Thursday, April 05, 2012

മിച്ചഭൂമി സമരം - മാക്രിക്കഥയില്‍ മറയുമോ ചരിത്രത്തിലെ ചോരക്കറ?


ഇങ്ങനെ മറുപടിപറഞ്ഞു ചിരിപ്പിക്കരുതു പ്ലീസ്എന്ന ലേഖനത്തിന്റെ തുടര്‍ഭാഗം:
കണിയാപുരം രാമചന്ദ്രന്റെ അറംപറ്റിയ ഒരുപമയുടെ ഊന്നുവടിയിലാണ് ടിറ്റോ ജോയിയും സംഘവും തങ്ങളുടെ മിച്ചഭൂമിക്കള്ളങ്ങളെ കെട്ടിത്തൂക്കിയിട്ടിരിക്കുന്നത്. മാക്രി കരയുന്നതും മഴ പെയ്യുന്നതും തമ്മിലുള്ള ബന്ധമേ മിച്ചഭൂമി സമരവും ഭൂപരിഷ്കരണ നിയമവും തമ്മിലുള്ളൂവത്രേ. സത്യത്തില്‍ സിപിഐക്കാരന്റെ ആസനത്തില്‍ കുരുത്ത അനേകം ആലുകളില്‍ ഒന്നാകാന്‍ സര്‍വഥാ യോഗ്യമായ ഉപമയാണത്. അതു സംഭാവന ചെയ്തത് തങ്ങളുടെ നേതാവായ കണിയാപുരം രാമചന്ദ്രനായിരുന്നു എന്നതില്‍ അവര്‍ തീര്‍ച്ചയായും അഭിമാനിക്കണം.
1965ല്‍ ഒറ്റയ്ക്കു മത്സരിച്ചപ്പോള്‍ വെറും മൂന്നേമൂന്നു സീറ്റാണ് സിപിഐയ്ക്കു കിട്ടിയത്. 1967ല്‍സിപിഎം മുന്നണിയുടെ ഭാഗമായി മത്സരിച്ചപ്പോള്‍ കിട്ടിയത് 19 സീറ്റ്. കുറുമുന്നണിയുണ്ടാക്കി ആ സര്‍ക്കാരിനെ അട്ടിമറിച്ച് കോണ്‍ഗ്രസ് മുന്നണിയില്‍ ചേക്കേറി തെരഞ്ഞെടുപ്പിനിറങ്ങിയപ്പോള്‍ പിന്നെയും കുറഞ്ഞു മൂന്ന് സീറ്റ്: അന്ന് കിട്ടിയത് 16 എണ്ണം. അന്നദാതാവും പൊന്നുതിരുമേനിയുമായ സാക്ഷാല്‍ കരുണാകരന്റെ അടുക്കളത്തിണ്ണയിലിരുന്ന് ഈ 16 'മാക്രികള്‍' രാവെളുക്കുവോളം കരഞ്ഞപ്പോള്‍ ഡല്‍ഹിയില്‍ നിന്നും കേരളത്തിലേയ്ക്കു പെയ്ത പുതുമഴയായിരുന്നു പോലും, ഭൂപരിഷ്കരണം!
അതിലെന്തു സത്യമുണ്ടെന്നറിയാന്‍ സിപിഐയെ വാലില്‍കെട്ടിയ കോണ്‍ഗ്രസ് മുന്നണിയുടെ രാഷ്ട്രീയവും ഭൂപരിഷ്കരണത്തോടുള്ള അവരുടെ നിലപാടും പരിശോധിക്കണം. കായല്‍ രാജാക്കന്മാരും ഭൂപ്രമാണിമാരും വനംകൈയേറ്റക്കാരും സമുദായാധിപന്മാരും നേരിട്ടു നിയന്ത്രിച്ചിരുന്ന പാര്‍ട്ടിയായിരുന്നു കോണ്‍ഗ്രസ്. 1957ലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരില്‍ നിന്നും ആ താല്‍പര്യങ്ങള്‍ക്കേറ്റ പ്രഹരമായിരുന്നു വിമോചന സമരത്തിന്റെ പ്രകോപനം. കേരളസമൂഹത്തിലെ സമ്പന്ന-വലതുപക്ഷ താല്‍പര്യങ്ങളുടെ ഉടമയും സംരക്ഷകനുമായതുകൊണ്ടാണ് 1957ലെയും 1967ലെയും കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകളുടെ ഭൂപരിഷ്കരണശ്രമങ്ങളെ നഖശിഖാന്തം കോണ്‍ഗ്രസ് എതിര്‍ത്തത്.
1957ലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ അട്ടിമറിച്ച ശേഷം, അധികാരത്തില്‍ വന്ന കോണ്‍ഗ്രസ് മന്ത്രിസഭ ആദ്യം ചെയ്തത് ഭൂവുടമാസംഘത്തിന്റെയും നായര്‍ സര്‍വീസ് സൊസൈറ്റിയുടെയും ആവശ്യപ്രകാരം ഭൂപരിഷ്കരണ ബില്ലില്‍ കര്‍ഷകദ്രോഹ വ്യവസ്ഥകള്‍ ചേര്‍ക്കുകയായിരുന്നു. അയ്യായിരത്തോളം കുടികിടപ്പുകാരെ ഒഴിപ്പിച്ച് കൊട്ടിയൂര്‍ ദേവസ്വം സ്ഥലം എന്‍എസ്എസിന് 99 വര്‍ഷത്തേയ്ക്ക് പാട്ടത്തിനു കൊടുക്കാന്‍ തീരുമാനിച്ചതും കുടിയേറിയവരെ ഒഴിപ്പിക്കുന്നതിന് സര്‍ക്കാര്‍ തടസം നില്‍ക്കുകയില്ല എന്ന് ദേവസ്വം മന്ത്രി വി കെ വേലപ്പന്‍ നിയമസഭയില്‍ പ്രസ്താവിച്ചതും ചരിത്രം. ഭൂപരിഷ്കരണബില്ലില്‍ വെള്ളം ചേര്‍ക്കാനുള്ള കോണ്‍ഗ്രസ് നീക്കങ്ങള്‍ക്കെതിരെയാണ് 1961 ജൂണ്‍ 18 മുതല്‍ ഏകെജിയുടെ നേതൃത്വത്തില്‍ കേരള കര്‍ഷകസംഘം കാസര്‍കോടു നിന്ന് തിരുവനന്തപുരത്തേയ്ക്ക് പ്രതിഷേധജാഥ സംഘടിപ്പിച്ചത്.
അതിനിടെ, 57ലെ സര്‍ക്കാരിന്റെ കര്‍ഷകബന്ധ ബില്ലിനെ കോടതികളിലും തുരങ്കം വെച്ചു. ബില്ലിന്റെ സാധുതയെ ചോദ്യം ചെയ്ത് ജന്മികള്‍ ഹൈക്കോടതിയിലും സുപ്രിംകോടതിയിലും ഹര്‍ജി നല്‍കിയിരുന്നു. സര്‍ക്കാര്‍ ഭാഗം ഉഴപ്പി കേസ് തോല്‍പ്പിച്ചു. യഥാസമയം അപ്പീല്‍ നല്‍കാതെയും നല്‍കിയ അപ്പീലിന്മേല്‍ നേരാംവണ്ണം വാദം നടത്താതെയും സുപ്രിംകോടതിയില്‍നിന്നും തോല്‍വി ഇരന്നുവാങ്ങി. അതോടെ, ലാന്‍ഡ് ട്രിബ്യൂണലില്‍ കര്‍ഷകര്‍ കൊടുത്ത ഹര്‍ജികള്‍ അസാധുവായി. കെട്ടിവെച്ച പണവും നഷ്ടപ്പെട്ടു. വര്‍ദ്ധിതവീര്യത്തോടെ ജന്മിമാര്‍ കുടിയാന്മാരെ ഇറക്കിവിട്ടു. പാട്ടഭൂമിയും വാരഭൂമിയും ഒഴിപ്പിക്കപ്പെട്ടു. കര്‍ഷകര്‍ തെരുവിലായി. ഇങ്ങനെ തുടങ്ങുന്നു, ഭൂപരിഷ്കരണ ശ്രമങ്ങള്‍ക്ക് ഐക്യകേരളത്തിലെ ആദ്യത്തെ കോണ്‍ഗ്രസ് മന്ത്രിസഭയുടെ സംഭാവന.
ഭൂപരിഷ്കരണബില്‍ ഭരണഘടനാവിരുദ്ധവും ജനാധിപത്യവിരുദ്ധവും നാട്ടില്‍ കലാപമുണ്ടാക്കാന്‍ സൃഷ്ടിച്ചതുമാണെന്നായിരുന്നു കോണ്‍ഗ്രസിന്റെയും സഖ്യകക്ഷികളുടെയും പ്രധാനവിമര്‍ശനം. ഈ വിമര്‍ശനങ്ങളുന്നയിച്ച പ്രമാണിമാരാണ് ഭരണത്തിന്റെ അധികാരമുപയോഗിച്ച് അമരാവതിയിലും ചുരുളിയിലും കീരിത്തോടിലും പതിനായിരക്കണക്കിന് കര്‍ഷകരെ കുടിയിറക്കിയത്. അനേകായിരം കുടിലുകള്‍ക്ക് തീകൊളുത്താന്‍ പോലീസിനെ നിയോഗിച്ചത് അവരാണ്. പിഞ്ചുകുഞ്ഞുങ്ങളും ഗര്‍ഭിണികളുമടക്കം ആയിരങ്ങളെ കോരിച്ചൊരിയുന്ന മഴയത്ത് നിസഹായതയുടെ കൂരിരിട്ടിലേയ്ക്ക് വലിച്ചെറിഞ്ഞവരാണവര്‍. കേരളത്തില്‍ മിച്ചഭൂമിയേ ഇല്ലെന്ന് തൊണ്ടകീറി വാദിച്ചവരാണവര്‍. ഒന്നിരുട്ടി വെളുത്ത്, സുന്ദരസുസ്മേരവദനരും ശുഭ്രവസ്ത്രധാരികളുമായ 16 സിപിഐക്കാരുടെ സമ്പര്‍ക്കമേറ്റപ്പോള്‍ അവരൊക്കെ 'മുല്ലപ്പൂമ്പൊടിയേറ്റ കല്ലി'ന്റെ പരുവമായത്രേ. എത്രയെളുപ്പമായിരുന്നപ്പനേ, കേരളത്തിലെ ഭൂപരിഷ്കരണം!!!
എകെജിയുടെ നേതൃത്വത്തില്‍ നടന്ന കര്‍ഷകസമരം.
