Thursday, February 11, 2010

നീതിദേവതയുടെ നിലവിളി....!!!

തന്റെ അനുജത്തിയെ വിവാഹം ചെയ്ത അവര്‍ണനെയും അവന്റെ അച്ഛനെയും അനുജനെയും അയല്‍വാസിയെയും വെട്ടിക്കൊന്ന ദിലീപ് തിവാരിയെന്ന സവര്‍ണനുമേല്‍ നീതിയുടെ കാരുണ്യമത്രയും കോരിച്ചൊരിയാന്‍ ദയവുണ്ടായ ജസ്റ്റിസുമാര്‍ വി എസ് സിരുപുര്‍ക്കര്‍, ദിലീപ് വര്‍മ്മ എന്നിവരുടെ സല്‍ക്കീര്‍ത്തി കോടതികളും നിയമവ്യവസ്ഥയുളള കാലമത്രയും പ്രകീര്‍ത്തിക്കപ്പെടും. ജാതിഭ്രാന്തു മൂത്ത് നാലു പേരെ വെട്ടിക്കൊന്ന കുറ്റത്തിന് ദിലീപ് തിവാരിയെ തൂക്കിക്കൊല്ലാന്‍ മുംബൈ സെഷന്‍സ് കോടതിയിലെ കണ്ണില്‍ച്ചോരയില്ലാത്ത ഏതോ ജഡ്ജി വിധിച്ചത് മഹാരാഷ്ട്രാ ഹൈക്കോടതിയും ശരിവെച്ചിരുന്നു.

''കൊല്ലപ്പെട്ടവരല്ല, മറിച്ച് കൊലപാതകിയാണ് ജാതിവ്യവസ്ഥയുടെ ഇര'' യെന്ന ലാ പോയിന്റ് തിരിച്ചറിയാനുളള നിയമപരിജ്ഞാനം സെഷന്‍സ് കോടതിയിലെയോ ഹൈക്കോടതിയിലെയോ ജഡ്ജിമാര്‍ക്കില്ലാതെ പോയി. ആ പോരായ്മ നികത്താന്‍ പരമോന്നത നീതിപീഠം തന്നെ രംഗത്തിറങ്ങി. ഇരയെ തൂക്കാന്‍ വിധിച്ച കീഴ്‌ക്കോടതി ജഡ്ജിമാരെയും സുപ്രിം കോടതി വെറുതെ വിടാന്‍ പാടില്ലായിരുന്നു. ദിലീപ് തിവാരിയുടെ വധശിക്ഷ ജീവപര്യന്തമാക്കിക്കുറച്ച അതേ വിധിന്യായത്തില്‍ തന്നെ, ഈ പാവം മനുഷ്യനെ കൊലമരത്തിലേയ്ക്ക് എറിഞ്ഞു കൊടുത്ത ജഡ്ജിമാരെയും തൂക്കാന്‍ വിധിച്ചിരുന്നെങ്കില്‍, നീതിബോധത്തിലെ കാവ്യനീതി അത്യുജ്ജലമായി പരിശോഭിച്ചേനെ. ഏതായാലും കീഴ്‌ക്കോടതികളിലെ "കൊഞ്ഞാണന്മാര്‍ക്ക്" വി എസ് സിരുപുര്‍ക്കര്‍, ദിലീപ് വര്‍മ്മ എന്നീ നാമങ്ങള്‍ എന്നുമൊരു പേടിസ്വപ്നമായിരിക്കും.

സംഭവം ഇങ്ങനെ സംഗ്രഹിക്കാം. ഉത്തര്‍പ്രദേശില്‍ നിന്ന് മുംബെയിലേയ്ക്ക് കുടിയേറിയ ദിലീപ് തിവാരിയെന്ന ബ്രാഹ്മണന്റെ ഇളയ സഹോദരി സുഷമാ തിവാരിയും കേരളത്തില്‍ നിന്ന് മുംബൈയിലേയ്ക്ക് കുടിയേറിയ ഈഴവ സമുദായത്തില്‍ പിറന്ന പ്രഭു കൃഷ്ണനും തമ്മില്‍ പ്രണയബദ്ധരാവുകയും വിവാഹം കഴിക്കുകയും ചെയ്തു. ഉന്നതകുലജാതയെ വേട്ട ഹീനജാതിക്കാരന്റെ ധിക്കാരത്തിന് വിവാഹം നടന്ന് ഏഴു മാസം കഴിഞ്ഞപ്പോള്‍ 2004 ലെ മെയ് 17ന്റെ പ്രഭാതത്തില്‍ സുഹൃത്തുക്കളായ സുധീപ് യാദവ്, മനോജ് എന്നിവരുടെ സഹായത്തോടെ ദിലീപ് തിവാരി പകരം ചോദിച്ചു.

പ്രഭൂവിന്റെ വീട്ടിലേയ്ക്ക് ഇരച്ചുകയറിയ മൂവര്‍ സംഘം പ്രഭു, അച്ഛന്‍ കൃഷ്ണന്‍ നൊച്ചില്‍, അമ്മ ഇന്ദിര, സഹോദരന്‍ ബിജിത്ത്, സഹോദരി ദീപ, അകന്ന ബന്ധുവും അയല്‍വാസിയുമായ അഭയ്‌രാജ് എന്നിവരെ വീട്ടിലിട്ട് വെട്ടിപ്പിളര്‍ന്നു. ഗര്‍ഭിണിയായ സുഷമ വീട്ടിലില്ലാതിരുന്ന തക്കം നോക്കി പ്രഭുവിന്റെ കുടുംബത്തെ നിശേഷം തുടച്ചു നീക്കുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യം. കൃഷ്ണനും ബിജിത്തും അഭയ്‌ദേവും സംഭവ സ്ഥലത്തു വെച്ചുതന്നെ മരിച്ചു. പ്രഭു കൃഷ്ണന്‍ ആശുപത്രിയിലേയ്ക്കുളള വഴി മധ്യേയും. ഇന്ദിരയും ദീപയും മരണത്തെ അതിജീവിച്ചു. പൈശാചികമാംവിധം കൊല്ലപ്പെടുമ്പോള്‍ ബിജിത്തിന്റെയും അഭയ് ദേവിന്റെയും പ്രായം വെറും പതിമൂന്ന്.

"അഭിമാന" രക്ഷയ്ക്ക് കൊലപാതകം ചെയ്യാനറപ്പില്ലാത്ത ജാതിഹിന്ദുക്കളുടെ ചോര മരവിപ്പിക്കുന്ന ക്രൂരത മൂംബൈ പോലീസിന് പുത്തരിയായിരുന്നില്ല. തിവാരി കുടുംബത്തിന്റെ ആക്രമണം ഭയന്ന് പ്രഭു കൃഷ്ണനും സുഷമയും പൊലീസില്‍ പരാതിപ്പെട്ടിരുന്നു. കൂട്ടക്കൊലപാതകം നടന്നിട്ടു പോലും സംഭവസ്ഥലത്ത് പാഞ്ഞെത്താനും അന്വേഷണം നടത്തി കുറ്റവാളികളെ അകത്താക്കാനും പൊലീസുകാര്‍ സ്വമേധയാ തയ്യാറായതുമില്ല. ഒടുവില്‍ ഡിവൈഎഫ്‌ഐയും ജനാധിപത്യ മഹിളാ അസോസിയേഷനും നടത്തിയ ഫലപ്രദമായ ഇടപെടലുകളുടെ ഫലമായി പ്രതികള്‍ അറസ്റ്റിലായി. കൊടുംക്രൂരതയുടെയും ജാതിവെറിയുടെയും അസുരജന്മങ്ങള്‍ക്ക് ഇന്ത്യയില്‍ നിലവിലുളള ഏറ്റവും വലിയ ശിക്ഷ തന്നെ സെഷന്‍സ് കോടതി വിധിച്ചു. അപ്പീലിന്മേല്‍ വാദം കേട്ട മഹാരാഷ്ട്രാ ഹൈക്കോടതിയും വധശിക്ഷ ശരിവെച്ചു.

