
സിപിഐ വിട്ട് സിപിഎമ്മില്‍ ചേര്‍ന്ന പ്രശാന്തന് സ്വതന്ത്രനായി രംഗത്തിറങ്ങി. പ്രാദേശിക സിപിഎമ്മുകാര്‍ പ്രശാന്തനു പിന്നില്‍ അണി നിരന്നു. സിപിഎം കൊല്ലം ജില്ലാ സെക്രട്ടറി രാജഗോപാല്‍ നേരിട്ട് ഇടപെട്ടിട്ടും അവര്‍ അയഞ്ഞില്ല. സിപിഐക്കാരുമായി യാതൊരിടപാടിനും തയ്യാറല്ലെന്ന് സിപിഎമ്മിന്റെ പ്രാദേശിക പ്രവര്‍ത്തകര്‍ തീര്‍ത്തു പറഞ്ഞപ്പോള്‍, പാര്‍ട്ടി ചെപ്ര ബ്രാഞ്ച് സെക്രട്ടറി മനോജിനെ പുറത്താക്കിയാണ് സിപിഎം ജില്ലാ നേതൃത്വം മുന്നണി മര്യാദയുടെ അന്തസു കാത്തത്.
ഒടുവില്‍ ബാലറ്റു പെട്ടി തുറന്നു നോക്കിയപ്പോള്‍ പ്രശാന്തന് വോട്ട് 684. സിപിഐയുടെ സ്ഥാനാര്‍ത്ഥി പ്രഭാവതിയ്ക്ക് വോട്ട് 60. തന്റെ പഞ്ചായത്തില്‍ വെറും നാലു മാസം മുമ്പ് നടന്ന ശക്തിപരീക്ഷണത്തിലെ വെളിപ്പെടലിന്റെ പശ്ചാത്തലത്തിലാണ് സഖാവ് വെളിയം ഭാര്ഗവന് 1965ലെ കണക്കുകളില്‍ നിന്ന് പാഠം പഠിക്കാന്‍ സിപിഎമ്മിനോട് ആവശ്യപ്പെടുന്നത്.
വെളിയം വെളിപ്പെടുത്തിയ കണക്കനുസരിച്ച് 1965ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 33 മണ്ഡലങ്ങളില്‍ സിപിഐ, സിപിഎമ്മിനെക്കാള്‍ കൂടുതല്‍ വോട്ടു നേടി.
വിശേഷണ പദങ്ങള്‍ നമുക്കു മറക്കാം. പെട്ടിയാട്ടോയിലോ ഫിയറ്റു കാറിലോ കൊള്ളാനുളള ആളുപോലുമില്ലാത്ത പാര്‍ട്ടിയെന്ന സ്ഥിരം ആക്ഷേപങ്ങള്‍ നമുക്കു മാറ്റി വെയ്ക്കാം. എന്നിട്ട് വെളിയം ഭാര്ഗവന് തുറന്ന ആ 65-ാം പാഠം നമുക്കൊന്ന് പഠിക്കാം.
1965ല്‍ കേരളത്തില്‍ ആകെ മണ്ഡലം 133. എല്ലാ സീറ്റിലും ഒറ്റയ്ക്ക് മത്സരിച്ച ഏക പാര്‍ട്ടി കോണ്‍ഗ്രസ്. അവര്‍ക്ക് കിട്ടിയത് 36 സീറ്റ്.
സിപിഎം മത്സരിച്ചത് 73 സീറ്റില്‍. ജയിച്ചത് 40 സീറ്റില്‍. കെട്ടി വെച്ച കാശുപോയത് 9 സീറ്റില്‍.
സിപിഐ മത്സരിച്ച സീറ്റുകളുടെ എണ്ണം സ്വതന്ത്രരടക്കം 79. ജയിച്ചവര്‍ മൂന്നേ മൂന്ന്. പത്തനാപുരത്ത് പി സി ആദിച്ചന്, ഉടുമ്പന്‍ചോലയില്‍ കെ ടി ജേക്കബ്, കൊടകരയില്‍ പി സി നമ്പൂതിരി എന്നീ സഖാക്കള്‍. കെട്ടി വെച്ച കാശുപോയത് 54 സീറ്റുകളില്‍. വിജയിച്ച മൂന്നു സീറ്റുകളിലും സിപിഎം മത്സരിച്ചില്ല.
പിളര്‍പ്പിനു ശേഷം നടന്ന ബലാബലത്തില്‍ കേരളത്തിലെ 33 മണ്ഡലങ്ങളില്‍ സിപിഐയ്ക്ക്, സിപിഎമ്മിനെക്കാള്‍ വോട്ടു കിട്ടിയെന്നാണ് വെളിയം ഭാര്ഗവന് വാര്‍ത്താ സമ്മേളനത്തില്‍ അവകാശപ്പെട്ടത്.
അന്ന് 43 സീറ്റുകളിലാണ് സിപിഎമ്മും സിപിഐയും നേര്‍ക്കു നേര് മത്സരിച്ചത്. ഒരു സീറ്റില്‍ പോലും സിപിഎമ്മിനെ പരാജയപ്പെടുത്തി സിപിഐയ്ക്ക് ജയിക്കാനായില്ല. പക്ഷേ, 11 മണ്ഡലങ്ങളില്‍ സിപിഎമ്മിനെക്കാള്‍ കൂടുതല്‍ വോട്ട് അവര്‍ നേടി.
ആ മണ്ഡലങ്ങള്‍ ഇവയാണ്.
1. ചാത്തന്നൂര്‍ (സിപിഐ - 16695, സിപിഎം 4627),
2. കുണ്ടറ (സിപിഐ - 14126, സിപിഎം - 13010),
3. കൃഷ്ണപുരം(സിപിഐ - 16229, സിപിഎം 15304),
4. അടൂര്‍ (സിപിഐ -15287, സിപിഎം - 6791),
5. കൊട്ടാരക്കര (സിപിഐ - 19395, സിപിഎം - 561),
6. പുനലൂര്‍ (സിപിഐ 13787, സിപിഎം - 6252),
7. കോന്നി (സിപിഐ-14972, സിപിഎം 1802),
8. റാന്നി (സിപിഐ 7545, സിപിഎം - 2058),
9. ആലപ്പുഴ (സിപിഐ - 12693, സിപിഎം - 9858),
10. വൈക്കം (സിപിഐ-14975, സിപിഎം 6494),
11. വാഴൂര്‍ (സിപിഐ - 8086, സിപിഎം - 2940).
ഓര്‍ക്കുക. ഇവയിലൊന്നില്‍ പോലും സിപിഐക്ക് വിജയിക്കാനായില്ല.
ശേഷിക്കുന്ന 32 സീറ്റുകളില്‍ സിപിഎം സിപിഐയെക്കാള്‍ വോട്ടു നേടി. അതില്‍ 23 സീറ്റുകളില്‍ സിപിഎം വിജയിച്ചു. അതായത് ആകെ വിജയിച്ച സീറ്റുകളില്‍ പകുതിയിലധികവും സിപിഐയെക്കൂടി പരാജയപ്പെടുത്തിയാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി വിജയിച്ചത്.
സിപിഎം ജയിച്ച സീറ്റുകളും വോട്ടിംഗ് നിലയും താഴെ കൊടുക്കുന്നു.
1. പയ്യന്നൂര്‍ (സിപിഎം 29537, സിപിഐ - 2143),
2. തളിപ്പറമ്പ് (29430, 2013),
3. ഇരിക്കൂര്‍ (27284, 3270),
4. നാദാപുരം ( 26224, 2039),
5. കോഴിക്കോട് 1 (27671, 1384),
6. ബേപ്പൂര്‍ (25342, 1736),
7. പട്ടാമ്പി (19992, 12213),
8. ഒറ്റപ്പാലം (20802, 2219),
9. ശ്രീകൃഷ്ണപുരം (16571, 4581),
10. മണ്ണാര്‍കാട് (16099, 3949),
11. പാലക്കാട് (17747, 2251),
12. കൊല്ലങ്കോട് (22749, 2431),
13. ആലത്തൂര്‍ (26328, 2037),
14. കുന്നംകുളം (26448, 2155),
16. തൃപ്പൂണിത്തുറ (24387, 1261),
17. പീരുമേട് (12345, 5615),
18. പുതുപ്പളളി (15571, 1703),
19. കോട്ടയം(17880, 1705),
20. അരൂര്‍ (19426, 6544),
21. മാരാരിക്കുളം (22424, 3911),
22. പന്തളം (20241, 4043),
23. നേമം (17756, 2881).