1970 - മുതലപ്പുറത്തൊരു 'മാക്രി' സവാരി
ജന്മിമാരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ കര്‍ഷകനെ കുടിയിറക്കിയും അവന്റെ കുടിലുകള്‍ ചുട്ടുകരിച്ചും രാഷ്ട്രീയാധികാരം നിഷ്ഠുരമായി വിനിയോഗിച്ച കോണ്‍ഗ്രസിന്റെയും സഖ്യകക്ഷികളുടെയും കൂടാരത്തിലേയ്ക്കാണ് 1970ല്‍ സിപിഐ ചെന്നുകയറിയത്. അവരുടെ സംഘടനാബലവും സമ്പത്തും വോട്ടുബാങ്കും കൊണ്ടാണ്, സ്വന്തം നിലയില്‍ കഷ്ടിച്ച് മൂന്നുപേരെ ജയിപ്പിക്കാന്‍ മാത്രം ആള്‍ബലമുള്ള സിപിഐയ്ക്ക് 16 എംഎല്‍എമാരുണ്ടായത്.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പരമ്പരാഗത വോട്ടുകള്‍ കൊണ്ടല്ല, മറിച്ച് കായല്‍രാജാക്കന്മാരും ഭൂപ്രമാണിമാരും ജന്മിമാരും വനംകൊള്ളക്കാരും കാത്തുപോറ്റിയ വോട്ടുബാങ്കിന്റെ വീതം പറ്റിയാണ് 16 സിപിഐക്കാര്‍ നിയമസഭ കണ്ടത്. '70ലെ സിപിഐയുടെ അധികാരപ്രാപ്തി സാധ്യമാക്കിയ ജാതി-ജന്മി താല്‍പര്യത്തിനു വിരുദ്ധമായി, സമരവും പ്രക്ഷോഭവുമില്ലാതെ കര്‍ഷകനും കര്‍ഷകത്തൊഴിലാളിയ്ക്കും അവകാശപ്പെട്ട ഭൂമി നല്‍കാന്‍ സ്വമേധയാ അവര്‍ ഭൂദാനമഹോത്സവത്തിനിറങ്ങി എന്നു പ്രചരിപ്പിക്കുന്നവര്‍ ചില്ലറ പാതകമൊന്നുമല്ല, ചരിത്രത്തോടു ചെയ്യുന്നത്.
ടിറ്റോ ജോയി പടച്ച എഐഎസ്എഫ് നിലവാരം നാറുന്ന ചരിത്രം നോക്കുക. അദ്ദേഹമെഴുതുന്നു:
"... (1967ലെ) മന്ത്രിസഭ താഴെ വീണു. പോകുന്നവഴി നമ്പൂതിരിപ്പാടു പറഞ്ഞു, "ഇത്ഭൂപരിഷ്കരണം പാസകാതിരിക്കുന്നതിനുള്ള ഗൂഢാലോചനയാണ്". സ്വാഭാവികമായി അതു സിപിഐയ്ക്കുള്ള വെല്ലുവിളിയായി. മുന്‍സര്‍ക്കാര്‍ തയ്യാറാക്കിയ നിയമം ഒറ്റവരി പോലും മാറ്റാതെ പാസാക്കിക്കൊണ്ട് സിപിഐ ആ വെല്ലുവിളി സ്വീകരിച്ചു".


ലജ്ജ കൊണ്ടു ചൂളാതെ ഇങ്ങനെ കള്ളം പറയാന്‍ സിപിഐക്കാര്‍ക്കേ കഴിയൂ. ബില്‍ഇഎംഎസ് സര്‍ക്കാരിന്റെ കാലത്തുതന്നെ നിയമസഭ പാസാക്കിയിരുന്നു. അതു പ്രസിഡന്റിന്റെ അനുമതിയ്ക്കുവിട്ടത് അച്യുതമേനോനാണെന്നു മാത്രം. യഥാര്‍ത്ഥത്തില്‍ അതൊരു തന്ത്രമായിരുന്നു. ആളിപ്പടരുന്ന കര്‍ഷകരോഷം തണുപ്പിക്കാമെന്നു കരുതി സ്വീകരിച്ച കരുതല്‍ നടപടി.
1960-1964 കാലത്തെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് നടന്ന അമരാവതി, ചുരുളി, കീരിത്തോട് മേഖലകളിലെ ക്രൂരമായകുടിയൊഴിപ്പിക്കല്‍ അനുഭവിച്ച കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും 1967ലെ ഇഎംഎസ് സര്‍ക്കാര്‍ അട്ടിമറിക്കപ്പെട്ടതോടെ അന്തിമ സമരത്തിനു തയ്യാറെടുത്തു. കാര്‍ഷിക പരിഷ്കരണ പ്രവര്‍ത്തനങ്ങള്‍ പരാജയപ്പെട്ടതുമൂലം ഗ്രാമങ്ങള്‍ പൊട്ടിത്തെറിയുടെ വക്കിലാണ് എന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ പഠനസംഘം വിലയിരുത്തിയിരുന്നു എന്നുകൂടി അറിയുക. സമരത്തെ നേരിടാനും സമരത്തിനിറങ്ങിയ വലിയൊരു ജനവിഭാഗത്തിന്റെ കണ്ണില്‍പൊടിയിടാനും ബില്‍ അതേപടി പ്രസിഡന്റിന്റെ അനുമതിയ്ക്കയയ്ക്കുക എന്ന സൌജന്യം അച്യുതമേനോന്‍ കാട്ടി. തുടര്‍ന്ന്, ഭൂപരിഷ്കരണ നിയമം ഇതാ ഒരു ഭേദഗതിയും കൂടാതെ നടപ്പാകാന്‍ പോകുന്നു, ആവശ്യക്കാര്‍ കൈയും കെട്ടി വെറുതേയിരുന്നാല്‍ മതി, ആനുകൂല്യങ്ങള്‍ നേടിയെടുക്കാനുള്ള പ്രത്യക്ഷ സമരപരിപാടികള്‍ അനാവശ്യവും മാര്‍ക്സിസ്റ്റുകാരുടെ കുത്തിത്തിരിപ്പുമാണെന്ന് എന്നൊക്കെ വ്യാപകമായ പ്രചരണവും നടത്തി.
കര്‍ഷകപരിഷ്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് അന്നോളം തുരങ്കം വെച്ചുവന്ന കോണ്‍ഗ്രസിന്റെയും സഖ്യത്തിന്റെയും പ്രചരണത്തിന് കര്‍ഷകരും തൊഴിലാളികളും കാതുകൊടുത്തില്ല. നിക്ഷിപ്തതാല്‍പര്യക്കാര്‍ക്കു മേല്‍ക്കൈയുള്ളതും അവര്‍ നിയന്ത്രിക്കുന്നതുമായ ഗവണ്മെന്റ് മെഷീനറിയുടെ സൌമനസ്യത്തിനു കാത്തിരിക്കേണ്ടതില്ല എന്നവര്‍ തീരുമാനിച്ചു. അങ്ങനെയാണ്, 1970 ജനുവരി 1ന് കുടികിടപ്പുകാരന്റെയും കര്‍ഷകന്റെയും അവകാശങ്ങള്‍ പിടിച്ചെടുക്കുമെന്ന് 1969 ഡിസംബറില്‍ ആലപ്പുഴയില്‍ ചേര്‍ന്ന കര്‍ഷകസമ്മേളനം പ്രഖ്യാപിച്ചത്.
ഭേദഗതികളൊന്നുമില്ലാതെ ബില്‍ പ്രസിഡന്റിന്റെ അനുമതിയ്ക്കു വിട്ടത് വെറുമൊരു തന്ത്രമാണെന്ന് തൊട്ടുപിന്നാലെ തെളിഞ്ഞു. മുയലിനൊപ്പം ഓടുന്നു എന്നു നടിച്ചുവെങ്കിലും ജന്മികളുടെ വേട്ടപ്പട്ടി തന്നെയായിരുന്നു ആ സര്‍ക്കാരെന്ന് കേരളജനത നേരിട്ടു കണ്ടു. ഐക്യമുന്നണി സര്‍ക്കാര്‍ പാസാക്കിയ ബില്ലില്‍ ഭേദഗതി വേണമെന്ന് കേന്ദ്രസര്‍ക്കാരിന്റെ ആവശ്യത്തിന് അച്യുതമേനോന്‍ മന്ത്രിസഭ വഴങ്ങി. ബില്ലിന്റെ അന്തസത്ത ഊറ്റിക്കളഞ്ഞ്, കുടികിടപ്പുകാരനെ ഒഴിപ്പിക്കാനുള്ള പഴുതുകള്‍ വേണ്ടുവോളം കുത്തിക്കയറ്റിയ ആ ഭേദഗതികള്‍ ചര്‍ച്ച ചെയ്യാന്‍ നിയമസഭ ചേര്‍ന്നത് 1971 ഏപ്രില്‍ 19നാണ്.
കോടതികളുടെയും ട്രൈബ്യൂണലുകളിലെയും ഒരിക്കലും തീരാത്ത വ്യവഹാരവലകളില്‍ കര്‍ഷകനെ എന്നെന്നേയ്ക്കുമായി കൊരുത്തിടാനുള്ള അടവുകള്‍ നിറഞ്ഞ ഭേദഗതികള്‍ക്ക് അച്യുതമേനോന്റെ സര്‍ക്കാര്‍ ശ്രമിച്ചിരുന്നു എന്നാണ് ചരിത്രം. 1957ലെ ഭൂപരിഷ്കരണ ശ്രമം തടയാന്‍ ബില്ലിന്റെ കരട് മാസങ്ങളോളം വെച്ചുതാമസിച്ച കേന്ദ്രസര്‍ക്കാരിന്റെ ഭേദഗതി നിര്‍ദ്ദേശങ്ങള്‍ ആര്‍ക്കുവേണ്ടിയാണെന്ന് ഊഹിക്കാവുന്നതേയുള്ളൂ. തങ്ങള്‍ ഉച്ചത്തില്‍ കരഞ്ഞാല്‍ പെയ്യുന്ന പേമാരിയില്‍ ഈ ചരിത്രമൊക്കെ ഒഴുകിപ്പോകുമെന്നു വിദേശത്തെ പൊട്ടക്കിണറുകളില്‍ കഴിയുന്ന സൈബര്‍മാക്രികള്‍ കരുതുന്നുവെങ്കില്‍, ഒരിറ്റു സഹതാപം അവര്‍ക്കുമേല്‍ ചൊരിയുക തന്നെ വേണം.
ഭൂപരിഷ്കരണബില്ലിലെ പിന്തിരിപ്പന്‍ ഭേദഗതികള്‍ നിയമസഭ ചര്‍ച്ചയ്ക്കെടുത്ത അതേദിവസം തിരുവനന്തപുരത്ത് അത്യുജ്ജ്വലമായൊരു പ്രകടനം നടന്നു. ഏഴു ജില്ലകളില്‍ നിന്നുള്ള കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും അണിനിരന്ന ഉശിരന്‍ പ്രകടനം. സമരങ്ങളുടെ ഫലമായല്ലാതെ ഒരവകാശവും നേടിയെടുക്കാനാവില്ലെന്നും അതിനുള്ള തെളിവുകളേ ചരിത്രത്തിലുള്ളൂവെന്നും ഉറക്കെപ്പറഞ്ഞ് ആ പ്രകടനത്തെ അഭിസംബോധന ചെയ്തത് സാക്ഷാല്‍ വി കെ കൃഷ്ണമേനോന്‍.
റിട്ടയേഡ് എഐഎസ്എഫുകാരന്റെ ഗൂഗിള്‍ സെര്‍ച്ചിനു വഴങ്ങുന്ന ചരിത്രമല്ല ഇത്. കടലപ്പിണ്ണാക്കു കൊറിക്കാന്‍ കൂടുന്ന സിപിഐയുടെ നേരംപോക്കു കമ്മിറ്റികളിലൊന്നും ഈ ചരിത്രം അയവിറക്കപ്പെടുകയുമില്ല. അതറിയാന്‍ അവകാശസമരങ്ങളുടെ രണഭൂമികളില്‍ ഇനിയുമണയാതെ കിടക്കുന്ന കനലുകളില്‍ നിന്നൊരു തരിയെങ്കിലും തലച്ചോറിലെടുത്തുവെയ്ക്കണം. 'കുടുംബത്തില്‍ പിറന്ന, മനുഷ്യപ്പറ്റുള്ള തമ്പുരാന്മാരുടെ' കൈവശം അധികാരമെത്തുമ്പോള്‍ തൊഴിലാളികള്‍ക്ക് അവകാശങ്ങള്‍ ഭിക്ഷയായി ലഭിക്കുമെന്നും അതിനു സമരമൊന്നും വേണ്ട എന്നുമുള്ള സിപിഐ സിദ്ധാന്തം, ആ കനലിന്റെ ചൂടില്‍ വെണ്ണീറു ശേഷിക്കാതെ കത്തിത്തീരണം. തലയില്‍ ചൂടി അഹങ്കരിക്കുന്ന മുന്‍ എഐഎസ്എഫുകാരനെന്ന 'മയില്‍പ്പീലി', യഥാര്‍ത്ഥത്തില്‍ കാഷ്ഠം പുരണ്ട വെറും കോഴിത്തൂവലാണെന്ന് അപ്പോഴേ ടിറ്റോ ജോയിമാര്‍ തിരിച്ചറിയൂ.