ഇരുപതുകളുടെ ആരംഭത്തില്‍ ജീവിതം തുടങ്ങിയ ഒരു ചെറുപ്പക്കാരനെ, അവന്റെ വൃദ്ധനായ പിതാവിനെ, കുഞ്ഞനിയനെ, അവന്റെ സുഹൃത്തിനെ വെട്ടിക്കൊന്ന, അമ്മയെയും അനുജത്തിയെയും മൃതപ്രായരാക്കിയ മൂന്നു പ്രതികളും ഈ രണ്ടുകോടതികളുടെയും മുന്നില്‍ മൃഗങ്ങളെപ്പോലും ലജ്ജിപ്പിക്കുന്ന മൃഗീയതയുടെയും രാക്ഷസരെപ്പോലും ഭയപ്പെടുത്തുന്ന രാക്ഷസീയതയുടെയും ആള്‍രൂപങ്ങളായിരുന്നു. നൂറ്റാണ്ടുകള്‍ കൊണ്ട് മാനവകുലം വളര്‍ത്തിയെടുത്ത സകലമൂല്യങ്ങളെയും കൈക്കോടാലികൊണ്ട് വെട്ടിക്കീറിയ ഇവരോട് ക്ഷമിക്കാന്‍ നീതിബോധം അവരെ അനുവദിച്ചില്ല.

അപ്പീല്‍ സുപ്രിംകോടതിയിലെത്തിയപ്പോള്‍ വാദി പ്രതിയായി. ദീപക് വര്‍മ്മയുടെയും സിരുപുര്‍ക്കറുടെയും ദൃഷ്ടിയില്‍ നാലുപേരെ വെട്ടിക്കൊന്നും രണ്ടുപേരെ ജീവച്ഛവമാക്കിയും ജാത്യാഭിമാനം സംരക്ഷിക്കാനിറങ്ങിയവരാണ് 'ജാതിവ്യവസ്ഥയുടെ ഇര'കള്‍. ''ഒരു ജാതി ഒരു മതം ഒരു ദൈവം'' എന്ന ശ്രീനാരായണ സൂക്തം കേട്ട് ബ്രാഹ്മണകന്യകയെ പ്രണയിച്ച് വിവാഹം കഴിച്ചവന്‍ വേട്ടക്കാരനും. ജാതിയെന്ന കൊടുംയാഥാര്‍ത്ഥ്യം ഇത്തരം കൊലപാതകങ്ങളെ അനിവാര്യമാക്കുന്നുവെന്ന അതിവിചിത്രമായ ന്യായം പറഞ്ഞ് പ്രതികളുടെ വധശിക്ഷ സുപ്രിംകോടതി ഇളവു ചെയ്തു കൊടുത്തു. ശിക്ഷ 25 കൊല്ലം ജീവപര്യന്തമെന്ന് ചുരുക്കി.

വധശിക്ഷ ഇളവു ചെയ്തതല്ല, അതിന് സുപ്രിംകോടതി ജഡ്ജിമാര്‍ കണ്ടെത്തിയ ന്യായമാണ് ജനാധിപത്യ മനസുകളെ കിടിലം കൊള്ളിക്കുന്നത്. ചോരതിളപ്പിക്കുന്ന വാദങ്ങളാണ് പരമോന്നത പദവിയുടെ ആനുകൂല്യത്തില്‍ ജഡ്ജിമാര്‍ ഒരു മനസാക്ഷിക്കുത്തുമില്ലാതെ എഴുതിയിട്ടത്. തങ്ങളുടെ എതിര്‍പ്പു വകവെയ്ക്കാതെ സഹോദരി താഴ്ന്ന ജാതിക്കാരനെ വിവാഹം ചെയ്യുക വഴി ഒരാള്‍ സാമൂദായികമായി ആക്ഷേപശരങ്ങള്‍ നേരിടേണ്ടി വരുന്ന പശ്ചാത്തലം കണക്കിലെടുക്കണമെന്നും ജാതി, മതം, സമുദായം എന്നിവയുടെ സ്വാധീനം ന്യായീകരിക്കാനാകില്ലെങ്കിലും അതൊരു കടുത്ത യാഥാര്‍ത്ഥ്യമാണെന്നും അതിനാല്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാവുക സ്വാഭാവികമെന്നും അന്യജാതിക്കാരുമായുളള വിവാഹത്തില്‍ രോഷം കൊള്ളുന്നവന്റെ മനോനില ന്യായീകരിക്കാന്‍ കഴിയില്ലെങ്കിലും ആ പ്രത്യേക സാഹചര്യം കണക്കിലെടുക്കാതിരിക്കാന്‍ കഴിയില്ലെന്നും ഇളയസഹോദരി കുടുംബത്തിന് ഉണ്ടാക്കിയ നാണക്കേട് ദിലീപിന്റെ മനസിലെ വൃണപ്പെടുത്തിയിരിക്കാമെന്നും അനിയത്തി താഴ്ന്ന ജാതിക്കാരനെ വിവാഹം കഴിച്ചത് നാണക്കേടിന് ആക്കംകൂട്ടിയെന്നും സാമൂഹിക പശ്ചാത്തലം കൊലയ്ക്ക് പ്രേരിപ്പിച്ചിരിക്കാമെന്നുമൊക്കെയുളള ന്യായീകരണങ്ങള്‍ ഏതെങ്കിലും സവര്‍ണ സാമൂദായിക സംഘടനയുടെ മുഖപത്രത്തിലെ ലേഖനത്തില്‍ അച്ചടിച്ചു വന്നതല്ല.

കൗമാരം പിടാത്ത രണ്ടു കുട്ടികളടക്കം നാലുപേരെ ജാതിവെറി പൂണ്ട് വെട്ടിക്കൊല്ലുകയും രണ്ട് സ്ത്രീകളെ കൊല്ലണമെന്നുറപ്പിച്ച് വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്ത നരാധന്മാര്‍ക്ക് കീഴ്‌ക്കോടതികള്‍ വിധിച്ച വധശിക്ഷ ഇളവു ചെയ്യാന്‍ ഇന്ത്യയിലെ പരമോന്നത നീതിപീഠത്തിലെ രണ്ടു ജഡ്ജിമാര്‍ ചമച്ച ന്യായങ്ങളാണ് ഇവ.