ജയിച്ചില്ലെങ്കിലും സിപിഎം സിപിഐയെക്കാള്‍ വോട്ടു നേടിയ മണ്ഡലങ്ങള്‍ ഇവയാണ്.
1. നെയ്യാറ്റിന്‍കര (രണ്ടാം സ്ഥാനം) (സിപിഎം - 15177, സിപിഐ 4343)
2. കഴക്കൂട്ടം (രണ്ടാം സ്ഥാനം) (14011, 4809)
3. വര്‍ക്കല (രണ്ടാം സ്ഥാനം ) (12381, 10770)
4. അമ്പലപ്പുഴ (രണ്ടാം സ്ഥാനം) (14330, 4460)
5. കുന്നത്തുനാട് (രണ്ടാം സ്ഥാനം) (20834, 4816)
6. ഞാറയ്ക്കല്‍ (രണ്ടാം സ്ഥാനം) (17141, 3916)
7. ചേലക്കര (രണ്ടാം സ്ഥാനം) (17177, 3144)
8. പൊന്നാനി (മൂന്നാം സ്ഥാനം) (13589, 3302)
9. മലപ്പുറം (മൂന്നാം സ്ഥാനം) (10008, 2923).
തലശേരിയില്‍ സിപിഎം സ്ഥാനാര്‍ത്ഥി 27981 വോട്ടു നേടി വിജയിച്ചപ്പോള്‍ സിപിഐ പിന്തുണച്ച സ്വതന്ത്രന് വി ആര് കൃഷ്ണയ്യര്‍ക്ക് കിട്ടിയത് 7298 വോട്ട്.
സിപിഎം മത്സരിക്കാത്ത മണ്ഡലങ്ങളില്‍ സിപിഐ സ്ഥാനാര്‍ത്ഥികളുടെ പ്രകടനം ഇങ്ങനെയായിരുന്നു.
1. കൂത്തുപറമ്പ് (പോള്‍ ചെയ്ത വോട്ട് 52153 സിപിഐ 3876)
2. വടകര ( 51670, 2111)
3. കൊയിലാണ്ടി (60769, 761)
4. കോഴിക്കോട് 2 (54306, 1658)
5. ചിറ്റൂര്‍ ( 44304, 2304)
6.കുഴല്‍മന്ദം (37370, 1872)
7. വടക്കാഞ്ചേരി (46300, 3833)
8. മണലൂര്‍ (53989, 12703)
9. ഇരിങ്ങാലക്കുട (50692, 11104)
10.മാള (രണ്ടാം സ്ഥാനം) (47,714, 13282)
11. ഗുരുവായൂര്‍ (47714, 6560)
12. ചെങ്ങന്നൂര്‍ (രണ്ടാം സ്ഥാനം) (50637, 13847)
13. അങ്കമാലി (48009, 1336)
14. പാറൂര്‍ (46303, 6480)
15 മട്ടാഞ്ചേരി (50244, 4557)
16. എറണാകുളം (48286, 8583)
17. മൂവാറ്റുപുഴ (50415, 11281)
18. ചങ്ങനാശേരി (രണ്ടാം സ്ഥാനം) (49377, 16893)
19. തിരുവല്ല (52010, 2398)
20. ആറന്മുള (48223, 2094)
21. ചെങ്ങന്നൂര്‍ (52529, 505)
22. മാവേലിക്കര (52615, 4429)
23. ചടയമംഗലം (47295, 14207)
24. ആര്യനാട് (34735, 5115)
25, നെടുമങ്ങാട് (38382, 9625)
26. തിരുവനന്തപുരം 1 (36056, 2583)
27. വിളപ്പില്‍ (44730, 4651)
28. പാറശാല (43281, 5086)
സിപിഎമ്മിന് കിട്ടിയ ആകെ വോട്ട്..12,57,869. സിപിഐയ്ക്ക് കിട്ടിയത് 5,25,456. മത്സരിച്ച സീറ്റുകളില്‍ സിപിഎം 36.17% വോട്ടു നേടിയപ്പോള്‍ സിപിഐയ്ക്ക് കിട്ടിയത് 13.87%.
ഇലക്ഷന് കമ്മിഷന്റെ കൈവശമുളള കണക്കുകളാണ് ഇവ. ഇനി അറിയേണ്ടത് എംഎന്‍ സ്മാരകത്തില്‍ സഖാവ് വെളിയം ഭാര്‍ഗവന്റെ കീശയിലുളള കണക്കുപുസ്തകത്തിലെ 1965 കാലത്തെ തിരഞ്ഞെടുപ്പു കണക്കാണ്. ഏതൊക്കെയാണ് സഖാവേ, ആ 33 മണ്ഡലങ്ങള്‍?
36 comments:
ഇലക്ഷന് കമ്മിഷന്റെ കൈവശമുളള കണക്കുകളാണ് ഇവ. ഇനി അറിയേണ്ടത് എംഎന്‍ സ്മാരകത്തില്‍ സഖാവ് വെളിയം ഭാര്‍ഗവന്റെ കീശയിലുളള കണക്കുപുസ്തകത്തിലെ 1965 കാലത്തെ തിരഞ്ഞെടുപ്പു കണക്കാണ്. ഏതൊക്കെയാണ് സഖാവേ, ആ 33 മണ്ഡലങ്ങള്‍?
വെളിയം ഭാര്ഗ്ഗവന് അങ്ങനെയാണ് ഇന്ന് ഒന്ന് പറയും നാളേ അത് മാറ്റിപ്പറയും. ഇന്നലെ താങ്കള്‍ ഇതല്ലെ പറഞ്ഞത് എന്ന് ആരെങ്കിലും ചോദിച്ചാല്‍ ചോദിച്ചവനേ നോക്കി നിങ്ങള്‍ നുണയനാണ് എന്ന് പറയും. എന്തു ചെയ്യാം ഓരോ ശീലങ്ങള്‍
സെസ് ഉണ്ടായാല്‍ കലാപം ഉണ്ടാകും എന്ന് വെളിയം ആശാന് കുറച്ചുകാലം മുന്നേ പറഞ്ഞത് മറന്നില്ലല്ലോ അല്ലേ?
നന്ദി മാരീചന്,
ഈ വിവരങ്ങള്‍ക്ക്.
ഇന്നലെ മുതല്‍ ഇത് തപ്പിനടക്കുകയാണ്.
ആകെ നുള്ളിപ്പറക്കിയാല് ആയിരം വോട്ടു സ്വന്തം നിലയില്‍ല്‍ തികക്കാന്‍ പാടുപെട്ടേക്കാവുന്ന പൊന്നാനി മണ്ഡലത്തിനു വേണ്ടിയാണ് ഈ സി.പി.ഐ പരാക്രമം നടക്കുന്നതെന്നാണ് ഏറ്റവും വലിയ തമാശ. പൊന്നാനിക്കാരായ ജനങ്ങള്‍ ഒരു ഹാസ്യ സീരിയല്‍ കാണുന്നപോലെ ഇതിനെ കണ്ടു കൊണ്ടിരിക്കുന്നു.
ഏതായാലും വെളിയത്തിന് ഇനി വെളിവു വരുന്ന കാലം പ്രതീക്ഷിക്കണ്ട, പ്രായമായില്ലെ.
വെളിയത്തിനേ പോലെ വിവരം കെട്ടതും നെറി കേടിന്റെ ആള് രൂപവുമായ പൊളിറ്റീഷന്‍ കേരളത്തില്‍ ഒരിക്കലും ഉണ്ടായിട്ടില്ല എന്നു തോന്നുന്നു.
നന്നായി മാരീച.
ഹഹ ഹ ഹ ഹ ഹഹ ഹ ഹ ഹ ഹഹ ഹ ഹ ഹ ഹഹ ഹ ഹ ഹ ഹഹ ഹ ഹ ഹ ഹഹ ഹ ഹ ഹ ഹഹ ഹ ഹ ഹ ഹഹ ഹ ഹ ഹ ഹഹ ഹ ഹ ഹ ഹഹ ഹ ഹ ഹ ഹഹ ഹ ഹ ഹ ഹഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ!
