Friday, June 25, 2010

തച്ചങ്കരിയും മനോരമയും കുറേ പിടികിട്ടാപ്പുളളികളും....


മലയാള മനോരമയിലെ പത്രപ്രവര്‍ത്തക പരിശീലന പരീക്ഷ പാസാകാന്‍ സാക്ഷാല്‍ ഗീബല്‍സിന് കഴിയില്ലെന്നൊരു നിരീക്ഷണം ഡോ. തോമസ് ഐസക്കും എന്‍ പി ചന്ദ്രശേഖരനും ചേര്‍ന്നെഴുതിയ വ്യാജസമ്മതിയുടെ നിര്‍മ്മിതി എന്ന പുസ്തകത്തിലുണ്ട്. വരദാചാരിയുടെ തലയെ ലാവലിന്‍ കേസില്‍ വെട്ടിയൊട്ടിച്ചും കരാര്‍ സംബന്ധിച്ച ഫയലുകളത്രയും കാണാതായെന്ന് കളളക്കഥയെഴുതിയും വിവാദകാലത്തുടനീളം ഉമ്മന്‍ചാണ്ടിയ്ക്കും യുഡിഎഫിനും വിടുപണി ചെയ്ത മനോരമയിലെ പത്രപ്രവര്‍ത്തക കേസരികളുടെ നുണയെഴുത്ത് വൈദഗ്ധ്യം സൂചിപ്പിക്കവെയായിരുന്നു ആ പരാമര്‍ശം. കേരള സമൂഹത്തില്‍ ഉമ്മന്‍ചാണ്ടിയ്ക്കു വേണ്ടി മധ്യവര്‍ഗത്തിന്റെ പൊതുസമ്മതി നിര്‍മ്മിക്കാന്‍ വക്രീകരണം, തമസ്കരണം, വ്യാജപ്രചരണം തുടങ്ങിയ സുകുമാരകലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച പി. കിഷോര്‍, റെഞ്ചി കുര്യാക്കോസ്, ജി. വിനോദ് ആന്‍ഡ്രൂസ് ഫിലിപ്പ്, സുജിത് നായര്‍ തുടങ്ങിയ പ്രഗത്ഭര്‍ വിയര്‍പ്പൊഴുക്കി പണിയെടുക്കുന്ന നുണ നിര്‍മ്മാണ ഫാക്ടറി തന്നെ മനോരമയിലുണ്ടെന്ന് ഈ പുസ്തകം തെളിവുകള്‍ സഹിതം സ്ഥാപിക്കുന്നത്.

മനോരമാ ലേഖകരുടെ പ്രാഗത്ഭ്യം വഴിഞ്ഞൊഴുകുന്നൊരു വാര്‍ത്ത ജൂണ്‍ 25(വെള്ളിയാഴ്ച)ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. തലക്കെട്ട് തച്ചങ്കരിയുടെ ഗള്‍ഫ് യാത്ര പിടികിട്ടാപ്പുളളികള്‍ക്ക് സഹായവാഗ്ദാനവുമായെന്ന് ആരോപണം. കേന്ദ്ര ആഭ്യന്തര മന്ത്രാലയം അയച്ച കത്തിന്റെ ഫോട്ടോസ്റ്റാറ്റ് സഹിതമാണ് സാഹിത്യം അച്ചടിച്ചിരിക്കുന്നത്.

വാര്‍ത്തയുടെ ലീഡ് ഇങ്ങനെയാണ്...
ഗള്‍ഫില്‍ ഒളിവില്‍ കഴിയുന്ന പല പിടികിട്ടാപ്പുളളികളെയും സന്ദര്‍ശിച്ച് അവരുടെ ഇന്ത്യയിലേയ്ക്കുളള സുരക്ഷിത മടക്കം ഐജി ടോമിന്‍ തച്ചങ്കരി വാഗ്ദാനം ചെയ്തതായി കേന്ദ്ര സര്‍ക്കാരിന് അയച്ച കത്തില്‍ ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതി ദീപാ വാധ്‍വ ആരോപിച്ചു.

നെറ്റിചുളിപ്പിക്കുന്ന, ചോര തിളപ്പിക്കുന്ന വാര്‍ത്ത. ഈ ഒറ്റവാചകത്തെ അധികരിച്ച് തെരുവോരങ്ങളില്‍ പ്രതികരണത്തൊഴിലാളികള്‍ ഉറഞ്ഞാടും. കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനുമെതിരെ അമര്‍ഷം പതഞ്ഞുയരും. ബ്ലോഗുകളില്‍ ആക്ഷേപഹാസ്യം ഇടിവെട്ടിപ്പെയ്യും. ഈ വാചകം ഉയര്‍ത്തുന്ന ചോദ്യങ്ങളെ അവഗണിച്ചുകൊണ്ട് പ്രതികരണച്ചാവേറുകളാകാന്‍ എല്ലാവര്‍ക്കും കഴിയണമെന്നില്ലല്ലോ. ഒരുപാട് ആന്തരികാര്‍ത്ഥങ്ങളുണ്ട് മേലുദ്ധരിച്ച ഒറ്റവാചകത്തില്‍. മൂളയുളള ഒരു പത്രക്കാരനില്‍ അത് തുറന്നിടുന്ന സാധ്യതകള്‍ അനന്തം. ഈ ഒറ്റവാചകത്തിന്റെ പിറകെ നമുക്കൊന്ന് സഞ്ചരിക്കാം.

ഈ വാചകം നമുക്ക് നല്‍കുന്ന വിവരങ്ങള്‍ താഴെ പറയുന്നു.
1. പിടികിട്ടാപ്പുളളികള്‍ ഖത്തറില്‍ ഒളിവില്‍ കഴിയുന്നു.
2.അവരെ ടോമിന്‍ തച്ചങ്കരി സന്ദര്‍ശിച്ചു
3. അവര്‍ക്ക് ഇന്ത്യയിലേയ്ക്ക് സുരക്ഷിത മടക്കം ഐജി വാഗ്ദാനം ചെയ്തു.
4.ഇത് ആരോപിച്ചത് ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതി ദീപാ വാദ്‍വയാണ്.

ഈ വാചകത്തില്‍ പറയുന്നത് പ്രകാരം ഒരാരോപണം ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതി ഉന്നയിച്ചെങ്കില്‍ അത് ഗുരുതരം തന്നെയാണ്. പക്ഷേ, ടോമിന്‍ തച്ചങ്കരിയെക്കാള്‍ കടുത്ത കുറ്റം അവരാണ് ചെയ്തതെന്ന് മാത്രം.

ഇന്ത്യയില്‍ പിടികിട്ടാപ്പുളളികളായി പ്രഖ്യാപിക്കപ്പെട്ട ഒട്ടേറെപ്പേര്‍ ഖത്തറിലുണ്ടെന്ന് ഇന്ത്യന്‍ സ്ഥാനപതിയ്ക്ക് അറിയാം. ഖത്തറില്‍ അവര്‍ ജോലി ചെയ്യുന്നതും താമസിക്കുന്നതുമായ സ്ഥലത്തെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ ഇവര്‍ക്കറിയണം. അല്ലെങ്കില്‍ ടോമിന്‍ തച്ചങ്കരി സന്ദര്‍ശിച്ചത് പിടികിട്ടാപ്പുളളികളെയാണെന്നും അവര്‍ക്ക് ഇന്ത്യയിലേയ്ക്ക് സുരക്ഷിത മടക്കം ഐജി വാഗ്ദാനം ചെയ്തുവെന്നും ഖത്തറിലെ സ്ഥാനപതി എങ്ങനെ അറിയും...? ഖത്തറിലുളള പിടികിട്ടാപ്പുളളികളെക്കുറിച്ച് ഇന്ത്യാ സര്‍ക്കാരിനെ അറിയിക്കാനുളള ബാധ്യത അവിടുത്തെ സ്ഥാനപതിക്കില്ലേ. അവര്‍ ആ ചുമതല നിര്‍വഹിച്ചോ. ഇന്ത്യയില്‍ നിന്ന് നാടുവിട്ട് ഖത്തറില്‍ സുഖമായി വാഴുന്ന കൊടുംകുറ്റവാളികളെക്കുറിച്ച് ഒരുവിവരവും ഇന്ത്യയെ അറിയിക്കാത്ത സ്ഥാനപതിയാണോ, കോണ്‍സുലേറ്റില്‍ ചെന്ന് കുറേ വിവരങ്ങള്‍ അന്വേഷിച്ച തച്ചങ്കരിയാണോ കുറ്റക്കാരന്‍....?

അടുത്ത വാചകം നോക്കുക.,...
തീവ്രവാദക്കേസില്‍ പിടിയിലായ തടിയന്റവിട നസീറും കൂട്ടാളികളും, പിണറായി വിജയനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചയാള്‍ എന്നിവരെക്കുറിച്ചുളള വിവരങ്ങള്‍ കൂടി ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതിയോട് തിരക്കിയതാണ് തച്ചങ്കരിയ്ക്ക് വിനയായത്...

