ഈ വിഷയത്തിലെ ഒളിയമ്പ് ലേഖനം ഇവിടെ വായിക്കാം.. ]
ഈ ലേഖനത്തില്‍ മാതൃഭൂമി മാനേജിംഗ് ഡയറക്ടര്‍ എം ജെ കൃഷ്ണമോഹന്റെ മരണത്തെക്കുറിച്ച് പരാമര്‍ശിച്ചിരുന്ന കാര്യങ്ങള്‍ "അസംബന്ധവും അപകീര്ത്തിപരവും പ്രതിഷേധാര്‍ഹവും കുറ്റകരവു"മാണെന്ന് മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ എന്‍ പി രാജേന്ദ്രന്‍ ഈ ലേഖനത്തിനുളള മറുപടിയില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നു. അത്തരമൊരു പരാമര്‍ശം നടത്തിയതില് വായനക്കാരോടും മറ്റ് ബന്ധപ്പെട്ടവരോടും നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു.... പ്രസ്തുത പരാമര്‍ശങ്ങള്‍ ലേഖനത്തില്‍ നിന്ന് നീക്കം ചെയ്യുന്നു..

മറവിയുടെ കരിമ്പടം വീണു മറഞ്ഞെന്ന് പലരും ആശ്വസിക്കുന്ന ചരിത്രസന്ദര്‍ഭങ്ങളെ ഓര്‍മ്മിപ്പിക്കുകയാണ് എന്‍ പി രാജേന്ദ്രന്‍. ലേഖനത്തിലെ വരികള്‍ കുത്തിയുണര്‍ത്തുന്ന ചരിത്രത്തിന്റെ മുനകള്‍ മാതൃഭൂമി ഉടമകളുടെ കീര്‍ത്തിപ്പുടവ കീറിയെറിയുമ്പോള്‍ സംശയിക്കുക. എം പി വീരേന്ദ്രകുമാറിന്റെ മുജ്ജന്മശത്രുവാണോ മാതൃഭൂമി കോഴിക്കോട് എഡിഷനിലെ ഡെപ്യൂട്ടി എഡിറ്റര്‍ എന്‍ പി രാജേന്ദ്രന്‍...?
മലയാളത്തിലേയ്ക്കുളള മുര്‍ഡോക്കിന്റെ കടന്നു വരവിനെതിരെ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുയര്‍ത്തുന്ന വിമര്‍ശനങ്ങളെ പരിഹസിക്കുന്നതാണ് പ്രസ്തുത ലേഖനം. ആഗോള മാധ്യമ ഭീമന്‍ മുര്‍ഡോക്കിന്റെ വരവില്‍ പത്രപ്രവര്‍ത്തക യൂണിയന്‍ പ്രതിഷേധിക്കാത്തതിന് കാരണം തിരഞ്ഞത് പിണറായി വിജയന്‍. പിന്നാലെ പീപ്പിള്‍ ചാനലിലെ എന്‍ പി ചന്ദ്രശേഖരന്‍ ഏഷ്യാനെറ്റ് വിറ്റവര്‍ക്ക് മാപ്പില്ലെന്ന് ദേശാഭിമാനി വഴി പ്രഖ്യാപിച്ചു.
മുര്‍ഡോക്ക് വന്നിട്ട് കാലമെത്രയായി എന്ന ലേഖനം പിറന്നതിന്റെ പശ്ചാത്തലം ഇതാണ്. മുര്‍ഡോക്കിന്റെ വരവിനെ എതിര്‍ക്കുന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ പരിഹസിക്കാന്‍ എന്‍ പി രാജേന്ദ്രന്‍ രംഗത്തു വരുമ്പോള്‍, മികച്ച മെയ്‍വഴക്കം പ്രകടിപ്പിക്കേണ്ടതുണ്ട്. കാരണമെന്തന്നല്ലേ.
കേരളത്തില്‍ മുര്‍ഡോക്കിനെച്ചൊല്ലിയുളള ഏത് ചര്‍ച്ച നടന്നാലും മാതൃഭൂമിയും ടൈംസ് ഓഫ് ഇന്ത്യയും കടന്നു വരും. തന്റെ കൈയിലുണ്ടായിരുന്ന മാതൃഭൂമി ഓഹരികള്‍ അന്നത്തെ ചീഫ് എഡിറ്ററായിരുന്ന എം ഡി നാലപ്പാട് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് വിറ്റതോടെ അത്യുഗ്രമായ കുത്തകവിരുദ്ധപ്പോരാട്ടത്തിനാണ് കേരളം സാക്ഷിയായത്.
കുത്തക വരുന്നേയെന്നായിരുന്നു നിലവിളി. ബെന്നറ്റ് ആന്റ് കോള്‍മാന്‍ കമ്പനി കേരളത്തിലോ.. ചിന്തിക്കാന്‍ പോലുമാവില്ലായിരുന്നു, ചോരയ്ക്കു പകരം ദേശീയ സമരപാരമ്പര്യം സിരകളിലോടിയിരുന്ന മാതൃഭൂമിയിലെ ദേശാഭിമാനിമാര്‍ക്ക്. ഇന്ന്, അതിനെക്കാള്‍ വലിയൊരു കുത്തക കേരളത്തില്‍ വരുമ്പോള്‍, അന്നത്തേതിലുമുച്ചത്തില്‍ മുഴങ്ങേണ്ടതാണ് അലര്‍ച്ച.
അതുണ്ടാകാത്തതിന് പറയുന്ന ഏതു ന്യായവും പഴയ ഓഹരിവില്‍പനയെ ചെറുത്തതിനെ ന്യായീകരിക്കുന്നതും സാധൂകരിക്കുന്നതുമാകണം.
അങ്ങനെയൊരു അസ്തിവാരം ആദ്യം കെട്ടിപ്പൊക്കിയെങ്കിലേ, മുര്‍ഡോക്കിനെച്ചൊല്ലിയുളള സിപിഎം വിമര്‍ശനത്തെ പരിഹസിക്കാനാവൂ. എത്ര വലിയ ഭാഷാ നൈപുണ്യമുണ്ടെങ്കിലും, എത്ര വലിയ വ്യാഖ്യാനപടുവാണെങ്കിലും അടവു പിഴയ്ക്കാന്‍ സാധ്യത ഏറെ.
