര്‍ക്ക് അത്രതന്നെ കടുത്ത സ്ഥാപിത താല്പര്യങ്ങളുണ്ടാകും.
പൊക്കന്റെ അച്ഛന് ഒതേനനെ ഹാജി ചവിട്ടിക്കൊന്നതാണെന്ന സംശയം നാട്ടുകാര്‍ക്കുണ്ടെന്ന് ആദ്യം ഹരിദാസും പിന്നീട് ബാലന് നായരും വ്യക്തമാക്കുന്നുണ്ട്. ചീരു മാത്രമാണ് ആ കൊലപാതകത്തിന് സാക്ഷി. അവള് ഹാജിയെ ഒറ്റുന്നേയില്ല. എന്നിട്ടും ഈ കൊലപാതക കഥ നാട്ടില്‍ സംശയമായി പരന്നു. എത്രയോ പേരെ സാക്ഷി നിര്‍ത്തി ഹാജി മാണിക്യത്തെ അവളുടെ വിവാഹരാത്രി പ്രാപിക്കാനെത്തിയ കഥ നാട്ടിലെങ്ങും പരന്നില്ല. ഹരിദാസ് മുതല്‍ ബാര്‍ബര്‍ കേശവന് വരെയുളളവര്‍ അതൊട്ട് അറിഞ്ഞുമില്ല. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ഓരോരോ ലീലകള്‍...
എസ് കെ പളളിപ്പുറത്തിന്റെ വെളിപ്പെടുത്തല്‍
ഡിവൈഎസ്പി മോഹന്‍ദാസ് മംഗലാത്തിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് പരാതിയുയര്‍ന്നപ്പോഴാണ് ലക്ഷ്മണന് കാര്ത്തികേയന് എന്ന ഉദ്യോഗസ്ഥനെ സര്‍ക്കാര്‍ അന്വേഷണച്ചുമതല ഏല്‍പ്പിച്ചത്. തന്റെ മകന്റെ മരണത്തെക്കുറിച്ചും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ധര്‍മ്മദത്തന്റെ പിതാവ് മുഖ്യമന്ത്രിക്ക് നേരിട്ട് നല്കിയ നിവേദനത്തെ തുടര്‍ന്നാണ് ലക്ഷ്മണന് കാര്‍ത്തികേയനെ അന്വേഷണം ഏല്‍പ്പിക്കുന്നത്. പക്ഷേ, അയാള്‍ക്കും ഒന്നും കണ്ടെത്താനാവുന്നില്ല. അയാളുടെ റിപ്പോര്‍ട്ട് അതേപടി കോടതിയില്‍ എത്തിയില്ലത്രേ! ഒറിജിനല്‍ റിപ്പോര്‍ട്ട് ആഭ്യന്തര മന്ത്രാലയത്തിന് അയാള്‍ സമര്‍പ്പിച്ചിരുന്നു. അത് ഹോം ഡിപ്പാര്‍ട്ടുമെന്റിലെ ഒരു സെക്രട്ടറി ചോര്‍ത്തി എസ് കെ പളളിപ്പുറം എന്ന നാടകസംവിധായകന്‍ കൈമാറിയിരുന്നു. മാണിക്യം കൊല്ലപ്പെട്ട അതേ രാത്രിയില്‍ മീത്തലച്ചാലില്‍ അരങ്ങേറിയ തുന്നിക്കെട്ടിയ സത്യം എന്ന നാടകം ഇയാളാണ് സംവിധാനം ചെയ്തത്. നാടകം ഏര്‍പ്പാടാക്കിയത് അഹമ്മദ് ഹാജി തന്നെയായിരുന്നു.