മനുസ്മൃതി വാഴ്ചയുടെ നൊസ്റ്റാള്‍ജിയയില്‍ നിന്ന് മോചനം ലഭിക്കാത്തവര്‍ പരമോന്നത നീതീപീഠത്തിന്റെ അമരത്ത് ആരെയും ഭയപ്പെടാതെ സൈ്വരവിഹാരം നടത്തുന്നുവെന്നത് നമ്മുടെ മാധ്യമങ്ങളെ ഒട്ടും അലോസരപ്പെടുത്തുന്നതേയില്ല. കൂട്ടക്കൊലയാളികളെ വധശിക്ഷയില്‍ നിന്ന് രക്ഷിക്കാന്‍ വിചിത്ര ന്യായങ്ങളുമായി ന്യായാധിപര്‍ രംഗത്തിറങ്ങിയത് നമ്മുടെ സാംസ്‌ക്കാരിക മണ്ഡലം അറിഞ്ഞതു പോലുമില്ല. ഇന്ത്യയിലെ പൊതുമണ്ഡലത്തില്‍ സവര്‍ണത ചെലുത്തുന്ന സ്വാധീനമെന്തെന്ന് അമ്പരപ്പിക്കുന്ന നിശബ്ദത കൊണ്ട് ഈ വിധിന്യായത്തെ ഏറ്റുവാങ്ങിയ മാധ്യമ സാംസ്‌ക്കാരിക ലോകങ്ങള്‍ തെളിവു നല്‍കുന്നു. വധശിക്ഷ നിരോധിച്ചിട്ടുളള രാജ്യമല്ല ഇന്ത്യ.

അപൂര്‍വങ്ങളില്‍ അപൂര്‍വങ്ങളായ കൊടുംകുറ്റകൃത്യങ്ങള്‍ക്ക് വധശിക്ഷ പ്രതീക്ഷിച്ച് എത്രയോ പേര്‍ വിവിധ ജയിലുകളിലുണ്ട്. രാഷ്ട്രീയ കൊലപാതകങ്ങളും ഭീകരപ്രവര്‍ത്തനവും വധശിക്ഷ കിട്ടാവുന്ന കുറ്റകൃത്യങ്ങളായി കണക്കാക്കുന്ന നാട്ടില്‍ കുട്ടികളെയടക്കം വെട്ടിക്കൊന്ന കൂട്ടക്കൊലപാതകത്തിലെ പ്രതികള്‍ക്ക് വിധിച്ച വധശിക്ഷ ഇളവു ചെയ്യാന്‍ ഞഞ്ഞാമിഞ്ഞാ ന്യായം പറയുന്ന ജഡ്ജിമാരെ ആ വിധിന്യായത്തിന്റെ പ്രത്യാഘാതങ്ങള്‍ ചൂണ്ടിക്കാട്ടി വിചാരണ ചെയ്യാന്‍ ധൈര്യമില്ലെങ്കില്‍ നാടുഭരിക്കാന്‍ ബ്രിട്ടീഷുകാരെ മടക്കിവിളിക്കുന്നതാണ് നല്ലത്.

ഉന്നത കുലജാതയെ വിവാഹം കഴിക്കുന്ന കീഴ്ജാതിക്കാരനെയും അവന്റെ കുടുംബത്തെയും ഉന്മൂലനം ചെയ്യാന്‍ മേല്‍ജാതിക്കാരനെ നമ്മുടെ സാമൂഹ്യവ്യവസ്ഥ പ്രേരിപ്പിച്ചു കൊണ്ടേയിരിക്കും എന്ന സുപ്രിംകോടതിയുടെ നിരീക്ഷണം, നടന്നതും നടക്കാനിരിക്കുന്നതുമായ എല്ലാ സമാന കുറ്റകൃത്യങ്ങള്‍ക്കുമുളള ന്യായീകരണമാണ്. ഹീനമായ ജാതിഭ്രാന്തിനും അതിനെ പ്രോത്സാഹിപ്പിക്കുന്ന സാമൂഹ്യസാഹചര്യങ്ങള്‍ക്കുമുളള എക്കാലത്തെയും വലിയ മുന്നറിയിപ്പുകളായി മാറുന്ന ഉജ്വലമായ വിധിന്യായങ്ങളാണ് സുപ്രിംകോടതി പോലൊരു പരമാധികാര സ്ഥാപനത്തില്‍ നിന്ന് മാനവസാഹോദര്യം സ്വപ്നം കാണുന്നവര്‍ പ്രതീക്ഷിക്കുന്നത്.

കൊലക്കുറ്റം ചെയ്താലും ബ്രാഹ്മണനെ ശിക്ഷിക്കാന്‍ നിയമമില്ലാതിരുന്ന ഭൂതകാലം ഇന്ത്യയിലുണ്ടായിരുന്നു. ഒരുപാട് ചോരയും ജീവനും ഹോമിച്ചാണ് ആ ഭൂതകാലത്തെ ചരിത്രത്തിന്റെ പാതാളക്കൊല്ലിയില്‍ ചവിട്ടിത്താഴ്ത്തിയത്. ആ ചരിത്രത്തെയാണ് സിരുപുര്‍ക്കറും ദീപക് വര്‍മ്മയും ചേര്‍ന്ന് മടക്കി വിളിക്കുന്നത്.

അയിത്തമടക്കം ജാതിവിവേചനത്തിന്റെ ക്രൂരതകള്‍ അവസാനിപ്പിക്കാനുളള പടയോട്ടത്തില്‍ കര്‍ക്കശമായ നിയമങ്ങള്‍ക്കുളള പങ്ക് വലുതാണ്. കടുത്ത ശിക്ഷയോടും കോടതി നടപടികളിലെ നൂലാമാലകളോടുമുളള ഭീതിയും ജാതിരക്ഷസുകളുടെ അഴിഞ്ഞാട്ടത്തെ പ്രതിരോധിച്ചിട്ടുണ്ട്. അനാചാരങ്ങളും ജാതി പീഡനവും അവസാനിപ്പിക്കുന്നതില്‍ നിയമവാഴ്ചയുടെ ജാഗ്രതയും പ്രധാനഘടകമാണ്. ബാലിശവും അരോചകവും പ്രതിഷേധാര്‍ഹവും അസംബന്ധവുമായ ന്യായങ്ങള്‍ കൊണ്ട് പൈശാചികമായ ജാത്യാഭിമാനത്തെ പരോക്ഷമായെങ്കിലും പ്രോത്സാഹിപ്പിക്കുന്നവര്‍ സമൂഹത്തില്‍ വിതയ്ക്കുന്നത് കുടിപ്പകയുടെയും വിദ്വേഷത്തിന്റെയും കെടാത്ത കനലുകളാണ്.