എന്നുവെച്ചാല്‍ ഇത്തരം കാര്യങ്ങളൊന്നും ഇന്ത്യന്‍ സ്ഥാനപതിയോട് അന്വേഷിക്കാന്‍ പാടില്ല. തടിയന്റവിടെ നസീര്‍, കൂട്ടാളികള്‍, പിണറായി വിജയനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചയാള്‍ എന്നിവരെ ഖത്തറില്‍ സ്വസ്ഥ ജീവിതം ഉറപ്പുവരുത്താന്‍ ഭരണഘടനാപരമായി ബാധ്യതയുളള വ്യക്തിയാകുന്നു ദീപാ വാധ്‍വ. ഈ കക്ഷികളെക്കുറിച്ച് അവരോട് അന്വേഷിക്കുകയോ.. ശിവ... ശിവ.. തൂക്കിക്കൊല്ലേണ്ടേ തച്ചങ്കരിയെ...

വായിച്ചു വരുമ്പോള്‍ വാര്‍ത്തയില്‍ ഇങ്ങനെയൊരു ഖണ്ഡിക...
ഇപ്പോഴത്തെ സസ്പെന്‍ഷന് ഇടയാക്കിയ ഏപ്രിലിലെ ഗള്‍ഫ് യാത്രയ്ക്കു മുന്‍പ് ഫെബ്രുവരിയില്‍ നടത്തിയ ദുബായ്, ഖത്തര്‍ യാത്രകളാണു തച്ചങ്കരിക്കു വിനയായത്. ആഭ്യന്തര മന്ത്രിയുടെയും ഡിജിപിയുടെയും ഉത്തരമേഖലാ എഡിജിപി : മഹേഷ് കുമാര്‍ സിംഗയുടെയും അനുമതിയോടെയാണു യാത്ര നടത്തിയതെന്നു തച്ചങ്കരി പറഞ്ഞു. കണ്ണൂരില്‍ രമ്യ എന്ന സ്ത്രീയെ കൊലപ്പെടുത്തിയ കേസിലെ ഷമ്മി കുമാറിനെയും, പിണറായി വിജയനെ അപകീര്‍ത്തിപ്പെടുത്താന്‍ അദ്ദേഹത്തിന്റെ വീടിന്റെ എന്ന നിലയില്‍ ചിത്രങ്ങള്‍ ഇ മെയ്ലായി വിതരണം ചെയ്ത മനോജ് എന്നയാളെയും പിടികൂടാനാണു വിദേശ യാത്രയ്ക്കായി തച്ചങ്കരി അനുമതി തേടിയത്. ഈ യാത്രയ്ക്കിടെ സര്‍വീസ് ചട്ടങ്ങള്‍ പാലിക്കാതെ ഖത്തറില്‍ ഇന്ത്യന്‍ സ്ഥാനപതി ദീപാ വാധ്വയെ സന്ദര്‍ശിച്ചു കാര്യങ്ങള്‍ തിരക്കിയതാണു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കത്തിന് ഇടയാക്കിയത്.
രമ്യയെ കൊലപ്പെടുത്തിയ ഷമ്മി കുമാര്‍, പിണറായി വിജയനെ അപകീര്‍ത്തിപ്പെടുത്താന്‍ ഇമെയില്‍ അയച്ച മനോജ് എന്നിവരെ പിടികൂടാന്‍ ആഭ്യന്തരമന്ത്രി, ഡിജിപി, ഉത്തരമേഖലാ എഡിജിപി മഹേഷ് കുമാര്‍ സിംഗ്ല എന്നിവരുടെ അനുമതിയോടെ തച്ചങ്കരി ഖത്തറില്‍ പോകുന്നു. യാത്രാ മധ്യേ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ചെന്ന് ഇവരെക്കുറിച്ചുളള ചില വിവരങ്ങള്‍ ചോദിക്കുന്നു. മുന്നറിയിപ്പില്ലാതെ കേരളത്തിലെ ഒരു ഡൂക്കിലി പോലീസുകാരന്‍ കോണ്‍സുലേറ്റ് എന്ന രാജമന്ദിരത്തില്‍ പ്രവേശിച്ചതില്‍ സ്ഥാനപതി അരിശം കൊള്ളുന്നു. എഴുന്നെളളത്ത് കേന്ദ്രസര്‍ക്കാരിന്റെ അനുമതിയോടെയാണോ എന്ന് ആയമ്മ ആരായുന്നു. മനോരമ പറയും പ്രകാരം ക്രിമിനല്‍ കേസുകള്‍ അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കു വിദേശത്തു പോകാന്‍ അപ്പപ്പോള്‍ കേന്ദ്ര അനുമതി വാങ്ങുന്നതു ബുദ്ധിമുട്ടാണെന്നു തച്ചങ്കരി തര്‍ക്കുത്തരം പറയുന്നു. ആയമ്മ കോപതാപങ്ങളാല്‍ ജ്വലിക്കുന്നു. നീട്ടിപ്പിടിച്ചൊരു കത്ത് കേന്ദ്രസര്‍ക്കാരിലേയ്ക്ക് തൊടുക്കുന്നു. പ്രകമ്പനം സൃഷ്ടിക്കാന്‍ മനോരമ മെനഞ്ഞ വാര്‍ത്ത എത്രയാവര്‍ത്തി വായിച്ചാലും ഇതിനപ്പുറം ഒരുവിവരവും അതിലില്ലേയില്ല.

വാര്‍ത്തയിലെ വേറൊരു ഖണ്ഡിക ഇങ്ങനെ...

അതിനു ശേഷം കേരളത്തില്‍ നിന്നുള്ള പല പിടികിട്ടാപ്പുള്ളികളെയും തച്ചങ്കരി സന്ദര്‍ശിച്ചതായും അവരുടെ ഇന്ത്യയിലേക്കുള്ള സുരക്ഷിത മടക്കം വാഗ്ദാനം ചെയ്തതായും അവിടത്തെ ഇന്ത്യക്കാര്‍ തന്നെ അറിയിച്ചു. അതിനാല്‍, ഈ ഗുരുതര വിഷയങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷിച്ചു തച്ചങ്കരിക്കെതിരെ ഉചിത നടപടിയെടുത്ത് കേന്ദ്രത്തെ അറിയിക്കണം- ഖത്തര്‍ സ്ഥാനപതി കത്തില്‍ ആവശ്യപ്പെടുന്നു.

പല പിടികിട്ടാപ്പുളളികളെയും തച്ചങ്കരി സന്ദര്‍ശിച്ച കാര്യം, അവരുടെ ഇന്ത്യയിലേയ്ക്കുളള സുരക്ഷിത മടക്കവാഗ്ദാനം എന്നിവ ഊരും പേരുമില്ലാത്ത കുറേ ഇന്ത്യാക്കാരാണ് തന്നെ അറിയിച്ചതെന്ന് സ്ഥാനപതി തെര്യപ്പെടുത്തിയെന്നാണ് വാര്‍ത്ത. തെളിവിനായി ഹാജരാക്കിയിരിക്കുന്ന ഫോട്ടോസ്റ്റാറ്റിലെ ആംഗലേയവും പറയുന്നത് ഇതേ കാര്യം...
It has been further reported by MEA that the ambassador was later informed by members of the indian community that shri Thachankari had met several so called wanted people from kerala and promised them for their safe return to India for a consideration...

ആരാണ് സാര്‍, ഈ "മെമ്പേഴ്സ് ഓഫ് ദി ഇന്ത്യന്‍ കമ്മ്യൂണിറ്റി". തച്ചങ്കരി സന്ദര്‍ശിച്ചത് പിടികിട്ടാപ്പുളളികളെയാണെന്ന് ഈ "മെമ്പേഴ്സ്" എങ്ങനെ തീര്‍ച്ചപ്പെടുത്തി. "സുരക്ഷിതമായ മടക്ക"മാണ് ഐജി പിടികിട്ടാപ്പുളളികള്‍ക്ക് വാഗ്ദാനം ചെയ്തതെന്ന് ഈ മെമ്പേഴ്സ് എങ്ങനെ മനസിലാക്കി? "സെവറല്‍" പിടികിട്ടാപ്പുള്ളികളെയാണ് തച്ചങ്കരിയേമാന്‍ സന്ദര്‍ശിച്ചത്. അതായത് ഖത്തറില്‍ സ്ഥിരവാസം നടത്തുന്ന "സെവറല്‍" പിടികിട്ടാപ്പുളളികളെയും ഈ "മെമ്പേഴ്സിന്" നേരിട്ടറിയാം. പിടികിട്ടാപ്പുളളികളാണ് അവരെന്ന് തിരിച്ചറിയണമെങ്കില്‍ കേസിന്റെയും കുറ്റകൃത്യങ്ങളുടെയും വിശദവിവരവും ഈ "മെമ്പേഴ്സിന്" മനപ്പാഠമായിരിക്കണം.