ആഭ്യന്തര വകുപ്പിന് ലക്ഷ്മണന് കാര്ത്തികേയന് സമര്‍പ്പിച്ച രഹസ്യ റിപ്പോര്‍ട്ട് കൈയില്‍ കിട്ടിയിട്ടും എസ് കെ പളളിപ്പുറം ആ റിപ്പോര്‍ട്ട് വായിച്ചു നോക്കുകയോ അതിലെ വിവരങ്ങള്‍ പരസ്യപ്പെടുത്തുകയോ ചെയ്യുന്നില്ല. അമ്പത്തി രണ്ട് വര്‍ഷം മുമ്പ് നടന്ന സംഭവം എന്ന് ഹരിദാസ് മാണിക്യം കൊലപാതകത്തെ വിശേഷിപ്പിക്കുന്നുണ്ട്. മാണിക്യം കൊല്ലപ്പെട്ടത് 1957ല്‍. ഹരിദാസിന്റെ അന്വേഷണം നടക്കുന്നത് 2009ല്‍. എങ്ങനെ പോയാലും അമ്പതുവര്‍ഷം പഴക്കം വരും ആ റിപ്പോര്‍ട്ടിന്.
24 മണിക്കൂര്‍ വാര്‍ത്താ ചാനലുകളും ദിനപ്പത്രങ്ങളും സെന്‍സേഷണലിസത്തില്‍ മുങ്ങിത്താഴുന്ന ഈ കാലത്ത് എത്രമാത്രം വിലപ്പെട്ട വാര്‍ത്താ വസ്തുവായിരിക്കും ഈ റിപ്പോര്‍ട്ട് എന്നാലോചിക്കുക. വര്‍ഗീസിനെ വെടിവെച്ചു കൊന്നതാണെന്ന രാമചന്ദ്രന് നായരുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ സിബിഐ അന്വേഷണം നടക്കുന്ന കാലം. പാലേരി മാണിക്യം കൊലക്കേസിലെ യഥാര്‍ത്ഥ അന്വേഷണറിപ്പോര്‍ട്ടുമായി എസ് കെ പളളിപ്പുറത്തിന് മാധ്യമങ്ങളില്‍ വിലസാന്‍ പറ്റിയ സമയം. കേസിന്റെ പുനരന്വേഷണം സിബിഐയെ ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് ക്രൈം നന്ദകുമാറിന്റെ ഹര്‍ജി, പിണറായി വിജയനും കെ പി ഹംസയും തമ്മിലുളള സാമ്യം വിശദമാക്കുന്ന എം പി വീരേന്ദ്രകുമാര്‍ വക കവലപ്രസംഗം, ആര് ഹരികുമാര്‍ മുതല്‍ കെ എ ജോണി വരെയുളള മാതൃഭൂമിയിലെ സിന്‍ഡിക്കേറ്റ് പ്രതിഭകളുടെ നെടുങ്കന്‍ അവലോകനങ്ങള്‍, കാളീശ്വരം രാജ് മുതല്‍ ശിവന് മഠത്തില്‍ വരെ അണിനിരക്കുന്ന ടെലിവിഷന്‍ ചര്‍ച്ചകള്‍, അഡ്വ. കെ. രാം കുമാര്‍ വക എഡിറ്റ് പേജ് ലേഖനങ്ങള്‍... അങ്ങനെ എന്തെന്ത് സാധ്യതകളാണ് പളളിപ്പുറത്തിന്റെ കൈവശമുളള ഒറിജിനല്‍ റിപ്പോര്‍ട്ട് മുന്നോട്ടു വെയ്ക്കുന്നത്. അതൊന്നും ഉപയോഗിക്കുന്നില്ലെന്നോ പോകട്ടെ, ആ റിപ്പോര്‍ട്ട് വായിച്ചു നോക്കാന്‍ പോലും പളളിപ്പുറം തയ്യാറായതായി സിനിമയില്‍ സൂചനയില്ല.
