Friday, January 15, 2010

അടി ചെയ്യും ഉപകാരം......................

കയ്യൂക്ക് ഒന്നിനും ഒരു പരിഹാരമല്ല. എന്നാല്‍ ചെകിടിന് രണ്ടെണ്ണം കിട്ടിയേക്കാമെന്ന അവസ്ഥ പലരെയും പലതില്‍ നിന്നും അകറ്റി നിര്‍ത്തും. നാം ജീവിക്കുന്ന സമൂഹം ഇങ്ങനെയെങ്കിലുമൊക്കെ മുന്നോട്ടു പോകുന്നതിന് ഈ ഭീതിയും ഒരു കാരണമാണ്. സക്കറിയ വിവാദവും തെളിയിക്കുന്നത് മറ്റൊന്നല്ല.

"ഒളിവിന്റെ മറവിലും സുഖത്തിലും" ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാക്കള്‍ മുങ്ങിനീരാടിയ രതിയുടെ തടാകങ്ങളെത്തേടി പയ്യന്നൂരിലെത്തിയ സക്കറിയയ്ക്കു നേരെ, ഇമ്മാതിരി വേണ്ടാതീനം ഇനിമേലില്‍ പറയരുത് എന്ന് ചൂണ്ടുവിരല്‍ നീട്ടിയലറിയ പയ്യന്നൂരിലെ ക്ഷുഭിതയൗവനങ്ങളുടെ മുന്നറിയിപ്പ് അക്ഷരാര്‍ത്ഥത്തില്‍ ഏറ്റു. പയ്യന്നൂരില്‍ പറഞ്ഞ അതേ വാചകങ്ങള്‍ ചാനലിലോ പത്രങ്ങളിലോ ആവര്‍ത്തിക്കാനുളള ധൈര്യം സക്കറിയയ്ക്കോ അദ്ദേഹത്തിന് പിന്തുണയുമായി അണിനിരന്ന സാംസ്ക്കാരിക ധൈര്യശാലികള്‍ക്കോ തീരെയും ഉണ്ടായിരുന്നില്ല. സക്കറിയ പറഞ്ഞ യഥാര്‍ത്ഥ വാക്കുകളെന്തെന്ന് അറിയാന്‍ യു ട്യൂബിന്റെ സഹായം വേണ്ടി വന്നു, നമുക്ക്.

സംഭവം നടത്തിന് പിന്നാലെ പുറപ്പെടുവിച്ച പ്രസ്താവനയില്‍ താന്‍ പറഞ്ഞതെന്തെന്ന് സക്കറിയ വ്യാഖ്യാനിക്കാന്‍ ശ്രമിച്ചിരുന്നു. യഥാര്‍ത്ഥ വാചകങ്ങളും വ്യാഖ്യാനവും തമ്മിലൊന്ന് താരതമ്യപ്പെടുത്തി നോക്കുക.
പ്രസ്താവനയില്‍ നിന്ന്...
" ...പ്രസംഗത്തിന്റെ അവസാനഭാഗത്ത്‌ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തെക്കുറിച്ച്‌ ഞാന്‍ പരാമര്‍ശിച്ചിരുന്നു. കേരളത്തില്‍ നവോത്ഥാനം കൊണ്ടുവന്ന പ്രസ്ഥാനമാണിത്‌. ആധുനികതയോടും ലൈംഗികതയോടും തുറന്ന സമീപനമായിരുന്നു ഈ പ്രസ്ഥാനത്തിന്‍േറത്‌. സ്‌ത്രീ-പുരുഷ ബന്ധത്തോട്‌ ഒരിക്കലും ഇടുങ്ങിയ സദാചാരം അത്‌ പുലര്‍ത്തിയിരുന്നില്ല. ആ പ്രസ്ഥാനമാണ്‌ ഇപ്പോള്‍ ഒരു പുരുഷന്റെയും സ്‌ത്രീയുടെയും ഭരണഘടനാപരമായ അവകാശങ്ങള്‍ ലംഘിച്ചുകൊണ്ട്‌ പെരുമാറുന്നത്‌. കമ്മ്യൂണിസം കൊണ്ടുവന്ന പുരോഗമന, വിശാല ലോക വീക്ഷണങ്ങള്‍ക്ക്‌ വിരുദ്ധമാണിത്‌. അപ്രകാരം പെരുമാറുന്ന പ്രസ്ഥാനത്തിന്‌ എന്തോ അപചയം സംഭവിച്ചിട്ടുണ്ട്‌. തീര്‍ച്ചയായും കമ്മ്യൂണിസം തകരുന്നത്‌ ഈ നാടിന്‌ നല്ലതല്ല. കമ്മ്യൂണിസം സ്വയം നവീകരണത്തിന്‌ വിധേയമാകണം. ഇടതുപക്ഷത്തിന്‌ ഇവിടെ ശക്തമായൊരു ഇടമുണ്ട്‌....ഇതായിരുന്നു എന്റെ പ്രസംഗത്തിന്റെ സത്ത"....