ഇന്ത്യയില്‍ നിന്ന് രക്ഷപെട്ട കുറേ കൊടുംകുറ്റവാളികള്‍ ഖത്തറില്‍ വാസമുറപ്പിച്ചിട്ടുണ്ടെന്ന കാര്യം ഇന്ത്യന്‍ കമ്മ്യൂണിറ്റിയിലെ ഈ "മെമ്പേഴ്സ്" ഇതിനു മുമ്പൊരിക്കലും കോണ്‍സുലേറ്റിനെ അറിയിച്ചിട്ടേയില്ല. പാവങ്ങള്‍ എങ്ങനെയും ജീവിച്ചു പൊയ്ക്കോട്ടെയെന്ന് കരുതിയിരിക്കുമ്പോഴാണ് തച്ചങ്കരി വന്ന് അവരെ "സുരക്ഷിതമായി കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം" നടത്തുന്നത്. ഉണര്‍ന്നൂ പൊടുന്നനെ പൗരബോധം... തിളച്ചു മറിഞ്ഞൂ അമര്‍ഷത്തിന്‍ കനലുകള്‍... എടുത്തു ഫോണ്‍... വിളിച്ചു സ്ഥാനപതിയെ.

ഖത്തറില്‍ തന്റെ മൂക്കിനു കീഴെയുളള പിടികിട്ടാപ്പുളളികളെ അന്വേഷിച്ച് കേരളത്തില്‍ നിന്നൊരുത്തന്‍ വരികയോ... അസാധ്യം... അസംബന്ധം... കടലാസൊരെണ്ണം കൈയിലെടുത്ത് കാച്ചീ, സ്ഥാനപതിയൊരു കടിതം. എന്താണെന്നല്ലേ... ഈ ഗുരുതര വിഷയങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷിച്ച് തച്ചങ്കരിയ്ക്കെതിരെ ഉചിത നടപടിയെടുത്ത് കേന്ദ്രത്തെ അറിയിക്കണം...

അദ്ദാണ് കാര്യം... ആരോപിക്കപ്പെട്ട കുറ്റങ്ങള്‍ തച്ചങ്കരി ചെയ്തോ എന്ന് അന്വേഷിക്കുക പോലും ചെയ്യരുത്. പക്ഷേ, നടപടി എടുത്തേ മതിയാവൂ.. രാജകല്‍പനയല്ലേ... നടക്കുന്നത് രാജഭരണമല്ലേ... ഇന്ത്യാ മഹാരാജ്യത്തെ ഭരിക്കുന്നത് ഖത്തറിലെ സ്ഥാനപതി ദീപാ വാധ്‍വയല്ലേ... അവഗണിക്കാമോ കത്ത്... എടുക്കണ്ടേ നടപടി.... അറിയിക്കേണ്ടേ കേന്ദ്രത്തെ... നടപടിയെടുത്ത വിവരം കേന്ദ്രമൊരു സ്വര്‍ണക്കവറിലിട്ട് അറേബ്യയിലെ അതിവിശിഷ്ടമായ അത്തര്‍ പൂശി വെള്ളിത്താലത്തില്‍ വെച്ച് പ്രത്യേക വിമാനത്തില്‍ കയറ്റി ദീപാ വാധ്‍വയെന്ന തമ്പുരാട്ടിയുടെ സമക്ഷം പ്രത്യേക ദൂതന്‍ വഴി എത്തിക്കേണ്ടേ.. ആ ദൂതവേഷത്തില്‍ സാക്ഷാല്‍ മന്‍മോഹന്‍ സിംഗു തന്നെ പോകേണ്ടേ....

പകരം ചെയ്തതോ....
കേന്ദ്രം അയച്ച കത്തിന്റെ കൂടുതല്‍ വിശദാംശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി മറുപടി അയച്ചു. വ്യംഗ്യം... ദീപത്തമ്പുരാട്ടി എഴുതിയതില്‍ തങ്ങള്‍ക്കത്ര വിശ്വാസം പോരെന്നും വിശദാംശങ്ങള്‍ കൃത്യമായി അറിയിക്കണമെന്നും...

ക്ഷമിക്കുകേല മക്കളേ... മനോരമയും ക്ഷമിക്കുകേല... ഖത്തര്‍ സ്ഥാനപതിയും ക്ഷമിക്കുകേല....

ഓര്‍ക്കുക... ഖത്തറില്‍ സുഖവാസം നടത്തുന്ന പിടികിട്ടാപ്പുളളികളെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ അറിയുന്ന "ഇന്ത്യന്‍ കമ്മ്യൂണിറ്റി മെമ്പേഴ്സ്" ആരൊക്കെയെന്നോ, അവരും ഈ കുറ്റവാളികളുമായുളള ബന്ധമെന്തെന്നോ, ആ കുറ്റവാളികളെക്കുറിച്ചുളള ചില വിവരങ്ങള്‍ ടോമിന്‍ തച്ചങ്കരി അന്വേഷിച്ചപ്പോള്‍ ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതി ദീപാ വാധ്‍വയ്ക്ക് പൊള്ളിയത് എന്തിനെന്നോ അന്വേഷിക്കാന്‍ മനോരമയിലെ അന്വേഷണാത്മക വീരശിങ്കങ്ങള്‍ക്ക് സമയവും താല്‍പര്യവുമില്ല. ‍മാത്തുക്കുട്ടിച്ചായന്‍ ശമ്പളം കൊടുക്കുന്നത് അതിനൊന്നുമല്ലേയല്ല.

Wednesday, June 09, 2010

വര്‍ഗചിന്തയുടെ വിനിമയമൂല്യം

സ്വത്വബോധമെന്നത് സങ്കുചിതമായ സമീപനങ്ങള്‍ക്കും ആഭിജാത്യഭ്രമങ്ങള്‍ക്കും ചുരുണ്ടുകിടക്കാനുളള സ്ഥലമല്ല. മറിച്ച് വ്യത്യസ്ത ചരിത്രസന്ദര്‍ഭങ്ങളില്‍ വികസിച്ചുവരുന്ന സമരശരികളുടെ സത്തയാണ്. ഇതാണെന്റെ മണ്ണ് എന്ന അഗാധമായ തിരിച്ചറിവിനോടൊപ്പം ഒരുതരി മണ്ണും ചിലരുടേത് മാത്രമല്ലെന്നും എല്ലാവരുടേതുമാണെന്നും കണ്ടെത്തുന്ന നേരങ്ങളിലാണ് പ്രാദേശിക സര്‍ഗാത്മകതയും 'സ്വത്വബോധവും' വികസിക്കുന്നത് (ഇരകളുടെ മാനിഫെസ്റ്റോ - കെഇഎന്‍, പേജ് 61).
ജാതിസമ്പ്രദായത്തിന്റെ നിര്‍മ്മാര്‍ജനത്തിന് വേണ്ടിയും ദളിതര്‍ക്കെതിരെയുളള എല്ലാ വിധത്തിലുമുളള വിവേചനങ്ങള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കും എതിരെയുമുളള പോരാട്ടങ്ങള്‍ ഇതുവരെ അഖിലേന്ത്യാ സ്വഭാവം കൈവരിച്ചിട്ടില്ല. ഇടതുപക്ഷ നേതൃത്വത്തിലുളള സംസ്ഥാനങ്ങളിലൊഴികെ യഥാര്‍ത്ഥത്തില്‍ ദളിതര്‍ക്കെതിരെയുളള അതിക്രമങ്ങള്‍ അനുസ്യൂതം തുടരുകയാണ്. സാമ്പത്തികവും രാഷ്ട്രീയവും സാമൂഹികവുമായ സമസ്തമണ്ഡലങ്ങളിലും ദളിതരുടെ അവകാശസംരക്ഷണത്തിനു വേണ്ടിയുളള പോരാട്ടങ്ങള്‍ ശക്തിപ്പെടുത്താന്‍ പാര്‍ട്ടി നേതൃത്വം നല്‍കണം. സ്വകാര്യമേഖലയിലെ സംവരണം, ദളിതരായ മുസ്ളിങ്ങളുടെയും ക്രിസ്ത്യാനികളുടെയും അവകാശങ്ങള്‍ അംഗീകരിക്കല്‍, എല്ലാ നാമശൂദ്രസമുദായങ്ങളെയും ദളിതരായി അംഗീകരിക്കല്‍ എന്നിവയ്ക്കു വേണ്ടിയും വെറുക്കപ്പെട്ട ജാതി സമ്പ്രദായത്തിനെതിരെയുമുളള ആവശ്യങ്ങള്‍ ഉയര്‍ത്തിയായിരിക്കണം ഈ പോരാട്ടം. ചൂഷിത വര്‍ഗങ്ങളുടെ അവകാശങ്ങള്‍ക്കു വേണ്ടിയുളള നമ്മുടെ പോരാട്ടത്തിന്റെ അവശ്യഭാഗമായി ഇത് രൂപം പ്രാപിക്കണം. കാരണം ചൂഷിത വര്‍ഗ്ഗങ്ങളിലെ ഗണ്യമായ വിഭാഗം ദളിതരാണ് - സിപിഐഎം 19-ാം പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച രാഷ്ട്രീയ പ്രമേയത്തില്‍ നിന്ന് - 2.50)