എന്‍ പി രാജേന്ദ്രനെപ്പോലൊരാള്‍ എങ്ങനെയാണ് ആ വ്യാഖ്യാന ട്രീപ്പീസ് നടത്തിയൊപ്പിക്കുന്നതെന്നറിയാല്‍ എല്ലാവര്‍ക്കും കൗതുകമുണ്ടാവുക സ്വാഭാവികം. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് എംഡി നാലപ്പാട് തന്റെ ഓഹരികള്‍ വിറ്റതില്‍ കുഴപ്പമൊന്നുമില്ലെന്ന് എന്‍ പി രാജേന്ദ്രന്‍ ഇപ്പോള്‍ സമ്മതിക്കുന്നു. നിയമപരമായിരുന്നു കച്ചവടം. പിന്നെന്തായിരുന്നു പ്രശ്നം. അദ്ദേഹം തന്നെ പറയട്ടെ..
രാജേന്ദ്രന്റെ വാക്കുകള്‍ ..."എം.ഡി.നാലപ്പാട് ഓഹരി വിറ്റത് നിയമവിധേയമെങ്കില്‍ ടൈംസ് ഓഫ് ഇന്ത്യ അതു വാങ്ങിയതും നിയമപരമായത്തന്നെയായിരുന്നു. നിയമപ്രശ്‌നമായിരുന്നില്ല അന്ന് ഉന്നയിക്കപ്പെട്ടത്. സ്വാതന്ത്ര്യ സമരത്തിന്റെ സൃഷ്ടിയായ ഒരു ദേശീയ സ്ഥാപനത്തെ ഉത്തരേന്ത്യന്‍ കുത്തക (ഈ വാക്ക് അമര്‍ത്തി വായിക്കുക) കൈവശപ്പെടുത്താന്‍ പോകുന്നു എന്നതായിരുന്നു പ്രശ്‌നം..........................നാലപ്പാട് അല്ല ടൈംസ് ഓഫ് ഇന്ത്യ എന്നതു തന്നെയായിരുന്നു പ്രശ്‌നം. കാലുവെക്കാന്‍ ഇടം കിട്ടിയാല്‍ ബാക്കി എന്തുചെയ്യണമെന്ന് അവര്‍ക്കറിയാം. നാലപ്പാടിന്റെ ഓഹരികളുടെ വില്‌പ്പന അംഗീകരിക്കപ്പെടുകയാണെങ്കില്‍ ഉത്തരേന്ത്യന്‍ കുത്തക(!)ക്കെതിരായി ശബ്ദമുണ്ടാക്കിയവരില്‍ ചിലര്‍പ്പോലും ചിലപ്പോള്‍ ഓഹരി അവര്‍ക്ക് വിറ്റ് സ്ഥലംവിടുമായിരുന്നു എന്നാര്‍ക്കാണ് അറിയാത്തത്..."
ബലേ ഭേഷ്.. ഒരു വാചകം ആവര്‍ത്തിച്ച് വായിച്ച് ആര്‍ത്തു ചിരിക്കുക...സ്വാതന്ത്ര്യസമരത്തിന്റെ സൃഷ്ടിയായ ഒരു ദേശീയസ്ഥാപനത്തെ ഉത്തരേന്ത്യന്‍ കുത്തക കൈവശപ്പെടുത്താന്‍ പോകുന്നു എന്നതായിരുന്നു പ്രശ്‌നം....
രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളിലൊരാളായിരുന്നു, അന്നത്തെ (ഇപ്പോഴും മോശമൊന്നുമല്ല) ഏറ്റവും വലിയ കുത്തകയായിരുന്ന ബിര്‍ളയുടെ അധിപന്‍ ഘനശ്യാം ദാസ് ബിര്‍ള. കുത്തകകളോട് മഹാത്മാഗാന്ധിയ്ക്കില്ലാത്ത വെറുപ്പും അകല്‍ച്ചയുമാണു പോലും വീരേന്ദ്രകുമാറിനും സംഘത്തിനും.
അതവിടെ നില്‍ക്കട്ടെ.. എന്താണീ ഉത്തരേന്ത്യന്‍ കുത്തക.. ഉത്തരേന്ത്യന്‍ കുത്തക വന്നാല്‍ സര്‍വം കുഴപ്പമാണോ? കുത്തക ദക്ഷിണേന്ത്യയിലേതാണെങ്കില്‍ സഹിക്കാമെന്നാണോ?
ദേശീയ പത്രമെന്ന് വിളിച്ചു കീറി മലയാളികളുടെ സ്വൈര്യം കെടുത്തുന്ന മാതൃഭൂമിയും എന്‍ പി രാജേന്ദ്രനും എന്നു മുതലാണ് കുത്തകകളെ പ്രാദേശികാടിസ്ഥാനത്തില്‍ വിഭജിച്ച് വെറുക്കാനും സ്നേഹിക്കാനും ശീലിച്ചത്..?
ഇന്ത്യയെന്റെ രാജ്യമല്ലേ സാര്‍.. എല്ലാ ഇന്ത്യക്കാരും സഹോദരീസഹോദരന്മാരും.. ഭാരതത്തിന്റെ വൈവിദ്ധ്യപൂര്‍ണമായ പാരമ്പര്യത്തില്‍ അഭിമാനിക്കേണ്ടവരല്ലേ സാര്‍ നമ്മളൊക്കെ.. അങ്ങനെയുളളവര്‍ക്ക് എന്ത് ഉത്തരേന്ത്യ,... എന്തു ദക്ഷിണേന്ത്യ....?
ടൈംസ് ഓഫ് ഇന്ത്യയെ എതിര്‍ക്കാന്‍ ഒരു ദേശീയപത്രം പറയേണ്ട ന്യായം ഇതാണോ...? സത്യം, സമത്വം, സ്വാതന്ത്ര്യം എന്ന് നെറ്റിപ്പട്ടം കെട്ടി പുറത്തിറങ്ങുന്ന മാതൃഭൂമി ഈ വിധം ഹീനമായ പ്രാദേശികന്യായം പറയാമോ? അതോ ദേശീയ പത്രമായാല്‍ എന്തും പറയാമെന്നാണോ?
