Thursday, December 02, 2010

ഷാഹിനേ... നീ സൂക്ഷിക്കുക, ഒപ്പമുളളവരെ

"ആര്‍ യു എ ടെററിസ്റ്റ്" എന്ന ഹസതോട്ട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ ചോദ്യം കേട്ടു ചിരിക്കണോ കരയണോ എന്ന തെഹല്‍ക്ക റിപ്പോര്‍ട്ടര്‍ ഷാഹിനയുടെ സന്ദേഹം നമുക്കു മനസിലാക്കാവുന്നതേയുളളൂ. എന്നാല്‍ ഷാഹിന നേരിട്ട ദുരനുഭവത്തിന്റെ ചെലവില്‍ സാംസ്‌ക്കാരികനായകപ്പട്ടം ഉറപ്പിക്കാനും കൈക്കലാക്കാനും ചുട്ടി കുത്തി, ചായം തേച്ചിറങ്ങുന്ന കത്തിവേഷങ്ങളോട്, അവര്‍ എങ്ങനെയാവും പ്രതികരിക്കുക ? നേര്‍ക്കുനേരെയുളള യുദ്ധത്തിനോടും ഒളിപ്പോരിനോടും ഒരേ പ്രതികരണം പറ്റില്ലല്ലോ. ആ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെയും സംഘത്തിന്റെയും കൈയിലുളളത് കളളസാക്ഷികളും കപടവ്യാഖ്യാനങ്ങളുമാണെങ്കിലും അക്രമിയെ നമുക്കറിയാം. ആക്രമണത്തിന്റെ തന്ത്രങ്ങളും.

പൈശാചികമായ ഒരു ഭരണകൂടഭീകരതയാണ് ഷാഹിന വെളിപ്പെടുത്തിയത്. തലച്ചോറില്‍ കനലുകളുള്ള ആരെയും പ്രതികരിക്കാൻ പ്രേരിപ്പിക്കുന്ന ഭരണകൂട ഭീകരത. പീഡനങ്ങളുടെ മറ്റൊരു ഇരുട്ടുമുറിയിലേയ്ക്ക് ഒരു വികലാംഗനെ വീണ്ടും വലിച്ചെറിയാന്‍ കര്‍ണാടക പോലീസ് മെനഞ്ഞ തന്ത്രങ്ങളുടെ കുടിലതയാണു ഷാഹിന പുറംലോകത്തിനു പരിചയപ്പെടുത്തിയത്. മദനിയെ അതിതീവ്രഹിന്ദുത്വയുടെ അധികാരക്കരുത്തിന് ഇരയാക്കിയതെങ്ങനെ എന്ന ചോദ്യത്തിന്റെ ഉത്തരങ്ങള്‍. നീതിബോധത്തെ പരസ്യമായി വെല്ലുവിളിച്ചുകൊണ്ടാണ് ഇക്കുറി ആ കുരുക്കൊരുങ്ങിയത്. ആര്‍പ്പുവിളിച്ചും മൗനം പാലിച്ചും ഈ കെണിയൊരുക്കല്‍ ആഘോഷിച്ചവരില്‍ പലരും ഇപ്പോള്‍ "ഷാഹിന സംരക്ഷണ സമിതി"യുണ്ടാക്കുന്ന തിരക്കിലാണ്. "അടിയന്‍ ലച്ചിപ്പോം" എന്നാര്‍ത്തുവിളിക്കുന്ന അവരില്‍ ചിലരോട് നമുക്കു ചിലത് ചോദിക്കാനുണ്ട്.

മദനിയെ മറന്ന് ഷാഹിനയെ ആഘോഷിക്കുന്നവര്‍ അണിഞ്ഞിരിക്കുന്ന മനുഷ്യാവകാശ ഐക്യദാര്‍ഢ്യ മുഖംമൂടി പിച്ചിച്ചീന്തുക തന്നെ വേണം..മദനി നേരിടുന്ന മനുഷ്യാവകാശഹത്യയ്‌ക്കെതിരെ ഉറക്കെ പ്രതിഷേധിച്ചുകൊണ്ടേ ഷാഹിനയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ കഴിയൂ എന്ന് അവരെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. Why is this man still in prison? എന്ന ചോദ്യത്തിനൊപ്പം ഷാഹിന വെളിപ്പെടുത്തിയ കുറേ പൊള്ളുന്ന വിവരങ്ങളുണ്ട്. അവയുടെ അടിസ്ഥാനത്തില്‍, ഭരണാധികാരം കയ്യടക്കിയ തീവ്രഹിന്ദുത്വയുടെ ആഭിചാരങ്ങളെ നിവര്‍ന്നു നിന്നെതിര്‍ക്കാന്‍ ഒപ്പമുണ്ടോ എന്ന ചോദ്യത്തിനു ഉത്സാഹക്കമ്മിറ്റിയിലെ പലരും മറുപടി പറഞ്ഞേ തീരൂ.

എന്തിനാണ് മദനിയെ ജയിലടച്ചത് ? അതിന് സ്വീകരിച്ച തന്ത്രങ്ങളെന്ത് ? തെഹല്‍ക്കയുടെ ആഗസ്റ്റ് 28, ഡിസംബര്‍ 4 ലക്കങ്ങളില്‍ ഷാഹിന അതിനു മറുപടി പറഞ്ഞിട്ടുണ്ട്. മദനിയുടെ ജീവിതം ജയിലില്‍ ഒടുങ്ങണമെന്ന് ആരൊക്കെയോ ചേര്‍ന്ന് തീരുമാനിച്ചിരുന്നു. ആ ഗൂഢാലോചനയുടെ ഇരകളെ ഷാഹിന നമുക്കു പരിചയപ്പെടുത്തി : കൊച്ചിയില്‍ മദനി താമസിച്ചിരുന്ന വീടിന്റെ ഉടമസ്ഥന്‍, ജോയ് വര്‍ഗീസ്, പിഡിപി പ്രവര്‍ത്തകന്‍ മജീദ് ഏറ്റവുമൊടുവില്‍ ലത്തീഫ്.

മദനിക്കെതിരെ താന്‍ മൊഴി നല്‍കിയിട്ടില്ലെന്നു ജോയ് വര്‍ഗീസ് ആണയിടുന്നു. തന്നെ കബളിച്ചു മദനിക്കെതിരെ തന്റെ മൊഴിയുണ്ടാക്കിയ അന്വേഷണ സംഘത്തിന്റെ തലവന്‍ ഓങ്കാരയ്യയ്‌ക്കെതിരെ ജോയ് വര്‍ഗീസ് എറണാകുളം മജിസ്‌ട്രേറ്റു കോടതിയില്‍ കേസ് നല്‍കിയിരിക്കുന്നു.

മറ്റൊരു മൊഴി മജീദിന്റേത്. മാരകമായ കാന്‍സര്‍ രോഗം ബാധിച്ചു 2009 സെപ്തംബര്‍ മുതല്‍ ഡിസംബര്‍ വരെ തൃപ്പൂണിത്തുറ ഹോമിയോ മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിക്കപ്പെട്ട മജീദ് മദനിക്കെതിരെ നല്‍കിയ മൊഴി കോടതിയിലുണ്ട്. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഡിസംബര്‍ അഞ്ചിന് എറണാകുളം മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിക്കപ്പെടുകയും അവിടെ വെച്ച് കോമാ സ്റ്റേജിലാവുകയും ചെയ്ത മജീദ് ഡിസംബര്‍ 16ന് മരണമടഞ്ഞു. ഇയാള്‍ ഡിസംബര്‍ 8ന് എറണാകുളത്തു നിന്നും 300 കിലോമീറ്റര്‍ അപ്പുറമുളള കണ്ണൂരിലെത്തി ഓങ്കാരയ്യയ്ക്ക് മൊഴി നല്‍കിയെന്നാണ് പ്രോസിക്യൂഷന്‍ പറയുന്നത്. ശരിയോ തെറ്റോ എന്നു പറയാന്‍ മജീദ് ഇന്നു ജീവിച്ചിരിപ്പില്ല. ഇതിന്റെ സത്യാവസ്ഥ ബോധ്യപ്പെടണമെന്നു നീതിപീഠനങ്ങൾക്ക് ആഗ്രഹവുമില്ല.

ലത്തീഫ് പറയുന്ന കഥയും സമാനമാണ്. പതിനഞ്ചു ദിവസം റിമാന്‍ഡില്‍ വെച്ച് അടിച്ചു പഴുപ്പിച്ചാണ് തന്റെ മൊഴി പരുവപ്പെടുത്തിയതെന്ന് ലത്തീഫ് പറഞ്ഞതായി ഷാഹിന റിപ്പോര്‍ട്ടു ചെയ്യുന്നു.

ഈ വിവരങ്ങളൊക്കെ ഷാഹിന എഴുതുന്നതിനു മുമ്പേ മാധ്യമം ദിനപ്പത്രത്തില്‍ വിജു വി നായര്‍ മാധ്യമം പത്രത്തിലൂടെ റിപ്പോര്‍ട്ടു ചെയ്തിരുന്നു. (കിരണിന്റെ ആര്‍ക്കൈവില്‍ ആ ലേഖനങ്ങള്‍ ലഭ്യമാണ്. (1), (2)) അതായത് മദനിയെ കുടുക്കാന്‍ നടന്ന ഗൂഢാലോചനയുടെ നഖചിത്രം മലയാളി ഇതിനു മുമ്പേ വായിച്ചറിഞ്ഞതാണ്. ബാംഗ്ലൂര്‍ സ്‌ഫോടനത്തിന്റെ സൂത്രധാരന്‍ എന്ന് പൊലീസ് നമുക്കു പരിചയപ്പെടുത്തുന്ന തടിയന്റവിട നസീറിനെ 2009 ഡിസംബര്‍ മൂന്നിന് ബംഗ്ലാദേശില്‍ അറസ്റ്റു ചെയ്തുവെന്നാണ് നമ്മെ വിശ്വസിപ്പിച്ചിരിക്കുന്നത്. നസീറിനെ ഡിസംബര്‍ 8ന് ബാംഗ്ലൂരിലെത്തിച്ചു. അയാളുടെ മൊഴി പ്രകാരം മജീദിനെ തിരിച്ചറിഞ്ഞ പോലീസ് ഡിസംബര്‍ 11ന് മജീദിന്റെ മൊഴിയും രേഖപ്പെടുത്തി.

ഈ മൊഴി പ്രകാരം മദനിയെ അറസ്റ്റു ചെയ്തത് 2010 ആഗസ്റ്റ് 17ന്; മൊഴി നല്‍കി എട്ടു മാസത്തിനു ശേഷം. വിചാരണയും തെളിവുമില്ലാതെ ഒമ്പതുകൊല്ലം ജയിലറയില്‍ തള്ളിനീക്കിയ മനുഷ്യനോടാണ് ഇതു ചെയ്തതെന്നോര്‍ക്കുക. ആരുണ്ടായിരുന്നു, മദനിക്കുവേണ്ടി ശബ്ദിക്കാന്‍ ? മനുഷ്യാവകാശ സംരക്ഷണത്തിന്റെ മൊത്തക്കച്ചവടം അണാ പൈ തെറ്റാതെ വിറ്റുലാഭം കൊയ്യുന്നവരില്‍ എത്രപേരുണ്ടായിരുന്നു, നിരാലംബനായ മദനിക്കു വേണ്ടി ഒരിറ്റു കണ്ണീരെങ്കിലും ചൊരിയാന്‍ ? മദനി എങ്ങനെ ജയിലിലെത്തി എന്നാണ് മലയാള ഭാഷയില്‍ വിജു വി നായരും ആംഗലേയത്തില്‍ ഷാഹിനയും നമ്മോടു പറഞ്ഞത്. അതും മദനി അറസ്റ്റു ചെയ്യപ്പെട്ടതു മുതല്‍. എന്നിട്ടോ...? ഇന്ന് ഹസതോട്ട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ വേവിച്ചു തിന്നാൻ മസാലയരയ്ക്കുന്നവര്‍ക്കൊന്നും കണ്‍മുന്നില്‍ തെളിഞ്ഞ പൊലീസ് ഭീകരതയോടുളള പ്രതിഷേധ സൂചകമായി ഇരുട്ടില്‍ നിന്നൊന്നു മുളളാന്‍ പോലും തോന്നിയില്ല.

മജീദിന്റെ മൊഴിക്കും ആഗസ്റ്റിലെ അറസ്റ്റിനും ഇടയ്ക്കുളള ആ എട്ടുമാസങ്ങള്‍ മദനിക്കു പീഡാകാലമായിരുന്നു. പാര്‍ലമെന്റു തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് പിന്തുണ നല്‍കാന്‍ തീരുമാനിച്ച മദനിയ്‌ക്കെതിരെ പത്രങ്ങള്‍ ഉറഞ്ഞാടി. പലരുടെയും മൊഴികള്‍ പത്രങ്ങളുടെ ഒന്നാം പേജില്‍ നിരന്നു. സംഭ്രമജനകങ്ങളായ വാര്‍ത്തകള്‍, സ്‌ക്കൂപ്പുകള്‍ എഡിറ്റ് പേജ് ലേഖനങ്ങള്‍, പ്രസ്താവനകള്‍, കാര്‍ട്ടൂണുകള്‍. മദനിവിരുദ്ധ വികാരം കൊണ്ട് പത്രങ്ങളായ പത്രങ്ങളൊക്കെ വിജൃംഭിച്ചു നിന്നു. ദേശവിരുദ്ധനായ മദനിയുമായി കൂട്ടുകെട്ടുണ്ടാക്കിയെന്ന ആക്ഷേപത്തില്‍ സി.പി.ഐ.എം നേതാക്കളെയും നിര്‍ത്തിപ്പൊരിച്ചു. മദനി ഭീകരനാണെന്ന പൊതുബോധം അടിച്ചുറപ്പിച്ചു. ശരാശരി ഹിന്ദുവിന്റെ ആജന്മശത്രുവായി മദനി. വോട്ടുകള്‍ കൂട്ടത്തോടെ യുഡിഎഫിന്റെ പെട്ടിയിലേയ്‌ക്കൊഴുകി. മദനിയുമായി വേദി പങ്കിട്ടതാണ്, അതുമാത്രമാണ് എല്‍ഡിഎഫിന്റെ പരാജയകാരണമെന്നു പാണന്മാരുടെ ആകാശവാണി പ്രചരിപ്പിച്ചു.

പത്രലേഖകരുടെ ഭാവനയ്ക്കു നിറവും മണവും എരിവും പോരെന്നു തോന്നി, ഒരസല്‍ വിപ്ലവകാരി മാതൃഭൂമിയുടെ എഡിറ്റ് പേജില്‍ എഴുന്നെളളി. സഹിഷ്ണുതയും സമാധാനവും സമഭാവനയും നിറഞ്ഞു നില്‍ക്കുന്ന രാഷ്ട്രീയപ്രവര്‍ത്തനത്തിന് എക്കാലത്തെയും ഉദാത്ത മാതൃക സാക്ഷാല്‍ കെ വേണു. ജോയ് വര്‍ഗീസിന്റെയും മജീദിന്റെയും ലത്തീഫിന്റെയും മൊഴികളുടെ ചരിത്രം കാണാപ്പാഠം പഠിച്ചവര്‍ തീവ്രവാദബന്ധവും ഇടതുമുന്നണിയും എന്ന തലക്കെട്ടില്‍ മാര്‍ച്ച് 29ന് എഴുതിയ ലേഖനം മനസിരുത്തി വായിക്കണം.

പൊതുബോധ്യം ചുട്ടെടുക്കാന്‍ ചട്ടുകമേന്തുന്ന പുതു ഗേബല്‍സുമാര്‍ക്കു മനപ്പാഠമാക്കാന്‍ കിടുകിടിലന്‍ വാചകങ്ങളുണ്ട് ഈ ലേഖനത്തില്‍... കാണുക..

കാശ്മീരില്‍ വെച്ച് മലയാളികളായ തീവ്രവാദികള്‍ സൈന്യവുമായുളള ഏറ്റുമുട്ടലില്‍ കൊല്ലപ്പെടാനിടയായ സംഭവം, കളമശേരിയില്‍ ബസ് കത്തിച്ച കേസ്, കേരളത്തിലെ മറ്റു ബോംബു ഭീഷണി സംഭവങ്ങള്‍, ഇന്ത്യയുടെ പലഭാഗങ്ങളില്‍ നടന്ന ബോംബുസ്‌ഫോടനങ്ങള്‍, തുടങ്ങിയവയിലെല്ലാം പ്രതികളായ ഏതാനും മലയാളി തീവ്രവാദികള്‍ കോടതിയിലും പോലീസിനും നല്‍കിയ മൊഴികളില്‍ അവര്‍ക്കു മദനിയുമായും മദനിയുടെ കുടുംബവുമായുമുളള അടുത്ത ബന്ധത്തെ സംബന്ധിച്ച വ്യക്തമായ വെളിപ്പെടുത്തലുകളുണ്ടെന്ന് മുഖ്യധാരാ പത്രങ്ങളെല്ലാം റിപ്പോര്‍ട്ടു ചെയ്തിരുന്നു. വിവിധ പ്രതികള്‍ വിവിധ സന്ദര്‍ഭത്തിലായി നല്‍കിയ മൊഴികളില്‍ ഒരേ വസ്തുത ആവര്‍ത്തിക്കപ്പെടുന്നു എന്നുളളതില്‍ നിന്നുതന്നെ ഈ മൊഴികളുടെ വിശ്വാസ്യത സംശയത്തിന് അതീതമാവുകയും ചെയ്യുന്നുണ്ട്.
എങ്ങനെയുണ്ട് പഴയ വിപ്ലവകാരിയുടെ നീതിബോധം ? രണ്ടുപത്രങ്ങളില്‍ ഒരേ പോലെ പ്രത്യക്ഷപ്പെട്ടാല്‍ ഏതു മൊഴിയും സംശയാതീതമാകുമെന്നത്രേ തലവെട്ടു രാഷ്ട്രീയത്തില്‍ നിന്നു സമ്മർസോള്‍ട്ടടിച്ചു സാമുദായിക രാഷ്ട്രീയം പയറ്റാനിറങ്ങിയ മാര്‍ക്‌സിസ്റ്റു സൈദ്ധാന്തികന്റെ ന്യായം. തീര്‍ന്നില്ല...
പക്ഷേ, അന്വേഷണത്തിലൂടെ കുറ്റവിമുക്തനാവുന്നതു വരെ തിരഞ്ഞെടുപ്പു പ്രവര്‍ത്തനം പോലുളള ജനാധിപത്യ പ്രക്രിയകളില്‍ നിന്നൊഴിഞ്ഞു നില്‍ക്കുമെന്നു പ്രഖ്യാപിക്കാനുളള രാഷ്ട്രീയ പക്വതയാണ് ഒരു രാഷ്ട്രീയ നേതാവു പ്രകടിപ്പിക്കാനുളളത്.
അതേ, തിരഞ്ഞെടുപ്പു പ്രവര്‍ത്തനം പോലുളള ജനാധിപത്യപ്രക്രിയയില്‍ പങ്കെടുത്തതാണ് മദനി ചെയ്ത തെറ്റ്. അതും പിന്തുണച്ചതു സിപിഎമ്മിനെ. അതിന്റെ സെക്രട്ടറിയോ സാക്ഷാല്‍ പിണറായി വിജയനും.

അവിടം കൊണ്ടും വേണു നിര്‍ത്തിയില്ല.. ഭരണകൂടത്തിന്റെ മര്‍ദ്ദനോപകരമാണ് പോലീസ് എന്ന് സ്റ്റഡിക്ലാസുകളില്‍ ഘോരഘോരം വിശദീകരിച്ച അതേ നാവിന്റെ വഴുവഴുപ്പു നോക്കൂ...

ഏതെങ്കിലും കുറ്റകൃത്യത്തില്‍ ഒരാള്‍ക്കു നേരിട്ടോ പരോക്ഷമായോ പങ്കാളിത്തമുണ്ടെന്നു, അതിന് ഏതെങ്കിലും സഹായം അയാള്‍ ചെയ്തിട്ടുണ്ടെന്നു നേരിയ സംശയം തോന്നിയാല്‍ പോലും അയാളെ ചോദ്യം ചെയ്യാനും സംശയ നിവാരണം നടത്താനും പോലീസിനു ബാധ്യതയുണ്ട്. അധികാരവുമുണ്ട്. ഈ അധികാരം ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട് എന്നതു വേറെ കാര്യം.
ജയറാം പടിക്കലിന്റെ ചില പ്രയോഗങ്ങള്‍ ഏറ്റു എന്ന് വേറെ തെളിവു വല്ലതും വേണോ..? ജനാധിപത്യത്തിന്റെയും പൗരാവകാശത്തിന്റെയും കാവല്‍പ്പണിയ്ക്കു പിറന്ന പുതിയ അവതാരപുരുഷന്മാര്‍ വായിച്ചു പഠിക്കണം ഈ വാചകങ്ങള്‍. നമ്മുടെ എതിരാളിയാണോ, പോലീസ് അവന്റെ നെഞ്ചത്തു ആറ്റുകാല്‍ പൊങ്കാലയിട്ടാലും വിരോധമില്ല. മദനിയെ സംശയത്തിന്റെ നിഴലിലാക്കാന്‍ പത്രങ്ങള്‍ വഴി വാര്‍ത്ത, പത്രങ്ങള്‍ പറഞ്ഞതെല്ലാം സത്യമെന്നു എഡിറ്റ് പേജില്‍ ആദരണീയ വ്യക്തിത്വങ്ങളുടെ സാക്ഷ്യം, ഇതൊക്കെ വായിച്ചു തലപെരുത്തുപോകുന്ന മധ്യവര്‍ഗ മലയാളി ഒന്നേ ആഗ്രഹിക്കൂ... എത്രയും പെട്ടെന്ന് മദനിയെ അകത്താക്കുക. മദനിയ്‌ക്കൊപ്പം ഒരുവേദിയില്‍ പ്രസംഗിച്ചവരെ മുച്ചൂടും പരാജയപ്പെടുത്തുക.

കെ. വേണുവിനു പിന്നാലെ രണ്ടേ രണ്ടുദിവസത്തിനകം ഹമീദ് ചേന്നമംഗലൂര്‍ മാതൃഭൂമിയില്‍ പ്രത്യക്ഷപ്പെട്ടു. മദനി എവിടെയെങ്കിലും ബോംബുവെച്ചെന്നോ കൊന്നെന്നോ ഗൂഢാലോചന നടത്തിയെന്നോ ഒന്നും അദ്ദേഹത്തിനു ആക്ഷേപമില്ല. മറിച്ച് അദ്ദേഹം മദനിക്കെതിരെ കുറ്റപത്രം പുറപ്പെടുവിക്കാന്‍ കാരണമിതായിരുന്നു.

മുസ്ലിം സദസിനെ സാക്ഷി നിര്‍ത്തി "ഞാനും നിങ്ങളും മുസ്ലിംങ്ങളാണ്, അതാണ് നമ്മള്‍ തമ്മിലുളള ബന്ധം" എന്നു പറയാനും അദ്ദേഹം മടിച്ചില്ല (ഡിസംബര്‍ ആറിന് ആരു മറുപടി പറയും എന്ന കാസെറ്റ് ശ്രദ്ധിക്കുക).
കേള്‍ക്കുക."ഞാനും നിങ്ങളും മുസ്ലിംങ്ങളാണ് എന്നു പൊതുവേദിയില്‍ പറയാന്‍ പാടില്ലത്രേ. "അങ്ങനെ പറയാന്‍ അദ്ദേഹം മടിച്ചില്ല" എന്നാണ് ഹമീദിന്റെ പ്രയോഗം. "ഞാനും നിങ്ങളും മുസ്ലിങ്ങളാണ് എന്ന് പൊതുവേദിയില്‍ പറയാന്‍ മടിക്കണം എ"ന്ന് ഒരു മുസ്ലിം നാമധാരി തന്നെ മാതൃഭൂമിയില്‍ ലേഖനമെഴുതുമ്പോള്‍ പൊതുബോധ്യം എത്ര ഡിഗ്രിയില്‍ വളയും എന്ന് നമ്മുടെ ഊഹങ്ങള്‍ക്കും അപ്പുറമാണ്. തൊഗാഡിയ സമം മദനി എന്ന സൂത്രവാക്യമാണ് ഹമീദ് ഉരുട്ടിയെടുത്തത്. എന്നാല്‍ തൊഗാഡിയ പുറത്തും മദനി ജീവിതകാലം മുഴുവന്‍ അകത്തുമാണെന്ന ഏതു കൊച്ചുകുട്ടിയ്ക്കും ബോധ്യപ്പെടുന്ന വസ്തുത ഹമീദിനു മാത്രം അറിയില്ല.

ഷാഹിനാ... ഇങ്ങനെയൊക്കെയാണ് നമ്മുടെ പത്രങ്ങള്‍ കേരളത്തില്‍ മദനി വിരുദ്ധ വികാരം ജ്വലിപ്പിച്ചു നിര്‍ത്തിയത്. ഏതുവിധേനെയും സിപിഎമ്മിനെയും ഇടതുമുന്നണിയെയും പാര്‍ലമെന്റു തിരഞ്ഞെടുപ്പില്‍ തറപറ്റിക്കുക എന്ന ഏകലക്ഷ്യം മാത്രമായിരുന്നില്ല ആ പ്രചരണം എന്ന് ഇന്നു തിരിഞ്ഞുനോക്കുമ്പോള്‍ നമുക്കു ബോധ്യപ്പെടുന്നു. കേരളത്തിലെ മധ്യവര്‍ഗമൃദുഹൈന്ദവതയെ അടിമുടി മുസ്ലിം വിരുദ്ധമാക്കാന്‍ യത്‌നിക്കുന്ന മാധ്യമപ്രവര്‍ത്തനത്തിന്റെ ഒരുമുഖമാണ് ഇത്. എറണാകുളം മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റലില്‍ കോമാ സ്റ്റേജില്‍ കിടന്നവന്‍ എങ്ങനെ 300 കിലോമീറ്റര്‍ യാത്ര ചെയ്തു മദനി മൊഴികൊടുത്തുവെന്നു ഒരു മുഖ്യധാരാമാധ്യമവും അന്വേഷിച്ചില്ല. പകരം ആ മൊഴികള്‍ അവര്‍ ഒന്നാംപേജില്‍ ആഘോഷിച്ചു. ഒരുപക്ഷേ, വ്യാജമൊഴി സൃഷ്ടിച്ച കര്‍ണാടക പോലീസിന്റെ കുതന്ത്രങ്ങള്‍ക്കെതിരെ സമൂഹത്തെ ജാഗ്രമാക്കാന്‍ അന്നു മാധ്യമങ്ങള്‍ മുന്നിട്ടിറങ്ങിയിരുന്നെങ്കില്‍ മദനി ഇന്നു ജയിലില്‍ കിടക്കുമായിരുന്നില്ല.

കോയമ്പത്തൂര്‍ ബോംബു സ്‌ഫോടനക്കേസില്‍ കാലു നഷ്ടപ്പെട്ടയാള്‍ എന്നാണ് ബാംഗ്ലൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതിയുടെ വിധിന്യായത്തില്‍ മദനിയെ വിശേഷിപ്പിക്കുന്നത്. കോയമ്പത്തൂര്‍ സ്‌ഫോടനത്തെ തുടര്‍ന്ന് ജീവിതത്തിലെ ഒമ്പതു വര്‍ഷം നഷ്ടപ്പെട്ടയാള്‍ എന്നാണ് ശരിയായ പ്രയോഗം. വിധിയെഴുതിയ ന്യായാധിപന്റെ തെറ്റിദ്ധാരണയ്ക്കും മുന്‍വിധിയ്ക്കും ഈ ഒറ്റവാചകം തന്നെയാണ് തെളിവ്.

സാധാരണ മനുഷ്യന്റെ ജീവിതത്തിനു പൂര്‍ണവിരാമമിടാനുളള കോടതികളുടെയും ഭരണവ്യവസ്ഥയുടെയും പോലീസിന്റെയും മോഹങ്ങളെ നിര്‍ഭയമായി വിചാരണ ചെയ്യേണ്ടവരാണ് മാധ്യമങ്ങള്‍. നിര്‍ഭാഗ്യവശാല്‍ മദനിയെ ജയിലടച്ച മാധ്യമങ്ങള്‍ക്കു തലച്ചോറു തീറെഴുതിക്കൊടുത്തവരാണു ഹൊസതോട്ട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറില്‍ നിന്നും സംരക്ഷണം നല്‍കാമെന്ന വാഗ്ദാനവുമായി ഷാഹിനയ്ക്കു പിന്നില്‍ നില്‍ക്കുന്നവരില്‍ ഭൂരിപക്ഷവും.

"എനിക്കു പിന്തുണ നല്‍കുന്നവരില്‍ എത്രപേര്‍ തെഹല്‍ക്കയിലെ വെളിപ്പെടുത്തലുകള്‍ പ്രകാരം മദനിക്കു വേണ്ടിയുളള പോരാട്ടത്തില്‍ ഒപ്പമുണ്ട്" എന്ന് അവരോട് ഉറക്കെയൊന്നു ചോദിക്കുക. എത്രപേര്‍ കൂട്ടത്തിൽ ബാക്കിയാവുമെന്നു നോക്കൂ.