നഴ്സുമാരുടെ സമരത്തെ നിങ്ങളെങ്ങനെ വ്യാഖ്യാനിക്കും?
ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന നഴ്സുമാരുടെ സമരത്തോടു കൂട്ടിവായിച്ചാല്‍ കണിയാപുരത്തിന്റെ മാക്രി-മഴ സിദ്ധാന്തം കല്ലിന്മേല്‍ കല്ലുശേഷിക്കാതെ തരിപ്പണമാകും. ഈ സമരത്തോടാണ് പുതിയ തലമുറ മിച്ചഭൂമി സമരത്തെ താരതമ്യം ചെയ്യേണ്ടത്. മിച്ചഭൂമി സമരത്തിന്റെ പ്രസക്തിയും പ്രാധാന്യവും ലളിതമായ ആ താരതമ്യത്തില്‍ മനസിലാകും.
സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ക്ക് മിനിമം വേതനം ഉറപ്പാക്കി വിഎസ് ഗവണ്മെന്റ് 2009ല്‍ത്തന്നെ ഉത്തരവു പുറപ്പെടുവിച്ചതാണല്ലോ? പക്ഷേ, ആ ഉത്തരവു കൊണ്ട് ആര്‍ക്കും വേതനം കിട്ടിയില്ല. നിയമം മൂലം ഉറപ്പുവരുത്തിയ അവകാശം നേടിയെടുക്കാന്‍ നഴ്സുമാര്‍ക്ക് തെരുവിലിറങ്ങേണ്ടി വന്നു. മിനിമം വേതനവും മാന്യമായ ശമ്പളവും എന്ന അവകാശം സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ നേടിയെടുക്കുമ്പോള്‍, അതിനെ നടത്തിയ സമരത്തിന്റെ കണക്കിലല്ലേ എഴുതിച്ചേര്‍ക്കേണ്ടത്?
സമരത്തിന്റെ പ്രാധാന്യം മറച്ചുവെച്ച് നഴ്സുമാര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിച്ചത് വിഎസ് സര്‍ക്കാരിന്റെ ഉത്തരവു മൂലമാണെന്നോ, ഉമ്മന്‍ചാണ്ടിയുടെയും ഷിബു ബേബിജോണിന്റെയും ഭരണമികവു കൊണ്ടാണെന്നോ പ്രചരിപ്പിച്ചാല്‍ ഇക്കാലത്തു ജീവിച്ചിരിക്കുന്നവര്‍ അതിനെന്തു വില നല്‍കും? ആ വ്യാഖ്യാനത്തിന്റെ വിലയേ ഉള്ളൂ, ചേലാട്ട് അച്യുതമേനോന്‍ മുഖ്യമന്ത്രിയായിരുന്നതുകൊണ്ട് ഭൂപരിഷ്കരണം നടപ്പായി എന്ന തിയറിയ്ക്കും. അതുകൊണ്ട്, കണിയാപുരത്തു പണിത 'മാക്രിപ്പതക്കം' അച്യുതമേനോന്റെ കഴുത്തില്‍ത്തന്നെ ചാര്‍ത്തുന്നതാണ് യുക്തി.
'മാക്രി'കളറിയാത്ത ഭൂസമര ചരിത്രം
മിച്ചഭൂമി സമരത്തിന്റെ പ്രസക്തിയറിയാന്‍ കേരളത്തിലെ കുടിയൊഴിപ്പിക്കലുകളുടെ ചരിത്രം പഠിക്കണം. സ്വാതന്ത്ര്യലബ്ധിയ്ക്കുശേഷമാണ് വനഭൂമി വെട്ടിത്തെളിച്ച് കൃഷിയാരംഭിക്കാന്‍ കര്‍ഷകന്‍ കിഴക്കന്‍വനമേഖലകളിലേയ്ക്കു കുടിയേറിയത്. അവര്‍ക്ക് പിന്നീട് അഞ്ചേക്കര്‍ കൃഷിസ്ഥലം സര്‍ക്കാര്‍ അനുവദിച്ചു. വനഭൂമി കൃഷിക്കാരനു പതിച്ചുനല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം വന്നതോടെ വനംകൈയേറ്റം വ്യാപകമായി. പ്രമാണിമാരുടെ മുഖ്യവിനോദം വനംകൈയേറ്റമായി. ഒരു സര്‍ക്കാരിനും തടയാനാവാത്തവിധം ആ പ്രസ്ഥാനം പടര്‍ന്നുപന്തലിച്ചു.
പുതിയ വനംകൈയേറ്റം തടയുമെന്നും 1957 ഏപ്രില്‍ 27നു മുമ്പ് ഭൂമി കൈവശം വെച്ചിരുന്ന ആരെയും കുടിയൊഴിപ്പിക്കില്ലെന്നും ഒന്നാം ഇഎംഎസ് സര്‍ക്കാര്‍ തീരുമാനിച്ചു. സ്വന്തമായി ഭൂമിയില്ലാത്തവര്‍ക്ക് ഭൂമി നല്‍കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. പക്ഷേ, വനം കൈയേറ്റം നിര്‍ബാധം തുടര്‍ന്നു. കൈയേറ്റ ഭൂമി മറിച്ചുവില്‍ക്കാന്‍ ഏജന്റുമാരെ കൈയേറ്റക്കാര്‍ രംഗത്തിറക്കി. പൊന്നുവിളയുന്ന വനഭൂമി ചുളുവിലയ്ക്ക് ലഭിക്കുമെന്ന പ്രലോഭനവുമായി അവര്‍ ഇരകളെത്തേടി ഉള്‍നാടുകളിലേയ്ക്കിറങ്ങി. ആ പ്രലോഭനത്തില്‍ പലരും വീണു. വനഭൂമി കൈക്കലാക്കാന്‍ കിടപ്പാടം വിറ്റു പണമുണ്ടാക്കി. പക്ഷേ, വാങ്ങിയത് അനധികൃതഭൂമിയാണ് എന്നും വില്‍പന നിയമപരമല്ലെന്നും അവര്‍ക്കറിയില്ലായിരുന്നു.
അധികാരവും സമ്പത്തുമുള്ളവര്‍ ഒരുക്കിയ കെണിയില്‍ പതിനായിരങ്ങള്‍ പെട്ടു. നാട്ടിലെ ഭൂമി കൈയേറ്റക്കാര്‍ നിയമപരമായി കൈവശപ്പെടുത്തുകയും കാട്ടിലെ കൈയേറ്റഭൂമി അവര്‍ പാവങ്ങള്‍ക്കു വില്‍ക്കുകയും ചെയ്തു. ഇടുക്കിയിലെ ഉടുമ്പന്‍ചോല താലൂക്കിലെ അമരാവതിയടക്കമുള്ള പ്രദേശങ്ങളിലെ ആയിരക്കണക്കിനു കര്‍ഷക കുടുംബങ്ങള്‍ ഇങ്ങനെ നാട്ടിലെ ഭൂമി നിയമപരമായി വിറ്റ്, കാട്ടിലെ ഭൂമി നിയമവിരുദ്ധമായി വാങ്ങിയവരാണ്. വിമോചന സമരകാലത്ത് വനഭൂമി കയ്യേറാന്‍ കോണ്‍ഗ്രസ് നേതാക്കളുടെ ആഹ്വാനം തന്നെയുണ്ടായി. വിമോചന സമരം വിജയിക്കുമെന്നും തുടര്‍ന്നു വരുന്ന സര്‍ക്കാര്‍ വനഭൂമിയില്‍ ഉടമസ്ഥാവകാശം നല്‍കുമെന്നും പാവങ്ങളെ പറഞ്ഞു വിശ്വസിപ്പിച്ചു.
വനഭൂമി കയ്യേറുകയും അനധികൃതമായി മറിച്ചുവില്‍ക്കുകയും ചെയ്തവര്‍ക്ക് സ്വാധീനമുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ വന്നപ്പോള്‍ ഈ ചതിയുടെ രണ്ടാം ഭാഗം അരങ്ങേറി. കൈയേറ്റഭൂമി വാങ്ങിയവരെയൊക്കെ കുടിയിറക്കപ്പെട്ടു. വെട്ടിത്തെളിച്ചു കൃഷിയോഗ്യമാക്കപ്പെട്ട വനഭൂമി വന്‍തോതില്‍ വന്‍കിടക്കാരിലേയ്ക്കു തിരിച്ചു ചെന്നു. ആ മാന്തികവിദ്യയുടെ പേരായിരുന്നു കുടിയൊഴിപ്പിക്കല്‍. അറിയുക, മനുഷ്യാധ്വാനത്തിന് കാലണ ചെലവിടാതെ പതിനായിരക്കണക്കിനേക്കര്‍ വനഭൂമി കൃഷിഭൂമിയായി മാറി, പ്രമാണിമാരുടെ കൈകളിലേയ്ക്ക് ഒഴുകിയെത്തിയ കുടിയൊഴിപ്പിക്കല്‍ മഹേന്ദ്രജാലത്തിന്റെ പ്രായോജകരില്‍ സാക്ഷാല്‍ അച്യുതമേനോനുമുണ്ടായിരുന്നു.
കോണ്‍ഗ്രസ് കാലത്തെ കുടിയൊഴിപ്പിക്കലുകള്‍
ജന്മിമാര്‍ ഒറ്റയ്ക്കും കൂട്ടായും ഗുണ്ടകളുടെ സഹായത്തോടെ നടത്തിയ കുടിയിറക്കലുകള്‍ കോണ്‍ഗ്രസ് സര്‍ക്കാരാണ് 'ദേശസാല്‍ക്കരിച്ചത്'. 1961 മെയ് 2ന് ഇടുക്കിയിലെ അയ്യപ്പന്‍ കോവിലില്‍ സര്‍ക്കാര്‍ സ്പോണ്‍സേഡ് കുടിയൊഴിപ്പിക്കല്‍ ആരംഭിച്ചു. ഇടുക്കി പദ്ധതിയുടെ പേരിലായിരുന്നു ആ ക്രൂരവിനോദം.