ദക്ഷിണേന്ത്യയിലെ കുത്തകയായിരുന്നുവെങ്കില്‍ സ്വാതന്ത്ര്യ സമരസൃഷ്ടിയായ സ്ഥാപനത്തെ കൈവശപ്പെടുത്തുന്നതില്‍ അപാകമില്ലെന്നു നാം ശങ്കിച്ചു പോകും, ഇതു കേട്ടാല്‍. മാതൃഭൂമിയുടെ മൂന്നിലൊന്ന് ഓഹരി കൈവശപ്പെടുത്താന്‍ ദി ഹിന്ദുവിന്റെ അയ്യങ്കാര്‍ കുടുംബത്തിന് തോന്നിയിരുന്നെങ്കില്‍ കളി മാറിയേനെ. കുത്തക ദക്ഷിണേന്ത്യയിലേതായിരുന്നുവെങ്കില്‍ പ്രശ്നമുണ്ടാകാന്‍ വഴിയില്ലല്ലോ.
പഴയ പരിവര്‍ത്തനകാലത്തിന്റെ ഓര്‍മ്മകള്‍ എന്‍ പി രാജേന്ദ്രന്‍ എന്ന ആരാധ്യനായ പത്രപ്രവര്‍ത്തകനില്‍ ഉളളതുകൊണ്ടാകാം, ലേഖനത്തില്‍ വില്‍പനയുടെ പിന്നാമ്പുറത്തെക്കുറിച്ചൊരു മിന്നല്‍ ഇങ്ങനെ പാളുന്നുണ്ട്. ..
"പത്രം ഉണ്ടാക്കിയ ബഹളം കൊണ്ടൊന്നുമല്ല ടൈംസ് ഓഫ് ഇന്ത്യ തടയപ്പെട്ടത് എന്ന് മാതൃഭൂമിയിലുള്ളവര്‍ക്കെങ്കിലും അറിയാം".
പത്രത്തിലൂടെയുളള ബഹളമുണ്ടാക്കലിനപ്പുറം മറ്റെന്തൊക്കെയായിരുന്നു കലാപരിപാടികള്‍. അന്നത്തെ ചീഫ് എഡിറ്റര്‍ എം ഡി നാലപ്പാട് നീറിപ്പിടയുന്ന അക്ഷരങ്ങളില്‍ അത് വരച്ചിട്ടിട്ടുണ്ട്.
"മാതൃഭൂമിയില്‍ നിന്ന് പുകച്ചുപുറത്താക്കാന്‍ എനിക്കും കുടുംബത്തിനും എതിരെ അവര്‍ അശ്ളീലകഥകള്‍ വിതരണംചെയ്തു. അവ അച്ചടിച്ചത് മാതൃഭൂമിയില്‍ നിന്നു തന്നെയാണെന്ന് ഞാന്‍ അറിഞ്ഞു. എന്റെ എഡിറ്റേഴ്സ് ചേംബറില്‍ കയറി ഒരു ഡയറക്ടര്‍ ബോര്‍ഡ് അംഗം റിവോള്‍വര്‍ ചൂണ്ടി വധഭീഷണി മുഴക്കി'.
യുദ്ധഭൂമി എന്ന പേരില്‍ 1987ലാണ് എം ഡി നാലപ്പാടിനെക്കുറിച്ച് അശ്ലീലവാര്‍ത്തകള്‍ അടങ്ങിയ പ്രസിദ്ധീകരണം അച്ചടിച്ച് നാടാകെ പറത്തിയത്. മാതൃഭൂമിയുടെ കോഴിക്കോട് പ്രസിലായിരുന്നത്രേ അച്ചടി. നാലു വര്‍ഷം പത്രത്തിന്റെ ചീഫ് എഡിറ്ററായിരുന്ന എം ഡി നാലപ്പാടിനെ പത്രത്തില്‍ നിന്നു മാത്രമല്ല, നാട്ടില്‍ നിന്നു തന്നെ കെട്ടുകെട്ടിച്ചു, ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ സൃഷ്ടിയായ മാതൃഭൂമിയുടെ മാനേജ്‍മെന്റ്.
മാതൃഭൂമിയില്‍ നിന്ന് നാലപ്പാടിനെ പടിയിറക്കിയെങ്കിലും ടൈംസ് ഓഫ് ഇന്ത്യയുടെ ഷെയറുകള്‍ അത്ര പെട്ടെന്ന് വീരേന്ദ്രകുമാറിന്റെ കൈകളിലെത്തിയില്ല. അതിന് 1998 ഒക്ടോബര്‍ നാലു വരെ കാത്തിരിക്കേണ്ടി വന്നു. ഓഹരി വില്‍പന സംബന്ധിച്ച് സുപ്രിം കോടതി വരെയെത്തിയ തര്‍ക്കം കോടതിയ്ക്കു പുറത്ത് ഒത്തുതീര്‍ന്നത് അന്നാണ്.
ടൈംസ് ഓഫ് ഇന്ത്യയുടെ കൈവശമുണ്ടായിരുന്ന 400 ഓഹരികള്‍ വീരേന്ദ്രകുമാറിന്റെ മകന്‍ എം വി ശ്രേയാംസ് കുമാറിന്റെ പേരിലേയ്ക്ക മാറ്റി.
ഷെയറൊന്നിന് 40,000 രൂപ നിരക്കില്‍ ഒരു കോടി അറുപതു ലക്ഷം രൂപയ്ക്കാണ് ടൈംസ് ഓഫ് ഇന്ത്യ കേസില്‍ നിന്ന് പിന്മാറിയതെന്ന് വ്യാപാര വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അന്ന് കേന്ദ്രധനകാര്യ വകുപ്പ് സഹമന്ത്രിയായിരുന്നു വീരേന്ദ്രകുമാറെന്ന കാര്യം പ്രത്യേകം ഓര്‍ക്കുക.
ബെന്നറ്റ് ആന്റ് കോള്‍മാന്‍ കമ്പനിയ്ക്ക് ഇന്ത്യയുടെ ധനകാര്യമന്ത്രാലയം ഉണ്ടാക്കാന്‍ പോകുന്ന തലവേദനകളില്‍ നിന്നൂരാന്‍ ഓഹരികള്‍ കാല്‍ക്കാശ് വാങ്ങാതെ പണ്ടാരമടക്കിയതാണതെന്നും ദോഷൈകദൃക്കുകള്‍ പറഞ്ഞു നടക്കുന്നു. നടന്നതെന്തെന്ന് നമുക്കറിയില്ല.