ഈ റിപ്പോര്‍ട്ടില്‍ പക്ഷേ, കൊലയാളികളെക്കുറിച്ചുളള സൂചനകളൊന്നുമില്ല. നാടുവിട്ട ചന്ദമന് പൂശാരിയും ചീരുവും തമ്മിലുളള ബന്ധം, അയാള്‍ നാടുവിട്ടതിന്റെ കാരണം എന്നിങ്ങനെ ചില വിവരങ്ങളേ ആ റിപ്പോര്‍ട്ട് നല്‍കുന്നുളളൂ. ലക്ഷ്മണന് കാര്‍ത്തികേയന്റെ സ്പൈ ചന്ദമന് പൂശാരിയെ പിടികൂടുന്നുണ്ടെന്ന് ഈ റിപ്പോര്‍ട്ട് പറയുന്നു. അയാളെ ചോദ്യം ചെയ്തിട്ടും കാര്ത്തികേയന് മര്‍മ്മപ്രധാനമായ വിവരങ്ങള്‍ കിട്ടുന്നില്ല. മലയാളമല്ലാത്ത ഭാഷ സംസാരിച്ച ആരോ ആണ് മാണിക്യത്തെ ബലാത്സംഗം ചെയ്തതെന്ന് പൂശാരിയുടെ മൊഴി.
സാമാന്യബുദ്ധി ഇവിടെയും തകിടം മറിയുന്നുണ്ട്. പൂശാരിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതികളെയും സാക്ഷികളെയും അന്വേഷണ ഉദ്യോഗസ്ഥന് വീണ്ടും ചോദ്യം ചെയ്തതായോ അന്വേഷിച്ചതായോ ഒറിജിനല്‍ റിപ്പോര്‍ട്ടില്‍ ഒരു സൂചനയുമില്ല. പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തപ്പെട്ട വേലായുധന്, കുഞ്ഞിക്കണ്ണന് എന്നിവരുടെയും സാക്ഷികളായ ചീരു, പൊക്കന്‍ എന്നിവരുടെയും പൂശാരിയുടെയും മൊഴികള്‍ തമ്മിലുളള പ്രകടമായ വൈരുദ്ധ്യം അതേപടി അവശേഷിപ്പിച്ച് അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കാനാവില്ല. ചീരു, വേലായുധന്, കുഞ്ഞിക്കണ്ണന് എന്നിവര്‍ക്ക് കൊലയാളിയെ അറിയാം എന്ന് തീര്‍ത്തും വ്യക്തമാകുന്ന സാഹചര്യത്തില്‍ അവരെ നിയമത്തിന് മുന്നില്‍ നിന്ന് മറച്ചുവെയ്ക്കാന്‍ അത്രയും പഴുതടച്ച ഒരു കളളക്കഥയുണ്ടാക്കണം.
ഹിന്ദി അറിയാവുന്ന ഭ്രാന്തന് കുമാരന്
മാണിക്യത്തെ ബലാത്സംഗം ചെയ്തവര്‍ ഹിന്ദിക്കാരാണെന്ന് ഹരിദാസിനോട് പറയാന്‍ ഒരു ഭ്രാന്തന് കുമാരനെയാണ് രഞ്ജിത്ത് ചട്ടം കെട്ടി അയച്ചത്. വര്‍ഷങ്ങളായി തന്റെ മനസില്‍ ഒളിച്ചുവെച്ച രഹസ്യം ഹരിദാസിനോട് വെളിപ്പെടുത്താന്‍ ഇരുട്ടിന്റെ മറവില്‍ എത്തുന്ന കുമാരനെ, "പാലേരിയുടെ അബോധ മനസ്" എന്നാണ് ഹരിദാസ് വിശേഷിപ്പിക്കുന്നത്. (ബുദ്ധിജീവികള്‍ അങ്ങനെ ചില ഡയലോഗുകള്‍ പൂശും)
സേതുരാമയ്യര്‍ സിബിഐ എന്ന ചിത്രത്തില്‍ മാള അവതരിപ്പിക്കുന്ന കുഴിവെട്ട് മത്തായി എന്നൊരു കഥാപാത്രമുണ്ട്. അയാളുടെയും റോള്‍ ഇതുതന്നെയാണ്. അന്വേഷകരെ ചിലത് അറിയിക്കുക. അതിന് അവരുടെ മുന്നില്‍ അസ്വാഭാവികമായി പ്രത്യക്ഷപ്പെടുക. കുഴിവെട്ട് മത്തായിയെ അതുപോലെ അടിച്ചു മാറ്റി ഭ്രാന്തന് കുമാരനെ രഞ്ജിത്ത് സൃഷ്ടിക്കുമ്പോള്‍, മലയാളത്തിലെ കുറ്റാന്വേഷണ സിനിമാക്കഥകള്‍ക്ക് ഒരിക്കലും എസ് എന്‍ സ്വാമിയുടെ സ്വാധീനത്തില്‍ നിന്ന് രക്ഷപെടാനാവില്ലെന്നു കൂടി നമുക്ക് മനസിലാക്കാം.