പതിനഞ്ചു ദിവസം കൊണ്ട് 1700 കുടുംബങ്ങളിലെ പതിനായിരത്തോളം പേര്‍ ഭവനരഹിതരായി. സായുധരായ പോലീസുകാര്‍ കുടിലുകള്‍ക്കു തീകൊളുത്തി. വിളകള്‍ വെട്ടിയെറിഞ്ഞു. ആര്‍ത്തിരമ്പിയ യാചനകള്‍ക്കും അലമുറകള്‍ക്കും മധ്യേ, അധ്വാനത്തിന്റെ ലാളനമേറ്റതൊക്കെയും തല്ലിയും തീവെച്ചും വെട്ടിയരിഞ്ഞും പോലീസുകാര്‍ തകര്‍ത്തെറിഞ്ഞു. കുടിയൊഴിക്കല്‍ രൌദ്രഭാവം പൂണ്ടതോടെ, കോട്ടയം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിച്ചുവന്ന കേരള കര്‍ഷകത്തൊഴിലാളി യൂണിയന്റെ നേതാക്കള്‍ അപ്രത്യക്ഷരായി. പോകുമ്പോള്‍ അവരുടെ കീശയില്‍ തൊഴിലാളികള്‍ നല്‍കിയ സമരസഹായ നിധിയുമുണ്ടായിരുന്നു. കുടിയിറക്കപ്പെട്ടവരെ കുമിളിയിയ്ക്കടുത്ത അമരാവതിയിലേയ്ക്കാണ് സര്‍ക്കാര്‍ കെട്ടുകെട്ടിച്ചത്. കുടിയിറക്കപ്പെട്ടവരില്‍ അര്‍ഹതയുള്ളവര്‍ക്ക് ഒരേക്കര്‍ ഭൂമി നല്‍കുമെന്നായിരുന്നു സര്‍ക്കാരിന്റെ വാഗ്ദാനം.
കോരിച്ചൊരിയുന്ന മഴയത്ത് പിഞ്ചുകുഞ്ഞുങ്ങളെയും കൊണ്ട് ആയിരക്കണക്കിനാളുകള്‍ അമരാവതിയിലെത്തുമ്പോള്‍ തലചായ്ക്കാന്‍ അവിടെയൊരു ഷെഡു പോലുമുണ്ടായിരുന്നില്ല. പുല്ലും മുളയും കൊണ്ട് സര്‍ക്കാര്‍ ഇവര്‍ക്കു ഷെഡുകള്‍ പണിതു നല്‍കിയത് ഒരാഴ്ചയ്ക്കു ശേഷം. മനുഷ്യപ്പറ്റുള്ള കോണ്‍ഗ്രസ് നേതാക്കളെപ്പോലും കണ്ണീരണിയിച്ച ക്രൂരതയാണ് അമരാവതിയില്‍ അരങ്ങേറിയത്. 1961 മെയ് 17ന് സ്ഥലം സന്ദര്‍ശിച്ച കോണ്‍ഗ്രസ് നേതാക്കളായ കെ. എം. ചാണ്ടിയും മാത്യു മണിയങ്ങാടന്‍ എംപിയും സംയുക്തമായി പുറപ്പെടുവിച്ച പ്രസ്താവനയിലെ പ്രസക്തഭാഗങ്ങള്‍ താഴെ:
"... അയ്യപ്പന്‍ കോവില്‍, ഉടുമ്പന്‍ചോല, കാളിയാര്‍ ഭാഗങ്ങളില്‍ യാതൊരു അയവുമില്ലാതെ പുരകത്തിക്കല്‍ നടന്നുകൊണ്ടിരിക്കുന്നു. തങ്ങളുടെ സര്‍വസ്വവും നശിച്ചശേഷം കണ്ണീരും കൈയുമായി "ദൈവവും ഞങ്ങളെ കൈവെടിഞ്ഞോ" എന്ന് വാവിട്ടു നിലവിളിച്ചുകൊണ്ട് അയ്യപ്പന്‍ കോവില്‍ പരിസരങ്ങളില്‍ നൂറുകണക്കിന് കുടുംബങ്ങള്‍ അമരാവതിയിലേയ്ക്കു നീക്കപ്പെടുന്ന സമയവും കാത്ത് മരച്ചുവടുകളില്‍ കഴിഞ്ഞു കൂടുകയാണ്... പ്രസവിച്ച് ഒരാഴ്ചയാകാത്ത ഭാര്യയും കുഞ്ഞുങ്ങളും ഗര്‍ഭിണികളും എല്ലാമടങ്ങിയ നൂറു കണക്കിനു കുടുംബങ്ങള്‍ മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും ഉചിതമല്ലാത്ത ഒരു ജീവിതമാണ് അവിടെ നയിക്കുന്നത്... കുമിളിയില്‍ കാലവര്‍ഷം ആരംഭിച്ചു കഴിഞ്ഞു. പെയ്യുന്ന മഴ മുഴുവനും നനഞ്ഞ്, മരംകോച്ചുന്ന തണുപ്പുമടിച്ച് ചോരക്കുഞ്ഞുങ്ങളും ഗര്‍ഭിണികളുമടങ്ങിയ ഏതാണ്ട് മൂവായിരത്തിലധികം വരുന്ന ജനസഞ്ചയത്തെ സഹായിക്കേണ്ടത് മനുഷ്യത്വമുള്ള ഏതൊരുവന്റെയും കടമയായി ഞങ്ങള്‍ കാണുന്നു. ഗവണ്മെന്റ് ആ ചുമതല നിര്‍വഹിക്കാത്തപക്ഷം അവരെക്കൊണ്ട് മനുഷ്യോചിതമായ നടപടി സ്വീകരിപ്പിക്കാന്‍ പ്രബുദ്ധരായ ജനത മുന്‍കൈയെടുത്ത് പ്രവര്‍ത്തിക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു".
(ചുമതല നിര്‍വഹിക്കാത്ത സര്‍ക്കാരിനെക്കൊണ്ട്, മനുഷ്യോചിതമായ നടപടി സ്വീകരിപ്പിക്കാന്‍ പ്രബുദ്ധരായ ജനതയെടുക്കുന്ന മുന്‍കൈകളിലെ ഏറ്റവും പ്രധാനപ്പെട്ട ഇനമാണ് സിപിഐക്കാരാ, സമരം. അങ്ങനെയൊന്നായിരുന്നു മിച്ചഭൂമി സമരവും).
കുടിയിറക്കലിന്റെ രീതിയെ കോണ്‍ഗ്രസുകാരുള്‍പ്പടെ വിമര്‍ശിച്ചിട്ടും സര്‍ക്കാരിന് ഭാവഭേദമൊന്നുമുണ്ടായില്ല. പത്രങ്ങളും സാമൂഹ്യപ്രവര്‍ത്തകരും നടത്തിയ നിശിതമായ വിമര്‍ശനങ്ങളും നിര്‍ദ്ദേശങ്ങളും അവഗണിക്കപ്പെട്ടു. തുടര്‍ന്നാണ് ഏകെജിയുടെ നേതൃത്വത്തില്‍ ചരിത്രപ്രസിദ്ധമായ അമരാവതി നിരാഹാരസത്യഗ്രഹം ആരംഭിച്ചത്.
അമരാവതി സംഭവത്തിനുശേഷവും ഒറ്റപ്പെട്ട കുടിയിറക്കലുകള്‍ നിര്‍ബാധം നടന്നു. വന്‍തോതിലുള്ള മറ്റൊന്ന് അരങ്ങേറിയത് ഇടുക്കി ജില്ലയിലെ തന്നെ ചുരുളി-കീരിത്തോട് പ്രദേശത്താണ്. 1963 നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി 4000ത്തില്‍ പരം കുടുംബങ്ങളെ ഇവിടെ കുടിയൊഴിപ്പിച്ചു. വനസംരക്ഷണത്തിന്റെ പേരുപറഞ്ഞായിരുന്നു ഈ കുടിയിറക്കല്‍. പോലീസിന്റെ നിയോഗം പഴയതു തന്നെയായിരുന്നു. എതിര്‍ത്തവരെ അവര്‍ തല്ലിച്ചതച്ചു. വിളകള്‍ ചവിട്ടി മെതിച്ചു. കുടിലുകള്‍ക്ക് തീകൊളുത്തി.
അന്യായവും പുനരധിവാസം ഉറപ്പുവരുത്താത്തതുമായ കുടിയൊഴിപ്പിക്കലുകള്‍ക്കെതിരെ പ്രതിഷേധം ശക്തമായി. പോലീസ് സര്‍വശക്തിയുമെടുത്ത് സമരം തല്ലിയൊതുക്കാന്‍ തുടങ്ങി. ലാത്തിച്ചാര്‍ജും വെടിവെപ്പുമുണ്ടായി. സര്‍ക്കാരേമാന്മാരുടെ ദയയ്ക്കു കാത്തിരുന്നിട്ട് കാര്യമില്ലെന്നും കിടപ്പാടം സംരക്ഷിക്കണമെങ്കില്‍ ശക്തവും സംഘടിതവുമായ ചെറുത്തുനില്‍പ്പുകൊണ്ടേ കാര്യമുള്ളൂവെന്ന പാഠം കര്‍ഷകന്‍ പഠിച്ചു. അതിശക്തമായ ചെറുത്തു നില്‍പ്പു പ്രസ്ഥാനം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുത്തു. അതിന്റെ നേതൃത്വം ഏകെജിയ്ക്കായിരുന്നു. അദ്ദേഹത്തോടൊപ്പം സമരത്തിന്റെ മുന്‍നിരയില്‍ത്തന്നെ ഫാദര്‍ വടക്കനും ബി. വെല്ലിംഗ്ടണും അവരുടെ പാര്‍ട്ടിയുമുണ്ടായിരുന്നു (വെല്ലിംഗ്ടണിനെതിരെ ഒരു സുപ്രഭാതത്തില്‍ ചുമ്മാതെ മുളച്ചുവന്നതല്ല, 1967ലെ അഴിമതിയാരോപണം).
ഇ കെ നായനാര്‍, എ കെ ഗോപാലന്‍, ഇ എം എസ് നമ്പൂതിരിപ്പാട് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ഭൂസമരജാഥ.
ഇഎംഎസ് പുനരധിവസിപ്പിച്ചു, അച്യുതമേനോന്‍ കുടിയിറക്കി
ഭൂസമരം കൊടുമ്പിരിക്കൊള്ളുമ്പോള്‍ അതിശക്തമായ ആശയസമരത്തില്‍ ആടിയുലയുകയായിരുന്നു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. അതിനു കാരണക്കാരോ വിചിത്രമായ ഒരു രാസമാറ്റത്തിന് വിധേയരായ ഒരുവിഭാഗം കമ്മ്യൂണിസ്റ്റ് നേതാക്കളും. വിട്ടുവീഴ്ചയില്ലാത്ത സമരങ്ങളിലൂടെ പൊരുതി മുന്നേറിയ പാര്‍ട്ടിയിലെ സഖാക്കളിലൊരു വിഭാഗം ക്രമേണ സമരവിരുദ്ധരായി മാറിയതായിരുന്നു ആ രാസമാറ്റം. ആളാവാന്‍ വേണ്ടിയാണ് എകെജിസമരത്തിനും സത്യാഗ്രഹത്തിനും നേതൃത്വം നല്‍കുന്നത് എന്ന് അക്കൂട്ടര്‍ പാര്‍ട്ടിയ്ക്കുള്ളില്‍ മറ്റുള്ളവര്‍ കേള്‍ക്കെ മുറുമുറുത്തു. തൊട്ടടുത്തവര്‍ഷം പാര്‍ട്ടി പിളര്‍ന്നു: മുറുമുറുപ്പുകാരും എകെജിയും രണ്ടു പാര്‍ട്ടികളിലുമായി. ഭൂപ്രശ്നത്തോട് ഇരുപാര്‍ട്ടികളുടെ നയം രണ്ടുതന്നെയായിരുന്നു എന്ന് ചരിത്രം പഠിപ്പിക്കുന്നു.