പത്രം ഉണ്ടാക്കിയ ബഹളം കൊണ്ടല്ല ടൈംസ് ഓഫ് ഇന്ത്യ തടയപ്പെട്ടത് എന്ന് മാതൃഭൂമിയിലുളളവര്‍ക്കെങ്കിലും അറിയാമെന്ന് എന്‍ പി രാജേന്ദ്രനെപ്പോലൊരാള്‍ പറയുമ്പോള്‍ അവിശ്വസിക്കേണ്ട കാര്യവുമില്ല.
നിയമയുദ്ധം ഇതോടെ അവസാനിക്കുമെന്നും സുപ്രിം കോടതിയിലുളള കേസ് താമസിയാതെ പിന്‍വലിക്കുമെന്നും അന്നത്തെ ധനകാര്യ സഹമന്ത്രിയായിരുന്ന എം പി വീരേന്ദ്രകുമാര്‍ ചെന്നൈയില്‍ പ്രസ്താവിച്ച കാര്യം അടിവരയിട്ട് സ്മരിക്കുക.
(മാതൃഭൂമിയുടെ ഓഹരി ചരിതം - സ്വാതന്ത്ര്യ സമര സേനാനി കെ പി കേശവമേനോന്‍ എഡിറ്ററും കെ മാധവന്‍ നായര്‍ മാനേജിംഗ് ഡയറക്ടറുമായി മാതൃഭൂമിയുടെ ആദ്യ പ്രതി പുറത്തിറങ്ങിയത് 1923 മാര്‍ച്ച് 18ന്. മലബാറിലെ സ്വാതന്ത്ര്യസമരത്തിന്റെ നാവും നട്ടെല്ലുമായിരുന്നു പത്രം. സ്ഥാപക പത്രാധിപര്‍ കെ പി കേശവമേനോന്‍.
കേരള സ്റ്റേറ്റ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ സെക്രട്ടറിയായിരുന്ന കെ പി കേശവമേനോന്‍, സഹപ്രവര്‍ത്തകരായ കെ മാധവന്‍ നായര്‍, കുറൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാട്, കെ കേശവന്‍ നായര്‍, പി അച്യുതന്‍ എന്നിവര്‍ ചേര്‍ന്ന് സ്ഥാപിച്ചതാണ് മാതൃഭൂമി പ്രിന്റിംഗ് ആന്റ് പബ്ലിഷിംഗ് കമ്പനി. അഞ്ചു രൂപ മുഖവിലയുളള 20000 ഓഹരികള്‍ വഴി ഒരു ലക്ഷം രൂപ മൂലധനം സ്വരൂപിക്കാനായിരുന്നു തീരുമാനം.
എന്നാല്‍ ആകെ പിരിഞ്ഞു കിട്ടിയത് 15000 രൂപ. അതായത് ആകെ ഓഹരികള്‍ 3000. അതുമായി 1922 ഫെബ്രുവരി 15നാണ് കമ്പനി രജിസ്റ്റര്‍ ചെയ്തത്.
കമ്പനിക്ക് ആകെ ഏതാണ്ട് 3100 ഓളം ഓഹരികളുണ്ടെന്നാണ് വെപ്പ്. പക്ഷേ, 2600 ഓഹരികളെക്കുറിച്ചേ ഇപ്പോള്‍ വിവരമുളളൂ. ശേഷിക്കുന്ന 500 ഓഹരികള്‍ കണ്ടുപിടിച്ചെടുത്താല്‍ പൊന്നും വില തന്ന് വാങ്ങാന്‍ ആളുണ്ട്. ഒരു പണിയുമില്ലാത്ത ഡിറ്റക്ടീവുകള്‍ക്ക് വേണമെങ്കില്‍ ഈ 500 ഓഹരി തപ്പിയിറങ്ങാം.
ടൈംസ് ഓഫ് ഇന്ത്യയുടെ 400 ഓഹരികള്‍ കൂടി സ്വന്തമായപ്പോള്‍ വീരേന്ദ്ര കുടുംബത്തിന്റെ കൈകളിലുളളത് ആകെ 1200 ഓഹരികള്‍. 900 ഓഹരികള്‍ പി വി ചന്ദ്രന്‍ നയിക്കുന്ന കെറ്റിസി ഗ്രൂപ്പിന്റെ കൈയില്‍. 60 ഓഹരികള്‍ നാലപ്പാട് കുടുംബത്തിന്റെ കൈകളില്‍ അവശേഷിക്കുന്നു. ശേഷിക്കുന്നവ അഞ്ചും പത്തുമായി ചിതറിക്കിടക്കുകയാണ്.
പല താപ്പാനകളുടെയും കൈവശം അഞ്ചോ പത്തോ വീതം ഓഹരിയുണ്ട്. അതും വെച്ച് വീരേന്ദ്രനും കെടിസി ഗ്രൂപ്പിനും ഇടയില്‍ ചാഞ്ചാടിക്കളിക്കുന്നവരുടെ കൂട്ടത്തില്‍ എന്‍ പി രാജേന്ദ്രന്‍ ഉണ്ടാകാന്‍ വഴിയില്ല തന്നെ)
ബഹുരസമാണ് ഇന്നത്തെ മാതൃഭൂമിയുടെ സ്വാതന്ത്ര്യസമര പാരമ്പര്യത്തിന്റെ കഥ. കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാംക്ളാസ് മജിസ്ട്രേട്ട് രമേഷ് റായി 2002ല്‍ ഒരു മാനനഷ്ടക്കേസിലെ വിധിന്യായത്തില്‍ അത് ഇപ്രകാരം വലിച്ചു കീറിയിട്ടുണ്ട്.
"ദേശീയ സ്വാതന്ത്ര്യത്തിനുവേണ്ടി പ്രവര്‍ത്തിച്ച ദിനപത്രമാണെങ്കിലും ഇന്ന് അതിന്റെ ലക്ഷണമൊന്നും കാണുന്നില്ല. വളരെ മോശമായാണ് പംക്തിയില്‍ കാര്യങ്ങള്‍ പറഞ്ഞത്.''