പയ്യന്നൂര്‍ പ്രസംഗത്തിന്റെ യു ട്യൂബ് ദൃശ്യത്തില്‍ സക്കറിയ പറഞ്ഞ യഥാര്‍ത്ഥ വാചകങ്ങള്‍...

“വാസ്തവത്തില്‍ ഇടതുപക്ഷ പ്രസ്ഥാനം ഒരു ഒളിപ്രസ്ഥാനമായിരുന്ന കാലത്ത് , ഞാന്‍ മനസ്സിലാക്കിയിരിക്കുന്നിടത്തോളം ഇത്രമാത്രം ലൈംഗികതയില്‍, ആ ഒളിവിന്റെ ഒരു മറവില്‍, അതിന്റെ സുഖത്തില്‍ ഇത്രമാത്രം ലൈഗികതയോടു കൂടി പ്രവര്‍ത്തിച്ച മറ്റൊരു പ്രസ്ഥാനമുണ്ടോ എന്ന്
സംശയിക്കണം. ഒരു പക്ഷെ കേരളത്തില്‍ ലൈംഗികതയില്‍ ഏറ്റവും അടിയുറച്ച പ്രസ്ഥാനമാണ് ഇടതു പക്ഷ പ്രസ്ഥാനം.ആ രാഷ്ട്രീയ പ്രസ്ഥാനമാണിന്ന് ഇത്ര ഭീകരമായ സങ്കുചിതത്വത്തിലേക്ക് സ്തീയെയും പുരുഷനെയും ഒന്നിച്ചു കണ്ടാല്‍ സംശയിക്കണം എന്ന സങ്കുചിതത്വത്തിലേക്ക് മടങ്ങിയിട്ടുള്ളത്”.

"ഒളിവിന്റെ മറവിലും സുഖത്തിലും ഇത്രമാത്രം ലൈംഗികതയോടെ പ്രവര്‍ത്തിച്ച മറ്റൊരു പ്രസ്ഥാനമുണ്ടോ" എന്ന സംശയം, ഒരു കഴുത്തിനു പിടിത്തവും കുറേ ഉന്തും തള്ളും കിട്ടിയതിനു ശേഷം എത്ര ഭംഗിയായി രൂപം മാറിയെന്ന് നോക്കുക. പയ്യന്നൂരിലെ വേദിയില്‍ നില്‍ക്കുമ്പോള്‍ പ്രസ്താവനയിലെഴുതിയ വാചകങ്ങള്‍ ഓര്‍ക്കാനുളള വകതിരിവ് സക്കറിയയ്ക്കുണ്ടായിരുന്നെങ്കില്‍ കഴുത്തിന് കുത്തിപ്പിടിക്കലും ഉന്തും തള്ളും ഒഴിവാക്കാമായിരുന്നു.