ചുരുളി കീരിത്തോട് കുടിയിറക്കലിനു വിധേയമായവരെ 1967ല്‍ അധികാരമേറ്റ ഇഎംഎസ് സര്‍ക്കാരാണ് പുനരധിവസിപ്പിച്ചത്. കുടിയൊഴിപ്പിക്കലിനു നേതൃത്വം നല്‍കിയ പോലീസുകാര്‍ തന്നെ പുനരധിവാസത്തിനും നേതൃത്വം നല്‍കുന്ന കാഴ്ചയെക്കുറിച്ച് ഏകെജി എഴുതിയിട്ടുണ്ട്. 1967-69 കാലത്തെ ഇഎംഎസ് സര്‍ക്കാരിന്റെ കാലത്ത് ഒരു കുടിയൊഴിപ്പിക്കലും നടന്നില്ലെന്നു മാത്രമല്ല, കുടികിടപ്പ് അവകാശം സംരക്ഷിക്കുന്ന, കര്‍ഷകത്തൊഴിലാളിയ്ക്ക് ഭൂമി ലഭിക്കുന്ന നിയമം നിയമസഭയില്‍ പാസാക്കുകയും ചെയ്തു. 1957ലെ ധീരമായ ശ്രമത്തിന്റെ പൂര്‍ത്തീകരണം ആ കാലത്തുണ്ടാകുമെന്ന് ഉറപ്പായപ്പോഴാണ് സിപിഐയുടെ കുറുമുന്നണി ഉപജാപം സര്‍ക്കാരിനെ അട്ടിമറിച്ചത്. ഇഎംഎസിന്റെ ഭരണകാലത്ത് ചുരുളി - കീരിത്തോട് പ്രദേശങ്ങളില്‍ പുനരധിവസിപ്പിച്ചവരെ അച്യുതമേനോന്റെ കാലത്ത് വീണ്ടും കുടിയൊഴിപ്പിച്ചു. ആര്‍ക്കുവേണ്ടിയാണ് അച്യുതമേനോന്‍ ഭരിച്ചതെന്ന് തെളിയാന്‍ ഇതിലപ്പുറം ഒരുദാഹരണം വേറെയില്ല.
മിച്ചഭൂമി വിതരണം ചെയ്യുക, കര്‍ഷകത്തൊഴിലാളി സംരക്ഷണ നിയമം പാസാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കര്‍ഷകത്തൊഴിലാളികള്‍ 1971 മാര്‍ച്ച് 1ന് സംസ്ഥാന വ്യാപകമായി സത്യഗ്രഹം നടത്തി. അന്നു തന്നെ സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചു. പുനലൂരിനടുത്ത് ചന്ദ്രപ്പേട്ടയില്‍ സര്‍ക്കാര്‍ ഭൂമിയില്‍ താമസിച്ച കുടുംബങ്ങളെ ഒന്നടങ്കം രായ്ക്കുരാമാനം ഇറക്കിവിട്ടു. മോഡസ് ഓപ്പറാണ്ടിയ്ക്കു മാറ്റമുണ്ടായില്ല. ദരിദ്രവാസികളെ വീട്ടില്‍ നിന്നു വലിച്ചിറക്കി തല്ലിയോടിക്കാനും വീടിനു തീയിടാനുമുള്ള ചുമതല പോലീസിനു തന്നെയായിരുന്നു. ഒരുവശത്ത് ഭൂമിയ്ക്കുവേണ്ടി സമരം. മറുവശത്ത് കൂടുതല്‍പേരെ ഭൂരഹിതരാക്കി ആ സമരത്തോട് പ്രതികരിക്കുന്ന സര്‍ക്കാര്‍. അതിന്റെ മുഖ്യമന്ത്രിയാകട്ടെ, "പ്രപഞ്ചത്തിലെ ഏറ്റവും സുന്ദരനായ" 'കമ്മ്യൂണിസ്റ്റു'കാരനും. ("ഇതാ നമുക്കൊരു സുന്ദരന്‍ മുഖ്യമന്ത്രിയെ കിട്ടിയിരിക്കുന്നു" എന്നു ശ്രീ. കെ. ബാലകൃഷ്ണന്‍ വിളിച്ചു പറഞ്ഞപ്പോള്‍ മാത്രമാണ് കൊടുംകൈയും കുത്തി അധോമുഖനായിരുന്ന ശ്രീ. അച്യുതമേനോന്‍ ഹൃദ്യമായി ചിരിച്ചത്. - നിയമസഭയില്‍ നിശബ്ദനായി : ഡോ. ആര്‍. പ്രസന്നന്‍ (പേജ് 143))
1971 ആഗസ്റ്റ് 21ന് ഹൈറേഞ്ചിലെ ഞാറക്കാട്ടു നിന്ന് 450 കുടുംബങ്ങളെ 'സുന്ദരന്റെ സര്‍ക്കാര്‍' കുടിയിറക്കി. ചേമ്പും ചേനയും കപ്പയും പിഴുതുകളഞ്ഞതും വെട്ടി നശിപ്പിച്ചതും വീടുകള്‍ക്ക് തീവെച്ചതും പോലീസുകാര്‍. തൊടുപുഴയ്ക്കടുത്ത് കാളിയാര്‍ പാലത്തിനു സമീപമുള്ള സര്‍ക്കാര്‍ വക പുറംപോക്കു ഭൂമിയില്‍ പതിനഞ്ചും ഇരുപതും വര്‍ഷമായി താമസിച്ചവരുടെ ഗതിയും ഇതുതന്നെയായിരുന്നു. വീടുകളും കടകളും തല്ലിത്തകര്‍ത്ത്, പ്ളാവും തെങ്ങും വെട്ടിയെറിഞ്ഞ്, മരീച്ചിനിയും വാഴയും പിഴുതു നശിപ്പിച്ച്, കൂരകള്‍ക്കു തീകൊളുത്തി പോലീസുകാരുടെ തേര്‍വാഴ്ച ഉത്തരോത്തരം മുന്നേറി. കുടിയിറക്കപ്പെട്ടവര്‍ക്ക് കൊടിയ മര്‍ദ്ദനമേറ്റു. പൊലീസ് മര്‍ദ്ദനങ്ങളെക്കുറിച്ചുള്ള പരാതികള്‍ മുഖ്യനുനേരെ പാഞ്ഞു. ഒക്കെ നിഷേധിക്കുന്ന പത്രക്കുറിപ്പുകള്‍ പുല്ലുപോലെ പുറത്തിറക്കി 'സുന്ദരന്‍' അമര്‍ന്നിരുന്നു ഭരിച്ചു.
ഇഎംഎസ് സര്‍ക്കാരിന്റെ കാലത്ത് പുനരധിവാസം നടത്തിയ ചുരുളിയിലും കീരിത്തോട്ടും 1972 ഒക്ടോബറില്‍ വീണ്ടും കുടിയിറക്കല്‍ നടന്നു. കൂത്താട്ടുകുളം, കരിമ്പന്‍, കല്ലിന്‍മേല്‍ക്കല്ല്, പകുതിപ്പാറ, ആള്‍പ്പാറ, കത്തിപ്പാറ, മഴുപടി, കഞ്ഞിക്കുഴി എന്നിവിടങ്ങളില്‍ നിന്ന് 1500ല്‍പ്പരം കുടുംബങ്ങളെ അച്യുതമേനോന്‍ വഴിയാധാരമാക്കി. പതിനെട്ടുകിലോമീറ്റര്‍ നീളമുള്ള റോഡിന്റെ വശങ്ങളില്‍ ആയിരത്തി അഞ്ഞൂറോളം വീടുകള്‍ തീവെച്ചു നശിപ്പിച്ചു. പ്രശ്നം ചര്‍ച്ച ചെയ്യാന്‍ എകെജി, ഇകെ നായനാര്‍, വിഎസ് അച്യുതാനന്ദന്‍, ഫാദര്‍ വടക്കന്‍, വെല്ലിംഗ്ടണ്‍ തുടങ്ങിയവര്‍ അച്യുതമേനോന്റെ വസതിയിലെത്തി ചര്‍ച്ച നടത്തി. 'സുന്ദരനായ കമ്മ്യൂണിസ്റ്റുകാരന്‍' ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറായിരുന്നില്ല. കുടിയിറക്കപ്പെട്ടവര്‍ക്ക് പകരം സ്ഥലം നല്‍കണമെന്ന ആവശ്യം തള്ളി. കുടിയൊഴിപ്പിക്കലിന് സ്ഥിരം നയവും മുന്നൊരുക്കവും വേണമെന്ന ആവശ്യവും പരമസുന്ദരന്‍ പുറംകാലിനു തൊഴിച്ചു.
കുടിയിറക്കപ്പെട്ടവരെ അതേഭൂമിയില്‍ കുടില്‍കെട്ടി താമസിപ്പിക്കാന്‍ പ്രതിപക്ഷ എംഎല്‍എമാര്‍ യോഗം ചേര്‍ന്നു തീരുമാനിച്ചു. എംഎല്‍എമാരുടെ നേതൃത്വത്തില്‍ വീണ്ടും കുടിലുകള്‍ കെട്ടി. പക്ഷേ, കളി അച്യുതമേനോനോടാണ് എന്നവര്‍ ഓര്‍ത്തില്ല. 800 കുടിലുകളും പോലീസുകാര്‍ കത്തിച്ചുകളഞ്ഞു. താമസക്കാരെ നിഷ്കരുണം ആട്ടിപ്പായിച്ചു. സര്‍ക്കാരിനെതിരെ നാടെങ്ങും സമരം ശക്തമായി. ഒപ്പം പോലീസുകാരുടെ നരവേട്ടയും.
1973 ജനുവരിയില്‍ മുണ്ടക്കയം - എരുമേലി ഭാഗങ്ങളിലാണ് കുടിയൊഴിപ്പിക്കല്‍ അരങ്ങേറിയത്. ഗിരിവര്‍ഗക്കാരും പട്ടികജാതിക്കാരുമായിരുന്നു ഇരകള്‍. ഇരുമ്പൂന്നി, അയ്യപ്പന്‍കോവില്‍, ഏലപ്പാറ തുടങ്ങിയ പ്രദേശങ്ങളിലൊക്കെ കുടിയൊഴിപ്പിക്കല്‍ നടന്നു. 1973 ഏപ്രില്‍ 10ന് നേര്യമംഗലത്ത് അറുനൂറോളം കുടുംബങ്ങളെ കുടിയൊഴിപ്പിച്ചു. മെയ് മാസത്തില്‍ കരിക്കുന്നം, പുറപ്പുഴമുട്ടം വില്ലേജുകളില്‍ 700 കുടുംബങ്ങളെ കുടിയിറക്കി. കൂര കത്തിക്കലും കാര്‍ഷികവിളകള്‍ മൂടോടെ നശിപ്പിക്കലും ക്രിയാത്മകമായി നടന്നില്ലെങ്കില്‍ സുന്ദരമുഖ്യന്റെ മുഖം അരുണാഭമാകുമെന്ന് അറിയാമായിരുന്ന പോലീസുകാര്‍ അവസരത്തിനൊത്ത് ഉയര്‍ന്നു പ്രവര്‍ത്തിച്ചു.