പത്രത്തിന്റെ കോഴിക്കോട് എഡിഷനില്‍ മാനാഞ്ചിറയ്ക്കു ചുറ്റും എന്നൊരു പംക്തിയുണ്ട്. 1998 ഏപ്രില്‍ 12ന് അന്നത്തെ കോഴിക്കോട് മേയറായിരുന്ന എന്‍ കെ പ്രേമജത്തിനെതിരെ മാതൃസങ്കല്‍പം ഇങ്ങനെ എന്ന തലക്കെട്ടില്‍ ഒരു ലേഖനം പ്രത്യക്ഷപ്പെട്ടു. "പഥികന്‍" എന്ന തൂലികാനാമക്കാരന്‍ എഴുതിയത് പൂരപ്പാട്ടിനെ നാണിപ്പിക്കുന്ന വാര്‍ത്ത. അപമാനകരമായ വാര്‍ത്തയ്ക്കെതിരെ പ്രേമജം മാനനഷ്ടത്തിന് കേസു കൊടുത്തു.
വാദം കേട്ട കോടതി പത്രാധിപരെയും പ്രസാധകനെയും ആറുമാസത്തെ തടവിന് ശിക്ഷിച്ചു. വിധിന്യായത്തില്‍ മജിസ്ട്രേട്ട് പറഞ്ഞതാണ് മേലുദ്ധരിച്ച വാചകം. ജില്ലാ സെഷന്‍സ് കോടതിയില്‍ കൊടുത്ത അപ്പീലും തളളുമെന്നും വീരേന്ദ്രകുമാറും കൂട്ടുകാരനും ജയിലില്‍ പോകുമെന്നും വന്നപ്പോള്‍ പ്രേമജത്തിന്റെ കാലുപിടിച്ച് മാപ്പു പറഞ്ഞ് കേസില്‍ നിന്നൂരി.
പത്രത്തിന്റെ ഒന്നാം പേജില്‍ ഖേദപ്രകടനം നടത്തണമെന്നായിരുന്നു അവരുടെ ആവശ്യം. 2004 ഡിസംബര്‍ മൂന്നിന് പത്രത്തിന്റെ 58 എഡിഷനിലും ഒന്നാം പേജില്‍ മാപ്പപേക്ഷ പ്രസിദ്ധീകരിക്കുകയും സകല പത്രവും കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു. മാപ്പപേക്ഷ സ്വീകരിച്ച് കോടതി പ്രതികളെ വെറുതെ വിട്ടു. അല്ലായിരുന്നെങ്കില്‍ ദേശീയ സ്വാതന്ത്ര്യസമര സൃഷ്ടിയുടെ പത്രാധിപരും പ്രസാധകനും ആറുമാസം ഉണ്ട തിന്നേനെ..
ഇങ്ങനെയായിരുന്നു ഖേദം. "ഖേദപ്രകടനം- മാതൃഭൂമി ദിനപത്രത്തില്‍ മാതൃസങ്കല്‍പ്പം ഇങ്ങിനെയും എന്ന തലക്കെട്ടില്‍ "മാനാഞ്ചിറയ്ക്കു ചുറ്റും" എന്ന പംക്തിയില്‍ 1998 ഏപ്രില്‍ 12ന് അന്നത്തെ കോഴിക്കോട് കോര്‍പറേഷന്‍ മേയറായിരുന്ന പ്രൊഫ. എ കെ പ്രേമജത്തെ ഉദ്ദേശിച്ച് പ്രസിദ്ധീകരിച്ച ലേഖനം വസ്തുതകള്‍ക്കു നിരക്കാത്തതും അവര്‍ക്ക് അപകീര്‍ത്തികരവുമായതിനാല്‍ അത് പ്രസിദ്ധീകരിച്ചതില്‍ നിര്‍വ്യാജം ഖേദിക്കുന്നു -പത്രാധിപര്‍.''
ദേശീയ സ്വാതന്ത്ര്യ സമര സൃഷ്ടി അത്യുജ്ജലമായ ഭൂതകാലം നിലനിര്‍ത്തിപ്പോരുന്നതെങ്ങനെയെന്ന് മനസിലായില്ലേ.
എന്‍ പി രാജേന്ദ്രന്‍ ഇങ്ങനെ തുടരുന്നു...മാതൃഭൂമി പോലെയൊരു സ്ഥാനം ഏഷ്യനെറ്റിന് കേരളചരിത്രത്തിലോ സംസ്‌കാരത്തിലോ രാഷ്‌ട്രീയത്തിലോ ഇല്ലതന്നെ. കടലും കടലാടിയും തമ്മിലുള്ള അന്തരമാണ് മാതൃഭൂമിയും ഇന്നലത്തെ ചാനല്‍ചാകരയില്‍ മുളച്ച ഏഷ്യാനെറ്റും തമ്മിലുള്ളത്.
ശരിയാണ്. മാതൃഭൂമി പോലെയല്ല ഏഷ്യാനെറ്റ്. ഏഷ്യാനെറ്റിലും നടന്നിരുന്നു ഉടമസ്ഥത സംബന്ധിച്ച തര്‍ക്കം. ഡോ. രജി മേനോനും മരുമകന്‍ ശശികുമാറും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തപ്പോള്‍ അവര്‍ അലമ്പില്ലാതെയാണ് പിരിഞ്ഞത്. തോക്കെടുത്തില്ല. തെറിക്കഥ മുഴങ്ങിയില്ല.
ഒന്നുകില്‍ ഡോ. റെജി മേനോന്‍, അല്ലെങ്കില്‍ മരുമകന്‍ ശശികുമാര്‍. രണ്ടിലൊരാള്‍ ഏഷ്യാനെറ്റ് നടത്തിയാല്‍ മതിയെന്ന് ആദ്യമേ അവര്‍ തീരുമാനിച്ചു. കൊടുക്കാനുളള പണം മുഴുവന്‍ റെജി മേനോന് നല്‍കിയാല്‍ ശശികുമാറിന് ചാനല്‍ നടത്താം. അല്ലെങ്കില്‍ ശശികുമാറിന്റെ ഓഹരി അമ്മാവന് നല്‍കി സ്ഥലം വിടുക.