സുഷമയ്ക്ക് പിറക്കാനിരിക്കുന്ന കുഞ്ഞിന്റെ മനസില്‍ അതിന്റെ അച്ഛന്‍ നിലവിളിക്കുന്ന നിസഹായതയും ദയനീയമായൊരു കൈകൂപ്പലും വെട്ടേറ്റു പിളര്‍ന്ന കഴുത്തിലെ കൊഴുത്ത ചോരയുമാണ്. ''എന്തിനാണെന്നെ കൊന്നത്'' എന്ന, പതിമൂന്ന് വയസുളള രണ്ട് ബാലന്മാരുടെ മരവിച്ച കണ്ണുകളിലെ മൂകമായ ചോദ്യം ആ കുഞ്ഞിനെ അതിന്റെ ജീവിതകാലമത്രയും വേട്ടയാടും. കുടിപ്പക തീര്‍ക്കാനുളള ഹിംസ്രവാസന, ഏതു മനുഷ്യന്റെയും മനസിന്റെ ഇരുണ്ട നിലവറകളില്‍ അവസരം കാത്ത് കഴിയുന്നുണ്ടെന്ന ലളിതമായ യാഥാര്‍ത്ഥ്യം മറന്നുകൊണ്ട് കല്‍പ്പിക്കുന്ന ഏത് വിധി തീര്‍പ്പും അക്രമപരമ്പരകളുടെ അഗ്നിപര്‍വത സ്‌ഫോടനമാണ് ക്ഷണിച്ചു വരുത്തുന്നത്. സാമൂഹികസ്പര്‍ദ്ധകളെ ന്യായീകരിച്ച് മൂര്‍ച്ഛിപ്പിക്കാനുളള ഏതു ശ്രമത്തെയും പ്രത്യാഘാതങ്ങളെ ഭയപ്പെടാതെ പ്രതിരോധിക്കാന്‍ ജനാധിപത്യവിശ്വാസികളെ പ്രേരിപ്പിക്കുന്നത് ഈ തിരിച്ചറിവാണ്.


Friday, February 05, 2010

പര്‍ദയില്‍ ഒളിപ്പിക്കുന്ന പുരുഷ ദംഷ്ട്രകള്‍

പുരുഷാധികാരത്തിന്റെ ചോര കിനിയുന്ന തേറ്റപ്പല്ലുകളെ എക്കാലവും പൊതിഞ്ഞു പിടിക്കാമെന്ന പൗരോഹിത്യത്തിന്റെ കറുത്ത വ്യാമോഹമാണ് പര്‍ദ മൂടിയ സ്ത്രീമുഖം പ്രതിനിധീകരിക്കുന്നത്. മുസ്ലിം സ്ത്രീയുടെ ശരീരം സര്‍വാംഗം പര്‍ദ കൊണ്ടു മൂടണമെന്നത് മുസ്ലിം പുരുഷന്റെ - പുരോഹിതന്റെയും ശിങ്കിടികളുടെയും - ശാഠ്യവും അവന്റെ അധികാര പ്രകടനവുമാണ്. പര്‍ദ ധരിക്കാനുളള മുസ്ലിം സ്ത്രീയുടെ വിസമ്മതം ഇസ്ലാം മതത്തിലെ ഒരു വിഭാഗം പുരോഹിതര്‍ക്കും അവരുടെ ആജ്ഞാനുവര്‍ത്തികള്‍ക്കും അസഹനീയമാകുന്നതിന് കാരണം, തങ്ങളുടെ അധികാരത്തിനെതിരെയുളള തുറന്ന വെല്ലുവിളിയാണ് ആ വിസമ്മതം എന്ന തിരിച്ചറിവാണ്. പര്‍ദയിടാത്ത ഓരോ മുസ്ലിം സ്ത്രീയും നട്ടെല്ലില്ലാത്ത, അധികാരം ചെലുത്താനറിയാത്ത മുസ്ലിം പുരുഷനെയാണ് പ്രതിനിധീകരിക്കുന്നത് എന്ന വികലമായ വീക്ഷണം ഒടുവില്‍ ഒരു ഹര്‍ജിയുടെ രൂപത്തില്‍ സുപ്രിം കോടതിയിലുമെത്തി. ആവശ്യത്തിന്റെ ഉടമ മധുര സ്വദേശിയായ അജ്മല്‍ ഖാന്‍.

മദ്രാസ് ഹൈക്കോടതിയുടെ മുന്നിലാണ് തന്റെ അനിഷ്ടത്തിന് പരിഹാരം തേടി അജ്‍മല്‍ ആദ്യം പോയത്. 2006 സെപ്തംബര്‍ ഏഴിന് അന്നത്തെ ചീഫ് ജസ്റ്റിസ് എ പി ഷായും ജസ്റ്റിസ് ചന്ദ്രുവുമടങ്ങിയ ബഞ്ച് ഹര്‍ജി തളളിയതിനെ തുടര്‍ന്ന് അദ്ദേഹം സുപ്രിം കോടതിയിലെത്തി.

ഭരണഘടനയിലെ വകുപ്പ് 226 പ്രകാരമുളള മന്‍ഡാമസ് റിട്ട് വഴി മദ്രാസ് ഹൈക്കോടതിയോട് നിസാരമായ ഒരഭ്യര്‍ത്ഥനയാണ് അജ്മല്‍ ഖാന്‍ നടത്തിയത്. തമിഴ്നാട് സംസ്ഥാനത്തെ എല്ലാ നിയോജകമണ്ഡലങ്ങളിലും വിശിഷ്യാ, ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മധുര സെന്‍ട്രല്‍ അസംബ്ലി നിയോജകമണ്ഡലത്തിലെ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുമ്പോള്‍ - സ്ത്രീകളുടെ പ്രത്യേകിച്ച് പര്‍ദ ധരിച്ച സ്ത്രീകളുടെ ചിത്രമുളള വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് തെരഞ്ഞെടുപ്പ് കമ്മിഷനെ വിലക്കണം. മുസ്ലിം സ്ത്രീയുടെ ചിത്രമുളള വോട്ടര്‍പട്ടിക അന്യര്‍ കാണുന്നത് മുസ്ലിം ആചാരങ്ങള്‍ക്ക് വിരുദ്ധമാണെന്നതാണ് അജ്‍മലിന്റെ ന്യായം.

ഇതുപറയാന്‍ അജ്‍മല്‍ ഖാന്‍ ആരെന്ന ചോദ്യം ഉയര്‍ത്താതെ സുപ്രിം കോടതിയുടെ പരാമര്‍ശങ്ങളോട് അനുബന്ധിച്ച് നടക്കുന്ന പര്‍ദയുടെ രാഷ്ട്രീയത്തെക്കുറിച്ചുളള ചര്‍ച്ച പൂര്‍ത്തിയാവില്ല. മുസ്ലിം സ്ത്രീകളുടെ ഫോട്ടോ പതിച്ച വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് തെരഞ്ഞെടുപ്പ് കമ്മിഷനെ വിലക്കണമെന്ന വിചിത്രമായ ആവശ്യവുമായി കോടതി നിരങ്ങുന്നത് മതവിശ്വാസിയായ മുസ്ലിം സ്ത്രീയല്ല. മറിച്ച് അജ്മല്‍ ഖാന്‍ എന്ന പുരുഷനാണ്. മദ്രാസ് ഹൈക്കോടതിയിലും സുപ്രിം കോടതിയിലും അജ്‍മല്‍ ഖാനുവേണ്ടി കേസ് വാദിച്ചതും മുസ്ലിം വനിതാ അഭിഭാഷകരല്ല. പര്‍ദ ധരിക്കാനും വിശ്വാസവും ആചാരവുമുയര്‍ത്തിപ്പിടിച്ച് ജനാധിപത്യപ്രക്രിയയില്‍ ഇടപെടാന്‍ അവസരം നല്‍കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് മുസ്ലിം വനിത മുന്നോട്ടു വരുന്നതു പോലെ അജ്‍മലിന്റെ ആവശ്യത്തെ കാണാനാവില്ല. ഇന്ത്യയിലെ മുസ്ലിം സ്ത്രീകളുടെ വസ്ത്രം നിശ്ചയിക്കാന്‍ അജ്മല്‍ ഖാന്‍ എന്ന പുരുഷന് എന്താണ് അധികാരം എന്ന ചോദ്യം അതുകൊണ്ടു തന്നെ, ഉറക്കെയുറക്കെ ചോദിക്കണം.

ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിയമവിരുദ്ധമാണെന്നോ എതിര്‍ക്കപ്പെടേണ്ടതാണെന്നോ ഉളള അഭിപ്രായം ഭാഗ്യവശാല്‍ അജ്മല്‍ ഖാനില്ല. മാത്രമല്ല, സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് നടക്കുന്നതിന് തിരിച്ചറിയല്‍ കാര്‍ഡ് അനിവാര്യമാണെന്ന് അഭിപ്രായവും അദ്ദേഹത്തിനുണ്ട്. അത്രയും സമ്മതിച്ചതിന് ജനാധിപത്യഭാരതം അജ്മല്‍ ഖാനോട് കടപ്പെട്ടിരിക്കുന്നു. എന്നാല്‍, നിശ്ചിത തുക ഒടുക്കിയാല്‍ ഫോട്ടോ പതിച്ച അന്തിമ വോട്ടര്‍പട്ടിക ഏത് രാഷ്ട്രീയപ്പാര്‍ട്ടിക്കാരനും (രാഷ്ട്രീയക്കാരെന്നാല്‍ ഏഴാംകൂലികളാണല്ലോ. പുരുഷന്മാരാകുമ്പോള്‍ പ്രത്യേകിച്ച് കാമവെറിയന്മാരും ആയിരിക്കും) കിട്ടുമെന്ന അവസ്ഥ സഹിക്കാന്‍ അജ്മലിന് കഴിയില്ല. അങ്ങനെ ഫോട്ടോ അച്ചടിച്ച വോട്ടര്‍പട്ടിക കണ്ടവന്മാരൊക്കെ എടുത്ത് പെരുമാറുന്നത് സ്വതന്ത്രവും നിഷ്പക്ഷവുമായ തിരഞ്ഞെടുപ്പിന് ഏതെങ്കിലും തരത്തില്‍ അനിവാര്യമാണെന്നും അജ്മല്‍ കരുതുന്നില്ല.

ന്യായം അജ്മലിന്റെ ഭാഷയില്‍ കേള്‍ക്കുക.... The usage of photographs in the electoral rolls of eligible voters and in particular the photographs of Muslim Gosha Women will easily find its way into the hands of those persons whose identity is not known, which is opposed to religious beliefs, tenets of Koran and it will cause irreparable loss, damage, mental agony to the entire muslim community at large. It is contended that wearing of purdah by Muslim women is one of the principles laid down in Holy Koran and it has to be strictly followed by Muslim women. From the time immemorial the Muslim women are adhering to these principles in their life. Therefore, any interference with such religious practice would amount to interfering with the fundamental right of the Muslim women, which is guaranteed under Article 25 of the Constitution of India.

അപരിചിതര്‍ മുസ്ലിം സ്ത്രീകളുടെ മുഖം ദര്‍ശിക്കുന്നത് മതപരമായ വിശ്വാസത്തിനും വിശുദ്ധ ഖുറാന്റെ അനുശാസനത്തിനും എതിരായതിനാല്‍ ഇത് മുസ്ലിം സമുദായത്തിനാകമാനം അപരിഹാര്യമായ നഷ്ടവും ചേതവും മനോവ്യഥയുമുണ്ടാക്കുമെന്നാണ് അജ്മല്‍ ഖാന്‍ പറയുന്നത്. ലോകമെങ്ങുമുളള മുസ്ലിം സമുദായം അനുഭവിക്കുന്ന കൊടുംവ്യസനത്തിനുളള പരിഹാരം തേടി മദ്രാസ് ഹൈക്കോടതിയെയും തുടര്‍ന്ന് സുപ്രിം കോടതിയെയും സമീപിച്ചതിനും അദ്ദേഹത്തോട് നന്ദി പറയുക. ഒസാമാ ബിന്‍ലാദന്‍, ആയത്തൊള്ളാ ഖൊമേനി, ഹിസ് ബുള്‍ മുജാഹിദ്ദീന്‍, ലഷ്കര്‍ ഇ തോയ്ബ എന്നിവരിലാരെങ്കിലുമല്ല ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരം നിശ്ചയിക്കേണ്ടത് എന്ന തിരിച്ചറിവിനും കടപ്പാട് രേഖപ്പെടുത്താതെ വയ്യ.

മറുഭാഗത്തിന്റെ വാദം കേള്‍ക്കാതെയും ഉന്നയിക്കുന്ന വാദങ്ങള്‍ മറുപരിശോധനയ്ക്ക് വിധേയമാക്കാതെയും വിധി പറയുന്ന സമ്പ്രദായമല്ല ഇന്ത്യയിലെ നീതിന്യായ കോടതികളില്‍ നിലവിലിരിക്കുന്നത്. അതുകൊണ്ടു തന്നെ അജ്മലിന്റെ വാദങ്ങള്‍ മദ്രാസ് ഹൈക്കോടതി ഇഴകീറി പരിശോധിച്ചു. വിശ്രുതനായ ഖുര്‍ആന്‍ പരിഭാഷകനായ Mohammad Marmaduke Pickthall 1925ല്‍ നടത്തിയ "The Relation of the Sexes" എന്ന പ്രഭാഷണത്തിലെ കാഴ്ചപ്പാടുകള്‍ അജ്മല്‍ ഖാനു മുന്നില്‍ കോടതി നിവര്‍ത്തിയിട്ടു. മുസ്ലിം സ്ത്രീകള്‍ മുഖം മറയ്ക്കണമെന്ന നിഷ്കര്‍ഷ ഇസ്ലാമികമല്ലെന്നാണ് ഈ ഖുര്‍ ആന്‍ പണ്ഡിതന്‍ പറയുന്നത്.

ഇസ്ലാമിന്റെ ആവിര്‍ഭാവത്തിനു മുമ്പു തന്നെ പര്‍ദ പ്രത്യക്ഷപ്പെട്ടിരുന്നുവെങ്കിലും അറേബ്യയിലെ നഗരങ്ങളില്‍ പൊതുവെ ഈ മുഖംമൂടിയില്‍ നിന്ന് അകന്നു നിന്നിരുന്നുവത്രേ. ഇന്ത്യയിലെ മത യാഥാസ്ഥിതികര്‍ മുസ്ലിം സ്ത്രീകളില്‍ അടിച്ചേല്‍പ്പിക്കുന്ന കരിമ്പുടവ സിറിയ, മെസപ്പൊട്ടോമിയ, പേര്‍ഷ്യ, ഈജിപ്ത് എന്നിവിടങ്ങളില്‍ നിന്ന് കടം കൊണ്ടതാണെന്നാണ് അദ്ദേഹം പറയുന്നത്. സര്‍വാംഗം മൂടുന്ന ഇന്ത്യയിലെ പര്‍ദ പ്രവാചകന്റെയെന്നല്ല ആദിമ മുസ്ലിങ്ങളിലാരുടെയും സ്വപ്നത്തില്‍ പോലും ഉണ്ടായിരുന്നില്ലെന്ന് തീര്‍പ്പു കല്‍പ്പിക്കുന്നത് വിഖ്യാതനായ ഖുര്‍ ആന്‍ പണ്ഡിതനാണ്.