അക്കാലത്ത് ചങ്ങനാശേരിയില്‍ നടന്ന ഒരു സംഭവം അക്കാല പൊലീസ് ഭീകരതയുടെ പൈശാചികഭാവം മാത്രമല്ല, വേറെ ചിലതും വെളിവാക്കുന്നുണ്ട്. ചോദ്യം ചെയ്യാനെന്ന വ്യാജേനെ സ്റ്റേഷനിലേയ്ക്കു വിളിച്ചുവരുത്തിയ നാലു സ്ത്രീകളെ ലോക്കപ്പുമുറിയിലിട്ട് വെളുക്കുവോളം പോലീസുകാര്‍ മാറി മാറി ബലാത്സംഗം ചെയ്തു (1973 ജനുവരി 12). ഈ ക്രൂരതയ്ക്കെതിരെ കക്ഷിരാഷ്ട്രീയ ഭേദമെന്യേ നാടൊട്ടുക്കു പ്രതിഷേധം അലയടിച്ചുയര്‍ന്നു. കോട്ടയം ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കളും സിപിഐ നേതാക്കളും സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന പത്രങ്ങളും ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും പൊലീസുകാര്‍ക്കെതിരെ ഒരു നടപടിക്കും 'പുകള്‍പെറ്റ മനുഷ്യസ്നേഹി'യായ അച്യുതമേനോന്‍ തയ്യാറായില്ല. "സുന്ദരനും മനുഷ്യസ്നേഹിയും മഹാമിടുക്കനു"മായ അച്യുതമേനോന്റെ പൊയ്മുഖം രാജന്‍ കേസില്‍ മാത്രമല്ല, പുറത്തായത്! പക്ഷേ, ഈ മഹാപാപങ്ങളൊക്കെ ചെയ്ത് ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇടതുപാളയത്തിലേയ്ക്കു കുടിയേറിയതോടെ അച്യുതമേനോന്റെയും സിപിഐയുടെയും യഥാര്‍ത്ഥമുഖങ്ങളെക്കുറിച്ചുള്ള ചര്‍ച്ച 'മുന്നണിമര്യാദ'യുടെ സൌജന്യത്തില്‍ മുങ്ങിപ്പോയി.
എകെജി നയിച്ച മിച്ചഭൂമി സമരത്തില്‍ നിന്നും ഒരു ദൃശ്യം.
ഒറ്റു കൊടുക്കലിന്റെ രാഷ്ട്രീയം
ഈ ഭരണകൂടഭീകരതയ്ക്കെതിരെ കര്‍ഷകര്‍ നടത്തിയ ചെറുത്തുനില്‍പ്പിന്റെ ഭാഗമാണ്മിച്ചഭൂമി സമരം. ഒരു വശത്ത് ക്രൂരമായ കുടിയൊഴിപ്പിക്കലുകള്‍ നടക്കുമ്പോള്‍ മറുവശത്ത് ഏതാനും പേര്‍ ആയിരക്കണക്കിന് ഏക്കര്‍ അനധികൃത ഭൂമി കൈവശം വെയ്ക്കുന്നു. ഭൂപരിഷ്കരണ നിയമപ്രകാരം ഇത് ഏറ്റെടുത്ത് അര്‍ഹതപ്പെട്ടവര്‍ക്ക് വീതിച്ചു നല്‍കാന്‍ ഒരു സര്‍ക്കാര്‍നടപടിയുമുണ്ടായില്ല. പ്രസിഡന്റിന്റെ അനുമതി ലഭിച്ച ബില്ലിന് ഏട്ടിലിരുന്ന് മേയാനേ കഴിഞ്ഞുള്ളൂ. നിയമം അനുശാസിക്കും പ്രകാരം മിച്ചഭൂമി അളന്നു തിട്ടപ്പെടുത്താനോ അര്‍ഹതയുള്ളവരെ കണ്ടുപിടിച്ച് അതു വിതരണം ചെയ്യാനോ സര്‍ക്കാര്‍ മെഷിനറി ഉണര്‍ന്നില്ല. പട്ടയദാനമഹോത്സവങ്ങള്‍ മേളക്കൊഴുപ്പോടെ നാടൊട്ടുക്കു നടത്തിയെങ്കിലും നിര്‍വഹണതലത്തില്‍ നിയമത്തെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയാണ് അണിയറയില്‍ നടന്നത്.
ഭൂപരിധി നിര്‍ണയം, കുടികിടപ്പ്, മിച്ചഭൂമി വിതരണം എന്നിവയ്ക്ക് വ്യക്തമായ നിര്‍വചനം 1967ലെ കര്‍ഷകബന്ധ ബില്ലിലുണ്ടായിരുന്നു. പരിധിയ്ക്കപ്പുറമുള്ള ഭൂമി പിടിച്ചെടുക്കാന്‍ കര്‍ശനമായ വ്യവസ്ഥ ഏര്‍പ്പെടുത്തിയിരുന്നു. മിച്ചഭൂമിയുടെ സ്റ്റേറ്റ്മെന്റ് ജന്മിമാര്‍ നല്‍കണമെന്നും അതു നല്‍കാതിരിക്കുന്നവര്‍ക്ക് പിഴയും തടവുമടക്കമുള്ള ശിക്ഷയും വ്യവസ്ഥ ചെയ്തിരുന്നു. ഏതാനുംപേരുടെ കൈവശം ഭൂമി കുമിഞ്ഞു കൂടുന്നത് തടയുക എന്നതായിരുന്നു ബില്ലിന്റെ ലക്ഷ്യം. ഈ ബില്ലിനെയാണ് കോണ്‍ഗ്രസും കേരളാ കോണ്‍ഗ്രസും മുസ്ളിംലീഗും ഭരണഘടനാവിരുദ്ധമെന്നും ജനാധിപത്യവിരുദ്ധമെന്നും ആക്ഷേപിച്ചത്.
ഭൂമി ഏറ്റെടുത്തു വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചെങ്കിലും മിച്ചഭൂമിയുടെ കണക്കുപോലും സര്‍ക്കാരിന്റെ കൈയിലുണ്ടായിരുന്നില്ല. കണക്കെടുക്കാനുള്ള ആത്മാര്‍ത്ഥമായ ഒരു ശ്രമവും സര്‍ക്കാര്‍ നടത്തിയതുമില്ല. 1972ലെ നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ പറഞ്ഞത് 50,000 ഏക്കര്‍ മിച്ചഭൂമിയുണ്ടെന്നാണ്. എന്നാല്‍ റവന്യൂ മന്ത്രിയുടെ ബജറ്റ് പ്രസംഗത്തില്‍ അത് വെറും 283 ഏക്കറായി ചുരുങ്ങി. 1972 മാര്‍ച്ച് 31നു മുമ്പ് മിച്ചഭൂമിയുടെ കണക്കു നല്‍കാത്തവര്‍ക്ക് 200 രൂപയും തുടര്‍ന്നുള്ള ഓരോ ദിവസവും 50 രൂപ വീതവും പിഴ ചുമത്തുമെന്നും ബില്ലില്‍ വ്യവസ്ഥയുണ്ടായിരുന്നു. കള്ളക്കണക്കു നല്‍കുന്നവര്‍ക്ക് പിഴ 1000 രൂപയായിരുന്നു. എന്നാല്‍ ഒരാളില്‍ നിന്നുപോലും പിഴ ഈടാക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞില്ല. ആയിരക്കണക്കിന് ഏക്കര്‍ ഭൂമി കൈവശം വെച്ചിരുന്നവര്‍ സര്‍ക്കാരില്‍ കള്ളക്കണക്കും വ്യാജരേഖയും നല്‍കി ഭൂവിതരണത്തില്‍ നിന്നും രക്ഷപെട്ടു. അവരെ സഹായിക്കാന്‍ ഭരണനേതൃത്വവും പോലീസുമുണ്ടായിരുന്നു.
നാടുവാഴിത്തവും രാജഭരണവും ജനാധിപത്യത്തിനു വഴിമാറിയപ്പോള്‍ അക്കാലത്ത് ഭരണനിര്‍വഹണം കൈയാളിയിരുന്നവരും നിയന്ത്രിച്ചിരുന്നവരും അതിന്റെ ഗുണഭോക്താക്കളും കാശിക്കുപോവുകയോ അവര്‍ക്ക് മാനസാന്തരം വന്ന് അടിമുടി ജനാധിപത്യവാദികളാവുകയോ ചെയ്തില്ല. മണ്‍മറയുന്ന സാമൂഹ്യവ്യവസ്ഥയിലെ ഇരകളുടെയും അടിമകളുടെയും മേല്‍ അധികാരവും ആധിപത്യവും പ്രയോഗിച്ച് ജനാധിപത്യകാലത്തും അധീശത്വം നിലനിര്‍ത്താന്‍ അവര്‍ സ്വാഭാവികമായും പരിശ്രമിച്ചു. രാഷ്ട്രീയപ്പാര്‍ട്ടികളുടെ ആധിപത്യം നേടുകയായിരുന്നു അതിലേറ്റവും എളുപ്പവഴി. അതിലവര്‍ വിജയിക്കുക തന്നെ ചെയ്തു. പതിറ്റാണ്ടുകള്‍ നീണ്ട സമരാനുഭവങ്ങളെയും അനേകം രക്തസാക്ഷികളുടെ ജീവത്യാഗത്തെയും തള്ളിപ്പറഞ്ഞ് സിപിഐ നാടുഭരിക്കാന്‍ കൂടിയത് ഈ വര്‍ഗത്തിനൊപ്പമായിരുന്നു.
സംഘടനയും രാഷ്ട്രീയപ്രചരണവും സാധ്യമായതോടെ, രാജഭരണകാലത്ത് വാതുറക്കാന്‍ അവകാശമില്ലാതിരുന്ന ഭൂരിപക്ഷജനതയും രാഷ്ട്രീയപ്രക്രിയുടെ മുഖ്യധാരയിലെത്തി. ഭൂമിയ്ക്കും കൂലിയ്ക്കും മറ്റുപല അവകാശങ്ങള്‍ക്കും വേണ്ടിയുള്ള സംഘര്‍ഷങ്ങളുടെ സമരഭൂമിയായി പൊതുമണ്ഡലം വളരെവേഗം മാറി. ആ സംഘര്‍ഷങ്ങള്‍ കത്തിപ്പടരുന്നതിനിടെയാണ്, സിപിഐയുടെ രാഷ്ട്രീയവഞ്ചന അരങ്ങേറിയത്. കീഴാള ജനത സംഘടിക്കുന്നതും ചെറുത്തുനില്‍ക്കുന്നതും അവകാശങ്ങള്‍ക്കുവേണ്ടി സമരഭൂമിയിലേയ്ക്കിറങ്ങുന്നതും സ്വാഭാവികമായും അവര്‍ക്കും ചതുര്‍ത്ഥിയായി. ചേരയെ തിന്നുന്ന നാട്ടില്‍ നടുക്കണ്ടം പച്ചയ്ക്കു തിന്ന് അവര്‍ യജമാനഭക്തി കാണിച്ചു. കുടിയാന് അര്‍ഹതപ്പെട്ട കൃഷി ഭൂമി നിരസിക്കാനും അവരെ കുടിയിറക്കി കുടിലിനു തീവെയ്ക്കാനും അച്യുതമേനോന് മനശ്ചാഞ്ചല്യവും തോന്നാത്തില്‍ അതിശയപ്പെടേണ്ട. വ്യക്തികേന്ദ്രിതമായ അധികാരമോഹത്തിന്റെ വേലിയേറ്റത്തില്‍, കമ്മ്യൂണിസ്റ്റ് രാഷ്ട്രീയം അവരില്‍ നിന്ന് സമ്പൂര്‍ണമായും തിരയെടുത്തു പോയിരുന്നു.
സമരഭൂമിയില്‍ എകെജി.