ശശികുമാര്‍ സന്തോഷത്തോടെ പണം കൈപ്പറ്റി ചാനലില്‍ നിന്ന് പിരിഞ്ഞ് ചെന്നൈയില്‍ ഏഷ്യന്‍ സ്ക്കൂള്‍ ഓഫ് ജേണലിസം സ്ഥാപിച്ചു.
മാന്യമായ ഒത്തുതീര്‍പ്പ്. അശ്ലീലക്കഥയില്ല. റിവോള്‍വറിന്റെ സഹായം വേണ്ടേ വേണ്ട... സ്വസ്ഥം.. സമാധാനം.. ശരിയല്ലേ..കടലും കടലാടിയും തമ്മിലുളള വ്യത്യാസമില്ലേ ഏഷ്യാനെറ്റും മാതൃഭൂമിയുമായി...
അമ്മാവന്‍ മരുമകന്‍ ബന്ധമല്ലെങ്കിലും രക്തബന്ധത്തിന്റെ രസകരമായ പരിണാമം മാതൃഭൂമിയിലുമുണ്ട്. അതുകൂടി അറിഞ്ഞാലേ ഏഷ്യാനെറ്റും മാതൃഭൂമിയും തമ്മിലുളള വ്യത്യാസം നന്നായി മനസിലാകൂ..
മാതൃഭൂമി മാനേജിംഗ് ഡയറക്ടര്‍ എം പി വീരേന്ദ്രകുമാറിന്റെ അച്ഛന്‍ പത്മപ്രഭാ ഗൗഡരുടെ പിതാവ് വയനാട് മണിയങ്കോട് എം കെ കൃഷ്ണഗൗഡര്‍ക്ക് മൂന്നു ഭാര്യമാരിലായി മക്കള്‍ പത്ത്. പത്മപ്രഭയും ജിനചന്ദ്രനുമാണ് ഏറ്റവും ഇളയവര്‍.
ഗൗഡരാണെങ്കിലോ, പ്രത്യേക തരം ദ്രാവകമുപയോഗിച്ച് ഇതര ലോഹങ്ങളെ സ്വര്‍ണമാക്കി മാറ്റാന്‍ കഴിവുണ്ടായിരുന്ന പുതുമയ്യ ഗൗഡരുടെ മകനും. സമ്പത്തും പ്രതാപവും പുതിയ തലമുറയ്ക്ക് കൈമാറുന്ന തിരക്കില്‍ ഈ പ്രത്യേക തരം ദ്രാവകം മക്കളെ ഏല്‍പ്പിക്കാന്‍ പുതുമയ്യ ഗൗഡര്‍ മറന്നു പോയി. സ്വര്‍ണവില ഇന്ന് വാണം പോലെ കുതിച്ചുയരുന്നതിന്റെ കാരണം ഇതും കൂടിയാണെന്ന് അറിയുക.
സ്വാതന്ത്ര്യസമരകാലത്ത് പത്രം പൂട്ടുമെന്ന ഘട്ടം വന്നപ്പോള്‍ സമര സേനാനികള്‍ തങ്ങളുടെ ഓഹരി അക്കാലത്തെ അതിസമ്പന്നര്‍ക്ക് കൈമാറിയാണ് താഴിടലിന്റെ ഭീഷണി ഒഴിവാക്കിയത്. ഭൂരിപക്ഷം ഓഹരികളും വാങ്ങിയത് എം കെ കൃഷ്ണഗൗഡര്‍. സ്വാതന്ത്ര്യസമര സൃഷ്ടിയാണ് ഇന്നത്തെ മാതൃഭൂമിയെന്ന് എന്‍ പി രാജേന്ദ്രന്‍ അവകാശപ്പെടുന്നത് വിഴുങ്ങും മുമ്പ് ഈ ചരിത്രത്തിന്റെ ഉപ്പു കൂടി ചേര്‍ക്കുന്നത് നന്ന്.
മൂത്തു പഴുത്ത സോഷ്യലിസ്റ്റായിരുന്നു പത്മപ്രഭാ ഗൗഡര്‍. ജിനചന്ദ്രന്‍ ഒന്നാംതരം കോണ്‍ഗ്രസും. ഇരുവരും തമ്മില്‍ 1956ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ തലശേരി മണ്ഡലത്തില്‍ നിന്നും പരസ്പരം മത്സരിച്ചു. വാശിയേറിയ മത്സരത്തിനൊടുവില്‍ വിജയദേവത മാലയിട്ട് സ്വീകരിച്ചത് ജിനചന്ദ്രനെ. മാതൃഭൂമിയുടെ ഭരണവും ജിനചന്ദ്രന്റെ കൈകളില്‍ തന്നെയായിരുന്നു.
ജിനചന്ദ്രന്റെ മകന്‍ എം ജെ കൃഷ്ണമോഹനായിരുന്നു 1977 - 79 കാലത്ത് മാതൃഭൂമിയുടെ മാനേജിംഗ് ഡയറക്ടര്‍. പിതാവും വലിയച്ഛനും തമ്മിലുളള പക ആ തലമുറയില്‍ തന്നെ തീരട്ടെയെന്ന് കൃഷ്ണമോഹന്‍ ആഗ്രഹിച്ചിരിക്കും. പത്രത്തിന്റെ ഡയറക്ടര്‍ ബോര്‍ഡിലെത്താനുളള ഓഹരി കൈവശമില്ലാതിരുന്ന അനിയന്‍ വീരേന്ദ്രകുമാറിന് മാതൃഭൂമി ഡയറക്ടര്‍ ബോര്‍ഡിലെത്താന്‍ കൃഷ്ണമോഹന്‍ ആവശ്യമായ ഓഹരി സ്വന്തം കൈയില്‍ നിന്ന് ദാനം നല്‍കി
1979 നവംബര്‍ ഒമ്പതിന് തിരുവനന്തപുരത്ത് ഒരു ലോഡ്‍്ജ് മുറിയില്‍ വെച്ച് നെഞ്ചുവേദന വന്ന് കൃഷ്ണമോഹന്‍ മരിച്ചതോടെയാണ് മാതൃഭൂമിയില്‍ വീരേന്ദ്രയുഗം പിറക്കുന്നത്. ............ ................. ... ........
.........................................................................................................................................................................
............................................................................................... ................ . .................................. ................... ................................................... ............................................. ................................... ............... ..............