ധീരവും സുചിന്തിതവുമായ അഭിപ്രായങ്ങള്‍ ക്ഷണിച്ചു വരുത്തുന്ന പ്രകോപനങ്ങള്‍ക്കു നേരെ നെഞ്ചു വിരിച്ചു നില്‍ക്കാനുളള ആര്‍ജവം കാണിച്ച ബുദ്ധിജീവികളും ചിന്തകരും ചരിത്രത്തിലെമ്പാടുമുണ്ട്. പ്രതികരണങ്ങളെ ഭയന്ന്, സ്വന്തം ചിന്തയെയും അഭിപ്രായങ്ങളെയും രായ്ക്കുരാമാനം തളളിപ്പറഞ്ഞവരായിരുന്നില്ല അവര്‍. അഭിപ്രായധീരതയുടെ പ്രതിഫലമായി അധികാരികള്‍ നീട്ടിയ വിഷക്കോപ്പ പുഞ്ചിരിയോടെ ചുണ്ടോടു ചേര്‍ത്ത സോക്രട്ടീസു മുതല്‍ ആരംഭിക്കുന്ന ആ ചരിത്രാനുഭവത്തെ കൂടിയാണ് സക്കറിയ പുച്ഛിച്ചത്.

ചിന്തയുടെ കരുത്തിനു പകരം, പത്രത്തലക്കെട്ടുകളെയും ന്യൂസ് അവര്‍ ചര്‍ച്ചകളെയും ആശ്രയിച്ച് ബുദ്ധിജീവി വേഷം ഉന്തിത്തളളി നീക്കുന്നവര്‍ സക്കറിയ ചെന്നുപെട്ട ഈ പ്രതിസന്ധിയെ മനസിരുത്തി പഠിക്കണം. ഒറ്റപ്പെട്ട സംഭവങ്ങളെ സാമാന്യവത്കരിച്ച് സിദ്ധാന്തം ചമയ്ക്കാന്‍ പെടാപ്പാടു പെടുന്ന "ബുദ്ധിജീവി മനോരോഗ"ത്തെ ചെറിയൊരു കഴുത്തിനു പിടിത്തം കൊണ്ട് ഭേദപ്പെടുത്താമെന്ന് തെളിയിക്കുകയായിരുന്നു, പയ്യന്നൂരിലെ പയ്യന്മാര്‍. ചികിത്സയ്ക്കും മുമ്പും പിന്‍പുമുളള സക്കറിയയുടെ വാചകങ്ങള്‍ ഒന്നു കൂടി വായിക്കുക. ഭാഷയ്ക്കും ശൈലിയ്ക്കും വന്നു ഭവിച്ച ആ ഓജസും തിളക്കവും ചികിത്സ ഫലിച്ചു എന്നു തന്നെയല്ലേ തെളിയിക്കുന്നത്.

യു ട്യൂബ് ദൃശ്യങ്ങളില്ലായിരുന്നുവെങ്കില്‍ നാമിത് തിരിച്ചറിയുകയില്ലായിരുന്നു. പകരം, സക്കറിയ ഹാജരാക്കിയ അച്ചടിവടിവിനെ ഉപ്പു തൊടാതെ വിഴുങ്ങി, ഡിവൈഎഫ്ഐയെ പുലഭ്യം പറഞ്ഞ് ആത്മനിര്‍വൃതി നേടാമായിരുന്നു. അതിന് കഴിയാത്തവര്‍ക്ക്, പയ്യന്നൂരില്‍ എന്താണ് സംഭവിച്ചത് എന്ന് കുണ്ഠിതപ്പെടാമായിരുന്നു. പക്ഷേ, സാങ്കേതിക വിദ്യ സക്കറിയയെ ചതിച്ചു. പ്രസ്താവനയില്‍ കണ്ട മോഹിനിയാട്ടമല്ല പയ്യന്നൂരില്‍ നടന്നതെന്ന് ജനമറിഞ്ഞു. പ്രസ്താവനയില്‍ ഒപ്പിട്ട സാംസ്ക്കാരിക നായകന്മാര്‍ പിന്‍വലിഞ്ഞതോടെ നിമിഷങ്ങള്‍ കൊണ്ട് പത്രങ്ങളും ചാനലുകളും സക്കറിയയെ കയ്യൊഴിഞ്ഞു.