വര്‍ഗബോധമെന്ന മുഖംമൂടികൊണ്ട് സവര്‍ണസ്വത്വബോധത്തെ മറച്ചുപിടിച്ചിരിക്കുവരില്‍ ഉള്‍ക്കിടിലമുണ്ടാക്കി ദളിതന്റെ സ്വത്വബോധം ശക്തവും സങ്കീര്‍ണവുമാവുകയാണ്. ചൂഷിത വര്‍ഗങ്ങളുടെ അവകാശങ്ങള്‍ക്കു വേണ്ടിയും ജാതിസമ്പ്രദായത്തിനെതിരെയും നടത്തേണ്ട വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം ദുര്‍ബലമായതുകൊണ്ടാണ് ദളിത് സ്വത്വബോധം തീവ്രമാവുകയും അനിവാര്യമായ സ്വത്വരാഷ്ട്രീയത്തിന് വഴിമാറുകയും ചെയ്തത്. സാമൂഹ്യജീവിതത്തിന്റെ സമസ്തമേഖലയിലും കൊടികുത്തി വാഴുന്ന സവര്‍ണതയ്ക്കും അതിന്റെ തായ്‍വേരായ ദളിത് വിരോധത്തിനുമെതിരെയുളള സമരം പൊതുജനാധിപത്യ പ്രസ്ഥാനങ്ങളുടെ ഒന്നാമത്തെ കടമയാണ്. അത് നിര്‍വഹിക്കുന്നതില്‍ പടര്‍ന്ന മന്ദത സ്വത്വരാഷ്ട്രീയത്തെ ശക്തിപ്പെടുത്തുകയും അക്രമാസക്തമായ മാര്‍ഗങ്ങളിലേയ്ക്ക് തിരിയ്ക്കുകയും ചെയ്തു. ശതാബ്ദങ്ങളായി അടിച്ചമര്‍ത്തലിന്റെ നീറ്റലില്‍ ജീവിക്കുന്ന ദളിതരില്‍ ഏതാണ്ട് 75 ശതമാനത്തോളം പേര്‍ ഇന്നും ഭൂരഹിതരും നാമമാത്രമായ ഭൂമിയുളളവരുമായി തുടരുകയാണ്. അവരില്‍ 60 ശതമാനത്തിലേറെപ്പേരുടെയും ഉപജീവന മാര്‍ഗം കൂലിപ്പണിയാണ്. പൊതുകിണറുകളും വഴികളും ചായക്കടകളും ക്ഷേത്രങ്ങളും ഇന്നും അവര്‍ക്കപ്രാപ്യമാണ്. അധികാരസ്ഥാപനങ്ങളിലും സര്‍ക്കാരിന്റെ തൊഴിലിടങ്ങളിലും ഏര്‍പ്പെടുത്തിയ സംവരണമെന്ന സൌജന്യം കൊണ്ടൊന്നും അവരുടെ സാമൂഹ്യാവസ്ഥയെ ഒരിഞ്ചു മുന്നോട്ടു നീക്കാനായിട്ടില്ല. മന്വന്തരങ്ങളായി ഗതികേടിന്റെ കാളകൂടം കുടിക്കുവരില്‍ ചരിത്രം സംഭരിച്ച അമര്‍ഷം അവഗണിച്ചുകൊണ്ട് സ്വത്വരാഷ്ട്രീയത്തെ അപഗ്രഥിക്കുന്നത് യുക്തിസഹമല്ല.

ജാതിവ്യവസ്ഥയെയും അതവശേഷിപ്പിച്ച പൈശാചികമായ വിവേചനത്തെയും ചരിത്രപരമായി വിലയിരുത്തിക്കൊണ്ടാണ് സ്വത്വരാഷ്ട്രീയം സംബന്ധിച്ച് സിപിഎം പത്തൊമ്പതാം പാര്‍ട്ടി കോഗ്രസ് രാഷ്ട്രീയ നിലപാട് സ്വീകരിച്ചത്. എന്നാല്‍ ഈ നിലപാടുകളുടെ സത്തയും യുക്തിയും ഉള്‍ക്കൊള്ളാന്‍ വിമുഖത പുലര്‍ത്തു ഒരു വിഭാഗം പാര്‍ട്ടിയുടെ സൈദ്ധാന്തിക പ്രസിദ്ധീകരണങ്ങളില്‍ ആധിപത്യം സ്ഥാപിച്ചുവെന്ന വസ്തുതയെയാണ് നടപ്പുകാലത്തെ സ്വത്വരാഷ്ട്രീയവിവാദം തുറന്നു കാട്ടിയത്. “ജാതിസ്വത്വത്തിന്റെ അടിസ്ഥാനത്തിലുളള രാഷ്ട്രീയ ധ്രുവീകരണം വളര്‍ന്നു വരുന്നത് ഗുരുതരമായ വെല്ലുവിളിയാണെ സിപിഎം പത്തൊമ്പതാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍ സമ്പൂര്‍ണമാകുന്നത്, ആ വെല്ലുവിളി ഉയര്‍ന്ന് വരാനിടയായ സാഹചര്യങ്ങളെയും അത് നേരിടുന്നതിന് സ്വീകരിക്കേണ്ട മാര്‍ഗങ്ങളെയും സംബന്ധിച്ചുളള സമഗ്രമായ കാഴ്ചപ്പാടുകളില്‍ നിന്നാണ്. ഈ സമഗ്രതയാണ് സ്വത്വരാഷ്ട്രീയത്തിനെതിരെ തീവ്രവാദ നിലപാടുകള്‍ സ്വീകരിക്കുവര്‍ക്കില്ലാതെ പോയത്. അവര്‍ സ്വത്വരാഷ്ട്രീയത്തെ അടച്ചാക്ഷേപിക്കുകയും അത് ശക്തിപ്പെടാനിടയായ സാമൂഹ്യസാഹചര്യങ്ങളെ സമ്പൂര്‍ണമായി അവഗണിക്കുകയും ജാതീയമായ അടിച്ചമര്‍ത്തലുകള്‍ക്കെതിരെയുളള പോരാട്ടത്തില്‍ സിപിഎം മുന്‍നിരയില്‍ തന്നെ നില്‍ക്കണമെന്ന പാര്‍ട്ടി കാഴ്ചപ്പാട് കണ്ടില്ലെന്ന് നടിക്കുകയും ചെയ്യുന്നു. ഫലം സ്വത്വരാഷ്ട്രീയത്തിനെതിരെയുളള പടപ്പുറപ്പാട് ഫലത്തില്‍ ദളിതരുടെ സംഘബോധത്തിനെതിരെയുളള വെല്ലുവിളിയായി മാറുന്നു.


സ്വത്വബോധം സംബന്ധിച്ച സിപിഎം നിലപാടിന്റെ ഉള്‍ക്കാമ്പ് രാഷ്ട്രീയപ്രമേയത്തിലെ ഈ വാചകങ്ങളാണ്:
ദളിതരുടെയും വിവിധ പിന്നോക്കക്കാരുടെ വിഭാഗങ്ങളുടെയും നിത്യജീവിതത്തിന്റെയും സാമൂഹിക അടിച്ചമര്‍ത്തലിന്റെയും പ്രശ്നങ്ങള്‍ പാര്‍ട്ടി സമൂര്‍ത്തമായി ഏറ്റെടുക്കണം. വര്‍ഗപരമായ പ്രശ്നങ്ങളും സാമൂഹികമായ പ്രശ്നങ്ങളും ഒന്നിച്ച് ഏറ്റെടുക്കുന്നത് മൂലം ജാതിപരമായ ശിഥിലീകരണത്തിന്റെ പ്രതികൂല പ്രത്യാഘാതങ്ങളെ നമുക്ക് നേരിടാനാകും
സാമൂഹികമായ അടിച്ചമര്‍ത്തലുകള്‍ക്കെതിരെയുളള പോരാട്ടങ്ങള്‍ സിപിഎമ്മടക്കമുളള പൊതുജനാധിപത്യ പ്രസ്ഥാനങ്ങള്‍ ഏറ്റെടുത്തില്ലെങ്കില്‍ ജാതിപരമായ ശിഥിലീകരണത്തിന്റെ പ്രത്യാഘാതങ്ങള്‍ സമൂഹമൊന്നാകെ അനുഭവിക്കേണ്ടി വരും. ദളിതരുടെയും പിന്നോക്കക്കാരുടെയും നിത്യജീവിതത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാനുളള സമരമാര്‍ഗങ്ങള്‍ സംഘടിപ്പിക്കുകയല്ലാതെ ഇതിനെ നേരിടാനാവില്ല. ജാതിസ്വത്വത്തിന്റെ അടിസ്ഥാനത്തിലുളള രാഷ്ട്രീയ ധ്രുവീകരണത്തെ യാന്ത്രികമായി തളളിപ്പറയുകയല്ല സിപിഎം ചെയ്തത്. മറിച്ച്, അത് അനിവാര്യമാക്കുന്ന സാമൂഹ്യസാഹചര്യത്തെ വസ്തുനിഷ്ഠമായി അപഗ്രഥിച്ചും ആ ധ്രുവീകരണത്തെ അതിജീവിക്കാനുളള പ്രവര്‍ത്തനപരിപാടി ഊന്നിപ്പറഞ്ഞുമാണ്. “ഇതാ ഒരു സ്വത്വരാഷ്ട്രീയക്കാരന്‍, കൊല്ലവനെ” എന്നാക്രോശിച്ചുകൊണ്ട് വിവാദത്തേരുരുട്ടിയ ചിന്ത വാരികയിലെ മുറിസൈദ്ധാന്തികര്‍ക്ക് കൈമോശം വന്നത് കാഴ്ചപ്പാടാണ്.