...... 1979 നവംബര്‍ 11ന് ശ്രീമതി മറുദേവി അവ്വയുടെയും ശ്രീ പത്മപ്രഭാ ഗൗഡറുടെയും മകന്‍ വീരേന്ദ്ര കുമാര്‍ മാതൃഭൂമി പ്രിന്റിംഗ് ആന്റ് പബ്ലിഷിംഗ് കമ്പനിയുടെ മാനേജിംഗ് എഡിറ്ററായി ചുമതലയേറ്റു.
എംഡിയുടെ ഭരണം പൊടിപൊടിച്ച് മുന്നേറവെ, 1987 സെപ്തംബര്‍ മാസത്തില്‍ അന്നത്തെ കേരള മുഖ്യമന്ത്രി ഇ കെ നായനാരുടെ മുന്നില്‍ ഒരു പരാതിയെത്തി. പരാതിക്കാരി വി ഡി പത്മരാജ ഗൌഡരുടെ ഭാര്യ സുശീലാദേവി. എം പി വീരേന്ദ്രകുമാറിന്റെ സ്വന്തം അനുജത്തി.
രാഷ്ട്രീയ സ്വാധീനം, എംഎല്‍എ സ്ഥാനം, മാതൃഭൂമി മാനേജിംഗ് ഡയറക്ടര്‍ പദവി എന്നിവ ദുരുപയോഗപ്പെടുത്തി എം പി വീരേന്ദ്രകുമാര്‍ തന്നെയും കുടുംബത്തെയും നശിപ്പിക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്നുവെന്നായിരുന്നു പരാതി. .
പത്മപ്രഭാ ഗൗഡര്‍ക്ക് രണ്ടു ഭാര്യമാരിലായി മക്കള്‍ എട്ട്. പിതാവിന്റെ സ്വത്തു മുഴുവന്‍ ആണ്‍മക്കളായ വീരേന്ദ്രനും ചന്ദ്രദാസിനും. പെണ്‍മക്കള്‍ക്ക് കിട്ടിയത് അമ്മയുടെ സ്വത്ത്. കല്‍പ്പറ്റ നഗരത്തില്‍ സുശീലാ ദേവിയ്ക്കുണ്ടായിരുന്ന രണ്ടര സെന്റ് സ്ഥലം അവരറിയാതെ വീരേന്ദ്രകുമാര്‍ വിറ്റതിനെ പിതാവ് പത്മപ്രഭ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് കേസും വഴക്കും വൈരാഗ്യവുമായത്.
രണ്ടര സെന്റ് ഭൂമിയെച്ചൊല്ലിയുണ്ടായ തര്‍ക്കം സ്വന്തം സഹോദരിയെ കൊലക്കേസില്‍ കുടുക്കുന്നതു വരെ കത്തിച്ചുയര്‍ത്തി, സ്വാതന്ത്ര്യസമര സൃഷ്ടിയായ പത്രത്തിന്റെ അധിപന്‍. വീട്ടുജോലിക്കു നിന്ന ശാന്തപ്പന്‍ എന്നയാള്‍ സുശീലാദേവിയുടെ വളപ്പില്‍ തൂങ്ങി മരിച്ച സംഭവം വീരേന്ദ്രകുമാറും സംഘവും ഭംഗിയായി ഉപയോഗിച്ചു. സഹോദരിയെ കൊലക്കേസില്‍ കുടുക്കാന്‍ പത്രത്തില്‍ പരമ്പര തുടങ്ങി. സംഭവം നടന്നത് 1984ല്‍.
പ്രാഥമികാന്വേഷണത്തില്‍ ആത്മഹത്യയാണെന്ന് അമ്പലവയല്‍ പൊലീസ് കണ്ടെത്തിയെങ്കിലും ഗള്‍ഫ് പര്യടനം കഴിഞ്ഞ് വീരേന്ദ്രകുമാര്‍ തിരിച്ചെത്തിയതോടെ കളി മാറി. ആക്ഷന്‍ കൗണ്‍സിലായി, പത്രത്തില്‍ പരമ്പരയായി. പിന്നെ സുശീലാദേവിയുടെ വീട്ടിനു മുന്നില്‍ സത്യഗ്രഹം, കൂട്ടധര്‍ണ, അക്രമം, തെറിവിളി.
സ്വന്തം സഹോദരിക്കെതിരെ പത്രത്തില്‍ മഞ്ഞപ്പരമ്പരയെഴുതണമെന്ന വീരേന്ദ്ര കുമാറിന്റെ ആവശ്യം ചങ്കൂറ്റത്തോടെ നിരസിച്ച കെ ജയചന്ദ്രന്‍ എന്ന റിപ്പോര്‍ട്ടറെയും ഇവിടെ ഓര്‍ക്കണം. ഈ ജയചന്ദ്രനാണ് ഏഷ്യാനെറ്റിന്റെ ഏറ്റവും ജനപ്രിയ വാര്‍ത്താ പരിപാടിയായ കണ്ണാടിയുടെ സൃഷ്ടാക്കളിലൊരാള്‍. സുശീലാദേവിയുടെ വീട്ടുമുറ്റത്ത് ആക്ഷന്‍ കൗണ്‍സിലുകാര്‍ നടത്തിയ ധര്‍ണ്ണയില്‍ പ്രസംഗിക്കാന്‍ സാക്ഷാല്‍ വീരേന്ദ്രകുമാര്‍ തന്നെ നേരിട്ടെത്തി.
ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചുമൊക്കെ മാറിമാറി അന്വേഷിച്ചിട്ടും ആത്മഹത്യ കൊലപാതകമായില്ല. ഒടുവില്‍ ശാന്തപ്പന്റെ മരണം കടങ്കഥയോ എന്ന് സംശയമുന്നയിച്ച് മാതൃഭൂമി പരമ്പരയും അവസാനിപ്പിച്ചു.
പറയൂ, ഏഷ്യാനെറ്റു പോലെയാണോ മാതൃഭൂമി. അല്ലെങ്കില്‍ മാതൃഭൂമി പോലെയാണോ ഏഷ്യാനെറ്റ്. നീലക്കടലും നിലകടലയും തമ്മിലുളള ബന്ധം പോലുമില്ല ഈ രണ്ടു സ്ഥാപനങ്ങളും തമ്മില്‍.