അയുക്തിയ്ക്കും പെരുംനുണകള്‍ക്കും മീതെ കെട്ടിപ്പൊക്കുന്ന സാമാന്യവത്കരണങ്ങളെയും സൈദ്ധാന്തീകരണത്തെയും ഏറെ നാള്‍ ആട്ടിത്തെളിക്കാനാവില്ലെന്ന് അനുഭവം കൊണ്ട് പഠിക്കുകയും പഠിപ്പിക്കുകയുമായിരുന്നു സക്കറിയ. ഉണ്ണിത്താന്റെ മഞ്ചേരിക്കൂത്തിനെ ന്യായീകരിക്കാനും ഡിവൈഎഫ്ഐയെ പ്രതിസ്ഥാനത്തു നിര്‍ത്താനും സക്കറിയ കണ്ടെത്തിയ ഒരു തന്ത്രത്തിനും യുക്തിയുടെയോ ബുദ്ധിയുടെയോ പിന്‍ബലമുണ്ടായിരുന്നില്ല. മാതൃഭൂമി റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തി സക്കറിയ ഡിവൈഎഫ്ഐയ്ക്കെതിരെ ചമച്ച കുറ്റപത്രം പ്രഥമദൃഷ്ട്യാ തളളിപ്പോകുന്നതാണെന്ന് കഴിഞ്ഞ ലേഖനത്തില്‍ വിശദീകരിച്ചിരുന്നു. തന്റെ സ്വതന്ത്ര ബുദ്ധിജീവി പരിവേഷം നിലനിര്‍ത്താന്‍ ഡിവൈഎഫ്ഐയ്ക്കു മേല്‍ കുതിര കയറാമെന്ന് തീരുമാനിക്കാന്‍ സക്കറിയയ്ക്ക് എല്ലാ അവകാശവുമുണ്ട്. പക്ഷേ, തിരഞ്ഞെടുത്ത അടവ് അടിമുടി പിഴച്ചുപോയാലെന്തു ചെയ്യും?

മഞ്ചേരി സംഭവം ഒറ്റപ്പെട്ടതാണെന്നും അതിനെ തുടര്‍ന്നുണ്ടായ അല്ലറ ചില്ലറ പ്രക്ഷോഭങ്ങള്‍ക്ക് കാരണം ഉണ്ണിത്താന്റെ നാക്കും സംസ്ക്കാരവുമാണെന്നും സക്കറിയയ്ക്ക് അറിയാത്തതല്ല. ലളിതവും പ്രാഥമികവുമായ ഈ വസ്തുത വിദഗ്ധമായി തമസ്കരിച്ച്, മഞ്ചേരീ സംഭവത്തെ ഡിവൈഎഫ്ഐയുടെ "മോറല്‍ പോലീസിംഗാ"യി വ്യാഖ്യാനിച്ചപ്പോള്‍ തിരക്കഥ പാളി. ഉണ്ണിത്താനെയും ഡിവൈഎഫ്ഐയെയും നന്നായി അറിയുന്നവര്‍ക്കു മുന്നില്‍ ഈ പടം ഒരുദിവസം തികച്ചോടില്ലെന്ന് തിരിച്ചറിയാന്‍ ആവേശത്തളളിച്ചയില്‍ സക്കറിയയ്ക്ക് കഴിഞ്ഞില്ല.