സ്വത്വരാഷ്ട്രീയം ഉയര്‍ത്തു ശിഥിലീകരണഭീതിയെ ചെറുക്കണമെങ്കില്‍ “ചൂഷിത വര്‍ഗങ്ങളുടെ അവകാശങ്ങള്‍ക്കു വേണ്ടിയുളള നമ്മുടെ പോരാട്ടത്തിന്റെ അവശ്യഭാഗമായി ജാതിസമ്പ്രദായത്തിനെതിരെയുളള പോരാട്ടം രൂപം പ്രാപിക്കണം” എന്ന് സിപിഎം അതിന്റെ രാഷ്ട്രീയ പ്രമേയത്തില്‍ തുറന്നു പറയുന്നത്, അത്തരമൊരു രൂപം പ്രാപിക്കല്‍ ഇതുവരെ ഉണ്ടായിട്ടില്ല എന്ന തിരിച്ചറിവില്‍ നിന്ന് തന്നെയാണ്. നവോത്ഥാന ചിന്തകളുടെ പശ്ചാത്തലത്തില്‍ പിറക്കുകയും വളരുകയും ചെയ്ത പാര്‍ട്ടിക്ക് ഇത്തരമൊരു രൂപം പ്രാപിക്കലില്‍ നേരിട്ട പ്രതിബന്ധങ്ങളെന്ത് എന്ന അന്വേഷണം പാര്‍ട്ടിയെ തകര്‍ക്കുകയല്ല, മറിച്ച് സാമൂഹ്യമാറ്റം കൊതിച്ച് പാര്‍ട്ടിക്ക് പിന്നില്‍ അണിനിരന്ന ലക്ഷോപലക്ഷം ജനത കൊതിക്കുന്ന രാഷ്ട്രീയ പരിഹാരങ്ങള്‍ക്കുവേണ്ടിയുളള പോരാട്ടങ്ങളുടെ കരുത്ത് വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുക. അങ്ങനെയൊരു ആത്മപരിശോധന നടത്താനുളള ഉള്‍ബലം സിപിഎമ്മിന് നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച രാഷ്ട്രീയ പ്രമേയം പറയുത്. ജാതി സമ്പ്രദായത്തിനെതിരെയുളള പോരാട്ടം വര്‍ഗസമരത്തിന്റെ ഭാഗമായി വളരാതിരുന്നതിന് തങ്ങള്‍ വഹിച്ച പങ്ക് തുറന്നു പറയാനും കാരണങ്ങള്‍ പരിശോധിക്കാനും പരിഹരിക്കാനും സ്വന്തം പാര്‍ട്ടി ഘടകത്തിലെങ്കിലും തയ്യാറാവുകയെന്ന സത്യസന്ധതയാണ് സാമൂഹ്യബോധമുളള സിപിഎം അംഗങ്ങള്‍ക്ക് മുന്നിലുളളത്. അതിന് തയ്യാറാകാതെ, സ്വത്വരാഷ്ട്രീയത്തിനും സ്വത്വബോധത്തിനും എതിരെ ഉയരുന്ന ആക്രോശങ്ങള്‍ ഒരു മറുചോദ്യമാണ് അനിവാര്യമാക്കുന്നത്. സ്വത്വരാഷ്ട്രീയത്തെ എതിര്‍ക്കുന്നവരുടെ സ്വത്വം ഏതാണെന്ന ലളിതമായ മറുചോദ്യം.

ചൂഷിത വര്‍ഗങ്ങളുടെ അവകാശങ്ങള്‍ക്കു വേണ്ടിയുളള പോരാട്ടത്തിന്റെ അവശ്യഭാഗമായി ജാതിസമ്പ്രദായത്തിനെതിരെയുളള പോരാട്ടം രൂപം പ്രാപിക്കാത്തതിന്റെ കാരണം സിപിഎം തിരിച്ചറിയുന്നുണ്ട്. രാഷ്ട്രീയ പ്രമേയം ഇങ്ങനെ തുടരുന്നു:
“ഉപഭോഗ സംസ്ക്കാരത്തിന്റെയും ആര്‍ഭാടപൂര്‍ണമായ ജീവിതശൈലിയുടെ മഹത്വവല്‍ക്കരണത്തിന്റെയും പ്രത്യാഘാതത്താല്‍, കമ്പോളവുമായും ഉപഭോഗാധിഷ്ഠിതമൂല്യങ്ങളുമായും കൂട്ടിയിണക്കിയ സാമൂഹികമായി പിന്തിരിപ്പനായ ആചാരാനുഷ്ഠാനങ്ങളുടെ പുനരുജ്ജീവനം നടക്കുകയാണ്. ഇടത്തരക്കാരിലെ കൂടുതല്‍ കൂടുതല്‍ വിഭാഗങ്ങള്‍ വിജ്ഞാനവിരോധത്തിന്റെയും സാമൂഹികമായ പിന്തിരിപ്പന്‍ സ്വഭാവവിശേഷങ്ങളുടെയും ഇരകളായി മാറിക്കൊണ്ടിരിക്കുകയാണ്. പാര്‍ട്ടി അംഗങ്ങള്‍ക്കിടയിലും അനുയായികള്‍ക്കിടയിലും കടന്നു കൂടുന്ന ഇത്തരം പ്രവണതകളെ ചെറുക്കുകയും സാമൂഹ്യപരിഷ്കരണത്തിനും പുരോഗമനാത്മക മൂല്യങ്ങളുടെ പ്രചാരണത്തിനും വേണ്ടിയുളള വിപുലമായ അടിത്തറയോടു കൂടിയ വേദികളെ പ്രോത്സാഹിപ്പിക്കുകയും വേണം. ജാതീയമായ വിവേചനത്തിനും സ്ത്രീധനത്തിനും പെഭ്രൂണഹത്യയ്ക്കും എതിരെയുളള പ്രചാരണം പാര്‍ട്ടി ഊര്‍ജിതപ്പെടുത്തണം”(2.53) - (ഊന്നല്‍ ലേഖകന്റേത്).

പുരോഗമനപ്രസ്ഥാനങ്ങളുടെ അണികളെയും അനുഭാവികളെയും ആവേശിച്ച അനഭിലഷണീയമായ പ്രവണതകള്‍ തയൊണ് ജാതിവിവേചനങ്ങള്‍ക്കെതിരെയുളള സമരങ്ങളെ പിന്നോട്ടടിച്ചത്. ആര്‍ഭാടജീവിതത്തില്‍ ആണ്ടുമുങ്ങി ആചാരാനുഷ്ഠാനങ്ങള്‍ അക്ഷരം പ്രതി പാലിക്കുന്നതില്‍ ആത്മസംതൃപ്തി കണ്ടെത്തിയവരുടെ രാഷ്ട്രീയ അലസതയാണ് സ്വത്വരാഷ്ട്രീയത്തെ വളര്‍ത്തിയത്. സ്വത്വരാഷ്ട്രീയം ഉയര്‍ത്തു വെല്ലുവിളികളെ ചെറുക്കണമെങ്കില്‍ ആദ്യം ചെയ്യേണ്ടത് പാര്‍ട്ടി അംഗങ്ങള്‍ക്കിടയിലും അനുയായികള്‍ക്കിടയിലും കടന്നു കൂടുന്ന ഇത്തരം പ്രവണതകളെ ചെറുക്കുകയും സാമൂഹ്യപരിഷ്കരണത്തിനും പുരോഗമനാത്മക മൂല്യങ്ങളുടെ പ്രചാരണത്തിനും വേണ്ടിയുളള വിപുലമായ അടിത്തറയോടു കൂടിയ വേദികളെ പ്രോത്സാഹിപ്പിക്കുകയുമാണ് എന്ന് സിപിഎം തിരിച്ചറിയുന്നു. ഈ സമീപനത്തിന്റെ അന്തസത്തയ്ക്ക് വിരുദ്ധമാണ് സ്വത്വരാഷ്ട്രീയത്തിനെതിരെയെ നാട്യത്തില്‍ സിപിഎമ്മിന്റെ ഔദ്യോഗിക സൈദ്ധാന്തികരെന്ന് നടിച്ചുകൊണ്ട് ചിലര്‍ കൊളുത്തിവിട്ട വിവാദം.