ഇല്ല... ചെന്നായ്ക്കളുടെ പകയടങ്ങിയിട്ടില്ല
തലങ്ങും വിലങ്ങും ചോരപ്പാടുകള്‍ നിറഞ്ഞ ആ കാലത്തിന്റെ ഓര്‍മ്മകള്‍ക്കു മുന്നില്‍ നിന്ന് ടിറ്റോ ജോയിമാര്‍ ഇങ്ങനെ ആക്രോശിക്കുന്നു:
സമരം എങ്ങനെ നടത്തണമെന്നും അതിനെ എങ്ങനെ രക്തമണിയിക്കണമെന്നും സിപിഎമ്മിനെ ആരെങ്കിലും പഠിപ്പിക്കണോ?

സമരഭൂമിയില്‍ വെടിയേറ്റു മരിച്ചവരുടെയും പൊലീസിന്റെയും ഗുണ്ടകളുടെയും ഇടിയും തൊഴിയുമേറ്റ് ജീവച്ഛവമായി ജീവിച്ചൊടുങ്ങിയവരുടെയും കത്തിയമര്‍ന്ന കിടപ്പാടങ്ങള്‍ക്കും ചവിട്ടിമെതിയ്ക്കപ്പെട്ട കൃഷിയിടങ്ങള്‍ക്കും മീതെ കണ്ണീരു പിഴിഞ്ഞൊഴിച്ച നിസഹായരുടെയും ഇന്നും പ്രതിദ്ധ്വനിക്കുന്ന നിലവിളികളെ സാക്ഷി നിര്‍ത്തി പറയട്ടെ, ചെന്നായ്ക്കളേ, നിങ്ങളണിഞ്ഞിരിക്കുന്ന കമ്മ്യൂണിസ്റ്റ് മുഖംമൂടി പിച്ചിച്ചീന്തുക തന്നെ ചെയ്യും.
"രക്തമണിയിക്കലി"ന്റെ അച്യുതമേനോന്‍ മോഡല്‍ ഉദാഹരണം ഒരെണ്ണം ഇങ്ങനെയായിരുന്നു.
കോട്ടയത്തിനടുത്ത് നീണ്ടൂരില്‍ ഒരു കൈവശ കൃഷിക്കാരനായ തൊമ്മന്റെ പാടം ഒഴിപ്പിക്കാന്‍ പ്രാലേല്‍ മത്തായി എന്ന ജന്മി നടത്തിയ ശ്രമം മൂന്നു കര്‍ഷകത്തൊഴിലാളികളുടെ കൊലപാതകത്തിലാണ് അവസാനിച്ചത്. ആറു മണിക്കൂര്‍ ജോലി, മൂന്നര രൂപ കൂലി എന്ന കരാറിലാണ് അന്ന് കൃഷിക്കാര്‍ പണിയെടുത്തിരുന്നത്. പാടത്തു പൊക്കുന്ന ചുവന്ന കൊടിയാണ് ജോലി തുടങ്ങാനും അവസാനിപ്പിക്കാനുള്ള അടയാളം. 1971 ഡിസംബര്‍ 27- ഉച്ചതിരിഞ്ഞ നേരം. ജോലി സമയം കഴിഞ്ഞുവെന്നറിയിക്കാന്‍ പതിവുപോലെ അലി എന്ന കര്‍ഷകത്തൊഴിലാളി കൊടിയുയര്‍ത്തി. "ജോലി സമയം കഴിഞ്ഞുവെന്നു പറയാന്‍ നീയാരാടാ" എന്ന ആക്രോശവുമായി പൊടുന്നനെ മത്തായിയുടെ ഗുണ്ടകള്‍ ചാടി വീണു. പാടവരമ്പത്തിട്ട് അവര്‍ മൂന്നു പേരെ കുത്തിക്കൊന്നു. ജീവന്‍ നഷ്ടപ്പെട്ടവര്‍ ഗോപിയും വാവയും അലി എന്ന കൃഷ്ണന്‍കുട്ടിയും. മാരകമായ പരിക്കുകളോടെ ആശുപത്രിയിലായത് ഏഴു സ്ത്രീകള്‍.
എന്നിട്ടും തീര്‍ന്നില്ല, ഗുണ്ടാപ്പടയുടെ പരാക്രമം. സംഭവമറിഞ്ഞ് പാഞ്ഞെത്തിയ ഇഎംഎസ്, അച്യുതാനന്ദന്‍, കുഞ്ഞച്ചന്‍, ടികെ രാമകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ ആശുപത്രിയില്‍ നിന്ന് മൃതശരീരങ്ങള്‍ ഏറ്റുവാങ്ങി സംസ്ക്കാരത്തിനു കൊണ്ടുപോകവെ, അതലങ്കോലപ്പെടുത്താനും ഗുണ്ടകള്‍ തുനിഞ്ഞു. ചെറുത്തുനില്‍ക്കാനും തിരിച്ചടിക്കാനും ശേഷിയില്ലാത്ത ദരിദ്രരായ കര്‍ഷകത്തൊഴിലാളികളുടെ ശവശരീരങ്ങളോടു പോലും കരുണയില്ലാത്ത മനുഷ്യത്വം വറ്റിയ നരാധമന്മാരെ തുടലഴിച്ചു വിട്ടുകൊണ്ടായിരുന്നു അച്യുതമേനോന്‍, കേരളം കണ്ട, സുന്ദരനും ഏറ്റവും മിടുക്കനുമായ മുഖ്യമന്ത്രി എന്ന സല്‍ക്കീര്‍ത്തി വാരിയണിഞ്ഞത്. കൊല്ലപ്പെട്ടവര്‍ക്കു നേരെ പത്രക്കുറിപ്പു വഴി പ്രതികരിച്ച് അച്യുതമേനോന്‍ കസേര താങ്ങുന്ന യജമാനന്മാരോടുള്ള നിര്‍വ്യാജമായ ഭക്തി പ്രകടിപ്പിച്ചു.
പട്ടാപ്പകല്‍ കര്‍ഷകത്തൊഴിലാളികളെ കുത്തിക്കൊന്നിട്ടും അടങ്ങാത്ത തൊഴിലാളിപ്പകയുമായി ശവശരീരങ്ങളുമായി ആശുപത്രിയില്‍ നിന്നിറങ്ങിയവര്‍ക്കുനേരെ ഊരിപ്പിടിച്ച കത്തിയുമായി പാഞ്ഞടുത്ത പ്രാലേല്‍ മത്തായിയുടെ ഗുണ്ടകളുടെ സൈബര്‍ പതിപ്പാണ് ടിറ്റോ ജോയിയും കൂട്ടരും. അതുകൊണ്ടാണ്, കൊലയും നിലവിളിയും കണ്ണീരും കുടിയൊഴിക്കലും നിറഞ്ഞ, ചോര മരവിപ്പിക്കുന്ന ഒരു ഭൂതകാലത്തിന്റെ നെറുകയില്‍ പരമപുച്ഛത്തോടെ ചവിട്ടിനിന്ന് അവരിങ്ങനെ ചോദിക്കുന്നത്:
സമരം എങ്ങനെ നടത്തണമെന്നും അതിനെ എങ്ങനെ രക്തമണിയിക്കണമെന്നും സിപിഎമ്മിനെ ആരെങ്കിലും പഠിപ്പിക്കണോ?
എകെജി എന്നും കര്‍ഷകരുടെ മിത്രം.
പറഞ്ഞുതരാം, മുടവന്‍മുകള്‍ 'മതിലുചാട്ട'ത്തിന്റെ ചരിത്രം കൂടി
മിച്ചഭൂമിയുടെ സ്റ്റേറ്റ്മെന്റ് ജന്മിമാര്‍ നല്‍കണമെന്നും അതു നല്‍കാതിരിക്കുന്നവര്‍ക്ക് പിഴയും തടവുമടക്കമുള്ള ശിക്ഷ നല്‍കണമെന്നും വ്യവസ്ഥ ചെയ്തിരുന്ന ഭൂപരിഷ്കരണ ബില്‍ പാസായിട്ടും മിച്ചഭൂമിയുടെ കൃത്യമായ കണക്കെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. അങ്ങനെയാണ് 1972 മെയ് 23ന് എറണാകുളത്തുള്ള മാരുതി ഹോട്ടലില്‍ ചേര്‍ന്ന സമരസമിതി യോഗം 11 സ്ഥലങ്ങളിലായി പതിമൂവായിരത്തിലധികം മിച്ചഭൂമി പിടിച്ചെടുക്കാന്‍ തീരുമാനിച്ചത്.
കേരളത്തിലെ എല്ലാ ജില്ലകളിലും ഒരേദിവസം (മെയ് 25ന്) പ്രതീകാത്മക ഭൂമി പിടിച്ചെടുക്കല്‍ നടത്താന്‍ സമരസമിതി പ്രഖ്യാപിച്ചു. സമരത്തിന്റെ വിളംബരമറിയിച്ച് എല്ലാ വില്ലേജുകളിലും മെയ് 24ന് പന്തം കൊളുത്തി പ്രകടനം നടത്തി. തിരുവനന്തപുരം രാജകൊട്ടാരത്തിന്റെ കൈവശമുള്ള മുടവന്‍മുകള്‍ ഭൂമി, എറണാകുളത്തെ പറവൂര്‍ താലൂക്കിലെ മാണി വര്‍ക്കിയുടെ ഭൂമി, കണ്ണൂര്‍ ജില്ലയില്‍ മാത്രം ഒമ്പതിനായിരം ഏക്കര്‍ മിച്ചഭൂമിയുണ്ടായിരുന്ന ജോര്‍ജ് തോമസ് കെട്ടുകാപ്പള്ളിയുടെ വക ചീമേനി എസ്റ്റേറ്റ്, കോഴിക്കോട് പിയേഴ്സ് ലസ്ളിയുടെ ഭൂമി, കോട്ടയത്ത് കടുത്തുരുത്തിയിലെ മാന്നാര്‍ ബ്ളോക്ക്, ആലപ്പുഴയില്‍ മുരിക്കന്റെ 3500 ഏക്കര്‍ മിച്ചഭൂമി തുടങ്ങിയ സ്ഥലങ്ങളിലാണ് പിടിച്ചെടുക്കല്‍ സമരം നടത്തുമെന്ന് പരസ്യമായി പ്രഖ്യാപിച്ചത്.
ഈ പട്ടികയും സമരത്തീയതിയും ശ്രദ്ധിക്കുക. 11 പേരുടെ കൈവശമിരുന്നത് പതിമൂവായിരത്തോളം ഏക്കര്‍ മിച്ചഭൂമി. ശരാശരി കണക്കാക്കിയാല്‍ ഒരാളിന്റെ കൈവശം ആയിരത്തിലേറെ ഏക്കര്‍ ഭൂമി. ഭൂപരിഷ്കരണ നിയമം നിലവില്‍ വന്നത് 1970 ജനുവരി 1ന്. അതിലെ വ്യവസ്ഥകള്‍ നാം കണ്ടു. നിയമം നടപ്പില്‍ വന്ന് രണ്ടുകൊല്ലം കഴിഞ്ഞായിരുന്നു ഭൂമി പിടിച്ചെടുക്കല്‍ സമരപ്രഖ്യാപനം. അതിനര്‍ത്ഥം, നിയമം നടപ്പില്‍വന്ന് രണ്ടുകൊല്ലം കഴിഞ്ഞിട്ടും ഈ മാടമ്പിമാരുടെ കൈവശം ആയിരക്കണക്കിനേക്കര്‍ ഭൂമിയുണ്ടായിരുന്നു എന്നാണ്; ഇവരാരും നിയമപ്രകാരം മിച്ചഭൂമിയുടെ പട്ടിക നല്‍കിയില്ല എന്നാണ്; ഇവര്‍ക്കെതിരെ പിഴയോ തടവോ ചുമത്താന്‍ സര്‍ക്കാര്‍ തയ്യാറായതുമില്ല എന്നുമാണ്.