ഇത്തിള്‍ എന്നുപറഞ്ഞാല്‍ ഇതൊരൊന്നൊന്നര ഇത്തിളു തന്നെ.
കഴിഞ്ഞ പോസ്റ്റില്‍ തഥാഗതന് ജീ പറഞ്ഞത് കണക്കുകളുടെയടിസ്ഥാനത്തില് ഇതിലും ഭംഗിയായി എങ്ങനെ തെളിയിക്കും..ല്ലേ മാരീചരേ ?
സൂപ്പർ അനാലിസിസ് മാരീചൻ.....ഞാൻ ഇതു അന്വേഷിച്ചു നടക്കുകയായിരുന്നു..ഇതെവിടെ നിന്നാ ഇത്ര പെട്ടെന്ന് തപ്പി എടുക്കുന്നത്?
കമലിനെ സ്ഥാനാർത്ഥിയാക്കാൻ സിപി ഐ മുൻകൈ എടുക്കുന്നു..
ഇരുണ്ടലച്ചാർത്തിടുമാഴിയിങ്കൽ
എങ്ങാണ്ട് വെള്ളപ്പത കൂടി നിൽക്കെ
ഉച്ചൈശ്രവസ്സെന്ന് നിനച്ചു വെക്കം
കയറി പിടിപ്പൂ നിലയറ്റ മ്മർത്ത്യൻ (ഒർമ്മയിൽ നിന്ന്)
എന്ന് നാലപ്പാട് പണ്ട് പാടിയത് ഇവരെ ഉദ്ദേശിച്ചാകുമൊ
സ.വെളിയത്തിന്റെ ഉടമസ്ഥതയിലും കൈകാര്യ കർത്ത്ത്വത്തിലും ഉള്ള ഒരു പ്രൈവറ്റ് ലിമിറ്റെഡ് കമ്പനി.
ഇങ്ങനെയൊക്കെയാണു പത്താളെ കൂട്ടുന്നത്. കണ്ടില്ലേ ഇദ്ദേഹമല്ലായിരുന്നോ ഒന്നുരണ്ടു ദിവസത്തെ താരം? അതും തോൽക്കുന്ന ഒരു പൊന്നാനി സീറ്റിൽ തോൽവി കുറച്ചുകൂടി ഉറപ്പു വരുത്താനുള്ള ഒരു വെപ്രാളത്തിന്റെ പുറത്ത്..
.ഇതിനെ കൂടെ നിറുത്തിയാലുള്ള പ്രയോജനം എന്താണ്? അവരുടെ ഏതാനും സ്ഥാനാർതികളെ ജയിപ്പിച്ചു കൊടുക്കണം.പക്ഷെ അവരോ?
പരമ്പരാഗതമായി സി.പി.ഐക്കാർ കോൺഗ്രസ്സുകാരേക്കാൾ പുകൽപെറ്റ സി.പി.എം വിരോധികളാണ്. സി.പി.എം വോട്ടുകൊണ്ട് സ്വന്തം സ്ഥാനാർത്ഥികൾ ജയിക്കുന്നതല്ലാതെ ഒരു തെരഞ്ഞെടുപ്പിലും സി.പി. ഐക്കാർ സി.പി.എം സ്ഥാനാർഥികൾക്കു വോട്ടുകൊടുക്കുന്ന പതിവില്ല.
ഇപ്പോൾ തന്നെ വെളിയം പറഞ്ഞതു കേട്ടില്ലേ? ഏതു സാഹചര്യവും നേരിടാൻ സി.പി.ഐ ഒരുക്കമാണെന്ന്. പച്ച്യ്ക്കു പറഞ്ഞാൽ യു.ഡി എഫിൽ ചേരാൻ മടിയില്ലെന്നുതന്നെ. കോൺഗ്രസിനും യു.ഡി.എഫിനും ഒപ്പം കൂടാൻ ഉള്ള ഒരു മുൻ കരുതൽ സി.പി.ഐയ്ക്ക് പണ്ടേ ഉണ്ട്.
സ്വന്തം സ്ഥാനാർഥികളെപ്പോലും ജയിപ്പിയ്ക്കാൻ കഴിയാത്ത സി. പി.ഐയ്ക്ക് പ്രാദേശിക തലം മുതൽ ഈ മറ്റേപ്പണി പണ്ടേ അറിയാവുന്നതാണ്. അതിലൊന്നാണ് കാലുവാരൽ. എത്രയോ തെരഞ്ഞെടുപ്പുകളിൽ അവർ കോൺഗ്രസുകാരുമായി ചേർന്ന് ഈ പണി ചെയ്തിരിയ്ക്കുന്നു. ഈ പരാന്ന ജീവിയ്ക്ക് എൽ.ഡി.എഫിൽ തന്നെ നിൽക്കണമെന്നു നിർബന്ധമൊന്നും ഇല്ല. എൽ.ഡി എഫിനൊപ്പം നിന്നാൽ സി.പി.എം മുന്നണിതാല്പര്യം മുന്‍നിർത്തി അഹോരാത്രം പണിപ്പെട്ട് സി.പി.ഐ സ്ഥാനാർത്ഥികളേയും ജയിപ്പിയ്ക്കും. അതല്ലെങ്കിൽ കോൺഗ്രസ്സിന്റെ കൂടെ ചേർന്നാൽ അവരുടെ പ്രവർത്തനം കൊണ്ട് ജയിക്കും. എങ്ങനെയായാലും പരാന്നഭോജനം തന്നെ.
നോക്കണേ സി.പി.എം നവകേരള യാത്രനടത്തിയും , പാർട്ടിയ്ക്കും മുന്നണിയ്ക്കുമെതിരെയുള്ള പ്രചരണങ്ങളേയും ഒക്കെ പ്രതിരോധിച്ചും മറ്റും ഈ തെരഞ്ഞെടുപ്പിൽ ഒരു വിധം പരിക്കില്ലാതെ രക്ഷപ്പെടാവുന്ന ഒരു സാഹചര്യം ഉണ്ടാക്കി വച്ചു. എത്ര എളുപ്പത്തിലാണ് സി.പി.ഐ എന്ന ഈ കുളം കലക്കി പാർട്ടി എല്ലാം കളഞ്ഞു കുളിച്ചത്.
രാഷ്ട്രീയ സത്യസന്ധതയ്ക്കു പുല്ലു വില കല്പിയ്ക്കാത്ത മഹനീയ പാരമ്പര്യം കാത്തു സൂക്ഷിയ്ക്കുന്നതിൽ സി.പി.ഐയെ വെല്ലാൻ മറ്റൊരു പാർടിയില്ല. എല്ലാ തെരഞ്ഞെടുപ്പുകളിലും നല്ലൊരു പങ്കു സി.പി.ഐക്കാരും സി.പി.എം സ്ഥാനാർഥികൾക്ക് വോട്ടു ചെയ്യാറില്ല. താഴെ തലം തൊട്ടു കോൺഗ്രസ്സുമായി ചില അവിശുദ്ധ ബന്ധങ്ങൾ എക്കാലത്തുംസി.പി.ഐയ്ക്കുണ്ട്. ഇത് ഒരു ആരോപണമല്ല അനുഭവസാക്ഷ്യമാണ്. ഇപ്പോൾ സി.പി.ഐക്കാരുടെ വേല ഇതിനൊക്കെ അപ്പുറമാണ്. ദേശീയതലത്തിൽ പാർളമെന്റിൽ സി.പി.എം അംഗസംഖ്യയിൽ കുറവു വരുത്താനുള്ള ഗൂഢാലോചനയാണ്
ഈ ഉള്ളവനും ഒരു പോസ്റ്റു പോസ്റ്റിയിട്ടുണ്ട്. കാണുക.
ഈ കണക്കുകൾ സി.പി.ഐ ആസ്ഥാനത്തേയ്ക്ക് ഒന്ന് അയച്ചു കൊടുത്താലോ?