ദളിതര്‍ നേരിടുന്ന വിവേചനങ്ങളെയും അടിച്ചമര്‍ത്തലുകളെയും അവര്‍ക്കു മാത്രമേ മനസിലാക്കാനാവൂ എന്ന സ്വത്വരാഷ്ട്രീയ സൈദ്ധാന്തികരുടെ വാദത്തെ, നവോത്ഥാന കേരളത്തിന്റെ നായകസ്ഥാനം വഹിച്ചിരുന്ന സവര്‍ണരായ നേതാക്കളുടെ പേരുകള്‍ എണ്ണിപ്പറഞ്ഞുളള എതിര്‍വാദം കൊണ്ടാണ് നേരിടുന്നത്. കുടുമ ഛേദിച്ചും പൂണൂല്‍ കത്തിച്ച് ചാരമാക്കിയും തങ്ങളുടെ സവര്‍ണസ്വത്വബോധം വലിച്ചെറിഞ്ഞാണ് അവര്‍ നവോത്ഥാന കേരളത്തിന്റെ നായകരായത്. പൊതുവേദിയില്‍ നിലവിളക്ക് കൊളുത്തി ഉദ്ഘാടന കര്‍മ്മം നടത്താന്‍ വിസമ്മതിച്ച പി കെ കുഞ്ഞാലിക്കുട്ടിയെ ന്യായീകരിക്കാന്‍ ഇഎംഎസിന് കരുത്തു ലഭിച്ചത് സ്വന്തം സവര്‍ണ സ്വത്വബോധത്തെ കുഴിച്ചുമൂടിയ ധീരതയില്‍ നിന്നാണ്. ജനനം മുതല്‍ മരണം വരെ, പേരിടലും ചോറൂണും നൂലുകെട്ടും പാലുകാച്ചും കല്യാണവും ആചാരനിബദ്ധമായി അനുഷ്ഠിച്ചാഘോഷിക്കുന്നവരുമായി ഇഎംഎസിന്റെ തലമുറയെ സമീകരിക്കാനാവില്ല.

‘സ്വത്വബോധത്തിന്റെ രാഷ്ട്രീയം’ എ ലേഖനത്തില്‍ ഡോ. കെ എന്‍ പണിക്കര്‍ ഇങ്ങനെ പറയുന്നു:
“ജാതിയില്‍ നിന്നും മതത്തില്‍ നിന്നും രാഷ്ട്രീയത്തില്‍ നിന്നും പ്രവര്‍ത്തന മേഖലയില്‍ നിന്നും കുടുംബാന്തരീക്ഷത്തില്‍ നിന്നുമൊക്കെ അംശങ്ങളുള്‍ക്കൊള്ളുതാണ് സ്വത്വബോധം. അതുകൊണ്ടു തന്നെ സ്വത്വബോധം സങ്കീര്‍ണമായ ഒരവസ്ഥയാണ്. ഈ സങ്കീര്‍ണതയില്‍ നിന്ന് ഓരോ വ്യക്തിയും തന്റെ സ്വത്വരൂപത്തെ തിരഞ്ഞെടുക്കുകയാണ്”.
അതായത്, അടിച്ചമര്‍ത്തലിന്റെയും വിവേചനത്തിന്റെയും ഇരകള്‍ക്ക് മാത്രമല്ല, അധികാരവും പദവിയും നല്‍കുന്ന സുഖാനുഭവങ്ങളുടെ ആലസ്യത്തില്‍ കഴിയുന്നവര്‍ക്കും സ്വത്വബോധമുണ്ട്. ഡോ. കെ. എന്‍. പണിക്കരുടെ ഈ നിരീക്ഷണം, ദളിത് സ്വത്വബോധത്തിനെതിരെ അലറിയാര്‍ക്കുവരുടെ സ്വത്വബോധമെന്ത് എന്ന ചോദ്യത്തിന് നല്‍കുന്ന കരുത്ത് അപാരമാണ്.

സ്വത്വരാഷ്ട്രീയത്തിനെതിരെ ഉയരുന്ന ആക്രമണം ഫലത്തില്‍ ദളിത് സ്വത്വത്തിന്റെ ചരിത്രപരമായ നിലനില്‍പ്പിനെത്തയൊണ് ലക്ഷ്യം വെയ്ക്കുത്. വര്‍ഗപരമായും ശാരീരികമായും മാനസികമായും അനുഭവിക്കുന്ന പീഡനങ്ങള്‍ക്ക് പുറമേ സൈദ്ധാന്തിക പീഡനം കൂടി അനുഭവിക്കേണ്ട ഗതികേടാണ് ദളിതര്‍ നേരിടുന്നത്. ദളിതാവസ്ഥ പരിഹരിക്കാനുളള സമരത്തിന് തങ്ങളുടെ അറിവും പദവിയും സമയവും സംഭാവന ചെയ്യാന്‍ ഒരുക്കമല്ലാത്തവര്‍ അവരുടെ സ്വത്വബോധത്തിനെതിരെ അണിനിരക്കുന്നതില്‍ കാട്ടുന്ന അത്യാവേശം ഒട്ടേറെ കാര്യങ്ങള്‍ പറയാതെ പറയുന്നുണ്ട്. സ്വത്വബോധത്താല്‍ ഉദ്വീപിക്കപ്പെട്ട ദളിതര്‍ സംഘടിച്ചാലുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് ഉപന്യസിക്കുമ്പോഴും, ദളിതര്‍ നേരിടുന്ന അവഗണനയ്ക്കും അനീതിയ്ക്കും എതിരെ ഒരു ചെറുവിരല്‍ പോലും ഇക്കൂട്ടരില്‍ നിന്ന് നീളുകയേയില്ല. രാജ്യമെങ്ങും ദളിതര്‍ അതിക്രൂരമായ ആക്രമണങ്ങള്‍ക്കിരയാകുമ്പോള്‍ മുഖം പൂഴ്ത്തിയൊളിച്ച ഒട്ടകപ്പക്ഷികള്‍ ദളിതരുടെ സ്വത്വബോധത്തിനെതിരെ സംഘം ചേര്‍ന്ന് രംഗത്തുവരുന്നത് ഒട്ടും നിഷ്കളങ്കമല്ല.

സങ്കുചിത വരേണ്യതയുടെ ആധിപത്യയുക്തികളില്‍ നിന്ന് രൂപപ്പെടുന്ന ദളിത് സ്വത്വവിരോധത്തോട് ഒരുതരത്തിലും ഐക്യപ്പെടാന്‍ സിപിഎമ്മിനാവില്ല. സ്വത്വരാഷ്ട്രീയ സൈദ്ധാന്തികരോട് പുലര്‍ത്തു ആശയപരമായ എതിര്‍പ്പിന്റെ അതേ ആര്‍ജവം ബൂര്‍ഷ്വാ സാമൂഹ്യബോധത്തില്‍ നിന്നും സ്വത്വരാഷ്ട്രീയത്തിനെതിരെ ഉയരുന്ന വിമര്‍ശനങ്ങളോടും സിപിഎമ്മിനുണ്ട്. വിശാലമായ മാനവികബോധത്തിലും അടിയുറച്ച വര്‍ഗനിലപാടുകളില്‍ നിന്നുകൊണ്ടുമാണ് സിപിഎം നിലപാട് സ്വീകരിച്ചത്. സ്വത്വരാഷ്ട്രീയത്തിനെതിരെ സിപിഎം രാഷ്ട്രീയ പ്രമേയം പ്രകടിപ്പിക്കുന്ന നിലപാടിന്റെ സമഗ്രതയില്‍ നിന്നാവണം, പാര്‍ട്ടി അംഗങ്ങളുടെ നിലപാടുകളും രൂപപ്പെടേണ്ടത്. അതിനാല്‍ “സ്വത്വരാഷ്ട്രീയത്തിനെതിരെ പാര്‍ട്ടി നിലപാട് സ്വീകരിച്ചു കഴിഞ്ഞു, അതുകൊണ്ട് സ്വത്വമെന്ന് മിണ്ടുന്ന എല്ലാവരെയും ഉന്മൂലനം ചെയ്യേണ്ടത് എന്റെ കടമയാണ്” എന്ന ഔദ്ധത്യത്തോടെ സാംസ്ക്കാരിക മണ്ഡലത്തിലേയ്ക്ക് പ്രവേശിക്കുന്നവര്‍ വെല്ലുവിളിക്കുന്നത് സ്വന്തം പാര്‍ട്ടിയെത്തന്നെയാണ്. അതെന്തിനു വേണ്ടിയെന്ന ചോദ്യമാകട്ടെ, സിപിഎമ്മിന് പിന്നില്‍ അണിനിരന്ന ലക്ഷങ്ങളുടെ ചങ്കുകലക്കുന്നതും.

'ചിന്ത' വാരികയില്‍ സ്വത്വരാഷ്ട്രീയം സംബന്ധിച്ച് അച്ചടിക്കപ്പെട്ട ലേഖനങ്ങള്‍ പലതും വികലവും അപകടകരവുമായ യുക്തിയില്‍ രൂപപ്പെടുത്തിയവയുമാണ്. ദളിതര്‍ക്കെതിരെയുളള വിവേചനങ്ങള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കും എതിരെയുളള പോരാട്ടങ്ങള്‍ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയോ ആ സമരത്തില്‍ സിപിഎം പ്രവര്‍ത്തകരെ അണിനിരത്താനുളള ഉത്തേജനമോ ഈ ലേഖനങ്ങള്‍ മുന്നോട്ടു വെയ്ക്കുന്നില്ല. ദളിതരുടെ അവകാശങ്ങള്‍ക്കു വേണ്ടി, ജാതീയമായ അടിച്ചമര്‍ത്തലുകള്‍ക്കെതിരെയുമുളള പോരാട്ടങ്ങളുടെ മുന്‍നിരയില്‍ സിപിഎം നില്‍ക്കണമെന്നും ദളിത് അവകാശ പത്രിക പൊതുജനാധിപത്യവേദിയുടെ ഭാഗമായി മാറണമെന്നുമുളള പാര്‍ട്ടി നയം മഷിയിട്ടു നോക്കിയാല്‍ പോലും അവിടെ കാണാനാവില്ല. ആ ലക്ഷ്യത്തിന് വേണ്ടി പ്രവര്‍ത്തകരെയാകെ അണിനിരത്തുതിനുളള ബാധ്യതയാണ് പാര്‍ട്ടിയുടെ സൈദ്ധാന്തിക പ്രസിദ്ധീകരണത്തില്‍ നിന്നും സ്വാഭാവികമായും പ്രതീക്ഷിക്കുന്നത്. എന്നാല്‍, സ്വത്വരാഷ്ട്രീയത്തിനെതിരെ പാര്‍ട്ടി രേഖകളിലുളള പരാമര്‍ശങ്ങളില്‍ നിന്ന് അടര്‍ത്തിയെടുത്ത ചില ഭാഗങ്ങള്‍ സ്വത്വബോധത്തിന്റെ പ്രസക്തി തിരിച്ചറിയുന്നവര്‍ക്കെതിരെ ഒളിപ്പോരിനുളള ആയുധമാക്കുമ്പോള്‍ അതില്‍ ഒളിച്ചുവെയ്ക്കപ്പെട്ട അജണ്ടകള്‍ സംശയിക്കുവരെ കുറ്റപ്പെടുത്താനാവില്ല.

ഒരു തുണ്ട് ഭൂമിയും സ്വന്തമായില്ലാതെ, സ്ഥിരമായി ഒരു വരുമാനമാര്‍ഗവുമില്ലാതെ, വിദ്യാഭ്യാസവും ആരോഗ്യവുമില്ലാതെ ആയിരക്കണക്കിന് വര്‍ഷങ്ങളായി അവഗണനയുടെയും അയിത്തത്തിന്റെയും വിഴുപ്പും പേറി പുഴുക്കളെപ്പോലെ ജീവിച്ചു മരിക്കുന്ന ദളിത് ജനകോടികളെ, കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരോട് താരതമ്യപ്പെടുത്തുന്ന വര്‍ഗചിന്ത ആപല്‍ക്കരവും ബാലിശവുമാണ്. ഇത്തരം വിഡ്ഢിത്തങ്ങളാണ് സിപിഎം താത്ത്വിക പ്രസിദ്ധീകരണത്തില്‍ അച്ചടിമഷി പുരണ്ടത്. സകല പുരോഗമന പ്രസ്ഥാനങ്ങള്‍ക്കും അപമാനകരമാണ്, ദളിതരെ ദളിതരായി നിലനിര്‍ത്താന്‍ ചാതുര്‍വര്‍ണ്യം പ്രചരിപ്പിച്ച ന്യായീകരണങ്ങളുടെ യുക്തിയെ അടിസ്ഥാനമാക്കി സ്വത്വരാഷ്ട്രീയത്തിനെതിരെ അലറിയാര്‍ത്ത ഈ സൈദ്ധാന്തിക ഉടന്തടി സംഘം ഉയര്‍ത്തിയ വിതണ്ഡവാദങ്ങള്‍.

എല്ലാ തൊഴിലാളികളും തൊഴിലാളികളാണെന്നും അവര്‍ക്കിടയില്‍ മറ്റുവിവേചനങ്ങള്‍ രൂപപ്പെടുന്നത് തൊഴിലാളികളുടെയാകെ വിമോചനപോരാട്ടങ്ങളെ ശിഥിലീകരിക്കുമെന്നുമുളള വാദം കേള്‍ക്കാന്‍ സുഖമുളളതും പ്രഥമദൃഷ്ട്യാ ശരിയെന്ന് തോന്നിപ്പിക്കുന്നതുമാണ്. നവോത്ഥാന പ്രസ്ഥാനങ്ങളുടെ സൃഷ്ടിയാണ് ആ തോന്നലെന്നതും വിസ്മരിച്ചുകൂടാ. എന്നാല്‍ വിവേചനത്തിന്റെ സൃഷ്ടാക്കള്‍ ആരെന്ന ചോദ്യമുയര്‍ത്താതെ ഈ തോന്നലില്‍ മാത്രം അഭിരമിക്കുന്നത് അബദ്ധമാണ്. വര്‍ഗം അമൂര്‍ത്തമായ പരികല്‍പനയും സ്വത്വം വ്യക്തമായ നിര്‍വചനമുളള അസ്തിത്വവുമായി തുടരുന്നടത്തോളം കാലം എല്ലാ തൊഴിലാളികളും ഒരേപോലുളള തൊഴിലാളികളല്ലെന്നെങ്കിലും തിരിച്ചറിഞ്ഞേ മതിയാകൂ.

ദളിതന്റെ സ്വത്വബോധമോ സ്വത്വബോധമാര്‍ജിക്കുന്ന ദളിതന്‍ സൃഷ്ടിക്കുമെന്ന് മറ്റുളളവര്‍ ഭയപ്പെടുന്ന വിവേചനമോ അവന്റെ സൃഷ്ടിയല്ല. ഇപ്പോള്‍ പൊട്ടിപ്പുറപ്പെട്ട വിവാദത്തിന് കാരണമായ 'ഓറ' മാസികയിലെ ലേഖനത്തില്‍ ഡോ. പി. കെ പോക്കര്‍ സ്വത്വബോധത്തെ ഇങ്ങനെ നിര്‍വചിക്കുന്നു:
"സ്വത്വമെന്നത് ഒരാളെ അഥവാ ഒരു ജനതയെ മറ്റുളളവരില്‍ നിന്ന് വേര്‍തിരിക്കുന്ന പ്രത്യേക സ്വഭാവമാണ്. ഭാഷ, വസ്ത്രധാരണം, ഭക്ഷണം, മതം, ജാതി, വര്‍ണം മുതലായവ മിക്കപ്പോഴും ഒരു ജനതയെ മറ്റുളളവരില്‍ നിന്ന് വേറിട്ട് തിരിച്ചറിയുന്ന അഥവാ അടയാളപ്പെടുത്തുന്ന ഘടകമായിത്തീരുന്നു''.
ഈ നിര്‍വചനം പൂര്‍ത്തിയാകുന്നത്, ജനതയെ വിഭജിക്കുന്ന ഘടകങ്ങളും അടയാളങ്ങളും സൃഷ്ടിച്ചതാര് എന്ന ചോദ്യം കൂടി ഉയര്‍ത്തുതിലൂടെയാണ്. മറ്റുളളവരില്‍ നിന്ന് വേറിട്ട് തിരിച്ചറിയാനും അടയാളപ്പെടുത്താനുമുളള ഘടകങ്ങള്‍ അതാത് ജനവിഭാഗങ്ങള്‍ സ്വയമേവ രൂപപ്പെടുത്തിയതോ പ്രകൃത്യാ വന്നു ചേര്‍ന്നതോ അല്ല. അതൊരു ആധിപത്യവ്യവസ്ഥയുടെ സൃഷ്ടിയാണ്. മലയാളിയെന്ന സ്വത്വവും തമിഴനെന്ന സ്വത്വവും പോലെയോ ആണ്‍ - പെണ്‍ സ്വത്വങ്ങള്‍ പോലെയോ അല്ല, ദളിത് സ്വത്വം. മലയാളിയായി ജനിച്ച എല്ലാവര്‍ക്കും ഒരേ മലയാളം പറയാന്‍ അവകാശമില്ലാതിരുന്ന ചരിത്രസന്ദര്‍ഭത്തില്‍ "മലയാളി" എന്ന പൊതുസ്വത്വം അര്‍ത്ഥശൂന്യവും അപ്രസക്തവുമാകും.  ഭക്ഷണത്തില്‍ നിന്നും വസ്ത്രത്തില്‍ നിന്നും വാക്കുകളുടെ ഉച്ചാരണത്തില്‍ നിന്നും ഒരുവന്റെ ജാതിസ്വത്വം മറ്റൊരാള്‍ക്ക് തിരിച്ചറിയാനാവും വിധം ആചാരമര്യാദകള്‍ സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്തിരുന്നതു കൊണ്ടാണ് മറ്റു സ്വത്വബോധങ്ങളെ സമീപിക്കുന്നതുപോലെ ജാതിസ്വത്വത്തെ സമീപിക്കുന്നത് അബദ്ധജടിലമാകുന്നത്.