ഇങ്ങനെയൊരു മാനേജിംഗ് ഡയറക്ടറുടെ പത്രത്തില്‍ ജേണലിസം ട്രെയിനിയായി 1981ല്‍ പ്രവേശിച്ച്, സ്റ്റാഫ് റിപ്പോര്‍ട്ടറും ചീഫ് റിപ്പോര്‍ട്ടറും ചീഫ് സബ് എഡിറ്ററും ന്യൂസ് എഡിറ്ററുമായി വളര്‍ന്ന് ഇന്ന് ഡെപ്യൂട്ടി എഡിറ്ററുടെ കസേരയില്‍ ഇരിക്കുന്ന എന്‍ പി രാജേന്ദ്രന്‍, മുര്‍ഡോക്കിനെയും ടൈംസ് ഓഫ് ഇന്ത്യയെയും എങ്ങനെയാവും വിലയിരുത്തുക? അശ്വമുഖത്തു നിന്നു തന്നെ കേള്‍ക്കുക..
തീര്‍ച്ചയായും ടൈംസ് ഓഫ് ഇന്ത്യയേക്കാള്‍ കൊടുംവിഷമുള്ള മൂര്‍ഖനാണ് മര്‍ഡോക് എന്ന കാര്യത്തില്‍ സംശയം ഇതെഴുതുന്ന ആള്‍ക്കില്ല...
വായിക്കുന്ന ആളുകളുടെ സംശയം വേറെയാണ് സാര്‍...
സാക്ഷരകേരളത്തിലെ പൊതുസമൂഹത്തെ തെല്ലും പേടിയില്ലാതെ സ്വാതന്ത്ര്യസമര പാരമ്പര്യമുളള ഒരു പത്രത്തിന്റെ മാനേജിംഗ് ഡയറക്ടറുടെ കസേരയിലിരുന്ന് മേല്‍പറഞ്ഞതൊക്കെ ചെയ്തത് എത്ര കടുത്ത വിഷമുളള ജീവിയായിരിക്കും..?1979 നവംബര്‍ 11 മുതല്‍ മാതൃഭൂമി പത്രത്തിന്റെ ബലത്തില്‍ കൊടും വിഷം ചീറ്റുന്ന മാധ്യമ രാജവെമ്പാലയെ സഹിക്കാമെങ്കില്‍ കേരളീയര്‍ എന്തിന് റൂപ്പര്‍ട്ട് മുര്‍ഡോക്കിനെ ഭയക്കണം.....?
ഒരുവേള പഴക്കമേറിയാല്‍
ഇരുളും മെല്ലെ വെളിച്ചമായി വരുമെന്നല്ലേ കവി വചനവും.
കൈരളി ടിവിയിലെ ചില മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ സ്ഥാപനം കൈക്കൊണ്ട അച്ചടക്ക നടപടിയ്ക്കെതിരെയും ഭംഗ്യന്തരേണ എന്‍ പി രാജേന്ദ്രന്‍ പരാമര്‍ശിക്കുന്നുണ്ട്. അതു വായിച്ചപ്പോള്‍ ഒരു സംശയമേയുളളൂ..
പത്രത്തിന്റെ അസിസ്റ്റന്റ് എഡിറ്ററായിരിക്കെ 1988ല്‍ മാതൃഭൂമിയില്‍ നിന്ന് പുറത്താക്കപ്പെട്ട പി രാജന്‍ വായിക്കാതിരിക്കാനാണോ എന്‍ പി രാജേന്ദ്രന്‍ ഈ ലേഖനം പത്രത്തില്‍ പ്രസിദ്ധീകരിക്കാതെ ബ്ലോഗില്‍ മാത്രം ഇട്ടത്? ആവാനാണ് വഴി.. സ്വാതന്ത്ര്യസമര സൃഷ്ടിയായ പത്രത്തില്‍ നടമാടുന്ന ഹീനമായ ഒതുക്കലുകളുടെയും പിരിച്ചുവിടലുകളുടെയും കഥ ഏറ്റവും തീക്ഷ്ണമായി എഴുതാന്‍ കഴിയുന്ന പി രാജന്‍ പുറംലോകത്ത് ജീവിച്ചിരുപ്പുണ്ടല്ലോ..
കൈരളി, സ്റ്റാര്‍ ടിവി, ഏഷ്യാനെറ്റ് എന്നിവയുടെയൊക്കെ മുതലാളിമാര്‍ക്ക് സ്വഭാവം ഒന്നുതന്നെയെന്നും നിലനില്‍പ്പിന് അവര്‍ സ്വീകരിക്കുന്നത് ഒരേ മാര്‍ഗങ്ങളാണെന്നും തൊഴിലാളികളോട് അവര്‍ സ്വീകരിക്കുന്ന നയം ഒന്നു തന്നെയെന്നും എന്‍ പി രാജേന്ദ്രന്‍ എഴുതുമ്പോള്‍ തര്‍ക്കമൊന്നുമില്ല. ആ പട്ടികയില്‍ മാതൃഭൂമിയുടെ മുതലാളിമാരെക്കൂടി ഉള്‍പ്പെടുത്തണമെന്നേയുളളൂ..
അക്കാര്യം വരുമ്പോള്‍, കടലും കടലാടിയുമെന്നൊക്കെയുളള ന്യായം കടന്നു വന്നാല്‍ പി രാജനെപ്പോലുളളവര്‍ ചുണ്ടിന്റെ ഒരു വശം കോട്ടി ഒന്നു ചിരിക്കും. ആയിരം അര്‍ത്ഥങ്ങളുളള ചിരി. ആദരണീയനായ എന്‍ പി രാജേന്ദ്രന്‍ അതു കാണാതെ പോകരുത്.
ഈ ലേഖനത്തിനുളള എന്‍ പി രാജേന്ദ്രന്റെ മറുപടി -
മര്‍ഡോക്കും മാരീചനും മൂര്‍ത്തിയും ശേഷം മഹാന്മാരും
മര്‍ഡോക്കും മാരീചനും....
എന്‍ പി ആറിനോടുളള പ്രതികരണങ്ങള്‍
ഭാഗം ഒന്ന് - എന്‍ പി രാജേന്ദ്രന് ആദരവോടെ....
ഭാഗം രണ്ട് - എന്‍ പി ആറിനുളള മറുപടി..രണ്ടാം ഭാഗം..