ഒക്കെ കണ്ടും കേട്ടും തലയ്ക്കു ‘വെളിവ് ‘ ഇല്ല്ലാതായിരിയ്ക്കുന്നു.
മാരീചരെ. വേറൊരു കണക്ക് ചോദിക്കുന്നു. കേഡര്‍ പാര്‍ട്ടികളുടെ വോട്ടുകൊണ്ടു ജയിക്കാവുന്ന ഏതു മണ്ഡലമുണ്ടു കേരളത്തില്‍? ചിലപ്പോള്‍ ലീഗിന്റെ ഏതെങ്കിലും കാണും. ജയപരാജയം നിശ്ചയിക്കുന്നത് ന്യൂട്രല്‍ ആയി നില കൊള്ളുന്നതും ചാഞ്ചാടുന്നതുമായ സാധാരണക്കാരാണ്. പാര്‍ട്ടി വിശ്വാസികളല്ലാത്തവര്‍. അവരെ കണക്കിലെടുത്താല്‍ ഈ ശുഭാപ്തി വിശ്വാസം തുടരുമോ? വിജയഭൂരിപക്ഷം അഞ്ചക്കത്തില് താഴുന്ന സമകാലീന പ്രവണതയില്‍?
വേരാരെങ്കിലുമാണെങ്കില് കമന്റില്ലാരുന്നു. സിന്‍സ് ഇറ്റ്സ് യൂ. ഐ കാന്‍ ആസ്ക്. സുനില്‍ കൃഷ്ണയും ആഗ്നേയനും ഒഴികെ മിക്കവാറും എല്ലാവരും സുപരിചതിരായതു കൊണ്ടും കൂടെയാണ് ഈ സ്വാതന്ത്ര്യപ്രകടനം.
tracking
നമത് വാഴും കാലത്തിനോട് ചില സംശയങ്ങള്‍ ചോദിക്കാനുണ്ടായിരുന്നു.
ലീഗ് കെഡര് പാര്‍ട്ടിയാണോ?
ആ പാര്‍ട്ടിയുടെ ഉറച്ച വോട്ടുകൊണ്ടാണോ ലീഗ് ജയിക്കുന്നത്?
തങ്ങളുടെ എം.എല്‍.എ/ എം.പി ആരായിരുന്നു എന്ന അറിയാത്ത, അവര്‍ ഏതു പാര്‍ട്ടിക്കാരാണെന്ന് അറിയാത്ത എന്നാല്‍ കോണി വോട്ടര്‍മാരായ ആളുകള്‍ ഉണ്ടായിരുന്നത് അറിയാമോ?
ന്യൂട്രല്‍ എന്ന വിഭാഗം കേരളത്തിലുണ്ടോ? അവസര വാദികള്‍ എന്ന് വിശേഷിപ്പിച്ചു കൂടെ?
ശ്രീ അനില്‍. കോള്‍ മീ നമത് -) മിക്കവാറും കാര്യങ്ങളിലും അറിവ് പരിമിതവും പ്രാഥമികവുമാതുകൊണ്ട് അനിലിനോളം ധാരണ പല വിഷയങ്ങളിലും കാണില്ല. സദയം ക്ഷമിക്കുക.
പണ്ട് വി.കെ.എന്നും എം.പി.നാരായണപിള്ളയും കൂടി പെണ്ണുകാണാന്‍ പോയി. പെണ്വീട്ടുകാരോരോന്നു ചോദിക്കുമ്പോള്‍ വി.കെ.എന്‍ പഴയ കാര്ന്നോന്മാരെക്കുറിച്ച് പറയാനാരംഭിക്കും. അരിയെത്രെ എന്ന ചോദ്യത്തിന് പയറഞ്ഞാഴി എന്ന ലൈന്‍.
കാണേണ്ട കണക്കിതൊന്നുമല്ല. കഴിഞ്ഞ ലോകസഭാ നിയമസഭാ ഇലക്ഷനുകളുടെ മാര്‍ജ്ജിന്‍ കണക്കാണ്. ഒരു ലോകസഭാ ഇലക്ഷനില്‍ 20000 വോട്ടൊക്കെ അവസാനഘട്ടത്തില്‍ തിരിച്ചുമറിച്ചും പിടിക്കാമെന്ന് പ്രാഥമിക രാഷ്ട്രീയാഭ്യാസമുള്ള ആര്‍ക്കും അറിയാം. അല്‍പ്പം ബുത്തുതലപ്രവര്ത്തനമെങ്കിലുമുണ്ടെങ്കില്.
20000ത്തിനു മുകളില്‍ ഭൂരിപക്ഷമുണ്ടായിരുന്ന മണ്ഡലങ്ങളുടെ കണക്കെടുക്കുക. എന്നിട്ടിവിടുള്ള കാറ്റുവീഴ്ചയും മണ്ഡരിബാധയും കണക്കിലെടുക്കുക. നെഗറ്റീവ് വോട്ടുകളുടെ ശത്മാനം ഊഹിക്കാന്‍ സാധിക്കുമെങ്കില്‍ അതും ചെയ്യുക. എന്നിട്ടും ശുഭാപ്തിവിശ്വാസമുണ്ടെങ്കില്‍ അത് ഉറച്ച സീറ്റാണ്.
തിരഞ്ഞെടുപ്പു ദിവസം മഴ പെയ്താലും കാറ്റു വന്നാലും സ്ഥിരം വോട്ടു ചെയ്യുന്നവരുണ്ട്. ഇടതു വോട്ടുകള്‍. മഴ പെയ്താല്‍ കോണ്‍ഗ്രസ്സ് വോട്ടില്‍ മട വീഴും. ഇരുഭാഗത്തെയും ഉറച്ച വോട്ട് ഒരു ഇലക്ഷന് കണ്‍വീനറുടെയും മുഖം തെളിയിക്കില്ല. അതിനു ശത്രുപക്ഷ/നിഷ്പക്ഷ വോട്ട് തങ്ങളുടെ പെട്ടിയില്‍ വീണെന്ന തെളിവ് വേണം. കോണി വോട്ടുകളുടെ കാര്യം പറഞ്ഞാല്‍ അന്ധമായി ഏതു ചിഹ്നത്തില്‍ ചെയ്യുന്ന വോട്ടും പഴയ കോണി വോട്ടു തന്നെയാണ്. പിഡിപി ചിഹ്നത്തിലായാലും രാമസേന ചിഹ്നത്തിലായാലും. ഭൌതികാര്‍ത്ഥത്തില്‍ അങ്ങനെ ഒരു വോട്ടിങ്ങ് പാറ്റേണ്‍ സാക്ഷരതാ കാലഘട്ടത്തിനു മുന്‍പ് മലപ്പുറത്ത് നടന്നു കാണണം. അല്‍പ്പം കൂടി മുന്‍പ് മറ്റു സ്ഥലങ്ങളിലും. അതിനു പാര്‍ട്ടിഭേദമൊന്നുമില്ല.
രാഷ്ട്രീയവിശ്വാസം പുലര്‍ത്താനുളള സ്വാതന്ത്ര്യത്തോളം വലുതാണ് രാഷ്ട്രീയവിശ്വാസം വേണ്ട എന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യവും. നിഷ്പക്ഷരെ അവസരവാദികള്‍ എന്നു വിളിക്കുന്നത് ദിശാബോധവും പക്വതയുമുള്ള ഒരു രാഷ്ട്രീയക്കാരനും ഒരിക്കലും ചെയ്യാന്‍ പാടില്ലാത്തതാണ്. പിണറായി പാറപ്പുറത്ത് പാര്‍ട്ടി ഉദിച്ചതു മുതല്‍ പിണറായി സഖാവ് വരെ ആരും ചെയ്യാത്തതാണ് ഈ നിഷ്പക്ഷ നിശബ്ദ വോട്ടര്‍മാരെ അവസരവാദികളെന്നു വിളിക്കുന്നത്. ഇടതായാലും വലതായാലും ഉറച്ച പാര്ട്ടിവോട്ടു കൊണ്ടു മാത്രം ജയിക്കാവുന്ന ഏതെങ്കിലും ഒരു മണ്ഡലമില്ലാത്ത കേരളത്തില്‍ പ്രത്യേകിച്ചും അത് ആത്മഹത്യാപരമാണ്. പിന്നെ പറഞ്ഞത് അവരൊന്നുമല്ലാത്തതു കൊണ്ട് വോട്ടിങ്ങ് പാറ്റേണില്‍ കുഴപ്പമൊന്നും വരില്ലായിരിക്കും. ഇങ്ങനെയുള്ള നാലു പ്രസ്താവന മതി ഈ ബ്ലോഗാണെങ്കിലും വായിക്കുന്ന ഒരു നിഷ്പക്ഷന്റെ വോട്ടിന്റെ ദിശ മാറ്റിവിടാന്‍.