മുടവന്‍മുകളിലെ ഭൂമി സര്‍ക്കാര്‍ ഭൂമിയല്ലെന്നും സ്വകാര്യവ്യക്തിയുടെ മിച്ചഭൂമിയാണെന്നും കോടതിയില്‍ സ്വയം വാദിച്ചു തെളിയിച്ചാണ് ഏകെജി കേസ് ജയിച്ച് ജയില്‍മോചിതനായത്. പച്ചയായൊരു ചരിത്രയാഥാര്‍ത്ഥ്യമിങ്ങനെ കണ്‍മുന്നില്‍ കിടക്കുമ്പോഴാണ്, മുടവന്‍മുകളിലേത് വെറും മതിലുചാട്ടമായിരുന്നു എന്ന് ചന്ദ്രപ്പനും സൈബര്‍ മാക്രികളും പുച്ഛിക്കുന്നത്; കണിയാപുരം രാമചന്ദ്രന്റെ മാക്രി-മഴ ഉപമ ചരിത്രബോധമില്ലാതെ ഉരുക്കഴിക്കുന്നത്.
മുടവന്‍മുകളില്‍ നിന്ന് അറസ്റ്റു ചെയ്യപ്പെട്ട ഏകെജിയെയും സംഘത്തെയും തിരുവനന്തപുരം സബ് മജിസ്ട്രേറ്റ് കോടതിയിലാണ് പോലീസ് ഹാജരാക്കിയത്. കുറ്റപത്രത്തിനു മറുപടിയായി ഏകെജി പറഞ്ഞ വാചകങ്ങളില്‍ കേരളത്തിലാകെ അലയടിച്ച സമരത്തിന്റെ കാരണം ആറ്റിക്കുറുക്കി ഇങ്ങനെ പറഞ്ഞു:
"കാര്‍ഷിക നിയമം 118, 119 വകുപ്പു പ്രകാരം എത്ര ഭൂമിയുണ്ടെന്ന് ലിസ്റ്റ് കൊടുക്കാത്തവര്‍ക്ക് പിഴ ഈടാക്കാനും അവരെ ശിക്ഷിക്കാനും ഉള്ള അധികാരം നിയമത്തില്‍ ഉള്ളതാണ്. എന്നിട്ടുകൂടി ഒരിഞ്ചു ഭൂമി പോലും പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യാത്ത ഭരണാധികാരികളാണ് കുറ്റം ചെയ്തവര്‍. അവരെയാണ് ശിക്ഷിക്കേണ്ടത്".


വാദമധ്യേ, എകെജി കോടതിയോട് ഇതുകൂടി പറഞ്ഞു:
1970 ഒക്ടോബര്‍ 22ന് ഗവര്‍ണര്‍ ചെയ്ത പ്രസംഗത്തില്‍ മിച്ചഭൂമി വിതരണത്തെ സംബന്ധിച്ചു പറഞ്ഞിട്ടുണ്ട്. അതനുസരിച്ച് ഗവണ്മെന്റ് മിച്ചഭൂമി വിതരണം ചെയ്തിരുന്നുവെങ്കില്‍ എനിക്ക് കൊട്ടാരംവക ഭൂമി പിടിച്ചെടുക്കാന്‍ പ്രവേശിക്കേണ്ടി വരുമായിരുന്നില്ല. ജന്മിമാരെയും ഭൂപരിഷ്കരണനിയമത്തെ തുരങ്കം വെയ്ക്കുന്ന സ്ഥാപിതതാല്‍പര്യക്കാരെയും രക്ഷിക്കാനുള്ള ഗൂഢാലോചനയിലാണ് ഗവണ്മെന്റ് ഏര്‍പ്പെട്ടിരിക്കുന്നത്.മുടവന്‍മുഗള്‍ രാജകൊട്ടാരത്തിലെ മിച്ചഭൂമിയുടെ കണക്ക് അതുവരെ സമര്‍പ്പിച്ചിട്ടില്ലെന്നും അത് സ്വകാര്യവ്യക്തി നിയമവിരുദ്ധമായി കൈവശം വച്ചിരുന്നതാണെന്നും കോടതിയ്ക്കു ബോധ്യപ്പെട്ടു. കേസില്‍ എകെജിയെ വെറുതേവിട്ടുകൊണ്ടുള്ള വിധിന്യായത്തില്‍ നിന്ന്:
മുടവന്‍മുകള്‍ കൊട്ടാരം മിച്ചഭൂമി ഗവണ്മെന്റ് വക സ്ഥലമല്ലെന്നും ഒരു സ്വകാര്യവ്യക്തിയുടെ സ്ഥലമാണെന്നും പ്രോസിക്യൂഷന്‍ തന്നെ സമ്മതിച്ചിട്ടുണ്ട്. സ്ഥലം നേരത്തെ കയ്യേറുമെന്ന വാര്‍ത്ത അറിഞ്ഞിരുന്നതിനാല്‍ എകെജിയുടെ പേരില്‍ ആരോപിക്കപ്പെടുന്ന കുറ്റം തടയുന്നതിന് നിയമപരമായ നടപടി സ്വീകരിക്കാമായിരുന്നു. അതിവിടെ സ്വീകരിച്ചിട്ടില്ല. അതിനാല്‍ ട്രെസ്‌പാസ് (അനധികൃത പ്രവേശനം) എന്ന പോലീസിന്റെ ആരോപണം നിലനില്‍ക്കുന്നതല്ല.മുടവന്‍മുകളില്‍ നടന്നത് അനധികൃതമായ വെറും 'മതിലുചാട്ട'മായിരുന്നു എന്ന ചന്ദ്രപ്പന്‍ തിയറി 1972 ജൂണ്‍ 16ന്റെ വിധിന്യായത്തില്‍ കോടതി തന്നെ വലിച്ചുകീറിയിരുന്നു. അത് സ്വകാര്യ വ്യക്തി കൈവശം വെച്ച മിച്ചഭൂമിയാണെന്നും അതിന്റെ കണക്ക് നിയമപ്രകാരം സര്‍ക്കാരിനു സമര്‍പ്പിച്ചിട്ടില്ലെന്നും വിസ്താരവേളയില്‍ കോടതിയ്ക്കു ബോധ്യവുമായി.
അന്നത്തെ കോടതിയ്ക്കു പോലും അവഗണിക്കാന്‍ കഴിയുമായിരുന്നതല്ല, മിച്ചഭൂമി സമരത്തിന്റെ ന്യായവും യുക്തിയും. ലക്ഷക്കണക്കിന് കര്‍ഷകര്‍ അണിചേര്‍ന്ന, ഒട്ടേറെ രക്തസാക്ഷികള്‍ സൃഷ്ടിക്കപ്പെട്ട, പതിനായിരങ്ങളുടെ ചോരയും കണ്ണീരുമൊഴുകി നനഞ്ഞ, അവകാശ സമരങ്ങളുടെ പ്രസക്തി തിരിച്ചറിഞ്ഞവരൊന്നടങ്കം പിന്തുണ നല്‍കിയ ഇതിഹാസസമരമായിരുന്നു അത്. ആ സമരത്തോടെയാണ് കേരളത്തിലെ ദരിദ്രജനവിഭാഗങ്ങള്‍ക്കിടയില്‍ നിന്ന് സിപിഐ എന്ന പരാദം എന്നെന്നേയ്ക്കുമായി തൂത്തെറിയപ്പെട്ടത്.
ഭൂസമരങ്ങളെ ചോരയില്‍ മുക്കിയ, പതിനായിരക്കണക്കിന് പാവപ്പെട്ടവരെ കിടപ്പാടങ്ങളില്‍ നിന്ന് പിടിച്ചിറക്കി അവരുടെ കുടിലുകള്‍ക്ക് തീവെച്ച ഭൂതകാലത്തിന്റെ പാപക്കറ പുരണ്ട കൈകളില്‍ പേനയേന്തിയാണ് ചന്ദ്രപ്പന്മാര്‍ 'മതിലുചാട്ടവും വേലികെട്ടലും' സിദ്ധാന്തം രചിക്കുന്നത്. ഏതു മാടമ്പിമാര്‍ക്കും ഭൂസ്വാമിമാര്‍ക്കും വേണ്ടിയാണോ ചന്ദ്രപ്പന്‍മാര്‍ സിപിഐയെ പിളര്‍ത്തി ഒരു കഷണത്തെ കോണ്‍ഗ്രസിന്റെ ആസനത്തിലൊട്ടിച്ചത്, അവര്‍ക്കുവേണ്ടിത്തന്നെയാണ് ഇപ്പോഴും ഇവരുടെ മനസു തുടിക്കുന്നത് എന്ന് മിച്ചഭൂമി സമരത്തോടുള്ള പുച്ഛം അസന്നിഗ്ധമായി തെളിയിക്കുന്നുണ്ട്. ചന്ദ്രപ്പന്റെ മിച്ചഭൂമി സമരവിദ്വേഷം ചര്‍ച്ച ചെയ്യുമ്പോള്‍ ചീരപ്പന്‍ചിറ കുമാരപ്പണിക്കരുടെ ഏക്കറുകണക്കിന് തെങ്ങിന്‍തോപ്പുകളെ കണ്ടില്ലെന്നു നടിക്കാനാവില്ല.
ഡാങ്കേ ഭക്തന്മാരുടെ വിഷപ്പത്തി തല്ലിയൊതുക്കിയവരാണ് ഭട്ടിന്‍ഡാ പാര്‍ട്ടി കോണ്‍ഗ്രസില്‍ സിപിഐയുടെ തെറ്റുതിരുത്തല്‍ സാധ്യമാക്കിയത്. ആ തലമുറയുടെ കരുത്തു ക്ഷയിച്ചതോടെ ഫ്യൂഡല്‍ ചന്ദ്രപ്പന്മാരും ദിവാകരന്മാരും ചരിത്രമറിയാത്ത പോഴന്മാരെ തേരാളികളാക്കി പടയ്ക്കിറങ്ങുന്നു. കോണ്‍ഗ്രസ് അവരുടെ മിത്രവും ഒപ്പംകൂട്ടേണ്ട തോഴനുമാകുന്നു. വര്‍ഗശത്രുവിന്റെ വേഷത്തില്‍ സിപിഎം മടങ്ങിയെത്തുന്നു. മറ്റൊരു ആന്തരിക സംഘര്‍ഷത്തിന്റെ ലാവയാണ് യഥാര്‍ത്ഥത്തില്‍ മിച്ചഭൂമി സമരജല്‍പനങ്ങളായി ചന്ദ്രപ്പന്റെ നാവില്‍ നിന്നു വമിക്കുന്നത്. കോണ്‍ഗ്രസിനെച്ചൊല്ലി വീണ്ടും സിപിഐ കലങ്ങി മറിയാന്‍ തുടങ്ങുന്നു. വര്‍ഗപരിണാമത്തെയും മധ്യവര്‍ഗ വളര്‍ച്ചയെയും കുറിച്ചുള്ള 'ജിയോ സോഷ്യോ പൊളിറ്റിക്കല്‍ കണകുണ'കളുടെ ഉള്ളുകള്ളികള്‍ കേരളം കാണാന്‍ പോകുന്നതേയുള്ളൂ.

No comments: