Saturday, April 09, 2011

വര്‍ക്കല കഹാര്‍ ചെന്നിത്തലയോട് പറയുന്നത് ...

കേന്ദ്രം നല്‍കിയ സുനാമി ഫണ്ട് കേരളം ചെലവാക്കിയില്ലെന്നു പറയുന്നത് സാക്ഷാല്‍ സോണിയ. ഇടതുമുന്നണി സര്‍ക്കാര്‍ വികസനം മുരടിപ്പിച്ചു എന്ന ആരോപണം രമേശ് ചെന്നിത്തലയുടെ വക. ആരോപണ പ്രത്യാരോപണങ്ങളിലൂടെ തിരഞ്ഞെടുപ്പു പ്രചാരണരംഗം കത്തിജ്വലിക്കുന്നതിനിടെയിലാണ് വര്‍ക്കല മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വര്‍ക്കല കഹാര്‍ തയ്യാറാക്കിയ വിഷന്‍ 2020 എന്ന ലഘുലേഖ ശ്രദ്ധയില്‍ പെട്ടത്.

സുനാമി ഫണ്ട് കേരളം ചെലവാക്കിയില്ലെന്ന് എഐസിസി അധ്യക്ഷ ആരോപിക്കുമ്പോള്‍, വര്‍ക്കല നിയോജക മണ്ഡലത്തില്‍ സുനാമി പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ചത് 274.26 ലക്ഷം രൂപയാണെന്ന് കഹാര്‍ തന്റെ ലഘുലേഖയില്‍ പറയുന്നു. കെപിസിസി വഴി എഐസിസിയില്‍ നിന്ന് കഹാറിന് വല്ല സുനാമി ഫണ്ടും കിട്ടിയോ എന്ന് നമുക്കറിയില്ല. കഹാറിനോ കോണ്‍ഗ്രസിനോ അങ്ങനെയൊരു അവകാശവാദവുമില്ല. കുടുംബസ്വത്തില്‍ നിന്ന് രണ്ടുകോടി രൂപ സുനാമി ദുരിതാശ്വാസത്തിനു ചെലവഴിച്ചുവെന്നും കഹാറിന് അവകാശവാദമില്ല. പിന്നെ എവിടുന്നാണ് ഈ പണം....?

വിവിധ സര്‍ക്കാര്‍ പദ്ധതികള്‍ പ്രകാരം തന്റെ മണ്ഡലത്തില്‍ നടന്ന പണികളുടെ വിശദമായ രൂപം കഹാര്‍ ഈ ലഘുലേഖയില്‍ വിവരിക്കുന്നുണ്ട്. മുഖവുരയില്‍ അദ്ദേഹം ഇങ്ങനെ പറയുന്നു... അടിസ്ഥാന സൗകര്യവികസനത്തില്‍ വര്‍ക്കല കൈവരിച്ച വമ്പിട്ട നേട്ടം ഏറെ ശ്രദ്ധേയമാണ്. റോഡുകള്‍, പാലങ്ങള്‍, കുടിവെളളം, വൈദ്യുതി, ആരോഗ്യം, വിദ്യാഭ്യാസം, മത്സ്യബന്ധനം എന്നീ മേഖലകളില്‍ വര്‍ക്കലയിലുണ്ടായ പുരോഗതി എടുത്തു പറയേണ്ടതാണ്.....

വര്‍ക്കലയില്‍ മാത്രമല്ല, കേരളമെങ്ങും ഈ പുരോഗതിയുണ്ടായി എന്നാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയും പറയുന്നത്. സംസ്ഥാനത്തെ ഓരോ പ്രതിപക്ഷ എംഎല്‍എയുടെയും തിരഞ്ഞെടുപ്പ് അഭ്യര്‍ത്ഥന ഇടതുമുന്നണി സര്‍ക്കാരിന്റെ പ്രവര്‍ത്തന മികവിന്റെ ഒന്നാന്തരം സര്‍ട്ടിഫിക്കറ്റാണ്. പാലങ്ങള്‍, റോഡുകള്‍, സ്‌ക്കൂള്‍ കെട്ടിടങ്ങള്‍, പുതിയ സ്ഥാപനങ്ങള്‍, ടൂറിസം പദ്ധതികള്‍, ആശുപത്രി കെട്ടിടങ്ങള്‍, സാമൂഹ്യക്ഷേമം, സ്‌പോര്‍ട്ട്‌സ്, ഫിഷറീസ് എന്നിങ്ങനെ പല തലക്കെട്ടിലും ഭരണപ്രതിപക്ഷ ഭേദമെന്യേ ഓരോ എംഎല്‍എയും നേട്ടങ്ങളുടെ പട്ടിക നിരത്തുന്നു. അവരിലൊരാളാണ് വര്‍ക്കല കഹാറും.

തന്റെ നിയോജക മണ്ഡലത്തില്‍ വികസനത്തിന്റെ വേലിയേറ്റം സൃഷ്ടിച്ച ശ്രീ. വര്‍ക്കല കഹാറിന് ഒരു മുഖവുരയുടെ ആവശ്യമില്ലെന്നാണ് യുഡിഎഫ് ജില്ലാക്കമ്മറ്റി പുറപ്പെടുവിച്ച പ്രസ്താവനയിലും പറയുന്നത്. നാട്ടില്‍ വികസനത്തിന്റെ വേലിയേറ്റമുണ്ടായി എന്ന് യുഡിഎഫും സമ്മതിക്കുന്നു. സംസ്ഥാനത്തൊട്ടാകെ മുരടിക്കുകയും പ്രതിപക്ഷ എംഎല്‍എമാരുടെ മണ്ഡലത്തില്‍ മാത്രം പൂത്തുവിടരുകയും ചെയ്യുന്ന ഒരിനം വികസനമാണോ കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം നടന്നത് എന്ന കാര്യത്തിലാണ് ഇനി തീര്‍ച്ചയുണ്ടാകേണ്ടത്.

60 കോടിയുടെ റോഡുകള്‍, 6 വലിയ പാലങ്ങള്‍, കാലവര്‍ഷ ദുരിതാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 35 ഗ്രാമീണ റോഡുകള്‍, മത്സ്യബന്ധ മേഖലയില്‍ 18 റോഡുകള്‍, എംഎല്‍എ ഫണ്ട് ഉപയോഗിച്ച് 75 റോഡുകള്‍, അഞ്ചു പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്കു പുതിയ കെട്ടിടങ്ങള്‍, എട്ട് മറ്റ് ആശുപത്രികള്‍ക്ക് വിവിധ അടിസ്ഥാന സൗകര്യങ്ങള്‍, ടൂറിസം രംഗത്ത് 10 പദ്ധതികള്‍, 14 സ്‌ക്കൂളുകള്‍ക്ക് പുതിയ കെട്ടിടങ്ങള്‍, ആറു ഹൈസ്‌ക്കൂളുകളില്‍ സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍, 34 സ്‌ക്കൂളുകളില്‍ എംഎല്‍എ ഫണ്ടുപയോഗിച്ച് കമ്പ്യൂട്ടറുകള്‍.. പറഞ്ഞിട്ടും പറഞ്ഞിട്ടും തീരുന്നില്ല, കഹാറിന്റെ നേട്ടങ്ങള്‍.

ഇതിനുളള പണവും അനുമതിയും എവിടെ നിന്ന് എന്നു മാത്രം നോട്ടീസിലില്ല. ഖജനാവിലെ പണം നാടിന്റെ ക്ഷേമവികസന പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കാനുളളതാണ് എന്ന രാഷ്ട്രീയബോധമാണ് ഈ വികസനങ്ങളൊക്കെയും യാഥാര്‍ത്ഥ്യമാക്കിയത് എന്ന് തുറന്നു സമ്മതിക്കാന്‍ കഹാര്‍ തയ്യാറല്ല. ഇടതുമുന്നണി സര്‍ക്കാരിന്റെ ജനപക്ഷ രാഷ്ട്രീയ - സാമ്പത്തിക നയത്തിന്റെ വിള കൊയ്തവരില്‍ താനും തന്റെ മണ്ഡലവുമുണ്ട് എന്ന് തുറന്നു പറയുകയാണ് കോണ്‍ഗ്രസ് നേതാവ് വര്‍ക്കല കഹാര്‍. അത് ശരിവെയ്ക്കുകയാണ് യുഡിഎഫ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി.

മത്സരരംഗത്തുളള യുഡിഎഫിന്റെ സിറ്റിംഗ് എംഎല്‍എമാരുടെ തെരഞ്ഞെടുപ്പ് അഭ്യര്‍ത്ഥനകള്‍ മാത്രം മതി, ചെന്നിത്തലയുടെയും ഉമ്മന്‍ചാണ്ടിയുടെയും ആരോപണങ്ങള്‍ വെറും ഭോഷത്തരമാണെന്ന് ബോധ്യപ്പെടാന്‍. നാടിന്റെ വികസന നായകനാണ് താന്‍ എന്ന് ഓരോ പ്രതിപക്ഷ എംഎല്‍എയും ഞെളിഞ്ഞു നിന്ന് അവകാശപ്പെടുമ്പോള്‍ അറിയാതെയെങ്കിലും അവരോരുത്തരും ഇടതുമുന്നണി സര്‍ക്കാര്‍ ഉയര്‍ത്തിപ്പിടിച്ച വികസനനയത്തിന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാരാവുകയാണ്. ഏറ്റവും കുറഞ്ഞത് 100 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ അഞ്ചുകൊല്ലത്തിനുളളില്‍ ഓരോ മണ്ഡലത്തിലും നടന്നിട്ടുണ്ട്. പ്രതിപക്ഷത്തിരുന്നിട്ടും അഭിമാനത്തോടെ വീണ്ടും ജനങ്ങളെ സമീപിക്കാന്‍ യുഡിഎഫിന്റെ എംഎല്‍എമാര്‍ക്കു കരുത്തു നല്‍കിയത് ഇടതുമുന്നണി സര്‍ക്കാരാണ്.

നമുക്കു വീണ്ടും കഹാറിന്റെ ആമുഖത്തിലേയ്ക്കു മടങ്ങാം....
........ അടിസ്ഥാന സൗകര്യ വികസനത്തില്‍ വര്‍ക്കല കൈവരിച്ച വമ്പിച്ച നേട്ടം ഏറെ ശ്രദ്ധേയമാണ്. റോഡുകള്‍, പാലങ്ങള്‍, കുടിവെളളം, വൈദ്യുതി, ആരോഗ്യം, വിദ്യാഭ്യാസം, മത്സ്യബന്ധനം എന്നീ രംഗങ്ങളില്‍ വര്‍ക്കലയില്‍ ഉണ്ടായ പുരോഗതി എടുത്തു പറയേണ്ടതാണ്.......

രമേശ് ചെന്നിത്തലയെയും ഉമ്മന്‍ചാണ്ടിയെയും ഭയന്ന് കഹാര്‍ പറയാതിരുന്നത് ഇതാണ്...

...അടിസ്ഥാന സൗകര്യ വികസനത്തില്‍ കേരളം കൈവരിച്ച വമ്പിച്ച നേട്ടം ഏറെ ശ്രദ്ധേയമാണ്. റോഡുകള്‍, പാലങ്ങള്‍, കുടിവെളളം, വൈദ്യുതി, ആരോഗ്യം, വിദ്യാഭ്യാസം, മത്സ്യബന്ധനം എന്നീ രംഗങ്ങളില്‍ കേരളത്തില്‍ ഉണ്ടായ പുരോഗതി എടുത്തു പറയേണ്ടതാണ്.....

മറക്കാതിരിക്കുക... വികസന പ്രവര്‍ത്തനം സംബന്ധിച്ച് ഓരോ യുഡിഎഫ് എംഎല്‍എയുടെയും അവകാശവാദം ഇടതുമുന്നണി സര്‍ക്കാരിന്റെ ഭരണമികവിന്റെ സാക്ഷ്യപത്രമാണ്. വികസന രംഗത്ത് മുരടിപ്പല്ല, വന്‍ മുന്നേറ്റമാണ് ഉണ്ടായതെന്ന് ബോധ്യപ്പെടാന്‍ അവരുടെ അവകാശവാദങ്ങള്‍ തന്നെയാണ് തെളിവ്.........