മഞ്ചേരിക്കൂത്ത് കയ്യോടെ പിടിക്കപ്പെട്ടതിന്റെ ക്ഷീണം തീര്‍ക്കാന്‍, "ഷാനിമോള്‍ ഉസ്മാന്റെ ചരിത്രവും ഭൂമിശാസ്ത്രവും തനിക്കറിയാമെന്ന" തറവേല മാത്രമായിരുന്നില്ല ഉണ്ണിത്താന്റെ ആയുധം. കോണ്‍ഗ്രസില്‍ സ്വഭാവശുദ്ധിയുളള അപൂര്‍വം സ്ത്രീകളില്‍ ഒരാളാണ് തനിക്കൊപ്പം പിടിയിലായ സേവാദള്‍ പ്രവര്‍ത്തകയെന്ന് തട്ടിവിടാനും കക്ഷി മടിച്ചില്ല. തനിക്കൊപ്പം സഞ്ചരിക്കാത്തവരും താന്‍ കാരണം വിവാഹമോചനം നേടാത്തവരുമായ എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകമാരും സ്വഭാവശുദ്ധിയില്ലാത്തവരാണെന്നാണ് ഉണ്ണിത്താന്‍ പറഞ്ഞു വെച്ചത്. തന്റെ അപഥസഞ്ചാരത്തെ ന്യായീകരിക്കാന്‍ ഷാനിമോള്‍ ഉസ്മാനെന്ന മഹിളാകോണ്‍ഗ്രസ് അധ്യക്ഷയടക്കം കോണ്‍ഗ്രസിലെ സകലമാന വനിതകളുടെയും മാനാഭിമാനങ്ങളെ കൊത്തിപ്പറിച്ച ഇങ്ങനെയൊരു വിടനെ ന്യായീകരിക്കാന്‍ മനുഷ്യാവകാശത്തിന്റെ പഴമുറം മതിയാവില്ലെന്ന് തിരിച്ചറിയാനും കറിയാച്ചന്റെ അതിബുദ്ധിയ്ക്ക് കഴിഞ്ഞില്ല. ഷാനിമോള്‍ ഉസ്മാന്റെ ദൈന്യതയും ഉണ്ണിത്താന്റെ ഒറ്റവാചകത്തോടെ കോണ്‍ഗ്രസിലെ ലക്ഷക്കണക്കിന് വനിതകള്‍ നേരിട്ട "ചാരിത്ര്യപ്രതിസന്ധി"യും കണക്കിലെടുത്തപ്പോള്‍ അദ്ദേഹത്തിന്റെ മഞ്ചേരീസഹയാത്രികയ്ക്ക് നേരിട്ട അല്ലറ ചില്ലറ ദുരിതങ്ങള്‍ നമ്മുടെ ആസ്ഥാന ഫെമിനിസ്റ്റുകളും എഴുതിത്തളളി.

കേരളത്തിന്റെ പൊതുപ്രവര്‍ത്തന ചരിത്രത്തിലെ എക്കാലത്തെയും വലിയ അറപ്പായ ഈ രാജ്‍മോഹന്‍ ഉണ്ണിത്താനെ ന്യായീകരിക്കാനാണ് സക്കറിയ, സാമൂഹികമാറ്റത്തിനു വേണ്ടി ത്യാഗത്തിന്റെയും സഹനത്തിന്റെയും നെരിപ്പോടിലേയ്ക്ക് സ്വയം നടന്നു കയറിയ യുഗപുരുഷന്മാരെ വെറും "പൂവന്‍കോഴി"കളാക്കി ചിത്രീകരിച്ചത്. "ഒളിവിന്റെ മറവിലും സുഖത്തിലും" രതിയുടെ ചന്ദനച്ചോലയില്‍ മുങ്ങിനീരാടിയ വിപ്ലവക്കാമദേവന്മാരായിരുന്നു പഴയകാല കമ്മ്യൂണിസ്റ്റ് നേതാക്കളെന്ന സ്തോഭജനകമായ വെളിപ്പെടുത്തല്‍ വഴി മഞ്ചേരിക്കൂത്തിനെ വെളളപൂശിയപ്പോള്‍, സുബ്രഹ്മണ്യ ഷേണായി പ്ലസ് എകെജി പ്ലസ് ഇഎംഎസ് പ്ലസ് എ വി കുഞ്ഞമ്പു പ്ലസ് ഒളിവിന്റെ കഷ്ടപ്പാടുകള്‍ പരാതിയേതുമില്ലാതെ സഹിച്ച പരശതം കമ്മ്യൂണിസ്റ്റ് നേതാക്കള്‍ സമം രാജ്‍മോഹന്‍ ഉണ്ണിത്താന്‍ എന്ന തല്ലുകൊള്ളി സമവാക്യമാണ് പയ്യന്നൂരില്‍ സക്കറിയ സൃഷ്ടിച്ചത്. ഇതു കേട്ട് മുണ്ടും മടക്കിക്കുത്തി ചാടിയെഴുന്നേല്‍ക്കുന്ന യുവതയുടെ കരുത്തില്ലെങ്കില്‍ പിന്നെന്തോന്ന് ഡിവൈഎഫ്ഐ? പിരിച്ചു വിടണ്ടേ ആ സംഘടനയെ..

ഉണ്ണിത്താനെ ന്യായീകരിക്കാനുളള ബദ്ധപ്പാടിനിടയില്‍ ഇവിടെയും യുക്തി പാളിപ്പോയത് സക്കറിയ അറിഞ്ഞില്ല. ഒരു വാടകവീട്ടിലൊരുക്കിയ സെറ്റപ്പിലേയ്ക്ക് മാരുതി സ്ഫിറ്റ് കാറില്‍ രാജ്‍മോഹന്‍ ഉണ്ണിത്താന്‍ പരസ്യമായി സ്വയം ഡ്രൈവ് ചെയ്ത് എത്തുകയായിരുന്നു. ഉണ്ണിത്താന്റെ പരസ്യ ചെയ്തിയും ഏതോ പഴയകാല കമ്മ്യൂണിസ്റ്റ് നേതാവ് ഒളിവിന്റെ സുഖത്തിലും മറവിലും ചെയ്ത രഹസ്യ രതിയും എങ്ങനെ പൊരുത്തപ്പെടുത്താമെന്ന് സക്കറിയ ആലോചിച്ചതേയില്ല. പരസ്പരവിപരീതമായ ഈ ദ്വന്ദത്തെ ഒറ്റവണ്ടിയില്‍ കെട്ടി ചരിത്രത്തിലേയ്ക്ക് ഒടിച്ചു കയറ്റാമെന്ന അതിബുദ്ധി ഇന്ത്യാവിഷനിലെ ഭഗത്തിനെപ്പോലുളളവരുടെ മുന്നിലേ ചെലവാകൂ.

"ഒളിവിന്റെ സുഖത്തിലും മറവിലും" ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് തരപ്പെട്ട ലൈംഗിക ബന്ധം, ലൈംഗികതയെക്കുറിച്ചും സ്ത്രീപുരുഷ ബന്ധത്തെയും കുറിച്ചുളള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിപ്ലവകരമായ സദാചാര സങ്കല്‍പത്തിന്റെ നിദര്‍ശനമാണെന്ന സക്കറിയന്‍ വ്യാഖ്യാനം വേറെവിടെയും നിലനില്‍ക്കില്ല. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം പിറവിയെടുത്ത കാലത്ത് ലൈംഗികതയെക്കുറിച്ച് കേരള സമൂഹത്തില്‍ നിലനിന്ന ഏതെങ്കിലും പൊതുധാരണയെ സൈദ്ധാന്തികമായോ ജീവിതം കൊണ്ടോ തകര്‍ക്കാന്‍ ശ്രമിച്ച കമ്മ്യൂണിസ്റ്റ് നേതാവ് ആരെന്ന ചോദ്യത്തിന് നേര്‍ക്കുനേരെ ഉത്തരം പറയാനുളള ആര്‍ജവവും ഇതുവരെ സക്കറിയ കാണിച്ചിട്ടില്ല. ഒളിവിലിരുന്ന ആരെങ്കിലും തികച്ചും അനുകൂലമായ സാഹചര്യത്തില്‍ അനുഷ്ഠിച്ച ലൈംഗിക ബന്ധത്തെ ലൈംഗികതയോടുളള ഒരു പ്രസ്ഥാനത്തിന്റെ തുറന്ന സമീപനമായി തലയ്ക്കു വെളിവുളള ആരും എണ്ണുകയില്ല.