ഇലക്ഷന് സമയത്തെങ്കിലും സംയമനത്തോടെയും വിവിധ താല്‍പ്പര്യങ്ങള്‍ കണക്കിലെടുത്തും സംസാരിക്കുന്നത് ഒരു രാഷ്ട്രീയപ്രവര്‍ത്തകന്റെ പ്രാഥമിക ചുമതലയാണ്.
നന്ദി അനില്‍.
വഴി തിരിഞ്ഞു പോയ ഓഫില്‍ ഖേദിക്കുന്നു മാരീചന്. നിഷ്പക്ഷരെ അവസരവാദികള്‍ എന്നു വിളിക്കാമോ മാരീചരെ?
“കാണേണ്ട കണക്കിതൊന്നുമല്ല. കഴിഞ്ഞ ലോകസഭാ നിയമസഭാ ഇലക്ഷനുകളുടെ മാര്‍ജ്ജിന്‍ കണക്കാണ്. ഒരു ലോകസഭാ ഇലക്ഷനില്‍ 20000 വോട്ടൊക്കെ അവസാനഘട്ടത്തില്‍ തിരിച്ചുമറിച്ചും പിടിക്കാമെന്ന് പ്രാഥമിക രാഷ്ട്രീയാഭ്യാസമുള്ള ആര്‍ക്കും അറിയാം” നമത്: കഴിഞ്ഞ ലോക്സഭാ ഇലക്ഷനിൽ ആകെ മൂന്ന് മണ്ഡലത്തിൽ മാത്രമേ 40,000-ത്തിൽ താഴെ ഭൂരിപക്ഷമുണ്ടായിരുന്നുള്ളൂ: മാവേലിക്കര (സുജാത- 7000); മൂവാറ്റുപുഴ (പി.സി.തോമസ് -500);ആലപ്പുഴ(മനോജ് -1000). മഞ്ചേരിയിൽ വരെ ഭൂരിപക്ഷം 47000-ത്തിനടുത്തായിരുന്നു :)
അപ്പോഴും വെല്‍ വിതിന്‍ വാട്ട് ഐ സെഡ് ;-)) ജയരാജന്.
നമതേ... "കാണേണ്ട കണക്കിതൊന്നുമല്ല" എന്ന് എഴുതിയത് വായിച്ചപ്പോള്‍ സത്യത്തില്‍ കരഞ്ഞു പോയി.. അറുപത്തി അഞ്ചിന്റെ പേരില്‍ വെളിയം ഞെളിയുകയും 54 പേരുടെ കെട്ടിവെച്ച കാശിന്റെ കണക്കു പറഞ്ഞ് പിണറായി ഉപ്പേരി ആന്റ് ഉരുള ലെവല്‍ മറുപടി പറയുകയും ചെയ്ത സാഹചര്യത്തിലാണ് 65നെ അന്വേഷിച്ച് പോയത്..
ഗൂഗിളിനെത്തന്നെയാണ് കണക്കിനു വേണ്ടി ആശ്രയിച്ചതെങ്കിലും അതിനു പെട്ട പാട് ചില്ലറയൊന്നുമല്ല. സംഗതി തപ്പിപ്പിടിച്ച ശേഷം ഏതാണ്ട് രാത്രി രണ്ടു മണി വരെ അതില്‍ പണിഞ്ഞാണ് ഈ പോസ്റ്റെഴുതിയത്. അപ്പോള്‍ നിങ്ങളെപ്പോലൊരാള്‍ വന്ന് "കാണേണ്ട കണക്കിതൊന്നുമല്ലെ"ന്നൊക്കെ പറഞ്ഞാല്‍, ഇതില്‍ ഭേദം കുത്തിക്കൊല്ലുകയാണ്.
കൊല്ല് ദുഷ്ടാ, കൊല്ല്...:-)
ഇനി നമതിന്റെ ചോദ്യത്തിലേയ്ക്ക്..
വികെഎന്‍, നാറാപിളള ലൈനാകുമോന്നറിയില്ല. രണ്ടു തെരഞ്ഞെടുപ്പു ഫലങ്ങളാണ് ഇപ്പോള്‍ ഓര്‍മ്മയില്‍ വരുന്നത്. 1991ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബേപ്പൂരില്‍ സംഭവിച്ചതും അതേ വര്‍ഷം വടകര ലോക്സഭാ മണ്ഡലത്തില്‍ സംഭവിച്ചതും.
കോലീബി സഖ്യമെന്ന് മാര്‍ക്സിസ്റ്റുകാര്‍ ആക്ഷേപിച്ച കോണ്‍ - ലീഗ് - ബിജെപി സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായി ബേപ്പൂരില്‍ അവതരിച്ചത് ഡോ. മാധവന് കുട്ടി. ഇതേ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായി വടകരയില്‍ കെ പി ഉണ്ണിയെ എതിര്‍ത്തത് അഡ്വ രത്നസിംഗ്.
നമുക്കു കണക്കുകള്‍ നോക്കാം..
1987ല്‍ ബേപ്പൂര്‍
ടി കെ ഹംസ (മാ.പാ)- 47537
അബ്ദുറഹിമാന് മാസ്റ്റര്‍ (മു.ലീ) - 40206
അഹല്യ ശങ്കര്‍ (ഭാജപ) - 15930
ഒ ജയന് (രാഘവപ്പാര്ട്ടി) - 560
ഹംസ ജയിച്ചത് 7331 വോട്ടിന്...
ഭാജാപയും രാഘവപ്പാര്ട്ടിയും യുഎഡിഎഫും ഒന്നിച്ചാല്‍ ഹംസ തോല്‍ക്കേണ്ടത് 9159 വോട്ടിന്..
1991ലെ തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണിയപ്പോള്‍ സംഭവിച്ചത്-
ഹംസ (മാ. പാ) 66683
മാധവന്‍കുട്ടി (സ്വ) 60413
ഹംസ ജയിച്ചത് 6270 വോട്ടിന്.
1987ല്‍ പോള്‍ ചെയ്തത് 106653, 1991ല്‍ ആകെ 129766. വ്യത്യാസം 23113.
ഹംസയ്ക്ക് കിട്ടിയ വോട്ട് വര്‍ദ്ധന. 19146.
സ്വതന്ത്രന് കിട്ടിയ വോട്ടിലെ വര്‍ദ്ധന [60413 - (40206+15930+560)] = 3717. രാജീവ് തരംഗവും ആന്റി ഇന്കുമ്പന്സിയും ഉണ്ടായപ്പോഴാണ് ഹംസ കണക്കുകളെ അട്ടിമറിച്ചത്.
വടകരയില്‍ സംഭവിച്ചത്..
1989ല്‍
കെ പി ഉണ്ണികൃഷ്ണന് - 370434
സുജനപാല്‍ (യുഡി) - 362225
പി കെ കൃഷ്ണദാസ് (ഭാജാ) - 45558
ഉണ്ണികൃഷ്ണന്റെ ഭൂരിപക്ഷം - 8209
യുഡിഎഫും ഭാജാപയും ഒന്നിച്ചാല്‍ ഉണ്ണികൃഷ്ണന് തോല്‍ക്കേണ്ടത് 37349 വോട്ടിന്
1991ലെ കണക്ക്
കെ പി ഉണ്ണികൃഷ്ണന് 393125
രത്നസിംഗ് 376182
ഉണ്ണികൃഷ്ണന്റെ ജയം 16943 വോട്ടിന്.
ഇവിടെ മറ്റൊരു രസകരമായ കണക്കുമുണ്ട്.. 1989ല്‍ ആകെ വോട്ടുകള്‍ 983243 ഉം പോള്‍ ചെയ്ത വോട്ടുകള്‍ 795860ഉം ആയിരുന്നു. 1991ലെ ആകെ വോട്ട് 1030244 ആയി ഉയര്‍ന്നിട്ടും പോള്‍ ചെയ്തത് 794000 മാത്രം. ആകെ വോട്ടില്‍ 47001 വോട്ടിന്റെ വര്‍ദ്ധന ഉണ്ടായിട്ടും 1991ല്‍ പോള്‍ ചെയ്ത വോട്ടുകള്‍ 1989ലേതില്‍ നിന്നും 1860 വോട്ടുകള്‍ കുറവ്.
രാജീവ് തരംഗം ആഞ്ഞടിച്ച 1991ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ബിജെപിയും ഒത്തുപിടിച്ചിട്ടും അവര്‍ക്ക് 1989ല്‍ ലഭിച്ച ആകെ വോട്ട് നിലനിര്‍ത്താനായില്ല. ഇരുപാര്‍ട്ടികള്‍ക്കും കൂടി 1989ല്‍ ആകെ 407783 ലഭിച്ചപ്പോള്‍ 1991ല്‍ സംയുക്ത സ്ഥാനാര്‍ത്ഥിയ്ക്ക് കിട്ടിയത് 376182 വോട്ട്. 31501 വോട്ടിന്റെ കുറവ്.
തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ രണ്ടും രണ്ടും നാലല്ല എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ഈ രണ്ടു വോട്ടെടുപ്പ് ഫലങ്ങളും.
നമത് ചൂണ്ടിക്കാട്ടുന്ന ജയപരാജയം നിര്‍ണയിക്കുന്ന ന്യൂട്രല്‍ ആയ സാധാരണക്കാരന്റെ ചാഞ്ചാട്ടം ഗണിച്ചെടുക്കുക, രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും നിരീക്ഷകര്‍ക്കും ബുദ്ധിമുട്ടേറിയ കാര്യമാണ്.
തെരഞ്ഞെടുപ്പിന് മുമ്പ് അക്കാര്യത്തില്‍ പുലര്‍ത്തുന്ന ഊഹത്തില്‍ നിന്നും കടകവിരുദ്ധമായിരിക്കും തെരഞ്ഞെടുപ്പിനു ശേഷമുളള നിരീക്ഷണങ്ങള്‍..
ഗൗരവമുളള ചര്‍ച്ചകള്‍ നടക്കട്ടെ നമതേ.... വഴി തിരിഞ്ഞ ഓഫും തല തിരിഞ്ഞ ജീവിതവുമൊക്കെ ഒരു ഹരമല്ലേ ചേട്ടാ............
ഹഹ പ്രയത്നത്തെ ലഘൂകരിച്ചതല്ല. കണക്കുകളുടെ പ്രസക്തി എഴുതിയ കോണ്ടക്സിറ്റില് വര്‍ദ്ധിക്കുന്നു. പക്ഷെ നന്ദി പറയുന്ന ഒന്നുണ്ട്. രാഷ്ട്രീയ വിശ്വാസത്തിലും മാരീചരു പുലര്‍ത്തുന്ന സുതാര്യത. അതാണ് സ്പിരിറ്റ്. എന്നാ അല്‍പ്പം വോഡ്കയാവട്ടെ. ചിയേഴ്സ്!
ഗൌരവമുള്ള ചര്‍ച്ച വേണം എന്ന് മാരീചന്. അണ്ണാറക്കണ്ണനും തന്നാലായത് ലൈനില്‍ ഇതാ ഇത്തിരി ഗൌരവാല്‍റ്റി...
കാഡര്‍ പാര്‍ട്ടിക്ക് കാഡര്‍ പാര്‍ട്ടിയുടെ വോട്ട് മാത്രവും എതിരാളിക്ക് ബാക്കി സമസ്തവും ലൈന്‍ നോ സമ്മതം നമതേ. “ധൈര്യമുണ്ടെങ്കില്‍ ഒറ്റയ്ക്കൊറ്റക്ക് വാ” എന്ന ലൈന്‍ ആണെങ്കില്‍ കാഡര്‍ കൊണ്ടു പോകും ഭൂരിപക്ഷം എന്ന് തോന്നുന്നു. പക്ഷെ ഇനിയുള്ള കാലം മുന്നണി ഭരണങ്ങളുടേത് എന്നതല്ലേ ഇപ്പൊഴത്തെ ഒരു വിശ്വാസം.
ഒരു ക്ലീഷേ കടമെടുത്താല്‍ നിഷ്പക്ഷത കാപട്യവും നിസ്സംഗത ആത്മവഞ്ചനയും ആണ്. നിഷ്പക്ഷവോട്ടര്മാര് നമ്മുടെ രാഷ്ട്രീയഭാവി നിര്‍ണ്ണയിച്ചാല്‍ മതിയോ എന്നൊരു ചോദ്യവും ഉണ്ട്. തമ്മില്‍ ഭേദം തൊമ്മനായിരിക്കുമ്പോഴും ചാണ്ടിക്ക് ജയിക്കാനാവുന്നത് നിഷ്പക്ഷന്‍ കാരണം അല്ലേ?
നല്ല പനിയുണ്ട്..നമതേ... വോഡ്ക ശരിയാകുമോ?
ഒരു ഓഫടിച്ചിട്ട് വണ്ടി വിടുന്നു.തല്ക്കാലം.
“നല്ല പനിയുണ്ട്..നമതേ... വോഡ്ക ശരിയാകുമോ?“
“സുരാപാനത്തിന്റെ രാഷ്ട്രീയം - ഒരു വൈദ്യശാസ്ത്രപരിപ്രേക്ഷ്യം” എന്ന പേരില്‍ ഒരു പോസ്റ്റ് ഇട്ട് ഈ വിഷയം ചര്‍ച്ച ചെയ്താല്‍ ഹിറ്റ് ആവും.:)
സി.പി .എം ന് ഒറ്റയ്ക്ക് മത്സരിച്ച് ജയിക്കാൻ കഴിയുന്ന മൂന്ന് മണ്ഡലങ്ങൾ പാലക്കാടു തന്നെ ഉണ്ട്(കുഴൽമന്ദം,മലമ്പുഴ,ആലത്തൂർ).ഇതിൽ കുഴൽമന്ദവും മലമ്പുഴയും പാർട്ടി ഒരിക്ക്കലും തോറ്റിട്ടില്ലാത്ത മണ്ഡലങ്ങളാണ്.ആലത്ത്തൂരിൽ ഒരു തവണ തോറ്റു എങ്കിലും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കേരളത്തീലെ തന്നെ ഏറ്റവും കൂൂടിയ ഭൂരിപക്ഷം ആലത്തൂർ എം എൽ എ എം.ചന്ദ്രനായിരുന്നു(40000++)
അതു പോലെ ലീഗിനും ഉണ്ട് 3-4 മണ്ഡലങ്ങൾ മലപ്പുറം ജില്ലയിൽ
അവസരവാദരാഷ്ട്രീയത്തിന്റെ അപ്പോസ്തലന്മാരാണ് നിഷ്പക്ഷര്‍ എന്ന ആണും പെണ്ണും കെട്ടവര്‍. ഓരോ തെരഞ്ഞെടുപ്പിലും ബി.ജെ.പി.ക്കും കോംഗ്രസ്സിനും മാറിമാറി വോട്ട് ചെയ്യും. കാപട്യക്കാരായ ഇക്കൂട്ടര്‍ രാഷ്ട്രീയത്തിന്റെ ശാപമാണു.
എംബ്രാന്റെ വിളക്കത്ത് വാര്യരുടെ അത്താഴം എന്ന അവസ്ഥയാണ് സി.പി.ഐ യുടേത്. സി.പി.എമ്മിന്റെ വോട്ടല്ലാതെ എന്തുണ്ട് വെളിയത്തിന് . എന്‍. സി.പിയ്ക്ക് അതിലും കൂടുതല്‍ വോട്ടുണ്ടാവുമെന്ന് തോന്നുന്നു.