ആ നിരീക്ഷണം അവിടം കൊണ്ടും അവസാനിക്കുന്നില്ല. പാടത്തും പറമ്പിലും ഭര്‍ത്താവിനോടും സഹോദരന്മാരോടും വിയര്‍ത്തു പണിയെടുക്കുന്നവരാണ് മഹാഭൂരിപക്ഷം മുസ്ലിം സ്ത്രീകളെന്നും മുഖമടക്കം ദേഹമാസകലം മൂടുന്ന വേഷം അവര്‍ക്കൊരു ശല്യമാണെന്നും കൂടി മര്‍മ്മദുക്ക് പിക്‌ത്താല്‍ പറയുന്നു. സൂര്യപ്രകാശവും ശുദ്ധവായുവും ആരോഗ്യകരമായ ചലനങ്ങളും പുരുഷനെന്നപോലെ സ്ത്രീയ്ക്കും അള്ളാഹു വിധിച്ചിട്ടുണ്ടെന്ന് ഒരു ഖുര്‍ ആന്‍ പണ്ഡിതന്‍ പറയുമ്പോള്‍ അവിശ്വസിക്കേണ്ട കാര്യം കോടതിയ്ക്കില്ല. മുടിയും കഴുത്തും മാത്രം മറയ്ക്കുന്നതാണ് യഥാര്‍ത്ഥ ഇസ്ലാമിക പാരമ്പര്യമെന്ന് ഇസ്ലാമിക പണ്ഡിതര്‍ തന്നെ ചൂണ്ടിക്കാട്ടുന്നത് കണ്ടില്ലെന്ന് നടിക്കാന്‍ നീതിബോധമുളള ആര്‍ക്കാണ് കഴിയുക?

ഇവിടെ വിഷയം തികച്ചും സുതാര്യമാകുന്നു. മുസ്ലിം സ്ത്രീ അണിയേണ്ട പര്‍ദയെ സംബന്ധിച്ച് മുസ്ലിം മത പണ്ഡിതര്‍ക്കു പോലും ഏകാഭിപ്രായമില്ല. സ്ത്രീ ശരീരത്തിന്റെ ഒരിഞ്ചു സ്ഥലമെങ്കിലും പുറത്തു കണ്ടാല്‍ അന്യപുരുഷന്‍ കാമാവേശം കൊണ്ട് വിറയ്ക്കുമെന്ന് ഒരു വിഭാഗം വാദിക്കുമ്പോള്‍ വേറൊരു വിഭാഗം പറയുന്നത്, The veiling of the face by women was not originally an Islamic custom എന്നും the Purdah system is neither of Islamic nor Arabian origin എന്നും It has nothing to do with the religion of Islam, and, for practical reasons, it has never been adopted by the great majority of Muslim women എന്നുമൊക്കെയാണ്. ആ സ്ഥാനത്താണ്, മുസ്ലിം സ്ത്രീയുടെ മുഖം പതിഞ്ഞ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കപ്പെടുന്നത് ലോകമെമ്പാടുമുളള മുസ്ലിങ്ങള്‍ക്ക് കടുത്ത മനോവ്യഥയുണ്ടാക്കുമെന്ന് മധുരയിലെ അജ്മല്‍ ഖാന്‍ കുണ്ഠിതപ്പെടുന്നത്.

മുഖമടക്കം മൂടിയല്ലാതെ മുസ്ലിം സ്ത്രീ പുറത്തിറങ്ങാന്‍ പാടില്ലെന്നും അന്യരെന്ന് സ്വയം നിര്‍വചിക്കുന്നവരുടെ മുന്നില്‍ മുഖം പ്രദര്‍ശിപ്പിക്കരുതെന്നും ഖുര്‍ ആന്‍ വഴി പ്രവാചകന്‍ നിഷ്കര്‍ഷിച്ചിട്ടുണ്ടോ എന്നതാണ് അടുത്ത പ്രശ്നം. മുടിനാരടക്കം മറച്ചല്ലാതെ മുസ്ലിം സ്ത്രീ പുറത്തിറങ്ങാന്‍ പാടില്ലെന്ന് ഏത് ഹദീസിലാണ് പ്രവാചകന്‍ പറഞ്ഞിട്ടുളളതെന്ന് നേര്‍ക്കുനേരെ ചോദിച്ചാല്‍ ഖണ്ഡിതമായ ഉത്തരം ആര്‍ക്കുമില്ല.

സ്വന്തം ഭാര്യയെയല്ലാതെ മറ്റൊരു സ്ത്രീയെയും മറ്റേക്കണ്ണുകൊണ്ട് നോക്കരുതെന്ന ഒറ്റക്കല്‍പ്പന കൊണ്ട് സകല പുരുഷന്മാരെയും മര്യാദ രാമന്മാരാക്കാനും സ്ത്രീയുടെ സുരക്ഷിതത്വം ഉറപ്പു വരുത്താനും പ്രപഞ്ചനാഥന് കഴിയുമായിരുന്നിട്ടും സ്ത്രീയ്ക്കു മേല്‍ മാത്രമൊരു നിബന്ധന എങ്ങനെ മുസ്ലിം പാരമ്പര്യത്തിന്‍റെ ഭാഗമായി എന്ന ചോദ്യമുയരുമ്പോഴാണ് അജ്മല്‍ ഖാന്റെ ഹര്‍ജിയുടെ ഗുട്ടന്‍സ് പിടികിട്ടുന്നത്. സാരിയോ ചുരിദാറിന്റെ ഷാളോ ഒരിളം കാറ്റില്‍ തെന്നിമാറിയാല്‍ അടിവസ്ത്രം നനയുന്ന പുരുഷ പ്രകൃതിയുടെ സൃഷ്ടിദോഷത്തിന് ആരാണ് സമാധാനം പറയേണ്ടതെന്ന ചോദ്യം അജ്‍മല്‍ ഖാന്‍മാ‍ര്‍ ഒരിക്കലും കേട്ടഭാവം നടിക്കാറുമില്ല.

സുഡാ‍ന്‍കാരനായ മുസ്ലിം പണ്ഡിതന്‍ ഡോ. ഹസ്സന്‍ അല്‍ തുറാബിയുടെ നിഗമനങ്ങളും മദ്രാസ് ഹൈക്കോടതി പരിഗണിച്ചിരുന്നു. "On the Position of Women in Islam and in Islamic Society" എന്ന ലേഖനത്തില്‍, തന്റെ ഭാര്യമാരുടെ വസ്ത്ര ധാരണത്തില്‍ മാത്രമേ പ്രവാചകന്‍ നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിരുന്നുളളൂവെന്നാണ് അല്‍ തുറാബി പറയുന്നത്.
Social Degradation of Women is a Crime and a Libel on Islam എന്ന ലേഖനത്തില്‍ കനേഡിയന്‍ എഴുത്തുകാരായ സയ്യദ് മുംതാസ് അലിയും റാബിയാ മില്‍സും പങ്കു വെയ്ക്കുന്ന ആശയവും മദ്രാസ് ഹൈക്കോടതി അജ്‍മല്‍ ഖാനെ തെര്യപ്പെടുത്തുന്നുണ്ട്. അതിങ്ങനെയാണ്,
" One must realize and appreciate the fact that the commandment in the Qur'an in Chapter 33, verse 53, with respect to the Hijab, applies only to the "Mothers of the believers" (the wives of the Holy Prophet, p.b.u.h.) whereas the wording of the Qur'an in Chapter 33 verse 55, applies to all Muslim women in general. No screen or Hijab (Purdah) is mentioned in this verse it prescribes only a veil to cover the bosom and modesty in dress. Hence the unlawfulness of the practice of the Indian-style system of Purdah (full face veiling). Under this system, the Hijab is not only imposed upon all Muslim women, but it is also quite often forced upon them in an obligatory and mandatory fashion. Even the literal reading/translation of this Quranic verse does not support the assertion that the Hijab is recommended for all Muslim women. The Hijab/screen was a special feature of honour for the Prophet's p.b.u.h. wives and it was introduced only about five or six years before his death."

ഇസ്ലാമിക പണ്ഡിതന്മാര്‍ക്കിടയില്‍ പര്‍ദയെക്കുറിച്ച് ഏകാഭിപ്രായമില്ല. വസ്ത്രധാരണത്തെക്കുറിച്ച് ഖുര്‍ആന്‍ മനപ്പൂര്‍വം പുലര്‍ത്തുന്ന അവ്യക്തത, മനുഷ്യന്റെ സാമൂഹികവും ധാര്‍മ്മികവുമായ വീക്ഷണങ്ങളെ കാലാനുസൃതമായി പുതുക്കിപ്പണിയാനാണെന്ന് നിരീക്ഷിക്കുന്ന ഇസ്ലാം പണ്ഡിതരുമുണ്ട്. പര്‍ദയും മുസ്ലീം സ്ത്രീകളും എന്ന വിഷയത്തില്‍ തുടരുന്ന വിവാദത്തിന് നൂറ്റാണ്ടുകള്‍ പഴക്കമുണ്ടെന്നും വരാനിരിക്കുന്ന നൂറ്റാണ്ടുകളില്‍ ഇത് ആവര്‍ത്തിക്കുമെന്നും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇസ്ലാമിക് ഇന്‍ഫര്‍മേഷന്‍ ആന്‍റ് എഡ്യൂക്കേഷന്‍ പോലുളള സ്ഥാപനങ്ങള്‍ നിരീക്ഷിക്കുന്നതിന്‍റെ സൂചന വ്യക്തമാണ്. ഇസ്ലാമിക മത വിശ്വാസികള്‍ പര്‍ദയെ ഏകമനസോടെ അംഗീകരിക്കുന്നില്ല. മുഖം മുഴുവന്‍ മറയ്ക്കുന്ന പര്‍ദ തങ്ങള്‍ക്കു വേണ്ടെന്നു തന്നെയാണ് മഹാഭൂരിപക്ഷം ഇസ്ലാം വനിതകളും സ്വീകരിക്കുന്ന നിലപാട്.

പ്രവാചക പത്നിമാര്‍ സര്‍വവിശ്വാസികളുടെയും മാതൃസ്ഥാനം വഹിക്കുന്നവരാകയാല്‍, ലൈംഗിക മോഹത്തോടെ ആരെങ്കിലും അവരെ നോക്കുന്നത് തടയാനാണ് പ്രവാചകന്‍ മുഖംമൂടിയെ ആശ്രയിച്ചതെന്നും മറ്റു സ്ത്രീകള്‍ക്ക് അത് അനിവാര്യമല്ലെന്നുമുളള വിശ്വാസമാണ് പ്രബലം. മുഖം മുഴുവന്‍ മറയ്ക്കുന്ന പര്‍ദ അനിവാര്യമല്ലെന്നും മുസ്ലിം വനിതകള്‍ സ്കാര്‍ഫ് കൊണ്ട് തല മൂടിയാല്‍ മതിയെന്നുമുളള വിശ്വാസം മുസ്ലിം വനിതകളിലെ ഭൂരിപക്ഷം വെച്ചുപുലര്‍ത്തുമ്പോഴാണ് പര്‍ദയിട്ട ഫോട്ടോ അച്ചടിച്ച വോട്ടര്‍പട്ടിക പരപുരുഷന്‍ കണ്ടാല്‍ വിശ്വാസം കപ്പലു കയറുമെന്ന വാദവുമായി അജ്‍മല്‍ കോടതി കയറിയത്.

2003ലാണ് തിരഞ്ഞെടുപ്പു കമ്മിഷന്‍ ഇന്ത്യയില്‍ സമ്മതിദായകര്‍ക്ക് ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് ഏര്‍പ്പെടുത്തിയത്. കേരളത്തിലായിരുന്നു പൈലറ്റ് പ്രോജക്ട് നടപ്പാക്കിയത്. ഇപ്പോഴും ഇന്ത്യ മുഴുവന്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്തിട്ടില്ല. എന്നാല്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്ത ഒരു സ്ഥലത്തുപോലും ഒരു മുസ്ലിം സ്ത്രീയും ഈ ആവശ്യം ഉന്നയിച്ചില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷണന്റെ അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു.

മദ്രാസ് സെന്‍ട്രല്‍ അസംബ്ലി മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പിനെ തുടര്‍ന്ന് വോട്ടര്‍ പട്ടിക പുതുക്കാനുളള നിര്‍ദ്ദേശം ഇലക്ഷന്‍ കമ്മിഷന്‍ നല്‍കിയപ്പോഴാണ് ഉണ്ടിരുന്ന അജ്മല്‍ ഖാന് മതവിളി വന്നത്. പര്‍ദ മുസ്ലിം സ്ത്രീയുടെ മതാചാരത്തിന്റെ ഭാഗമാണെന്നും അതില്ലാതെ മുസ്ലിം സ്ത്രീയുടെ ചിത്രം അന്യപുരുഷന്‍ കാണുന്നത് ആചാരം അനുഷ്ഠിക്കാനുളള മൗലികാവകാശത്തിന്റെ ലംഘനമാണെന്നും അജ്‍മല്‍ വാദിച്ചു.

എന്നാല്‍ വിശ്വാസവും ആചാരവും തമ്മില്‍ കൃത്യമായ വേര്‍തിരിവ് ഭരണഘടനയില്‍ തന്നെ നിര്‍വചിച്ചിട്ടുണ്ടെന്നും ഒന്നിലധികം സുപ്രിം കോടതി വിധികള്‍ ഇക്കാര്യം ഊന്നിപ്പറഞ്ഞിട്ടുണ്ടെന്നും മദ്രാസ് ഹൈക്കോടതി അജ്‍മല്‍ ഖാനെ തെര്യപ്പെടുത്തി. If religious practices run counter to public order, morality or health or a policy of social welfare upon which the State has embarked, then the religious practices must give way before the good of the people of the State as a whole എന്നാണ് കോടതിയുടെ സുചിന്തിതമായ നിലപാട്. മതാചാരമല്ല, മറിച്ച് മതവിശ്വാസമാണ് മൗലികാവകാശമെന്നും പൊതുസമൂഹത്തിന്റെ വ്യവസ്ഥകള്‍ക്കും ധാര്‍മ്മികതയ്ക്കും സാമൂഹിക ക്ഷേമത്തിനും എതിരു നില്‍ക്കുന്ന മതാചാരങ്ങള്‍ പൊതുജനത്തിന്റെ ക്ഷേമം മുന്‍നിര്‍ത്തി വഴി മാറണമെന്നുമാണ് ഈ പറഞ്ഞതിന്റെ പച്ചമലയാളം. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 പറയുന്നതും വേറൊന്നല്ല.
" 25. Freedom of conscience and free profession, practice and propagation of religion: -- (1) Subject to public order, morality and health and to the other provisions of this Part, all persons are equally entitled to freedom of conscience and the right freely to profess, practise and propagate religion.

(2) Nothing in this article shall affect the operation of any existing law or prevent the State from making any law--

തിരിച്ചറിയല്‍ കാര്‍ഡ് വേണമെന്നുളള പര്‍ദ ധാരികളായ മുസ്ലിം വനിതകള്‍, പര്‍ദ മാറ്റി ഫോട്ടോയെടുത്തേ തീരൂവെന്നു തന്നെയാണ് ഭരണഘടനയും അനുശാസിക്കുന്നത്.

ഖുര്‍ ആന്റെയോ ഭരണഘടനയുടെയോ പിന്‍ബലമില്ലാത്ത വാദങ്ങളാണ് അജ്‍മല്‍ ഖാന്‍ ഉയര്‍ത്തുന്നത്. ലോകമെങ്ങുമുളള മുസ്ലിം സമുദായത്തിന്റെ പ്രതിനിധിയാണ് താനെന്നാണ് ഹര്‍ജിയിലൂടെ സ്ഥാപിക്കാന്‍ അദ്ദേഹം ശ്രമിക്കുന്നത്. ഇന്ത്യയിലെ ഉത്തരവാദിത്തപ്പെട്ട മുസ്ലിം സാമുദായിക സംഘടനകള്‍ അജ്‍മല്‍ ഖാനെ തളളിപ്പറഞ്ഞു കഴിഞ്ഞു. പക്ഷേ, പര്‍ദയെ മുന്‍നിര്‍ത്തിയുളള പൗരോഹിത്യ ശിങ്കിടികളുടെ ഈ വേഷം കെട്ടല്‍ പക്ഷേ, ഇവിടെ തീരുന്നില്ല.

പര്‍ദ്ദ നിരോധിക്കുന്നതും പര്‍ദ നിര്‍ബന്ധിക്കുന്നതും ഒരുപോലെ മനുഷ്യാവകാശ ലംഘനമാണെന്ന് ജനാധിപത്യബോധമുളളവര്‍ തലകുലുക്കി സമ്മതിക്കും. വസ്ത്രം അടിച്ചേല്‍പ്പിക്കാനായാലും നീക്കം ചെയ്യാനായാലും നിയമം ഉപയോഗിക്കുന്നത് ജനാധിപത്യവിശ്വാസികള്‍ക്ക് അംഗീകരിക്കാനാവില്ല. പര്‍ദയുടെ പ്രത്യയശാസ്ത്രം നിയന്ത്രിക്കുന്നത് പുരുഷകേന്ദ്രീകൃതമായ പൗരോഹിത്യമാണെന്ന നിരീക്ഷണത്തിന്റെ സ്വയം സംസാരിക്കുന്ന തെളിവാണ് കോടതികളില്‍ നിന്ന് കോടതികളിലേയ്ക്കുളള അജ്മല്‍ ഖാന്റെ യാത്രകള്‍.

ആണിന്റെ നോട്ടത്തില്‍ നിന്നും അവന്റെ ലൈംഗികതയില്‍ നിന്നും സ്ത്രീയെ സംരക്ഷിക്കാനാണ് പര്‍ദയെന്ന വാദം പുതിയതല്ല. കണ്ണുകളിലും എന്തിന് ദേഹമാസകലം ലൈംഗികതയുടെ വെടിമരുന്ന് നിറച്ച് എന്തിന് പുരുഷനെ ദൈവം സൃഷ്ടിച്ചുവെന്ന ചോദ്യത്തിന് നിര്‍ബന്ധിത പര്‍ദധാരണത്തെ അനുകൂലിക്കുന്നവര്‍ക്ക് ഒരുകാലത്തും ഉത്തരമില്ല. പുരുഷനെ വെറും കാമവെറിയന്മാരായും സ്ത്രീയെ വെറും ലൈംഗികോപകരണമായും മാത്രം വീക്ഷിക്കുന്ന മനോരോഗികളാണ്, പര്‍ദയണിഞ്ഞേ സ്ത്രീ പുറത്തിറങ്ങാവൂ എന്ന് ശഠിക്കുന്നത്. ഏതു സ്ത്രീയെ, ഏത് വേഷത്തില്‍ കണ്ടാലും ചോരക്കണ്ണെറിയുന്ന വിടന്മാരുടെ ഗണത്തിലാണ് ലോകത്തിലെ സകലപുരുഷന്മാരുമെന്ന താത്ത്വികപ്രഘോഷണം, സ്വന്തം ജനിതകവൈകല്യത്തിന്റെ സാമാന്യവത്കരണമാണെന്ന് പര്‍ദപ്രേമികളായ ആണ്‍ശിങ്കങ്ങള്‍ മനസിലാക്കുന്നേയില്ല. ഒരര്‍ത്ഥത്തില്‍ പുരുഷനെതിരെ അവര്‍ സമര്‍പ്പിക്കുന്ന ഈ കുറ്റപത്രത്തിലെ ഒന്നാം പ്രതി സര്‍വശക്തനായ സ്രഷ്ടാവു തന്നെയാണ്. കാമരോഗികളായ പുരുഷന്മാരെ സൃഷ്ടിക്കുകയും സ്ത്രീകളുടെ സര്‍വ നിയന്ത്രണവും അവരെത്തന്നെ ഏല്‍പ്പിക്കുകയും ചെയ്ത ദൈവത്തിന്റെ യുക്തി സാമാന്യബുദ്ധിയ്ക്ക് വഴങ്ങുന്നതല്ല.

മുസ്ലിം സ്ത്രീയുടെ ഫോട്ടോ പതിച്ച വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് തിരഞ്ഞെടുപ്പ് കമ്മിഷനെ വിലക്കണമെന്ന ആവശ്യവുമായി കോടതി കയറിയിറങ്ങുന്ന അജ്‍മല്‍ ഖാനെപ്പോലെയുളള പുരുഷകേസരികളുടെ ചോരയിറ്റു വീഴുന്ന തേറ്റപ്പല്ലുകളാണ് യഥാര്‍ത്ഥത്തില്‍ പര്‍ദയ്ക്കുളളില്‍ മറഞ്ഞിരിക്കുന്നത്. അത് തിരിച്ചറിഞ്ഞ മദ്രാസ് ഹൈക്കോടതിയും സുപ്രിം കോടതിയും നീതിനിര്‍വഹണത്തിന്റെ നിഷ്പക്ഷത തന്നെയാണ് വിളിച്ചു പറയുന്നത്.