സ്വത്വബോധത്തിന്റെ എല്ലാ സാധ്യതകളെയും ഒന്നിച്ചു ചേര്‍ത്ത് വിലയിരുത്തുകയും ഇതിലോരോ സ്വത്വവും വെവ്വേറെ രാഷ്ട്രീയ ശക്തികളായി മാറുകയും ചെയ്യുതിന്റെ അപകടങ്ങളെക്കുറിച്ച് ഉപന്യസിക്കുകയും ചെയ്യുമ്പോള്‍ ദളിതാവസ്ഥയുടെ കാര്യകാരണങ്ങളെയും അത് പരിഹരിക്കാനുളള സമരമാര്‍ഗങ്ങളെയും കുറിച്ചുളള ചര്‍ച്ചയാണ് ഹൈജാക്ക് ചെയ്യപ്പെടുന്നത്. ഒപ്പം പ്രശ്നപരിഹാരങ്ങള്‍ക്കുളള മുന്‍ഗണനാക്രമത്തില്‍ നിന്ന് ദളിത് വിഷയങ്ങള്‍ വെട്ടിമാറ്റിയ ജനാധിപത്യഭരണകൂടവും അവ ഏറ്റെടുക്കുതില്‍ കുറ്റകരമായ വീഴ്ചവരുത്തിയ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുമാണ് ദളിത് സ്വത്വബോധം അത്യന്തം സങ്കീര്‍ണമാക്കിയത് എന്ന വസ്തുത തമസ്കരിക്കപ്പെടുകയും ചെയ്യുന്നു.

ദളിതന്റെ നിലവിലുളള സ്വത്വം അവനുണ്ടാക്കിയതല്ല. മറ്റാരോ ഉണ്ടാക്കി അവന്റെ മേല്‍ അടിച്ചേല്‍പ്പിച്ചതാണ്. അതു പൊളിക്കാനുളള ഏത് ശ്രമവും വിപ്ളവകരം തന്നെയാണ്. നിര്‍ഭാഗ്യവശാല്‍, ദളിതന് സവര്‍ണന്‍ കല്‍പ്പിച്ചു നല്‍കിയ സ്വത്വബോധത്തില്‍ നിന്ന് കുതറിമാറാനും പുതിയൊരു സ്വത്വം സ്വയം സൃഷ്ടിക്കാനുമുളള പോരാട്ടങ്ങള്‍ക്കു നേരെ, ആ പോരാട്ടങ്ങള്‍ക്ക് കരുത്തും ദിശാബോധവും നല്‍കേണ്ട രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ബലത്തില്‍ ചിലര്‍ ശകാരങ്ങളുടെ ശരവര്‍ഷം ചൊരിയുകയാണ്.

ദളിതന്റെ സാമൂഹ്യസ്ഥിതി മെച്ചപ്പെടാനുളള ഏത് പ്രവര്‍ത്തനവും വിപ്ളവകരമാണെന്ന തിരിച്ചറിവുളളതുകൊണ്ടാണ്, ആ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രസ്ഥാനത്ത് തങ്ങളുടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉണ്ടാകണമെന്ന് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനിച്ചത്. ദളിതാവസ്ഥ ചൂഷണം ചെയ്ത് സാമൂഹ്യവിഭജനം സൃഷ്ടിക്കുന്നവര്‍ക്കെതിരെ ജാഗ്രത പുലര്‍ത്തുമ്പോഴും ദളിതന്റെ പീഡാവസ്ഥ പരിഹരിക്കാനുളള സമരമാര്‍ഗങ്ങളെക്കുറിച്ച് യാതൊരാശയക്കുഴപ്പവും സിപിഎം വെച്ചുപുലര്‍ത്തുന്നില്ല.

വസ്തുതകള്‍ക്കു നേരെ കണ്ണടച്ച് നടത്തു ഏത് സംവാദവും ഉപരിപ്ളവമാണ്. സവര്‍ണന്റെ സ്വത്വരാഷ്ട്രീയത്തിന് കീഴടങ്ങിയ സമൂഹത്തില്‍ ദളിതന്റെ സ്വത്വബോധത്തിനു നേരെ ഉയരുന്ന ഹിംസാത്മകമായ വെല്ലുവിളി, ചിന്താമണ്ഡലത്തില്‍ ഇപ്പോഴും ആധിപത്യം പുലര്‍ത്തു ചാതുര്‍വര്‍ണ്യത്തിന്റെ ചിന്നംവിളിയാണ്. വ്യക്തിജീവിതം സവര്‍ണതയ്ക്ക് അടിയറ വെച്ച് ലേഖനപരമ്പരകളില്‍ വര്‍ഗചിന്തയുടെ തെയ്യക്കോലങ്ങളായി ആടിത്തിമിര്‍ക്കുവര്‍ക്ക് സ്വത്വരാഷ്ട്രീയം ഉയര്‍ത്തുന്ന വെല്ലുവിളികളെ ക്രിയാത്മകമായി അപഗ്രഥിക്കാനാവില്ല. പാര്‍ട്ടി പരിപാടിയിലെ അക്ഷരങ്ങളും വാചകങ്ങളും പേജ് നമ്പരും ഉദ്ധരിച്ചല്ല, ദളിതാവസ്ഥ പരിഹരിക്കാനുളള സമരത്തില്‍ ഓരോരുത്തരും വഹിച്ച പങ്ക് എണ്ണിപ്പറയാനാനുളള ബൗദ്ധിക സത്യസന്ധതയാണ് ഇവര്‍ കാണിക്കേണ്ടത്.

സവര്‍ണബോധങ്ങളോട് സന്ധി ചെയ്തും സവര്‍ണതയ്ക്കെതിരെ മുഴങ്ങുന്ന നിശിത വിമര്‍ശനങ്ങളില്‍ പ്രകോപിതരായും സാംസ്ക്കാരിക ജീവിതം നയിക്കുന്നവര്‍ ദളിത് സ്വത്വബോധത്തിനുനേരെ കൊമ്പു കുലുക്കുന്നതില്‍ അത്ഭുതമില്ല. അവരുമായി സിപിഎമ്മിന് യാതൊരു ആശയപ്പൊരുത്തവുമില്ലെന്ന് പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച രാഷ്ട്രീയ പ്രമേയം ഒരാവര്‍ത്തി വായിച്ചുനോക്കുന്നവര്‍ക്ക് മനസിലാകും. അയിത്തത്തിന്റെ തുടര്‍ച്ചയായി ദളിതന്റെ സ്വത്വബോധത്തെ എതിര്‍ക്കുന്നവര്‍ക്കൊപ്പം വര്‍ഗചിന്തയെ സ്വന്തം വര്‍ഗീയ ചിന്ത മറച്ചു പിടിക്കുന്നതിനുളള ഉപാധിയാക്കി ഉപയോഗിക്കുന്നവരും അനിവാര്യമായും കൂട്ടുചേരാതെ വയ്യ. ജാതിയുടെ പേരില്‍ സംഘടിച്ച നായര്‍, ഈഴവ, മുസ്ളിം, ക്രൈസ്തവ വിഭാഗങ്ങള്‍ രാഷ്ട്രീയ മണ്ഡലത്തില്‍ കൈവരിച്ച ആധിപത്യത്തെ എല്ലാ അര്‍ത്ഥത്തിലും അംഗീകരിക്കുവരാണ് ദളിതരുടെ സംഘബോധത്തിനെതിരെ സര്‍വശക്തിയും സംഭരിച്ച് സംഘടിതമായി രംഗത്തിറങ്ങുന്നത്. തീരുമാനങ്ങളും പരിപാടികളും കടലാസുകളില്‍ ഉറങ്ങുകയും ജനനം മുതല്‍ മരണം വരെ വ്യക്തിജീവിതം സാക്ഷ്യം വഹിക്കുന്ന സകല ചടങ്ങുകളും സവര്‍ണത ചിട്ടപ്പെടുത്തിയ ആചാരങ്ങളനുസരിച്ച് അനുഷ്ഠിക്കുകയും ചെയ്യുന്നവര്‍ ദളിതന്റെ സ്വത്വബോധത്തെ പുച്ഛിക്കാനും പരിഹസിക്കാനും അണിനിരക്കുമ്പോള്‍ ഒട്ടും മടിക്കാതെ അവരോട് ചോദിക്കുക..

സഖാവേ... താങ്കളുടെ സ്വത്വമേതാണ്?