ബലവും ഉറപ്പുമില്ലാത്ത അസ്ഥിവാരത്തില്‍ കെട്ടിപ്പൊക്കുന്നതെല്ലാം തകര്‍ന്നു വീണേ മതിയാകൂ. മഞ്ചേരീ സംഭവത്തെ അടിസ്ഥാനമാക്കി "ഡിവൈഎഫ്ഐ സമം ശ്രീരാമ സേന" എന്ന സമവാക്യമുണ്ടാക്കാന്‍ സക്കറിയയും ആരാധകരും നടത്തിയ സാഹസം അസ്ഥിവാരത്തിന്റെ ബലക്കുറവ് കൊണ്ടാണ് മൂന്നേ മൂന്നു ദിവസത്തിനുളളില്‍ പൊളിഞ്ഞു വീണത്.

യഥാര്‍ത്ഥത്തില്‍ പയ്യന്നൂരിലെ സാഹിത്യസദസില്‍ ഒരു ക്രൈം നന്ദകുമാറായി രൂപം മാറുകയായിരുന്നു സക്കറിയ. മോഹന്‍ലാല്‍ നയന്‍താരയെ ഗര്‍ഭിണിയാക്കിയെന്നും ഗണേഷ് കുമാറിന് എയിഡ്സാണെന്നും എഴുതി വില്‍ക്കുന്ന നന്ദകുമാറിന്റെ അശ്ലീലയുക്തിയാണ് പയ്യന്നൂരില്‍ സക്കറിയ കടം കൊണ്ടത്. ഒളിവിന്റെ സുഖത്തിലും മറവിലും പഴയകാല കമ്മ്യൂണിസ്റ്റ് നേതാക്കള്‍ നിര്‍ബാധം നടത്തിയ രതിക്രീഡകളെക്കുറിച്ച് എവിടെന്നോ കിട്ടിയ കേട്ടുകേള്‍വികളും കെട്ടുകഥകളും മാത്രമാണ് സക്കറിയയ്ക്ക് ആകെയുളള തെളിവ്. ആരെക്കുറിച്ചും അശ്ലീലമെഴുതാന്‍ കേട്ടുകേള്‍വികളെയും കെട്ടുകഥകളെയും തന്നെയാണ് ക്രൈം നന്ദകുമാറും ആശ്രയിക്കുന്നത്.

ഇനിയൊരു നന്ദകുമാറിനെക്കൂടി താങ്ങാനുളള ശേഷി കേരള സമൂഹത്തിനില്ലാത്തതു കൊണ്ടാണ് പയ്യന്നൂരിലെ മിടുക്കന്മാര്‍ക്ക് ലാല്‍സലാം പറയേണ്ടി വരുന്നത്.

(വാല്‍ക്കഷണം - പ്രകോപനങ്ങളുണ്ടായാല്‍ ചിലപ്പോള്‍ സക്കറിയയും ആശ്രയിക്കുന്നത് കൈക്കരുത്തിനെത്തന്നെയാണെന്ന് ഏഷ്യാനെറ്റിലെ ഒരു മുതിര്‍ന്ന പത്രപ്രവര്‍ത്തകനോട് അതീവരഹസ്യമായി ചോദിച്ചാല്‍ പറഞ്ഞു തരും...)