ചരിത്രത്തോടെന്നത് പോകട്ടെ, കഥയോടു പോലും നീതിപുലര്‍ത്താന്‍ സംവിധായകന് കഴിഞ്ഞിട്ടില്ല. പറയാനുളളത് വിശ്വസനീയമായ തരത്തില്‍ അവതരിപ്പിക്കുന്നതില്‍ ദയനീയമായി പരാജയപ്പെട്ട രഞ്ജിത്തിന് ഓര്‍ക്കാപ്പുറത്ത് കിട്ടിയ വയാഗ്രയായിരിക്കണം, മികച്ച ചിത്രത്തിനുളള അവാര്‍ഡ്.
നേതാവിന്റെ കക്ഷത്തെ ഡയറി, കൊടി, ജാഥ, അടച്ചിട്ട മുറിയിലെ ഗൂഢാലോചന എന്നിങ്ങനെയുളള വികലമായ ധാരണകളുമായി ചരിത്രഭാരമുളള പടം പിടിക്കാനിറങ്ങി ദയനീയമായി പരാജയപ്പെട്ട സംവിധായകന് ഇടതുപക്ഷ സര്‍ക്കാര്‍ തന്നെയാണ് അവാര്‍ഡ് ചാര്‍ത്തേണ്ടത്. എവിടെ നിന്നോ കിട്ടിയ കുറേ നക്സല്‍ ഗൃഹാതുരത്വവുമായി സമൂഹത്തെയും രാഷ്ട്രീയത്തെയും കുറിച്ച് അസഹനീയമായ തെറ്റിദ്ധാരണകള്‍ വെച്ചുപുലര്‍ത്തുന്ന ഒരുപറ്റം ബുദ്ധിജീവികള്‍ ഈ സിനിമയെ വിഴുങ്ങിയതില്‍ അത്ഭുതമില്ല. സമൂഹത്തോടും ചരിത്രത്തോടും നീതിപുലര്‍ത്തുന്ന സിനിമകള്‍ സൃഷ്ടിക്കാന്‍, നരസിംഹവേഷം കെട്ടിയാടുന്ന സവര്‍ണതയുടെ ആറാം തമ്പുരാന്മാരെ ഊണിനും ഉറക്കത്തിലും ഉപാസിക്കുന്ന രഞ്ജിത്തിന് ഇനിയും ജന്മങ്ങള് പലത് ജനിച്ചു മരിക്കേണ്ടി വരുമെന്ന് ഉറക്കെ വിളിച്ചു പറയാന്‍ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ഒരപ്പോസ്തലനെയും നമുക്ക് ഭയക്കാതിരിക്കാം. ചരിത്രത്തോട് നീതിപുലര്‍ത്തുന്ന ഒരു ഷോട്ടോ ഒരു സീനോ ഇല്ലെങ്കിലും ചരിത്രഭാരം കൊണ്ട് വീര്‍പ്പുമുട്ടുന്ന ഈ ചിത്രത്തിന് മികച്ച ചിത്രത്തിനുളള അവാര്‍ഡ് കൊടുത്താദരിച്ചത് ഏത് പൊന്നുതമ്പുരാനായാലും!