സിപിഐയുടേയും ദളിന്റേയും വോട്ട് എത്രയോ ആവട്ടെ, അതു കിട്ടാതെ സിപിഎംന് ഭരിക്കാനുള്ള ഭൂരിപക്ഷമുണ്ടാക്കാന്‍ പറ്റുമോ? അങ്ങനെ പറ്റുമായിരുന്നെങ്കില്‍ രണ്ടിനേം പിണറായി എന്നേ എടുത്തു പുറത്തുകളഞ്ഞേനെ..
സീപീഐയ്ക്ക് എമ്മിനേക്കാള്‍ വോട്ടുള്ള എത്രയോ പഞ്ചായത്തുകളുണ്ട് കേരളത്തില്‍. എന്റെ പഞ്ചായത്തില്‍ പോലും സീപീഐ ഇരുമുന്നണിക്കുമെതിരെ മല്‍സരിച്ച് രണ്ടു വാര്‍ഡു നേടിയിട്ടുണ്ട്. പതിനായിരത്തില്‍ താഴെ മാത്രം ഭൂരിപക്ഷം നില്ക്കുമ്പോള് ഘടകകക്ഷികളെ അങ്ങനെ കയ്യൊഴിയാന്‍ വല്യേട്ടനു സാധിക്കുമോ?
ഇതിപ്പോള്‍ പാര്‍ട്ടി മടിശ്ശീലയിലാക്കിക്കഴിഞ്ഞ് മുന്നണി പിടിച്ചടക്കാന്‍ ഇറങ്ങിയിരിക്കുകയാണ് പിണറായി. അല്ലെങ്കില്‍ പിന്നെ 'സീറ്റു തരില്ല, നിങ്ങള്‍ എന്താന്നു വച്ചാ അങ്ങു ചെയ്യ്' എന്നങ്ങു പറഞ്ഞാല്‍ പോരെ? സീപീഐയും ദളുമൊക്കെ വേറെ എവിടെ പോകാന്‍?
സീറ്റു സീപീഐയുടേതുതന്നെ, പക്ഷേ രണ്ടത്താണി തന്നെ മല്‍സരിക്കണം. അതെന്തു ന്യായം? സീറ്റു സീപീഐയുടേതാണെങ്കില് സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കേണ്ടതും അവരല്ലേ?
ഇസ്മായില്‍ ആണു ആദ്യം അങ്ങേരെ പോയികണ്ടത് എന്നതുകൊണ്ട് അങ്ങേരു സീപീഐയുടെ തലയിലാവുമോ?
ഓ.ടി. ഓഫായെങ്കില്‍ ക്ഷമി. ഇതിനു ഇട്ട എഫര്‍ട്ടിന് ഒരു സലാം.
trckng
പാമരന് പറഞ്ഞപോലെ ഒറ്റക്ക് ഭൂരിപക്ഷമുണ്ടായിരുന്നുവെങ്കില്‍ സി.പി.ഐയെയും ജനതാദളിനെയും കളഞ്ഞേനെ എന്ന അഭിപ്രായം ശരിയല്ല. ബംഗാളില്‍ സി.പി.എമ്മിനു ഒറ്റക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷമുള്ളപ്പോഴും മുന്നണിയായിത്തന്നെയാണ് ഇടതുപക്ഷം നില്‍ക്കുന്നത്. അതൊരു നിലപാടിന്റെ ഭാഗമാണ്.
പാമരന് പറഞ്ഞതിനോട് ഞാനും വിയോജിക്കുന്നു. സി.പി.ഐക്ക് സ്വന്തമായി വോട്ടുകളൊന്നുമില്ല കേരളത്തില്‍. കുറച്ച് പഴയ കമ്മ്യൂണിസ്റ്റുകളൊഴിച്ചാല് ബാക്കിയെല്ലാം മറ്റു പാര്‍ട്ടികള്‍ പുറത്താക്കിയവരും ഭരിക്കുന്ന വകുപ്പുകളില്‍ കയ്യിട്ടു വാരാന്‍ കൂടെക്കൂടിയവരുമാണ്. മാര്‍ക്സിറ്റ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന് അവിടുന്നും പുറത്താക്കി , സി.പി.ഐ. പാളയത്തില്‍ നേതാക്കളായി വിലസുന്ന പലരേയും പൊന്നാനി മണ്ഡലത്തില്‍ തന്ന് ഞാന്‍ കാണിച്ചു തരാം. ശ്രീ മൂര്‍ത്തി പറഞ്ഞതുപോല്‍ ഒരു ദേശീയ നയത്തിന്റെ ഭാഗമായി മാത്രമാണ് മുന്നണി നില്‍നില്‍ക്കുന്നത്.
ഹുസ്സൈന്‍ രണ്ടത്താണിയാണ് ഇടതുപക്ഷക്യാമ്പില് ലഭിക്കാവുന്നതില്‍ ഏറ്റവും ജയ സാദ്ധ്യതയുള്ള സ്ഥാനാര്‍ത്ഥി. മണ്ഡല പുനര്‍നിര്‍ണ്ണയം കഴിഞ്ഞ പൊന്നാനിയില്‍ തൃത്താല അസ്സംബ്ലി മണ്ഡലത്തിന്റെ സ്വാധീനം തള്ളിക്കളയാനാവില്ല. എം.ഇ.എസുമായുള്ള ബന്ധം ചെറിയ ഒരു കാര്യമല്ല താനും. ലക്ഷങ്ങളുടെ വോട്ടുകള്‍ക്ക് ലീഗ് ജയിച്ചിരുന്ന ഒരു മണ്ഡലം പിടിക്കാന്‍ ഇടതുപക്ഷം ഒന്നാകെ ശ്രമിക്കുമ്പോള്‍ വിവരക്കേടിന്റെ നായകനായ ശ്രീ. കെ.ഇ.ഇസ്മയിലിന്റെ നേതൃത്വത്തില്‍ എന്തിനീ കുതികാല് വെട്ട് നടത്തുന്നു എന്ന് ഈ നാട്ടിലെ ജനങ്ങള്‍ക്ക് ബോദ്ധ്യപ്പെടുന്നില്ല.
ഞാനൊരു പൊന്നാനിക്കാരനാണെന്ന് കൂട്ടിച്ചേര്‍ക്കട്ടെ.
മൂര്‍ത്തി സാര്‍, ബംഗാളില്‍ കോണ്‍ഗ്രസ്സും തൃണമൂലുമൊന്നും തലപൊക്കാതിരിക്കുക എന്നൊരു ആവശ്യം കൂടിയില്ലേ? മാത്രമല്ല ആകെ മല്‍സരിച്ച മൂന്നു സീറ്റില്‍ മൂന്നിലും സീപിഐ ജയിച്ചിട്ടുമുണ്ട് കഴിഞ്ഞതവണ. (ആകെ സീറ്റുകള്‍ 42, സിപിഎം: മല്‍സരിച്ചത് 32 ജയം 26, ആര്‍എസ്പി: 4 ജയം 3, സിപിഐ: 3 ജയം 3, ഫോര്വാഡ്ബ്ളോക്ക്: 3 ജയം 3) ജയിക്കുമെന്നു ഉറപ്പുള്ള സീറ്റുകളേ കൊടുത്തിട്ടുള്ളെന്നുള്ളത് വ്യക്തമല്ലേ?
അനില്‍ജി,
'സി.പി.ഐക്ക് സ്വന്തമായി വോട്ടുകളൊന്നുമില്ല കേരളത്തില്‍.'
അങ്ങനെ പറയാനൊക്കുമോ? ലീഗിനേക്കാളുമോ അവരോടൊപ്പമോ വോട്ടില്ലേ സിപിഐക്കു കേരളത്തില്‍? ഡിസ്റ്റ്രിബ്യൂട്ടെഡ് ആയതുകൊണ്ടു അവരുടെ വിലപേശല്‍ ശക്തിയില്ലെന്നല്ലേ ഉള്ളൂ? ഒറ്റയ്ക്കു ജയിക്കാനാകില്ലെങ്കിലും പലയിടത്തും ജയം നിര്‍ണ്ണയിക്കാന്‍ അവര്‍ക്കു കഴിയില്ലേ?
ഹുസൈന് രണ്ടത്താണി ആണു പൊന്നാനിയില്‍ പറ്റിയ സ്ഥാനാര്‍ത്ഥിയെന്നതില്‍ എതിരഭിപ്രായമെന്നില്ല. അങ്ങേര് സിപിഐ സ്വതന്ത്രനാകുന്നതില്‍ എന്തിനാണെതിര്പ്പ്? അതു പറ്റില്ല എന്നു പറഞ്ഞതുകൊണ്ടല്ലേ ഈ പ്രശ്നമൊക്കെ? ഇത്രയും കാലം സിപിഐ മല്‍സരിച്ചു തോറ്റുകൊണ്ടിരുന്ന സീറ്റ്. ഇപ്പോള്‍ ജയസാധ്യത കണ്ടപ്പോള്‍ അതു സീപീഎമ്മിനു വേണം. രണ്ടത്താണി സിപിഐ സ്വതന്ത്രനായി മല്‍സരിച്ചാല്‍ എന്തു വ്യത്യാസമാണു വരുന്നത്? അതുപറ്റില്ലെന്നു പറയുന്നത് ജയിച്ചു കഴിയുമ്പോള്‍ സ്വന്തമാക്കാനല്ലേ? രണ്ടത്താണി മലക്കം മറീയുന്നതൊക്കെ സിപിഎം ചരടു വലിക്കുന്ന പോലെ അല്ലേ?
അതുപോലെതന്നെ കോഴിക്കോടും. ബേപ്പൂരു കോഴിക്കോട്ടേയ്ക്കായി മലപ്പുറത്ത് സാധ്യത കുറഞ്ഞപ്പോള്‍ അതു സീപീഎമ്മിനു കിട്ടണം.
O.T. സിപിഐക്കാരാരുമില്ലേ ഈ ബൂലോകത്ത്? ഞാന്‍ എന്തിനാ വെറുതെ.. :)
പാമരാ,
താങ്കള്‍ പറഞ്ഞ കാര്യം തന്നെയാണ് ഞാന്‍ സൂചിപ്പിച്ചതും.തോട്ടം മേഖലകളില്‍ എ.ഐ.ടി.യു.സി ശക്തമാണെന്ന് കാണായ്കയല്ല. സിപി.ഐ.വോട്ടുകള്‍കൊണ്ട് വിജയിക്കും എന്ന് പറയാവുന്ന ഒരു മണ്ഡലം കാട്ടിത്തരാമോ? കാര്യത്തില്‍ പെടുന്ന തരത്തിലുള്ള വോട്ടുകള്‍ സി.പി.ഐക്ക് ഇല്ല, പ്രത്യേകിച്ച് മലപ്പുറത്ത്. പഞ്ചായത്തിലെ അവസര വാദ കൂട്ടുകെട്ടുകള്‍ ലോകസഭാ ഇലക്ഷന് ബാധകമാവില്ല.മലപ്പുറത്തെ മാറിയ സാഹചര്യങ്ങളും മറ്റും പരിഗണിക്കുമ്പോള്‍ സിപി.എം നിലപാട് തെറ്റാണെന്ന് പറയാനാവുമോ.( ചാലിയാറുകാരനോട് പ്രത്യേകം പറയണോ) സി.പി.ഐ. സ്വതന്ത്രനായാലും പൊതു സ്വതന്ത്രനായാലും എന്ത് വ്യത്യാസമാണ് ഉണ്ടാവാന്‍ പോകുന്നത്? അത് വെറും പിടിവാശിയല്ലെ?
അനില്‍ജി,
പൊതു സ്വതന്ത്രനാവണം എന്നതല്ലേ പിടിവാശി? സിപിഐയുടെ കൈവശമുള്ള സീറ്റ്, സിപിഐ സ്വതന്ത്രനെ തന്നെ അല്ലേ മല്‍സരിപ്പിക്കേണ്ടത്? അതല്ല എന്നു പറഞ്ഞാല്‍ അതിന്റെ അര്‍ത്ഥം ആ സീറ്റ് സിപിഐയുടെ അല്ലാതാകുന്നു എന്നല്ലേ? എന്താണു പൊതു സ്വതന്ത്രനാകുന്നതുകൊണ്ടു പ്രത്യേകിച്ചുള്ള നേട്ടം? പാര്‍ട്ടി ചിന്ഹത്തില് അല്ലെങ്കില്‍ പിന്നെ രണ്ടും ഒരുപോലെയല്ലേ വേട്ടര്‍മാര്‍ക്ക്? ജയിക്കുകയാണെങ്കില്‍ അങ്ങേര് സിപിഐയുടെ കൂടെ നില്ക്കും/നില്‍ക്കണം എന്നതല്ലേ യഥാര്‍ത്ഥ പ്രശ്നം? ജയിച്ചാല്‍ അങ്ങേരെ സിപിഎമ്മിനു വേണം. അതാണു പൊതുസ്വതന്ത്രന് എന്നു വാശിപിടിക്കുന്നത്..
പാമരാ,
സി.പി.ഐ ക്ക് എന്നു പറഞ്ഞ് പ്രത്യേകം കിട്ടിയിട്ടെന്തു കാര്യം പാമരാ.ആകെ 20 സീറ്റുമാത്രമാണ് കേരളത്തില്‍ , അതില്‍ ജയിക്കാന്‍ സാദ്ധ്യതയില്ലാത്ത ഒരു സീറ്റില്‍ നിര്‍ത്തുന്ന സ്വതന്ത്രന് , പ്രത്യേകിച്ച് പാര്‍ട്ടി ചിഹ്നം ഇല്ലാതെ മത്സരിക്കുമ്പോള്‍ , ആരുടെ കൂടെ നിന്നാലെന്താ?
ഞാന്‍ വിട്ടു.
( ജനതാ ദളിനെ മാതൃകയാക്കി എല്ലാ സി.പി.ഐ മന്ത്രിമാരും രാജിവക്കണം എന്നാണ് എന്റെ ആവശ്യം. മുല്ലക്കര കെ.എസ്.ആര്.ടി.സി ബസ്സില്‍ യാത്ര ചെയ്തിട്ടൊന്നും കാര്യമില്ല, ഞാന്‍ വെല്ലുവിളിക്കുന്നു.
ഉണ്ണിയേട്ടനോട് (ജില്ലാ സെക്രട്ടറി) ഒന്നു പറഞ്ഞേരെ.)
:)
പാമര
ഈ പൊതു സ്വതന്ത്രന് പല പ്രത്യെകതകളുമുണ്ട്. പ്രത്യേകിച്ച് ന്യൂനപക്ഷ മേഖലകളില്‍. ക്രിസ്ത്യാനികള്‍ക്കും മുസ്ലിമുകള്‍ക്കും ഇടത് ചിഹ്നങ്ങള്‍ അലര്‍ജിയാണ് പ്രത്യേകിച്ച് പ്രായമായവരില്‍. പാര്‍ട്ടി ചിഹനത്തില്‍ രണ്ടത്താണി നേടുന്നതിനേക്കാല് കൂടുതല്‍ വോട്ട് പൊതു സ്വതന്ത്രനായി നേടാന്‍ കഴിയുമെന്നതാണ് ഇതിലേ പ്രത്യേകത്.
അനില്‍ജി, ഞാനും വിട്ടു :)
കിരണ്‍ മാഷെ,
പാര്‍ട്ടി ചിഹ്നത്തില്‍ തന്നെ മല്സരിക്കണമെന്നൊന്നും സിപിഐ പറഞ്ഞില്ലല്ലോ? മാത്രവുമല്ല, ഇടത് ചിഹ്നങ്ങലോടുള്ള അലര്‍ജിയൊക്കെ പഴങ്കഥയായില്ലേ സ:ഹംസ ജയിച്ചതോടെ?
ഈ മന്ത്രിസഭയിലെ ഏറ്റവും മര്യാദക്കാരായ മന്ത്രിമാരിൽ ഒരാളായിരുന്നു മാത്യു ടി തോമസ് എന്നതിൽ തർക്ക്കമില്ല.രാജി വെയ്ക്കാൻ അദ്ദേഹത്തിനു മനസ്സുണ്ടായിട്ടൊന്നുമല്ല.
അദ്ദേഹത്തിന്റെ പാത സി പി ഐ മന്ത്രിമാരും പിൻതുടർന്നിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചു പോകുകയാണ്.
Post a Comment